Friday, November 2, 2012

ഓഫറുകളില്‍ വീണുപോകാത്ത പിതാവ്‌

ഉപ്പയെക്കുറിച്ചോര്‍ക്കുമ്പോള്‍ മാതൃകാപരവും അനുകരണീയവുമായ ജീവിതത്തിന്റെ ഓര്‍മകളാണ്‌ മനസ്സില്‍ തെളിയുന്നത്‌. കേരളീയ മുസ്‌ലിംകളുടെ ഏറ്റവും വലിയ പണ്ഡിത പ്രസ്ഥാനത്തിന്റെ അധ്യക്ഷപദവിയിലിരിക്കുമ്പോഴും ജീവിതത്തില്‍ ഏറെ സൗമ്യനായ പിതാവിനെയാണ്‌ ഞങ്ങളോര്‍ക്കുന്നത്‌. ലാളിത്യത്തിന്റെയും എളിമയുടെയും സൂക്ഷ്‌മതയുടെയും ജീവിതം മാത്രമാണ്‌ അവിടുന്ന്‌ ദര്‍ശിക്കാനായിട്ടുള്ളത്‌. സ്‌നേഹ സമ്പന്നനായ വാപ്പ ഞങ്ങളോട്‌ അമിതമായി സംസാരിക്കുകയോ കൂടുതലായി ഞങ്ങളുടെ കാര്യങ്ങളില്‍ ഇടപെടുകയോ ചെയ്‌തിരുന്നില്ല. കാര്യമാത്ര പ്രസക്തമായ വിഷയങ്ങള്‍ മാത്രം പറയുന്ന രീതിയായിരുന്നു വാപ്പയുടേത്‌. വീട്ടിലാണെങ്കിലും കൂടുതല്‍ നേരം കിതാബ്‌ മുത്വാലഅ ചെയ്യുന്നതിനാണ്‌ വാപ്പ വിനിയോഗിച്ചത്‌.

ദീനീ കാര്യങ്ങളില്‍ കര്‍ശനമായി ശാസിക്കുന്ന ശൈലിയായിരുന്നു വാപ്പയുടേത്‌. ഞങ്ങള്‍ കുട്ടികളാവുമ്പോള്‍ മഗ്‌രിബിന്‌ വീട്ടില്‍ എത്തണമെന്ന കാര്യത്തില്‍ വാപ്പ പ്രത്യേകം നിഷ്‌കര്‍ഷ കാണിച്ചിരുന്നു. ഏതെങ്കിലും സാഹചര്യത്തില്‍ അല്‍പം വൈകിയാല്‍ ഉപ്പയെ കാണുന്നത്‌ ഞങ്ങള്‍ക്ക്‌ ഓര്‍ക്കാന്‍ കഴിയില്ല. ഗൗരവം നിറഞ്ഞ ആ ചോദ്യം ചെയ്യല്‍ ഞങ്ങളെ ഏറെ ഭയപ്പെടുത്തിയിരുന്നു. ഇശാ- മഗ്‌രിബിനിടയില്‍ ഖുര്‍ആന്‍ പാരായണത്തിലും മറ്റ്‌ ദിക്‌റുകളിലും പഠനത്തിലുമായി മുഴുകണമെന്ന നിര്‍ബന്ധം വാപ്പക്കുണ്ടായിരുന്നു.


എല്ലാ കാര്യങ്ങളിലും വലിയ സൂക്ഷ്‌മത കാണിച്ചിരുന്നു വാപ്പ. വീട്ടിലേക്ക്‌ വല്ല ഹദ്‌യകളും കൊടുത്തയക്കപ്പെട്ടാല്‍ അതേക്കുറിച്ച്‌ കൃത്യമായി അന്വേഷിക്കും. ചില്ലറ പൈസയാണെങ്കിലും വല്ല ഇടപാടുകളും ആര്‍ക്കെങ്കിലും കൊടുക്കാനുണ്ടെങ്കില്‍ എപ്പോഴും അതിനെക്കുറിച്ച്‌ ചോദിക്കുന്ന ശൈലിയായിരുന്നു. സുഭിക്ഷ ഭക്ഷ്യവിഭവങ്ങളോ വിലപിടിപ്പുള്ള വസ്‌ത്രങ്ങളോ വാങ്ങിയാല്‍ എന്തിനാണിത്ര വിലയേറിയ സാധനങ്ങള്‍ എന്ന്‌ ഉപ്പ ചോദിക്കുമായിരുന്നു. അതുകൊണ്ട്‌ തന്നെ വാപ്പയുള്ള ദിവസങ്ങളില്‍ അവര്‍ക്ക്‌ ഇഷ്‌ടമുള്ള പച്ചക്കറി വര്‍ഗങ്ങളും ഇലക്കറികളുംകൊണ്ട്‌ ഞങ്ങള്‍ വാപ്പയെ തൃപതിപ്പെടുത്തുകയാണ്‌ പതിവ്‌. ഭക്ഷണങ്ങളിലൊന്നും അമിതമായ കാര്‍ക്കശ്യം ഇല്ലായിരുന്നെങ്കിലും കൃത്യനിഷ്‌ഠ കാണിച്ചു.


രണ്ടുമൂന്ന്‌ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ പലപ്പോഴും സംഘടന, രാഷ്‌ട്രീയം, കോളജ്‌ സംബന്ധമായ വിശേഷങ്ങളും നിര്‍ണായകമായ മീറ്റിംഗുകളെക്കുറിച്ചുമൊക്കെ രണ്ട്‌ മണിക്കൂറിലധികം എന്നോട്‌ (അഡ്വ. അയ്യൂബ്‌) സംസാരിക്കുമായിരുന്നു. പിന്നീട്‌ രോഗമുക്തമായതിനുശേഷവും സംസാരം വളരെയധികം കുറഞ്ഞു. നിര്‍ബന്ധിച്ച്‌ ചോദിക്കാനുള്ള മറുപടിയില്‍ മാത്രം ഒതുങ്ങി പലപ്പോഴും. പ്രതിസന്ധിഘട്ടങ്ങളില്‍ വാപ്പയെ സമീപിക്കുമ്പോള്‍ അനുയോജ്യമായ ആയത്തുകളും ഹദീസുകളും പറഞ്ഞുതരും. അത്‌ ജീവിതത്തില്‍ വളരെ ഗുണകരമായിട്ടുണ്ടെന്നത്‌ അനുഭവ യാഥാര്‍ത്ഥ്യമാണ്‌.


വാപ്പയെ സന്ദര്‍ശിക്കാനെത്തുന്നവരോട്‌ വളരെക്കുറച്ച്‌ മാത്രം സംസാരിക്കുന്നതിനെക്കുറിച്ച്‌ പലപ്പോഴും ഞങ്ങള്‍ ചോദിക്കാറുണ്ട്‌. `ഞാന്‍ ഒന്നും പറഞ്ഞില്ല. ഞാനത്‌ ശ്രദ്ധിച്ചില്ല' എന്ന നിഷ്‌കളങ്കവും നിഷ്‌കപടവുമായ മനസിന്റെ നേര്‍സാക്ഷ്യമായിരിക്കും അവിടുത്തെ മറുപടി.


വാപ്പക്ക്‌ ഒരിക്കല്‍ രാത്രി തീരെ സുഖമില്ല. ഞാന്‍ (അയ്യൂബ്‌) അവിചാരിതമായി അവിടെ ചെന്നപ്പോള്‍ വാപ്പയോടെ ചോദിച്ചു: ``ഹോസ്‌പിറ്റലില്‍ പോവാം. നിങ്ങള്‍ക്ക്‌ സമദിനെ വിളിച്ചുകൂടായിരുന്നോ? മക്കളാണെങ്കിലും ഒരു കാര്യത്തിലും ആരെയും ബുദ്ധിമുട്ടിക്കാന്‍ ഇഷ്‌ടപ്പെടാത്ത ശൈലിയായതുകൊണ്ട്‌ വാപ്പ പറഞ്ഞു: ``അവന്‍ ഉറങ്ങുകയല്ലേ? അവന്റെ ഉറക്കം കെടുത്തുന്നത്‌ ശരിയല്ലല്ലോ? അങ്ങനെ ഹോസ്‌പിറ്റലില്‍ പോവാനോരുങ്ങുമ്പോള്‍ തന്റെ അലമാര തുറന്ന്‌ ചികിത്സക്കാവശ്യമായ പണം എന്റെ കൈയില്‍ തന്നു. ഞാനത്‌ നിരസിച്ചപ്പോള്‍ ദേഷ്യപ്പെട്ട്‌ അതെന്റെ കൈയ്യിലേല്‍പിച്ചു. വീട്ടിലെ ചെലവ്‌ വാപ്പ തന്നെയായിരുന്നു നടത്തിയിരുന്നത്‌. ഞങ്ങളെന്തെങ്കിലും വീട്ടാവശ്യത്തിന്‌ വല്ലതും ചെലവഴിച്ചിട്ടുണ്ടെങ്കില്‍ അത്‌ തിരിച്ചേല്‍പിക്കുക പതിവായിരുന്നു.


ഭൗതിക കാര്യങ്ങള്‍ പറയുന്നത്‌ വാപ്പ ഇഷ്‌ടപ്പെട്ടില്ല. വല്ല ആവശ്യത്തിനും സഹായികളായി ചെല്ലുന്നത്‌ വാപ്പക്ക്‌ താല്‍പര്യമില്ലായിരുന്നു. മക്കളെ ബുദ്ധിമുട്ടിക്കരുത്‌ എന്ന നിലപാടുകാരനായിരുന്നു. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച മരുന്നുകള്‍ സ്വയം എടുക്കുന്നതാണ്‌ വാപ്പ ഇഷ്‌ടപ്പെട്ടത്‌. അസുഖം ബാധിച്ച്‌ ചിലപ്പോള്‍ വീണ്‌ കിടക്കുന്നത്‌ കാണുമ്പോള്‍ ഞങ്ങള്‍ എഴുന്നേല്‍പിക്കാന്‍ ചെന്നാല്‍ മാറിനില്‍ക്കാന്‍ ആവശ്യപ്പെടും. ലാളിത്യത്തിന്റെ പ്രതീകമായിട്ടാണ്‌ അവിടുത്തെ ജീവിതം ഞങ്ങള്‍ ഓര്‍ക്കുന്നത്‌. പാണ്ഡിത്യത്തിന്റെ ഗൗരവം അവിടത്തെ വിനയത്തെ ഒരിക്കലും തളര്‍ത്തീട്ടില്ല. ശിഷ്യനെന്ന നിലയില്‍ ജാമിഅഃയില്‍ ഞാന്‍ (സമദ്‌ ഫൈസി) പഠിക്കുന്ന കാലത്ത്‌ മറ്റു വിദ്യാര്‍ത്ഥികളില്‍നിന്ന്‌ വ്യത്യസ്‌തമായി പ്രത്യേക പരിഗണനയൊന്നും അവിടെനിന്ന്‌ ഉണ്ടായിട്ടില്ല.


സങ്കീര്‍ണ പ്രശ്‌നങ്ങളിലെ തീര്‍പ്പിനായി വാപ്പയെ സമീപിച്ചാല്‍ ആദ്യം തദ്‌വിഷയകമായി വന്ദ്യരായ കോട്ടുമല ഉസ്‌താദി(ന.മ.)ന്റെയും പൂര്‍വ്വസൂരികളായ പണ്ഡിതരുടെയും നിലപാടുകള്‍ നോക്കിയശേഷമേ കിതാബുകള്‍ പരതിയിരുന്നുള്ളൂ എന്നത്‌ ഇവിടെ പ്രത്യേകം അനുസ്‌മരിക്കുന്നു.


സമസ്‌തയുടെ പ്രസിഡന്റും സാത്വിക പണ്ഡിതനുമായിരുന്ന റഈസുല്‍ മുഹഖ്‌ഖീന്‍ കണ്ണിയത്ത്‌ ഉസ്‌താദി(ന.മ)നെ ഒരിക്കല്‍ ഞാന്‍ (സമദ്‌ ഫൈസി) സന്ദര്‍ശിച്ചു. ഇല്‍മുണ്ടാവാന്‍ ദുആ ചെയ്യാന്‍ ആവശ്യപ്പെട്ടു. കണ്ണിയത്തുസ്‌താദ്‌ പറഞ്ഞു: `അതിന്‌ നീ നിന്റെ ഉപ്പയോട്‌ പറഞ്ഞാല്‍ മതി.' കണ്ണിയത്ത്‌ ഉസ്‌താദിനെപ്പോലുള്ള വലിയ പണ്ഡിതര്‍ക്കിടയില്‍ വാപ്പയുടെ സ്ഥാനം അപ്പോഴാണ്‌ ഞാന്‍ മനസ്സിലാക്കിയത്‌.


ഇയ്യിടെ വഫാത്തായ സൂഫിവര്യനും അല്ലാഹുവിന്റെ വലിയ്യുമായ തൃപ്പനച്ചി ഉസ്‌താദ്‌ (ഖ.സി.)മായി അദ്ദേഹത്തിന്‌ ആത്മബന്ധം ഉണ്ടായിരുന്നു. മാരകമായ രോഗങ്ങള്‍ അലട്ടിയപ്പോള്‍ അവിടത്തെ വെള്ളം മരുന്നായി ഉപയോഗിച്ചിരുന്നു. ഒരിക്കല്‍ തൃപ്പനച്ചി ഉസ്‌താദിനോട്‌ വാപ്പയുടെ രോഗവിവരം പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: `ഒരഞ്ചുകൊല്ലം കൂടി നിന്നോട്ടെ'. ഈയടുത്ത്‌ ജാമിഅയിലെ ഉസ്‌താദായ സുലൈമാന്‍ ഫൈസിയോട്‌ ഈ കാര്യം സൂചിപ്പിച്ചുകൊണ്ട്‌ പറഞ്ഞു: `ആ അഞ്ചുവര്‍ഷം ഏകദേശം പൂര്‍ത്തിയായി.' തന്റെ വിടവാങ്ങലിനെക്കുറിച്ചുള്ള സൂചനയായിരുന്നോ ഇതെന്ന്‌ ഞങ്ങള്‍ ഓര്‍ത്തുപോവുന്നു.


വിയോഗത്തിന്റെ തൊട്ടുമുമ്പുള്ള ആഴ്‌ച മരുന്ന്‌ വാങ്ങുമ്പോള്‍ സാധാരണ ഡോക്ടര്‍ നിര്‍ദ്ദേശിച്ച രീതിയില്‍ വാങ്ങുന്ന വാപ്പ ഇത്തവണ പറഞ്ഞു: ``ഒരാഴ്‌ചത്തേക്ക്‌ മതി'' ഞങ്ങള്‍ നിര്‍ബന്ധിച്ചു: `ഡോക്ടര്‍ നിര്‍ദ്ദേശിച്ച പ്രകാരം വാങ്ങാം; അല്ലെങ്കില്‍ രണ്ടാഴ്‌ചക്കെങ്കിലും വാങ്ങണം. ഞങ്ങളുടെ നിര്‍ബന്ധത്തിന്‌ വഴങ്ങി സമ്മതിച്ചു. ഒരാഴ്‌ച കഴിഞ്ഞപ്പോഴേക്കും വിടപറയുമ്പോള്‍ തന്റെ അന്ത്യത്തെക്കുറിച്ചുള്ള ആ ദീര്‍ഘവീക്ഷണം ഞങ്ങള്‍ ഒരിക്കലും നിനച്ചിരുന്നില്ല.


എത്ര വലിയ രോഗമുണ്ടെങ്കിലും അല്ലാഹുവില്‍ തവക്കുലാക്കുന്ന മനസായിരുന്നു. മാത്രമല്ല, അതിന്‌ വേണ്ടി ഉപദേശിക്കുകയും ചെയ്യും. വാപ്പ കോളേജില്‍ പോകുന്നതില്‍ ഞങ്ങള്‍ സന്തോഷിച്ചു. രോഗഘട്ടങ്ങളില്‍ ചെറിയ ആശ്വാസമാവുമ്പോഴേക്കും ഞാന്‍ നാളെ കോളേജില്‍ പോവുമെന്ന ചിന്തയായിരുന്നു. കോളേജില്‍ പോയാല്‍ രോഗത്തിനൊരു ശമനവും ആശ്വാസവും വന്നതുപോലെ അനുഭവപ്പെട്ടിരുന്നു. ഇല്‍മിനോടും ദര്‍സിനോടുമുള്ള അടങ്ങാത്ത ആഗ്രഹത്തിന്റെ ഫലമായിരിക്കുമത്‌.


ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ എന്റെ വീട്‌ നിര്‍മാണവുമായി ബന്ധപ്പെട്ട്‌ ഞാന്‍ (അബ്ദുല്‍ അസീസ്‌) വാപ്പയെ സമീപിച്ചു. ഉടനെതന്നെ വാപ്പ കുറ്റിയടിച്ച്‌ തറക്കല്ലിട്ട്‌ ദുആ ചെയ്യുകയും ചെയ്‌തു. പെട്ടെന്നുള്ള കൃത്യനിര്‍വ്വഹണത്തിന്റെ പൊരുള്‍ ഇപ്പോഴാണ്‌ ബോധ്യമായത്‌. സാധാരണ ഞങ്ങള്‍ വിദേശത്ത്‌ പോവുമ്പോള്‍ കാര്യമായി വിഷമങ്ങളൊന്നും ആ മുഖത്ത്‌ കാണുമായിരുന്നില്ല. അവസാന ലീവ്‌ കഴിഞ്ഞ്‌ ഞാന്‍ പോവുമ്പോള്‍ കണ്ണുനിറച്ച്‌ പറഞ്ഞു: `ഇനി നിന്നെ കാണാനുള്ള ആയുസ്‌ എനിക്കുണ്ടാവില്ല' ആ വാക്കുകള്‍ മനസിനെ വല്ലാതെ വേദനിപ്പിച്ചു.


അത്യാധുനിക സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം അവിടന്ന്‌ ത്യജിച്ചു. ഇക്കഴിഞ്ഞ റമളാനില്‍ ആനക്കയത്തുള്ള ഒരു ഹാജിയാര്‍ പുതിയ സ്വിഫ്‌റ്റ്‌ കാര്‍ റോഡില്‍ നിര്‍ത്തി ചാവി നല്‍കി. ഉസ്‌താദ്‌ ഇത്‌ സ്വീകരിക്കണമെന്ന്‌ പറഞ്ഞു. അതിപ്പോള്‍ ആവശ്യമില്ല എന്ന ഹ്രസ്വമായ മറുപടിയില്‍ അദ്ദേഹത്തെ തിരിച്ചയച്ചു.


ഒരിക്കല്‍ വേറൊരു കൂട്ടര്‍ വന്ന്‌ പറഞ്ഞു: `റോഡ്‌ സൗകര്യമുള്ള വിധത്തില്‍ ഒരു വീടും വാഹനവും ഉസ്‌താദിന്‌ വേണ്ടി ഞങ്ങള്‍ തരട്ടെ?' അപ്പോഴും അവിടുന്ന്‌ പ്രതിവചിച്ചത്‌ എളിമയുടെ മഹിമയാര്‍ന്ന വാക്കുകള്‍കൊണ്ടാണ്‌. `വേണ്ട... ഇപ്പോഴുള്ള ഈ വീടും സൗകര്യങ്ങളും മതി' എന്നായിരുന്നു. അവര്‍ പിരിഞ്ഞുപോയതിനു ശേഷം ഞങ്ങള്‍ ചോദിച്ചു: `നിങ്ങള്‍ക്ക്‌ വേണ്ടെങ്കില്‍ ഞങ്ങള്‍ക്ക്‌ തന്നുകൂടേ?' വാപ്പ സമ്മതിച്ചില്ല. ഭൗതിക പ്രമത്തതയില്‍ സുഖസുഷുപ്‌തിയില്‍ ജീവിതം നയിക്കാമായിരുന്നിട്ടും കൂടുതല്‍ വിനയാന്വിതനാവാണ്‌ ആ മനസ്‌ ആഗ്രഹിച്ചത്‌.


പേരക്കുട്ടികളോട്‌ പ്രത്യേകമായ സ്‌നേഹവും വാത്സല്യവും കാണിച്ചു. അവരെ തന്റെ മടിയിലിരുത്തി ലാളിക്കുകയും തന്റെ കൈയിലുള്ള വെറ്റില വായില്‍ വെച്ചുകൊടുക്കുകയും ചെയ്‌തിരുന്നു.


തീക്ഷ്‌ണമായ രോഗം ബാധിച്ച അവസാന നാലഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ സ്ഥിരമായി വീട്ടിലുള്ള അടക്ക, തേങ്ങ പെറുക്കാനും കൃഷിപ്പണികളില്‍ ഏര്‍പ്പെടാനും വാപ്പ സമയം കണ്ടെത്തിയിരുന്നു. വസ്‌ത്രധാരണയില്‍ വളരെയധികം എളിമയായിരുന്നു വാപ്പാക്ക്‌. തണുപ്പ്‌ കാലത്ത്‌ ധരിക്കുന്ന ഒരു ബനിയന്‌ പതിനഞ്ച്‌ വര്‍ഷത്തെ പഴക്കമുണ്ടാവുമെന്നത്‌ പ്രത്യേകം ഓര്‍ക്കുന്നു. വസ്‌ത്രം തേച്ചുമിനുക്കുന്നതിലൊന്നും ശ്രദ്ധിച്ചില്ല. ലൗകികമായ ചിന്തകള്‍ പൂര്‍ണമായും ത്യജിച്ച ഒരു തസ്വവ്വുഫിന്റെ മനസായിരുന്നു ഇതിലൊക്കെ ഞങ്ങള്‍ക്ക്‌ കാണാനായത്‌. വീട്ടിലെ പൂമുഖത്ത്‌ ഏറെ പഴക്കം ചെന്ന ഒരു `പടി'യുണ്ട്‌. ഞങ്ങള്‍ ഒരിക്കല്‍ ഉപ്പയോട്‌ പറഞ്ഞു: `അതിന്‌ പകരം നമുക്ക്‌ കസേരകളാക്കിക്കൂടെ?' അവിടത്തെ മറുപടി ഏറെ ചിന്തനീയമായിരുന്നു. `ആ പടിയില്‍ ഇരിക്കാനുള്ളവര്‍ ഇവിടെ വന്നാല്‍ മതി.'


കുടുംബ ജീവിതത്തിലും വ്യക്തിജീവിതത്തിലും വേറിട്ടൊരു ശൈലി പകര്‍ന്ന്‌ നല്‍കിയ വന്ദ്യപിതാവിന്റെ ധന്യവും വിശിഷ്‌ടവുമായ സാന്നിധ്യം ഇനിയില്ല. ആ മാതൃകാപരമായ ജീവിതത്തില്‍ സത്യസന്ധമായ വഴിയില്‍ ജീവിതം നയിക്കാന്‍ സര്‍വ്വശക്തന്‍ തുണക്കട്ടെ- ആമീന്‍. 
മക്കളായ അഡ്വ. അയ്യൂബ്‌, അബ്ദുസ്സമദ്‌ ഫൈസി, അബ്ദുല്‍അസീസ്‌ അനുസ്‌മരിക്കുന്നു

1 comment:

  1. ഹൃദയസ്പര്‍ശിയായ അവതരണം.പ്രാര്‍ഥനകളില്‍ പങ്കുചേരുന്നു.

    ReplyDelete