Monday, February 10, 2014

മുസ്ലിം ശാസ്ത്രം നഷ്ടപൈതൃകത്തിന്റെ വേദനിക്കുന്ന ഓര്‍മകള്‍

ശാസ്ത്രമിന്ന് സര്‍വസീമകളും ഭേദിച്ച് ശീഘ്രം കുതി തുടരുകയാണ്. വിവരസാങ്കേതിക വിദ്യയുടെയും മനുഷ്യവാഴ്വിനെ ഗ്രസിക്കുന്ന ഭൌതിക വിസ്മയങ്ങളുടെയും ലോകത്ത് ഇന്നത് സ്വച്ഛന്ദം വിഹരിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ, ആഗോളതലത്തില്‍ നാനോന്മുഖജ്ഞാന വിപ്ളവങ്ങള്‍ക്ക് തിരികൊളുത്തിയ ഈ പ്രവാഹം ഉത്ഥാന ശ്രേഷ്ഠതകള്‍ വിളമ്പിക്കൊണ്ടിരിക്കുന്ന പാശ്ചാത്യന്റെ കുത്തകയായി പരിണമിച്ചിരിക്കുകയാണ്. വസ്തുതകളോട് തരിമ്പും സാമീപ്യം പുലര്‍ത്താത്ത ഇവ അധമപുലമ്പികളുടെ വാചാടോപങ്ങള്‍ മാത്രമാണെന്നത് സുവിദിതം തന്നെ. വാസ്തവത്തില്‍ ശാസ്ത്രത്തിന്റെ യഥാര്‍ഥ ഉപജ്ഞാതാക്കളോടുള്ള അറുധിക്കാരത്തിന്റെ കൊടിയ മൂര്‍ത്തീകരണമാണിത്. ജ്ഞാനപ്രസരണത്തില്‍ കനപ്പെട്ട സഹസ്രാബ്ദങ്ങളെ നിര്‍ദ്ദാക്ഷിണ്യം തമസ്കരിച്ച് ശാസ്ത്ര പരീക്ഷണ-നിരീക്ഷണ എടുത്തുചാട്ടങ്ങളുടെ ക്രെഡിറ്റ് നവോത്ഥാന കാലത്തിനു ശേഷം വന്ന യൂറോപ്യന്‍ വിദ്യാപ്രഭൃതികളുടെ പിരടിയില്‍ കെട്ടിവെക്കാനാണ് വിശ്വമിന്ന് ഒരുമ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതുവഴി ജ്ഞാനകുതുകികളും വിദ്യാവിശാരദരുമായിരുന്ന അസംഖ്യം മുസ്ലിം ശാസ്ത്രകാരന്മാരെ വിസ്മൃതിയുടെ പാതാളത്തിലേക്ക് വലിച്ചെറിയുകയാണിവിടെ.

സത്യത്തില്‍, ഊഹാപോഹങ്ങളുടെയും അനുമാനങ്ങളുടെയും പിന്‍ബലത്തില്‍ യവനചിന്തകള്‍ അടിത്തറയേകിയ ശാസ്ത്ര ദര്‍ശനങ്ങളെ പരീക്ഷണ-നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ലോകത്തിന് പരിചയപ്പെടുത്തിയത് മുസ്ലിംകളായിരുന്നു. ചിതറിക്കിടന്ന ശാസ്ത്രജ്ഞാനത്തിന്റെ ലാഘവ സുഗ്രാഹ്യതക്ക് ഒരു നവീനരീതിശാസ്ത്രം (ങലവീേറീഹീഴ്യ) തന്നെ അവര്‍ സംഭാവന ചെയ്തു. ശാസ്ത്രത്തിന്റെ പിതാക്കളും പ്രചാരകരുമായി അന്നവര്‍ ശ്രുതിപ്പെട്ടു. അക്ഷീണയത്നത്തിലൂടെ ഈ രംഗത്ത് മുസ്ലിംകള്‍ സ്വായത്തമാക്കിയ പുരോഗതികളെ ആര്‍ക്കും വിഗണിക്കാന്‍ സാധ്യമല്ല. കുളിച്ചാല്‍ മരിക്കുമെന്നും രോഗം ചികിത്സിച്ചാല്‍ ദേവാനുഗ്രഹങ്ങള്‍ക്ക് മുമ്പില്‍ വിഘ്നം സൃഷ്ടിക്കപ്പെടുമെന്നും അതുവഴി ദൈവകോപത്തിന് പാത്രമാവുമെന്നും വിശ്വസിച്ച യൂറോപ്യരെ പരിഷ്കാരത്തിന്റെയും പുരോഗമനത്തിന്റെയും ഉച്ചകോടിയിലെത്തിച്ചത് അറബികളായിരുന്നു; മുസ്ലിംകളായിരുന്നു.

നിതാന്ത യത്നത്തിന്റെയും ഭഗീരഥപ്രയത്നങ്ങളുടെയും പരിണതിയാണ് ശാസ്ത്രം. അല്ലാതെ, ഒരു സുപ്രഭാതത്തില്‍ ഐസക് ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീണപോലെ അപ്രതീക്ഷിതമായി കളഞ്ഞുലഭിച്ചതല്ല. അഭംഗുരമായ ചിന്തകളുടെയും അനന്തരമായി വരുന്ന ബോധോദയത്തിന്റെയും ശേഷിപ്പുകളാണിവ. ജീവിതസൌഖ്യങ്ങള്‍ക്കോ ഭൌമികാമോദങ്ങള്‍ക്കോ അണുവില പോലും കല്‍പ്പിക്കാത്ത ഇവര്‍ പുതുതായി സമീപിക്കുന്ന അനാച്ഛാദനങ്ങള്‍ കൊണ്ട് ആധ്യാത്മിക പാഥേയമൊരുക്കുകയായിരുന്നു. ഒരേ സമയം സ്വൂഫിയും ശാസ്ത്രകാരനുമായിരുന്നു അവര്‍. തിരക്കുപിടിച്ച ജീവിതത്തിന്റെ കൃത്യബാഹുല്യങ്ങള്‍ക്കിടയിലും ജീവിതാസ്വാദനത്തിന്റെ പൂരകങ്ങളായി അവര്‍ ശാസ്ത്ര പഠനത്തില്‍ മുഴുകകയായിരുന്നു.

പുരാണ സംസ്കൃതികളുടെയും നാഗരികതകളുടെയും ഈറ്റില്ലവും പോറ്റില്ലവുമായിരുന്ന ചൈന, ഗ്രീസ്, ഈജിപ്ത്, ഭാരതം തുടങ്ങിയ ഭൂമികകളില്‍ നൂറ്റാണ്ടുകളായി ഉരുത്തിരിഞ്ഞുവന്ന ധൈഷണിക, വൈജ്ഞാനിക അഭിവാഞ്ഛയുടെയും മേധാപോഷണത്തിന്റെയും ഘട്ടംഘട്ടമായുള്ള മുന്നേറ്റമാണ് ഇന്ന് നാം കാണുന്ന ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും പ്രാരംഭദശ. വ്യത്യസ്ത നാടുകളില്‍ വിവിധങ്ങളായ ഭാഷകളിലായി ചിന്നിച്ചിതറിക്കിടന്നിരുന്ന വിവിധ ശാസ്ത്രീയ കണ്ടെത്തലുകളെ ഒരേ ചരടില്‍ കോര്‍ത്തിണക്കിയത് ഏഴും എട്ടും നൂറ്റാണ്ടുകളില്‍ ഭരണം നടത്തിയ അബ്ബാസീ ഖലീഫമാരായിരുന്നു. വ്യത്യസ്ത കോണുകളിലൂടെ ഒഴുകിക്കൊണ്ടിരുന്ന വൈജ്ഞാനിക അരുവികള്‍ ചേര്‍ത്തുപിടിച്ച് ബഗ്ദാദിലൂടെ ഒഴുക്കുകവഴി ഒരു നൂതനജ്ഞാന സരണിക്ക് വഴിയൊരുക്കുകയായിരുന്നു അവരവിടെ. ഭരണത്തോട് കാണിച്ച കൂറും പ്രതിപത്തിയും അവര്‍ അതേ അളവില്‍ ഗ്രന്ഥങ്ങളോടും ജ്ഞാനങ്ങളോടും കാണിച്ചു. ശാസ്ത്രകൃതികളോട് അദ്വിതീയ സാമീപ്യം പ്രകടിപ്പിച്ച ഈ ഖലീഫമാര്‍ ഖജനാവില്‍ നിന്ന് ഭീമമായ തുകയിറക്കിയായിരുന്നു അന്യനാടുകളില്‍ നിന്ന് ഗ്രന്ഥങ്ങള്‍ എത്തിച്ചുകൊണ്ടിരുന്നത്. അനുയായികളിലും അതേ ഔത്സുക്യം നിലനിറുത്താന്‍ അവര്‍ക്ക് പ്രതിഫലം നിശ്ചയിക്കപ്പെട്ടു. വിജ്ഞാനദാഹിയായിരുന്ന ഹാറൂന്‍ റശീദിന്റെ കാലം ഗ്രന്ഥങ്ങളുടെ കൈയെഴുത്ത് പ്രതികളുടെ തൂക്കത്തിനനുസരിച്ച് അവര്‍ക്ക് സ്വര്‍ണം പ്രതിഫലമായി ലഭിച്ചു. ധനം മോഹിച്ച് ക്രൈസ്തവര്‍ വരെ അന്ന് തങ്ങളുടെ രാഷ്ട്രങ്ങളില്‍ അലക്ഷ്യമായി ചിതറിത്തുരുമ്പിയ ശാസ്ത്ര സൂചനകള്‍ നിറഞ്ഞ ഗ്രന്ഥങ്ങള്‍ അറബികള്‍ക്ക് കൈമാറി സമ്പാദ്യമുണ്ടാക്കി. ശാസ്ത്രീയ കണ്ടെത്തലുകള്‍ക്കുവേണ്ടി അവര്‍ ജീവന്‍ പോലും ഉഴിഞ്ഞുവെച്ചു. ഇഹപരമോക്ഷത്തിന് നിമിത്തമായിത്തീരുമെന്നുറപ്പുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ സ്വയം ചെയ്യുകയും മറ്റുള്ളവരെ ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്തു.

ഇസ്ലാമിനോടുള്ള തികഞ്ഞ പ്രതിപത്തിയായിരുന്നു ഇവരെ ശാസ്ത്രകാരന്മാരാക്കിയത്. ഇസ്ലാമിക രാഷ്ട്ര വികസനത്തിനു ശേഷം മുസ്ലിം ലോകം തങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിക്കുകയായിരുന്നു. തിരുനബി(സ്വ)യുടെയും വിശുദ്ധ ഖുര്‍ആനിന്റെയും ചൂടു മാറാത്ത പ്രഘോഷണങ്ങള്‍ അവര്‍ ഏറ്റുപിടിച്ചു. വിജ്ഞാനം തങ്ങളില്‍ നിന്നും കൈവിട്ടുപോയ അമൂല്യസമ്പത്താണെന്നും അതെവിടെ വെച്ചും വീണ്ടെടുത്തേ തീരൂവെന്നും അവര്‍ ശപഥം ചെയ്തു. പിന്നീടുള്ള കാലങ്ങള്‍ ശാസ്ത്ര ജ്ഞാന ശേഖരണത്തിലായി മാത്രം അവര്‍ ചെലവഴിച്ചു. ഉലകം ചുറ്റിയും ആസ്ട്രോലാബുകളില്‍ മാനം നിരീക്ഷിച്ചും, യവനചിന്തകള്‍ക്ക് പോലും ഉത്തരം കിട്ടാതെ ഒഴിച്ചിട്ട തത്ത്വശാസ്ത്ര ഫോര്‍മുലകള്‍ക്ക് പരിഹാരം നിര്‍ണയിച്ചും അവരുടെ ജ്ഞാനലോം ചക്രവാളങ്ങളിലേക്കടുത്തുകൊണ്ടിരുന്നു. ഭൌമോപരിതലത്തില്‍ കഴിഞ്ഞുപോയ ഒരാളുടെയും ചിന്താമണ്ഡലങ്ങള്‍ നിനക്കുകപോലും ചെയ്യാത്തതായിരുന്നു യൂറോപ്പിനെ ശാസ്ത്രത്തിന്റെ ഊഷര ഭൂമിയാക്കിയ മധ്യകാല മുസ്ലിംകളുടെ കണ്ടെത്തല്‍. മനുഷ്യനെപ്പോലും തിരിച്ചറിയാത്ത അന്ധകാരത്തില്‍ യൂറോപ്യര്‍ക്ക് ജ്ഞാനവെളിച്ചത്തിന്റെ ദീപശിഖ കൈമാറിയതും മുസ്ലിംകളായിരുന്നു. കിഴക്കന്‍ ചക്രവാളത്തില്‍ അജ്ഞതയുടെ മുകിലുകള്‍ നീങ്ങി ജ്ഞാന തേജസ്സോടെ പകലോന്‍ ഉദിച്ചുയര്‍ന്നുകൊണ്ടിരുന്ന കാലത്ത് തന്നെയായിരുന്നു ഇത്. ഇത്തരുണത്തില്‍ പതിനൊന്നാം നൂറ്റാണ്ടില്‍ താര്‍ത്താരികളുടെ അക്രമണത്തോടുകൂടി കൈവിട്ടുപോയ ഈ മുസ്ലിം ശാസ്ത്രീയ വൈജ്ഞാനിക പ്രഭാവം ചിന്താശേഷിയുള്ള ഏതൊരാളെയും വേദനിപ്പിക്കുന്നതുതന്നെയാണ്. ഈ നടുക്കത്തിന്റെ കടുംകയത്തില്‍ സുഖസുഷുപ്തിയില്‍ ലയിച്ചമര്‍ന്ന മുസ്ലിം സമൂഹം ഉറക്കത്തിനിടെ ഇടക്കിടെ കണ്ണുമിഴിക്കുമ്പോഴാണ് നിധി കൈമോശം വന്ന കാര്യം ജാള്യതയോടെ ഓര്‍ത്തുകൊണ്ടിരിക്കുന്നത്.

ശാസ്ത്രത്തിന്റെ ദ്രുതഗതിയിലുള്ള ഗമനത്തിനിടെ, ഈ വഴിയില്‍ ഇന്ന് യൂറോപ്പ് വല്ലതും നേടിയിട്ടുണ്ടെങ്കില്‍ അത് മധ്യകാല മുസ്ലിംകളെക്കൊണ്ട് മാത്രമാണ്. വ്യതിരിക്തവും ക്ളിപ്തവുമായി ശാസ്ത്രശാഖകളെ ലോകത്തിനുമുമ്പില്‍ പകുത്തുവെച്ചത് അവരായിരുന്നു.യവനജല്‍പനങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും സങ്കര നിലയില്‍ നിന്ന് അവര്‍ ശാസ്ത്രത്തെ സ്ഫുടം ചെയ്തെടുത്തു. പക്ഷേ, കാലവിളംബത്തിന്റെ ദുര്‍വിധിയില്‍ ഈ രംഗത്തെ മേധാവിത്വ ചുവടുകള്‍ മാറിയതോടെ, യൂറോപ്യരിന്ന് മുസ്ലിംകള്‍ക്കു നേരെ തെറിയഭിഷേകം നടത്തിക്കൊണ്ടിരിക്കുന്നു. മുസ്ലിംകള്‍ അക്ഷരവൈരികളും ശാസ്ത്രവിരുദ്ധരുമായി അവര്‍ ഘോഷിച്ചുകൊണ്ടിരിക്കുന്നു. വൈജ്ഞാനിക ശാസ്ത്രീയ രംഗത്ത് അവര്‍ സമര്‍പ്പിച്ച തേജോമയമായ അധ്യായങ്ങളിന്ന് അവരുടെ നാമങ്ങളില്‍ നിന്നും അടര്‍ത്തപ്പെട്ടുകഴിഞ്ഞിരിക്കയാണ്. മുസ്ലിംകള്‍ അസ്തിവാരമിട്ട് വെള്ളവും വളവും നല്‍കി വളര്‍ത്തിയ അസംഖ്യം ശാസ്ത്രപാഠങ്ങളിന്ന് പല യൂറോപ്യരുടെയും പേരുകളിലാണ് അറിയപ്പെടുന്നത്. മുസ്ലിം ശാസ്ത്ര പശ്ചാത്തലങ്ങളെക്കുറിച്ച് അവബോധമില്ലാത്ത മുസ്ലിംകള്‍തന്നെ ഇവിടെ തെറ്റുധരിച്ച് പാശ്ചാത്യരെ പൂവിട്ട് പൂജിച്ചുകൊണ്ടിരിക്കുന്നു. ചൂഷണത്തിന്റെയും വഞ്ചനയുടെയും ലോകത്ത് അദ്വിതീയമായ മുസ്ലിം വൈജ്ഞാനിക മുന്നേറ്റത്തിന്റെ ഐതിഹാസിക ചരിത്രങ്ങളെ വിശ്വമുഖത്ത് അനാഛാദനം ചെയ്യാന്‍ സമയമതിക്രമിച്ചിരിക്കുകയാണ്. ഒരു നവ വിചാര വിപ്ളവത്തിന് അവസരമൊരുങ്ങിയിരിക്കുന്നു.

യഥാര്‍ഥ ശാസ്ത്രമൊരിക്കലും ആരുടെയും കുത്തകയല്ല. പലര്‍ക്കുമിതില്‍ അവരുടേതായ പങ്കുകളുണ്ട്. എന്നാല്‍ അവയില്‍ ഏറെ സജീവവും ഇതരര്‍ക്ക് മാതൃകയുമാവുംവിധം പ്രസ്പഷ്ടമായ സാന്നിധ്യം വഹിച്ചത് മുസ്ലംകളാണെന്ന വസ്തുത ആര്‍ക്കും വിസ്മരിക്കാവതല്ല. ഗ്രീക്ക് അടിവേരുകള്‍ക്ക് ഉയിരൂതുക വഴി അവരായിരുന്നു ലോകത്തിനു മുമ്പില്‍ ശാസ്ത്രത്തിന്റെ വിശാല വാതായാനങ്ങള്‍ തുറന്നുനല്‍കിയത്. ശാസ്ത്രീയ രംഗത്ത് മുസ്ലിംകളുടെ അനന്തമായ സംഭാവനകള്‍ പൂര്‍ണമായും നുക്ക് വ്യാവര്‍ത്തിച്ചെടുക്കാന്‍ സാധ്യമല്ല. അതിന് പല കാരണങ്ങളുമുണ്ട്. 1258 ഫിബ്രവരി 10 ന് താര്‍ത്താരികളുടെ ബഗ്ദാദ് ആക്രമണത്തിന്റെ ഫലമായി നിരവധി അമൂല്യഗ്രന്ഥങ്ങള്‍ ഭസ്മമാക്കിയും അല്ലാതെയും ടൈഗ്രീസ് നദിയില്‍ മുക്കിക്കളഞ്ഞു. അതുപോലെതന്നെ മുസ്ലിംകളില്‍ നിന്ന് ക്രൈസ്തവര്‍ സ്പെയ്ന്‍ പിടിച്ചെടുത്തപ്പോള്‍ ഒട്ടനവധി ശാസ്ത്രീയ ഗ്രന്ഥങ്ങള്‍ അഗ്നിക്കിരയാക്കി. പില്‍ക്കാലത്തുവന്ന മുസ്ലിം ഭരണാധികാരികളുടെ ബലഹീനതയും നിരന്തരമായുണ്ടായ സംഘട്ടനങ്ങളുടെ പ്രത്യാഘാതങ്ങളും ഈ രംഗത്തുനിന്ന് അവരെ അശ്രദ്ധരാക്കി. എരിതീയില്‍ എണ്ണയൊഴിച്ച പോലെ ഈ ഘട്ടം എല്ലാ നിലക്കും മുസ്ലിം ശാസ്ത്രത്തിന്റെ വളര്‍ച്ചക്കും പിടിച്ചുനില്‍ക്കലിനും പ്രതികൂലമായി ഭവിക്കുകയായിരുന്നു. ഇതിനുപുറമെ മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്ന് ബലാല്‍ക്കാരമായി കൊളോണിയലിസ്റ് ശക്തികള്‍ ശാസ്ത്ര ഗ്രന്ഥങ്ങള്‍ പിടിച്ചുകൊണ്ടുപോവുകയും അവരുടെ നാമങ്ങളില്‍ ഭാഷാന്തരം ചെയ്യുകയും ചെയ്തു.

വിജ്ഞാനം ഇസ്ലാമിന്റെ ജീവനാണ്. അതിനാല്‍ പ്രവാചകാഗമനത്തിന്റെ പ്രഥമ സഹസ്രാബ്ദം തന്നെ അവര്‍ ശാസ്ത്ര പരിവേഷണത്തിന് കളമൊരുക്കിയിരുന്നു. പ്രാചീന ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം നടത്തിയായിരുന്നു അവരീ യത്നത്തിന് നാന്ദി കുറിച്ചത്. പ്ളേറ്റോ, സോക്രട്ടീസ്, അരിസ്റോട്ടില്‍, യൂക്ളിഡ്, ഗാലന്‍, ടോളമി, ഹിപ്പോക്രാറ്റസ് തുടങ്ങിയവരുടെ വൈവിധ്യങ്ങളായ ജ്ഞാനകോശങ്ങള്‍ അറബിയിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ടു. ഇക്കാലത്ത് ശാസ്ത്രത്തിന്റെ ഭാഷ അറബിയായിരുന്നു. പൌരസ്ത്യദേശത്ത് ശാസ്ത്രം വേരൂന്നിക്കൊണ്ടിരുന്ന ഇക്കാലം യൂറോപ്യര്‍ തമസ്സിന്റെ പ്രമത്തതയില്‍ ജീവിത താറുകള്‍ മീട്ടിക്കൊണ്ടിരിക്കുകയായിരുന്നു. ശാസ്ത്രീയ നേട്ടങ്ങള്‍ ദൈവത്തോടുള്ള യുദ്ധപ്രഖ്യാപനമാണെന്നും അവര്‍ വിശ്വസിച്ചുപോന്നു. യൂറോപ്യന്‍ ശാസ്ത്രജ്ഞനായിരുന്ന യോര്‍ഡാനീസ് മുസ്ലിം ഗോളശാസ്ത്ര ഗ്രന്ഥവുമായി ജര്‍മനിയില്‍ വന്നപ്പോള്‍ അവിടത്തെ പൌരോഹിത്യനിയമം കാരണം അദ്ദേഹം മൌനം ഭജിച്ചു. അറബ് സംസ്കാരവുമായി ബന്ധപ്പെടുന്നതിനുതന്നെ അന്ന് യൂറോപ്യര്‍ക്ക് വിലക്കായിരുന്നു. ശാസ്ത്രീയ നേട്ടങ്ങളെ നിരര്‍ഥകമായിട്ടണ് അവരന്ന് ഗണിച്ചിരുന്നത്. ചര്‍ച്ച് അധ്യാപകനായിരുന്ന ലാക്ടന്‍ ട്യൂസിന്റെ വാദങ്ങള്‍ ഇതിലേക്കാണ് സൂചന നല്‍കുന്നത്: 'ഭൂമി ഗോളാകൃതിയിലായാല്‍ ഭൂമിയുടെ അടിഭാഗത്തെ ജനങ്ങളും മരങ്ങളും എങ്ങനെയാണ് നില്‍ക്കുക? മനുഷ്യന്റെ കാലടികള്‍ തലക്കുമീതെയാകില്ലേ? മനുഷ്യബുദ്ധിക്ക് ഇത്രമാത്രം ഭ്രംശം സംഭവിച്ചോ?' മുസ്ലിം ശാസ്ത്ര വൈജ്ഞാനിക കുതിപ്പുകളെ പരിഹസിക്കുകയാണദ്ദേഹം. 'പ്രകൃതിയിലെ സംഭവവികാസങ്ങള്‍ക്ക് ശാസ്ത്രീയ വ്യാഖ്യാനം നല്‍കാന്‍ ശ്രമിക്കുന്നവര്‍ ശപിക്കപ്പെട്ടവരാണ്. നദി കരകവിഞ്ഞൊഴുകുന്നതിനും നക്ഷത്രങ്ങള്‍ ഉദിക്കുന്നതിനും ശാസ്ത്രീയത കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ ദൈവിക കല്‍പനയില്‍ നിന്ന് പുറത്തുപോയവരാണ്. പൊട്ടിയ കാല് സുഖപ്പെടുത്തുന്നതിനും ഗര്‍ഭഛിദ്രത്തിനും ശാസ്ത്രീയത കണ്ടെത്താന്‍ ശ്രമിക്കുന്നതും ഇതുപോലെതന്നെ. ഇതെല്ലാം ദൈവിക ശിക്ഷകളാണ്. അല്ലെങ്കില്‍ പിശാചില്‍ നിന്നുള്ളതാണ്. അല്ലെങ്കില്‍ നമുക്കറിയാത്ത അമാനുഷിക കൃത്യങ്ങളാണ്'-അദ്ദേഹം പറയുന്നു. ഇത്രമാത്രം ശാസ്ത്രവിരുദ്ധരായ യൂറോപ്യരാണിന്ന് ശാസ്ത്രത്തിന്റെ അമരത്ത്, മുസ്ലിംകളെ പഴിചാരി വളര്‍ന്നുകൊണ്ടിരിക്കുന്നത്.

അമവിയ്യാ ഭരണകാലത്തുതന്നെ ശാസ്ത്ര ത്വര അറബികളില്‍ പിടിപെട്ടിരുന്നു. ചൈന, റഷ്യ, ഗ്രീക്ക് തുടങ്ങി വിജ്ഞാനീയങ്ങളില്‍ മുങ്ങിയിരുന്ന രാഷ്ട്രങ്ങളില്‍ പോയി ഗ്രന്ഥങ്ങള്‍ ശേഖരിക്കാന്‍ അന്ന് പ്രത്യേകം സമിതികള്‍ തന്നെയുണ്ടായിരുന്നു. ഇവരായിരുന്നു ഇസ്ലാമിക വിജ്ഞാനീയങ്ങളെ ഏറെ സമ്പുഷ്ടമാക്കിയത്. ഏറെക്കാലാം പൂത്തുലഞ്ഞുനിന്ന മുസ്ലിം ശാസ്ത്രം പുറംലോകത്തുനിന്നും വന്ന അതിരൂക്ഷമായ കടന്നാക്രമണങ്ങളോടെ തകര്‍ന്നടിയുകയായിരുന്നു. ശാസ്ത്രജ്ഞാനത്തിന്റെ നാനാകോണിലും ഗഹനമായ പഠനം നടത്തിയ അവര്‍ നാമധേയങ്ങളില്‍ തിരോഭവിച്ചുവെന്നല്ലാതെ അവര്‍ കോറിയിട്ട ജ്ഞാനസാഗരങ്ങളിന്നും യൂറോപ്യരിലൂടെ ഒഴുകിക്കൊണ്ടിരിക്കുകയാണ്.  ഇന്ന് യൂറോപ്യരില്‍ നിന്ന് നാം പരിചയപ്പെട്ടുകൊണ്ടിരിക്കുന്ന എല്ലാ ശാസ്ത്ര ശാഖകളിലും അറബികള്‍ക്ക് അന്നുതന്നെ വ്യക്തമായ വീക്ഷണങ്ങളുണ്ടായിരുന്നു. പ്രപഞ്ചശാസ്ത്രം , ഭൂമിശാസ്ത്രം, പ്രകൃതിശാസ്ത്രം , രസതന്ത്രം , സസ്യശാസ്ത്രം , ജന്തുശാസ്ത്രം , ഗണിതശാസ്ത്രം, ഗോളശാസ്ത്രം , ഊര്‍ജതന്ത്രം , പ്രകാശശാസ്ത്രം , മനഃശാസ്ത്രം (ജ്യരവീഹീഴ്യ), തത്ത്വശാസ്ത്രം (ജവശഹീീുവ്യ), വൈദ്യശാസ്ത്രം (ങലറശരമഹ ടരശലിരല), ജീവശാസ്ത്രം (ആശീഹീഴ്യ), സമൂഹശാസ്ത്രം (ടീരശീഹീഴ്യ) തുടങ്ങിയവയിലൊക്കെ അറബികള്‍ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഈ ശാസ്ത്ര ശാഖകളിലൂടെ എല്ലാ കോണുകളിലേക്കും പ്രകാശം നല്‍കുന്നതിനുപുറമെ യൂറോപ്യരെ വ്യവസായ വിപ്ളവം വഴി പുരോഗതിയുടെ പരമകാഷ്ഠയിലെത്തിച്ച മെഷീനു(ങമരവശില)കള്‍ വരെ അറബികള്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. 

ചുരുക്കത്തില്‍, വിജ്ഞാനീയങ്ങളുടെ കാണാലോകങ്ങള്‍ കീഴടക്കിയവരായിരുന്നു അറബികള്‍. സ്പെയ്നിലും ബഗ്ദാദിലും അവര്‍ നേടിയെടുത്ത നേട്ടങ്ങള്‍ നിസ്സീമമാണ്. ഇന്ന് ശാസ്ത്രത്തിന്റെ പോറ്റില്ലമെന്ന് ഖ്യാതി പറഞ്ഞുകൊണ്ടിരിക്കുന്ന യൂറോപ്പിനു പോലും വെളിച്ചം പകര്‍ന്നത് അറബികളായിരുന്നു. മുസ്ലിം ശാസ്ത്ര വിശാരദന്മാര്‍ കൊളുത്തിവെച്ച ഈ വിജ്ഞാനീയങ്ങളുടെ വിശുദ്ധ ലോകത്തേക്ക് നമുക്കൊരു എത്തിനോട്ടം നടത്താം.

No comments:

Post a Comment