Saturday, February 25, 2012

ശൈലികൾ നൽകുന്നത്‌

ശൈലികൾ നൽകുന്നത്‌

ഇസ്ലാമികവൽകൃത കലകൾക്കു പുറമെ ഇസ്ലാമിക മൂല്യങ്ങളോടെയും തന്മയത്വത്തോടെയും പിറവി കൊണ്ട കലാരൂപങ്ങൾ ധാരാളമാണ്‌. ഇസ്തംബൂളിലെ അയാസോഫിയയും ഡെസിഫോണിലെ സസാനിയൻ പാലസും ഇസ്ലാമിക കലയുടെ മൂർധന്യദശ പുൽകുമ്പോൾ മദീനയിലെ മസിജ്ദുന്നബവിയും ബഗ്ദാദിലെ അബ്ബാസീ പാലസും വീക്ഷണത്തിൽ അതിതുംഗപദത്തെയാണ്‌ പ്രതിനിധീകരിക്കുന്നത്‌. മൗലികതയും ഭാവപ്പകർച്ചയും വ്യത്യാസമാണിവിടെ. രണ്ടും ദൈവികപ്രോക്ത ആശയങ്ങളുടെ സംഗമനിലമെങ്കിലും പരിശുദ്ധിയുടെ പിന്നാമ്പുറങ്ങളിൽ വിവേചനത്തിന്റെ സാധ്യതകളുണ്ട്‌.
ഇസ്ലാമിക കലയെ സംബന്ധിച്ചിടത്തോളം തുറന്ന സമീപനമെന്നതിലുപരി നിഗൂഢതകളുടെ കലവറയാണിത്‌.(1) അലിഖിതവും ശബ്ദരഹിതവുമായ സൗന്ദര്യത്തെയാണ്‌ ഇതിൽ നിന്ന്‌ വായിക്കപ്പെടുന്നത്‌. അതിനാൽ ഗതകാല കലാലോകത്തിന്‌ തരിമ്പും പരിചയമില്ലാത്തതും അവരുമായി നൂൽബന്ധം പുലർത്തുന്നതും അവരിൽ ഇഴുകിച്ചേർന്നതുമായ പല ശൈലികളും ഇതിനോട്‌ ബന്ധപ്പെട്ടിരിക്കുന്നു. യഥാക്രമം കലിഗ്രാഫി, അറബെസ്ക്‌, വാസ്തുശിൽപങ്ങൾ എന്നിവ ഇതിനുദാഹരണങ്ങളാണ്‌.
ഇതര കലാശൈലികളിൽ നിന്ന്‌ ഭിന്നമായി കലിഗ്രഫി ഇസ്ലാമിക കലയുടെ ആത്മരൂപമാണ്‌. ആശയക്കുഴപ്പങ്ങൾക്ക്‌ വഴിതുറക്കാത്തതും ആത്മികബോധത്തിന്‌ വഴിമരുന്നിടുന്നതുമായ ഇത്‌ ലോകമുഖത്തെ പ്രഥമ രൂപമാണ്‌. ഇതിനോട്‌ താരതമ്യം പ്രാപിക്കുന്നതോ കിട പിടിക്കുന്നതോ ആയ ഒരു ശൈലിയും അന്നുവരെ ഉണ്ടായിരുന്നില്ല. ഇസ്ലാമിക കലയെ സംബന്ധിച്ചിടത്തോളം ആത്മികതയുടെ വാതായനം ഇതാണെന്ന്‌ സ്ഥിരീകരിക്കുന്നതിൽ ദ്വിപക്ഷങ്ങൾ നിൽക്കേണ്ട ആവശ്യമില്ല. കാരണം, വസ്തുതകളുടെ യാഥാസ്ഥികതയുമായി അത്രമാത്രം അടുത്തുകിടക്കുന്നതാണത്‌.(2)
കലിഗ്രഫിയുമായി അൽപമായെങ്കിലും ബന്ധപ്പെട്ടുകിടക്കുന്ന ഇസ്ലാമിക കലയിലെ ഒരു അറബി അഭിരുചിയാണ്‌ അറബെസ്ക്‌. ചില സരള സാദൃശ്യങ്ങൾ കഴിഞ്ഞുപോയിട്ടുണ്ടെങ്കിലും അറബെസ്കിനോട്‌ മല്ലിടാൻ അവക്കൽപവും ആയുസ്സുണ്ടായിരുന്നില്ല. ഇലകളും തണ്ടുകളും പശ്ചാത്തലം നിറഞ്ഞുനിൽക്കുന്ന ഈ ശൈലി മുസ്ലിം വാസ്തുശിൽപാലങ്കാരങ്ങളിൽ സാർവത്രികമായി ഉപയോഗിക്കപ്പെട്ടു.(3)
ശിൽപാലങ്കാരങ്ങളായി ഇവിടെ ഉദ്ദേശിക്കുന്നത്‌ മുസ്ലിം കലാരൂപങ്ങളിൽ സാധാരണയായി കാണപ്പെടുന്ന കുംഭഗോപുരങ്ങൾ, മിനാരങ്ങൾ, ഈവാനുകൾ, കമാനങ്ങൾ, തൂണുകൾ, കവാടങ്ങൾ, സീലിങ്‌ തുടങ്ങിയവയാണ്‌. ഇസ്ലാമിക കലയിൽ വളരെ ശ്രദ്ധയോടും സൂക്ഷ്മതയോടും രൂപകൽപന ചെയ്യപ്പെടുന്ന ഭാഗങ്ങളാണിവ. കാരണം, സൗന്ദര്യവും ആത്മികതയും ലക്ഷ്യമായതുകൊണ്ടുതന്നെ ദൃഷ്ടാക്കളുടെ വീക്ഷണപുറങ്ങളെ മാനിക്കപ്പെടേണ്ടതുണ്ട്‌. അപരിചിതനും അന്യമതക്കാരനും ഇസ്ലാമിന്റെ സൗന്ദര്യവീക്ഷണം ഗ്രഹിച്ചെടുക്കുന്നത്‌ ഈ പുറംമോടികളിൽ നിന്നാണ്‌.
ഇസ്ലാമികവാസ്തുശിൽപത്തിൽ തൂണുകൾക്ക്‌ സുപ്രധാന സ്ഥാനമുണ്ട്‌. പ്രാചീന കലാരൂപങ്ങളിൽ ആകർഷണീയത നിലനിറുത്തുന്ന ഇത്‌ ഒരു ഇസ്ലാമിക വൽക്കരണത്തിലൂടെയാണ്‌ മുസ്ലിം ലോകത്തേക്ക്‌ കടന്നുവരുന്നത്‌. നിരന്നുകിടക്കുന്ന തൂണുകളിലെ ദർശനസൗന്ദര്യവും അവയിൽ കൊത്തിയുണ്ടാക്കുന്ന രൂപങ്ങളുമാണ്‌ ഇവയെ ഈജിപ്ത്‌, സിറിയ, സ്പെയ്ൻ പോലെയുള്ള രാഷ്ട്രങ്ങളിൽ വളർത്തിക്കൊണ്ടുവരാൻ കാരണം. ആദ്യകാല രാജാക്കന്മാർ തങ്ങളുടെ പ്രഖ്യാപന പ്രസാരണത്തിന്റെ ആശയസംവേദനത്തിനായും ഇതുപയോഗിച്ചിരുന്നത്രെ. എന്നാൽ, ഇസ്ലാമിന്റെ ആഗമനത്തോടെ ഇവയിൽ പല രൂപഭേദങ്ങളും വന്നു. വൃഥാ സ്ഥൂലരൂപമെന്നതിലുപരി ഒരു ഗുണദോഷിയുടെയും മതഗ്രന്ഥത്തിന്റെയും ഉത്തരവാദിത്തം ചുമത്തപ്പെട്ടു. അവയിലെ അലങ്കാരനിബദ്ധമായ മേൽതോടാണിതിന്‌ കാരണം. ആദ്യകാലങ്ങളിൽ മരത്തടികളായിരുന്നു ഇത്തരം സ്തംഭങ്ങളായി നിലനിന്നിരുന്നത്‌. പിൽക്കാലത്താണ്‌ മൊസൈക്കും ടൈൽസും മുറ്റിനിൽക്കുന്ന രൂപങ്ങൾ രംഗത്തുവന്നത്‌. കല്ലുകളും ഇഷ്ടികകളുമായിരിക്കും ഇവയുടെ അകക്കാമ്പ്‌.
പൊതുവെ സ്തംഭ പ്രതലങ്ങൾ വൃത്തത്തിലും ചതുരത്തിലും ഷഡ്ഭുജാകൃതിയിലും സംവിധാനിക്കപ്പെടാറുണ്ട്‌. ഇവയുടെ ഉപരിതലത്തിലാണ്‌ ചിത്രങ്ങൾ, ലിഖിതങ്ങൾ പോലെയുള്ള അലങ്കാരപ്പണികൾ നടത്തുക. എങ്കിലും സ്തംഭങ്ങളുടെ മുഖ്യഭാഗങ്ങളായി പരിഗണിക്കപ്പെടുന്നത്‌ മുകൾ ഭാഗത്തെ മകുടവും താഴ്ഭാഗത്തെ പാദുകവുമാണ്‌. പാദുകങ്ങൾ ആകൃതിയിലും രൂപത്തിലും മകുടങ്ങളോട്‌ താദാത്മ്യം പ്രാപിക്കുന്നവയാണെങ്കിലും ശിൽപ ഭംഗിയിലും ദർശന ഗാംഭീര്യതയിലും മകുടത്തെ അപേക്ഷിച്ച്‌ വളരെ പിന്നിലാകും.
കാലവ്യത്യാസങ്ങളും ചുറ്റുപാടുകളും അനുസരിച്ച്‌ സ്തംഭ നിർമാണകലയിൽ സാരമായ മാറ്റങ്ങൾ ദൃശ്യമണ്‌. 9,10 നൂറ്റാണ്ടുകളിൽ നിർമിതമായ സ്തംഭങ്ങളും 15,16 നൂറ്റാണ്ടുകളിൽ നിലവിൽ വന്ന സ്തംഭംങ്ങളും ഈ വസ്തുത നമ്മെ ബോധ്യപ്പെടുത്തുന്നു. പ്രാചീന ഈജിപ്തിൽ താമര മൊട്ടുകളുടെ ആകാരത്തിലായിരുന്നുവത്രെ ഇവ സംവിധാനിക്കപ്പെട്ടിരുന്നത്‌. എന്നാൽ 9-​‍ാം നൂറ്റാണ്ടിൽ രൂപം നൽകപ്പെട്ട അബ്ബാസീ ആസ്ഥാനം സമാറയിലെയും റഖയിലെയും സ്മാരകങ്ങളിൽ മറ്റൊരു ശൈലിയാണ്‌ ദൃശ്യമാകുന്നത്‌. കൈറുവാനിലെ നിർമാണശൈലി വളരെ വിഭിന്നമാണ്‌. ഒരു പ്രത്യേക ശൈലിയിൽ സംവിധാനിക്കപ്പെട്ട മകുടവും അവയുടെ പാർശ്വങ്ങളിലായി താഴെ നാല്‌ ഇലകൾ ബന്ധിച്ചിരിക്കുന്നതുമാണ്‌ ഇതിനെ വ്യതിരിക്തമാക്കുന്നത്‌. സ്പെയ്നിലെ കൊർദോവ പള്ളിയിലും ഗ്രാനഡയിലെ അൽഹംറാ കൊട്ടാര സമുച്ചയത്തിലുമാകട്ടെ രൂപങ്ങൾ പൂർണമായും അപരിചിതത്വം പുലർത്തുന്നവയാണ്‌. യഥാക്രമം വൃത്താകൃതിയും ചുണ്ണാമ്പുപുറ്റിന്റെ ആകൃതിയുമാണ്‌ ഇതിനെ പ്രതിനിധീകരിക്കുന്നത്‌. 1197 ൽ ഡൽഹിയിൽ നിർമിക്കപ്പെട്ട ഖുവ്വത്തുൽ ഇസ്ലാം മസ്ജിദിന്റെ നിരന്നു നിൽക്കുന്ന തൂണുകൾ വാസ്തുശിൽപചാതുരിയുടെ മകുടോദാഹരണമാണ്‌.(4)
ഇസ്ലാമിക വാസ്തുവിദ്യയിൽ പ്രാധാന്യമർഹിക്കുന്ന മറ്റൊരു രൂപമാണ്‌ ഈവാനുകൾ. രാജധാനിയിൽ പ്രധാനികൾക്കിരിക്കാനുള്ള വിശാല മണ്ഡപങ്ങളാണിവ. പേർഷ്യൻ സംസ്കാരത്തിൽ തന്നെ പ്രചുരപ്രചാരം നേടിയ ഇവ ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ഒരു സ്വീകരണമായിരുന്നു. സാധാരണ ഗതിയിൽ ചരുതാകൃതിയിലുള്ള ഇത്‌ മൂന്നു ഭാഗം ഭദ്രമായി സീൽ ചെയ്തതും ഒരു ഭാഗം മലർക്കെ തുറക്കപ്പെട്ടതുമാണ്‌. ചുമരുകൾ ഏറ്റവും മുന്തിയ കൊത്തുപണിശൈലിയിൽ അലങ്കരിക്കപ്പെട്ട ഇതിൽ കുഷ്യൻ സീറ്റുകളും സിംഹാസനവും ഉണ്ടാകും. ചർച്ചക്കും സംസാരത്തിനുമിരിക്കുന്ന പ്രധാനികൾക്ക്‌ ആത്മനിർവൃതി പകരുന്നതായിരിക്കും അവ. ചുറ്റപാടുകളും പരിസരവും പോലെത്തന്നെ സീലിംഗും ഗംഭീരമായി സംവിധാനിക്കപ്പെട്ടതാണ്‌. അർധവൃത്താകൃതിയിലോ സിലിണ്ടർ ആകൃതിയിലോ ഉള്ളിലേക്ക്‌ കുഴിഞ്ഞാണിവ കാണപ്പെടുന്നത്‌. നിരപ്പായ സീലിംഗുകളും ഇല്ലെന്നല്ല.
7-​‍ാം നൂറ്റാണ്ടിലാണിത്‌ ഇസ്ലാമിക കലയുടെ ഭാഗമായി കടന്നുവരുന്നത്‌. ഇതോടെ രൂപങ്ങളും ചിത്രങ്ങളും കൊത്തിവെക്കപ്പെടുന്നതിനു പകരം കലിഗ്രഫിയും അറബെസ്ഖും സ്ഥാനം പിടിക്കുകയായിരുന്നു. കൂഫയിലെ അമവീ കൊട്ടാരവും ജോർദാനിലെ മശത്ത കൊട്ടാരവും ഇറാഖിലെ ഉഖൈദിർ കൊട്ടാരവും ഇതിന്റെ നിത്യദർശനങ്ങളാണ്‌. ഇസ്ലാമിക ലോകത്തെ സംബന്ധിച്ചിടത്തോളം ആദ്യകാലങ്ങളിൽ ഈ ശൈലി നന്നേ കുറവായിരുന്നു. എങ്കിലും സൽജൂഖീ ഭരണം വന്നതോടെ ഇത്‌ സാർവത്രികമായി. സാധാരണക്കാർ പോലും ഈവാനുകൾ ബന്ധിച്ച വീടുകൾ നിർമിച്ചു. ഈജിപ്തും സിറിയയും ഈവാനുകളുടെ ഈറ്റില്ലമായി മാറി.
സാംസ്കാരികവും സാമൂഹികവും രാഷ്ട്രീയവുമായ ലക്ഷ്യങ്ങൾക്കാണ്‌ ഈവാനുകൾ ഉപയോഗിക്കപ്പെട്ടിരുന്നത്‌. ക്രമേണ മതപരചർച്ചകളും സ്ഥാനം പിടിച്ചു. മദ്‌റസകളുടെയു വൈജ്ഞാനിക കലാലയങ്ങളുടെയും പ്രശ്നപരിഹാര കേന്ദ്രങ്ങളായാണ്‌ ഇവ പരിഗണിക്കപ്പെട്ടത്‌. മദ്‌റസ സുൽഥാൻ ഹസനും മദ്‌റസ അബൂബക്ര് മൾഹറും ഇതിനുദാഹരണങ്ങളാണ്‌. 12-​‍ാം നൂറ്റാണ്ടോടെ ഇറാനിൽ ഇവ പള്ളികളിലും പ്രത്യക്ഷപ്പെടാൻ തുടങ്ങി. മുഗൾ ഇന്ത്യയുടെ കൊട്ടാരങ്ങളിലും ഇത്‌ സാധാരണയായി ഉപയോഗിക്കപ്പെട്ടിരുന്നു. ആഗ്ര കോട്ടയിലെയും ചെങ്കോട്ടയിലെയും ജീവിക്കുന്ന തെളിവുകൾ ഇതിന്‌ നഗ്നസാക്ഷ്യങ്ങളാണ്‌.(5)
ഇസ്ലാമിക കലയുടെ വിശുദ്ധ രൂപങ്ങളായി ഗണിക്കപ്പെടുന്നവയാണ്‌ കുംഭഗോപുരങ്ങൾ (ഖുബ്ബകൾ). മറ്റു ദർശനങ്ങളിൽ നിന്ന്‌ പടർന്നുപിടിച്ചവയാണെങ്കിലും ഇസ്ലാമിലിതിന്‌ തനതായൊരു ശൈലിയും ഭാവവുമുണ്ട്‌. ഇന്ന്‌ പൊതുവെ പള്ളികളുടെ മാത്രം വിവേചകമായി ഇവ മാറിക്കഴിഞ്ഞിട്ടുണ്ടെങ്കിൽ ചരിത്രപരമായി ശവക്കല്ലറകളുടെ പ്രത്യേകതയായിരുന്നു കുംഭഗോപുരങ്ങൾ. മുസ്ലിം ലോകത്തുടനീളം ഇത്തരം സ്മാരകങ്ങൾ ഇന്നും സാധാരണയായി കാണപ്പെടുന്നു. ഖുബ്ബകളുടെ യഥാർഥ രൂപം ചതുരാകൃതിയിലുള്ള ഒരു കെട്ടിടവും അതിനെ പൊതിഞ്ഞുകൊണ്ടുള്ള കമാനരൂപ താഴികക്കുടവുമാണ്‌. മരുഭൂവാസികൾ നിർമിച്ചിരുന്ന ചതുർകമാനാകൃതിയിലുള്ള ടെന്റുകളാണത്രെ ഇതിന്റെ പ്രേരിതക ഘടകങ്ങൾ. ഏതായിരുന്നാലും കാലാനുക്രമത്തിൽ ഈ ശൈലി ശോഷിച്‌cഹുകൊണ്ടിരുന്നു. പകരം വൃത്താകൃതിയിലുള്ള ഗോപുരങ്ങൾ ആകർഷണീയതയോടെ രംഗത്തെത്തി.
ഇസ്ലാമിക വാസ്തുകലയുടെ പ്രതീകങ്ങളായി ഗണിക്കപ്പെട്ട ഇവ നാടുകളുടെ സൗന്ദര്യബോധമനുസരിച്ച്‌ വിവിധ ശൈലികളും രൂപങ്ങളും സ്വീകരിച്ചിരുന്നു. മഗ്‌രിബിലെ പുരാതന ഗോപുരങ്ങളും ഫാഥിമികൾ പണികഴിച്ച ഈജിപ്തിലെ ഗോപുരങ്ങളും സൗന്ദര്യത്തിന്റെ രണ്ടു തലങ്ങളെയായിരുന്നു പ്രതിഫലിപ്പിച്ചിരുന്നത്‌. ഡമസ്കസിലെ നൂരിയ്യ മദ്‌റസക്കു മുകളിലെ നൂറുദ്ദീൻ ബനൂസങ്കിയുടെ ഗോപുരവും അസീസിയ്യ മദ്‌റസക്കു മുകളിലെ സുൽഥാൻ സ്വലാഹുദ്ദീൻ അയ്യൂബി ഗോപുരവും ആകർഷണീയതയുടെ മറ്റു ചില ഉദാഹരണങ്ങളാണ്‌.(6)
അതിർവരമ്പുകളെ അപേക്ഷിച്ച്‌ കവാടങ്ങൾ അലങ്കരിക്കുന്നതിലായിരുന്നു മുസ്ലിം കലാകാരന്മാർ ഏറെ ശ്രദ്ധിച്ചിരുന്നത്‌. നവാഗതരെ ആകർഷിക്കാനും ഒറ്റനോട്ടത്തിൽതന്നെ ഇസ്ലാമിക അലങ്കാരപ്പണികളെക്കുറിച്ച്‌ ബോധം ജനിക്കാനുമായിരുന്നു ഇത്‌. കഅ​‍്ബാലയത്തിന്റെയും മസ്ജിദുന്നബവിയുടെയും കവാടങ്ങൾ ഇതിന്‌ ശക്തി പകരുന്ന രൂപങ്ങളാണ്‌.
കൈറോ ഫാഥിമി ഖിലാഫത്തിന്റെ ആസ്ഥാനബിന്ദുവായപ്പോൾ ഖലീഫ മുഇസ്സു
ലിദീനില്ലാഹിയുടെ സേനാ നായകൻ ജൗഹറുസ്സാഖില്ലി നഗരത്തിനു ചുറ്റും പണിത ഭിത്തിയും അതിൽ ഇടക്കിടെ സംവിധാനിക്കപ്പെട്ട വാതിലുകളും ഇതിന്റെ ഒരു മാതൃകയാണ്‌. കേവലം മതിലുകളെന്നതിലുപരി കൊത്തുപണിയുടെയും ചിത്രങ്ങളുടെയും കാൻവാസായായിരുന്നു ഇത്‌ കാണപ്പെട്ടിരുന്നത്‌. കവാടങ്ങൾ ഇതിലും മനോഹരമായിരുന്നു. അലങ്കാര വേലകളുടെ സർവ സീമകളും ഭേദിക്കുന്ന ഘട്ടങ്ങളായിരുന്നു ഇവയെല്ലാം. കൂടാതെ കവാടങ്ങൾക്ക്‌ ഇരുവശങ്ങളിലായി മിനാരങ്ങളും ഉയർന്നു നിന്നിരുന്നു.(7)
മിനാരനങ്ങൾ
, മിഹ്‌റാബുകൾ, കമാനങ്ങൾ തുടങ്ങി ഇസ്ലാമിക കലയെ വേറിട്ടു മനസ്സിലാക്കിത്തരുന്ന ഘടകങ്ങൾ അനവധിയുണ്ട്‌. എല്ലാറ്റിലുമുപരി ദൃഷ്ടാവിന്റെ ആന്തരിക തലങ്ങളിലുണ്ടാക്കുന്ന ചൈതന്യങ്ങളാണ്‌ ഏറ്റവും വലിയ ചൂണ്ടുപലകകൾ. അതിലൂടെയാണ്‌ ഇസ്ലാമികതയുടെ ആത്മാവിലേക്ക്‌ ഇറങ്ങിച്ചെല്ലുന്നത്‌.

No comments:

Post a Comment