Tuesday, July 19, 2011

വിശുദ്ധ റമദാന്‍ കടന്നുവരുമ്പോള്‍- സി.എം. ഉസ്താദിന്റെ ലേഖനം

വിശുദ്ധ റമദാന്‍... ആത്മവിശുദ്ധിയുടെ ദിനരാത്രങ്ങള്‍


ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളായ അഞ്ചു കാര്യങ്ങളില്‍ നാലാമത്തെതാണ് റമദാന്‍ വ്രതം. അത് മുസ്‌ലിംകള്‍ക്ക് നിര്‍ബന്ധമായ ഇബാദത്താണ്. ഹിജ്‌റ രണ്ടാം വര്‍ഷം ശഅബാന്‍ മാസത്തിലാണ് റമദാന്‍ വ്രതം ആദ്യമായി നിര്‍ബന്ധമാക്കപ്പെട്ടത്. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു:

''സത്യവിശ്വാസികളെ, നിങ്ങളുടെ മുന്‍കാമികള്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടതുപോലെ നിങ്ങള്‍ക്കും പ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഭയാനുസാരികള്‍ വേണ്ടി'' (2:183)

വ്രതാനുഷ്ഠാനത്തിന്റെ ലക്ഷ്യങ്ങളില്‍ ഏറ്റവും മുഖ്യമായതാണ് തഖ്‌വയെന്ന് ഈ സൂക്തത്തില്‍ നിന്നും വ്യക്തമാകുന്നു. തഖ്‌വയില്ലാത്ത വ്രതാനുഷ്ഠാനത്തിന് വലിയ നേട്ടമൊന്നുമില്ല. പകല്‍ സമയങ്ങളില്‍ ഭക്ഷണ പാനീയാദികങ്ങള്‍ ഒഴിച്ചുകൊണ്ടും വിവിധങ്ങളായ വികാര മോഹങ്ങള്‍ അടക്കി അമര്‍ത്തിക്കൊണ്ടും അതേയവസരം സദ്‌വിചാരങ്ങളിലും സുകൃതങ്ങളിലും വ്യാപൃതരായിക്കൊണ്ടും രാത്രികളില്‍ തറാവീഹ് നിസ്‌കാരം തുടങ്ങിയ ഇബാദത്തുകള്‍ ദീര്‍ഘനേരം നടത്തിക്കൊണ്ടും തുടര്‍ച്ചയായി ഒരു മാസം ചെലവഴിക്കുന്ന ഏതൊരു സത്യവിശ്വാസിയിലും ആത്മശുദ്ധിയും ഭക്തിയും വര്‍ധിക്കാതിരിക്കുകയില്ല. വ്രതാനുഷ്ഠാനത്തിന്റെ ഈ ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള ചില വ്യവസ്ഥകളും നിയമങ്ങളും ഇസ്‌ലാം നിര്‍ദ്ദേശിച്ചിട്ടുണ്ട്. റസൂലുല്ലാഹി (സ്വ) അരുള്‍ ചെയ്തിരിക്കുന്നു: നിങ്ങളിലൊരാള്‍ക്ക് വ്രതാനുഷ്ഠാന ദിനം വന്നാല്‍ ദുഷിച്ച വാക്കുകള്‍ പറയുകയോ അനാവശ്യം സംസാരിക്കുകയോ ചെയ്യരുത്. അവനെ വല്ലവനും ചീത്തപറയുകയോ കയ്യേറ്റം ചെയ്യാന്‍ ഒരുമ്പെടുകയോ ചെയ്താന്‍ താന്‍ നോമ്പുകാരനാണെന്ന് പറഞ്ഞുകൊള്ളട്ടെ. (ബുഖാരി, മുസ്‌ലിം)

നോമ്പിന്റെ യഥാര്‍ഥ ഫലം കൈവരുത്തുവാന്‍ സാധിക്കണമെങ്കില്‍ ബഹുവന്ദ്യരായ ഗസ്സാലി ഇമാം അടക്കമുള്ള മഹാരഥന്മാര്‍ എടുത്തുപറഞ്ഞിട്ടുള്ള മര്യാദകള്‍ പാലിക്കേണ്ടതി ഇത്യന്താപേക്ഷിതമാണ്. അവര്‍ രേഖപ്പെടുത്തിയ ആറു കാര്യങ്ങള്‍ ഇവിടെ ചുരുക്കി വിവരിക്കാം:

ഒന്നാമത്തെത്, നോമ്പുകാരന്‍ തന്റെ നോട്ടം അസ്ഥാനത്തു പതിയുന്നതില്‍നിന്നും സൂക്ഷിക്കുകയെന്നതാണ്. നോമ്പുസമയങ്ങളില്‍ തങ്ങളുടെ ഭാര്യയുടെ നോരെപോലും വികാരത്തോടെ ദൃഷ്ടി പായിക്കരുതെന്ന് പറയപ്പെട്ടിരിക്കുന്നു. എന്നിരിക്കെ അന്യസ്ത്രീകളെപ്പറ്റി പറയേണ്ടതില്ലല്ലോ. കളി തമാശ പോലത്തോ കാര്യങ്ങളിലേക്കും നോട്ടം പതിയാതെ സൂക്ഷിക്കണം. 'നോട്ടം ഇബ്‌ലീസിന്റെ അസ്ത്രങ്ങളില്‍നിന്നുള്ള ഒരു അസ്ത്രമാണ്; അല്ലാഹുവിനെക്കുറിച്ചുള്ള ഭയംകൊണ്ട് ഒരാള്‍ അതിനെ സൂക്ഷിക്കുകയാണെങ്കില്‍ അല്ലാഹു അവന് ഈമാനിന്റെ പ്രകാശം പ്രദാനം ചെയ്യുന്നതാകുന്നു. അതിന്റെ മധുരവും രുചിയും അവന്റെ ഹൃദയത്തില്‍ ഉടന്‍തന്നെ അനുഭവപ്പെടുന്നതുമാണ്.' എന്ന് പ്രവാചകര്‍ അരുള്‍ ചെയ്തിട്ടുണ്ട്.

നാവിനെ സൂക്ഷിക്കലാണ് രണ്ടാമത്തെ കാര്യം. കളവ്, ഏഷണി, അനാവശ്യ സംസാരം, പരദൂഷണം, വൈരാഗ്യത്തോടുകൂടിയുള്ള വാക്കുകള്‍ മുതലായ എല്ലാറ്റില്‍നിന്നും നോമ്പുകാരന്‍ നാവിനെ സൂക്ഷിക്കണം.

മൂന്നാമത്തെ സംഗതി കര്‍ണ്ണത്തെ സൂക്ഷിക്കലാണ്. നാവുകൊണ്ട് പറയല്‍ നിരോധിക്കപ്പെട്ട എല്ലാ കാര്യങ്ങളും ശ്രവിക്കലും പാടില്ലാത്തതാണ്. പരദൂശണം ശ്രവിക്കുന്നവനും അതു പറയുന്നവനും പാപത്തില്‍ തുല്യരാണ് എന്ന് നബി തങ്ങള്‍ പറഞ്ഞിരിക്കുന്നു.

നാലാമത്തെ കാര്യം മറ്റെല്ലാ അവയവങ്ങളെയും സൂക്ഷിക്കലാണ്. നിരോധിക്കപ്പെട്ട വസ്തുവിനെ പിടിക്കുന്നതില്‍നിന്ന് കൈയിനെയും തടയപ്പെട്ട സ്ഥലത്തെക്ക് പോകുന്നതില്‍നിന്ന് കാലിനെയും സൂക്ഷിക്കണം. അതുപോലെ, ശരീരത്തിലെ മറ്റേതു അവയവങ്ങളെയും നിരോധിത കാര്യങ്ങള്‍ പ്രവര്‍ത്തച്ചുപോകുന്നതില്‍നിന്നും തടഞ്ഞുനിര്‍ത്തണം. ഹറാമായ ഭക്ഷണം കഴിച്ചുപോകുന്നതില്‍നിന്നും ഉദരത്തെ സൂക്ഷിക്കണം.

നോമ്പുകാരന്‍ സൂക്ഷിക്കേണ്ട അഞ്ചാമത്തെ കാര്യം നോമ്പു തുറക്കുമ്പോള്‍ ഹലാലായ ഭക്ഷണം തന്നെയായാലും അമിതമായി വയര്‍ നിറക്കാതിരിക്കുകയെന്നതാണ്. അതുകൊണ്ട് നോമ്പിന്റെ ഉദ്ദേശ്യ ലക്ഷ്യം നഷ്ടമായിപ്പോകുമെന്നത് സത്യമത്രെ. ശാരീരിക ഇച്ഛകളെയും മൃഗീയ സ്വഭാവങ്ങളെയും അകറ്റിയമര്‍ത്തി മലകിയ്യായ സ്വഭാവത്തെയും പ്രകാശത്തെയും ഊട്ടിയുറപ്പിക്കുകയും വര്‍ധിപ്പിക്കുകയും ചെയ്യുകയെന്ന പരിപാവനമായ ലക്ഷ്യം വ്രതാനുഷ്ഠാനം വഴി സാധിക്കേണ്ടതുണ്ട്. അതിനുവേണ്ടി രാത്രി സമയത്തായാലും അമിതാഹാരം ഉപേക്ഷിക്കേണ്ടത് അനിവാര്യമാണ്.

ആറാമത്തെ കാര്യം, നോമ്പു നോറ്റ ശേഷം അത് അല്ലാഹുവിന്റെ അടുക്കല്‍ സ്വീകരിക്കപ്പെട്ടിരിക്കുമോ എന്ന ഭയം നിലനിര്‍ത്തലാണ്. മറ്റെല്ലാ ഇബാദത്തുകള്‍ക്കു ശേഷവും ആവശ്യമായ ഒരു കാര്യമാണിത്. നിയ്യത്ത് ദോഷംകൊണ്ട് പല ഇബാദത്തുകളും അല്ലാഹുവിന്റെ അടുത്ത് സ്വീകരിക്കപ്പെടാതെ തള്ളപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍, വ്രതാനുഷ്ഠാനങ്ങളിലും മറ്റെല്ലാ ആരാധനകളിലും ഇഖ്‌ലാസ് നിലനിര്‍ത്താന്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടതാണ്.
ഇവയില്‍ പലതും നോമ്പുകാരല്ലാത്തവര്‍ക്കും അത്യാവശ്യമാണെങ്കിലും നോമ്പുകാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അവയെല്ലാം സൂക്ഷിക്കുകയും ശ്രദ്ധിക്കുകയും ചെയ്തുകൊണ്ടുള്ള വ്രതാനുഷ്ഠാനം ഏറ്റവും ഫലപ്രദമായിരിക്കുമെന്നതില്‍ സന്ദേഹമില്ല.

റമദാന്‍ വ്രതം സ്ഥിരപ്പെടല്‍

ശഅബാന്‍ മുപ്പത് ദിവസം പൂര്‍ത്തിയാവല്‍കൊണ്ടും റമദാന്‍ മാസപ്പിറവി കാണല്‍കൊണ്ടും നോമ്പ് നിര്‍ബന്ധമാകുന്നതാണ്. ശഅബാന്‍ മുപ്പത് പൂര്‍ത്തിയാവാതെയും നഗ്ന ദൃഷ്ടിക്കു ചന്ദ്രമാസപ്പിറവി ഗോചരീഭവിക്കാതെയും കണക്കിനെ ആധാരമാക്കി ഉദയ സാധ്യതയുണ്ടെന്ന നിഗമനത്തില്‍ മാസപ്പിറവി നിര്‍ണ്ണയം  നടത്തുന്നത് ഇസ്‌ലാമികമല്ല. 'റമദാന്‍ മാസപ്പിറവി കണ്ടാല്‍ നിങ്ങള്‍ നോമ്പനുഷ്ഠിക്കുക; മേഘാവൃതമാണെങ്കില്‍ നിങ്ങള്‍ ശഅബാന്‍ മുപ്പത് പൂര്‍ത്തിയാക്കുക' എന്ന അനിഷേധ്യ നബി വചനം ഇക്കാര്യം സുവ്യക്തമാക്കുന്നുണ്ട്.

മാസപ്പിറവി കണ്ടതായി ശറഇയ്യായ ഖാസിയുടെ മുമ്പില്‍ സ്ഥിരീകൃതമായാല്‍ മാസാരംഭം സാര്‍വത്രികമാവുകയും എല്ലാവര്‍ക്കും നോമ്പ് നിര്‍ബന്ധമാവുകയും ചെയ്യും. റമദാന്‍ മാസം ഖാസിയുടെ അടുക്കല്‍ സ്ഥിരപ്പെടാന്‍ വിശ്വാസ യോഗ്യനായ ഒരു പുരുഷന്റെ സാക്ഷി മതിയാകുന്നതാണ്. എന്നാല്‍, ശവ്വാല്‍ അടക്കമുള്ള മറ്റു മാസങ്ങള്‍ സ്ഥിരപ്പെടാന്‍ രണ്ടു സാക്ഷികള്‍ തന്നെ ആവശ്യമാണ്. ഒരു നാട്ടില്‍ റമദാന്‍ മാസപ്പിറവി സ്ഥിരപ്പെട്ടു കഴിഞ്ഞാല്‍ ഉദയസ്ഥാനം മാറ്റമില്ലാത്ത, മാസം സ്ഥിരീകരിച്ച ഖാസിയുടെ കീഴിലുള്ള, അയല്‍ നാട്ടുകാര്‍ക്കും അത് സ്വീകരിക്കല്‍ നിര്‍ബന്ധമാണ്. മാസപ്പിറവിയെ സംബന്ധിച്ച് ഉദയാസ്തമയ മാറ്റം എന്താണെന്ന് അറിയണമെല്ലോ. ഇതിനെക്കുറിച്ച് ഇബ്‌നു ഹജറുല്‍ ഹൈത്തമീ (റ) തുഹ്ഫയില്‍ എഴുതിയത് ഇങ്ങനെയാണ്: 'മാസപ്പിറവി ഒരിടത്തു കണ്ടാല്‍ മിക്കവാറും മറ്റെ സ്ഥലത്ത് കാണാതിരിക്കുന്ന വിധം രണ്ടു ദിക്കുകള്‍ തമ്മില്‍ അകന്നിരിക്കലാണ്' (ഉദയാസ്തമയത്തില്‍ മാറ്റമുണ്ടായിരിക്കുകയെന്നതിന്റെ വിവക്ഷ.) ഇതിനൊരു വിശദീകരണമെന്നോണം അല്ലാമാ ബാമഖ്‌റമ (റ) യുടെ വാക്കുകള്‍ ഇവിടെ ഉദ്ദരിക്കാം: രണ്ടു ദിക്കുകള്‍ തമ്മില്‍ രാപ്പകലിന്റെ കാര്യത്തില്‍ എട്ടു ഡിഗ്രി (32 മിനുട്ട്) യോ കുറവോ വ്യത്യാസമാണുള്ളതെങ്കില്‍ അത്തരം രണ്ടു ദിക്കുകള്‍ ഉദയാസ്തമനം വ്യത്യാസമില്ലാത്തതാണ്. മറിച്ച്, വര്‍ഷത്തില്‍ ഏതെങ്കിലും ഒരു കാലത്ത് മേല്‍പറഞ്ഞതിലധികം വ്യത്യാസമുണ്ടായാല്‍ അവ ഉദയാസ്തമനത്തില്‍ മാറിയവയോ സംശയത്തിന്റെ പരിധിയില്‍ പെട്ടവയോ ആയ നാടുകളാണ്.' (ഖയ്യാത്ത്) സംശയാസ്പദമായതിന് ഉദയാസ്തമനത്തില്‍ മാറ്റമുള്ള നാടുകളുടെ വിധിയാണുള്ളതെന്നത് സ്മര്യമത്രെ.

നോമ്പെടുക്കേണ്ടവര്‍ ആരൊക്കെ?

ശറഇന്റെ മറ്റു വിധികള്‍ പോലെ ബുദ്ധി സ്ഥിരതയുള്ളവരും പ്രായപൂര്‍ത്തിയെത്തിയവരുമായ ആളുകള്‍ക്കാണ് റമദാന്‍ നോമ്പ് നിര്‍ബന്ധമുള്ളത്. ഇവിടെ അല്‍പം വിശദീകരണം ആവശ്യമാണ്. യാത്രക്കാര്‍ക്കും  നോമ്പ് നോല്‍ക്കല്‍ വിഷമമുള്ള രോഗികള്‍ക്കും റമദാനില്‍തന്നെ നോമ്പനുഷ്ഠിക്കല്‍ നിര്‍ബന്ധമില്ല. നോനമ്പ് ഉപേക്ഷിക്കാം. പക്ഷെ, പിന്നീട് അത് നിര്‍വഹിച്ച് ബാധ്യത തീര്‍ക്കണം. വിഷമമൊന്നും തോന്നുന്നില്ലെങ്കില്‍ യാത്രാവേളയില്‍ നോമ്പനുഷ്ഠിക്കലാണ് യാത്രക്കാരന് നല്ലത്. പക്ഷെ, നിര്‍ബന്ധമില്ല. ആര്‍ത്തവ രക്തവും പ്രസവ രക്തവും വന്നുകൊണ്ടിരിക്കുന്ന കാലമാണെങ്കില്‍ സ്ത്രീകള്‍ നോമ്പെടുക്കല്‍ ഹറാമാണ്. റമദാന്‍ കഴിഞ്ഞു ശുദ്ധി കാലം വന്നാല്‍ വിട്ടുപോയ എണ്ണം പൂര്‍ത്തിയാക്കണം. ഗര്‍ഭിണികളും മുലകൊടുക്കുന്ന സ്ത്രീകളും കുട്ടിക്ക് ദോഷം വരുമെന്ന് കണ്ടാല്‍ നോമ്പ് ഉപേക്ഷിക്കുന്നതിന് വിരോധമില്ല. പക്ഷെ, ഖളാ വീട്ടുകയും അതിനുപുറമെ ഫിദ്‌യ നല്‍കുകയും വേണം. ഒരു നോമ്പിന് ഒരു മുദ്ദ് ഭക്ഷണ പദാര്‍ത്ഥം  പ്രദാനം ചെയ്യുകയാണ് ഫിദ്‌യ. വാര്‍ധക്യംകൊണ്ടോ തീരാ രോഗംകൊണ്ടോ കഷ്ടപ്പെടുന്നവര്‍ മോചനം അപ്രതീക്ഷിതമായി കണ്ടാല്‍ നോമ്പനുഷ്ഠിക്കേണ്ടതില്ല. പകരം ഒരു നോമ്പിന് ഒരു മുദ്ദ് എന്ന ഫിദ്‌യ ദാനമായി നല്‍കിയാല്‍ മതി. ഖളാ വീട്ടുന്ന പ്രശ്‌നവുമില്ല.

നോമ്പുള്ള സ്ഥിതിയില്‍ പ്രായപൂര്‍ത്തിയിലെത്തുകയോ രോഗം മാറുകയോ യാത്ര അവസാനിക്കുകയോ ചെയ്താല്‍ നോമ്പ് മുറിക്കാന്‍ പാടില്ല. പൂര്‍ത്തിയാക്കല്‍ നിര്‍ബന്ധമാണ്. നോമ്പില്ലാത്ത സ്ഥിതിയിലാണ് ഇവയുണ്ടായതെങ്കില്‍ നോമ്പുകാരെപ്പോലെ പിടിച്ചുനില്‍ക്കല്‍ സുന്നത്താണ്. അതുപോലെ പകല്‍ സമയത്ത് ആര്‍ത്തവം, പ്രസവ രക്തം എന്നിവ അവസാനിച്ചവര്‍ക്കും ഭ്രാന്ത് മാറിയവര്‍ക്കും ഇസ്‌ലാമില്‍ പ്രവേശിച്ചവര്‍ക്കും പിടിച്ചുനില്‍ക്കല്‍ സുന്നത്തുണ്ട്.

വ്രതമനുഷ്ഠിക്കേണ്ടത് എങ്ങനെ?

ഓരോ നോമ്പിനു വേണ്ടിയും രാത്രിയില്‍ നിയ്യത്ത് ചെയ്യുക. അഥവാ,  നാളെ താന്‍ നോമ്പു നോല്‍കുന്നതാണെന്ന് മനസ്സില്‍ ഉറപ്പിക്കുക. ഫജ്‌റ് (പ്രഭാതം) മുതല്‍ അസ്തമാനം വരെ നോമ്പിനെ വിനാശപ്പെടുത്തുന്ന കാര്യങ്ങള്‍ ചെയ്യാതെ സൂക്ഷിക്കുക. ഇതാണ് നോമ്പെടുക്കുന്നതിന്റെ സംക്ഷിപ്ത രൂപം. നോമ്പിന്റെ രണ്ടു ഫര്‍ളുകളും ഇവ തന്നെ.

എല്ലാ ഓരോ നോമ്പിനും പ്രത്യേകം നിയ്യത്ത് വേണം. റമദാന്‍ തുടങ്ങുമ്പോള്‍ തന്നെ ഈ മാസത്തിലെ എല്ലാ നോമ്പും ഞാന്‍ അനുഷ്ഠിക്കുന്നതാണെന്ന് മൊത്തത്തില്‍ കരുതിയാല്‍ പോരാ. (അത് മതിയെന്നാണ് മാലികീ മദ്ഹബില്‍ പറയുന്നത്.) ഫര്‍ള് നോമ്പുകളുടെ നിയ്യത്ത് രാത്രിയില്‍തന്നെ ആയിരിക്കണമെന്നത് നിര്‍ബന്ധമുണ്ട്. രാത്രിയില്‍ നിയ്യത്ത് ചെയ്യാത്തവര്‍ക്ക് നോമ്പില്ലെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട്.  അബൂ ഹനീഫ (റ) വിന്റെ അഭിപ്രായത്തില്‍ കാലത്ത് നിയ്യത്ത് ചെയ്താലും മതിയാവുന്നതാണ്. സുന്നത്ത് നോമ്പാണെങ്കില്‍ ശാഫിഈ മദ്ഹബും ഇതുതന്നെയാണ് പറയുന്നത്. ഏത് നോമ്പാണ് നോല്‍ക്കുന്നതെന്ന് വക തിരിക്കല്‍ ആവശ്യമാണ്. അദാഓ ഖളാഓ എന്നതും വ്യക്തമാക്കണം. റമദാന്‍ നോമ്പിന്റെ നിയ്യത്തിന്റെ പരിപൂര്‍ണ്ണ രൂപം ഇങ്ങനെ:
''ഈ കൊല്ലത്തിലെ റമദാന്‍ മാസത്തിലെ നിര്‍ബന്ധ നോമ്പിനെ അദാആയി, അല്ലാഹുവിന് വേണ്ടി, നാളെ നിര്‍വ്വഹിക്കുവാന്‍ ഞാന്‍ കരുതി.''
''റമദാനിലെ നാളത്തെ നോമ്പിനെ ഞാന്‍ കരുതി'' എന്നു മാത്രമായാലും നിയ്യത്ത് മതിയാകുന്നതാണ്. നിയ്യത്ത് ചെയ്യുമ്പോള്‍ നോമ്പിന്റെ രൂപം മനസ്സില്‍ കൊണ്ടുവരണം. നിയ്യത്ത് മനസ്സില്‍ മാത്രമേ നിര്‍ബന്ധമുള്ളൂ. വാക്കാല്‍ കൊണ്ടുവരല്‍ സുന്നത്താണ്.

നോമ്പിനെ മുറിക്കുന്ന കാര്യങ്ങള്‍

നോമ്പിന്റെ രണ്ടാമത്തെ ഫര്‍ള് നോമ്പിനെ അസാധുവാക്കുന്ന കാര്യങ്ങളെ വര്‍ജ്ജിക്കലാണെന്ന് പറഞ്ഞുവെല്ലോ. നോമ്പിനെ അസാധുവാക്കുന്ന കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് വിവരിക്കാം:
1. സംയോഗം: ഇന്ദ്രിയ സ്ഖലനമുണ്ടായില്ലെങ്കിലും വെറും സംയോഗം തന്നെ നോമ്പിനെ അസാധുവാക്കുന്നതാണ്. മനുഷ്യേതര ജന്തുക്കളുടെ ഗുഹ്യസ്ഥാനങ്ങളിലായാലും നോമ്പ് മുറിയും.
2. ശുക്ലസ്ഖലനമുണ്ടാക്കല്‍: ഏത് തരം പ്രവര്‍ത്തനങ്ങള്‍കൊണ്ടും ശുക്ലസ്ഖലനമുണ്ടാക്കിയാല്‍ നോമ്പ് ദുര്‍ബലപ്പെടുന്നതാണ്. ചിന്ത, സ്വപ്നം എന്നിവ കാരണം സ്ഖലനം സംഭവിച്ചാല്‍ നോമ്പ് മുറിയില്ല.
3. മന:പൂര്‍വം ഛര്‍ദ്ദിക്കല്‍ മുഖേന നോമ്പ് മുറിയും. സ്വമേധയാ ഛര്‍ദ്ദിയുണ്ടായാല്‍ കുഴപ്പമില്ല.
4. വായു അല്ലാത്ത ഏതെങ്കിലും വസ്തു അകത്തുവന്നുചേര്‍ന്നാല്‍ നോമ്പ് മുറിയും. എന്നാല്‍, ഇങ്ങനെ വന്നു ചേരുന്നത് ശരീരത്തിലെ തുറക്കപ്പെട്ട ദ്വാരത്തില്‍കൂടിയായിരിക്കണം. രോമകൂപങ്ങളില്‍കൂടി വല്ലതും കടന്നാല്‍ നോമ്പ് മുറിയുകയില്ല. വായ, മൂക്ക്, ചെവി, മുലക്കണ്ണ്, മലദ്വാരം എന്നീ മാര്‍ഗങ്ങളിലൂടെ  ദ്രവ ഖര വസ്തുക്കള്‍ ഉള്ളിലെത്തല്‍കൊണ്ട് നോമ്പ് മുറിയും. ബീടി, സിഗരറ്റ്, ചുരുട്ട് മുതലായവയുടെ പുകയില്‍ തടിയുള്ള വസ്തുകൂടി അടങ്ങിയിരിക്കുന്നതിനാല്‍ ആ പുക അകത്ത് കടന്നാലും നോമ്പ് മുറിയുമെന്നതില്‍ സംശയമില്ല. തലക്കോ വയറിനോ ഏറ്റ മുറിവുകളില്‍ക്കൂടി തലച്ചോറിലേക്കോ വയറ്റകത്തിലേക്കോ ചെന്നു ചേര്‍ന്നാലും നോമ്പ് മുറിയും. 'അകത്തേ'ക്ക് ചെല്ലാതെ മാംസത്തിലോ ഞരമ്പിലോ മാത്രം താഴ്ത്തുന്ന ഇഞ്ചക്ഷന്‍ മൂലം നോമ്പ് മുറിയുകയില്ല.

പകല്‍ മുഴുവന്‍ ഉറങ്ങിയത്‌കൊണ്ട് നോമ്പ് ഇല്ലാതാവുകയില്ല. എന്നാല്‍, പകല്‍ മുഴുവന്‍ ബോധക്ഷയമോ മത്തോ പിടിപെട്ടാല്‍ നോമ്പ് കിട്ടുകയില്ല. ഭ്രാന്ത് അല്‍പനേരം ഉണ്ടായാലും നോമ്പ് മുറിഞ്ഞുപോകും.

സുന്നത്തുകള്‍

പ്രഭാതത്തിനു മുമ്പ് അത്താഴം കഴിക്കല്‍ സുന്നത്താണ്. രാത്രി പാതിരാ കഴിഞ്ഞ ശേഷം അല്‍പം വെള്ളം കുടിച്ചാലും ഇത് സാധ്യമാകും. ഈത്തപ്പഴം, കാരക്ക എന്നിവകൊണ്ടായിരിക്കല്‍ സുന്നത്താണ്.  കഴിയുന്നത്ര പിന്തിപ്പിക്കലും നല്ലതുതന്നെ. പക്ഷെ, പ്രഭാതം വന്നുകഴിഞ്ഞുവോ എന്ന സംശയത്തിന് ഇടവരത്തക്കവിധം പിന്തിപ്പിക്കരുത്. അത്താഴ സമയത്ത് സുഗന്ധം ഉപയോഗിക്കലും സുന്നത്താണ്. ജനാബത്തുണ്ടെങ്കില്‍ പ്രഭാതത്തിനു മുമ്പുതന്നെ കുളിക്കല്‍ നല്ലതാണ്. പക്ഷെ, നിര്‍ബന്ധമില്ല. പ്രഭാതത്തോടുകൂടിയാണ് നോമ്പിന്റെ ആരംഭം. നോമ്പു മുറിയുന്ന കാര്യങ്ങളെ സൂക്ഷിക്കുന്നതിനു പുറമെ ശറഇല്‍ അനുവദനീയമാണെങ്കിലും ശരീരേഛ പ്രേരിതമായ കാര്യങ്ങള്‍ കേള്‍ക്കുകയോ കാണുകയോ സുഗന്ധങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യാതിരിക്കണം. സുറുമ ഇടരുത്. ഉച്ചക്കു ശേഷം മിസ്‌വാക്ക് ചെയ്യാതിരിക്കുക. കളവ്, പരദൂഷണം, ഏഷണി, അസഭ്യം തുടങ്ങിയവ വര്‍ജ്ജിക്കുക. ഇവ കാരണം നോമ്പിന്റെ വീര്യം നഷ്ടപ്പെട്ടുപോകുന്നതാണ്. വിത്തുകള്‍ കൊറിക്കുകയോ ഭക്ഷണം രുചിനോക്കുകയോ ചെയ്യാതിരിക്കണം. ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടിരിക്കുകയും ഇഅ്തികാഫ് വര്‍ധിപ്പിക്കുകയും വേണം. ഒടുവിലത്തെ പത്തുദിവസങ്ങളില്‍ ഇഅ്തികാഫിന്റെ കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. മറ്റെല്ലാ ഇബാദത്തുകളും വര്‍ധിപ്പിക്കണം. ദാനധര്‍മങ്ങള്‍ കൂടുതലാക്കണം. ഇങ്ങനെ, സല്‍കര്‍മങ്ങള്‍ വ്യാപൃതനായി പകല്‍സമയങ്ങള്‍ മുഴുവന്‍ കഴിച്ചുകൂട്ടുകയാണ് വേണ്ടത്. സൂര്യാസ്തമനം ഉറപ്പായാല്‍ ഉടനെ നോമ്പ് മുറിക്കലാണ് സുന്നത്. മഗ്‌രിബ് നിസ്‌കാരത്തിന്റെ ജമാഅത്ത് നഷ്ടപ്പെട്ടുപോകില്ലെങ്കില്‍ നിസ്‌കാരത്തിന് മുമ്പുതന്നെ നോമ്പ് മുറിക്കുകയാണ് നല്ലത്. നോമ്പ് മുറിക്കുന്നത് കാരക്കകൊണ്ടായിരിക്കല്‍ സുന്നത്താണ്. ഇല്ലെങ്കില്‍ വെള്ളം മതി. നോമ്പ് തുറന്ന ഉടനെ ഇങ്ങനെ പറയണം:
''അല്ലാഹുമ്മ ലക സ്വുംതു വ അലാ രിസ്ഖിക അഫഥര്‍ത്തു'' (അല്ലാഹുവെ, നിനക്കു വേണ്ടി ഞാന്‍ വ്രതമനുഷ്ഠിച്ചു. നിന്റെ ആഹാരംകൊണ്ടുതന്നെ നോമ്പു മുറിച്ചു.)
വെള്ളംകൊണ്ടാണ് നോമ്പു മുറിച്ചതെങ്കില്‍ ഇങ്ങനെ പറയുക:
''ദഹബല്ലമഉ വബ്തല്ലത്തില്‍ ഉറൂഖു വ സബത്തല്‍ അജ്‌റു ഇന്‍ശാഅല്ലാഹ്'' (ദാഹം അകന്നു; ഞരമ്പുകള്‍ക്ക് നനവ് കിട്ടി; അല്ലാഹു ഉദ്ദേശിച്ചാല്‍ പ്രതിഫലവും സ്ഥിരമായി)
നോമ്പ് തുറപ്പിക്കലും തുറക്കാരോടൊപ്പം ആഹാരം കഴിക്കലും സുന്നത്തുണ്ട്. നോമ്പുകാര്‍ പാലിക്കേണ്ട മുറകള്‍ ഇനിയും ധാരാളമാണ്. ഇവിടെ എല്ലാം രേഖപ്പെടുത്തുന്നില്ല.


നോമ്പ് നിഷിദ്ധമായ ദിവസങ്ങള്‍

രണ്ടു പെരുന്നാള്‍ ദിനങ്ങളിലും ദുല്‍ഹിജ്ജ പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന് (അയ്യാമുത്തശ്‌രീഖ്) എന്നീ ദിവസങ്ങളിലും നോമ്പ് ഹറാമാണ്. ശക്കിന്റെ ദിവസങ്ങളിലും നോമ്പ് നിഷിദ്ധമാണ്. (ശഅബാന്‍ ഇരുപത്തിയൊമ്പത്; അങ്ങെങ്ങും മാസംകണ്ടെന്ന് കേട്ടുകേള്‍വി; പക്ഷെ, സ്ഥിരപ്പെട്ടിട്ടില്ല; ഖാസി പ്രഖ്യാപിച്ചിട്ടുമില്ല. ഇതാണ് യൗമുശ്ശക്ക് അഥവാ സംശയ ദിവസം.) ശഅബാന്‍ മാസം പാതിക്കുശേഷവും നോമ്പ് പാടില്ല. എന്നാല്‍, നേര്‍ച്ച, കഫ്ഫാറ, ഖളാ എന്നീ ഇനത്തിലുള്ളതാണെങ്കില്‍ അനുവദനീയമാണ്. അതുപോലെ മുമ്പ് പതിവാക്കിയ നാളുകളായതുകൊണ്ടോ പകുതിക്ക് മുമ്പുള്ളതിനോട് തുടര്‍ന്നുകൊണ്ടോ ആണെങ്കിലും ശഅബാന്‍ പകുതിക്ക് ശേഷം നോമ്പ് അനുവദനീയമാണ്.

തറാവീഹ് നിസ്‌കാരം

റമദാനില്‍ മാത്രം പ്രത്യേകമായി അനുഷ്ഠിക്കുവാനുള്ള ഒരു പ്രത്യേക നിസ്‌കാരമാണ് തറാവീഹ് നിസ്‌കാരം. ഇതിന് ഖിയാമു റമളാന്‍ (റമദാന്‍ നിസ്‌കാരം) എന്നും പേര് പറയും. റമദാനിലും അല്ലാത്ത കാലങ്ങളിലും സുന്നത്തുള്ള വിത്ര്‍ നിസ്‌കാരത്തിന്റെ ഭാഗം തന്നെയാണ് ഇതെന്ന് ചിലര്‍ പറയാറുണ്ട്. അത് തീരെ തെറ്റാണ്. റമദാനിലും മറ്റു കാലങ്ങളിലും വിത്ര്‍ സുന്നത്താണ്. തറാവീഹ് റമദാനില്‍ മാത്രമേ സുന്നത്തുള്ളൂ. നബി (സ്വ) തങ്ങളും സ്വഹാബത്തും നാളിതുവരെയുള്ള മുസ്‌ലിംലോകവും അനുവര്‍ത്തിച്ചുപോന്ന സമ്പ്രദായം ഇതുതന്നെയാണ്.

തറാവീഹ് നിസ്‌കാരത്തിന്റെ റകഅത്തുകളുടെ എണ്ണം ഇരുപതാണ്. ഈരണ്ട് റകഅത്തുകളായിട്ടാണ് നിര്‍വഹിക്കേണ്ടത്. അതിനാല്‍, പത്തു പ്രാവശ്യം സലാം വീട്ടിക്കൊണ്ടാണ് പൂര്‍ത്തിയാക്കേണ്ടത്. ഓരോ റകഅത്തിലും ഫാത്തിഹാ ഓതിയ ശേഷം സൂറത്ത് ഓതല്‍ സുന്നത്തുണ്ട്. ഒരു റമദാനിലെ തറാവീഹില്‍ ഒരു ഖത്തം പൂര്‍ത്തിയാകുന്ന തരത്തില്‍ ഖുര്‍ആനിനെ ഭാഗിച്ച് ഓരോ റകഅത്തിലും ഫാത്തിഹാക്കു ശേഷം ആവശ്യത്തിന് ഓതുന്നതാണ് ഏറെ ഉത്തമം.

തറാവീഹ് ഇരുപത് റക്അത്താണെന്നതില്‍ മഹാരഥന്മാരായ ഫുഖഹാക്കള്‍ക്കിടയില്‍ തര്‍ക്കമില്ല. ഉമര്‍ (റ) വിന്റെ കാലത്ത് ഇക്കാര്യത്തില്‍ ഏകാഭിപ്രായക്കാരായിരുന്നുവെന്നു തെളിഞ്ഞിട്ടുണ്ട്. മുല്ലാ അലിയ്യുല്‍ ഖാരീ ഇപ്രകാരം എഴുതുന്നു: 'അത് (തറാവീഹ്) ഇരുപത് റക്അത്താണെന്നത് ഖുലഫാഉര്‍റാശിദയുടെ നടപടിയാണ്. എന്റെ ഖുലഫാഉര്‍റാശിദയുടെയും ചര്യ മുറുകെ പിടിക്കുകയെന്ന നബി വചനം അവരുടെ നടപടി സ്വീകരിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. അപ്പോള്‍ ഇരുപത് റക്അത്ത് സുന്നത്താണെന്നു വന്നു. മശാഇഖുമാരുടെ വാക്കുകളും ഇരുപത് റക്അത്താണെന്ന് തെളിയിക്കുന്നു.'' (മിര്‍ഖാത്ത്)
തറാവീഹ് എട്ടു റക്അത്ത് മാത്രമേയുള്ളൂവെന്ന് വാദിക്കുന്ന ചില ഉല്‍പത്തിഷ്ണുക്കള്‍ ഇക്കാലത്ത്  പുറപ്പെട്ടിരിക്കുന്നതുകൊണ്ടാണ് ഇത് അല്‍പം ദീര്‍ഘിച്ചു പറയേണ്ടിവന്നത്. പല തെറ്റുദ്ധാരണകളില്‍നിന്നും ഉടലെടുത്തതാണ് ആ വാദം. അത് തീര്‍ത്തും അവഗണനീയം തന്നെ.
റമദാന്‍ മാസത്തിന്റെ മറ്റൊരു പ്രത്യേകത റമദാന്‍ പതിനാറാം രാവ് മുതല്‍ വിത്ര്‍ നിസ്‌കാരത്തിലെ അവസാന റക്അത്തില്‍ ഖുനൂത്ത് സുന്നത്തുണ്ട് എന്നതാണ്.

ലൈലത്തുല്‍ ഖദ്ര്‍

റമദാന്‍ മാസത്തിലെ ഇബാദത്തുകള്‍ക്ക് മറ്റു കാലത്തെതിനെക്കാള്‍ എഴുപതിരട്ടി കൂടുതല്‍ പ്രതിഫലം കിട്ടുന്നതാണ്. എന്നാല്‍, ഇതിലും എത്രയോ അധികം പ്രതിഫലം ലഭ്യമാകുന്ന ഒരു രാത്രികൂടി റമദാനിലുണ്ട്. അതാണ് ലൈലത്തുല്‍ ഖദ്ര്‍. റമദാനിലെ ഏതു രാത്രിയിലാണ് ഇതെന്ന് നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ല. റമദാന്‍ 21, 23, 25, 27, 29 എന്നീ രാവുകളില്‍ ഏതെങ്കിലുമൊന്നില്‍ ആകാനാണ് കൂടുതല്‍ സാധ്യത. എല്ലാ വര്‍ഷവും ഒരേ തിയ്യതിക്ക് ആവണമെന്നുമില്ല. മാറി വരികയും ചെയ്യാം. ഇതാണ് ഈ വിഷയത്തില്‍ പണ്ഡിതാഭിപ്രായങ്ങള്‍ക്കിടയിലെ രത്‌നച്ചുരുക്കം. ലൈലത്തുല്‍ ഖദ്‌റിന് ആയിരം മാസത്തെക്കാള്‍ ശ്രേഷ്ഠതയുണ്ടെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ഈ സമുദായത്തിന് അല്ലാഹു നല്‍കിയ ഒരു പ്രത്യേക സമ്മാനമാണതെന്ന് നബി (സ്വ) പ്രസ്താവിച്ചിട്ടുമുണ്ട്.
പെരുന്നാള്‍

ഈദുല്‍ ഫിഥ്ര്‍, ഈദുല്‍ അസ്ഹാ എന്നിങ്ങനെ രണ്ടു പെരുന്നാളുകളാണ് നമുക്കുള്ളത്. രണ്ടിലും പെരുന്നാള്‍ നിസ്‌കാരവും പെരുന്നാള്‍ ഖുഥുബയും സുന്നത്താണ്. ഇതിനു പുറമെ ഈദുല്‍ ഫിഥറില്‍ സദകത്തുല്‍ ഫിഥറും ഈദുല്‍ അസ്ഹയില്‍ ഉള്ഹിയ്യത്തും പ്രധാന അമലാണ്. ഫിഥര്‍ സക്കാത്ത് നിര്‍ബന്ധവുമാണ്.

റമദാന്‍ വ്രതത്തിന്റെ പരിസമാപ്തി കുറിച്ചുകൊണ്ടാണ് ഈദുല്‍ ഫിഥര്‍ വരുന്നത്. ശവ്വാല്‍ മാസം ഒന്നിനു വരുന്ന ഈദുല്‍ ഫിഥറില്‍ ചെയ്യുവാനുള്ള പ്രധാന കാര്യങ്ങള്‍ ഇവിടെ സംഗ്രഹിക്കാം:

1. സദക്കത്തുല്‍ ഫിഥര്‍: ഇത് രാവിലെ പെരുന്നാള്‍ നിസ്‌കാരത്തിനു മുമ്പുതന്നെ കൊടുത്തുവീട്ടണം. നിസ്‌കാരത്തെക്കാള്‍ പിന്തിക്കല്‍ കറാഹത്തും പെരുന്നാള്‍ പകലിനെ വിട്ടു പിന്തിക്കല്‍ ഹറാമുമാണ്. പിന്തിച്ചാല്‍ കടം വീട്ടല്‍ നിര്‍ബന്ധവുമാണ്. ഓരോരുത്തരും തനിക്കംതാന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായ ആളുകള്‍ക്കും വേണ്ടി ഫിഥര്‍ സക്കാത്ത് കൊടുക്കേണ്ടതാണ്. നാട്ടിലെ പ്രധാന ആഹാര സാധനങ്ങളാണ് കൊടുക്കേണ്ടത്. ഉദാഹരണത്തിന് നമ്മുടെ നാട്ടില്‍ അരി. ഒരാള്‍ക്കു വേണ്ടി ഒരു സ്വാഅ് കൊടുക്കണം. ഇത് ലിറ്റര്‍ കണക്കില്‍ സുമാര്‍ മൂന്നു ലിറ്ററും ഇരുന്നൂറ് മില്ലി ലിറ്ററും വരും. സക്കാത്ത് വാങ്ങാന്‍ അര്‍ഹരായ ആളുകള്‍ക്ക് തന്നെയാണ് ഫിഥര്‍ സക്കാത്തും നല്‍കേണ്ടത്. എന്നാല്‍, ഫിഥര്‍ സക്കാത്ത് കൊടുക്കാനുള്ള ബാധ്യതയുണ്ടാകണമെങ്കില്‍ ധന സക്കാത്തിന് ബാധ്യതയുള്ള ആളായിരിക്കണമെന്നില്ല. പെരുന്നാള്‍ പകലിലെയും തുടര്‍ന്നുവരുന്ന രാത്രിയിലെയും ആഹാര ചെലവുകള്‍, വസ്ത്രം, പാര്‍പിടം, ഭൃത്യന്‍, കടം എന്നിവ കഴിച്ച് ഭാക്കി വരുന്നവരെല്ലാം ഫിഥര്‍ സക്കാത്ത് കൊടുക്കാന്‍ ബാധ്യസ്ഥരാണ്. (കടം കണക്കിലെടുക്കേണ്ടതില്ലെന്നും അഭിപ്രായമുണ്ട്.) ആര്‍ക്കുവേണ്ടിയാണോ കൊടുക്കുന്നത് ആ ആള്‍ ഉള്ളിടത്താണ് വിതരണം ചെയ്യേണ്ടത്. ഉദാഹരണമായി ഭാര്യ കാസര്‍കോട്ടും ഭര്‍ത്താവ് ഗള്‍ഫിലുമാണെങ്കില്‍ ഭാര്യയുടെത് കാസര്‍കോട്ടും ഭര്‍ത്താവിന്റെത് ഗള്‍ഫിലും കൊടുക്കണം.

2. പെരുന്നാള്‍ നിസ്‌കാരം
റകഅത്തുകള്‍ രണ്ട്. സൂര്യോദയം മുതല്‍ മധ്യാഹ്നം വരെയ സമയം. ആദ്യത്തെ റകഅത്തില്‍ വജ്ജഹ്തുവിന് ശേഷം ഫാതിഹാക്കു മുമ്പ് ഏഴു തക്ബീറുകള്‍ ചൊല്ലണം. രണ്ടാമത്തെ റക്അത്തില്‍ ഫാത്തിഹഹാക്കു മുമ്പു ഉയര്‍ച്ചക്കു വേണ്ടിയുള്ള തക്ബീറിനു ശേഷം അഞ്ചു തക്ബീറുകളും വേണം. ഇമാമിനെപോലെത്തന്നെ മഅ്മൂമുകളും പ്രസ്തുത തക്ബീറുകള്‍ ഉറക്കെയാണ് പറയേണ്ടത്. ഈ തക്ബീറുകള്‍ക്കിടയില്‍  'സുബ്ഹാനല്ലാഹി വല്‍ഹംദു ലില്ലാഹി വലാഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബര്‍ വലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്' എന്നു പറയല്‍ നല്ലതാണ്. പെരുന്നാള്‍ നിസ്‌കാരത്തിനു ശേഷമാണ് പെരുന്നാള്‍ ഖുഥുബ.

സുന്നത്തു നോമ്പുകള്‍
റമദാനിലെ നിര്‍ബന്ധമായ നോമ്പുകള്‍ക്കു പുറമെ സുന്നത്തായ നോമ്പുകള്‍ വേറെയും കുറെയുണ്ട്. ദുല്‍ ഹിജ്ജ മാസം ഒമ്പതാം ദിവസത്തിലെ അറഫാ നോമ്പാണ് അവയില്‍ ഉല്‍കൃഷ്ടമായിട്ടുള്ളത്. ദുല്‍ഹിജ്ജ മാസം ഒന്നു മുതല്‍ എട്ടുവരെയുള്ള ദിവസങ്ങളിലും നോമ്പു സുന്നത്തുണ്ട്. പിന്നെ, മുഹര്‍റമാസം ഒമ്പത്, പത്ത് എന്നീ ദിവസങ്ങളിലും നോമ്പു സുന്നത്താണ്. ഇതിന് ക്രമപ്രകാരം താസൂആഅ്, ആശൂറാഅ് എന്നു പറയുന്നു. ശവ്വാല്‍ മാസത്തില്‍ ആറു നോമ്പുകളും സുന്നത്തുണ്ട്. ശവ്വാല്‍ രണ്ടു മുതല്‍ തുടര്‍ച്ചയായി നിര്‍വ്വഹിക്കലാണ് ഉത്തമം. അല്ലാതെയായാലും സുന്നത്ത് കിട്ടും. ശവ്വാല്‍ മാസത്തില്‍ ആകണമെന്നേയുള്ളൂ. എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും നോമ്പു സുന്നത്താണ്. എല്ലാ ചന്ദ്ര മാസവും 13, 14, 15 എന്നീ ദിവസങ്ങളിലും നോമ്പു സുന്നത്തുണ്ട്. വേറെയും ധാരാളം സുന്നത്തു നോമ്പുകള്‍ അനുഷ്ഠിക്കപ്പെടേണ്ടതായി കാണാവുന്നതാണ്.