Thursday, April 28, 2011

താന്‍ പഠിച്ച വേലൂര്‍ ബാഖിയാത്തിനെ കുറിച്ച് സി.എം. അന്നെഴുതിയ ലേഖനം



അല്‍ മദ്‌റസത്തുല്‍ ബാഖിയാത്തുസ്സ്വാലിഹാത്ത്

വടക്കെ ആര്‍ക്കാട് ജില്ലയിലെ വേലൂര്‍ പട്ടണത്തിന്റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന മദ്രസ ഖാഖിയാത്തുസ്സ്വാലിഹാത്ത് നിലവില്‍വന്നിട്ട് അതിന് നൂറ് വയസ് പൂര്‍ത്തിയാവാന്‍ അടുത്തിരിക്കുന്നു. ഈ മദ്രസയെ അതിന്റെ സ്ഥാപകനായ ശാഹ് അബ്ദുല്‍ വഹാബുല്‍ ഖാദിരി ആദ്യം പള്ളിയിലും പിന്നീട് തന്റെ  സ്വന്തം വീട്ടിലും വെച്ചു നടത്തി. പിന്നീട് അലി ജനാബ് ബാബാ മിയന്‍ സാഹുക്കാര്‍ സാഹിബ് തന്റെ വകയായി ഒരു തുണ്ടു ഭൂമി മദ്രസക്കു സംഭാവനയായി നല്‍കി. അതിനുശേഷം ബാഖിയാത്ത് സ്ഥിരമായ ഒരു മദ്രസയുടെ രൂപം പൂണ്ടു. തുടര്‍ന്ന് വിശാറം, വേലൂര്‍, ആമ്പൂര്‍ തുടങ്ങിയ പലദേശങ്ങളിലെയും സമുദായ സ്‌നേഹികള്‍ ഇതിന്റെ വികാസത്തിനും പുരോഗതിക്കുമായി സഹായ ഹസ്തങ്ങളുമായി മുന്നോട്ടുവന്നു. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഇന്നത് ഒരു മഹത്തായ വിദ്യാഭ്യാസ സ്ഥാപനമായി വിലസുകയാണ്. 

ദക്ഷിണദേശത്തെ എല്ലാ മുക്കിലും മൂലയിലും അതന്റെ സംഭാവനകളായി പുറത്തുവന്ന പണ്ഡിതന്മാര്‍ ദീനീ സേവനങ്ങള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു. 

ഹിജ്‌റ വര്‍ഷം 1301 ലാണ് ശാഹ് അബ്ദുല്‍ വഹാബ് സാഹിബ് ഈ ദീനീ സ്ഥാപനത്തെ പടുത്തുയര്‍ത്തിയത്. താമസംവിന ഇതിന്റെ കേളി കീര്‍ത്തികള്‍ ദക്ഷിണേന്ത്യമാത്രമല്ല ദക്ഷിണേഷ്യ മുഴുവനായും  പ്രചാരപ്പെടുകയുണ്ടായി. മദ്രാസ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും കേരളം, മൈസൂര്‍ തുടങ്ങിയ ഇതര സംസ്ഥാനങ്ങളില്‍നിന്നും ഇന്ത്യക്കു പുറത്തു സിലോണ്‍, മഹല്‍ദ്വീപ്, ജാവാ, സുമാത്ര, സിങ്കപ്പൂര്‍, ബാങ്കോക്ക് മുതലായ രാജ്യങ്ങളില്‍നിന്നും ഇവിടത്തെ വിജ്ഞാന മധു നുകരുവാന്‍ വിദ്യാര്‍ത്ഥികള്‍ പ്രവഹിച്ചുതുടങ്ങി. 

രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു ഭരണ സമിതിയാണ് ഈ മദ്‌റസയെ നടത്തിപ്പോരുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് സമസ്ത സൗകര്യം, ഭക്ഷണം എന്നിവ സൗജന്യമായി നല്‍കപ്പെടുന്നു. അതിനുപുറമെ, ഉയര്‍ന്ന ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്കും പരിസരപ്രദേശത്തുകാര്‍ക്കും പ്രത്യേകം സ്‌കോളര്‍ഷിപ്പും ലഭിക്കുന്നു. 

ഇതിന്റെ സ്ഥാപകനായ ശാഹ് അബ്ദുല്‍ വഹാബ് സാഹിബ് ഹി: 1337 ല്‍ ഇഹലോക വാസം വെടിഞ്ഞു. ബാഖിയാത്ത് മദ്രസയുടെയും ബാഖിയാത്ത് മസ്ജിദിന്റെയും പരിസരത്തുതന്നെ അദ്ദേഹം മറവ് ചെയ്യപ്പെടുകയും ചെയ്തു. അദ്ദേഹത്തിനു ശേഷം തന്റെ സന്തതികളില്‍പെട്ട മൗലാനാ സിയാഉദ്ദീന്‍ മുഹമ്മദ് (റ) മദ്‌റസയുടെ മേല്‍നോട്ടം ഏറ്റെടുത്തു. അദ്ദേഹത്തിന്റെ കാലത്ത് മദ്‌റസക്ക് പല പരിഷ്‌കരണങ്ങളും വരുകയുണ്ടായി. യൂനാനീ വൈദ്യ പഠനം മദ്‌റസാ പഠനങ്ങളില്‍ ഉള്‍പ്പെടുത്തിയതും മദ്‌റസക്കുവേണ്ടി വിശാലമായ പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ചതും അവയില്‍ ചിലതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അഫസലുല്‍ ഉലമ, അദീബെ ഫാസില്‍ തുടങ്ങിയ ബിരുദങ്ങള്‍ക്കു വേണ്ടി പരീക്ഷകള്‍ എഴുതുവാന്‍ സൗകര്യപ്പെടുന്നതിനുവേണ്ടി മദ്‌റസയെ മദ്രാസ് യൂണിവേഴ്‌സിറ്റിയോട് അഫ്‌ലിയേറ്റ് ചെയ്യിച്ചതും അദ്ദേഹം തന്നെയാണ്. ഹിജ്‌റ 1360 (1940) ല്‍ അദ്ദേഹവും മരണമടഞ്ഞു. 

ശേഷം മദ്‌റസയുടെ പ്രന്‍സിപ്പാളായി വന്നത് പ്രസിദ്ധ പണ്ഡിതനായിരുന്ന ശൈഖ് അബ്ദുര്‍റഹീം സാഹിബായിരുന്നു. പ്രശംസനീയമായി മദ്‌റസയെ ഭരിച്ചുപോന്നതിനുശേഷം ഹി 1367 ല്‍ അദ്ദേഹവും പരലോക യാത്രചെയ്തു. 

പിന്നീട് മദ്‌റസയുടെ നായകത്വം വഹിച്ചത് ഇതേ മദ്‌റസയില്‍വെച്ച് പഠനം പൂര്‍ത്തിയാക്കിയ വ്യക്തിയും പ്രസിദ്ധ പണ്ഡിതനും മുഫ്തിയുമായിരുന്ന ശൈഖ് ആദം സാഹിബായിരുന്നു. ഏകദേശം പതിനൊന്നു വര്‍ഷങ്ങള്‍ അദ്ദേഹം മദ്‌റസയില്‍ അധ്യാപനജോലിയും നടത്തിപ്പും നിര്‍വഹിച്ചു. ഹിജ്‌റ: 1378 (1960) ല്‍ അദ്ദേഹവും മരണപ്പെട്ടു.

അതിനുശേഷം പ്രന്‍സിപ്പാളായി വന്നത് ശൈഖ് അബൂബക്ര്‍ സാഹിബാണ്. അദ്ദേഹം മദ്‌റസയുമായുള്ള ബന്ധം ഉപേക്ഷിച്ചതിനു ശേഷം അതിന്റെ നായകനായി വന്നത് കേരളത്തിലെ സുപ്രസിദ്ധ പണ്ഡിതനും മുഹദ്ദിസുമായ ശൈഖ് ഹസന്‍ സാഹിബാണ്. പ്രശംസനീയമായി മദ്‌റസയുടെ ഭരണകാര്യം ഇന്നും അദ്ദേഹം നിര്‍വഹിച്ചുവരുന്നു.

ഉറുദു, പാഴ്‌സി എന്നിവയുടെ രണ്ടു ക്ലാസുകള്‍ക്കും ഖുര്‍ആന്‍ മന:പാഠത്തിനുമുള്ള ഒരു ക്ലാസിനും പുറമെ ഒമ്പതു ക്ലാസുകളാണ് ഈ മദ്‌റസക്കുള്ളത്. പതിനഞ്ചില്‍ പരം അദ്ധ്യാപകരുമുണ്ട്. ഒരു വര്‍ഷത്തില്‍ ഏകദേശം ഒരു ലക്ഷം ഉറുപ്പിക ചെലവ് വരുന്നു. 

Saturday, April 16, 2011

ചെമ്പിരിക്ക മാല


1961 ല്‍ സി.എം. ഉസ്താദ് രചിച്ച ചെമ്പരിക്ക മാല


(ചെമ്പിരിക്ക മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന 
പുണ്യപുരുഷനെ കുറിച്ച്)


ബിസ്മി റബ്ബില്‍ അര്‍ശി വല്‍ കുര്‍സിയ്യി എന്നോതുന്നേ
വിസ്തരം ഹംദന്‍ കസീറന്‍ എന്നു ഞാന്‍ ചൊല്ലുന്നേ
വിസ്തരിക്കുന്നു നബി മുഹമ്മദില്‍ സ്വലവാത്തേ
വിശ്വമിന്‍ കാരുണ്യമോരാം തന്‍ സലാമും ഒത്തേ
നിസ്തുല താരങ്ങളായ് തിളങ്ങും സഹ്ബീ ചേര്‍ത്തേ
നിഷ്ഠരാം ആലും അടങ്കല്‍ ഈ ഇരവില്‍ കോര്‍ത്തേ
ഹസ്തവും ചേര്‍ത്തു ഗമിച്ച സര്‍വ്വരിലുമാണേ
ഹഖ് റബ്ബേ ചേര്‍ക്കിതില്‍ നീ ഞങ്ങള്‍ ആകമാനേ
ചെമ്പിരിക്ക എന്ന ദിക്കില്‍ വന്നൊരുലിയുല്ലാഹ്
ചെമ്പകപ്പൂ തന്റെ കഥ ചൊല്ലിടും കാക്കല്ലാഹ്
വമ്പരോരെ കേളി കീര്‍ത്തി ആരിലും മറയൂലാ
വന്ദ്യരോരെ തിങ്കളെന്നും മന്നിലും മങ്ങൂലാ
ഇമ്പമാല്‍ വന്ന വലിയ്യുല്‍ ജംഹരിയോര്‍ വാര്‍ത്തേ
ചൊല്ലിയാല്‍ ഒടുങ്ങയില്ല തെല്ലു ന്താനും കോര്‍ത്തെ
നല്ലവര്‍ ചിലരുടെ അപേക്ഷയെ മാനിത്തേ
നന്മനസ്സാല്‍ മാലയൊന്ന് ഈ തരത്തില്‍ കോര്‍ത്തേ
ഓര്‍ത്തിടുകില്‍ നല്‍വലിയ്യില്‍ ജംഹരി തന്‍ സ്വീത്തേ
ഓതിടുവാന്‍ ഏറെയുണ്ട് നന്മകള്‍ മികത്തേ
തീര്‍ത്തുകോര്‍വയെ വാന്‍ പൂവിനിറന്ത സ്വലാത്തേ
തങ്കത്വാഹ ഞങ്ങളില്‍ നല്‍പൊങ്ങും സ്വലാത്തേ
കീര്‍ത്തിപെറ്റ ആലിലും അസ്ഹാബിലും റളിയല്ലാഹ്
കേമാല്‍ നീ ഞങ്ങളെ ദോഷം പൊറുത്തീടല്ലാഹ്
ചെമ്പിരിക്ക ജംഹരിയില്‍ ആ വലീ ജീവിത്തെ
ജീവിതത്തിന്‍ ഖിതാമും ജംഹരിയില്‍ വെച്ചെ
തന്നിമിത്തം നിര്‍മിതം ഈ ഖബറിടം ഉയര്‍ന്നെ
തന്നിലേക്കന്നുമുതല്‍ക്കെ പെരുജനം വരുന്നെ
മുഅ്മിനായൊരൂ സമൂഹം ഈ മഖാമിനൊത്തെ
ചുറ്റരുമായ് വസിച്ചിടാന്‍ നന്മയും കൊതിത്തെ
അന്നതാരാണെന്ന് ഉറ്റു നോക്കുകില്‍ പെരുത്തെ
അറിവുകള്‍ വരുന്നതില്ലാ എങ്കിലും കുറിത്തെ
ചെന്ന്‌കേള്‍ക്കും ഹനഫികള്‍ അന്നീതലത്തില്‍ പാര്‍ത്തെ
ചൊന്നവര്‍കള്‍ ഒക്കെയും പിന്നെ തലം വിടുത്തെ
തന്നിമിത്തം വിജനമായി കാടുകള്‍ നിറഞ്ഞെ
തണ്ണിയാലെ മറുവശത്ത് ബഹ്‌റതും കവിഞ്ഞെ
ഈതരത്തില്‍ ഈ മഖാമില്‍ ആളുകള്‍ കുറഞ്ഞെ
കാവലായും സാഇറായും വരവുകള്‍ മുറിഞ്ഞെ
ഇത്തരുണം തന്നയാലും സ്വപ്നം ഒന്നുദിത്തെ
ഇത്തലത്തില്‍ നിന്ന് ദൂരെ ചെമ്മനാടില്‍ പാര്‍ത്തെ
നിഷ്‌കളങ്ക ദിഹ്നതുള്ള പോക്കര് എന്നോവര്‍ക്ക്
നിശ്ചയം നീ ഇങ്ങി വാവാ ഇത്തലത്തില്‍ പാര്‍ക്കെ
നിഷ്ടയില്‍ കുമിഞ്ഞു താനും തന്റെ അഹ്‌ലും ഒത്തെ
നിഷ്പ്രയാസം നാടും വീടും ഒക്കെ വിട്ടൊഴിത്തെ
ഇഷ്ടമില്‍ ഈ നാട്ടിലെത്തി പാര്‍ത്തിടുന്ന നാളില്‍
ഇത്തലത്തില്‍ ഇല്ലമൊന്നും ഇല്ല പാര്‍ത്തു കാട്ടില്‍
കഷ്ടമില്ലാ ഉടനെയെത്തി രണ്ടു വീട്ടുകാരെ
കറുത്തതും വെളുത്തതുമാം സൈനുദ്ദീനുമാരെ
ഗുണമറേതും മൂനിസ് ഒത്ത് പോക്കര് ഉന്‍സിലായെ
ഗൗരവത്തില്‍ മസ്ജിദിങ്കല്‍ അങ്ങിരിപ്പിലായെ
ചുണയതുള്ള പെങ്കിടാങ്കള്‍ ഭക്ഷണം എടുത്തെ
ചിലച്ചിടും നേരത്ത് ക്രൂര നരയും മന്നടുത്തെ
കെണിയിതില്‍ പെട്ട് ഭയന്ന് പെണ്‍ കിടാങ്ങളോടി
കെണി ഇതെല്ലാം കണ്ട് പോക്കര് വിളിച്ചതിനെ മാടി
വണക്കമിലായ് ഇങ്ങടുത്തെ ചെന്നതു തലോടി
വിനയമായി നീ ഇരുന്നോ ആകിടല്ലാ പേടി
ഇത്തരത്തിലുള്ള ശറഫിന് സബബായോരെ
ഇത്തലത്തെ മര്‍ഖദിങ്കല്‍ ഫള്‌ല് ചൊരി കോനെ
സത്തരത്തിലുണ്ട് കറാമത്ത് ഏറ്റം ഓതാന്‍
സത്തതില്‍ നിന്നുച്ചരിക്കും ഒന്നു രണ്ടു കേള്‍ക്കാന്‍
പത്തിരുപതാണ്ടു പാഞ്ഞു ഒന്നുമില്ലാ കുഞ്ഞെ
പണ്ടു തൊട്ടെ നാരി തന്റെ മംഗലം കഴിഞ്ഞെ
ഉത്തരത്തിന്നാശയാലെ ഉച്ചരിച്ചു പെണ്ണെ
ഇത്തലത്തില്‍ മഖാമിന്‍ മുറ്റമില്‍ കടന്നെ
ലുബ്ബ് നൊന്തിട്ടോതി റബ്ബെ ഏക് സന്താനത്തെ
ലങ്കും വലീ തന്റെ ഹഖാല്‍ തന്നിടോരു മുത്തെ
റബ്ബു തന്റെ കരുണയങ്ങാതാ ചൊരിഞ്ഞിടുന്നെ
റഹ്മില്‍ ഈ തരുണീമണിക്ക് ഹംല് ഉടനെ വന്നെ
ഹിബ്ബു കുഞ്ഞെ കയ്യിലേന്തി പെണ്ണ് വീണ്ടും വന്നെ
ഹുബ്ബിലായി നേര്‍ച്ചയെല്ലാം നന്മയില്‍ വീട്ടുന്നെ
ഹബ്ബു ഖല്‍ബ് അകത്തതായ ഈ വലി ഹഖാലെ
ഹമ്മു ഗമ്മും നീക്കിടല്ലാഹ് കണ്ണില്‍ ഉണ്ണിയാലെ
മീനും തീനും തോനെയുള്ള യമ്മിന്‍ ഉരുവില്‍ പാര്‍ത്തെ
മീന്‍പിടിക്കുന്നോരില്‍ ഒരുവന്‍ കാളം കയറില്‍ കോര്‍ത്തെ
വീണുകടലില്‍ വള്ളി കയ്യില്‍ നീന്തി കുഴിയിലായെ
വേഗമങ്ങ് വട്ടം ചുറ്റും വന്‍ ചുഴിയിലായെ
ദീനരോദനം മൊഴിഞ്ഞു ദിഹ്നിടിഞ്ഞുപോയെ
ദൃഷ്ടികള്‍ അടഞ്ഞുപോയി ദുഖവും ഏറെ ലായെ
കേണു നാഥാ കാണുമീ മുഖാമിലേക്കു പോകാം
കേമമായി നേരും നേര്‍ച്ച രക്ഷിച്ചാലുമാകാം
പറയുന്നേരം ആഞ്ഞടിച്ചു വന്‍തിര അതൊന്നെ
പരമപ്രിയം ആകുംവണ്ണം അണഞ്ഞു കരയില്‍ ചെന്നെ
തരത്തില്‍ ഇത്ര പുതുമയുള്ള വലിയു തന്റെ സ്ഥാനം
തരം തരത്തില്‍ സ്വര്‍ഗ വീട്ടില്‍ ഉയരമാക്ക വേണം
ഫണ്ടൊരുനാള്‍ ചന്ദ്രഗിരിപുഴ ജലം പെരുത്തെ
ജലനിരപ്പ് പൊങ്ങി പൊങ്ങി നാലുപാടും പാര്‍ത്തെ
വഴികളും കയത്തിലായി വീടുകള്‍ തകര്‍ത്തെ
നാശം ഏറ്റം നാശമായി സകലതും പൊതിര്‍ന്നെ
നേര്‍ക്കുനേരെ അഴിയറുക്കലാണിതിന്‍ വിധി അതെന്നെ
വേറെ ഇല്ല പോംവഴി വിദഗ്ധരും പറയുന്നെ
ഈ വിധിക്കായ് ഒത്തുവന്ന എല്ലാരും തളര്‍ന്നെ
അഴിയറുക്കാനായതില്ലാ വേദനാ ഉയര്‍ന്നെ
അറ്റമില്‍ അതാ വരുന്നു സംഘമൊന്നൂറുങ്ങി
ചെമ്പിരിക്കാ ദിക്കുകാരാല്‍ ചെയ്തിടാമില്‍ ഭംഗി




* * *
പൂത്തു മുത്തു പൂര്‍ണ്ണമായ് കത്തി ലെങ്കും മുത്തെ
പൂമണിയരാം വലി അണഞ്ഞു ഇത്തലത്തെ
ഔലിയാക്കള്‍ക്കുള്ള സില്‍ക്കിന്‍ രത്‌നമായി തന്നെ
അസ്ഫിയാ ഹാരത്തിനുള്ള മുത്തുമായിട്ടുന്നെ
മികവരാം ഈ മുത്തഖിയില്‍ ശറഫതേറ്റ് കോനേ
മൂപ്പരോരെ നാടിലാകെ നന്മ ഏറ്റ് താനെ
ഖൗലി ആകും ഈ കവിത നെയ്‌തെടുക്കാനെന്നില്‍
കരുണ ഈന്തിയ ലോക നാഥാ സര്‍വ്വ ശുക്‌റും നിന്നില്‍
ഹൗലും കഴിവും കുല്ലു ഹംദും റബ്ബെ നിന്നില്‍ തന്നെ
ഹൗലും ഖൗഫും രോഗമെയും നീക്കിട് എന്നെന്നെ
കുല്ലുശൈഇന്‍ റാഫിഉന്‍ ഖാഫിള് താന്‍ തുണത്തെ
കോര്‍വ്വയാല്‍ ആശിച്ചപോല്‍ ഇമ്മാല ഞാനും തീര്‍ത്തെ
കൊല്ലം ഹിജ്‌രി അല്‍ഫും അതില്‍ മൂന്ന് നൂറും ചേര്‍ത്തേ
കൂടെ എട്ടിന് പത്ത് ഗുണിതം ശഹ്‌റ് സ്വഫ്‌റില്‍ കോര്‍ത്തെ
ചൊല്ലിടാനുള്ള ആശ യേറി നേതാ ഈ ഗീതത്തേ
ചൊങ്കില്‍ ഫതഹുല്‍ കന്‍സ് അതെന്ന് നാമം അണിയിത്തേ...

Sunday, April 3, 2011

സഅദിയ്യ അറബിക് കോളേജ് ഒന്നാം വാര്‍ഷിക റിപ്പോര്‍ട്ട് (1972)


       കാസര്‍കോട് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു വന്നവരായ മുസ്‌ലിം പ്രമുഖന്മാരും പൊതുജനങ്ങളും  അടങ്ങിയ ഒരു വന്‍ സമൂഹം 1971 ഏപ്രില്‍ 28 (ഹി: 1391 റബീലല്‍ അവ്വല്‍ 2) ന്  ബുധനാഴ്ച രാവിലെ പത്തു മണിക്കു കളനാട് റയില്‍വേ സ്റ്റേഷനു സമീപം കല്ലട്ര അബ്ദുര്‍ ഖാദിര്‍ ഹാജി താമസിച്ചിരുന്ന അദ്ദേഹത്തിന്റെ സ്വന്തം വീട്ടില്‍ സമ്മേളിക്കുകയുണ്ടായി. കീഴൂര്‍ ഖാസി ജനാബ് സി. മുഹമ്മദ് കുഞ്ഞി മുസ്‌ലിയാരുടെ ക്ഷണപ്രകാരമായിരുന്നു ആ സമ്മേളനം. അദ്ദേഹത്തിന്റെ തന്നെ അധ്യക്ഷതയിലായിരുന്ന ആ സമ്മേളനത്തില്‍ വെച്ചു മൂന്നു വിദ്യാര്‍ത്ഥികള്‍ക്കു മുര്‍ശിദുത്തുല്ലാബ് എന്ന ഗ്രന്ഥം ചൊല്ലിക്കൊടുത്തുകൊണ്ട് ജനാബ് ഹാജി മുഹമ്മദ് മുസ്‌ലിയാര്‍ (കടവത്ത്, കളനാട്) സഅദിയ്യ അറബിക് കോളേജ് ഉല്‍ഘാടനം ചെയ്തു.

കോളേജിന് ഒരു സ്ഥിരം കെട്ടിടം നിര്‍മിച്ച് അതിലേക്ക് സ്ഥലം മാറ്റം ചെയ്യുന്നതുവരെ സര്‍വ്വസജ്ജീകൃതമായ ഈ വീട്ടില്‍വെച്ചുതന്നെ കോളേജ് നടത്തുവാന്‍ കല്ലട്ര അബ്ദുല്‍ ഖാദിര്‍ സാഹിബ് സമ്മതിക്കുകയും കോളേജിന്റെ എല്ലാ ചെലവുകളും അദ്ദഹം തെന്നെ ഏറ്റെടുക്കുകയും ചെയ്തു. സി.എം. അബ്ദുല്ല മൗലവി, കെ.വി. മൊയ്തീന്‍ കുഞ്ഞി മൗലവി എന്നിവരെ ഗുരുനാഥന്മാരായി നിയമിക്കുകയും ഇരുപത് വിദ്യാര്‍ത്ഥികളെ വിവിധ ക്ലാസുകളിലായി ചേര്‍ക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ 1, 2, 5 എന്നീ ക്ലാസുകളിലായി ഇരുപത് വിദ്യാര്‍ത്ഥികളെ ചേര്‍ത്തു.

രൂപരേഖ
ഉല്‍ഘാടനയോഗത്തില്‍ വെച്ചു അറബിക് കോളേജിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെയും പ്രവര്‍ത്തന രൂപങ്ങളെയും വിശദീകരിക്കുന്ന ഒരു രൂപരേഖ വായിക്കപ്പെടുകയുണ്ടായി. അത് താഴെ പറയും വിധം സംഗ്രഹിക്കാം:

ഇസ്‌ലാമികവും ലൗകികവുമായ വിജ്ഞാനങ്ങള്‍ വേണ്ടത്ര കരസ്ഥമാക്കിയവരും ഇസ്‌ലാമിക വിശ്വാസവും അതിനോടുള്ള നിഷ്‌കളങ്കമായ കൂറും ഉള്ളവരും അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങളില്‍ അടിയുറച്ചവരുമായ പണ്ഡിതന്മാരെ വാര്‍ത്തെടുക്കുകയും അതേസമയം ജീവിത സന്ധാരണത്തിനനുയോജ്യമായ ജോലിയില്‍ ഏര്‍പ്പെടുവാനുള്ള കഴിവുകള്‍ അവര്‍ക്ക് ഉണ്ടാക്കിക്കൊടുക്കുകയെന്നതും ഈ സ്ഥാപനത്തിന്റെ ലക്ഷ്യമാകുന്നു. അതിനു പുറമെ ഹൈസ്‌കൂളുകളിലും കോളേജുകളിലും പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി നിശാക്ലാസുകള്‍, ഞായറാഴ്ച പാഠങ്ങള്‍, സമ്മര്‍ ക്ലാസുകള്‍ എന്നിവ നടത്തലും ഇതിന്റെ ലക്ഷ്യങ്ങളില്‍ പെട്ടതാണ്.

രൂപരേഖ ഇങ്ങനെ തുടരുന്നു: ഈ സ്ഥാപനത്തിന് ഒന്നു മുതല്‍ എട്ടു വരെയുള്ള കോളേജു ക്ലാസുകളും അതിനു ശേഷം രണ്ടുവര്‍ഷത്തെ ഉന്നത കോഴ്‌സും ഉണ്ടായിരിക്കുന്നതാണ്.  ഖുര്‍ആന്‍ പാരായണം, പ്രഥമികമായ ദീനിയ്യാത്തും  അമലിയ്യാത്തും മലയാളം എഴുത്തും വായനയും എന്നിവ അഭ്യസിച്ചു കഴിഞ്ഞ കുട്ടികളെയായിരിക്കും ഒന്നാം ക്ലാസില്‍ ചേര്‍ക്കുക. 

ഈ സ്ഥാപനത്തില്‍ എട്ടാം ക്ലാസ് പൂര്‍ത്തിയാക്കി പുറത്തുവരുന്ന ഒരു വിദ്യാര്‍ഥിയില്‍: ഖുര്‍ആന്‍ മുഴുവനും അര്‍ത്ഥവും വ്യാഖ്യാനവും സഹിതം പഠിച്ചിരിക്കുക, പ്രധാന ഹദീസ് കിതാബുകള്‍ പഠിച്ചിരിക്കുക, ശാഫിഈ മദ്ഹബിലെ സുപ്രധാന ഹദീസ് ഗ്രന്ഥം പഠിച്ചിരിക്കുക, ആനുകാലിക പ്രശ്‌നങ്ങളുടെ  ഇസ്‌ലാമിക പരിഹാരം കണ്ടുപിടിക്കാന്‍ കഴിയുക, ലൗകിക വിദ്യാഭ്യാസത്തില്‍ പൊതുവായ കഴിവുകള്‍ നേടിയിരിക്കുക, ദീനിനോട് സ്‌നേഹവും ആദരവും ഇസ്‌ലാമിക ആദര്‍ശങ്ങളില്‍ ഉറപ്പും ഉണ്ടായിരിക്കുക മുതലായ യോഗ്യതകള്‍ പ്രതീക്ഷിക്കപ്പെടുന്നു.

എട്ടാം വര്‍ഷത്തിനു ശേഷം രണ്ടുവര്‍ഷത്തെ ഉന്ന കോഴ്‌സും വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നു. ദീനിയ്യായ വിഷയങ്ങള്‍ വിശാലമായ തോതില്‍ അഭ്യസിപ്പിക്കപ്പെടുകയും ഫത്‌വകളും സമുദായ നേതൃത്വവും നല്‍കുവാനുള്ള ഉയര്‍ന്ന യോഗ്യതയും ഉണ്ടാക്കലാണ് ഇതിന്റെ ലക്ഷ്യം. 

അറബി ഭാഷ ആധുനികമായ രീതിയില്‍തന്നെ കൈകാര്യം ചെയ്യുവാന്‍ സാധിക്കേണ്ട രീതിയില്‍ അതിന്റെ പഠനം സംവിധാനം ചെയ്യപ്പെട്ടിട്ടുണ്ട്.

ഇപ്പോള്‍ ഖുര്‍ആന്‍, ഹദീസ്, തഫ്‌സീര്‍, ഫിഖ്ഹ്, സര്‍ഫ്, നഹ്‌വ്, അറബി ഭാഷ, ഉറുദു, മന്‍ഥിഖ്, മആനി, ഇസ്‌ലാം ചരിത്രം, ഇംഗ്ലീഷ്, കണക്ക്, സയന്‍സ് എന്നിവ അഭ്യസിപ്പിക്കപ്പെടുന്നു. 

ഇരുപത് വിദ്യാര്‍ത്ഥികളും രണ്ട് ഉസ്താദുമാരുമാണ് ആരംഭത്തില്‍ ഉണ്ടായിരുന്നതെന്നത് മുമ്പ് പ്രസ്താവിച്ചുവല്ലോ. എന്നാല്‍, താമസം വിനാ വിദ്യാര്‍ത്ഥികളുടെ എണ്ണം മുപ്പതായി വര്‍ദ്ധിക്കപ്പെടുകയുണ്ടായി. പാര്‍ട് ടൈം ആയി മൂന്നാമതൊരു ഉസ്താദിനെ നിയമിക്കുകയും ചെയ്തു. ഹി: 1391 ശവ്വാല്‍ മാസം മുതല്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം നാല്‍പതായി വര്‍ദ്ധിപ്പിച്ചു. ഒരു ഉസ്താദിനെ കൂട്ടുകയും ചെയ്തു. അങ്ങനെ ഇപ്പോള്‍ നാല്‍പ്പത് വിദ്യാര്‍ത്ഥികളും നാല് ഗുരുനാഥന്മാരുമാണ് ഉള്ളത്. ഇംഗ്ലീഷ്, സയന്‍സ്, കണക്ക് എന്നിവ മാത്രം പഠിപ്പിക്കുവാന്‍ വേണ്ടി അഞ്ചാമതൊരു അധ്യാപകനുമുണ്ട്.

തുടക്കത്തില്‍1, 2, 5 എന്നീ ക്ലാസുകളാണ് ഉണ്ടായിരുന്നത്. ഹി: 1392 ശഅബാന്‍ മാസത്തില്‍ വര്‍ഷാന്ത പരീക്ഷ നടത്തിയ ശേഷം അതേ വര്‍ഷം ശവ്വാല്‍ മാസം മുതല്‍ ആറാം തരം തുറന്നു. കൂടാതെ,  പുതുതാചയി നാലാം തരവും തുടങ്ങി. അങ്ങനെ, റിപ്പോര്‍ട്ട് വാര്‍ഷികത്തില്‍ നിലവിലുള്ള ക്ലാസുകള്‍ 1, 2, 3, 4, 6 എന്നിവയാണ്. 

പഠനരീതി
ഇസ്‌ലാമിക വിഷയങ്ങളെയും ആധുനിക വിജ്ഞാനങ്ങളെയും സമന്വയിപ്പിച്ചുകൊണ്ടുള്ള പാഠ്യപദ്ധതിയാണ് സ്വീകരിച്ചിട്ടുള്ളത്. കാലത്തിന്റെ വെല്ലുവിളിയെ സധൈര്യം നേരിട്ടുകൊണ്ട് ഇസ്‌ലാമിന്റെ ശബ്ദം ഉയര്‍ത്തിപ്പിടിക്കുവാന്‍ വേണ്ട യോഗ്യത നേടിക്കൊടുക്കുന്നതും വിദ്യാര്‍ത്ഥികളില്‍ വിജ്ഞാന തല്‍പരത വളര്‍ത്തുന്നതുമായ പാഠ്യക്രമമാണ് നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുന്നത്. 

ശരിയായ അര്‍ഥവും വ്യാഖ്യാനവും മനസ്സിലാക്കിക്കൊടുത്തുകൊണ്ടാണ് എല്ലാ ക്ലാസുകളിലും ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. 1, 2, 3 എന്നീ ക്ലാസുകളില്‍ ചെറിയ ചെറിയ സൂറത്തുകള്‍ അര്‍ത്ഥ സഹിതം പഠിപ്പിക്കുന്നതിനു പുറമെ അവ മന:പാഠമാക്കിക്കുകയും ചെയ്യുന്നു. ഇളം തലച്ചോറുകള്‍ക്ക് ഇസ്‌ലാമികാവേശവും ഇസ്‌ലാമിക സ്വഭാവവും വളര്‍ത്തുവാന്‍ ഇത് എന്തുമാത്രം ഉപകാരപ്പെടുമെന്നുള്ളത് അവിതര്‍ക്കിതമത്രെ.

എല്ലാ ക്ലാസുകളിലും ഹദീസ് പഠിപ്പിക്കുന്നുണ്ട്. സ്വഭാവ സംസ്‌കരണ പ്രധാനമായ തെരഞ്ഞെടുക്കപ്പെട്ട കുറേ ഹദീസുകളാണ് ഒന്നാം തരത്തില്‍വെച്ചു പഠിപ്പിക്കുന്നത്. ഹദീസിന്റെയും തസ്വവ്വുഫിന്റെയും ഫലങ്ങള്‍ ഒപ്പം ലഭ്യമാകണമെന്ന ലക്ഷ്യം വെച്ചുകൊണ്ടാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. രണ്ടാം തരം  മുതല്‍ ബുലൂഗുല്‍ മറാം എന്ന പ്രാമാണിക ഹദീസ് ഗ്രന്ഥം തുടങ്ങുന്നു. നിത്യജീവിതത്തില്‍ മുസ്‌ലിംകള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കര്‍മശാസ്ത്ര(ഫിഖ്ഹ്) പരമായ കര്യങ്ങള്‍ക്ക് ഹദീസുകളില്‍ക്കൂടിയുള്ള വിവരണവും വെളിച്ചവും ഇതുമൂലം വിദ്യാര്‍ത്ഥികള്‍ക്കു ലഭിക്കുന്നു. രണ്ടും മൂന്നും തരങ്ങളില്‍ ഈ ഗ്രന്ഥം തുടരുന്നു. നാലാം തരത്തില്‍ രിയാളുസ്സ്വാലിഹീന്‍ എന്ന ഹദീസ് കിത്താബ് പഠിപ്പിക്കുന്നു. സ്വഭാവ സംസ്‌കരണ വിഷയത്തില്‍ സുപ്രസിദ്ധിയാര്‍ജ്ജിച്ചതാണ് ഈ ഗ്രന്ഥം. ആറാം തരത്തില്‍ ബുഖാരിയാണ് പഠിപ്പിക്കുന്നത്.

ഫിഖ്ഹ് എല്ലാ ക്ലാസുകളിലും അഭ്യസിപ്പിക്കുന്നു. ഒന്നാം ക്ലാസില്‍ സഫീനത്തുന്നജാ എന്ന കൊച്ചു കൃതിയും രണ്ടിലും മൂന്നിലും സുപ്രസിദ്ധ ഫിഖ്ഹ് കിത്താബായ ഉംദയും നാലില്‍ സര്‍വ്വാംഗീകൃതമായ ഫതഹുല്‍ മുഈനും ആറില്‍ പ്രാമാണിക ഫിഖ്ഹ് കിത്താബായ മഹല്ലിയുമാണ് പഠിപ്പിക്കുന്നത്.  സമുന്നതമായ രീതിയില്‍ ശാഫിഈ ഫിഖ്ഹ് കരഗതമാക്കുവാന്‍ ഇത് പ്രയോജനപ്പെടുമ്മെന്നത് വ്യക്തമത്രെ.

ഇസ്‌ലാം ചരിത്രം എല്ലാ തരങ്ങളിലുമുണ്ട്. കെട്ടുകഥകളില്‍നിന്നും തീരെ മുക്തമായ ശുദ്ധമായ ചരിത്രമാണ് പഠിപ്പി#കകുന്നത്. അതുതന്നെ, സംഭവങ്ങളുടെ കേവല പ്രകാശനം ചഎന്ന നിലക്കല്ല. മറിച്ച്,  സംഭവങ്ങളുടെ കാര്യകാരണങ്ങള്‍ എടുത്തു കാണിച്ചുകൊണ്ടും യുക്തമായ അവലോകനം ഉള്‍പ്പെടുത്തിയും ഓരോ കാലഘട്ടത്തിലെയും ചരിത്രം നല്‍കുന്ന പാഠമെന്താണെന്ന് വ്യക്തമാക്കിക്കൊണ്ടുമാണ് അഭ്യസിപ്പിക്കുന്നത്. ഈ രീതി വിദ്യാര്‍ത്ഥികളുടെ ചിന്താശക്തി ഉദ്ദീപിപ്പിക്കുകയും ഹൃദയങ്ങള്‍ വികാസമുണ്ടാക്കുകയും ചരിത്ര പഠനത്തിന്റെ യഥാര്‍ഥ ഫലം കരസ്ഥമാക്കുവാന്‍ അവര്‍ക്കു അവസരം നല്‍കുകയും ചെയ്യുന്നു. 

ഇസ്‌ലാം ചരിത്രത്തിനുപുറമെ ഇന്ത്യാ ചരിത്രം, ലോക ചരിത്രം എന്നിവയും പഠിപ്പിക്കേണ്ടത് ആവശ്യംതന്നെയാണ്. അതു ഇതുവരെ പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്തുവാന്‍ സാധിച്ചിട്ടില്ലെന്നത് വ്യസന സമേതം ഉണര്‍ത്തിക്കൊള്ളുന്നു. പ്രതിബന്ധങ്ങള്‍ നീക്കിക്കൊണ്ട് അവയും ഉള്‍പ്പെടുത്തുവാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. കോളേജ് ലൈബ്രറിയുടെ ദയനീയ അപര്യാപ്തതയാണ് ഇവിടെ പ്രധാന പ്രതിബന്ധമായി നില്‍ക്കുന്നതെന്ന കാര്യം സ്മര്യമത്രെ. 

ആധുനിക രീതിയില്‍ കൈകാര്യം ചെയ്യുവാന്‍ തക്കയോഗ്യത നേടിക്കൊടുക്കുന്ന രീതിയിലാണ് അറബി ഭാഷ അഭ്യസിപ്പിക്കുന്നതെന്ന് മുമ്പു പ്രസ്താവിച്ചുവല്ലോ. അറബി എഴുതുവാനും വായിക്കുവാനും സംസാരിക്കുവാനും സാധിക്കുന്നതിനുപുറമെ  അറബി ഭാഷാ സാഹിത്യത്തില്‍ സമുന്നതമായ ഒരു നിലവാരം കൈവരുത്തുകയും ആവശ്യമാണ്. ഇതിനുവേണ്ടി വിദ്യാര്‍ത്ഥികള്‍ക്കു അറബി എഴുത്തും നിത്യജീവിതത്തില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യങ്ങളുടെ അറബി പ്രതിപാദന രീതിയും പഠിപ്പിക്കുകയും അറബിയില്‍ സംസാരിച്ചും പ്രസംഗിച്ചും പരിശീലിപ്പിക്കുകയും ചെയ്യുന്നതിനുപുറമെ അറബി സാഹിത്യരംഗത്തിലെ ലളിതങ്ങളും ഗഹനങ്ങളുമായ ഗ്രന്ഥങ്ങള്‍ വ്യവസ്ഥാപിതമായി പഠിപ്പിക്കുകയും ചെയ്യുന്നു. നഹ്‌വുല്‍ വാളിഹ്, ബലാഗത്തുല്‍ വാളിഹ, മുഖ്തസ്വറുല്‍ മആനി എന്നീ ഗ്രന്ഥങ്ങള്‍ ഈ വിഷയത്തില്‍ തെരഞ്ഞെടുത്തു പഠനം നടത്തിവരുന്നു.

വിദ്യാഭ്യാസം ജോലി ലക്ഷ്യം വെച്ചാകട്ടെ അല്ലാതിരിക്കട്ടെ, അംഗീകൃത ഡിഗ്രികള്‍ അനുപേക്ഷ്യങ്ങളായി ഗണിക്കപ്പെടുന്ന സാമൂഹിക ചുറ്റുപാടാണ് നിലവിലുള്ളത് ഈ പരമാര്‍ത്ഥത്തെ അവഗണിക്കുകയോ കണ്ടില്ലെന്നു നടിക്കുകയോ ചെയ്യുന്നത് സമുദായത്തിനും നമ്മുടെ ലക്ഷ്യത്തിനും അപരിഹാര്യമായ ദോഷ ഫലങ്ങള്‍ വരുത്തിവെക്കുമെന്നത് ചിന്തിക്കുന്നവര്‍ക്ക് അറിയാവുന്നതേയുള്ളൂ. അതിനാല്‍, ഇസ്‌ലാമിക വിഷയങ്ങളും ലൗകിക വിജ്ഞാനീയങ്ങളും അറബി സാഹിത്യവും ഒരേ പാഠ്യപദ്ധതിയില്‍, അംഗീകൃത ഡിഗ്രി നേടാന്‍ കഴിയുന്ന വിധത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. അറബി ഭാഷാ സാഹിത്യ ഗ്രന്ഥങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഈ കാര്യം എത്രയും ശ്രദ്ധിച്ചിട്ടുണ്ട്.

ജീവിതായോധനയും തേടി മധ്യപൗരസ്ത്യ അറബ് ദേശങ്ങളില്‍ അഭയം പ്രാപിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ നാട്ടിലെ ആയിരങ്ങളില്‍ ചിലര്‍ക്ക് അവിടേക്കു പോകുന്നതിനു മുമ്പ് അവിടത്തെ ഭാഷയായ അറബി വശത്താക്കുവാന്‍ നമ്മുടെ പാഠ്യ പദ്ധതി ഒരവസരം നല്‍കുന്നതാണ്. ഇത് സ്ഥാപനത്തിന്റെ പാഠ്യ പദ്ധതിയുടെ മുഖ്യ ലക്ഷ്യമല്ലെങ്കിലും ഈ പാഠ്യപദ്ധതിയില്‍കൂടി ഇതും സാധിക്കുമെന്നത് ഒരു വസ്തുതയാണ്.

മുന്‍ചൊന്ന വിഷയങ്ങള്‍ക്കുപുറമെ മലയാളം, ഉറുദു, ഇംഗ്ലീഷ്, കണക്ക്, ഭൂമിശാസ്ത്രം, സയന്‍സ് എന്നിവയാണ് അഭ്യസിപ്പിക്കുന്നത്. ഈ സ്ഥാപനത്തില്‍നിന്നും പഠനം പൂര്‍ത്തിയാക്കി പുറത്തുവരുന്ന വിദ്യാര്‍ത്ഥികള്‍ക്കു ജീവിത പ്രശ്‌നങ്ങളോട് മല്ലിടുവാന്‍ മതാധ്യാപനം, ഖുത്തുബ, ഇമാമത്ത് തുടങ്ങിയ ജോലികളെ മാത്രം ആശ്രയിക്കേണ്ടി വരാതെ തങ്ങള്‍ ഇഷ്ടപ്പെടുന്ന മറ്റു ബിസിനസ്സുകളില്‍ ഏര്‍പ്പെടുവാന്‍ സാധിക്കുന്നതിനുള്ള നേടിക്കൊടുക്കുലും ലോകപരിജ്ഞാനമുണ്ടാക്കലുമാണ് ഇതുകൊണ്ട് ലക്ഷ്യമാക്കിയിട്ടുള്ളത്. ഈ വിഷയങ്ങളില്‍ കാലോചിതങ്ങളായ പരിവര്‍ത്തനങ്ങള്‍ വരുത്തിക്കൊണ്ടിരിക്കാന്‍ ഞങ്ങള്‍ സന്നദ്ധരുമാണ്. 

തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നമ്മുടെ സമുദായത്തിന് ഇന്ന് അഭികാമ്യമെന്നല്ല, അനിവാര്യമായിരിക്കുകയാണ്. ഇതിലാരും തര്‍ക്കിക്കുകയില്ല. പക്ഷെ, ഇത് പ്രയോഗവല്‍കരിക്കുവാനുള്ള മാര്‍ഗം ആവിഷ്‌കൃതമായിട്ടില്ലെന്നുള്ളത് ഒരു ദു:ഖ സത്യമത്രെ.  ഈ പദ്ധതികൂടി ഈ സ്ഥാപനത്തിന്റെ പദ്ധതികളില്‍ ഉള്‍പ്പെടുത്തണമെന്നുണ്ട്. അനുകൂലമായ സാഹചര്യത്തില്‍ അത് നടപ്പില്‍ വരുത്തുമെന്നു പറയുവാനേ ഇപ്പോള്‍ സാധ്യമുള്ളൂ.

വ്യായാഴ്ചതോറും പ്രസംഗ പരിശീലന ക്ലാസോ മോഡല്‍ പാര്‍ലമെന്റോ നടത്തിവരുന്നു. ഇസ്‌ലാമിക പ്രബോധനത്തിനുള്ള ഒരു തയ്യാറെടുപ്പെടന്ന നിലക്കും നിലവിലുള്ള ജനാധിപത്യ ഭരണ സമ്പ്രദായത്തെ സംബന്ധിച്ച് ബോധവും പരിചയവും സിദ്ധമാക്കുവാനും ചിത്താശീലം ഊട്ടിയുറപ്പിക്കുവാനും വേണ്ടിയാണ് ഇവ നടത്തുന്നത്. പ്രസംഗ പരിശീലന ക്ലാസിന്റെയും മോഡല്‍ പാര്‍ലിമെന്റിന്റെയും വ്യവസ്ഥാപിതമായ പ്രവര്‍ത്തനത്തിനു വേണ്ടി വിദ്യാര്‍ത്ഥികളുടെ ഒരു സാഹിത്യ സമാജം രൂപീകൃതമായിട്ടുണ്ട്. വിവിധ വിഷയങ്ങളില്‍ വിവരങ്ങളും വിജ്ഞാനങ്ങളും ലഭ്യമാക്കുന്നതിനുവേണ്ടി ഒരു ലൈബ്രറിയും സ്ഥാപിച്ചിട്ടുണ്ട്. കോളേജിന്റെ എല്ലാ ചെലവുകളും പൂര്‍ണ്ണമായും വഹിക്കുന്നത് കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി സാഹിബാണ്. എന്നാല്‍, കിത്താബുകളും പുസ്തകങ്ങളും നല്‍കിയും പണം സംഭാവന ചെയ്തും ലൈബ്രറിയെ പോഷിപ്പിക്കുന്നതില്‍ മറ്റു ചില വ്യക്തികളും പങ്കുചേര്‍ന്നിട്ടുണ്ട്. ഇവരില്‍, കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി, എ.കെ. മുഹമ്മദ് കുഞ്ഞി മേല്‍പറമ്പ്, എന്നിവര്‍ പ്രത്യേകം എടുത്തുപറയപ്പെടേണ്ടവരാണ്. റിപ്പോര്‍ട്ട് കാലത്ത് കല്ലട്ര അബ്ലാസ് ഹാജി 550 ക യും ഇസ്‌ലാം ചരിത്രം, ഖുര്‍ആന്‍ പരിഭാഷ എന്നീ രണ്ടും ഗ്രന്ഥങ്ങളും എ.കെ. മുഹമ്മദ് കുഞ്ഞി 800 ക വിലയുള്ള ഫതഹുല്‍ ബാരീ എന്ന ഹദീസ് വ്യാഖ്യാന ഗ്രന്ഥവും നമ്മുടെ ലൈബ്രറിക്ക് സംഭാവന നല്‍കിയിട്ടുണ്ട്. ഈ സ്ഥാപനത്തിലെ ഒരു ഗുരുനാഥനായ സി.കെ. അഹ്മദ് മൗലവിയും ചില പുസ്തകങ്ങള്‍ സംഭാവന തന്നു. കാസര്‍കോട്ടെ ഹാജി കെ.എസ്. മുഹമ്മദ് ഹബീബുല്ലാ സാഹിബും കുറച്ചു പുസ്തകങ്ങള്‍ തരികയും ഇനിയും തന്നുകൊണ്ടിരിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. 

പട്ടിക്കാട് നൂറുല്‍ ഉലമാ സംഘം അവരുടെ കുറേ പ്രസിദ്ധീകരണങ്ങള്‍ നമ്മുടെ ലൈബ്രറിയിലേക്ക് അയച്ചു തന്നിട്ടുണ്ട്. പരിശുദ്ധ മക്കയെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന റാബിഥത്തുല്‍ ആലമില്‍ ഇസ്‌ലാമി സംഘടന രണ്ടുതരം പുസ്തകങ്ങളുടെ മുപ്പതു വീതം കോപ്പികള്‍ അയച്ചുതന്നിരിക്കുന്നു. 

വിദ്യാര്‍ത്തികള്‍ അപൂര്‍വ്വമായി പിരിച്ചുണ്ടാക്കിയ ചുരുങ്ങിയ സംഖ്യയും ലൈബ്രറിക്ക് ഉപകാരപ്പെട്ടിട്ടുണ്ട്. എന്തുതന്നെയായാലും, ഒരു കോളേജിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്ന നിലവാരത്തിലേക്ക് എത്തുവാന്‍ ഈ  ലൈബ്രറിക്ക് ഇനിയും അതിവിദൂരം സഞ്ചരിക്കേണ്ടതായിട്ടാണിരിക്കുന്നത്. പുറമെനിന്ന് ഏതെങ്കിലും തരത്തില്‍ സംഭാവന സ്വീകരിച്ചിട്ടുള്ളത് ലൈബ്രറിക്കുമാത്രമാണ്. എന്നാല്‍, കോളേജിന്റെ സര്‍വ്വ വിധ ചെലവുകളും വഹിക്കുന്നത്  കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി സാഹിബ് ഒറ്റക്കാണ്. 

സൗഭാഗ്യം എന്നൊരു മലയാള കൈയ്യെഴുത്തു മാസിക വിദ്യാര്‍ത്ഥികള്‍ പ്രസിദ്ധീകരിച്ചു വരുന്നു. എഴുത്തു കലയില്‍ നേടിയിരിക്കേകണ്ടത് ഇക്കാലത്ത് ആവശ്യമാണെന്ന് എടുത്തുപറയാതെത്തന്നെ ആര്‍ക്കും അറിയാവുന്ന കാര്യമാണ്. ഈ മാസികയുടെ പ്രസിദ്ധീകരണോല്‍ഘാടനം കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി സാഹിബ് നിര്‍വഹിച്ചു.

നിശാപാഠം
എസ്.എസ്.എല്‍.സി പാസായവരും ഹൈസ്‌കൂളില്‍ വിവിധ ക്ലാസുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്നവരുമായ കുറേ വിദ്യാര്‍ത്ഥികള്‍ക്ക് കോളേജില്‍വെച്ചു നിശാകാസ് എടുത്തുവരുന്നു. ഇസ്‌ലാമിക കര്‍മശാസ്ത്രം, വിശ്വാസ കാര്യങ്ങള്‍, ഇസ്‌ലാം ചരിത്രം, സ്വാഭാവസംസ്‌കരണം എന്നീ വിഷയങ്ങളിലാണ് അവര്‍ക്ക് പാഠങ്ങള്‍ നല്‍കുന്നത്. അല്‍പാല്‍പമായി അറബി വ്യാകരണവും പഠിപ്പിക്കുന്നുണ്ട്. റിപ്പോര്‍ട്ടു കാലത്ത് 15 വരെ വിദ്യാര്‍ത്ഥികള്‍ ഈ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. എല്ലായ്‌പ്പോഴും ഇവരുടെ എണ്ണം സ്ഥിരമായി നിലനില്‍ക്കുന്നില്ല. അത് കുറഞ്ഞും ഏറിയും കൊണ്ടിരിക്കുന്നു. നമ്മുടെ നാട്ടുകാരായ രക്ഷിതാക്കള്‍ കുറച്ചു കൂടി ശ്രദ്ധിക്കുകയാണെങ്കില്‍ ഈ പരിപാടി കൂറേക്കൂടി വിജയപ്രദമാക്കാന്‍ സാധിക്കുമെന്നാണ് ഞങ്ങളുടെ പ്രത്യാശ.

പരീക്ഷ
വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം സമഗ്രമായ പരീക്ഷകള്‍ നടത്തത്തുന്നു. ഒന്ന് അരക്കൊല്ല പരീക്ഷയും മറ്റേത് വര്‍ഷാന്ത പരീക്ഷയും. ചോദ്യങ്ങള്‍ കാര്‍ബണ്‍ കോപ്പിയെടുത്തു വ്യവസ്ഥിതമായ എഴുത്തുപരീക്ഷയായിട്ടാണ് നടത്താറ്. എല്ലാവിധ വിഷയങ്ങളിലും പരീക്ഷ നടത്തുന്നു. ഒന്നു മുതല്‍ അഞ്ചുവരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ മലയാളത്തിലാണ് ഉത്തമെഴുതുന്നതെങ്കില്‍ ആറു മുതലുള്ള ക്ലാസുകള്‍ അറബിയില്‍ തന്നെ എഴുതണമെന്നത് നിര്‍ബന്ധമാണ്. പഠിപ്പിച്ച വിഷയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ എത്രത്തോളം മനസ്സിലാക്കിയിട്ടുണ്ടെന്നും അവയെ എത്രത്തോളം ഫലപ്രതമാക്കി അവര്‍ക്ക് കൈകാര്യം ചെയ്യുവാന്‍ കഴിയുന്നുവെന്നും കണ്ടുപിടിക്കുകയും ന്യൂനതയുള്ള വിഷയങ്ങള്‍ക്കു ഭാവിയില്‍ പരിഹാരമുണ്ടാക്കുവാന്‍ കഴുയുന്നതുമായ രൂപങ്ങളില്‍ ചോദ്യങ്ങള്‍ തയ്യാറാക്കിയാണ് പരീക്ഷകള്‍ നടത്തിവരുന്നത്. അല്ലാതെ, പഠിപ്പിച്ച വിഷയങ്ങള്‍ അപ്പടി അവര്‍ക്ക് മന:പാഠമുണ്ടോ എന്ന് നോക്കുകയല്ല ചെയ്യുന്നത്. മന:പാഠമാക്കേണ്ട ചില വിഷയങ്ങളില്‍ അതും പരീക്ഷക്കു വിധേയമാക്കുന്നു. 

ഇതിനു പുറമെ, ഇടക്കിടെ ക്ലാസു പരീക്ഷകളും നടത്താറുണ്ട്. ഓരോ ദിവസവും പഠിച്ച പാഠങ്ങളെ അടുത്ത ദിവസം പരിശോധിച്ചു നോക്കുന്നതിനു പുറമെയാണിത്. ഈ ഒടുവില്‍ പറഞ്ഞ രീതി കൃത്യമായും കര്‍ശശനമായും നടത്തുന്നത് താഴ്ന്ന ക്ലാസുകളിലാണ്.


സഅദിയ്യ രണ്ടാം വാര്‍ഷിക സമ്മേളനത്തിന്റെ ക്ഷണക്കത്ത്‌


        (സി.എമ്മുസ്താദിന്റെ ശേഖരങ്ങളില്നിന്നും ലഭിച്ചത്)
           

        സഅദിയ്യ അറബിക് കോളേജ്, കളനാട്
       രണ്ടാം വാര്‍ഷിക സമ്മേളനം  
              (9/9/1973)

മാന്യരെ,
കളനാട് സഅദിയ്യ അറബിക് കോളേജിന്റെ രണ്ടാം വാര്‍ഷിക സമ്മേളനം താഴെ കാണുന്ന പരിപാടി അനുസരിച്ച് 9/9/1973 ഞായറാഴ്ച രാവിലെ കൃത്യം പത്തു മണിക്ക് കോളേജ് അങ്കണത്തില്‍ വെച്ചു നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.

തദവസരത്തില്‍ താങ്കളുടെ സാന്നിധ്യം സാദരം ക്ഷണിച്ചു കൊള്ളുന്നു.

                                                                  എന്ന്,
സ്ഥലം: കളനാട്                                                               പ്രന്‍സിപ്പാള്‍, സ്റ്റാഫ്

തിയ്യതി: 26/8/1973  


പരിപാടി


   ഖിറാഅത്ത്:
   സ്വാഗത പ്രസംഗം: സെക്രട്ടറി, വിദ്യാര്‍ത്ഥി സമാജം
   ഉല്‍ഘാടനം    : കല്ലട്ര അബ്ദുല്‍ ഖാദിര്‍  ഹാജി, പ്രസി       ഡന്റ് സഅദിയ്യ കോളേജ്
   ഉപക്രമം        : അധ്യക്ഷന്‍
  റിപ്പോര്‍ട്ടുവായന : സി.എം. അബ്ദുല്ല മൗലവി (പ്രന്‍സിപ്പാള്‍)
   പ്രസംഗം
                    : 1. കല്ലട്ര അബ്ബാസ് ഹാജി
                   : 2. ബി.എം. അബ്ദുറഹിമാന്‍ എം.എല്‍.എ
                   : 3. പ്രൊഫസര്‍ എസ്.എസ്.സി തളിപ്പറമ്പ്
  വിവിധ പരിപാടികള്‍: വിദ്യാര്‍ത്ഥികള്‍
ഇവര്‍ക്കുപുറമെ നാട്ടുകാരായ ഉലമാക്കളും സമ്മേളനത്തില്‍ സംബന്ധിക്കുന്നതായിരിക്കും.
  

1971 ല്‍ സഅദിയ്യയുടെ ഉല്‍ഘാടന ചടങ്ങിലേക്കുള്ള ക്ഷണക്കത്ത്


(സി.എമ്മുസ്താദിന്റെ ശേഖരങ്ങളില്നിന്നും ലഭിച്ചത്)







ബി
മാന്യരെ, 
അഹ്‌ലുസ്സുന്നത്ത് വല്‍ജമാഅത്തിന്റെ വിശ്വാസാദര്‍ശങ്ങളെയും മദ്ഹബിന്റെയും അടിസ്ഥാനത്തില്‍ ദീനീ വിജ്ഞാനം അധ്യാപനം ചെയ്യപ്പെടുന്ന ഒരു ഉന്നത ദീനിയ്യ: മദ്‌റസ നമ്മുടെ നാട്ടില്‍ കളനാട് റയില്‍വെ സ്റ്റേഷനു സമീപം ജ: കല്ലട്ര അബ്ദുല്‍ ഖാദിര്‍ സാഹിബ് താമസിച്ചിരുന്ന ബില്ഡിംഗില്‍ വെച്ച് ഇതേ റബീഉല്‍ അവ്വല്‍ രണ്ടിന് (28/4/1971) ബുധനാഴ്ച രാവിലെ പത്തു മണിക്ക് ആരംഭിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. തദവസരത്തില്‍ താങ്കള്‍ സ്‌നേഹ ജന സമേതം വന്നുചേരുവാന്‍ സാദരം ക്ഷണിച്ചുകൊള്ളുന്നു.
                                          എന്ന്,
കളനാട്                   സി. മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍
21/4/1971                        ഖാസി, കീഴൂര്‍

സി.എം. ഉസ്താദിന്റെ കുടുംബം


അല്ലാഹുവിന്റെ തൃപ്തി മാത്രം കാംക്ഷിച്ച്  ഇസ്‌ലാമിക ദഅവത്തിനായി ഇറങ്ങിത്തിരിച്ച ഒരു കുടുംബം. അതായിരുന്നു സി.എം. ഉസ്താദിന്റെത്. കൂടുതല്‍ പ്രസംഗിക്കുകയെന്നതിലപ്പുറം പ്രവര്‍ത്തിക്കുകയെന്നതായിരുന്നു ആ കുടുംബത്തിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ, സമൂഹം എന്നും അവരില്‍ വിശ്വാസമര്‍പ്പിച്ചു. തങ്ങളുടെ നാടിന്റെയും മഹല്ലത്തുകളുടെയും നേതൃത്വം ആ കുടുംബത്തില്‍നിന്നും ഉയര്‍ന്നുവരുന്ന പണ്ഡിതന്മാര്‍ക്ക് വെച്ചുനീട്ടി. കാരണം, സ്‌നേഹത്തിലൂടെയും സമൂഹസേവനത്തിലൂടെയും ആളുകളുടെ മനം കവര്‍ന്ന ചരിത്രമേ അവിടെനിന്നും വന്ന ഓരോ പണ്ഡിതനും ഉണ്ടായിരുന്നുള്ളൂ. വൈയക്തികവും കൗടുംബികവുമായ കാര്യങ്ങളിലപ്പുറം സമൂഹത്തിനും സമുദായത്തിനുമാണ് ആ പണ്ഡിത പരമ്പര പ്രാധാന്യം കല്‍പ്പിച്ചിരുന്നത്. സാമൂഹിക സേവനത്തിന്റെ തുല്യതയില്ലാത്ത മാതൃകകയിരുന്നു അവര്‍.

ചന്ദ്രഗിരിപ്പുഴയോട് ചേര്‍ന്നു നില്‍ക്കുന്ന ചെമനാട് എന്ന പ്രദേശത്തുനിന്നുമാണ് ഈ പണ്ഡിത കുടുംബത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. ഉത്തരമലബാറിലെ സുപ്രധാനമായ ഒരു സാംസ്‌കാരിക കേന്ദ്രമായിരുന്നു ആദ്യകാലം മുതല്‍ക്കേ ചെമനാട്. നദിക്കരകളോട് ചേര്‍ന്നുനില്‍ക്കുന്ന പ്രദേശങ്ങളിലാണെല്ലോ സാധാരണ ഗതിയില്‍ സംസ്‌കാരങ്ങള്‍ തഴച്ചുവളരാറുള്ളത്. പോര്‍ച്ചുഗീസുകാരും മറ്റും ഈ പ്രദേശങ്ങളിലൂടെ കടന്നുപോയതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

ഇക്കാലത്ത് ചെമനാട് ജീവിച്ചിരുന്ന മഹാനായൊരു സൂഫിവര്യനായിരുന്നു പോക്കര്‍ഷാ. പൊക്കൂച്ച എന്നാണ് അവര്‍ അറിയപ്പെട്ടിരുന്നത്. അറിവും പാണ്ഡിത്യവുമുള്ള വലിയ മനുഷ്യനായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്കിടയില്‍ ആഴത്തില്‍ സ്വാധീനമുണ്ടായിരുന്ന അദ്ദേഹത്തെ വലിയ ആദരവോടെയും ബഹുമാനത്തോടെയുമാണ് ജനങ്ങള്‍ കണ്ടിരുന്നത്. ഹാഫിളായിരുന്ന അദ്ദേഹം സദാ ഖുര്‍ആന്‍ പാരായണത്തില്‍ സമയം ചിലവഴിച്ചു.  നിഷ്‌കളങ്ക മനസ്ഥിതിയും സത്യപ്രചരണവുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ സവിശേഷതകള്‍.

പോക്കര്‍ഷാ ഒരിക്കല്‍ ഒരു സ്വപ്നം കണ്ടു. കുടുംബസമേതം തീരദേശമായ ചെമ്പിരിക്കയിലേക്ക് പോകണമെന്നായിരുന്നു   അതിന്റെ ഉള്ളടക്കം. സ്വപ്നത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കിയ  അദ്ദേഹവും കുടുംബവും ഉടനെത്തന്നെ ചെമ്പിരിക്കയിലേക്ക് പുറപ്പെട്ടു. പ്രശസ്തിയോ പ്രാധാന്യമോ പുരോഗതിയോ ഒന്നുംതന്നെയില്ലാത്ത ഒരു നാടായിരുന്നു അന്ന് ചെമ്പിരിക്ക. പോക്കര്‍ഷാ വന്ന് താമസമാക്കിയതോടെ നാട് മെല്ലെ മെല്ലെ ഉണരാന്‍ തുടങ്ങി. ഒരു പണ്ഡിത കുടുംബമായിരുന്നതിനാല്‍ ആളുകള്‍ അങ്ങോട്ട് ശ്രദ്ധിച്ചു. അന്നുതന്നെ അവിടെ ചെറിയൊരു നിസ്‌കാരപ്പള്ളിയും ഒരു മഖാമുമുണ്ടായിരുന്നു. അതിനടുത്താണ് അദ്ദേഹം താമസിക്കാനായി സ്ഥലം തെരഞ്ഞെടുത്തിരുന്നത്. അതോടെ, പള്ളി സവാധാനം സജീവമായിത്തുടങ്ങി. അദ്ദേഹം അതിനെ നല്ലപോലെ ഉപയോഗപ്പെടുത്തുകയും ചെയ്തു. നിസ്‌കാരത്തിലും ദൈവസ്മരണയിലുമായി ആ പള്ളിയില്‍ സമയങ്ങള്‍ കഴിച്ചുകൂട്ടി. പോക്കര്‍ഷാ അങ്ങനെ കാലഗതിയടഞ്ഞു. അവരെക്കുറിച്ച് വിശാലമായ ചരത്രമൊന്നും ലഭ്യമല്ല. ഈ പണ്ഡിത കുടുംബത്തിന്റെ അറിയപ്പെട്ട ചരിത്രത്തിലെ പ്രഥമ വ്യക്തിയായിരുന്നു അദ്ദേഹം.

ഈ പള്ളിയാണ് പിന്നീട് ചെമ്പിരിക്ക ജുമുഅത്ത് പള്ളി എന്ന പേരില്‍ പ്രസിദ്ധി നേടിയത്. ഇത് പിന്നീട് പല കാലങ്ങളിലായി വിപുലീകരിക്കുകയും നന്നാക്കുകയും ശേഷം പൊളിച്ച് പുതുക്കിപ്പണിയുകയും ചെയ്തിട്ടുണ്ട്. അബ്ദുറഹിമാന്‍ മുസ്‌ലിയാരുടെ കാലത്ത് വിപുലീകരിക്കാനുള്ള പണികള്‍ നടന്നു. ശേഷം, ഖാസി മുഹമ്മദ് മുസ്‌ലിയാരുടെ കാലത്ത് ചില അറ്റകുറ്റ പണികളും നടക്കുകയുണ്ടായി. ശേഷം, ഹി: 1400-1401 കാലയളവില്‍ ഇത് പൂര്‍ണ്ണമായും പൊളിക്കുകയും തല്‍സ്ഥാനത്ത് ആവശ്യ സൗകര്യങ്ങളോടെ പുതുക്കി പണിയുകയും ചെയ്തു. 1981 ലായിരുന്നു ഇത്.

പോക്കര്‍ഷാക്കു ശേഷം ആ കുടുംബത്തില്‍നിന്നും പ്രസിദ്ധനായത് മകന്‍ അബ്ദുല്ല മുസ്‌ലിയാരാണ്. അബ്ദുല്ലാഹില്‍ ജംഹരി എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ചെമ്പിരിക്കയിലേക്ക് ചേര്‍ത്തിയാണ് ജംഹരി എന്ന പദം രൂപംകൊണ്ടിട്ടുള്ളത്. അബ്ദുല്ലാഹില്‍ ജംഹരി അറിയപ്പെട്ട പ്രഭാഷകനായിരുന്നു. ഉത്തരമലബാറില്‍ അങ്ങോളമിങ്ങോളം പ്രഭാഷണങ്ങളും ഉപദേശങ്ങളുമായി അദ്ദേഹം ജീവിച്ചു. ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനവും അംഗീകാരവുമായിരുന്നു അദ്ദേഹത്തന്. അദ്ദേഹത്തിന്റെ കാലത്തോടെ ചെമ്പിരിക്ക കൂടുതല്‍ പ്രശസ്തമായി. മത സാംസ്‌കാരിക മേഖലയിലെ പല പല ആവശ്യങ്ങള്‍ക്കായി ആളുകള്‍ ചെമ്പിരിക്കയിലേക്ക് ഒഴുകി വരാനും തുടങ്ങി. 

പണ്ഡിതനും ജ്ഞാനിയുമായിരുന്ന അബ്ദുല്ല മുസ്‌ലിയാര്‍  ജീവിതം ചിട്ടപ്പെടുത്തിയ ഒരു ആദ്ധ്യാത്മിക പുരുഷനും കൂടിയായിരുന്നു. അന്തു മുസ്‌ലിയാര്‍ എന്നാണ് ആളുകള്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്. ഹി: 1320 കളില്‍ നാട്ടിലാകെ പടര്‍ന്നു പിടിച്ച പ്ലാഗ് ബാധിച്ച് അദ്ദേഹം മരണപ്പെട്ടു. അബ്ബാസ് മുസ്‌ലിയാരുടെ മകള്‍ മര്‍യമായിരുന്നു ഭാര്യ. അദ്ദേഹത്തിന് എട്ട് മക്കളുണ്ടായിരുന്നു. മൂന്ന് ആണും അഞ്ച് പെണ്ണും. ആണ്‍കുട്ടികളില്‍ മൂത്ത ആളായിരുന്നു പില്‍ക്കാലത്ത് കീഴൂര്‍ ഖാസിയായി വന്ന മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍. അബ്ബാസ് മുസ്‌ലിയാര്‍, അന്ത്രുഞ്ഞി മുസ്‌ലിയാര്‍ എനിവരായിരുന്നു മറ്റുള്ള രണ്ടുപേര്‍.

മൂത്ത മകനായ സി. മുഹമ്മദ് കുഞ്ഞി മുസ്‌ലിയാരാണ് ശേഷം, ഈ പണ്ഡിത തറവാടിന്റെ പൊലിമ നിലനിര്‍ത്തി കടന്നുവരുന്നത്. അതോടെ, അന്നുവരെ കീഴൂരിനുണ്ടായിരുന്ന ആ സ്ഥാനം അപ്പടി ചെമ്പിരിക്കയിലേക്ക് നീങ്ങുകയായിരുന്നു. ചെമ്പിരിക്കയിലെ അദ്ദേഹത്തിന്റെ വീടുതന്നെയായിരുന്നു അവിടത്തെ ഏറ്റവും വലിയ മത സാംസ്‌കാരിക കേന്ദ്രം.

അബ്ദുല്ലാഹില്‍ ജംഹരിയുടെയും മര്‍യം ഉമ്മയുടെയും മകനായി ഹി: 1313 ലാണ് മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ ജനിക്കുന്നത്. ചെമ്പിരിക്കാ പള്ളിക്കടുത്ത തറവാട്ടുവീട്ടില്‍തന്നെയായിരുന്നു ജനനം. പ്രാഥമിക പഠനം പിതാവില്‍നിന്നുതന്നെയായിരുന്നു. പക്ഷെ, പത്ത് വയസായപ്പോഴേക്കും പിതാവ് മരണപ്പെട്ടു. അതോടെ അദ്ദേഹം സഹോദരിയുടെ ഭര്‍ത്താവായ കീഴൂര്‍ അബ്ദുല്ലക്കുഞ്ഞി ഹാജിയുടെ സംരക്ഷണത്തിലും മാര്‍ഗദര്‍ശനത്തിലുമാണ് വളര്‍ന്നിരുന്നത്. അബ്ദുല്ലക്കുഞ്ഞി ഹാജി പണ്ഡിതനും മുദര്‍രിസുമായിരുന്നു. അദ്ദേഹത്തില്‍നിന്നും മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ പല പ്രാഥമിക ഗ്രന്ഥങ്ങളും ഓതിപ്പഠിച്ചു. അബ്ദുല്ലക്കുഞ്ഞി ഹാജി കാസര്‍കോട് വലിയ ജുമുഅത്ത് പള്ളിയിലും തൃക്കരിപ്പൂര്‍ സൂപ്പിഹാജിയുടെ പള്ളിയിലും ദര്‍സ് നടത്തിയിരുന്നു. മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ അവിടങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ശിഷ്യനായി പഠനം നടത്തി. മതവിഷയങ്ങളില്‍ അവഗാഹം നേടി. കാസര്‍കോട് വലിയ ജുമുഅത്ത് പള്ളിയില്‍ ആയഞ്ചേരി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ ദര്‍സ് നടത്താനായി എത്തിയപ്പോള്‍ മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ ഉടനെ അവിടെ വന്നു ചേര്‍ന്നു. ശേഷം, ആയഞ്ചേരി കാസര്‍കോട് ഉപേക്ഷിച്ച് അന്നത്തെ സുപ്രധാന വിദ്യാഭ്യാസ സ്ഥാപനമായിരുന്ന വാഴക്കാട് ദാറുല്‍ ഉലൂമിലേക്ക് അദ്ധ്യാപകാനായി ചെന്നപ്പോള്‍ മുഹമ്മദ് കുഞ്ഞി മുസ്‌ലിയാരും അദ്ദേഹത്തെ അനുഗമിച്ചു. ജ്ഞാനം തേടിയുള്ള നിരന്തരമായ യാത്രകളാണ് മുഹമ്മദ് കുഞ്ഞി മുസ്‌ലിയാരുടെ ജീവിതത്തില്‍ കാണാന്‍ സാധിക്കുന്നത്. തന്റെ പ്രിയപ്പെട്ട അദ്ധ്യാപകര്‍ എവിടെപോയാലും അവരോടൊപ്പം പോയി വിദ്യ നുകരാന്‍ അദ്ദേഹം താല്‍പര്യം കാണിച്ചിരുന്നു. അതിനിടയില്‍, അദ്ദേഹത്തിന്റെ അമ്മാവന്‍ കുറച്ചുകാലം അന്നത്തെ ഏറ്റവും വലിയ വൈജ്ഞാനിക കേന്ദ്രമായിരുന്ന പൊന്നാനിയില്‍ പുസ്തക വ്യാപരം നടത്താന്‍ പോവുകയുണ്ടായി. ഒരു അനുഭവമെന്നോണം അദ്ദേഹവും അമ്മാവനോടൊപ്പം അവിടെ ചെന്നു. കുറച്ചുകാലം അവിടെ കഴിച്ചുകൂട്ടി. ശേഷം, ഒരുപാട് അനുഭവങ്ങളും പാഠങ്ങളും അറിവുമായി അദ്ദേഹം നാട്ടിലേക്ക് തിരിച്ചു. കീഴൂരിനെതന്നെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. അതിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുകയും അതുവഴി ഉത്തരമലബാറിന്റെ മൊത്തം ഇസ്‌ലാമിക മുഖത്തെ കാര്യക്ഷമമാക്കാനും അദ്ദേഹം തീരുമാനിച്ചു.

യോഗ്യതയും കാഴ്ചപ്പാടും അറിവുമുള്ള ഒരു പണ്ഡിതനെ  ഉത്തരമലബാര്‍ ദാഹിച്ചുകൊണ്ടിരുന്ന ഒരു സമയത്താണ് മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ പഠനം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തുന്നത്. ഇതോടെ, നാട്ടിലെ നല്ലവരായ ആളുകള്‍ അദ്ദേഹത്തെ കാണുകയും നാടിന്റെ ഇസ്‌ലാമിക കാര്‍മികത്വം ഏറ്റെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഒരു പണ്ഡിത തറവാട്ടില്‍ പിറന്ന അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇത് ഒട്ടും പ്രയാസമുള്ള കാര്യമായിരുന്നില്ല. തന്റെ ജീവിതം തന്നെ ഇസ്‌ലാമിക ദഅവത്തിനായി മാറ്റിവെക്കാനാണ് അദ്ദേഹം തീരുമാനിച്ചിരുന്നത്. താമസിയാതെ പാരമ്പര്യമുള്ള കീഴൂരിലെ ഖാസി പദം അദ്ദേഹത്തെ തേടിയെത്തി. 1938 ല്‍ അദ്ദേഹം കീഴൂര്‍ ഖാസിയായി ചുമതലയേറ്റു. ഒപ്പം ഒറവങ്കര പള്ളിയില്‍ മുദരിസായും സേവനം തുടങ്ങി. ഓരോ ദിവസവും പ്രഭാതത്തില്‍ വീട്ടില്‍നിന്നും നടന്നാണ് അദ്ദേഹം ഒറവങ്കര പള്ളിയിലെത്തിയിരുന്നത്. ദര്‍സും പ്രാര്‍ത്ഥകളും എല്ലാം കഴിഞ്ഞ് രാത്രി ഇശാഇന് ശേഷം നടന്നുതന്നെയായിരുന്നു അദ്ദേഹത്തിന്റെ മടക്കവും. കാലങ്ങളോളം ഇത് അദ്ദേഹം  തുടര്‍ന്നു കൊണ്ടിരുന്നു. ഏകദേശം ഇരുപത്തിയഞ്ചു വര്‍ഷത്തോളം ഇതേ ശൈലി തന്നെയാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. പിന്നീട് വാര്‍ദ്ധക്യ സഹജമായ ക്ഷീണങ്ങള്‍ പിടിപെട്ടപ്പോള്‍ അദ്ദേഹം ദര്‍സ് ഒഴിയാന്‍ നിര്‍ബന്ധിതനായി. അങ്ങനെ സ്ഥാനമൊഴിയുകയും അതിന്റെ ചുമതല തന്റെ മക്കളില്‍ ഒരാളെ ഏല്‍പ്പിക്കുകയും ചെയ്തു.

കീഴൂരിന്റെ നഷ്ട പ്രതാപത്തെ വീണ്ടെടുക്കാനുള്ള ശക്തമായൊരു ഇറങ്ങിപ്പുറപ്പാടായിരുന്നു മുഹമ്മദ് കുഞ്ഞി മുസ്‌ലിയാരുടെ അരങ്ങേറ്റം. ജനങ്ങളുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച അദ്ദഹത്തെ സംബന്ധിച്ചിടത്താളം ഇത് നേടിയെടുക്കുക ഒട്ടും പ്രയാസമുള്ള കാര്യമായിരുന്നില്ല. വലിയ സൂഫിയും ജ്ഞാനിയും പണ്ഡിതനുമായിരുന്നു അദ്ദേഹം. ചുരുങ്ങിയ കാലം കൊണ്ടുതന്നെ അദ്ദേഹം ജനങ്ങളുടെ ശ്രദ്ധാകേന്ദ്രമായി മാറി. ജനങ്ങളുടെ  അഭയവും അത്താണിയുമായി ചെമ്പിരിക്ക പരിണമിച്ചു. 

പ്രധാനമായും നാല് തലങ്ങളിലൂടെയായിരുന്ന മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ക്ക് നാട്ടിലുള്ള അംഗീകാരം ഉണ്ടായിരുന്നത്. കാലങ്ങളായി ദര്‍സ് നടന്നുവന്നിരുന്ന ഒറവങ്കരപ്പള്ളിയിലെ ഉസ്താദ് എന്നനിലക്കായിരുന്നു അതിലൊന്ന്. നാട്ടുകാരും അല്ലാത്തവരുമായ ധാരാളം വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. കറ കളഞ്ഞ പണ്ഡിതന്‍ എന്നതുകൊണ്ടുതന്നെ അവര്‍ക്കിടയില്‍ വലിയ അംഗീകാരമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.

രണ്ടാമതായി, പാരമ്പര്യമുള്ള ഒരു പണ്ഡിത തറവാട്ടിലെ അംഗമെന്നനിലക്ക്. ആ കുടുംബത്തെയും തറവാടിനെയും മുമ്പുതന്നെ ആളുകള്‍ ആദരവോടും ബഹുമാനത്തോടുമാണ് കണ്ടിരുന്നത്. ആ സ്ഥാനത്തേക്ക് യോഗ്യനായൊരു പിന്‍ഗാമിയും കൂടി വന്നപ്പോള്‍ ജനകീയതയും അംഗീകാരവും കൂടുതല്‍ ശക്തമാവുകയായിരുന്നു.

ഖാസി എന്നതായിരുന്നു മറ്റൊന്ന്. കീഴൂരിലെ പരമ്പരാഗത ഖാസി സ്ഥാനത്തെ വളരെ ആദരവോടും ബഹുമാനത്തോടുമാണ് ആളുകള്‍ കണ്ടിരുന്നത്. സഈദ് മുസ്‌ലിയാരുടെ കാലത്തും ശേഷം വന്ന മകന്‍ മുഹമ്മദ് മുസ്‌ലിയാരുടെ കാലത്തും  ഇതുതന്നെയായിരുന്നു വസ്തുത. മുഹമ്മദ് കുഞ്ഞി മുസ്‌ലിയാരുടെ കാലം വന്നതോടെ ഇത് കൂടുതല്‍ ശക്തമായി. ഏറെ ജനകീയനായ ഒരു ഖാസിയായിട്ടാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. ആളുകള്‍ക്കെല്ലാം അദ്ദേഹത്തില്‍ വല്ലാത്ത വിശ്വാസമായിരുന്നു. ഒരു ഖാസി എന്ന നിലക്ക് ജനങ്ങള്‍ക്കിടയിലേക്കിറങ്ങി വേണ്ടതെല്ലാം ചെയ്യാന്‍ അദ്ദേഹവും തയ്യാറായിരുന്നു. അതുകൊണ്ടുതന്നെ, ഒരു ജനകീയനായ ഖാസിയായിട്ടാണ് അദ്ദേഹം വിലയിരുത്തപ്പെട്ടിരുന്നത്.

വിശാലവും വിവിധവുമായ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു അദ്ദേഹത്തിന്റെ ഖാസി പദവി. കീഴൂര്‍, മേല്‍പറമ്പ്, ചെമ്പിരിക്ക, കളനാട്, ദേളി, ഉദുമ, പാക്യാര, എരോല്‍, മാങ്ങാട്, വെണ്ടിക്കാല്‍, ബായിക്കര, അലൂര്‍ എന്നീ പന്ത്രണ്ട് സ്ഥലങ്ങളിലായിരുന്നു അദ്ദേഹം ഖാസിയായി സേവനം ചെയ്തിരുന്നത്. സംഭവ ബഹുലമായ ഒരു ഭരണമായിരുന്നു ഇത്. ജനങ്ങള്‍ ഒരുവനായി ഖാസി മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ ഇഴുകിച്ചേര്‍ന്നു.  ഇത് ജനങ്ങളും അദ്ദേഹത്തിലേക്ക് കൂടുതല്‍ അടുക്കാന്‍ കാരണമായി. തീര്‍ത്തും നീതിപൂര്‍ണ്ണമായിരുന്നു ആ ന്യായാധിപത്യം. വേണ്ടത് വേണ്ടപോലെ തുറന്നുപറഞ്ഞിരുന്നു. 

എല്ലാം കൂടിയായപ്പോള്‍ ചെമ്പിരിക്കയായി എല്ലാ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രം. ഖാസി മുഹമ്മദ് മുഹമ്മദ് കുഞ്ഞി മുസ്‌ലിയാരുടെ വീട് ഒരു കോടതിയായി വര്‍ത്തിച്ചു. ആളുകള്‍ സദാ അവിടെ തടിച്ചുകൂടി. വിവിധ ആവശ്യങ്ങളുമായി വന്നവരായിരുന്നു അവര്‍. സമാധനവും പരിഹാരവും മറുപടിയുമെല്ലാം തേടിയാണ് അവരെല്ലാം വന്നിരുന്നത്. ഖാസി അവര്‍ക്കെല്ലാം ആവശ്യമായത് നല്‍കി എല്ലാവരെയും സമാധാനമായി തിരിച്ചയച്ചുകൊണ്ടിരുന്നു. ഇതോടെ കീഴൂര്‍ ഖാസി എന്ന പേര് മെല്ലെ മെല്ലെ അപ്രത്യക്ഷ്യമായി. പകരം ചെമ്പിരിക്ക ഖാസി എന്ന പുതിയ വേര് നിലവില്‍ വന്നു. മേല്‍പറഞ്ഞ പ്രദേശങ്ങളെല്ലാം ഉള്‍ക്കൊള്ളുന്നത് തന്നെയായിരുന്നു ഇതും. ക്രേമേണഷ ചെമ്പിരിക്ക ഖാസി,  ഖാസിയാര്‍ച്ച എന്നീ പേരുകളില്‍ മാത്രമായി അവര്‍ അറിയപ്പെടാന്‍ തുടങ്ങി.

ഖാസി മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ കൈവരിച്ച ആത്മീയ അഭ്യുന്നതിയും ജാതി-മത ഭേതമന്യേ ആളുകള്‍ക്ക് അദ്ദേഹത്തിലുണ്ടായിരുന്ന വിശ്വസവുമായിരുന്നു അംഗീകാരത്തിന്റെ നാലാമത്തെ കാരണം. നാടിന്റെ മൊത്തം ആലംബവും അഭയകേന്ദ്രവുമായിട്ടാണ് മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ ഉയണ്ടായിരുന്നത്. അദ്ദേഹത്തിന്റെ മന്ത്രത്തിനും ചികിത്സക്കും വലിയ ഫലമുണ്ടായിരുന്നു. അത്‌കൊണ്ടുതന്നെ, സദാ അവരുടെ വീട് ജനനിബിഡമായിരുന്നു. നാടിന്റെ നാനാ ഭാഗത്തുനിന്നും വിവിധ ആവശ്യങ്ങള്‍ക്കായി ആളുകള്‍ അവിടെ ഒഴുകിയെത്തി. രാവിലെ ഒറവങ്കര ദര്‍സിലേക്ക് പോകാനായി പുറത്തിറങ്ങുമ്പോഴേക്ക് ആളുകള്‍ അവിടെ തടിച്ചുകൂടിയിരിക്കും. അവരുടെയൊക്കെ ആവശ്യങ്ങള്‍ നിറവേറ്റിയിട്ടാണ് അദ്ദേഹം ദര്‍സിലേക്ക് പോയിരുന്നത്. ഹൈന്ദവരെന്നോ മുസ്‌ലിംകളെന്നോ ഉള്ള വ്യത്യാസം ഈ വരുന്നവര്‍ക്കിടയില്‍ ഇല്ലായിരുന്നു. എല്ലാവര്‍ക്കും അത്രയും വലിയ  ആദരവും വിശ്വാസവുമായിരുന്നു ഖാസി അവകര്‍കളെ. ചികിത്സാര്‍ത്ഥം അദ്ദേഹത്തെ തേടിയെത്തുന്നവരുടെ എണ്ണം ഏറെ അമ്പരപ്പിക്കുന്നത് തന്നെയായിരുന്നു. അദ്ദേഹം മന്ത്രിച്ച നൂലോ വെള്ളമോ ഇല്ലാത്ത ഒരു വീടുപോലും ആ പ്രദേശങ്ങളിലെവിടെയും ഉണ്ടായിരുന്നില്ല. മുസ്‌ലിംകളായാലും ഹൈന്ദവരായാലും. എല്ലാവരും അദ്ദേഹത്തിന്റെ അടുത്ത് നിന്നും അത് കൈപ്പറ്റിയിരുന്നു. സര്‍പ്പദംശനത്തിന് അദ്ദേഹത്തിന്റെ മന്ത്രം ഏറെ ഫലപ്രദമായിരുന്നു. ഇക്കാര്യം ജനങ്ങള്‍ക്കിടയില്‍ ഏറെ പ്രസിദ്ധവുമായിരുന്നു. മന്ത്രിക്കാന്‍ വെള്ളം കൊണ്ടുവന്നവരുടെ ആധിക്യം കാരണത്താല്‍ വെള്ളപ്പാത്രങ്ങള്‍ നിരത്തിവെച്ച് ദൂരെനിന്നും മന്ത്രിച്ചൂതുന്ന അവസ്ഥ വരെ അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നു. മുക്കുവന്മാര്‍ കൂടുതല്‍ മത്സ്യം ലഭിക്കാനായി അദ്ദേഹത്തോട്  പ്രാര്‍ത്ഥനകള്‍ തേടി വരാറുണ്ടായിരുന്നു. കൂടുതല്‍ മത്സ്യം ലഭിച്ചാല്‍ അതിന്റെ ഒരു ഭാഗം അവര്‍ അദ്ദേഹത്തിന് കാണിക്കയായി നല്‍കുകയും ചെയ്യാറുണ്ടായിരുന്നു. 

അന്നൊക്കെ കടകല്‍ ഉല്‍ഘാടനം ചെയ്യാനും പുതിയ സംരംഭങ്ങള്‍ തുടക്കം കുറിക്കാനുമൊക്കെ ആളുകള്‍ അദ്ദേഹത്തെയാണ് കൂടുതലായും ക്ഷണിച്ചിരുന്നത്. അദ്ദേഹത്തിന്റെ കരങ്ങള്‍ സ്പര്‍ശിച്ചാല്‍ അവ ബറക്കത്തോടെ നിലനില്‍ക്കുമെന്ന ഒരു വിശ്വാസമാണ് എല്ലാവര്‍ക്കും ഉണ്ടായിരുന്നത്. അത് അങ്ങനെത്തന്നെയായിരുന്നു. ഉത്തരമലബാറില്‍ അങ്ങോളമിങ്ങോളം അദ്ദേഹത്തിന്റെ കരസ്പര്‍ശം ലഭിച്ച സംരംഭങ്ങളെല്ലാം ഇന്നും പച്ചയായി നിലനില്‍ക്കുന്നു.

ഉത്തര മലബാറിന്റെ മത സാംസ്‌കാരിക രംഗങ്ങളില്‍ മുസ്‌ലിംകളുടെ പ്രിതിധി എന്ന നിലക്ക് കടന്നുചെല്ലുകയും തന്റെ വ്യക്തി മുദ്ര പതിപ്പിക്കുകയും ചെയ്ത ഒരു മഹാ പ്രതിഭതന്നെയായിരുന്നു മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍. അക്കാലത്ത് ഉത്തരമലബാറില്‍ ഏറ്റവും കൂടുതല്‍ ജനാംഗീകാരമുള്ള നേതാവായിരുന്നു അദ്ദേഹം. ഈ അംഗീകാരത്തിനുമുമ്പില്‍ യാതൊരു അതിര്‍വരമ്പും ഉണ്ടായിരുന്നില്ല.

തന്റെ സംഭവബഹുലമായ ജീവിതത്തിനിടക്ക് മൂന്നുതവണ അദ്ദേഹം ഹജ്ജ് കര്‍മം നിര്‍വഹിച്ചിട്ടുണ്ട്. നാലാമത് ഹജ്ജിന് തീരുമാനിക്കുകയും 1973 ഡിസംബര്‍ പതിമൂന്നിന് ബോംബെയില്‍നിന്ന് പുറപ്പെട്ട വിമാനത്തില്‍ സീറ്റ് റിസര്‍വ് ചെയ്യുകയും ചെയ്തിരുന്നു. പക്ഷെ, അതിനുമുമ്പുതന്നെ അദ്ദേഹം മരണമടയുകയായിരുന്നു.  ഹി: 1393 ദുല്‍ഖഅദ നാല് വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് ഏതാണ്ട് ഒരു മണിയോടെയായിരുന്നു അന്ത്യം. മരിക്കുന്നതുവരെയും അദ്ദേഹം കീഴൂര്‍ ഖാസിയായിരുന്നു. മുത്തിയഞ്ചു വര്‍ഷത്തോളം അദ്ദേഹം കീഴൂര്‍ ഖാസിയായി നിലകൊണ്ടു. 

ബീ ഫാത്തിമ എന്ന തന്റഎ ഭാര്യയില്‍ അദ്ദേഹത്തിന് ഏഴ് മക്കളുണ്ടായിരുന്നു. മൂന്ന് ആണും നാല് പെണ്ണും. സി. എം അബ്ദുല്ല മൗലവി, സി.എം അഹ്മദ് ബാഖവി, ഉബൈദ് മൗലവി എന്നിവരാണ് ആണ്‍മക്കള്‍. ഇതില്‍ അഹമദ് ബാഖവി നേരത്തെതന്നെ മരണപ്പെട്ടിരുന്നു. തളങ്കര ഖാസിയാര്‍ മുഹമ്മദ് കുഞ്ഞി ഹാജി എന്ന കുഞ്ഞിച്ചയുടെ ഭാര്യ ആയിശ, ചെമ്പിരിക്ക അഹ്മദ് കുഞ്ഞി ഹാജിയുടെ ഭാര്യ ഖദീജ, ചേറൂര്‍ അബൂബക്കര്‍ ഹാജിയുടെ ഭാര്യ സൈനബ, ചെമനാട് ഇസ്മാഈല്‍ ഹാജിയുടെ ഭാര്യ സ്വഫിയ്യ എന്നിവരാണ് പെണ്‍മക്കള്‍.

സി.എം. അബ്ദുല്ല മൗലവി ജീവിത രേഖ



ജനനം:

03, 09, 1933 (ഹി:1352 ജുമാദുല്‍ ഊലാ 12-13) ഞായറാഴ്ച രാത്രി
പിതാവ്: സി. മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍( ചെമ്പിരിക്ക ഖാസി)
മാതാവ്: ബീ ഫാഥിമ ഹജ്ജുമ്മ

മതപഠനം:

ചെമ്പിരിക്ക ഓത്തുപുര
തളങ്കര ദര്‍സ്
ഒറവങ്കര പള്ളിദര്‍സ്
ബീരിച്ചേരി പള്ളിദര്‍സ്
ഉള്ളാള്‍ ദര്‍സ്
ബാഖിയാത്ത് അറബിക് കോളേജ്, വേലൂര്‍

ഭൗതികപഠനം:

  കീഴൂര്‍ മഠം പ്രൈമറി സ്‌കൂള്‍
തളങ്കര, മുഇസ്സുല്‍ ഇസ്‌ലാം സ്‌കൂള്‍
തളങ്കര, മുസ്‌ലിം ഹൈസ്‌കൂള്‍

അധ്യാപനം: 

   മാടായി-പുതിയങ്ങാടി ദര്‍സ്
ഒറവങ്കര ദര്‍സ്
എട്ടിക്കുളം ദര്‍സ്
ആലിയ അറബിക് കോളേജ്
സഅദിയ്യ അറബിക് കോളേജ്
മലബാര്‍ ഇസ്‌ലാമിക് കോളേജ്
ദാറുല്‍ ഉര്‍ശാദ് അക്കാദമി
അര്‍ശദുല്‍ ഉലൂം മുഥവ്വല്‍ കോളേജ്

വഹിച്ചിരുന്ന സ്ഥാനങ്ങള്‍:


സമസ്ത വൈസ് പ്രസിഡന്റ്
സമസ്ത ഫത്‌വ കമ്മിറ്റി മെമ്പര്‍
സമസ്ത കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ്
എസ്.എം.ഫ് കാസര്‍കോട് ജില്ലാ പ്രസിഡന്റ്
ചെമ്പിരിക്ക സംയുക്ത ഖാസി
മംഗലാപുരം സംയുക്ത ഖാസി
സഅദിയ്യ സ്ഥാപക നേതാവ്
സഅദിയ്യ പ്രന്‍സിപ്പള്‍
സഅദിയ്യ വൈസ് പ്രന്‍സിപ്പള്‍
ആലിയ വൈസ് പ്രന്‍സിപ്പള്‍
എം.ഐ.സി. സ്ഥാപക നേതാവ്
എം.ഐ.സി. പ്രസിഡന്റ്
എം.ഐ.സി. യതീം ഖാന മാനേജര്‍
ദാറുല്‍ ഇര്‍ശാദ് അക്കാദമി പ്രന്‍സിപ്പള്‍
നീലേശ്വരം മര്‍ക്കസ് പ്രസിഡന്റ്
ദാറുല്‍ഹുദാ സഹസ്ഥാപന കോഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ്
സി. മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ ട്രസ്റ്റ് പ്രസിഡന്റ്

മരണം:

15, 02, 2010 (സ്വഫര്‍ 30) തിങ്കള്‍


സി.എം. ഉസ്താദിന്റെ ജീവിതം തുറന്നുകാട്ടുന്ന ഒരു പുസ്തകം


ഖാസി സി.എം. അബ്ദുല്ല മൌലവി 
ഉത്തരമലബാറിന്റെ നവോത്ഥാന നായകന്

പ്രസാധനം-ശിഫാ ബുക്സ്റ്റാള്, കോഴിക്കോട്
(ആമുഖത്തില് നിന്നും ചില ഭാഗങ്ങള്)

ഖാസി സി.എം. അബ്ദുല്ല മൗലവി. ആ പേര് പോലെത്തന്നെ ഗംഭീരമായിരുന്നു ആ ജീവിതവും. കേരളമുസ്‌ലിം ചരിത്രം സാക്ഷിയായിട്ടുള്ള അപൂര്‍വ്വം പണ്ഡിതരില്‍ ഒരാള്‍. മുസ്‌ലിം സമൂഹത്തിന്റെ പുരോഗതിക്കും വിദ്യാഭ്യാസത്തിനും വേണ്ടി ജീവിതം ഒഴിഞ്ഞുവെച്ച മഹാ മനീഷി. ജ്ഞാനരൂപങ്ങളുടെ മഹാലോകങ്ങളിലേക്ക് കടന്നുപോവുകവഴി ആദ്യം സ്വന്തത്തെ സമ്പന്നമാക്കി. നമുക്കിടയിലെ പോരായ്മകളും പ്രശ്‌നങ്ങളും തിരിച്ചറിഞ്ഞു. ശേഷം, ആത്മീയതയുടെയും പാരമ്പര്യത്തിന്റെയും അതേ ചരട് മുറുകെ പിടിച്ചുകൊണ്ട് ഒരു വലിയ വൈജ്ഞാനിക വിപ്ലവത്തിന് രംഗത്തിറങ്ങി. ഒരു നാടിന്റെ മൊത്തം മത സാമൂഹിക സാംസ്‌രിക വിദ്യാഭ്യാസ രംഗങ്ങളുടെയെല്ലാം നവോത്ഥാന നായകനായി മാറി. വലിയൊരു തലമുറയെ അറിവിന്റെ പാതയിലേക്ക് കൊണ്ടുവരികയും തങ്ങളാരെന്ന തിരിച്ചറിവ് നല്‍കുകയും ചെയ്തു. അപ്രശസ്തിയില്‍ രക്ഷയുണ്ടെന്ന് വിശ്വസിച്ച് കൊട്ടിഘോഷങ്ങളോ പെരുമ്പറകളോ മുഴക്കാതെ ശാന്തനായി ജീവിച്ചുപോയ വ്യക്തി.

സി.എം. ഉസ്താദിന്റെ ജീവിതം ഒരു സമൂഹത്തിന്റെ പുനര്‍ജ്ജനിയുടെ കഥയാണ് പറയുന്നത്. ഒരു ദേശത്തിന്റെ ഉണര്‍വിന്റെയും ഉത്ഥാനത്തിന്റെയും കഥയാണ്. നായകനുണ്ടാകുമ്പോഴേ സമൂഹം ഉറക്കില്‍നിന്നും എഴുന്നേല്‍ക്കുകയുള്ളൂ. അവര്‍ക്ക് വിദ്യാഭ്യാസത്തിന്റെ വഴികളും ജീവിതം ഭാസുരമാകുന്ന രീതികളും പറഞ്ഞുകൊടുക്കല്‍ അദ്ദേഹത്തിന്റെ കര്‍ത്തവ്യമാണ്. സി.എം. ഉസ്താദ് ഈ കര്‍ത്തവ്യം നൂറു ശതമാനം നിര്‍വ്വഹിച്ചു. അതില്‍ വിജയം കാണുകയും ചെയ്തു. ആ കര്‍മ ഫലങ്ങള്‍ ഇന്ന് വലിയൊരു തലമുറ ആസ്വദിച്ചുകൊണ്ടിരിക്കുന്നു. 

സി.എം. ഉസ്താദിന്റെ ജീവിതം മാതൃകയാണ്. പണ്ഡിതലോകത്തിനും വളര്‍ന്നുവരുന്ന തലമുറക്കും. ഒരു ആധുനിക പണ്ഡിതന്റെ ധര്‍മങ്ങള്‍ ഉസ്താദ് ജീവിതത്തിലൂടെ വരച്ചുകാട്ടി. ഒരു വിദ്യാര്‍ത്ഥി എങ്ങനെ വളര്‍ന്നുവരണമെന്നും ഉസ്താദ് പറഞ്ഞുതന്നു. ഒരു ഇസ്‌ലാമിക പ്രവര്‍ത്തകന്റെ ശൈലികളും ഒരു പ്രബോധകന്റെ ഉത്തരവാദിത്തങ്ങളും ഒരു എഴുത്തുകാരന്റെ ചിന്തകളും  ഒരു വിദ്യാഭ്യാസ പ്രവര്‍ത്തകന്റെ രീതികളും ഒരു സാമൂഹിക സേവകന്‍ ഉയര്‍ത്തിപ്പിടിക്കേണ്ട കാര്യങ്ങളും ഒരു അദ്ധ്യാപകന്റെ വശീകരണത്തവും എല്ലാം ഉസ്താദ് കാണിച്ചുതന്നു. അവയുടെ ഏറ്റവും പരമമായ ശൈലിയില്‍.

ജാടകളോ അഹങ്കാരമോ ഇല്ലാതെ ഇത്രയും ഉന്നതിയില്‍ ഒരു മനുഷ്യന് എത്താന്‍ കഴിയുമെന്നതിന് തെളിവാണ് സി.എം. ഉയരങ്ങളില്‍നിന്നും ഉയരങ്ങളിലേക്ക് മാത്രം പറക്കുമ്പോഴും അവിടങ്ങളില്‍നിന്നും അതിലും വലിയ സ്ഥാനമാനങ്ങള്‍ ലഭിക്കുമ്പോഴും ഉസ്താദിന്റെ മനസ്ഥിതി അതേ നിലവാരത്തില്‍ തന്നെയായിരുന്നു. അഹങ്കാര ഭാവങ്ങള്‍ അവരെ തൊട്ടുതീണ്ടിയില്ല.  മത പ്രവര്‍ത്തനത്തെ ജീവിതത്തിലെ ഏറ്റവും വലിയ ആസ്വാദനമാക്കി സ്വീകരിക്കുകയായിരുന്നു അവര്‍. ഇവയെല്ലാം തന്റെ ഉത്തരവാദിത്തമാണെന്ന് അവര്‍ തിരിച്ചറിഞ്ഞു.

ആധുനിക കാസര്‍കോടിന്റെ പിതാവ് എന്ന് ഉസ്താദിനെ  വിശേഷിപ്പിക്കാവുന്നതാണ്. കാരണം, വിവേചനമേതുമില്ലാതെ ആ ദേശത്തിന്റെ ഒന്നാകെയുള്ള നായകനായിരുന്നു ഉസ്താദ്. ഉസ്താദിന്റെ സ്ഥാപനങ്ങളില്‍ ആര്‍ക്കും വിദ്യയഭ്യസിക്കാന്‍ എത്താമായിരുന്നു. എല്ലാ മതക്കാര്‍ക്കും എല്ലാ ജാതിക്കാര്‍ക്കും എല്ലാ വിഭാഗക്കാര്‍ക്കും. അതുകൊണ്ടുതന്നെ, ഉസ്താദിന്റെ കാര്യത്തില്‍ ഒരാള്‍ക്കും രണ്ട് അഭിപ്രായമുണ്ടായിരുന്നില്ല. എല്ലാവരും അവരെ അംഗീകരിച്ചിരുന്നു. 

ഖാസി എന്ന നിലക്ക് ഉത്തര മലബാറിന്റെ ആത്മീയ പുരുഷനായിരുന്നു ഉസ്താദ് അവര്‍കള്‍. മംഗലാപുരുത്തുകാര്‍ക്കും ഉസ്താദ് അങ്ങനെത്തന്നെയായിരുന്നു. കീഴൂര്‍ സംയുക്ത ജമാഅത്തിനു കീഴിലെ 40 മഹല്ലത്തുകളും മംഗലാപുരം സംയുക്ത ജമാഅത്തിനു കീഴിലെ 60 ലേറെ മഹല്ലത്തുകളും ഉസ്താദില്‍നിന്നാണ് ആത്മീയ ദാഹം തീര്‍ത്തിരുന്നത്.

ജീവിതംകൊണ്ട് ഇതിഹാസം രചിച്ച് കടന്നുപോവുകയായിരുന്നു സി.എം. ആത്മാര്‍ത്ഥതയിലധിഷ്ഠിതമായി ഇങ്ങനെയൊരു സാമൂഹിക ഉത്ഥാനത്തിന് ഇറങ്ങിപ്പുറപ്പെട്ട ഒരു മഹാമനീഷിയെ കണ്ടെത്തുക ചരിത്രത്തില്‍  പോലും അപൂര്‍വ്വം. ഇരുപതാം നൂറ്റാണ്ടില്‍ കേരളം തന്നെ കണ്ട ഏറ്റവും വലിയ ഇസ്‌ലാമിക പണ്ഡിതന്‍... വിദ്യാഭ്യാസ പ്രവര്‍ത്തകന്‍... സാമൂഹിക പരിഷ്‌കര്‍ത്താവ്...

ഇനി, അവരും ചരിത്രത്തിന്റെ ഭാഗമാകുന്നു. വരും തലമുറക്ക് പുതിയ ചരിത്രങ്ങള്‍ രചിക്കാന്‍ ഈ ജീവിതം എന്തുകൊണ്ടും പ്രേരകമാണ്. ജ്ഞാനമാണ് ആയുധമെന്ന് ഉസ്താദ് ജീവിത്തിലൂടെ കാണിച്ചു തന്നു. വിദ്യയഭ്യസിക്കുക, വിദ്യ പകര്‍ന്നു നല്‍കുക, വിദ്യ പ്രചരിപ്പിക്കുക, അതിന് വേണ്ടി പ്രവര്‍ത്തിക്കുക എന്നിവയെ തന്റെ ജീവിതത്തിന്റെ മുദ്രാവാക്യങ്ങളായി ഉയര്‍ത്തിപ്പിടിച്ചു. അവസാന നിമിഷംവരെ സമൂഹത്തിന് അതേ സന്ദേശം തന്നെ കൈമാറി.

ഒരുപാട് പണ്ഡിതന്മാരെ നാം ജീവിതത്തിലൂടെ അനുഭവിച്ചിട്ടുണ്ട്. എന്നാല്‍, സി.എം. ഉസ്താദിന്റെ ജീവിതം അനുഭവിച്ചത് ഒരു വിസ്മയമായിട്ടായിരുന്നു. വിസ്മയങ്ങളുടെ വിസ്മയമായിട്ട്. ഒരു ഇസ്‌ലാമിക പണ്ഡിതന് നേടിയെടുക്കാന്‍ സാധിക്കാവുന്നത്ര ജീവിതത്തില്‍ നേടിയെടുത്തതിലുള്ള വിസ്മയം. അതുപോലെ, തന്നെക്കാളുപരി സമുദായത്തെ സ്‌നേഹിക്കുകയും അവരുടെ പുരോഗതിക്ക് വേണ്ടി ഇറങ്ങിപ്പുറപ്പെടുകയും ചെയ്തതിലുള്ള വിസ്മയം. ചുരുങ്ങിയ വര്‍ഷങ്ങളാണ് ഉസ്താദിനെ അനുഭവിച്ചിട്ടുള്ളത്. പക്ഷെ, അതിന് പതിറ്റാണ്ടുകളുടെ ദൈര്‍ഘ്യമുള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട്. ഉസ്താദിന്റെ ലോകങ്ങള്‍ അത്രമാത്രം വിശാലമായിരുന്നു. ഓരോ മേഖലയിലും ആകാശം മുട്ടുമാര്‍ വിശാലമായിരുന്നു ഉസ്താദിന്റെ ജ്ഞാന പ്രപഞ്ചം.

സി.എം. ഉസ്താദിന്റെ കഥ പറയുമ്പോള്‍ ഒരു നാടിന്റെ കഥയാണ് നമ്മള്‍ പറയുന്നത്. കാരണം, വീട്ടിലുള്ളതിനെക്കാള്‍ വീടിനു പുറത്തായിരുന്നു ഉസ്താദിന്റെ കൂടുതല്‍ക്കാല ജീവിതവും. അതെ, സമൂഹത്തിന് വേണ്ടി... സമൂഹമദ്ധ്യത്തില്‍....

വളരെ വൈകിയാണ് ഉസ്താദുമായി അടുത്തിടപഴകുവാന്‍ അവസരമുണ്ടായത്. അടുത്തിടപഴകിയപ്പോള്‍ അതൊരു സംഭവമാണെന്ന് തിരിച്ചറിഞ്ഞു. തിരിച്ചറിഞ്ഞതില്‍പിന്നെ, അത് മറച്ചുവെക്കാന്‍ സാധിച്ചില്ല. ഒരു ദേശത്തിന്റെ ഒറ്റപ്പെടലിന് ഇതും പാത്രമായിക്കൂടായെന്ന് ആഗ്രഹിച്ചു. മാലോകരോടൊന്നടങ്കം ഇത് വിളിച്ചുപറയണമെന്ന് പ്രതിജ്ഞയെടുത്തു. ഉസ്താദുമായി അഭിമുഖങ്ങള്‍ നടത്തി, അവരുടെ ജ്ഞാനലോകവും പ്രവര്‍ത്തന മേഖലയും പഠിച്ച്, മൂന്ന് നാല് ലേഖനങ്ങള്‍ അടങ്ങുന്ന ഒരു പഠന പരമ്പരയായിരുന്നു അപ്പോള്‍ മനസ്സില്‍ കണ്ടിരുന്നത്. അങ്ങനെ, പ്രിയ സുഹൃത്ത് മന്‍സൂര്‍ കളനാടിനൊപ്പം ആദ്യമായി ഉസ്താദിനോടൊത്ത് ഹൃദയം തുറന്നുള്ള ഭാഷണം നടത്തി. സംസാരിച്ചു നോക്കിയപ്പോള്‍ സര്‍വ്വ ഭാവനകളെയും മറി കടക്കുന്നതായിരുന്നു ഉസ്താദ്. വിശാലവും സമ്പന്നവുമായിരുന്നു അവരുടെ ലോകങ്ങള്‍. പ്രതീക്ഷിച്ചതിനപ്പുറത്ത് നീണ്ട് നീണ്ട് പോകുന്നതായിരുന്നു ഉസ്താദിന്റെ ജീവിതം. ഒടുവില്‍, ഒരു ലേഖനമെന്ന ചിന്തയില്‍നിന്ന് ഒരു ലേഖന പരമ്പരയിലേക്കും അവിടെനിന്ന് 500 ലേറെ പേജുകള്‍ വരുന്ന ഒരു ഗ്രന്ഥത്തിന്റെ രൂപത്തിലേക്കും വ്യാപിച്ച്, പ്രവഹിച്ച്, ഒഴുകിപ്പോവുകയായിരുന്നു ഈ പഠനം. അവസാനം, അതിന് കാസര്‍കോട് മുസ്‌ലിംകളുടെ ചരിത്രം എന്ന് നാമകരണം ചെയ്യേണ്ടിവരികയായിരുന്നു. സത്യത്തില്‍, അതും ഒരു മനുഷ്യന്റെ കഥയായിരുന്നു. ആ മനുഷ്യന്റെ കഥ വലിച്ചു നീട്ടി വികസിപ്പിച്ചപ്പോള്‍ അതൊരു ദേശത്തിന്റെ കഥയായി മാറി. ഇവിടെ ഞാന്‍ ഒരിക്കലൂടെ ആ ദേശത്തിന്റെ കഥ ചുരുക്കി വെക്കുകയാണ്. അപ്പോള്‍, ഇവിടെ ഒരു മനുഷ്യന്റെ കഥ രൂപമെടുക്കുന്നത് നിങ്ങള്‍ക്ക് കാണാം. ഇത്രമാത്രം നമുക്ക് പറയാന്‍ പറ്റുന്ന ഒരാളായിരുന്നു സി.എം. കാസര്‍കോട് എന്നാല്‍ സി.എം. ഉസ്താദായിരുന്നു. സി.എം. ഉസ്താദ് എന്നാല്‍ കാസര്‍കോടുമായിരുന്നു. അതിലപ്പുറം അവരെ വര്‍ണ്ണിക്കാന്‍ വേറെ പദങ്ങളില്ല.

ഇതൊരു ചെറിയ ഉപഹാരം മാത്രം. സി.എം. ഉസ്താദിന്റെ സമ്പന്ന ജീവിതത്തിലേക്ക് വെളിച്ചം വീശുക മാത്രമാണ് ഈ കൃതി ചെയ്യുന്നത്. ഉസ്താദിന്റെ ജ്ഞാന പ്രപഞ്ചവും ജീവിത വീക്ഷണങ്ങളും പ്രവര്‍ത്തന ലോകവും വിവരിക്കാന്‍ വോള്യങ്ങള്‍ തന്നെ ആവശ്യമാകും. അതിനാല്‍, ഉസ്താദിനെ അറിയാത്തവര്‍ക്കും വരും തലമുറക്കും ആ ജ്ഞാന ലോകത്തിലേക്ക് കയറാനുള്ള ഒരു ചൂണ്ടു പലകയായിട്ടാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. അനുഭവങ്ങളാണ് ഇതിലെ പദങ്ങള്‍. തിരിച്ചറിയലുകളും വസ്തുതകളുമാണ് ഇതിന്റെ രേഖകള്‍. ഒരു സമൂഹത്തിന്റെ വൈജ്ഞാനിക പുരോഗതി മൂര്‍ദ്ധന്യത പ്രാപിക്കുന്നിടത്താണ് ഉസ്താദിന്റെ ജീവിതം അവസാനിക്കുന്നത് എന്ന തിരിച്ചറിവ് ഈ പുസ്തകം മുന്നോട്ടുവെക്കുന്നു.