മലവാരമെന്ന മലൈബാറിന്റെ മാപ്പിള സാഹിത്യ പാരമ്പര്യത്തിന് പ്രബോധകരമായ
അറബികളുടെ മലയാള മണ്ണിലേക്കുള്ള കുടിയേറ്റ കാലത്തോളം പഴക്കമുണ്ട്. ഇസ്ലാമിക
ധര്‍മ മാര്‍ഗത്തിന്റെ പ്രചാരണം ലക്ഷ്യമിട്ട മിഷനറിമാര്‍ക്ക് പ്രാദേശിക
ജനവിഭാഗങ്ങളുടെ ആശയാഭിലാഷങ്ങളുമായി സംവേദിക്കേണ്ടത് അനിവാര്യമായ
ഒരാവശ്യമായിരുന്നുവല്ലോ. എന്നാല്‍ ഇത്തരമൊരു സമ്പര്‍ക്ക ഭാഷ ഏകകാലത്ത്
ഏകീകൃതമായൊരു രീതിയില്‍ ഉരുത്തിരിഞ്ഞൊരു സാമൂഹിക പ്രതിഭാസമല്ലെന്നതാണ്
വാസ്തവം. അതുകൊണ്ട് വാമൊഴി പാരമ്പര്യത്തില്‍ നിന്ന് വരമൊഴി
പാരമ്പര്യത്തിലേക്കുള്ള മാപ്പിള സാഹിത്യ വികാസം എന്നാണ് ആരംഭിച്ചതെന്ന്
കൃത്യമായി നിര്‍ണ്ണയിക്കാനാവുകയില്ല.
ചരിത്രപരമായ കാരണങ്ങള്‍ നിമിത്തം പശ്ചിമ സമുദ്രതീരം വിട്ട് ഉള്‍നാടന്‍
പ്രദേശങ്ങളിലേക്കുള്ള മാപ്പിളമാരുടെ കുടിയേറ്റം വ്യാപകമാവുകയും
വാണിജ്യത്തിനപ്പുറത്ത് കാര്‍ഷിക വൃത്തി അവരുടെ മുഖ്യ ഉപജീവനോപാതി ആവുകയും
ചെയ്ത ക്രി. പതിനാല് , പതിനഞ്ച് നൂറ്റാണ്ടുകളിലായിരിക്കണം മാപ്പിള ഭാഷയുടെ
സാഹിതീയ രൂപ പരിണാമമെന്ന് അനുമാനിക്കേണ്ടതുണ്ട്. കേരളത്തിലെ മാപ്പിള
സാഹിതീയ പാരമ്പര്യത്തിലെ തൊണ്ണൂറ്റി അഞ്ച് ശതമാനം രചനകളും അവിഭക്ത
മലബാറിന്റെ സംഭാവനകളായിരുന്നു. അവയില്‍ തന്നെ സിംഹഭാഗവും കോഴിക്കോട്
മലപ്പുറം ജില്ലകളിലധിവസിച്ച പ്രതിഭാശാലികളുടേയും.
ഈ സാഹിതീയ പാരമ്പര്യത്തെ മൂന്ന് തലങ്ങളിലായി വിലയിരുത്തേണ്ടതുണ്ട്. അറബി
ഭാഷയുടെ രചനകളാണ് ഒന്നാമത്തെ വിഭാഗം. ഇവയില്‍ മതദര്‍ശനികതയുടെ വിവരങ്ങളോ
വ്യാഖ്യാനങ്ങളോ ആയ രചനകളുണ്ട്. കേവലം സാഹിതീയ പരികല്‍പ്പനകളുടെ തലത്തിലുള്ള
അറബി കാവ്യങ്ങളുണ്ട്. ചരിത്ര പരാമര്‍ശങ്ങളുണ്ട്. വിപ്ലവാഹ്വാനങ്ങളുമുണ്ട്.
ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ മുര്‍ശിദുത്തുല്ലാബ്, സിറാജുല്‍ ഖുലൂബ്,
ശംസുല്‍ ഹുദാ, തുഹ്ഫത്തുല്‍ അഹിബ്, കിഫായത്തുല്‍ ഫറാഈസ്, ശൈഖ് അബ്ദുല്‍
അസീസ് മഖ്ദൂമിന്റെ മഅ്ലക്കുല്‍ അത്ഖിയാ, ശൈഖ് അബ്ദുല്‍ മസ്ദൂമിന്റെ
കിതാബുല്‍ ഈമാന്‍ , കിതാബുല്‍ ഇസ്ലാം, ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ
ഖുറത്തില്‍ ഐന്‍ അജീബത്തുല്‍ അജീബ മന്‍ഹജ്ജുല്‍ വാളിഅ് ഫത്ഹുല്‍ മുഈന്‍ ,
വെളിയങ്കോട് ഉമര്‍ ഖാളിയുടെ നഫാഈസുദ്ദറര്‍ , മഖാസിദുന്നിഖാഹ്,
അബ്ദുറഹ്മാന്‍ മഖ്ദൂമിന്റെ സസീദത്തുല്‍ വിത്‌രിയാ, താനൂര്‍ അബ്ദുറഹ്മാന്‍
ശൈഖിന്റെ ശറഹ് തുഹ്ഫത്തുല്‍ മുര്‍സല, ഷറഫ് അല്ലഫല്‍ അലിഫ് തുടങ്ങിയവ
ഇസ്ലാമിന്റെ ദാര്‍ശനികതയുടെ വ്യാഖ്യാനങ്ങളോ വിശദീകരണങ്ങളോ ആയ
ഗ്രന്ഥങ്ങളില്‍ ഉള്‍പ്പെടുന്നു. വൈജ്ഞാനിക സാഹിത്യം എന്ന് കരുതാവുന്ന
പ്രസ്തുത രചനകളുടെ കര്‍ത്താക്കള്‍ മതപഠന ശാലകളുടെ
നടത്തിപ്പുകാരായിരുന്നുവെന്നതും, പ്രസ്തുത രചനകള്‍ മുസ്‌ലിം സമുദായത്തിലെ
ഉലമാക്കളെയാണ് ലക്ഷ്യം വെച്ചിരുന്നതെന്നും കാണാവുന്നതാണ്. പലപ്പോഴും ഇത്തരം
രചനകളില്‍ പലതിനും വ്യാഖ്യാനങ്ങളും പുനര്‍ വ്യഖ്യാനങ്ങളും
വേണ്ടിവരുകയുമുണ്ടായിട്ടുണ്ട്. ഉദാഹരണമായി ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ
ഹിദായത്തുല്‍ അദ്ഖിയ ഇലാ രീഖില്‍ ഔലിയാ എന്ന ഗ്രന്ഥത്തിന് ശൈഖ് അബ്ദുല്‍
അസീസ് മഖ്ദൂം മസ്‌ലക്കുല്‍ അദ്ഖിയ എന്നൊരു വ്യാഖ്യാനം രചിച്ചു. ഇതേ
ഗ്രന്ഥത്തിന് പത്തൊമ്പതാം നൂറ്റാണ്ടില്‍ സയ്യിദ് അബൂബക്കര്‍ ബകരി
ഖിഫായത്തുല്‍ അദ്ഖിയാ ഫിമീന്‍ , ഹാജിര്‍ അസഫിയ എന്നൊരു വ്യഖ്യാനം
രചിച്ചതായി കാണാം.
ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ അര്‍ജൂസ, ഉമര്‍ഖാസിയുടെ നഫാഈസുല്‍ ,
സല്ലല്‍ ഇലാഹുല്‍ ബൈത്ത്, സയ്യിദ് അലവിക്കോയ തങ്ങളുടെ ശറഹ് ഖസീദത്ത്
തുടങ്ങിയ രചനകള്‍ മലപ്പുറം ജില്ലക്കാരായ പണ്ഡിതരുടെ അറബി കാവ്യങ്ങളുടെ
സുദീര്‍ഘമായ പട്ടികയില്‍ ചിലതു മാത്രമാണ്. ഫസല്‍ പൂക്കോയ തങ്ങളുടെ ഉമറാഅ്
വല്‍ഹുക്കാം ലിഇഹാനത്തില്‍ സഫറത്തി വഅബ്‌ദത്തില്‍ അസ്നാ പോലുള്ള രചനകള്‍
ആംഗല സാമ്രാജ്യത്വത്തിനെതിരെയുള്ള വിപ്ലവാഹ്വാനമാകുന്നു. ശൈഖ് സൈനുദ്ദീന്‍
മഖ്ദൂം രണ്ടാമന്റെ തുഹ്ഫത്തുല്‍ മുജാഹിദീന്‍ കേരള ചരിത്രത്തെക്കുറിച്ചള്ള
ആധികാരിക രചനയായി വിലയിരുത്തപ്പെടുന്നു. മലപ്പുറം ജില്ലയിലെ
നിവാസികളായിരുന്ന നിരവധി കവികള്‍ അറബ് സാഹിത്യത്തിലെ വിലാപ കാവ്യങ്ങളോട്
കിടപിടിക്കാവുന്ന ഒട്ടേറെ മര്‍സ്സിയ്യകള്‍ രചിച്ചിട്ടുണ്ടെങ്കിലും
അവയിലേറെയും സാഹിത്യ പ്രസ്ഥാനത്തില്‍ അംഗീകരിക്കപ്പെടുകയുണ്ടായില്ല. കേരളീയ
സാഹിത്യധാരയിലെ വ്യതിരിക്താസ്തി തിത്വമായിരിക്കാം അവയുടെ
ദുര്‍ഗതിക്കാധാരം.
മുസ്‌ലിംകളുടെ എക്കാലത്തേയും പൗരോഹിത്യത്തിന്റെ ഭാഷ അറബിയായിരുന്നു.
അതുകൊണ്ട് അറബി ഭാഷയിലുള്ള രചനകള്‍ സാമൂഹിക തലത്തിലെ വരേണ്യവല്‍ക്കരണത്തെ
സഹായിക്കുകയായിരുന്നു. ഇന്ത്യയിലെ ഇതര പ്രദേശങ്ങളിലെന്ന പോലെ കേരളത്തിലെ
അറബി രചനകള്‍ മുസ്‌ലിം സാമൂഹിക ഘടനക്കകത്തെ ഒരു സമാന്തരവല്‍ക്കരണത്തിന്
ആക്കം കൂട്ടിയെന്ന് കരുതാനാവില്ല. ആദ്യകാല ബംഗാളി മുസ്‌ലിം സാഹിത്യ
പാരമ്പര്യത്തില്‍ അറബി ഭാഷയില്ലാത്ത രചനകളെ അപവദിക്കുന്ന ഒരു തരം
അസഹിഷ്ണുതയുടെയ പ്രവണത നിലനിന്നിരുന്നപ്പോഴും കേരളത്തില്‍ അറബി രചനകളോട്
ഒരു തരം ഉദാസീനതയാണ് സമാന്യ ജനതയില്‍ നിലനിന്നിരുന്നത്. പ്രാദേശിക
ബംഗാളിയില്‍ നബി വംശകാവ്യം രചിച്ച സയ്യിദ് സുല്‍ത്താനെ വിമര്‍ശകന്മാര്‍
മുനാഫിഖ് എന്ന് അപവദിച്ചിരുന്നുവെങ്കില്‍ അറബി മലയാളത്തില്‍ മുഹിയുദ്ദീന്‍
മാല രചിച്ച ഖാദി മുഹമ്മദിന്റെ കവിത്വമംഗീകരിക്കാന്‍ കേരള
മുസല്‍മാന്‍മാര്‍ക്ക് മടിയുണ്ടായിരുന്നില്ല.
പേര്‍ഷ്യന്‍ ഭാഷയില്‍ നിന്ന് അമീര്‍ ഹംസയെന്ന നോവല്‍ ബംഗാളിലേക്ക്
പരിഭാഷപ്പെടുത്തിയ അബ്ദുല്‍ നബി തന്റെ സാഹിത്യ രചന ദൈവകോപം
വരുത്തിയേക്കാമെന്ന് ഭയപ്പെട്ടിരുന്നപ്പോള്‍ മൂല്‍മഹദ് അറബി മലയാളത്തില്‍
രചിച്ച കുഞ്ഞായീന്‍ മുസ്ലിയാര്‍ക്ക് അത്തരമൊരു മനോവ്യഥ ഉണ്ടായിരുന്നതായി
കാണപ്പെടുന്നില്ല. അറബി ഭാഷയോട് ബംഗാളി മുസ്‌ലിം പണ്ഡിതന്മാര്‍ ഭയഭക്തിയുടെ
ആരാധ്യ ഭാവം സൂക്ഷിച്ചിരുന്നപ്പോള്‍ , കേരളീയ പണ്ഡിതന്മാര്‍ അതിനെ വിശുദ്ധ
വല്‍ക്കരണത്തിന്റെ ഉപാധിയായി കണ്ടിരുന്നുവെന്ന് കരുതാന്‍ തെളിവൊന്നുമില്ല.
എന്നാല്‍ ലോക മുസ്‌ലിം പാരമ്പര്യത്തിലേക്കുള്ള വാഹകമെന്ന നിലയില്‍ അതിന്
ഗണനീയമായൊരു പദവി ഉണ്ടായിരുന്നുതാനും.
മലപ്പുറത്തിന്റെ മാപ്പിള സാഹിതീയ പൈതൃകത്തിലെ ഏറ്റവും ജനകീയമായ വിഭാഗം
ഒരു പക്ഷെ അറബി മലയാള രചനകളായിരുന്നിരിക്കണം. അറിയപ്പെടുന്നവരും
അറിയപ്പെടാതെ പോയവരുമായ എണ്ണമറ്റ മാപ്പിള കവികള്‍ ഈ സാഹിതീയ
പൈതൃകത്തിലേക്ക് മുതല്‍ കൂട്ടിയതായി കാണാം. പൊന്മള പൂവ്വാടന്‍ കുഞ്ഞാപ്പ
ഹാജി, അരീക്കോട് സ്വദേശി മുസ്ലിയാരകത്ത് അഹമ്മദ്കുട്ടി എന്ന ലാഹാജി, പി.ടി.
ബീരാന്‍കുട്ടി മൗലവി സി.കെ. അയമു മൊല്ല തോട്ടപ്പാളി കുഞ്ഞഹമ്മദ്
മാസ്റ്റര്‍ , മധുരക്കറിയന്‍ അത്തന്‍ മോയിന്‍ അധികാരി തുടങ്ങിയവര്‍
ഏറെയൊന്നും അറിയപ്പെടാതെ പോയവരില്‍ പെടുന്നു. കല്യാണപ്പാട്ടുകള്‍ ,
ഭക്തിരചനകള്‍ , യുദ്ധകാവ്യങ്ങള്‍ എന്നിങ്ങനെ മാപ്പിള സാഹിതീയ പൈതൃകത്തിന്റെ
വിവിധ തലങ്ങളില്‍ ഈ കവികളും ഗ്രന്ഥകാരന്മാരും നല്‍കിയ സംഭാവനകള്‍ ഇനിയും
വേണ്ടത്ര വിലയിരുത്തപ്പെട്ടിട്ടുണ്ടെന്ന് തോന്നുന്നില്ല.
അറിയപ്പെടുന്ന ഗ്രന്ഥകാരന്മാരില്‍ ഉമ്മഹാത്തുമാല, താഹിറാത്ത് മാല,
ഫത്ഹുല്‍ ബഹ്നസ് മുതലായ രചനകളുടെ കര്‍ത്താവായ മുസ്ലിയാരകത്ത് കുഞ്ഞാവ,
തബൂക്ക് പടപ്പാട്ടിന്റേയും, ഖന്ദഖ് പടപ്പാട്ടിന്റേയും കര്‍ത്താവ് പൊന്നാനി
സ്വദേശി നൂറുദ്ദീന്‍ , ഖസ്‌വത്ത് ഫതഹ് മക്കയുടെ കര്‍ത്താവ് താനൂര്‍
മച്ചിങ്ങലത്ത് മൊയ്തീന്‍ മൊല്ല, ചെറിയ ഹംസത്ത് മാല, വലിയ ഹംസത്ത് മാല,
ഹര്‍ബുല്‍ അഹ്സാബ് എന്ന ഖന്ദഖ് പടപ്പാട്ട്, ഫതുഹു താഹിഫ് മുതലായ
കാവ്യങ്ങളുടെ രചയിതാവ് കോടമ്പിയകത്ത് കുഞ്ഞിസീതി തങ്ങള്‍ , മുഅതത്ത്
പടപ്പാട്ട്, ജുമുഅത്ത് മാല മുതല്‍ വാദികളിപ്പാട്ട് മുതലായ കാവ്യങ്ങളുടെ
രചിയിതാവ് വല്ലാഞ്ചിറ മൊയ്തീന്‍ ഹാജി, മൂസാ സൈനബ കിസ്സപ്പാട്ട്, അഖ്ബാറുല്‍
ഹിന്ദ്, ഫത്ഹുശ്ശാം തുടങ്ങിയ രചനകളുടെ കര്‍ത്താവ് വല്ലാഞ്ചിരി
കുഞ്ഞഹമ്മദ്, സ്റീഉറുദുമാലയുടെ കര്‍ത്താവ് അല്ലുസാഹിബ്, അബ്ദുറഹ്മാന്‍
കിസ്സപ്പാട്ട് ചെറിയ കച്ചോടപ്പാട്ട്, താജുല്‍ മുലൂക്ക്, താജുല്‍ ഉമൂറ്,
മദീനത്തുന്നജ്ജാര്‍ , കിസ്സപ്പാട്ട് എന്നിവയുടെ രചയിതാവ് നാലകത്ത് അലി,
ദാത്തുല്‍ ഹിമാര്‍ അലി യുദ്ധം, ചെറിയ ബഹമസ് മുതലായ കാവ്യങ്ങളുടെ രചയിതാവ്
കുറ്റിപ്പുലാന്‍ അഹമ്മദ് കുട്ടി, ബദറുല്‍ മുനീര്‍ കിസ്സപ്പാട്ടിന്റെ
കര്‍ത്താവ് പാഴപ്പള്ളി മാമുട്ടി, ആദംനബി കിസ്സപ്പാട്ട്, മര്‍യ്യം ബിവി
കിസ്സപ്പാട്ട് തുടങ്ങിയ രചനകളുടെ കര്‍ത്താവ് വൈശ്യാരകത്ത് കുഞ്ഞാവ,
ഖിസ്സത്ത് യൂസഫ് പാട്ടിന്റെ കര്‍ത്താവ് വള്ളിക്കാടന്‍ മമ്മദ്, ഹുനൈന്‍
പടപ്പാട്ടിന്റെ രചയിതാവ് പൊന്നാനി മാളിയേക്കല്‍ കുഞ്ഞഹമ്മദ് എന്നിങ്ങനെ
ഒട്ടേറെ പേരുകള്‍ അനുസ്മരിക്കപ്പെടേണ്ടതുണ്ട്.
http://malappuram.entegramam.gov.in