Saturday, November 3, 2012

ഇങ്ങനെയും ഒരു പണ്ഡിതന്‍ ജീവിച്ചിരുന്നു!

2004 സപ്‌തംബര്‍ 08 ബുധന്‍. ള്വുഹ്‌റിന്റെ വിളി ഉയരാനടുത്തിരിക്കുന്നു. ജാമിഅ: നൂരിയ്യയിലെ ഫൈനല്‍ വിദ്യാര്‍ത്ഥികള്‍ക്കു ഖാള്വി ക്ലാസെടുത്തുകൊണ്ടിരിക്കുന്ന ഉസ്‌താദ്‌ കോട്ടുമല മൊയ്‌തീന്‍കുട്ടി മുസ്‌ലിയാരുടെ അടുത്തേക്ക്‌, ജാമിഅ:യിലെ ജീവനക്കാരന്‍ ഒരു കടലാസുതുണ്ടുമായി കയറിവന്നു. അദ്ദേഹമതുവാങ്ങി ഉറക്കെ വായിച്ചു; നമ്മുടെ കാളമ്പാടി ഉസ്‌താദിനെ സമസ്‌തയുടെ പ്രസിഡണ്ടായി ഇന്നു ചേര്‍ന്ന മുശാവറ തെരഞ്ഞെടുത്തിരിക്കുന്നു... ആ വാക്കുകളെ ബാഫഖീ സൗധത്തിലെ ഫൈനല്‍ ഹാള്‍ എതിരേറ്റത്‌ ഉജ്ജ്വലമായൊരു തക്‌ബീര്‍ കൊണ്ടായിരുന്നു. തക്‌ബീര്‍ ധ്വനികള്‍ക്കു പഞ്ഞമില്ലാതിരുന്ന അന്നത്തെ ജാമിഅ:യുടെ അന്തരീക്ഷത്തില്‍, ആ തക്‌ബീറിനു വല്ലാത്തൊരു മധുരമുണ്ടായിരുന്നു. അമ്പതാണ്ടു പിന്നിട്ട മതകലാശാലയില്‍ നാല്‍പതാണ്ടു തികച്ച കോട്ടുമല ഉസ്‌താദിന്റെ ക്ലാസില്‍ മുഴങ്ങിയ ആദ്യത്തെയും അവസാനത്തെയും തക്‌ബീറായിരിക്കാം അത്‌.

അന്നാണ്‌, പണ്ഡിത വൃത്തത്തിനപ്പുറം അധികമാരും അറിയാതിരുന്ന ശൈഖുനാ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാരെ കേരളീയ പൊതുസമൂഹം ശരിക്കും മനസ്സിലാക്കി തുടങ്ങിയത്‌. കേരളത്തിലെ ഏറ്റവും വലിയ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ അമരത്തിരിക്കാന്‍ കറുത്തുമെലിഞ്ഞ ഈ മുസ്‌ലിയാര്‍ക്ക്‌ എന്താണിത്ര വലിയ യോഗ്യതയെന്ന്‌ അന്നു പലരും സംശയിച്ചിരുന്നു; പ്രാസ്ഥാനിക ബന്ധമുള്ളവരടക്കം. പക്ഷേ, സമസ്‌തയെയും കാളമ്പാടി ഉസ്‌താദിനെയും അടുത്തറിയുന്നവര്‍ക്ക്‌ ബോധ്യമുണ്ടായിരുന്നു; അദ്ദേഹത്തിന്റെ അമര നായകത്വമാണ്‌ കാലം ആവശ്യപ്പെടുന്നതെന്ന്‌. പ്രസിഡന്റിന്റെ ഒഴിവു നികത്തണമെന്ന ആവശ്യം സമസ്‌ത മുശാവറയില്‍ ചര്‍ച്ചക്കുവന്നപ്പോള്‍ അദ്ധ്യക്ഷപീഠത്തിലുണ്ടായിരുന്ന പാണക്കാട്‌ സയ്യിദ്‌ ഉമറലി ശിഹാബ്‌ തങ്ങള്‍, സംഘടനയില്‍ വളരെ തഴക്കവും പഴക്കവും പ്രായവുമുള്ള ഒരാളായിരിക്കലാണ്‌ ഉത്തമമെന്നും 35 വര്‍ഷത്തോളമായി സംഘടനയില്‍ പ്രവര്‍ത്തിച്ചുവരുന്ന ബഹു. കാളമ്പാടി എ. മുഹമ്മദ്‌ മുസ്‌ലിയാരെയാണ്‌ ഞാനതിനു അഭിപ്രായപ്പെടുന്നതെന്നും പറഞ്ഞപ്പോള്‍ മുശാവറ ഐക്യകണ്‌ഠേന തക്‌ബീര്‍ മുഴക്കി അംഗീകരിക്കുകയായിരുന്നു.


കാളമ്പാടി ഉസ്‌താദിന്റെ ആ അരങ്ങേറ്റത്തിലും അമരത്വത്തിലും ഒരു �കണ്ണിയത്ത്‌ ടെച്ച്‌�നിറഞ്ഞു നിന്നിരുന്നു. സമസ്‌തയുടെ പ്രസിഡണ്ടായിരുന്ന മര്‍ഹൂം സ്വദഖത്തുല്ല മുസ്‌ലിയാര്‍ ഒരു പ്രത്യേക പശ്ചാത്തലത്തില്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ 25.05.1967 നു വൈസ്‌ പ്രസിഡണ്ട്‌ പി. ഇബ്‌റാഹീം മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ, റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത്‌ അഹമ്മദ്‌ മുസ്‌ലിയാരെ ഐക്യകണ്‌ഠേന പ്രസിഡണ്ടായി തിരഞ്ഞെടുക്കുകയായിരുന്നു. മുശാവറ അംഗം എന്നതില്‍ നിന്നു അദ്ധ്യക്ഷപദവിയിലേക്ക്‌ നേരിട്ടു തെരഞ്ഞെടുക്കപ്പെട്ട ശൈഖുനാ കണ്ണിയത്ത്‌, അന്നത്തെ മുശാവറയിലെ വളരെ തഴക്കവും പഴക്കവുമുള്ള പണ്ഡിതനായിരുന്നു. ചരിത്രത്തിന്റെ ആ ആവര്‍ത്തനമാണ്‌ കാളമ്പാടി ഉസ്‌താദിന്റെ കാര്യത്തിലും സംഭവിച്ചത്‌. പ്രസിഡണ്ട്‌ പദവിയിലുണ്ടായിരുന്ന ബഹു. സയ്യിദ്‌ അബ്‌ദുറഹ്മാന്‍ അല്‍ അസ്‌ഹരി ഒരു പ്രത്യേക പശ്ചാത്തലത്തില്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍, പ്രസ്‌തുത മുശാവറയിലെ ഏറ്റവും തഴക്കവും പഴക്കവുമുള്ള കാളമ്പാടി ഉസ്‌താദിനെ വൈസ്‌. പ്രസിഡണ്ട്‌ ഉമറലി ശിഹാബ്‌ തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം, മുശാവറ അംഗമെന്നതില്‍ നിന്നു അദ്ധ്യക്ഷ പദവിയിലേക്ക്‌ നേരിട്ടു തെരഞ്ഞെടുക്കുകയായിരുന്നു.


അദ്ധ്യക്ഷ പദവിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മാത്രമല്ല, ശൈഖുനാ കാളമ്പാടിയുടെ ചലന നിശ്ചലനങ്ങളിലത്രയും ഈ കണ്ണിയത്ത്‌ ടെച്ച്‌ കാണാനാവും. കണ്ണിയത്ത്‌ ഉസ്‌താദിന്റെ സൂക്ഷ്‌മതയും ലാളിത്യവും വിനയവും ധീരതയുമെല്ലാം പുതിയ തലമുറക്ക്‌ കേട്ടുകേള്‍വിയും വായിച്ചറിവുമാണ്‌. അവരത്‌ അനുഭവിച്ചറിഞ്ഞിട്ടില്ല. അത്തരക്കാര്‍ക്ക്‌ കണ്ണുനിറയെ കാണാന്‍ കാലം കനിഞ്ഞേകിയ കണ്ണിയത്തിന്റെ നിഴല്‍ രൂപമായിരിക്കാം ശൈഖുനാ കാളമ്പാടി. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇങ്ങനെയും ഒരു പണ്ഡിതന്‍ ജീവിച്ചിരുന്നു എന്നു കേള്‍ക്കുമ്പോള്‍ അടുത്ത തലമുറക്ക്‌ അതുള്‍കൊള്ളാന്‍ സാധിക്കണമെന്നില്ല. അത്രമാത്രം വിചിത്രമേറിയതായിരുന്നു ആ ജീവിതം.


മതം ജീവിതത്തിന്റെ കര്‍മമണ്ഡലത്തില്‍ നിന്നു പ്രദര്‍ശന പ്രകടനങ്ങളുടെ ലൊക്കേഷനുകളിലേക്കു പറിച്ചുനടപ്പെട്ട കാലത്തും സമയത്തും അതിനിടം കൊടുക്കാതെ ജീവിച്ചു എന്നതാണ്‌ ശൈഖുനാ കാളാമ്പാടിയെ മുസ്‌ലിം സാമൂഹ്യ മണ്ഡലത്തില്‍ പ്രസക്തനാക്കിയത്‌. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വേര്‍പ്പാട്‌ ഏറ്റവും വലിയ നഷ്‌ടവും ശൂന്യതയും സൃഷ്‌ടിക്കുന്നത്‌ സഞ്ചരിക്കുന്ന ഇസ്‌ലാമിന്റെ താവഴിയിലാണ്‌. ഇസ്‌ലാമിന്റെ ജീവിത ലാളിത്യവും ഭൗതിക വിരക്തിയും എളിമയും വിനയവുമെല്ലാം സ്റ്റേജും പേജും നിറച്ചു വര്‍ണശബളമായി തന്നെ ആഘോഷിക്കാന്‍ ഇന്ന്‌ സംവിധാനങ്ങളുണ്ട്‌. അതങ്ങനെ നടക്കുന്നുമുണ്ട്‌. ദിവസങ്ങളെടുത്തു വായിച്ചു തീര്‍ത്ത ആശയങ്ങളുടെയും കണ്ടുതീര്‍ത്ത സീനുകളുടെയുടെയും ജീവിക്കുന്ന മാതൃക അന്വേഷിച്ചിറങ്ങുമ്പോഴാണ്‌ മതമേഖല അകപ്പെട്ടിരിക്കുന്ന ശൂന്യതയുടെ ആഴമറിയുക. അതിനൊരു തിരുത്തായി അവശേഷിച്ചിരുന്ന അപൂര്‍വ സുന്ദര മാതൃകാ ജീവിതങ്ങളിലൊന്നായിരുന്നു കാളമ്പാടി ഉസ്‌താദ്‌.


പ്രകടനപരതയുടെ ആള്‍രൂപങ്ങള്‍ നന്നേകുറയുകയും സഞ്ചരിക്കുന്ന ഇസ്‌ലാം ചുറ്റുമുണ്ടാവുകയും ചെയ്‌ത ഒരു കാലഘട്ടമുണ്ടായിരുന്നു. അന്നു മതം അക്ഷരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും വാചകമേളകള്‍ക്കുമപ്പുറം, ജീവിതംകൊണ്ട്‌ ഓരോരുത്തരും പ്രബോധനം ചെയ്യുന്ന ആശയമായിരുന്നു. അതസ്‌തമിക്കുകയും എക്‌സ്‌ബിഷനിസത്തിന്റെ നീരാളിക്കൈകള്‍ മതപണ്ഡിതന്മാരെ പോലും വരിഞ്ഞുമുറുക്കി കുഴിയില്‍ ചാടിക്കുകയും ചെയ്യുന്ന കാലത്തും സമയത്തുമാണ്‌ നാം. കമ്പോളം നാടുവാഴുന്ന ഇക്കാലത്ത്‌ എല്ലാം�`ഫോര്‍ സെയില്‍'� ബോര്‍ഡിനു താഴെ നിരത്തിവെക്കുമ്പോള്‍ മതത്തെയും ആത്മീയതയെയും മാത്രം അതില്‍ നിന്നുമാറ്റിനിര്‍ത്താന്‍ ഒരുവിധപ്പെട്ടവര്‍ക്കൊന്നും സാധിക്കില്ല. മാറിനിന്നാല്‍ പിന്തിരിപ്പനും കാലം തിരിയാത്തവനുമായി അവഗണിക്കപ്പെടുമോ എന്ന ശങ്കയാണ്‌ പലര്‍ക്കും. അതൊന്നും വകവെക്കാതെ ഉള്ളും പുറവും ഒരുപോലെ കൊണ്ടുനടന്ന ജ്ഞാനിയും യോഗിയുമായിരുന്നു കാളമ്പാടി ഉസ്‌താദ്‌. ആ നടത്തവും ഇരുത്തവും പെരുമാറ്റവുമെല്ലാം മതത്തിന്റെ വേഷമിട്ട എക്‌സ്‌ബിഷനിസത്തോടുള്ള അമര്‍ഷവും ധിക്കാരവുമായിരുന്നു. നീലം മുക്കി മുക്കി നിറം മങ്ങിയ വെള്ള വസ്‌ത്രവും ബട്ടനിടാത്ത നീളങ്കുപ്പായവും കണങ്കാലിനൊപ്പം ഉയര്‍ന്നുനില്‍ക്കുന്ന ഇസ്‌തിരി തട്ടാത്ത തുണിയും കണ്ണാടിക്കുമുന്നില്‍ നിര്‍മിക്കപ്പെട്ടതല്ലെന്നു ഒറ്റനോട്ടത്തിലേ വിളിച്ചു പറയുന്ന വാലുള്ള തലപ്പാവും, പ്രകടന പരതയുടെ എല്ലാപേക്കോലങ്ങളോടുമുള്ള വെല്ലുവിളിയായിരുന്നു. തനിച്ചാണെങ്കിലും തിങ്ങിവിങ്ങി ശബ്‌ദമുഖരിതമായ സദസ്സിലാണെങ്കിലും സുജൂദിന്റെ സ്ഥാനത്തേക്കു മാത്രം നോക്കിയുള്ള തലതാഴ്‌ത്തി കൈവീശിയുള്ള ഒരു പ്രത്യേക നടത്തമാണ്‌ അദ്ദേഹത്തിന്റേത്‌. തിന്മകള്‍ തിമര്‍ത്തുപെയ്യുന്ന ഏതന്തരീക്ഷത്തിലും അതിനോടു രാജിയാവാതെ തനിക്കു മുന്നോട്ടു നീങ്ങാനാവുമെന്ന്‌ ഏതുകാഴ്‌ഛക്കാരനെയും ബോധ്യപ്പെടുത്തും ആ നടത്തം.


ഈന്തപനയോലയില്‍ കിടന്നുറങ്ങിയ പ്രവാചകന്റെ തിരുമേനില്‍ പ്രത്യക്ഷപ്പെട്ട ചുവന്നുതുടുത്തപാട്‌ കണ്ടു ഉമറുല്‍ ഫാറൂഖ്‌(റ) വിരിപ്പ്‌ ഓഫര്‍ചെയ്‌തതും ഞാനും ദുനിയാവും തമ്മിലെന്ത്‌, വെറുമൊരു വഴിപോക്കനല്ലേ ഞാന്‍... എന്നു പറഞ്ഞു നബി(സ) അതു തിരസ്‌കരിച്ചതും കണ്ണീരിന്റെ അകമ്പടിയോടെ അവതരിപ്പിക്കാന്‍ ആളുകളും വേദികളും എമ്പാടും ഇന്നു സമുദായത്തിലുണ്ട്‌. എന്നാല്‍ ആ മാതൃകയിലൊരു ജീവിതം കാഴ്‌ഛവെക്കാന്‍ അധികമാര്‍ക്കും സാധ്യമല്ല. അതിനു ധൈര്യം കാണിച്ച വലിയ മനുഷ്യനാണ്‌ ശൈഖുനാ കാളമ്പാടി. ലാളിത്യത്തിന്റെ പ്രവാചക മാതൃകചൂണ്ടിക്കാണിക്കാന്‍, അനുയോജ്യമായ ഒരു വലിയ ജീവിതം ഇതുവരെ കേരളീയ മുസ്‌ലിം ഉമ്മത്തിനു മുന്നിലുണ്ടായിരുന്നു. ഇസ്‌ലാമിക പ്രമാണങ്ങള്‍ പേര്‍ത്തും പേര്‍ത്തും പറയുന്ന സുഹ്‌ദിനും ഭൗതിക പരിത്യാഗത്തിനുമൊരു ജീവനുള്ള ഉദാഹരണം ആവശ്യപ്പെടുന്നവരോട്‌ മലപ്പുറം-പെരിന്തല്‍മണ്ണ റൂട്ടില്‍ കാവുങ്ങലില്‍ ബസ്സിറങ്ങി കാളമ്പാടിയിലേക്കു പോയാല്‍ മതിയെന്നു ഇതുവരെ നമുക്ക്‌ പറയാമായിരുന്നു. അങ്ങനെയൊരു വലിയ ഉദാഹരണം ഇനിചൂണ്ടിക്കാണിക്കാനുണ്ടാകില്ല എന്ന ആശങ്ക, കേരളത്തിലെ മതപ്രബോധന മേഖല നേരിടുന്ന ഒരു വെല്ലുവിളിതന്നെയാണ്‌.


സാധാരണക്കാരില്‍ സാധാരണക്കാരുടെ വീട്ടുമുറ്റം പോലും വഹാനങ്ങള്‍ വന്നു നില്‍ക്കാന്‍ സജ്ജമാക്കപ്പെട്ട ഇക്കാലത്തും സമസ്‌തയുടെ പ്രസിഡണ്ടിന്റെ വീട്ടിലേക്ക്‌ കാല്‍നടയായി മാത്രമേ എത്താനാകൂ എന്നത്‌ എത്ര ഉറക്കെ പറഞ്ഞാലും മതിയാകാത്ത വലിയൊരാശയമാണ്‌. ഭൗതികതയുടെ വഴികളെയും വകുപ്പുകളെയും അവഗണിക്കുന്നവരാണ്‌ ആത്മീയാചാര്യന്മാരെന്നു ജീവിതംകൊണ്ടു പഠിപ്പിക്കുകയായിരുന്നു ആ ഗുരുവര്യന്‍. ഒറ്റനോട്ടത്തില്‍തന്നെ കടലുണ്ടിപ്പുഴയോരത്തെ കമുങ്ങിന്‍ തോട്ടത്തിലെ ആ വീടിന്റെ മണ്ണുതേച്ച, സിമന്റിടാത്ത ചുമരുകാണാം. ഭൗതികതയുടെ ചുമരുകള്‍ക്കും ചുറ്റുപാടുകള്‍ക്കും മുന്തിയ പരിഗണ നല്‍കേണ്ടവരല്ല മതപണ്ഡിതന്മാരെന്നു ജീവിതംകൊണ്ടു അടയാളപ്പെടുത്തുകയായിരുന്നു ആ മഹാപണ്ഡിതന്‍. എക്‌സ്‌ബിഷനിസത്തിന്റെ അധിനിവേശക്കാലത്തെ പണ്ഡിതധര്‍മം, പ്രകമ്പനങ്ങള്‍ സൃഷ്‌ടിക്കുന്ന പ്രഭാഷണങ്ങളും കോരിത്തരിപ്പിക്കുന്ന കഥാകഥനങ്ങളും വാള്യങ്ങളിലായി അടുക്കിവെച്ച രചനകളുമല്ലെന്നു തിരിച്ചറിഞ്ഞ ആ ക്രാന്തദര്‍ശി, ജീവിച്ചുകാണിക്കുകയെന്ന കാലഘട്ടത്തിന്റെ ഏറ്റവും വലിയ വെല്ലുവിളിയാണ്‌ ഏറ്റെടുത്തത്‌.


മൗനം ആപത്തായി കണ്ടാല്‍ ജ്ഞാനി സംസാരിക്കും. വിശപ്പ്‌ മരണം വരുത്തുമെന്നുകണ്ടാല്‍ അയാള്‍ ഭക്ഷണത്തിനു കൈ നീട്ടും. അയാളുടെ ഭാഷണം ജ്ഞാനം പകരും. ഭക്ഷണം ആരോഗ്യവും.....സഅ്‌ദി ശീറാസി തന്റെ ഗുലിസ്ഥാനില്‍ പറഞ്ഞുവെക്കുന്ന മനോഹരമായ ഈ ആശയത്തിന്റെ ജീവിതോദാഹരണമായിരുന്നു കാളമ്പാടി ഉസ്‌താദ്‌. അനിവാര്യമെന്നു ബോധ്യമായയിടങ്ങളില്‍ മാത്രമേ അദ്ദേഹം മൗനം ഭേദിച്ചിരുന്നുള്ളൂ. താന്‍ ഇടപെടേണ്ടതില്ലെന്നു തോന്നുന്നയിടങ്ങളിലെല്ലാം ആ ജ്ഞാനി മൗനം പൂകി. സുദീര്‍ഘമായ മൗനം! അതിനിടയില്‍ സമസ്‌തയുടെ പ്രസിഡണ്ടിന്റെ നിലപാടു ചോദിച്ചു കടന്നുവന്ന എത്രയോ പത്രപ്രവര്‍ത്തകരും വാര്‍ത്താചാനലുകാരും പ്രതീക്ഷിച്ച ചാകര ലഭിക്കാതെ നിരാശയോടെ തിരിച്ചുപോയിട്ടുണ്ട്‌. മീഡിയകളില്‍ മുഖം കാണിക്കാന്‍ പണിയെടുക്കുകയും തിക്കിതിരക്കുകയും ചെയ്യുന്ന ഇമ്മിണിബല്യ നേതാക്കളുടെ സമുദായത്തിലാണ്‌ ഇങ്ങനെയും ഒരു നേതാവ്‌ ജീവിച്ചു പോയത്‌!


ഏറ്റവും വലിയ ആരാധനയും അമൂല്യമായ സമയങ്ങള്‍ വിനിയോഗിക്കാന്‍ ഏറ്റവും അനുയോജ്യമായ വിഷയവും ഇല്‍മുമായുള്ള സമ്പര്‍ക്കമാണെന്നു ഇമാം നവവി(റ) തന്റെ മിന്‍ഹാജിന്റെ ആമുഖത്തില്‍ രേഖപ്പെടുത്തുന്നുണ്ട്‌. വര്‍ഷാവര്‍ഷം പണ്ഡിതവിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ അതു വിശദീകരിച്ചുകൊടുത്ത ശൈഖുനാ കാളമ്പാടി, മരണം വരെ ആ രീതിയില്‍ തന്നെ ജീവിച്ചു. അരനൂറ്റാണ്ടിലോറെയായി തുടര്‍ന്നു കൊണ്ടിരിക്കുന്ന തദ്‌രീസ്‌, മരണത്തിലേക്കു യാത്രയാകുന്ന ദിവസം വരെ നിലനിര്‍ത്താന്‍ ബാഖിയാത്തിലെ ഈ റാങ്കുകാരനു സാധിച്ചു. പറയത്തക്ക കഴിവുകളൊന്നും എടുത്തുകാണിക്കാനില്ലാത്ത, അരീക്കോട്‌ വലിയ ജുമുഅത്തുപള്ളിയിലെ വെറുമൊരു മുദരിസായി സേവനനമുഷ്‌ഠിച്ചിരുവന്ന ഒരാളെ 38-ാം വയസ്സില്‍ തന്നെ സമസ്‌ത മുശാവറയിലേക്ക്‌ തെരഞ്ഞെടുക്കണമെങ്കില്‍ എന്തായിരിക്കും അതിന്റെ മാനദണ്ഡം? 1971 നു മുമ്പേ കാളമ്പാടിയിലെ അറിവിന്റെ ആഴം ക്രാന്തദര്‍ശികളായ അക്കാലത്തെ പണ്ഡിത ശ്രേഷ്‌ഠര്‍ തിരിച്ചറിഞ്ഞു എന്നല്ലേ അതിനര്‍ത്ഥം.


തനി ഏറനാടന്‍ ശൈലിയിലുള്ള ഉസ്‌താദിന്റെ ക്ലാസുകള്‍ക്ക്‌ വല്ലാത്ത പവറായിരുന്നു. ജാമിഅ:യിലെ ഓരോ വിദ്യാര്‍ത്ഥിയും ജീവിതാന്ത്യം വരെ ഓര്‍ത്തുവെക്കുന്ന പാഠങ്ങളും നിര്‍ദേശങ്ങളും അതിലുണ്ടാകും. ഏതു നിലവാരത്തിലുള്ളവര്‍ക്കും ആ ക്ലാസ്‌ ഉള്‍കൊള്ളാം. അദ്ദേഹം ഏതുവിഷയം കൈകാര്യം ചെയ്‌താലും വിദ്യാര്‍ത്ഥികള്‍ക്കത്‌ മധുരാനുഭവമായിരിക്കും. സംശയങ്ങളുയരാനിടയുള്ളയിടങ്ങളില്‍ പ്രത്യേക വിശദീകരണമുണ്ടാകും. വിവാദ വിഷയങ്ങള്‍ കടന്നു വരുന്നുണ്ടെങ്കില്‍ അതിനു പ്രത്യേക നോട്ട്‌ തയാറാക്കി വരുന്നത്‌ ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പലപ്പോഴും കണ്ടിട്ടുണ്ട്‌. അടുത്ത ദിവസം ക്ലാസെടുക്കാനുള്ള ഭാഗം പ്രത്യേകം നോക്കി വരണമെന്നത്‌ ഇടക്കിടെയുള്ള നിര്‍ദേശമായിരിക്കും. അങ്ങനെ നോക്കി വരുന്നവര്‍ക്ക്‌ ഉസ്‌താദ്‌ ക്ലാസെടുക്കുമ്പോള്‍ കൂടുതല്‍ ആശയങ്ങള്‍ ഉള്‍ക്കൊള്ളാനും സംശയങ്ങളുന്നയിക്കാനും നിവാരണം കണ്ടെത്താനും എളുപ്പമാകും. ആരെങ്കിലും സംശയങ്ങളുന്നയിച്ചാല്‍ പെട്ടന്നു മറുപടി പറയുന്നതിനു പകരം, വിഷയത്തെക്കുറിച്ച്‌ ചോദ്യകര്‍ത്താവിന്‌ എത്രമാത്രം ധാരണയുണ്ടെന്ന്‌ മറുചോദ്യം കൊണ്ടു ശരിക്കും മനസസ്സിലാക്കിയെടുക്കും. അതിനിടയില്‍ ഒരു വിധപ്പെട്ടവരെല്ലാം വീണുപോയിട്ടുണ്ടാകും. അതില്‍ പിടിച്ചു നില്‍ക്കുന്നവരാകട്ടെ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ഹീറോയും. ഒരാള്‍ കിത്താബ്‌ നോക്കി വായിക്കുകയും ഉസ്‌താദ്‌ അര്‍ത്ഥവും ആശയവും വിശദീകരിക്കുകയും ചെയ്യുന്ന പാരമ്പരാഗത ദര്‍സീ ശൈലിയായിരുന്നു ശൈഖുനയുടേതും. അഡ്‌മിഷന്‍ ക്രമ നമ്പറനുസരിച്ച്‌ ഓരോ ദിവസവും ഓരോരുത്തര്‍ വായിക്കണമെന്നാണ്‌ നിയമം. മിക്ക വിദ്യാര്‍ത്ഥികള്‍ക്കും അതൊരു മഹ്‌ശര്‍ തന്നെയായിരിക്കും. വായന തെറ്റിയാല്‍ പിന്നെ ഹിസാബ്‌ ഉറപ്പ്‌. അറബി വ്യാകരണ നിയമങ്ങള്‍ പാലിക്കാത്തതിനുള്ള ശാസനയും അവയുടെ ഗ്രന്ഥങ്ങള്‍ വീണ്ടും വീണ്ടും ഓതിപഠിക്കാനുമുള്ള കല്‍പനയുമാകും പിന്നീട്‌.


ഫൈനല്‍ പരീക്ഷ കഴിഞ്ഞു ജാമിഅ:വിട്ടുപോകുന്നവരെ പള്ളിയില്‍ ഒരുമിച്ചു കൂട്ടി ഉസ്‌താദുമാര്‍ നല്‍കുന്ന സാരോപദേശങ്ങളില്‍ ഏറ്റവും ശ്രദ്ധേയം ശൈഖുനയുടെ വാക്കുകള്‍ തന്നെയായിരിക്കും. 2004 സപ്‌തംബര്‍ 22 നു ജാമിഅ:യുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബാച്ച്‌, കാമ്പസ്‌ വിടുന്ന വേളയില്‍ ഞങ്ങളെ അഭിമുഖീകരിച്ചുകൊണ്ട്‌ അദ്ദേഹം നടത്തിയ നസ്വീഹ, മായാതെ മറയാതെ മനോമുകരത്തില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നു. മുആദ്‌ബിന്‍ജബല്‍(റ) തന്റെ ജനതക്കു ഇമാമായി നിസ്‌കരിച്ചപ്പോള്‍ സുദീര്‍ഘമായ സൂറത്ത്‌ ഓതിയതു കാരണം ഒരാള്‍ക്കത്‌ പ്രയാസം സൃഷ്‌ടിക്കുകയും ആ വിവരം പ്രവാചക സദസ്സിലെത്തുകയും ചെയ്‌തഘട്ടത്തില്‍ നബി(സ), മുആദിനെ രൂക്ഷമായ ശൈലിയില്‍ ഫത്താന്‍ (വലിയകുഴപ്പകാരന്‍) എന്നു മൂന്നു തവണ ആക്ഷേപിച്ച ബുഖാരിയുടെ ഹദീസ്‌ ഗൗരവം ചോരാതെ ഉദ്ധരിച്ചുകൊണ്ട്‌ ശൈഖുന പറഞ്ഞു: നിങ്ങള്‍ സമുദായത്തിനു നേതൃത്വം നല്‍കാന്‍ പോകുന്ന ഇമാമുമാരാണ്‌. അവരെ പ്രയാസപ്പെടുത്തുന്ന യാതൊന്നും നിങ്ങളില്‍ നിന്നുണ്ടായിക്കൂടാ. നിസ്‌കാരാന്തരം പ്രാര്‍ത്ഥന നിര്‍വഹിക്കുമ്പോള്‍ പോലും ജനങ്ങളെ നിങ്ങള്‍ പരിഗണിക്കണം. അവരില്‍ പല ആവശ്യക്കാരുമുണ്ടാകാം. ഇതവസാനിച്ചിട്ടുവേണം അവര്‍ക്ക്‌ സ്വന്തം ഏര്‍പ്പാടുകളിലേക്ക്‌ തിരിയാന്‍. അതുകൊണ്ട്‌ ആ പ്രാര്‍ത്ഥന പോലും അത്തഹിയ്യാത്തിന്റെ പ്രാര്‍ത്ഥയെക്കാള്‍ കൂടുതലായിക്കൂടാ. കല്ല്യാണ സദസ്സിലും മറ്റുപൊതു വേദികളിലും നിങ്ങളതു പരിഗണിക്കണം. നാട്ടില്‍ ബിദ്‌അത്ത്‌ വരളാന്‍ നമ്മുടെ നിലപാടുകള്‍ വഴിവെക്കരുത്‌. ജനങ്ങള്‍ ഒരു മസ്‌അല ചോദിച്ചുവന്നാല്‍ നിങ്ങളിങ്ങോട്ട്‌ ഓടി വരുന്ന അവസ്ഥയുണ്ടാകരുത്‌. കിത്താബ്‌ മുത്താലഅ ചെയ്യണം. പിന്നെയും പിന്നെയും നിങ്ങളത്‌ ആവര്‍ത്തിക്കണം....


വര്‍ഷങ്ങള്‍ക്കുശേഷം, ജാമിഅ:വിദ്യാര്‍ത്ഥികളുടെ റൈറ്റേഴ്‌സ്‌ ഫോറം സംഘടിപ്പിച്ച ഒരു പരിപാടിയില്‍ വിഷയാവതാരകാനായി ഇവനും ക്ഷണിക്കപ്പെട്ടു. അത്‌ ഉദ്‌ഘാടനം ചെയ്യുന്നത്‌ ഉസ്‌താദായിരുന്നു. പഠനകാലത്ത്‌ ആളാകാന്‍ വേണ്ടിയും അല്ലാതെയും സംശയങ്ങളുന്നയിച്ചു ശല്യം ചെയ്‌ത പഴയ വിദ്യാര്‍ത്ഥിയെന്ന ഗര്‍വ്വോടെ, പരിപാടി ആരംഭിക്കും മുമ്പേ ഉസ്‌താദിനെ കാണാന്‍ ചെന്നു. ഉസ്‌താദ്‌ ഓതിപഠിച്ചിരുന്ന എടരിക്കോട്‌ പാലച്ചിറമാട്‌ ജുമുഅത്തുപള്ളിയിലെ മുദരിസാണെന്നറിഞ്ഞപ്പോള്‍ അന്വേഷണം അവിടത്തെ ചില പ്രധാന വ്യക്തികളെ കുറിച്ചായി. ഉസ്‌താദിന്റെ അരനൂറ്റാണ്ടെങ്കിലും മുമ്പുള്ള സഹപാഠികളെയും പരിചയക്കാരെയും ഇവനുണ്ടോ അറിയുന്നു! എന്റെ തപ്പിപ്പിഴ ബോധ്യപ്പെട്ടതിനാലാവണം, ഉസ്‌താദ്‌ ആ വിഷയം വിട്ടു. അന്നത്തെ പരിപാടി ഉല്‍ഘാടനം ചെയ്‌തു കൊണ്ടു ഉസ്‌താദ്‌ നടത്തിയ പ്രസംഗത്തില്‍ എഴുതിത്തുടങ്ങേണ്ട ആവശ്യകതയെക്കാളേറെ എഴുത്തുകാരന്‍ കീഴടക്കേണ്ട ആശയപ്രപഞ്ചത്തെ കുറിച്ചാണ്‌ സംസാരിച്ചത്‌. അപ്പോഴതിന്റെ പ്രസക്തി മനസ്സിലായില്ലെങ്കിലും പിന്നീടൊരിക്കല്‍ ആലോചിച്ചപ്പോള്‍, ഇടക്കെങ്കിലും ആ മഹാപണ്ഡിതന്റെ വാക്കുകള്‍ അക്ഷരങ്ങളിലൊതുക്കിവെക്കാന്‍ അടുത്തുചെന്നിരുന്ന ഇവനടക്കമുള്ളവരെ കുറിച്ചാണോ ആ വാക്കുകളെന്നു തോന്നിയിട്ടുണ്ട്‌.


ആകര്‍ഷണീയ പെരുമാറ്റം, സദസ്സുകളെ ഇളക്കി മറിക്കുന്ന പ്രഭാഷണ വൈഭവം, എഴുതിക്കൂട്ടിയ ഗ്രന്ഥങ്ങളുടെ വണ്ണവലിപ്പം, അവസരത്തിനൊത്ത്‌ കുനിയാനും നിവരാനും സാധിക്കുന്ന സംഘാടന ശക്തി...ഇങ്ങനെ ഒരു നേതാവിനു നടപ്പുരീതിയനുസരിച്ചു കല്‍പ്പിച്ചുവരുന്ന യോഗ്യതകളൊന്നും കാളമ്പാടി ഉസ്‌താദിന്റെ വശത്തുണ്ടായിരുന്നില്ല. എന്നിട്ടും അദ്ദേഹം സര്‍വാദരണീയനായി. പണ്ടുമുതലേ പണ്ഡിത കുലപതികളടക്കം അംഗീകരിക്കുന്ന വ്യക്തിത്വമായി. അകക്കണ്ണുള്ളവര്‍ക്ക്‌ തിരിച്ചറിയാനാവുന്ന ഇല്‍മിന്റെ മാസ്‌മരിക ശക്തിയായിരുന്നു അത്‌. 2012 ക്‌ടോബര്‍ 3-4 തിയതികളില്‍ കാളമ്പാടിയിലേക്ക്‌ ഒഴികിയെത്തിയ ജനലക്ഷങ്ങളും നാല്‍പത്തിയൊന്നു തവണകളിലായി നടന്ന മയ്യിത്ത്‌ നിസ്‌കാരവും ആ മഹാപണ്ഡിതനു സമുദായം നല്‍കിയ ആദരവിന്റെ പ്രകടിതോദാഹരണമാണ്‌. അല്ലാഹു ഒരടിമയെ ഇഷ്‌ടപ്പെട്ടാല്‍ മലക്കുകളെ ആ വിവരം അറിയിക്കുകയും അങ്ങനെ മലക്കുകള്‍ അദ്ദേഹത്തെ ഇഷ്‌ടപ്പെടുകയും ആ വിവരം പിന്നീട്‌ ഭൂമിയിലെ ജനങ്ങള്‍ക്കറിയിക്കപ്പെടുകയും അവരും അങ്ങനെ ആ വ്യക്തിയെ ഇഷ്‌ടപ്പെടുമെന്ന ഹദീസിന്റെ സാക്ഷാല്‍കാരം. 
പി.എ സ്വാദിഖ്‌ ഫൈസി താനൂര്‍

No comments:

Post a Comment