അധിനിവേശ വിരുദ്ധ നായകന്‍, സാമൂഹിക ഉദ്ധാരകന്‍, അവകാശ സംരക്ഷകന്‍, മതസൗഹാര്‍ദത്തിന്റെ ആചാര്യന്‍, തുടങ്ങി അനവധി വിശേഷണങ്ങളുണ്ടെങ്കിലും തന്റെ ക്രമബദ്ധമായ ആദ്ധ്യാത്മിക ജീവിതത്തിലൂടെയാണ് സയ്യിദ് അലവി തങ്ങള്‍ ശ്രദ്ധേയനാകുന്നത്. ദിവ്യജ്ഞാനത്തിന്റെ അഗാധ തലങ്ങളിലേക്ക് ഇറങ്ങിച്ചെന്ന അദ്ദേഹം ദൈവിക ലോകത്ത് ഉയര്‍ന്ന സ്ഥാനങ്ങള്‍ കരസ്ഥമാക്കി. അവരുടെ നിഷ്‌ഠാനിര്‍ഭരമായ ജീവിതക്രമവും അതില്‍ അവര്‍ കാഴ്‌ചവെച്ച പ്രവര്‍ത്തനങ്ങളും ഇതിന്റെ നറുസാക്ഷ്യങ്ങളാണ്.
സയ്യിദ് കുടുംബത്തിലെ ഒരംഗമായിരുന്നു സയ്യിദ് അലവി തങ്ങള്‍. മൗലദ്ദവീല എന്നാണ് തങ്ങളുടെ ഖബീലയുടെ പേര്. ഇത് ബാഅലവീ കുടുംബത്തിന് കീഴില്‍ വരുന്നതാണ്. കേരളത്തിലെത്തിയ പ്രവാചക കുടുംബങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. അറിയപ്പെട്ട ചരിത്രമനുസരിച്ച് ഈ ഖബീലയില്‍നിന്നും ആദ്യമായി കേരളത്തില്‍ കാല്‍കുത്തിയതും സയ്യിദ് അലവി തങ്ങള്‍ ആയിരുന്നു. ഹിജ്‌റ:1183 ലായിരുന്നു ഇത്.
മുഹമ്മദുല്‍ ഫഖീഹുല്‍ മുഖദ്ദം മകന്‍ അലവി മകന്‍ അലി മകന്‍ സയ്യിദ് മുഹമ്മദ് എന്നവരിലേക്ക് ചേര്‍ത്തിയാണ് ഈ ഖബീല മൗലദ്ദവീല എന്നറിയപ്പെട്ടത്. ഹിജ്‌റ: 705 ല്‍ ആയിരുന്നു സയ്യിദ് മുഹമ്മദ് മൗലദ്ദവീലയുടെ ജനനം. യമനില്‍ ഹളര്‍മൗത്തിന് കിഴക്കുള്ള ബബ്‌ജര്‍ എന്ന ഭാഗത്ത് അദ്ദേഹം താമസിച്ചിരുന്നതിനാലാണ് ഈ പേര് അദ്ദേഹത്തിന് വന്നുകിട്ടിയത്. മൗലദ്ദവീല എന്ന നാമനിഷ്‌പത്തിക്കു പിന്നില്‍ ധാരാളം അഭിപ്രായങ്ങളുണ്ട്. അതില്‍ ഒന്ന് ഇങ്ങനെയാണ്: യമനില്‍ സയ്യിദ് മുഹമ്മദിന്റെ കുടുംബം കാലങ്ങളായി താമസിച്ചുവന്നിരുന്ന പ്രദേശമാണ് ബബ്‌ജര്‍. അതിനടുത്ത് യബ്‌ഹര്‍ എന്ന പേരില്‍ മറ്റൊരു പ്രദേശമുണ്ടായിരുന്നു. ദവീല എന്ന പദത്തിന് മുന്തിയത്, മുന്നിലുള്ളത്, ആദ്യമുള്ളത് തുടങ്ങിയ അര്‍ത്ഥങ്ങളാണ് ഹളര്‍മൗത്തുകാര്‍ നല്‍കിയിരുന്നത്. കാലാന്തരത്തില്‍ സയ്യിദ് മുഹമ്മദിന്റെ നാടിന് യബ്‌ഹറുദ്ദവീല എന്ന പേര് വന്നു. യബ്‌ഹറുദ്ദവീല എന്ന നാടിന്റെ മേധാവി എന്ന അര്‍ത്ഥത്തില്‍ സയ്യിദ് മുഹമ്മദ്, മൗലദ്ദവീല എന്നും വിളിക്കപ്പെട്ടു. പണ്‌ഢിതനും ജ്ഞാനിയും സൂഫിയുമായിരുന്ന ഇദ്ദേഹത്തിലേക്ക് ചേര്‍ത്തിയാണ് മൗലദ്ദവീല എന്ന ഖബീല പ്രസിദ്ധി നേടിയത്.1 ഹിജ്‌റ: 765 ല്‍ മരണപ്പെട്ട അദ്ദേഹം തരീമിലെ സമ്പല്‍ മഖ്‌ബറയില്‍ അന്ത്യവിശ്രമം കൊള്ളുന്നു.
സദാ ദൈവസ്‌മരണയിലും ആരാധനകളിലുമായി സമയം വിനിയോഗിച്ചിരുന്നു സയ്യിദ് അലവി തങ്ങള്‍. തന്റെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കുപുറമെ ദീര്‍ഘനേര ഖുര്‍ആന്‍ പാരായണം, അധികരിച്ച സുന്നത്ത് നോമ്പുകള്‍, സുന്നത്ത് നമസ്‌കാരങ്ങള്‍, ദാനധര്‍മ്മങ്ങള്‍, സതുപദേശങ്ങള്‍, ദൈവസ്‌മരണ തുടങ്ങിയ കാര്യങ്ങളും അദ്ദേഹം മുറപോലെ നടത്തിപ്പോന്നു. മാനുഷിക ധര്‍മ്മങ്ങളെക്കുറിച്ചും പാരത്രിക അവസ്ഥകളെക്കുറിച്ചും ബോധവാനായിരുന്നു തങ്ങളവര്‍കള്‍. ഒരിക്കല്‍, അദ്ദേഹം തന്റെ അനുചരന്‍മാരുമൊത്ത് കടലുണ്ടിപ്പുഴയില്‍ അംഗശുദ്ധി വരുത്തിക്കൊണ്ടിരിക്കുകയാണ്. പെട്ടെന്ന്, വള്ളങ്ങള്‍ കരക്ക് ബന്ധിച്ച്, പുറത്തിറങ്ങി ഭ്‌ക്ഷണം പാകംചെയ്യുന്ന ചില യാത്രക്കാര്‍ സയ്യിദ് അലവി തങ്ങളുടെ ദൃഷ്‌ടിയില്‍പ്പെട്ടു. തല്‍ക്ഷണം അദ്ദേഹം അനുയായികളോടായി പറഞ്ഞു: ഇതാണ് ഭൗതിക ലോകത്ത് മനുഷ്യ ജീവിതത്തിന്റെ ഉപമ. ഇവര്‍ എവിടെനിന്നോ യാത്രചെയ്‌തുവന്നവരാണ്. ഇനിയും ദൂരങ്ങളിലേക്ക് ചരക്കുകളുമായി യാത്രചെയ്യാനിരിക്കുന്നവരുമാണ്. അതിനിടയില്‍ ഭാവിയിലേക്ക് പാഥേയം സ്വീകരിക്കേണ്ട സമയമാണിത്.2 പ്രായോഗിക ഉപമയിലൂടെയുള്ള സന്ദേശ കൈമാറ്റം അനുയായികള്‍ക്ക് ശരിക്കും ബോദ്ധ്യപ്പെട്ടു. ജീവിതത്തിലൂടെയും അനുഭവങ്ങളിലൂടെയും ജനങ്ങളെ ആത്മീയതയിലേക്ക് ക്ഷണിക്കുരയെന്ന പരമ്പരാഗത ശൈലിയാണ് സയ്യിദ് അലവി തങ്ങള്‍ പിന്തുടര്‍ന്നിരുന്നത്.
ഖാദിരിയ്യാ ഥരീഖത്തിന്റെ ശൈഖായിരുന്നു സയ്യിദ് അലവി തങ്ങള്‍.3 ശബ്‌ദകോലാഹലങ്ങളുണ്ടാക്കി ഇത് പ്രകടനാത്മകതയിലൊതുക്കാന്‍ അദ്ദേഹം തുനിഞ്ഞിരുന്നില്ല. അതേസമയം തങ്ങള്‍ക്ക് അനവധി മുരീദുമാരും ശിഷ്യഗണങ്ങളുമുണ്ടായിരുന്നു. ബൈത്താന്‍ മുസ് ലിയാര്‍, അവുക്കോയ മുസ് ലിയാര്‍, ഖുസയ്യ് ഹാജി, മകന്‍ ഫസല്‍ പുക്കോയ തങ്ങള്‍ തുടങ്ങിയവര്‍ അവരില്‍നിന്നും ബൈഅത്ത് സ്വീകരിച്ച പ്രധാനികളാണ്. ഹിജ്‌റ: 1200 കളില്‍ ജീവിച്ച മമ്പാട് സയ്യിദ് അബ്‌ദുല്‍ ഖാദിര്‍ അഹ്‌ദല്‍ തങ്ങളും മമ്പുറത്തു വന്ന് ഖാദിരിയ്യാ ഥരീഖത്ത് സ്വീകരിച്ചതായി ചരിത്രത്തതിലുണ്ട്.4 ഇതുപോലെ അന്ന് ജീവിച്ചിരുന്ന ആത്മീയബോധമുള്ള മുസ്‌ലിംഗളില്‍ ഭൂരിഭാഗവും സയ്യിദ് അലവി തങ്ങളുടെ ആത്മീയ ശിക്ഷണത്തില്‍ കഴിയുന്ന വരായിരുന്നു.
അന്നത്തെ പ്രഗല്‍ഭ പണ്‌ഢിതനും ആത്മീയാചാര്യനുമായ വെളിയങ്കോട് ഉമര്‍ ഖാസിപോലും സയ്യിദ് അലവിതങ്ങളുടെ ആത്മീയ നിയന്ത്രണത്തിലാണ് ജീവിച്ചിരുന്നത്. കാരണം, തങ്ങളവര്‍കളുടെ ജ്ഞാനത്തിന്റെ ആഴം അവര്‍ നേരത്തെത്തന്നെ അറിഞ്ഞിരുന്നു. സയ്യിദ് അലവി തങ്ങള്‍ മലബാറിലെത്തിയ ആദ്യ കാലങ്ങളിലായിരുന്നു ഇത്. നാട്ടിലൊരു പുതിയ പണ്ഡിതന്‍ വന്നപ്പോള്‍ അവരെ മനസ്സിലാക്കാന്‍ തന്നെ ഉമര്‍ ഖാസി തീരുമാനിച്ചു. അങ്ങനെ തങ്ങളെ നേരില്‍കണ്ട് പല ചോദ്യങ്ങളും ചോദിച്ചു. അതിനൊരു പരീത്‌ക്ഷണത്തിന്റെ ചുയയുണ്ടായിരുന്നു. അല്‍ഭുതമെന്ന് പറയട്ടെ, പെട്ടെന്ന് ഉമര്‍ ഖാസിയുടെ എല്ലാ അറിവും മറന്നുപോയി. അല്‍പനേരം ഒന്നും അറിയാത്തവനെപ്പോലെ അദ്ദേഹം ആയിമാറി. ഇതിനു ശേഷം ഉമര്‍ ഖാസി സയ്യിദ് അലവി തങ്ങളെ ആദരവോടെ മാത്രമേ സമീപ്പിച്ചിരുന്നുള്ളൂ. അവരുടെ ആത്മീയ സരണിയില്‍ അംഗമാവുകയും ചെയ്‌തു.5 സയ്യിദ് അലവി തങ്ങളുടെ വ്യക്തിപ്രഭാവവും ആത്മീയ നിലവാരവും അത്രമേല്‍ മഹത്തരമായിരുന്നു.
1800 ന്റെ ആദ്യ ദശകങ്ങളില്‍ അധിനിവേശ വിരുദ്ധസമരവുമായി മുന്നോട്ടുപോയിരുന്ന പല യോദ്ധാക്കള്‍ക്കും സയ്യിദ് അലവി തങ്ങളുമായി ഥരീഖത്ത് ബന്ധമുണ്ടായിരുന്നതായി ചരിത്രത്തില്‍ കാണാന്‍ കഴിയുന്നുണ്ട്. ചിലര്‍ സയ്യിദ് അലവി തങ്ങളുടെ ശിഷ്യന്‍മാരുമായാണ് ആത്മീയ ബന്ധം പുലര്‍ത്തിയിരുന്നത്. ഉണ്ണിമൂസ, ചെമ്പന്‍ പോക്കര്‍, അത്തന്‍ കുരിക്കള്‍, ഐദ്രോസ്‌കുട്ടി, പുലത്ത് ചേക്കുമൂപ്പന്‍ തുടങ്ങിയവരെല്ലാം സയ്യിദ് അലവി തങ്ങളുടെ ശിഷ്യന്മാരായിരുന്നു. സയ്യിദ് അലവിതങ്ങള്‍, ഉമര്‍ ഖാസി, സയ്യിദ് മുഹമ്മദ് മൗലാ ബുഖാരി തുടങ്ങിയവരായിരുന്നു ഇവരുടെ ആത്മീയ ഗുരുക്കള്‍. നസാറാക്കന്മാര്‍ക്കെതിരെയാണ് ഇവരുടെ പോരാട്ടമെന്ന് സയ്യിദ് അലവിതങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. അത്‌കൊണ്ടുതന്നെ ഇവരുടെ മരണം സയ്യിദ് അലവി തങ്ങളെ അഗാധ ദു:ഖത്തിലാഴ്‌ത്തിയിരുന്നു.6
പ്രപഞ്ച പ്രതിഭാസങ്ങളിലെ ദൈവിക ചൈതന്യമുള്‍ക്കൊണ്ട്-ആരാധനയിലും ധ്യാനത്തിലും മുഴുകി ജീവിതം ക്രമപ്പെടുത്തിയപ്പോള്‍ സയ്യിദ് അലവി തങ്ങള്‍ ദിവ്യലോകോത്തെ പ്രഭചൊരിയുന്ന താരകമായി മാറി. അല്ലാഹുവിന്റെ പ്രത്യേക പരിഗണനകള്‍ ലഭിച്ചു. കരങ്ങള്‍ക്കും കാലുകള്‍ക്കും കാഴ്‌ചക്കും കേള്‍വിക്കും അഭാരമായ അദൃശ്യ ശക്തി കൈവന്നു.
താന്‍ ജീവിച്ചിരുന്ന കാലഘട്ടത്തിലെ ഖുതുബായിരുന്നു സയ്യിദ് അലവി തങ്ങള്‍. അതിനാലാണ് ഖുതുബുസ്സമാന്‍ എന്ന പേരില്‍ വിശ്രുതനായത്. ഔലിയാക്കളുടെ സ്ഥാനശ്രേണിയില്‍ ഏറ്റവും മുകളില്‍ നില്‍ക്കുന്ന സ്ഥാനമാണിത്.
ആദ്ധ്യാത്മിക ജീവിതത്തിന്റെ സര്‍വ്വ രഹസ്യങ്ങളും ആവാഹിച്ച ജ്ഞാനിയായിരുന്നു സയ്യിദ് അലവി തങ്ങള്‍. ഒരേ സമയം അനവധി സവിശേഷ ഗുണങ്ങള്‍ അദ്ദേഹത്തില്‍ ഒത്തിണങ്ങിയിരുന്നു. അതുകൊണ്ടുതന്നെ ഖുര്‍ആന്റെ ഭാഷയില്‍ അവരെ ഒരു പ്രസ്ഥാനമെന്ന് വിളിക്കാവുന്നതാണ്. ആദ്ധ്യാത്മികതയിലൂന്നിയ ഈ ബഹുമുഖത്വമാണ് അവരെ ഉമര്‍ ബിന്‍ അബ്‌ദില്‍ അസീസ്, ഇമാം ഗസാലി, ശൈഖ് ജീലാനി, അബുല്‍ ഹസനില്‍ അശ്‌അരി, ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി തുടങ്ങിയവരടങ്ങിയ പ്രതിഭകളുടെ ചങ്ങലയിലെ ഒരു കണ്ണിയാക്കിമാറ്റിയത്.
തസ്വവ്വുഫില്‍ അഗാധ കഴിവുള്ള പണ്ഡിതന്‍ എന്നപോലെത്തന്നെ, വസ്‌തുനിഷ്‌ഠ ജ്ഞാനമുള്ള കര്‍മ്മശാസ്‌ത്രജ്ഞാനികൂടിയായിരുന്നു സയ്യിദ് അലവി തങ്ങള്‍. തന്റെ കാലത്തെ കര്‍മ്മശാസ്‌ത്ര പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധി നിര്‍ണ്ണയിച്ചിരുന്നത് അദ്ദേഹമാണ്. ആദ്ധ്യാത്മിക രംഗത്തെന്നപോലെ സാമൂഹിക രംഗത്തും പരിഹാരം തേടി നാടിന്റെ നാനാഭാഗത്തുനിന്നും ആളുകള്‍ അവിടെ ഒഴുകിയെത്തിയിരുന്നു. ആദ്ധ്യാത്മിക സന്ദേശങ്ങളുടെ ജീവിത സാക്ഷാല്‍ക്കാരമായിരുന്നു ഈ സാന്നിദ്ധ്യം. ധാര്‍മികാധപ്പതനവും ധര്‍മച്യുതിയും കൊടുകുത്തിവാണ കാലത്ത് സൂഫീജീവിതത്തിന്റെ ജനകീയവല്‍കരണമായിരുന്നു തങ്ങള്‍ ചെയ്‌തുകൊണ്ടിരുന്ന ജോലി. അത്‌കൊണ്ടുതന്നെ മുര്‍ശിദും മുറബ്ബിയുമായിരുന്ന സയ്യിദ് അലവി തങ്ങള്‍ ഗുപ്‌ത ജീവിതം നയിക്കാന്‍ ആഗ്രഹിച്ചില്ല. നിശാപ്രാര്‍ത്ഥന മമ്പുറത്തെ സ്വന്തം വീടിനടുത്തുള്ള പള്ളിയില്‍വെച്ചും പ്രഭാതനമസ്‌കാരം മസ്‌ജിദുല്‍ ഹറമില്‍വെച്ചും സാധാരണ നിര്‍വ്വഹിച്ചിരുന്ന തങ്ങള്‍ എന്നും സാധാരണക്കാരനില്‍ സാധാരണക്കാരനായി ജീവിക്കാനാണ് ഇഷ്‌ടപ്പെട്ടത്.
സയ്യിദ് അലവി തങ്ങള്‍ തന്റെ ജീവിതത്തിലെന്ന പോലെ, മരണാനന്തരവും തന്റെ സാമൂഹിക സേവനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ശരീരത്തിന്റെ മാത്രമല്ല, ആത്മാവിന്റെയും പ്രശ്‌നങ്ങള്‍ അവര്‍ സുഖപ്പെടുത്തുന്നു. ഇതിന്റെ അനുഭവസ്ഥര്‍ അനുവധിയാണ്. ഇന്നും മമ്പുറത്തേക്കു ആളുകള്‍ ഒഴുകിയെത്തുന്നത് അതിനാലാണ്.
മാനവ ചരിത്രത്തിലെ മഹാരഥന്മാര്‍ അമരരും സ്‌മര്യജനങ്ങളുമായി മാറുന്നത് പല കാരണങ്ങളാലണ്. ചിലര്‍ രചനകളിലൂടെ ഇന്നും ജീവിച്ചുകൊണ്ടിരിക്കുന്നു. ഇമാം സുയൂഥിയും ഇമാം റാസിയം ഉദാഹരണമാണ്. ചിലര്‍ പ്രവര്‍ത്തനങ്ങളിലൂടെയും സമരങ്ങളിലൂടെയും അമരത്വം നേടുന്നു. സലാഹുദ്ദീന്‍ അയ്യൂബി ഉദാഹരണമാണ്. എന്നാല്‍ ചരിത്രത്തില്‍ മറ്റുചില ആളുകളുണ്ട്. കാലങ്ങളെത്ര കഴിഞ്ഞാലും ജന മനസ്സുകളില്‍ അവര്‍ സ്ഥിരപ്രതിഷ്‌ഠനേടിയവരായിരിക്കും. ജീവിതത്തിലെന്നപോലെ മരണത്തിനു ശേഷവും അവര്‍ സമൂഹത്തെ നയിച്ചുകൊണ്ടിരിക്കുന്നു. അത്തരക്കാരുടെ സേവനങ്ങള്‍ക്ക് ദേശത്തിന്റെ വിഭിന്നതയോ കാലത്തിന്റെ ഒഴുക്കോ ഭംഗമാവുന്നില്ല. കാലം കഴിഞ്ഞുപോകുംതോറും അവരുടെ ജനസമ്മതി വര്‍ദ്ധിച്ചുകൊണ്ടിരിക്കും. സയ്യിദ് അലവി തങ്ങള്‍ ഇത്തരക്കാരിലൊരാളായിരുന്നു. അവരിന്നും സമൂഹത്തെ നയിച്ചുകൊണ്ടിരിക്കുന്നുണ്ട്.
അല്ലാഹുവിന്റെ ഔലിയാക്കളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭൗതികതയുടെയും അതിഭൗതികതയുടെയും അതിര്‍വരമ്പുകള്‍ വെക്കുന്നത് യുക്തിയല്ല. മതമെന്നാല്‍ മറഞ്ഞ കാര്യങ്ങളിലുള്ള (ഗൈബിയ്) വിശ്വാസ്‌ത്തില്‍ അധിഷ്‌ഠിതമാണല്ലോ. അല്ലാഹു അവരുടെ കാര്യം ഏറ്റെടുക്കുന്നതോടെ സര്‍വ്വതും അവരുടെ മുമ്പില്‍ സരളമാകുന്നു എന്നുള്ളതാണ്. നമ്മെപ്പോലെ സംസാരിക്കുകയും ആഹരിക്കുകയും ചെയ്യുമെങ്കിലും ദൈവസാമീപ്യത്തിലൂടെ അവര്‍ ഉന്നതങ്ങള്‍ കീഴടക്കുന്നു. അല്ലാഹുവിന്റെ സഹായത്തോടെ അദൃശ്യങ്ങള്‍ പറയാനും പ്രവചനങ്ങള്‍ നടത്താനും അവര്‍ക്ക് കഴിയുന്നു. ഖുഥുബുസ്സമാനായിരുന്ന സയ്യിദ് അലവി തങ്ങള്‍ തന്റെ നിത്യജീവിതത്തിലൂടെ ഇതെല്ലാം കാണിച്ചുകൊടുത്തിട്ടുണ്ട്. നൂറുക്കണക്കിന് അഭൗതിക കാര്യങ്ങളാണ് തന്റെ ജീവിതകാലത്തുതന്നെ സയ്യിദ് അലവി തങ്ങള്‍ ജനങ്ങളുമായി പങ്ക് വെച്ചത്.7 ഇവ തന്റെ സാമൂഹിക നവോത്ഥാനത്തിന്റെ സാക്ഷി പത്രങ്ങളാണ്.
ബൈത്താന്‍ മുസ്‌ലിയാര്‍, ഔക്കോയ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സയ്യിദ് അലവി തങ്ങളുടെ ആത്മീയ സരണിയെ ജനകീയമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഖാദിരീ ഥരീഖത്തിന്റെ വാഹകരായിട്ടാണ് ഇവര്‍ ജീവിച്ചിരുന്നത്. ശൈഖ് അബ്‌ദുല്‍ ഖാദര്‍ ജീലാനി സാധിച്ചെടുത്ത സാമൂഹിക നവോത്ഥാനത്തിന്റെ ശൈലി സയ്യിദ് അലവി തങ്ങളുടെ പ്രവര്‍ത്തന രീതിയിലും പ്രകടമാണ്. മലബാറിന്റെ ഇളകി മറിഞ്ഞ സാമൂഹിക പശ്ചാത്തലത്തില്‍ ആത്മീയതയെ പരിഹാരമായി കൊണ്ടുവരാന്‍ തങ്ങള്‍ക്ക് സാധിച്ചു. സമൂഹത്തില്‍ അലക്ഷ്യമായി ജീവിക്കുന്നതും മൂല്യരഹിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും വിശ്വാസിയുടെ രീതിയല്ലെന്ന് ആ അദ്ധ്യാപനങ്ങള്‍ തുറന്നുകാട്ടി. മലബാറിന്റെ ആഴത്തിലുള്ള ആത്മീയ ബന്ധത്തിന്റെ പിന്‍ബലത്തില്‍ സയ്യിദ് അലവി തങ്ങളുടെ പങ്ക് വിസ്‌മരിക്കാവതല്ല. ആത്മീയ സരണികളുടെ സ്രോതസ്സുകളുപയോഗിച്ച് സമൂഹത്തില്‍ എന്ത് മാറ്റവും സാധിച്ചെടുക്കാമെന്ന സിദ്ധാന്തം തങ്ങളിലൂടെ മലയാളം തിരിച്ചറിഞ്ഞു. ചത്തുപോയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ മലബാറിന്റെ ആത്മീയ രംഗം സടകുടഞ്ഞെഴുന്നേല്‍ക്കുന്നത് ഇതോടെയാണ്. കൊട്ടിഘോഷിക്കപ്പെടുന്നതിലപ്പുറം മമ്പുറം എന്നും ആത്മീയതയുടെ സിരാകേന്ദ്രമായി മാറി എന്നതാണ് ചരിത്രം. ബാഅലവീ സാദാത്തീങ്ങളുടെ ചരിത്രദൗത്യം മലയാളക്കരയില്‍ സയ്യിദ് അലവി തങ്ങള്‍ മങ്ങലേല്‍ക്കാതെ നിര്‍വ്വഹിക്കുകയായിരുന്നു. വര്‍ത്തമാന കാല മലബാറിന്റെ ആത്മീയ സംവിധാനത്തിന് അടിത്തറ പാകിയത് സയ്യിദ് അലവി തങ്ങളാണെന്നത് വസ്‌തുതയാണ്.
1) കേരളത്തിലെ പ്രവാചക കുടുംബങ്ങള്‍ ഉല്‍ഭവം ചരിത്രം, മുജീബ് തങ്ങള്‍ കൊന്നാര്, പേജ്: 78
2) മമ്പുറം സയ്യിദ് അലവി തങ്ങള്‍, കെ.കെ മുഹമ്മദ് അബ്‌ദുല്‍ കരീം, പേജ്: 40
3) മലബാറിലെ രത്‌നങ്ങള്‍, കെ.കെ. മുഹമ്മദ് അബ്‌ദുല്‍ കരീം, പേജ്: 28
4) കേരളത്തിലെ പ്രവാചക കുടുംബങ്ങള്‍ ഉല്‍ഭവം ചരിത്രം, മുജീബ് തങ്ങള്‍ കൊന്നാര്, പേജ്: 126
5)മമ്പുറം സയ്യിദ് അലവി തങ്ങള്‍, കെ.കെ മുഹമ്മദ് അബ്‌ദുല്‍ കരീം, പേജ്: 37
6) ആംഗ്ലോ-മാപ്പിള യുദ്ധം,1921,എ.കെ. കോടൂര്‍, പേജ്: 26
7) തെളിച്ചം മാസിക ലക്കം 5, പുസ്‌തകം 9, പേജ്: 26
No comments:
Post a Comment