താന്‍ ജീവിച്ചിരുന്ന കാലഘട്ടത്തിലെ ഖുതുബായിരുന്നു സയ്യിദ് അലവി തങ്ങള്‍. അതിനാലാണ് ഖുതുബുസ്സമാന്‍ എന്ന പേരില്‍ വിശ്രുതനായത്. ഔലിയാക്കളുടെ സ്ഥാനശ്രേണിയില്‍ ഏറ്റവും മുകളില്‍ നില്‍ക്കുന്ന സ്ഥാനമാണിത്. അച്ചുതണ്ട് എന്നാണ് വാഗര്‍ത്ഥം. പ്രപഞ്ച സംവിധാനത്തിന്റെ അടിസ്ഥാന ഘടകവും ഭൗമ മണ്ഡലത്തിന്റെ കേന്ദ്ര ബിന്ദുവുമായി മാറുക എന്നതാണ് ആശയം. ഒരുകാലത്ത് ഒരു ഖുതുബ് മാത്രമേ ജീവച്ചിരിക്കുകയുള്ളൂ. തന്റെ യുഗത്തിലെ അല്ലാഹു അനുവദിച്ച മുഴുവന്‍ കാര്യങ്ങളും നിയന്ത്രിച്ചുപോരുക പ്രസ്‌തുത വ്യക്തിയായിരിക്കും. അല്ലാഹു സയ്യിദ് അലവി തങ്ങളെ ഇത്തരമൊരു സ്ഥാനത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലാണ് അഖ്‌താബ്, അബ്‌ദാല്‍, ഔതാദ് തുടങ്ങിയവര്‍ അധിവസിക്കുക. ഇത് ഒരു നാടിന് ലഭിക്കുകയെന്നത് വലിയ അനുഗ്രഹമായിട്ടാണ് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സയ്യിദ് അലവി തങ്ങളുടെ കാലത്ത് മലയാളക്കരക്ക് ഇതിനുള്ള ഭാഗ്യം സിദ്ധിച്ചു.1)
സൂഫികളുടെ ലോകത്തെക്കുറിച്ചും അവര്‍ക്കിടയിടയിലെ പദവികളെക്കുറിച്ചും ബോധമുണ്ടാവുമ്പോഴാണ് ഖുഥുബ് എന്ന സ്ഥാനത്തിന്റെ ഗാംഭീര്യം മനസ്സിലാവുക.
ഇബ്‌നു അബ്ബാസ് (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ``ഭൂമിലോകത്ത് അല്ലാഹുവിന്റെ മുന്നൂറ് വിശിഷ്‌ട വ്യക്തികളുണ്ട്. അവരുടെ ഹൃദയം ആദം നബിയുടെ ഹൃദയവുമായി ബന്ധപ്പെട്ടിരിക്കുന്നു. വേറെ നാല്‍പ്പത് ആളുകളുണ്ട്. അവരുടെ ഹൃദയം മൂസാനബിയുടെ ഹൃദയവുമായി ബന്ധപ്പെട്ടിരിക്കുന്നു. വേറെ ഏഴ് വ്യക്തികളുണ്ട്. അവരുടെ ഹൃദയം ഇബ്‌റാഹീം നബിയുടെ ഹൃദയവുമായി ബന്ധപ്പെട്ടിരിക്കുന്നു. വേറെ അഞ്ച് ആളുകളുണ്ട്. അവരുടെ ഹൃദയം ജിബ്‌രീലിന്റെ ഹൃദയവുമായി ബന്ധപ്പെട്ടിരിക്കുന്നു. വേറെ മൂന്നു ആളുകളുണ്ട്. അവരുടെ ഹൃദയം മീക്കാഈലിന്റെ ഹൃദയവുമായി ബന്ധപ്പെട്ടിരിക്കുന്നു. വേറെ ഒരാളുണ്ട്. അവരുടെ ഹൃദയം ഇസ്‌റാഫീലിന്റെ ഹൃദയവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ഒരാള്‍ മരിച്ചാല്‍ തല്‍സ്ഥാനത്തേക്ക് അല്ലാഹു മൂന്നില്‍നിന്ന് ഒരാളെ നോമിനേറ്റ് ചെയ്യുന്നതാണ്. തല്‍സ്ഥാനത്തേക്ക് അഞ്ചില്‍നിന്ന് ഒരാളെ തെരഞ്ഞെടുക്കുന്നതാണ്. അങ്ങനെ അവസാനം വരെ പോകുന്നതാണ്. ഒടുവില്‍ ഒരാളെ പൊതുജനങ്ങളില്‍നിന്നും എഴുപതിലേക്ക് തെരഞ്ഞെടുക്കുന്നതാണ്. ഇവര്‍ കാരണമാണ് അല്ലാഹു ഈ സമുദായത്തെത്തൊട്ട് വിപത്തുകള്‍ തടഞ്ഞുനിര്‍ത്തുന്നത്.''2)
അല്ലാഹുവിന്റെ ഇഷ്‌ടദാസന്മാര്‍ക്കിടയില്‍ അവനുമായുള്ള അടുപ്പത്തിന്റെ തോതനുസരിച്ച് വ്യത്യസ്‌ത സ്ഥാനങ്ങളുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു. മാത്രമല്ല, ഈ പണ്ഡിത വര്യന്മാരാണ് ഭൗതിക പ്രപഞ്ചത്തെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്. അവരുടെ പ്രവര്‍ത്തനങ്ങളാണ് ഓരോന്നിനും പിന്നില്‍ നടന്നുകൊണ്ടിരിക്കുന്നത്.
ഔലിയാഅ് (300 പേര്‍), നൂജബാഅ് (70 പേര്‍), ഔതാദ് (40 പേര്‍), നുഖബാഅ്‌് (10 പേര്‍), ഉറഫാഅ് (7 പേര്‍), മുഖ്‌താറൂന്‍ (3 പേര്‍), ഖുഥുബ് (ഒരാള്‍) എന്നിങ്ങനെയാണ് ഈ ശ്രേണി.3) ഇവരെയാണ് അല്ലാഹു പ്രപഞ്ചത്തിന്റെ നിയന്ത്രണം ഏല്‍പ്പിച്ചിരിക്കുന്നത്. ഈ നാമങ്ങള്‍ സൂചിപ്പിക്കുന്ന പോലെത്തന്നെ, ഇവര്‍ക്കോരോരുത്തര്‍ക്കും പ്രത്യേകം ഉത്തരവാദിത്തങ്ങളും ജോലികളുമുണ്ട്. ഔലിയാഇന്റെ ലോകത്തെ ഏറ്റവും ഉന്നതരാണ് ഖുഥുബ്. അതിനാല്‍ അവര്‍ അല്ലാഹുവിനോട് വളരെ അടുത്ത് സ്ഥിതി ചെയ്യുന്നു. മാത്രമല്ല, ഭൗതിക പ്രപഞ്ചത്തിന്റെ നിയന്ത്രണത്തില്‍ അവര്‍ക്ക് വലിയൊരു പങ്കുമുണ്ട്.
ഖുഥുബ് എന്നാല്‍ അച്ചുതണ്ട്, നെടുംതൂണ്‍ എന്നൊക്കെയാണ് അര്‍ത്ഥം. അല്ലാഹുവിന് താഴെ പ്രവാചകന്മാരുടെ സ്ഥാനത്ത് നിലകൊള്ളുന്ന സര്‍വ്വാധികാരിയായ നേതാവ് എന്നാണ് ഇത് കൊണ്ടുള്ള വിവക്ഷ. പ്രവാചക പരിസമാപ്‌തിക്കുശേഷം നബിമാരുടെ പദവിയില്‍നിന്നുകൊണ്ട് രഹസ്യമായി ആത്മീയ ഭരണവും പരസ്യമായി ഭൗതിക ഭരവും ഒന്നിച്ച് നിയന്ത്രിക്കുന്നു. അധികം ഖുഥുബുകളും പരസ്യമായ ഭൗതിക ഭരണം ഇല്ലാത്തവരും അതേസമയം എല്ലാം രഹസ്യമായി നിയന്ത്രിക്കുകയും ചെയ്യുന്നവരാണ്. ഥരീഖത്തില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനമാണിത്.4)
ഒരാള്‍ക്ക് ഖുഥുബിന്റെ സ്ഥാനം കരസ്ഥമാക്കാന്‍ ആത്മീയ ലോകത്ത് അനവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. ആത്മാവിനും പരമാത്മാവിനുമിടക്ക് ഇരുളിന്റെയും വെളിച്ചത്തിന്റെയും എഴുപതിനായിരം ആവരണങ്ങളുണ്ടെന്നാണ് പണ്ഡിതമതം. ഏഴുവീതം സംസ്‌കരണമാണ് ഇവിടെ ആവഷ്യം. അതിലൂടെ പതിനായിരം വീതം ആവരണങ്ങളെ നീക്കം ചെയ്യാന്‍ സാധിക്കുന്നു. അതോടെയാണ് ആത്മാവ് പരമാത്മാവിലെത്തുന്നത്. ആദ്ധ്യാത്‌മിക യാത്ര നടത്തുന്ന ഒരാള്‍ കടന്നുപോകേണ്ട വഴികള്‍ ഇവയാണ്: ആത്മാവ് (നഫ്‌സ്), യാത്ര (സൈര്‍), ജഗം (ആലം), അവസ്ഥ (ഹാല്‍), സ്ഥാനം (മഹല്ലത്ത്), പാത (ഥരീഖത്ത്), പ്രകാശം (നൂര്‍). ഇവയിലോരോന്നിലും ഏഴ് ഘട്ടങ്ങളുണ്ട്. സയ്യിദ് അലവി തങ്ങള്‍ ഇവയെല്ലാം കടന്നുപോയ വ്യക്തിയായിരുന്നു.5)
സയ്യിദ് അലവി തങ്ങള്‍ അന്തരിച്ചപ്പോള്‍ ഉമര്‍ ഖാസി പാടിയ അനുശോചന കാവ്യത്തില്‍ അവരെ ഖുഥുബുസ്സമാന്‍ എന്ന് വിശേഷിപ്പിക്കുന്നുണ്ട്.6) അതിനുള്ള കാരണങ്ങളും അദ്ദേഹം വിശദീകരിക്കുന്നു. ജ്ഞാനികളും പണ്ഡിതരുമായി കടന്നുവന്ന അനവധിയാളുകള്‍ സയ്യിദ് അലവിതങ്ങളെ ഇതേ വിശേഷണംകൊണ്ടാണ് സൂചിപ്പിക്കുന്നത്. മദീനയിലെ മുഫ്‌തിയായിരുന്ന ഉമറുല്‍ ബര്‍റ് അല്‍ മദനി രചിച്ച `മൗലിദുന്‍ ഫീ മനാഖിബി സയ്യിദ് അലവി അല്‍ മന്‍ഫുറമി'യും പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ രചിടച്ച `അന്നഫ്‌ഹത്തുല്‍ ജലീല'യും തുടങ്ങി അനവധി ഗ്രന്ഥങ്ങളും സൂഫീവചനങ്ങളും ഇതിന് സാക്ഷ്യം വഹിക്കുന്നു.
ഖുഥുബുസ്സമാന്‍ എന്നാല്‍ ലോകത്തെ മൊത്തം കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ അല്ലാഹുവിന്റെ അനുവദിച്ചവരാണെന്ന് നേരത്തെ പറഞ്ഞുവല്ലോ. എന്നിരിക്കെ മലബാറിന്റെ വരുതി വിട്ട് സയ്യിദ് അലവി തങ്ങളുടെ ആത്മീയ പ്രഭാവത്തിന്റെ തണല്‍ വ്യാപിച്ചിരുന്നോ എന്ന അന്വേഷണത്തിന് പ്രസക്തിയുണ്ട്.
മലയാളത്തിന്റെ മണ്ണിലിരുന്ന്‌കൊണ്ട് സയ്യിദ് അലവി തങ്ങള്‍ ഇവിടത്തെ മാത്രമല്ല, ലോകത്തെ മൊത്തം കാര്യങ്ങള്‍ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്‌തിരുന്നു എന്നുള്ളതാണ് വസ്‌തുത. അവരുടെ ആദ്ധ്യാത്മിക രംഗത്തെ സ്വാധീനം അന്യദേശങ്ങളില്‍ വരെ പ്രകടമായിരുന്നു. ഇത്തരമൊരു പദവിയിലെത്തിയ ആളെ സംബന്ധിച്ചിടത്തോളം അല്ലാഹുവിന്റെ തിരുനോട്ടവും കഴിവും അംഗീകാരവും നല്ലപോലെ സ്വാധീനിക്കുമെന്നതില്‍ സംശയമില്ല. തന്റെ ഇഷ്‌ടദാസന്മാരുടെ കയ്യും കാലും കാദും കണ്ണും താനാകുമെന്ന് അവന്‍ വ്യക്തമാക്കിയിട്ടുണ്ട്. അവര്‍ക്ക് അദൃശ്യമായ കഴിവുകള്‍ പരുമെന്നാണ് ഇതിന്റെ വിവക്ഷ. ഈ കഴിവ് ലഭിച്ച ഒരാള്‍ക്ക് ഇവിടെയിരുന്ന് സര്‍വ്വ ലോകങ്ങളെയും നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യാവുന്നതാണ്.
സയ്യിദ് അലവി തങ്ങളുടെ കറാമത്തുകളായി നാം എണ്ണുന്ന പല സംഭവങ്ങളും ഇതിനു ശക്തി പകരുന്നതാണ്. ആകാശം, ഭൂമി, ലൗഹ്, അര്‍ശ്, കുര്‍സിയ്യ് തുടങ്ങി അല്ലാഹുവിന്റെ അധികാര പരിധിയില്‍ പെട്ട വസ്‌തുക്കളെ ആ മഹത്വത്തോടെത്തന്നെ തങ്ങളവര്‍കള്‍ മനസ്സിലാക്കി. അല്ലാഹു നല്‍കിയ കഴിവിന്റെ അടിസ്ഥാനത്തില്‍ പല സംഭവങ്ങളും മുന്‍ക്കൂട്ടി പ്രവചിക്കാനും ദീര്‍ഘവീക്ഷണത്തോടെ പ്രസ്‌താവിക്കാനും തങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. ദൈവിക സാമീപ്യത്തിന്റെ ആഴം കാരണം ലൗഹില്‍ നോക്കി കാര്യങ്ങള്‍ വായിക്കാനുള്ള കഴിവ് വരെ തങ്ങള്‍ സ്വായത്തമാക്കി.7) തന്നെ സമീപിക്കുന്ന ആളുകളുടെ മനസ്സ് വായിക്കുക തങ്ങളുടെ ജീവിതത്തില്‍ സാധാരണയായിരുന്നു.8) നാട്ടിലെ കള്ളന്മാരെയും കുറ്റവാളികളെയും അപകടകാരികളെയും തങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്തി. ചിലരുടെ ആവശ്യങ്ങളോട് അതിന്റെ വരുംവരായ്‌കകളറിഞ്ഞ് സാവധാനത്തില്‍ മാത്രമേ പ്രതികരിച്ചിരുന്നുള്ള.9) മമ്പുറത്തു ജീവിക്കുമ്പോള്‍ തന്നെ യമനിലെ തന്റെ കുടുംബക്കാരെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും ആരും പറയാതെത്തന്നെ തങ്ങള്‍ അറിഞ്ഞിരുന്നു. ഒരിക്കല്‍ ഹളര്‍മൗത്തിലെ ഒരു വീടിന് തീ പിടിച്ചപ്പോള്‍ മമ്പുറത്തെ ഹൗളില്‍നിന്നും വെള്ളം തേവിയത് അത്‌കൊണ്ടാണ്.10) മറ്റൊരിക്കല്‍, തന്റെ പിതൃവ്യ പുത്രന്‍ ഹസന്‍ ബിന്‍ സഹലുമായി സംസാരിച്ചുകൊണ്ടിരിക്കുന്നു. പെട്ടെന്ന് സയ്യിദ് അലവി തങ്ങള്‍ ഇങ്ങനെ കയറി പറഞ്ഞു:സ യ്യിദ് അഹ്മദ് ജിഫ്‌രി വല്ലാത്തൊരു പണ്ഡിതനാണ്. അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ. കാലങ്ങള്‍ക്കു ശേഷം, ഹസന്‍ ബിന്‍ സഹലിനു കാര്യം പിടികിട്ടി. ആ നിമിഷത്തിലായിരുന്നു സയ്യിദ് അഹ്മദ് ജിഫ്‌രി മരണപ്പെട്ടിരുന്നത്.11) സയ്യിദ് അലവി തങ്ങളുടെ ബോധ മണ്ഡലം മലബാറിലെന്നതിലപ്പുറം ലോകം മുഴുക്കെ പാറിക്കളിക്കുകയായിരുന്നു എന്നതിന് ഇത് തെളിവാണ്.
തന്റെ ഇഷ്‌ട ദാസന്മാര്‍ക്ക് ഒരേസമയം ധാരാളം ശരീരങ്ങള്‍ (ജസദുകള്‍) നല്‍കുകയെന്നത് അല്ലാഹുവിന്റെ ഭാഗത്തുനിന്നുള്ള ബഹുമതിയാണ്. പ്രബോധന പാതയില്‍ വിനിയോഗിക്കാനുള്ള മാര്‍ഗങ്ങളിലൊന്നാണിത്. സയ്യിദ് അലവി തങ്ങള്‍ക്കും ഒന്നിലധികം ശരീരങ്ങളുണ്ടായിരുന്നു. ലോകമൊന്നടങ്കമുള്ള വ്യത്യസ്‌ത കാര്യങ്ങളും ഇടപാടുകളും കൈകാര്യം ചെയ്യാനുള്ളതു കൊണ്ടുതന്നെ ഇങ്ങനെയൊരു അവസ്ഥ ആവശ്യവുമാണ്. ഓരോ വെള്ളിയാഴ്‌ചയും സയ്യിദ് അലവി തങ്ങള്‍ മസ്‌ജിദുന്നബവിയില്‍നിന്നാണ് സ്വുബഹി നമസ്‌കരിച്ചിരുന്നത്. നിസ്‌കാരം കഴിഞ്ഞ ഉടനെത്തന്നെ മമ്പുറത്തേക്ക് തിരിച്ചെത്തുകയും ചെയ്‌തിരുന്നു.12)
സിലോണിലെ ആദം മലയില്‍ ഒരു മഹാന്‍ ജീവിച്ചിരുന്നു. ഒരിക്കല്‍ സയ്യിദ് അലവി തങ്ങള്‍ അദ്ദേഹത്തിന് ഒരു കത്ത് കൊടുത്തയച്ചു. ദൂതന്‍ കത്തുമായി ആദം മലയിലെത്തിയപ്പോള്‍ സയ്യിദ് അലവി തങ്ങള്‍ അവിടെയുണ്ടായിരുന്നു. മഹാന്റെ മറുപടിയുമായി ദൂതന്‍ മമ്പുറത്തെത്തിയപ്പോള്‍ തങ്ങളവര്‍കള്‍ അവിടെയുമുണ്ട്. ഇത് കണ്ട ദൂതന്റെ അല്‍ഭുതം കണ്ട് തങ്ങള്‍ പറഞ്ഞു: `ഞാന്‍ എല്ലായിടത്തുമുണ്ടാകും.'13) തങ്ങളുടെ ദൗത്യത്തിന്റെ ഭൂമിക വിശാലമാണെന്നതിലേക്ക് ഇത് സൂചന നല്‍കുന്നു.
സയ്യിദ് അലവി തങ്ങളുടെ വിശാല ബന്ധങ്ങളെയും പരദേശ പരിചയങ്ങളെയും കുറിക്കുന്ന ധാരാളം സംഭവങ്ങളുണ്ട്. അവയുടെ പ്രാധാന്യവും സ്ഥല ബന്ധങ്ങളും കാല പരിസരങ്ങളും ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ആത്മീയ യാത്രകളുടെയും നിരീക്ഷണങ്ങളുടെയും വിപുലമായ സാധ്യതകളാണ് ഇവ വ്യക്തമാക്കുന്നത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ മാത്രമല്ല, വിവിധ രാഷ്‌ട്രങ്ങളില്‍ വരെ തങ്ങളവര്‍കളുടെ സ്വാധീനം പ്രകടമായതായി ചരിത്രമുണ്ട്. ഇത് അറിയപ്പെട്ട ചരിത്രം. അറിയപ്പെടാത്ത ചരിത്രം വേറെയും.
താനൂര്‍ നിവാസിയായ പങ്ങിയാറങ്ങാന്റകത്ത് മുഹമ്മദ് ഹാജിയുടെ സംഭവം സമാനമായ മറ്റൊരു വസ്‌തുതകൂടി വ്യക്തമാക്കുന്നു. പെണ്‍കുട്ടികളെ വിവാഹം ചെയ്‌ത് അയക്കാന്‍ കഴിവില്ലാത്ത ഒരു ദരിദ്രനായിരുന്നു അദ്ദേഹം. സയ്യിദലവി തങ്ങളോടു വന്ന് വിവരം പറഞ്ഞപ്പോള്‍ ബംഗാളില്‍ പോവണമെന്നായിരുന്നു നിര്‍ദ്ദേശം. യാത്രക്കുള്ള പണവും സാമഗ്രികളും തങ്ങള്‍ തന്നെ നല്‍കി. ബോംബെ വഴിയായിരുന്നു യാത്ര.14) യാത്രാമദ്ധ്യെ ബോംബെയിലെത്തിയപ്പോള്‍ മുഹമ്മദ് ഹാജി സയ്യിദ് അലവി തങ്ങളെ കണ്ടുമുട്ടി.15) ഒടുവില്‍ ബംഗാളില്‍ യാത്രയവസാനിച്ചു. അവിടെ തങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്ന ജാര്‍ മുഹമ്മദിനെ അന്വേഷിച്ചുകണ്ടെത്തി. ചിത്തഭ്രമം കാരണം വിഷമത്തില്‍ കഴിഞ്ഞിരുന്ന ആളായിരുന്നു അദ്ദേഹം. തങ്ങള്‍ കൊടുത്തയച്ച പഞ്ചസാരയില്‍നിന്ന് അല്‍പം അദ്ദേഹത്തിന് നല്‍കുകയും അദ്ദേഹത്തിന്റെ രോഗം ഭേദമാവുകയും ചെയ്‌തു. ഇത് കാരണം അദ്ദേഹം മുഹമ്മദ് ഹാജിക്ക് വേണ്ടുവോളം പണം നല്‍കി. അദ്ദേഹം സസന്തോഷം മലബാറിലേക്ക് തിരിക്കുകയും ചെയ്‌തു.16) ഈ സംഭവത്തില്‍ അനവധി അല്‍ഭുതങ്ങളും വസ്‌തുതകളുമുണ്ട്. എങ്ങെനെ സയ്യിദ് അലവി തങ്ങള്‍ക്ക് ബംഗാളിലെ മനുഷ്യനെക്കുറിച്ച് വിവരം കിട്ടി ? എന്തിന് അദ്ദേഹത്തിന്റെ നന്മക്കുപവേണ്ടി യത്‌നിച്ചു ? എങ്ങനെ, എന്തിന് ബോംബയില്‍ വന്നു ? എന്തിന് ഈ സംഭവത്തിലെ ഒരംഗമായി താനൂര്‍ നിവാസിയെ തെരഞ്ഞെടുത്തു ? ഇവക്കെല്ലാം ഭൗതിക മറുപടി കാണുക പ്രയാസകരമാണ്. അതോടൊപ്പം തന്നെ, ഈ സംഭവത്തില്‍ രണ്ടു പേരുടേയും പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടുന്നു. രണ്ടുപേരും സന്തേഷത്തോടെ കഴിയുന്നു. ഇതില്‍നിന്നും സയ്യിദ് അലവി തങ്ങളുടെ മുമ്പിലെ പ്രവര്‍ത്തന ലോകത്തിന്റെ വിശാലത മനസ്സിലാകുന്നു.
യമനീയായിരുന്നത്‌കൊണ്ടുതന്നെ,അറബി ഭാഷയില്‍ പ്രാവീണ്യമുള്ളവരായിരുന്നുവല്ലൊ സയ്യിദ് അലവി തങ്ങള്‍. ജീവിതത്തിലൂടെയെന്നപോലെ ഭാഷയിലൂടെയും അന്യരുമായി ആശയ വിനിമയം നടത്താന്‍ അവര്‍ക്ക് കഴിഞ്ഞു. സര്‍വ്വ ഭാഷക്കാരുടെയും ആശാകേന്ദ്രമായിരുന്നു അന്ന് മമ്പുറം. അറബികള്‍ വരെ ആത്മീയ ദാഹം തീര്‍ക്കാന്‍ അവിടെയെത്തിരുന്നു. ആയിടെ ഒരിക്കല്‍ ഒരു അറബി മമ്പുറം വസതിയില്‍വെച്ച് മരണപ്പെട്ടു. ശക്തമായ മഴക്കാലമായിരുന്നു അത്. അനുചരന്മാര്‍ ഖബര്‍ വെട്ടിയെങ്കിലും വെള്ളം കാണുകയിയിരുന്നു. മഹാനവര്‍കളോടു പറഞ്ഞപ്പോള്‍ അവരൊരു സ്ഥലം നിര്‍ദ്ദേശിച്ചു. അവിടെ കുഴിച്ചപ്പോള്‍ വെള്ളമുണ്ടായിരുന്നില്ല. ഒടുവില്‍ അറബിയെ അവിടെ മറമാടുകയായിരരുന്നു.17)
ഓരോ വര്‍ഷവും ഹജ്ജാജിമാര്‍ മക്കയില്‍ സംഗമിക്കുമ്പോള്‍ അക്കാലത്തെ ഖുഥുബുസ്സമാനും അവിടെ വന്നണയുമെന്നതാണ് പണ്ഡിത മതം. സയ്യിദ് അലവി തങ്ങളുടെ കാര്യത്തില്‍ ഇത് സത്യമായിരുന്നു. പലപ്പോഴും പലരും അവരെ ഹജ്ജുവേളയില്‍ കണ്ടുമുട്ടിയിരുന്നു. ഒരിക്കല്‍ ഒരു സംഘം ആളുകള്‍ വന്ന് സയ്യിദ് അലവി തങ്ങളോട് ഹജ്ജിനുള്ള അനുമതി ചോദിച്ചു. തങ്ങള്‍ അനുമതി നല്‍കി. ഒപ്പം സംഘമേധാവിയുടെ കയ്യില്‍ തന്റെ തസ്‌ബീഹ് മാല നല്‍കിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: ഹറമിലെത്തിയാല്‍ മഖാമു ഇബ്‌റാഹീമിനടുത്ത് ഞാനുണ്ടാകും. അവിടെവെച്ച് ഇത് എനിക്ക് തരണം. ഹറമിലെത്തിയ അദ്ദേഹം മഖാമു ഇബ്‌റാഹീമിനടുത്ത് മഹാനവര്‍കളെ കണ്ടു. മാല കൈ മാറുകയും ചെയ്‌തു. ഹജ്ജ് കഴിഞ്ഞ് തിരിച്ചെത്തി, നാട്ടിലന്വേഷിച്ചപ്പോള്‍ തങ്ങളവര്‍കള്‍ എല്ലാദിവസവും ഇവിടെത്തന്നെയുണ്ടായിരുന്നു എന്നായിരുന്നു പ്രതികരണം.18) ദ്വയസാന്നിദ്ധ്യമാണ് ഇവിടെ കാണുന്നത്. ഈ അവസ്ഥയാണ് തങ്ങളവര്‍കള്‍ ആഗോള തലത്തില്‍ ദൗത്യനിര്‍വ്വഹണത്തിന് തെരഞ്ഞെടുത്തിരുന്നത്.
വിശ്വാസിയുടെ വീക്ഷണത്തില്‍, സര്‍വ്വതിന്റെയും കേന്ദ്രമായി പരിഗണിക്കാന്‍ പറ്റുന്ന ഒരിടം മക്കയും കഅ്‌ബയുമാണെല്ലോ. ലോകത്തെ മൊത്തം വീക്ഷിക്കാന്‍ ഇവിടെന്ന് കഴിയുന്നതാണ്. സയ്യിദ് അലവി തങ്ങളുടെ ആത്മീയ സാന്നിദ്ധ്യം സദാ ഈ ഭാഗങ്ങളില്‍ ഉണ്ടായിരുന്നതിന് ധാരാളം തെളിവുകളുണ്ട്. പലപ്പോഴും സയ്യിദ് അലവി തങ്ങള്‍ അവിടത്തെ സമകാലിക സംഭവങ്ങളാണ് ഉരുവിട്ടുകൊണ്ടിരുന്നത്.
തങ്ങളവര്‍കള്‍ ഒരിക്കല്‍ അബ്‌ദുല്ലാഹ് എന്ന് പേരുള്ള ഒരു പണ്ഡിതനോട് ഇങ്ങനെ ഉപദേശിക്കുകയുണ്ടായി: ഇന്ന് മക്കയില്‍ ഉഖൈല്‍ ബിന്‍ യഹ്‌യ എന്ന ഒരു പണ്ഡിതന്‍ മരിച്ചിരിക്കുന്നു. താങ്കളുടെ ഭാര്യ ഗര്‍ഭിണിയാണെല്ലോ. അവള്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‌കും. അവന് ഉഖൈല്‍ എന്ന് നാമകരണം ചെയ്യണം. അദ്ദേഹം അങ്ങനെത്തന്നെ ചെയ്യുകയും ചെയ്‌തു.
സയ്യിദ് അലവി തങ്ങളുടെ കാലത്ത് മക്കയിലെ ഭിരണാധികാരി ഹറമില്‍വെച്ച് ഒരു നല്ല മനുഷ്യനെ കൊല്ലുകയുണ്ടായി. ഹറമില്‍വെച്ച് രക്തം ചിന്താന്‍ പാടില്ലായെന്ന ശരീഅത്തിന്റെ നിയമത്തെ കാറ്റില്‍ പറത്തിയായിരുന്നു ഈ കൊല. തത്സമയം തന്നെ തങ്ങളവര്‍കള്‍ ഇതറിഞ്ഞു. `ശറഇന് വിരുദ്ധമായി പ്രവര്‍ത്തിച്ചവനെ ഉടനെ സ്ഥാന ഭ്രഷ്‌ടനാക്കുക' അദ്ദേഹം വിളിച്ചുപറഞ്ഞു. മമ്പുറത്തെ ശിഷ്യന്മാര്‍ക്ക് കാര്യം പിടികിട്ടിയിരുന്നില്ല. ശേഷമാണ് കൊലയെക്കുറിച്ചും മക്കയിലെ ഭരണമാറ്റത്തെക്കുറിച്ചും അവര്‍ അറിഞ്ഞത്.19)
മഴ വര്‍ഷിപ്പിക്കല്‍, രോഗം ഭേദമാക്കല്‍, വന്യമൃഗങ്ങളോടുള്ള കൂട്ടുകെട്ട് തുടങ്ങി ധാരാളം രംഗങ്ങളില്‍ സയ്യിദ് അലവി തങ്ങള്‍ അസാധാരണമായ കഴിവ് നിലനിര്‍ത്തിയിരുന്നു.
1) തെളിച്ചം മാസിക, ലക്കം 5, പുസ്‌തകം 9, പേജ്: 25
2) മിന്‍ഹത്തുല്‍ ഖവീ ബി മിദ്‌ഹത്തി സയ്യിദ് അലവി, സയ്യിദ് ഉമറുല്‍ ബര്‍റ്, പേജ്: 5
3) മിന്‍ഹത്തുല്‍ ഖവീ ബി മിദ്‌ഹത്തി സയ്യിദ് അലവി, സയ്യിദ് ഉമറുല്‍ ബര്‍റ്, പേജ്: 5- സൂഫി മാര്‍ഗം, ഡോ. ഹുസൈന്‍ രണ്ടത്താണി, പേജ്:94
4) ഇസ്‌ലാമിലെ ഥരീഖത്തും ഥരീഖത്തിലെ ഇസ്‌ലാമും, സ്വദ്‌റുദ്ദീന്‍ വാഴക്കാട്, പേജ്: 44
5) സൂഫി മാര്‍ഗം, ഡോ. ഹുസൈന്‍ രണ്ടത്താണി, പേജ്:91
6) മലയാളത്തിലെ മഹാരഥന്മാര്‍, നെല്ലിക്കുത്ത് മുഹമ്മദലി മുസ്‌ലി യാര്‍
7) മമ്പുറം മാല, മുഹമ്മദ് ഹാജി
8) മമ്പുറം മാല, മുഹമ്മദ് ഹാജി
9) മമ്പുറം സയ്യിദ് അലവി തങ്ങള്‍, കെ.കെ. മുഹമ്മദ് അബ്‌ദുല്‍ കരീം
10) മമ്പുറം മാല, മുഹമ്മദ് ഹാജി- മമ്പുറം തങ്ങള്‍ ചരിത്രം, ഒ.എം. മുത്തുകോയത്തങ്ങള്‍
11) അന്നഫ്‌ഹത്തുന്‍ ജലീല ഫീ മനാഖിബി സയ്യിദ് അലവി അല്‍മൗലദ്ദവീല, പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍
12)അന്നഫ്‌ഹത്തുന്‍ ജലീല ഫീ മനാഖിബി സയ്യിദ് അലവി അല്‍മൗലദ്ദവീല, പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍
13) , മമ്പുറഅന്നഫ്‌ഹത്തുന്‍ ജലീല ഫീ മനാഖിബി സയ്യിദ് അലവി അല്‍മൗലദ്ദവീല, പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, മമ്പുറം മാല, മുഹമ്മദ് ഹാജി
14) മമ്പുറം സയ്യിദ് അലവി തങ്ങള്‍, കെ.കെ. മുഹമ്മദ് അബ്‌ദുല്‍ കരീം, പേജ്: 54
15) മമ്പുറം മാല, മുഹമ്മദ് ഹാജി
16) മമ്പുറം സയ്യിദ് അലവി തങ്ങള്‍, കെ.കെ. മുഹമ്മദ് അബ്‌ദുല്‍ കരീം, പേജ്: 53-55
17) മമ്പുറം സയ്യിദ് അലവി തങ്ങള്‍, കെ.കെ. മുഹമ്മദ് അബ്‌ദുല്‍ കരീം
18) അന്നഫ്‌ഹത്തുന്‍ ജലീല ഫീ മനാഖിബി സയ്യിദ് അലവി അല്‍മൗലദ്ദവീല, പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍
19)അന്നഫ്‌ഹത്തുന്‍ ജലീല ഫീ മനാഖിബി സയ്യിദ് അലവി അല്‍മൗലദ്ദവീല, പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍
No comments:
Post a Comment