Sunday, October 28, 2012

സിനിമകള്‍ സൃഷ്‌ടിക്കുന്ന സാമൂഹിക പരിസരം

സാമൂഹിക നിര്‍മിതിയിലെന്നപോലെ സാമൂഹിക മാറ്റങ്ങളിലും കലയും സാഹിത്യവും വലിയ പങ്ക്‌ വഹിക്കുന്നുണ്ട്‌. പോസിറ്റീവായും നെഗറ്റീവായും ഇത്‌ സംഭവിക്കുന്നു. മനുഷ്യന്റെ സര്‍ഗാത്മകതയുടെ ബഹിര്‍സ്‌ഫുരണങ്ങളായിട്ടാണല്ലോ കലാസാഹിത്യങ്ങള്‍ മനസ്സിലാക്കപ്പെടുന്നത്‌. അതുകൊണ്ടുതന്നെ, കാലാന്തരങ്ങളില്‍ ഉരുവംകൊള്ളുന്ന കലാസാഹിത്യരൂപങ്ങള്‍ അതതു ജനതയുടെ ഹൃദയം കവരുന്നതോ അവരെ വശീകരിക്കുന്നതോ ആയി കാണാം. കല കലക്കുവേണ്ടിയെന്നോ കല ജീവിതത്തിനുവേണ്ടിയെന്നോ ഉള്ള സൈദ്ധാന്തിക വ്യത്യാസമില്ലാതെത്തന്നെ ഇത്‌ ദൃശ്യമാകുന്നാണ്‌. എന്നാല്‍, ഈ മേഖലകളില്‍ ആധുനിക പ്രവണതകള്‍ സ്ഥാനം പിടിക്കുകയും കലയും സാഹിത്യവും ആവിഷ്‌കാരത്തിന്റെ പുതിയ തലങ്ങളും മാനങ്ങളും സ്വീകരിക്കുകയും ചെയ്‌തതോടെ കലാസാഹിത്യങ്ങള്‍ മനുഷ്യനെ മയക്കുന്ന ഒരു തരം കറുപ്പായി പരിണമിച്ചിട്ടുണ്ടെന്നുവേണം കരുതാന്‍. ഇന്ന്‌ ഇത്യാദി രൂപങ്ങള്‍ സമൂഹത്തെ സ്വാധീനിക്കുകയല്ല; പ്രത്യുത, നിര്‍മാതാക്കള്‍ അവയെ സമൂഹത്തില്‍ കുത്തിവെക്കുകയോ അടിച്ചേല്‍പിക്കുകയോ ആണ്‌. ഇങ്ങനെ നോക്കുമ്പോള്‍, സാധാരണക്കാരന്റെയും താഴെക്കിടയിലുള്ളവന്റെയും ആസ്വാദന ശേഷിയെ ചൂഷണം ചെയ്‌തെടുക്കുന്ന ആഢ്യന്റെ ഒരു തരം സ്വാര്‍ത്ഥതയുടെ പ്രടനമായി ഇന്നത്തെ കലാസാഹിത്യരൂപങ്ങളെ നമുക്ക്‌ കണ്ടെത്താനാവും. ആസ്വാദക വൃന്ദത്തെപ്പോലും മുഖംനോക്കാതെ `കീഴ്‌പെടുത്തുന്ന' ഈ കലാസാഹിത്യങ്ങളുടെ വര്‍ത്തമാന ഭീകരതയെ നാം കരുതിയിരിക്കേണ്ടിരിക്കുന്നു.

ധര്‍മവും വഴിയും
ആശയ പ്രസരണത്തിന്റെയും സാംസ്‌കാരിക കൈമാറ്റത്തിന്റെയും അതിശക്തമായ മാധ്യമങ്ങളാണ്‌ കലാസാഹിത്യങ്ങള്‍. ചാട്ടുളിയാഘാതംപോലെ പ്രേക്ഷക ഹൃദയങ്ങളില്‍ പ്രതിഫലനം സൃഷ്‌ടിക്കാന്‍ ഇവക്ക്‌ കഴിയും. അതുകൊണ്ടുതന്നെയാവണം സാമൂഹിക ഉത്ഥാനം ലക്ഷ്യംവെച്ചുവന്ന പ്രസ്ഥാനങ്ങളെല്ലാം ഈ രണ്ടു മീഡിയകളെ തങ്ങളുടെ തത്ത്വചിന്താ പ്രസരണത്തിനായി അവലംബിച്ചത്‌. അവയാകട്ടെ ലക്ഷ്യം കാണുകയും ചെയ്‌തിരുന്നു.

ഇങ്ങനെ നോക്കുമ്പോള്‍, കലാസാഹിത്യങ്ങള്‍ക്ക്‌ നൈതികവും സദാചാര നിബദ്ധവുമായൊരു മാനമുണ്ടായിരുന്നതായി കണ്ടെത്താന്‍ കഴിയും. മൂല്യങ്ങളുടെ ആവിഷ്‌കാരമായിരുന്നു അന്ന്‌ കലകള്‍. യാഥാര്‍ത്ഥ്യങ്ങളുടെ ആഖ്യാനങ്ങളോ പ്രകടനങ്ങളോ ആയി അവ സാമൂഹിക രൂപം പ്രാപിച്ചു. സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കുകയും ചലനങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്‌തു.
അധ:സ്ഥിതന്റെ വേദനകളും ഇല്ലാത്തവന്റെ നൊമ്പരങ്ങളുമായിരുന്നു ഒരുകാലത്ത്‌ കലകളിലെ പ്രമേയവും സാഹിത്യങ്ങളിലെ മുഖ്യതന്തുവും. ഇല്ലാത്തവന്റെ കഥ പറഞ്ഞ്‌ ജീവിതത്തിന്റെ അര്‍ത്ഥവും വിശുദ്ധിയും വിവരിക്കപ്പെട്ടു. അമിതവ്യയത്തിന്റെയും ആര്‍ഭാടത്തിന്റെയും പ്രശ്‌നങ്ങള്‍ അനാവരണം ചെയ്യപ്പെട്ടു. സഹതാപവും സ്‌നേഹവും ആര്‍ദ്രതയും മൂല്യാധിഷ്‌ഠതമായി ആവിഷ്‌കരിക്കപ്പെട്ടു. കലാസാഹിത്യരൂപങ്ങളുടെ ഇന്നലെകളിലെ അര്‍ത്ഥവും സമൃദ്ധ മാനങ്ങളുമാണിത്‌. ഇവയില്‍ മാറ്റങ്ങള്‍ സംഭവിച്ചപ്പോള്‍ കലാസാഹിത്യങ്ങളുടെ ധര്‍മവും വഴിയും മാറിപ്പോവുകയായിരുന്നു.

ആധുനിക പ്രവണതകള്‍
നിയത നിയമങ്ങളില്‍നിന്നും പ്രഖ്യാപിത ലക്ഷ്യങ്ങളില്‍നിന്നും ബഹുദൂരം സഞ്ചരിച്ചുകഴിഞ്ഞു ഇന്ന്‌ കലാസാഹിത്യ മേഖല. മൂല്യങ്ങളുടെ പ്രസരണമെന്നതിലപ്പുറം ഒരുതരം കുത്തിവെക്കലിന്റെ ആധുനിക രീതിശാസ്‌ത്രമായി ഇത്‌ മാറിയിട്ടുണ്ട്‌. കള്‍ട്ടുകള്‍ നിര്‍മിക്കപ്പെടുകയും കള്‍ച്ചറുകള്‍ ഇഞ്ചക്‌ട്‌ ചെയ്യപ്പെടുകയുമാണ്‌ ഇവിടെ നടക്കുന്നത്‌. കല കലക്കുവേണ്ടിയും ആസ്വാദനത്തിനുവേണ്ടിയുമാകുമ്പോള്‍ പ്രേക്ഷക തലത്തിലപ്പുറം നിര്‍മാതാവിന്റെ മനസ്സിലിരിപ്പാണ്‌ സാക്ഷാത്‌കരിക്കപ്പെടുന്നത്‌. ധനാര്‍ത്ഥിയും പ്രശസ്‌തി പൂജയും അജണ്ടകളാകുമ്പോള്‍ നിര്‍മാതാവ്‌ ദൈവമാവുകയാണ്‌ കലാരൂപങ്ങളില്‍. അനുവാചകരും പ്രേക്ഷകരും ഇവിടെ സാക്ഷാല്‍ അടിമകളാകുന്നു. വര്‍ത്തമാനകാല കലാസാഹിത്യമേഖലകളില്‍ കണ്ടുവരുന്ന പ്രവണതകള്‍ ഇവയാണ്‌.

യൂറോപ്യന്‍ നവോത്താനത്തോടുകൂടിയാണ്‌ കലാസാഹിത്യമേഖലകളില്‍ ആധുനികതയുടെ ശക്തമായ ഇടപെടലുകള്‍ ദൃശ്യമാകുന്നത്‌. ലിയൊണാഡോ ഡാവിഞ്ചിയും മൊണാലിസയുമെല്ലാം ഇതിന്റെ സൃഷ്‌ടികളും സ്രഷ്‌ടാക്കളുമായിരുന്നു.

കലയും സാഹിത്യവും ഇതോടെ ഇല്ലാത്തവന്റെ ദൈന്യത പറയുന്നതിനു പകരം ഉള്ളവന്റെ ഗര്‍വും ആഭിജാത്യവും പുലമ്പുന്ന ഇടമായി. അവ ഉയര്‍ത്തിപ്പിടിച്ചിരുന്ന മൂല്യ തലം ചോര്‍ന്നുപോവുകയും ഒരുതരം മൂല്യമില്ലായ്‌മ അഭിനവ മൂല്യതലമായി പ്രതിഷ്‌ഠിക്കപ്പെടുകയും ചെയ്‌തു. യാഥാര്‍ത്ഥ്യങ്ങള്‍ക്കപ്പുറം കാല്‍പനികത ഒന്നാം ബെഞ്ചില്‍ സ്ഥാനം നേടി. ഇവിടെ വസ്‌തുതകള്‍ മറക്കപ്പെട്ടു. സങ്കല്‍പങ്ങള്‍ ആഘോഷിക്കപ്പെട്ടു. ദൈന്യതയും രോദനവും കാണാമറയത്ത്‌. സ്വപ്‌നങ്ങളും ഇക്കിളികളും വികാരങ്ങളുടെ നിറവില്‍. അതുതന്നെ, ഏമാജത്വത്തിന്റെയും പ്രമാണിത്വത്തിന്റെയും മേമ്പൊടിയിട്ട്‌ വരട്ടുന്ന അവതരണം. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, കലാസാഹിത്യ മേഖല മധ്യവര്‍ഗത്തിന്റെ ഉഴിച്ചിലിന്റെയും പിഴിച്ചിലിന്റെയും വിഹര കേന്ദ്രമായിമാറി.

മധ്യവല്‍കരണം എന്ന സമസ്യ

കലയിലും സാഹിത്യത്തിലും മേല്‍കോഴ്‌മയുടെ അരങ്ങൊരുങ്ങുകയും ഉള്ളവന്‍ ചവച്ചുതുപ്പിയത്‌ അതില്‍ അമൃത മാനം പ്രാപിക്കുകയും ചെയ്‌തതോടെ ഈ മധ്യവര്‍ഗ കള്‍ച്ചര്‍ പവിത്രവും പരിശുദ്ധവുമായി ഗണിക്കപ്പെട്ടു. സാധാരണക്കാരനും ഇല്ലാത്തവനും ഉള്ളവന്റെ കള്‍ച്ചര്‍ സ്വീകരിക്കുന്നത്‌ `പ്രസ്റ്റീജി' ന്റെ കാര്യമായി. ഈ `ആഢ്യത്വ സംസ്‌കാരം' വാരിപ്പുണരാന്‍ സാധാരണക്കാരന്‍ ഓരോ ആഴ്‌ചയിലും പതിനഞ്ചും അമ്പതും നൂറും രൂപ നല്‍കി തിയേറ്ററില്‍ പോകുന്ന അവസ്ഥ വന്നു. ഒടുവില്‍, ഇല്ലാത്തവന്റെ സംസ്‌കാരം നിര്‍ണയിക്കുന്നത്‌ മധ്യവര്‍ഗത്തിന്റെ കുടില അജണ്ടകളായി. അവര്‍ ഛര്‍ദ്ദിക്കുന്നതിന്റെ സ്വീകര്‍ത്താക്കളും സ്‌തുതിപാഠകരുമായി മാറി സാധാരണ-കീഴാള വര്‍ഗം.

ഈയൊരു ദുരന്ത കാഴ്‌ചയാണ്‌ വര്‍ത്തമാന സാധാരണ സമൂഹത്തില്‍ നാമിന്ന്‌ കാണുന്നത്‌. അരച്ചാണ്‍ അഷ്‌ടിക്കു വകയില്ലാതെ, ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ പാടുപെടുന്ന സാധരണക്കാന്റെ ദൈനംദിന ജീവിതം എത്തിപ്പെട്ട ഈ ഇടം തീര്‍ത്തും ദുരിതങ്ങളുടെ തീവ്രതയേറിയതുതന്നെയാണ്‌. തങ്ങളറിയാതെത്തന്നെ അവരുടെ ജീവിതവും സ്വപ്‌നങ്ങളും കവര്‍ന്നെടുക്കപ്പെട്ടിരിക്കയാണിവിടെ. ശരാശരി ജീവിതം നയിക്കാനും കുടുംബം പുലര്‍ത്താനും വകയില്ലാത്തവന്‍ പോലും സിനിമയിലെയും ഇക്കിളി സാഹിത്യങ്ങളിലെയും `നിര്‍ദ്ദേശങ്ങളും' `ലൈഫ്‌ സ്റ്റൈലു' മനുസരിച്ച്‌ ജീവിതം നയിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നു. വീടിന്റെ അകത്തളങ്ങളില്‍ ടെലിവിഷന്‍ വെച്ചുനീട്ടുന്ന സംസ്‌കാരമാണ്‌ അവരുടെ കുഞ്ഞുങ്ങളുടെ ഭാവിയും വര്‍ത്തമാനവും നിര്‍ണയിക്കുന്നത്‌. ഇങ്ങനെവരുമ്പോള്‍ വീട്ടുകാരിയുടെ ഉടുപ്പും ഉടായടയും മാത്രം വാങ്ങാന്‍ വേണം കുടുംബ നാഥന്റെ ഒരു മാസത്തെ വരുമാനം. ഉറ്റവരും ഉടയവരും സ്വന്തം നിലയും നിലവാരവും മറന്ന്‌ ടിവിയും താരങ്ങളും നല്‍കുന്ന `അടിപൊളി കള്‍ച്ചര്‍' സ്വീകരിക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നമാണിത്‌. എന്നാല്‍, ഇതിന്‌ വിലങ്ങ്‌ നില്‍ക്കാനോ `നോ' പറയാനോ കുടുംബനാഥനും തയ്യാറാവുന്നില്ലെന്നതാണ്‌ ഏറെ അല്‍ഭുതപ്പെടുത്തുന്ന കാര്യം. മാധ്യമങ്ങളിലൂടെ ലഭിക്കുന്ന മധ്യവല്‍കൃത മനസ്സും ബോധവും അവനെയും മുച്ചൂടും ബാധിച്ചുകഴിഞ്ഞിരിക്കുന്നു. `തട്ടത്തിന്‍ മറയത്തി' ലെ ചുരിദാറും `മായാമോഹിനി' യിലെ നൈറ്റിയും `പ്രാഞ്ചിയേട്ട' നിലെ വെള്ളമുണ്ടും ആഭിജാത്യത്തിന്റെ ചിഹ്നങ്ങളായി മാറുന്നു. ഇങ്ങനെവരുമ്പോള്‍, ഡിഷ്‌വെച്ച കുടില്‍വാസിയും അവ ഉപയോഗിക്കാന്‍ സ്വയം നിര്‍ബന്ധിതനാവുകയാണ്‌. ഈദുകളും ഇഫ്‌താറുകളും വരുമ്പോള്‍ ഗള്‍ഫുകാരനായ ഹാജിയാരുടെ തരുണീണികളും ഇതുതന്നെ തെരഞ്ഞെടുക്കുന്നു. പപ്പയുടെ നാലു മാസത്തെ സാലറി ഇവിടെ ഒരു `അടിപൊളി' യിലും `അനിയത്തിപ്രാവി' ലും എരിഞ്ഞമരുകയാണ്‌.

സിനിമകളും സാഹിത്യങ്ങളും സമൂഹത്തില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഈയൊരു സംസ്‌കാരത്തിന്റെ ദുരന്തമുഖങ്ങള്‍ പൊതുസമൂഹം തിരിച്ചറിയാന്‍ സമയമതിക്രമിച്ചിരിക്കുന്നു. കുടയും വടിയും ലിപ്‌സ്റ്റിക്കും പൗഡറും കണ്‍മഷിയും സൗന്ദര്യലേപനവുമെല്ലാം ആഢ്യവര്‍ഗം ഉപയോഗിച്ചതുതന്നെ നമ്മളും ഉപയോഗിക്കുന്നതിലേക്ക്‌ അവസ്ഥകള്‍ വന്നുപെടുന്നതിന്‌ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതുണ്ട്‌. മധ്യവര്‍ഗത്തിന്റെ ലൈഫ്‌സ്റ്റൈല്‍ പൊതുസമൂഹത്തിന്റെ ലൈഫ്‌സ്റ്റൈലായി സ്വീകരിക്കപ്പെടുന്നതും അനുവര്‍ത്തിക്കപ്പെടുന്നതും കൊടിയ ദുരന്തത്തിലേക്കായിരിക്കും സമൂഹത്തെ കൊണ്ടെത്തിക്കുക. വിശ്വാസികളെ പ്രത്യേകിച്ചും.

ഏല്ലാറ്റിലുമപ്പുറം അടങ്ങാത്ത കൊലവെറിയും അക്രമവാസനയും പ്രണയ ചിന്തയുമാണ്‌ ഈ `സ്‌ക്രീന്‍ സംസ്‌കാരം' സാധാരണ ജനങ്ങളില്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്‌. നില മറന്ന്‌ അത്‌ പ്രാപിക്കാനുള്ള തത്രപ്പാടില്‍ ഉള്ളത്‌ തികഞ്ഞില്ലെങ്കില്‍ അന്യന്റെ മുതല്‍ കവര്‍ച്ച നടത്തിവരെ ഈ കള്‍ച്ചര്‍ സ്വീകരിക്കാന്‍ അവര്‍ ധൈര്യം കാണിക്കുന്നു. സാമൂഹിക സുസ്ഥിതിയുടെ തകര്‍ച്ചയും അരാജകത്വത്തിന്റെ എഴുന്നള്ളിപ്പുമാണ്‌ ഇവിടെ സംഭവിക്കുന്നത്‌. ഇവക്ക്‌ അറുതിവരുത്താന്‍ സാധാരക്കാന്‍ തന്റെ നിലയും വിലയും തിരിച്ചറിയേണ്ടതുണ്ട്‌. സാംസ്‌കാരികാധിനിവേശത്തെ കരുതിയിരിക്കുകയും മധ്യവല്‍കരണത്തിന്റെ ദുരന്തക്കാഴ്‌ചകളെക്കുറിച്ച്‌ ബോധവാന്മാരാവുകയും ചെയ്യേണ്ടിയിരിക്കുന്നു.

സെക്യുലര്‍ വിദ്യാഭ്യാസത്തിന്റെ വര്‍ത്തമാനകാല പരിണതികള്‍

പരീക്ഷകള്‍ ജയിക്കാനും ജോലി നേടാനും വിദ്യ അഭ്യസിക്കപ്പെടുന്ന ഒരു കാലം സംജാതമായിരിക്കുന്നു. മാര്‍ക്കറ്റില്‍ വിപണനം ചെയ്യപ്പെടുന്ന ഒരു വസ്‌തുവായി അറിവ്‌ മാറിക്കഴിഞ്ഞു. പണമുള്ളവന്‌ വിദ്യ അഭ്യസിക്കാമെന്ന ഒരു ഫിലോസഫിയാണ്‌ ഇന്ന്‌ പൊതുവെ മനസ്സിലാക്കപ്പെടുന്നത്‌. ബുദ്ധിയുള്ളവനും മനുഷ്യപ്പറ്റുള്ളവനും അവന്‍ ദരിദ്രനാണെങ്കില്‍ വിദ്യാഭ്യാസ രംഗത്ത്‌ ഒന്നാം ബെഞ്ചില്‍ സീറ്റില്ലാതെ പോയി. ആഗോളവല്‍കരണവും ലോകത്തിന്റെ ഏകദ്രുവീകരണ ചിന്തകളും പുതിയൊരു സംസ്‌കാരമാണ്‌ പരിചയപ്പെടുത്തിക്കൊണ്ടിരിക്കുന്നത്‌. നമ്മുടെ കലാലയങ്ങളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ ഈ സംസ്‌കാരത്തിന്റെ അടിമകളും പ്രചാരകരുമായിട്ടാണ്‌ പുറത്ത്‌ വരുന്നത്‌. മുസ്‌ലിം വിദ്യാഭ്യാസ കേന്ദ്രങ്ങളും മത വിദ്യാഭ്യാസ മേഖലകളും വരെ ഇതിന്‌ അപവാദമല്ല. ഈ പോക്ക്‌ പോയാല്‍ നമ്മുടെ വിദ്യാഭ്യാസ രംഗം വളരുന്ന തലമുറയെ അധമരും നിഷ്‌ക്രിയരും നാസ്‌തികരുമാക്കി മാറ്റുമെന്ന കാര്യം തിരിച്ചറിയേണ്ടതുണ്ട്‌. അതേ സമയം, പാശ്ചാത്യന്റെ അച്ചാരം പറ്റുന്ന ഒരു വിഭാഗമായി നാം അധ:പതിക്കുകയും ചെയ്യും.
ഇസ്‌ലാമിക ദൃഷ്‌ട്യാ മനുഷ്യനെ സംസ്‌കാര സമ്പന്നനും സദ്‌വൃത്തനുമാക്കുന്ന ഒരു അനുഭൂതിയാണ്‌ അറിവ്‌. ഇത്‌ ദിവ്യകാന്തിയുള്ള ഒരനുഭൂതിയാണ്‌. അത്‌ ഹൃദയത്തിന്‌ വെളിച്ചം പകരുന്നു. മനുഷ്യനെ മനുഷ്യനായി കാണാനും ബന്ധങ്ങളുടെ പവിത്രത കാത്തു സൂക്ഷിക്കാനും പ്രേരിപ്പിക്കുന്നു. ഇന്ന്‌ കലാലയങ്ങളില്‍നിന്നും പഠിച്ച്‌ പുറത്തിറങ്ങുന്നവരില്‍ ഈ മൂല്യം ദൃശ്യമാവുന്നില്ല. ഖുര്‍ആനും സുന്നത്തും മുന്നോട്ടുവെക്കുന്ന ജ്ഞാനവീക്ഷണം നാം മാറ്റിനിര്‍ത്തിയിരിക്കുന്നു. പകരം, പാശ്ചാത്യന്റെ ദര്‍പ്പണത്തിലൂടെയാണ്‌ നാം അറിവിനെയും പുരോഗതിയെയും കാണുന്നത്‌. ഇതാവട്ടെ, മതവിദ്യാഭ്യാസത്തെ മാറ്റിനിര്‍ത്തി സെക്യുലര്‍ ചേരികളെ അവലംബിക്കാനാണ്‌ നമ്മെ പ്രേരിപ്പിക്കുന്നത്‌. ഇസ്‌ലാമിക കലാലയങ്ങളില്‍പോലും സെക്യുലറിസം അതിന്റെ ഡ്യൂട്ടി നിര്‍വഹിച്ചുകഴിഞ്ഞു. അല്ലാഹുവിന്റെ വജ്‌ഹിനു വേണ്ടി വിദ്യ നേടുകയെന്ന ഒരു ഇസ്‌ലാമിക ശേഷിയെ നശിപ്പിക്കുകയും ചെയ്യുന്ന പാഠ്യപദ്ധതികളാണ്‌ അവര്‍ ആവിഷ്‌കരിച്ചത്‌. ക്രിയാത്മകമായി മുമ്പില്‍നില്‍ക്കുന്ന ധൈഷണിക പിന്‍ബലമുള്ള രാഷ്‌ട്രങ്ങളില്‍ അത്‌ കുത്തിയിറക്കി അവിടെ തങ്ങളുടെ ഇംഗിതത്തിനനുസരിച്ച്‌ വാലാട്ടുന്ന ഒരു പറ്റം ബുദ്ധിയില്ലാത്ത മനുഷ്യരെ പടച്ചുവിടലായിരുന്നു അവരുടെ ലക്ഷ്യം. ഈ ജ്ഞാനരൂപങ്ങളാണ്‌ പിന്നീട്‌ ലോകത്ത്‌ അംഗീകാരം നേടിയ വന്‍മരങ്ങളായി പരിണമിച്ചത്‌. ആത്മാവില്ലാത്ത ഈ ജ്ഞാനരൂപങ്ങള്‍ ഇന്നും സമൂഹത്തില്‍ ഒരു അര്‍ബുദം പോലെ നിലകൊള്ളുന്നു. വിശ്യാസികള്‍പോലും വസ്‌തുതയറിയാതെ പണം മുടക്കി അവ മൂക്കറ്റം സേവിച്ചുകൊണ്ടിരിക്കുന്നു. സത്യത്തില്‍ ഇതിന്റെയെല്ലാം അനുരണനങ്ങളാണ്‌ നാം ഇന്ന്‌ കാണുന്നത്‌.

മെക്കാളെയുടെ ഭാഷയില്‍ നിറത്തിലും വേഷത്തിലും ഇന്ത്യക്കാരും സ്വഭാവത്തിലും ചിന്തയിലും ഇംഗ്ലീഷുകാരുമായ ഒരു വിഭാഗത്തെ സ്ഥാപിക്കലായിരുന്നു യൂറോപ്യുന്‍ ജ്ഞാനരൂപങ്ങളുടെ ആത്യന്തിക ലക്ഷ്യം. അതിനാല്‍, ഒരു വരേണ്യ ഭാവത്തോടെയാണ്‌ അവര്‍ വിദ്യാഭ്യാസത്തെ ഇവിടെ പരിചയപ്പെടുത്തിയത്‌. അക്കാഡമസ്‌ എന്ന യവന ചക്രവര്‍ത്തിയിലേക്ക്‌ ചേര്‍ത്തിയാണ്‌ അക്കാഡമി എന്ന പദം രൂപപ്പെട്ടത്‌. ശേഷം നിലവില്‍ വന്ന പ്ലാറ്റോ അക്കാഡമി പ്രസിദ്ധമാണ്‌. ജോലിയേതുമില്ലാതെ നാട്ടില്‍ തെണ്ടിത്തിരിയുന്ന അധികാരി വര്‍ഗത്തെ സൂചിപ്പിച്ചുകൊണ്ടാണ്‌ സ്‌കൂള്‍ എന്ന പദവും യവന ഭാഷയില്‍ ജന്മം കൊള്ളുന്നത്‌. അറിവിനെ അധീശത്വത്തിന്റെയും മേല്‍ക്കോഴ്‌മയുടെയും ശബ്‌ദമായിട്ടാണ്‌ ഇവരൊക്കെ ഉപയോഗിച്ചിരുന്നത്‌ എന്നര്‍ത്ഥം.

തങ്ങള്‍ ഈ നാട്‌ വിട്ടാലും തങ്ങളുടെ ചിന്തകളെ പ്രചരിപ്പിക്കുന്ന ഒരു വിഭാഗത്തെ ഇവിടെ സൃഷ്‌ടിച്ചുവെക്കുക എന്നതായിരുന്നു യൂറോപ്യരുടെ ദീര്‍ഘവീക്ഷണം. അതിനാണ്‌ അവര്‍ കോളേജുകളും വിദ്യാഭ്യാസ സ്‌താപനങ്ങളും ഇവിടെ പണികഴിച്ചത്‌. അതിലൂടെ വളര്‍ന്നുവന്ന്‌ അവരുടെ ശൈലിയില്‍ ചിന്തിക്കുകയും അവരുടേതുപോലെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു തലമുറ വളര്‍ന്നുവരാന്‍ അവര്‍ ആഗ്രഹിച്ചു. അല്ലാതെ നാം പഠിച്ചുവളര്‍ന്ന്‌ മുടുക്കന്മാരാകാനായിരുന്നില്ല ഈ സൗകര്യങ്ങളൊന്നും.

കോളനി രാജ്യങ്ങളെ ശാരീരികമായും മാനസികമായും കീഴടക്കാന്‍ രണ്ടുവഴികളാണ്‌ യൂറോപ്യര്‍ അവലംബിച്ചിരുന്നത്‌. തങ്ങള്‍ ആക്രമിച്ചുകീഴടക്കുന്ന പ്രദേശത്തുനിന്നും ഉയര്‍ന്നുവരുന്ന പ്രതിരോധങ്ങളെ ചെറുത്ത്‌ തോല്‍പിക്കാന്‍ റപ്രസീവ്‌ സ്റ്റേറ്റ്‌ അപാരറ്റസ്‌ എന്ന ഒരു മാര്‍ഗമാണ്‌ അവര്‍ സ്വീകരിച്ചത്‌. എതിരാളി സങ്കല്‍പം ഇന്ന്‌ വേരറുക്കപ്പെട്ടിരിക്കുകയാണ്‌. അല്ലാഹുവിന്റെ മാലാഖമാര്‍ ചിറക്‌ വിരിച്ചുകൊടുക്കുകയും സമുദ്രത്തിലെ മത്സ്യങ്ങള്‍ പ്രാര്‍ത്ഥന നടത്തുകയും ചെയ്യുന്ന ഒരു ഇസ്‌ലാമിക വിദ്യാര്‍ത്ഥി സമൂഹത്തെ നമുക്ക്‌ ഇന്ന്‌ സ്വപ്‌നം കാണാന്‍ കഴിയുമോ?

മനുഷ്യത്വം പകരേണ്ടിടത്ത്‌ മൃഗീയതയാണ്‌ ഇന്നത്തെ വിദ്യാഭ്യാസ ശൈലികള്‍ മനുഷ്യനില്‍ നിക്ഷേപിക്കുന്നത്‌. കൂടുതല്‍ പഠിച്ചവരാണ്‌ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത്‌. അവര്‍ പലപ്പോഴും നാസ്‌തികതയിലേക്കും മതവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്കും കടന്നുചെല്ലുന്നു. എന്തുകൊണ്ടാണിത്‌ സംഭവിക്കുന്നത്‌? മനുഷ്യന്‍ അഭ്യസിക്കുന്നത്‌ യഥാത്ഥ ജ്ഞാനമായിരുന്നുവെങ്കില്‍ ഇതൊന്നും സംഭവക്കുമായിരുന്നില്ലല്ലോ. ഗസ്സാലിമാരും ജീലാനിമാരും സുയൂഥിമാരും പിറക്കാത്തതിനു പിന്നിലെ രഹസ്യം നാം പുറത്തുകൊണ്ടുവരേണ്ടതുണ്ട്‌.

വഹ്‌യിന്റെ സ്‌പര്‍ശമുള്ള യഥാര്‍ത്ഥ ജ്ഞാനത്തിന്റെ രുചിയും മാധുര്യവും നമുക്ക്‌ ഇന്ന്‌ ലഭിക്കുന്നില്ല. ഭൗതിക കരിക്കുലങ്ങള്‍ തികച്ചും നാസ്‌തികതയുടെ പരിണതികളാണ്‌. അതിനാല്‍, ഈ ജ്ഞാന സ്വീകരണത്തിലൂടെ നമ്മുടെ ഹൃദയം അല്ലാഹുവില്‍നിന്നും അകലുകയാണ്‌ ചെയ്യുന്നത്‌. നമ്മള്‍ മതവിദ്യ അഭ്യസിക്കുന്നു. പക്ഷെ, പാപങ്ങള്‍കൊണ്ട്‌ നമ്മുടെ ഹൃദയം കറുത്തിരുണ്ടുപോയതിനാല്‍ അവ ഹൃദയങ്ങളില്‍ സ്‌പര്‍ശിക്കുന്നില്ല. അതിനാല്‍, മതപരമായ ചലനങ്ങളും ഉളവാകുന്നില്ല. ഇവിടെയും യഥാര്‍ത്ഥ ജ്ഞാനത്തിന്റെ മാധുര്യം നമുക്ക്‌ നഷ്‌ടമാകുന്നു.

പാശ്ചാത്യന്‍ വിദ്യാഭ്യാസ വ്യവസ്ഥയുടെ ആത്മാവ്‌ നമ്മളിലേക്കും അരിച്ചിറങ്ങിക്കൊണ്ടിരിക്കുന്നു ഇന്ന്‌. നമുക്ക്‌ പരിചയമുണ്ടായിരുന്ന ജ്ഞാനാത്മാവ്‌ ഇതോടെ നമുക്ക്‌ കൈമോശം സംഭവിച്ചു. നാം നമ്മെത്തന്നെ പാശ്ചാര്‍ത്യര്‍ക്ക്‌ വില്‍ക്കുകയും നാം ആരായിരിക്കണമെന്നും നമുടെ കരിക്കുലം എന്തായിരിക്കണമെന്നും തീരുമാനിക്കാനുള്ള ഉത്തരവാദിത്വം അവര്‍ക്ക്‌ തീറെഴുതി കൊടുക്കുകയും ചെയ്‌തു. ഇതോടെ നമുക്ക്‌ നമ്മളെ തന്നെ നഷ്‌ടമായിരിക്കുന്നു. നമ്മുടെ വിദ്യാര്‍ത്ഥികളെ ഇനി നമുക്ക്‌ ലഭിക്കില്ല. വളര്‍ന്നുവരുന്ന തലമുറ മുന്‍ തലമുറകളെ അധിക്ഷേപിക്കുന്നതുമാണ്‌.

യൂറോപ്യരാണ്‌ തങ്ങളുടെ എതിരാളികളെ വിദ്യയിലൂടെ കീഴടക്കുന്ന പ്രക്രിയ ആഗോളതലത്തില്‍ ആരംഭിച്ചത്‌. യഥാര്‍ത്ഥ ജ്ഞാനബോധം വരുമ്പോള്‍ മനുഷ്യന്‍ അല്ലാഹുവിന്‌ വിധേയപ്പെടുന്നുവെന്നത്‌ വസ്‌തുതയാണ്‌. എന്നാല്‍, വിശലിപ്‌തമായ പാഠ്യപദ്ധതികളുണ്ടാക്കി തങ്ങളുടെ കോളനി രാഷ്‌ട്രങ്ങളെ ചൊല്‍പടിയില്‍ നിര്‍ത്തുകയായിരുന്നു യൂറോപ്യര്‍. മനുഷ്യന്റെ ബുദ്ധിയെ മരവിപ്പിക്കുകയും ചിന്തകളെ അടിച്ചമര്‍ത്തുകയും ചെയ്യുകയെന്നതായിരുന്നു ഇതിന്റെ ഉദ്ദേശ്യം. പോലീസുകാരെയും പട്ടാളക്കാരെയുമാണ്‌ ഇതിനുവേണ്ടി വിനിയോഗിച്ചിരുന്നത്‌. കീഴടക്കിക്കഴിഞ്ഞ രാഷ്‌ട്രത്തില്‍ തങ്ങളുടെ ചിന്തകള്‍ ഇറക്കിവെക്കാനുള്ള ഉദ്ദ്യമമാണ്‌ ഐഡ്യോളജിക്കല്‍ സ്റ്റേറ്റ്‌ അപാരറ്റസ്‌. ആളുകളെ മെരുക്കിയെടുക്കുകയെന്നതാണ്‌ ഇതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ചിന്താപരവും ധൈഷണികവുമായ പ്രവര്‍ത്തനത്തെയാണ്‌ അവര്‍ ഉപയോഗിച്ചിരുന്നത്‌. ചുരുക്കത്തില്‍, കോളനി വല്‍കൃത വിദ്യാഭ്യാസത്തിന്റെ ആരംഭത്തോടെ ഭരണത്തിനെതിരെ ചിന്തിക്കാത്ത ഒരു തലമുറ നിലവില്‍വന്നു. എല്ലാവരും നാടിന്‌ വിധേയരായ `പൗരന്മാരായി' മാറി. സ്വതന്ത്രമായി ചിന്തിക്കാന്‍ അവകാശമുള്ള മനുഷ്യന്‍ എന്ന സങ്കല്‍പം പോലും എടുക്കപ്പെട്ടു. ഭാവിയെക്കുറിച്ച്‌ സ്വപ്‌നം കാണാന്‍ മനുഷ്യന്‌ അവകാശമില്ലാതെയായി. ഇതിനു മുമ്പില്‍ അതിര്‍വരമ്പുകള്‍ നിശ്ചയിക്കപ്പെട്ടു. അവര്‍ ഒഴിച്ചുതരുന്നത്‌ കുടിക്കാന്‍ മാത്രം വിധിക്കപ്പെട്ടവരായി നമ്മള്‍.

മനുഷ്യനെ വിധേയപ്പെടുത്താനും അടിച്ചമര്‍ത്താനുമുള്ള ആയുധമായിട്ടാണ്‌ യൂറോപ്യര്‍ വിദ്യാഭ്യാസത്തെ കാണുന്നത്‌. എജ്യുക്കേഷന്‍ എന്ന ലാറ്റിന്‍ പദത്തിന്റെ അര്‍ത്ഥംതന്നെ വളര്‍ത്തിയെടുക്കുകയെന്നതാണ്‌. ഇസ്‌ലാമിക ദൃഷ്‌ട്യാ ഈ സങ്കല്‍പം ശരിയല്ല. മനുഷ്യന്‍ ജ്ഞാനബോധമനുസരിച്ച്‌ ജ്ഞാനില്‍ സ്വയം വികസിപ്പിച്ചെടുക്കുകയാണ്‌ ചെയ്യുന്നത്‌. ബ്രോയിലര്‍ ചിക്കനെപ്പോലെ കോഴ്‌സുകളിലൂടെ അറിവ്‌ കുത്തിവെച്ച്‌ വിദ്യാര്‍ത്ഥികളെ നിര്‍മിക്കുന്ന പ്രക്രിയ യൂറോപ്യന്‍ സംഭാവനയാണ്‌. ഇത്തരുണത്തില്‍, മനുഷ്യനെ മൃഗവല്‍കരിക്കുന്ന ആധുനിക വിദ്യാഭ്യാസ ശൈലികളെ നാം കണ്ടറിഞ്ഞേ തീരൂ. അജ്ഞതയെ അടിച്ചേല്‍പിക്കുകയാണ്‌ ആധുനിക വിദ്യാഭ്യാസം ചെയ്യുന്നതെന്ന നോം ചോസ്‌കിയുടെ പ്രസ്‌താവം ഇതിന്റെ ഗൗരവം വ്യക്തമാക്കിത്തരുന്നു.

കലകളിലെ ആത്മീയ ധാരകള്‍

ഭാഷക്കും ദേശത്തിനും അതീതമാണ്‌ കല. ആംഗ്യഭാഷ പോലെയുള്ള ഒരു ആഗോള ആശയവിനിമയ മാധ്യമം. ചിത്രങ്ങളും ശില്‍പങ്ങളും സംഗീതവുമാണ്‌ പ്രധാനം. ആര്‍ക്കും ആശയം മനസ്സിലാക്കാം. വിശദീകരിക്കാം. വിനിമയം നടത്താം. നിരൂപിക്കുകയുമാകാം. എഴുത്ത്‌, സംസാരം എന്നിവയില്‍നിന്നും കലയെ വ്യത്യസ്‌തമാക്കുന്ന മറ്റൊന്ന്‌ അവ ദൈവികവുമാണ്‌ എന്നതാണ്‌. അക്ഷരം പഠിച്ചവര്‍ക്ക്‌ എഴുതാം. ഭാഷ പഠിച്ചവര്‍ക്ക്‌ സംസാരിക്കാം. പക്ഷെ, കലകളിലൂടെയും ശില്‍പങ്ങളിലൂടെയും സംഗീതത്തിലൂടെയും ഉള്ളിരിപ്പുകള്‍ കൈമാറണമെങ്കില്‍ അതുല്യമായ ഒരു ശക്തി അനിവാര്യമാണ്‌. സര്‍ഗവാസനയെക്കാളും വലുതാണത്‌. നൈസര്‍ഗികതയെക്കാളും വലുത്‌. കലയുടെ ഈ മാഹാത്മ്യത്തിനു മുമ്പില്‍ (ഒരു ആശയ കൈമാറ്റ മാര്‍ഗമെന്ന നിലക്ക്‌) ആംഗ്യഭാഷ പോലും മുട്ടുമടക്കുന്നു.
ധാര്‍മികവും അധാര്‍മികവുമുണ്ട്‌. നല്ല അല്ലെങ്കില്‍ ചീത്ത സംസാരം പോലെ. എഴുത്തിലും മൂല്യവും അശ്ലീലവുമുണ്ട്‌. മാനുഷിക നന്മക്ക്‌ മഹത്തായ സന്ദേശമാകുമ്പോഴേ കല ധാര്‍മികമാകുന്നുള്ളൂ. അവയിലെ ദൈവികതയും ചലനാത്മകമാവുന്നുള്ളൂ. പൊതുതലത്തില്‍ ആരോഗ്യകരമായ ചിന്തകളും ദര്‍ശനങ്ങളും അനുവാചകരില്‍ സൃഷ്‌ടിക്കുന്നതവയാണ്‌.

കല മതത്തിന്റെ പക്ഷത്തുനിന്നാകുമ്പോള്‍ മൂല്യവും സദാചാരവും നിഴലിച്ചോ മുഴച്ചോ നില്‍ക്കുന്നു. നന്മയുടെ പ്രചാരണമാണ്‌ മതങ്ങളുടെ ലക്ഷ്യം. അതിനാല്‍, സ്വാഭാവികമായും മതാചാരങ്ങളുടെ ഭാഗമായ കലയും ധാര്‍മികതയുയെ, മാനുഷിക നന്മയുടെ, പുരോഗതിയുടെ, ആത്മീയതയുടെയൊക്കെ ഭാഗമാകുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, കല മതത്തിന്റെ ഭാഗമേ ആവൂ. ലോകത്തിന്റെ സംസ്‌കാരവും പാരമ്പര്യവും പറഞ്ഞുതരുന്നത്‌ അത്തരമൊരു മനോഹര ആശയ കൈമാറ്റ രീതിയാണ്‌.
നമ്മുടെ ഭാരത്തിന്റെ മാത്രം രീതി നോക്കുക. നൂറ്റാണ്ടുകളുടെയും സഹസ്രാബ്‌ദങ്ങളുടെയും കലാപാരമ്പര്യമുണ്ട്‌ നമുക്ക്‌. ഹാരപ്പന്‍, സിന്ധു സംസ്‌കാരങ്ങള്‍ മുതല്‍ തുടങ്ങുന്നുണ്ട്‌ അവയുടെ ചരിത്രം. ആയിരക്കണക്കിന്‌ കലാശൈലികള്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ആവിര്‍ഭവിച്ചു. അജന്ത, മുഗള്‍, എല്ലോറരാജപുത്ത്‌, മറാത്ത, ബുദ്ധ, ജൈന ശൈലികളെല്ലാം ഇവയില്‍ ചിലതാണ്‌. അജന്തയിലെയും എല്ലോറയിലെയും ചിത്രങ്ങള്‍ തന്നെ നോക്കിയാല്‍ ആദ്ധ്യാത്മികതയും വിശ്വാസവും ഒന്നടങ്കം കാണാം. ബുദ്ധ മതസ്‌തരും ജൈന മതസ്‌തരും ആരാധനാലയങ്ങളില്‍, ക്ഷേത്രങ്ങളില്‍ ആചാരങ്ങളുടെ ഭാഗമായി ചിത്രങ്ങള്‍ വരച്ചിരുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഹൈന്ദവ ക്ഷേത്രങ്ങളിലെല്ലാം രാമായണത്തിലെയും മഹാഭാരതത്തിലെയും രംഗങ്ങള്‍ ചിത്രീകരിച്ചുവെച്ചിട്ടുണ്ട്‌.
ഭാരതീയ കലകളില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ രവീന്ദ്രനാഥ ടാഗോറിന്റെ ചിന്താധാരകളിലൂടെയും രചനകളിലൂടെയും തുടക്കം കുറിച്ച പുനരുത്ഥാന പ്രസ്ഥാനത്തിന്‌ സംസ്ഥാപന പ്രചോദനമായത്‌ രവിവര്‍മ ചിത്രങ്ങളായിരുന്നു. തികച്ചും ഭാരതീയ പാരമ്പര്യ നിരാസത്തിലൂടെ വന്ന്‌ ആംഗലേയ ശൈലികളിലേക്കു കടന്ന രവിവര്‍മയുടെ നിലപാടുകയും ശൈലികളുമാണ്‌ പലരെയും ചൊടിപ്പിച്ചത്‌. എന്നിട്ടും രവിവര്‍മ വരച്ച ചിത്രങ്ങളാണ്‌ ഇന്ന്‌ ഇന്ത്യയിലെമ്പാടും ജനകീയമായി കാണപ്പെടുന്നത്‌. അദ്ദേഹത്തിന്റെ ചിത്രങ്ങളിലും മതത്തിന്റെ സ്വാധീനം കാണാം, ഹൈന്ദവനായ ഒരാള്‍ സ്വന്തം മതചിഹ്നങ്ങളെ ഇത്രയും മനോഹരമായി ചിത്രീകരിച്ചത്‌ രവിവര്‍മയിലല്ലാതെ കാണാനാവില്ല. അദ്ദേഹത്തിന്റെ ഭാവനയില്‍ വിരിഞ്ഞ ബ്രഹ്മാവും കൃഷ്‌ണനും ശിവനും ഗണപതിയും രാമനും സീതയുമെന്നു വേണ്ട, മഹാഭാരത-രാമായണത്തിലെ മിക്ക കഥാപാത്രങ്ങളുടെയും രൂപമാണ്‌ ഇന്ന്‌ ഹൈന്ദവ വിശ്വാസികളുടെയും ഇതരരുടെയും മനസ്സില്‍ നില്‍ക്കുന്നത്‌.
അതുതന്നെയാണ്‌ കലയുടെ ആത്യന്തിക ലക്ഷ്യവും. മതം, ആശയ ദര്‍ശനം, നന്മ, ധാര്‍മികത എന്നിവ പ്രചരിപ്പിക്കുക. ഒരു മതമെന്ന നിലക്ക്‌ ഇസ്‌ലാമിന്റെ ഭാഗത്തുനിന്നും കലകളുടെ വിവിധ മേഖലകളില്‍ ശക്തമായ ഇടപെടലുകള്‍ നടന്നിട്ടുണ്ട്‌. ആത്മീയത, ദൈവികത തുടങ്ങിയവയായിരുന്നു ഇസ്‌ലാമിക കലയുടെ സ്ഥാപിത ലക്ഷ്യങ്ങള്‍. രചനയുടെയും വരയുടെയും നിര്‍മാണത്തിന്റെയും ശൈലി വൈവിധ്യങ്ങള്‍ ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ദൈവസാമീപ്യം കരസ്‌തമാക്കാനും ഒരു പരമ ശക്തിയുടെ സാന്നിധ്യം തിരിച്ചറിയാനും വഴിവെച്ചു.
ഇസ്‌ലാമിക കലയെ ഭാരതീയര്‍ അറിയുന്നത്‌ മുഗള്‍ ശൈലിയിലൂടെയാണ്‌. ഇറാനില്‍നിന്നും തുര്‍ക്കിയില്‍ നിന്നും അഫ്‌ഗാനില്‍നിന്നുമൊക്കെ ചക്രവര്‍ത്തിമാര്‍ പ്രത്യേകം ക്ഷണിച്ചുവരുത്തിയ ശില്‍പികളും ചിത്രകാരന്മാരും മുഗള്‍ കൊട്ടാരങ്ങളില്‍ താമസിച്ചിരുന്നു. ഇന്ത്യയില്‍ ഇന്ന്‌ നിലനില്‍ക്കുന്ന മുഗള്‍ ശൈലിയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്‌ താജ്‌മഹല്‍. ലോകാല്‍ഭുതമായി മാറിയ താജ്‌ കേവല പ്രേമ സ്‌മാരകമെന്നതിലുപരി ഇസ്‌ലാമിക കലയുടെ ഭാരതീയ പ്രതീകം കൂടിയാണ്‌. ഖുര്‍ആനിലെ വിശുദ്ധ വചനങ്ങളും അധ്യായങ്ങളും മാര്‍ബിളുകളില്‍ പണിതത്‌ ആസ്വാദകരില്‍ വിസ്‌മയം ജനിപ്പിക്കുന്നു. ചെങ്കോട്ടകള്‍, ശവകുടീരങ്ങള്‍, മസ്‌ജിദുകള്‍ തുടങ്ങി നിരവധി സ്‌മാരകങ്ങള്‍ മുഗള്‍ ശില്‍പകലയുടെയും ചിത്രകലയുടെയും ഔന്നത്യം വിളിച്ചോതി ഇന്നും നിലനില്‍ക്കുന്നു. ഭാരതീയ പുനരുദ്ധാരണ കലയുടെ വക്താക്കളായ അബനീന്ദ്രനാഥ്‌, നന്ദലാല്‍ ബോസ്‌, ബിനോദ്‌ ബിഹാരി മുഖര്‍ജി, മണികര്‍ തുടങ്ങി ഒരുപാട്‌ കലാകാരന്മാരില്‍ മുഗള്‍ ശൈലി ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്‌. അബനീന്ദ്രനാഥ്‌ ഇത്‌ പലപ്പോഴും സമ്മതിക്കുകയും തുറന്നെഴുതുകയും ചെയ്‌തു.

ഇറാനായിരുന്നു പലപ്പോഴും ഇസ്‌ലാമിക കലയുടെ പുരോഗതിക്ക്‌ നേതൃത്വം നല്‍കിയത്‌. കാലിഗ്രഫിയുടെ ജന്മഭൂമിതന്നെ അതാണല്ലോ. അധ്യാത്മികത തുളുമ്പുന്ന വാസ്‌തുശില്‍പങ്ങളും അവിടെ കാണാം. അലങ്കാര കലയും കരകൗശല വിദ്യയും എഴുത്തും സംഗീതവുമെല്ലാം ഇസ്‌ലാമികവല്‍കരിക്കാന്‍ നൂറ്റാണ്ടുകളുടെ ഇസ്‌ലാമിക പാരമ്പര്യമുള്ള ഇറാന്‍ ശ്രദ്ധിച്ചു. ഇന്ന്‌ സിനിമാ ലോകത്ത്‌ വിപ്ലവങ്ങള്‍ സൃഷ്‌ടിച്ച്‌ കടന്നുവന്ന ഇറാനിയന്‍ ചിത്രങ്ങള്‍ ഇസ്‌ലാമിക്‌ സിനിമകളായി അറിയപ്പെടാനും പ്രധാന കാരണം അതാണല്ലോ.
(ഇസ്ലാമിക കല സൗന്ദര്യവും ആസ്വാദനവും എന്ന പുസ്‌തകത്തിന്റെ അവതാരികയില്‍ നിന്ന്‌)

Saturday, October 20, 2012

മമ്പുറം തങ്ങള്‍: ത്വരീഖത്തും ആത്മീയ ജീവിതവും

അധിനിവേശ വിരുദ്ധ നായകന്‍, സാമൂഹിക ഉദ്ധാരകന്‍, അവകാശ സംരക്ഷകന്‍, മതസൗഹാര്‍ദത്തിന്റെ ആചാര്യന്‍, തുടങ്ങി അനവധി വിശേഷണങ്ങളുണ്ടെങ്കിലും തന്റെ ക്രമബദ്ധമായ ആദ്ധ്യാത്മിക ജീവിതത്തിലൂടെയാണ്‌ സയ്യിദ്‌ അലവി തങ്ങള്‍ ശ്രദ്ധേയനാകുന്നത്‌. ദിവ്യജ്ഞാനത്തിന്റെ അഗാധ തലങ്ങളിലേക്ക്‌ ഇറങ്ങിച്ചെന്ന അദ്ദേഹം ദൈവിക ലോകത്ത്‌ ഉയര്‍ന്ന സ്ഥാനങ്ങള്‍ കരസ്ഥമാക്കി. അവരുടെ നിഷ്‌ഠാനിര്‍ഭരമായ ജീവിതക്രമവും അതില്‍ അവര്‍ കാഴ്‌ചവെച്ച പ്രവര്‍ത്തനങ്ങളും ഇതിന്റെ നറുസാക്ഷ്യങ്ങളാണ്‌.

സയ്യിദ്‌ കുടുംബത്തിലെ ഒരംഗമായിരുന്നു സയ്യിദ്‌ അലവി തങ്ങള്‍. മൗലദ്ദവീല എന്നാണ്‌ തങ്ങളുടെ ഖബീലയുടെ പേര്‌. ഇത്‌ ബാഅലവീ കുടുംബത്തിന്‌ കീഴില്‍ വരുന്നതാണ്‌. കേരളത്തിലെത്തിയ പ്രവാചക കുടുംബങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്‌. അറിയപ്പെട്ട ചരിത്രമനുസരിച്ച്‌ ഈ ഖബീലയില്‍നിന്നും ആദ്യമായി കേരളത്തില്‍ കാല്‍കുത്തിയതും സയ്യിദ്‌ അലവി തങ്ങള്‍ ആയിരുന്നു. ഹിജ്‌റ:1183 ലായിരുന്നു ഇത്‌.
മുഹമ്മദുല്‍ ഫഖീഹുല്‍ മുഖദ്ദം മകന്‍ അലവി മകന്‍ അലി മകന്‍ സയ്യിദ്‌ മുഹമ്മദ്‌ എന്നവരിലേക്ക്‌ ചേര്‍ത്തിയാണ്‌ ഈ ഖബീല മൗലദ്ദവീല എന്നറിയപ്പെട്ടത്‌. ഹിജ്‌റ: 705 ല്‍ ആയിരുന്നു സയ്യിദ്‌ മുഹമ്മദ്‌ മൗലദ്ദവീലയുടെ ജനനം. യമനില്‍ ഹളര്‍മൗത്തിന്‌ കിഴക്കുള്ള ബബ്‌ജര്‍ എന്ന ഭാഗത്ത്‌ അദ്ദേഹം താമസിച്ചിരുന്നതിനാലാണ്‌ ഈ പേര്‌ അദ്ദേഹത്തിന്‌ വന്നുകിട്ടിയത്‌. മൗലദ്ദവീല എന്ന നാമനിഷ്‌പത്തിക്കു പിന്നില്‍ ധാരാളം അഭിപ്രായങ്ങളുണ്ട്‌. അതില്‍ ഒന്ന്‌ ഇങ്ങനെയാണ്‌: യമനില്‍ സയ്യിദ്‌ മുഹമ്മദിന്റെ കുടുംബം കാലങ്ങളായി താമസിച്ചുവന്നിരുന്ന പ്രദേശമാണ്‌ ബബ്‌ജര്‍. അതിനടുത്ത്‌ യബ്‌ഹര്‍ എന്ന പേരില്‍ മറ്റൊരു പ്രദേശമുണ്ടായിരുന്നു. ദവീല എന്ന പദത്തിന്‌ മുന്തിയത്‌, മുന്നിലുള്ളത്‌, ആദ്യമുള്ളത്‌ തുടങ്ങിയ അര്‍ത്ഥങ്ങളാണ്‌ ഹളര്‍മൗത്തുകാര്‍ നല്‍കിയിരുന്നത്‌. കാലാന്തരത്തില്‍ സയ്യിദ്‌ മുഹമ്മദിന്റെ നാടിന്‌ യബ്‌ഹറുദ്ദവീല എന്ന പേര്‌ വന്നു. യബ്‌ഹറുദ്ദവീല എന്ന നാടിന്റെ മേധാവി എന്ന അര്‍ത്ഥത്തില്‍ സയ്യിദ്‌ മുഹമ്മദ്‌, മൗലദ്ദവീല എന്നും വിളിക്കപ്പെട്ടു. പണ്‌ഢിതനും ജ്ഞാനിയും സൂഫിയുമായിരുന്ന ഇദ്ദേഹത്തിലേക്ക്‌ ചേര്‍ത്തിയാണ്‌ മൗലദ്ദവീല എന്ന ഖബീല പ്രസിദ്ധി നേടിയത്‌.1 ഹിജ്‌റ: 765 ല്‍ മരണപ്പെട്ട അദ്ദേഹം തരീമിലെ സമ്പല്‍ മഖ്‌ബറയില്‍ അന്ത്യവിശ്രമം കൊള്ളുന്നു.
സദാ ദൈവസ്‌മരണയിലും ആരാധനകളിലുമായി സമയം വിനിയോഗിച്ചിരുന്നു സയ്യിദ്‌ അലവി തങ്ങള്‍. തന്റെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കുപുറമെ ദീര്‍ഘനേര ഖുര്‍ആന്‍ പാരായണം, അധികരിച്ച സുന്നത്ത്‌ നോമ്പുകള്‍, സുന്നത്ത്‌ നമസ്‌കാരങ്ങള്‍, ദാനധര്‍മ്മങ്ങള്‍, സതുപദേശങ്ങള്‍, ദൈവസ്‌മരണ തുടങ്ങിയ കാര്യങ്ങളും അദ്ദേഹം മുറപോലെ നടത്തിപ്പോന്നു. മാനുഷിക ധര്‍മ്മങ്ങളെക്കുറിച്ചും പാരത്രിക അവസ്ഥകളെക്കുറിച്ചും ബോധവാനായിരുന്നു തങ്ങളവര്‍കള്‍. ഒരിക്കല്‍, അദ്ദേഹം തന്റെ അനുചരന്‍മാരുമൊത്ത്‌ കടലുണ്ടിപ്പുഴയില്‍ അംഗശുദ്ധി വരുത്തിക്കൊണ്ടിരിക്കുകയാണ്‌. പെട്ടെന്ന്‌, വള്ളങ്ങള്‍ കരക്ക്‌ ബന്ധിച്ച്‌, പുറത്തിറങ്ങി ഭ്‌ക്ഷണം പാകംചെയ്യുന്ന ചില യാത്രക്കാര്‍ സയ്യിദ്‌ അലവി തങ്ങളുടെ ദൃഷ്‌ടിയില്‍പ്പെട്ടു. തല്‍ക്ഷണം അദ്ദേഹം അനുയായികളോടായി പറഞ്ഞു: ഇതാണ്‌ ഭൗതിക ലോകത്ത്‌ മനുഷ്യ ജീവിതത്തിന്റെ ഉപമ. ഇവര്‍ എവിടെനിന്നോ യാത്രചെയ്‌തുവന്നവരാണ്‌. ഇനിയും ദൂരങ്ങളിലേക്ക്‌ ചരക്കുകളുമായി യാത്രചെയ്യാനിരിക്കുന്നവരുമാണ്‌. അതിനിടയില്‍ ഭാവിയിലേക്ക്‌ പാഥേയം സ്വീകരിക്കേണ്ട സമയമാണിത്‌.2 പ്രായോഗിക ഉപമയിലൂടെയുള്ള സന്ദേശ കൈമാറ്റം അനുയായികള്‍ക്ക്‌ ശരിക്കും ബോദ്ധ്യപ്പെട്ടു. ജീവിതത്തിലൂടെയും അനുഭവങ്ങളിലൂടെയും ജനങ്ങളെ ആത്മീയതയിലേക്ക്‌ ക്ഷണിക്കുരയെന്ന പരമ്പരാഗത ശൈലിയാണ്‌ സയ്യിദ്‌ അലവി തങ്ങള്‍ പിന്തുടര്‍ന്നിരുന്നത്‌.

ഖാദിരിയ്യാ ഥരീഖത്തിന്റെ ശൈഖായിരുന്നു സയ്യിദ്‌ അലവി തങ്ങള്‍.3 ശബ്‌ദകോലാഹലങ്ങളുണ്ടാക്കി ഇത്‌ പ്രകടനാത്മകതയിലൊതുക്കാന്‍ അദ്ദേഹം തുനിഞ്ഞിരുന്നില്ല. അതേസമയം തങ്ങള്‍ക്ക്‌ അനവധി മുരീദുമാരും ശിഷ്യഗണങ്ങളുമുണ്ടായിരുന്നു. ബൈത്താന്‍ മുസ്‌ ലിയാര്‍, അവുക്കോയ മുസ്‌ ലിയാര്‍, ഖുസയ്യ്‌ ഹാജി, മകന്‍ ഫസല്‍ പുക്കോയ തങ്ങള്‍ തുടങ്ങിയവര്‍ അവരില്‍നിന്നും ബൈഅത്ത്‌ സ്വീകരിച്ച പ്രധാനികളാണ്‌. ഹിജ്‌റ: 1200 കളില്‍ ജീവിച്ച മമ്പാട്‌ സയ്യിദ്‌ അബ്‌ദുല്‍ ഖാദിര്‍ അഹ്‌ദല്‍ തങ്ങളും മമ്പുറത്തു വന്ന്‌ ഖാദിരിയ്യാ ഥരീഖത്ത്‌ സ്വീകരിച്ചതായി ചരിത്രത്തതിലുണ്ട്‌.4 ഇതുപോലെ അന്ന്‌ ജീവിച്ചിരുന്ന ആത്മീയബോധമുള്ള മുസ്‌ലിംഗളില്‍ ഭൂരിഭാഗവും സയ്യിദ്‌ അലവി തങ്ങളുടെ ആത്മീയ ശിക്ഷണത്തില്‍ കഴിയുന്ന വരായിരുന്നു.

അന്നത്തെ പ്രഗല്‍ഭ പണ്‌ഢിതനും ആത്മീയാചാര്യനുമായ വെളിയങ്കോട്‌ ഉമര്‍ ഖാസിപോലും സയ്യിദ്‌ അലവിതങ്ങളുടെ ആത്മീയ നിയന്ത്രണത്തിലാണ്‌ ജീവിച്ചിരുന്നത്‌. കാരണം, തങ്ങളവര്‍കളുടെ ജ്ഞാനത്തിന്റെ ആഴം അവര്‍ നേരത്തെത്തന്നെ അറിഞ്ഞിരുന്നു. സയ്യിദ്‌ അലവി തങ്ങള്‍ മലബാറിലെത്തിയ ആദ്യ കാലങ്ങളിലായിരുന്നു ഇത്‌. നാട്ടിലൊരു പുതിയ പണ്ഡിതന്‍ വന്നപ്പോള്‍ അവരെ മനസ്സിലാക്കാന്‍ തന്നെ ഉമര്‍ ഖാസി തീരുമാനിച്ചു. അങ്ങനെ തങ്ങളെ നേരില്‍കണ്ട്‌ പല ചോദ്യങ്ങളും ചോദിച്ചു. അതിനൊരു പരീത്‌ക്ഷണത്തിന്റെ ചുയയുണ്ടായിരുന്നു. അല്‍ഭുതമെന്ന്‌ പറയട്ടെ, പെട്ടെന്ന്‌ ഉമര്‍ ഖാസിയുടെ എല്ലാ അറിവും മറന്നുപോയി. അല്‍പനേരം ഒന്നും അറിയാത്തവനെപ്പോലെ അദ്ദേഹം ആയിമാറി. ഇതിനു ശേഷം ഉമര്‍ ഖാസി സയ്യിദ്‌ അലവി തങ്ങളെ ആദരവോടെ മാത്രമേ സമീപ്പിച്ചിരുന്നുള്ളൂ. അവരുടെ ആത്മീയ സരണിയില്‍ അംഗമാവുകയും ചെയ്‌തു.5 സയ്യിദ്‌ അലവി തങ്ങളുടെ വ്യക്തിപ്രഭാവവും ആത്മീയ നിലവാരവും അത്രമേല്‍ മഹത്തരമായിരുന്നു.
1800 ന്റെ ആദ്യ ദശകങ്ങളില്‍ അധിനിവേശ വിരുദ്ധസമരവുമായി മുന്നോട്ടുപോയിരുന്ന പല യോദ്ധാക്കള്‍ക്കും സയ്യിദ്‌ അലവി തങ്ങളുമായി ഥരീഖത്ത്‌ ബന്ധമുണ്ടായിരുന്നതായി ചരിത്രത്തില്‍ കാണാന്‍ കഴിയുന്നുണ്ട്‌. ചിലര്‍ സയ്യിദ്‌ അലവി തങ്ങളുടെ ശിഷ്യന്‍മാരുമായാണ്‌ ആത്മീയ ബന്ധം പുലര്‍ത്തിയിരുന്നത്‌. ഉണ്ണിമൂസ, ചെമ്പന്‍ പോക്കര്‍, അത്തന്‍ കുരിക്കള്‍, ഐദ്രോസ്‌കുട്ടി, പുലത്ത്‌ ചേക്കുമൂപ്പന്‍ തുടങ്ങിയവരെല്ലാം സയ്യിദ്‌ അലവി തങ്ങളുടെ ശിഷ്യന്മാരായിരുന്നു. സയ്യിദ്‌ അലവിതങ്ങള്‍, ഉമര്‍ ഖാസി, സയ്യിദ്‌ മുഹമ്മദ്‌ മൗലാ ബുഖാരി തുടങ്ങിയവരായിരുന്നു ഇവരുടെ ആത്മീയ ഗുരുക്കള്‍. നസാറാക്കന്മാര്‍ക്കെതിരെയാണ്‌ ഇവരുടെ പോരാട്ടമെന്ന്‌ സയ്യിദ്‌ അലവിതങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്‌. അത്‌കൊണ്ടുതന്നെ ഇവരുടെ മരണം സയ്യിദ്‌ അലവി തങ്ങളെ അഗാധ ദു:ഖത്തിലാഴ്‌ത്തിയിരുന്നു.6
പ്രപഞ്ച പ്രതിഭാസങ്ങളിലെ ദൈവിക ചൈതന്യമുള്‍ക്കൊണ്ട്‌-ആരാധനയിലും ധ്യാനത്തിലും മുഴുകി ജീവിതം ക്രമപ്പെടുത്തിയപ്പോള്‍ സയ്യിദ്‌ അലവി തങ്ങള്‍ ദിവ്യലോകോത്തെ പ്രഭചൊരിയുന്ന താരകമായി മാറി. അല്ലാഹുവിന്റെ പ്രത്യേക പരിഗണനകള്‍ ലഭിച്ചു. കരങ്ങള്‍ക്കും കാലുകള്‍ക്കും കാഴ്‌ചക്കും കേള്‍വിക്കും അഭാരമായ അദൃശ്യ ശക്തി കൈവന്നു.
താന്‍ ജീവിച്ചിരുന്ന കാലഘട്ടത്തിലെ ഖുതുബായിരുന്നു സയ്യിദ്‌ അലവി തങ്ങള്‍. അതിനാലാണ്‌ ഖുതുബുസ്സമാന്‍ എന്ന പേരില്‍ വിശ്രുതനായത്‌. ഔലിയാക്കളുടെ സ്ഥാനശ്രേണിയില്‍ ഏറ്റവും മുകളില്‍ നില്‍ക്കുന്ന സ്ഥാനമാണിത്‌.
ആദ്ധ്യാത്മിക ജീവിതത്തിന്റെ സര്‍വ്വ രഹസ്യങ്ങളും ആവാഹിച്ച ജ്ഞാനിയായിരുന്നു സയ്യിദ്‌ അലവി തങ്ങള്‍. ഒരേ സമയം അനവധി സവിശേഷ ഗുണങ്ങള്‍ അദ്ദേഹത്തില്‍ ഒത്തിണങ്ങിയിരുന്നു. അതുകൊണ്ടുതന്നെ ഖുര്‍ആന്റെ ഭാഷയില്‍ അവരെ ഒരു പ്രസ്ഥാനമെന്ന്‌ വിളിക്കാവുന്നതാണ്‌. ആദ്ധ്യാത്മികതയിലൂന്നിയ ഈ ബഹുമുഖത്വമാണ്‌ അവരെ ഉമര്‍ ബിന്‍ അബ്‌ദില്‍ അസീസ്‌, ഇമാം ഗസാലി, ശൈഖ്‌ ജീലാനി, അബുല്‍ ഹസനില്‍ അശ്‌അരി, ശാഹ്‌ വലിയ്യുല്ലാഹിദ്ദഹ്‌ലവി തുടങ്ങിയവരടങ്ങിയ പ്രതിഭകളുടെ ചങ്ങലയിലെ ഒരു കണ്ണിയാക്കിമാറ്റിയത്‌.
തസ്വവ്വുഫില്‍ അഗാധ കഴിവുള്ള പണ്ഡിതന്‍ എന്നപോലെത്തന്നെ, വസ്‌തുനിഷ്‌ഠ ജ്ഞാനമുള്ള കര്‍മ്മശാസ്‌ത്രജ്ഞാനികൂടിയായിരുന്നു സയ്യിദ്‌ അലവി തങ്ങള്‍. തന്റെ കാലത്തെ കര്‍മ്മശാസ്‌ത്ര പ്രശ്‌നങ്ങള്‍ക്ക്‌ പ്രതിവിധി നിര്‍ണ്ണയിച്ചിരുന്നത്‌ അദ്ദേഹമാണ്‌. ആദ്ധ്യാത്മിക രംഗത്തെന്നപോലെ സാമൂഹിക രംഗത്തും പരിഹാരം തേടി നാടിന്റെ നാനാഭാഗത്തുനിന്നും ആളുകള്‍ അവിടെ ഒഴുകിയെത്തിയിരുന്നു. ആദ്ധ്യാത്മിക സന്ദേശങ്ങളുടെ ജീവിത സാക്ഷാല്‍ക്കാരമായിരുന്നു ഈ സാന്നിദ്ധ്യം. ധാര്‍മികാധപ്പതനവും ധര്‍മച്യുതിയും കൊടുകുത്തിവാണ കാലത്ത്‌ സൂഫീജീവിതത്തിന്റെ ജനകീയവല്‍കരണമായിരുന്നു തങ്ങള്‍ ചെയ്‌തുകൊണ്ടിരുന്ന ജോലി. അത്‌കൊണ്ടുതന്നെ മുര്‍ശിദും മുറബ്ബിയുമായിരുന്ന സയ്യിദ്‌ അലവി തങ്ങള്‍ ഗുപ്‌ത ജീവിതം നയിക്കാന്‍ ആഗ്രഹിച്ചില്ല. നിശാപ്രാര്‍ത്ഥന മമ്പുറത്തെ സ്വന്തം വീടിനടുത്തുള്ള പള്ളിയില്‍വെച്ചും പ്രഭാതനമസ്‌കാരം മസ്‌ജിദുല്‍ ഹറമില്‍വെച്ചും സാധാരണ നിര്‍വ്വഹിച്ചിരുന്ന തങ്ങള്‍ എന്നും സാധാരണക്കാരനില്‍ സാധാരണക്കാരനായി ജീവിക്കാനാണ്‌ ഇഷ്‌ടപ്പെട്ടത്‌.
സയ്യിദ്‌ അലവി തങ്ങള്‍ തന്റെ ജീവിതത്തിലെന്ന പോലെ, മരണാനന്തരവും തന്റെ സാമൂഹിക സേവനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ശരീരത്തിന്റെ മാത്രമല്ല, ആത്മാവിന്റെയും പ്രശ്‌നങ്ങള്‍ അവര്‍ സുഖപ്പെടുത്തുന്നു. ഇതിന്റെ അനുഭവസ്ഥര്‍ അനുവധിയാണ്‌. ഇന്നും മമ്പുറത്തേക്കു ആളുകള്‍ ഒഴുകിയെത്തുന്നത്‌ അതിനാലാണ്‌.
മാനവ ചരിത്രത്തിലെ മഹാരഥന്മാര്‍ അമരരും സ്‌മര്യജനങ്ങളുമായി മാറുന്നത്‌ പല കാരണങ്ങളാലണ്‌. ചിലര്‍ രചനകളിലൂടെ ഇന്നും ജീവിച്ചുകൊണ്ടിരിക്കുന്നു. ഇമാം സുയൂഥിയും ഇമാം റാസിയം ഉദാഹരണമാണ്‌. ചിലര്‍ പ്രവര്‍ത്തനങ്ങളിലൂടെയും സമരങ്ങളിലൂടെയും അമരത്വം നേടുന്നു. സലാഹുദ്ദീന്‍ അയ്യൂബി ഉദാഹരണമാണ്‌. എന്നാല്‍ ചരിത്രത്തില്‍ മറ്റുചില ആളുകളുണ്ട്‌. കാലങ്ങളെത്ര കഴിഞ്ഞാലും ജന മനസ്സുകളില്‍ അവര്‍ സ്ഥിരപ്രതിഷ്‌ഠനേടിയവരായിരിക്കും. ജീവിതത്തിലെന്നപോലെ മരണത്തിനു ശേഷവും അവര്‍ സമൂഹത്തെ നയിച്ചുകൊണ്ടിരിക്കുന്നു. അത്തരക്കാരുടെ സേവനങ്ങള്‍ക്ക്‌ ദേശത്തിന്റെ വിഭിന്നതയോ കാലത്തിന്റെ ഒഴുക്കോ ഭംഗമാവുന്നില്ല. കാലം കഴിഞ്ഞുപോകുംതോറും അവരുടെ ജനസമ്മതി വര്‍ദ്ധിച്ചുകൊണ്ടിരിക്കും. സയ്യിദ്‌ അലവി തങ്ങള്‍ ഇത്തരക്കാരിലൊരാളായിരുന്നു. അവരിന്നും സമൂഹത്തെ നയിച്ചുകൊണ്ടിരിക്കുന്നുണ്ട്‌.

അല്ലാഹുവിന്റെ ഔലിയാക്കളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഭൗതികതയുടെയും അതിഭൗതികതയുടെയും അതിര്‍വരമ്പുകള്‍ വെക്കുന്നത്‌ യുക്തിയല്ല. മതമെന്നാല്‍ മറഞ്ഞ കാര്യങ്ങളിലുള്ള (ഗൈബിയ്‌) വിശ്വാസ്‌ത്തില്‍ അധിഷ്‌ഠിതമാണല്ലോ. അല്ലാഹു അവരുടെ കാര്യം ഏറ്റെടുക്കുന്നതോടെ സര്‍വ്വതും അവരുടെ മുമ്പില്‍ സരളമാകുന്നു എന്നുള്ളതാണ്‌. നമ്മെപ്പോലെ സംസാരിക്കുകയും ആഹരിക്കുകയും ചെയ്യുമെങ്കിലും ദൈവസാമീപ്യത്തിലൂടെ അവര്‍ ഉന്നതങ്ങള്‍ കീഴടക്കുന്നു. അല്ലാഹുവിന്റെ സഹായത്തോടെ അദൃശ്യങ്ങള്‍ പറയാനും പ്രവചനങ്ങള്‍ നടത്താനും അവര്‍ക്ക്‌ കഴിയുന്നു. ഖുഥുബുസ്സമാനായിരുന്ന സയ്യിദ്‌ അലവി തങ്ങള്‍ തന്റെ നിത്യജീവിതത്തിലൂടെ ഇതെല്ലാം കാണിച്ചുകൊടുത്തിട്ടുണ്ട്‌. നൂറുക്കണക്കിന്‌ അഭൗതിക കാര്യങ്ങളാണ്‌ തന്റെ ജീവിതകാലത്തുതന്നെ സയ്യിദ്‌ അലവി തങ്ങള്‍ ജനങ്ങളുമായി പങ്ക്‌ വെച്ചത്‌.7 ഇവ തന്റെ സാമൂഹിക നവോത്ഥാനത്തിന്റെ സാക്ഷി പത്രങ്ങളാണ്‌.

ബൈത്താന്‍ മുസ്‌ലിയാര്‍, ഔക്കോയ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സയ്യിദ്‌ അലവി തങ്ങളുടെ ആത്മീയ സരണിയെ ജനകീയമാക്കുന്നതില്‍ വലിയ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. ഖാദിരീ ഥരീഖത്തിന്റെ വാഹകരായിട്ടാണ്‌ ഇവര്‍ ജീവിച്ചിരുന്നത്‌. ശൈഖ്‌ അബ്‌ദുല്‍ ഖാദര്‍ ജീലാനി സാധിച്ചെടുത്ത സാമൂഹിക നവോത്ഥാനത്തിന്റെ ശൈലി സയ്യിദ്‌ അലവി തങ്ങളുടെ പ്രവര്‍ത്തന രീതിയിലും പ്രകടമാണ്‌. മലബാറിന്റെ ഇളകി മറിഞ്ഞ സാമൂഹിക പശ്ചാത്തലത്തില്‍ ആത്മീയതയെ പരിഹാരമായി കൊണ്ടുവരാന്‍ തങ്ങള്‍ക്ക്‌ സാധിച്ചു. സമൂഹത്തില്‍ അലക്ഷ്യമായി ജീവിക്കുന്നതും മൂല്യരഹിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും വിശ്വാസിയുടെ രീതിയല്ലെന്ന്‌ ആ അദ്ധ്യാപനങ്ങള്‍ തുറന്നുകാട്ടി. മലബാറിന്റെ ആഴത്തിലുള്ള ആത്മീയ ബന്ധത്തിന്റെ പിന്‍ബലത്തില്‍ സയ്യിദ്‌ അലവി തങ്ങളുടെ പങ്ക്‌ വിസ്‌മരിക്കാവതല്ല. ആത്മീയ സരണികളുടെ സ്രോതസ്സുകളുപയോഗിച്ച്‌ സമൂഹത്തില്‍ എന്ത്‌ മാറ്റവും സാധിച്ചെടുക്കാമെന്ന സിദ്ധാന്തം തങ്ങളിലൂടെ മലയാളം തിരിച്ചറിഞ്ഞു. ചത്തുപോയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ മലബാറിന്റെ ആത്മീയ രംഗം സടകുടഞ്ഞെഴുന്നേല്‍ക്കുന്നത്‌ ഇതോടെയാണ്‌. കൊട്ടിഘോഷിക്കപ്പെടുന്നതിലപ്പുറം മമ്പുറം എന്നും ആത്മീയതയുടെ സിരാകേന്ദ്രമായി മാറി എന്നതാണ്‌ ചരിത്രം. ബാഅലവീ സാദാത്തീങ്ങളുടെ ചരിത്രദൗത്യം മലയാളക്കരയില്‍ സയ്യിദ്‌ അലവി തങ്ങള്‍ മങ്ങലേല്‍ക്കാതെ നിര്‍വ്വഹിക്കുകയായിരുന്നു. വര്‍ത്തമാന കാല മലബാറിന്റെ ആത്മീയ സംവിധാനത്തിന്‌ അടിത്തറ പാകിയത്‌ സയ്യിദ്‌ അലവി തങ്ങളാണെന്നത്‌ വസ്‌തുതയാണ്‌.


1) കേരളത്തിലെ പ്രവാചക കുടുംബങ്ങള്‍ ഉല്‍ഭവം ചരിത്രം, മുജീബ്‌ തങ്ങള്‍ കൊന്നാര്‌, പേജ്‌: 78
2) മമ്പുറം സയ്യിദ്‌ അലവി തങ്ങള്‍, കെ.കെ മുഹമ്മദ്‌ അബ്‌ദുല്‍ കരീം, പേജ്‌: 40
3) മലബാറിലെ രത്‌നങ്ങള്‍, കെ.കെ. മുഹമ്മദ്‌ അബ്‌ദുല്‍ കരീം, പേജ്‌: 28
4) കേരളത്തിലെ പ്രവാചക കുടുംബങ്ങള്‍ ഉല്‍ഭവം ചരിത്രം, മുജീബ്‌ തങ്ങള്‍ കൊന്നാര്‌, പേജ്‌: 126
5)മമ്പുറം സയ്യിദ്‌ അലവി തങ്ങള്‍, കെ.കെ മുഹമ്മദ്‌ അബ്‌ദുല്‍ കരീം, പേജ്‌: 37
6) ആംഗ്ലോ-മാപ്പിള യുദ്ധം,1921,എ.കെ. കോടൂര്‍, പേജ്‌: 26
7) തെളിച്ചം മാസിക ലക്കം 5, പുസ്‌തകം 9, പേജ്‌: 2
6

Wednesday, October 17, 2012

കേരളത്തിലെ മുസ് ലിം പ്രസിദ്ധീകരണങ്ങളുടെ ചരിത്രം

കേരളമുസ്‌ലിംകളുടെ രചനാത്മകമായ വളര്‍ച്ചയില്‍ വന്‍മാറ്റങ്ങള്‍ വരുത്തിയ രണ്ടു സുപ്രധാന സംഭവങ്ങളാണ്   പ്രിന്റിംഗ് പ്രസ്സുകളുടെ കടന്നുവരവും പ്രസാധനാലയങ്ങളുടെ ആരംഭവും. പരമ്പരാഗത ജ്ഞാന പ്രസരണ മാധ്യമങ്ങളില്‍നിന്നും വിരുദ്ധമായി ലക്ഷ്യത്തിലും അര്‍ത്ഥത്തിലും ലഭ്യതയിലും ഈ സാങ്കേതിക വിദ്യ കൊണ്ടുവന്ന ചലനങ്ങളും സാധ്യതകളും അപരിമേയമാണ്. കാലത്തിനും സാഹചര്യത്തിനും അനുഗുണമാകുംവിധം മുസ്‌ലിം പ്രതികരണ-ആഗിരണ വഴികള്‍ മാറ്റം സ്വീകരിക്കുന്നുവെന്നതിന്റെ ശക്തമായ തെളിവായിരുന്നു ഇത്. കേവലം ഒരു കൊച്ചു ബൗണ്ടറിക്കുള്ളിലെ ചലനാത്മകതക്കപ്പുറം പുറം ലോകവുമായി ബന്ധപ്പെടാനും അവിടത്തെ ഫലപ്രദമായ മാറ്റങ്ങളെ ഉള്‍കൊള്ളാനും അതിനെ ഇസ്‌ലാമിക പ്രബോധനത്തിന്റെ വഴിയില്‍ ഉപയോഗപ്പെടുത്താനും മുസ്‌ലിംകള്‍ എക്കാലവും ശ്രമിച്ചിരുന്നു. പലപ്പോഴും, സൂക്ഷ്മതകാരണം അതിലേക്ക് എത്തിപ്പെടാന്‍ കാലതാമസമെടുത്തിരുന്നുവെങ്കിലും. ഒരു പുതുയുഗത്തിന്റെ ആരംഭമായിരുന്നു സത്യത്തില്‍ പ്രിന്റിംഗ് പ്രസ്സിലൂടെ മുസ്‌ലിംലോകത്ത് സംഭവിച്ചത്. സ്വാഭാവികമായും അത് കേരളത്തിലും സംഭവിച്ചുവെന്നുതന്നെ പറയാം. വാമൊഴി സംരക്ഷണത്തില്‍നിന്നും വരമൊഴി സംരക്ഷത്തിലേക്ക് ജനങ്ങള്‍ മാറിയതോടെ അതിന്റെ പുതിയ സാധ്യതകളാണ് അന്വേഷിക്കപ്പെട്ടിരുന്നത്. പേപ്പറിന്റെയും അച്ചുകൂടങ്ങളുടെയും വ്യവസ്ഥാപിതമായ കടന്നുവരവോടെ പ്രസാധനമെന്ന പുതിയൊരു മേഖല സജീവമാകുകയായിരുന്നു. അറിവിന്റെയും ജ്ഞാനപ്രസരണത്തിന്റെയും പുതിയ വാതായനങ്ങള്‍ തുറന്ന് പ്രസിദ്ധീകരണങ്ങളും നാടുനീളെ വ്യാപകമായി.

പ്രിന്റിംഗ് പ്രസ്സ് കേരളത്തില്‍
ഇന്ത്യയുടെ മറ്റു ഭാഗങ്ങളെപ്പോലെത്തന്നെ കേരളത്തിലും പ്രിന്റിംഗ് പ്രസ്സ് കടന്നുവരുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപാതിയിലാണ്. 1821 ല്‍ ബ്രിട്ടീഷ് മിഷനറി പ്രവര്‍ത്തകനായ ബെഞ്ചമിന്‍ ബെയ്‌ലി കോട്ടയത്ത് സ്ഥാപിച്ച സി.എം.എസ്. പ്രസ്സാണ് കേരളത്തിലെ പ്രഥമ പ്രിന്റിംഗ് പ്രസ്സ്. മിഷനറി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അദ്ദേഹം 1848 മുതല്‍ പ്രസിദ്ധീകരിച്ചിരുന്ന മലയാളത്തിലെ മൂന്നാമത്തെ പത്രം  ജ്ഞാനനിക്ഷേപം ആദ്യമായി പ്രസിദ്ധീകരിച്ചിരുന്നത് ഈ പ്രസ്സില്‍നിന്നായിരുന്നു. 1847 ല്‍ തലശേരി ബാസല്‍ മിഷന്‍ പ്രകാശനം ചെയ്ത രാജ്യസമാചാരമായിരിക്കണം മലയാളത്തിലെ ആദ്യത്തെ പ്രസിദ്ധീകരണം. 1834 ല്‍ തിരുവനന്തപുരത്ത് സ്ഥാപിതമായ ഗവണ്‍മെന്റ് പ്രസ്സും 1847 ല്‍ തലശ്ശേരി ഇല്ലിക്കുന്നില്‍ ഉയര്‍ന്നുവന്ന ബാസല്‍ മിഷന്റെ ലിത്തോ പവര്‍ പ്രസ്സുമാണ് കേരളത്തിലെ മറ്റു ആദ്യകാല പ്രസ്സുകള്‍.
പുസ്തക നിര്‍മാണത്തിന്റെ പുതിയ ശൈലികള്‍ വളരെ ആകാംക്ഷയോടെയാണ് കേരളജനത വരവേറ്റത്. ഇതേ തുടര്‍ന്ന് കേരളത്തിന്റെ പല ഭാഗത്തും പ്രസ്സുകള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങി. പ്രസിദ്ധീകരണങ്ങളും അടിക്കടി കൂടിക്കൊണ്ടിരുന്നു. അച്ചടിയെ മൂല്യബോധത്തോടെ ഉപയോഗപ്പെടുത്തുകയെന്ന ഒരു ചിന്തയോടെയാണ് മുസ്‌ലിംകള്‍ ഈ മേഖലയിലേക്ക് കടന്നുവരുന്നത്.

കേരളമുസ്‌ലിംകളും പ്രസാധന ചിന്തയും
അറബി മലയാളത്തിലെ പ്രഥമ കൃതിയായ മുഹ്‌യദ്ദീന്‍ മാലയും കേരളമുസ്‌ലിം ചരിത്രത്തിലെ പ്രഥമ ഉദ്ദ്യമമായ തുഹ്ഫത്തുല്‍ മുജാഹിദീനും രൂപപ്പെട്ടുവന്ന പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍നിന്നുതന്നെ വേണം കേരളമുസ്‌ലിംകളുടെ സര്‍ഗാത്മക പ്രകടനത്തിന്റെയും പ്രസാധനചിന്തയുടെയും ചരിത്രം അന്വേഷിച്ചുതുടങ്ങാന്‍. ചരിത്രത്തിനും വസ്തുതകള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ ശാശ്വതത്വവും അമരത്വവും വേണമെന്ന് പണ്ഡിതന്മാര്‍ അന്നുതന്നെ ചിന്തിച്ചു. അതിനുള്ള വഴികള്‍ അന്നത്തെ നിലവാരത്തിനനുസരിച്ച് വികസിപ്പിക്കുകയും ചെയ്തു. അവിടന്നിങ്ങോട്ട് നാലു നൂറ്റാണ്ടുകാലം കേരളമുസ്‌ലിംകളുടെ സര്‍ഗാത്മകതയുടെ മാത്രം കഥ പറയുന്ന കാലങ്ങളാണ്. അറബിമലയാളം വികസിച്ചതു മുതല്‍  ആയിരക്കണക്കിന് സൃഷ്ടികളാണ് മുസ്‌ലിംകള്‍ക്കിടയില്‍നിന്നും ഉയര്‍ന്നുവന്നത്. മാലകള്‍, മൗലിദുകള്‍, പാട്ടുകള്‍, ലേഖനങ്ങള്‍, ഖണ്ഡനകൃതികള്‍, പ്രതികരണങ്ങള്‍, പഠനങ്ങള്‍, ആസ്വാദനങ്ങള്‍, വ്യാഖ്യാനങ്ങള്‍, വിവര്‍ത്തനങ്ങള്‍, നോവലുകള്‍, കഥകള്‍ തുടങ്ങി പലവിധ രചനകള്‍ ഇവിടെ ജന്മമെടുത്തു. കേവലം രചന എന്നതിലപ്പുറം പ്രസിദ്ധീകരിക്കപ്പെടുകയും വെളിച്ചം കാണുകയും ചെയ്തതുകൊണ്ടുതന്നെയാണല്ലോ ഈ  ചരിത്രങ്ങള്‍ക്ക് കൂടുതല്‍കാലം പിന്തുടര്‍ച്ചയുണ്ടായത്. പകര്‍ത്തിയെഴുത്തും കയ്യെഴുത്തുപ്രതി തയ്യാറാക്കലുമെല്ലാമായിരുന്നുവെങ്കിലും അക്കാലത്ത് അവ ജനങ്ങള്‍ക്കിടയിലെത്തിക്കാനുള്ള ശക്തമായ വഴികള്‍ വ്യാപകമായിത്തന്നെ നടന്നിരുന്നുവെന്നു വേണം മനസ്സിലാക്കാന്‍. കാരണം, അന്നു രചിക്കപ്പെട്ട അധികം പുസ്തകങ്ങളും കേരളം മൊത്തം പ്രസിദ്ധി നേടിയവയും പല ഭാഗങ്ങളിലും വായിക്കപ്പെട്ടവയും പഠിപ്പിക്കപ്പെട്ടവയുമായിരുന്നു.
പടപ്പാട്ടുകളും സമര സാഹിത്യങ്ങളും ശുഹദാക്കളുടെ അനുസ്മരണ ഗീതങ്ങളുമൊക്കെയായിരുന്നു  തൊട്ടടുത്ത കാലത്തിന്റെ രചനകള്‍. കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച രചനകളായിരുന്നു ഇവ. വന്‍ സ്വീകാര്യത നേടി എന്നുമാത്രമല്ല, ചുരുങ്ങിയ കാലയളവിനുള്ളില്‍ അവയുടെ ശക്തമായ പ്രതിഫലനങ്ങള്‍വരെ അന്നു സമൂഹത്തില്‍ പ്രത്യക്ഷമായിരുന്നു. മമ്പുറം തങ്ങളുടെയും ഫസല്‍ പൂക്കോയ തങ്ങളുടെയും ഉമര്‍ ഖാസിയുടെയുമെല്ലാം സംഭാവനകള്‍ ഇതില്‍ ഏറെ മഹത്തരമാണ്.
വാമൊഴി കൈമാറ്റമായിരുന്നു പ്രാചീന കേരള മുസ്‌ലിംകളുടെയും ജ്ഞാന പ്രസരണ ശൈലിയെങ്കിലും വരും തലമുറകളിലേക്ക് അവയെ എത്തിച്ചുകൊടുക്കാനും ഒരേ സമയം ഒരുപാട് വ്യക്തികള്‍ക്കിടയില്‍ അതിനെ പ്രസരിപ്പിക്കാനുമുള്ള മാര്‍ഗമെന്നോണം എഴുത്തും പ്രസിദ്ധീകരണവും അവര്‍ അനൗദ്യോഗികമായി നേരത്തെത്തന്നെ ആരംഭിച്ചതായി കാണാന്‍ കഴിയും. നിസ്‌കാരക്കണക്കും സബീനകളും ഓരോ നാട്ടിലെയും പ്രത്യേകം മാലകളും മൗലിദുകളും അനുഷ്ഠാന കോശങ്ങളുമെല്ലാം ഇതിനുദാഹരണമാണ്.

അച്ചുകൂടങ്ങളുടെ കടന്നുവരവ്
ഏറെ വ്യവസ്ഥാപിതമായ നിലക്ക് പ്രസാധന രംഗം കേരളമുസ്‌ലിംകളില്‍ വികസിച്ചുവരുന്നത് പത്തൊമ്പതാം നൂറ്റാണ്ടോടുകൂടിയാണ്. അധവാ, കേരളക്കരയില്‍ പ്രിന്റിംഗ് പ്രസ്സ് വ്യാപകമായിത്തുടങ്ങിയതുമുതല്‍ എന്നു ചുരുക്കം. ഒന്നുംകൂടി വ്യക്തമാക്കിപ്പറഞ്ഞാല്‍, മുസ്‌ലിംലോകത്തിന്റെ  പ്രസാധന ചിന്തയും പ്രതിഫലനങ്ങളും അതേ കാലത്തുതന്നെ കേരളക്കരയിലുമെത്തിയെന്നു ചുരുക്കം. മറ്റൊരു നിലക്ക് പറഞ്ഞാല്‍, കേരളത്തില്‍ ഇതര മതക്കാര്‍ എഴുത്തും പ്രസാധനവും തുടങ്ങിയ അതേ കാലത്തുന്നെ മുസ്‌ലിംകളും എഴുത്തും പ്രസിദ്ധീകരണവും ആരംഭിച്ചിട്ടുണ്ട്. എന്നല്ല, പലപ്പോഴും അവരെയെല്ലാം കവച്ചുവെക്കുന്ന നിലക്കായിരുന്നു സാഹിത്യമേഖലകളിലും ആദ്ധ്യാത്മിക രചനകളിലുമെല്ലാം മുസ്‌ലിംകളുടെ പ്രകടനങ്ങള്‍.
പ്രവാചകരുടെ കാലംമുതല്‍ത്തന്നെ ഇസ്‌ലാമികത്തനിമ നിലനിന്നിരുന്ന ഭൂമിയാണെല്ലോ കേരളം. അതുകൊണ്ടുതന്നെ, ആദ്ധ്യാത്മിക ഇസ്‌ലാമിക ചിന്തയെ നിലനിറുത്തുന്നതുമായി ബന്ധപ്പെട്ട് മുസ്‌ലിംലോകത്ത് കടന്നുവന്നിരുന്ന ചിന്തകളും ചര്‍ച്ചകളും പ്രതിരോധങ്ങളുമെല്ലാം കേരളമുസ്‌ലിംകള്‍ക്കിടയിലും കടന്നുവന്നിരുന്നു. പരമ്പരാഗത ഇസ്‌ലാമിക ചിന്തയെ കളങ്കപ്പെടുത്തുമെന്നു തോന്നുന്ന ഏതൊരു മാര്‍ഗത്തെയും വളരെ വിശദമായി പഠനവിധേയമാക്കിയതിനു ശേഷം മാത്രമേ അവര്‍ സ്വീകരിച്ചിരുന്നുള്ളൂ. പ്രിന്റിംഗ് പ്രസ്സും ഉപയോഗവും മുസ്‌ലിംലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷമായിരുന്നുവെന്ന് നാം മുമ്പു പറഞ്ഞു. ഏന്നാല്‍, ആശയപ്രചാരണമേഖലയില്‍ ഏറെ ഉപകാരപ്രദമാണെന്നു മനസ്സിലാക്കിയ കേരളമുസ്‌ലിംകള്‍ വളരെ ആവേശത്തോടെയാണ് ഇതിനെ സ്വീകരിച്ചത്. മതപ്രബോധനമേഖലയില്‍ ക്രൈസ്തവ മിഷനറിയില്‍നിന്നും വന്ന ഭീഷണികളെ പ്രതിരോധിക്കാന്‍ ഇതവര്‍ക്ക് ഏറെ ഉപകാരം ചെയ്തു. കേരളത്തില്‍ ഔദ്യോഗികമായി അച്ചുകൂടങ്ങള്‍ തുടങ്ങുകയും പ്രസാധനങ്ങള്‍ ആരംഭിക്കുകയും ചെയ്തതിനു തൊട്ടുപിന്നാലെത്തന്നെ മുസ്‌ലിംകളും ഈ മേഖലയില്‍ കടന്നുവന്നിരുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തോടുകൂടിയാണ് കേരളമുസ്‌ലിംകള്‍ക്കിടയില്‍ പ്രിന്റിംഗ് പ്രസ്സ് കടന്നുവരുന്നതെന്ന് നാം പറഞ്ഞു. പ്രധാനമായും കേരളത്തില്‍ ഏറെ ചരിത്രപ്രധാനമായ മൂന്നു പ്രദേശങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പ്രിന്റിംഗ് പ്രസ്സുകള്‍ വ്യാപിച്ചിരുന്നത്. തലശ്ശേരി, തിരൂരങ്ങാടി, പൊന്നാനി എന്നിവയാണവ. കേരളത്തിലെ ഒരേയൊരു മുസ്‌ലിം രാജവംശമായ അറക്കല്‍ രാജവംശവുമായി ബന്ധപ്പെട്ട് തലശ്ശേരിയും മാപ്പിളസമരങ്ങളുടെയും വീരപോരാളികളുടെയും മുഖ്യ കേന്ദ്രം എന്ന നിലക്ക് തിരൂരങ്ങാടിയും    കേരളമുസ്‌ലിം വൈജ്ഞാനിക ചരിത്രത്തിലെ പ്രശോഭിത അധ്യായം എന്ന നിലക്ക് പൊന്നാനിയും ഈ ചരിത്രത്തില്‍ സ്വാഭാവികമായും അനിവാര്യ പ്രതിനിധാനം കാഴ്ചവെച്ചതായിരിക്കണം. ലഭ്യമായ, ഏതു പഴയകാല രചനകളെടുത്തു പരിശോധിച്ചുനോക്കിയാലും ഈ മൂന്നിലേതെങ്കിലുമൊരു പ്രദേശത്തുനിന്നും മുദ്രണം ചെയ്യപ്പെട്ടവയായി കണ്ടെത്താന്‍ പറ്റും. 1960 കളില്‍ കാസര്‍കോട് ഭാഗങ്ങളില്‍നിന്നും പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങള്‍വരെ മുദ്രണം ചെയ്യപ്പെട്ടിരുന്നത് തിരൂരങ്ങാടിയില്‍നിന്നാണ്. ഖാസി മര്‍ഹൂം സി.എം. അബ്ദുല്ല മൗലവിയുടെ ചെമ്പിരിക്ക മാല ഒരു ഉദാഹരണം.
കണ്ണൂരിലെ അറക്കല്‍ കൊട്ടാരത്തിനടുത്ത് ആദം ഹാജി എന്നൊരാള്‍ 1869 ല്‍ തുടക്കംകുറിച്ച പ്രസ്സാണ് കേരളത്തില്‍ ആദ്യത്തെ അറബി മലയാള പ്രസ്സായി മനസ്സിലാക്കപ്പെടുന്നത്. ബ്രിട്ടീഷുകാര്‍ നേരത്തെത്തന്നെ  പ്രസ് നിര്‍മിക്കാനായി തെരഞ്ഞെടുത്ത ഒരു സ്ഥലമായിരുന്നു തലശേരി എന്നതിനാല്‍ അവിടത്തെ അനുഭവങ്ങളും പ്രവര്‍ത്തനങ്ങളും ഇതിന്റെ നിര്‍മാണത്തെ ത്വരിതപ്പെടുത്തിയിരിക്കണം. അറക്കല്‍ കുടുംബത്തില്‍നിന്നും വിവാഹം കഴിച്ച് എളയയായ മായിന്‍ കുട്ടി എളയ തന്റെ വിഖ്യാതമായ ഖുര്‍ആന്‍ പരിഭാഷ ആറ് വോള്യങ്ങളിലായി മുദ്രണം നിര്‍വഹിച്ചത് ഈ പ്രസ്സില്‍നിന്നായിരുന്നു. ജലാലൈനിയെ അടിസ്ഥാനമാക്കി അദ്ദേഹം തയ്യാറാക്കിയ ഈ ഗ്രന്ഥം അറക്കല്‍ കുടുംബത്തിന്റെ സഹായത്തോടെയാണ് പ്രസിദ്ധീകരിക്കപ്പെട്ടിരുന്നത്. ശേഷം കേരളക്കരയില്‍ ശ്രുതി നേടിയ പല രചനകളും ഇവിടെനിന്ന് മുദ്രണം ചെയ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞാവ മുസ്‌ലിയാരുടെ വിത്‌രിയ്യ: കാവ്യം വ്യാഖ്യാനം, പാടൂര്‍ കുഞ്ഞിക്കോയ മുസ്‌ലിയാരുടെ വൈതല്യം, എളയയുടെ തന്നെ രിദാമാല, ആഖിബത്ത് മാല തുടങ്ങിയവ ഉദാഹരണങ്ങള്‍.
1870 ന്റെ പരിസരങ്ങളിലായി തലശേരിയിലെ ഒരു വ്യാപാര കുടുംബമായ തീക്കൂക്കില്‍ തറവാട്ടിലെ  കുഞ്ഞഹമ്മദ് എന്നൊരാള്‍ തലശേരിയില്‍ ഒരു പ്രസ് സ്ഥാപിക്കുകയുണ്ടായി. അറബി മലയാളം അച്ചടിച്ചിരുന്ന കേരളത്തിലെ രണ്ടാമത്തെ മുസ്‌ലിം പ്രസ്സായിരിക്കണം ഇത്. വര്‍ഷങ്ങളോളം തലശേരിയിലെ ഇല്ലിക്കുന്നില്‍  ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ പ്രസ്സില്‍ ജോലിക്കാരനായിരുന്ന അദ്ദേഹം അതില്‍നിന്നും ഒഴിവായിവന്നായിരുന്നു ഈ പ്രസ് സ്ഥാപിച്ചിരുന്നത്. മുസ്ഹഫുകളായിരുന്നു കുഞ്ഞഹമ്മദിന്റെ പ്രസ്സില്‍നിന്നും കൂടുതലായി മുദ്രണം ചെയ്യപ്പെട്ടിരുന്നത്. അണിയാപ്പുറത്ത് അമ്മുവായിരുന്നു തലശേരിയിലെ മറ്റൊരു പ്രസ്സുടമ. പൊന്നാനിയില്‍പോയായിരുന്നു അദ്ദേഹം പ്രസ് നടത്തിയിരുന്നത്. അരയാലിപ്പുറത്ത് കുഞ്ഞഹമ്മദ്, നീരാറ്റിപ്പീടിക കുഞ്ഞഹമ്മദ്, വളപ്പിച്ചിക്കണ്ടി കുഞ്ഞിമൂസ, കണ്ണമ്പത്ത് ഹസന്‍, പാലിക്കണ്ടി കുഞ്ഞാമു, നെയ്യാന്‍വീട്ടില്‍ അബ്ദു തുടങ്ങിയവരും ഈ മേഖലയില്‍ പ്രസിദ്ധീകരണ രംഗത്ത് തിളങ്ങിനിന്നവരാണ്. കാരക്കാട് സഈദലി സ്ഥാപിച്ച മള്ഹറുല്‍ മുഹിമ്മാത്ത് പ്രസ്സാണ് ഇവിടെ ഏറെക്കാലം പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞ ഒരു മുദ്രണ ശാല. ശ്രദ്ധേയമായ പല പുസ്തകങ്ങളും ഇവിടെനിന്നും മുദ്രണം ചെയ്യപ്പെട്ടിട്ടുണ്ട്. പില്‍ക്കാലത്ത് ഇത് തിരൂരങ്ങാടിലേക്ക് മാറ്റിസ്ഥാപിക്കുകയുണ്ടായി. ചേരൂര്‍ ശുഹദാക്കളെക്കുറിച്ച് വിരചിതമായ ചേറൂര്‍ പടപ്പാട്ട് അച്ചടിച്ചതുകാരണം ബ്രിട്ടീഷ് പട്ടാളം കണ്ടുകെട്ടി സീല്‍ ചെയ്യുകയായിരുന്നു. 1934 മാര്‍ച്ചില്‍ ഒരു പ്രതിവാര പത്രമായി കെ.കെ. മുഹമ്മദ് ശാഫിയുടെ പത്രാധിപത്യത്തില്‍ ചന്ദ്രക ദിനപത്രം ആരംഭിച്ചതും തലശേരിയില്‍വെച്ചുതന്നെ. അച്ചുകൂടങ്ങളുടെ നാട് എന്നു ശ്രുതിപ്പെടാന്‍മാത്രം സാഹിത്യ-പ്രസാധന പ്രവര്‍ത്തനങ്ങള്‍കൊണ്ട് സമ്പന്നമായിക്കഴിഞ്ഞിരുന്നു അന്ന് തലശേരി. 1892 നും 1920 നും ഇടക്ക് എല്ലാ അര്‍ത്ഥത്തിലും വടക്കെ മലബാര്‍ കേരളത്തിന്റെ സാഹിത്യത്തറവാടായി മാറാന്‍ കാരണം തലശേരിയായിരുന്നു.
മമ്പുറം സയ്യിദ് അബ്ദുല്ലക്കോയ തങ്ങള്‍ പ്രസിദ്ധീകരിച്ച ഹിദായത്തുല്‍ ഇഖ്‌വാനാണ് മലബാറില്‍നിന്നും അറബി മലയാളത്തിലിറങ്ങിയ പ്രഥമ പത്രം. തിരൂരങ്ങാടിയില്‍നിന്നായിരുന്നു ഇത് പുറത്തിറങ്ങിയിരുന്നത്. തങ്ങളുടെതന്നെ ബറകാത്തുല്‍ മുഅ്മിനീന്‍ പ്രസ്സില്‍നിന്നായിരുന്നു ഇതിന്റെ മുദ്രണം. 1883 ല്‍ സ്ഥാപിതമായ ആമിറുല്‍ ഇസ്‌ലാം ലിത്തോ പവര്‍ പ്രസ്സാണ് പ്രധാനമായും തിരൂരങ്ങാടി പ്രസിദ്ധമായ പ്രസാധന ചരിത്രത്തിലേക്ക് കൂട്ടിക്കൊണ്ടുവരുന്നത്. ചാലിലകത്ത് അഹ്മദ് സാഹിബ്   സ്ഥാപിച്ച ഇതിന് അനവധി സാഹിത്യ സംഭാവനകള്‍ കേരളക്കരക്ക് സമ്മാനിക്കാന്‍ സാധിച്ചിട്ടുണ്ട്. പില്‍ക്കാലത്ത് ഇത് സി.എച്ച്. മുഹമ്മദ് ആന്റ് സണ്‍സ് എന്ന് പേര് മാറുകയും മലയാളത്തില്‍ പ്രസാധനമാരംഭിക്കുകയും ചെയ്തു. മാപ്പിളസാഹിത്യ തറവാട്ടിലെ പടുക്കളുടെ പല രചനകളും വെളിച്ചം കണ്ടത് ഇവിടെനിന്നായിരുന്നു. മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ ബദര്‍ പടപ്പാട്ട്, മലപ്പുറം പടപ്പാട്ട്, ബദ്‌റുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍, ശുജായി മൊയ്തു മൗലവിയുടെ സഫലമാല തുടങ്ങി മൂല്യമുള്ള വിവിധ രചനകള്‍ ഇവിടെനിന്നും പുറത്തിറങ്ങി. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പുസ്തകങ്ങള്‍ മുദ്രണം ചെയ്തിരുന്ന  അല്‍ മുര്‍ശിദ് ലിത്തോ പ്രസ്സും തിരൂരങ്ങാടിയിലായിരുന്നു. അലി ഹസന്‍ ഹാജിയായിരുന്നു സ്ഥാപകന്‍. ഇരുപതാം നൂറ്റാണ്ടിന്റെ സമാരംഭത്തില്‍ വിശ്രുതി നേടിയ മറ്റൊരു പ്രസ്സാണ് മിസ്ബാഹുല്‍ ഹുദാ പ്രസ്. 1921 ലെ മാപ്പിളമാരുടെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ചരിത്രഗാനം പുറത്തിറങ്ങിയത് ഇവിടെ വെച്ചായിരുന്നു. മഫാത്തിഹുല്‍ ഉലൂം പ്രസ്, മഹ്‌ളറത്തുല്‍ മുഹിമ്മാത്ത് പ്രസ്സ് തുടങ്ങിയവ സുപ്രധാനമായ മറ്റു ചില മുദ്രണ കേന്ദ്രങ്ങളാണ്.  സമസ്തയുടെ അല്‍ ബയാന്‍ മാസികയും മുസ്‌ലിയാരകത്ത് അഹ്മദ് കുട്ടി മുസ്‌ലിയാരുടെ ഹിജ്‌റ പടപ്പാട്ടും  പ്രസിദ്ധീകരിക്കപ്പെട്ടിരുന്നത് യഥാക്രമം ഇവയില്‍നിന്നായിരുന്നു.
പ്രസാധനരംഗത്ത് കാലങ്ങളോളം തിളങ്ങി നിന്ന ഒരു നാടാണ് പൊന്നാനി. കേരളമുസ്‌ലിംകളുടെ ജീവിതത്തില്‍ അലിഞ്ഞു ചേര്‍ന്ന അനവധി ചെറുതും വലുതുമായ രചനകള്‍ മുദ്രണം ചെയ്യപ്പെട്ടത് പൊന്നാനിയില്‍വെച്ചായിരുന്നു. അറബിമലയാള അച്ചുകൂടങ്ങളുടെ നാടായാണ് മലബാറിലെ ചെറിയ മക്കയായ പൊന്നാനി അറിയപ്പെടുന്നത് തന്നെ. അണിയാപുരത്ത് അമ്മു സ്ഥാപിച്ച മുഹ്കിയല്‍ ഗറാഇബ് ആണ് പൊന്നാനിയിലെ പ്രഥമ പ്രസ്സായി മനസ്സിലാക്കപ്പെടുന്നത്. തലശേരിയില്‍നിന്നും ഇവിടെ വന്ന് പ്രസ് നടത്തുകയായിരുന്നു അമ്മു. ശുജായി മൊയ്തു മൗലവിയുടെ പല കൃതികളും മുദ്രണം ചെയ്യപ്പെട്ടത് ഇവിടെ വെച്ചാണ്. റോയല്‍ പ്രസ് (കൊങ്ങണംവീട്ടുകാര്‍), പൊന്നാനി അച്ചുകൂടം (എം.പി.ഒ. മുഹമ്മദ്), മോഡല്‍ ലിത്തോ പ്രിന്റിംഗ് പ്രസ് (പി.ടി. ആലിക്കോയ), നൂറുല്‍ ഹിദായ പ്രസ് (കെ. നൂറുദ്ദീന്‍), മഥ്ബഅത്തുല്‍ ഇസ്‌ലാമിയ്യ ലിത്തോ പ്രസ് (സി. സൈതാലിക്കുട്ടി), മമ്പഉല്‍ ഹിദയ, മഹ്‌ളറത്തുല്‍ അദ്ല്‍,  തുടങ്ങിയവ പൊന്നാനിയിലെ സുപ്രധാന അച്ചുകൂടങ്ങളായിരുന്നു. വിവിധ തലങ്ങളില്‍ വ്യാപകമായ സേവനങ്ങള്‍ നടത്തിയിരുന്ന നൂറോളം അച്ചുകൂടങ്ങളാണ് ഒരു കാലത്ത് അവിടെ ഉണ്ടായിരുന്നത്.
1880 കളില്‍ സ്ഥാപിതമായ മമ്പഉല്‍ ഹിദായ (കായംകുളം), ആമിറുല്‍ ഇസ്‌ലാം ലിത്തോ പ്രസ് (ആലപ്പുഴ, 1886), മുഹ്കിയത്തുല്‍ ഗറാഇബ് (മട്ടാഞ്ചേരി) തുടങ്ങി അനവധി പ്രസ്സുകള്‍ ഇക്കാലത്ത് ദക്ഷിണകേരളത്തിലും ഉയര്‍ന്നുവന്നിരുന്നു. കാസര്‍കോട്  മുബാറക് പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് ഹൗസ് ഉത്തര മലബാറില്‍ പേര് കേട്ട മുദ്രണാലയമാണ്. മുസ്‌ലിംകളെ അക്ഷരാഭ്യാസമുള്ളവരാക്കുന്നതില്‍ ഈ പ്രസ്സുകളെല്ലാം വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.

പ്രസാധനം ഇരുപതാം നൂറ്റാണ്ടില്‍
ഇരുപതാം നൂറ്റാണ്ടിന്റെ ആഗമനത്തോടെ കേരളമുസ്‌ലിംകള്‍ക്കിടയില്‍ പ്രസാധന സംരംഭങ്ങള്‍ ഏറെ ശക്തിപ്പെട്ടു. ധാരാളം പുതിയ പ്രസാധനാലയങ്ങള്‍ ഉയര്‍ന്നുവരികയും പല പഴയവയും ഇല്ലാതാവുകയോ പൂര്‍വ്വോപരി ശക്തിപ്പെടുകയോ ചെയ്യുകയും ചെയ്തു. മുസ്‌ലിംകള്‍ക്ക് പൊതുബോധമുണ്ടാക്കുന്ന സ്വഭാവമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിലെ പുസ്തകങ്ങള്‍ക്ക് ഉണ്ടായിരുന്നതെങ്കില്‍, മുസ്‌ലിം വിശ്വാസത്തെ ശക്തിപ്പെടുത്തുകയും സ്ഥാപിക്കുകയും ചെയ്യുന്നവയായിരുന്നു ഇരുപതാം നൂറ്റാണ്ടിലെ പുസ്തകങ്ങള്‍. കേരളത്തില്‍ ബിദഈ ചിന്തകള്‍ വേര് പിടിക്കുകയും അവരുടെ ആശയപ്രചരണം നാടുനീളെ  പരക്കുകയും ചെയ്തിരുന്ന ഒരു കാലമായിരുന്നു ഇത്. അവാന്തര കക്ഷികളുടെ ജന്മത്തിലൂടെ ഉത്തരേന്ത്യയില്‍  അച്ചടിപ്രളയം സംഭവിച്ചപോലെത്തന്നെയായിരുന്നു കേരളത്തിലും ഈ സമയം സംഭവിച്ചത്. തങ്ങളുടെ ആദര്‍ശത്തെയും വിശ്വാസത്തെയും ഉയര്‍ത്തിക്കാണിക്കാന്‍ ഓരോ വിഭാഗവും ശക്തമായിത്തന്നെ തൂലിക പ്രയോഗിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഓരോ കക്ഷിക്കും പ്രത്യേകം പ്രസാധനാലയങ്ങള്‍ ഉയരുകയും പ്രിന്റിംഗ് പ്രസ്സുകള്‍ രൂപംകൊള്ളുകയും ചെയ്തിരുന്നു. 1920 കളില്‍ ഈജിപ്തില്‍നിന്നും സഊദി അറേബ്യയില്‍നിന്നുമായി യഥാക്രമം അധിഭൗതികതയെയും അതിയാഥാസ്തികതയെയും സമ്മേളിപ്പിച്ചുകൊണ്ട് പുതിയൊരു ചിന്താഗതി കേരളത്തിലെത്തിയപ്പോള്‍ അതിനെ ന്യായീകരിക്കാനായി പ്രസാധന പ്രളയം തന്നെയായിരുന്നു ഉണ്ടായിരുന്നത്. അതിനെ പ്രതിരോധിച്ചുകൊണ്ട് ഇസ്‌ലാമിന്റെ പാരമ്പര്യ ചിന്തയെ നിലനിര്‍ത്തുകയെന്ന ഉദ്ദേശ്യത്തോടെ ഒരു എതിര്‍-പുസ്തക പ്രളയവും (counter book revolution) അരങ്ങേറുകയുണ്ടായി.
വ്യക്തികളിലധിഷ്ഠിതമായ പ്രസാധന ശൈലിയില്‍നിന്നും സംഘടിത പ്രസാധന ശൈലിയിലേക്കുള്ള മാറ്റമായിരുന്നു ഇരുപതാം നൂറ്റാണ്ടോടെ സംഭവിച്ചത്. എങ്കിലും, ഇരുപതിന്റെ തുടക്കത്തിലും വ്യക്തികേന്ദ്രീകൃത പ്രസാധന ശൈലിതന്നെയാണ് നിലനിന്നിരുന്നത്. പണ്ഡിതന്മാര്‍ക്കിടയില്‍നിന്നും ഒരുപാട് രഹസ്യ രചനകള്‍ ഇക്കാലത്ത് പുറത്ത് വന്നിട്ടുണ്ട്.
1924 ല്‍ കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് കോഴിക്കോട് സ്ഥാപിച്ച അല്‍ അമീന്‍ പ്രസ് മുസ്‌ലിംകള്‍ക്ക് വിദ്യാഭ്യാസ ത്വര ജനിപ്പിക്കുന്ന പല നല്ല കൃതികള്‍ക്കും ജന്മം നല്‍കി. വാളക്കുളം അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ പുതുപ്പറമ്പില്‍ നടത്തിയിരുന്ന പ്രസ്സും ഈ മേഖലയിലെ വലിയൊരു സംരംഭമായിരുന്നു. 1950 ല്‍ അല്‍ ബയാന്‍ പന:പ്രസിദ്ധീകരണം തുടങ്ങിയപ്പോള്‍ അവിടെനിന്നാണ് മുദ്രണം ചെയ്യപ്പെട്ടിരുന്നത്. അബ്ദുല്‍ ബാരി മുസ്‌ലിയാരായിരുന്നു ഇതിന്റെ ചെലവ് പൂര്‍ണമായും വഹിച്ചിരുന്നത്. ചുരുങ്ങിയ കാലമേ ഈ പ്രസ്സ് നിലനിന്നിരുന്നുള്ളൂ എന്നിരുന്നാലും സമസ്തയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും പ്രിന്റ് ചെയ്തത് അവിടെ വെച്ചായിരുന്നു. 1948 ല്‍ തൃശൂരിലെ വിയ്യൂരില്‍ സ്ഥാപിതമായ ആമിന ബുക്സ്റ്റാള്‍ മുസ്‌ലിംകള്‍ അവശ്യം അറിഞ്ഞിരിക്കേണ്ട പല കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലബാറില്‍ മുഴുക്കെയും അവിടെനിന്നും പുറത്തിറങ്ങിയ പുസ്തകങ്ങള്‍ക്ക് വായനക്കാരുണ്ടായിരുന്നു. പഴമക്കാര്‍ക്കെന്ന പോലെ പുതിയ തലമുറക്കും ഈ നാമം ഇന്ന് സുപരിചിതമാണ്. കെ.ബി. അബൂബക്ര്‍ എന്നയാളായിരുന്നു ഇത് ആരംഭിച്ചത്. ബദ്ര്‍ വിജയം എന്നതായിരുന്നു ആമിന പ്രസിദ്ധീകരിച്ച പ്രഥമ കൃതി. 1950 ല്‍ സ്ഥാപിതമായ കോഴിക്കോടെ ഗ്രീന്‍ഹൗസാണ് മറ്റൊരു പ്രസാധനാലയം. സി.എച്ഛ്. മുഹമ്മദ് കോയയും ഒരു അബ്ദുര്‍റഹ്മാനും ചേര്‍ന്നായിരുന്നു ഇത് തുടങ്ങിയത്. വിജ്ഞാനപ്രദമായ പുസ്തകങ്ങള്‍ക്കാണ് ഇവര്‍ പ്രാധാനം നല്‍കിയത്.   സി.എച്ഛ്. രചിച്ച പല പുസ്തകങ്ങളും പുറത്ത് വന്നത് ഇതിലൂടെയായിരുന്നു. മുസ്‌ലിംലീഗിനെക്കുറിച്ചും മുസ്‌ലിംലീഗ് നേതാക്കളെക്കുറിച്ചും ഇതിലൂടെ വ്യത്യസ്ത കൃതികള്‍ വെളിച്ചം കാണുകയുണ്ടായി. 1949 ല്‍ എരഞ്ഞിപ്പാലത്തുവന്ന ബുഷ്‌റ പബ്ലിഷിംഗ് ഹൗസും 1952 ല്‍ തിരൂരങ്ങാടിയില്‍ വന്ന ഉബൈദിയ്യ പബ്ലിഷിംഗ് ഹൗസും ധാരാളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തലശേരിയിലെ അനീസ് പബ്ലിഷേഴ്‌സ്, ആയഞ്ചേരിയിലെ നാസ്വിര്‍ ബുക്സ്റ്റാള്‍, മഞ്ചേരിയിലെ ഹാദി പബ്ലിക്കേഷന്‍, 1962 ല്‍ തിരൂരങ്ങാടിയില്‍ തുടങ്ങിയ കെ. അഹ്മദ് കുട്ടി ആന്റ് സണ്‍സ് ബുക്സ്റ്റാള്‍, 1980 ല്‍ കോഴിക്കോട് തുടങ്ങിയ അല്‍ ഹുദാ ബുക്‌സറ്റാള്‍, 1977 ല്‍ കെ. ആലിക്കുട്ടി ഹാജി വൈലത്തൂരില്‍ സ്ഥാപിച്ച അയ്യൂബി ബുക്ഹൗസ്, ഡോ. സി.കെ. കരീം തിരുവനന്തപരുത്ത് സ്ഥാപിച്ച ചരിത്രം പബ്ലിക്കേഷന്‍, 1986 ല്‍ സ്ഥാപിച്ച തിരൂരങ്ങാടി ബുക്സ്റ്റാള്‍, 1992 ല്‍ തുടങ്ങിയ അശ്‌റഫി ബുക്സ്റ്റാള്‍ തുടങ്ങിയവ മുസ്‌ലിം പ്രസിദ്ധീകരണ മണ്ഡലത്തില്‍ നിറഞ്ഞുനിന്ന പ്രസാധനാലയങ്ങളാണ്. ഇവയില്‍ പലതും പുത്തനാശയക്കാരുടെതാണെങ്കിലും കേരളമുസ്‌ലിംകളുടെ ചരിത്രസംബന്ധമായും പരമ്പരാഗത ഇസ്‌ലാമിക ചിന്തയിലൂന്നിയും അനവധി മൗലിക രചനകള്‍ ഇവ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. മലബാറിലെ മാപ്പിളമാര്‍ക്കിടയില്‍ വളരെ കുറഞ്ഞ റേറ്റില്‍ മുസ്ഹഫ് ലഭ്യമാക്കുന്നതിലും നിത്യജീവിതവുമായി ബന്ധപ്പെട്ട അനവധി പാരമ്പര്യ രചനകള്‍ പുറത്തുകൊണ്ടുവരുന്നതിലും ഇവയില്‍ പല പബ്ലിഷേഴ്‌സും ചെയ്ത നന്മകള്‍ വളരെ വിലപ്പെട്ടതും മഹത്തരവുമാണ്. പല പബ്ലിഷേഴ്‌സും ഉള്ളിലൂടെ തങ്ങളുടെ ആശയം കുത്തിവെക്കാന്‍ ശക്തമായി ശ്രമിക്കാറുണ്ടെങ്കുലം പല പ്രസാധനാലയങ്ങളും പ്രസിദ്ധീകരണ മേഖലയില്‍ ഒരു പൊതു സ്വഭാവം സ്വീകരിക്കുന്നതു കാണം. എന്നാല്‍, പ്രസാധനാലയങ്ങളാകട്ടെ, ആദര്‍ശ വിഷയങ്ങളിലേക്ക് തീരെ കടന്നുവരാതെ പൊതുവെ മുസ്‌ലിംകള്‍ അറിഞ്ഞിരിക്കേണ്ട ചരിത്രം, ശാസ്ത്രം പോലെയുള്ള വിഷയങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നവയായിരുന്നു, കോഴിക്കോട് അല്‍ ഇര്‍ശാദ് ബുക്സ്റ്റാള്‍, പൂങ്കാവനം ബുക്‌സ്,  കാപിറ്റല്‍ ബുക്സ്റ്റാള്‍, ഇസ്‌ലാം പബ്ലിഷിംഗ് ബ്യൂറോ തുടങ്ങിയവ ഈ മേഖലയില്‍ വേര് വിരിച്ചുകൊണ്ടിരിക്കുന്ന മറ്റു പ്രധാന സംരംഭങ്ങളാണ്.

നൂതന ചിന്തകളും പ്രസാധന സമരങ്ങളും
1920 കള്‍ക്കു ശേഷം കേരളമുസ്‌ലിംകളുടെ വിശ്വാസ രംഗത്ത് വന്ന ഭിന്നിപ്പ് കേരളത്തിലെ പ്രസാധന മേഖലയെ ചൂടുപിടിപ്പിച്ചിട്ടുണ്ടെന്ന് നാം നേരത്തെ പറഞ്ഞു. ഇതിന്റെ പ്രതിഫലനമായി ഇവിടെ ധാരാളം പ്രസാധനാലയങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇവയില്‍ പലതിനെയും നാം മുമ്പ് സൂചിപ്പിച്ചു. എന്നാല്‍, ആശയ പ്രചരണ മേഖലയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നവയായും ഇവയില്‍ ധാരാളമുണ്ടായിരുന്നു. തിരുവനന്തപുരത്ത് വക്കം മൗലവിയും അനുയായികളും സ്ഥാപിച്ച പ്രസിദ്ധീകരണ സംരംഭങ്ങള്‍ ഇതിനുദാഹരണമാണ്. ശേഷം, അതിന്റെ അനവധി കൈവഴികള്‍ കേരളത്തിലുടനീളം പ്രത്യക്ഷപ്പെടുകയുണ്ടായി. കേരളമുസ്‌ലിംകളെ സുന്നത്തു ജമാഅത്തില്‍ നിന്നും അകറ്റി നിര്‍ത്തി വഹാബി യുക്തി ചിന്തയുടെ ഉപാസകരാക്കി മാറ്റുകയെന്നതായിരുന്നു ഇവയുടെയെല്ലാം പ്രധാന ധര്‍മം. 1945 ല്‍ മലപ്പുറം ജില്ലയിലെ ഇരിമ്പിളിയത്ത് ജമാഅത്തെ ഇസ്‌ലാമി പ്രഥമ അമീര്‍ വി.പി. മുഹമ്മദലി തുടങ്ങിയ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസും 1960 ല്‍ കെ.എന്‍.എം. ആരംഭിച്ച കെ.എന്‍.എം. പബ്ലിഷിംഗ് ഹൗസും 1987 ല്‍ ഐ.എസ്.എം. സംസ്ഥാന സമിതിക്കു കീഴില്‍ തുടങ്ങിയ യുവത ബുക് ഹൗസും അവരുടെ ആശയ പ്രചരണമേഖലയില്‍ വലിയ ആശയ പ്രചരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സുന്നത്ത് ജമാഅത്തിന്റെ ആളുകളെ ഇകഴ്ത്തിക്കാണിക്കാനും അവരെ അക്ഷരവിരോധികളാക്കി ചിത്രീകരിക്കാനും എണ്ണമറ്റ പ്രസിദ്ധീകരണങ്ങള്‍ അവര്‍ ഉപയോഗിച്ചു. ഇന്നും ഇതേ വാദമുഖങ്ങളുമായി അവര്‍ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നു.

നൂതന ചിന്തകളും പ്രസാധന സമരങ്ങളും
1920 കള്‍ക്കു ശേഷം കേരളമുസ്‌ലിംകളുടെ വിശ്വാസ രംഗത്ത് വന്ന ഭിന്നിപ്പ് കേരളത്തിലെ പ്രസാധന മേഖലയെ ചൂടുപിടിപ്പിച്ചിട്ടുണ്ടെന്ന് നാം നേരത്തെ പറഞ്ഞു. ഇതിന്റെ പ്രതിഫലനമായി ഇവിടെ ധാരാളം പ്രസാധനാലയങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇവയില്‍ പലതിനെയും നാം മുമ്പ് സൂചിപ്പിച്ചു. എന്നാല്‍, ആശയ പ്രചരണ മേഖലയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നവയായും ഇവയില്‍ ധാരാളമുണ്ടായിരുന്നു. തിരുവനന്തപുരത്ത് വക്കം മൗലവിയും അനുയായികളും സ്ഥാപിച്ച പ്രസിദ്ധീകരണ സംരംഭങ്ങള്‍ ഇതിനുദാഹരണമാണ്. ശേഷം, അതിന്റെ അനവധി കൈവഴികള്‍ കേരളത്തിലുടനീളം പ്രത്യക്ഷപ്പെടുകയുണ്ടായി. കേരളമുസ്‌ലിംകളെ സുന്നത്തു ജമാഅത്തില്‍ നിന്നും അകറ്റി നിര്‍ത്തി വഹാബി യുക്തി ചിന്തയുടെ ഉപാസകരാക്കി മാറ്റുകയെന്നതായിരുന്നു ഇവയുടെയെല്ലാം പ്രധാന ധര്‍മം. 1945 ല്‍ മലപ്പുറം ജില്ലയിലെ ഇരിമ്പിളിയത്ത് ജമാഅത്തെ ഇസ്‌ലാമി പ്രഥമ അമീര്‍ വി.പി. മുഹമ്മദലി തുടങ്ങിയ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസും 1960 ല്‍ കെ.എന്‍.എം. ആരംഭിച്ച കെ.എന്‍.എം. പബ്ലിഷിംഗ് ഹൗസും 1987 ല്‍ ഐ.എസ്.എം. സംസ്ഥാന സമിതിക്കു കീഴില്‍ തുടങ്ങിയ യുവത ബുക് ഹൗസും അവരുടെ ആശയ പ്രചരണമേഖലയില്‍ വലിയ ആശയ പ്രചരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സുന്നത്ത് ജമാഅത്തിന്റെ ആളുകളെ ഇകഴ്ത്തിക്കാണിക്കാനും അവരെ അക്ഷരവിരോധികളാക്കി ചിത്രീകരിക്കാനും എണ്ണമറ്റ പ്രസിദ്ധീകരണങ്ങള്‍ അവര്‍ ഉപയോഗിച്ചു. ഇന്നും ഇതേ വാദമുഖങ്ങളുമായി അവര്‍ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നു.

നേര്‍വഴിയുടെ പ്രസാധന മുഖങ്ങള്‍
അണപൊട്ടി വന്ന ബിദഈ ചിന്തകളെയും വികല സാഹിത്യങ്ങളെയും അതേ നാണയത്തില്‍ത്തന്നെ തിരിച്ചടിക്കാന്‍ കേരളത്തിലെ മുസ്‌ലിം പണ്ഡിതന്മാര്‍ എന്നും പ്രതിജ്ഞാബദ്ധരായിരുന്നു. ഓരോ കാലത്ത് തങ്ങളുടെ നിലവാരം വെച്ച് അവരത് നിര്‍വഹിക്കുകയും ചെയ്തിരുന്നു. ഏതു അരുതായ്മകള്‍ക്കെതിരെയും പേനകൊണ്ടും ജിഹ്വകൊണ്ടും അവര്‍ പൊരുതി. പണ്ട് കൊണ്ടോട്ടി-പൊന്നാനി കൈത്തര്‍ക്കം ശക്തമായപ്പോള്‍    ശൈഖ് ജിഫ്‌രി കൊണ്ടോട്ടിക്കൈക്കെതിരെ പുസ്തകമെഴുതിയാണ് അതിനെതിരെ തിരിഞ്ഞത്. അതോടെ ഖണ്ഡനങ്ങളുടെയും മണ്ഡനങ്ങളുടെയും ഒരു സാഹിത്യ പ്രളയം തന്നെ അവിടെ അരങ്ങേറുകയായിരുന്നു.  കേരളത്തിലാകെ ചാലിലകത്ത് കുഞ്ഞഹമ്മദാജിയുടെ കാലത്ത് ഖിബ്‌ലാ തര്‍ക്കം തലപൊക്കിയപ്പോഴും ഇതേ പുസ്തക പ്രളയം ഉടലെടുത്തു. പ്രവാചകരുടെയും അനുയായികളുടെയും പരമ്പരാഗത വിശ്വാസങ്ങള്‍ നിലനിര്‍ത്തിപ്പോന്നിരുന്ന കേരളമുസ്‌ലിംകള്‍ക്കെതിരെ ഓര്‍ക്കാപ്പുറത്ത് ശിര്‍ക്കാരോപണം ഉയര്‍ന്നുവന്നപ്പോഴും ഇതേ പ്രളയം തന്നെ പുനരവതരിക്കുകയായിരുന്നു. പണ്ഡിതന്മാര്‍ ശക്തമായി രംഗത്തുവരികയും പല്ലും നഖവും ഉപയോഗിച്ച് അതിനെ പ്രതിരോധിക്കുകയും ചെയ്തു. ഇതിനായി വൈയക്തികമായും രഹസ്യമായും അനവധി രചനകള്‍ അവരുടെ ഭാഗത്തുനിന്നും ഉയര്‍ന്നുവന്നു. ജീവിതത്തിലൂടെ അതിനായി ഉറച്ചുനില്‍ക്കുകയും ചെയ്തു.
എന്നാല്‍, ബിദ്അത്തിനെതിരെ സംഘടിതമായൊരു പ്രസാധന മുഖം തുറക്കുന്നത് സമസ്തയുടെ മൂന്നാം വാര്‍ഷിക സമ്മേളനത്തിലായിരുന്നു. 1929 ജനുവരി ഏഴിന് പഴയ വള്ളുവനാട് താലൂക്കിലെ ചെമ്മങ്കുഴിയില്‍ വെച്ചാണ് ഇത് നടന്നിരുന്നത്. മൗലാനാ അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ ആധ്യക്ഷ്യം വഹിച്ച ഈ സമ്മേളനത്തില്‍ സമസ്തക്കൊരു മുഖപത്രം പ്രസിദ്ധീകരിക്കണമെന്ന വിഷയം ചര്‍ച്ചചെയ്യുകയും തീരുമാനിക്കുകയും ചെയ്തു. 1929 ഡിസംബര്‍ മാസത്തില്‍ത്തന്നെ ഒന്നാം പുസ്തകം ഒന്നാം ലക്കം പുറത്തിറങ്ങി. പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരായിരുന്നു പ്രഥമ പത്രാധിപര്‍. സമസ്തയുടെ ചരിത്രത്തില്‍ത്തന്നെ വലിയൊരു സംഭവമായിരുന്നു ഇത്. ചില സാങ്കേതിക കാരണങ്ങളാല്‍ പില്‍ക്കാലത്തിത് നിലച്ചു. 1945 ല്‍ കാര്യവട്ടത്തു ചേര്‍ന്ന പതിനാറാം സമ്മേളനത്തില്‍ സമസ്തയുടെ പ്രസാധന രംഗം ശക്തിപ്പെടുത്താന്‍ വീണ്ടും തീരുമാനമായി. അതിനെത്തുടര്‍ന്ന്, 1950 ഒക്‌ടോബര്‍ മാസത്തില്‍ അല്‍ ബയാന്‍ മാസിക പുനരാരംഭിച്ചു. കെ.പി. ഉസ്മാന്‍ സാഹിബായിരുന്നു പത്രാധിപര്‍. ശേഷം, അബ്ദുല്‍ ബാരി മുസ്‌ലിയാര്‍, പറവണ്ണ മുഹ്‌യദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, കോട്ടുമല അബൂബക്ര്‍ മുസ്‌ലിയാര്‍ തുടങ്ങിയവരും ഇതിന്റെ പത്രാധിപരായി സേവനം ചെയ്തിട്ടുണ്ട്.
1954 ല്‍ തിരൂരങ്ങാടിയില്‍നിന്നും അല്‍ ബയാന്‍ മലയാള മാസിക പുറത്തിറങ്ങി. ടി.കെ. അബ്ദുല്ല മൗലവിയായിരുന്നു പത്രാധിപര്‍. അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ വിശ്വാസപ്രകാരം നടത്തപ്പെടുന്ന ഒരു സ്വതന്ത്ര മാസിക എന്നായിരുന്നു അതിന്മേല്‍ കുറിച്ചുവെച്ചിരുന്നത്. 1960 മാര്‍ച്ച് മാസത്തില്‍ (ഹി. 1380 ജമാദുല്‍ ഊലാ) തിരൂരങ്ങാടിയില്‍നിന്നും അല്‍ ബുര്‍ഹാന്‍ അറബി മലയാള മാസിക പുറത്തിറങ്ങി. കെ.വി. മുഹമ്മദ് മുസ്‌ലിയാരായിരുന്നു മുഖ്യ പത്രാധിപര്‍. പരപ്പനങ്ങാടി ബയാനിയ്യാ പ്രസ്സില്‍നിന്നാണ് അത് മുദ്രണം ചെയ്യപ്പെട്ടിരുന്നത്. 1975 ല്‍ വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ അല്‍ മുഅല്ലിം അറബി-അറബി മലയാള മാസിക പുറത്തിറങ്ങി. ഒരു ഭാഗത്ത് അറബി ലേഖനങ്ങളും മറുഭാഗത്ത് അറബി-മലയാള ലേഖനങ്ങളുമാണ് ഇതില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നത്. 1950 നവംബര്‍ മാസത്തില്‍ ഹിദായത്തുല്‍ മുഅ്മിനീന്‍ മലയാള മാസിക പുറത്തിറങ്ങി. എലത്തൂര്‍ സ്വദേശി എന്‍. അഹ്മദ് ഹാജിയിയാരുന്നു മുഖ്യ പത്രാധിപര്‍. 1953 ല്‍ പൊന്നാനിയില്‍നിന്നും ഹിക്മത്ത് മാസിക പ്രസിദ്ധീകരിക്കപ്പെട്ടു. വി.കെ.എം. മൗലവിയായിരുന്നു ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്. ശേഷം, നാട്ടിക വി. മൂസ മുസ്‌ലിയാരുടെ പത്രാധിപത്യത്തില്‍ ഹിക്മത്ത് മാസിക തൃശൂരില്‍നിന്നും കുറച്ചുകാലം പുറത്തിറങ്ങുകയുണ്ടായി. 1955 ല്‍ പറവണ്ണ മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നൂറുല്‍ ഇസ്‌ലാം എന്നൊരു മാസിക പുറത്തിറങ്ങിയിരുന്നു. രണ്ടു വര്‍ഷം നീണ്ടുനിന്ന അത് ശേഷം നിലച്ചുപോവുകയായിരുന്നു. 1965 ല്‍ മലപ്പുറത്തുനിന്നും അല്‍ ജിഹാദ് മാസിക പ്രസിദ്ധീകരിക്കപ്പെട്ടു. ഒരു വര്‍ഷം മാത്രം നീണ്ടുനിന്ന ഇതിന്റെ പത്രാധിപര്‍ മുഹമ്മദ് സലീം ഫദ്ഫരി ഖാസിമായായിരുന്നു. 1971 ല്‍ അല്‍ ജലാല്‍ എന്ന പേരില്‍ കോഴിക്കോട്ടുനിന്നും ഒരു മാസിക പ്രസിദ്ധീകരിക്കപ്പെട്ടു. ഇ.കെ. ഹസന്‍ മുസ്‌ലിയാരുടെയും കെ.എം. മമ്മദ് കോയയുടെയും പത്രാധിപത്യത്തിലാണ് ഇത് പുറത്തിറങ്ങിയിരുന്നത്. ശേഷം, മമ്മദ് കോയയുടെ കാര്‍മികത്വത്തില്‍ സുന്നത്ത് മാസികയും പുറത്തിറങ്ങി. 1964 ല്‍ സുന്നിടൈംസ് വാരിക പ്രസിദ്ധീകരിക്കപ്പെട്ടു. കെ.വി. മുഹമ്മദ് മുസ്‌ലിയാരായിരുന്നു പ്രഥമ മുഖ്യപത്രാധിപര്‍. ശേഷം, കെ.ടി. മാനുമുസ്‌ലിയാരും ഈ സ്ഥാനം അലങ്കരിച്ചു. കെ.വി.യുടെതന്നെ പത്രാധിപത്യത്തില്‍ താനൂരില്‍നിന്നും പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന മറ്റൊരു മാസികയായിരുന്നു അല്‍ ബുര്‍ഹാന്‍ മാസിക. കൂടുതല്‍ കാലം പിടിച്ചുനില്‍ക്കുന്നതിനു മുമ്പുതന്നെ അസ്തമിച്ചുപോയി. 1960 ലാണ് ഇത് പ്രസിദ്ധീകരിക്കപ്പെട്ടിരുന്നത്. 1958 ല്‍ വണ്ടൂരില്‍നന്നും നുസ്‌റത്തുല്‍ അനാം മാസിക പ്രസിദ്ധീകരിക്കപ്പെട്ടു. സ്വദഖത്തുല്ല മുസ്‌ലിയാരായിരുന്നു പത്രാധിപര്‍. 1984 ല്‍ കാസര്‍കോട് ദേളിയില്‍നിന്നും അദ്ദഅവ മാസിക പ്രസിദ്ധീകരിക്കപ്പെട്ടു.  ഖാസി സി.എം. അബ്ദുല്ല മൗലവിയായിരുന്നു മുഖ്യപത്രാധിപര്‍. വര്‍ഷങ്ങളോളം നീണ്ടുനിന്ന ഇത് ഉത്തര മലബാറിലെ ശ്രദ്ധേയമായ ഒരു പ്രസിദ്ധീകരണമായിരുന്നു. ശുദ്ധമലയാളത്തില്‍ കാലികപ്രസക്തമായ ലേഖനങ്ങളാണ് അതില്‍ ഉണ്ടായിരുന്നത്. വിവര്‍ത്തനങ്ങളും പഠനങ്ങളും എല്ലാം അച്ചടിച്ചുവന്നിരുന്നു. 1984 ല്‍ കോട്ടക്കലില്‍നിന്നും ഹിക്മത്ത് വാരിക പ്രസിദ്ധീകരിക്കപ്പെട്ടു. ഡോ. ബഹാഉദ്ദീന്‍ കൂരിയാടായിരുന്നു മുഖ്യപത്രാധിപര്‍. 1989 നു ശേഷം കേരള മുസ്‌ലിം പ്രസിദ്ധീകരണ രംഗത്ത് വീണ്ടും അനവധി പുതുവെളിച്ചങ്ങല്‍ ദൃശ്യമായി. 1991 ല്‍ സുന്നിയുവജനസംഘത്തിന്റെ മുഖപത്രമായി സുന്നി അഫ്കാര്‍ പ്രകാശനം ചെയ്യപ്പെട്ടു. ശംസുല്‍ ഉലമ ഉമറലി തങ്ങള്‍ക്ക് കോപ്പി നല്‍കിയായിരുന്നു പ്രകാശനം. 1998 ല്‍ കോഴിക്കോട് നിന്നും എസ്.കെ.എസ്.എസ്.എഫ് മുഖപത്രമായി സത്യധാര പ്രസിദ്ധീകരിക്കപ്പെട്ടു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവായിരുന്നു മുഖ്യപത്രാധിപര്‍. 1998 ല്‍ തന്നെ ചെമ്മാട് ദാറുല്‍ഹുദായില്‍നിന്നും ഡോ. ബഹുഉദ്ദീന്‍ കൂരിയാടിന്റെ പത്രാധിപത്യത്തില്‍ തെളിച്ചം മാസികയും പുറത്തിറങ്ങി. കേരളത്തിലെ കേമ്പസുകളില്‍നിന്നും പുറത്തിറങ്ങുന്ന ഒരേയൊരു മാസികയായ ഇത് ഏറെ പുതുമകളോടെയാണ് കടന്നുവന്നത്. കേരളമുസ്‌ലിം പ്രസിദ്ധീകരണ രംഗത്ത് ഒരു പുത്തന്‍ ഉണര്‍വ്വ് തന്നെ ഇത് സൃഷ്ടിച്ചു. 1999 ല്‍ ബാലമാസികയായ കുരുന്നുകളും 2002 ല്‍ കുടുംബമാസികയായ സന്തുഷ്ട കുടുംബവും പ്രസിദ്ധീകൃതമായി. കേരളമുസ്‌ലിം വൈജ്ഞാനിക മണ്ഡലത്തില്‍ വന്‍ സ്വാധീനം ചെലുത്തിയവയായിരുന്നു ഈ പ്രസിദ്ധീകരണങ്ങളെല്ലാം. കേരള മുസ്‌ലിം നവോത്ഥാനത്തില്‍ ഏറെ ശ്രദ്ധേയമായൊരു സ്ഥാനം തന്നെ ഇവ അര്‍ഹിക്കുന്നു.

നേരിന്റെ പ്രസാധന കേന്ദ്രങ്ങള്‍
പരപ്പനങ്ങാടിയിലെ ബയാനിയ്യാ ബുക്സ്റ്റാള്‍ കേരള മുസ്‌ലിം മത വൈജ്ഞാനിക വികാസ ചരിത്രത്തിലെ ശ്രദ്ധേയമായൊരു അദ്ധ്യായമാണ്. സമസ്തയുടെ നേതാവായിരുന്ന ടി.കെ. അബ്ദുല്ല മൗലവി 1951 ല്‍ സ്ഥാപിച്ചതാണത്. ഖുര്‍ആന്‍ പരിഭാഷ, ഇമാം ഗസാലിയുടെ കീമിയാഉസ്സആദ പരിഭാഷ, ഇസ്‌ലാമിക ചരിത്രം, സ്വഹാബിമാരുടെ ചരിത്രം, ഭരണാധികാരികളുടെ ചരിത്രം തുടങ്ങി തുടങ്ങി അനവധി ശ്രദ്ധേയമായ രചനകള്‍ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടി.കെ. തന്നെ തയ്യാറാക്കിയ ഖുര്‍ആന്‍ പരിഭാഷ അവിടെനിന്നാണ് മുദ്രണം ചെയ്യപ്പെട്ടിരുന്നത്.
സമസ്തയുടെ പ്രമുഖ പണ്ഡിതനും ഖാദിയാനികളുടെ പേടിസ്വപ്നവുമായിരുന്ന കണ്ണൂര്‍ പാലോട്ട് മൂസക്കുട്ടി ഹാജി നല്ല പുസ്തക പ്രസാധനത്തിലൂടെ സുന്നത്ത് ജമാഅത്തിനെ നിലനിര്‍ത്താന്‍ ശ്രമിച്ച ഒരു പ്രബോധകനായിരുന്നു. 1912-15 കാലഘട്ടത്തില്‍ മദീനയില്‍ താമസിച്ച് പഠിക്കുകയും യൂസുഫ് നബ്ഹാനിയുടെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തിരുന്ന അദ്ദേഹം ശേഷം നാട്ടില്‍വന്ന് കണ്ണൂര്‍ കമ്പസാറില്‍ ഒരു ബുക്ക്‌സ്റ്റാള്‍ നടത്തിയിരുന്നു. സുന്നത്ത് ജമാഅത്തിനെ പ്രതിരോധിക്കുന്ന പുസ്തകങ്ങളാണ് അദ്ദേഹം പ്രദര്‍ശിപ്പിച്ചിരുന്നത്. അത്‌കൊണ്ടുതന്നെ, അദ്ദേഹത്തിന്റെ ബുക്ക്‌സ്റ്റാള്‍ പലപ്പോഴും ഒരു സുന്നി പ്രവര്‍ത്തന കേന്ദ്രം കൂടിയായിരുന്നു. അദ്ദേഹത്തിനു ശേഷം മകന്‍ മുഹമ്മദ് കുഞ്ഞി സാഹിബാണ് അത് നടത്തിയിയരുന്നത്. 1953 ലാണ് അദ്ദേഹം വഫാത്താകുന്നത്.
ചെമ്മാട് സുന്നി പബ്ലിക്കേഷന്‍ സെന്റര്‍ സുന്നിപ്രസാധനമേഖലയില്‍ വലിയൊരു സ്വപ്നവും സാക്ഷാല്‍ക്കാരവുമാണ്. അല്‍ഐന്‍ സുന്നി സെന്ററിനു കീഴിലാണ് ഇത് സ്ഥാപിക്കപ്പെട്ടത്.്  സുന്നീപ്രസിദ്ധീകരണ മേഖലയിലെ പോരായ്മകള്‍ പരിഹരിച്ച് ശ്രദ്ധേയമായ സുന്നി എഴുത്തുകാരുടെ ഗഹനമായ പഠനങ്ങള്‍ പുറത്തുകൊണ്ടുവരികയെന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ലക്ഷ്യം പൂര്‍ണാര്‍ത്ഥത്തില്‍ സാക്ഷാല്‍കരിക്കാന്‍ സാധിച്ചില്ലെങ്കിലും അനവധി ശ്രദ്ധേയമായ രചനകള്‍ പുറത്തുകൊണ്ടുവരാന്‍ എസ്.പി.സിക്കു സാധിച്ചിട്ടുണ്ട്. കെ.വി. മുഹമ്മദ് മുസ്‌ലിയാര്‍ കൂറ്റനാട് തയ്യാറാക്കിയ   ഫതഹുര്‍റഹ്മാന്‍ എന്ന ഖുര്‍ആന്‍ സമ്പൂര്‍ണ വ്യാഖ്യാന കൃതിയാണ് ഏറ്റവും ശ്രദ്ധേയമായ ഉദ്ദ്യമം. ഡോ. ബഹാഉദ്ദീന്‍ കൂരിയാട് എഡിറ്റ് ചെയ്ത് പരിഷ്‌കരിച്ച അഞ്ചോളം വോള്യങ്ങളുള്ള ഇത് കേരളമുസ്‌ലിംകള്‍ക്ക്  ഖുര്‍ആന്റെ സാരം മനസ്സിലാക്കാനുള്ള ദാഹം ശമിപ്പിക്കാന്‍ ഉതകുന്നതാണ്. ഇബ്‌റാഹീം പുത്തൂര്‍ ഫൈസിയുടെ ഇസ്‌ലാം ആധുനിക യുഗത്തിന്റെ മതം, 24 ഹദീസ് പണ്ഡിതന്മാര്‍, ഡോ. ബഹാഉദ്ദീന്‍ കൂരിയാടിന്റെ അദബുല്‍ മുഫ്‌റദ് പരിഭാഷ, തസ്വവ്വുഫ് ഒരു സമഗ്രപഠനം, ഇസ്‌ലാം-ക്രൈസ്തവത, വ്രതാനുഷ്ഠാനം, പി.കെ. അബ്ദുല്‍ ഗഫൂര്‍ ഖാസിമിയുടെ കമ്യൂണിസം ഒരു വിമര്‍ശന പഠനം തുടങ്ങിയവ മറ്റു പ്രധാന പ്രസിദ്ധീകരണങ്ങളാണ്.
എസ്.കെ.എസ്.എസ്.എഫിന്റെ ഔദ്യോഗിക പ്രസദ്ധീകരണ വേദിയായ ഇസ്‌ലാമിക സാഹിത്യ അക്കദാമി (ഇസ) സുന്നി പ്രസാധന മേഖലയിലെ ഒരു സാന്നിധ്യമാണ്. 1992 ല്‍ രൂപീകരിക്കപ്പെടുകയും 1995 ല്‍ പ്രവര്‍ത്തനഗോദയിലിറങ്ങുകയും ചെയ്ത ഇത് സുന്നി പ്രസിദ്ധീകരണ മേഖലയിലെ ഒരു വന്‍ പ്രതീക്ഷയാണെങ്കിലും കൂടുതല്‍ ശ്രദ്ധേയമായ രചനകള്‍ പുറത്തുകൊണ്ടുവരാന്‍ ഇതിന് സാധിച്ചിട്ടില്ല. ഇബ്‌റാഹീം പുത്തൂര്‍ ഫൈസിയുടെ സ്വഹീഹുല്‍ ബുഖാറി പരിഭാഷയാണ് ഏറ്റവും ശ്രദ്ധേയമായ രചന. ചെറുശേരി സൈനുദ്ദീന്‍ മുസ്‌ലിയാരും പുത്തൂര്‍ ഫൈസിയുംകൂടി എഴുതിയ ഹദീസ് അറിയല്‍ അനിവാര്യമായ വസ്തുതകള്‍, ശംസുല്‍ ഉലമായുടെ ആണ്ട് നേര്‍ച്ചയും ഖബ്ര്‍ സിയാറത്തും, നാട്ടിക വി. മൂസ മുസ്‌ലിയാരുടെ സുന്നത്ത് ജമാഅത്തിനൊരു മുഖവുര, ഹമീദ് ഫൈസി അമ്പലക്കടവിന്റെ ജിഹാദിന്റെ വഴി തുടങ്ങിയവയാണ് മറ്റു പ്രധാന പ്രസിദ്ധീകരണങ്ങള്‍. കോഴിക്കോട് ശംസുല്‍ ഉലമാ ഇസ്‌ലാമിക് ഫൗണ്ടേഷന്‍ (ശിഫാ ബുക്സ്റ്റാള്‍) പ്രസാധനമേഖലയില്‍ പ്രതീക്ഷക്കു വഴിയുള്ള ഒരു സംരംഭമാണ്. ചുരുങ്ങിയ കാലംകൊണ്ടുതന്നെ എഴുപതോളം പുസ്തകങ്ങള്‍ ഇതിനകം അത് പ്രസിദ്ധീകരിച്ചുകഴിഞ്ഞു. അബ്ദുല്‍ ഹമീദ് ഫൈസിയുടെ തെറ്റിദ്ധരിക്കപ്പെട്ട തൗഹീദ്, നാട്ടിക വി. മൂസ മൗലവിയുടെ സമ്പൂര്‍ണ രചനകള്‍, സൈദ് മുഹമ്മദ് നിസാമിയുടെ സൂഫികളുടെ പാത തുടങ്ങിയവയാണ് പ്രധാനക പ്രസിദ്ധീകരണങ്ങള്‍. ജംഇയ്യത്തുല്‍ മുഅല്ലിമീനു കീഴില്‍ പുതുതായി ആരംഭിച്ച മുഅല്ലിം പബ്ലിഷിംഗ് ബ്യൂറോ (എം.പി.ബി) ഈ മേഖലയിലെ പുതിയൊരു സാന്നിദ്ധ്യമാണ്. പല ശ്രദ്ധേയമായ പഠനങ്ങളും പ്രസിദ്ധീകരിച്ച് തുടങ്ങിയിട്ടുണ്ട്.

സ്ഥാപനങ്ങളും പ്രസിദ്ധീകരണ ഉദ്ദ്യമങ്ങളും
സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഒരു പ്രവണത ഇന്ന് കേരളത്തില്‍ വളരെ വ്യാപകമാണ്. പുതിയ അറിവും ചിന്തയും ലഭിക്കുന്നതോടെ അതിനെ സമൂഹവുമായി പങ്ക് വെക്കണമെന്ന ഒരു ത്വര അറബിക് കോളേജുകളിലെ വിദ്യാര്‍ത്ഥികളിള്‍ പടര്‍ന്നുപിടിച്ചിട്ടുണ്ട്. കേരളത്തിലെ അധികം അറബിക് കോളേജുകളിലും വിദ്യാര്‍ത്ഥി സംഘടനയുടെ ഒരു ഉപശാഖയായോ അല്ലാതെയോ  പ്രസാധന വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. സമൂഹത്തിന്റെ ഉള്ളറകളുമായി ബന്ധം നിലനിര്‍ത്തുന്നതിനാല്‍ വളരെ ശക്തമായ സ്വാധീനമാണ് ഇത് അവരില്‍ നേടിക്കൊണ്ടിരിക്കുന്നത്. മൂല്യമുള്ളതും വൈവിധ്യമാര്‍ന്നതുമായ പല കനപ്പെട്ട സൃഷ്ടികളും ഇതിനകം കാമ്പസുകളില്‍നിന്നും പുറത്തുവന്നു കഴിഞ്ഞു. മറ്റുള്ളവയെ അപേക്ഷിച്ച് വളരെ ഉപകാരപ്രദവും ഏറെ ശ്രദ്ധേയവുമായ രചനകളാണ് കാമ്പസുകളില്‍നിന്ന് പുറത്തുവരുന്നത്. ചുരുക്കിപ്പറഞ്ഞാല്‍, ഇന്ന് സുന്നീ പ്രസിദ്ധീകരണങ്ങള്‍ക്കിടയില്‍ കാമ്പസ് പ്രസിദ്ധീകരണങ്ങള്‍ വളരെ നിര്‍ണായകമായ ഒരു സ്ഥാനംതന്നെ വഹിക്കുന്നു.
പട്ടിക്കാട് ജാമിഅ നൂരിയ്യ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രസാധന വിഭാഗമാണ് നൂറുല്‍ ഉലമ. അനവധി ശ്രദ്ധേയമായ കൃതികള്‍ ഇതിനകം നൂറുല്‍ ഉലമ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പല സുന്നി പണ്ഡിതന്മാരുടെയും മൗലിക രചനകള്‍ പുറത്തുകൊണ്ടുവരാന്‍ അവര്‍ക്ക് കഴിഞ്ഞു. ശംസുല്‍ ഉലമ, കെ.കെ. അബ്ദുല്ല മുസ്‌ലിയാര്‍ തുടങ്ങി പലരുടെയും വിഖ്യാത രചനകള്‍ അതില്‍ ചിലതാണ്. ജുമുഅ ഖുഥുബ, ഹദീസ് പഠനത്തിനൊരാമുഖം, മുഹമ്മദ് നബി സമ്പൂര്‍ണ മനുഷ്യന്‍, ഇസ്‌ലാമിക സമ്പദ്ഘടന, ജമാഅത്തെ ഇസ്‌ലാമി ഒരു പൊളിച്ചെഴുത്ത് തുടങ്ങിയവ പ്രസാധന പ്രസിദ്ധീകരണങ്ങളാണ്.
ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി സംഘടന അസാസിന്റെ പ്രസാധന വിഭാഗം അസാസ് ബുക്‌സെല്‍ (എ.ബി.സി.) വളരെ സുതുത്യര്‍ഹമായ സേവനങ്ങളാണ് പ്രസാധന രംഗത്ത് കാഴ്ചവെച്ചിട്ടുള്ളത്. സമുദായത്തിന്റെ ആവശ്യകത മനസ്സിലാക്കി പല കനപ്പെട്ട രചനകളും പ്രസിദ്ധീകരിക്കാന്‍ അതിന് കഴിഞ്ഞു. പ്രവാചക ജീവിതം ഉള്ളറകളിലേക്ക് ഒരെത്തിനോട്ടം (മൂന്നു വോള്യങ്ങള്‍), സുന്നി വിശ്വാസാദര്‍ശങ്ങള്‍ (രണ്ടു ഭാഗം), മമ്പുറം തങ്ങള്‍: ജീവിതം ആത്മീയത പോരാട്ടം, ഇസ്‌ലാമിക കല: സൗന്ദര്യവും ആസ്വാദനവും മൗലിദാഘോഷം: ലോകരാഷ്ട്രങ്ങളില്‍, നാട്ടികയുടെ പ്രഭാഷണങ്ങള്‍, ഇസ്‌ലാം: വിശ്വാസം ജീവിതം ദര്‍ശനം തുടങ്ങിയവയാണ് പ്രധാന പ്രസിദ്ധീകരണങ്ങള്‍.
കടമേരി റഹ്മാനിയ്യ അറബിക് കോളേജ് വിദ്യാര്‍ത്ഥി പ്രസാധന വിഭാഗം ബഹ്ജത്തുല്‍ ഉലമ പബ്ലിക്കേഷനും വിലപ്പെട്ട പല കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ വാര്‍ഷികങ്ങളോടനുബന്ധിച്ച് പഠനാര്‍ഹമായ സുവനീറുകളും പ്രസിദ്ധീകരിച്ചുവരുന്നു. അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅ: നേര്‍വഴിയുടെ പാഠം, ഇസ്‌ലാം കേരളമോഡല്‍, കേരളമുസ്‌ലിംകള്‍: ചരിത്രം വര്‍ത്തമാനം (സാക്ഷി), ആധുനികതയില്‍നിന്നും ആത്മീയതയിലേക്ക് തുടങ്ങി ശ്രദ്ധേയമായ ധാരാളം കൃതികള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്.
കൂടാതെ, പറപ്പൂര്‍ സബീലുല്‍ ഹിദായ (ഇവിടെനിന്നും അന്നഹ്‌ള: അറബി ദൈ്വമാസിക പുറത്തിറങ്ങുന്നു.), കോട്ടുമല ഇസ്‌ലാമിക് കോംപ്ലക്‌സ് കാളമ്പാടി (നസ്വീഹത്ത് പബ്ലിക്കേഷന്‍), ചട്ടഞ്ചാല്‍ എം.ഐ.സി. ദാറുല്‍ ഇര്‍ശാദ് അക്കാദമി (ദിശ ബുക് സെല്‍), കാപ്പാട് അറബിക് കോളേജ്, കുണ്ടൂര്‍ മര്‍ക്കസ് തുടങ്ങി കേരളത്തിലും അധികം അറബിക് കോളേജുകളും പ്രസാധന മേഖല വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നുണ്ട്.
ഇങ്ങനെ നോക്കിയാല്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ചെറുതും വലുതുയമായി സുന്നികള്‍ക്ക് നൂറോളം പബ്ലിക്കേഷനുകളെങ്കിലും കണ്ടെത്താന്‍ കഴിയും. ചിതറിയും അസംഘടിതമായും നിലനില്‍ക്കുന്നതുകൊണ്ടുമാത്രം അവയെക്കുറിച്ച ഒരു പൂര്‍ണ ചിത്രം സമാഹരിക്കപ്പെട്ടില്ലെന്നു മാത്രം. ഈ എല്ലാ പ്രസാധനാലയങ്ങളെയും അവ പ്രസിദ്ധീകരിച്ച പുസ്തകങ്ങളെയും ഒരു കുടക്കീഴില്‍ ഒരു മിച്ചുകൂട്ടുകയാണെങ്കില്‍ കേരളമുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അത് വിജ്ഞാനത്തിന്റെ വലിയൊരു അക്ഷയ ഖനിതന്നെയായിരിക്കും. ഇങ്ങനെ നോക്കുമ്പോള്‍, ഏതു വിഷയത്തിലും വളരെ വ്യാപകമായിത്തന്നെ  മുസ്‌ലിംകള്‍ ഗ്രന്ഥ രചന നടത്തിയതായും കണ്ടെത്താന്‍ കഴിയും. കേരളാടിസ്ഥാനത്തില്‍ ഈയൊരു സുന്നീ പ്രസാധനാലയ ഏകീകരണം വന്നാല്‍ നമ്മുടെ റിസോഴ്‌സുകള്‍ വളരെ സമ്പന്നമാന്ന് നമുക്ക് ബോധ്യമാകുന്നതോടൊപ്പം അത് വേണ്ടപോലെ ഉപയോഗപ്പെടുത്താനും നമുക്ക് സാധിക്കുന്നതാണ്. ഏതെങ്കിലുമൊരു ഉത്തരവാദിത്തപ്പെട്ട സംഘടന ഈ പ്രസാധനാലയങ്ങളെയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് രണ്ടു വര്‍ഷത്തിലൊരിക്കലെങ്കിലും ഒരു ഇസ്‌ലാമിക പുസ്തക മേള സംഘടിപ്പിച്ചാല്‍ അത് നമ്മുടെ വിഭവങ്ങളെ നമുക്ക് തിരിച്ചറിയാനുള്ള ഒരു വഴിയും പുസ്തകകുതുകികള്‍ക്ക് ഏത് പുസ്തകവും തെരഞ്ഞെടുക്കാനുള്ള ഒരു സുവര്‍ണാവസരവും പുസ്തക പ്രസാധന രംഗം ശ്രദ്ധിക്കാത്തവര്‍ക്ക് അതിനുള്ള  ഒരു പ്രേരണയുമൊക്കെ ആയിരിക്കുമെന്നത് തീര്‍ച്ചയാണ്.

സമാപ്തം
പ്രിന്റിംഗ് പ്രസ്സുകളോടുള്ള മുസ്‌ലിംകളുടെ സമീപനത്തെക്കുറിച്ചും പ്രസാധനമേഖലയില്‍  അവര്‍ കാണിച്ച താല്‍പര്യത്തെക്കുറിച്ചുമാണ് നാം ഇതുവരെ ചര്‍ച്ച ചെയ്തത്. കേരളമുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അവരുടെ സര്‍ഗാത്മകതയുടെ പ്രകടന കളരിയായിരുന്നു ഇത്. അറിവിനെ തലമുറകള്‍ക്ക് പകര്‍ന്നുകൊടുക്കാനുള്ള ഒരു സുരക്ഷിത വഴി ഉറപ്പുവരുത്തുകയാണ് പ്രസാധനത്തിലൂടെ നടക്കുന്നത്. തങ്ങളുടെ ചരിത്രം കുറിച്ചിടലും അതിലേക്ക് തലമുറകളെ ആകര്‍ഷിപ്പിക്കലും ഇതിലൂടെ നടക്കുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം ആശയ പ്രസരണ രംഗത്താണ് പ്രസാധന രംഗം തളിരിട്ടിരുന്നത് എന്നു കാണാം. പലരും പലതും സ്ഥാപിക്കാനും പ്രതിരോധിക്കാനുമാണ് ഇവിടെ അധികം പ്രസിദ്ധീകരണങ്ങളും ഉയര്‍ന്നുവന്നത്. വിശ്വാസമേഖലയില്‍ പ്രത്യേകിച്ചും.
ഓരോ കാലത്തും അതിനനുസരിച്ച പ്രതിരോധ വഴികള്‍ സ്വീകരിച്ചിരുന്ന കേരളമുസ്‌ലിം പണ്ഡിതന്മാര്‍  ഇവിടത്തെ ഇസ്‌ലാമിക സംരക്ഷണത്തിന് എഴുത്തിന്റെയും പ്രസാധനത്തിന്റെയും വഴികളും ശക്തമായിത്തന്നെ  അവലംബിച്ചതായി കാണാന്‍ കഴിയും. ഇവിടെ അനവധി പുസ്തകങ്ങളും പ്രസാധനാലയങ്ങളും വന്നത് അതിന്റെ ഭാഗമായിട്ടായിരുന്നു. പില്‍ക്കാലത്തും പ്രതീക്ഷള്‍ നല്‍കി അനവധി പ്രസാധന സംരംഭങ്ങള്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. പക്ഷെ, അവയില്‍ പലതും വേണ്ടപോലെ ലക്ഷ്യം പ്രാപിച്ചില്ലായെന്നതാണ് വസ്തുത. വന്‍ പ്രതാപവും ശക്തമായൊരു പാരമ്പര്യവും ഉണ്ടായിട്ടുപോലും അവ എഴുതി സൂക്ഷിക്കാനും നമ്മുടെ ചരിത്രം സംരക്ഷിക്കാനും പലപ്പോഴും നാം പിന്നിലായിട്ടുണ്ട്. വിദ്യാഭ്യാസപ്രവര്‍ത്തനവും സാമൂഹിക ഉത്ഥാന സംരംഭമെല്ലാം വളരെ ശക്തമായി നടക്കുമ്പോള്‍ പ്രസാധന രംഗവും നാം വേണ്ടപോലെ ശ്രദ്ധിച്ചിരുന്നോ. എന്നിരുന്നാലും, ഇടക്കു വന്ന ചെറിയൊരു വിടവിനു ശേഷം  ഇന്ന് പ്രസിദ്ധീകരണ-പ്രസാധന മേഖലയും ശക്തമായിത്തന്നെ പച്ചപിടിച്ചുകൊണ്ടിരിക്കുന്നുവെന്ന് നമുക്ക്  പ്രത്യാശിക്കാം.

റഫറന്‍സസ്
1. Print and patronage; Hadith and the Madrasas in modern South Asia- Muhammad Qasim Zaman,  Bulletin of the School of Oriental and African studies, University of London, vol. 62, 1999
2. Technology and religious change: Islam and the impact of print- Francis Robinson,  Modern Asian Studies, Vol. 27, 1993
3. Commencement of printing in the Muslim world- Moinuddin Aqeel, Kyoto Bulletin of Islamic Area Studies, 2009 march
4. കേരളമുസ്‌ലിം സ്ഥിതിവിവരക്കണക്ക് ഡയറക്ടറി, വോള്യം രണ്ട്, ഡോ. സി.കെ. കരീം, ചരിത്രം പബ്ലിക്കേഷന്‍, എടപ്പള്ളി, 1991
5. സമസ്ത, പി.പി. മുഹമ്മദ് ഫൈസി, സമസ്ത തിരൂരങ്ങാടി താലൂക്ക് കമ്മിറ്റി, 2005
6. മുസ്‌ലിമിന്റെ കേരളമോഡല്‍: കടമേരി റഹ്മാനിയ്യ 35 ാം വാര്‍ഷികോപഹാരം, കടമേരി, 2007, ഫെബ്രുവരി
7. പ്രബോധനം സ്‌പെഷ്യല്‍പതിപ്പ്, കേരളമുസ്‌ലിം നവോത്ഥാന ചരിത്രം, കോഴിക്കോട്, 1998, ഏപ്രില്‍
8. ശബാബ് വാരിക, ഐ.എസ്.എം. കോഴിക്കോട്, 2011
9. സുന്നി അഫ്കാര്‍ പ്രത്യേക പതിപ്പ് (ഓര്‍മസംഗമം), മലപ്പുറം, സുന്നിമഹല്‍, 2009, ഫെബ്രുവരി

കുരിശുപൂജയില്‍നിന്നും ഖുര്‍ആനിലേക്ക്

മുന്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് പാതിരിയായിരുന്ന വ്യാച്ചെ സ്‌ലോ പോലോസിന്‍ഇസ്‌ലാമിന്റെ ശാദ്വല തീരമണിഞ്ഞ് ഇതിലെ ആരാധനാ സമ്പ്രദായങ്ങളില്‍ ആകൃഷ്ടനായിരുന്നു. നിരര്‍ത്ഥകമായ ക്രൈസ്തവ ആചാരങ്ങളില്‍ നിന്നും ഭിന്നമായി ഇത് സമയ ബന്ധിതവും മിതവുമാണ്. ചില കരുത്തിലൂടെയും നിശ്ചയങ്ങളിലൂടെയും ജീവിതത്തിന്റെ ഓരോ നിമിഷവും ആരാധനയാക്കി മാറ്റാന്‍ ഒരു വിശ്വാസിക്ക് സാധിക്കുന്നു. നബി തങ്ങള്‍ പറഞ്ഞതു പോലെ, ”വിശ്വാസിയുടെ കാര്യം അത്ഭുതകരം തന്നെ. നന്മ വന്നാല്‍ അവന്‍ അല്ലാഹുവിനെ സ്തുതിക്കുന്നു. തിന്മവന്നാല്‍ ക്ഷമിക്കുന്നു.”
 
ഒരു ഓര്‍ത്തേഡാക്‌സ് ചര്‍ച്ചിന്റെ പാതിരിയായിരുന്നത് കൊണ്ടുതന്നെ വ്യാചെസ്‌ലോയുടെ മതംമാറ്റം ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. റഷ്യയില്‍ നിന്നും ഇസ്‌ലാമിനെ കപടമായി വിധിയെഴുതിയവര്‍ക്കിത് ശക്തമായ പ്രഹരമായി മാറി. മതം മാറ്റത്തിന്റെ പേരില്‍ ക്രൈസ്തവ വര്‍ഗം തന്നെ അദ്ദേഹത്തിനെതിരെ തിരിഞ്ഞെങ്കിലും അന്വേഷണത്തിലൂടെ കണ്ടെത്തിയ ഈ സത്യത്തിന്‍മേല്‍ ഉറച്ചുനില്‍ക്കുകയായിരുന്നു മഹാനായ ഈ വിശ്വാസി.

 
ക്രൈസ്തവ കുടുംബത്തിലാണ് ജനിച്ചു വളര്‍ന്നതെങ്കിലും ബാല്യകാലം മുതലേ വ്യാചെസ്‌ലോയെ ദൈവബോധം തീണ്ടിയിരുന്നു. മത ചടങ്ങുകളില്‍ ഇടക്കിടെയെങ്കിലും സന്നിഹിതനായിരുന്നത് ഈ ബോധം നിമിത്തമായിരുന്നു.  അവര്‍ യൂണിവേഴ്‌സിറ്റിയില്‍ പഠനമാരംഭിച്ചതോടെയാണ് ഓര്‍ത്തഡോക്‌സ് വിശ്വാസങ്ങള്‍ക്കെതിരെ വ്യാചെസ്‌ലോ രംഗത്തെത്തുന്നത്. വിശ്വാസത്തോടും യുക്തിയോടും തരിമ്പും നീതിപുലര്‍ത്താത്ത കാര്യങ്ങള്‍ക്കു നേരെ അദ്ദേഹം ചോദ്യത്തിന്റെ ശരങ്ങള്‍ തന്നെ എയ്തു വിടുകയായിരുന്നു. ഫിലോസഫിയില്‍ ഗഹനമായ പഠനങ്ങള്‍ നടത്തിയ അദ്ദേഹത്തിന് തന്റെ വിശ്വാസം എല്ലാ നിലക്കും തത്വ ശാസ്ത്രത്തോട് വിരുദ്ധമായി ബോധ്യപ്പെട്ടു. ഇതു ക്ഷമിച്ചു നില്‍ക്കാനാവാതെ മത ദര്‍ശനങ്ങള്‍ക്കെതിരെ അദ്ദേഹം പൊട്ടിത്തെറിച്ചു. ജ്ഞാനമഭ്യസിച്ചിരുന്നതു കൊണ്ടുതന്നെ ചര്‍ച്ചിനോടു കൃതജ്ഞത പുലര്‍ത്തിയെങ്കിലും മതാദ്ധ്യാപനങ്ങള്‍ അസഹ്യമായിത്തന്നെ അദ്ദേഹം അവതരിപ്പിക്കുകയായിരുന്നു. 1979 കാലങ്ങളിലായിരുന്നു ഇത് സംഭവിച്ചിരുന്നത്. എന്നാല്‍, ഇരുപതു വര്‍ഷത്തിനു ശേഷം അദ്ദേഹം ഇസ്‌ലാമാശ്ലേഷിക്കുമ്പോഴും ഇതേ രംഗം തന്നെയാണ് ഓര്‍ത്തു പോവുന്നത്. സത്യത്തില്‍ വ്യാചെസ്‌ലോയുടെ ജീവതത്തെ സാര്‍ത്ഥകമാക്കിയ രണ്ടു ഘട്ടങ്ങളായിട്ടായിരുന്നു അവരെന്നും ഈ രണ്ട് ദിനങ്ങളെ മനസ്സിലാക്കിയിരുന്നത്.
തന്റെ മതംമാറ്റത്തിന് വ്യാചെസ്‌ലോ അവലംബിച്ചിരുന്നത് വിശുദ്ധ ഖുര്‍ആനായിരുന്നു. യേശു പ്രണാമവും കുരിശു പൂജയും അദ്ദേഹം ശക്തമായി എതിര്‍ത്തു. ബഹുദൈവാരാധനക്ക് പകരം കറകളഞ്ഞ ഏകദൈവാരാധനയാണ് സമാധാനം കാംക്ഷിക്കുന്നവര്‍ക്ക് ആവശ്യം എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. അദ്ദേഹം പറഞ്ഞു: ”തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ഞാന്‍ നടത്തിയ ഖുര്‍ആന്‍ പഠനം ഒരു യാഥാര്‍ത്ഥ്യം എന്നെ ബോധ്യപ്പെടുത്തിയിരിക്കുന്നു. അതായത്, വിശുദ്ധ ഖുര്‍ആനിലുടനീളം ദൈവംതമ്പുരാന്‍ മനുഷ്യനോട് അഭിമുഖീകരിക്കുന്നിടത്തൊന്നും വിഗ്രഹാരാധനയുടെ സാധുതയെ പരാമര്‍ശിക്കുന്നു തന്നെയില്ല. ചില രാജാക്കന്മാര്‍ക്കു സമക്ഷം ചെയ്യപ്പെടും പോലെ ശിലാ വിഗ്രഹങ്ങളെ പ്രീതിപ്പെടുത്താന്‍ വല്ലതും സമര്‍പ്പിക്കുന്നതിന് ഒരടിത്തറയുമില്ല. ഇനി ഞാന്‍ പാപങ്ങളില്‍ നിന്ന് മോചനം തേടി സത്യമായ ദൈവത്തിലേക്കും അവന്റെ ദൂതരിലേക്കും മടങ്ങുകയാണ്. നിശ്ചയം പ്രവാചകന്മാര്‍ ഏകദൈവ വിശ്വാസികളായിരുന്നു. മഹാനായ ഇബ്രാഹീം നബിയും ഇതേ ആശയത്തിന്റെ സംസ്ഥാപനത്തിന് വേണ്ടിയായിരുന്നു യത്‌നിച്ചിരുന്നത്. നാമൊക്കെ മരണ ദേവിയെ കാത്തിരിക്കുന്നവരാണ്. ഒരു പിടി സ്വപ്നങ്ങള്‍ ബാക്കിനിര്‍ത്താതെ സംതൃപ്തനായി മരണമടയണമെങ്കില്‍ ഈ സത്യം പിന്‍പറ്റേണ്ടിയിരിക്കുന്നു.”

 
തന്റെ ആദ്യകാലത്ത് താനെങ്ങനെ ഒരു പുരോഹിതനായി എന്നത് വ്യാചെസ്‌ലോ വിവരിക്കുന്നു: ”മോസ്‌കോയിലെ ചര്‍ച്ചില്‍ താമസിച്ചുകൊണ്ടിരിക്കുന്ന കാലം. എന്റെ ശരീരത്തില്‍ തന്നെ എനിക്കൊരു അവകാശവുമുണ്ടായിരുന്നില്ല. ചര്‍ച്ചിന്റെ ക്രൂരമായ കല്‍പനകള്‍ക്കു മുമ്പില്‍ അതു തളച്ചിടപ്പെടുകയായിരുന്നു. പരാജയമായിരുന്നു ഇതില്‍ നിന്നും ഉപകാരമെടുത്തിരുന്നത്. ഈ ഘട്ടം മദ്ധ്യേഷ്യയില്‍ ഒരൗദ്യോഗിക സ്ഥാനം തേടാന്‍ കുടുംബ സാഹചര്യം എന്നെ പ്രേരിപ്പിച്ചു. ഇതെനിക്ക് ഫ്രാന്‍സയിലും ടശമ്പയിലും അല്പകാലം ജോലിചെയ്യാന്‍ അവസരമൊരുക്കി. ഇവിടെനിന്നായിരുന്നു ഞാനാദ്യമായി ഇസ്‌ലാമിനെ കുറിച്ച് മനസ്സിലാക്കിയതും പൗരസ്ത്യങ്ങളുടെ മാനസ്സികാവസ്ഥ തിരിച്ചറിഞ്ഞതും. സാധാരണ അനുഭവങ്ങള്‍ക്കെതിരായി ഇത് അന്നുതന്നെ ആകര്‍ഷിച്ചിരുന്നു. അര വര്‍ഷത്തിനു ശേഷം ഞാനെന്റെ ജോലികളെല്ലാം ഒഴിവാക്കി. പിന്നീടുള്ള മൂന്നു വര്‍ഷം ജോലി രഹിതനായി നിലകൊണ്ടു. ഞാന്‍ അറിയപ്പെടാതെ പോയ ഇക്കാലത്ത് മുഖ്യമായും ചിന്തകളിലായിരുന്നു ആശ്രയിച്ചിരുന്നത്. 1988ല്‍ കുബ്‌നിസ്‌കിനടുത്ത് പാതി തകര്‍ന്ന ഒരു ചര്‍ച്ചിലേക്ക് ക്ഷണം ലഭിച്ചു. അവിടം മുതല്‍ മതം മാറ്റം വരെയുള്ള എന്റെ മുന്നേറ്റങ്ങള്‍ ഏറെ വിജയപ്രദവും വിപ്ലവകരവുമായിരുന്നു. 1990 ആയതോടെ റഷ്യയുടെ തന്നെ ചില ഔദ്യോഗിക തലങ്ങളിലേക്കും അവര്‍ ക്ഷണിക്കപ്പെടുകയായിരുന്നു.

 
ആര്‍ച്ച് പ്രിസ്റ്റ് വ്യചെസ്‌ലോ യുടെ പെട്ടെന്നുണ്ടായ ഇസ്‌ലാ മാശ്ലേഷണം മോസ്‌ക്കോയിലെ പാത്രിയാര്‍ക്കീസിനെ അല്‍ഭുതപ്പെടുത്തി. താമസിയാതെത്തന്നെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്‌സ്റ്റേര്‍ണല്‍ ചര്‍ച്ച് റിലേഷനില്‍ ഇത് ചര്‍ച്ചചെയ്യപ്പെട്ടു. അവസാനം, ഇക്കാര്യം അന്നത്തെ ബിഷപ്പിനും ആര്‍ച്ച് ബിഷപ്പിനും മുമ്പില്‍ സമര്‍പ്പിക്കപ്പെടുകയായിരുന്നു.”

 
പ്രൊട്ടസ്റ്റന്റ് വിഭാഗത്തിലേക്ക് മതം മാറിയെന്ന അഭ്യൂഹത്തെക്കുറിച്ച് അദ്ദേഹം പറയുന്നു: ”1991ല്‍ കൂട്ടമായി റഷ്യയിലേക്കു വന്ന അമേരിക്കന്‍ പ്രൊട്ടസ്റ്റന്റ് വിഭാഗം ഒരു പരിപാടിയില്‍ ഞങ്ങള്‍ പ്രാര്‍ത്ഥനയിലൂടെ മീറ്റിംഗ് തുടങ്ങുമെന്ന് ശഠിച്ചിരുന്നു. പക്ഷേ, മതേതര സ്ഥാപനമെന്ന നിലക്ക് ഞാനതിനെ ശക്തമായി എതിര്‍ത്തു. പിന്നെയവിടെ ഒരുവിധ പ്രാര്‍ത്ഥനയും നടന്നില്ല. എനിക്ക് പ്രൊട്ടസ്റ്റന്റ് വിഭാഗത്തോട് ചില യോജിപ്പുകളുണ്ടായിരുന്നു. പക്ഷേ, ഞാനതിന് അനുധാവനം ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടുവെന്നത് തികച്ചും അബദ്ധം തന്നെ.”


 
ശേഷം ‘ഡൂമ’ എന്ന സ്ഥലത്തെ ചില സ്ഥാനക്കയറ്റങ്ങളായിരുന്നു വ്യാചെസ്‌ലോയെ ഇസ്‌ലാമിലേക്ക് വരാന്‍ പ്രേരിപ്പിച്ചിരുന്നത്. അദ്ദേഹം പറയുന്നു: ”ചിലര്‍ സ്വതവെ അസന്തുഷ്ടരാവുന്നു. എനിക്ക് എല്ലാവരെയും ഒരുപോലെ സന്തോഷത്തിലും ആഹ്ലാദത്തിലും അണിചേര്‍ക്കാന്‍ സാധ്യമല്ല. ഡൂമയിലെ എന്റെ പ്രവര്‍ത്തനങ്ങളെ തടയിടാന്‍ ഒരാള്‍ക്കും തന്നെ സാധ്യമല്ലെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഞാനൊരിക്കലും ക്രൈസ്തവതയെ  കുറ്റപ്പെടുത്തുന്നില്ല. ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍ സേവനമനുഷ്ഠിച്ചകാലം ഞാനതിന്റെ ബദ്ധവൈരിയായിരുന്നെ ന്നെനിക്കറിയാം. ഇന്നതെല്ലാം ഞാന്‍ അവസാനിപ്പിച്ചിരിക്കുന്നു. നിശ്ചയം, വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ഇസ്‌ലാം ഏറെ ജനാനുയോജ്യമാണ്. കാരണം, അത് സ്വേച്ഛാധിപത്യത്തെ നിരുത്സാഹപ്പെടുത്തുന്നു. അതുപോലത്തന്നെ ക്രൈസ്തവ സങ്കല്‍പ്പങ്ങള്‍ കണക്കെ വിശുദ്ധ ഖുര്‍ആനില്‍ ഒരു വിധ പാതിരിയെയും പരിചയപ്പെടുത്തുന്നില്ലതാനും.”

 
ഏതായിരുന്നാലും ഏറെക്കാലത്തെ സേവന പാരമ്പര്യമുള്ള വ്യാചെസ്‌ലോ മുസ്‌ലിമായ ശേഷവും ഒരു സാമൂഹിക പ്രവര്‍ത്തകനായി ജീവിക്കാനായിരുന്നു ആഗ്രഹിച്ചിരുന്നത്. ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാകുന്നതിലുപരി ഇതു തന്നെയായിരുന്നു അവരുടെ താല്‍പര്യം. ചര്‍ച്ച് നല്‍കിയ ഉന്നത സ്ഥാനമാനങ്ങള്‍ വലിച്ചെറിഞ്ഞ്, വിശുദ്ധ ഇസ്‌ലാമിനെ സത്യമായി തിരിച്ചറിഞ്ഞ് അതിലേക്കു കടന്നുവന്ന ഇദ്ദേഹത്തിന്റെ ജീവിതവും ഇസ്‌ലാമാശ്ലേഷണവും ഏതൊരാള്‍ക്കും ചിന്തനീയമാണ്.    

 
മോയിന്‍ മലയമ്മ (സുന്നിഅഫ്കാര്‍ വാരിക, 2004, ഒക്ടോബര്‍: 13, സുന്നിമഹല്‍, മലപ്പുറം)