Friday, November 2, 2012

ആ വിളിയുടെ പ്രതിധ്വനി കാതിലിപ്പോഴും മുഴങ്ങുന്നു

ഒക്‌ടോബര്‍ ഒന്ന്‌ തിങ്കളാഴ്‌ച ദിവസം. ശൈഖുനാ സാധാരണ പോലെ ഫൈനല്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ തുഹ്‌ഫ ദര്‍സ്‌ നടത്തി. പിന്നീടാണ്‌ സെമി വിദ്യാര്‍ത്ഥികളുടെ ബുഖാരി ക്ലാസ്‌. ബെല്ലടിച്ചാലുടനെ ക്ലാസിലെത്തി ബെല്ലടിച്ചാലുടനെ ക്ലാസ്‌ അവസാനിപ്പിക്കുന്ന; ഒരു നിമിഷം പോലും പാഴാക്കാത്തതാണ്‌ ശൈഖുനായുടെ ശൈലി. പതിവിന്‌ വിപരീതമായി അന്നത്തെ ബുഖാരി ക്ലാസ്‌ ബെല്ലടിച്ചതിന്‌ ശേഷവും പതിനഞ്ച്‌ മിനുട്ട്‌ തുടര്‍ന്നു. ക്ലാസ്‌ കഴിഞ്ഞ്‌ റൂമില്‍ വന്ന ഉസ്‌താദിന്റെ പരിക്ഷീണിതമായ മുഖം കണ്ടപ്പോള്‍ നിനച്ചില്ല; അരനൂറ്റാണ്ട്‌ ജ്വലിച്ചു നിന്ന ജ്യോതിസ്സ്‌ അരങ്ങൊഴിയാനുള്ള പുറപ്പാടിലാണെന്ന്‌. അതു തന്നെ ഖുര്‍ആനിനുശേഷം ഏറ്റവും പ്രാമാണികതയും വിശ്വാസ്യതയും കല്‍പിക്കപ്പെടുന്ന സ്വഹീഹുല്‍ ബുഖാരിയുടെ അധ്യാപനശേഷം. ബുഖാരിയിലെ ഹദീസുകള്‍ പാരായണം ചെയതശേഷം പ്രാര്‍ത്ഥിക്കുന്നത്‌ ഉത്തരംകിട്ടാന്‍ കൂടുതല്‍ സഹായകമാണെന്നത്‌ പണ്ഡിത ലോകത്ത്‌ സുവിദിതമാണല്ലോ.

ളുഹ്‌റ്‌ നിസ്‌കാരവും ഭക്ഷണവുമൊക്കെ കഴിഞ്ഞ്‌ ഏകദേശം മൂന്ന്‌ മണി സമയം. ഉസ്‌താദ്‌ ഞങ്ങളുടെ റൂമില്‍ വന്നു. ചാര്‍ജ്‌ തീര്‍ന്ന്‌ സ്വിച്ച്‌ ഓഫായ തന്റെ മൊബൈല്‍ ഫോണ്‍ കൈയിലുണ്ടായിരുന്നു. ഈയടുത്ത്‌ ആരോ ഹദ്‌യ നല്‍കിയതായിരുന്നു മൊബൈല്‍ ഫോണ്‍. മൊബൈല്‍ നീട്ടി ``മുസ്‌ലിയാരെ, ഇതില്‍ വെളിച്ചവും തിജ്ജുമൊന്നുമില്ലല്ലോ. ആ വള്ളി എവിടെ?'' എന്ന്‌ ചോദിച്ചു. വീട്ടിലേക്ക്‌ വിളിക്കാനാണ്‌ ഉസ്‌താദ്‌ മൊബൈല്‍ എടുത്തത്‌. ഞാന്‍ എന്റെ മൊബൈലില്‍ നമ്പര്‍ ഡയല്‍ ചെയ്‌ത്‌ ഉസ്‌താദിന്‌ സംസാരിക്കാനായി കൈമാറി. സംസാരം കഴിഞ്ഞ്‌ ഫോണ്‍ എന്നെ തിരിച്ചേല്‍പ്പിച്ചു.


അസ്വറും മഗ്‌രിബുമൊക്കെ സാധാരണ പോലെ പള്ളിയില്‍ പോയി നിസ്‌കരിച്ചു. മഗ്‌രബിന്‌ ശേഷം ചൊവ്വാഴ്‌ച ദര്‍സ്‌ നടത്താനുള്ള തുഹ്‌ഫയും മറ്റും മുത്വാലഅ ചെയ്‌തു. ഇശാഅ്‌ നിസ്‌കാരവും ഭക്ഷണവുമൊക്കെ കഴിഞ്ഞ്‌ കൃത്യസമയത്ത്‌ തന്നെ ശൈഖുന കിടന്നു. രാത്രി പതിനൊന്ന്‌ മണിയോടടുത്തപ്പോള്‍ എന്റെ റൂമിന്റെ മുമ്പില്‍ നിന്നും ഒരു വിളി: ``സുലൈമാന്‍ മുസ്‌ലിയാരെ'', ഞാന്‍ ചാടിയെണീറ്റു. പുറത്ത്‌ വന്നപ്പോള്‍ നെടുനിശ്വാസം വലിച്ച്‌ ഉസ്‌താദ്‌ റൂമിന്‌ പുറത്ത്‌ നില്‍ക്കുന്നു. ഞാന്‍ ഓടിച്ചെന്ന്‌ നമുക്ക്‌ ഹോസ്‌പിറ്റലില്‍ പോകാം എന്നാവശ്യപ്പെട്ടു. ``ഇപ്പോഴോ?'' ദയനീയമായി എന്റെ മുഖത്ത്‌ നോക്കി ശൈഖുനാ ചോദിച്ചു. ``ഉസ്‌താദ്‌ ഡ്രസ്സ്‌ മാറിയില്‍ മതി ബാക്കി ഏര്‍പാടുകള്‍ ഞാന്‍ ചെയ്യാം.'' ഡ്രസ്സ്‌ മാറും മുമ്പ്‌ ഉസ്‌താദ്‌ ബാത്ത്‌റൂമില്‍ പോയി. സ്വയം വൃത്തിയാക്കി പുറത്ത്‌ വന്നു. പരസഹായമില്ലാതെ ഡ്രസ്സ്‌ മാറി. വീണ്ടും ബാത്ത്‌ റൂമില്‍ പോയി. മറക്കിരുന്ന്‌ സ്വയം വൃത്തിയാക്കി വേച്ച്‌ വേച്ച്‌ പുറത്ത്‌ വന്നു. നടക്കാന്‍ പ്രയാസപ്പെടുന്ന പരവശനായ ഉസ്‌താദിനെ ഞാന്‍ വാരിയെടുത്തു. അപ്പോഴേക്കും റഖീബ്‌ അന്‍വര്‍ ജീപ്പുമായി വന്നിരുന്നു. ഉസ്‌താദിനെ എടുത്ത്‌ ജിപ്പില്‍ ഇരുത്തി. ഞാന്‍ കൂടെ കയറി. ജീപ്പ്‌ നീങ്ങിയപ്പോള്‍ ഞെരുങ്ങിയിരിക്കുന്ന എന്നെ കണ്ട ഉസ്‌താദ്‌ രണ്ട്‌ കൈകളും സീറ്റില്‍ അമര്‍ത്തി ഒതുങ്ങിയിരിക്കാന്‍ ശ്രമിച്ചു. താന്‍ കാരണം ഒരാള്‍ക്കും നിസാര വിഷമം ഉണ്ടാവരുത്‌ എന്ന നിഷ്‌കര്‍ഷയായിരുന്നു ആ ഒതുങ്ങിയിരുത്തം. യാത്രയിലുടനീളം `അല്ലാഹ്‌, അല്ലാഹ്‌' എന്നിങ്ങനെ ഉരുവിട്ടുകൊണ്ടിരുന്നു. ആദ്യം മൗലാനാ ഹോസ്‌പിറ്റലില്‍ എത്തി. ഡോക്‌ടറില്ലാത്തതിനാല്‍ അല്‍ ശിഫയിലേക്കു തിരിച്ചു. അപ്പോഴൊക്കെ `അല്ലാഹ്‌, അല്ലാഹ്‌' എന്ന്‌ അഭംഗുരം പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ശൈഖുനാ.


ഹോസ്‌പിറ്റലില്‍ എത്തിയ ഉടന്‍ ഐ.സി.യു.വില്‍ പ്രവേശിപ്പിച്ചു. പരിശോധനക്കുശേഷം ഡോക്‌ടര്‍ ഞങ്ങളുടെ അടുത്ത്‌ വന്നുപറഞ്ഞു: ``95% നമുക്ക്‌ നഷ്‌ടമാണ്‌.'' ``ഞങ്ങള്‍ക്ക്‌ ചിലകാര്യങ്ങളൊക്കെ ചെയ്യാനുണ്ട്‌. അതിന്‌ അനുവദിക്കണം.'' ഞാന്‍ ഡോക്‌ടറോടാവശ്യപ്പെട്ടു. അദ്ദേഹം സമ്മതിച്ചു. ഞങ്ങള്‍ ഐ.സി.യു.വില്‍ കടന്ന്‌ വെള്ളംകൊടുത്തു. കലിമ ചൊല്ലിക്കൊടുത്തു. പ്രവേശിച്ചപാടെ ബോധം നഷ്‌ടപ്പെട്ട ഉസ്‌താദ്‌ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്‌ ചൊവ്വാഴ്‌ച ഉച്ചവരെ തള്ളിനീക്കിയത്‌. ഉച്ചക്ക്‌ കൃത്യം ഒരുമണിക്ക്‌ ആ ശ്വാസം നിലച്ചു. ആ ധന്യജീവിതം പൊലിഞ്ഞു.

സുലൈമാന്‍ ഫൈസി ചുങ്കത്തറ

No comments:

Post a Comment