Sunday, June 11, 2023
കാസര്‍കോട് മുസ്‌ലിം ചരിത്രം / ഡോ. മോയിന്‍ മലയമ്മ
കാസര്‍കോട് ജില്ലയിലെ മുസ് ലിംകളുടെ ചരിത്രവും പൈതൃകവും സമഗ്രമായി അനാവരണം ചെയ്യുന്ന പുസ്തകം.
കാസര്‍കോട് മുസ്‌ലിം ചരിത്രം
ഡോ. മോയിന്‍ മലയമ്മ
കേരളക്കരയില്‍ മുസ്‌ലിം അധിവാസത്തിന്റെ പ്രാരംഭംമുതല്‍തന്നെ പ്രധാനമാണ് കാസര്‍കോടും പരിസരവും. അറേബ്യന്‍ സ്വാധീനത്തോടെ കേരളത്തില്‍ സ്ഥാപിക്കപ്പെട്ട പ്രഥമ പത്തു പള്ളികളില്‍ ഒന്ന് കാസര്‍കോട് തളങ്കരയിലായിരുന്നു. പ്രമുഖ വ്യാപാരകേന്ദ്രങ്ങളായിരുന്ന മംഗലാപുരത്തിനും ഏഴിമലക്കും ഇടയില്‍ സ്ഥിതിചെയ്യുന്ന ഒരു സുപ്രധാന കടലോര പ്രദേശമായിരുന്നതുകൊണ്ടുതന്നെ, അറബ് വ്യാപാരികളുടെയും വിവിധ കോണുകളില്‍നിന്നുള്ള സഞ്ചാരികളുടെയും നിരന്തര ഇടപെടലുകള്‍ക്ക് ഇത് സാക്ഷിയായി. വ്യാപാരരംഗം, മതരംഗം, മത്‌സ്യബന്ധനം, ഉരുനിര്‍മാണം തുടങ്ങിയ മേഖലകളില്‍ കാലാന്തരങ്ങളിലായി ഇത് പേരും പെരുമയും കൈവരിച്ചു. കേരളത്തിന്റെ വടക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന, സംസ്ഥാനത്ത് അവസാനമായി (1984) രൂപംകൊണ്ട ജില്ലയെന്ന നിലക്ക് പിന്നാക്കം നില്‍ക്കുന്നുവെങ്കിലും കേരളമുസ്‌ലിംചരിത്രത്തിന്റെ ഇന്നലെകളില്‍ സമൃദ്ധിയുടെ അക്ഷയപാത്രം തുറന്ന ഒരു വിസ്മയ ഭൂമികയായിരുന്നു ഇത്. ദേശത്തിന്റെ വര്‍ത്തമാന മതാസക്തിയും ചരിത്രശേഷിപ്പുകളും അത് സുതരാം വ്യക്തമാക്കുന്നു.
പുരാതന തുളു രാജ്യത്തിന്റെ തെക്കേ അറ്റമായിരുന്നു പഴയകാല കാസര്‍കോട്. ചന്ദ്രഗിരിപ്പുഴക്കു വടക്കും കുന്താപുരത്തിനു തെക്കുമായിരുന്നു തുളു സംസാരിക്കുന്നു ഈ പ്രദേശം. തുളുനാടന്‍ പെരുമാക്കന്മാരാണ് അന്ന് ഇവിടെ ഭരണം നടത്തിയിരുന്നത്. ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ടില്‍ ഭൂതാള പാണ്ഡ്യന്മാരും പിന്നീട് പുറത്തു നിന്നും വന്ന കദംബരരാജാക്കന്മാരും പിന്നീട് ചാലൂക്യന്മാരും ആലൂപന്മാരുമെല്ലാം ഇവിടെ ഭരണം നടത്തി. ഏഴിമലയെ കേന്ദ്രീകരിച്ചും ഇവിടെ ഭരണങ്ങള്‍ നടന്നിരുന്നു. ക്രിസ്തുവര്‍ഷം പതിനൊന്നാം ശതകത്തോടെ മൂഷക ഭരണം ആരംഭിച്ചു. തെക്ക് കോരപ്പുഴമുതല്‍ വടക്ക് ചന്ദ്രഗിരിവരെ നീണ്ടുനല്‍ക്കുന്നതായിരുന്നു ഇതിന്റെ അതിര്‍ത്തി. പതിനാലാം നൂറ്റാണ്ടോടെ ഇത് കോലത്തുനാട് എന്ന പേരില്‍ അറിയപ്പെട്ടു. പതിനാറ്-പതിനേഴ് നൂറ്റാണ്ടുകളില്‍ കാസര്‍കോടിന്റെ രാഷ്ട്രീയ സാമൂഹിക ചരിത്രത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചു. ഇക്കേരി നായിക്കന്മാരും അവരുടെ ഭരണത്തിനു അറുതി വരുത്തി മൈസൂര്‍ സുല്‍ത്താന്മാരും കടന്നുവന്നു. ബ്രിട്ടീഷ് അരങ്ങേറ്റത്തോടെയാണ് ഇതിനു പരിസമാപ്തി വീഴുന്നത്.
നൂറ്റാണ്ടുകളിലൂടെ നടന്ന ഈയൊരു രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലത്തിലാണ് ഇവിടത്തെ മുസ്‌ലിം ഇടപെടലുകളും അവയുടെ വികാസപരിണാമങ്ങളും നടക്കുന്നത്. കേരളത്തിലേക്കുള്ള ഔദ്യോഗികമായ പ്രഥമ മുസ്‌ലിം നിവേദക സംഘം മാലിക് ദീനാറിനു കീഴില്‍ ഇവിടെയെത്തുകയും പള്ളി നിര്‍മിക്കുകയും ചെയ്തതോടെ മുസ്‌ലിം മുന്നേറ്റ പ്രദേശങ്ങളുടെ മാപ്പില്‍ ഈ പ്രദേശവും സ്ഥലം പിടിച്ചു. തളങ്കരയായിരുന്നു ഇവിടത്തെ പ്രഥമ മുസ്‌ലിം ആവാസ കേന്ദ്രം. കാസര്‍കോടിന്റെ ഹൃദയവും ഇവിടത്തെ ഇസ്‌ലാമിക ചിന്തകളുടെ പ്രഭവ കേന്ദ്രവും അതായിരുന്നു. ചരിത്രത്തില്‍ പലയിടങ്ങളിലും കാസര്‍കോട് എന്ന നാമം തളങ്കരയെ പ്രതിനിധീകരിക്കുന്നതായി കാണാന്‍ കഴിയും. തുഹ്ഫത്തുല്‍ മുജാഹിദീനില്‍ പോലും മാലിക് ബിന്‍ ഹബീബും മാലിക് ദീനാറും കാസര്‍കോട്ടു വന്നെന്നാണ് പറയുന്നതെങ്കിലും തളങ്കരയില്‍ പാദമൂന്നിയെന്നാണ് അതര്‍ത്ഥമാക്കുന്നത്. ഹിജ്‌റ 22 റജബ് 18 നായിരുന്നു കാസര്‍കോട് ജുമുഅത്ത് പള്ളിയുടെ നിര്‍മാണം. മാലിക് ബിന്‍ ദീനാറിന്റെ നിര്‍ദ്ദേശപ്രകാരം സഹോദരപുത്രന്‍ മാലിക് ബിന്‍ ഹബീബാണ് ഇത് പണികഴിപ്പിക്കുന്നത്. അറബികളുടെ കച്ചവട കേന്ദ്രമായിരുന്നു അന്ന് തളങ്കര. കടലിലേക്കു തള്ളിനില്‍ക്കുന്ന ഒരു സ്ഥലമായതുകൊണ്ടുതന്നെ കപ്പലുകളടുപ്പിക്കാനും ചരക്കുകള്‍ ഇറക്കിവെക്കാനും അവര്‍ ഈ സ്ഥലം തെരഞ്ഞെടുത്തു. ഇന്ന് പള്ളി പള്ളി സ്ഥിതിചെയ്യുന്നതിനോടനുബന്ധമായി ധാരാളം ചെറിയ ചെറിയ മാര്‍ക്കറ്റുകളുണ്ടായിരുന്നു. വിവിധ നാടുകളില്‍നിന്നും വരുന്ന ഉല്‍പന്നങ്ങളാണ് അവിടെ വിപണനം ചെയ്യപ്പെട്ടിരുന്നത്. നേരത്തെത്തന്നെ അറബ് ബന്ധവും സാന്നിധ്യവും വ്യാപകമായുണ്ടായിരുന്നതിനാലാണ് ഈ സ്ഥലം പള്ളിക്കായി തെരഞ്ഞെടുക്കപ്പെട്ടത് എന്നതാണ് ചരിത്രമതം.
കാസര്‍കോടിന്റെ പിന്നീടുള്ള ഇസ്‌ലാമിക വര്‍ത്തമാനങ്ങള്‍ വലിയൊരു അളവോളം ദക്ഷിണ കന്നഡയുമായി ബന്ധപ്പെട്ടിരിക്കുന്നു. നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ കര്‍ണാടകയുടെ തീരങ്ങളില്‍ അറബികള്‍ താമസിച്ചുവന്നിരുന്നതായാണ് സൂചന. വിശിഷ്യാ, മംഗലാപുരം പരിസരങ്ങളില്‍. ഇന്നത്തെ മുസ്‌ലിംകളുടെ പ്രപിതാക്കന്മാരായ ഈ അറബികള്‍ ഇവിടത്തെ ആലൂപന്മാരുടെ കാലംമുതല്‍തന്നെ ഈ ഭാഗത്ത് താമസം തുടങ്ങിയിരിക്കണം. അറബ് കയ്യെഴുത്ത് പ്രതികളില്‍നിന്നും ഏഴാം നൂറ്റാണ്ടുമുതലുള്ള തുളുനാടിന്റെ ചരിത്രം ലഭ്യമാണ്. പതിനാലാം നൂറ്റാണ്ടിന്റെ ആദ്യ പാതിയില്‍ വന്ന സഞ്ചാരി റശീദുദ്ദീന്‍ കര്‍ണാടകയിലെ ബര്‍കൂറിനെക്കുറിച്ചും മംഗലാപുരത്തെക്കുറിച്ചും എഴുതിവെച്ചിട്ടുണ്ട്. കുന്താപപുരത്തെ കുറിക്കാന്‍ സിന്ദാപൂര്‍ എന്ന പദമാണ് അദ്ദേഹം ഉപയോഗിക്കുന്നത്. പിന്നീടു വന്ന അബുല്‍ ഫിദായും ഇത് വിവരിക്കുന്നു. 11-12 നൂറ്റാണ്ടുകളില്‍തന്നെ കാസര്‍കോട് ഉള്‍കൊള്ളുന്ന ദക്ഷിണ കന്നഡയുടെ തീരങ്ങളില്‍ വ്യാപകമായ മുസ്‌ലിം അധിവാസമുണ്ടായിരുന്നതിനു വ്യക്തമായ തെളിവുകളുണ്ട്.
ഇക്കാലത്ത് മുസ്‌ലിംകളാണ് ഇവിടത്തെ വ്യാപാര കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. അതിനാല്‍, ബ്യാരികള്‍ എന്നു ഇവിടത്തെ മുസ്‌ലിംകള്‍ വിളിക്കപ്പെട്ടു. കടലില്‍ ജോലി ചെയ്യുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ ബഹ്‌രി എന്ന അറബ് പദത്തില്‍നിന്നാണത്രെ ഇതിന്റെ നിഷ്പത്തി. വ്യാപാരി എന്ന മലയളപദം ലോപിച്ച് ബ്യരിയായതാണെന്നും ബ്യാര എന്ന തുളു പത്തിന്റെ വകഭേദമാണ് ഇതെന്നും അഭിപ്രായങ്ങളുണ്ട്. മധ്യമലബാറിലെ മുസ്‌ലിംകള്‍ മാപ്പിള എന്നു പറയുന്ന അതേ ആവേശത്തിലാണ് കാസര്‍കോട്, മംഗലാപുരം ഭാഗങ്ങളിലുള്ളവര്‍ ബ്യാരി എന്നു പറയുന്നത്. ഈ അടുത്ത കാലംവരെ ഇവിടത്തെ പഴമക്കാര്‍ തങ്ങളുടെ പേരിനൊപ്പം ഇത് ചേര്‍ത്തു പറഞ്ഞിരുന്നു. മുഹമ്മദ് ബ്യാരി, അബ്ദുല്ല ബ്യാരി തുടങ്ങിയ പേരുകളിലാണ് അവര്‍ വിളിക്കപ്പെട്ടിരുന്നത്. മാപ്പിള എന്നത് മാ ഫല്ലാഹ് (കൃഷിക്കാരനല്ലാത്തവന്‍) എന്ന അറബ് പദത്തില്‍നിന്നുണ്ടായതാണ് എന്ന ഒരു പണ്ഡിതന്റെ അഭിപ്രായം, ഇവിടെ ചേര്‍ത്തുവായിക്കാവുന്നതാണ്. കടലാണ് മാപ്പിളയുടെയും ബ്യാരിയുടെയും ജീവിതത്തിന് അടയാളം നിര്‍ണയിച്ചതെന്ന് ഇത് വ്യക്തമാക്കുന്നു. വിദേശികളുമായി വ്യവസ്ഥാപിത നിലയില്‍ കച്ചവടബന്ധം നിലനിര്‍ത്തിയിരുന്ന അവര്‍ക്കിടയില്‍ 'ഹഞ്ചമന' എന്ന പേരില്‍ ഒരു വ്യാപാരീകൂട്ടായ്മ നിലനിന്നിരുതായും രേഖകളുണ്ട്. അഞ്ചുമന്‍ എന്ന പേര്‍ഷ്യന്‍ പദത്തില്‍നിന്നാണ് ഈ പേരിന്റെ നിഷ്പത്തി എന്നതിനാല്‍ പേര്‍ഷ്യയുമായുള്ള മാപ്പിള-ബ്യാരികളുടെ കച്ചവട ബന്ധമാണ് വ്യക്തമാകുന്നത്. 11-12 നൂറ്റാണ്ടുകളിലെ ദക്ഷിണ കന്നഡയെക്കുറിച്ച് പഠനം നടത്തിയ ശുശീല ഉപാദ്ധ്യായ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. 11-14 നൂറ്റാണ്ടുകളില്‍ വിരചിതമായ 'പാഡ്ദനകള്‍' എന്ന ഗദ്യ-പദ്യ രൂപങ്ങളിലും ദക്ഷിണ കന്നഡയിലെ മുസ്‌ലിം വ്യവഹാരങ്ങളെക്കുറിച്ച സൂചനകള്‍ വിരളമല്ല. പ്രാചീന തുളുനാടിന്റെ ചരിത്ര ചിത്രങ്ങളും ഐതിഹാസിക കഥകളും കോര്‍ത്തിണക്കിയ ആഖ്യാന രൂപങ്ങളാണ് പാഡ്ദനകള്‍. ഹിന്ദു-മുസ്‌ലിം സഹവര്‍ത്തിത്വത്തെക്കുറിച്ച കഥകളാണ് പതിനഞ്ചാം നൂറ്റാണ്ടിനു മുമ്പു രൂപംകൊണ്ട ഇവയില്‍ നിറഞ്ഞുനില്‍ക്കുന്നത്. സാലത്തോര്‍ തന്റെ 'പുരാതന കര്‍ണാനടക' എന്ന പുസ്തകത്തില്‍ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. മലബാര്‍ തീരങ്ങളില്‍ വന്ന അറബികള്‍ കര്‍ണാനടക തീരങ്ങളുമായും നിരന്തരം ബന്ധപ്പെട്ടിരിക്കണം. തുളുദേശമായിരുന്നുവെങ്കിലും അവിടത്തെ മുസ്‌ലിംകളും മാപ്പിളമാര്‍ എന്നു വിളിക്കപ്പെട്ടിരുന്നതായി മനസ്സിലാക്കാന്‍ സാധിക്കും. പാഡ്ദനകളുടെ രേഖകളിലുള്ള തുളു മാപ്പിളമാരെക്കുറിച്ച പരാമര്‍ശം ഇതാണ് വ്യക്തമാക്കുന്നത്.
10-16 നൂറ്റാണ്ടുകള്‍ക്കിടയില്‍ ദക്ഷിണേന്ത്യയിലൂടെ കടന്നുപോയ സഞ്ചാരികളിലധികവും മംഗലാപുരത്തെയും കാസര്‍കോട്ടെയും മുസ്‌ലിംകളെക്കുറിച്ച് വിവരം നല്‍കുന്നതായി കാണാം. എ.ഡി. 1176 ല്‍ മംഗലാപുരം സന്ദര്‍ശിച്ച ഇദ്‌നാം മസ്ഊദി അവിടെ നാലായിരത്തോളം മുസ്‌ലിംകളെ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. പതിനാലാം നൂറ്റാണ്ടിന്റെ ആദ്യ പാതിയില്‍ ഈ ഭാഗങ്ങളിലൂടെ കടന്നപോയ ഇബ്‌നു ബത്തൂത്തയും ഈ ഭാഗങ്ങളിലെ വര്‍ദ്ധിച്ച മുസ്‌ലിം സാന്നിദ്ധ്യത്തെ എടുത്തുപറയുന്നു. നാലായിരത്തിലേറെ മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്നതു കണ്ട അദ്ദേഹം ബദ്‌റുദ്ദീന്‍ മഅ്ബരി എന്നൊരു പണ്ഡിതനാണ് ഈ ഭാഗങ്ങളിലെ ഖാസിയെന്നും രേഖപ്പെടുത്തുന്നുണ്ട്. മധ്യമലബാറിനോടും മംഗലാപുരത്തോടും ഇടചേര്‍ന്നുനില്‍ക്കുന്ന കാസര്‍കോടിന്റെ രാഷ്ട്രീയ-മത-സാമൂഹിക ഇന്നലെകളുടെ രൂപവും രീതിയും മനസ്സിലാക്കാന്‍ ഈ ചരിത്രച്ചീന്തുകളുടെ ഊന്നലുകള്‍ എത്രയോ മതിയായതാണ്.
പ്രഥമ മുസ്‌ലിം അധിവാസ കേന്ദ്രമായ തളങ്കര കഴിഞ്ഞാല്‍ പിന്നെ, കീഴൂര്‍, ഇച്ചിലങ്കോട്, അതിഞ്ഞാല്‍, ഒറവങ്കര, തായലങ്ങാടി, നെല്ലിക്കുന്ന് തുടങ്ങിയവയാണ് ഈ ഭാഗത്തെ ആദ്യ കാല മുസ്‌ലിം കൂടിയേറ്റ കേന്ദ്രങ്ങള്‍. അതുകൊണ്ടുതന്നെ ഈ ഭാഗത്തെ ഏറെ പഴക്കമുള്ള പള്ളികള്‍ സ്ഥിതിചെയ്യുന്നതും ഇവിടങ്ങളില്‍തന്നെയാണ്. പടന്ന, തൃക്കരിപ്പൂര്‍, ആദൂര്‍, കോട്ടിക്കുളം, കോട്ടപ്പുറം തുടങ്ങിയ സ്ഥലങ്ങളിലെ പള്ളികള്‍ക്കും നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. വിദൂര ദിക്കുകളില്‍നിന്നുവരെ ആളുകള്‍ പഠിക്കാനെത്തിയ സമ്പന്നമായ ദര്‍സുകളും ഇവിടങ്ങളില്‍ നടന്നിരുന്നു. കാസര്‍കോട് മുസ്‌ലിംകള്‍ക്കിടയില്‍ ഉണര്‍വ് സൃഷ്ടിച്ച മാലിക് ദീനാര്‍ ജുമുഅത്ത് പള്ളിയിലെ ദര്‍സു കഴിഞ്ഞാല്‍, ഈ ഭാഗത്തെ ഏറെ ചലനം സൃഷ്ടിച്ച ദര്‍സുകളാണ് കീഴൂരിലെയും ഇച്ചിലങ്കോട്ടെയും ദര്‍സുകള്‍. കാസര്‍കോടിന്റെ വൈജ്ഞാനിക വളര്‍ച്ചയില്‍ ഇവിടങ്ങളിലെ ദര്‍സുകള്‍ ചെയ്ത സംഭാവനകള്‍ അതിബൃഹത്താണ്. മലബാറിന്റെ ഇസ്‌ലാമിക ചരിത്രത്തില്‍ കാസര്‍കോടിനെ പരാമര്‍ശിക്കാനാകുംവിധം വൈജ്ഞാനികമായി അവഗാഹം നേടിയ പല ജ്ഞാനികളും ഇവിടങ്ങളിലുണ്ടായിരുന്നു. പൊന്നാനിയില്‍നിന്നും ഓതിപ്പഠിച്ച, ഉമര്‍ ഖാസിയുടെ സഹപാഠിയായിരുന്ന കുഞ്ചാര്‍ സഈദ് മുസ്‌ലിയാര്‍, മക്കയില്‍ പോയി സൈനീ ദഹ്‌ലാന്റെ ശിഷ്യത്വം വരിച്ച കീഴൂര്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍, ഹിജാസില്‍ പോയി ഉപരിപഠനം നടത്തിയ, 40 വര്‍ഷം കാസര്‍കോട് ഖാസിയായിരുന്ന ഖാസി അബ്ദുല്ല ഹാജി, കീഴൂര്‍ അബ്ദുല്ലക്കുഞ്ഞി മുസ്‌ലിയാര്‍, കുഞ്ഞിപ്പഹാജി മുസ്‌ലിയാര്‍, കീഴൂര്‍ മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ തുടങ്ങിയവര്‍ അതില്‍ പ്രധാനികളാണ്.
കാസര്‍കോടിന്റെ വൈജ്ഞാനികവും ആദ്ധ്യാത്മികവുമായ അന്തരീക്ഷത്തെ സമുദ്ധരിച്ചെടുക്കുന്നതില്‍ പുറംനാടന്‍ ജ്ഞാനികള്‍ക്കും വലിയ പങ്കുള്ളതായി കാണാന്‍ കഴിയും. ആദ്ധ്യാത്മിക ജ്ഞാനികളും സൂഫികളുമായ അനവധി പണ്ഡിതന്മാര്‍ കാലാന്തരങ്ങളിലായി ഇവിടെ വരികയും താമസിക്കുകയും ചെയ്തിട്ടുണ്ട്. അതിഞ്ഞാലില്‍ അന്ത്യവിശ്രമംകൊള്ളുന്ന ഉമര്‍ സമര്‍ഖന്ദി എന്ന സൂഫി അതില്‍ പ്രധാനിയാണ്. സമര്‍ഖന്ദില്‍നിന്നും അദ്ദേഹമിവിടെ എത്തുകയും വൈജ്ഞാനിക പ്രസരണത്തിന് നേതൃത്വം നല്‍കുകയും ചെയ്തിരുന്നതായി വിശ്വസിക്കപ്പെടുന്നു. ബാ അലവി തങ്ങന്മാരും ബുഖാരി തങ്ങന്മാരും ആദൂരിലെ സഖാഫ് തങ്ങന്മാരും ഇവിടെയെത്തിയ മറ്റു മത സാമൂഹിക നായകന്മാരാണ്. കാസര്‍കോടിന്റെ വര്‍ത്തമാന മത സാമൂഹിക പരിസരം സൃഷ്ടിച്ചെടുക്കുന്നതില്‍ ഇവരുടെ അക്ഷീണ യത്‌നങ്ങള്‍ വളരെ വലുതായിരുന്നു.
ഹനഫികളാണ് കാസര്‍കോട് മുസ്‌ലിം ജനസംഖ്യയിലെ ശ്രദ്ധേയമായൊരു സാന്നിദ്ധ്യം. നൂറ്റാണ്ടുകളായി വേറിട്ട സംസ്‌കാരവും ജീവിതരീതിയുമായി കഴിഞ്ഞുവരുന്ന ഇവര്‍ പുറം സംസ്ഥാനങ്ങളില്‍നിന്നോ രാഷ്ട്രങ്ങളില്‍നിന്നോ കുടിയേറിവന്നവരാണ്. ഉര്‍ദു മാത്രം സംസാരിക്കുന്ന ഇവര്‍ ഹനഫികള്‍ എന്നോ തുര്‍ക്കന്മാര്‍ എന്നോ ദഖ്‌നികള്‍ എന്നോ ആണ് പൊതുവെ അവിടെ വിളിക്കപ്പെടുന്നത്. ഹൈദരാലിയുടെയും ടിപ്പു സുല്‍ഥാന്റെയും സൈനികരായി കടന്നുവരികയും പിന്നീട് ഇവിടെ സ്ഥിരതാമസമാക്കുകയും ചെയ്തവരാണെന്ന് അനുമാനിക്കപ്പെടുന്നു. പതിനാറാം നൂറ്റാണ്ടിനു മുമ്പുതന്നെ ദക്ഷിണേന്ത്യയില്‍ തുര്‍ക്കി സഹായമെത്തിയിട്ടുണ്ടെന്നും തുര്‍ക്കി സൈന്യം വര്‍ദ്ധിച്ച തോതില്‍ ഇവിടെ വന്നിരുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. പഠാണികളുടെ പിന്‍ഗാമികളാണ് കേരളത്തിലെ ഉര്‍ദു സംസാരിക്കുന്ന ആളുകളെന്നും അഭിപ്രായമുണ്ട്. കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നുനില്‍ക്കുന്ന ഉപ്പളയാണ് കാസര്‍കോട്ട് ഹനഫികളുടെ ആസ്ഥാനം. സപ്ത ഭാഷാ സംഗമ ഭൂമിയായ കാസര്‍കോടിന് ഭാഷാപരമായും സാംസ്‌കാരികമായും അനവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട് ഹനഫികള്‍. കാസര്‍കോട് മുസ്‌ലിംകളുടെ ജീവിതരീതിയിലും അനുഷ്ഠാനങ്ങളിലും ആചാരങ്ങളിലും വേഷത്തിലുമെല്ലാം അവരുടെ സ്വാധീനങ്ങള്‍ ദൃശ്യമാണ്.
ഖാസി സ്ഥാനംകൊണ്ട് പ്രസിദ്ധമാണ് കാസര്‍കോട്. കേരളത്തിലെവിടെയും നല്‍കാത്ത സ്ഥാനമണ് അവര്‍ ഖാസിമാര്‍ക്കു നല്‍കുന്നത്. ഒരു നാടിന്റെ മത സാംസ്‌കാരിക നായകന്മാരാണ് ഇവിടെ ഖാസിമാര്‍ ഗണിക്കപ്പെടുന്നത്. മാലിക് ദീനാറും സംഘവും വന്ന് തളങ്കര പള്ളി സ്ഥാപിച്ചശേഷം മാലിക് ബിന്‍ മുഹമ്മദിനെ പ്രഥമ ഖാസിയായി നിയോഗിച്ചതുമുതല്‍ ഇന്നുവരെ അത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഈയൊരു പാരര്യം അതിമഹത്തരമായാണ് സൂക്ഷിക്കപ്പെടുന്നത്. ഇവരില്‍ കാലാന്തരങ്ങളിലായിവന്ന ഇരുപതോളം ഖാസിമാരെക്കുറിച്ച വിവരങ്ങള്‍തന്നെ ഇന്നും ലഭ്യമാണ്. മംഗലാപുരം ഖാസിമാര്‍, കീഴൂര്‍ ഖാസിമാര്‍, കാഞ്ഞങ്ങാട് ഖാസിമാര്‍ തുടങ്ങിയവയാണ് ഈ പ്രതാപത്തോടെ നിലനില്‍ക്കുന്ന മറ്റു ഖാസി പ്രദേശങ്ങള്‍. നാടിന്റെ മതപരമായ പുരോഗതിയില്‍ ഈ നേതൃത്വത്തിന്റെ പങ്ക് വളരെ പ്രധാനമാണ്.
ഉറൂസും മഖാമുകളുമാണ് കാസര്‍കോട് മുസ്‌ലിം സംസ്‌കാരത്തെയും ചിന്തയെയും വ്യതിരിക്തമാക്കുന്ന മറ്റൊരു ഘടകം. പേരുകേട്ട അനവധി മഖാമുകളും ഉറൂസുകളും ഇവിടെ കാണാവുന്നതാണ്. കേരളത്തില്‍തന്നെ ഏറ്റവും കൂടുതല്‍ ഉറൂസുകള്‍ നടക്കുന്നത് കാസര്‍കോട് ജില്ലയിലായിരിക്കും. അതിന്റെതായ കാലമാകുന്നതോടെ നാടുനീളെ ഉറൂസിനാല്‍ ശബ്ദമുഖരിതമാകുന്നു. ഒരുകാലത്തെ ഈ ഭാഗങ്ങളിലെ സൂഫീ പാരമ്പര്യവും മഹത്തുക്കളുടെ സാന്നിദ്ധ്യവുമാണ് ഇത് സൂചിപ്പിക്കുന്നത്. മാലിക് ദീനാര്‍, അതിഞ്ഞാല്‍ ഉമര്‍ സമര്‍ഖന്ദി, ഇച്ചിലങ്കോട്, ആദുര്‍, നെല്ലിക്കുന്ന്, കുമ്പോല്‍ തുടങ്ങിയവ ഇതില്‍ വളരെ പ്രധാനപ്പെട്ടവയാണ്. കാസര്‍കോടിന്റെ സാംസ്‌കാരിക മുഖം സമുദ്ധരിക്കുന്നതില്‍ ഇവക്ക് വലിയ പങ്കുണ്ട്.
മത സാമൂഹിക രാഷ്ട്രീയ രംഗങ്ങളെപ്പോലെത്തന്നെ മാപ്പിള സാഹിത്യ രംഗത്തും കാസര്‍കോട് മുസ്‌ലിംകള്‍ വേറിട്ടൊരു അസ്തിത്വം വെച്ചുപുലര്‍ത്തുന്നതായി കാണാന്‍ കഴിയും. മൊഗ്രാലും തളങ്കരയും പള്ളിക്കരയുമെല്ലാം കേരളമണ്ണില്‍ പേരുകേട്ട അനവധി കവികള്‍ക്കു ജന്മം നല്‍കിയ മണ്ണാണ്. മാപ്പിളപ്പാട്ടുകളെ മലയാള സാഹിത്യത്തിന്റെ ഭാഗമാക്കി മാറ്റുന്നതില്‍ മുന്നില്‍നിന്ന ടി. ഉബൈദ് സാഹിബും മൊഗ്രാല്‍ കവികളില്‍ പ്രമുഖനായ സാഹുക്കാര്‍ കുഞ്ഞിപ്പക്കിയും പക്ഷിപ്പാട്ടെഴുതിയ നടുത്തോപ്പില്‍ അബ്ദുല്ലയും മാണിക്യമാലയെഴുതിയ പള്ളിക്കാല്‍ പി. സീതിക്കുഞ്ഞിയും പാടി ബിലാലെന്ന പൂങ്കുയില്‍ എഴുതിയ പള്ളിക്കര അഹ്മദും ആദി അമൈത്തെ ആണും പെണ്ണും എഴുതിയ തലപ്പാടി ബാപ്പുക്കുഞ്ഞി മുസ്‌ലിയാരുമെല്ലാം ഈ നാടിന്റെ മഹത്തായ സംഭാവനകളാണ്.
ചുരുക്കത്തില്‍, പ്രതാപംകൊണ്ടും അനന്തര പരിവര്‍ത്തനങ്ങള്‍കൊണ്ടും കേരളമുസ്‌ലിംകളില്‍ ഏറെ വ്യതിരിക്ത വെച്ചുപുലര്‍ത്തുന്നവരാണ് കാസര്‍കോട് മുസ്‌ലിംകള്‍. മാപ്പിളമാരും ബ്യാരികളുമായി അറിയപ്പെടുന്ന ഇവര്‍ ഒരു നാടിന്റെ മനോഹരമായ സംസ്‌കാരത്തിന്റെ കാവല്‍ഭടന്മാരാണ്. സ്വദേശത്തുനിന്നും വിദേശത്തുനിന്നുമുള്ള അനവധി ഘടകങ്ങളാണ് കാസര്‍കോട് മുസ്‌ലിംകള്‍ക്ക് അവരുടെതായ അസ്തിത്വം നേടിക്കൊടുത്തത്. പക്ഷെ, ആധുനികതയുടെ തിരത്തള്ളലില്‍ ഇവയുടെ മൂല്യം ചോര്‍ന്നുപോകുന്ന കാഴ്ചയാണ് ഇന്ന് പ്രകടമാകുന്നത്.
Tuesday, June 6, 2023
തൃശൂര്‍ മുസ്ലിംകള്‍: ചരിത്രവും സമൂഹവും
മുസ്‌ലിം ജീവിതത്തിനു നൂറ്റാണ്ടുകളുടെ ചരിത്രവും പാരമ്പര്യവുമുള്ള മണ്ണാണ് കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായി അറിയപ്പെടുന്ന തൃശൂര്‍. കൊടുങ്ങല്ലൂരിലെ ചേരമാന്‍ പള്ളി മുതല്‍ വര്‍ത്തമാന കാലം വരെ സമ്പന്നമായൊരു പൈതൃകം അതിനവിടെ അവകാശപ്പെടാനുണ്ട്. കേരള മുസ്‌ലിംകളെ കുറിച്ച് വിവിധ കോണുകളില്‍നിന്നുള്ള അനവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും തൃശൂര്‍ മുസ്‌ലിംകളെ മാത്രം മുന്‍നിര്‍ത്തിയുള്ള അത്തരം പഠനങ്ങള്‍ ഇതുവരെയും ഉണ്ടായിട്ടില്ല. മത-സാമൂഹിക-രാഷ്ട്രീയ-സാംസ്കാ
തൃശൂര്‍ ജില്ലയിലെ പ്രമുഖ പണ്ഡിതനും കേരളം മുഴുക്കെ അറിയപ്പെടുന്ന മത-വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്ന എം.കെ.എ. കുഞ്ഞുമുഹമ്മദ് മുസ്‌ലിയാ (1926-2015) രുടെ സ്മരണാര്‍ത്ഥമാണ് ഇങ്ങനെയൊരു പഠനം തയ്യാറാക്കപ്പെട്ടിട്ടുള്ളത്. തൃശൂര്‍ മുസ്‌ലിംകളെ ആത്മീയമായി സമുദ്ധരിക്കുന്നതിനും വിദ്യാഭ്യാസപരമായി ശാക്തീകരിക്കുന്നതിനും തന്റെ ജീവിതം ഉഴിഞ്ഞുവച്ച അദ്ദേഹത്തിനു തന്റെ വിയോഗാനന്തരം സമര്‍പ്പിക്കാന്‍ പറ്റിയ ഏറ്റവും അനുയോജ്യമായ ഒരു ഉപഹാരമായിരിക്കുമിത്. തന്റെ കഠിനാദ്ധ്വാനത്തിലൂടെ ജില്ലയിലെ നിരാലംബരും നിസ്സഹായരുമായ അനവധി പേര്‍ക്ക് വിദ്യാഭ്യാസത്തിലൂടെ ജീവിതവും ആത്മാഭിമാനവും നല്‍കിയ അദ്ദേഹത്തിന്റെ ഓര്‍മകള്‍ ജില്ലയിലെ മുസ്‌ലിംകളെ കുറിച്ചുള്ള ഒരു ബൃഹദ് ഗ്രന്ഥത്തിലൂടെ നിലനിര്‍ത്തപ്പെടുന്നത് കൂടുതല്‍ സംഗതമാണ്. ഇരുന്നൂറോളം പേജുകളിലായി തൊഴിയൂര്‍ ഉസ്താദിന്റെ സമഗ്ര ജീവിതവും സംഭാവനകളും വിശദമായി തന്നെ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
കൊടുങ്ങല്ലൂരിന്റെ ചരിത്രം, മാലിക് ബിന്‍ ദീനാറും സംഘവും, ചേരമാന്‍ പെരുമാളും കേരള മുസ്‌ലിം പൈതൃകവും, ചേരമാന്‍ മസ്ജിദ്: ഇന്ത്യയിലെ പ്രഥമ പള്ളി, ചാവക്കാട്: മുസ്‌ലിം ജീവിതത്തിന്റെ വേരോടിയ നാട്, ചരിത്രം സ്പന്ദിക്കുന്ന പഴയകാല മുസ്‌ലിം കേന്ദ്രങ്ങള്‍, അധിനിവേശത്തെ ചെറുത്ത തൃശൂര്‍ തീരങ്ങള്‍, ഡച്ചുകാരും തൃശൂര്‍ മുസ്‌ലിംകളും, തൃശൂരും മൈസൂര്‍ സുല്‍ത്താന്മാരും, മണത്തല ഹൈദ്രോസ് കുട്ടി മൂപ്പന്‍: ചരിത്രവും വാമൊഴിയും, ബ്രിട്ടീഷ് ഭരണത്തിനു കീഴിലെ തൃശൂര്‍ മുസ്‌ലിംകള്‍, 1921 ലെ മലബാര്‍ സമരവും തൃശൂരിലെ സംഭവങ്ങളും, ദേശീയ പ്രസ്ഥാനവും തൃശൂര്‍ മുസ്‌ലിംകളും, ഖിലാഫത്ത്-കോണ്‍ഗ്രസ് സമര നായകന്മാര്‍, കൊച്ചി സ്‌റ്റേറ്റിനു കീഴിലെ മുസ്‌ലിംകള്‍, തൃശൂരിലെ ഹനഫി മുസ്‌ലിംകള്‍, സൂഫികളും സാമൂഹിക സമുദ്ധാരണവും, സയ്യിദ് കുടുംബങ്ങളും മത സാമൂഹിക നേതൃത്വവും, മത പണ്ഡിതന്മാരും വൈജ്ഞാനിക സംഭാവനകളും, സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രധാനികള്‍, സാഹിത്യകാരന്മാരും ഗ്രന്ഥകാരന്മാരും, മാപ്പിള സാഹിത്യ പാരമ്പര്യം, മാപ്പിള കലകളിലെ സാന്നിധ്യം, ചന്ദനക്കുടം നേര്‍ച്ചകളും ഉറൂസുകളും, ചരിത്രം പറയുന്ന പള്ളികള്‍, ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ജില്ലയില്‍ സമസ്തയുടെ ചരിത്രവും സ്വാധീനവും, മത സംഘടനകള്‍, വ്യാപാര - വ്യവസായ രംഗം, മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ പുസ്തകം ചര്‍ച്ച ചെയ്യുന്നു.
തൊഴിയൂര്‍ ഉസ്താദിന്റെ ജീവിതവും സംഭാവനകളും ചര്‍ച്ച ചെയ്യുന്ന ഭാഗത്ത് താഴെ പറയുന്ന അധ്യായങ്ങളും ഉള്‍കൊള്ളിച്ചിട്ടുണ്ട്: ഒരു നവോത്ഥാന നായകന്റെ ഉദയം, രൂപപ്പെടുത്തിയ പരിസരം, പരിവര്‍ത്തനങ്ങളുടെ പഠന കാലം, ഉപരിപഠനത്തിന്റെ ദാറുല്‍ഉലൂം ഘട്ടം, അധ്യാപനത്തിന്റെ ക്രിയാത്മക കാലങ്ങള്‍, നാടും വീടും കുടുംബവും, പ്രവര്‍ത്തകനായ പണ്ഡിതന്‍, മദ്‌റസ പ്രസ്ഥാനത്തിന്റെ നേതൃനിരയില്‍, ദാറുറഹ്മ: നാടിന്റെ നവോത്ഥാന സൂര്യന്‍, സാരഥ്യമരുളിയ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, ജില്ലയില്‍ സുന്നത്ത്ജമാഅത്തിനു കാവല്‍ നിന്ന ജീവിതം, തൃശൂര്‍ ജില്ല ജംഇയ്യതുല്‍ ഉലമ, ക്രിയാത്മകതയുടെ വിവിധ മുഖങ്ങള്‍, സമസ്തയിലെ കര്‍മ കാലങ്ങള്‍, റഹ്മതും ഹിക്മതും ജില്ലയില്‍ പെയ്തിറങ്ങിയ കാലം, ആത്മീയ ബന്ധങ്ങളും ജീവിത വിശുദ്ധിയും, വേറിട്ട വ്യക്തിത്വം കണിശമായ നിലപാട്, തൃശൂരിലെ ഉണര്‍വും ഉസ്താദിന്റെ വിയോഗവും...
മധ്യ കേരളത്തെ സമഗ്രമായി പഠനവിധേയമാക്കുന്നവര്‍ക്കും തൃശൂര്‍ മുസ്‌ലിം ചരിത്രം കൂടുതല്‍ അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വലിയൊരു റഫറന്‍സാണ് ഈ ഗ്രന്ഥം. വിശേഷിച്ചും മൈക്രോ ഹിസ്റ്ററിയും ലോക്കല്‍ ഹിസ്റ്ററിയും ഏറെ വികസിച്ച ഈ കാലത്ത് സവിശേഷ ഇടങ്ങളെ മുന്‍നിര്‍ത്തിയുള്ള പഠനങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തിയുണ്ട്. ചരിത്രത്തിന്റെ സത്യസന്ധമായ കൂടുതല്‍ അടരുകളിലേക്കു നേരിട്ടു കടന്നു ചെല്ലാന്‍ ഇത് ഗവേഷകരെ സഹായിക്കുന്നു. രേഖപ്പെടുത്തപ്പെടാത്തതു കൊണ്ടു മാത്രം ചരിത്രത്തില്‍നിന്നു അന്യംനിന്നുപോയേക്കാവുന്ന അനവധി ചരിത്രങ്ങളും സംഭവങ്ങളും ഇതില്‍ കോര്‍ത്തുവെക്കപ്പെട്ടിട്ടുണ്ട്
1976 ല്‍ തൊഴിയൂര്‍ ഉസ്താദിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ച ഒരു മത-ഭൗതിക വിദ്യാഭ്യാസ സമുച്ചയമാണ് തൊഴിയൂര്‍ ദാറുറഹ്മ. 1987 ല്‍ അദ്ദേഹത്തിന്റെതന്നെ പത്രാധിപത്യത്തില്‍ അവിടെനിന്നു പുറത്തിറങ്ങിയിരുന്ന പ്രസിദ്ധീകരണമാണ് റഹ്മത്ത് മാസിക. അദ്ദേഹത്തിന്റെ തന്നെ റഹ്മത്ത് പബ്ലിക്കേഷനു കീഴിലാണ് ഇത് പ്രസിദ്ധീകരിക്കപ്പെട്ടിരുന്നത് . തൊഴിയൂര്‍ ഉസ്താദിന്റെ മെമ്മേറിയല്‍ വോള്യമായി പുറത്തിറക്കുന്ന ഈ ഗ്രന്ഥവും പ്രസ്തുത റഹ്മത്ത് പബ്ലിക്കേഷനു കീഴിലാണ് പ്രസിദ്ധീകരിക്കപ്പെടുന്നതെന് നത് ഒരു ചരിത്രനിയോഗമായിരിക്കാം.
തൃശൂര്‍ മുസ്ലിംകള്‍: ചരിത്രവും സമൂഹവും
ഡോ. മോയിന്‍ മലയമ്മ
പ്രസാധനം: റഹ്മത്ത് പബ്ലിക്കേഷന്‍ തൊഴിയൂര്‍, തൃശൂര്‍
വിതരണം: ബുക്പ്ലസ്, കോഴിക്കോട്
കോണ്ടാക്റ്റ്: 9562661133
Subscribe to:
Posts (Atom)