Saturday, February 25, 2012

വാസ്തുകലയിലെ ചാരുദൃശ്യങ്ങൾ


 
ഇസ്ലാമിക വാസ്തുവിദ്യ അലങ്കാരത്തിന്റെ മൂർധന്യതയാണ്‌. അനുപമമായ ക്രമീകരണവും അസാധാരണമായ സമീപനവുമാണ്‌ ഇതിനെ വ്യതിരിക്തമാക്കുന്നത്‌. തനിമയാർന്ന പൈതൃകത്തിന്റെ വശ്യമായ കോണുകൾ ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഇതാവാഹിച്ചിരിക്കുന്നു. നാമിന്ന്‌ കാണുന്ന മുസ്ലിം വാസ്തുശിൽപത്തിന്റെ ചാരുത ഇത്തരം ചില അവശ്യഘടകങ്ങളുടെ സ്വതന്ത്രമായ അവതരണമാണ്‌. ഈ വിചിത്ര ചിത്രണങ്ങളിലൂടെയാണ്‌ കലാപ്രേമികൾ അവയുടെ ആത്മാവിലേക്ക്‌ ഇറങ്ങിച്ചെല്ലുന്നത്‌.
വാസ്തുശിൽപങ്ങൾക്ക്‌ നാഗരികതയോളം പഴക്കമുണ്ട്‌. ചരിത്രപശ്ചാത്തലങ്ങളെ സംബന്ധിച്ചിടത്തോളം ദേവാലയങ്ങൾ, പൊതുമന്ദിരങ്ങൾ, സ്ഥാപനങ്ങൾ തുടങ്ങിയവയാണ്‌ ഇവയുടെ ദൃഷ്ടാന്തങ്ങൾ. കല്ലുകളിൽ നിന്ന്‌ തുടങ്ങി വികസിത ലോകത്തിത്‌ ഇഷ്ടികയും കുമ്മായവും വിട്ടുകടന്നിരിക്കുന്നു. മനോഹരങ്ങളായ കമാനങ്ങൾ, ഗോപുരങ്ങൾ, വളഞ്ഞ വാതിലുകൾ തുടങ്ങിയവ ഈ പദാർഥങ്ങളിൽ രൂപം കൊണ്ടതോടെ വാസ്തുകലക്ക്‌ കൂടുതൽ വൈചിത്ര്യവും ആകർഷകത്വവും സിദ്ധിക്കുകയായിരുന്നു.(1)
സത്യത്തിൽ സ്ഥലകലകളിൽ പരമപ്രധാനമായ ഒന്നാണ്‌ വാസ്തുശിൽപം. ഇതരരൂപങ്ങളിലെന്ന പോലെ ഘനം, പിണ്ഡം എന്നീ സ്ഥലഗുണങ്ങൾ ഇതിൽ ഉൾച്ചേർന്നിരിക്കുന്നു. സ്ഥലത്തിന്റെ ലംബതലത്തിലും തിരശ്ചീന തലത്തിലുമുള്ള മാനങ്ങളെയും ഘനമാനത്തെയും ഉപയോഗപ്പെടുത്തിയാണ്‌ ഇവ ഉരുവംകൊള്ളുന്നത്‌. നാം സാധാരണ പരിചയപ്പെട്ടുകൊണ്ടിരിക്കുന്ന പള്ളികൾ, കൊട്ടാരങ്ങൾ, പാലങ്ങൾ, ഗോപുരങ്ങൾ, കമാനങ്ങൾ, സ്തംഭങ്ങൾ തുടങ്ങിയ അകത്ത്‌ പ്രവേശിക്കാൻ കഴിയുന്നതും കഴിയാത്തതുമായ രൂപങ്ങളാണ്‌ ഇതിനുദാഹരണം.
പശ്ചാത്തല രൂപീകരണം (ഘമിറരെമുശിഴ) നിർമാണ കലയുടെ ഒരു അഭിവാജ്യഘടകമാണ്‌. ഒരു പള്ളിയെയോ കൊട്ടാരത്തെയോ ആകർഷകമാക്കുന്നതിൽ അത്‌ നിർമിക്കാൻ തെരഞ്ഞെടുക്കപ്പെട്ട സ്ഥലത്തിനും പരിസരങ്ങൾക്കും അനിർവചനീയമായ പങ്കുണ്ട്‌. സൗധങ്ങളുടെ ചുറ്റുപാടുമായുള്ള ബന്ധമാണ്‌ മറ്റൊന്ന്‌. ഒരു കെട്ടിടവും അതിന്റെ പരിസരവും പല നിലക്കും ബന്ധപ്പെട്ടിരിക്കുന്നു. ചുറ്റുമതിലുകളും പ്രവേശകങ്ങളും അതിന്റേതായ ദൗത്യങ്ങളാണ്‌ നിർവഹിക്കുന്നത്‌. സാധാരണ ഗതിയിൽ ഗ്രാമ-നഗര-സംവിധാനം (ഞൗ​‍ൃമഹ മിറ ഡൃയമി ഉലശെഴി) എന്നാണ്‌ ഇത്‌ അറിയപ്പെടുന്നത്‌.
ഇസ്ലാമിക വാസ്തുശിൽപത്തെ വ്യതിരിക്തമാക്കുന്നത്‌ അതിന്റെ അമൂർത്തതയാണ്‌. അലങ്കാര കലയുടെ പ്രധാന ഭാഗമായ ഇത്‌ അതിഭൗതികതയെയാണ്‌ സൂചിപ്പിക്കുന്നത്‌. പൊതുവെ, അലങ്കാര കലകളിലെ അമൂർത്തത ഭാവനയിൽ കാണാനും അനന്തര വിശേഷങ്ങൾ അറിയാനും ആസ്വദിക്കാനും തരിമ്പും പ്രയാസമുണ്ടാവില്ല. കാരണം, ചിന്തകൾക്ക്‌ അനുഗുണമല്ലാത്ത, പ്രകൃതിവിരുദ്ധമായ ഏതു തരത്തിലുള്ള ശൈലീകരണത്തെയും ഇസ്ലമിക കല തള്ളിക്കളയുന്നു. എന്നാൽ ഗോപുരം, സൗധം, ഭൂദൃശ്യ സജ്ജീകരണം, നഗരസംവിധാനം തുടങ്ങിയവയിൽ അമൂർത്തത വായിച്ചെടുക്കൽ വളരെ എളുപ്പമാണ്‌. അതുകൊണ്ടുതന്നെ ഏതൊന്നിന്റെയും പ്രകൃത്യയായുള്ള രൂപത്തിൽ മാറ്റം വരുത്തിയാണ്‌ ഇസ്ലാമിക കലയിൽ അമൂർത്തത സാക്ഷാൽക്കരിക്കപ്പെടുന്നത്‌.
പ്രകൃതിയുടെ ഈ ആകൃതിമാറ്റത്തിന്‌ ഇസ്മാഈൽ റാജി ഫാറൂഖി അഞ്ച്‌ ന്യായങ്ങൾ മുന്നോട്ടു വെക്കുന്നുണ്ട്‌. പുതുതായി നിർമിച്ച വാസ്തുശിൽപത്തിന്റെ ബാഹ്യരൂപാവതരണമാണ്‌ അതിലൊന്ന്‌. ഘനരൂപങ്ങൾ, പൊതുസ്ഥാപനങ്ങൾ, ഭൂദൃശ്യം, സൗധസമുച്ചയം തുടങ്ങിയവയിലാണ്‌ ഇതുപയോഗിക്കപ്പെടുന്നത്‌. വ്യക്തമായി പറഞ്ഞാൽ വാസ്തുശിൽപത്തിന്റെ അമൂർത്തസ്വഭാവം പൂർണമാകുന്നതുതന്നെ ഈ ബാഹ്യാവരണം കൊണ്ടാണ്‌.(2)
രണ്ടാമത്തേത്‌ നിർമാണവസ്തുക്കളുടെ രൂപാന്തീകരണമാണ്‌. വസ്തു അപ്രധാനവും സൗന്ദര്യം പ്രധാനവുമാകുന്ന അവസ്ഥയാണിത്‌. ഇവിടെ കാഴ്ചക്കാരനെ വശീകരിക്കാനെത്തുന്നത്‌ കെട്ടിടത്തിന്റെ ആകാരമോ ഭീകരതയോ അല്ല. മറിച്ച്‌ അതിന്റെ നിർമാണഘടനയിൽ ഒളിഞ്ഞിരിക്കുന്ന സൗന്ദര്യമാണ്‌. വസ്തു എന്ന മൂർത്തരൂപത്തിനപ്പുറം ഘടനയെന്ന അമൂർത്തരൂപമാണ്‌ ഇവിടെ തെളിഞ്ഞുവരുന്നത്‌. നിർമാണ ഘടനയുടെ രൂപ പെരുമാറ്റവും മതിൽകെട്ടുകളുടെ രൂപാന്തരീകരണവുമാണ്‌ മറ്റു രണ്ടെണ്ണം. പുറത്തുനിന്നുള്ള കലാവീക്ഷണവും ചുറ്റുമതിലിന്റെ സൗന്ദര്യവുമാണ്‌ ഇവിടെ വിഷയീഭവിക്കുന്നത്‌. അവസാനമായി ധർമവൈവിധ്യങ്ങളുടെ രൂപാന്തരീകരണം. നിർമിതംആയ വാസ്തുശിൽപത്തിൽ എങ്ങനെ ക്രിയാവിക്രയങ്ങൾ നടത്തപ്പെടുന്നുവെന്നാണ്‌ ഇവിടെ പരിഗണിക്കപ്പെടുന്നത്‌. അഥവാ, അമൂർത്തത അപ്പോഴും നിലനിൽക്കുന്നുവെന്ന്‌ സാരം.(3)
ഇസ്ലാമിക വാസ്തുശിൽപങ്ങൾക്ക്‌ ദൃഷ്ടികൾക്കൊള്ളൊനാകാത്ത ഒരു വിശുദ്ധ വശമുണ്ട്‌. കേവലം മണ്ണ്‌, കല്ല്‌, കുമ്മായം എന്നതിലുപരി ഒരു ആത്മിക പരിവേഷമാണ്‌ ഇവിടെ പ്രകടമാകുന്നത്‌. വാസ്തുകലയുടെ ഏറ്റവും വലിയ ദൃഷ്ടാന്തമായ കഅ​‍്ബാലയവും ഇതിന്‌ തെളിവാണ്‌. സാക്ഷാൽ ദ്രഷ്ടാക്കൾ വായിച്ചെടുക്കുന്നതിലപ്പുറം നൂറ്റാണ്ടുകളുടെ ചരിത്രവും ദൈവബോധത്തിന്റെ പാരമ്യതയുമാണ്‌ ഇതിൽ കുടികൊള്ളുന്നത്‌. ഹുസൈൻ നസ്ര്‌ പറയുന്ന പോലെ വിശുദ്ധ വാസ്തുകല (ടമരൃലറ അ​‍ൃവശലേർ​‍ൃല) ദിവ്യസൃഷ്ടിയുടെ യാഥാർഥ്യത്തെ പ്രതിഫലിപ്പിക്കുന്നു. അഴുക്കകറ്റുന്ന മേൽവസ്ത്രത്തിനുള്ളിൽ ആത്മാവിനെ പോഷിപ്പിക്കുന്ന കലയുടെ ഹൃദയഭാഗമുണ്ട്‌. ഈ ആത്മധാര കലകളിൽ നിൽക്കുന്നിടത്തോളം കാലം കല ദൈവവിശ്വാസത്തിന്റെ പൊരുളുൾക്കൊള്ളുന്നു.
ശാന്തിനികേതനങ്ങളാണ്‌ സത്യത്തിൽ ലക്ഷണമൊത്തൊരു വാസ്തുശിൽപം. ഏകദർശനത്തിലൂടെ തന്നെ ആത്മിക നിർവൃതി സിദ്ധിക്കുന്നതോടൊപ്പം പ്രക്ഷുബ്ധ മാനസങ്ങൾക്കിത്‌ കുളിർമ പകരുന്നു. കൈറോയിലെ ഇബ്‌നുതൂലുൻ മസ്ജിദ്‌ ഈ ഗണത്തിൽ പെട്ടതാണ്‌. അലങ്കാരനിബിഢമായ ഇതിന്റെ പ്രഥമ ദർശനം തന്നെ മനുഷ്യനെ മദിക്കാൻ മാത്രം പര്യാപ്തമാണത്രെ. ബാഹ്യനിർമാണത്തിന്റെ മേന്മയാണിത്‌. ഹൃദയമരുഭൂമികളുടെ ദാഹം.
ഓരോ കെട്ടിടത്തിന്റെ നിർമാണ ഘടനക്കും അവയുടെ പണിതാവായ മനുഷ്യാത്മാവുമായി ബന്ധമുണ്ട്‌. കെട്ടിടത്തിന്റെ ആകാരവും അലങ്കാര മേഖലകളും മാറുന്നതിനനുസരിച്ച്‌ ഈ ബന്ധത്തിലും മാറ്റം വരുന്നു. അവയോടുള്ള അടുപ്പത്തിലും സമീപനത്തിലും വിശാലത വന്നുപിണയുന്നു. ഇസ്വ്ഫഹാനിലെ ശാഹ്‌ മസ്ജിദും ശൈഖ്‌ ലുഥ്ഫുല്ലാ പള്ളിയും ഇസ്ലാമിക നിർമാണകലയുടെ മകുട ബിംബങ്ങളാണ്‌. അതുകൊണ്ടുതന്നെ ദ്രഷ്ടാക്കൾ അതിനുസൃതമായ സമീപനമാണ്‌ ഇതിനോട്‌ പുലർത്തിക്കൊണ്ടിരിക്കുന്നത്‌. നിർമാണവൈഭവം കണ്ട്‌ മനസ്സ്‌ മാറുന്നതും പരിസരം മറക്കുന്നതും ഇത്തരത്തിലാണ്‌.
ഇവിടെ ഒരു ഗോപുരം നിർമിക്കുന്നത്‌ ദർശനചാതുരിക്കോ ആചാര്യകീഴ്‌വഴക്കത്തിനോ
അല്ല. ഒരുപക്ഷേ, അത്യുഷ്ണത്തിനോ ശൈത്യത്തിനോ ഇത്‌ തടവായേക്കാം. പക്ഷേ, ഇസ്ലാമിക കലയിൽ അതിനൊരു സ്ഥാനമുണ്ട്‌. ഭൗമോപരിതലത്തിൽ നിന്നോ കെട്ടിട മച്ചിൽ നിന്നോ സ്വർഗലോകത്തേക്ക്‌ എത്തിനോക്കുന്ന ഇത്‌ ദൗഹീദിന്റെ മൗനപ്രഘോഷണമാണ്‌. ദൈവത്തിന്റെ ഏകതയും സമഷ്ടിയുടെ ബഹുത്വവും-ആശ്രയത്വവും-ഇവിടെ പ്രകടമാകുന്നു. ഭക്തലോകത്തെ സംബന്ധിച്ചിടത്തോളം ഐഹികതയുടെ ഊരാവലയത്തിൽ നിന്ന്‌ ദൈവലോകത്തിന്റെ ശാന്തതയിലേക്ക്‌ ആരോഹണം ചെയ്യാനുള്ള അമരമാണിത്‌. ശാരീരിക പ്രയാണത്തിന്‌ പകരം ആത്മയാനം മാത്രമേ ഇവിടെ നടക്കുന്നുള്ളുവെന്നു മാത്രം.
സ്മാരകങ്ങളും മിനാരങ്ങളും പുണ്യാത്മാക്കളുടെ ലോക(അ​‍ിഴലഹശര ണീ​‍ൃഹറ)ത്തെയാണ്‌ സൂചിപ്പിക്കുന്നത്‌. സമചതരും (ഞലരമ്ഴഹല) ഭൗതികതയെ തന്നെ ഓർമപ്പെടുത്തുന്നു കെട്ടിട പൂമുഖത്തെ മുഖാറനകളാ(പിഞ്ഞാണം, ഇഷ്ടിക, വെങ്കലം തുടങ്ങിയവ ഉപയോഗിച്ചുള്ള ത്രിമാന കലാരൂപങ്ങൾ)കട്ടെ അഭൗമചിന്തക്കാണ്‌ മനുഷ്യനിൽ സൃഷ്ടി നൽകുന്നത്‌. ഇവക്കെല്ലാമൊപ്പം, നിർമാണകലയിലെ സവിശേഷതകളിലൊന്നായ സ്തൂപങ്ങളുടെ ബാഹ്യാലങ്കാരം ദിവ്യസൗകുമാര്യത്തിന്റെ ചൂണ്ടുപലകയാണ്‌. താഴികക്കുടങ്ങളും കുംഭഗോപുരങ്ങളും കണക്കെ ഇവയും മനോഹാരിത ശൈലികളിൽ പെടുന്നു.
നസ്ര്‌ സമർഥിക്കുന്ന പോലെ ഇസ്ലാമിക വാസ്തുകലയിൽ പ്രകാശ(ഘശഴവ​‍േ)ത്തിന്‌
അനിഷേധ്യമായൊരു പങ്കുണ്ട്‌. അല്ലെങ്കിലും കലക്ക്‌ ദൈവവുമായി ബന്ധമുള്ളതുകൊണ്ടുതന്നെ ദിവ്യപ്രഭക്ക്‌ കലയുമായി പൊരുത്തമുണ്ടാവുക അനിവാര്യമാണ്‌. വിശാലാർഥത്തിൽ ഖുർആൻ അതിന്‌ സാക്ഷി നിൽക്കുന്നുണ്ട്‌: ദൈവം ആകാശഭൂമികളുടെ പ്രകാശമാകുന്നു. അവന്റെ പ്രകാശത്തിന്റെ ഉപമ വിളക്കുമാടത്തിലെ ഒരു ചെരാതു പോലെ. അതുതന്നെ ഒരു സ്ഫടികത്തിനകത്തും. സ്ഫടികം ജ്വലിക്കുന്ന നക്ഷത്രം പോലെയിരിക്കുന്നു.’(4) ആദ്യപ്രകാശം തമസ്സാർന്ന ലോകത്തെ പ്രഭാമയമാക്കിയപോലെ ഇത്‌ നിർമാണകലയെ സുന്ദരമാക്കുന്നു. ഉദാഹരണത്തിന്‌ ഗ്രാനഡയിലെ കൊട്ടാരസമുച്ചയവും ഇറാനിയൻ ആരാധനലായങ്ങളും താജ്മഹലും. നിപുണകരങ്ങളേതായാലും ഇസ്ലാമിക കലാശൈലി പരിരംഭണം ചെയ്തതിനാൽ ഇവയിൽ അസ്തമിക്കാത്ത ഒരു വെട്ടമുണ്ട്‌. അതന്വേഷിച്ചാണ്‌ സഞ്ചാരികൾ ഇന്നും ഇവ തേടി എത്തിക്കൊണ്ടിരിക്കുന്നത്‌. ബർകാർത്ത്‌ (ആ​‍ൗ​‍ൃരസവമൃറ​‍േ) ഇവ്വിഷയകമായി വളരെ മുമ്പുതന്നെ ചിന്തിച്ചിരുന്നു. അൽഹംറയെക്കുറിച്ച്‌ പറയവെ അദ്ദേഹമെഴുതി: ഇസ്ലാമിക വാസ്തുകലയിൽ പ്രകാശത്തിന്റെ മനസ്സിലാക്കണമെങ്കിൽ ഗ്രാനഡയിലെ കൊട്ടാരസമുച്ചയം നേരിൽ കണ്ടാൽ മതി. അതിലെ സിംഹ-മുറ്റവും അതിന്റെ പശ്ചാത്തലവും പ്രകാശനിർഭരമാണ്‌.’(5)
ആദ്യകാലം മുതൽക്കേ സ്വൂഫികൾ ഇതിൽ ബദ്ധശ്രദ്ധരായിരുന്നു. സ്വൂഫിസവും ആധ്യാത്മികതയും എത്രമാത്രം പരസ്പര ബന്ധിതമാണെന്ന്‌ അവർ മനസ്സിലാക്കി. അങ്ങനെയാണ്‌ സുഹ്‌റവർദിയും ശംസുദ്ദീൻ ശഹ്‌റസൂരിയും ഖുഥ്ബുദ്ദീൻ ശീറാസിയും കടന്നുവരുന്നത്‌. ആത്മികതയുടെ ശ്രദ്ധാലോകത്ത്‌ വിരാജിച്ചിരുന്ന അവർ ദിവ്യവെളിച്ചത്തിന്റെ നിഴൽ കാണുമ്പോഴാണ്‌ ഇതിൽ ബോധവാന്മാരായിരുന്നത്‌. ഇസ്ലമിക വാസ്തുകലയിലെ മിനാരങ്ങൾ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. വെളിച്ചത്തെ അർഥമാക്കുന്ന അറബീസംജ്ഞയിൽ നിന്നാണ്‌ ഇതിന്റെ ജന്മം തന്നെ. അല്ലെങ്കിൽ ഇരുളാർന്ന വഴിത്താരയിൽ നിന്ന്‌ മനുഷ്യനെ സന്മാർഗദർശനം നടത്തിയത്‌ മിനാരങ്ങളായിരുന്നു. ടുണീഷ്യയിലെ ഖൈറുവാൻ മസ്ജിദ്‌ ഈ യാഥാർഥ്യങ്ങളെ സുവിദിതമാക്കുന്നതാണ്‌.(6)
സാഹചര്യങ്ങൾക്ക്‌ വിരുദ്ധമായി നിറങ്ങ(ഇ​‍ീഹീ​‍ൗ​‍ൃ​‍െ)ളാണ്‌ ഇസ്ലാമിക നിർമാണകലയെ ആകർഷണീയമാക്കുന്ന മറ്റൊരു ഘടകം. വർണങ്ങൾക്ക്‌ ഭൗതികത പകരുന്ന ആധുനിക ശൈലികൾക്ക്‌ പകരം നിറങ്ങൾക്ക്‌ ആത്മികത പകരുന്ന സമ്പ്രദായമായിരുന്നു അന്നത്തേത്‌. നിശ്ചിത വർണങ്ങളിൽ സന്തോഷവും സന്താപവും ആർദ്രതയും നിബിഡമായ ഒരു വാസ്തുശിൽപം പുസ്തകങ്ങളെക്കാൾ വാചാലമായി പരിവർത്തിതമാകുകയായിരുന്നു.
വെളുപ്പുനിറം ആത്മികതയുടെ മുഖമുദ്രയാണ്‌. തിരുമേനി സ്നേഹിച്ച ഈ നിറം അനുയായികൾ വസ്ത്രധാരണയിൽ വരെ അനുകരിച്ചുവരുന്നു. സത്യത്തിൽ, തൗഹീദിന്റെ വഴിയിൽ, ഭൂമിയിലെ സ്വർഗീയാനുഭൂതിയാണ്‌ ഇതിലൂടെ ലഭ്യമാകുന്നത്‌. കറുപ്പ്‌ ഗാംഭീര്യതയെ പ്രതിനിധാനം ചെയ്യുന്നു. സൗന്ദര്യവുമായി പിണഞ്ഞുകിടക്കുന്ന ഇതാണ്‌ വിശുദ്ധ കഅ​‍്ബായത്തിലൂടെ പുറത്തുവരുന്നത്‌. കഅ​‍്ബാലയത്തെക്കുറിച്ച്‌ പറയുമ്പോൾ ബർകർത്തിന്റെ വാക്കുകൾ ശ്രദ്ധേയമാണ്‌. അഥവാ, കഅ​‍്ബാലയത്തിന്റെ നിർമാണഘടന മനുഷ്യാത്മാവുമായി ബന്ധപ്പെട്ടിരിക്കുന്നു.(7) അതിന്റെ ആകൃതിയിലും അലങ്കാരത്തിലും യാഥാർഥ്യബോധത്തിന്‌ അമിതമായ പങ്കുണ്ട്‌. പച്ച സ്വർഗീയതയെ പ്രതിഫലിപ്പിക്കുന്നു. മസ്ജിദുന്നബവിയുടെ താഴികക്കുടം മുതൽ ദൈവാലങ്കാരത്തിന്റെ പ്രകൃതി വരെ ഇതിന്റെ നിത്യദർനമാണ്‌. നീല മഹത്വത്തെ വിവരിക്കുന്നു. ഇറാനിയൻ വാസ്തുവിദ്യയിൽ ഇതിന്റെ സ്വാധീനം ധാരാളമാണ്‌.

അതിശയിപ്പിക്കുന്ന അലങ്കാര രൂപങ്ങൾ

അതിശയിപ്പിക്കുന്ന അലങ്കാര രൂപങ്ങൾ

അദൃശ്യങ്ങളിലേക്ക്‌ വ്യാപിച്ചുകിടക്കുന്ന അലങ്കാര രൂപങ്ങളാണ്‌ അറബെസ്ഖ്‌. ഇതര കലാശൈലികളിൽ നിന്ന്‌ തുലോം ഭിന്നമായി അസ്ഥിരതയും അനശ്വരതയും മുന്നോട്ടുവെക്കുന്ന ഇത്‌ ഇസ്ലാമിക കലാരൂപങ്ങളുടെ അവിഭക്ത കോണുകളായാണ്‌ പരിഗണിക്കപ്പെടുന്നത്‌. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം കാഴ്ചകൾക്കപ്പുറത്തുള്ള ഒരു മഹാ വിഹായസ്സിലേക്കാണ്‌ ഇത്‌ വാതിൽ തുറക്കുന്നത്‌.
റോമൻ അലങ്കാര കലയെ സൂചിപ്പിക്കുന്ന റോമനസ്ഖ്‌ പോലെ അറബ്‌ അലങ്കാര കലയെക്കുറിക്കുന്ന പാദമാണിത്‌. എണ്ണമറ്റ അലങ്കാര വഴികളിൽ വ്യതിരിക്തത നിലനിറുത്തി പുതിയൊരു വീക്ഷണത്തെയും സമീപനത്തെയുമാണിത്‌ പ്രതിനിധീകരിക്കുന്നത്‌. നിഘണ്ടുകളുടെ ഭാഷയിൽ പറഞ്ഞാൽ ഇലകളും തണ്ടുകളും മറ്റു സസ്യരൂപങ്ങളും വിചിത്രരീതിയിൽ കെട്ടുപിണഞ്ഞ്‌ കിടക്കുന്നതിനെ ചിത്രീകരിക്കുന്ന ശിൽപകല, അല്ലെങ്കിൽ ചിത്രകലയാണ്‌ ഇസ്ലാമിക കല അനാവരണം ചെയ്യുന്ന അറബെസ്ഖ്‌. സത്യത്തിൽ ദൈവിക വിസ്മയങ്ങളുടെ കലവറയായ പ്രകൃതിയുടെ പുതിയൊരു ആവിഷ്കാര രീതിയാണിത്‌. ദൈവാസ്തിക്യം തുളുമ്പുന്ന ഹരിത കഞ്ചുകം കണക്കെ ഇലകളുടെയും വള്ളിരൂപങ്ങളുടെയും അതിഭൗതികതയിലേക്കുള്ള അവതരണമാണിവിടെ. അറിവിന്റെ ഉപരിതലത്തിൽ നിന്ന്‌ തുടങ്ങി ദർശനത്തിന്റെ കാണാപ്പുറങ്ങളിലേക്ക്‌ ദ്രഷ്ടാവിന്റെ വികാരങ്ങളെ ആവാഹിക്കലാണ്‌ സ്വഭാവം.
കേവലം അലങ്കാര രൂപമെന്നതിലുപരി ഭക്തജനത്തെ സംബന്ധിച്ചിടത്തോളം വിശുദ്ധ വിഹാര കേന്ദ്രമാണിത്‌. സുപ്രസിദ്ധ കലാനിരൂപകനായ ഇസ്മാഈൽ റാജി ഫാറൂഖി പറഞ്ഞതുപോലെ ഏകനായ ദൈവത്തിന്റെ പാവന സാന്നിധ്യത്തിലേക്കാണ്‌ ഇവകളോരോന്നും ചെന്നുമുട്ടുന്നത്‌.(2) അതിനാൽ ഇതര വിശ്വാസ പ്രമാണങ്ങളോട്‌ സാധർമ്യത നിലനിറുത്തി ഇവ ഇസ്ലാമിക പ്രത്യയശാസ്ത്രത്തിന്റെ ലാവണ്യതത്ത്വങ്ങളുമായി ഒത്തുപോകുന്ന ഒരു കലാരൂപമാണ്‌. അനുകരണീയ ശൈലിയിലും താളത്തിലും തെളിഞ്ഞുവരുന്ന അറബെസ്ഖിലെ അനന്തതയിലേക്ക്‌ മറയുന്ന അലങ്കാരങ്ങൾ പഞ്ചേന്ദ്രിയങ്ങൾക്കപ്പുറത്തെ ഒരു ലോകത്തെയും അതിന്റെ വിധാതാവായ ഏകചക്രാധിപതി തമ്പുരാനെയുമാണ്‌ സൂചിപ്പിക്കുന്നത്‌. ദൈവിക സ്മരണ കുത്തിനിറച്ച ഹൃദയവുമായി വരുന്നവരും ആത്മബോധത്തിന്റെ ധ്യാന ലഹരിയിൽ ആറാടുന്നവരും ഇതിലൂടെ ഉന്നതങ്ങളിലേക്ക്‌ കയറിപ്പോകുന്നു. അവർക്കു മുമ്പിൽ ദൈവിക സമക്ഷം അണയാനുള്ള സോപാനങ്ങളാണിവ.
പതിനൊന്നാം നൂറ്റാണ്ടിൽ ഖുറാസാനിൽ നിർമിതമായ രിബാഥെ ശരീഫ്‌ മുതൽ ആഗ്രയിലെ
ഇഅ​‍്തിമാദുദ്ദൗലയുടെ മഖ്ബറയിൽ വരെ ഈ അലങ്കാര ശൈലിയുണ്ട്‌. ചുമരുകളിലും പരിസരങ്ങളിലും നിറഞ്ഞുനിൽക്കുന്ന ഈ ദലാലങ്കാരം എന്തുകൊണ്ടും നയനമുള്ളവരെ ആകർഷിക്കുന്നു. ഒരു ശാന്തിബിന്ദു പോലെ ആത്മാവിലേക്ക്‌ പതിഞ്ഞുകൊണ്ടിരിക്കുന്നു.
ഇസ്ലാമിക കലയുടെ സവിശേഷതകളിലൊന്നായ അമൂർത്തസ്വഭാവ(അയ​‍െ​‍്മര​‍േ)മാണ്‌
അറബെസ്ഖിനെയും വ്യതിരിക്തമാക്കുന്നത്‌. കെട്ടിടങ്ങളുടെയും സസ്യങ്ങളുടെയും ബാഹ്യാകാരത്തിന്‌ ഭിന്നമായി ഇവക്ക്‌ ഒരാന്തരിക പശ്ചാത്തലമുണ്ട്‌. ചിന്നിച്ചിതറിയ ഹൃദയങ്ങളെ ഇവ ലക്ഷ്യത്തിലേക്കാനയിക്കുന്നു. അവിടെ നിന്ന്‌ നിയമയുക്തമായ പന്ഥാവിലൂടെ മുന്നോട്ട്‌ ആനയിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ അറബെസ്ഖിന്റെ ചിത്രീകരണത്തിൽ പ്രകൃതിയുടെ തനിപ്പകർപ്പല്ല സ്വീകരിക്കുന്നത്‌. യാഥാർഥ്യത്തിലെ സൂക്ഷ്മവശങ്ങളുടെ പർവതീകരണമാണിവിടെ. അറബെസ്ഖിൽ മുന്തിരിവള്ളിയും ജാസ്മിൻ പുഷ്പവും അതേ പോലെ പകർത്തപ്പെടണമെന്നില്ല. പകരം അതിഭൗതികതയുടെ ലാഞ്ചനയുള്ള പരിവർത്തിത രൂപങ്ങളായിരിക്കും പ്രദർശിപ്പിക്കപ്പെടുന്നത്‌. സസ്യരൂപങ്ങൾ ഏതാവണമെന്നതിൽ നിശ്ചയമില്ല. അതിന്റെ അവതരണത്തിനാണ്‌ പ്രാധാന്യം. കാരണം, കലാകാരന്റെ മാറിമറിയുന്ന ഭാവനകളുടെ അനന്തര ഫലമാണിത്‌. ഇതിലെ ഇളക്കവും ചാഞ്ചാട്ടവും അവതരണത്തിലും പ്രതിഫലിക്കുന്നു. ദ്രഷ്ടാക്കളുടെ ഹൃദയങ്ങളെ മദിക്കുന്നത്‌ ഇവയാണ്‌.
ചരിത്രപരമായി, അറബെസ്ഖ്‌ സ്പാനിഷ്‌ കലാകാരന്മാരുടെ സംഭാവനയായാണ്‌ അനുമാനിക്കപ്പെടുന്നത്‌. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ രൂപംകൊണ്ട കലാരൂപങ്ങളിൽ അവരെ സംബന്ധിച്ചിടത്തോളം ഇതൊരു അതുല്യപ്രകടനമായിരുന്നു. ഇലകളും വള്ളികളും തണ്ടുകളും സമഞ്ജസമായി സമ്മേളിക്കുന്ന ഈ അസാധാരണ ശൈലിയെ അത്തൗരീഖ്‌ എന്ന പേരിലായിരുന്നു അവർ പരിചയപ്പെട്ടിരുന്നത്‌ എന്നുമാത്രം.
പക്ഷേ, അറബികൾക്കിടയിൽ ഈ അലങ്കാരശൈലി എത്തിപ്പെട്ടതിൽ പക്ഷാന്തരങ്ങളുണ്ട്‌. ടിറ്റസ്‌ ബർക്കററ്റിന്റെ അഭിപ്രായ(3)ത്തിൽ മധ്യകാലത്ത്‌ യൂറോപ്പ്‌ ആക്രമിച്ച മധ്യേഷ്യയിലെ നാടോടി വിഭാഗത്തിൽ നിന്ന്‌ അറബികൾ സ്വീകരിച്ചതാണ്‌ അറബെസ്ഖ്‌. കാരണം, സ്കൈതിയൻ (ടസ്യവേശമി) എന്ന പേരിൽ പ്രസിദ്ധരായ ഇവർക്ക്‌ സൂമോർഫിക്‌ (ദീ​‍ീ​‍ാ​‍ീ​‍ൃ​‍ുവശര) എന്ന ഒരു കലാരൂപം തന്നെ നിലവിലുണ്ടായിരുന്നു. അറുതിയും ഒടുക്കവുമില്ലാതെ അനന്തതയിലേക്ക്‌ വ്യാപിക്കുന്ന ഇവയാകാം ഒരു പക്ഷേ, മുസ്ലിംകളെ സ്വാധീനിച്ചിരുന്നത്‌.
ഇതൊരു അനുമാനം മാത്രം. പലരും പറയുന്നതനുസരിച്ച്‌ എവിടെ നിന്നോ ലഭിച്ച ചെറിയൊരു ആശയത്തിൽ നിന്ന്‌ മുസ്ലിം കലാകാരന്മാർ വികസിപ്പിച്ചെടുത്തതാണത്രെ അറബെസ്ഖ്‌. ഇസ്ലാമീകരണമെന്നോണം മൃഗങ്ങളുടെയും മനുഷ്യരുടെയും ആകാരങ്ങൾക്ക്‌ പകരം മുസ്ലിംകൾ സസ്യങ്ങളെ സ്വീകരിക്കുകയായിരുന്നു.
ഏതായിരുന്നാലും ഇവയിലെ ഓരോ പ്രകടനത്തിനും നിയമങ്ങളും കാര്യങ്ങളുമുണ്ട്‌. പ്രബലമായ അഭിപ്രായപ്രകാരം ഇതിലെ ചെടികളോ വള്ളികളോ ചെറുതാവുന്നതുകൊണ്ടോ വലുതാവുന്നതുകൊണ്ടോ ഒരു വിരോധവുമില്ല. പക്ഷേ, ഇവിടെ മർമപ്രധാനം ഓരോ ഇലകളുടെയും ഖാണ്ഡ ബന്ധമാണ്‌. അഥവാ, പരാശ്രയമില്ലാതെ സ്വതന്ത്രമായി ഒരില നിൽക്കുന്നത്‌ കലയുടെ അപൂർണതയാണ്‌. ദ്രഷ്ടാവിന്റെ ചിന്താനുസ്യൂതതയെ കുറിക്കാൻ ക്ഷണിക്കുകയാണ്‌ ഇത്‌ ചെയ്യുന്നത്‌. അതിനാൽ അനുസ്യൂതതയെ കുറിക്കാൻ എല്ലാം പരസ്പരം ബന്ധിതമാണ്‌. ഒരു കോണിൽ നിന്ന്‌ വീക്ഷിച്ചുതുടങ്ങിയാൽ അനന്തതയിലേക്ക്‌ നീങ്ങുകയോ തുടങ്ങിയതിൽ തന്ന തിരിച്ചെത്തുകയോ ചെയ്യുകയെന്നല്ലാതെ ഇതിന്‌ പുതിയ ഒരു മാനദണ്ഡവുമില്ല. ഈ അനുസ്യൂതതയാവട്ടെ ഉധൃത വചനം പോലെ ദിവ്യശക്തിയിലേക്കാണ്‌ വിരൽ ചൂണ്ടുന്നത്‌.
പശ്ചാത്തലങ്ങളുടെ വ്യത്യാസമനുസരിച്ച്‌ അറബെസ്ഖിന്‌ വശ്യത കൂടുന്നുണ്ടെങ്കിൽ സങ്കീർണ രൂപങ്ങളിലെ പിണച്ചിലുകളും മിടച്ചിലുകളും സൗന്ദര്യവർധകങ്ങളാണ്‌. ഒരു കെട്ടിടത്തിലോ അതിന്റെ ചുമലങ്കാരത്തിലോ ഇതെത്രമാത്രം ഉപയോഗിക്കപ്പെടുന്നോ അത്രയും ആകർഷണീയത കൂടുകയേ ചെയ്യുന്നുള്ളൂ. അമവീ കാലഘട്ടത്തിലെ ചില എടുപ്പുകളും ഖിർബതുൽ മഫ്ജർ, ജാമിഅ ദിമശ്ഖ്‌ തുടങ്ങിയ ചില കൊട്ടാരങ്ങളും പള്ളികളും ഇതിനുദാഹരണങ്ങളാണ്‌.
ചടുലമായ സ്ഥായിമാറ്റങ്ങളോ സ്വരാവരോഹ വ്യതിക്രമങ്ങളോ പ്രകടമാവാത്ത ഏകതാനമായ അറബ്‌ സംഗീതം പോലെ ഇത്‌ പൊതുവെ പശ്ചാത്തല കാര്യക്ഷമതക്കായിരുന്നു കലാകാരന്മാർ ഉപയോഗിച്ചിരുന്നത്‌.(4) ഒഴിഞ്ഞുകിടക്കുന്ന എല്ലാ ഭാഗത്തും പുത്തനുണർവ്‌ നൽകാൻ ഇതവരെ സഹായിച്ചു. അതുകൊണ്ടുതന്നെ ചുമരുകളിൽ നിറഞ്ഞുനിൽക്കുന്ന ഇതിന്‌ ജനങ്ങൾക്കിടയിൽ അസാധാരണമായ സ്വീകാര്യത ലഭിക്കുകയായിരുന്നു. ഇസ്വ്ഫഹാനിലെ സഫാവീ നിർമിത ശൈഖ്‌ ലുഥ്ഫിയ്യാ മസ്ജിദ്‌ ഇതിനൊരു ഉദാഹരണമാണ്‌. കാലിഗ്രഫിയും ജ്യാമിതീയാലങ്കാരവും പരിധികളുമില്ലാതെ ചുമരുകളും മേൽക്കൂരയും നിറയെ അറബെസ്ഖ്‌ നിരന്നുകിടക്കുകയാണ്‌. ആരെയും പ്രസാദിപ്പിക്കുമാർ പച്ച, നീല, മഞ്ഞ, വെള്ള വർണങ്ങളാണ്‌ ഇതിനീ വശ്യത പകരുന്നത്‌. ഇനി, അതേ പള്ളിയുടെ മിഹ്‌റാബ്‌ വീക്ഷിക്കുമ്പോഴും അതേ വസ്തുതയാണ്‌ പുറത്തുവരുന്നത്‌.(5) സൗന്ദര്യപ്രകടനം അൽപം കൂടി കാര്യക്ഷമമാവുന്നു എന്നല്ലാതെ അവിടെ പുതുതായൊന്നും വന്നുചേരുന്നില്ല.
അറബെസ്ഖ്‌ അലങ്കാര രീതികൾ മുസ്ലിം ലോകത്തും പുറത്തും ധാരാളമുണ്ടായിരുന്നു. ഇന്നും പൈതൃകത്തിന്റെ ഓർമക്കുറിപ്പുകളായി പലയിടത്തുമവ തലയുയർത്തി നിൽക്കുന്നുമുണ്ട്‌. സൗന്ദര്യത്തിന്റെ സർവ സീമകളും മറികടന്ന താജ്മഹൽ തന്നെയാണ്‌ ഇതിനെ പ്രതിനിധീകരിക്കുന്നത്‌. കൂടാതെ സ്പെയ്നിലെ അൽഹംറാ കൊട്ടാരവും അതിലെ ജാസ്മിൻ പുഷ്പാവിഷ്കാരവും കൈറോയിലെ മംലൂകീ ഭരണകാലത്ത്‌ നിർമിതമായ ഖൈതബായ്‌ ശവകുടീരവും ഇസ്വ്ഫഹാനിലെ അബ്ദുൽബാഖി തിബ്‌രീസി പണിത ഷാ മസ്ജിദും ഇസ്തംബൂളിലെ സുൽഥാൻ അഹ്മദ്‌ മസ്ജിദും പതിനാറാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ സ്ഥാപിതമായ അങ്കാറയിലെ ബൈറാം മസ്ജിദും അറബെസ്ഖിന്റെ മറ്റു അലങ്കാര രൂപങ്ങളാണ്‌.
യൂറോപ്യൻ ദോഷൈക ദൃക്കുകളുടെ അഭിപ്രായത്തിൽ മുസ്ലിംകളിൽ റോമൻകലാശൈലിയിൽ
നിന്ന്‌ മോഷ്ടിച്ചതാണ്‌. റോമനെസ്ഖ്‌ എന്ന്‌ അവർ വിളിക്കുന്നതിന്റെ മറ്റൊരു രൂപമാണ്‌ നാം പിന്തുടരുന്നതത്രെ.
ഏതായിരുന്നാലും, ഇസ്ലാമിക കലയെ സംബന്ധിച്ചിടത്തോളം വിശുദ്ധിയുടെ അടയാളമാണിത്‌. ഒരു നിശ്ചിതവൃത്തത്തിൽ നിന്ന്‌ തുടങ്ങി ഏർഎ സങ്കീർണതകളെയാണിത്‌ മുന്നിൽ കാണിക്കുന്നത്‌. എങ്കിലും പരിഷ്കൃത അറബെസ്ഖിനെ വീക്ഷിക്കുമ്പോൾ അവക്ക്‌ പലതിലും സ്വതന്ത്രഭാവങ്ങളുണ്ട്‌. അടിസ്ഥാനാലങ്കാരങ്ങളായ ദലങ്ങളോ സസ്യങ്ങളോ വ്യവർത്തിച്ചെടുക്കാനാവുന്നില്ല എന്നതാണ്‌ അവയിലൊന്ന്‌.
ചരിത്രപരമായി നോക്കുമ്പോഴും അറബെസ്ഖിന്‌ വാസ്തുകല പോലെ പ്രാചരമുണ്ടായിരുന്നില്ല. അമവീ കാലത്ത്‌ വികാസം പ്രാപിക്കാത്ത ഈ മേഖല അബ്ബാസീകാലത്താണ്‌ പ്രശസ്തി നേടുന്നത്‌. മുഖ്യമായും സ്പാനിഷ്‌ മുസ്ലിംകളായിരുന്നു പരിപോഷിപ്പിച്ചിരുന്നതെങ്കിലും പിന്നീട്‌ സൽജൂഖികളും ഫാഥിമികളും ഏറ്റെടുക്കുകയായിരുന്നു. അങ്ങനെയാണ്‌ പതിനഞ്ചാം നൂറ്റാണ്ടോടെ ഇന്ത്യ, പേർഷ്യ തുടങ്ങിയ രാഷ്ട്രങ്ങളിലും ഇത്‌ വേരോട്ടം തുടങ്ങുന്നത്‌. 16-​‍ാം നൂറ്റാണ്ടായതോടെ യൂറോപ്യരെ സംബന്ധിച്ചിടത്തോളം അറബെസ്ഖ്‌ ഒരാവേശമായി മാറി.(6)

എന്റെ കഥ; വിദ്യാഭ്യാസത്തിന്റെയും

ഖാസി സി.എം. അബ്ദുല്ല മൗലവി വിടപറഞ്ഞിട്ട് ഒരു വര്‍ഷം തികയുന്നു. ഈയിടെ പ്രസിദ്ധീകൃതമായ അദ്ദേഹത്തിന്റെ ആത്മകഥ (എന്റെ കഥ; വിദ്യാഭ്യാസത്തിന്റെയും) യെ അടിസ്ഥാനമാക്കി ഒരു അന്വേഷണ സ്മരണ.


അലമാരയിലെ ഒതുക്കിവെച്ച പുസ്തകക്കൂട്ടങ്ങളില്‍നിന്നും ഒരു ഡയറി പുറത്തെടുത്തുകാണിച്ചുകൊണ്ട് ഒരിക്കല്‍ സി.എം. ഉസ്താദ് പറഞ്ഞു, 'ഞാന്‍ 'തര്‍ജുമതുല്‍ മുഅല്ലിഫ്' (ഗ്രന്ഥകാരന്റെ ജീവചരിത്രം) എഴുതിക്കൊണ്ടിരിക്കുകയാണ്. പണി ഏകദേശമെല്ലാം പൂര്‍ത്തിയായി. ഇനി, അല്‍പം മിനുക്കുപണികളേ ബാക്കിയുള്ളൂ. വേറെയും കുറേ സാധനങ്ങള്‍ ചെയ്യണമെന്നുണ്ട്. ഡോക്ടര്‍ വിശ്രമിക്കാന്‍ പറഞ്ഞിരിക്കയാണ്. അധികം പരിപാടികളിലൊന്നും പോവാറില്ല. അതിനാല്‍, കുറേ എഴുതാനും വായിക്കാനും സമയം കിട്ടുന്നുണ്ട്....'


സി.എം. ഉസ്താദ് വിട പറഞ്ഞ് ഒരു വര്‍ഷം തികയവെ സ്വന്തം ആത്മകഥ 'എന്റെ കഥ; വിദ്യാഭ്യാസത്തിന്റെയും' പുസ്തകരൂപത്തില്‍ പുറത്തുവന്നപ്പോള്‍ ആദ്യം ഓര്‍ത്തുപോയത് ആ കൂടിക്കാഴ്ചയാണ്. വാര്‍ദ്ധക്യസഹജമായ പ്രാരാബ്ധങ്ങളും ക്ഷീണവും ശരീരത്തെ തളര്‍ത്തുമ്പോഴും ആ കണ്ണുകളില്‍ വെളിച്ചം പകര്‍ന്നിരുന്നത് വിദ്യാഭ്യാസ ചിന്തകളും അവയുടെ അയവിറക്കലുകളുംതന്നെയായിരുന്നു. എഴുത്ത്, വായന, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, സാമൂഹിക സേവനം, മതപരമായ വിധികള്‍ നിര്‍ണ്ണയിക്കല്‍, ആളുകള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍ തുടങ്ങി പൊതുജനോപകാരപ്രദമായ ഇത്തരം കാര്യങ്ങളില്‍ കവിഞ്ഞ് അവര്‍ക്ക് മറ്റൊരു ജീവിതമുണ്ടായിരുന്നില്ല. ധൈഷണികതയും ക്രിയാത്മകതയും സംഗമിച്ച ഒരതുല്യ പണ്ഡിതന്‍ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാവുന്നതാണ്. ഉത്തരമലബാറിന്റെ ആത്മീയ മണ്ഡലത്തില്‍ ഉസ്താദ് രേഖപ്പെടുത്തിയ മുദ്രകള്‍ ഇന്നും പതിന്‍മടങ്ങ് പ്രശോഭിതമായി ശേഷിക്കുന്നു. ജീവിച്ചിരുന്ന ഉസ്താനിനെപ്പോലെത്തന്നെ ശക്തനാണ് ഇന്ന് വിശ്വാസി മനസ്സുകളില്‍ വിടപറഞ്ഞതിനു ശേഷമുള്ള ഉസ്താദും. അദ്ദേഹം ബാക്കിവെച്ചുപോയ വിദ്യാഭ്യാസ കാഴ്ചപ്പാടുകളും ചിന്തകളും നൂറ്റാണ്ടുകളോളം കേരള മുസ്‌ലിംകളെ മുന്നേട്ടുനയിക്കാന്‍മാത്രം പ്രോജ്വലമാണ്.


കാസര്‍ക്കോടിനെ പശ്ചാത്തലമാക്കി കേരളത്തിലെയും കര്‍ണാടകത്തിലെയും മുസ്‌ലിംകളോട് മൊത്തമായിട്ടായിരുന്നു സി.എം. ഉസ്താദിന്റെ സംവാദം. തീരെ അറിവില്ലാത്തവര്‍ക്ക് അതിനുള്ള സൗകര്യങ്ങളൊരുക്കുകയെന്നതോടൊപ്പം അറിവുള്ളവര്‍ക്ക് സമന്വയവിദ്യാഭ്യാസത്തിന്റെ വാതില്‍ തുറക്കുന്നതായിരുന്നു ഉസ്താദിന്റെ ചിന്തകള്‍. ഒരിക്കല്‍, കാസര്‍കോട്ടെ വിദ്യാഭ്യാസ ചുറ്റുപാടുകളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ ഉസ്താദ് കാസര്‍കോട്ട് തുടങ്ങാനിരിക്കുന്ന പുതിയൊരു വിദ്യാഭ്യാസ സ്ഥാപനത്തെക്കുറിച്ച് സംസാരിച്ചു. അവിടെ ഏത് സിലബസ് അപ്ലേ ചെയ്യണമെന്നതായിരുന്നു ഉസ്താദിന്റെ ആശങ്ക. സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതി ഉന്നംവെച്ച് സദാ ഒരു പിടി സ്വപ്നങ്ങള്‍ മനസില്‍ ആറ്റിക്കുറുക്കി നടന്നിരുന്ന ഉസ്താദിന് സ്വാര്‍ത്ഥതയെന്തെന്ന് അറിയുമായിരുന്നില്ല. ജാതി മത ഭേതമന്യേ എല്ലാവര്‍ക്കും തന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ ഉസ്താദ് അവസരമൊരുക്കിയിരുന്നു.
വലിയൊരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ എല്ലാ കാര്യങ്ങളും നോക്കിനടത്തുമ്പോഴും ഗോളശാസ്ത്രത്തിന്റെ കുരുക്കഴിയാത്ത പ്രശ്‌നങ്ങള്‍ മനനം ചെയ്യുമ്പോഴും വശ്യമായൊരു പുഞ്ചിരിയായിരുന്നു ആ മുഖത്ത്. ആ പുഞ്ചിരിയാണ് സ്ഥാപനത്തിന്റെ മുന്നോട്ടുള്ള കുതിപ്പില്‍ പലര്‍ക്കും പ്രചോദനവും ധൈര്യവും പകര്‍ന്നിരുന്നത്. വിനയത്തിന്റെ ആള്‍രൂപമായിരുന്നു ഉസ്താദ്. തനിക്ക് അറിയാത്ത കാര്യങ്ങള്‍ ആരോടും ചോദിച്ചറിയുമായിരുന്നു. അതുകൊണ്ടുതന്നെ, പല പ്രൊഫസര്‍മാരും അധ്യാപകരും എഞ്ചിനിയര്‍മാരും പത്രപ്രവര്‍ത്തകരും ഉസ്താദിന്റെ അടുത്ത സുഹൃത്തുക്കളായി. പുസ്തക രചനകളില്‍ മുഴുകുന്ന നേരങ്ങളില്‍ ഇവരുമായെല്ലാം ഉസ്താദ് ബന്ധപ്പെടുകയും ചെയ്യുമായിരുന്നു. കളനാട്ടെ ദിവംഗതനായ എഞ്ചിനിയര്‍ അഹ്മദ്ച്ച ഉസ്താദിന്റെ ഗോളശാസ്ത്ര പഠനങ്ങളില്‍ പ്രചോദനമായ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ കോലുകളും കണക്കുകളും പഠിക്കാനെത്തുമ്പോള്‍ ഒരു വിനയാന്വിതനായ വിദ്യാര്‍ത്ഥിയായിരുന്നു തന്റെ അറുപതുകളിലും സി.എം. ഉസ്താദ്. തന്റെ സ്ഥാപനങ്ങളില്‍ കുട്ടികള്‍ക്കായി വിദ്യാഭ്യാസ ക്ലാസുകളും ചര്‍ച്ചകളും സംഘടിപ്പിക്കുമ്പോള്‍ വരുന്ന അതിഥിക്കുമുമ്പില് ഒരു ശ്രോതാവായി ഉസ്താദും വന്നിരിക്കും. കുട്ടികളെപ്പോലെ സംശയങ്ങള്‍ ചോദിച്ചുതീര്‍ക്കും. തിരുത്തേണ്ടത് തിരുത്തിയും പറയേണ്ടത് തുറന്നു പറഞ്ഞും ചര്‍ച്ചകളില്‍ ശക്തമായിത്തന്നെ ഇടപെടും. ഇങ്ങനെ നോക്കുമ്പോള്‍ ഉസ്താദിന്റെ സര്‍ഗാത്മക മനസ് വാര്‍ദ്ധക്യകാലത്തും യുവത്വത്തിന്റെ പ്രസരിപ്പിലായിരുന്നുവെന്നത് പ്രകടമായിരുന്നു.



1960 കളില്‍ ഉസ്താദ് തുടങ്ങിവെച്ച വിദ്യാഭ്യാസ ചിന്തകള്‍ കേരളമുസ്‌ലിം ചിന്താവികാസത്തിന്റെ പട്ടികയില്‍ ശ്രദ്ധേയമായ മുദ്രകള്‍ത്തന്നെ അര്‍പ്പിച്ചിട്ടുണ്ട്. അറബിയിലും മലയാളത്തിലും ഇംഗ്ലീഷിലുമായി പതിനഞ്ചോളം വരുന്ന പുസ്തകങ്ങളും ഗോളശാസ്ത്രം, സാമ്പത്തികശാസ്ത്രം, ചരിത്രം തുടങ്ങി വിവിധ മേഖലകളിലായി എഴുതിയ അമ്പതിലേറെ വരുന്ന ലേഖനങ്ങളും ഉസ്താദിന്റെ സര്‍ഗാത്മകതയുടെ തീക്ഷ്ണതയെ വിളിച്ചറിയിക്കുന്നു. സഅദിയ്യ, ആലിയ, നീലേശ്വരം മര്‍ക്കസ്, മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് തുടങ്ങിയ ഉസ്താദ് സേവനം ചെയ്തിരുന്നതോ നിര്‍മിച്ചിരുന്നതോ ആയ സ്ഥാപനങ്ങള്‍ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ആഴവും വ്യക്തമാക്കുന്നു. കാസര്‍കോട്ടും മംഗലാപുരത്തുമടക്കം നൂറിലേറെ മഹല്ലത്തുകളുടെ ഖാസിയായ ഉസ്താദ് തന്റെ സാമൂഹിക സേവനത്തിന്റെയും മതകീയ മാര്‍ഗദര്‍ശനത്തിന്റെയും അനുകരണീയ പന്ഥാവിനെയാണ് പ്രതിനിധീകരിച്ചിരുന്നത്.


വിദ്യാഭ്യാസ ചിന്തകനായ സി.എം. ഉസ്താദിനെ മനസ്സിലാക്കാന്‍ 1971-2 കാലങ്ങളവില്‍ അദ്ദേഹം സഅദിയ്യ അറബിക് കോളേജിന് തയ്യാറാക്കിയ ഭരണഘടനയും സിലബസും എടുത്തു പരിശോധിച്ചുനോക്കിയാല്‍ മതി. സമന്വയ വിദ്യാഭ്യാസമെന്ന തന്റെ ചിരകാല സ്വപ്നങ്ങളെയും ചിന്തകളെയും കൂട്ടിയിണക്കി മതകീയ കാഴ്ചപ്പാടിനുള്ളില്‍നിന്നുകൊണ്ടു അദ്ദേഹം വികസിപ്പിച്ചെടുത്തതായിരുന്നു ഈ ആശയം. ഉത്തര മലബാറിലെ സമുന്നത സ്ഥാപനമായിരുന്ന സഅദിയ്യ ഒരു വിപ്ലവമായി കടന്നുവന്നത് അങ്ങനെയായിരുന്നു. മധ്യമമലബാറിലും ദക്ഷിണമലബാറിലും പ്രായോഗികമായ സമന്വയ ചിന്തകള്‍ ഉടലെടുക്കുന്നതിനുമുമ്പുതന്നെ, ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, ഈ ചിന്ത ചെമ്പരിക്കയിലെ പണ്ഡിത തറവാട്ടില്‍ ജന്മമെടുത്തിരുന്നുവെന്നുവേണം കരുതാന്‍. ചാലിലകത്ത് കുഞ്ഞഹമ്മദാജിയും തുടര്‍ന്നുവന്ന പല പേരുകേട്ട ജ്ഞാനികളും ആര്‍ജ്ജിച്ചിരുന്നപോലെത്തന്നെ, സി.എമ്മും ഈ ചിന്തയെ ആര്‍ജ്ജിച്ചിരുന്നത് വേലൂര്‍ ബാഖിയാത്തിന്റെ ജ്ഞാനാന്തരീക്ഷത്തില്‍ നിന്നാണ്. കാസര്‍കോട്ടെയും ദക്ഷിണകന്നഡയിലെയും പഠിക്കാനാഗ്രഹമുള്ള കുട്ടികളുടെ വിദ്യാഭ്യാസ ക്ലേശങ്ങളാണ് ഉസ്താദിനെ ഇത്തരമൊരു ചിന്തയിലേക്ക് ഇറങ്ങിത്തിരിക്കാന്‍ പ്രേരിപ്പിച്ചിരുന്നത്. 1971 ല്‍ സഅദിയ്യ ജന്മമെടുത്തതോടെ ഉത്തരമലബാറിലെയും മംഗലാപുരത്തെയും വിദ്യാര്‍ത്ഥികല്‍ക്ക് അതൊരു അനുഗ്രഹമായി മാറുകയായിരുന്നു. എം.ഐസി.യിലെ ദാറുല്‍ ഇര്‍ശാദ് അക്കാദമിയും അര്‍ശദുല്‍ ഉലൂം മുഥവ്വല്‍ കോളേജും ഈ ശ്രേണിയിലെ അനന്തര ഉദ്ദ്യമങ്ങളാണ്.

മുന്‍ മംഗലാപുരം ഖാസിയായിരുന്ന കോട്ട അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ സി.എം. ഉസ്താദിന്റെ ചിന്തകള്‍ക്കും സ്വപ്നങ്ങള്‍ക്കും ശക്തി പകര്‍ന്ന ഒരാളായിരുന്നു. ആ ഇരുകൈകളും പരസ്പരം കോര്‍ക്കപ്പെട്ടതോടെ കാസര്‍കോടിന്റെയും മംഗലാപുരത്തിന്റെയും മതകീയ വിദ്യാഭ്യാസ മേഖല ഏറെ ക്രിയാത്മകമായി. എന്നും ദക്ഷിണകന്നഡയും കാസര്‍കോടും മറക്കാതെ അനുസ്മരിക്കുന്ന രണ്ടു വ്യക്തിത്വങ്ങളാണിത്. ഉത്തര മലബാര്‍ അനുഭവിച്ചിട്ടുള്ള പണ്ഡിത ലോകത്തെ മുന്നണിപ്പോരാളികള്‍. മുന്‍ കാഞ്ഞങ്ങാട് ഖാസി ആറ്റക്കോയ തങ്ങള്‍, കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി, കല്ലട്ര അബ്ലാസ് ഹാജി തുടങ്ങിയവരും ഉസ്താദിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തന യാത്രയില്‍ വലംകൈകളായി വര്‍ത്തിച്ചവരാണ്. ഉത്തരേന്ത്യയില്‍നിന്നും കേരളമുസ്‌ലിംകളെ വ്യതിരിക്തമാക്കുന്ന ഈ ഉലമാ ഉമറാ സംഗമംതന്നെയായിരുന്നു ഉത്തരമലബാറിന്റെ വിദ്യാഭ്യാസ നവോത്ഥാനത്തിന്റെയും പിന്നില്‍. (ഇവിടെ, നവോത്ഥാനം എന്നൊരു പേര് പ്രയോഗിക്കുമ്പോള്‍ പെട്ടെന്ന് മനസ്സിലേക്കു ഒരു കാര്യം ഓടിവരുന്നു. മുസ്‌ലിം പുരോഗതികളെയും വളര്‍ച്ചകളെയും കുറിക്കാന്‍ നവോത്ഥാനം എന്ന പദപ്രയോഗം നടത്തുന്നത് ഉസ്താദിന് രസിച്ചിരുന്നില്ല. അതില്‍ മറ്റെന്തോ ചായ്‌വും ചുവയുമാണ് ഉസ്താദ് കണ്ടിരുന്നത്. ലേഖനങ്ങളില്‍ അത്തരം പ്രയോഗങ്ങളെ ഉസ്താദ് തിരുത്തുമായിരുന്നു. കാസര്‍കോട് മുസ്‌ലിംകളെക്കുറിച്ച് ഒരു പഠനം നടത്തി പ്രസിദ്ധീകരിക്കാനൊരുങ്ങിയപ്പോള്‍ അതിന്റെ ടൈറ്റിലില്‍ വന്ന ഈ പദപ്രയോഗത്തെ ഉസ്താദ് തിരുത്തിയെഴുതിയത് ശ്രദ്ധേയമാണ്.)

കേട്ടുകേള്‍വിക്കപ്പുറം അനുഭവങ്ങളാണെല്ലോ ഒരു വ്യക്തിയെക്കുറിച്ച് മനസ്സിലാക്കാന്‍ ഏറ്റവും പര്യപ്തമായിട്ടുള്ളത്. എഴുത്തിന്റെയും വായനയുടെയും ലോകത്തെ സി.എം. ഇഫക്ട് എടുത്തുപറയേണ്ടതുതന്നെയാണ്. 1980 കളില്‍ കാസര്‍കോട്ടുനിന്നും പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന അദ്ദഅവ മാസികയുടെ ചീഫ് എഡിറ്ററായിരുന്നു സി.എം. ഉസ്താദ്. ഡോ. സി.കെ. കരീം തന്റെ കേരളമുസ്‌ലിം സ്ഥിതി വിവരക്കണക്ക് ചരിത്ര ഗ്രന്ഥത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. വര്‍ഷങ്ങളോളം നീണ്ടുനിന്ന ഈ മാസികയും സഅദിയ്യ പോലെത്തന്നെ സുന്നികള്‍ക്കിടയിലെ രചനാത്മക ലോകത്ത് ഇന്നത്തെ പല മാസികകള്‍ക്കും വാരികകള്‍ക്കും ഒരു 'പയനിയറാ' യി വര്‍ത്തിച്ചുവെന്നത് ഏറെ ശ്രദ്ധേയമായ കാര്യംതന്നെയാണ്. ഇങ്ങനെ നോക്കുമ്പോള്‍, കേരളമുസ്‌ലിംകളുടെ വിദ്യാഭ്യാസ-ചിന്താവികാസ-രചനാ ചരിത്രത്തില്‍ സി.എം. രേഖപ്പെടുത്തിയ മുദ്രകള്‍ ഒരു കേന്ദ്ര യൂണിവേഴ്‌സിറ്റിയില്‍നിന്നും പി.എച്ഛ്.ഡി നേടാന്‍മാത്രം സമ്പന്നവും ആഴമുള്ളതുമാണെന്ന് മനസ്സിലാകുന്നു. കേരളത്തിലെ ഗോളശാസ്ത്ര പഠനങ്ങളില്‍ സി.എമ്മിന്റെ പങ്കും ഇടവും നിര്‍ണ്ണയിക്കുന്ന പഠനങ്ങള്‍ ഗവേഷണ വിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്ത് നിര്‍വ്വഹിക്കേണ്ടതുതന്നെയാണ്. ഉത്തരേന്ത്യയിലെയും മുസ്‌ലിം രാഷ്ട്രങ്ങളിലെയും വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ ചിന്തകളും രചനകളും റിസര്‍ച്ച് ടോപിക്കുകളായി മാറുകയും ഗവേഷണ റിസല്‍ട്ടുകള്‍ പുറത്തുവരുന്നതോടെ വന്‍ പ്രസ്ഥാനങ്ങളായി മാറുകയും ചെയ്യുമ്പോള്‍ സി.എം. എന്ന വിദ്യാഭ്യാസ വിചക്ഷണനെയും തന്റെ സംഭാവനകളെയും ഗവേഷക ലോകം ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകത ഏറെ വ്യക്തമാകുന്നു. വരുംകാലങ്ങളില്‍ കേരളത്തില്‍തന്നെ ഇത്തരം പഠനങ്ങള്‍ പുറത്തുവരുമെന്നത് നമുക്ക് ഉറപ്പിച്ചുപറയാവുന്നതാണ്. കഴിഞ്ഞ വര്‍ഷം (2010) ഡല്‍ഹയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ സ്‌കൂള്‍ ഓഫ് ലിങ്കിസ്റ്റിക്, ലിറ്ററേചര്‍ ആന്റ് കള്‍ച്ചറല്‍ സ്റ്റഡസില്‍ നടന്ന, സൗത് ഇന്ത്യയിലെ സ്‌കോളേഴ്‌സിനെയും അറബിക് ഭാഷയിലും ഇസ്‌ലാമിക് സ്റ്റഡീസിലും അവരുടെ സംഭാവനകളെയും പുരസ്‌കരിച്ചുകൊണ്ട് സംഘടിപ്പിക്കപ്പെട്ട സെമിനാറില്‍ സി.എം. ഉസ്താദിന്റെ വിദ്യാഭ്യാസ ചിന്തകളെയും ഗോളശാസ്ത്ര കാഴ്ചപ്പാടിനെയും കുറിച്ച് ഒരു പേപ്പര്‍ പ്രസന്റേഷന്‍ നടന്നത് ഇതിനൊരു ഉദാഹരണമാണ്. കൂടാതെ, Qazi Abdullah Moulawi Al Jamhari: a traditional Muslim Scholar who Loved Astronomy and Mathematics എന്ന ടൈറ്റിലില്‍ ടു സിര്‍ക്ള്‍സ്.നെറ്റ് (www.twocircles.net) എന്ന ഓണ്‍ലൈന്‍ ഇംഗ്ലീഷ് പത്രത്തിലും ഒരു പഠനം പ്രസിദ്ധീകരിച്ചുവരികയുണ്ടായി. അക്കാദമിക് തലങ്ങളില്‍ ഇത്തരം വിഷയങ്ങള്‍ തീര്‍ച്ചയായും കടന്നുവരേണ്ടതിന്റെ ആവശ്യകതയുമാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. കാരണം, കേരളത്തിലെ ഗോളശാസ്ത്ര പഠനങ്ങളെ കുറിച്ച് പഠിക്കുമ്പോള്‍ സി.എം. ഉസ്താദ് തീര്‍ച്ചയായും അതിലെ ഒരു അധ്യായമാണ്. കേരളത്തിലെ സമന്വയ വിദ്യാഭ്യാസമെന്ന പുതിയ ട്രന്റിന്റെ കടന്നുവരവിനെ പഠനവിധേയമാക്കുമ്പോഴും സി.എമ്മിനെ മാറ്റി നിര്‍ത്താനാവില്ല. വിദ്യാഭ്യാസ കാഴ്ച്ചപ്പാടുകളും ഗ്രന്ഥങ്ങളും മറ്റൊരു വശം. സി.എം. എന്ന ഇസ്‌ലാമിക ചിന്തകന്‍ ഇങ്ങനെ ആഴങ്ങളിലേക്ക് പഠനമര്‍ഹിക്കുന്ന ഒരു സംഭവമായി മാറുന്നു.

ഇഷ്ടപ്പെട്ടാല്‍ എന്തും വായിക്കുമായിരുന്നു സി.എം. അതില്‍ തെറ്റു കണ്ടാല്‍ നിരൂപിക്കുകയും തിരുത്തുകയും ചെയ്യും. ഒരിക്കല്‍, ഡോ. സാക്കിര്‍ നായികിന്റെ ഖുര്‍ആനും ശാസ്ത്രവും താരതമ്യം ചെയ്യുന്ന ഒരു പുസ്തകത്തിന്റെ മലയാള വിവര്‍ത്തനം ഉസ്താദിന് കോംപ്ലിമെന്ററി കോപ്പിയായി നല്‍കുകയുണ്ടായി. അടുത്ത ദിവസം ഉസ്താദ് വിളിച്ചുകൊണ്ട് പറഞ്ഞു, ഇതില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ വിവര്‍ത്തനം ചെയ്തു നല്‍കിയതില്‍ പിശക് പിണഞ്ഞിട്ടുണ്ടെന്ന്. ആസ്‌ട്രോണമിയെ കുറിച്ചു പരാമര്‍ശിക്കുന്ന ഭാഗമായിരുന്നു ഉസ്താദ് വായിച്ചിരുന്നത്. ശാസ്ത്രത്തിലെ മുസ്‌ലിം സംഭാവനകളെ പരാമര്‍ശിക്കുന്ന 'അറബികള്‍ പറഞ്ഞ ശാസ്ത്രം' എന്നൊരു പുസ്തകം ഉസ്താദിന് നല്‍കിയിരുന്നു. പുസ്തകം വായിച്ച ശേഷം, ഒരിക്കല്‍ ഉസ്താദ് പറഞ്ഞു, മുസ്‌ലിം ശാസ്ത്രകാരന്മാരുടെ സംഭാവനകളെയും ആധുനിക ശാസ്ത്രത്തിന് മധ്യകാലം നല്‍കിയ മാര്‍ഗദര്‍ശനത്തെയും കൈകാര്യം ചെയ്യുന്ന ഈ പുസ്തകത്തിന് ഈ പേര് നല്‍കിയത് ശരിയായില്ല. മുസ്‌ലിംകള്‍ ആധുനിക ശാസ്ത്രത്തിന്റെ ഉപജ്ഞാതാക്കള്‍ എന്ന ആശയത്തില്‍ പേര് മാറ്റണമെന്നായിരുന്നു ഉസ്താദിന്റെ നിര്‍ദ്ദേശം. കാസര്‍കോട് മുസ്‌ലിംകളുടെ ചരിത്രമെന്ന പേരില്‍ ഒരു പഠന ഗ്രന്ഥം ചെയ്തിരുന്നു. അതിന് അവതാരികയെഴുതാന്‍വേണ്ടി ഉസ്താദിന് അടുത്തുചെന്നു. ഉസ്താദ് പരിശോധിച്ച ശേഷം അവതാരിക തയ്യാറാക്കി. എഴുത്തിലെ ചില ശൈലികളും ഒഴുക്കും ഉസ്താദിന് അത്ര പിടിച്ചില്ല. അതുകൊണ്ടുതന്നെ അവതാരികയുടെ അവസാനം ഉസ്താദ് ഇങ്ങനെയെഴുതി: ഭാഷാപരമായി ചില കെട്ടിക്കുടുക്കുകളുണ്ടെങ്കിലും ഈ സൃഷ്ടി കാസര്‍കോട് മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഏറെ ഉപകാരപ്രദമായ ഒന്നാണ്... ശക്തനായൊരു പ്രൂഫ് റീഡറായിരുന്നു ഉസ്താദ്. ആ ചിന്തയും ആ കണിശതയും നമ്മുടെ എഴുത്തുകുത്തുകളുടെ രീതികളെത്തന്നെ മാറ്റിമറിച്ചു. വളരെ സരളവും പച്ചവെള്ളം പോലെ ഒഴുകി പോകുന്നതുമായ ഒരു സ്വഭാവമാണ് പൊതുവെ ഉസ്താദിന്റെ രചനകള്‍ക്ക് ഉണ്ടായിരുന്നത്.

സി.എം. ഉസ്താദിന്റെ ആത്മകഥയെ പറഞ്ഞുകൊണ്ടാണ് നാം തുടങ്ങിയത്. അതു പറഞ്ഞുകൊണ്ടുതന്നെ അവസാനിപ്പിക്കുകയും ചെയ്യാം. അനവധി ഗ്രന്ഥങ്ങളും ലേഖനങ്ങളുമെഴുതിയ ഒരാളായിരുന്നു ഉസ്താദെന്ന് നാം പറഞ്ഞു. അതുപോലെ, വിദ്യാഭ്യാസ മേഖലയിലും സാമൂഹിക പ്രവര്‍ത്തനത്തിലും മെയ് മറന്ന് ഇറങ്ങിത്തിരിച്ച ഒരാളുമായിരുന്നു ഉസ്താദ്. ഇതൊന്നുമായിരുന്നില്ല ഉസ്താദിന്റെ ജീവിതത്തിലെ ശ്രദ്ധേയമായ സംഭവങ്ങള്‍. പ്രത്യുത, ഈ സംരംഭങ്ങളെല്ലാം മലപോലെ ഒഴുകിവരുന്ന പ്രാരാബ്ധങ്ങളുടെ പശ്ചാത്തലത്തില്‍ ചെയ്തുതീര്‍ത്തുവെന്നതായിരുന്നു. ശൂന്യതകളില്‍നിന്നായിരുന്നു കാസര്‍കോട്ടെ ഉസ്താദിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ആരംഭം. അനവധി പ്രശ്‌നങ്ങള്‍ അവിടത്തന്നെ അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്. ഉത്തരമലബാറില്‍ ഒരു സ്ഥാപനത്തിനുവേണ്ടിയുള്ള കഠിനാധ്വാനത്തിനും അലച്ചിലിനുമിടയില്‍ പല പ്രതിബന്ധങ്ങളും വന്നുപെട്ടു. പല എതിര്‍പ്പുകളും നേരിട്ടു. ഇവയെല്ലാം തൃണവത്ഗണിച്ചുകൊണ്ടായിരുന്നു ഉസ്താദിന്റെ അരങ്ങേറ്റം. ഒടുവില്‍ സഅദിയ്യയുടെ പൂമുഖത്ത് തന്റെ സ്വപ്നങ്ങള്‍ പൂവിട്ടതിനു ശേഷവും ഇതേയൊരവസ്ഥ തിരിച്ചുവന്നു. ഒരു വേള സഅദിയ്യയില്‍നിന്നും പടികളിറങ്ങേണ്ടിവന്നു. ജീവിതത്തില്‍ ഉസ്താദിനെ ഏറെ വേദനിപ്പിച്ച ഒരു സമയമായിരുന്നു ഇത്. ഇക്കാലത്ത് ഉസ്താദിനെ സമാധാനിപ്പിക്കാനോ സന്തോഷം പകരാനോ കൂടുതലാളുകളൊന്നും ഉണ്ടായിരുന്നില്ല. തികഞ്ഞ വിശ്വാസവും സ്ഥൈര്യവുമായിരുന്നു ഇവിടെ ഉസ്താദിനെ നയിച്ചിരുന്നത്. സഅദിയ്യയിലെ അവസാന കാലങ്ങള്‍ വളരെ നിര്‍ണ്ണായകമായിരുന്നു. ഒരു പക്ഷത്ത് ഉസ്താദ് ഒറ്റക്ക്. മറു പക്ഷത്ത് വലിയൊരു പടയും. സ്വാഭാവികമായും ഇവിടെ ഉസ്താദിന്റെ തീരുമാനങ്ങളും സ്വപ്നങ്ങളും അവഗണിക്കപ്പെട്ടു. ഒരു പതിറ്റാണ്ടിലേറെ ഉസ്താദ് സ്വന്തം ചോരയും നീരും ചെലവഴിച്ച് കെട്ടിപ്പടുത്ത പ്രസ്ഥാനം ചില തല്‍പര കക്ഷികളുടെ കരങ്ങളില്‍ ഞെരിഞ്ഞമരുന്നത് ഉസ്താദിനെ ഏറെ ചിന്താകുലനാക്കി. പിന്നീടിങ്ങോട്ട് സഅദിയ്യയുടെ മാത്രമല്ല, കാസര്‍കോട് മുസ്‌ലിം ചരിത്രത്തില്‍നിന്നുതന്നെ തന്നെ തമസ്‌കരിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളായിരുന്നു. തല്‍പര കക്ഷികള്‍ അത് തുടര്‍ന്നുകൊണ്ടേയിരുന്നു. വളര്‍ന്നുവരുന്ന തലമുറക്കിടയില്‍ ഉസ്താദിനെ അപ്രസക്തനാക്കി കാണിക്കാനും ഉസ്താദിനും സഅദിയ്യക്കും തമ്മില്‍ യാതൊരു ബന്ധവും ഇല്ലായെന്ന് വരുത്തിത്തീര്‍ക്കാനും ചെയ്യാവുന്നതെല്ലാം ചെയ്തു. ചരിത്രങ്ങള്‍ തിരുത്തിയെഴുതപ്പെട്ടു. സി.എം. ഉസ്താദിന്റെ പേര് പോലും പരാമര്‍ശിക്കാത്ത സഅദിയ്യാ ചരിത്രങ്ങള്‍ പുറത്തുവന്നു. സുവനീറുകളില്‍ ആ മഹാ മനീഷിക്കെതിരെ അച്ചുനിരത്താന്‍ തുടങ്ങി. ശരിക്കും, സഅദിയ്യയും സി.എമ്മും തമ്മിലെന്ത് എന്ന ഒരു വിദൂരമായ സങ്കല്‍പംതന്നെ പൊതുജനത്തിനിടയില്‍ വന്നുപെട്ടു. ഇത് ഉസ്താദിനെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം അസഹനീയമായിരുന്നു. 17-18 വര്‍ഷം ചോര നീരാക്കി ഉസ്താദ് ശൂന്യതയില്‍നിന്നും വളര്‍ത്തി വലുതാക്കിയ സ്ഥാപനമാണ് സഅദിയ്യ. വിശിഷ്യാ, അതിന്റെ ആദ്യത്തെ 7-8 വര്‍ഷങ്ങള്‍. അന്ന്, ഇന്നുളളവരാരും ഉസ്താദിനോടൊപ്പമുണ്ടായിരുന്നില്ല. തീര്‍ത്തും നിര്‍ണ്ണായകമായ ഈ കാലത്ത് അതിന്റെ എല്ലാമെല്ലാം ഉസ്താദായിരുന്നു. പിന്നീട്, സമസ്ത ഏറ്റെടുത്തതിനു ശേഷവും ഉസ്താദ് അവിടെ സേവനം ചെയ്തു. ഇങ്ങനെയെല്ലാമായിട്ടും സഅദിയ്യയും ഉസ്താദും തമ്മില്‍ യാതൊരു ബന്ധവുമില്ലായെന്നും സഅദിയ്യ ഉണ്ടാക്കിയെടുത്തത് മറ്റു പലരുമാണ് എന്നും വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നാനാമേഖലകളിലും നാനാ വിധേനയും നടക്കുന്നത് ഇവയുടെയെല്ലാം യഥാര്‍ത്ഥ ശില്‍പിയായ ഒരാള്‍ക്ക് എങ്ങനെ സഹിച്ചിരിക്കാന്‍ പറ്റും...


അങ്ങനെയാണ് എല്ലാം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ക്ഷമിച്ച് ഉസ്താദ് മലബാര്‍ ഇസ്‌ലാമിക് കോംപപ്ലക്‌സ് നിര്‍മിക്കുന്നത്. ഇതിന്റെ വളര്‍ച്ചയും തല്‍പരകക്ഷികള്‍ക്ക് സഹിച്ചില്ല. കാരണം സി.എം. ഉസ്താദ് ഒരു കാര്യം തൊട്ടാല്‍ അത് പൊന്നാകുമെന്ന് എല്ലാവര്‍ക്കുമെന്നപോലെ അവര്‍ക്കുമറിയാം. ഉസ്താദ് കൈവെച്ചതെല്ലാം വിജയിച്ചിട്ടേ ചരിത്രമുള്ളൂ. അതുകൊണ്ടുതന്നെ, അവര്‍ ഉസ്താദിന്റെ ഈ ഉദ്ദ്യമത്തെ നിരുത്സാഹപ്പെടുത്താനും ശക്തമായ ശ്രമങ്ങള്‍ ആരംഭിച്ചു. സ്ഥാപനത്തിനും ഉസ്താദിനുമെതിരെ പല ആരോപണങ്ങളും പ്രചരിപ്പിച്ചു. ഉസ്താദിന്റെ യാത്രയില്‍ എന്നും ഒരു ഒറ്റയാന്‍ പോരാട്ടമായിരുന്നു. ഈ ആക്ഷേപങ്ങളും ആരോപണങ്ങളും സഹിക്കാനും ഉസ്താദ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അല്ലെങ്കിലും, എത്ര കാലം ഒരു യഥാര്‍ത്ഥ ശില്‍പിക്ക് ഇതെല്ലാം സഹിച്ചിരിക്കാന്‍ പറ്റും...


അങ്ങനെയാണ് ഉസ്താദ് മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഇറങ്ങിയ സുവനീറില്‍ എം.ഐ.സിയിലെത്തിനില്‍ക്കുന്ന തന്റെ വിദ്യാഭ്യാസ യാത്രകളെ കുറിച്ചും താന്‍ അതില്‍ നേരിട്ട പ്രരാബ്ധങ്ങളെ കുറിച്ചും തുറന്നെഴുതുന്നത്. തുടര്‍ന്ന് 'സമന്വയ വിദ്യാഭ്യാസം: സഅദിയ്യയുടെ പിറവുയും മലബാറിന്റെ ഉദയവും' എന്ന പേരില്‍ അത് അല്‍പം വിശദമായിത്തന്നെ, ഒരു കൊച്ചു ലഖുലേഘയായി പുറത്തിറങ്ങി. ആത്മകഥാപരമായ ഒരു രീതിയായിരുന്നു ഇതിനുണ്ടായിരുന്നത്. കാരണം, ഉസ്താദിന്റെ കഥയായിരുന്നു സഅദിയ്യയുടെ കഥ.

ഒരു ദേശത്തെ ഒന്നടങ്കം വിദ്യാഭ്യാസ വെളിച്ചത്തിലേക്കു കൊണ്ടു വന്ന സി.എം. ഉസ്താദിനെ ചരിത്രപരമായി തമസ്‌കരിക്കാന്‍ ശ്രമിച്ച ചിലരുടെ പാഴായ ശ്രമങ്ങള്‍ക്കുള്ള ഒരു തുറന്നെഴുത്താണ് ഈ ആത്മകഥയെന്ന് വായിക്കാവുന്നതാണ്. ഈ പുരോഗതികള്‍ക്കു പിന്നിലെല്ലാം താനാണ് എന്നതല്ല, പ്രത്യുത, അവരല്ലായെന്ന ഒരു സന്ദേശമാണ് ഉസ്താദ് നല്‍കുന്നത്. സത്യങ്ങള്‍ സത്യങ്ങളായും വസ്തുതകള്‍ വസ്തുതകളായും ലോകം തിരിച്ചറിയണമെന്ന് ഉസ്താദ് മോഹിച്ചു. അങ്ങനെ, തെറ്റിദ്ധരിച്ചവര്‍ക്കും തെറ്റായി ധരിക്കാന്‍ ശ്രമിച്ചവര്‍ക്കുമായി അതിനെ പച്ചമലയാളത്തില്‍ എഴുതി വെക്കുകയും ചെയ്തു. വാര്‍ഷികങ്ങള്‍ ആഘോഷിക്കുമ്പോഴും ജൂബിലികള്‍ കടന്നപോകുമ്പോഴും സുവനീറുകള്‍ കണ്ണടച്ചാലും ഹൃദയമുള്ള മനുഷ്യര്‍ കണ്ണടക്കില്ലായെന്ന് ഉസ്താദ് തിരിച്ചറിഞ്ഞു. ഇനിയും, യാഥാര്‍ത്ഥ്യങ്ങള്‍ പൊതുജനം അറിയാതെ പോകുന്നതില്‍ (അല്ലെങ്കില്‍, അവരെ അറിയിക്കാതിരുന്നാല്‍) താന്‍ കുറ്റക്കാരനാകുമോയെന്ന് ഉസ്താദ് പേടിച്ചു. അങ്ങനെ, ആ സത്യങ്ങളെല്ലാം തുറന്നെഴുതി വെക്കുകയും ചെയ്തു. ഇതായിരുന്നു എന്റെ കഥ; വിദ്യാഭ്യാസത്തിന്റെയും എന്ന പുസ്തകം. ഇതിനെ നാം ആത്മകഥയെന്നോ മറ്റോ എന്തുതന്നെ പേരിട്ടുവിളിച്ചാലും ശരി. കാസര്‍കോടിന്റെ വര്‍ത്തമാന സാഹചര്യത്തില്‍ ഏറ്റവും അനിവാര്യമായ രചനയായിരുന്നു ഇത്. സ്വന്തം കാര്യങ്ങള്‍ക്കുവേണ്ടി ഒരാള്‍ക്കു മുമ്പില്‍പോലും കൈയ് നീട്ടിയിട്ടില്ലാത്ത ഉസ്താദ് തന്നെക്കുറിച്ച് എഴുതാന്‍പോലും മറ്റൊരാള്‍ക്ക് അവസരം ബാക്കിവെക്കാതെ സ്വന്തമായിത്തന്നെ നിര്‍വ്വഹിച്ചു പോവുകകയായിരുന്നു. വര്‍ഷം ഒന്നു കഴിഞ്ഞാലും കാസര്‍കോടുകാരുടെയും മംഗലാപുരത്തുകാരുടെയും മാത്രമല്ല, കേരളത്തിന്റെതന്നെ മനസില്‍ ഇന്നും സി.എം. ഉസ്താദുണ്ട്; മരിക്കാതെ; കൂടുതല്‍ ശക്തിയോടെ.