കൊളൊണിയലിസത്തോടുള്ള കേരള മുസ്‌ലിംകളുടെ പരാമ്പരാഗത നിലപാടിനെക്കുറിച്ച്
തെറ്റിദ്ധാരണകള്‍ സൃഷ്‌ടിക്കുന്നതായിരുന്നു ആഗസ്‌ത് ആദ്യപാതിയിലിറങ്ങിയ
സത്യധാരയുടെ കവര്‍ സ്റ്റോറി. നൂറ്റാണ്ടുകളായി അവര്‍
നിലനിര്‍ത്തിപ്പോണിരുന്ന പൊതുനിലപാടിനെ ഹ്രസ്വവല്‍കരിച്ചും ഒരു
ന്യൂനപക്ഷത്തിന്റേതായി മാത്രം കണ്ടേക്കാവുന്ന ചില ശ്രമങ്ങളെ
പര്‍വതീകരിച്ചും കാണിക്കുന്ന പ്രസ്‌തുത ലേഖനം ചരിത്രത്തിലെ കൊളോണിയല്‍
അട്ടിമറി പോലെത്തന്നെ മാപ്പിള ചരിത്രത്തിലെ പുതിയൊരു അട്ടിമറി ശ്രമമായേ
നമുക്ക് കണ്ടെത്താനാവുന്നുള്ളൂ. കേരള മണ്ണില്‍ സാമ്രാജ്യത്വം വേരിറക്കിയതു
മുതല്‍ അതിനെതിരെ പല്ലും നഖവും ഉപയോഗിച്ച് തദ്ദേശീയര്‍ സുസംഘടിതമായി
മുന്നോട്ടുവന്നതായാണ് ചരിത്രം. കൊളോണിയല്‍ ചരിത്രകാരന്മാരുടേതു മാത്രമല്ല,
ലോക്കല്‍ ചരിത്രകാരന്മാരുടെയും പണ്ഡിതന്മാരുടെയും രചനകളില്‍ ഇതിനു ധാരാളം
തെളിവുകളുണ്ട്. പൊന്നാനിയിലെ മഖ്‌ദൂമുമാരും കോഴിക്കോട്ടെ ഖാള്വിമാരും
അധിനിവേശ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് മാതൃക കാട്ടിയവരാണെന്നതിന്
സൈനുദ്ദീന്‍ മഖ്‌ദൂം രണ്ടാമന്റെ തുഹ്‌ഫതുല്‍ മുജാഹിദീനും ഖാദിമുഹമ്മദിന്റെ
ഫത്‌ഹുല്‍ മുബീനും തന്നെ മതിയായ തെളിവുകളാണ്.
അധിനിവേശം എന്ത്? മുസ്‌ലിം പണ്ഡിതന്മാര്‍ ഇതിനെതിരെ എന്തുകൊണ്ട്
ഇറങ്ങിത്തിരിച്ചു എന്നതാണ് വസ്‌തുനിഷ്‌ഠമായി ഇവിടെ അന്വേഷിക്കപ്പെടേണ്ട
ഒരു വിഷയം. രാഷ്‌ട്രം, സ്റ്റേറ്റ് തുടങ്ങിയ സങ്കല്‍പങ്ങള്‍ 18-19
നൂറ്റാണ്ടോടെയാണ് ശക്തി പ്രാപിക്കുന്നത് എന്നത് സുവിദിതമാണ്. പക്ഷേ,
അതിനു മുമ്പുതന്നെ ഉലമ ഇത്തരം വിഷയങ്ങള്‍ യാഥായോഗ്യം കൈകാര്യം ചെയ്‌തത്
സംഗതികളെ രാഷ്‌ട്രീയ ദര്‍പ്പണത്തിലൂടെ മാത്രമായിരുന്നില്ല ഇവര്‍
സമീപിക്കുന്നത് എന്ന കാര്യം വ്യക്തമാക്കുന്നു. വ്യവസ്ഥാപിതമായി മുസ്‌ലിം
ജീവിതവും വ്യവഹാരങ്ങളും നടന്നുവരുന്നതിനെതിരെ പുറത്തുനിന്നുണ്ടാകുന്ന ഒരു
വെല്ലുവിളിയായിട്ടാണ് പണ്ഡിതന്മാര്‍ അധിനിവേശങ്ങളെ കണക്കാക്കുന്നത്.
മതമായിരുന്നു അവര്‍ക്കു മുമ്പിലെ പ്രധാന പ്രശ്‌നം. അതിന്റെ
സൈ്വര്യപൂര്‍ണമായ പ്രവര്‍ത്തനങ്ങളും സമാന്തരമായ അനുശീലനവും എന്നും
അവര്‍ക്കു മുമ്പിലെ പരമപ്രധാന വിഷയങ്ങളായിരുന്നു. അല്ലാതെ, സാമൂതിരിയുടെ
ഭരണ സംരക്ഷണമായിരുന്നില്ല അവരുടെ ഇറങ്ങിപ്പുറപ്പാടിന്റെ ആത്യന്തിക ലക്ഷ്യം.
സാമൂതിരി ഭരണം മുസ്‌ലിം ജീവിതത്തിന്റെ സുഗമമായ പ്രയാണത്തിനു
അനുഗുണമായിരുന്നതിനാല്‍ അതിന്റെ തുടര്‍ച്ച അവര്‍ക്ക് അനുവാര്യമായി
അനുഭവപ്പെടുന്നത് ഒരു രണ്ടാം കാര്യം ആയി മാത്രമാണ്. മതകീയ ജീവിതത്തിന്റെ
സുഗമമായ നിലനില്‍പ്പാണ് എന്നും ഒന്നാം കാര്യം. അതിനെതിരെ വരുന്ന ഏതു
ഭരണകൂടത്തോടും മുസ്‌ലിംകള്‍ കലഹിച്ചിട്ടുണ്ട്. മതസ്വാതന്ത്ര്യം വ്യക്തി
അവകാശങ്ങളുടെ ഭാഗമാണെന്ന അവരുടെ തിരിച്ചറിവായിരുന്നു ഇതിനു കാരണം.
സൈനുദ്ദീന്‍ മഖ്‌ദൂം ഒന്നാമന്റെ തഹ്‌രീളു അഹ്‌ലില്‍ ഈമാന്‍ അലാ ജിഹാദി
അബദതിസ്സ്വുല്‍ബാന്‍ (കുരിശാരാധകര്‍ക്കെതിരെ പോരാടാന്‍ വിശ്വാസികള്‍ക്കൊരു
പ്രേരണ) എന്ന കൃതിയും അത് ഉയര്‍ത്തിപ്പിടിക്കുന്ന സന്ദേശവും മാത്രം മതി
അധിനിവേശത്തിനെതിരെ മുസ്‌ലിംകള്‍ നിലകൊണ്ടതിന്റെ അടിസ്ഥാന കാരണം
മനസ്സിലാക്കാന്‍. പാശ്ചാത്യന്‍ സംസ്‌കാരത്തിന്റെയും ക്രൈസ്‌തവ
മിഷനറിയുടെയും ശക്തമായ കടന്നുകയറ്റവും മുസ്‌ലിംകള്‍ക്കെതിരെ അവര്‍
അഴിച്ചുവിട്ട മര്‍ദ്ദനങ്ങളും ഇതില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഈ മൂന്നു
കാരണങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജിഹാദിനെ
സമയത്തത്രതിക്രമിച്ചിരിക്കുന്നുവെന്നാണ് മഖ്‌ദൂം സമര്‍ത്ഥിക്കുന്നത്.
അദ്ദേഹം പറയുന്നു: മുഹമ്മദ് നബിയുടെയും മതത്തിന്റെയും ശത്രുക്കള്‍ക്കെതിരെ
ആഞ്ഞടിക്കുക. മതത്തെയും രാജ്യത്തെയും രക്ഷിക്കുക. അതുവഴി പരലോകത്തേക്കുള്ള
സ്വത്തുക്കള്‍ സ്വരൂപിക്കുക. സ്വര്‍ഗം നേടുക, ഏതവസരത്തിലും മരണത്തെ
പ്രതീക്ഷിക്കുക, നിങ്ങള്‍ ഭയപ്പെടേണ്ടതില്ല. അല്ലാഹു നമ്മെ സഹായിക്കും.
അവര്‍ കുരിശിനെ തകര്‍ക്കും.
പിന്നീടു വന്ന തുഹ്‌ഫയിലും ഫത്‌ഹുല്‍ മുബീനിലും സമാനമായ സന്ദേശം തന്നെയാണ്
കണ്ടെത്താന്‍ കഴിയുക. അധിനിവേശ ശക്തികള്‍ നസ്വാറാക്കളായും അവരോടുള്ള
പോരാട്ടം ജിഹാദായും അവരുടെ അതിക്രമങ്ങള്‍ മതത്തിനെതിരെയുള്ള
വെല്ലുവിളിയായും അവ പരിചയപ്പെടുത്തുന്നു. അവിശ്വാസികള്‍ കടന്നാക്രമണം
നടത്തുന്നത് ജിഹാദിനുള്ള ഒരു കാരണമാണ്. നാം ഇപ്പോള്‍ അത്തരമൊരു
സാഹചര്യത്തിലാണുള്ളത് എന്നാണ് മഖ്‌ദൂം രണ്ടാമന്‍
ഓര്‍മ്മപ്പെടുത്തുന്നത്. പള്ളികള്‍ക്കും സൈ്വര്യമായ മുസ്‌ലിം ജീവിതത്തിനും
അധിനിവേശം ഒരു ഭീഷണിയായി മാറിയിട്ടുണ്ടെന്ന് ഖാദി മുഹമ്മദും
അനുസ്‌മരിക്കുന്നുണ്ട്. ഈയൊരു പരിസരത്തിലാണ് കൊളോണിയലിസത്തിനെതിരെയുള്ള
മുസ്‌ലിം പ്രതിരോധത്തിന്റെ ഒന്നാം ഘട്ടം നാം കാണുന്നത്. പണ്ഡിതന്മാരാണ്
അന്ന് ഇത്തരം കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. അനുയായികള്‍
അത് ഒരു മതശാസനയെന്ന പോലെ ശിരസ്സാവഹിക്കുകയും ചെയ്‌തു. തദ്ദേശീയരായ
സാമൂതിരിമാരായിരുന്നു ഇക്കാലത്തെ ഭരണാധികാരികള്‍. മുസ്‌ലിംകളോട് പ്രത്യേകം
അനുകമ്പ കാണിച്ചിരുന്ന അവരോടൊത്തു നിന്നാണ് പണ്ഡിതന്മാര്‍
വൈദേശികാധിപത്യത്തിനെതിരെ അടരാടിയത്. സാമൂതിരിമാര്‍ അവര്‍ക്കെതിരെ തിരിഞ്ഞ
പില്‍ക്കാലത്ത് പണ്ഡിതന്മാര്‍ അവരില്‍ നിന്നും അകന്നുനിന്നതായും
ചരിത്രത്തില്‍ കാണാന്‍ കഴിയും. കേവലം ഒരു രാഷ്‌ട്രീയ പ്രതിരോധം
എന്നതിലപ്പുറം ഇതിനു തീര്‍ത്തും ഒരു മതകീയ മാനമുണ്ടായിരുന്നു.
മൈസൂല്‍ ടിപ്പുസുല്‍ത്താന്‍മാരുടെ കാലം വന്നതോടെ മുസ്‌ലിംകള്‍ക്ക് ഇവിടെ
സുരക്ഷിതത്വം അനുഭവപ്പെട്ടു തുടങ്ങുന്നതായുള്ള പ്രതീതി ജനിച്ചു മുസ്‌ലിം
ഭരണാധിപന്മാരുടെ വരവ് മാപ്പിളമാര്‍ക്ക് ഏറെ വേണ്ടിയിരുന്ന മാനസിക
പ്രചോദനം നല്‍കി. ആദ്യമായി മുസ്‌ലിം ഭരണാധിപന്മാര്‍ക്കു കീഴില്‍
ജീവിക്കാന്‍ കഴിഞ്ഞുവെന്ന വസ്‌തുത കാര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമായി
മാറിയതായി തോന്നിച്ചു. കോഴിക്കോട് ശൈഖ് ജിഫ്‌രി അടക്കമുള്ള
പണ്ഡിതന്മാരുടെയും സയ്യിദന്മാരുടെയും മനസ്സ് അന്ന്
ടിപ്പുവിനൊപ്പമായിരുന്നു. മുസ്‌ലിം ജീവിതത്തിനും അതിന്റെ
കൃത്യനിര്‍വഹണത്തിനും അവരുടെ ഭാഗത്തുനിന്നുമുണ്ടായ സപ്പോര്‍ട്ടായിരുന്നു
ഇതിനു കാരണം.
ടിപ്പുവിനെ പരാജയപ്പെടുത്തി ഭരണം ബ്രിട്ടീഷുകാരുടെ കയ്യില്‍ വരുന്നതോടെ
രംഗം മറ്റൊന്നായി മാറുന്നത് കാണാം. 1792-ല്‍ മലബാറിന്റെ ആധിപത്യം തങ്ങളുടെ
കീഴിലായതോടെ എങ്ങനെയെങ്കിലും അതുറപ്പിച്ചു നിര്‍ത്താനുള്ള
തീവ്രശ്രമത്തിലായിരുന്നു ബ്രിട്ടീഷ് അധികാരികള്‍. അതിനു പല
ഹീനതന്ത്രങ്ങളും മെനയാന്‍ അവര്‍ ഒട്ടും മടിച്ചില്ല. മൂന്നാം മൈസൂര്‍
യുദ്ധത്തില്‍ പരാജിതനായ ടിപ്പുവിന്റെ മലബാറിലേക്കുള്ള തിരിച്ചുവരവ്
ബ്രിട്ടീഷുകാര്‍ പ്രതീക്ഷിച്ചിരുന്നു. അതിനാല്‍ തന്നെ ടിപ്പുവിനോട് പൊതുവെ
ആഭിമുഖ്യം പുലര്‍ത്തിയിരുന്ന മുസ്‌ലിംകളെയും കര്‍ഷകരെയും
അടിച്ചൊതുക്കുകയും അവരുടെ ശക്തി ക്ഷയിപ്പിക്കുകയും ചെയ്യുകയെന്ന നയമാണ്
ബ്രിട്ടീഷുകാര്‍ സ്വീകരിച്ചത്. ടിപ്പുവിന്റെ സഹായികളെന്നു കരുതി
മാപ്പിളമാരെ ശത്രുതാ മനോഭാവത്തോടെ വെള്ളക്കാര്‍ വീക്ഷിച്ചു. മാപ്പിളമാരോട്
എങ്ങനെ പെരുമാറണമെന്നതില്‍ ബ്രിട്ടീഷുകാര്‍ക്കിടയില്‍
രണ്ടഭിപ്രായമുണ്ടായിരുന്നു. എന്നിരുന്നാലും തങ്ങളുടെ അധികാരം
അരക്കിട്ടുറപ്പിക്കാന്‍ അവരെ ചൊല്‍പ്പടിയില്‍ നിര്‍ത്താന്‍ ആകുന്നതെല്ലാം
ചെയ്യുകയെന്ന നിലക്കാണ് കാര്യങ്ങള്‍ മുന്നോട്ടു നീങ്ങിയത്. അതുകൊണ്ട്
തന്നെ, അവര്‍ ചുമത്തിയ അധിക നികുതി, പാട്ട വ്യവസ്ഥ, കൃഷിയൊഴിപ്പിക്കല്‍
തുടങ്ങിയ നിര്‍ബന്ധിത നിലപാടുകള്‍ മാപ്പിള ജീവിതത്തെ ഏറെ ദുസ്സഹമാക്കി.
സ്വന്തം ഭൂമിയില്‍ അന്യരെപ്പോലെ താമസിക്കേണ്ടിവരികയും കരം കൊടുത്തു
വീട്ടാനാകാതെ അവസാനം വീടുപോലും ബ്രിട്ടീഷ് മേലാളന്മാര്‍ക്കു മുമ്പില്‍
സമര്‍പ്പിക്കേണ്ടി വരികയും ചെയ്‌തു. ഈയൊരു അര്‍ത്ഥത്തില്‍
പോര്‍ച്ചുഗീസുകാരില്‍ നിന്നും ഒട്ടും ഭിന്നമായിരുന്നില്ല മാപ്പിളമാര്‍ക്കു
മുമ്പില്‍ ബ്രിട്ടീഷുകാരും. സാമൂഹികമായും രാഷ്‌ട്രീയമായും മതപരമായും
ബ്രിട്ടീഷ് അധിനിവേശം മുസ്‌ലിം ജീവിതത്തിനു ഭീഷണിയാണെന്ന് മാപ്പിളമാര്‍
തിരിച്ചറിഞ്ഞു.
പോര്‍ച്ചുഗീസ് അധിനിവേശത്തെ ചെറുക്കാന്‍ പണ്ഡിതന്മാര്‍ മുന്നോട്ടുവെച്ച
മൂന്ന് കാരണങ്ങളും ബ്രിട്ടീഷുകാരുടെ കാര്യത്തിലും വ്യാപകമായി
കാണപ്പട്ടിരുന്നു. സാംസ്‌കാരിക കടന്നുകയറ്റവും മിഷനറി പ്രവര്‍ത്തനങ്ങളും
മുസ്‌ലിം വിരോധവും അതിനെ തുടര്‍ന്നുണ്ടായ മര്‍ദ്ദനങ്ങളും ഒന്നല്ലെങ്കില്‍
മറ്റൊരു നിലക്ക് സജീവമായി നടന്നു. ഖൈറാനവിയെ പോലെയുള്ള പണ്ഡിതന്മാര്‍
ഉള്‌ഹാറുല്‍ ഹഖ് പോലോത്ത ഗ്രന്ഥങ്ങളെഴുതി മിഷനറി
പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഇറങ്ങിത്തിരിക്കുന്നത് ഈയൊരു സാഹചര്യത്തിലാണ്.
കേരളത്തില്‍ മഖ്‌ദി തങ്ങളും ബ്രിട്ടീഷ് ഭരണകാലത്തെ ക്രൈസ്‌തവ
മതപ്രചരണത്തിനെതിരെ ശക്തമായി രംഗത്തിറങ്ങിത് കാണാം.
മമ്പുറം തങ്ങന്മാരുടെയും ഉമര്‍ ഖാദിയുടെയും പ്രവര്‍ത്തന പരിസരവും കാലവും
മനസ്സിലാക്കിയാല്‍ മഖ്‌ദൂമീങ്ങളും ആദ്യകാല കോഴിക്കോട് ഖാദിമാരും ഇടിയങ്ങര
മാമുക്കോയ ശൈഖുമെല്ലാം തെളിച്ച അതേ പാതയില്‍ തന്നെയാണ് അവരും
പ്രവര്‍ത്തിച്ചിരുന്നതെന്നും മാപ്പിളമാരെ മുന്നോട്ടു നയിച്ചിരുന്നതെന്നും
എളുപ്പത്തില്‍ മനസ്സിലാകും. പല നിലക്കും പ്രവര്‍ത്തകന രീതിയില്‍
വ്യത്യാസങ്ങള്‍ കണ്ടേക്കാമെങ്കിലും.
ബ്രിട്ടീഷ് അധിനിവേശം ശക്തി പ്രാപിക്കുകയും മുസ്‌ലിം നിലനില്‍പിന്
ഭീഷണിയായി മാറുകയും ചെയ്‌തുകൊണ്ടിരുന്ന കാലത്ത് തീര്‍ത്തും ഒരു നിയോഗം
പോലെയാണ് മമ്പുറം തങ്ങന്മാരുടെ കടന്നുവരവ് മലബാറില്‍ സംഭവിക്കുന്നത്.
സാമൂഹികമായും സാംസ്‌കാരികമായും രാഷ്‌ട്രീയമായും ബ്രിട്ടീഷുകാര്‍
അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചിരുന്ന പല കാര്യങ്ങളും നിര്‍വീര്യമാക്കാന്‍
അവര്‍ക്ക് കഴിഞ്ഞിരുന്നു. മില്ലര്‍ സൂചിപ്പിക്കുന്ന പോലെ 18-ാം
നൂറ്റാണ്ടിന്റെ അവസാനത്തിലും 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും തന്നെ
�മാപ്പിളമാര്‍ പാശ്ചാത്യവും അങ്ങനെ അനിസ്‌ലാമികവുമായ സ്വാധീനങ്ങളോട്
സ്ഥിരവും കീഴടങ്ങാത്തതുമായ എതിര്‍പ്പ് സ്വീകരിക്കുകയും നിലനിര്‍ത്തുകയും
ചെയ്‌തിരുന്നു. ജിഫ്‌രി കുടുംബം പോലെ അറേബ്യയില്‍ നിന്നുള്ള പുതിയ
ഗുരുക്കന്മാരുടെ പ്രോത്സാഹനത്തില്‍ ഈ നിലപാട് ശക്തി പ്രാപിച്ചു.
മാപ്പിളമാര്‍ക്കിടയില്‍ മമ്പുറം തങ്ങന്മാര്‍ നിര്‍വഹിച്ച
ദൗത്യങ്ങളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. കോഴിക്കോട് ശൈഖ് ജിഫ്‌രി,
മമ്പുറം ഹസന്‍ ജിഫ്‌രി, സയ്യിദ് അലവി തങ്ങള്‍, മകന്‍ ഫദ്‌ല്‍ പൂക്കോയ
തങ്ങള്‍ തുടങ്ങിയവര്‍ ഒരേ സമയം മാപ്പിളമാരുടെ ആധ്യാത്മിക നായകന്മാരും
സാമൂഹിക രാഷ്‌ട്രീയ അരക്ഷിതാവസ്ഥയിലെ വഴികാട്ടികളുമായിരുന്നു.
മമ്പുറം തങ്ങന്മാരും ബ്രിട്ടീഷ് വിരുദ്ധതയും
1741-ലാണ് ശൈഖ് ജിഫ്‌രി കൊയിലാണ്ടി കപ്പലിറങ്ങുന്നത്. 1754-ല്‍ ഹസന്‍
ജിഫ്‌രിയും 176-കളില്‍ മമ്പുറം തങ്ങളും മലബാറിലേക്ക് കടന്നുവരുന്നു.
ടിപ്പുവിന്റെ പടയോട്ട കാലങ്ങളായിരുന്നു ഇത്. മാപ്പിളമാരെ ശരിക്കും
മനസ്സിലാക്കാനൂം അവരുടെ ആശാ കേന്ദ്രവും അഭയവുമായി നേതൃത്വത്തിലേക്ക്
ഉയര്‍ന്നുവരാനും തുടര്‍ന്നുള്ള കാലഘട്ടത്തില്‍ അവര്‍ക്ക് സാധിച്ചു.
മമ്പുറം തങ്ങള്‍ വളര്‍ന്നുവലുതായി മുസ്‌ലിം സമൂഹത്തിന്റെ
നേതൃത്വമേറ്റെടുത്ത് പ്രവര്‍ത്തിക്കുന്ന ഘട്ടത്തിലാണ് ബ്രിട്ടീഷ്
അധിനിവേശം അതിന്റെ മൂര്‍ദ്ധന്യത പ്രാപിക്കുന്നതും മാപ്പിളമാര്‍ക്കെതിരെ
അവകാശ നിഷേധവുമായി ഇറങ്ങിത്തിരിക്കുന്നതും. താങ്ങാനാവാത്ത നികുതി
വ്യവസ്ഥയും ഉപ്പ്, പുകയില, തടി തുടങ്ങിയവയിലെ കുത്തക വ്യാപാരവും
നിത്യോപയോഗ സാധനങ്ങളുടെ അമിത വിലയും സാധാരണ ജനജീവിതം ദു:സഹമാക്കിയ
ഘട്ടമായിരുന്നു ഇത്. പാട്ട വ്യവസ്ഥയും കുടിയൊഴിപ്പിക്കലും പൊളിച്ചെഴുത്തും
മേല്‍ചാര്‍ത്തും പുരുഷാന്തരവും വഴി ജന്മിമാര്‍ മറ്റൊരു വഴിയിലൂടെ
സാധാരണക്കാരെ ദുരിതങ്ങളിലേക്ക് തള്ളുന്നു നാടായിരുന്നു അപ്പോള്‍.
പാവപ്പെട്ടവര്‍ കൂടുതല്‍ ഇല്ലാത്തവരായി മാറുമ്പോഴും ജന്മികളും
ബ്രിട്ടീഷുകാരും അവരുടെ സ്വത്തുക്കള്‍ കൊണ്ട് ആഢംബര ജീവിതം
തീര്‍ത്തുകൊണ്ടിരുന്നു. ഇവാഞ്ചലിക്കുകള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന
ക്രിസ്‌തീയ മിഷനറിമാര്‍ നടത്തിയ മതപരിവര്‍ത്തനമാണ് അന്നേരം മറുഭാഗത്ത്
നടന്നിരുന്നത്. ഈയൊരു പരിതസ്ഥിതിയില്‍ മമ്പുറം തങ്ങള്‍ തന്റെ ജനതയെ
സംരക്ഷിക്കാന്‍ ബ്രിട്ടീഷ് തേര്‍വാഴ്‌ചക്കെതിരെ ഇറങ്ങിപ്പുറപ്പടുക
സ്വാഭാവികം മാത്രം. ലേഖകന്‍ വാദിക്കുന്ന പോലെ കൊളോണിയല്‍ സര്‍ക്കാരിനോട്
ഒപ്പം നിന്ന് മാപ്പിളമാരെ വഞ്ചിക്കുകയായിരുന്നില്ല തങ്ങള്‍ ചെയ്‌തത്.
തന്റെ ജനതക്ക് അവരുടെ അഭിമാനവും വിശ്വാസവും നിലനിര്‍ത്താനും അവകാശങ്ങള്‍
ധ്വംസിക്കപ്പടാതിരിക്കാനും അനുയോജ്യമായ ഒരു സാഹചര്യം സൃഷ്‌ടിച്ചെടുക്കാന്‍
തങ്ങള്‍ പരിശ്രമങ്ങള്‍ നടത്തി.
മമ്പുറം തങ്ങളുടെ പ്രവര്‍ത്തന രീതിയാണ് ഇവിടെ അവലവോകനം ചെയ്യപ്പെടേണ്ട
മറ്റൊരു കാര്യം. തന്റെ ജനതയെ ദുരന്തമുഖത്തേക്ക് വലിച്ചിഴക്കും വിധം
വിഷയത്തിന്റെ നാനാഭാഗങ്ങളെക്കുറിച്ചും ചിന്തിക്കാതെയായിരുന്നില്ല തങ്ങളുടെ
ആഹ്വാനങ്ങള്‍. ചുറ്റുപാടില്‍ നടന്നുകൊണ്ടിരിക്കുന്ന എല്ലാറ്റിനെക്കുറിച്ചും
പൂര്‍ണ ബോധവാനായിരുന്നു തങ്ങള്‍. വളരെ നയതന്ത്രപരമായും
യുക്തിഭദ്രമായുമാണ് നിലപാടുകല്‍ എടുത്തിരുന്നത്. അതുകൊണ്ടു തന്നെ തന്റെ
ജീവിതത്തിന്റെ ഏകദേശം അവസാനം വരെയും തന്റെ പ്രവര്‍ത്തന ലോകം
പ്രത്യക്ഷത്തില്‍ ശാന്തമായിട്ടായിരുന്നു. മലബാറിന്റെ നാനാഭാഗത്തു നിന്നും
ദിനംപ്രതി തന്നെ തേടിയെത്തുന്ന ആയിരങ്ങള്‍ക്ക് തങ്ങള്‍ ആത്മീയ ശമനം
നല്‍കിക്കൊണ്ടിരുന്നു. ഇത്തരം അനുഗ്രഹങ്ങളായിരുന്നു ഏതു പ്രതിസന്ധി
ഘട്ടത്തിലും ഉറച്ചുനില്‍ക്കാനും അധിനിവേശത്തിനെതിരെ നെഞ്ചു കാണിക്കാനും
മാപ്പിളമാര്‍ക്ക് കരുത്ത് പകര്‍ന്നിരുന്നത്. തന്റെ രഹസ്യവും പക്വവുമായ
ഇടപെടലുകളിലൂടെയാണ് ആയിരങ്ങളുടെ മനസ്സില്‍ തങ്ങള്‍ ഒരു അനിഷേധ്യ നായകനായി
വാണരുളിയതും. ഒരു ഉത്തേജന കേന്ദ്രം (കിുെശൃമശേീി വൗയ) എന്ന നിലക്കാണ്
കൊളോണിയല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ തങ്ങളുടെ പങ്ക് കൂടുതലായും നാം
കണ്ടെത്തുന്നത്. ഒരു പണ്ഡിതനും സയ്യിദുമെന്ന നിലക്ക് ഈയൊരു നിലപാടാണ്
തങ്ങളില്‍ നിന്ന് ഉണ്ടാവേണ്ടിയിരുന്നതും. അല്ലാതെ, വാളും
കുന്തവുമെടുത്ത്, ബ്രിട്ടീഷുകാര്‍ക്കതിരെ ഇറങ്ങിപ്പുറപ്പെടുന്ന തങ്ങളെ
ചരിത്രത്തിലെവിടെയും നാം കണ്ടുമുട്ടില്ലായെന്നത് സത്യം തന്നെയാണ്. ഗതി
മുട്ടിയപ്പോള്‍ അവസാനം ചേറൂല്‍ പോരാട്ടത്തില്‍ മാത്രം നേരിട്ട്
പ്രത്യക്ഷപ്പെട്ടതായേ തങ്ങളെക്കുറിച്ച് നമുക്ക് വിവരങ്ങള്‍
ലഭിക്കുന്നുള്ളൂ.
മമ്പുറം തങ്ങളുടെ ഈ രഹസ്യവും ശാന്തവുമായ നേതൃത്വത്തെയാണ് ബ്രിട്ടീഷുകാര്‍
ഏറെ ഭയപ്പെട്ടിരുന്നതും. അതുകൊണ്ടുതന്നെ, മാപ്പിള പ്രതിരോധങ്ങളെ
അവസാനിപ്പിക്കാന്‍ അതിനു പ്രേരണ നല്‍കുന്നവരെ നാടു കടത്തണമെന്ന ബ്രിട്ടീഷ്
തീരുമാനത്തെ തുടര്‍ന്ന്, നേരത്തെ തന്നെ മമ്പുറം തങ്ങളെ നാടു കടത്താന്‍
ബ്രിട്ടീഷുകാര്‍ പദ്ധതിയിട്ടതായി രേഖകളില്‍ കാണാന്‍ കഴിയും. മമ്പുറം
തങ്ങളുടെ മൗനങ്ങളും ശാന്ത നിലപാടുകളും അവരുടെ ബ്രിട്ടീഷ്
വിധേയത്വത്തിനുള്ള തെളിവായി കൊണ്ടുവരുന്നത് തികഞ്ഞ വങ്കത്തരമാണ്.
തങ്ങന്മാരെ സംബന്ധിച്ചിടത്തോളം മതപ്രബോധനത്തിന്റെ ഭാഗവും തന്റെ ജനതക്ക്
ശക്തിയും സഹായവും നല്‍കല്‍ തന്റെ ഉത്തരവാദിത്തമാണെന്ന തിരിച്ചറിവിന്റെ
ഭാഗവുമായിട്ടായിരുന്നു അനുഗ്രഹങ്ങളും അവര്‍ക്ക് വേണ്ടിയുള്ള
പ്രവര്‍ത്തനങ്ങളുമെല്ലാം. അല്ലാതെ ഒരു ജനത എന്ന നിലക്ക് ബ്രിട്ടീഷുകാരെ
എതിര്‍ക്കേണ്ട ഒരു ആവശ്യവും ഉണ്ടായിരുന്നില്ല. മുസ്‌ലിം ജീവിതത്തെ
നാനാവിധേനയും ദുസ്സഹമാക്കുകയും അവരുടെ വിശ്വാസത്തെ വെല്ലുവിളിക്കുകയും
ചെയ്‌തപ്പോഴാണ് ബ്രിട്ടീഷുകാരെയും അവര്‍ക്ക് ഒത്താശകള്‍ ചെയ്‌ത
ജന്മികളെയും മാപ്പിളമാര്‍ എതിര്‍ത്തിരുന്നത്.
സൈഫുല്‍ ബത്താര്‍ മമ്പുറം തങ്ങളുടെ സമകാലികനായ അബ്‌ദുല്ലബിന്‍ അബ്‌ദില്‍
ബാരി അല്‍ അഹ്‌ദല്‍ എന്ന പണ്ഡിതന്‍ തങ്ങളോട് ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള
മറുപടിയായിട്ടാണ് അറിയപ്പെടുന്നത്. അതിന്റെ ഉള്ളടക്കം മാത്രമേ
തങ്ങളുടേതായി അറിയപ്പെടുന്നുള്ളൂ. ആയതിനാല്‍ പുസ്‌തകത്തിനു പുറത്ത്
ക്രോഡീകരിച്ചത് (തഅ്‌ലീഫ്) അബ്‌ദുല്ലാഹില്‍ അഹ്‌ദലാണെന്ന്
രേഖപ്പെടുത്തുന്നതില്‍ പ്രശ്‌നമൊന്നുമില്ല. നസ്വാറാ (ക്രിസ്‌ത്യാനികള്‍)
എന്ന പദമാണ് യൂറോപ്യരെ കുറിക്കാന്‍ മലബാറില്‍ നിന്നും ഉയര്‍ന്നുവന്ന സമര
സാഹിത്യങ്ങളില്‍ പൊതുവെ കാണപ്പെടുന്നത്. അതു തന്റെ സൈഫുല്‍ ബത്താറിലും
നമുക്ക് കാണാന്‍ കഴിയുന്നു. 1840-കളില്‍ ഇതിന്റെ കയ്യെഴുത്ത്‌പ്രതി
പ്രചരിച്ചിരുന്നുവെന്നാണ് മനസ്സിലാക്കപ്പെടുന്നത്. സയ്യിദ് ഫദ്‌ല്‍
തങ്ങള്‍ നാടു കടത്തപ്പെട്ട ശേഷം 1856-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട പുസ്‌തകം
എങ്ങനെ 40-കളില്‍ കേരളത്തില്‍ പ്രചരിച്ചു എന്ന ചോദ്യത്തിലെ വൈകല്യം ഇതില്‍
നിന്നും മനസ്സിലാവുന്നതേയുള്ളൂ. സൈഫുല്‍ ബത്താറിന് മമ്പുറം തങ്ങളുമായുള്ള
ബന്ധം തലമുറകളായി മാപ്പിളമാരിലൂടെ കൈമാറ്റപ്പെട്ട ഒരു കാര്യമാണ്.
സയ്യിദ് ഫദ്‌ലിന്റെ നാടുകത്തപ്പെടല്‍ തന്നെ അദ്ദേഹം ബ്രിട്ടീഷുകാര്‍ക്കും
പ്രഭുത്വത്തിനും തലവേദന സൃഷ്‌ടിച്ചുവെന്നതിനുള്ള ഏറ്റവും വലിയ തെളിവാണ്.
മാപ്പിളമാരെ വിഡ്‌ഢികളാക്കി, ബ്രിട്ടീഷുകാരെ സന്തോഷിപ്പിക്കാന്‍ അദ്ദേഹം
അവരുടെ ഒത്താശയോടെ നാടുവിട്ടതാണെന്ന കണ്ടെത്തല്‍ ലേഖകന്‍ ഭയപ്പെടുന്ന പോലെ
പുതിയൊരു മിത്തിന്റെ നിര്‍മിതിയായേ മനസ്സിലാക്കാനാവൂ. മതാവേശവും
ഊര്‍ജസ്വലതയുമുള്ള ഒരു പണ്ഡിതനായി, മാപ്പിളമാര്‍ക്ക് നേതൃത്വം നല്‍കി
ജീവിച്ചുവെന്നത് തന്നെയാണ് ഫദ്‌ല്‍ തങ്ങള്‍ നാടു കടത്തപ്പെടാന്‍ ഏറ്റവും
അടിസ്ഥാന കാരണമായി വര്‍ത്തിച്ചിട്ടുള്ളത്. ഇത് സ്ഥാപിക്കാന്‍ കൊളോണിയല്‍
സ്രോതസ്സുകളില്‍ തെളിവ് തിരയേണ്ട ആവശ്യമൊന്നുമില്ല. തങ്ങളുടേതായി
കണക്കാക്കപ്പെടുന്ന ഉദ്ദത്തുല്‍ ഉമറ എന്ന സമര കൃതിയും കേരളത്തില്‍
പ്രചരിച്ചിരുന്നു എന്നു പറയുന്നതില്‍ അതിശയോക്തിയൊന്നുമില്ല. കയ്യെഴുത്ത്
പ്രതി പ്രചരിച്ചിരുന്നുവെന്ന് മനസ്സിലാക്കിയാല്‍ മതി. 1868-ല്‍ മാത്രമാണ്
കേരളത്തില്‍ മുസ്‌ലിം വൃത്തത്തില്‍ പ്രിന്റ് തന്നെ വരുന്നത്.
നാടുകടത്തപ്പെട്ട ശേഷം 1856-ല്‍ ഈജിപ്‌തില്‍ വെച്ച് തങ്ങള്‍ തന്നെ
പ്രസിദ്ധീകരിക്കുകയായിരുന്നു ഇത്. 1852-ല്‍ നാടു കടത്തപ്പെട്ട ഫദ്‌ല്‍
തങ്ങള്‍ പിന്നീട് ഉസ്‌മാനീ ഭരണകൂടവുമായി ബന്ധപ്പെട്ടാണ്
ജീവിച്ചിരുന്നത്. എന്നതിനാല്‍ 56 പുസ്‌തകം പ്രിന്റ് ചെയ്യപ്പെട്ടപ്പോള്‍
ഓരോ പേജിന്റെയും ... ങ്ങളിലായി `അല്ലാഹുവേ, നീ ഉസ്‌മാനീ കുടുംബത്തെ
സഹായിക്കേണമേ, അവര്‍ക്ക് മര്‍ഗദര്‍ശനം നല്‍കേണമേ' തുടങ്ങിയ പ്രസ്‌താവനകള്‍
ചേര്‍ക്കുന്നതിലും വിസ്‌മയകരമായി ഒന്നുമില്ല. ഉദ്ദയുടെ ഉള്ളടക്കം
ക്രേസ്‌തവ അധിനിവേശത്തിനു കീഴില്‍ കഴിയുന്ന മലബാര്‍ മുസ്‌ലിംകളെ
കുറിക്കുന്നതാണെന്ന് പല നിലക്കും മനസ്സിലാക്കാവുന്നതുമാണ്. ഈജിപ്‌തില്‍
നിന്നും ഉദ്ദ പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ അതില്‍ ഒരു അധ്യായമായി സൈഫുല്‍
ബത്താറും കടന്നുവന്നത് ഇരു കൃതികളുടെയും കര്‍ത്താക്കള്‍ തമ്മിലുള്ള
അഭേദ്യബന്ധത്തെ (പിതാവും മകനും) യാണ് കുറിക്കുന്നത്. തങ്ങള്‍ കലാപകാരികളെ
സഹായിച്ചിട്ടില്ല എന്ന മമ്പുറം തങ്ങന്മാരുടെ പ്രസ്‌താവനകള്‍ അവരെ
സംബന്ധിച്ചേടത്തോളം സത്യസന്ധം തന്നെയാണ്. സമൂഹത്തില്‍ കുഴപ്പങ്ങള്‍
സൃഷ്‌ടിക്കാനും കലാപങ്ങള്‍ അഴിച്ചുവിടാനും അവര്‍ ആരെയും പ്രേരിപ്പിക്കുകയോ
പ്രോത്സാഹിപ്പിക്കുകയോ ചെയ്‌തിരുന്നില്ല. സാമൂഹിക സന്തുലിതാവസ്ഥ
തകര്‍ക്കുകയും മുസ്‌ലിംകളെ മര്‍ദ്ദിക്കുകയും അവഗണിക്കുകയും ചെയ്യുന്ന
കൊളോണിയല്‍ ശക്തികളെ കണ്ണുതുറപ്പിക്കാനും അതുവഴി സുഖമമായ ഒരു മുസ്‌ലിം
ജീവിതത്തിന് അന്തരീക്ഷം ഒരുക്കാനുമാണ് തങ്ങന്മാര്‍ ശ്രമിച്ചിരുന്നത്.
ഉമര്‍ കാദിയുടെ കാര്യത്തിലും പാണക്കാട് ഹുസൈന്‍ ആറ്റക്കോട തങ്ങളുടെ
കാര്യത്തിലും ഇത് തന്നെയാണ് നമുക്ക് കണ്ടെത്താന്‍ കഴിയുന്നത്.
അറബി മലയാള സ്രോതസ്സുകളും മാലപ്പാട്ടുകളും
മമ്പുറം തങ്ങളന്മാരും ഉമര്‍ഖാള്വിയും ബ്രിട്ടീഷ് പ്രഭുവര്‍ഗ്ഗ
വിരുദ്ധരായിരുന്നുവെന്നതിന് കൊളോണിയല്‍ ചരിത്രകൃതികളോ ഇടതുപക്ഷ
ചരിത്രാഖ്യാനങ്ങളോ മാത്രമല്ല നമുക്ക് രേഖകളായിട്ടുള്ളത്. 1868-ല്‍ അറബി
മലയാള പ്രിന്റിംഗ് വരുന്നതിനു ശേഷം മുദ്രിതമായും അതിനു മുമ്പ്
കയ്യെഴുത്ത് രൂപത്തിലായും ഈയൊരു ധ്വനി കണ്ടെത്താവുന്ന ധാരാളം അറബി മലയാളം
രചനകള്‍ ലഭ്യമാണ്. മമ്പുറം തങ്ങളെക്കുറിച്ച് മാത്രം മാലയായും മൗലിദായും
രണ്ട് ഡസനോളം കൃതികള്‍ രചിക്കപ്പെട്ടിട്ടുണ്ട്. ഇവയില്‍ പലതും തങ്ങളുടെ
അധിനിവേശ വിരുദ്ധ പോരാട്ടങ്ങളെക്കുറിച്ച് അമൂല്യമായ വിവരങ്ങള്‍
നല്‍കുന്നുണ്ട്. മമ്പുറം തങ്ങളുടെ വിയോഗത്തിനോ ശേഷം അര
നൂറ്റാണ്ടിനുള്ളിലായി രചിക്കപ്പെട്ടവയാണ് ഇതില്‍ അധികവും എന്നതാണ് ഏറെ
അതിശയകരം. അറബി മലയാളം പ്രിന്റിംഗ് ആരംഭിച്ചതോടെ ഇത്തരം രചനകളുടെ ഒരു
വിസ്‌ഫോടനം തന്നെ കാണാന്‍ കഴിയും.
1845-ല്‍ ചേറൂര്‍ സ്വദേശികളായ മമ്മദ് കുട്ടി, മുഹ്‌യിദ്ദീന്‍ എന്നിവര്‍
രചിച്ച ള`സാരസര്‍ഗുണ തിരുതരുള മാല' എന്ന ചേറൂര്‍ പടപ്പാട്ട് ഒരു
ഉദാഹരണമാണ്. മമ്പുറം തങ്ങളുടെ വിയോഗത്തിനു ഒരു വര്‍ഷം ശേഷമാണ് ഇത്
രചിക്കപ്പെടുന്നത്. മമ്പുറം തങ്ങള്‍ യോദ്ധാക്കള്‍ക്കു നല്‍കിയ
ആശീര്‍വാദത്തെക്കുറിച്ച് ഇതില്‍ സവിസ്‌തരം പ്രതിപാദിച്ചിട്ടുണ്ട്.
പരപ്പനങ്ങാടിയിലെ പ്രസിദ്ധ കവി ഖയ്യാത്തിന്റെ ചേറൂര്‍ ചിന്തിലും സമാനമായ
വശങ്ങള്‍ കണ്ടെത്താന്‍ കഴിയും. മമ്പുറം തങ്ങളുടെയും മകന്‍ സയ്യിദ്
ഫദ്‌ലിന്റെയും ജീവചരിത്രം ആധാരമാക്കി കുഴിയന്‍ തടത്തില്‍
അബ്‌ദുര്‍റഹ്‌മാന്‍ കുട്ടി രചിച്ച മഅ്‌ദിനുല്‍ യവാഖീതും ഏറെ പ്രസിദ്ധമായ
രചനയാണ്. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലോ 20-ാം നൂറ്റാണ്ടിന്റെ
തുടക്കത്തിലോ ആണ് ഇത് എഴുതപ്പെടുന്നത്.
അധിനിവേശ വിരോധം; പണ്ഡിതരുടെ നിലപാട് (1800-1921)
അറിയപ്പട്ട ചരിത്രമനുസരിച്ച് 1800കളുടെ പോരാട്ടം മുതല്‍ 1921-ലെ മാപ്പിള
സമരം വരെയുള്ള കാലയളവില്‍ ഗോപ്യമായി ബ്രിട്ടീഷ് അധിനിവേശത്തെ
പ്രതിരോധിക്കുകയും മാപ്പിളമാരെ സമരത്തിലേക്ക് പ്രചോദിപ്പിക്കുകയും
ചെയ്യുന്ന ധാരാളം രചനകള്‍ അറബി മലയാളത്തില്‍ പ്രസിദ്ധീകരക്കപ്പെട്ടതായി
കാണാന്‍ കഴിയും. പടപ്പാട്ട്, ഖിസ്സപ്പാട്ട് ഇനത്തില്‍ പെട്ട നൂറോളം
രചനകള്‍ ഇന്നും ഈ വിഷയത്തില്‍ ലഭ്യമാണ്. ഹുനൈന്‍ പടപ്പാട്ട്, ഖന്ദഖ്
പടപ്പാട്ട്, ബഹ്നസ് പടപ്പാട്ട് തുടങ്ങി ഇസ്‌ലാമിക ചരിത്രത്തില്‍
അരങ്ങേറിയ യുദ്ധങ്ങളെക്കുറിച്ചെല്ലാം പാട്ടുകള്‍ രചിക്കപ്പെട്ടിട്ടുണ്ട്.
കേരളീയ പരിസരത്തില്‍ പോര്‍ച്ചുഗീസുകാരോടും ബ്രിട്ടീഷ്‌കാരോടും നടന്ന
പോരാട്ടങ്ങളെക്കുറിച്ചും പടപ്പാട്ടുകള്‍ ജന്മമെടുത്തു. മലപ്പുറം
പടപ്പാട്ടും കോട്ടുപള്ളി മാലയും ഓമാനൂര്‍ പടയും ഉദാഹരണങ്ങള്‍.
തുഹ്‌ഫതുല്‍ മുജാഹിദീനില്‍ ചിത്രീകരിക്കപ്പെട്ട ചെറുത്തുനില്‍പ്പിന്റെ കഥ
തന്നെ വാമൊഴിയുടെ രൂപത്തില്‍ ഒരു കെസ്സായി മുസ്‌ലിം സമൂഹത്തില്‍
പ്രചരിപ്പിക്കപ്പെട്ടിരുന്നുവത്രെ. വാമൊഴിയായി പ്രചരിപ്പിക്കപ്പെട്ട ഈ കഥ
1793-ല്‍ കോഴിക്കോട് വലിയ ഖാദിയില്‍ നിന്നും ബ്രിട്ടീഷുകാര്‍ ഒരു
താളിയോലയില്‍ എഴുതിക്കുകയുണ്ടായി, കേരള വര്‍ത്തമാനം എന്ന പേരില്‍ ലണ്ടനിലെ
ഇന്ത്യാ ഓഫീസ് ലൈബ്രറിയില്‍ ഇന്നും അത് സൂക്ഷിക്കപ്പെട്ടിരിക്കുന്നു.
പ്രത്യക്ഷമായും പരോക്ഷമായും 16-ാം നൂറ്റാണ്ടു മുതല്‍ 20-ാം നൂറ്റാണ്ടു
വരെയും അധിനിവേശത്തിനെതിരെ മാപ്പിളമാര്‍ക്കിടയില്‍ നിരന്തരം
സമരാഹ്വാനങ്ങള്‍ മുഴങ്ങിക്കൊണ്ടിരുന്നുവെന്നാണ് ഇതെല്ലാം
സൂചിപ്പിക്കുന്നത്. ഖന്ദഖ് പടപ്പാട്ടും ഉഹ്‌ദ് പടപ്പാട്ടുമൊന്നും പാട്ടു
വിഷയമാക്കുക വഴി മാപ്പിളമാര്‍ കഴിഞ്ഞ കാലത്തെ ഇസ്‌ലാമിക സംഭവങ്ങളെ കേവലം
അനുസ്‌മരിക്കുക മാത്രമല്ല ചെയ്‌തിരുന്നത്. ഇവ ജന്മം കൊണ്ട് കാലവും
പരിസരവും സാഹചര്യത്തിന്റെ പ്രതികരണമായിട്ടായിരുന്നു. ഇവയുടെയെല്ലാം രചനകള്‍
എന്ന് വ്യക്തമാക്കുന്നു. 1921-ആകുമ്പോഴേക്കും പരശ്ശതം പാടപ്പാട്ടുകളാണ്
കേരളത്തിന്റെയും ഇസ്‌ലാമിക ലോകത്തിന്റെയും പ്രതലത്തില്‍ രചിക്കപ്പെട്ടതായി
നമുക്ക് കണ്ടത്താനാവുന്നത്. മാപ്പിളമാര്‍ക്കിടയില്‍ ഇത് ശക്തമായി
പാടപ്പെടുകയും പാടിപ്പറയുകയും ചെയ്യപ്പെട്ടിരുന്നു.
ബ്രിട്ടീഷുകാര്‍ക്കെതിരെ സാധാരണക്കാരെ അണി നിരത്തുകയായിരുന്നു ഇവയുടെ
ധര്‍മമെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. ഈയൊരു കാലയളവില്‍ അറബിയിലും അറബി
മലയാളത്തിലുമായി ബദര്‍ യുദ്ധത്തെക്കുറിച്ചു മാത്രം 25-ല്‍ ഏറെ കൃതികള്‍
നമുക്ക് കണ്ടെത്താവുന്നതാണ്. അധിനിവേശ വിരുദ്ധത പല രൂപേണ ജന്മം
കൊള്ളുകയായിരുന്നു ഇതിലൂടെയെല്ലാം.
1921; പണ്ഡിതരുടെ വഴി
സൈ്വരപൂര്‍ണമായ മുസ്‌ലിം ജീവിതം ദുരന്തപൂര്‍ണമാക്കിയ അധിനിവേശ
ശക്തികളോടുള്ള കടുത്ത വെറുപ്പും വിരോധവും മാപ്പിളമാര്‍ക്കിടയില്‍
മൊത്തമായും ആളിപ്പടര്‍ന്നിരുന്നുവെങ്കിലും, വിവിധ കാലങ്ങളിലായി സമരാവേശം
ആളിപ്പടര്‍ത്തിയ പണ്ഡിതന്മാര്‍ ഉയര്‍ന്നുവന്നതായി കാണാന്‍ കഴിയും.
നെല്ലിക്കുത്ത് ആലി മുസ്‌ലിയരും പാലക്കാംതൊടിക അബൂബക്‌ര്‍ മുസ്‌ലിയാരും
കിടങ്ങയം ഇബ്രാഹീം മുസ്‌ലിയാരും ചെറുശ്ശേരി അഹ്‌മദ് കുട്ടി മുസ്‌ലിയാരും,
പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാരും ഈ ശ്രേണിയിലെ പ്രമുഖരാണ്. 1921-ലെ
മാപ്പിള സമരവുമായി ബന്ധപ്പെട്ടാണ് മതപണ്ഡിതരും സൂഫികളും മുസ്‌ലിം
സമുദായത്തിന്റെ നേതാക്കളുമായിരുന്ന ഇവര്‍ സമരവീഥിയില്‍ പ്രസിദ്ധരായി
അറിയപ്പെട്ടു തുടങ്ങുന്നത്.
ഖാദിരിയ്യാ ത്വരീഖത്തിന്റെ ശൈഖും പൊന്നാനി, മക്ക എന്നിവിടങ്ങളില്‍ നിന്നായി
പ്രമുഖരായ ധാരാളം പണ്ഡിതരുടെ ശിഷ്യത്വം നേടിയ പണ്ഡിതനുമാണ് ആലി
മുസ്‌ലിയാര്‍. ആഖിര്‍ സൈനുദ്ദീന്‍ മഖ്‌ദൂം, കൊങ്ങണം വീട്ടില്‍ ഇബ്‌റാഹീം
മുസ്‌ലിയാര്‍, അഹ്‌മദ് സൈനി ദഹ്‌ലാന്‍, മുഹമ്മദ് ഹിസ്‌ബുല്ലാഹില്‍ മക്കി
തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ ഗുരുക്കന്മാരാണ്. പഠനാനന്തരം ദ്വീപ്,
ആലത്തൂര്‍ പടി തുടങ്ങി വിവിധ സ്ഥലങ്ങളില്‍ ദര്‍സ് നടത്തുകയും ധാരാളം
പണ്ഡിതന്മാരെ വാര്‍ത്തെടുക്കുകയും ചെയ്‌തിട്ടുണ്ട്. അല്ലഫല്‍ അലിഫ്
വ്യാഖ്യാനമടക്കം ധാരാളം ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റേതായി വെളിച്ചം
കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ, ഒരു കേവലം മുസ്‌ലിയാര്‍ എന്നതിലപ്പുറം
അന്നത്തെ പക്വതയുള്ള പണ്ഡിതന്മാരില്‍ ഒരാളായിരുന്നു ആലി മുസ്‌ലിയാര്‍.
ബ്രിട്ടീഷ് പടയെ പിറന്ന മണ്ണില്‍ നിന്നും കെട്ടുക്കെട്ടിക്കാന്‍ സധീരം
അദ്ദഹം ഇറങ്ങി പുറപ്പെട്ടത് വികാരത്തിന്റെ പ്രതികരണം എന്നു മാത്രം പറഞ്ഞ്
തള്ളിക്കളയാവതല്ല. കാലങ്ങളായി ബ്രിട്ടീഷുകാരില്‍ നിന്നും നരകയാതന
സഹിക്കുന്ന മാപ്പിളമാര്‍ക്ക് അതില്‍ നിന്നും ശാശ്വത മോചനം നേടാന്‍ അദ്ദേഹം
ദൃഢപ്രതിജ്ഞയടുത്ത് ഇറങ്ങിത്തിരിക്കുകയായിരുന്നു. അവസാനം
ബ്രിട്ടീഷ്‌കാര്‍ക്കു മുമ്പില്‍ കീഴടങ്ങി. അദ്ദേഹം കോയമ്പത്തൂര്‍ ജയിലില്‍
വെച്ച് തൂക്കിലേറ്റപ്പെടാനിരിക്കെ സുജൂദില്‍ വെച്ച് മരിച്ചുവെന്നാണ്
വിശ്വസിക്കപ്പെടുന്നത്.
മലപ്പുറം ആലത്തൂര്‍ പടി പള്ളി ദര്‍സില്‍ വെച്ച് ആലി മുസ്‌ലിയാരുടെ
ശിഷ്യത്വം വരിച്ച ഓമശ്ശേരി പാലക്കാംതൊടിക അബൂബക്‌ര്‍ മുസ്‌ലിയാരും
നിസ്സാരക്കാരനായിരുന്നില്ല. കൊടുവള്ളി, കൊടിയത്തൂര്‍, താമരശ്ശേരി, ഓമശ്ശേരി
തുടങ്ങി കിഴക്കന്‍ കോഴിക്കോടിന്റെ പത്തോളം പ്രദേശങ്ങളില്‍ ഖാദിയും
അറിയപ്പെട്ട സൂഫിവര്യനുമായിരുന്നു. കോഴിക്കോട് താമരശ്ശേരിക്കടുത്ത്
ഖിലാഫത്ത് സമരത്തിന് നേതൃത്വം നല്‍കിയ അദ്ദേഹത്തെ ബ്രിട്ടീഷുകാര്‍
പിടിക്കുകയും 1922-ല്‍ വേലൂരില്‍ വെച്ച് തൂക്കിലേറ്റാന്‍
വിധിക്കുകയുമായിരുന്നു.
മുഹിമ്മാത്തുല്‍ മുഅ്‌മിനീന്‍ എന്ന പേരില്‍ അറബി മലയാളത്തില്‍ ബ്രീട്ടീഷ്
വിരുദ്ധ ഫത്‌വ എഴുതിയ പ്രമുഖനായിരുന്നു ആമിനുമ്മാന്റകത്ത് പരീക്കുട്ടി
മുസ്‌ലിയാര്‍. ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനും
ഖിലാഫത്ത് പ്രക്ഷോഭത്തിന് പിന്തുണ നല്‍കാനമായിരുന്നു ഇതിന്റെ ആഹ്വാനം.
വിവരമറിഞ്ഞ പട്ടാളം കൃതി നിരോധിക്കുകയും കണ്ടുക്കെടുക്കുകയും
ചെയ്‌തിരുന്നു. ഈ കൃതി അന്നു ജീവിച്ചിരുന്ന പ്രധാന പണ്ഡിതന്മാരെല്ലാം
അംഗീകരിച്ചു. ചെറുശ്ശേരി അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍, പാനായിക്കുളം
അബ്‌ദുര്‍റഹ്‌മാന്‍ മുസ്‌ലിയാര്‍, കൂട്ടായി മുദരിസ് ബാവ മുസ്‌ലിയാര്‍
തുടങ്ങിയവര്‍ അതില്‍ ചിലരാണ്. പുസ്‌തകത്തെ അംഗീകരച്ച് ഒപ്പ്
രേഖപ്പെടുത്തിയതിനാല്‍ ചെറുശ്ശേരി അഹ്‌മദ് കുട്ടി മുസ്‌ലിയാരെ ബ്രീട്ടീഷ്
ഗവണ്‍മെന്റ് താക്കീത് ചെയ്യുകയുണ്ടായി. താനൂര്‍ ഖിലാഫത്ത് കമ്മിറ്റി
സെക്രട്ടറിയായിരുന്ന പരീക്കുട്ടി മുസ്‌ലിയാരെ ബ്രിട്ടീഷ് ഗവണ്‍മെന്റ്
ഒടുവില്‍ അറേബ്യയിലേക്ക് നാടു കടത്തി. അവിടെ വെച്ചാണ് അദ്ദേഹം മരിച്ചത്.
ബ്രിട്ടീഷുകാരെ ക്രിസ്‌ത്യാനികള്‍ എന്ന നിലക്കാണ് ഈ കൃതിയും
പരിചയപ്പെടുത്തുന്നത്.
മാപ്പിള സമരത്തെ തുടര്‍ന്ന് സമരത്തിന് നേതൃത്വം നല്‍കി എന്നാരോപിച്ച്
ജയിലിലടക്കാന്‍ വിധിക്കപ്പെട്ട ദേശാഭിമാനിയായ സമസ്‌തയുടെ പണ്ഡിത
ശ്രേഷ്‌ഠനായിരുന്നു പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍. അനവധി
ഗ്രന്ഥങ്ങള്‍ രചിക്കുകയും ധാരാളം പണ്ഡിതന്മാരെ വാര്‍ത്തെടുക്കുകയും
ചെയ്‌ത് അദ്ദേഹം ബ്രിട്ടീഷുകാര്‍ക്ക് തലവേദന സൃഷ്‌ടിച്ച സമര നായകരില്‍
ഒരാളായിരുന്നു.
1921 കാലത്ത് ബ്രിട്ടീഷുകാര്‍ക്കെതിരെ മാപ്പിള പോരാട്ടത്തിന് നേതൃത്വം
നല്‍കിയവര്‍ അനവധിയാണ്. മലബാറില്‍ അങ്ങോളമിങ്ങോളം മാപ്പിളമാര്‍
ഭൂരിപക്ഷവും അവരെ നേതാക്കന്മാരായി അംഗീകരിക്കുകയും ചെയ്‌തിരുന്നു.
സൈ്വരപൂര്‍ണമായ ഇസ്‌ലാമിക ജീവിതത്തിനും പ്രബോധനത്തിനും ബ്രിട്ടീഷ്
ആധിപത്യം അവസാനിക്കണമെന്ന തിരിച്ചറിവ് ഉണ്ടായതിനാലാണ് ഇവരെല്ലാം അതിനായി
ഇറങ്ങിത്തിരിച്ചിരുന്നത്.