Tuesday, January 8, 2013

കാലം കാത്തുവെച്ച പതന വഴികള്‍


മുസ്‌ലിം സമുദായത്തില്‍ ആവിര്‍ഭവിച്ച സര്‍വ്വ അവാന്തര വിഭാഗങ്ങളും അവതരിപ്പിച്ചത്‌ അത്യാകര്‍ഷണീയമായ വിശ്വാസവശങ്ങളായിരുന്നു. ജനക്കൂട്ടത്തെ സ്വാധീനിക്കാനും വലിയ സംഘമായി വളരാനും പല ബിദഈ കക്ഷികള്‍ക്കും സാധിച്ചുവെന്നത്‌ ചരിത്രപരമായ യാഥാര്‍ത്ഥ്യമാണ്‌. പക്ഷെ, അടിസ്ഥാനം പിഴച്ചതും വക്രീകരിക്കപ്പെട്ടതുമായതിനാല്‍ കാലപ്രവാഹത്തില്‍ കേവലം സോപ്പുകുമിളകളായി അകാലചരമമടഞ്ഞുവെന്ന്‌ മാത്രം. പരാവര്‍ത്തനം ചെയ്യുന്ന ഈ അധോഗതിയുടെ മടിത്തട്ടില്‍ ഇപ്പോള്‍ അകപ്പെട്ടിരിക്കുന്നത്‌ `വഹാബികളെന്നും' `സലഫി' കളെന്നും `മുജാഹിദു' കളെന്നുമൊക്കെ അറിയപ്പെടുന്ന പ്രസ്ഥാനമാണ്‌. `ശുദ്ധത്തൗഹീദ്‌' പ്രസരണം ചെയ്യാന്‍ കരാറെടുത്തു പുറപ്പെട്ടവര്‍ തൗഹീദിന്റെ പേരില്‍ തന്നെ കയര്‍ത്തും കലഹിച്ചും ഭിന്നിച്ചും തെറിയഭിഷേകം നടത്തിയും തെരുവ്‌ യാത്ര നടത്തുന്ന ദുരന്തകാഴ്‌ചയാണ്‌ ഇന്നത്തെ കേരളീയ പരിസരത്തെ സവിശേഷമായ മതവാര്‍ത്ത. ജിന്നും അടിച്ചിറക്കലുമൊക്കെ ചരിത്രം നല്‍കുന്ന ചില കാരണങ്ങള്‍ മാത്രം. പരസ്‌പരം ശിര്‍ക്ക്‌ ആരോപിച്ചും മുശ്‌രിക്കാണെന്ന്‌ പ്രഖ്യാപിച്ചും മുന്നേറുന്നവര്‍ ചരിത്രത്തിന്റെ അനിഷേധ്യമായ വിധിക്കു മുമ്പില്‍ നമ്രശിരസ്‌കരാവുകയാണ്‌. ഉറപ്പില്ലാത്ത വേരുകളാണെങ്കില്‍ അല്‍പം മുളച്ചുപൊന്തിയാലും കടപുഴകുമെന്ന്‌ തീര്‍ച്ചയാണ്‌. അതുതന്നെയാണ്‌ ഇപ്പോള്‍ മുജാഹിദ്‌ പ്രസ്ഥാനത്തിന്‌ സംഭവിച്ചതും.


ഖവാരിജിസം, ശീഇസം, മുഅ്‌തസലിസം തുടങ്ങഇയ മതനവീകരണ പ്രസ്ഥാനങ്ങള്‍ മുസ്‌ലിം ലോകത്ത്‌ വിവാദങ്ങളുടെ വേലിയേറ്റങ്ങള്‍ തീര്‍ത്ത്‌ പ്രകമ്പനം സൃഷ്‌ടിച്ചവരായിരുന്നു. ഭരണകൂടങ്ങളും ബൗദ്ധിക ശക്തികളും അവര്‍ക്ക്‌ ഊര്‍ജ്ജം പകര്‍ന്നുവെങ്കിലും അഹ്‌ലുസുന്നത്തി വല്‍ ജമാഅയുടെ ഉന്നത ശീര്‍ഷരായ പണ്ഡിതന്മാരുടെ അവസരോചിത ഇടപെടലുകളും ധൈഷണിക വ്യവഹാരങ്ങളും പ്രാമാണിക വിവരങ്ങളും അവരുടെ അടിസ്ഥാനം തകര്‍ക്കുകയായിരുന്നു. സമുദായത്തിന്റെ ലേബലില്‍ പ്രത്യക്ഷപ്പെട്ട എല്ലാ അവാന്തര പ്രസ്ഥാനങ്ങളുടെയും പ്രധാനായുധം വിശുദ്ധ ഖുര്‍ആനാണെന്നത്‌ വിരോധാഭാസമാണ്‌. അതിനവര്‍ സ്വന്തവും സ്വതന്ത്രവുമായ അര്‍ത്ഥം കല്‍പ്പിക്കുകയും ഓരോരുത്തരും ബീജാഭാവം നല്‍കിയ ആശയങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും ഉതകുന്ന രീതിയില്‍ ഖുര്‍ആനിക വചനങ്ങളെടുത്ത്‌ ദുര്‍വ്യാഖ്യാനം ചെയ്യുകയും വളച്ചൊടിക്കുകയും ചെയ്‌തതായി കാണാം. സമുദായത്തിനു പുറത്തുള്ളവര്‍പോലും ഇതിനെ അതിസമര്‍ത്ഥമായി ഉപയോഗപ്പെടുത്തുകയും ചെയ്‌തു. അങ്ങനെയാണ്‌ `യേശു' ക്രൂശിക്കപ്പെട്ടുവെന്ന്‌ (3:55) ക്രിസ്‌ത്യാനികളും മിര്‍സാഗുലാം അഹ്‌മദ്‌ പ്രവാചകനാണെന്ന്‌ (61:6) ഖാദിയാനികളും ഖുര്‍ആനില്‍ നിന്ന്‌ തെളിവുദ്ധരിച്ച്‌ വാദിച്ചത്‌. ഖുര്‍ആനിനെ ഉപയോഗിച്ചുള്ള ഇതേ കുതന്ത്രമാണ്‌ അലി(റ)വിന്റെ കുടുംബത്തെ അതിമാനുഷരാക്കാന്‍ ശീഇസം(32:33) സ്വഹാബികളെ ഇസ്‌ലാമില്‍നിന്ന്‌ പുറത്തുപോയവരാക്കാന്‍ വവാരിജസവും(6:58) യുക്തിക്ക്‌ അപ്രമാദിത്വം നല്‍കാന്‍ മുഅ്‌തസലിസവും(4:82) അല്ലാഹുവിന്‌ ശരീരാവയവങ്ങളുണ്ടെന്ന്‌ പറയാന്‍ വഹാബിസവും (20:5) സര്‍ക്കാര്‍ ജോലി സ്വീകരിക്കാന്‍ പാടില്ലെന്ന്‌ സ്ഥാപിക്കാന്‍ മൗദൂദിസവും(12:40) പ്രയോഗിച്ചത്‌.

നബി(സ)യുടെ വഫാത്തിന്റെ സമയത്ത്‌ പോലും ഭിന്നതകള്‍ ഉടലെടുത്തപ്പോള്‍ അബൂബക്കര്‍ സിദ്ധീഖ്‌(റ) സ്വീകരിച്ച നയനിലപാടുകള്‍ ശ്രദ്ധേയമായിരുന്നു. നബി(സ) യുടെ അന്ത്യവിശ്രമത്തിന്റെ സ്ഥലം എവിടെയാവണമെന്ന അഭിപ്രായ ഭിന്നത പരിഹരിക്കുന്നതിലും സിദ്ധീഖ്‌(റ) വിജയം വരിച്ചിരുന്നു. ഖിലാഫത്തിന്റെ വിഷയത്തിലും ഇപ്രകാരം ഭിന്നസ്വരങ്ങളും പിന്നീടുള്ള ഏകീകരണ യത്‌നങ്ങളും കാണാന്‍ സാധിക്കും. ഖിലാഫത്തുര്‍റാശിദയുടെ ആദ്യകാലത്ത്‌ വിഫലമായ കുതന്ത്രങ്ങള്‍ പിന്നീട്‌ ഇബ്‌നുസബഇന്റെ നേതൃത്വത്തില്‍ ശത്രുക്കള്‍ ഒരുമിച്ചു പ്രയോഗിക്കുകയായിരുന്നു. ഹസ്രത്ത്‌ ഉസ്‌മാന്‍(റ)ന്റെ ഭരണകാലത്താണ്‌ അതുണ്ടായത്‌. അദ്ദേഹത്തിന്റെ വധത്തില്‍ അത്‌ കലാശിക്കുകയും ചെയ്‌തു.
ഖവാരിജുകള്‍: പ്രവാചക പ്രവചനം പോലെ...
ഉസ്‌മാന്‍(റ)വിന്റെ ഘാതകരെ പിടികൂടണമെന്ന്‌ ആവശ്യപ്പെട്ട ആഇശ(റ)യും സ്വഹാബിമാരായ ത്വല്‍ഹ(റ) സുബൈര്‍(റ) എന്നിവരുമൊക്കെ അലി(റ)നെതിരെ ചില തെറ്റിദ്ധാരകളോടെ യുദ്ധത്തിനെത്തി. അലി(റ)വിന്‌ അവരെ നേരിടേണ്ടി വരികയും ത്വല്‍ഹ(റ) യും സുബൈര്‍(റ)വും അടക്കം 1000 - ത്തോളം പേര്‍ കൊല്ലപ്പെടുകയും ചെയ്‌തു. പിന്നീട്‌ സിഫ്‌ഫീന്‍ യുദ്ധവുമുണ്ടായി. ഖുര്‍ആന്‍ കുന്തമുനയില്‍ ഉയര്‍ത്തികാണിച്ച മുആവിയ പക്ഷത്തോട്‌ ഒടുവില്‍ മധ്യസ്ഥചര്‍ച്ച(തഹ്‌കീം) നടത്താന്‍ അലി(റ) തയ്യാറായി. പിന്നീട്‌ നടന്നത്‌ ചില വിചിത്ര വാദങ്ങളാണ്‌. അലിപക്ഷത്തെ ഇറാഖികള്‍ പറഞ്ഞു. ``മതപരമായ വിഷയങ്ങളില്‍ മനുഷ്യനെ വിധികര്‍ത്താക്കളാക്കല്‍ ഇസ്‌ലാമില്‍ നിന്ന്‌ പുറത്തുപോവുന്ന കാര്യമാണ്‌. തീരുമാനമെടുത്ത അലി, മുആവിയ, മധ്യസ്ഥര്‍ എല്ലാം കാഫിറുകളാണ്‌. വിധി അല്ലാഹുവിന്‌ മാത്രമാണ്‌.'' ഇത്തരം വാദങ്ങളുന്നയിച്ച്‌ അലി(റ)വിനെ അധിേക്ഷപിച്ച്‌ അദ്ദേഹത്തിന്റെ സൈന്യത്തില്‍ നിന്ന്‌ പുറത്തുപോയവരാണ്‌ ഖവാരിജുകള്‍. പന്ത്രണ്ടായിരം ആളുകള്‍ ഇപ്രകാരം ആ സൈന്യത്തില്‍ നിന്ന്‌ പുറത്തുപോന്നു. കൂഫയിലേക്ക്‌ മടങ്ങാതെ `ഹറൂറാഅ്‌' എന്ന സ്ഥലത്ത്‌ അവര്‍ തമ്പടിച്ചു. ഖവാരിജുകള്‍ ഹറൂറാഇല്‍ നിന്നും നഹ്‌റുവാനിലേക്ക്‌ മാറിത്താമസിച്ചു. ഈ സമയങ്ങളിലെല്ലാം പല ഇസ്‌ലാമിക വിശ്വാസാചാരങ്ങളെയും അവര്‍ ചോദ്യം ചെയ്യുന്നുണ്ടായിരുന്നു. ഇതിനിടയില്‍ ഖബാബ്‌ (റ) എന്ന സ്വഹാബിയുടെ പുത്രന്‍ അബ്‌ദുല്ല (റ) യെയും ഭാര്യയെയും ഇവര്‍ കഴുത്തറുത്ത്‌ കൊലപ്പെടുത്തി. വിവരമറിഞ്ഞ്‌ അലി (റ) വിന്റെ സൈന്യം നഹ്‌റുവാനിലേക്ക്‌ പുറപ്പെട്ടു. അലി (റ) അവരുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ സത്യം മനസ്സിലാക്കിയ പലരും തിരിച്ചുവന്നു. ഏറ്റുമുട്ടാന്‍ തയ്യാറായവരില്‍ 9 പേരൊഴികെ എല്ലാ ഖവാരിജുകളും കൊല്ലപ്പെട്ടു. രക്ഷപെട്ട ഒന്‍പതുപേര്‍ പിന്നീട്‌ യമന്‍, സജിസ്ഥാന്‍, ഒമാന്‍, ജസീറ തുടങ്ങിയ സ്ഥലങ്ങളിലേക്ക്‌ ഓടിപ്പോവുകയും അവിടങ്ങളില്‍ തങ്ങളുടെ കുതന്ത്രങ്ങള്‍ക്ക്‌ വിത്ത്‌ വിതക്കുകയും ചെയ്യുകയായിരുന്നു. ഇവരുടെ പ്രവര്‍ത്തനം സ്വഹാബത്തിനെ വെറുക്കുന്ന ഒരു സംഘത്തെ രൂപപ്പെടുത്താന്‍ പ്രേരകമായി. അതിന്റെ ഫലമായാണ്‌ ഹിജ്‌റ 38 - ല്‍ റമളാനില്‍ സുബ്‌ഹി നിസ്‌കാരത്തിന്‌ വരുന്ന അലി(റ)വിനെ ഇബ്‌നു മുല്‍ജിം എന്ന വ്യക്തി കൊലപ്പെടുത്തിയത്‌. അലി(റ)വിനെ ആഞ്ഞുവെട്ടുമ്പോഴും അയാള്‍ ഒരു മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു; ലാ ഹുകുമ ഇല്ലാലില്ലാഹ്‌, ലൈസ ലക യാ അലീ, വലാലി അസ്വ്‌ഹാബിക്‌ (അല്ലാഹുവിനു മാത്രമാണ്‌ വിധിക്കാന്‍ അധികാരം, നിനക്കും നിന്റെ അനുയായികള്‍ക്കും അല്ല, അലീ...), ഖവാരിജുകളെക്കുറിച്ച്‌ സൂചിപ്പിക്കുന്ന നബി(സ)യുടെ പ്രവചനത്തില്‍ വില്ലില്‍ നിന്ന്‌ അമ്പ്‌ തെറിക്കുന്നത്‌ പോലെ ദീനില്‍ നിന്ന്‌ അവര്‍ തെറിച്ചുപോകും എന്ന്‌ വിശേഷിപ്പിച്ചതു കാണാം. പ്രസ്‌തുത പ്രവചനത്തിന്റെ ഗുണഗണനങ്ങള്‍ സമ്മേളിച്ചതുകൊണ്ടാണ്‌ `മാരിഖ'(തെറിച്ചുപോയവര്‍) എന്ന്‌ അവരെ വിളിക്കപ്പെട്ടത്‌. കൂടാതെ മുഹക്കിമ, ഹറൂറിയ്യ, നവാസ്വിബ്‌, ശൂറാത്ത്‌, ഹുക്‌മിയ്യ, തുടങ്ങിയ പേരുകളിലും ഖവാരിജുകള്‍ അറിയപ്പെട്ടിട്ടുണ്ട്‌. അസാരിഖ, നജദാത്ത്‌, അജാരിദ, സആലിബ തുടങ്ങിയ വിഭാഗങ്ങള്‍ ഖവാരിജിസത്തിന്റെ ഉപഘടകങ്ങളാണ്‌. ഇവരെല്ലാം കാലങ്ങള്‍ക്കുശേഷം നശിച്ചു നാമാവശേഷമായെങ്കിലും ഖവാരിജുകളുടെ ആധുനിക രൂപമാണ്‌ `ഇബാളികള്‍'. വടക്കേ ആഫ്രിക്കയിലാണ്‌ `ഇബാളിസം' കൂടുതല്‍ പ്രചാരം നേടിയത്‌. അബ്‌ദതുല്ലാഹിബ്‌നു ഇബാളാണ്‌ ആചാര്യന്‍. പരലോകത്ത്‌ വെച്ച്‌ അല്ലാഹുവിനെ ദര്‍ശിക്കുകയില്ല, ഖുര്‍ആന്‍ അല്ലാഹുവിന്റെ സൃഷ്‌ടിയാണ്‌ മുസ്‌ലിം സമുദായത്തില്‍ തങ്ങളുടെ എതിരാളികള്‍ മുഅ്‌മിനും മുശ്‌രിക്കുമല്ലാത്ത കാഫിറുകളാണ്‌. എങ്കിലും അവരുമായി വിവാഹ ബന്ധവും അനന്തരാവകാശവും അനുവദനീയമാണ്‌. മീസാന്‍, സ്വിറാത്ത്‌ പാലം എന്നിവയെ കുറിച്ച്‌ ഖുറാനിലും ഹദീസിലും വന്ന പരാമര്‍ശങ്ങള്‍ ആലങ്കാരികം മാത്രമാണ്‌. യാഥാര്‍ത്ഥ്യമല്ല.... തുടങ്ങിയവ ഇവരുടെ വാദഗതികളില്‍ ചിലതാണ്‌.
ശീഇസം: വിശ്വാസ ചൂഷണത്തിന്റെ ചുരുക്കെഴുത്ത്‌...
ശീഅത്തുഅലി (അലിയുടെ കക്ഷി) എന്നതില്‍ നിന്നാണ്‌ ശീഇസം ഉടലെടുത്തത്‌. ജമല്‍, സ്വിഫ്‌ഫീന്‍ സംഘട്ടനങ്ങളില്‍ അലി(റ)വിന്റെ പക്ഷത്തുനില്‍ക്കുകയും അദ്ദേഹത്തിനുവേണ്ടി പോരാടുകയും ചെയ്‌തവരാണ്‌ ശീഅത്ത്‌ അലി. അവര്‍ മാര്‍ഗഭ്രംശം സംഭവിച്ചവരോ പുത്തന്‍ വാദികളോ അല്ല. ശീളകള്‍ എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നതും ഇവരെയല്ല. മറിച്ച്‌ അലി(റ)വിന്റെ പക്ഷത്താണെന്ന്‌ പറഞ്ഞ്‌ രംഗത്തുവരികയും നബി കുടുംബത്തോടുള്ള വിശ്വാസികളുടെ ആദരവ്‌ ചൂഷണം ചെയ്‌ത അലി(റ)വിനെ അധിമാനുഷനാക്കി ഉയര്‍ത്തുകയും ചെയ്‌തവരാണ്‌. ഉസ്‌മാന്‍(റ)വിന്റെ കാലത്ത്‌ പ്രത്യക്ഷത്തില്‍ ഇസ്‌ലാം സ്വീകരിച്ച ജൂതനായ അബ്‌ദുല്ലാഹിബ്‌നു സബഅ്‌ ആയിരുന്നു വാസ്‌തവത്തില്‍ ശീഇസത്തിന്റെ ഉപജ്ഞാതാവ്‌. ഇമാമത്ത്‌ വാദമാണ്‌ മുഴുവന്‍ ശിയാ വിഭാഗങ്ങളുടെയും ആശയാടിത്തറ. നുബുവ്വത്ത്‌ പോലെ ഇമാമത്തും അല്ലാഹു നേരിട്ട്‌ നിശ്ചിയിക്കുന്നതാണെന്ന്‌ ഇവര്‍ വിശ്വസിച്ചിരുന്നു. മുഹമ്മദ്‌ നബി(സ)തന്റെ പിന്‍ഗാമിയായി അലി(റ) വിനെ നിശ്ചയിച്ചുവെന്നും അത്‌ സമുദായത്തോട്‌ തുറന്നുപറഞ്ഞുവെന്നും അതുകൊണ്ട്‌ പ്രഥമ ഖലീഫയും ഇമാമും അലി(റ)യാണെന്നും അദ്ദേഹം സ്വഹാബികളില്‍ അത്യുന്നതരും നബിയുടെ വലിയ്യുമാണെന്നും ഇവര്‍ വാദിക്കുന്നു. ഈ വാദങ്ങള്‍ അവരെ അബൂബക്കര്‍(റ) ഉമര്‍(റ) എന്നിവരേക്കാള്‍ അലി(റ)യെ ഉത്തമനാക്കി ചിത്രീകരിക്കാനും ഒന്നാം ഖലീഫയാകാന്‍ അര്‍ഹന്‍ അദ്ദേഹം മാത്രമാണെന്നു വിശ്വസിക്കാനും അവരെ പ്രേരിപ്പിച്ചു. ഈ ആശയം അവരെ ഉന്നതരായ സ്വഹാബത്തിനെ ആക്ഷേപിക്കാനും മതഭ്രഷ്‌ടരാക്കാനും അവര്‍ക്ക്‌ പ്രചോദനമേകി. നബി(സ)യും അലി(റ)യും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്ന്‌ വാദിക്കുന്ന `ഗുറാബിയ്യ' ക്കാരും പുത്തന്‍ ചിന്തകള്‍ക്ക്‌ തുടക്കം കുറിച്ച കൈസാനിയ്യ, സൈദിയ്യ തുടങ്ങിയ നിരവധി വിഭാഗങ്ങളായാണ്‌ അവര്‍ നിലനിന്നത്‌.

ഇറാന്‍, ഇറാഖ്‌, ഇന്ത്യ, പാകിസ്ഥാന്‍, സിറിയ, ലബനാന്‍ എന്നീ രാജ്യങ്ങളില്‍ ശീഇസം ഇപ്പോഴും നിലനില്‍ക്കുന്നു. വിവിധ കാലങ്ങളിലുണ്ടായ ഭിന്നതകള്‍ വിവിധ കഷ്‌ണങ്ങളാക്കി മാറ്റി പലതും നാമാവശേഷമാവുകയായിരുന്നു. ഇപ്പോഴത്തെ ശീഇകള്‍ പ്രധാനമായും രണ്ട്‌ വിഭാഗമാണ്‌. ഇസ്‌നാ അശ്‌രിയ്യ, ഇമാമിയ്യ, കേരളത്തില്‍ ഒരു കാലഘട്ടത്തില്‍ ശീഇകളുടെ ആഗമനങ്ങളുമുണ്ടായിട്ടുണ്ട്‌. കൊണ്ടോട്ടി ആസ്ഥാനമാക്കി അവര്‍ പ്രവര്‍ത്തിച്ചിരുന്നു. മമ്പുറം തങ്ങന്മാരുടേയും പൊന്നാനി മഖ്‌ദൂമുമാരുടെയും ശക്തമായ പ്രതിരോധം കാരണം അവര്‍ക്ക്‌ ഇവിടെ പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. ഇന്ത്യയില്‍ ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലക്‌നൗവില്‍ ശീഈ പ്രതാപത്തിന്റെ അവശിഷ്‌ടങ്ങള്‍ ഇപ്പോഴും കാണാം.
മുഅ്‌തസിലിസം: മുപ്പത്തിയെട്ടടവും പയറ്റിതോറ്റവര്‍

മുസ്‌ലിംകളിലെ യുക്തിവാദികള്‍ എന്നാണ്‌ പല ചരിത്രപണ്ഡിതന്മാരും മുഅ്‌തസിലുകളെ പരിചയപ്പെടുത്തുന്നത്‌. വിശ്വാസ തത്വങ്ങളെയും ആദര്‍ശ സംഹിതകളെയും യുക്തിയുടെ അളവുകോലുപയോഗിച്ച്‌ പാകപ്പെടുത്താന്‍ ശ്രമിക്കുകയും ബൗദ്ധികമായി വ്യാഖ്യാനിക്കുകയും ചെയ്യുന്ന ഒരു ചിന്താ പ്രസ്ഥാനമാണ്‌ മുഅ്‌തസിലിസം. അമവീ - അബ്ബാസീ ഭരണ കാലയളവില്‍ രൂപംകൊള്ളുകയും വളരുകയും ചെയ്‌ത ഈ പ്രസ്ഥാനം നൂറ്റാണ്ടുകളോളം മുസ്‌ലിം ലോകത്ത്‌ തര്‍ക്കവിതര്‍ക്കങ്ങള്‍ക്കും സംവാദങ്ങള്‍ക്കും തിരികൊളുത്തിയിരുന്നു. വലിയ ബുദ്ധിജീവികളും ധിഷണാശാലികളും അണിനിരന്ന ഈ പ്രസ്ഥാനം നിരവധി അഭ്യസ്‌തവിദ്യരെ ആകര്‍ഷിക്കുകയും ഭരണകൂടങ്ങളെ സ്വാധീനിക്കുകയും ചെയ്‌തിരുന്നു. പക്ഷെ, മുഅ്‌തലിസം കാലത്തെ അതിജയിച്ചില്ല. അവരുടെ യുക്തിപരതയും ന്യായാന്യായങ്ങളും പ്രാമാണിക സമര്‍ത്ഥനങ്ങള്‍ക്കു മുമ്പില്‍ അടിപതറുകയായിരുന്നു. മുഅ്‌തസിലിയ്യത്തിന്റെ സവിശേഷതകളെല്ലാം ഉള്‍കൊള്ളുന്ന ഒരു പ്രസ്ഥാനം ഇന്ന്‌ നിലവിലില്ല. എങ്കിലും അതിന്റെ സ്വാധീനം പില്‍ക്കാലത്ത്‌ മുസ്‌ലിം ലോകത്ത്‌ ഉടലെടുത്ത മിക്ക അവാന്തര പ്രസ്ഥാനങ്ങളിലും ഉണ്ടായിട്ടുണ്ട്‌. ഖുര്‍ആനില്‍ നിന്നും തിരുഹദീസില്‍ നിന്നും നേരിട്ടു ഗവേഷണം നടത്തി ഇന്ന്‌ പലരും പുറത്തുവിടുന്ന ആശയങ്ങള്‍ മുമ്പ്‌ മുഅ്‌തസിലുകള്‍ ഉന്നയിച്ചതും അതിനെ ഇമാമുകള്‍ പ്രതിരോധിച്ചതുമായിരുന്നു. മുഅ്‌തസലി, ഖദ്‌രിയ്യ, അദ്‌ലിയ്യ, മുഖ്‌തസിദ, വഈദിയ്യ തുടങ്ങിയ പേരുകളിലെല്ലാം ഈ വിഭാഗം അറിയപ്പെട്ടിട്ടുണ്ട്‌. വാസ്വിന്‍ ബിന്‍ അത്വ്‌യാണ്‌ ഈ ചിന്താധാരയുടെ സ്ഥാപകന്‍.

ജമല്‍, സ്വിഫ്‌ഫീന്‍ യുദ്ധങ്ങളില്‍ മുസ്‌ലിംകളുടെ വിശ്വാസാവസ്ഥയെ കുറിച്ചായിരുന്നു അക്കാലത്തെ ചര്‍ച്ചകളിലൊന്ന്‌. തദ്‌വിഷയകമായി ഇമാം ഹസനുല്‍ ബസ്വരിയോട്‌ ചോദിക്കപ്പെട്ടു. അദ്ദേഹം മറുപടി പറയാനിരിക്കെ തന്റെ ശിഷ്യഗണങ്ങളില്‍പ്പെട്ട വാസ്വില്‍ ബിന്‍ അത്വാ എന്ന ശിഷ്യന്‍ ഇടക്കുകയറി ധിക്കാര സ്വരത്തില്‍ മറുപടി പറഞ്ഞു. ``അവര്‍ കാഫിറും മുസ്‌ലിമും അല്ല. രണ്ടിനും ഇടയിലാണ്‌ അവരുടെ സ്ഥാനം'' തീര്‍ത്തും അസംതൃപ്‌തനായ ഹസനന്‍ ബസ്വരി പറഞ്ഞു. `ഖദ്‌ ഇഅത്‌തസലഅന്നാ'(അവന്‍ നമ്മില്‍ നിന്നും വിഘടിച്ചുപോയി). മുഅ്‌തസലി പ്രസ്ഥാനത്തിന്റെ ഉത്ഭവത്തിന്റെയും പേരിന്റെ പശ്ചാത്തലം ഇതായിരുന്നു.

മുഅ്‌തസിലുകളുടെ വിശ്വാസത്തിലും ക്രമേണ അനവധി വിഷയങ്ങളിലും ഭിന്നത ഉണ്ടായിട്ടുണ്ട്‌. ഇസ്‌ലാമിന്റെ അടിസ്ഥാനമായ തൗഹീദില്‍ തന്നെ പിഴച്ചവരാണ്‌ മുഅ്‌തസിലുകള്‍. അല്ലാഹുവിന്റെ സത്തമാത്രമാണ്‌ അനാദി എന്നും ഗുണങ്ങളെ അപ്രകാരമാക്കല്‍ ശിര്‍ക്കാണെന്നും അവര്‍ വാദിച്ചു. സ്വര്‍ഗത്തില്‍ വെച്ച്‌ അല്ലാഹുവിനെ ദര്‍ശിക്കാന്‍ കഴിയുമെന്ന മുസ്‌ലിം വിശ്വാസത്തെയും അവര്‍ ചോദ്യം ചെയ്‌തു. മുഅ്‌തസിലുകളുടെ തൗഹീദ്‌ വ്യതിയാനത്തിന്റെ അനന്തര ഫലങ്ങളിലൊന്നായിരുന്നു ഖുര്‍ആന്‍ സൃഷ്‌ടിവാദം. അബ്ബാസീ ഭരണകാലത്താണ്‌ ഇതിന്‌ കൂടുതല്‍ പ്രചാരം ലഭിച്ചത്‌.

ഹിജ്‌റ 120-ല്‍ ജആദ്‌ ബിന്‍ ദിര്‍ഹമാണ്‌ ലോകത്ത്‌ ആദ്യമായി ഖുര്‍ആന്‍ അല്ലാഹുവിന്റെ സൃഷ്‌ടിയാണെന്ന്‌ പ്രസ്‌താവിച്ചത്‌. ഹാറൂണ്‍ റഷീദിന്റെ മരണശേഷം ഖലീഫയായ മകന്‍ മഅ്‌മൂനിനെ വളരെ വേഗത്തില്‍ സ്വാധീനിക്കാന്‍ മുഅ്‌തസിലുകള്‍ക്ക്‌ സാധിച്ചു. മുഅ്‌തസിലീ പണ്ഡിതനായ അബൂഹുദൈല്‍ ഹംദാന്റെ ശിഷ്യത്വം സ്വീകരിക്കാന്‍ ഖലീഫ തയ്യാറായതോടെ അവരുടെ സുവര്‍ണ്ണ കാലഘട്ടത്തിന്‌ പ്രാരംഭം കുറിക്കുകയായിരുന്നു. ഹിജ്‌റ 212 ല്‍ അവരുടെ വാദങ്ങള്‍ക്ക്‌ ഔദ്യോഗിക അംഗീകാരം നല്‍കി ഖലീഫ ഉത്തരവിട്ടു. പിന്നീട്‌ നിര്‍ബന്ധമായി അംഗീകരിപ്പിക്കാന്‍ ഖലീഫ ശ്രമിച്ചു. അംഗീകരിക്കാത്ത പണ്ഡിതരെയും മുഹദ്ദിസുകളെയും കൊലപ്പെടുത്തുവാനും ആക്രമിക്കാനും ഭരണകൂടം തയ്യാറായി. മദ്‌ഹബിന്റെ ഇമാമായ അഹ്‌മദ്‌ ബിന്‍ ഹമ്പല്‍ അടക്കം ധാരാളം പണ്ഡിതന്‌മാര്‍ ഇവരുടെ അതിക്രമങ്ങള്‍ക്ക്‌ ഇരയായിട്ടുണ്ട്‌. മുഅ്‌തസിമും വാസിഖുമൊക്കെ അതേ മാര്‍ഗം പിന്തുടര്‍ന്നുവെങ്കിലും വാസിഖിന്‌ അവസാന കാലത്ത്‌ മനംമാറ്റമുണ്ടായി. തുടര്‍ന്ന്‌ അധികാരത്തിലെത്തിയ സഹോദരന്‍ മുത്തവത്തിലിന്റെ കാലത്ത്‌ മുഅ്‌തസിലുകളെ അധികാരത്തില്‍ നിന്നും മാറ്റി. പീഢനങ്ങള്‍ക്ക്‌ ഇരയായവരെ സഹായിക്കുകയും അഹ്‌മദ്‌ ബിന്‍ ഹമ്പല്‍(റ)വിന്‌ ജയില്‍ മോചനം നല്‍കുകയും ചെയ്‌ത പുതിയ ഖലീഫ അഹ്‌ലുസ്സുന്നയെ സഹായിക്കാന്‍ സന്നദ്ധനായി. യുക്തിയെ യുക്തി കൊണ്ടും ഫിലോസഫിയെ ഫിലോസഫി ഉപയോഗിച്ചും നമ്മുടെ ഇമാമുകല്‍ നേരിട്ടപ്പോള്‍ ഈ `ബൗദ്ധികപ്പട' തോറ്റോടുകയായിരുന്നു.

മുര്‍ജിഅ, ജബ്‌രിയ്യ, ജഹ്‌മിയ്യ, മുഅത്തില, മുജസ്സിമ തുടങ്ങിയ അവാന്തര പ്രസ്ഥാനക്കാരും വിവിധ വാദഗതികളുമായി പില്‍ക്കാലത്ത്‌ രംഗത്തുവന്നെങ്കിലും അഹ്‌ലുസ്സുന്നത്തി വല്‍ജമാഅയുടെ സത്യവസ്‌തുക്കള്‍ക്കു മുമ്പില്‍ വിറങ്ങലിച്ച്‌ മുട്ടുമടക്കാനായിരുന്നു അവരുടെയെല്ലാം വിധി. സത്യത്തെ എത്ര തന്ത്രപരമായി ഒളിപ്പിച്ചു വെക്കാന്‍ ശ്രമിച്ചാലും അത്‌ പുറത്തുവരിക തന്നെ ചെയ്യുമെന്ന്‌ കാലം തെളിയിക്കുകയായിരുന്നു.
വഹാബിസം: വീണുടഞ്ഞ ചില്ലുമാളിക

എ.ഡി. 18-ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്റെ സര്‍വ്വവിധ പ്രോത്സാഹനങ്ങളും ഏറ്റുവാങ്ങി വളര്‍ന്നുവന്ന മത നവീകരണ പ്രസ്ഥാനമാണിത്‌. പിശാചിന്റെ കൊമ്പ്‌ ഉദയം ചെയ്യുന്നിടമെന്ന്‌ പ്രവാചകന്‍(സ) വിശേഷിപ്പിക്കുകയും അനുഗ്രഹത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ വിസമ്മതിക്കുകയും ചെയ്‌ത സഊദി അറേബ്യയുടെ കിഴക്കുഭാഗത്തുള്ള `നജ്‌ദി'ല്‍ ജനിച്ച മുഹമ്മദ്‌ ബിന്‍ അബ്‌ദില്‍ വഹാബ്‌(1703 - 1787) ആണ്‌ വഹാബിസത്തിന്റെ സ്ഥാപകന്‍. കള്ളപ്രവാചകനായ മുസൈലിമയും വിഘടനവാദികളായ ഖവാരിജുകളും ഉദയം ചെയ്‌തതും നജ്‌ദിലാണെന്നത്‌ ഇതിനോട്‌ ചേര്‍ത്തുവായിക്കാവുന്നതാണ്‌. വികലവും വികൃതവുമായ ദൈവസങ്കല്‍പം അവതരിപ്പിച്ച ഇബ്‌നു തീമിയ്യയുടെ ചിന്തകള്‍ പ്രചരിപ്പിക്കാനാണ്‌ വഹാബിസം ആദ്യം ശ്രമിച്ചത്‌. അതിനായി ഭരണാധികാരികളെ സ്വാധീനിക്കുകയും അവരുടെ പിന്തുണയോടെ ആശയ പ്രചാരണം നടത്തുകയും ചെയ്‌തു. മണ്‍മറഞ്ഞ മഹാത്മക്കളോട്‌ പ്രകടിപ്പിക്കുന്ന ആദരവ്‌, അവരെ മധ്യവര്‍ത്തികളാക്കിയുള്ള സഹായാര്‍ത്ഥന, അവരുടെ മഖ്‌ബറകളില്‍ നടക്കുന്ന സിയാറത്ത്‌, ആത്മീക സരണിയായ ത്വരീഖത്തുകളുമായുള്ള ബന്ധം, തുടങ്ങിയവരുടെ പേരില്‍ മുസ്‌ലിം ലോകത്തെ മതഭ്രഷ്‌ടരാക്കി ചീത്രികരിച്ചുകൊണ്ടാണ്‌ വഹാബിസം രംഗപ്രവേശം ചെയ്‌തത്‌. തൗഹീദും ശിര്‍ക്കും വേര്‍തിരിക്കാനുള്ള ഏക മാനദണ്ഡമായി യുക്തിയെ സ്വീകിരച്ചുവെന്നാണ്‌ അവര്‍ക്ക്‌ പിണഞ്ഞ പ്രജ്ഞാപരാധം.

തബര്‍റുക്‌, തവസ്സുല്‍, ഇസ്‌തിഗാസ തുടങ്ങിയവ ശിര്‍ക്കാണെന്നും അത്‌ ചെയ്യുന്നവര്‍ മുശിരിക്കുകളാണെന്നും വാദിച്ച്‌ ഒരു ജനതയെ മുഴുവന്‍ മതഭ്രഷ്‌ട്‌ കല്‍പിച്ച്‌ ആനന്ദം കണ്ടെത്തുകയായിരുന്നു വഹാബികള്‍. ശിര്‍ക്കാരോപണത്തിന്റെ ഉപജ്ഞാതാവായ ഇബ്‌നു തീമിയ്യ പുലര്‍ത്തിയ സൂക്ഷ്‌മത പോലും വഹാബികല്‍ പുലര്‍ത്തിയില്ല. മഹാത്മാക്കളെ മധ്യവര്‍ത്തികളാക്കി നടത്തുന്ന പ്രാര്‍ത്ഥന(തവസ്സുല്‍)യോട്‌ അല്‍പം മിതമായ നിലപാടാടാണ്‌ ഇബ്‌നു തിമിയ്യ സ്വീകരിച്ചത്‌. നബി(സ)യെ തവസ്സുലാക്കി പ്രാര്‍ത്ഥിക്കുന്നത്‌ അനുവദനീയമാണെന്ന്‌ അദ്ദേഹം പ്രസ്‌താവിക്കുകയും ചെയ്‌തു. എന്നാല്‍ വഹാബികളാവട്ടെ നബി(സ)യെ ഇടയാളനാക്കി പ്രാര്‍ത്ഥിക്കുന്നവരെ പോലും ശിര്‍ക്കിന്റെ കരിമ്പട്ടികയിലാണ്‌ എണ്ണിയത്‌. ശിര്‍ക്കിന്റെയും ബിദ്‌അത്തിന്റെയും പുത്തന്‍ വ്യാഖ്യാനങ്ങള്‍ വിരചിച്ച്‌ ഇസ്‌ലാമിക ചരിത്രത്തിലൊരിടത്തും മാതൃകായോഗ്യരില്ലെന്നും അതിന്റെ അകം ശൂന്യവും തമസ്സാര്‍ന്നതാണെന്നും സ്ഥാപിക്കാനാണ്‌ വഹാബിസം വെമ്പല്‍ കൊണ്ടത്‌.

ബ്രിട്ടീഷ്‌ ചാരനായ ഹംഫറും മുഹമ്മദ്‌ ബിന്‍ അബ്‌ദില്‍ വഹാബും തമ്മില്‍ നടന്ന രഹസ്യ ബാന്ധവത്തിന്റെ ഉല്‍പന്നമായിരുന്നു വഹാബിസം. എ.ഡി. 1724 ല്‍ അബ്‌ദുല്‍ വഹാബ്‌ ബസ്വറയിലെത്തിയ സമയത്തുതന്നെയാണ്‌ ഹംഫറും അവിടെയെത്തിയത്‌. മുസ്‌ലിംകളെ പാരമ്പര്യ വിശ്വാസധാരയില്‍ നിന്നും അകറ്റി സാമ്രാജ്യത്വ ദാസന്മാരാക്കി തീര്‍ക്കാന്‍ അവര്‍ നടത്തിയ ഗൂഢാലോചന `മുദാക്കിറത്തു മിസ്റ്റര്‍ ഹംഫര്‍' അല്‍ ജാസൂല്‍ ബരിത്വഹീ ഫീ ബിലാദില്‍ ഇസ്‌ലാലിയ്യ (ഇീഹീിശമശേീി ശറലമ ങൃ. ഔാുൃൃശ െങലാീൃശല െ വേല ഋിഴഹശവെ ു്യെ ശി കഹെമാശര രീൗിൃേശല)െപോലുള്ള ഗ്രന്ഥങ്ങളില്‍ വായന സാധ്യമാണ്‌.

പില്‍ക്കാലത്ത്‌ ജമാലുദ്ധീന്‍ അഫ്‌ഗാനി(1838 1898) മുഹമ്മദ്‌ അബ്‌ദു(18491905) റശീദ്‌ രിള(1865- 1935) എന്നിവരാണ്‌ വഹാബിസത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്നത്‌. ഇവര്‍ മാറ്റിപ്പണിത ആശയത്തെ സ്വീകരിച്ചവര്‍ ഇസ്‌ലാഹീ പ്രസ്ഥാനക്കാര്‍ എന്നും അബ്‌ദുല്‍ വഹാബിന്റെ ചിന്താധാരയില്‍ ഉറച്ചുനിന്നവര്‍ ഗള്‍ഫ്‌ സലഫികളെന്നും പിന്നീട്‌ അറിയപ്പെട്ടു. ഈ ത്രിമൂര്‍ത്തികല്‍ ജൂത ഭീകര സംഘടനയായ മസോണിസത്തിന്റെ വക്താക്കളായിരുന്നുവെന്നത്‌ അറിയപ്പെടാതെ പോയ ഒരു ചരിത്ര സത്യമാണ്‌. മുസ്‌ലിംകള്‍ക്കിടയില്‍ ജൂത കുതന്ത്രങ്ങള്‍ നടപ്പിലാക്കാനാണ്‌ ഇവര്‍ കിണഞ്ഞുപരിശ്രമിച്ചത്‌. മസോണിസ്റ്റ്‌ വിജ്ഞാന കോശത്തില്‍ പറയുന്നു. ``ബൈറുത്തിലെ പ്രസിദ്ധ മസോണിസ്റ്റായി വന്നു, ഹന്ന അബൂറഷീദ്‌. മിസ്‌റിലെ മസോണിസ്റ്റ്‌ നേതാവായിരുന്നു ജമാലുദ്ദീന്‍ അഫ്‌ഗാനി. അതിലെ അംഗങ്ങളെല്ലാം പണ്ഡിതന്‍മാരും ഭരണരംഗത്തെ പ്രഗത്ഭരുമായിരുന്നു. പിന്നീട്‌ അതിന്റെ നേതാവ്‌ ഉസ്‌താദ്‌ മുഹമ്മദ്‌ അബ്‌ദുവായി. അദ്ദേഹം ഉയര്‍ന്ന മസോണിസ്റ്റായിരുന്നു.(ദാ ഇറത്തുല്‍ മആരിഫില്‍ മാസൂനിയ്യ: 197).'' ഇസ്‌ലാമിനെ പൊളിച്ചെഴുതാന്‍ വലിയ സാമ്പത്തിക സഹായമാണ്‌ ബ്രിട്ടന്‍ ഇവര്‍ക്ക്‌ നല്‍കിയത്‌. ബ്രിട്ടീഷ്‌ ധനകാര്യ സെക്രട്ടറി മിഷല്‍ ഇന്നസ്‌ ആണത്രെ `ഇസ്‌ലാഹിസം' പ്രചരിപ്പിക്കാന്‍ റഷീദ്‌ രിളക്ക്‌ സാമ്പത്തിക സഹായങ്ങള്‍ ഉറപ്പുവരുത്തിയത്‌. ഇതു തിരിച്ചറിഞ്ഞ ഇസ്‌മാനീ ഗവര്‍ണര്‍ ഖേദിവ്‌ ഇസ്‌മായീല്‍ രിളയെ നാടുകടത്താന്‍ വരെ ഉത്തരവിട്ടിരുന്നുവെന്ന്‌ ചരിത്രത്തില്‍ കാണാം. ഈജിപ്‌തിലെ ഇഖ്‌വാനുല്‍ മുസ്‌ലിമീന്‍, ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ജമാഅത്തെ ഇസ്‌ലാമി, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ ആശയ ഉറവ ഈ മസോണിസ്റ്റ്‌ കുബുദ്ധികളായിരുന്നു.
നദ്‌വത്തുല്‍ മുജാഹിദ്ദീന്‍ - കാലം കാത്തുവെച്ച പതന വഴികള്‍

മലബാര്‍ കലാപനാന്തരമുണ്ടായ കലുശിത സാഹചര്യത്തെ ചൂഷണം ചെയ്‌ത്‌ മത നവീകരണ വാദത്തിന്‌ വിത്തിറക്കുകയായിരുന്നു ചില കുത്സിത ശക്തികള്‍. ഇബ്‌നു അബ്‌ദുള്‍ വഹാബിന്റെയും ഈജിപ്‌ഷ്യന്‍ ത്രിമൂര്‍ത്തികളുടെയും നൂതന ആശയങ്ങള്‍ കേരളക്കരയില്‍ പ്രചരിപ്പിക്കാന്‍ നേതൃത്വം വഹിച്ചത്‌ മലബാര്‍ കലാപാനന്തരം സ്വന്തം തടി രക്ഷപ്പെടുത്തി കൊടുങ്ങല്ലൂരിലേക്ക്‌ ഒളിച്ചോടിയ കെ.എം. മൗലവി, ഇ.കെ മൗലവി, എം.സി.സി. അബ്‌ദുറഹിമാന്‍ മൗലവി തുടങ്ങിയവയായിരുന്നു. വക്കം മൗലവിയെപ്പോലുള്ളവര്‍ അവര്‍ക്ക്‌ സര്‍വ്വ പിന്തുണയും നല്‍കി. ആദ്യം ഐക്യസംഘമെന്നും പിന്നീട്‌ മുജാഹിദ്‌ പ്രസ്ഥാനമെന്നും അവര്‍ അറിയപ്പെട്ടു.

മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ ആശയ സ്രോതസ്സ്‌ ഈജിപ്‌ഷ്യന്‍ ത്രിമൂര്‍ത്തികളാണെന്ന്‌ അവരുടെ ഗ്രന്ഥങ്ങള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്‌. ``കേരള മുസ്‌ലിം ഐക്യ സംഘത്തിന്റെ കാലം മുതല്‍ കേരളത്തിലെ നവീകരണ പ്രസ്ഥാനത്തെ സ്വാധീനിച്ചിരുന്ന അറേബ്യന്‍ സ്രോതസ്സ്‌ ഈജിപ്‌ത്‌ ആയിരുന്നതിനാല്‍ ജമാലുദ്ദീന്‍ അഫ്‌ഗാനി, ശൈഖ്‌ മുഹമ്മദ്‌ അബ്‌ദു, സയ്യിദ്‌ റഷീദ്‌ രിളാ(അല്ലാഹു അവരെ അനുഗ്രഹിക്കട്ടെ) തുടങ്ങിയവരുടെ ചിന്തകളാണ്‌ കേരളത്തിലെ പരിഷ്‌കര്‍ത്താക്കളില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയത്‌. (കആകഉ: 14)''

1979 ലെ ഒന്നാം മുജാഹിദ്‌ സമ്മേളനാനന്തരം ഗള്‍ഫ്‌ സലഫികളുമായി ബന്ധപ്പെടാന്‍ തുടങ്ങിയതോടെ മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ അടിവേര്‌ തകരാന്‍ തുടങ്ങുകയായിരുന്നു. മുജാഹിദ്‌ പ്രസ്ഥാനം വെച്ച്‌ പുലര്‍ത്തിപോന്നിരുന്ന ആശയങ്ങള്‍ക്ക്‌ പകരം ഗള്‍ഫ്‌ സലഫികളുടെ ആശയം പാടെ സ്വീകരിക്കാന്‍ പല നേതാക്കളും തയ്യാറായി. അങ്ങിനെയാണവര്‍ ജിന്ന്‌, പിശാച്‌, സിഹ്‌റ്‌, മന്ത്രം എന്നിവയെക്കുറിച്ച്‌ പുനരാലോചന നടത്തുന്നത്‌. മുജാഹിദ്‌ പ്രസ്ഥാനം അന്ധവിശ്വാസമായി പ്രഖ്യാപിച്ച ഇവയെ ഒരു തരത്തിലും പുനരവതരിപ്പിച്ചുകൂടായെന്ന്‌ ഒരു സംഘം ശക്തമായി വാദിച്ചു.

ഗള്‍ഫ്‌ സലഫികളെ സംഘടനാപരമായി ആശ്രയിച്ചിരുന്ന എ.പി. അബ്‌ദുള്‍ഖാദര്‍ മൗലവിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക പക്ഷം അറേബ്യയിലെ ശുദ്ധ വഹാബിസത്തിലേക്കും ഉസൈന്‍ മടവൂര്‍ നേതൃത്വം നല്‍കുന്ന മറുപക്ഷം പഴയ മുജാഹിദ്‌ ആശയങ്ങളിലേക്കും തിരിച്ചുപോകാന്‍ തീരുമാനിച്ചു. ഇതോടെ 2002 ആഗസ്റ്റ്‌ 17 ന്‌ ശുദ്ധ തൗഹീദ്‌ പറഞ്ഞിരുന്നവര്‍ തൗഹീദിന്റെ പേരില്‍തന്നെ രണ്ടായി ചേരിതിരിഞ്ഞു പരസ്‌പരം മുശ്‌രിക്കാക്കല്‍ ആരംഭിച്ചു. ഇപ്പോള്‍ പല ഗ്രൂപ്പുകളും ഉപഗ്രൂപ്പുകളുമായി മുജാഹിദ്‌ പ്രസ്ഥാനം വീണ്ടും പിളര്‍ന്നിരിക്കുകയാണ്‌. ഇത്‌ ചരിത്രത്തിന്റെ ഒരു പാഠമാണ്‌. ഖവാരിജുകളും മുഅ്‌തസിലുകളും ശീഇസവുമെല്ലാം കൊണ്ടുവന്ന ആശയങ്ങളുടെ പേരില്‍ തര്‍ക്കിച്ച്‌ വിഘടിച്ച്‌ വഴിപിരിയുകയായിരുന്നു. അതേ മാര്‍ഗ്ഗത്തിലേക്കാണ്‌ ഇപ്പോള്‍ കേരളത്തിലെ മുജാഹിദ്‌ പ്രസ്ഥാനവും പ്രവേശിച്ചിരിക്കുന്നത്‌. ഇസ്‌ലാമിക വിശ്വാസത്തിന്റെ ആധാര ശിലയായ തൗഹീദിന്റെ കാര്യത്തില്‍ പോലും എടുത്ത തീരുമാനം മാറ്റിയും പുതിയ തീരുമാനം എടുക്കാന്‍ ആവാതെയും നെട്ടോട്ടമോടുന്നവര്‍ ചരിത്രം കാത്തുവെച്ച കൗതുക ചിത്രമായിരിക്കയാണ്‌. അപ്പപ്പോള്‍ ലഭ്യമാവുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ദീന്‍ പറയാന്‍ തുടങ്ങുന്നവര്‍ക്ക്‌ ``ജിന്നുകള്‍'' പോലും തിരിച്ചടി നല്‍കുമെന്ന്‌ മുജാഹിദ്‌ പ്രസ്ഥാനം അനുഭവ വെളിച്ചത്തില്‍ തെളിയിച്ചിരിക്കുകയാണ്‌.  
 
തന്‍സീര്‍ സി.ടി. കാവുന്തറ
 

സന്ദേഹവാദത്തിന്റെ തൊണ്ണൂറാണ്ടും തൊള്ളപ്പണിയും


പൂര്‍ണ്ണ വിരാമത്തില്‍ വിശ്രമിക്കാന്‍ യുക്തിക്ക്‌ സാധ്യമല്ല. കുതറിമാറലുകളുടെ കലയാണ്‌ യുക്തി വാദം. ധൈഷണികമായ അച്ചടക്ക രാഹിത്യമാണ്‌ വഴികേടിന്റെ വഴി. എന്തിലുമേതിലും, തന്നെയും അധികാരപ്പെടുത്താനുള്ള ധാര്‍ഷ്‌ട്യം വിശ്വാസിയുടെ വികാരങ്ങള്‍ക്ക്‌ വികല്‍പ്പങ്ങളേ വരുത്തൂ. വിചാരങ്ങള്‍ വിചാരണ ചെയ്യപ്പെടുമ്പോഴാണ്‌ വിശ്വാസം വിമലീകൃതമാവുന്നത്‌. സമര്‍പ്പണം എന്ന വാക്കുള്‍ക്കൊള്ളുന്ന പരമാവധി സാര്‍സാധ്യതയാണ്‌ സത്യത്തില്‍ വിശ്വാസത്തിന്റെ ആദ്യബിന്ദു. ശാരീരികമായ കീഴൊതുങ്ങലുകളല്ല സമര്‍പ്പണം.കണ്ണുചിമ്മി ചുമ്മാ സമ്മതിച്ചാല്‍ മതത്തിന്റെ ആത്മരസം മരിച്ചാലുമില്ലെങ്കിലും കിട്ടാവതുമല്ല. എല്ലാ ചോദ്യവും ചോദിക്കാനുള്ളതാണെന്നുള്ള ധാരണയുടെ മതകീയത ഇനിയും ആലോചിക്കപ്പെടേണ്ടതാണ്‌. ഉത്തരങ്ങളന്വേഷിക്കാന്‍ കീര്‍ത്തനം വന്നതുപോലെ വരാത്തതുമുണ്ട്‌. ഉണ്മക്കു പിറകെയാണ്‌ പലപ്പോഴും വിശ്വാസം നിഷ്‌കര്‍ശിക്കുന്ന അനുഷ്‌ഠാനങ്ങളുടെ ന്യായം കണ്ടെത്തപ്പെടുന്നത്‌. ന്യായം കണ്ടെത്തും മുമ്പെ വിധി ബാധകമാണ്‌. യുക്തിയുടെ മൗനം അതിന്റെ സ്വരം പോലെ രണ്ടാം സ്ഥാനത്തുമാത്രമാണ്‌. നിഷേധത്തിലും നിഗ്രഹത്തിലുമെത്താത്ത യുക്തിവാദത്തിന്റ സാമുദായികവും ഔദ്യോഗികവുമായ വിജ്ഞാപനങ്ങളാണ്‌ നൂറിന്‍ അര്‍ത്ഥത്തിലും മുജാഹിദ്‌ പ്രസ്ഥാനം. ഇനിയും പിടികിട്ടാത്ത തീര്‍പ്പുകളുടെ ഫുള്‍സ്റ്റോപ്പുകള്‍ തേടിയുള്ള ഒരുകൂട്ടം സന്ദേഹികളുടെ സാന്ദര്‍ഭികങ്ങള്‍ മാത്രമായ തോന്നിച്ചകളും. സമ്മതിക്കാന്‍ വിസമ്മതിച്ചപ്പോഴാണ്‌ പിശാചുണ്ടായത്‌. വിസമ്മതത്തിന്റെ ന്യായം ന്യായമാണ്‌ താനും. ചോദ്യമാണ്‌ ശാപമായത്‌.

അറിവിന്റെ മീതെയുള്ള അദബിന്റെ അടയാളമാണ്‌ മലക്കിനെ വരച്ചത്‌. ഉണ്ടാക്കിയവന്റെ ഇംഗിതങ്ങള്‍ക്കാണു ഉണ്ടായവന്റെ സാംഗത്യങ്ങളെക്കാള്‍ മുന്തിപ്പെന്ന പാഠമാണ്‌ നരകത്തില്‍ നിന്നും സ്വര്‍ഗത്തെ മാറ്റി നിര്‍ത്തിയതും. മുജാഹിദ്‌ പ്രസ്ഥാനത്തെ നിരാകരിക്കാന്‍ ഇവ നിര്‍ണ്ണയങ്ങളാണെന്നല്ല. അല്ലെന്നുമല്ല. എന്നാലുമുണ്ടല്ലോ മേചൊന്നവയില്‍ മറക്കാന്‍ പാടില്ലാത്ത ഓര്‍മ്മപ്പെടുത്തലുകള്‍.


ദീന്‍ പെട്ടെന്നു പൊട്ടിയുണ്ടായതാണെങ്കിലല്ലേ മുജാഹിദിന്റെ രാസപരിശോധന ശരിയാവുന്നുള്ളൂ. സ്വയം ഗവേഷണങ്ങളുടെ അച്ചില്‍ അരിച്ചെടുത്ത മതേതര ശരികളും ആധുനിക ഫിറ്റിംഗ്‌സുകളും മതത്തെ മന്ദഗതിയിലെ വേരുകളില്‍ നിന്നും പൊട്ടിച്ചെറിയുന്നുണ്ട്‌. ദീനൊരു തുടര്‍ച്ചയാണെന്ന കേവല സത്യം മുജാഹിദുകള്‍ മറന്നുകളഞ്ഞു. തെളിവുകള്‍ തേടി പണ്ടത്തേക്ക്‌ പറക്കുന്നവര്‍ മണ്ണ്‌ മാന്താതെ മഴവില്ലുകളുണ്ടാക്കി മടങ്ങി വന്നപ്പോള്‍ ദീനാണു വീണുപോയത്‌. പരലോകത്ത്‌ പൂത്തുകത്തേണ്ട പൊന്നുദീന്‍.

മനുഷ്യനും മുജാഹിദുകളും
സാധ്യതയുടെ സാധ്യതയാണ്‌ മനുഷ്യന്‍. അവനെ കുറിച്ച്‌ അവനറിയാവുന്നതിന്റെ പരമാവതിക്കപ്പുറത്താണ്‌ മനുഷ്യമൗലികതയുടെ നിഗൂഢത കുടികൊള്ളുന്നത്‌. ഈ നിഗൂഢതകളുടെ സാധ്യതകളാണ്‌ ആത്മാവിനെയന്വേഷിക്കുന്ന സ്വാലിഹിനനുഭവിക്കാന്‍ കഴിയുന്ന ഏറ്റവും ആനന്ദദായിയായ അറിവില്ലായ്‌മ. അറിയാത്തതിനെ ആദരിക്കുന്നയിടമാണ്‌ ആത്മരതിയുടെ ആള്‍ത്താര. അറിവില്ലായ്‌മ അന്വേഷണങ്ങളുടെ മാത്രം വഴിവെട്ടുമ്പോള്‍ സന്ദേഹവാദിയാണുണ്ടവുന്നത്‌. മതാംഗീകാരത്തിന്റെ ഏറ്റവും ദുര്‍ബലമായ നൂല്‍ബന്ദമാണ്‌ അദൃശ്യങ്ങളിലെ മുജാഹിദിന്റെ മനോനില. കണ്ണുകള്‍ക്കപ്പുറം കാഴ്‌ച്ചയില്ലെന്ന്‌ പറഞ്ഞും സ്ഥൂലവസ്‌തുക്കള്‍ക്ക്‌ അഗോചരീയമായതിന്റെ അസ്‌തിത്വത്തെ നിഷേധിച്ചും മുജാഹിദ്‌ മനുഷ്യനെ ജഡിക യാന്ത്രികതയുടെ തടവറയില്‍ കൊന്നു തള്ളുകയായിരുന്നു. ആദരവിന്റെ അറ്റത്തെ മാത്രമല്ല , ഏതളവിനെയും ആരാധനയെന്ന്‌ ഭാഷ്യപ്പെടുത്തി ഭീഷണിയുടെ ഉമ്മാക്കിയുണ്ടാക്കാന്‍ തൊണ്ണൂറാണ്ടും തൊള്ളപ്പണിയെടുത്തവര്‍, ജല്ലജലാലിന്റെ സാദരസവിധത്തെ പച്ചപ്പടപ്പുകളുടെ ചില്ലറക്കണക്കുകളോട്‌ ചേര്‍ത്തു പറഞ്ഞു താരതമ്യം ചെയ്‌തു. അങ്ങനെയവര്‍ അഹദായ നാഥനെയും ചെറുതാക്കുകയായിരുന്നു. പടച്ചവനെ കൊച്ചാക്കാന്‍ മുജാഹിദ്‌ മലയാളത്തില്‍ പിറന്ന പ്രാസമാണ്‌ പ്രാര്‍ത്ഥന പടച്ചവനോട്‌ മാത്രമെന്നത്‌. പടച്ചവനോടാകുമ്പോഴാണ്‌ മുസ്‌ലിമിന്‌ പ്രാര്‍ത്ഥനയുണ്ടാവുന്നതെന്ന്‌ പക്ഷെ ആ മുജഃജനത മറന്നില്ല. സ്വന്തം വിഡ്ഡിത്വത്തിന്റെ കശാപ്പു ശാലയിലേക്ക്‌ മുനമ്പത്ത്‌ ബീവിയെ മുജാഹിദാണ്‌ വലിച്ചിഴച്ചത്‌. പടച്ചവന്‍ കനിഞ്ഞവരുടെ അതീന്ദ്രിയ സിദ്ധികള്‍ അസൂയ സൃഷ്‌ടിച്ചപ്പോഴാണ്‌ ചില ഹൃദയ ഗര്‍ഭങ്ങളില്‍ മുജാഹിദ്‌ പിറന്നത്‌.

മനുഷ്യന്‍ മനുഷ്യനെ ഉള്‍ക്കൊള്ളലുകളുടെ വിളംബരമാണ്‌ നേര്‍ച്ചകളെന്നയര്‍ത്ഥത്തില്‍ മുജാഹിദ്‌ ബഹുസ്വരതയുടെ ശരീരത്തിലുമിട്ടിട്ടുണ്ട്‌ അലോസരക്കല്ലുകള്‍. ബദ്‌രീങ്ങുടെ പേരിലെ ഇറച്ചിച്ചോറും മിഅ്‌റാജ്‌ രാവിലെ കലത്തപ്പവും വ്യക്തിബന്ധങ്ങളുടെ നെയ്‌ത്തു രുചിയാണ്‌. ബെയ്‌ച്ചതിന്റെ ബാക്കിയില്‍ സുന്നി കണ്ടത്‌ ബക്കറ്റ്‌ മാത്രമല്ല ഇണപ്പിരിശം കൂടിയാണ്‌. കൊണ്ടോട്ടിയില്‍ പൊളിച്ചു കീറുന്നവര്‍ കേന്ദ്ര മാര്‍ക്കറ്റിലെ അറബിക്കു മുമ്പില്‍ ഒളിച്ചു മാറുന്നത്‌ സാമ്പത്തിക ശാസ്‌ത്രമാണുതാനും. മണ്ണിനെ ബഹുമാനിക്കാന്‍ പഠിക്കാത്തവര്‍ മണ്‍മറഞ്ഞവരെ മാനിക്കാന്‍ അശക്തരാവുകയെന്നത്‌ കാവ്യനീതിമാത്രമാണ്‌.


ജമാലുദ്ദീന്‍ അഫ്‌ഗാനിയും റശീദ്‌ രിളയും മുഹമ്മദ്‌ അബ്‌ദുവും കൊളോണിയലിസത്തിന്റെ ഉല്‍പന്നങ്ങളാണ്‌. മുഹമ്മദ്‌ബിനു അബ്‌ദുല്‍ വഹാബ്‌ കണ്ടുമുട്ടി ഫണ്ടിംഗ്‌ ഉറപ്പിച്ച സായ്‌പ്പന്‍മാരുടെ കഥകളും സുവിദിതമാണ്‌. അലൗകികതയുടെ മതാടിസ്ഥാനങ്ങളെ യുക്തിയുടെ വറ്റി വരള്‍ച്ചയില്‍ കൂട്ടിക്കെട്ടിയിടാന്‍ പടിഞ്ഞാറ്‌ പറഞ്ഞയച്ചയവര്‍ പറഞ്ഞു പഠിപ്പിച്ച ദഹനക്കേടുകള്‍ നാടുനീളെ ചര്‍ദ്ദിച്ചുണ്ടാക്കിയ മനച്ചൊത്തകളല്ലല്ലോ നവോത്ഥാനം. പ്രാദേശികമായ പ്രാമാണിക പശ്ചാതലം, പ്രത്യയശാസ്‌ത്രപരമായ അസ്ഥിത്വത്തിനു അടിസ്ഥാന ഘടകമാണ്‌. മമ്പുറം തങ്ങളും പൊന്നാനി മഖ്‌ദൂമുമാരും എന്ന പറച്ചിലിനു ചേര്‍ത്തുവെച്ച പ്രാദേശികനാമങ്ങള്‍ അവയുടെ കേവലത്വത്തിനപ്പുറം കൂടിയാണ്‌. തങ്ങള്‍ എന്നതിനേക്കാള്‍ മമ്പുറം എന്ന, സംജ്ഞയുടെ രണ്ടാം ഭാഗമാണ്‌ ജനതയുടെ ഉള്ളുണര്‍ത്തുന്നത്‌. ഖാളി മുഹമ്മദും മോയിന്‍കുട്ടി വൈദ്യരും കുഞ്ഞായിന്‍ മുസ്‌ല്യാരും വ്യക്തിത്വം കണ്ടെത്തിയതില്‍ പ്രാദേശികതയുടെ ഉപ്പിച്ച വേണ്ടുവോളമുണ്ട്‌. ചരിത്രത്തിലേക്ക്‌ സ്വന്തം മണ്ണെറിഞ്ഞ്‌ അവര്‍വിളക്കിച്ചേര്‍ത്ത സാംസ്‌കാരിക മണ്ഡലങ്ങളുടെ പരിഛേദവാക്യം കൂടിയാണ്‌.


വെളിയങ്കോടും ചാലിയവും കെട്ടിപ്പൊക്കിയ വ്യക്തി മഹത്വങ്ങള്‍ക്കു സുന്നത്തും ജന്നത്തും മുത്തിപ്പൊത്തുന്നതിന്റെ തൂമണമുണ്ട്‌. പടച്ചവനെയല്ലാതെ പടപ്പുകളെ പേടിക്കാത്തവര്‍ ബാക്കിയാക്കിയ മഖാമുകളാണ്‌ മലയാള മുസ്‌ലിമിന്റെ പച്ചപ്പുകള്‍ നോക്കണം, കേരളത്തിലെ സുന്നി പഠന പ്രബോധന സംഘടനാ കേന്ദ്രങ്ങള്‍ മണ്‍മറഞ്ഞവരുടെ ചാരെയായത്‌ കേവലം യാദൃശ്ചികമല്ല. ചരിത്രപരമായ ബന്ധരാഹിത്യത്തിന്റെ മണലാരുണ്യമാണ്‌ മുജാഹിദുകളെ ഖബ്‌റിലാക്കിയത്‌. ബന്ധദാര്‍ഢ്യതയുടെ പിന്‍ബലത്തിലാണ്‌ സുന്നി നിലനില്‍പ്പിന്റെ മണ്ണില്‍ നിലപാടിന്റെ മനസ്‌ സമര്‍പ്പിച്ചതും.


തുഹ്‌ഫതുല്‍ മുജാഹിദിനിലെ ഫുന്ത്രിയയും ഇബ്‌നു ബത്തൂത്തയുടെ ഫന്തറീനയും സുന്നിമണ്ണിനു നല്‍കിയ ആദരവിന്റെ രേഖാചരിത്രമാണ്‌. മക്കത്തെ പള്ളിയിലെ പോലെ മാമല നാട്ടില്‍ പൊന്തിയ മാടായിപ്പള്ളിയും പന്തലായനിപ്പള്ളിയുമാണ്‌ മലയാളിയുടെ ദീനിയ്യാത്ത്‌ അടയാളപ്പെടുത്തുന്നത്‌. അറബിക്കടല്‍ നാവികര്‍ മയ്യിത്ത്‌ കുന്നിനു സമീപത്തെ താഴികക്കുടം നോക്കി ദിശകണ്ടെത്തിയെന്ന രേഖയുടെ ബാക്കിതന്നെയാണ്‌ അവര്‍ നേര്‍ച്ചക്ക്‌ അഭിവാദ്യം അര്‍പ്പിച്ചതും. ചരിത്രത്തിന്റെ ചാരിത്ര്യം നശിപ്പിക്കാന്‍ ഈ ചരിത്രം ആരെയുമനുവദിക്കുന്നില്ല, തീരെ. പറങ്കിപ്പടക്കെതിരെ നാടൊന്നടങ്കം നട്ടെല്ലു നിവര്‍ത്തി അങ്കക്കളം പണിതതും ഇവിടം കേന്ദ്രീകരിച്ചു തന്നെ. ഉള്ളിലെ തീ എരിഞ്ഞമരാനല്ലെന്നും അന്യായം നിറഞ്ഞ അധികാര വ്യവസ്ഥയുടെ ആസ്ഥാനമഠത്തില്‍ തീ കൊളുത്താനാണെന്നും വിവിധ സ്വാതന്ത്രൃ സമര കാലങ്ങളില്‍ നാട്ടുകാരെ തെര്യപ്പെടുത്തിയ ധീരധന്യരാണ്‌ നമ്മുടെ മണ്ണിലെ മഹാത്മാക്കള്‍. അന്നും അച്ചാരം വാങ്ങി മാപ്പിളയുടെ തീച്ചാരങ്ങള്‍ ചിതറുന്നതു നോക്കി ചിരിച്ചവര്‍ക്ക്‌ പിറന്നമണ്ണ്‌ മണ്ണാങ്കട്ടക്കപ്പുറം മറ്റൊന്നുമായിരുന്നില്ല. തളങ്കരയും ഇടിയങ്ങരയും കേരളത്തലെ സുന്നി പഠന-പ്രബോധന- സംഘാടനാ കേന്ദ്രങ്ങള്‍.


വാല്‍ കഷ്‌ണം: സുന്നി ഉത്തരിക്കാനുള്ള യന്ത്രവും മുജാഹിദ്‌ ചോദ്യമുണ്ടാക്കുന്ന ഫാക്‌ടറിയുമാണെന്ന വാര്‍പ്പു ധാരണ ജീ. പി. സി വിവാദം കൊടുങ്കാറ്റയച്ചു തകര്‍ത്തു. ഇനി സുന്നിക്കു ചോദിക്കാം, മുജാഹിദ്‌ മറു പഠിക്കട്ടെ.
 
ശുഐബ്‌ ഹൈതമി വാരാമ്പറ്റ

മരണവീട്ടിലെ നവോത്ഥാന ശ്രമങ്ങള്‍


തൃശൂരിലെ അമല കാന്‍സര്‍ സെന്റര്‍ ആശുപത്രിയുടെ സമീപത്ത്‌ പുത്തന്‍ പള്ളി ജാറം പള്ളി വക ഒരു മുസ്‌ലിം പള്ളി നിര്‍മ്മിച്ചിട്ടുണ്ട്‌. ഈ പള്ളിയുടെ ഉത്‌ഘാടന വേദിയില്‍വെച്ച്‌ ഹോസ്‌പിറ്റലിന്റെ എം.ഡിയായ ഫാദര്‍ ഗബ്രയേല്‍ ഇങ്ങനെ പറഞ്ഞു: ഈ പള്ളി ഇവിടെ എന്തുകൊണ്ടും അനിവാര്യമാണ്‌. കാരണം ഇവിടെ രോഗികള്‍ക്ക്‌ ഭാതിക ചികിത്സയെക്കാള്‍ സാന്ത്വനമാകുത്‌ ദൈവത്തോടുള്ള പ്രാര്‍ഥനയാണ്‌. കുറച്ച്‌ മുമ്പ്‌ വളാഞ്ചേരി മര്‍ക്കസ്‌ അറബിക്‌ കോളേജിലെ ഒരു വിദ്യാര്‍ഥി വാഹന അപകടത്തില്‍പെട്ട്‌്‌ പെരിന്തല്‍മണ്ണയിലെ ഒരു പ്രസിദ്ധ ഹോസ്‌പിറ്റലില്‍വെച്ച്‌ മരണപ്പെടുകയുണ്ടായി. തത്സമയം അവിടെയുണ്ടായിരുന്ന അവന്റെ കൂട്ടുകാര്‍ ഖുര്‍ആന്‍ പാരായണം തുടങ്ങി. ആശുപത്രി അധികൃതര്‍ യാതൊരു നീരസവും പ്രകടിപ്പിച്ചില്ലെന്ന്‌ മാത്രമല്ല അവര്‍ അതിന ്‌സൗകര്യം ഒരുക്കുകയും ചെയ്‌തു.

ഇനി നമുക്ക്‌ കോട്ടക്കല്‍ ടൗണിലേക്ക്‌ വരാം.അവിടെ ഒരു സ്വകാര്യ ആശുപത്രിയുടെ ചാരത്തുള്ള പള്ളിയില്‍ ഒരു ബോര്‍ഡ്‌ കാണാം. കൂട്ടു പ്രാര്‍ഥന അനുവദിക്കുതല്ലെന്ന്‌. ഈ സ്ഥാപനം ആരുടേതെന്ന്‌ വായനക്കാര്‍ ഇതിനകം മനസ്സിലാക്കിയിരിക്കും. സത്യത്തില്‍ ഈ പരസ്യം െവച്ചവര്‍ ചിലതുകൂടി ചേര്‍ത്തെഴുതേണ്ടതാണ്‌. സുബ്‌ഹി നിസ്‌കാരത്തില്‍ ഖുനൂത്‌ അനുവദിക്കുതല്ല. ഈസ്ഥാപനത്തില്‍ ആരെങ്കിലും മരണപ്പെടുകയോ രോഗം മൂര്‍ച്ചിക്കുകയോ ചെയ്‌താല്‍ അയാള്‍ക്കുവേണ്ടി കൂട്ടമായി പ്രാര്‍ഥിക്കാന്‍ പാടില്ല.


ഇതാണ്‌ മുജാഹിദ്‌ പ്രസ്ഥാനത്തിന്‍രെ മുരടന്‍ നയം. ലോകത്തുള്ള സര്‍വ്വ പള്ളികളും സമമാണെന്നും മൂന്ന്‌ മസ്‌ജിദുകള്‍ക്കെ സവിശേഷതകള്‍ ഉള്ളൂവെന്നും പ്രവാചകന്‍(സ) അരുള്‍ ചെയ്‌തപ്പോള്‍ ഇവര്‍ മനസ്സിലാക്കിയത്‌ കച്ചവടത്തിനോ ഖബര്‍ സിയാറത്തിനോ ചരിത്രസ്‌മാരകങ്ങള്‍ കാണാനോ പാടില്ലെന്നാണല്ലൊ. മരണ വീടുകളില്‍ വിശുദ്ധ ഖുര്‍ ആന്‍ പാരായണം ചെയ്യുന്ന സമ്പ്രദായം ലോകത്തെല്ലാം നിലവിലുണ്ട്‌. യു.എ.ഇ സാരഥി ശൈഖ്‌ സായിദ്‌ മരണപ്പെട്ടപ്പോള്‍ മാസങ്ങളോളം ഖുര്‍ആന്‍ പാരായണം നടന്നിരുന്നു. എന്നാല്‍ മുജാഹിദുകളുുടെ കാര്യം വളരെ കഷ്ടമാണ്‌. മരണാസന്നന്റെ അടുത്ത്‌ നിന്ന്‌ ഖുര്‍ആന്‍ ഓതാം. മരിച്ചു കഴിഞ്ഞാല്‍ മിണ്ടിപ്പോകരുത്‌. അഥവാ യാസീനോ മറ്റോ ഓതുന്നത്‌ കണ്ടാല്‍ ഇബ്‌ലീസിന്‌ കുന്തിരിക്കം പുകച്ചത്‌ പോലെയാണ്‌.


യാസീന്‍ ഓത്ത്‌ ഒഴിവാക്കാനായി ജനാസകൊണ്ട്‌ ഓടാന്‍ പോലും ഇവര്‍ തയ്യാറായേക്കും.യഥാര്‍ഥത്തില്‍ മരണവീട്ടിലെ പാരായണം ഇത്രമാത്രം വെറുക്കപ്പെടേണ്ട കാര്യമാണോ. നമുക്ക്‌ പരിശോധിക്കാം.


ഇബ്‌നു തൈമിയ്യയുടെ പ്രധാന ശിഷ്യനും അദ്ദേഹത്തോടൊപ്പം ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്‌ത പ്രശസ്‌ത ചിന്തകനാണ്‌ ഇബ്‌നുല്‍ ഖയ്യൂം. ഇദ്ദേഹം തന്റെ പ്രശസ്‌തമായ അല്‍ റൂഹ്‌ എന്ന വിശ്വവിഖ്യാത ഗ്രന്ഥത്തില്‍ ഇവ്വഷയകമായി എഴുതുന്നത്‌ ഇങ്ങനെ വായിക്കാം: സലഫുകളില്‍ പലരും തങ്ങളുടെ ഖബറിടത്തില്‍ വെച്ച്‌ പ്രാര്‍ഥിക്കാന്‍ വസ്വിയ്യത്‌ ചെയ്യാറുണ്ടായിരുന്നു. ഇബ്‌നു ഉമര്‍ (റ) തന്റെ ഖബറിടത്തില്‍ വെച്ച്‌ സൂറത്തുല്‍ ബഖറ പാരായണം ചെയ്യാന്‍ വസ്വിയ്യത്‌ ചെയ്‌തിരുന്നുവെന്നതാണ്‌ തെളിവ്‌. ഇമാം അഹ്‌മദ്‌ ബിന്‍ ഹമ്പല്‍ ഈ പാരായണെത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ ഇമാം തന്റെ അഭിപ്രായം മാറ്റി ഓതാന്‍ ഉപദേശിക്കാറുണ്ടായിരുന്നു. അബ്ദുറഹ്‌മാനു ബുനു അലാഅ്‌ പറയുന്നു: എന്റെ ഉപ്പ എന്നോട്‌ ഒരിക്കല്‍ പറഞ്ഞു, ഞാന്‍ മരിച്ചാല്‍ എന്നെ ഖബറിലേക്കിറക്കുമ്പോള്‍ അള്ളാഹുവിന്റെ മാര്‍ഗത്തിലും റസൂലിന്റെ മാര്‍ഗത്തിലും എന്ന്‌ പറഞ്ഞ്‌ മണ്ണിട്ട്‌്‌ മൂടിയ ശേഷം സൂറത്തുല്‍ ബഖറയുടെ ആദ്യഭാഗങ്ങള്‍ ഓതണം. കാരണം ഇബ്‌നു അബ്ദുറഹ്മാനുബ്‌നുല്‍ അലാഅ്‌ അത്‌ വസിയ്യത്ത്‌ ചെയ്‌തതായി ഞാന്‍ കേട്ടിട്ടുണ്ട്‌.


അബ്ബാസുദ്ദവറി ഇങ്ങനെ പറയുന്നു: ഇമാം അഹ്‌മദിനോട്‌ ഞാന്‍ ചോദിച്ചു, ഖബറിങ്ങല്‍ ഓതുന്നതിന്‌ താങ്കള്‍ക്ക്‌ വല്ല തെളിവും ലഭിച്ചിട്ടുണ്ടോ? ഇമാം പറഞ്ഞു: ഇല്ല. പക്ഷെ, യഹ്‌യ ബ്‌നു സഈദിനോട്‌ ഇതിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ ഇബ്‌നു ഉമറി(റ)ന്റെ പ്രവര്‍ത്തനം അദ്ദേഹം ഉദ്ധരിക്കുകയുണ്ടായി. അലിയ്യ്‌ ബ്‌നു മൂസല്‍ ഹദ്ദാദ്‌ പറയുന്നു: ഞാനും അഹ്‌മദ്‌ ബ്‌നു ഹമ്പലും മുഹമ്മദ്‌ ബ്‌നു ഖുദാമയും ഒരു ജനാസയോടൊപ്പം ഒത്ത്‌കൂടുകയുണ്ടായി. ഖബറടക്കം കഴിഞ്ഞപ്പോള്‍ ഒരാള്‍ ഖബറിനടുത്തിരുന്ന്‌ ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ തുടങ്ങി. ഇമാം പറഞ്ഞു: ഹേ മനുഷ്യാ.. ഈ പാരായണം ബിദ്‌അത്താണ്‌. ഞങ്ങള്‍ തിരിച്ചുപോരുമ്പോള്‍ മുഹമ്മദ്‌ബ്‌നു ഖുദാമ ഇമാമിനോട്‌ ചോദിച്ചു: മുബശ്ശിറു ബ്‌നു ഹലബിയെക്കുറിച്ച്‌ അങ്ങെന്തു പറയുന്നു.


ഇമാം പറഞ്ഞു, അദ്ദേഹം വിശ്വാസ യോഗ്യന്‍ തന്നെ.


എങ്കില്‍ മുബശ്ശിറുല്‍ ഹലബില്‍ നിന്നും അങ്ങ്‌ വല്ലതും കേട്ടിട്ടുണ്ടോ?


ഉണ്ട്‌


എന്നാല്‍ അലാഇല്‍ നിന്നും ഇങ്ങനെ ഉദ്ധരിക്കുന്നുണ്ടല്ലോ, ഞാന്‍ മരിച്ചാല്‍ എന്റെ ഖബറിന്റടുത്ത്‌ വെച്ച്‌്‌ അല്‍ ബഖറയുടെ ആദ്യവും അന്ത്യവും ഓതണമെന്ന്‌ എന്റെ പിതാവ്‌ എന്നോട്‌ വസ്വിയ്യത്‌ ചെയ്‌തു. ഇബ്‌നു ഉമര്‍ (റ) അങ്ങനെ ചെയ്‌തതായി പിതാവ്‌ ഉണര്‍ത്തുകയും ചെയ്‌തു. ഇത്രയും കേള്‍ക്കേണ്ടതാമസം ഇമാം ഇപ്രകാരം പറഞ്ഞു: എങ്കില്‍ ആ മനുഷ്യനോട്‌ ഓത്ത്‌ തുടരാന്‍ പറഞ്ഞോളൂ.


ഹസനു ബ്‌നു സ്വബാഹു സ്വഅ്‌ഫറാനി പഞ്ഞു: ഖബറിങ്ങല്‍ ഓതുതിനെക്കുറിച്ച്‌ ഞാന്‍ ഇമാം ശാഫിഇയോട്‌ ചോദിച്ചു. യാതൊരു വിരോധവുമില്ലൊയിരുന്നു ഇമാമിന്റെ മറുപടി.അന്‍സാറുകളില്‍ നിന്നാരെങ്കിലും മരണെപ്പെട്ടാല്‍ ഖബറിനടുത്ത്‌ വെച്ച്‌ ഖുര്‍ആന്‍ പാരായണം ചെയ്യല്‍ അവരുടെ പതിവായിരുന്നു. ഇമാം ശഅബി പറയുന്നു: ഹസനുല്‍ ജറഹ പറയുന്നു. എന്റെ പെങ്ങള്‍ മരിച്ചു. ഞാന്‍ അവളുടെ ഖബറിങ്ങല്‍ വച്ച്‌ തബാറക സൂറ ഓതാറുണ്ടായിരുന്നു. ആയിടക്കൊരാള്‍ പറഞ്ഞു, താങ്കളുടെ പെങ്ങളെ ഞാന്‍ സ്വപ്‌നം കണ്ടു. അപ്പോള്‍ നിങ്ങളുടെ പാരായണം അവള്‍ക്ക്‌ പ്രയോജനകരമാണെന്ന്‌ അവള്‍ പറഞ്ഞു. ഈ വിവരം താങ്കളെ അറിയിക്കാനും പറഞ്ഞു.


അബൂബകര്‍ ബ്‌നു അഫ്‌കശ്‌ പറഞ്ഞ ഒരു സംഭവം: ഒരാള്‍ തന്റെ മാതാവിന്റെ ഖബറിങ്ങല്‍ വെച്ച്‌്‌ എല്ലാ വെള്ളിയാഴ്‌ചയും യാസീല്‍ ഓതുക പതിവായിരുന്നു. ഒരിക്കല്‍ അയാള്‍ ഇങ്ങനെ പ്രാര്‍ഥിച്ചു. അള്ളാഹുവേ.. ഈ പ്രവര്‍ത്തിക്ക്‌ നീ വല്ല പ്രതിഫലവും നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ അത്‌ ഈ ശ്‌മശാനവാസികള്‍ക്ക്‌ മുഴുന്‍ നല്‍കിയാലും. അടുത്തനാള്‍ ഒരു അപരിചിതന്‍ അയാളെ സമീപിച്ച്‌ ചോദിച്ചു: താങ്കള്‍ ഇന്ന വ്യക്തിയുടെ മകനല്ലേ?


അതെ.


എന്റെ ഒരു മകള്‍ മരണപ്പെട്ടിരുന്നു. അവള്‍ ഖബറിന്റെ കരയിലിരിക്കുന്നതായി ഞാന്‍ സ്വപനം കണ്ടു. ഞാന്‍ ചോദിച്ചു, എന്താ ഇങ്ങനെ? അവള്‍ പറഞ്ഞു: ഇന്ന പേരുള്ള ഒരാള്‍ ഇവിടെയെത്തി യാസീന്‍ ഓതിയതിന്റെ പ്രതിഫലം എല്ലാവര്‍ക്കും നല്‍കിയിരുന്നു. ഞങ്ങള്‍ക്കെല്ലാം അതിന്റെ വിഹിതം ലഭിച്ചു. ആ സന്തോഷത്തിലാണ്‌ ഞാനിപ്പേള്‍.


ഇബ്‌നുല്‍ ഖയ്യിം തുടരുന്നു, നിങ്ങള്‍ മരിച്ചവര്‍ക്കുവേണ്ടി യാസീന്‍ ഓതുക എന്ന്‌ കല്‍പിക്കുന്ന ഹദീസ്‌ നബി(സ)യില്‍ നിന്നും മഅ്‌ഖലു ബന്‌ു യസാര്‍ വഴി ഇമാം നസാഇ ഉദ്ധരിച്ചിട്ടുണ്ട്‌. ഇതിന്‌ രണ്ട്‌ വ്യാഖ്യാനങ്ങള്‍ ഉണ്ട്‌. മരണം ആസന്നമായവന്റെയടുക്കല്‍ ഓതുക. മരണ ശേഷം ഓതുക. സത്യത്തില്‍ ഈ രണ്ട്‌ വ്യാഖ്യാനവും തമ്മില്‍ വൈരുദ്ധ്യമില്ല. മരണത്തിന്‌ മുമ്പും പിമ്പും ഓതിയാല്‍ പ്രശനം തീര്‍ന്നല്ലോ.


ഇബ്‌നുല്‍ ഖയ്യിം തുടരുന്നു. ഇവിടെ ഒരു കാര്യം ചോദിക്കപ്പെട്ടേക്കാം. പുണ്യകര്‍മ്മങ്ങളില്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തിയിരുന്ന സലഫുകള്‍ മരിച്ചവരുടെ പേരില്‍ ഖുആന്‍ പാരായണം നടത്തിയതായി തെളിവില്ല. പ്രതിഫലം പരേതരിലേക്ക്‌ പാര്‍സല്‍ ചെയ്യാന്‍ നബി (സ) കല്‍പിച്ചിട്ടുമില്ല. എന്താണ്‌ കാരണം? ഈ ചോദ്യം ഉന്നയിക്കുവര്‍ ഹജ്ജ്‌, നോമ്പ്‌, പ്രാര്‍ഥന, പാപമോചനാര്‍ഥന മുതലായവ മരിച്ചവരിലേക്കെത്തുമെന്ന്‌ സമ്മതിക്കുമോ? എങ്കില്‍ ഖുര്‍ആന്‍ പാരായണവും ആ ഇബാദത്തുകളും തമ്മിലെന്താണ്‌ വ്യത്യാസം? ഇനി ഒരു ഇബാദത്തും അവരിലേക്കെത്തുന്നില്ലൊണ്‌ വാദമെങ്കില്‍, ഇത്‌ കിതാബ്‌, സുന്നത്ത്‌, ഇജിമാഅ്‌ എന്നിവക്കെതിരാണ്‌.


പരേതന്റെ പേരില്‍ പാരായണം നടത്താനായി പ്രത്യേക വഖഫ്‌ സ്വത്തുക്കള്‍ അന്നുണ്ടായിരുന്നില്ല.പാരായണ പ്രതിഫലം നബിതിരുമേനിയിലേക്ക്‌ നീക്കിവെക്കുതിനെക്കുറിച്ചാണ്‌ തര്‍ക്കമെങ്കില്‍ അതില്‍ കഴമ്പില്ല. കാരണം മുസ്‌ലിം ചെയ്യുന്ന ഏതൊരു കര്‍മ്മത്തിന്റെയും കേന്ദ്ര ബിന്ദു നബി (സ)യായത്‌ കൊണ്ട്‌ അവയുടെയെല്ലാം വിഹിതം അവിടേക്ക്‌ എത്തിയിരിക്കും.


ഒരു കാര്യം ഓര്‍മ്മിപ്പിക്കട്ടെ, ഖബറിന്നടുത്ത്‌ പാരായണം ചെയ്യുകയെന്നതിനര്‍ഥം മരണശേഷമുള്ള പാരായണം എന്നേ സാമാന്യര്‍ഥമുള്ളൂ. അപ്പോള്‍ മരണവീട്‌്‌ നല്ലതൊന്നും ചെയ്യാന്‍ പറ്റാത്ത ദുഷിച്ച സ്ഥലമാണെന്ന്‌ മുജാഹിദുകള്‍ക്കഭിപ്രായമുണ്ടോ? എങ്കില്‍ അറുത്തിട്ട കോഴിയില്‍ നിന്നും പൂച്ചയെകാക്കുന്ന പോലെ മയ്യത്തിന്‌ കാവലിരുന്ന്‌ പാരായണം തടയുന്നതെന്തിന്‌? മയ്യിത്ത്‌ നിസ്‌കാരത്തിനായി ആളുകളെ കൂട്ടുത്‌ തെറ്റാണേേ്രത? അതിനാല്‍ മൈക്കിലൂടെ അനൗണ്‍സ്‌ പറ്റില്ല. ഫോണിലൂടെയും പത്രങ്ങളിലൂടെയും വിളംബരം ചെയ്യുത്‌ തെറ്റുമല്ല. ഇതെല്ലാം വൈരുദ്ധ്യം.


മരണ വീട്ടില്‍ മാത്രമല്ല ജീവനുള്ള വീട്ടിലും ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ പാടില്ലെന്ന്‌ പറയാനുള്ള ധാര്‍ഷ്‌ഠ്യം ഇവര്‍ കാണിക്കണം. കാരണം അര്‍ഥമറിയാത്ത പാരായണം പാഴ്‌വേലയാണെന്ന്‌ ഇവര്‍ നേരത്തെതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്‌. തത്‌ക്കാലം നമുക്കിത്‌ സമ്മതിക്കാം. പക്ഷെ ഒരു പ്രശ്‌നമുണ്ട്‌. അര്‍ഥം അരിഞ്ഞുവെന്ന്‌ പറയണമെങ്കില്‍ ലോകത്തുള്ള സകല വ്യാഖ്യാനങ്ങളും തിരയേണ്ടിവരും. എങ്കിലല്ലേ ഭാഗികമായെങ്കിലും അര്‍ഥം പൂര്‍ത്തിയായെന്ന്‌ പറയാനാവൂ.


ഖബറിന്നടുത്ത്‌പോയി മൗനമായി നിന്നാലും മതി. കാരണം മരണ സ്‌മരണ പുതുക്കലാണല്ലോ ലക്ഷ്യം. സത്യത്തില്‍ പ്രവാചകന്‍ (സ) പറഞ്ഞത്‌ പരലോകസ്‌മരണയുണ്ടാക്കുമെന്നാണ്‌. മരണ സ്‌മരണക്കാണങ്കില്‍ പരാക്രമിയായ പോത്തുചത്തുകിടക്കുന്നത്‌ കണ്ടാലും മതിയല്ലോ.


ഖുര്‍ആന്‍ പാരായണത്തെക്കുറിച്ചാണല്ലോ പറഞ്ഞുവന്നത്‌. എന്നാല്‍ പരേതരുടെ പേരില്‍ ധര്‍മ്മം ചെയ്യുന്നതോ അന്നദാനം നടത്തുന്നതോ ആരെങ്കിലും എതിര്‍ത്തതായി തെളിവുണ്ടോ?


പരേതരുടെ പേരില്‍ ഒരു വര്‍ഷം വരെ സ്വഹാബികള്‍ അന്നദാനം ചെയ്‌തിരുന്നുവെന്ന്‌ ഇമാം സുയൂഥ്വി സമര്‍ഥിക്കുന്നുണ്ട്‌. എന്റെ നാട്ടില്‍ ഒരു രസികന്‍ ഉണ്ടായിരുന്നു. ഒരു മരണാനന്തരസദസ്സില്‍ ഇറച്ചിയും ചോറും അടിച്ചുകൊണ്ടിരിക്കെ അദ്ദേഹം പറഞ്ഞു: ഈ മുജാഹിദിന്‌ ഒട്ടും ബുദ്ധിയില്ലട്ടോ. അല്ലെങ്കില്‍ ഇത്‌ മോശമാണെന്ന്‌ ആരെങ്കിലും പറയുമോ?


സ്വഹാബത്തിന്റെ ഭക്ഷണം അരിയായിരുന്നോയെന്ന്‌ ചോദിക്കാനും ഇവര്‍ മടിക്കില്ലെന്നത്‌ മറ്റൊരു കാര്യം. ഇവരുടെ മാതൃരാജ്യമാണെന്ന്‌ അവകാശപ്പെടുന്ന സഊദിയില്‍ ഇതെല്ലാം ദിവസങ്ങളോളം നടക്കടന്നുവെന്നതും ഓര്‍ക്കുക. മദീനയില്‍ മസ്‌ജിദുന്നബവിയുടെ തൊട്ടടുത്ത്‌ ഇത്തരം സംഗതികള്‍ക്കായി സ്ഥാപിക്കപ്പെട്ട ഒരു വലിയ ഹാള്‍ തന്നെയുണ്ട്‌്‌. ഈ ലേഖകന്‍ അവിടെ ഇത്തരം ഒരു സദസ്സില്‍ പങ്കെടുക്കുകയും ചെയ്‌തിട്ടുണ്ട്‌. ഹജ്ജ്‌ യാത്രവേളയില്‍, ഇവ്വിഷയകമായി ഇമാം നവവിയുടെ ശറഹ്‌ മു്‌്‌സ്‌്‌ലിമില്‍ പറഞ്ഞ ഒരു വാക്ക്‌ ഉദ്ധരിച്ച്‌ ചിലര്‍ ആശ്വാസം തേടാറുണ്ട്‌. ഇതാണാ വാക്ക്‌: എന്നാല്‍ ഖുര്‍ആന്‍ പാരായണ പ്രശ്‌്‌നത്തില്‍ അതിന്റെ പ്രതിഫലം മരിച്ചവര്‍ക്ക്‌്‌ ലഭിക്കുകയില്ലെന്നതാണ്‌ ശാഫി മദ്‌ഹബില്‍ പ്രചരിച്ച അഭിപ്രായം. യഥാര്‍ഥത്തില്‍ ഇമാം ശാഫിയുടെ അഭിപ്രായം നാം നേരത്തെ ഉദ്ധരിക്കുകയുണ്ടായി. ചുരുക്കത്തില്‍ ഈ 'ഈ പ്രചരിച്ച' അഭിപ്രായം ശരിയല്ലെന്നു തന്നെ. പുറമെ, മൂന്ന്‌ മദ്‌ഹബുകളിലും പ്രതിഫലം ലഭിക്കുമെന്നാണ്‌ പറയുന്നതെന്ന്‌ ഇമാം നവവിയുടെ വാക്കുദ്ധരിച്ച ശേഷം ഫത്‌ഉല്‍ മുഈനില്‍ തന്നെ പറയുന്നുണ്ട്‌.
എം.കെ. കൊടശ്ശേരി

വ്യാജ നവോത്ഥാനം വാര്‍ദ്ധക്യമറിയിക്കുന്നു

ആധുനിക കാലത്ത്‌ മുസ്‌ലിംകള്‍ക്കിടയില്‍ ആവിര്‍ഭവിച്ചതും പരിഷ്‌കരണ ആശയങ്ങള്‍ പ്രചരിപ്പിച്ചതുമായ ആശയ വ്യവഹാരങ്ങളെ അടയാളപ്പെടുത്താന്‍ പൊതുവായി ഉപയോഗിക്കുന്ന ഒരു പദമാണ്‌ മുസ്‌ലിം നവോത്ഥാനമെന്നത്‌. കോളണീകരണത്തിന്‌ വിധേയരായ വിവിധ ജനസമൂഹങ്ങളില്‍ കൊളോണിയല്‍ ആധുനികതയുടെ മൂല്യബോധത്തെ അടിസ്ഥാനമാക്കി രൂപപ്പെടുത്തപ്പെട്ട വിജ്ഞാന രൂപങ്ങളോടും സാംസ്‌കാരിക ശീലങ്ങളോടുമുള്ള സമ്പര്‍ക്കവും വിനിമയങ്ങളും നിമിത്തമായി ഉളവായ പരിവര്‍ത്തനങ്ങളെയും സാംസ്‌കാരിക, ആശയ സ്വാധീനങ്ങളെയും സ്ഥാനപ്പെടുത്താന്‍ പൊതുവായി ഉപയോഗിച്ചു വരുന്ന പദമാണ്‌ ആധുനിക നവോത്ഥാനമെന്നത്‌.

ഇന്ത്യ പോലുള്ള മൂന്നാം ലോക സമൂഹങ്ങളില്‍ അധ:കൃത ജാതികളുടെ സാമൂഹിക ഉന്നമനത്തെയും സാംസ്‌കാരിക പരിവര്‍ത്തനങ്ങളെയും നിര്‍ണയിച്ച സുപ്രധാനമായ ഒരു പ്രവണത എന്ന നിലക്ക്‌ കൊളോണിയല്‍ ആധുനികതയും അതിന്റെ സാംസ്‌കാരിക ധൈഷണിക ഫലങ്ങളായി ഉളവായ ആധുനിക നവോത്ഥാനവും തീര്‍ച്ചയായും ചരിത്ര പരമായ പ്രാധാന്യമര്‍ഹിക്കുന്ന സാമൂഹിക പ്രതിഭാസങ്ങള്‍ തന്നെയായിരുന്നു.


ഒരു പക്ഷെ നൂറ്റാണ്ടുകളായി ജാതീയമായ ഉച്ചനീചത്വത്തിന്റെയും ശ്രേണീ വത്‌കൃതമായ സാമൂഹിക ദുരാചാരങ്ങളുടെയും അധ:കൃതാവസ്ഥയില്‍ വസിച്ചിരുന്ന അടിസ്ഥാന ജന വര്‍ഗങ്ങള്‍ക്ക്‌ സ്വാതന്ത്ര്യത്തിന്റെ ശുദ്ധ വായുവും മനുഷ്യ പദവി എന്ന തുറസ്സും നല്‍കിയത്‌ കൊളോണിയല്‍ ആധുനികത തന്നെയായിരുന്നു. എന്നാല്‍ യൂറോ സെന്‍ട്രിക്കായ ഏക ശിലാത്മകമായ ഒരു പുതിയ മൂല്യ ബോധവും ജ്ഞാന ശാസ്‌ത്ര സമീപനവുമാണ്‌ അത്‌ പകരം നല്‍കിയതെങ്കിലും താരതമ്യേന അവര്‍ അതു വരെയും അനുഭവിച്ചു കൊണ്ടിരുന്ന പാരതന്ത്ര്യത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ അതവര്‍ക്ക്‌ കരുത്ത്‌ നല്‍കിയിരുന്നു. അതു കൊണ്ട്‌ തന്നെയാണ്‌ ആധുനിക നവോത്ഥാനം ആപേക്ഷികാര്‍ത്ഥത്തില്‍ പുരോഗമനോന്മുഖമാണെന്ന്‌ പറയേണ്ടി വരുന്നത്‌. കൊളോണിയല്‍ ആധുനികത സമ്മാനിച്ച നവോത്ഥാന വ്യവഹാരങ്ങളുമായി സാംസ്‌കാരികവും ആശയപരവുമായ സമ്പര്‍ക്കങ്ങളും വിനിമയങ്ങളും സാധ്യമായപ്പോള്‍ പുതിയ മൂല്യമാനദണ്ഡങ്ങള്‍ക്കനുസൃതമായി ഓരോ ജനതതികളിലും സ്വയം നിര്‍വ്വചിക്കാനും പുനരാവിഷ്‌കരിക്കാനും ഉദ്യമിച്ചപ്പോള്‍ സംഭവിച്ച പ്രതിഭാസങ്ങളാണ്‌ ദേശീയാധുനികതയായും വിവിധ മത ജാതി സമൂഹങ്ങളിലെ സാമൂഹിക നവോത്ഥാന പ്രയത്‌നങ്ങളായും പ്രകടമായത്‌.


കൊളോണിയലിസത്തിന്റെ രാഷ്ട്രീയാധികാരവുമായും സാംസ്‌കാരികാധീശത്വവുമായും ജ്ഞാന ശാസ്‌ത്ര സമീപനങ്ങളുമായും തുടക്കം മുതല്‍ തന്നെ ഇടഞ്ഞു നിന്ന മുസ്‌ലിം സമൂഹം പില്‍ക്കാലത്ത്‌ സാമൂഹികോന്നമനത്തിനും അപര മുദ്രണങ്ങളെ അതിജയിക്കാനുമുള്ള ഒരു ഉപകരണമെന്ന നിലയില്‍ ആധുനിക നവോത്ഥാനത്തിന്റെ ആശയ വ്യവഹാരങ്ങളെ സ്വാശീകരിക്കുകയും പില്‍ക്കാലത്ത്‌ മുസ്‌ലിം നവോത്ഥാനമെന്ന്‌ അടയാളപ്പെടുത്തപ്പെട്ട പ്രവണതകള്‍ക്ക്‌ തുടക്കമിടുകയും ചെയ്‌തു. മുസ്‌ലിംകളെ കൂടുതല്‍ ചരിത്രവത്‌കരിക്കുക അഥവാ നിലവിലുള്ള കാലത്തിന്റെ തീക്ഷ്‌ണ യാഥാര്‍ത്ഥ്യങ്ങളെ സാംസ്‌കാരികമായി നേരിടാന്‍ പക്വതയുള്ളവരാക്കുക, അവരെ ഭൗതികമായ അധ:സ്ഥിതിയില്‍ നിന്ന്‌ മോചിപ്പിച്ച്‌ കൂടുതല്‍ മെച്ചപ്പെട്ട സാമൂഹിക പദവി പ്രാപിക്കാന്‍ പ്രാപ്‌തിയുള്ളവരാക്കുക എന്നീ ലക്ഷ്യങ്ങളായിരുന്നു ഉപരി സൂചിത നവോത്ഥാന യത്‌നങ്ങളുടെ മുഖ്യമായ പരിഗണനകള്‍ എന്ന്‌ കാണാന്‍ കഴിയും. ഈ വഴിയില്‍ കേരളീയ മുസ്‌ലിംകള്‍ക്കിടയില്‍ ആദ്യമായി വ്യവസ്ഥാപിതമായി പ്രയത്‌നിച്ച സയ്യിദ്‌ സനാഉല്ലാ മക്തി തങ്ങളെയാണ്‌ മുസ്‌ലിം നവോത്ഥാനത്തിന്റെ ആചാര്യ പദവിയില്‍ നാം പ്രതിഷ്‌ഠിച്ചിട്ടുള്ളത്‌.


സയ്യിദ്‌ സനാഉല്ലാ മക്തി തങ്ങളില്‍ നിന്നാരംഭിക്കുന്ന ഈ നവോത്ഥാനത്തിന്റെ അനന്തരത്വം ആധുനിക കാലത്ത്‌ രൂപപ്പെട്ട്‌ വന്ന വഹാബി പശ്ചാത്തലമുള്ള പ്രസ്ഥാനങ്ങളും സംരംഭങ്ങളുമാണ്‌ ഇന്ന്‌ അവകാശപ്പെടുന്നത്‌. മുസ്‌ലിംകള്‍ക്കിടയില്‍ വിശ്വാസ വ്യതിയാനവും ദുരാചാര സമ്മിശ്രണവും ആരോപിച്ച്‌ പ്രത്യക്ഷപ്പെട്ട ഇസ്‌ലാമിന്നകത്തുള്ള സകല വൈവിദ്ധ്യങ്ങളെയും തകര്‍ക്കാനൊരുമ്പെട്ട്‌ പുതിയൊരു പ്യൂരിറ്റന്‍ ഇസ്‌ലാമിനെ പ്രതിനിധീകരിച്ച തികച്ചും പ്രതിലോമകരമായ ഒരു സാമൂഹിക പ്രതിഭാസത്തിന്റെ പൂര്‍വ്വഗാമിയായി യാതൊരു നിലക്കും മക്തി തങ്ങളെ സ്ഥാനപ്പെടുത്താന്‍ സാധിക്കുകയില്ല എന്ന കാര്യം ഈയടുത്തിടെ നടന്ന ഗവേഷണാന്വേഷണങ്ങളിലൂടെയും ഇവ്വിഷയകമായി ഇപ്പോഴും തുടരുന്ന സംവാദങ്ങളിലൂടെയും ഏതാണ്ട്‌ വ്യക്തമായിട്ടുണ്ട്‌. വിശ്വാസ കാര്യങ്ങളില്‍ പാരമ്പര്യ മൂല്യങ്ങളെ മുറുകെ പിടിക്കുകയും എന്നാല്‍ കൊളോണിയല്‍ ആധുനികതയുമായുള്ള സമ്പര്‍ക്കങ്ങളിലും വിനിമയങ്ങളിലും ബഹിഷ്‌കരണത്തിന്‌ പകരം സ്വാംശീകരണത്തിന്റെ നിലപാട്‌ സ്വീകരിക്കുകയും ചെയ്‌ത കാലത്തിന്‌ മുമ്പില്‍ നടന്ന ഒരു സാമൂഹിക പരിഷ്‌കര്‍ത്താവ്‌ എന്നതായിരുന്നു മക്തി തങ്ങളുടെ യഥാര്‍ത്ഥ സ്ഥാനം.


കൊളണി അധികാരം നീതിരഹിതവും വിധ്വംസകവുമായ അധികാര പ്രയോഗവും പൊള്ളുന്ന യാഥാര്‍ത്ഥ്യവുമായി അനുഭവിച്ച മാപ്പിള സമൂഹത്തിന്‌ കോളണി ശക്തികളുടെ എല്ലാം വര്‍ജ്ജ്യമായിരുന്ന ഒരു കാലത്താണ്‌ മക്തി തങ്ങള്‍ അക്കാലത്തെ സാമാന്യ ജനതയെ സംബന്ധിച്ചും അവരെ നയിച്ചിരുന്ന ഉലമാക്കളെ സംബന്ധിച്ചും തികച്ചും വിചിത്രമായ നവോത്ഥാന ആശയങ്ങള്‍ പ്രചരിപ്പിച്ചത്‌. അതുകൊണ്ട്‌ തന്നെയാണ്‌ അദ്ദേഹം ഒറ്റക്കായി പോയതും അപരിചിതനായി പോയതും. മക്തി തങ്ങളുടെ വിയോഗത്തിന്‌ ശേഷം ഏതാണ്ട്‌ ഒരു പതിറ്റാണ്ട്‌ പിന്നിട്ടതിനു ശേഷം മലബാര്‍ സമരാനന്തരം രാഷ്ട്രീയ അഭയാര്‍ത്ഥിയായി കൊടുങ്ങല്ലൂരിലെത്തിയ കെ. എം. മൗലവിയുടെ നേതൃത്വത്തില്‍ രൂപപ്പെടുത്തപ്പെട്ട ഐക്യ സംഘം പില്‍ക്കാലത്ത്‌ വഹാബി പ്രസ്ഥാനമായി രൂപാന്തരപ്പെട്ടപ്പോള്‍ മക്തി തങ്ങളുടെ പ്രയത്‌നങ്ങളുമായി ആ സംരംഭങ്ങള്‍ക്കുണ്ടായിരുന്ന ഏക സാദൃശ്യം സാമാന്യ ജനവും അവരെ നയിച്ചിരുന്ന പാരമ്പര്യ ഉലമാക്കളും മക്തി തങ്ങളോട്‌ സ്വീകരിച്ച അതേ ബഹിഷ്‌കരണ നിലപാട്‌ അവരോടും സ്വീകരിച്ചുവെന്നത്‌ മാത്രമാണ്‌. ഈയൊരു സാദൃശ്യത്തിന്റെ പേരില്‍ മാത്രം വഹാബി പ്യൂരിറ്റാനിസവും മക്തി തങ്ങളുടെ ദൗത്യവും, പരസ്‌പര തുടര്‍ച്ചയും സമീകരണവും സാധ്യമാവുന്ന ഒന്നായി വിലയിരുത്താനാവില്ല. മക്തി തങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ പില്‍ക്കാല പിന്തുടര്‍ച്ചയേറ്റെടുത്ത്‌ ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ച്‌ മുസ്‌ലിം സമൂഹത്തെ അധ:കൃതാവസ്ഥയില്‍ നിന്ന്‌ കൈ പിടിച്ചുയര്‍ത്താന്‍ യത്‌നിച്ചവര്‍ തങ്ങളായിരുന്നുവെന്നും `യാഥാസ്ഥിക' വിഭാഗങ്ങള്‍ അതിനോട്‌ പുറം തിരിഞ്ഞു നില്‍ക്കുകയായിരുന്നുവെന്നും അവകാശപ്പെട്ടു കൊണ്ടാണ്‌ നവോത്ഥാന വിമര്‍ശനങ്ങളെ അതിജയിക്കാന്‍ നവോത്ഥാനത്തിന്‌ നൂറാണ്ട്‌ കൊണ്ടാടുന്നവര്‍ പ്രയത്‌നിക്കുന്നത്‌. ഈ അവകാശ വാദം യാതൊരര്‍ത്ഥത്തിലും ചരിത്ര വസ്‌തുതകള്‍ക്ക്‌ നിരക്കുന്നതല്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം.


കോളണീകരണത്തിനെതിരായ നിരന്തരമായ സമരങ്ങളും ഭരണ കൂടത്തിന്റെ അടിച്ചമര്‍ത്തല്‍ നടപടികളും നിമിത്തമായി രാഷ്ട്രീയമായും സാമ്പത്തികമായും ശാക്തികമായും വല്ലാതെ ക്ഷയിച്ച മാപ്പിള സമുദായം ഘട്ടം ഘട്ടമായി കോളണി അധികാരത്തിന്‌ വിധേയപ്പെടുന്ന കാഴ്‌ചയാണ്‌ പില്‍ക്കാലത്ത്‌ കാണുന്നത്‌. വിശേഷിച്ച്‌ 1921 ല്‍ മാപ്പിള മുന്നേറ്റങ്ങളെ അടിച്ചമര്‍ത്തിയ ദാരുണമായ രക്തോത്സവങ്ങള്‍ക്ക്‌ ശേഷം അവര്‍ക്കിടയില്‍ ഗണ്യമായ മാറ്റങ്ങള്‍ തന്നെ പ്രകടമായിരുന്നു. ഈ മനോഗതി തിരിച്ചറിഞ്ഞ്‌ ഒരു പ്രായശ്ചിത്തമെന്നോണം കോളണി ശക്തികള്‍ മുസ്‌ലിംകളെ അനുനയിപ്പിക്കാനും അവരെ കൂടുതല്‍ ആധുനികവത്‌കരിക്കാനും ലക്ഷ്യം വെച്ച്‌ പല പദ്ധതികളും നടപ്പിലാക്കുകയും അതിന്റെ ഗുണഭോക്താക്കളായി മാപ്പിള മുസ്‌ലിംകള്‍ മാറുകയും ചെയ്‌തു. മുസ്‌ലിംകളെ കോളണി അധികാരത്തോട്‌ കൂടുതല്‍ വിധേയത്വമുള്ള പൗരന്മാരാക്കാന്‍ ലക്ഷ്യം വെച്ച്‌ ആവിഷ്‌കരിക്കപ്പെട്ട്‌ നടപ്പിലാക്കപ്പെട്ട പദ്ധതികളില്‍ പ്രധാനമായത്‌ വിദ്യാഭ്യാസ മേഖലയില്‍ മുസ്‌ലിംകളെ ആകര്‍ഷിക്കാന്‍ ഉദ്ദേശിച്ച്‌ നടപ്പിലാക്കപ്പെട്ട പരിഷ്‌കാരങ്ങളാണ്‌. അങ്ങിനെ അറബി ഭാഷയുള്‍പ്പെടെ ഇസ്‌ലാമിക വിജ്ഞാനീയങ്ങളെ സിലബസിലുള്‍പ്പെടുത്തി മലയാളവും മറ്റ്‌ ആധുനിക വിഷയങ്ങളും പഠിപ്പിക്കുന്ന പ്രാഥമിക വിദ്യാലയങ്ങള്‍ മാപ്പിള സ്‌കൂളുകള്‍ എന്ന പേരില്‍ സ്ഥാപിക്കപ്പെടുന്നത്‌ ഏതാണ്ട്‌ ഈ കാലത്താണ്‌. ഈ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളായി എത്തിയത്‌ അന്ന്‌ മരുന്നിനു പോലുമില്ലാത്ത വഹാബികളുടെ മക്കളല്ല, പ്രത്യുത പാരമ്പര്യ വിശ്വാസവും മൂല്യങ്ങളും കാത്തു വരുന്ന സാധാരണ മാപ്പിള കുടുംബങ്ങളിലെ കുട്ടികളാണ്‌.


മാത്രമല്ല ആധുനിക സ്വഭാവമുള്ള ഇത്തരം സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ പോലും നേതൃത്വ പരമായ പങ്ക്‌ വഹിച്ചവരാണ്‌ പാരമ്പര്യ സമൂഹത്തിലെ വ്യക്തികള്‍ എന്നതാണ്‌ വസ്‌തുത. കോഴിക്കോട്ടെ മുസ്‌ലിംകളുടെ മുന്‍കൈയ്യോടെ 1889 ല്‍ സ്ഥാപിക്കപ്പെട്ടതാണ്‌ ഹിമായത്തുല്‍ ഇസ്‌ലാം സഭ എന്ന സംഘടന. അക്കാലത്തെ പ്രമുഖരായ ഖാസിമാരുടെയും മതനേതൃത്വം കൈയ്യാളിയിരുന്ന സയ്യിദന്മാരുടെയും അഭ്യസ്‌ത വിദ്യരും ഉദ്യോഗസ്ഥരുമെല്ലാം ഉള്‍പ്പെട്ട പൗര പ്രധാനികളുടെയും പങ്കാളിത്തത്തോടെ മുസ്‌ലിംകളുടെ സാമൂഹികവും സാംസ്‌കാരികവും വിദ്യാഭ്യാസ പരവുമൊക്കെയായ ഉന്നമനം ലക്ഷ്യം വെച്ചാണ്‌ ഈ സംഘടന രൂപീകരിക്കപ്പെട്ടത്‌. ഹിമായത്തുല്‍ ഇസ്‌ലാം സഭയുടെ നേതൃത്വത്തില്‍ പുതിയ മാളിയേക്കല്‍ സയ്യിദ്‌ മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ഇന്തിശാറുല്‍ ഇസ്‌ലാം എന്ന കമ്മിറ്റിയുടെ കീഴിലാണ്‌ കോഴിക്കോട്ടെ ഹിമായത്തുല്‍ ഇസ്‌ലാം ഹൈസ്‌കൂള്‍ 1912 ല്‍ സ്ഥാപിക്കപ്പെട്ടത്‌. മലബാറിലെ മാപ്പിളമാരുടെ നേതൃത്വം കൈയ്യാളിയിരുന്ന പണ്ഡിതന്മാരും കൂടിയായ ഖാസിമാരാണ്‌ ഹിമായത്തുല്‍ ഇസ്‌ലാം സഭ പോലുള്ള സംഘടനകളുടെ രൂപീകരണത്തിലും വികാസത്തിലും പങ്ക്‌ വഹിച്ചത്‌ എന്നതും ഇവിടെ പ്രത്യേകം ശ്രദ്ധേയമാണ്‌. ഇത്തരം സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളായി എത്തിയത്‌ സാധാരണ മാപ്പിള കുട്ടികളാണ്‌ എന്നതും പ്രത്യേകം സ്‌മരിക്കുക.


കോഴിക്കോട്ടെ മദ്രസ്സത്തുല്‍ മുഹമ്മദീയ സ്‌കൂളിന്റെ സംസ്ഥാപനവും ഇതോട്‌ ചേര്‍ത്തുവായിക്കണം. പ്യൂരിറ്റാനിസത്തിന്റെ ആശയങ്ങളുമായി പുതിയ മത സംഘടനകള്‍ ആവിര്‍ഭവിക്കുന്നതിനു മുമ്പ്‌ തന്നെ പാരമ്പര്യ വിഭാഗങ്ങളില്‍ നിന്ന്‌ തന്നെ ഇത്തരം സ്ഥാപനങ്ങളും സംവിധാനങ്ങളും ഉയര്‍ന്നു വന്നിരുന്നുവെന്നാണ്‌ ഈ വസ്‌തുതകളൊക്കെയും തെളിയിക്കുന്നത്‌. മാത്രമല്ല മലയാളം ആര്യഭാഷയാണെന്ന്‌ പറഞ്ഞ്‌ അത്‌ പഠിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്ന ഫത്‌വ പുറപ്പെടുവിച്ചുവെന്ന്‌ അധിക്ഷേപങ്ങള്‍ കേള്‍ക്കുന്ന സമസ്‌തയുടെ തന്നെ പ്രമുഖരായ ചില പണ്ഡിതന്മാരുടെ മുന്‍കൈയ്യോടെ മലബാറില്‍ സ്‌കൂളുകള്‍ സ്ഥാപിക്കപ്പെട്ടിരുന്നുവെന്ന കാര്യം നിഷേധിക്കാനാവില്ല.


സമസ്‌തയുടെ നേതൃതലത്തിലുണ്ടായിരുന്ന സമാദരണീയ പണ്ഡിതന്‍ മൗലാനാ വാളക്കുളം അബ്ദുല്‍ ബാരി മുസ്‌ലിയാരുടെ നേതൃത്വത്തിലാണ്‌ അവിടുത്തെ പഴക്കം ചെന്ന മാപ്പിള സ്‌കൂള്‍ സ്ഥാപിക്കപ്പെട്ടത്‌ എന്ന കാര്യം പലര്‍ക്കും അജ്ഞാതമാണ്‌. ഇത്തരം പണ്ഡിതന്മാര്‍ സ്ഥാപിച്ച സ്ഥാപനങ്ങളില്‍ മാത്രമല്ല അന്നത്തെ മാപ്പിള സ്‌കൂളുകളിലെല്ലാം മത വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനും വലിയ പ്രാമുഖ്യം നല്‍കിയിരുന്നുവെന്നതു കൊണ്ടാണ്‌ മാപ്പിളമാര്‍ക്കിടയില്‍ ഈ സംരംഭങ്ങള്‍ വിജയം കണ്ടത്‌. എന്നാല്‍ 1947 ല്‍ സ്വാതന്ത്ര്യം ലഭിച്ച്‌ മതേതര ജനാധിപത്യ വ്യവസ്ഥ ഇന്ത്യയില്‍ നിലവില്‍ വന്നതോടെ അതുവരെയും പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്ന മത വിഷയങ്ങള്‍ നീക്കം ചെയ്യുകയും ഭൂരിപക്ഷ സമൂഹത്തിന്റെ സാംസ്‌കാരിക ഹിതങ്ങളും പാരമ്പര്യങ്ങളും ദേശീയാധുനികതയായും അതിന്റെ ജ്ഞാന വിനിമയങ്ങളുടെ ഉപാധികളായും രൂപാന്തരപ്പെടുകയും ചെയ്‌തപ്പോള്‍ മുസ്‌ലിംകള്‍ മത വിദ്യാഭ്യാസത്തിന്‌ മറ്റ്‌ മാര്‍ഗങ്ങള്‍ തേടാന്‍ നിര്‍ബന്ധിതമായി.


1951 ല്‍ വടകരയില്‍ വെച്ച്‌ ചേര്‍ന്ന സമസ്‌തയുടെ 19 ാം വാര്‍ഷിക സമ്മേളനത്തില്‍ ചര്‍ച്ചചെയ്യപ്പെട്ട ഒരു പ്രധാന പ്രമേയം പ്രാഥമിക മത പഠനത്തിന്റേതായത്‌ യാദൃശ്ചികമല്ല. അങ്ങിനെ ആ സമ്മേളനത്തില്‍ വെച്ച്‌ തന്നെ മൗലാനാ പറവണ്ണ മുഹിയിദ്ദീന്‍ കുട്ടി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു രൂപം നല്‍കുകയും അതിന്റെ കീഴില്‍ കൂടുതല്‍ വ്യവസ്ഥാപിതമായി പ്രാഥമിക മതപഠനം മുന്നോട്ടു കൊണ്ടു പോകുന്നതിനു മദ്രസ്സകള്‍ രൂപീകരിക്കുകയും ചെയ്‌തു. ഇതില്‍ നിന്ന്‌ തന്നെ ബ്രിട്ടീഷ്‌ ഘട്ടത്തില്‍ നിലവിലുണ്ടായിരുന്ന മാപ്പിള സ്‌കൂളുകളുടെ യഥാര്‍ത്ഥ പ്രായോജകര്‍ ആരായിരുന്നുവെന്ന്‌ സ്‌പഷ്ടമാകുന്നുണ്ട്‌. മാപ്പിള മുസ്‌ലിംകളെ അക്ഷര വെളിച്ചം കാണിക്കാതെ ഇരുട്ടറയില്‍ പൂട്ടിയിട്ട കിങ്കരന്മാരാണ്‌ പാരമ്പര്യ പണ്ഡിതന്മാര്‍ എന്ന്‌ അധിക്ഷേപിക്കുമ്പോള്‍ ചരിത്ര വ്‌സതുതകളെ സാമാന്യമായൊന്ന്‌ പരിശോധിക്കുന്നത്‌ നല്ലതാണ്‌.


ചുരുക്കത്തില്‍ മക്തി തങ്ങള്‍ ആരംഭിച്ചുവെന്ന്‌ പറയുന്ന മുസ്‌ലിം നവോത്ഥാനത്തിന്റെ യഥാര്‍ത്ഥ പിന്‍ഗാമിത്വം കേരളത്തിലെ ആധുനിക കാലത്ത്‌ രൂപപ്പെട്ടു വന്ന എല്ലാ മുസ്‌ലിം വിഭാഗങ്ങള്‍ക്കും സ്വന്തമാണ്‌ എന്നതാണ്‌ വസ്‌തുത. അതുകൊണ്ട്‌ തന്നെ മുസ്‌ലിം നവോത്ഥാനത്തിന്റെ നൂറ്റാണ്ട്‌ ആചരിക്കാന്‍ സവിശേഷമായി ഒരു വിഭാഗത്തിനും അര്‍ഹതയില്ലെന്നാണ്‌ വ്യക്തമാകുന്നത്‌. ഇനി മുസ്‌ലിം നവോത്ഥാനത്തിന്റെ പാരമ്പര്യമല്ല ഇസ്‌ലാമിക നവോത്ഥാനത്തിന്റെ പാരമ്പര്യമാണ്‌ നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട്‌ എന്നതു കൊണ്ട്‌ വിവക്ഷിക്കുന്നതെങ്കില്‍ തീര്‍ച്ചയായും ഇസ്‌ലാമിക നവോത്ഥാനത്തിന്റെ മൂല്യങ്ങള്‍ വഹാബി പ്യൂരിറ്റാനിസത്തിന്‌ യാതൊരു നിലക്കും അവകാശപ്പെട്ടതല്ല എന്നു കാണാന്‍ കഴിയും.


ദീനിന്റെ തജ്‌ദീദി ദൗത്യവുമായി മുസ്‌ലിം ചരിത്രത്തില്‍ ആവിര്‍ഭവിച്ച ഇസ്‌ലാമിക നവോത്ഥാനത്തിന്റെ ആഗോള പ്രവണതകളുമായി കണ്ണി ചേരാന്‍ എക്കാലത്തും കേരളീയ മുസ്‌ലിംകള്‍ക്ക്‌ സാധിച്ചിരുന്നുവെന്നതാണ്‌ വസ്‌തുത. അറേബ്യയിലും പഴയ പേര്‍ഷ്യന്‍ നാടുകളിലും രൂപപ്പെട്ട്‌ വന്ന തജ്‌ദീദി സ്വഭാവമുള്ള ഇസ്‌ലാമികമായ എല്ലാ ഉണര്‍വ്വുകളെയും അതാത്‌ കാലത്ത്‌ സ്വാംശീകരിക്കാന്‍ കേരളീയ മുസ്‌ലിംകള്‍ക്ക്‌ ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്‌ എന്ന്‌ ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്‌. വിശ്വാസ രംഗത്ത്‌ പുനരുജ്ജീവന ദൗത്യവുമായി രംഗത്ത്‌ വന്ന ശൈഖുനാ മുഹിയിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി(റ)യുടെ ദൗത്യത്തിന്റെ അലയൊലികള്‍ അദ്ദേഹത്തിന്റെ ജീവിതകാലത്തോ തൊട്ടടുത്ത കാലത്തോ കേരളത്തിലും പ്രകടമായിരുന്നുവെന്ന്‌ തെളിയിക്കാവുന്ന നിരവധി സൂചനകള്‍ കാണാന്‍ സാധിക്കും. ഖാദിരിയ്യ സംസ്‌കരണ ധാരയുടെ വക്താക്കളായ ഇമാം ജീലി മുതല്‍ ഫരീദ്‌ ഔലിയ വരെയുള്ളവര്‍ കേരളത്തില്‍ വന്ന്‌ സംസ്‌കരണ നവോത്ഥാന യത്‌നം നിര്‍വ്വഹിച്ചതിന്‌ പ്രമാണങ്ങള്‍ ലഭ്യമാണ്‌. അത്തരം മഹാപുരുഷന്മാരില്‍ നിന്ന്‌ ഫലപ്രദരായ തദ്ദേശീയരായ ജ്ഞാനികളിലൂടെ ചരിത്രത്തില്‍ അനസ്യൂതമായി ഇതിന്‌ പിന്തുടര്‍ച്ചകളുണ്ടാവുന്നുണ്ട്‌.


സൈനുദ്ദീന്‍ മഖ്‌ദൂമിന്റെ(ഒന്നാമന്‍)കാലത്തോടെ ഇസ്‌ലാമിക നവോത്ഥാനത്തിന്റെ ഈ താവഴി കൂടുതല്‍ വ്യക്തതയോടെ കണ്ടെടുക്കാനാവുന്നുണ്ട്‌. വിഖ്യാത പണ്ഡിതനും പരിഷ്‌കര്‍ത്താവുമായ സകരിയ്യല്‍ അന്‍സാരി(റ)യുടെ ശിഷ്യനായിരുന്ന സൈനുദ്ദീന്‍ മഖ്‌ദൂം(ഒന്നാമന്‍) ഖാദിരി, ചിശ്‌തി സംസ്‌കരണ മാര്‍ഗങ്ങള്‍ സ്വീകരി്‌ച്ച്‌ സംസ്‌കരണം സിദ്ധിച്ച മഹാനും കേരളീയ മുസ്‌ലിംകളുടെ ആത്മീയവും സാമൂഹികവുമായ ഉന്നമനത്തിന്‌ നേതൃത്വം വഹിച്ച്‌ നവോത്ഥാന ദൗത്യം നിര്‍വ്വഹിച്ച സൂഫിയുമായിരുന്നു. പില്‍ക്കാലത്ത്‌ അബുല്‍ വഫാ ശംസുദ്ദീന്‍ മുഹമ്മദ്‌(റ), സൈനുദ്ദീന്‍ മഖ്‌ദൂം രണ്ടാമന്‍(റ)തുടങ്ങിയവരിലൂടെ വികാസം കൊണ്ട്‌ ബാ അലവി സില്‍സിലയിലെ ദിവ്യപുരുഷന്മാരായ ശൈഖ്‌ ജിഫ്രി(റ), മമ്പുറം സയ്യിദ്‌ അലവി തങ്ങള്‍(റ), അങ്ങിനെ നിരവധി ഉലമാക്കളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട്‌ ഇസ്‌ലാമിക നവോത്ഥാനത്തിന്റെ അനസ്യൂതമായ ഈ പ്രകാശ പ്രവാഹം ജനങ്ങള്‍ക്ക്‌ വഴി കാട്ടി തുടര്‍ന്നു വരുന്നുണ്ട്‌.


സ്രഷ്ടാവും ഉടമയുമായ അല്ലാഹുവുമായി ഓരോ വിശ്വാസിയുടെയും ആത്മബന്ധം ദൃഢരൂഢമാക്കുകയും അഭിമുഖീകരിക്കുന്ന കാലത്തിന്റെ എല്ലാ പ്രവണതകളോടും ഇസ്‌ലാമികമായ ഉള്‍വെളിച്ചത്തോടെ വിനിമയം സാധ്യമാക്കുകയും ചെയ്യുന്ന ആശയങ്ങളും പ്രവര്‍ത്തനങ്ങളുമായാണ്‌ ഇത്‌ ജനതതികളില്‍ പ്രവര്‍ത്തിച്ചത്‌. ചുരുക്കത്തില്‍ ഈ വസ്‌തുതകളില്‍ നിന്നെല്ലാം ഇസ്‌ലാമിക നവോത്ഥാനമെന്നത്‌ ചരിത്രത്തിലെ ഒരു അനസ്യൂത പ്രക്രിയയാണെന്ന്‌ തിരിച്ചറിയാനാവും. അതിന്‌ ഒരു നൂറ്റാണ്ട്‌ പഴക്കം മാത്രമേ അവകാശപ്പെടാനുള്ളുവെങ്കില്‍ അത്‌ കൊളോണിയല്‍ ആധുനികതയുമായുള്ള ജാര സംസര്‍ഗത്തിന്റെ ഫലമായി പിറന്ന വ്യാജ സന്തതിയായി മനസ്സിലാക്കേണ്ടിയും വരും. ഇസ്‌ലാമിന്റെ തദ്ദേശീയമായ അനുഭവ പാരമ്പര്യങ്ങളെയും ആഗോള നവോത്ഥാന പൈതൃകത്തെയും സ്വന്തം വേരുകളെ തന്നെയും നിഷേധിച്ച്‌ രൂപപ്പെട്ട എല്ലാ പ്രവണതകളും ആധുനികതയുടെ സൃഷ്ടിയാണെന്ന്‌ തിരിച്ചറിയാന്‍ സാമൂഹിക ശാസ്‌ത്രത്തില്‍ സാമാന്യമായ തിരിച്ചറിവ്‌ മാത്രം മതിയാകും. അതുകൊണ്ട്‌ തന്നെ മുസ്‌ലിംകളെ കൂടുതല്‍ ആധുനിക വത്‌കരിക്കാന്‍ ലക്ഷ്യം വെച്ച മുസ്‌ലിം നവോത്ഥാനത്തിന്റെ ചില മൂല്യങ്ങള്‍ വഹാബി പ്യൂരിറ്റാനിസത്തിന്റെ അനുബന്ധമായി പ്രകടമായിരുന്നുവെങ്കിലും ആ മൂല്യങ്ങള്‍ അവര്‍ക്ക്‌ മാത്രം സ്വന്തമല്ല എന്നും അത്‌ കേരളീയ മുസ്‌ലിംകള്‍ക്കാകമാനവും സ്വന്തമായുള്ളതുമാണെന്നും തിരിച്ചറിയേണ്ടതുണ്ട്‌. എന്നാല്‍ ഇസ്‌ലാമിക നവോത്ഥാനത്തിന്റെ ചരിത്രപരമായ താവഴിയില്‍ വഹാബി പ്യൂരിറ്റാനിസത്തിന്‌ യാതൊരു സ്ഥാനവുമില്ലെന്ന്‌ ഈ വസ്‌തുതകളൊക്കെയും തെളിയിക്കുന്നുണ്ട്‌. 
സൈനുദ്ദീന്‍ മന്ദലാംകുന്ന്‌
 

പത്തുകിത്താബിന്റെ സ്വാധീനങ്ങള്‍

 ശാഫിഈ മദ്ഹബ് അംഗീകരിക്കുന്ന മുസ്‌ലിംകളുടെ വിശ്വാസത്തിലും കര്‍മ്മങ്ങളിലും മതപരമായി ഇടപെടുന്നതില്‍ പത്തു കിതാബിനു വലിയ സ്വാധീനമുണ്ട്. വ്യത്യസ്ത പണ്ഡിതര്‍ പല വിഷയങ്ങളിലായി രചിച്ച 10 ചെറു ഗ്രന്ഥങ്ങള്‍ കൂടിച്ചേര്‍ന്നതാണ് പത്തു കിതാബ്. ഇതിനുശേഷം രണ്ടു ഗ്രന്ഥങ്ങള്‍ കൂടി ചേര്‍ക്കപ്പെട്ടുവെങ്കിലും പ്രസ്തുത നാമം തന്നെ നിലനിന്നുപോരുന്നു.

ആശയഗാംഭീര്യമുണ്ടെങ്കിലും ചുരുങ്ങിയ വാക്കുകളിലൂടെ വിഷയങ്ങള്‍ സമര്‍ത്ഥിക്കുന്ന ശൈലിയാണ് പത്തുകിതാബിലെ എല്ലാ ഗ്രന്ഥങ്ങള്‍ക്കും. ആദ്യഭാഗത്തുള്ള ആറു ഗ്രന്ഥങ്ങളും രചിച്ചത് ഹിജ്‌റ 10-ാം നൂറ്റാണ്ടില്‍ ജീവിച്ച പൊന്നാനി മഖ്ദൂം കുടുംബത്തിലെ അബ്ദുല്‍ അസീസ്(റ) എന്ന പണ്ഡിതനാണ്. മലബാറില്‍ അദ്ദേഹത്തിന്റെ കൃതികള്‍ പഠിപ്പിക്കപ്പെടാത്ത ഒരു മതപാഠശാലയും മുമ്പുണ്ടായിരുന്നില്ല. ഹിജ്‌റ 994-ല്‍ വഫാത്തായ അബ്ദുല്‍ അസീസ്(റ)വിന്റെ കൃതികളില്‍ വളരെ പ്രധാനപ്പെട്ട കര്‍മശാസ്ത്ര ഗ്രന്ഥമാണ് മുതഫര്‍രിദ്’. ‘വേറിട്ടത്എന്നര്‍ത്ഥം വരുന്ന മുതഫര്‍രിദ്പേര് സൂചിപ്പിക്കുംപോലെ തന്നെ തുല്യതയില്ലാതെ നിലനില്‍ക്കുന്നു. മുന്‍കാലങ്ങളില്‍ മതപഠനത്തിന്റെ തുടക്കം മുതഫര്‍രിദായിരുന്നു. ബര്‍ക്കത്തിനും പ്രാര്‍ത്ഥനക്കും വേണ്ടി വിദ്യാര്‍ത്ഥികള്‍ മഹാന്‍മാരെ സമീപിക്കുമ്പോള്‍ മുതഫര്‍രിദ് ഓതിക്കൊടുത്തായിരുന്നു അവര്‍ പഠനത്തിന്റെ ആദ്യാക്ഷരം പകര്‍ന്നുകൊടുത്തിരുന്നത്. മലബാറില്‍ 35 വയസ് കഴിഞ്ഞവരില്‍ മുതഫര്‍രിദ് ഓതാത്തവര്‍ വിരളമായിരിക്കും. ഇസ്‌ലാമിന്റെ പഞ്ചകര്‍മ്മങ്ങള്‍ വിശദീകരിക്കുന്നതില്‍ ഇത്ര എളുപ്പമുള്ള ശൈലി മറ്റൊരു ഗ്രന്ഥത്തിനു കാണാന്‍ പ്രയാസമാണ്. കര്‍മ്മശാസ്ത്രത്തില്‍ വലിയ ഗ്രന്ഥങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും മലബാര്‍ മുസ്‌ലിംകളുടെ അനുഷ്ഠാനകര്‍മ്മങ്ങള്‍ പൊതുവിലും നിസ്‌കാരം വിശേഷിച്ചും ഇന്നും നിലനിന്നുപോരുന്നത് ഈ ചെറുകൃതിയില്‍ പറഞ്ഞ രൂപത്തിലാണ്. കേവലം പഠിക്കലും പഠിപ്പിക്കലും എന്നതില്‍നിന്ന് മാറി മുസ്‌ലിമിന്റെ ജീവിതം തന്നെ എന്ന് അവകാശപ്പെടാന്‍ പറ്റുന്ന ഗ്രന്ഥങ്ങളില്‍ വളരെ പ്രധാനപ്പെട്ടത് തന്നെയാണ് മുതഫരിദ്. ബാബു മഅ്‌രിഫത്തു സുഗ്‌റാ, ബാബു മഅ്‌രിഫത്തുല്‍ കുബ്‌റാ, മുരിഖാത്തുല്‍ ഖുലൂബ്, അര്‍കാനുസ്വലാത്ത്, അര്‍കാനുല്‍ ഈമാന്‍ എന്നീ അഞ്ച് കൃതികളും അഖ്ദുല്‍ അസീസ്(റ) തന്നെ രചിച്ചതാണ്. ചോദ്യോത്തര ശൈലിയില്‍ രചിക്കപ്പെട്ട മഅ്‌രിഫത്ത്ഗ്രന്ഥങ്ങള്‍ നമ്മുടെ വിശ്വാസങ്ങളെ ചിട്ടപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ആര്‍ക്കും ഉള്‍കൊള്ളാവുന്ന രീതിയില്‍ രചിക്കപ്പെട്ട ഈ ഭാഗങ്ങളും നമ്മുടെ പാഠശാലകളില്‍ അന്വേഷണവിധേയമായിരുന്നു.

ഹൃദയങ്ങളെ മയപ്പെടുത്തുന്നത്എന്നര്‍ത്ഥമുള്ള മുരിഖാത്തുല്‍ ഖുലൂബ്പേരു പോലെത്തന്നെ ഭൗതിക ചിന്തകളില്‍നിന്നു മാറി ജീവിതം പരലോക വിചിന്തനങ്ങള്‍ കൊണ്ട് ധന്യമാക്കാനുതകുന്നതാണ്. ഹദീസുകളും പ്രമുഖരുടെ അനുഭവങ്ങളും ചെറിയ തോതില്‍ വിശദീകരിക്കുന്ന ശൈലി സാധാരണക്കാര്‍ക്കുകൂടി ഉപകാരപ്രദമാണ്. മുസ്‌ലിമിന്റെ ജീവിതത്തില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട നിസ്‌കാരം സ്വഹീഹായ രൂപത്തിലാവല്‍ അനിവാര്യമാണ്. ചെറിയ  അശ്രദ്ധകള്‍ പലപ്പോഴും നിസ്‌കാരം തന്നെ ബാത്വിലാക്കുന്നവയാണ്. നിസ്‌കാരം എങ്ങനെ സാധൂകരിക്കപ്പെടാം എന്നു മാത്രം വിശദീകരിക്കുന്ന അര്‍കാനുസ്വലാത്ത്നിസ്‌കാരം ഫലപ്രാപ്തിയുള്ളതാക്കാന്‍ പോന്നതാണ്. ഈ ഗ്രന്ഥങ്ങള്‍ക്ക് പുറമെഅര്‍കാനുല്‍ ഈമാന്‍ കൂടി ഓതിപ്പഠിച്ചിരുന്ന മുന്‍കാലങ്ങളില്‍ മുസ്‌ലിമിന്റെ നിസ്‌കാരം പോലുള്ള ആരാധനകള്‍ക്ക് ചിട്ടയും കൃത്യതയുമുണ്ടായിരുന്നു. കാട്ടിക്കൂട്ടലുകളില്‍ നിന്ന് നമ്മുടെ ആരാധനകളെ സംരക്ഷിക്കാന്‍ തികച്ചും പര്യാപ്തമായിരുന്നു ഈ ചെറിയ ഗ്രന്ഥങ്ങളെല്ലാം.

ഹിജ്‌റ 1333-ല്‍ വഫാത്തായ മുഹമ്മദ് ബ്‌നു സ്വാലിഹ് റഈസ്(റ) രചിച്ചനുബ്ദയും പത്തു കിതാബിനെ സമ്പുഷ്ഠമാക്കുന്ന ഗ്രന്ഥമാണ്. പ്രബന്ധം, പേരഗ്രാഫ് എന്നൊക്കെ അര്‍ത്ഥം വരുന്ന നുബ്ദചെറുതാണെങ്കിലും നമ്മുടെ വിശ്വാസങ്ങളെ ത്വരിതപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ശരിയായ വിശ്വാസമുള്ളവരില്‍ നിന്നേ കര്‍മ്മങ്ങള്‍ സ്വീകരിക്കുകയുള്ളൂ എന്ന തിരിച്ചറിവുള്ളവര്‍ക്ക് നുബ്ദയെ ഒഴിവാക്കാനാവില്ല.

ഹിജ്‌റ 903-ല്‍ വഫാത്തായ ഹള്‌റമിയായ മുഹമ്മദ് ബാഫള്‌ലാണ് നൂറുല്‍ അബ്‌സാര്‍ രചിച്ചത്. പത്തു കിതാബിലെ ഏറ്റവും വലിയ ഗ്രന്ഥം ഇതാണ്. പതിമൂന്ന് വിഭാഗങ്ങളിലായി മുസ്‌ലിമിന്റെ പ്രധാന അനുഷ്ഠാനമായ നിസ്‌കാരത്തെ കുറിച്ചുള്ള സമ്പൂര്‍ണ്ണ ചര്‍ച്ചയാണ് നൂറുല്‍ അബ്‌സാര്‍’. മതത്തിന്റെ ബാലപാഠം ഉള്‍കൊണ്ടവര്‍ക്ക് ഏറെ ഉപകാരപ്രദമാണിത്. മുന്‍കാലത്ത് പണ്ഡിതന്മാര്‍ വരെ സംശയനിവാരണത്തിനും മറ്റും ഉപയോഗപ്പെടുത്തിയിരുന്ന ഈ ഗ്രന്ഥം നമ്മുടെ അനുഷ്ഠാന ജീവിതത്തില്‍ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. സാധാരണക്കാര്‍ക്ക് നിസ്‌കാരത്തിന്റെ രൂപവിശേഷങ്ങള്‍ പകര്‍ന്നുനല്‍കാന്‍ പറ്റുന്ന നല്ലൊരു കൃതിയാണിത്.

ഹിജ്‌റ 1119-ല്‍ വഫാത്തായ ഇസ്മാഈല്‍ ഹള്‌റമിയുടെ കിതാബു സൗമുംഏറെ ഫലപ്രദമായ ഗ്രന്ഥമാണ്. നോമ്പും അനുബന്ധങ്ങളും ശാഫിഈ മദ്ഹബിന്റെ വീക്ഷണത്തില്‍ ഹ്രസ്വമായി വിശദീകരിക്കുന്ന ഗ്രന്ഥത്തിന് എല്ലാതരം ആളുകള്‍ക്കും ഉള്‍കൊള്ളാന്‍ പറ്റുന്ന രചനാശൈലിയാണ്.

ഹിജ്‌റ 1170-ല്‍ വഫാത്തായ മുഹമ്മദുല്‍ ഖാഹിരീ(റ) രചിച്ച തെരഞ്ഞെടുത്ത 40 ഹദീസുകളുടെ സമാഹാരമായ അര്‍ബഈന്‍ ഹദീസും കൂടി ചേരുമ്പോള്‍ പത്തു കിതാബ്പൂര്‍ണമാകുന്നു. ഈ പത്ത് ഗ്രന്ഥങ്ങള്‍ രണ്ടു ചട്ടക്കുള്ളില്‍ ഒരുക്കിയപത്തുകിതാബാണ്നമ്മുടെ ദര്‍സുകളിലും മറ്റും ആദ്യം നിലവില്‍വന്നത്. ശേഷം, കാലത്തെ ചില പണ്ഡിതരുടെ അഭിപ്രായപ്രകാരം മത്‌നുല്‍ ബാജൂരി’, ‘ഫത്ഹുല്‍ ഖയ്യൂംഎന്നീ രണ്ടു ഗ്രന്ഥങ്ങളും കൂട്ടിച്ചേര്‍ത്ത് 12 ഗ്രന്ഥങ്ങള്‍ ചേര്‍ന്നതാണ് ഇന്നു കാണുന്ന പത്തുകിതാബ്. ഏതു വിശ്വാസിയും അറിയല്‍ അനിവാര്യമായ അല്ലാഹുവിന്റെയും പ്രവാചകരുടെയും വാജിബും മുസ്തഹീലും ജാഇസുമായ വിശേഷണങ്ങളെ വിശദീകരിക്കുന്ന ഗ്രന്ഥമാണ് മത്‌നുല്‍ ബാജൂരി. ശാഫിഈ പണ്ഡിതനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ ഇബ്‌റാഹീമുബ്‌നു മുഹമ്മദുല്‍ ബാജൂരില്‍ മിസ്‌രി(1197-1276) ആണ് ഇതു രചിച്ചത്.

പഠനഗോഥയിലിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്ന കവിതയാണ് ഫത്ഹുല്‍ ഖയ്യൂം’. ഇതാണ് പത്തുകിതാബിലെ അവസാന ഭാഗത്ത് കാണപ്പെടുന്ന ഗ്രന്ഥം. 38 വരികളുള്ള ഫത്ഹുല്‍ ഖയ്യൂമിന്പല വിശദീകരണ ഗ്രന്ഥങ്ങളുമുണ്ട്. മുന്‍തഖബ്ബുനു മുവാഫഖ് എന്ന കവിയുടെ വരികളാണ് ഈ ഗ്രന്ഥം.

പരലോക വിശ്വാസിയായ ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം അതിനുവേണ്ടിയുള്ള ഒരുക്കങ്ങളാണ് അവന്‍ ഈ ലോകത്ത് ചെയ്യേണ്ടത്. ഭൗതികതയിലും ഭൗതിക വിദ്യാഭ്യാസത്തിലും അമിത താല്‍പര്യം കൊടുക്കാത്ത പണ്ടുകാലങ്ങളില്‍ നമ്മുടെ ഇസ്‌ലാമിക ജീവിതം കൃത്യമായി നിര്‍വഹിക്കപ്പെടാന്‍ വേണ്ടി നമ്മുടെ പൂര്‍വ്വീകര്‍ തെരെഞ്ഞടുത്ത വഴി പള്ളികളിലും പള്ളിക്കൂടങ്ങളിലും പത്തുകിതാബ് പോലെയുള്ള ഗ്രന്ഥങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു. അക്കാലങ്ങളില്‍ ജീവിതത്തിന്റെ ഏതു മേഖലകളിലേക്ക് തിരിയുന്നവരും ചുരുങ്ങിയത് മുതഫരിദെങ്കിലും ഓതിയവരായിരിക്കും. കുറെ പഠിക്കാന്‍ കഴിയുന്നില്ലെങ്കിലും ചെയ്യുന്ന ഇബാദത്തുകള്‍ കൃത്യമാവണമെന്ന വാശി അവര്‍ക്കുണ്ടായിരുന്നു.

മത-ഭൗതിക സമന്വയ വിദ്യാഭ്യാസത്തിനും മദ്‌റസാ പ്രസ്ഥാനത്തിനും പൊതുസമ്മതി കൂടി വരുന്ന ഇക്കാലത്ത് നമ്മുടെ സിലബസുകളില്‍നിന്ന് പത്തുകിതാബിനെ പാടെ അവഗണിച്ചത് ദീനീ ജീവിതരംഗത്തും പഠന രംഗത്തും നഷ്ടങ്ങള്‍ വരുത്തുമെന്നതിന് അനുഭവങ്ങള്‍ സാക്ഷിയാണ്. മുന്‍കാലത്ത് ഫത്ഹുല്‍ മുഈന്‍ പഠിക്കാന്‍ തുടങ്ങുന്ന ഏതൊരാളും പത്തുകിതാബ് ഓതിയവരായിരിക്കും. അറബി ഭാഷാ ശൈലികളുമായി വലിയ ബന്ധം സ്ഥാപിക്കാനും മഹാന്‍മാരായ ഇമാമുകളുടെ ഇബാറത്തിന്റെ ശൈലി ഉള്‍കൊള്ളാനും പത്തുകിതാബ് ഏറെ ഉപകാരപ്പെട്ടിരുന്നു. അതുവഴി ഫത്ഹുല്‍ മുഈന്‍ പോലോത്ത ഗ്രന്ഥങ്ങളില്‍ വ്യാകരണ പ്രശ്‌നമോ ഇബാറത്തുകളിലെ ആശയ സങ്കീര്‍ണ്ണതയോ തീരെ ഉണ്ടാകുമായിരുന്നില്ല. ഇന്നത്തെ നമ്മുടെ പുതിയ സിലബസുകളിലെല്ലാം പുതിയ ആളുകള്‍ രചിച്ച വളരെ ചെറിയ ഗ്രന്ഥങ്ങള്‍ മാത്രം ആദ്യ ക്ലാസുകളില്‍ പഠിപ്പിക്കുകയും രണ്ടാമത്തെ വര്‍ഷം തന്നെ ഫത്ഹുല്‍ മുഈന്‍ പഠിപ്പിക്കുകയും ചെയ്യുന്നതിലൂടെ വിദ്യാര്‍ത്ഥികളില്‍ ഉണ്ടാവകുന്ന പ്രയാസമനുഭവിക്കാന്‍ ഒരു അധ്യാപകന്‍ എന്ന നിലക്ക് സാധിച്ചിട്ടുണ്ട്. മറിച്ച് ആദ്യത്തെ ഒന്നോ രണ്ടോ വര്‍ഷം ഫിഖ്ഹ്പഠനത്തിന് പത്തുകിതാബ് തന്നെ തെരഞ്ഞെടുത്താല്‍ തുടര്‍ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്കും പഠിപ്പിക്കുന്നവര്‍ക്കും കാര്യങ്ങള്‍ എളുപ്പമാകുമെന്ന് പരീക്ഷണാടിസ്ഥാനത്തില്‍ നമുക്ക് പറയാന്‍ കഴിയും.

പത്തുകിതാബിന്റെ പഠനശൈലി ഗ്രഹിക്കുന്നതോടൊപ്പം പ്രായോഗികമാക്കാനുതകുന്നതായിരുന്നു. അതുകൊണ്ട് തന്നെ മുസ്‌ലിമിന്റെ ജീവിതമാണ് ഈ ഗ്രന്ഥം ചിട്ടപ്പെടുത്തിയത്. ഇന്നത്തെ പഠനങ്ങള്‍ അതില്‍ തന്നെ ഒതുങ്ങുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ബുദ്ധിയും താല്‍പര്യവുമുള്ള വിദ്യാര്‍ത്ഥികള്‍ വരെ വിജ്ഞാനത്തിന്റെ വിശാലതയെ കണ്ടെത്താന്‍ അറിവിനെ പ്രായോഗികമാക്കുന്നില്ല. ആധുനിക ഗ്രന്ഥങ്ങളും ശൈലികളും പ്രാവര്‍ത്തിക ജ്ഞാനത്തിനു ഉപകരിക്കുന്നുമില്ല.

പത്തുകിതാബ് സജീവമായ കാലത്ത് പണ്ഡിതന്‍മാരുടെയും സാധാരണക്കാരുടെയും പഠനത്തിന്റെ തുടക്കം ഈ ഗ്രന്ഥമായതിനാല്‍ എല്ലാവരുടെയും ആരാധനകളെ ഏകീകരിക്കാന്‍ കഴിഞ്ഞു. നിസ്‌കാരങ്ങളിലും അനുബന്ധ അനുഷ്ഠാനങ്ങളിലും വ്യത്യസ്ത പ്രദേശങ്ങളില്‍ ഇന്ന് കാണുന്ന വ്യത്യാസങ്ങള്‍ മുമ്പ് ഉണ്ടാവാതിരിക്കാന്‍ ഈ ഏകീകരണ പഠനം സഹായകമായിട്ടുണ്ട്.

ഓരോ ഗ്രന്ഥങ്ങളിലൂടെ പതുക്കെപ്പതുക്കെ കാര്യങ്ങള്‍ മനസ്സിലാക്കിയതിനാല്‍ പത്തുകിതാബ് പഠിച്ചവര്‍ക്ക് ഇബാദത്തിന്റെ വിഷയത്തില്‍ പുറം സ്വാധീനങ്ങളുണ്ടായിരുന്നില്ല. ഇന്നു പലരിലും ആശയസ്വാധീനവും രീതിവ്യത്യാസവും കാണപ്പെടുന്നത് ചെറുപ്പത്തില്‍ പഠിച്ചത് ഉറക്കാത്തതു കൊണ്ടാണ്. ഗള്‍ഫിലും മറ്റും പോയി തിരിച്ചുവരുന്ന അനേകമാളുകളില്‍ അവിടങ്ങളിലുള്ള പുത്തനാശയങ്ങള്‍ കാണപ്പെടുന്നതും ഈ രീതിയിലാണ്.

ദീനിന്റെ അടിസ്ഥാന ഘടകമായ നിസ്‌കാരത്തിനും  വിശ്വാസത്തിനുമാണ് പത്തു കിതാബ് പ്രാധാന്യം കൊടുക്കുന്നത്. ജനങ്ങളുടെ മതകീയ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണത്.

പഠിക്കാന്‍ ശ്രമിക്കുന്നവര്‍ തന്നെ ഇന്നു ഈ വിഷയങ്ങള്‍ അവഗണിക്കുന്നതായാണ് അനുഭവം. പത്തുകിതാബെങ്കിലും ഓതാത്തവര്‍ വിരളമായിരുന്ന ഒരു കാലത്തുനിന്നുമാറി ഇപ്പോള്‍ അത് അവഗണിച്ചതോടെ ദീനീപഠനം അല്‍പം ചിലരില്‍ പരിമിതപ്പെട്ടു തുടങ്ങി.

ഒരുകാലത്ത് മുസ്‌ലിം ഉമ്മത്തിന്റെ മതപരമായ ജീവിതം ചിട്ടപ്പെടുത്തിയ പത്തുകിതാബിനെ നമ്മുടെ പഠനവൃത്തത്തിനുള്ളില്‍ തിരിച്ചുകൊണ്ടുവന്നു വിജ്ഞാനത്തെ പ്രായോഗികവത്കരിക്കുന്ന ഒരു സമൂഹത്തെ വളര്‍ത്താന്‍ നാം ഓരോരുത്തരും ശ്രമിക്കേണ്ടിയിരിക്കുന്നു.

പല ഉന്നത പണ്ഡിതന്മാരും നിരവധി തവണ കണ്ണോടിച്ച പത്തുകിതാബിലെ ആശയങ്ങള്‍ പകര്‍ത്തുമ്പോള്‍ സംശയങ്ങള്‍ക്ക് സ്ഥാനമുണ്ടാവാറില്ല. ആധുനിക ഗ്രന്ഥങ്ങളില്‍ പലതും മറുപടി കിട്ടാതെ അശേഷിക്കുന്നവയാണ്.