Thursday, March 24, 2011

ഗോളശാസ്ത്രം: സി.എമ്മുമായി ഒരഭിമുഖം


ദിശാനിര്‍ണ്ണയ 
ശാസ്ത്രത്തിലേക്ക് ഒരു കവാടം

സ്വതന്ത്ര്യാനന്തര കാസര്‍കോടിന്റെ ചരിത്രത്തില്‍ മത സാസ്‌കാരിക വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ ചുവടുകള്‍ നടത്തിയ ഒരു മഹല്‍ വ്യക്തിത്വമായിരുന്നു സി.എം. അബ്ദുല്ല മൗലവി. ഗ്രന്ഥലോകത്ത് സ്ത്യുര്‍ഹമായ മുദ്രകള്‍ അര്‍പ്പിച്ച അദ്ദേഹം രചനാ രംഗത്ത് അനവധി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ചരിത്രം, വിദ്യാഭ്യാസം, ഗോളശാസ്ത്രം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ഗവേഷണ മേഖല. പത്രങ്ങള്‍, മാസികകള്‍, സുവനീറുകള്‍ തുടങ്ങിയവയില്‍ പണ്ടുമുതലേ എഴുതിവന്ന അദ്ദേഹം അറബി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളില്‍ രചനകള്‍ നടത്തിയിട്ടുണ്ട്. അര ഡസനിലേറെ പുസ്തകങ്ങള്‍ വെളിച്ചം കണ്ടു കഴിഞ്ഞു. ഇതില്‍ പ്രകാശിതവും അപ്രകാശിതവുമുണ്ട്.

ഈയിടെ പ്രസിദ്ധീകൃതമായ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഒരു രചനയാണ് Magnetic Compass and its Declination from Standard Direction എന്നത്. മാഗ്നറ്റിക് കോംപസിന്റെ ചരിത്രവും പ്രയോഗവുമാണ് ഇതില്‍ പ്രതിപാദിക്കുന്നത്. പുസ്തകത്തിന്റെ ഉള്ളടക്കവും വിവരണങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളില്‍നിന്ന്...

? ഈയിടെ പുറത്തിറങ്ങിയ Magnetic Compass and its Declination from Standard Direction (കാന്തിക-ദിക്ക് സൂചികയും യഥാര്‍ത്ഥ ദിക്കുകളില്‍നിന്ന് അതിനുള്ള വ്യതിയാനവും) എന്ന പുസ്തകത്തിന്റെ ഉള്ളടക്കം ഒന്ന് വിവരിക്കാമോ? ഖിബ്‌ല കണ്ടുപിടിക്കാനുള്ള വിവരണങ്ങളാണോ അതില്‍ അടങ്ങിയിരിക്കുന്നത്...

= അല്ല, ഇത് ഖിബ്‌ല കണ്ടു പിടിക്കാനുള്ള പുസ്തകമല്ല.
കാന്തിക ദിക്ക് സൂചിക (തവക്ക) എന്ന ഉപകരണത്തിന്റെ ലഘു ചരിത്രവും അതിന്റെ പ്രവര്‍ത്തന രീതിയും വിവരിക്കുന്ന ഒരു ചെറിയ കൃതിയാണ്.

? തവക്കയെ കുറിച്ചാണെന്ന് പറഞ്ഞെല്ലോ. എന്താണതിന്റെ പ്രവര്‍ത്തന രീതി...

= നമ്മില്‍ ചിലരൊക്കെ വിചാരിച്ചു വെച്ച പോലെ ഭൂമിയുടെ ഭൂമിശാസ്ത്ര പരമായ വടക്കു തെക്ക് അല്ല അത് കാണിക്കുന്നത്. നേരെ മറിച്ച്, ഭൂമിയുടെ മാഗ്നറ്റിക് നോര്‍ത്ത് (കാന്തിക വടക്ക്) ആണ്. ഇതാണെങ്കിലോ, ഭൂമിശാസ്ത്ര പരമായ ദിക്കുകളില്‍നിന്ന് പലപ്പോഴും വ്യത്യസ്തമായിരിക്കും. അതുതന്നെ, ഭൂമിയിലെ എല്ലാ സ്ഥലങ്ങളിലും തുല്യമായിക്കൊള്ളണമെന്നില്ല. ആയതിനാല്‍ ഈ ന്യൂനത കൃത്യമായി കണ്ടുപിടിച്ച് അതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ കാണേണ്ടതുണ്ട്.

? എങ്ങനെയാണ് ഈ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നത്...

= ചിലപ്പോഴത് ഭൂമിശാസ്ത്രപരമായ വടക്കുനിന്ന് പടിഞ്ഞാറോട്ട് മാറി നില്‍ക്കും. ചിലപ്പോള്‍ കിഴക്കോട്ട് മാറിയായിരിക്കും നില്‍ക്കുന്നത്. പടിഞ്ഞാറോട്ടുള്ള മാറ്റത്തിന് മൈനസ് എന്നും കിഴക്കോട്ടുള്ള മാറ്റത്തിന് പ്ലസ് എന്നും സാങ്കേതികമായി പേര് പറയുന്നു.

മൈനസ് വ്യതിയാനത്തെ യഥാര്‍ത്ഥ വടക്കിനോട് കൂട്ടുകയും കിഴക്കോട്ടുള്ള വ്യതിയാനത്തെ കുറക്കുകയുമാണ് വേണ്ടത്. അങ്ങനെ ചെയ്താല്‍ മാഗ്നറ്റിക് സൂചികയില്‍ നിന്ന് എത്ര വ്യത്യസ്തമായിട്ടാണ് യതാര്‍ത്ഥ വടക്ക് സ്ഥിതി ചെയ്യുന്നതെന്ന് വ്യക്തമാകുന്നു.

? ദിക്കുകള്‍ കണ്ടുപിടിക്കാന്‍ വേറെ മാര്‍ഗങ്ങളുണ്ടോ...

= തീര്‍ച്ചയായും, ദ്രുവനക്ഷത്രം കണ്ടെത്തി അതുവഴി ഭൂമിയുടെ യഥാര്‍ത്ഥ വടക്ക് കണ്ടെത്താനാകും. കൂടാതെ സൂര്യ നിഴല്‍  നോക്കിയും ദിക്ക് കണ്ട് പിടിക്കാം. മദ്ധ്യാഹ്ന സമയം ഏതാണെന്ന് കണക്കാക്കി ആ സമയത്ത് ഒരു ശംഖുവിനുള്ള നിഴല്‍ വരച്ചെടുത്താല്‍ അത് വടക്കു-തെക്ക് രേഖയായിരിക്കും. ഇനി, ജ്യാമിതീയ വൃത്തം (ദാഇറത്തുല്‍ ഹിന്ദിയ്യ) ഉപയോഗിച്ചും ദിക്കുകള്‍ കണ്ടുപിടിക്കാം. ഇതുപോലെ പല രീതികളുമുണ്ട്. ഇങ്ങനെയുള്ള മാര്‍ഗങ്ങളില്‍കൂടി ദിക്കുകള്‍ കണ്ടുപിടിച്ചാല്‍പിന്നെ, മേല്‍പറഞ്ഞ ഏറ്റക്കുറച്ചിലുകള്‍ ആവശ്യമില്ല.

? കാലവ്യത്യാസം കൊണ്ട് സൂചിയുടെ ദിശ മാറുമോ..

= തീര്‍ച്ചയായും, ഇതിന് സങ്കീര്‍ണ്ണമായ പല കാരണങ്ങളുമുണ്ട്. ഈ ചെറിയ സംസാരത്തില്‍ അവയെല്ലാം വിശദീകരിക്കുന്നില്ല.

? മാഗ്നറ്റിക് കോംപസിന്റെ ലഘു ചിത്രം പറഞ്ഞുവല്ലോ.  അത് വിശദീകരിക്കാമോ..

= ആദ്യ കാലത്ത് ഒരു വൃത്തത്തെ 32 ഭാഗങ്ങളാക്കി ഓരോ ചതുര്‍ വൃത്തങ്ങള്‍ക്കും എട്ടെട്ട് അംശങ്ങള്‍ നല്‍കും. ഓരോ അംശത്തെയും ദിക്കുകളിലായി വടക്ക്, വടക്ക്-കിഴക്ക്, വടക്ക്-പടിഞ്ഞാര്‍ എന്നീ തരത്തില്‍ പറയുകയായിരുന്നു നാവികര്‍ ചെയ്തിരുന്നത്. പിന്നീട്, ഒരു വൃത്തത്തിന്റെ ഓരോ നാലിലൊന്നിനെയും 90 അംശങ്ങള്‍ ആക്കുന്ന തരത്തിലായി. ഉദാഹരണത്തിന് വടക്കുനിന്ന് കിഴക്കുവരെ 90, വടക്കു നിന്ന് പടിഞ്ഞാറ് വരെ 90, തെക്കുനിന്ന് കിഴക്കുവരെ 90, തെക്കുനിന്ന് പടിഞ്ഞാറ് വരെ 90 എന്നിങ്ങനെ. അതിന് ശേഷം, ആധുനിക രൂപത്തിലുള്ള കോംപസുകള്‍ വന്നു. വടക്കുനിന്ന് വടക്കുവരെ തുടര്‍ച്ചയായി 360 ഭാഗങ്ങള്‍ (ഡിഗ്രികള്‍) ആക്കിക്കൊണ്ടുള്ളതാണ് അത്. ഏറ്റവും മികച്ചതും എളുപ്പമാണ് ഇത്.

? കാന്തിക സൂചിക്കുള്ള വ്യതിയാനം എങ്ങനെ കണ്ടുപിടിക്കാം...

= ജ്യാമിതീയ വൃത്തമോ മറ്റു മേല്‍സൂചിപ്പിച്ച വഴികളോ ഉപയോഗിച്ച് നമുക്കിത് കണ്ടുപിടിക്കാം. ദിക്കുകള്‍ കണ്ടുപിടിച്ചതിന് ശേഷം കാന്തിക സൂചിക മുഖേനയുള്ള ദിശയുമായി അതിനെ താരതമ്യപ്പെടുത്തി അത് കണ്ടെത്താനാകും. ആധുനിക കാലത്ത് ഈ കാര്യങ്ങള്‍ വെബ്‌സൈറ്റുകളില്‍ പ്രതിപാദിച്ചിട്ടുമുണ്ട്. ഇതിനെക്കുറിച്ച വിശദവിവരങ്ങള്‍ ഈ പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നു.

                                      (എംഐസി സമ്മേളന സുവനീര്‍ 2008)

Saturday, March 19, 2011

താന്‍ പ്രന്‍സിപ്പലായ സഅദിയ്യയെ കുറിച്ച് 1973 ല്‍ സി.എം. എഴുതിയ ലേഖനം

 സഅദിയ്യ അറബിക് കോളേജ് മൂന്നാം വയസ്സിലേക്ക്

ഇത് വായിച്ച് തീരുമാനമെടുക്കുക, സഅദിയ്യ സ്ഥാപിച്ചത് ആരാണെന്ന്... 1979 നുമുമ്പ് അത് ദര്‍സായിരുന്നോ അതോ അറബിക് കോളേജായിരുന്നോ എന്ന്..
(1971 ല്‍ തന്നെ സി.എം. അതിന് നാമകരണം നടത്തിയത് സഅദിയ്യ അറബിക് കേളേജ് എന്നായിരുന്നുവെന്നത് ഏറെ പ്രസ്താവ്യം)


കളനാട് സഅദിയ്യ അറബിക് കോളേജ് സ്ഥാപിതമായിട്ട് രണ്ടു വര്‍ഷങ്ങള്‍ കടന്നുപോയി. കൃത്യമായി പറഞ്ഞാല്‍ ഹിജ്‌റ 1391 റബീഉല്‍ അവ്വല്‍ മാസം രണ്ടിന് (1971 ഏപ്രില്‍ 28) ആണ് ഈ കോളേജ് ഉല്‍ഘാടനം ചെയ്യപ്പെട്ടത്. ഇതപര്യന്തമുള്ള ഈ സ്ഥാപനത്തിന്റെ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം നടത്തല്‍ ഈ അവസരത്തില്‍ സമുചിതമാണ്.

കാസര്‍കോട് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു വന്നവരായ മുസ്‌ലിം പ്രമുഖന്മാരും പണ്ഡിതന്മാരും പൊതുജനങ്ങളും  അടങ്ങിയ ഒരു വന്‍ സമൂഹം മേല്‍പറഞ്ഞ തിയ്യതി രാവിലെ പത്തു മണിക്ക് കളനാട് റയില്‍വെ ഹാള്‍ട്ടിനു സമീപം ജ: കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി സാഹിബ് മുമ്പ് താമസിച്ചിരുന്ന വസതിയില്‍ സമ്മേളിക്കുകയുണ്ടായി. കീഴൂര്‍ ഖാസി ജനാബ് സി. മുഹമ്മദ് കുഞ്ഞി മുസ്‌ലിയാരുടെ ക്ഷണപ്രകാരമായിരുന്നു ആ സമ്മേളനം. അദ്ദേഹത്തിന്റെ തന്നെ അധ്യക്ഷതയിലായിരുന്ന ആ സമ്മേളനത്തില്‍ വെച്ചു മൂന്നു വിദ്യാര്‍ത്ഥികള്‍ക്കു മുര്‍ശിദുത്തുല്ലാബ് എന്ന ഗ്രന്ഥം ചൊല്ലിക്കൊടുത്തുകൊണ്ട് ജനാബ് ഹാജി മുഹമ്മദ് മുസ്‌ലിയാര്‍ (കടവത്ത്, കളനാട്) അധ്യാപനത്തിന്റെ ഔപചാരിക തുടക്കം കുറിച്ചു. 

കോളേജിന് ഒരു സ്ഥിരം കെട്ടിടം നിര്‍മിച്ച് അതിലേക്ക് സ്ഥലം മാറ്റം ചെയ്യുന്നതുവരെ സര്‍വ്വസജ്ജീകൃതമായ ഈ വീട്ടില്‍വെച്ചുതന്നെ കോളേജ് നടത്തുവാന്‍ കല്ലട്ര അബ്ദുല്‍ ഖാദിര്‍ സാഹിബ് സമ്മതിച്ചു. മാത്രമല്ല, കോളേജിന്റെ എല്ലാ ചെലവുകളും അദ്ദഹം തെന്നെ ഏറ്റെടുക്കുകകൂടി ചെയ്തു. അങ്ങനെ, ഈ അറബിക് കോളേജിന്റെ സ്ഥാപകനാകുവാനുള്ള ഭാഗ്യം അദ്ദേഹത്തിന് ലഭിച്ചു.

ജനാബ് സി.എം. അബ്ദുല്ല മൗലവി ചെമ്പിരിക്ക പ്രന്‍സിപ്പളായും കെ.വി. മൊയ്തീന്‍ കുഞ്ഞി മൗലവി ഉസ്താദായും നിയമിക്കപ്പെട്ടു. ഇരുപത് വിദ്യാര്‍ത്ഥികളെ കോളേജില്‍ ചേര്‍ക്കുവാന്‍ തീരുമാനിച്ചു. അന്നുതന്നെ, വിദ്യാര്‍ത്ഥികളെ ചേര്‍ക്കുവാന്‍ തുടങ്ങുകയും ചെയ്തു. 1, 2, 5 എന്നീ മൂന്നു ക്ലാസുകളിലേക്കായി ഇരുപത് വിദ്യാര്‍ത്ഥികളെ ചേര്‍ത്തു.

രൂപരേഖ
അറബിക് കോളേജിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ വിവരിക്കുന്ന ഒരു രൂപരേഖ ഉല്‍ഘാടന യോഗത്തില്‍ ജ: സി.എം. അബ്ദുല്ല മൗലവി വായിച്ചുകേള്‍പ്പിക്കുകയുണ്ടായി. അത് താഴെ കാണും വിധം സംഗ്രഹിക്കാം:
ഇസ്‌ലാമികവും ലൗകികവുമായ വിജ്ഞാനങ്ങള്‍ വേണ്ടത്ര കരസ്ഥമാക്കിയവരും ഇസ്‌ലാമിക വിശ്വാസവും അതിനോടുള്ള നിഷ്‌കളങ്കമായ കൂറും ഉള്ളവരും അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങളില്‍ അടിയുറച്ചവരുമായ പണ്ഡിതന്മാരെ വാര്‍ത്തെടുക്കുകയും അതേസമയം ജീവിത സന്ധാരണത്തിനനുയോജ്യമായ ജോലിയില്‍ ഏര്‍പ്പെടുവാനുള്ള കഴിവുകള്‍ അവര്‍ക്ക് ഉണ്ടാക്കിക്കൊടുക്കുകയെന്നതും ഈ സ്ഥാപനത്തിന്റെ ലക്ഷ്യമാകുന്നു. അതിനു പുറമെ ഹൈസ്‌കൂളുകളിലും കോളേജുകളിലും പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി നിശാക്ലാസുകള്‍, ഞായറാഴ്ച പാഠങ്ങള്‍, സമ്മര്‍ ക്ലാസുകള്‍ എന്നിവ നടത്തലും ഇതിന്റെ ഉദ്ദേശ്യങ്ങളില്‍ പെടുന്നു. ഈ സ്ഥാപനത്തിന് പത്തുവര്‍ഷത്തെ പാഠ്യപദ്ധതിയാണുള്ളത്. അതില്‍ ഏഴു വര്‍ഷങ്ങള്‍ പ്രീ-ഡിഗ്രി ക്ലാസുകളും എട്ടാം വര്‍ഷം ഡിഗ്രി ക്ലാസുമാണ്. തുടര്‍ന്നു രണ്ടു വര്‍ഷങ്ങള്‍ ബിരുദാനന്തര കോഴ്‌സാണ്. ഖുര്‍ആന്‍ പാരായണം, പ്രഥമികമായ ദീനിയ്യാത്ത്,  അമലിയ്യാത്ത്, മലയാളം, എഴുത്ത്, വായന എന്നിവ അഭ്യസിച്ചു കഴിഞ്ഞ വിദ്യാര്‍ത്ഥികളെയായിരിക്കും ഒന്നാം ക്ലാസില്‍ ചേര്‍ക്കുക. എട്ടാം ക്ലാസ് പൂര്‍ത്തിയാക്കുന്ന ഒരു വിദ്യാര്‍ത്ഥിയില്‍ താഴെ പറയുന്ന യോഗ്യതകള്‍ ഉണ്ടായിരിക്കണമെന്നു വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നു.

1. ഖുര്‍ആന്‍ ആത്യന്തം അര്‍ത്ഥവും വ്യാഖ്യാനവും സഹിതം പഠിച്ചിരിക്കുക.
2. പ്രധാന ഹദീസ് ഗ്രന്ഥങ്ങള്‍ പഠിച്ചിരിക്കുക.
3. ശാഫിഈ മദ്ഹബിലെ പ്രധാന ഹദീസ് ഗ്രന്ഥങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുക.
4. ആനുകാലിക പ്രശ്‌നങ്ങള്‍ക്ക് ഇസ്‌ലാമിക പരിഹാരം കാണുവാനുള്ള കഴിവുണ്ടായിരിക്കുക.
5. ലൗകിക രംഗത്ത് സാമാന്യമായ വിവരമുണ്ടായിരിക്കുക. 
6. ദീനിനോട് തികഞ്ഞ സ്‌നേഹവും ഇസ്‌ലാമിക ആശയങ്ങളില്‍ അചഞ്ചലമായ ഉറപ്പും ഉണ്ടായിരിക്കുക.
7. ഇസ്‌ലാമിക ആചാരങ്ങളില്‍ നിഷ്ഠ ഉണ്ടാവുക. 

വിവിധ വിഷയങ്ങളില്‍ ഇസ്‌ലാമികാടിസ്ഥാനത്തില്‍ വിശാലമായ പാഠങ്ങള്‍ നല്‍കുകവഴി പത്‌വകള്‍ നല്‍കുവാനും സമുദായ നേതൃത്വം വഹിക്കുവാനുമുള്ള ഉന്നതമായ യോഗ്യതകളുണ്ടാക്കിക്കൊടുക്കുകയെന്നതാണ് ബിരുദാനന്തര കോഴ്‌സുകൊണ്ടുള്ള ലക്ഷ്യം. 

ഇരുപത് വിദ്യാര്‍ത്ഥികളും രണ്ട് ഉസ്താദുമാരുമാണ് ആരംഭത്തില്‍ ഉണ്ടായിരുന്നതെന്നത് മുമ്പ് പ്രസ്താവിച്ചുവല്ലോ. എന്നാല്‍, താമസം വിനാ വിദ്യാര്‍ത്ഥികളുടെ എണ്ണം മുപ്പതായി വര്‍ദ്ധിക്കുകയും പാര്‍ട് ടൈം ആയി മൂന്നാമതൊരു ഉസ്താദിനെ നിയമിക്കുകയും ചെയ്തു. ബി.എം. അഹ്മദ് മൗലവിയായിരുന്നു അദ്ദേഹം. പിന്നീട് ഹി: 1391 ശവ്വാല്‍ മാസത്തില്‍ തുടങ്ങിയ വിദ്യാഭ്യാസ വര്‍ഷംമുതല്‍ വിദ്യാര്‍ത്ഥികളുടെ സംഖ്യ നാല്‍പതായി ഉയര്‍ത്തി. നാലാമതായി ഒരു ഉസ്താദായി സി.കെ. അഹ്മദ് മൗലവി (എം.എഫ്.ബി, ഫാസില്‍ ദയൂബന്ത്, തൃക്കരിപ്പൂര്‍) യെ നിശ്ചയിക്കുകയും ചെയ്തു. കൂടാതെ ഇംഗ്ലീഷ്, സയന്‍സ്, കണക്ക് എന്നിവ അധ്യാപനം ചെയ്യുവാന്‍ വേണ്ടി അഞ്ചാമതൊരു പാര്‍ട് ടൈം അധ്യാപകനെ നിയമിച്ചു. അങ്ങനെ, ഇന്ന് ഈ അറബിക് കോളേജിന് അഞ്ചു പേരടങ്ങിയ ഒരു അധ്യാപക സംഘവും നാല്‍പതു വിദ്യാര്‍ത്ഥികളുമുണ്ട്.

ക്ലാസുകള്‍
1, 2, 5 എന്നീ മൂന്നു ക്ലാസുകളാണ് തുടക്കത്തില്‍ ഉണ്ടായിരുന്നത്. ഹി: 1391 ശവ്വാല്‍ മാസം മുതല്‍ 3, 4, 6 എന്നീ ക്ലാസുകളും തുറന്നു. അതിനു ശേഷം ഹി: 1392 ശവ്വാല്‍ മാസം മുതല്‍ ഏഴാം ക്ലാസുകൂടി ആരംഭിച്ചു.

പാഠ്യവിഷയങ്ങളും പഠനക്രമവും
ഇനി നമുക്ക് ഈ കേളേജിലെ പാഠ്യവിഷയങ്ങളെയും പഠന രീതിയെയും ഒരു വിഹക വീക്ഷണത്തിന് വിധേയമാക്കാം. ഇസ്‌ലാമിക വിഷയങ്ങളെയും ആധുനിക വിജ്ഞാനങ്ങളെയും സമന്വയിപ്പിച്ചുകൊണ്ടുള്ള പാഠ്യപദ്ധതിയാണ് സ്വീകരിച്ചിട്ടുള്ളത്. കാലത്തിന്റെ വെല്ലുവിളിയെ സധൈര്യം നേരിട്ടുകൊണ്ട് ഇസ്‌ലാമിന്റെ ശബ്ദം ഉയര്‍ത്തിപ്പിടിക്കുവാന്‍ വേണ്ട യോഗ്യത നേടിക്കൊടുക്കുന്നതും വിദ്യാര്‍ത്ഥികളില്‍ വിജ്ഞാന തല്‍പരത വളര്‍ത്തുന്നതുമായ പഠനക്രമമാണ് നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുന്നത്. എല്ലാ ക്ലാസുകളിലും ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ശരിയായ അര്‍ഥവും   ആവശ്യമായ വ്യഖ്യാനവും വിദ്യാര്‍ത്ഥികളുടെ ബുദ്ധിപരമായ വളര്‍ച്ചക്കനുസരിച്ച് നല്‍കിക്കൊണ്ടാണ് അത് പഠിപ്പിക്കുന്നത്. ചെറിയ ക്ലാസുകളില്‍ ഖുര്‍ആനിന്റെ കുറേ ഭാഗങ്ങള്‍ മന:പാഠമാക്കിക്കുകയും ചെയ്യുന്നു.

എല്ലാ ക്ലാസുകളിലും ഹദീസ് പഠനമുണ്ട്. സ്വഭാവ സംസ്‌കരണ പ്രധാനമായ തെരഞ്ഞെടുക്കപ്പെട്ട കുറേ ഹദീസുകളാണ് ഒന്നാം ക്ലാസില്‍ പഠിപ്പിക്കുന്നത്. രണ്ടാം ക്ലാസു മുതല്‍ ബുലൂഗുല്‍ മറാം എന്ന ഹദീസ് ഗ്രന്ഥം തുടങ്ങുന്നു. നിത്യജീവിതത്തില്‍ മുസ്‌ലിംകള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കര്‍മശാസ്ത്ര(ഫിഖ്ഹ്) പരമായ കര്യങ്ങള്‍ക്ക് ഹദീസുകളില്‍ക്കൂടിയുള്ള വിവരണവും വെളിച്ചവും ഇതുമൂലം വിദ്യാര്‍ത്ഥികള്‍ക്കു ലഭിക്കുന്നു.  ഇത് വിദ്യാര്‍ത്ഥികളില്‍ ഉള്‍ക്കാഴ്ചയും ധാര്‍മികോന്നതിയും സംജാതമാക്കുവാന്‍ സഹായിക്കുന്നതാണ്. നാലാം ക്ലാസ് മുതല്‍ രിയാളുസ്സ്വാലിഹീന്‍, മിഷ്‌കാത്ത്, ബുഖാരി തുടങ്ങിയ ഹദീസ് ഗ്രന്ഥങ്ങളാണ് പഠിപ്പിക്കുന്നത്. ഫിഖ്ഹ് എല്ലാ ക്ലാസുകളിലും ഉണ്ട്. ശാഫിഈ മദ്ഹബിലെ ഗ്രന്ഥങ്ങളാണ് പഠിപ്പിക്കുന്നത്. സഫീനത്തുന്നജാ, ഉംദ, ഫതഹുല്‍ മുഈന്‍, മഹല്ലി എന്നീ കിത്താബുകളാണ് ഈ ആവശ്യത്തിനു വേണ്ടി തെരഞ്ഞെടുത്തിട്ടുള്ളത്. ഇതിനു പുറമെ ഉസ്വൂലുല്‍ ഫിഖ്ഹ് അഭ്യസിപ്പിക്കുന്നതിനുവേണ്ടി ശറഹു ജംഉല്‍ ജവാമിഅ്, വറഖാത്ത് എന്നീ കിത്താബുകളും തെരഞ്ഞെടുത്തിട്ടുണ്ട്.

ഇസ്‌ലാം ചരിത്രം എല്ലാ ക്ലാസുകളിലും പഠിപ്പിക്കുന്നു. വെറും കഥകളെന്ന നിലയിലല്ല ചരിത്രപാഠങ്ങള്‍ പഠിപ്പിക്കുന്നത്. പ്രത്യുത, സംഭവങ്ങളെ കാര്യകാരണ സഹിതം എടുത്തു കാണിച്ചുകൊണ്ടും യുക്തിയുക്തം വിശകലനം ചെയ്തുകൊണ്ടുമാണ് അവ അഭ്യസിപ്പിക്കുന്നത്. ഓരോ കാലഘട്ടത്തിലെയും ചരിത്രം നല്‍കുന്ന പാഠമെന്താണെന്ന് വ്യക്തമാക്കുകയു ചെയ്യുന്നു. ചിന്തേദ്ധീപകവും ഹൃദയ വികാസ പ്രേരകവുമാണ് ഇതെന്നതില്‍ സംശയമില്ല. ഇസ്‌ലാം ചരിത്രത്തിനുപുറമെ ഇന്ത്യാ ചരിത്രം, ലോക ചരിത്രം എന്നിവയും പഠിപ്പിക്കേണ്ടത് ആവശ്യമാണെന്ന യാഥാര്‍ഥ്യം വിസ്മരിക്കുന്നില്ല. അവകൂടി പഠനത്തില്‍ ഉള്‍പ്പെടുത്തുവാനുള്ള ആസൂത്രണങ്ങള്‍ ചെയ്തുവരുന്നുണ്ട്. ഒരു നല്ല ലൈബ്രറിയുടെ അഭാവമാണ് മുഖ്യമായും അതിന് വിഘാതമായി നില്‍ക്കുന്നത്. ഈ വിഘാതം അനതിവിദൂര ഭാവിയില്‍ നീങ്ങിക്കിട്ടുമെന്ന് വിശ്വസിക്കാം.

എഴുതുവാനും വായിക്കുവാനും സംസാരിക്കുവാനുമുള്ള കഴിവ് നല്‍കുന്ന തരത്തില്‍ എല്ലാ ക്ലാസുകളിലും അറബി ഭാഷ അഭ്യസിപ്പിക്കുന്നു. ഇതിന്റെ പരിപോഷണാര്‍ത്ഥം അറബി പത്ര മാസികകളും ആനുകാലിക പ്രസിദ്ധീകരണങ്ങളും വരുത്തുകയും  അവ വായിച്ചു ശീലിക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നു. അറബി ഭാഷക്കു പുറമെ മലയാളം, ഇംഗ്ലീഷ്, ഉറുദു, ഹിന്ദി എന്നീ ഭാഷകളും പഠന വിഷയങ്ങളില്‍ പെടുന്നു. കൂടാതെ, കണക്ക് സയന്‍സ് എന്നിവയും പഠിപ്പിക്കുന്നു. ഈ സ്ഥാപനത്തില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി പുറത്തു വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജീവിതാവശ്യങ്ങളോട് മല്ലിടുവാന്‍ മതാധ്യാപനം, ഖുത്തുബ, ഇമാമത്ത് തുടങ്ങിയ ജോലികളെ മാത്രം ആശ്രയിക്കേണ്ടി വരാതെ തങ്ങള്‍ ഇഷ്ടപ്പെടുന്ന മറ്റു ബിസിനസ്സുകളില്‍ ഏര്‍പ്പെടുവാന്‍ സാധിക്കുന്നതിനുള്ള നേടിക്കൊടുക്കുകയും  അവരില്‍ ലോകപരിജ്ഞാനമുണ്ടാക്കലുമാണ് ഇതിന്റെ ലക്ഷ്യം.

സാഹിത്യസമാജവും മോഡല്‍ പാര്‍ലമെന്റും
ആഴ്ചതോറും പ്രസംഗ പരിശീലന ക്ലാസുകള്‍, മോഡല്‍ പാര്‍ലമെന്റ് എന്നിവ നടത്തിവരുന്നു. വിദ്യാര്‍ത്ഥികളില്‍ നിക്ഷേപിതമായിരിക്കുന്ന കഴിവുകളെ യഥാവിധി വളര്‍ത്തിയെടുത്തു ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി അവരെ തയ്യാറാക്കുകയും നിലവിലുള്ള ജനാധിപത്യ ഭരണ സമ്പ്രദായം അവര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും ചിന്താശീലം പരമാവധി വികസിപ്പിച്ചെടുക്കുകയും ചെയ്യുവാനാണ് ഇവ നടത്തുന്നത്. പ്രസംഗ പരിശീലന പ്രക്രിയയുടെയും മോഡല്‍ പാര്‍ലമെന്റിന്റെയും  കാര്യക്ഷമമായ പ്രവര്‍ത്തനത്തിനുവേണ്ടി വിദ്യാര്‍ത്ഥികളുടെ സാഹിത്യ സമാജം രൂപീകരിച്ചിട്ടുണ്ട്.

ലൈബ്രറി (കുത്തുബ് ഖാന)
വിവിധ വിഷയങ്ങളില്‍ വിവരങ്ങളും വിജ്ഞാനങ്ങളും ലഭ്യമാക്കുന്നതിനും റഫറന്‍സിനും വേണ്ടി ഒരു ഗ്രന്ഥശാല സ്ഥാപിച്ചിട്ടുണ്ട്. ശൈശവത്തിലിരിക്കുന്ന ഈ ഗ്രന്ഥശാല മെല്ലെ മെല്ലെ വളര്‍ന്നുകൊണ്ടിരിക്കുന്നുവെന്നു പറയാം. മതവിജ്ഞാനത്തിനാവശ്യമായ പ്രധാന ഗ്രന്ഥങ്ങള്‍ക്കു പുറമെ അറബി, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളും പൊതുവിജ്ഞാനവും പരിപോഷിപ്പിക്കുന്നതിനുതകുന്ന അറബി-അറബി, അറബി-മലയാളം, അറബി-ഇംഗ്ലീഷ്, ഇംഗ്ലീഷ്-അറബി, മലയാളം-മലയാളം, മലയാളം-ഇംഗ്ലീഷ്, ഉറുദു-ഉറുദു, ഉറുദു-ഇംഗ്ലീഷ്, ഇംഗ്ലീഷ്-ഇംഗ്ലീഷ്, ഇംഗ്ലീഷ് -മലയാളം എന്നീ നിഘണ്ടുകളും പത്തു വോള്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിശ്വ വിജ്ഞാന കോശവും ലൈബ്രറിക്കുണ്ടെന്നുള്ള വസ്തുത സ്മരണീയമാണ്. എന്നിരുന്നാലും ഇനിയും അനേകം ഗ്രന്ഥങ്ങള്‍ ഉണ്ടായെങ്കില്‍ മാത്രമേ ഒരു പൂര്‍ണ്ണ ലൈബ്രറിയായി ഇതിനെ വളര്‍ത്തുവാന്‍ സാധിക്കുകയുള്ളൂ.

കൈയ്യെഴുത്തു മാസിക
സൗഭാഗ്യം എന്നൊരു കൈയ്യെഴുത്തു മാസിക വിദ്യാര്‍ത്ഥികള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. എഴുത്തു കലയിലും ചിന്താശീലത്തിലും വിദ്യാര്‍ത്ഥികള്‍ക്ക് വികാസമുണ്ടാക്കുവാന്‍ ഇതാവശ്യമാണെന്നു പറയേണ്ടതില്ലല്ലോ.

നിശാപാഠം
എസ്.എസ്.എല്‍.സി പാസായവരും ഹൈസ്‌കൂളില്‍ വിവിധ ക്ലാസുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്നവരുമായ കുറേ വിദ്യാര്‍ത്ഥികള്‍ക്ക് കോളേജില്‍വെച്ചു നിശാകാസ് എടുത്തുവരുന്നു. ഇസ്‌ലാമിക കര്‍മശാസ്ത്രം, വിശ്വാസ കാര്യങ്ങള്‍, ഇസ്‌ലാം ചരിത്രം, സ്വാഭാവസംസ്‌കരണം എന്നീ വിഷയങ്ങളിലാണ് അവര്‍ക്ക് പാഠങ്ങള്‍ നല്‍കുന്നത്. അല്‍പാല്‍പമായി അറബി വ്യാകരണവും പഠിപ്പിക്കുന്നുണ്ട്. റിപ്പോര്‍ട്ടു കാലത്ത് 15 വരെ വിദ്യാര്‍ത്ഥികള്‍ ഈ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. എല്ലായ്‌പ്പോഴും ഇവരുടെ എണ്ണം സ്ഥിരമായി നിലനില്‍ക്കുന്നില്ല. അത് കുറഞ്ഞും ഏറിയും കൊണ്ടിരിക്കുന്നു. നമ്മുടെ നാട്ടുകാരായ രക്ഷിതാക്കള്‍ കുറച്ചു കൂടി ശ്രദ്ധിക്കുകയാണെങ്കില്‍ ഈ പരിപാടി കൂറേക്കൂടി വിജയപ്രദമാക്കാന്‍ സാധിക്കുമെന്നാണ് ഞങ്ങളുടെ പ്രത്യാശ.

പരീക്ഷ
അര്‍ധവര്‍ഷ പരീക്ഷ, വര്‍ഷാന്ത പരീക്ഷ എന്നിങ്ങനെ രണ്ടു പരീക്ഷകള്‍ വര്‍ഷം തോറും ഇപ്പോള്‍ നടത്തിവരുന്നു. ചോദ്യങ്ങള്‍ കാര്‍ബണ്‍ കോപ്പിയെടുത്തു വ്യവസ്ഥിതമായ എഴുത്തുപരീക്ഷയായിട്ടാണ് ഇവ നടത്തുന്നത്. ഒന്നു മുതല്‍ അഞ്ചുവരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ മലയാളത്തിലാണ് ഉത്തമെഴുതുന്നതെങ്കില്‍ ആറു മുതലുള്ള ക്ലാസുകള്‍ അറബിയില്‍ മാത്രം ഉത്തരം എഴുതേണ്ടതാണ്. മേല്‍പറഞ്ഞ രണ്ടു പരീക്ഷകള്‍ക്കു പുറമെ ഇടക്കിടെ ക്ലാസ് ടെസ്റ്റുകളും നടത്തിവരുന്നു. ക്ലാസുകളെല്ലാം ഈ സ്ഥാപനത്തില്‍ പൂര്‍ത്തിയാകുമ്പോള്‍ പരീക്ഷാ രീതിയിലും സമ്പ്രദായത്തിലും സാരമായ വിത്യാസങ്ങള്‍ വരുത്താന്‍ ഉദ്ദേശ്യമുണ്ട്.

കമ്മിറ്റിയും രജിസ്‌ട്രേഷനും
ഈ കോളേജിന്റെ നടത്തിപ്പിനുവേണ്ടി ഒരു  മാനേജിംഗ് കമ്മിറ്റി രൂപീകരിക്കുകയും അത് 3/7/1973 ന് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഈ സ്ഥാപനത്തിന്റെ സ്ഥാപകനും ജീവനാഡിയുമായ  കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി സാഹിബ് തന്നെയാണ് കമ്മിറ്റിയുടെ പ്രസിഡന്റ്.

കൃതജ്ഞത
രണ്ടര വര്‍ഷമായി ക്ലേശങ്ങള്‍ കൂടാതെ നടന്നുവരികയും   പുരോഗമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഈ ദീനിയ്യായ സ്ഥാപനത്തിന് ആവശ്യമായി വരുന്ന ഭീമമായ ചെലവുകള്‍ നിര്‍വഹിക്കുന്നത് ഉതാരമതിയും മത സ്‌നേഹിയും സമുദായ സേവകനും രാഷ്ട്രീയ നേതാവുമായ കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി സാഹിബാണ്. അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥമായ ഈ സേവനത്തെ വിസ്മരിക്കുവാന്‍ ഞങ്ങള്‍ക്കെന്നല്ല, ഇസ്‌ലാം മതത്തോട് തെല്ലെങ്കിലും പ്രേമമുള്ള ഒരാള്‍ക്കും സാധ്യമല്ല. ഈ നാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്കു പുറമെ മറ്റു പ്രദേശങ്ങളില്‍നിന്നുകൂടി വിദ്യാര്‍ത്ഥികള്‍ വന്നു പഠിച്ചുകൊണ്ടിരിക്കുന്ന ഈ സ്ഥാപനംകൊണ്ട് സ്വാര്‍ത്ഥ പരമോ പ്രാദേശികമോ ആയ യാതൊരു സങ്കുചിത ഭാവമല്ല അദ്ദേഹത്തിനുള്ളതെന്നും പ്രത്യുത, വിശാലമായ സാമൂഹികവും മതപരവുമായ ലക്ഷ്യമാണ് അദ്ദേഹം ഉദ്ദേശിച്ചിരിക്കുന്നതെന്നും സുവിദിതമാണ്. ശ്ലാഘനീയവും എത്ര പ്രശംസിച്ചാലും മതിയാവാത്തതുമായ അദ്ദേഹത്തിന്റെ ഈ സമുദായ സേവനത്തിന് ഹൃദ്യമായ നന്ദി ഞങ്ങള്‍ രേഖപ്പെടുത്തിക്കൊള്ളുന്നു. ഈ സേവനത്തെ അല്ലാഹു സ്വീകരിക്കുകയും കണക്കില്ലാത്ത പ്രതിഫലം അവന്‍ നല്‍കുകയും ചെയ്യട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതിനോടൊപ്പം ആ മഹല്‍ സ്ഥാപനത്തിന്റെ സ്ഥായിയായ നിലനില്‍പ്പും  നിരന്തരമായ പുരോഗതിയും സാര്‍ത്ഥമാക്കുന്നതിനുവേണ്ടിയുള്ള  സ്ഥിരമായ രൂപവും വ്യവസ്ഥയും ഉണ്ടാക്കണമെന്നുള്ള അദ്ദേഹത്തിന്റെയും നമ്മുടെയും ആഗ്രഹം അല്ലാഹു എത്രയും വേഗം സഫലമാക്കട്ടെയെന്ന് ഞങ്ങള്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.
ഈ സ്ഥാപനത്തിലെ ലൈബ്രറിയുടെ വികസനത്തിനായി  കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി സാഹിബിനു പുറമെ മറ്റു ചില വിക്തികളില്‍നിന്നും ഞങ്ങള്‍ സംഭാവനകള്‍ സ്വീകരിച്ചിട്ടുണ്ട്. എ.കെ. മുഹമ്മദ് കുഞ്ഞി, കല്ലട്ര അബ്ബാസ് ഹാജി, കല്ലട്ര മാഹിന്‍, എ.എം. അബ്ദുല്ലക്കുഞ്ഞി, കെ.എം. അബ്ദുര്‍റഹ്മാന്‍, പി.എ. മുഹമ്മദ് കുഞ്ഞി, കെ. അബ്ദുര്‍റഹ്മാന്‍, ക.സി. മാഹിന്‍ എന്നിവര്‍ അത്തരം ഉദാരമതികളില്‍ പ്രധാനികളാണ്. അവര്‍ക്കും സ്ഥാപനത്തിന്റെ എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും ഞങ്ങളുടെ അകൈതവമായ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു. അതോടൊപ്പം ഏവരുടെയും തുടര്‍ന്നുള്ള നിഷ്‌കളങ്കമായ സഹകരണം ആഗ്രഹിക്കുകയും ചെയ്യുന്നു.

വാര്‍ഷിക സമ്മേളനം
കഴിഞ്ഞ വര്‍ഷം ഒടുവില്‍ (18/9/1972) പ്രന്‍സിപ്പാളിന്റെ അദ്ധ്യക്ഷതയില്‍ ലഘു ചടങ്ങുകളോടു കൂടി കോളേജിന്റെ ഒന്നാം വാര്‍ഷിക സമ്മേളനം നടന്നു.

കളനാട്
9/9/1973
                                              പ്രന്‍സിപ്പാള്‍
സി.എം. അബ്ദുല്ല മൗലവി

Sunday, March 13, 2011

കര്‍മം പാണ്ഡിത്യം സര്‍ഗാത്മകത ഒരു ജീവിതത്തിന്റെ ജ്വലിക്കുന്ന ഓര്‍മകള്‍


രണ്ടു രണ്ടര വര്‍ഷത്തെ അടുത്തിടപഴകിയുള്ള ജീവിതത്തിനിടയില്‍ ഓരോ ദിവസവും ഏറെ പുതുമകളോടെയും വിസ്മയങ്ങളോടെയും മാത്രം നോക്കിക്കാണാന്‍ കഴിഞ്ഞ ഏക പണ്ഡിതനാണ് സി.എം. അബ്ദുല്ല മൗലവി. ഉസ്താദിന്റെ ജീവിതത്തില്‍ ആവര്‍ത്തനങ്ങളുണ്ടായിരുന്നില്ല. ഓരോ ദിവസവും പുതിയ പുതിയ അനുഭവങ്ങളും ഭാവങ്ങളും ചിന്തകളുമാണ് ആ മഹാമനീഷി നല്‍കിയിരുന്നത്. ചിന്തകളും കണക്കുകൂട്ടലുകളും സ്വപ്നം കാണലുകളുമായിരുന്നു ആ ജീവിതത്തിലെ ധന്യ മുഹൂര്‍ത്തങ്ങള്‍. സര്‍ഗാത്മകവും സൃഷ്ടിപരവുമായിരുന്നു ഈ ചിന്തകളുടെയും സ്വപ്നങ്ങളുടെയും ഭൂമിക. സമുദായം... സമുദായം എന്നൊരു ഭാവത്തിലാണ് എപ്പോഴും ഉസ്താദിന്റെ ചിന്തകള്‍ കടന്നുപോയിരുന്നത്. അതിന്റെ സാക്ഷാത്കാരത്തിലായിരുന്നു ആ ജീവിതത്തിലെ ഓരോ നിമിഷങ്ങളും.

പഠിക്കുന്ന കാലത്തുതന്നെ സി.എം. ഉസ്താദിനെക്കുറിച്ച് പലതവണ കേട്ടിരുന്നു. പലപ്പോഴും ചെറുശേരി ഉസ്താദിന്റെ ക്ലാസുകളിലാണ് ആ നാമം സ്മരിക്കപ്പെട്ടിരുന്നത്. കാസര്‍കോടിനെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ഉസ്താദ് പലപ്പോഴും അവരെ പ്രതിപാദിക്കാറുണ്ടായിരുന്നു.  പഠനംകഴിഞ്ഞ് അദ്ധ്യാപനരംഗത്തേക്ക് തിരിഞ്ഞപ്പോള്‍ എത്തിപ്പെട്ടത് സി.എം. ഉസ്താദിന്റെ പ്രവര്‍ത്തന കളരിയായ കാസര്‍കോട്ട് തന്നെ. തീര്‍ച്ചയായും ഒരു നിയോഗമായിരുന്നു അത്. ഒരു പണ്ഡിതന്റെ നിഴലില്‍ ചിന്തകളുടെ പുതിയ പുതിയ അനുഭവങ്ങളിലേക്ക് കടന്നുചെല്ലാന്‍ അവസരമുണ്ടായ അപൂര്‍വ്വമായ ഘട്ടം. സി.എം. ഉസ്താദിന്റെ അപാരവും ആത്മാര്‍ത്ഥവുമായ ചിന്തകളെ തിരിച്ചറിയാന്‍ കഴിഞ്ഞത് ഒരു വലിയ അനുഗ്രഹമായി അനുഭവപ്പെടുന്നു. പണ്ഡിതന്മാര്‍ക്കിടയില്‍ തുല്യതയില്ലാത്ത ഒരു അസാധാരണ സാന്നിധ്യംതന്നെയായിരുന്നു ഉസ്താദ്.

ഉദുമ പടിഞ്ഞാര്‍ ദാറുല്‍ ഇര്‍ശാദ് അക്കാദമിയില്‍ സേവനം ചെയ്തുകൊണ്ടിരിക്കുന്ന സമയം. ക്ലാസ് നടന്നുകൊണ്ടിരിക്കുന്നു. പെട്ടെന്ന് ഒരു വെളുത്ത കാര്‍ കാമ്പസിലേക്ക് കടന്നുവന്നു. അത് നേരെവന്ന് ഓഫീസിന് മുമ്പിലാണ് നിര്‍ത്തിയത്. പിന്നിലെ വാതില്‍ തുറന്ന് ഉസ്താദ് പുറത്തിറങ്ങി. ഓഫീസിലേക്ക് കയറി. താമസിയാതെ ഒരു വിളിയാളം വന്നു; പുതുതായി ചാര്‍ജ് ഏറ്റെടുത്ത അദ്ധ്യാപകരെ   സി.എം. ഉസ്താദ് വിളിക്കുന്നു. കേട്ടുമാത്രം പരിചയമുള്ള ഒരു മനുഷ്യന്‍. പാണ്ഡിത്യത്തിന്റെ നിറകുടം. കാസര്‍കോടിന്റെ എല്ലാം എല്ലാം. മനസ്സില്‍ എന്തൊക്കെയോ മിന്നിമറഞ്ഞു. ഒടുവില്‍ അടക്കിപ്പിടിച്ച മൗനവുമായി ഓഫീസിലേക്ക് കയറി. മുഖത്ത് ചന്ദ്രപ്രഭയുമായി ഒരു മഹാമനുഷ്യന്‍ ഇരിക്കുന്നു. സമൃദ്ധമായി വളര്‍ന്നു നില്‍ക്കുന്ന താടിരോമം. ആകര്‍ഷകമായ മുഖഭാവം. അവക്കിടയിലൂടെ വശ്യമായ പുഞ്ചിരിയും. ഒറ്റനോട്ടത്തില്‍തന്നെ പരിഭവങ്ങളെല്ലാം അസ്തമിച്ചുപോയി. സംസാരംകൂടി ആരംഭിച്ചതോടെ  ഇത്രയും നല്ലൊരു മനുഷ്യനെ ഇതുവരെ കണ്ടിട്ടില്ലായെന്നായി. ആരെയും ഒറ്റക്കാഴ്ചയിലൂടെത്തന്നെ കീഴ്‌പ്പെടുത്തിക്കളയുന്ന അപാരമനുഷ്യന്‍. ഏതൊരാളോടും അവരുടെ നിലവാരം മനസ്സിലാക്കിയാണ് ഉസ്താദ് സംസാരിച്ചിരുന്നത്. വലിയ വലിയ ആളുകളോട് അതിനനുസരിച്ച്. സാധാരണക്കാരോട് അതിനനുസരിച്ച്. ഉസ്താദ് ഓരോന്നും ചോദിച്ചറിഞ്ഞു. പിന്നെ, പയ്യെ പയ്യെ സംസാരം ഒരു ചര്‍ച്ചയിലേക്ക് വഴുതി. കേരളമുസ്‌ലിംകളും അവരുടെ വിദ്യാഭ്യാസ ചിന്തകളും വിഷയങ്ങളായി കടന്നുവന്നു. മഖ്ദൂമി സിലബസിന്റെ പ്രാധാന്യവും സമന്വയ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും ഉയര്‍ന്നുവന്നു. ഗോളശാസ്ത്രത്തിന്റെ ഇസ്‌ലാമിക ഭാവങ്ങളും യവന ചിന്തകളും ചര്‍ച്ചിതമായി. പ്ലാറ്റോയും അരിസ്റ്റോട്ടിലും അനുസ്മരിക്കപ്പെട്ടു. സമയം കടന്നുപോയത് അറിഞ്ഞില്ല. ളുഹര്‍ നിസ്‌കാരത്തിന് കുട്ടികള്‍ പള്ളിയിലേക്ക് ഇറങ്ങിയതോടെയാണ് പരിസര ബോധം വന്നത്. അതുവരെ അനുസ്യൂതമായൊരു പ്രവാഹംതന്നെ. 

ശരിക്കും അല്‍ഭുതപ്പെട്ടുപോയി. പ്രഥമ കാഴ്ച്ചയില്‍തന്നെ വല്ലാത്ത മതിപ്പും തോന്നി. നമ്മുടെ മനസ്സറിഞ്ഞ് നമ്മോട് സംസാരിക്കുന്നൊരു പണ്ഡിതന്‍. ജാടകള്‍ തൊട്ടുതീണ്ടുകപോലുംചെയ്യാതെ നമ്മളില്‍ ഒരുവാനായി അലിഞ്ഞുചേരുന്ന ഉസ്താദ്. നൂറുക്കണക്കിന് മഹല്ലത്തുകളുടെ ഖാസിയും അനവധി ഇസ്‌ലാമിക സംരംഭങ്ങളുടെ മുഖ്യകാര്യദര്‍ശിയും, എല്ലാറ്റിലുമപ്പുറം കാസര്‍കോടിന്റെ ആദ്ധ്യാത്മിക നേതാവും നവോത്ഥാന നായകനുമാണ് ഇതെന്ന് തിരിച്ചറിഞ്ഞപ്പോള്‍ പഠനാനന്തരം കാസര്‍കോട്ടെത്തിയത് ഏറ്റവും വലിയൊരു അനുഗ്രഹമാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്നുള്ള രണ്ടു വര്‍ഷങ്ങള്‍ ഈ അനുഗ്രഹത്തിന്റെ നിരന്തരമായ സാക്ഷാത്കാരമായിരുന്നു.
* * *

സി.എം. ഉസ്താദിന്റെ ജീവിതം മൂന്നായി നമുക്ക് പകുത്ത് വെക്കാവുന്നതാണ്. കര്‍മം, സര്‍ഗം, വെളിച്ചം എന്നിങ്ങനെയാണവ. വെളിച്ചം കൊണ്ടു വിവക്ഷിക്കുന്നത് സ്വജീവിതത്തിലെ ആത്മീയ വെളിച്ചവും സ്വന്തം ജീവിതം മറ്റുള്ളവര്‍ക്ക് വെളിച്ചമായി മാറുന്ന ഘട്ടങ്ങളുമാണ്. 
ആത്മീയലോകത്ത് ഉസ്താദിന്റെ പരിശുദ്ധി ആ ആകാരംപോലെത്തന്നെ പ്രസന്നമായിരുന്നു. ജീവിതത്തിന്റെ ഓരോ തലങ്ങളിലും ഇസ്‌ലാമികത നിഴലിച്ചു കാണാന്‍ ഉസ്താദ് എപ്പോഴും ശ്രദ്ധിച്ചു. ഒരു വിശദീകരണം ആവശ്യമില്ലാത്ത വിധം ആത്മീയ ലോകത്ത് സൂക്ഷ്മതയോടെ നിലകൊണ്ടു. ആ സൂക്ഷ്മത തന്റെ ജീവിതത്തിലെല്ലായിടങ്ങളിലും കാണാമായിരുന്നു. അതുകൊണ്ടുതന്നെ, ഏതൊരു കാര്യമായാലും അതിന്റെ നാലു വശങ്ങളെക്കുറിച്ചും നൂറു തവണ ചിന്തിച്ചാണ് ഉസ്താദ്  ചെയ്തിരുന്നത്. 

സ്ഥൈര്യം, ആത്മാര്‍ത്ഥത, ലക്ഷ്യബോധം, നിരാശ്രയത്വം, നിഷ്‌കളങ്കത, സേവന സന്നദ്ധത തുടങ്ങിയവ ഉസ്താദില്‍നിന്നും അസ്തമിച്ചുപോകാത്ത വിശേഷണങ്ങളാണ്. ഏതു നല്ല കാര്യത്തിനും ചുറുചുറുക്കോടെ മുന്നിട്ടിറങ്ങാന്‍ ഉസ്താദ് തയ്യാറായിരുന്നു. ഒരാളെയും അതിന് പ്രതീക്ഷിച്ചിരിക്കുകയോ കാത്തു നില്‍ക്കുകയോ ചെയ്തിരുന്നില്ല. തന്നാലാവുന്ന കാര്യങ്ങളെല്ലാം സ്വന്തമായിത്തന്നെ ചെയ്തുതീര്‍ക്കുന്ന ഒരു അപൂര്‍വ്വ വ്യക്തിത്വമായിരുന്നു ഉസ്താദിന്റെത്. അതിലൊന്നും അന്യരുടെ യാതൊരു സഹായവും തേടിയിരുന്നില്ല. സ്ഥാപനവുമായി ബന്ധപ്പെട്ടതായാലും തന്റെ മറ്റു പ്രവര്‍ത്തന മേഖലയുമായി ബന്ധപ്പെട്ടതായാലും ആദ്യമായി അവയെക്കുറിച്ച് ചിന്തിക്കുന്നതും അവ നടപ്പാക്കാവുന്ന വഴികള്‍ അന്വേഷിക്കുന്നതും അത് നടപ്പാക്കുന്നതും നടപ്പാക്കിയ ശേഷം നിലനിര്‍ത്തിക്കൊണ്ടുപോകുന്നതും എല്ലാം ഉസ്താദായിരുന്നു. തന്റെ സജീവതയുടെയും ഊര്‍ജ്ജസ്വലതയുടെയും ഒരു ചിഹ്നമായിരുന്നു ഇത്. വെറുതെ ഇരിക്കുകയെന്നത് ഉസ്താദിന്റെ നിഘണ്ടുവില്‍തന്നെ ഉണ്ടായിരുന്നില്ല. എപ്പോഴും എന്തെങ്കിലും ജോലികളില്‍ വ്യാപൃതനായിരിക്കും. ഇടക്കിടെ സ്ഥാപനത്തിന്റെ ഓരോ മൂലകളും നടന്നു കാണും. ഡയ്‌നിംഗ് ഹാളില്‍വരെ ഉസ്താദ് കടന്നുവരുമായിരുന്നു. മറ്റു അദ്ധ്യാപകരുടെയെല്ലാം കൂടെയിരുന്നാണ് പലപ്പോഴും ഭക്ഷണം കഴിച്ചിരുന്നത്. ഏകാന്തത ഉസ്താദിന് ഇഷ്ടമുണ്ടായിരുന്നില്ല. എപ്പോഴും ആളുകള്‍ക്കിടയില്‍ ഇറങ്ങിനില്‍ക്കാനായിരുന്നു ഉസ്താദിന്റെ ആഗ്രഹം.

ആത്മാര്‍ത്ഥതയും നിഷ്‌കളങ്കതയുമായിരുന്നു ഉസ്താദിന്റെ പ്രവര്‍ത്തനങ്ങളുടെ മുഖമുദ്ര. ഏതൊരു കാര്യത്തിനും അല്ലാഹുവില്‍നിന്നുള്ള പ്രതിഫലമല്ലാതെ മറ്റൊരു പ്രത്യുപകാരവും ഉസ്താദ് ആഗ്രഹിച്ചിരുന്നില്ല. സമൂഹത്തിന് ഉപകാരപ്രദമാണെങ്കില്‍ എന്ത് വിലകൊടുത്തും എന്തും ചെയ്യാന്‍ തയ്യാറായിരുന്നു. 
* * * *

കര്‍മം എന്നത് ഉസ്താദിന്റെ ജീവിതത്തിന്റെ ആത്മാവാണ്. കര്‍മമില്ലെങ്കില്‍ ജീവിതംതന്നെയില്ലായെന്നു പറയാം. അഥവാ, ജീവിതം മുഴുക്കെ പ്രവര്‍ത്തന നിരതനായിരുന്നു ഉസ്താദ്. സ്വന്തം സ്ഥാനമാനങ്ങള്‍ക്കോ കുടുംബപരമായ മെച്ചങ്ങള്‍ക്കോ ആയിരുന്നില്ല ഈ പ്രവര്‍ത്തനങ്ങള്‍. സമുദായത്തിന്റെ  വളര്‍ച്ചയും ഉയര്‍ച്ചയുമായിരുന്നു ഉസ്താദ് എപ്പോഴും സ്വപ്നം കണ്ടിരുന്നത്. തന്റെ ജീവിതം തന്നെ മുഴുക്കെ അതിന് വേണ്ടി ഉഴിഞ്ഞുവെച്ചതായിരുന്നു. 

ദര്‍സില്‍ പഠിക്കുന്ന കാലത്തുതന്നെ വിദ്യാഭ്യാസപരമായ പുരോഗതിയെക്കുറിച്ചും അതിലൂടെ ലഭിക്കുന്ന മേന്മകളെക്കുറിച്ചും ഉസ്താദ് ചിന്തിച്ചു. പലകാരണങ്ങളാലും മത ഭൗതിക വിദ്യാഭ്യാസ മേഖലകളില്‍ പിന്നിലായിപ്പോയ കാസര്‍കോട് മുസ്‌ലിംകളെ മുന്നോട്ട് കൊണ്ടുവരാന്‍ അന്നുതന്നെ അദ്ദേഹം  തീരുമാനമെടുത്തിരുന്നു. 

അന്നൊക്കെ മംഗലാപുരം, കാസര്‍കോട് ഭാഗത്തുള്ളവര്‍ക്ക് ഉന്നത മതവിദ്യാഭ്യാസം നേടാന്‍ മലപ്പുറം ജില്ലയിലേക്ക് പോകേണ്ടിയിരുന്നു. പൊന്നാനിയോ പട്ടിക്കാടോ ഒക്കെയായിരുന്നു അതിന്റെ പ്രധാന കേന്ദ്രങ്ങള്‍. വേലൂര്‍ ബാഖിയാത്താണ് പലരും ആശ്രയിച്ചിരുന്നു മറ്റൊരു സ്ഥാപനം. ഇതിന് കാസര്‍കോട് തന്നെ ഒരു ശാശ്വത പരിഹാരമുണ്ടാകണമെന്ന് ചെറുപ്പംമുതല്‍തന്നെ ചിന്തിച്ചിരുന്നു സി.എം. ഉസ്താദ്. 

ബാഖിയാത്തില്‍ പഠിക്കുന്ന കാലത്ത് കാര്യങ്ങളെല്ലാം വളരെ സൂക്ഷ്മമായിത്തന്നെ ഉസ്താദ് മനസ്സിലാക്കി. പഠനം കഴിഞ്ഞ് സ്വന്തം നാട്ടില്‍ വന്ന് അവര്‍ക്ക് ധൈഷണികമായി നേതൃത്വംനല്‍കാന്‍ സാധിക്കുന്ന നിലക്ക് വളരണമെന്നായിരുന്നു ഉസ്താദിന്റെ ആഗ്രഹം. അതിനുവേണ്ടിയായിരുന്നു ഉസ്താദിന്റെ പരിശ്രമങ്ങളും. പഠനം കഴിഞ്ഞുവന്ന് കുറച്ചുകാലം കാസര്‍കോടും കണ്ണൂരിലുമായി പലയിടങ്ങളില്‍ ദര്‍സ് നടത്തി. പക്ഷെ, അപ്പോഴും താന്‍ തന്റെ ഡ്യൂട്ടി നിര്‍വ്വഹിച്ചുവെന്ന് ഉസ്താദിന് തോന്നിയിരുന്നില്ല. കാസര്‍കോട് മുസ്‌ലിംകളെ ഒന്നടങ്കം ഏകോപിപ്പിക്കുന്ന നിലക്ക് ഒരു സംരംഭം ഒരുക്കുകയെന്നതായിരുന്നു ഉസ്താദിന്റെ സ്വപ്നം. അതിന് വേണ്ടതെല്ലാം ചെയ്യണം. ആദ്യമായി ഒരു ഇസ്‌ലാമിക സ്ഥാപനം ഒരുക്കുകയാണ് വേണ്ടത്. അതോടെ അതിനുവേണ്ടിയുള്ള പ്രയാണങ്ങള്‍ ആരംഭിച്ചു.

കാസര്‍കോടിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ സി.എം. ഉസ്താദ് കുറിച്ചുവെച്ച മുദ്രകള്‍ അല്‍ഭുതകരമാണ്. ചെറിയൊരു ലേഖനത്തിനോ കുറിപ്പിനോ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതല്ല അത്. നീണ്ട പത്തു നാല്‍പ്പത് കൊല്ലത്തെ ചരിത്രമുണ്ടിതിന്. ദേളിയിലെ സഅദിയ്യ, പരവനടുക്കം ആലിയ, നീലേശ്വരം കോളേജ് തുടങ്ങി ഉസ്താദിന്റെ കൈസ്പര്‍ശം ലഭിച്ച സ്ഥാപനങ്ങള്‍ അനവധിയാണ്. എന്നും തൊട്ടതെല്ലാം പൊന്നാക്കുന്ന അനുഭവമായിരുന്നു ഉസ്താദിന്റെത്. ഉസ്താദ്് തന്നെ കാസര്‍കോടിന്റെ ഈ ആദ്യകാല വിദ്യാഭ്യാസ സംരംഭങ്ങളെക്കുറിച്ചും അതില്‍ മുന്‍കയ്യെടുത്തിറങ്ങിയ മഹാന്മാരെക്കുറിച്ചും ചെറിയൊരു പുസ്തകം തയ്യാറാക്കിയിട്ടുണ്ട്. 'സമന്വയ വിദ്യാഭ്യാസം: സഅദിയ്യയുടെ ഉദയവും മലബാറിന്റെ പിറവിയും'' എന്നാണ് അതിന്റെ പേര്. ഇതില്‍ സവിശദം കാസര്‍കോടിന്റെ അവസ്ഥയെക്കുറിച്ചും  സമസ്തയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഒരു സ്ഥാപനം പണിയുക എന്ന സ്വപ്നം എപ്പോഴാണ് തുടങ്ങിയത് എന്നതിനെക്കുറിച്ചുമെല്ലാം ഉസ്താദ് ചര്‍ച്ച ചെയ്യുന്നു. 

തീര്‍ച്ചയായും അസംഭവ്യതകളുടെ കലയായിരുന്നു ഉസ്താദ് കാസര്‍കോടിന്റെ മണ്ണില്‍ തെളിച്ചു കാണിച്ചിരുന്നത്. സഅദിയ്യാ അറബിക്ക് കോളേജും മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സും എന്നും ഉസ്താദിന്റെ കര്‍മകുശലതയും ഉദ്ദേശശുദ്ധിയും വിളിച്ചുപറഞ്ഞ് കാസര്‍കോട് നിലനില്‍ക്കുന്നു. ഉസ്താദിനെ പരാമര്‍ശിക്കാത്ത കാസര്‍കോട് ചരിത്രം എന്നും അപൂര്‍ണ്ണമായിരിക്കുമെന്നത് വസ്തുതയാണ്. സ്വാതന്ത്ര്യാനന്തര കാസര്‍കോട് കണ്ട ഏറ്റവും വലിയ പണ്ഡിതനും സാമൂഹിക പരിഷ്‌കര്‍ത്താവും വിദ്യാഭ്യാസ പ്രവര്‍ത്തകനും ഇസ്‌ലാമിക ചിന്തകനും എല്ലാമായിരുന്നു ഉസ്താദ്. അതുകൊണ്ടുതന്നെ കാസര്‍കോടിന്റെ ഓരോ പുരോഗതിയിലും ഉസ്താദിന്റെ വിയര്‍പ്പിന്റെ അംശം കാണാവുന്നതാണ്. ഉസ്താദിന്റെ സാന്നിദ്ധ്യമില്ലാത്ത ഒരു പരിപാടി കാസര്‍കോട്ട് എന്നും അപൂര്‍ണ്ണമായിരുന്നു. ആര്‍ക്കും എവിടെക്കും ക്ഷണിക്കാന്‍ പറ്റുന്ന, എന്നാല്‍ ക്ഷണിച്ചാല്‍ ക്ഷണം സ്വീകരിക്കുന്ന ഒരു പ്രകൃതക്കാരനായിരുന്നു ഉസ്താദ്. 
* * * *

പരീക്ഷണങ്ങളും പ്രാരാബ്ധങ്ങളും നിറഞ്ഞതായിരുന്നു സി.എം. ഉസ്താദിന്റെ ജീവിതം. തന്റെ പ്രവര്‍ത്തന മേഖലയില്‍ അനവധി മനക്ലേശങ്ങള്‍ മഹാനവര്‍ക്ക് അഭീമുകീകരിക്കേണ്ടി വന്നിട്ടുണ്ട്. പക്ഷെ, എല്ലാം സമുദായത്തിന് വേണ്ടി ക്ഷമിക്കുകയായിരുന്നു ഉസ്താദ്. പലരും ആക്ഷേപങ്ങള്‍ ഉന്നയിച്ചു. പലരും കുറ്റപ്പെടുത്തി. ഇവക്കൊന്നും ഉസ്താദിനെ തളര്‍ത്താന്‍ സാധിച്ചിരുന്നില്ല. 

എന്നാല്‍, എല്ലാവരോടും സ്‌നേഹത്തോടും ബഹുമാനത്തോടുമാണ് ഉസ്താദ് പെരുമാറിയിരുന്നത്. ആരുമായും തര്‍ക്കിക്കാനോ കുറ്റം പറയാനോ പോരായ്മകള്‍ നോക്കാനോ ഉസ്താദ് പോയിരുന്നില്ല. അങ്ങനെയൊരു സ്വഭാവവും ഉസ്താദിന് ഉണ്ടായിരുന്നില്ല. എല്ലാ വിഭാഗക്കാരുമായും ഉസ്താദ് ഇടപഴകുകയും സംസാരിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ സര്‍വ്വ സ്വീകര്യനായിരുന്നു ഉസ്താദ്. കാസര്‍കോട് ഉസ്താദിനെക്കാള്‍ തലയെടുപ്പുള്ള ഒരു പണ്ഡിതനും ആ സമയം ഉയര്‍ന്നുവരാത്തത് അതിനാലായിരുന്നു. എല്ലാവരുടെയും ഉള്ളകങ്ങളിലെ ആത്മീയാചാര്യന്‍ എല്ലാവരുടെയും പ്രിയപ്പെട്ട 'ഖാസിയാര്‍ച്ച' തന്നെയായിരുന്നു. 

ഒരിക്കല്‍ എന്തോ ചില കാര്യങ്ങള്‍ക്കായി ഉസ്താദിനോടൊന്നിച്ച് വാഹനത്തില്‍ ചെമ്പിരിക്കയിലെ ഉസ്താദിന്റെ വീട്ടിലേക്ക് പോവുകയാണ്. വാഹനം സഞ്ചരിച്ച് സഞ്ചരിച്ച് ദേളിയില്‍ സഅദിയ്യയുടെ അടുത്തെത്തി. സഅദിയ്യ സ്ഥാപനം കണ്ടുതുടങ്ങിയപ്പോള്‍ ഞാന്‍ രസമായി ഉസ്താദിനോട് ചോദിച്ചു: ഇപ്പോള്‍ ഇത് കാണുമ്പോള്‍ ഉസ്താദിന് എന്താണ് തോന്നുന്നത്? ഉസ്താദ് പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു: എന്ത് തോന്നാന്‍.... സ്ഥാപനം ഇപ്പോഴും നല്ലപോലെ നടന്നുപോകുന്നു. അതുതന്നെയാണെല്ലോ നമ്മുടെയും ആവശ്യം....  ഞാന്‍ അമ്പരന്നുപോയി. ഉസ്താദിന്റെ മറുപടി അത്രമാത്രം നിഷ്‌കളങ്കമായിരുന്നു. ഉസ്താദ് നിരന്തരമായി ഓടിനടന്നും ഉറക്കമൊഴിഞ്ഞ് ചിന്തിച്ചും ചോര നീരാക്കി അദ്ധ്വാനിച്ചുമാണ് സഅദിയ്യ എന്ന സ്ഥാപനം ഉയര്‍ന്നുവരുന്നത്. ഒരു സുപ്രഭാതത്തില്‍ അവിടെനിന്നും ഇറങ്ങിപ്പോരേണ്ടിവരികയായിരുന്നു. പക്ഷെ, തന്റെ  സ്ഥാപനം തട്ടിയെടുത്തവരോടുപോലും അത്രയും നല്ല സമീപനമാണ് ഉസ്താദ് പുലര്‍ത്തിയിരുന്നത്.

വിവിധ വിഭാഗക്കാരായ ആളുകളെ ഒരുമിച്ചു നിര്‍ത്തിയാണ് ഉസ്താദ് പലയിടങ്ങളിലും തന്റെ പ്രവര്‍ത്തനങ്ങള്‍ തന്നെ നടത്തിയിരുന്നത്. കണ്ടാല്‍ മിണ്ടുകപോലും ചെയ്യാത്ത വ്യത്യസ്ത കക്ഷി രാഷ്ട്രീയക്കാരായ ആളുകളുടെ സംഘശക്തിയെ ഇസ്‌ലാമിക സേവനത്തിനുവേണ്ടി ഒരുക്കിക്കൊണ്ടുവരുന്നതില്‍ ഉസ്താദ് വന്‍ വിജയം തന്നെ വരിക്കുകയുണ്ടായി. ഇസ്‌ലാമിന്റെ പേരില്‍ എല്ലാവരെയും ഒരേ കുടക്കുകീഴില്‍ കൊണ്ടുവരാന്‍ ഉസ്താദിന് സാധിച്ചിരുന്നു.

ഉസ്താദിന്റെ നല്ലവാക്കും സഹായങ്ങളും പറ്റി ജീവിക്കുന്ന അനവധിയാളുകള്‍തന്നെയുണ്ടായിരുന്നു. സമൂഹത്തിലെ എല്ലാവരും ഒഴിവാക്കിയ പാവങ്ങളെ സഹായിക്കാന്‍ ഉസ്താദിന് ഒരു പ്രത്യേക മനസുണ്ടായിരുന്നു. ഹൈന്ദവ സഹോദരങ്ങള്‍ വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. കാലങ്ങളായി എം.ഐ.സില്‍ പലപല ജോലികള്‍ നടത്തിക്കൊണ്ടിരുന്ന ഹൈന്ദവ സഹേദരീ സഹോദരങ്ങളെത്തന്നെ കാണാവുന്നതാണ്. ഉസ്താദ് തന്നെയാണ് നേരിട്ട് അവര്‍ക്ക് കൂലി നല്‍കിയിരുന്നത്. എന്തിനാണ് അവരെയൊക്കെ ഉസ്താദ് വെച്ചുപോകുന്നത് എന്ന് പലപ്പോഴും ചിന്തിച്ചിരുന്നു. പക്ഷെ, ഉസ്താദിന്റെ വിശാല മനസ്സ് പിന്നീടാണ് തിരിച്ചറിയാന്‍ സാധിച്ചിരുന്നത്. ആര് എന്ത് നല്ല കാര്യങ്ങളിലേക്ക് ക്ഷണിച്ചാലും തന്റെ ആയുരാരോഗ്യവും സൗകര്യങ്ങളും പരിഗണിച്ച് പോവുകയോ പ്രതികരിക്കുകയോ ചെയ്തിരുന്നു ഉസ്താദ്. ഒരാളെയും ഒരുവിധത്തിലും ദു:ഖിപ്പിക്കുകയോ വേദനിപ്പിക്കുകയോ ചെയ്തിരുന്നില്ല. കണ്ണൂര്‍കാരനായ ആര്‍ട് കോളേജ് അദ്ധ്യാപകന്‍ രമേശന്‍ സാറുടെ കല്യാണ ദിവസം പോകാന്‍ സാധിക്കാത്തത് കാരണം ഉസ്താദ് കമ്പിസന്ദേശമയച്ചത് അദ്ദേഹം ഇന്നും അനുസ്മരിക്കുന്നുണ്ട്. മനുഷ്യനായിട്ടുള്ള ആരുടെയും മുഖംനോക്കി ഹൃദയം വായിക്കുന്ന സമകാലിക ലോകത്തെ അപൂര്‍വ്വം പണ്ഡിതരില്‍ ഒരാളായിരുന്നു സി.എം. ഉസ്താദ്.
* * * *

സി.എം. ഉസ്താദിന്റെ ജീവിതത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്ന ഒരു വിശേഷണമാണ് സര്‍ഗാത്മകത. എഴുത്ത്, വായന, ചിന്ത, അന്വേഷണം തുടങ്ങിയ മേഖലകളില്‍ എന്നും ഉസ്താദ് ഒരു വിദ്യാത്ഥിയായിരുന്നു. വല്ലാത്ത ജിജ്ഞാസയായിരുന്നു ഉസ്താദിന്റെത്. എന്തും ചോദിച്ചറിയുന്ന പ്രകൃതം. വായിക്കാനുള്ള മനസ്സ്. അന്വേഷിക്കാനുള്ള ത്വര. ഇവ ഉസ്താദിന്റെ ജീവിതത്തില്‍ നിരന്തരമായി കാണാന്‍ സാധിക്കുന്ന കാര്യങ്ങളാണ്. 

പത്തുവരെയുള്ള വിദ്യാഭ്യാസമായിരുന്നു ഉസ്താദിന്റെ ഭൗതിക വിദ്യാഭ്യാസം. എസ് എസ് എല്‍സി പാസായിരുന്നു. എന്നിരുന്നാലും ഒരു ഡോക്റ്ററേറ്റ് ഹോള്‍ഡറുടെ അറിവും ബോധവും തന്റേടവുമായിരുന്നു ഉസ്താദിന്റേത്. ഇംഗ്ലീഷും ഉറുദുവും അറബിയും അനായാസം കൈകാര്യം ചെയ്യുമായിരുന്നു. സ്‌കൂളില്‍ പഠിച്ച പാഠങ്ങളായിരുന്നു ഇവയെല്ലാം. തളങ്കര ഗവണ്‍മെന്റ് മുസ്‌ലിം ഹൈസ്‌കൂളില്‍നിന്നും  തന്നെ ഉര്‍ദു പഠിപ്പിച്ച അദ്ധ്യാപകനെ ഉസ്താദ് അനുസ്മരിക്കുമായിരുന്നു. നല്ലൊരു അദ്ധ്യാപകനായിരുന്നു അത്. ഉസ്താദ് അദ്ദേഹത്തെ നല്ലപോലെ ഉപയോഗപ്പെടുത്തി. ഭാഷാ നിപുണത കൈവരിച്ചു. ഇംഗ്ലീഷിന്റെയും അവസ്ഥ അതുതന്നെയായിരുന്നു. ഇവ്വിഷയകമായി ഉസ്താദിനോട് ചോദിക്കുമ്പോഴെല്ലാം തന്റെ പഠന കാലത്തെക്കുറിച്ചാണ് ഉസ്താദ് വാചാലനായിരുന്നത്. പഠിക്കേണ്ട കാലത്ത് വേണ്ടപോലെ പഠിച്ചു എന്നതായിരുന്നു ഉസ്താദിന്റെ വിജയരഹസ്യം. ഭാവിയില്‍ ഇംഗ്ലീഷില്‍ ഒരു പുസ്തകം വരെ എഴുതി പ്രസിദ്ധീകരിക്കാന്‍ സാധിച്ചുവെന്നത് ഏറെ അല്‍ഭുതകരം തന്നെയാണ്.

ദര്‍സില്‍ പഠിക്കുന്ന കാലത്തുതന്നെ വിശാലമായ വായനയുടെയും എഴുത്തിന്റെയും ആളായിരുന്നു ഉസ്താദ്. പഠനം കഴിഞ്ഞ് പഠിപ്പിക്കാന്‍ വന്നപ്പോഴും ഉസ്താദ് ഈ സ്വഭാവം നിറുത്തിയിരുന്നില്ല.  എല്ലാറ്റിനെക്കുറിച്ചും ഒരു ശരാശരി രൂപം ഉസ്താദ് ഉണ്ടാക്കിയെടുത്തിരുന്നു. അക്കാലത്ത് എഴുതിവെച്ച  അനവധി രചനകള്‍ ഇന്നും ഉസ്താദിന്റെ ശെല്‍ഫിലിരിപ്പുണ്ട്. അവയില്‍പെട്ട ചിലതാണ് ഈ അടുത്ത കാലങ്ങളിലായി പലയിടങ്ങളിലും പ്രസിദ്ധീകരിച്ചുവന്നിരുന്നത്. 

അനവധി മഹല്ലത്തുകളുടെ ഖാസി എന്നനിലക്കും കാസര്‍കോടിന്റെ ഒരു പണ്ഡിത സാന്നിദ്ധ്യമെന്നനിലക്കും തിരക്കുപിടിച്ച ജീവിതം നയിച്ചിരുന്ന ഒരാളാണ് ഉസ്താദ്. പല ദിവസങ്ങളിലും വീട്ടിലിരിക്കാന്‍ സമയം തന്നെ കിട്ടാറില്ല. രാവിലെപോയാല്‍ പിന്നെ രാത്രിയായിരിക്കും പരിപാടികളെല്ലാം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തുക. എന്നിരുന്നാലും എല്ലാ തിരക്കുകള്‍ക്കിടയിലും ഉസ്താദ് എഴുത്തിനും വായനക്കും സമയം കണ്ടെത്തിയിരുന്നുവെന്നതാണ് അല്‍ഭുതം. ഓരോ ദിവസവും അല്‍പ സമയമെങ്കിലും അതിനുവേണ്ടി നീക്കിവെച്ചിരുന്നു. 

ഗോളശാസ്ത്രം, ചരിത്രം, പാരമ്പര്യം, ശാസ്ത്രം, ഖുര്‍ആന്‍, ഹദീസ് തുടങ്ങിയ മേഖലകളിലാണ് ഉസ്താദ് കൂടുതലായും ചിന്തിച്ചിരുന്നതും എഴുതിയിരുന്നതും. ഈ മേഖലയിലെ പുസ്തകങ്ങളാണ് വായനക്കായി അവര്‍ മുന്‍ഗണനല്‍കിയിരുന്നതും. ഈ വിഷയങ്ങളിലെ എന്തു പുസ്തകങ്ങളും എന്തു വിലകൊടുത്തും അദ്ദേഹം സ്വന്തമാക്കുമായിരുന്നു. ഇവയുടമായി ബന്ധപ്പെട്ട് ഈ അടുത്ത കാലങ്ങളില്‍വരെ പ്രസിദ്ധീകൃതമായ പല പുസ്തകങ്ങളും ഉസ്താദിന്റെ അടുക്കലുണ്ടായിരുന്നു. 

ഗോളശാസ്ത്രത്തില്‍ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്നു ഉസ്താദിന്. പണ്ടു മുതലേ നമ്മുടെ നാട്ടില്‍ തുടര്‍ന്നുവരുന്ന ഇല്‍മുല്‍ ഫലക്ക് എന്നതിലപ്പുറം പുതിയ ചക്രവാളങ്ങള്‍ മുട്ടുന്നതായിരുന്നു ഇതില്‍ ഉസ്താദിന്റെ അവഗാഹം. നിരന്തരം അതിനുവേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്നൊരു മനസ്സായിരുന്നു ഉസ്താദിന് ഉണ്ടായിരുന്നത്. ഇവ്വിഷയകമായി പല ഭാഷകളിലുള്ള ധാരാളം ഗ്രന്ഥങ്ങളും ഉസ്താദിനടുത്ത് ഉണ്ടായിരുന്നു. 

പഠിക്കുന്ന കാലത്തു തന്നെ തുടങ്ങിയതാണ് ഇവ്വിഷയകമായ ഉസ്താദിന്റെ അന്വേഷണങ്ങള്‍.  മരിച്ചുപോയ കാഞ്ഞങ്ങാട് ഖാസി യു.കെ. ആറ്റക്കോയ തങ്ങള്‍, കണ്ണൂരിലെ പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, അവരുടെ പിതാവ് തുടങ്ങിയവര്‍ ഉത്തര മലബാറില്‍ ഇവ്വിഷയകമായി ആഴത്തില്‍ അറിവുനേടിയ ആളുകളായിരുന്നു. ഇവരില്‍ പലരുമായും ഉസ്താദ് നല്ല ബന്ധം വെച്ചുപുലര്‍ത്തിയിരുന്നു. ആറ്റക്കോയ തങ്ങളും പികെപിയും ഉസ്താദിന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഇവ്വിഷയകമായി ആഴത്തിലുള്ള ചര്‍ച്ചകളും അന്വേഷണങ്ങളും അവര്‍ ഒരുമയോടെയാണ് നടത്തിയിരുന്നത്. ഉത്തരമലബാറിലെ ഗോളശാസ്ത്രജ്ഞരുടെ കൂട്ടുകെട്ടായിരുന്നു ഇത്. ഉസ്താദിന്റെകൂടി വിയോഗത്തോടെ ഈ ശൃംഖലതന്നെ കണ്ണി മുറിഞ്ഞ് തീരുകയാണ്.

പള്ളിക്കും വീടിനുമൊക്കെയുള്ള സ്ഥല നിര്‍ണ്ണയത്തില്‍ അസാധാരണമായ കഴിവായിരുന്നു ഉസ്താദിന്. ഖിബ്‌ലനിര്‍ണ്ണയം വല്ലാത്തൊരു ശാസ്ത്രംതന്നെയായിരുന്നു. കാസര്‍കോടിന്റെയും കര്‍ണ്ണാടകയുടെയും മുക്കുമൂലകളില്‍വരെ ഇതിനുവേണ്ടി കടന്നുചെന്നിരുന്നു. കാസര്‍കോട് ജില്ലകളിലെ പള്ളികളിലെല്ലാം ഉസ്താദ് തയ്യാറാക്കിയ നിസ്‌കാര-ഉദയ സമയ വിവരപ്പട്ടിക കാണാവുന്നതാണ്. ഇങ്ങനെ  കേരളത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലെ സമയ വിവരങ്ങളെക്കുറിച്ച് ഉസ്താദ് നല്ലപോലെ ചിന്തിച്ചിരുന്നു. പുതിയ പുതിയ ശൈലികളും മാര്‍ഗങ്ങളുമാണ് ഉസ്താദ് ഇവയുടെ നിര്‍ണ്ണയത്തില്‍ പലപ്പോഴും അവലംബിച്ചിരുന്നത്. ഗൂഗിള്‍ മാപ്പും ഗൂഗിള്‍ എര്‍ത്തും ഉപയോഗപ്പെടുത്തി ഉസ്താദ് ദിശാനിര്‍ണ്ണയത്തിന് എളുപ്പവഴികള്‍ കണ്ടെത്തിയിരുന്നു. എം.ഐ.സിയില്‍ വര്‍ഷാനുവര്‍ഷം പുറത്തിറങ്ങുന്ന കലണ്ടറില്‍വരെ ഉസ്താദ് തന്റെതായ പല കണ്ടുപിടുത്തങ്ങളും രേഖപ്പെടുത്തിയിരുന്നു. ഓരോ മാസത്തിലും ഏതെല്ലാം ദിവസങ്ങളിലാണ് മാസം കാണാന്‍ സാധ്യതയുള്ളതെന്നും ഏതെല്ലാം ദിവസങ്ങളില്‍ മാസം നോക്കേണ്ടതില്ലെന്നും തുടങ്ങി കൃത്യമായി തിയ്യതി രേഖപ്പെടുത്തി ഉസ്താദിന്റെ പ്രത്യേകം ചാര്‍ട്ട് തന്നെ അവിടത്തെ കലണ്ടറുകളില്‍ കാണാവുന്നതാണ്. ചുരുക്കിപ്പറഞ്ഞാല്‍ പലജാതി അറിവുകളുടെ ഒരു മഹാ സംഭവംതന്നെയായിരുന്നു ഉസ്താദ്. അധികമാളുകളും ഉസ്താദിനെ കൂടുതലായി മനസ്സിലാക്കിയില്ലായെന്നത് മറ്റൊരു കാര്യം.

ഒരു ഗോളശാസ്ത്രജ്ഞന്റെ പരീക്ഷണാലയമായിരുന്നു എം.ഐ.സിയില്‍ ഉസ്താദിന്റെ ഓഫീസ്. പുസ്തകങ്ങളില്‍ പറയുന്ന പലവിധ ഉപകരണങ്ങളും ഉസ്താദിനടുത്ത് ഉണ്ടായിരുന്നു. ദാഇറത്തുല്‍ ഹിന്ദിയ്യ അവയില്‍ ഞാന്‍ പോര് ഓര്‍ക്കുന്ന ഒന്നാണ്. പിന്നെയും നീളമുള്ളതും കുത്തനെയുള്ളതുമായ എന്തൊക്കെയോ സാധനങ്ങള്‍, സ്‌കെയ്‌ലുകള്‍, വരക്കാന്‍ ചോക്ക്..... എല്ലാറ്റിലുമപ്പുറം തന്റെ നിരീക്ഷണങ്ങള്‍ നടത്താനായി ഓഫീനു മുമ്പില്‍ സ്ഥാപനത്തിന്റെ മുറ്റത്ത് ഒരു ചെറിയ തറ സ്ഥാപിച്ചിരിക്കുന്നു.   ശരിക്കും സൂര്യപ്രകാശം വീഴുന്നിടത്താണ് അത് സ്ഥിതി ചെയ്യുന്നത്. അതിന്മേലായിരുന്നു ഉസ്താദിന്റെ എല്ലാവിധ വാനശാസ്ത്ര നിരീക്ഷണങ്ങളും നടന്നിരുന്നത്. ഒരു പിടി ഓര്‍മകളുടെ മൂക സാക്ഷിയായി ആ തറ ഇന്നും അവിടെ നിലകൊള്ളുന്നു. 

പ്രത്യേകം പരിപാടികളില്ലാത്ത ദിവസങ്ങളിലെല്ലാം വളരെ നേരത്തെത്തന്നെ ഉസ്താദ് കാമ്പസിലെത്തുമായിരുന്നു. നിരീക്ഷണങ്ങള്‍ നടത്താനുദ്ദേശിക്കുന്ന ദിവസങ്ങളില്‍ സൂര്യന്‍ ഉദിച്ചുയരാന്‍ തുടങ്ങുമ്പോഴേക്കും കാമ്പസിലെത്തിയിരിക്കും. കാറില്‍ വന്നിറങ്ങി. ബാഗും സാധനങ്ങളും ഓഫീസില്‍ വെച്ചശേഷം ഉപകരണങ്ങളുമായി പുറത്തേക്കിറങ്ങുകയാണ് പതിവ്. ചൂട് പിടിച്ചുവരുന്ന വെയിലില്‍ തറക്കടുത്ത് ചെന്നായിരിക്കും പിന്നീട് നിരീക്ഷണങ്ങള്‍. ദാഇറത്തുല്‍ ഹിന്ദിയ്യ വെച്ച് എന്തൊക്കെയോ  പരീക്ഷണങ്ങള്‍ നടത്തും. സ്‌കെയിലുകള്‍ വെച്ചും അങ്ങോട്ടും ഇങ്ങോട്ടും വരക്കും. നിഴലുകളുടെ ചലനവും ചലന ശൈലിയും വേഗതയും എല്ലാം മനസ്സിലാക്കും. എല്ലാം ഒരു കൗതുകംപോലെ നോക്കിനില്‍ക്കാനേ എനിക്കൊക്കെ സാധിച്ചിരുന്നുള്ളൂ. എന്തോ ശക്തമായ അന്വേഷണത്തിന്റെയും കണ്ടുപിടുത്തത്തിന്റെയും ലോകത്തായിരുന്നു ഉസ്താദ്. ഏകദേശം ഉച്ചവരെ ഈ പരീക്ഷണങ്ങള്‍ നീണ്ടു നില്‍ക്കും.    ഇതൊരു സാധാരണ കാഴ്ചയായിരുന്നു. നട്ടുച്ചവെയിലത്ത് സ്‌കെയില്‍ പിടിച്ച് നില്‍ക്കുന്നത് കാണുമ്പോള്‍ ആ വലിയ മനുഷ്യന്റെ ജ്ഞാന തൃഷ്ണയെക്കുറിച്ച് പലപ്പോഴും ചിന്തിച്ചുപോയിട്ടുണ്ട്.

അസ്തമിച്ചുകൊണ്ടിരിക്കുന്ന ഈ ജ്ഞാന ശാഖയെ നിലനിര്‍ത്തണമെന്നൊരു ആഗ്രഹം ഉസ്താദിന് എന്നും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ, ഇവ്വിഷയകമായി കുട്ടികള്‍ക്ക് ക്ലാസുകള്‍ നല്‍കാന്‍തന്നെ ഉസ്താദ് തീരുമാനിച്ചു. കുറച്ചു കാലത്തിനുശേഷം എംഐസിയിലെ ദാറുല്‍ ഇര്‍ശാദ് അക്കാദമിയിലെയും അര്‍ശദുല്‍ ഉലൂം മുഥവ്വല്‍ കോളേജിലേയും കുട്ടികള്‍ക്ക് ക്ലാസ് തുടങ്ങി. തിയറിയും പ്രാക്ടിക്കലുമായിട്ടായിരുന്നു ക്ലാസ് നടന്നിരുന്നത്. ഇവ്വിഷയകമായി സ്വന്തമായിത്തന്നെ തയ്യാറാക്കിയ പുസ്തകത്തെ അടിസ്ഥാനമാക്കിയായിരുന്നു ക്ലാസ്. ക്ലാസിനു ശേഷം പലപ്പോഴും തറക്കടുത്ത് കൊണ്ടുവന്ന് പ്രാക്ടിക്കല്‍ ക്ലാസുകളും നടന്നിരുന്നു. 

കൂടാതെ ഇവ്വിഷയകമായി ധാരാളം പുസ്തകങ്ങളും എഴുതിയിരുന്നു ഉസ്താദ്. അറബിയിലാണ്   ഉസ്താദ് അധികം ഗോളശാസ്ത്രഗ്രന്ഥങ്ങളും എഴുതിയിട്ടുള്ളത്. പഠിച്ചുതുടങ്ങുന്നവര്‍ക്കുവേണ്ടിയും ഇവ്വിഷയകമായി ബോധമുള്ളവര്‍ക്കുവേണ്ടിയും വെവ്വേറെ പുസ്തകങ്ങള്‍തന്നെ  എഴുതിയിട്ടുണ്ട്. കൂടുതല്‍ വായനക്കാരെ കിട്ടണമെന്ന് ആഗ്രഹിച്ചിരുന്ന വിഷയങ്ങളും തന്റെ പുതിയതായിട്ടുള്ള കണ്ടുപിടിത്തങ്ങളും ഇംഗ്ലീഷിലാണ് ഉസ്താദ് എഴുതിയിരുന്നത്. പുതിയ പുതിയ വിവരങ്ങള്‍ ഗോളശാസ്ത്രവുമായി ചേര്‍ത്തിണക്കി ഖുര്‍ആനിന്റെ വെളിച്ചത്തില്‍ മലയാളത്തിലും ലേഖനങ്ങള്‍ എഴുതിയിരുന്നു. ഗോളശാസ്ത്രസംബന്ധിയായി മലയാളത്തില്‍ ധാരാളം ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. എം.ഐസി, സഅദിയ്യ, പട്ടിക്കാട് ജാമിഅ എന്നിവിടങ്ങളില്‍നിന്നും സമ്മേളനങ്ങളോടനുബന്ധിച്ചിറങ്ങിയ പല സുവനീറുകളിലും ഉസ്താദിന്റെ ഗോളശാസ്ത്ര ലേഖനങ്ങള്‍ കാണാവുന്നതാണ്. സുന്നിഅഫ്കാറിലും   കാസര്‍കേട്ടെ സായാഹ്ന ദിനപത്രം ഉത്തരദേശത്തിലും ധാരാളം പ്രസിദ്ധീകരിച്ചുവന്നിട്ടുണ്ട്. ഇവക്കെല്ലാം പുറമെ പ്രസിദ്ദീകരിക്കപ്പെടാത്തതായി പല ലേഖനങ്ങളും ഉസ്താദിന്റെ ശേഖരത്തിലും നിലനില്‍ക്കുന്നുണ്ട്. മാസപ്പിറവിയെക്കുറിച്ച് പണ്ടെന്നോ എഴുതി എവിടെയോ പ്രസിദ്ധീകരിച്ചുവന്നൊരു സമഗ്രമായ ലേഖനത്തിന്റെ കോപ്പി ഉസ്താദ് എനിക്ക് നല്‍കിയിരുന്നു. കൂടാതെ 'പ്രപഞ്ചശാസ്ത്രം: ഖുര്‍ആനിലും  ഹദീസിലും' എന്ന സമഗ്രമായൊരു വിഷയത്തില്‍ ഖുര്‍ആനിനെയും ഹദീസിനെയും ശാസ്ത്രത്തെയും മുമ്പില്‍ വെച്ച് സമഗ്രമായ മറ്റൊരു പുസ്തകവും രചിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഈ രചന ഏകദേശം അവസാനത്തോടടുത്തിരുന്നുവെന്നാണ് എന്റെ ധാരണ. ഇതിന്റെ പല ഭാഗങ്ങളും വായിക്കാന്‍ ഉസ്താദ് എനിക്ക് നല്‍കിയിരുന്നു. ഗോളശാസ്ത്രത്തില്‍ ഏറ്റവും പുതിയ വിവരങ്ങളടങ്ങിയ അമേരിക്കയില്‍നിന്നറങ്ങുന്ന ജേര്‍ണലുകള്‍ ഉസ്താദിനോടൊപ്പം സാധാരണ കാണാമായിരുന്നു. സ്വന്തം തന്നെ അവയെല്ലാം വായിച്ചെടുത്താണ് ഉസ്താദ് തന്റെ അറിവുകള്‍ പരിപോഷിപ്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഗോളശാസ്ത്ര സംബന്ധിയായ ഏറ്റവും പുതിയ അറിവുകളാണ് ഉസ്താദിന്റെ അടുത്ത് എപ്പോഴും ഉണ്ടായിരുന്നത്. അറബ് ലോകത്തുനിന്നറങ്ങുന്ന ഇവ്വിഷയകമായ പുതിയ രചനകളും ഉസ്താദ് കണ്ടെത്തി വരുത്തി വായിച്ചിരുന്നു. ഉസ്താദിന്റെ ചിന്തകളെ ശരിവെക്കുന്ന നിലക്കുള്ള അതിലെ പല പരാമര്‍ശങ്ങളും തുറന്ന് കാണിക്കുകയും അതിലെ രസങ്ങള്‍ പങ്ക് വെക്കുകയും ചെയ്യുന്ന പല അവസരങ്ങളും ഉണ്ടായിട്ടുണ്ട്. ചിരിച്ചുകൊണ്ട് അവയോരോന്നിന്റെയും ആഴങ്ങളിലേക്ക് ചര്‍ച്ചകള്‍ നീണ്ടുപോകുന്നത് ഇപ്പോഴും മായാതെ ഓര്‍മയില്‍ തെളിഞ്ഞുനില്‍ക്കുന്നു. എന്തെങ്കിലും ഒരു പുതിയ കാര്യം വായിക്കുകയോ കണ്ടെത്തുകയോ ചെയ്താല്‍ അത് ആരോടെങ്കിലും പറഞ്ഞാല്‍ മാത്രമേ ഉസ്താദിന് സമാധാനമാകുമായിരുന്നുള്ളൂ. പലപ്പോഴും അവിടെ സേവനം ചെയ്യുന്ന ഞങ്ങള്‍ ഹുദവി സുഹൃത്തുകളായിരുന്നു അതിന് പാത്രമായിരുന്നത്. നല്ല നല്ല നിരൂപണങ്ങളും സംശങ്ങളും പ്രതികരണങ്ങളും ഉസ്താദിന് വല്ലാത്ത ഇഷ്ടമായിരുന്നു. ഗോളശാസ്ത്രത്തില്‍ മിനുട്ടുകളോളം നീണ്ടുനില്‍ക്കുന്ന സംവാദങ്ങള്‍ സാധാരണമായിരുന്നു.
ഗോളശാസ്ത്രത്തില്‍ പ്രധാനമായും അഞ്ചു പുസ്തകങ്ങളാണ് ഉസ്താദിന്റെത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്. 

1) ഇല്‍മുല്‍ ഫലക്ക് അലാ ളൗഇ ഇല്‍മില്‍ ഹദീസ്
2) തസ്‌വീദുല്‍ ഫിക്‌രി വല്‍ ഹിമം ഫീ തബ്‌യീനിന്നസബി വ ലോഗാരിതം
3) ഇസ്തിഖ്‌രാജു ഔഖാത്തിസ്സ്വലാത്തി വ സുമൂത്തില്‍ ഖിബ്‌ല അലാ ഥരീഖി ഹിസാബി ലോഗാരിതം
4) അല്‍ ബൂസ്വിലത്തുല്‍ മിഗ്നാഥീസ്വിയ്യ വന്‍ഹിറാഫുഹാ അനില്‍ ജിഹാത്തില്‍ അസ്‌ലിയ്യ
5) മാഗ്നറ്റിക് കോംപ്ലസ് ആന്റ് ഇറ്റ്‌സ് ഡെക്ലിനേഷന്‍ ഫ്രം സ്റ്റാന്റേര്‍ഡ് ഡയറക്ഷന്‍

ഇതില്‍ ആദ്യ കൃതി ഗോളശാസ്ത്രത്തിലെ തുടക്കക്കാര്‍ക്കുള്ളതാണ്. ഗോളശാസ്ത്ര പഠനത്തിന്റെ ബെയ്‌സിക്കുകളാണ് ഇതില്‍ പറയുന്നത്. പ്ലൂട്ടോ ഗ്രഹമാണ് എന്ന് ശാസ്ത്രം പറഞ്ഞിരുന്ന സമയത്താണ് ഈ പുസ്തകം ഉസ്താദ് രചിക്കുന്നത്. അതിനാല്‍ അതനനുസരിച്ച പ്രതിപാദനമായിരുന്നു ഉസ്താദിന്റെ പുസ്തകത്തിലൂണ്ടായിരുന്നത്. പ്ലൂട്ടോ ഗ്രഹങ്ങളില്‍ പെട്ടതല്ലായെന്ന് ശാസ്ത്രം പറഞ്ഞതോടെ ഉസ്താദ് അത് തിരുത്തി എഴുതി. അമേരിക്കയില്‍നിന്നോ മറ്റോ ഇറങ്ങുന്ന ഗോളശാസ്ത്ര പുസ്തകത്തെ ആധാരമാക്കിയാണ് ഉസ്താദ് പിന്നീടത് പരിഷ്‌കരിച്ചിരുന്നത്. ഒരിക്കല്‍, ഉസ്താദിന്റെ റൂമിലേക്ക് ചെന്നപ്പോള്‍ നാസയോ മറ്റോ ഇറക്കിയ ഒരു പുസ്തകത്തില്‍ പ്ലൂട്ടോയെ ഗ്രഹകുടുംബത്തില്‍നിന്നും പുറത്താക്കിയതിനെക്കുറിച്ചുള്ള ഗാഢമായ വായനയിലാണ് ഉസ്താദ്. കണ്ടപാടെ പുതുതായി കിട്ടിയ വിവരങ്ങള്‍ ഉസ്താദ് പങ്ക് വെക്കാന്‍ തുടങ്ങി. കട്ടിയുള്ള ഇംഗ്ലീഷ് അനായാസം ഗ്രഹിച്ചെടുക്കുന്നത് കണ്ടപ്പോള്‍ അല്‍ഭുതം തോന്നിപ്പോയി. ഒന്നാമതായി ഗോളശാസ്ത്രം, രണ്ടാമതായി കട്ടിയുള്ള പുസ്തകം, മൂന്നാമതായി ശക്തമായ ഭാഷാശൈലി... ഇവക്കെല്ലാം നടുവിലാണ് ആസ്വാദ്യകരമെന്നോണം ഉസ്താദ് ആ പുസ്തകം വായിച്ചുകൊണ്ടിരുന്നത്. എന്നാല്‍, കേവലം ഇംഗ്ലീഷ് പുസ്തകങ്ങള്‍ മാത്രമായിരുന്നില്ല, അവയോടൊപ്പം തന്നെ രിസാല, ചഗ്മീനി തുടങ്ങിയവയും പല പല ഫിഖ്ഹീ കിത്താബുകളും ഉസ്താദ് ഇതിനായി തുറന്നുവെക്കുമായിരുന്നു. ഇവയെല്ലാം കേവലമൊരു നാടകമെന്നോണം നോക്കിനില്‍ക്കാനേ ഞങ്ങള്‍ക്കൊക്കെ സാധിച്ചിരുന്നുള്ളൂ. ഉസ്താദിന്റെ ഓരോ സംസാരത്തിനും മൂളിക്കൊടുക്കുകയെന്നതല്ലാതെ കൂടുതലൊന്നും പ്രതികരിക്കാന്‍ സാധിച്ചിരുന്നില്ല. പലപ്പോഴും അത്രയും ആഴങ്ങളിലേക്കിറങ്ങിയായിരുന്നു ഉസ്താദ് സംസാരിച്ചിരുന്നത്. ഈ വിഷയത്തില്‍ നമുക്കുള്ള അല്‍പജ്ഞാനം പലപ്പോഴും സംസാരം പെട്ടെന്ന് അവസാനിപ്പിക്കാന്‍ കാരണമായിരുന്നു. എങ്കിലും കാര്യങ്ങള്‍ നമുക്കുകൂടി മനസ്സിലാക്കിത്തരും വിധം കൂടുതല്‍ സരളമായാണ് ഉസ്താദ് സംസാരിച്ചിരുന്നത്. 

അന്വേഷണലോകത്ത് ചര്‍ച്ചകളും സംവാദങ്ങളും ഉസ്താദിന് വല്ലാത്ത ഇഷ്ടമായിരുന്നു. ഇവ്വിഷയകമായി സംസാരിക്കാനും ചര്‍ച്ചചെയ്യാനും എപ്പോഴും ഒരാള്‍ കൂടെയുണ്ടായിരിക്കുകയെന്നത് ഉസ്താദിനെ വല്ലാതെ സന്തോഷിപ്പിക്കുന്ന കാര്യമായിരുന്നു. ഞങ്ങളാരും സംശയങ്ങള്‍ ചോദിച്ചില്ലെങ്കില്‍ സംശയം ജനിപ്പിച്ച് അതിനു ഉത്തരം പറയുമായിരുന്നു ഉസ്താദ്. തന്റെ പുസ്തകങ്ങള്‍ ഒരുപാട് ആളുകള്‍ വായിച്ച് സംശയങ്ങളുമായി വരാന്‍ ഉസ്താദ് ആഗ്രഹിച്ചിരുന്നു. പക്ഷെ, ഇത്തരം വിജ്ഞാനത്തോട് നമുക്കുള്ള വൈമനസ്യം കൊണ്ടോ, അത്തരം ജ്ഞാന ശാഖകള്‍ ഉള്‍ക്കൊള്ളാനുള്ള കപ്പാസിറ്റി നമുക്ക് ഇല്ലാത്തതുകൊണ്ടോ മറ്റോ ഉസ്താദിന്റെ ഇത്തരം പുസ്തകങ്ങള്‍ക്കൊന്നും കൂടുതല്‍ വായനക്കാരെ ലഭിച്ചിരുന്നില്ലായെന്നതാണ് ഖേദകരമായ വസ്തുത. 

അറബി മനസ്ലിലാകുന്നില്ലെങ്കില്‍ തന്റെ ഇത്തരം ചിന്തകള്‍ നാലാളെങ്കിലും വായിച്ച് പ്രതികരിക്കട്ടെ എന്നു കരുതിയായിരുന്നു ഉസ്താദ് മാഗ്നാറ്റിക് കോംപസ് ആന്റ് ഇറ്റ്‌സ് ഡിക്ലിനേഷന്‍ എന്ന പുസ്തകം ഇംഗ്ലീഷില്‍ എഴുതിയിരുന്നത്. നാട്ടിലെ വിദ്യാഭ്യാസ വിചക്ഷണരും ഭൗതിക വിദ്യാര്‍ത്ഥികളും ഇതുവായിക്കണമെന്ന് ഉസ്താദ് ആഗ്രഹിച്ചിരുന്നു. പക്ഷെ, ഒറ്റപ്പെട്ട ചില പ്രതികരണങ്ങളിലപ്പുറം അതിനും കൂടുതല്‍ 

റെസ്‌പൊണ്‍സൊന്നും ലഭിച്ചിരുന്നില്ല. ആളുകള്‍ പൊതുവെ വായന പ്രിയര്‍ അല്ലാത്തതിനാലും ഈ വിഷയകമായി ആളുകള്‍ക്കത്ര താല്‍പര്യമില്ലാത്തനിലുമായിരുന്നു ഇത്. എങ്കിലും ഉസ്താദിന് ഉന്നതതലങ്ങളിലെ ചില സ്ഥിരം കുറ്റികളുണ്ടായിരുന്നു. അവര്‍ വായിക്കുകയും പ്രതികരിക്കുകയും ചെയ്തിരുന്നു. ഉസ്താദിന് എഴുത്തു മേഖലയില്‍ എന്നും പ്രേരണയായിരുന്നത് ഇത്തരം നല്ല ബന്ധങ്ങളായിരുന്നു. മരണത്തിന്റെ ഏകദേശം ഒന്നര മാസം മുമ്പ് കണ്ട് സംസാരിച്ചപ്പോഴും ഗോളസാസ്ത്ര പുസ്തകങ്ങളെക്കുറിച്ച് തന്നെയായിരുന്നു ഉസ്താദിന് പറയാനുണ്ടായിരുന്നത്. ''എന്റെ ആ പുസ്തകത്തിന് വല്ലാത്ത പ്രതികരണമൊന്നും കിട്ടിയില്ല.... ആളുകള്‍ക്കൊന്നും അത് മനസ്സിലായില്ലായെന്നാണ് തോന്നുന്നത്....'' എന്ന് ഉസ്താദ് പറയുകയുണ്ടായി. ഉസ്താദ് അത് അറബിയിലും ഇംഗ്ലീഷിലുമൊക്കെ എഴുതിയതിനാലാണ്... മലയാളത്തിലായിരുന്നുവെങ്കില്‍ കൂടുതല്‍ വായനക്കാരെ കിട്ടുമായിരുന്നുവെന്ന് ഞാന്‍ രസമായി പറഞ്ഞുനോക്കി. ഉസ്താദിന്റെ മുഖത്ത് പുഞ്ചിരിയായിരുന്നു പ്രതികരണം. കേവലം സാധാരണക്കാര്‍ വായിച്ചിട്ട് കാര്യമില്ല... വിദ്യാഭ്യാസവും ചിന്തയും ഉള്ള ആളുകള്‍ വായിക്കണമെന്നായിരുന്നു ഉസ്താദ് ആഗ്രഹിച്ചിരുന്നത്. ഗോളശാസ്ത്രത്തിലെ ഗ്രന്ഥ രചനാവേളയില്‍ ഉസ്താദിനെ നല്ലപോലെ സഹായിച്ചവരായിരുന്നു അന്‍വര്‍ ഹുദവി മാവൂരും ഇസ്മാഈല്‍ ഹുദവി ചെമ്മാടും.  കിത്താബുകള്‍ മറിച്ച് പോയ്ന്റുകള്‍ കണ്ടെത്താനും സോഴ്‌സുകള്‍ എടുത്തുകൊടുക്കാനും എഴുതിക്കഴിഞ്ഞവ ടൈപ്പ് ചെയ്യാനും പ്രൂഫ് ശരിയാക്കാനുമെല്ലാം ഇവരെയാണ് ഉസ്താദ് വിളിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഉസ്താദിന്റെ ഓരോ പുസ്തകത്തിന്റെ ആമുഖത്തിലും ഇവരുടെ സേവനങ്ങള്‍ക്ക് നന്ദി   പറയുന്നത് കാണാവുന്നതാണ്. പ്രായമായ സമയങ്ങളില്‍ രചനാമേഖലയിലെ ചലനാത്മകമായ മുന്നേറ്റത്തിന് എപ്പോഴും ഒരാളുടെ കൂട്ട് ഉസ്താദിന് പ്രചോദനമായിരുന്നു.

സുന്നിഅഫ്കാറിലും മറ്റും ഗോളശാസ്ത്ര സംബന്ധിയായി ലേഖനമെഴുതിയപ്പോള്‍ പലയിടങ്ങളില്‍നിന്നും പ്രതികരണം വന്നുവെന്നത് ഉസ്താദിനെ വല്ലാതെ സന്തോഷിപ്പിച്ച കാര്യമായിരുന്നു. മലപ്പുറത്തുനിന്നുവരെ ചിലയാളുകള്‍ ഫോണിലൂടെയും അല്ലാതെയും ഉസ്താദിനോട് സംശയങ്ങള്‍ ചോദിക്കുകയുണ്ടായി. പലരും തങ്ങളുടെ സുവനീറുകളിലേക്ക് ഉസ്താദിന്റെ ഗോളശാസ്ത്രലേഖനങ്ങള്‍ ചോദിച്ചു വാങ്ങുകയും ചെയ്തിരുന്നു. 

മുന്‍കാലങ്ങളെ അപേക്ഷിച്ച് നോക്കിയാല്‍ അവസാന കാലങ്ങളില്‍ ഉസ്താദിന്റെ എഴുത്ത് കൂടുതലായും ഗോളശാസ്ത്രത്തെ കേന്ദ്രീകരിച്ചായിരുന്നുവെന്ന് കാണാവുന്നതാണ്. മുമ്പ് സഅദിയ്യയില്‍ സേവനം ചെയ്തുകൊണ്ടിരുന്ന കാലങ്ങളിലൊക്കെ വ്യത്യസ്ത വിഷയങ്ങളില്‍ കനപ്പെട്ട ലേഖനങ്ങളും പഠനങ്ങളും ഉസ്താദ് എഴുതി പ്രസിദ്ധീകരിച്ചിരുന്നു. മതങ്ങളെയും ഇസങ്ങളെയും കുറിച്ച് വലിയൊരു പരമ്പരതന്നെ ഉസ്താദ് എഴുതിയിട്ടുണ്ട്. ഉസ്താദ് തന്നെ അതിനെക്കുറിച്ച് ഒരിക്കല്‍ ഓര്‍മ്മിപ്പിച്ചിരുന്നു.  പക്ഷെ, അതിന്റെ കോപ്പികള്‍ അന്വേഷിച്ചുകണ്ടെത്തേണ്ടിയിരിക്കുന്നു.

വിവര്‍ത്തന സാഹിത്യത്തിലും അഗ്രഗണ്യനായിരുന്നു ഉസ്താദ്. ഉറുദുവില്‍നിന്ന് അറബിയിലേക്കും അറബിയില്‍നിന്ന് ഉറുദുവിലേക്കും അറബിയല്‍നിന്ന് ഇംഗ്ലീഷിലേക്കും ഇംഗ്ലീഷില്‍നിന്ന് അറബിയിലേക്കും മലയാളത്തിലേക്കും തിരിച്ചും എല്ലാം അനായാസം ഉസ്താദ് ഭാഷാന്തരം നടത്തുമായിരുന്നു. ഭാഷയിലെ അഗാധമായ കഴിവായിരുന്നു ഇതിനു കാരണം. തന്റെ പുസ്തക രചനയില്‍ ഈ കഴിവ് ഉസ്താദ് നല്ലപോലെ ഉപയോഗപ്പെടുത്തിയിരുന്നു. വന്‍ ചിന്തകരുടെ കോട്ടിങ്ങുകള്‍ വരെ അതില്‍ പ്രതിപാതിക്കപ്പെട്ടിരുന്നു. ഇസ്‌ലാമിന്റെ സാര്‍വ്വ ലൗകികതയെയും സാര്‍വ്വ മാനവികതയെയും കുറിച്ച്  അല്ലാമാ ഇഖ്ബാല്‍ എഴുതിയ ഒരു കവിത ഉസ്താദ് അറബിയിലേക്ക് വിവര്‍ത്തനം നടത്തിയത് കണ്ടാല്‍  ഏത് ഭാഷാപണ്ഡിതന്‍ പോലും അമ്പരന്നുപോകും. എം.ഐ.സിയുടെ അഞ്ചാം വാര്‍ഷിക സുവനീറില്‍ ഇത് കാണാവുന്നതാണ്. ഇഖ്ബാലിന്റെ താളാത്മകമായി പാടാന്‍ പറ്റുന്ന കവിത അതിന്റെ അതേ ഗാംഭീര്യം ചോര്‍ന്നുപോകാതെത്തന്നെ അതേ രീതിയില്‍ അറബിയിലേക്ക് വിവര്‍ത്തനം നടത്തിയിരിക്കുന്നു. ഒരേ രീതിയില്‍ ഒരേ താളത്തില്‍ രണ്ടും പാടാന്‍ സാധിക്കുന്നു. ഒരു തവണ വായിക്കുന്ന ആരെയും വിസ്മയിപ്പിക്കുന്നതായിരുന്നു ഉസ്താദിന്റെ ഈ ശൈലി.  ഇമാം സുയൂഥി (റ) ഒരു പ്രത്യേക രീതിശാസ്ത്രത്തോടെ സമാഹരിച്ച ഒരു ഹദീസ് ഗ്രന്ഥവും ഉസ്താദ് വിവര്‍ത്തനം ചെയ്തു വെച്ചിട്ടുണ്ട്.     വളരെ മുമ്പ് തന്നെയാണ് ഇതിന്റെ പണി നടന്നിരുന്നത്. ഉസ്താദ് പണ്ട് എന്തൊക്കെ എഴുതിരുന്നുവെന്നും ഇപ്പോള്‍ ശെല്‍ഫില്‍ എന്തൊക്കെ പ്രസിദ്ധീകരിക്കപ്പെടാത്തതായിട്ട് നിലനില്‍ക്കുന്നുവെന്നുമൊക്കെ ഒരിക്കല്‍ രസമായി കുത്തി കുത്തി ചോദിച്ചപ്പോള്‍ ഉസ്താദ് സൂചിപ്പിച്ചതാണ് ഇത്. പ്രവാചക ഹദീസുകളില്‍ വന്നിട്ടുള്ള ഒരു കാര്യം, രണ്ടു കാര്യം, മൂന്നു കാര്യം..... പത്തു കാര്യങ്ങള്‍.... എന്നിങ്ങനെ വന്നിട്ടുള്ള ഹദീസുകളെയെല്ലാം ഇമാം സുയൂഥി സമാഹരിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, നിങ്ങള്‍ ഇന്നാലിന്ന രണ്ടു കാര്യങ്ങള്‍ ചെയ്യുക... എങ്കില്‍ സ്വര്‍ഗം ഉറപ്പാണ്...... വിശ്വാസി സൂക്ഷിച്ചിരിക്കേണ്ട ആറു കാര്യങ്ങള്‍ ഇവയാണ്..... ഇങ്ങനെ അക്കമിട്ട് എണ്ണി പത്ത് വരെ കാര്യങ്ങള്‍ പറയുന്ന ധാരാളം ഹദീസുകള്‍ വന്നിട്ടുണ്ട്. വളരെ മനോഹരമായ ഒരു സമാഹാരമാണിത്. ഇതില്‍ ഓരോ അദ്ധ്യായത്തിനും ഏകം, ധ്വയം, ത്രയം എന്നിങ്ങനെ പത്തു വരെയാണ് നാമം. ഒരു ദിവസം ഉസ്താദിനെ കാണാന്‍ പോയപ്പോള്‍  ഇതിനെക്കുറിച്ചായിരുന്നു ചര്‍ച്ച. ഇമാം സുയൂഥി ശീര്‍ഷകങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുള്ള പദങ്ങള്‍ അതേ പോലെത്തന്നെ വിവര്‍ത്തനം നടത്തുകയായിരുന്നു ഉസ്താദ്. ശബ്ദതാരാവലിയും വിശ്വവിജ്ഞാന കോശവുമൊക്കെ ഉസ്താദിന്റെ പഠന വഴിയിലെ ഉപകരണങ്ങളായിരുന്നു. ഇത് പുസ്തകമായി പ്രസിദ്ധീകരിച്ചു വന്നിട്ടില്ലെങ്കിലും ഇതിന്റെ ചില ഭാഗങ്ങള്‍ ചില സുവനീറുകളിലായി പ്‌സിദ്ധീകരിച്ചു വന്നിട്ടുണ്ടെന്നാണ് അറിവ്. ബുര്‍ദ: ഒരു ഗദ്യവിവര്‍ത്തനം എന്നതാണ് അവസാനമായി വന്നിട്ടുള്ള ഉസ്താദിന്റെ വിവര്‍ത്തന കൃതി. ബുര്‍ദയുടെ പദ്യവിവര്‍ത്തനവും വ്യാഖ്യാനവും വിശദീകരണവും എല്ലാമായി ധാരാളം  കൃതികള്‍ കാണാമെങ്കിലും അതില്‍നിന്നെല്ലാം വ്യതിരിക്തമായൊരു രചനയാണിത്. മനോഹരമായ ഭാഷയില്‍ വളരെ കൃത്യവും മിതവുമായി ഇതില്‍ ഉസ്താദ് അര്‍ത്ഥങ്ങളെ കൈകാര്യം ചെയ്തിരിക്കുന്നു. എം.ഐ.സി വിദ്യാര്‍ത്ഥി സംഘടന ദിശ ബുക് സെല്‍ (ഡി.ബി.സി) ആണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഉസ്താദിന്റെ ജീവിത കാലത്ത് തന്റെ കര്‍മ ഭൂമിയായ കാസര്‍കോടിന്റെ മണ്ണില്‍ നിന്നും പ്രകാശനം ചെയ്യപ്പെട്ട ഏറ്റവും അവസാനത്തെ പുസ്തകമായിരിക്കും ഇത്. കഴിഞ്ഞ ഡിസംബറില്‍ അവിടെ സംഘടിപ്പിക്കപ്പെട്ട ഒരു പരിപാടിയിലായിരുന്നു ഇത് പ്രകാശനം ചെയ്യപ്പെട്ടിരുന്നത്.

പിന്നീട്, വിവിധ വിഷയങ്ങളില്‍ പരന്നു കിടക്കുന്നതാണ് ഉസ്താദിന്റെ രചനകള്‍. അവ ഇങ്ങനെ മനസ്സിലാക്കാം:
1) നോമ്പിന്റെ മര്യാദകള്‍
2) ചരിത്ര ശകലങ്ങള്‍
3) ഫത്ഹുല്‍ കന്‍സ് ഫീ മനാഖിബി കുറാമാത്തി വലിയ്യില്‍ ജംഹരി
4) മൗലിദുന്‍ അലാ മനാഖിബി ഖാസി മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍
5) മൗലിദുന്‍ അലല്‍ ഖാസി ല്‍ അവ്വല്‍ ബി മങ്ക്‌ളൂര്‍: അല്‍ ഫത്ഹുല്‍ ജെയ്ശി ഫീ മനാഖിബി മൂസ ബിന്‍ മാലിക് അല്‍ ഖുറശി
6) മംഗലാപുരം ഖാസിമാര്‍ (മലയാളം-കന്നട പതിപ്പുകള്‍)

മഹാന്മാരുടെ ചരിത്രങ്ങളെ അയവിറക്കാനായി അറബിയില്‍ മനോഹരമായി തയ്യാറാക്കിയ മൗലിദുകളാണ് ഇതില്‍ നാലാമത്തെയും അഞ്ചാമത്തെയും പുസ്തകങ്ങള്‍. ഇതില്‍ ആദ്യത്തേത് കുറേ മുമ്പ് തയ്യാറാക്കിയതാണെങ്കിലും രണ്ടാമത്തേത് മംഗലാപുരം ഖാസിയായ ശേഷം എഴുതിയതാണ്. പ്രഥമ മംഗലാപുരം ഖാസിയായിരുന്ന മഹാത്മാവിന്റെ ചരിത്രമാണ് അതില്‍ അനാവരണം ചെയ്യുന്നത്.

ഉസ്താദിന്റെ രചനാ ചരിത്രത്തിലെ വളരെ ശ്രദ്ധേയമായൊരു സൃഷ്ടിയാണ് മൂന്നമായി പറഞ്ഞ  ഫത്ഹുല്‍ കന്‍സ് ഫീ മനാഖിബി കുറാമാത്തി വലിയ്യില്‍ ജംഹരി എന്ന കൃതി. ചെമ്പരിക്കാ മാല എന്നാണ് ഉസ്താദ് തന്നെ ഇതിന് നല്‍കിയിരിക്കുന്ന മറ്റൊരു പേര്. സാക്ഷാല്‍ അറബി മലയാളത്തിലുള്ള അതിമനോഹരമായ ഒരു മാലയാണിത്. ചെമ്പിരിക്കയുടെ ചരിത്രവും ചെമ്പിരിക്കാ മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന മഹാന്റെ ചരിത്രവും ഉള്‍ക്കൊള്ളുന്നതാണ് ഇതിന്റെ ഉള്ളടക്കം. 1961 ന് മുമ്പാണ് ഇത് രചിക്കപ്പെട്ടിട്ടുള്ളത്. 1961 ല്‍ മലപ്പുറം തിരൂരങ്ങാടി പ്രസ്സില്‍ നിന്നാണ് ഇത് ആദ്യമായി  പ്രിന്റ് ചെയ്യപ്പെട്ടിട്ടുള്ളത്. കേരളത്തിന് പരിചയമുള്ള മാപ്പിളത്തനിമയുടെ ചൂടും ചൂരും നിറഞ്ഞുനില്‍ക്കുന്ന   മാപ്പിള സാഹിത്യ പാരമ്പര്യത്തിലെ ഒരു അപൂര്‍വ്വ സാധനമായി നമുക്കിതിനെ മനസ്സിലാക്കാവുന്നതാണ്. അറബി മലയാളത്തിന്റെയും മാപ്പിളത്തനിമയുടെയും ഒരു തരം പ്രത്യേക ഭാഷയാണ് പേജുകള്‍ വരുന്ന അതില്‍ മുഴുവനായും ഉപയോഗിച്ചിരിക്കുന്നത്. മനോഹരമായി പാടാന്‍ കഴിയുന്ന വിധത്തില്‍ താളാത്മകമായി ചരിത്രങ്ങള്‍ അതില്‍ അവലോകനം ചെയ്യപ്പെട്ടിരിക്കുന്നു. ഈ മാലയുടെ പുതിയ എഡിഷന്‍ ഈ അടുത്തായി പുന:പ്രിന്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഉസ്താദിനുള്ളിലെ മാപ്പിള സാഹിത്യ കാരനെ കണ്ടപ്പോള്‍ അല്‍ഭുതത്തിന് മേല്‍ അല്‍ഭുതമാണ് തോന്നിയത്. ഇങ്ങനെയൊരു പണ്ഡിതന്‍ തന്റെ ജീവിത കാലത്ത് കൊളുത്തിവെച്ചിട്ടുള്ള മഹാ ശില്‍പങ്ങള്‍ എന്നും ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. ഉസ്താദിന്റെ പല രചനകളും കാലയവനികക്കുള്ളില്‍ സമാഹരിക്കപ്പെടാതെ നഷ്ടപ്പെട്ടുപോയിരിക്കുന്നുവെന്നതാണ് വസ്തുത.

വളരെ ശക്തമായ രചനാ പാടവമാണ് ഉസ്താദിന് ഉണ്ടായിരുന്നത്. ഒരു തരം ലളിതവും സരളവും താളാത്മകവുമായ ഭാഷയായിരുന്നു ഉസ്താദ് ഉപയോഗിച്ചിരുന്നത്. ഒരു നോവല്‍ വായിച്ചു തീര്‍ക്കു ന്ന ലാഘവത്തില്‍ ഉസ്താദിന്റെ ഏത് ലേഖനവും വായിച്ചു തീര്‍ക്കാമായിരുന്നു. അനുഭവവുമായി ബന്ധപ്പെട്ട വല്ല കാര്യങ്ങളുമാണ് എഴുതുന്നതെങ്കില്‍ ഒരു തരം ഒഴുകുന്ന ഭാഷയായിരുന്നു പുറത്തുവന്നിരുന്നത്. അക്ഷരത്തെറ്റുകളോ ഭാഷാപ്രയോഗത്തിലെ രസമില്ലായ്മയോ ഉസ്താദിന്റെ എഴുത്തിനെ തീണ്ടുകപോലും ചെയ്തിരുന്നില്ല. പലപ്പോഴും പല സാധനങ്ങളുടെയും എഴുത്തുകുത്തുകളുമായി ചെന്നാല്‍ പോലും തിരുത്തലുകളോടെ മാത്രമേ ഉസ്താദിന്റെ മുമ്പില്‍ സ്വീകരിക്കപ്പെട്ടിരുന്നുള്ളൂ. നമ്മുടെ എഴുത്തുകളിലെ ചെറിയ തെറ്റുകള്‍വരെ വളരെ പെട്ടെന്ന് കണ്ടെത്താനുള്ള ഒരു തരം അപാരമായ കഴിവ് ഉസ്താദിന് ഉണ്ടായിരുന്നു. പല ലേഖനങ്ങളും എഴുതിക്കൊണ്ടു ചെല്ലുമ്പോള്‍ അവനധി സെന്റന്‍സുകള്‍ മാറ്റിയെഴുതിപ്പിച്ച സംഭവങ്ങള്‍വരെയുണ്ടായിട്ടുണ്ട്. ചില കത്തുകള്‍ തയ്യാറാക്കാന്‍ തരുമായിരുന്നു. ഒരു ഔദ്യോഗിത ലെറ്റര്‍ എന്ന നിലക്ക് അതില്‍ വല്ല തെറ്റുകളും വന്നാല്‍ തിരുത്തി തിരുത്തി അക്കാര്യം നമ്മെ പഠിപ്പിച്ചിട്ടായിരുന്നു ഉസ്താദ് നമ്മെ വിട്ടിരുന്നത്. എന്തിലും സ്വന്തമായി അഭിപ്രായവും നിലപാടും പറയാന്‍ സാധിക്കുന്ന, എന്തിലും കാര്യക്ഷമമായി ഇടപെടാന്‍ കഴിയുന്ന ഒരു അസാധാരണ വ്യക്തിത്വം എന്ന് നമുക്ക് ഉസ്താദിനെ വളരെ ചുരുക്കി മനസ്സിലാക്കാവുന്നതാണ്. തന്റെ സപ്തതി പിന്നിട്ടതിന് ശേഷം പോലും പര സഹായമില്ലാതെ, ചിന്തക്ക് യാതൊരു കുഴപ്പം സംഭവിക്കാതെ പ്രാപ്തിയോടെ, ചങ്കൂറ്റത്തോടെ മുന്നോട്ടുപോയ മഹാനായ സാന്നിദ്ധ്യമായിരുന്നു ഉസ്താദ്.

സ്വന്തം കൈക്കൊണ്ട് തന്നെയാണ് ഉസ്താദ് തന്റെ രചനകളെല്ലാം നടത്തിയിരുന്നത്. പലപ്പോഴും ഡയറികളിലോ നോട്ടുപുസ്തകങ്ങളിലോ ആയിരുന്നു ഉസ്താദിന്റെ പുസ്തകങ്ങളുടെയും ലേഖനങ്ങളുടെയും ആദ്യരൂപങ്ങള്‍ ജീവനെടുത്തിരുന്നത്. ആര്‍ക്കും വായിക്കാന്‍ തിരിയുന്ന പ്രത്യേകതരം കയ്യെഴുത്തായിരുന്നു ഉസ്താദിന്റെത്. പൂര്‍ണ്ണമായും എഴുതിക്കഴിഞ്ഞതിന് ശേഷം മാഗസിലേക്കോ മറ്റോ അയക്കാനുള്ളതാണെങ്കില്‍ ആരെങ്കിലും കൊണ്ടു മാറ്റി എഴുപ്പിക്കലും അല്ലെങ്കില്‍ നേരെ ടൈപിംഗിന് കൊടുക്കലുമാണ് ഉസ്താദ് ചെയ്തിരുന്നത്. ഗോളശാസ്ത്ര പുസ്തകത്തില്‍ ഗോളങ്ങളുടെയും അവയുടെ സഞ്ചാര പഥങ്ങളുടെയും പല ചിത്രങ്ങളും ആവശ്യമായി വരുമായിരുന്നു. അങ്ങനെ വരുമ്പോള്‍ വിദ്യാര്‍ത്ഥികളില്‍ നല്ല കാരന്മാരെ വിളിച്ചാണ് ഉസ്താദ് അത് വരപ്പിച്ചിരുന്നത്. വരച്ചു കഴിഞ്ഞാല്‍ അവര്‍ക്ക് അതിന് നല്ല സമ്മാനങ്ങളും നല്‍കിയിരുന്നു. പ്രൂഫ് നോക്കുന്ന വിഷയത്തില്‍ വളരെ കണിശതായിരുന്നു ഉസ്താദിന്. ഓരോ കൃതിയും അനവധി തവണ പ്രൂഫ് നോക്കുമായിരുന്നു. നോക്കുന്നതിനിടയില്‍ വല്ല പിശകുകളും കണ്ടാല്‍ സ്ഥലമുണ്ടെങ്കില്‍ അരികില്‍ എഴുതി വെക്കുമായിരുന്നു. അല്ലെങ്കില്‍ ചെറിയ കടലാസ് മുറിച്ചെടുത്ത് അതില്‍ ശരിയായ ഭാഗം എഴുതി ആ പേജില്‍ അത് വെക്കുന്ന ശൈലിയാണ് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ, ഉസ്താദിന്റെ ഡയറികളിലും പുസ്തകങ്ങളിലും കൊച്ചു കൊച്ചു കുറിപ്പുകളെഴുതിയ കടലാസു കഷ്ണങ്ങള്‍ കാണാമായിരുന്നു. സാഹചര്യത്തില്‍നിന്നും അടര്‍ത്തിയെടുത്തു വായിച്ചാല്‍ അതിന് യാതൊരു ബന്ധം പോലും കിട്ടുമായിരുന്നില്ല. അങ്ങനെ പൂര്‍ണ്ണ  പരിശോധനക്കു ശേഷം തെറ്റുകളൊന്നും ഇല്ലെന്നു ഉറപ്പുവരുത്തിയ ശേഷമേ ഏതും പ്രസിദ്ധീകരണത്തിന് വിട്ടിരുന്നുള്ളൂ.

പുതിയ തലമുറയെ വളര്‍ത്തിക്കൊണ്ടുവരുന്നതിലും അവര്‍ക്ക് ആവശ്യമായ പ്രോത്സാഹനങ്ങളും  അംഗീകാരങ്ങളും നല്‍കുന്നതിലും മുന്‍പന്തിയിലായിരുന്നു ഉസ്താദ്. ഒരാളുടെയും വളര്‍ച്ചക്കുമുമ്പില്‍  വിലങ്ങ് തടിയായില്ലായെന്നു മാത്രമല്ല, വളര്‍ന്നു വരുന്നവരെ കൈ പിടിച്ചു മുന്‍നിരയിലേക്ക് ഉസ്താദ്  കൂട്ടിക്കൊണ്ടുവന്നിരുന്നു. എഴുതുന്നവര്‍, പ്രസംഗിക്കുന്നവര്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ തുടങ്ങി വ്യതിരിക്തമായ കഴിവുകള്‍ സ്വായത്തമാക്കിയവരോടെല്ലാം ഉസ്താദിന് വല്ലാത്ത ഇഷ്ടമായിരുന്നു. അവര്‍ക്ക് നിരന്തരം പ്രേരണകളും പ്രോത്സാഹനങ്ങളും നല്‍കിയിരുന്നു. മുമ്പൊരിക്കല്‍ സ്ഥാപനം സന്ദര്‍ശിക്കാന്‍ വന്നൊരു വ്യക്തിയോട് അദ്ധ്യാപകരെ പരിചയപ്പെടുത്തിക്കൊണ്ടിരിക്കെ കൂട്ടത്തിലെ ഒരാളെ നോക്കി... ഇവന്‍ നല്ല കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ആളാണ് എന്നു പറഞ്ഞതും മറ്റൊരാളെ നോക്കി ഇവന്‍......... എല്ലാം ആണെന്ന് പറഞ്ഞതും ഓര്‍ത്തുപോകുന്നു. നിഷ്‌കളങ്കനും നിര്‍മല ഹൃദയനുമായിരുന്നു ഉസ്താദ്. ഉള്ളിലുള്ളത് അങ്ങനെ പറയുമായിരുന്നു. ഉള്ളില്‍ യാതൊന്നും ബാക്കിവെക്കുമായിരുന്നില്ല. കറകളഞ്ഞ ഒരു തരം സല്‍സ്വഭാവമാണ് ഉണ്ടായിരുന്നത്. പുഞ്ചിരിച്ചുകൊണ്ടായിരുന്നു എപ്പോഴും ആരെയും അഭിമുഖീകരിച്ചിരുന്നത്. സമുദായത്തില്‍ വേറിട്ട നിലക്ക് ശ്രദ്ധേയരായി ഉയര്‍ന്നുവരുന്ന പ്രവര്‍ത്തകരെയും പ്രഭാഷകരെയും എഴുത്തുകാരെയും അംഗീകരിക്കുകയും പ്രോത്സാഹനങ്ങള്‍ നല്‍കുകയും ചെയ്യാന്‍ ഉസ്താദ് തന്നെ മുന്നോട്ടു വന്നിരുന്നുവെന്നത് ശ്രദ്ധേയമായൊരു സംഭമാണ്. ഈയൊരു  കാര്യത്തിനു വേണ്ടി ഉസ്താദ് സ്വന്തം പിതാവിന്റെ പേരില്‍ ഒരു ട്രസ്റ്റ് തന്നെ രൂപീകരിച്ചിരുന്നു. ചെമ്പിരിക്ക സി മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ ട്രസ്റ്റ് എന്നാണ് അത് അറിയപ്പെട്ടിരുന്നു. ഉസ്താദ് തന്നെയായിരുന്നു ഈ ട്രസ്റ്റിന്റെ എല്ലാം എല്ലാം. ശ്രദ്ധേയവും ശ്ലാഘനീയവുമായ പല പ്രവര്‍ത്തനങ്ങളും ഈ ട്രസ്റ്റ്    ചെയ്യുകയുണ്ടായി. പല പുസ്തകങ്ങളും ഇതിന്റെ കീഴില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. കാസര്‍ക്കോട്ടെ തലയെടുപ്പുള്ള പല ഉമറാക്കളെയും ഉലമാക്കളെയും ആദരിച്ചു. ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് അകമഴിഞ്ഞ് സഹായിക്കുകയും തന്റെ അദ്ധ്വാനവും ചിന്തയും എല്ലാം അതിന് വേണ്ടി നീക്കിവെക്കുകയും ചെയ്തിരുന്ന കല്ലട്ര അബ്ബാസ് ഹാജി, കാലങ്ങളോളം മേല്‍പറമ്പ് ഖാസീസ്ഥാനം അലങ്കരിക്കുകയും പല ഉസ്താദുമാരുടെയും ഉസ്താദായി വാഴുകയും ചെയ്തിരുന്ന മഹാനായ പണ്ഡിതന്‍ മേല്‍പറമ്പ് കഥീബ് ആയിരുന്ന അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ തുടങ്ങയവരെയെല്ലാം സമ്മേളന നഗരിയില്‍ ഉസ്താദ്  ട്രസ്റ്റിന്റെ കീഴില്‍ ആദരിക്കുകയുണ്ടായി. അതുപോലെ വളര്‍ന്നുവരുന്ന എഴുത്തുകാര്‍ക്കും പ്രഭാഷകര്‍ക്കും    ഈ ട്രസ്റ്റിന്റെ പേരില്‍ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എല്ലാം സ്വന്തം തീരുമാനത്തിന്റെയും ചിന്തയുടെയും അടിസ്ഥാനത്തിലായിരുന്നു ഉസ്താദ് ഇവയെല്ലാം ചെയ്തിരുന്നത്. 

ഓരോ സമയവും ക്രിയാത്മകമായി ചെലവഴിച്ചിരുന്ന സി.എം. ഉസ്താദിന്റെ ജീവിതം എന്നും അല്‍ഭുതപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഒഴിഞ്ഞിരിക്കുയാണെന്ന് തോന്നുമ്പോഴെല്ലാം പല ആവശ്യങ്ങളുടെ പേര് പറഞ്ഞ് ഉസ്താദിനെപ്പോയി കാണുകയും സംസാരിക്കുയും ചെയ്യുമായിരുന്നു.  ആദ്യമായി ഉസ്താദിനെ കാണുകയും കാസര്‍കോടിനെ കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി ഉസ്താദ് നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ നവോത്ഥാന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയുകയും ചെയ്തപ്പോള്‍ ആരും അറിയാതെയിരിക്കുന്ന ഈ പ്രവര്‍ത്തനങ്ങളെയെല്ലാം ഒന്ന് എഴുതി സൂക്ഷിക്കണമെന്നും അത് മറ്റുള്ള എല്ലാവരും അറിയും വിധം പ്രസിദ്ധപ്പെടുത്തണമെന്നും ആഗ്രഹമുണ്ടായിരുന്നു. ഉസ്താദിനെ കേന്ദ്രീകരിച്ച് ചെറിയൊരു സാധനം ചെയ്യുകയെന്ന് മാത്രമായിരുന്നു ആദ്യം ഉദ്ദേശിച്ചിരുന്നത്. ഉസ്താദിനെ മുഖദാവില്‍ കണ്ട് സംസാരിച്ചുകൊണ്ടായിരുന്നു ഇങ്ങനെയൊരു ഉദ്ദ്യമത്തിന്റെ തുടക്കം. പക്ഷെ, പഠിച്ചുനോക്കുമ്പോള്‍ ഇതൊരു ചെറിയ വിഷയമല്ലെന്നും ഏറെ വിശാലവും സമ്പന്നവുമാണെന്ന് മനസ്സിലായി. സി.എം. ഉസ്താദിന്റെ പരിപൂര്‍ണ്ണമായ സപ്പോര്‍ട്ടുംകൂടി ലഭിച്ചതോടെ, ഒരു വര്‍ഷത്തെ നിരന്തരമായ അന്വേഷണത്തിലൂടെ അതൊരു കാസര്‍കോട് മുസ്‌ലിംകളുടെ ചരിത്രമായി മാറുകയായിരുന്നു. സി.എം. ഉസ്താദിന്റെ പൂര്‍ണ്ണ പിന്തുണയും പ്രേരണയും പ്രോത്സാഹനവുമായിരുന്നു ഇങ്ങനെയൊരു പുസ്തകം രൂപംകൊള്ളുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഓരോ സമയവും ഉസ്താദിന്റെ  അന്വേഷണവും നിര്‍ദ്ദേശങ്ങളും ഇതിന്റെ പിന്നില്‍ ഉണ്ടായിരുന്നു. ഉസ്താദ് മുമ്പില്‍ നിന്നത് കൊണ്ട് വന്‍ ചെലവ് വന്നിരുന്ന പ്രസാധനംപോലും വളരെ എളുപ്പത്തില്‍ നടന്നുപോവുകയുണ്ടായി. നാടിന്റെ ചരിത്ര പാരമ്പര്യം എഴുതി സൂക്ഷിക്കപ്പെടണമെന്ന് ഉസ്താദ് നല്ലപോലെ ആഗ്രഹിച്ചിരുന്നു.

രണ്ടു രണ്ടര വര്‍ഷത്തെ അടുത്തുനിന്നും അകലെനിന്നുമൊക്കെയായി നോക്കിക്കണ്ടുള്ള ബന്ധമായിരുന്നുവെങ്കിലും ഒരു വേര്‍സറ്റൈല്‍ ജിനിയസ് ആയിരുന്ന ഉസ്താദിന്റെ ചില ഭാഗങ്ങളുടെ ചുരുങ്ങിയ തെല്ലുകള്‍ മാത്രമേ മനസ്സിലാക്കാന്‍ സാധിച്ചിരുന്നുള്ളൂ. മനസ്സിലാക്കപ്പെടാത്ത ഉസ്താദായിരുന്നു കൂടുതലായും ഉണ്ടായിരുന്നത്. അടുത്തറിയും തോറും അറ്റം കാണാത്ത സാഗരമായിരുന്നു ഉസ്താദ്. 

ഒരു ഖാസി എന്നനിലക്ക് നീതിമാനായ ഭരണാധികാരിയായിരുന്നു ഉസ്താദ്. മംഗലാപുരം ഖാസികൂടി ആയതോടെ ദൈനംദിനം വളര്‍ന്നുവികസിച്ചുകൊണ്ടിരിക്കുന്ന ഒരാളായിരുന്നു ഉസ്താദ്. ദിവസവും അവരുടെ പ്രവര്‍ത്തന മേഖലയും പ്രശസ്തിയും ജനസ്വീകാര്യതയും കൂടിക്കൂടി വരികയായിരുന്നു. വന്‍ ജനാംഗീകാരവും സ്വീകാര്യതയുമാണ് അവിടങ്ങളിലെല്ലാം ഉസ്താദിന് ലഭിച്ചിരുന്നത്. അതുകൊണ്ടുതന്നെ ദിവസവും വളര്‍ന്നുകൊണ്ടിരുന്ന ഒരു പ്രസ്ഥാനമായി ഉസ്താദ് മാറി. മഹല്ലത്തുകള്‍ അടിക്കടി അവിടെ കൂടിക്കൂടി വന്നു. എതിരാളികളെപ്പോലും അമ്പരപ്പിക്കുന്ന നിലക്കായിരുന്നു ഈ വളര്‍ച്ച ഉണ്ടായിരുന്നത്.

മംഗലാപുരം ഖാസിയായതോടെ ചുരുങ്ങിയ കാലം കൊണ്ട് ഉസ്താദ് അവിടെ ഉണ്ടാക്കിയെടുത്ത പരിവര്‍ത്തനങ്ങളും മാറ്റങ്ങളും പുരോഗമനങ്ങളും അല്‍ഭുതകരമാണ്. ലവലേശം എതിര്‍പ്പുകളേതുമില്ലാതെ സര്‍വ്വാംഗീകൃതനായി എല്ലാവരുടെയും ഹൃദയത്തില്‍ കയറി ഇരിക്കാന്‍ സാധിച്ചുവെന്നതാണ് അതില്‍ ഒന്നാമത്തേത്. രണ്ടാമതായി സമസ്തയെ അവിടെ അരക്കിട്ടുറപ്പിക്കാനും അവടത്തെ പണ്ഡിതന്മാരെ വിളിച്ചുകൂട്ടി നാല്‍പത് അംഗങ്ങളുള്ള ഒരു മുശാവറ സ്ഥാപിക്കാനും ഉസ്താദിന് കഴിഞ്ഞു. മംഗലാപുരത്തിന്റെ ചരിത്രത്തില്‍ ആദ്യമായുള്ള ചുവടുവെപ്പുകളായിരുന്നു ഇത്. കൂടാതെ, മംഗലാപുരം ഖാസിമാര്‍ എന്നൊരു പുസ്തകമെഴുതി എല്ലാം സംഘടിതമാക്കുകയും വ്യവസ്ഥാപിതമാക്കുകയും എല്ലാം ഒരു ഓര്‍ഗനൈസ്ഡ് സെറ്റപ്പിലേക്ക് മെല്ലെ മെല്ലെ കൊണ്ടുവരികയും ചെയ്തു. അതിലപ്പുറം അവിടെ എല്ലാ ഓണംകേറാ മൂലകളിലേക്കെല്ലാം കടന്നുചെല്ലൂകയും ആളുകളുടെ മനസ്സുകളെ കൂട്ടിയിണക്കുകയും ചെയ്തു. സമസ്തക്ക് ശക്തമായൊരു അടിവേര് തന്നെ ഉണ്ടാക്കിവെക്കാന്‍ ഉസ്തദിന് സാധിച്ചു. കോട്ട ഉസ്താദിന്റെ മരണ ശേഷം വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് സി.എം. ഉസ്താദ് ഈ നേട്ടങ്ങളെല്ലാം അവിടെ നേടിയെടുത്തിരുന്നത്. കാസര്‍കോട്ടെ മലബാര്‍ ഇസ്‌ലാമിക് കോംപ്ലാക്‌സ് പോലെ മത ഭൗതിക ഉന്നത വിദ്യാഭ്യാസത്തിന് ഒരു ഇസ്‌ലാമിക സ്ഥാപനം അവിടെയും സ്ഥാപിക്കണമെന്ന് അവിടത്തുകാര്‍ ഉസ്താദിനോട് നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. എല്ലാം വ്യവസ്ഥാപിതമായി മാറിയിട്ട് അതിന്റെ പണികള്‍ തുടങ്ങാം... ആഴത്തില്‍ ചിന്തിക്കാം.... എന്നു പറഞ്ഞു വെക്കുകയായിരുന്നു ഉസ്താദ്. ചുരുക്കിപ്പറഞ്ഞാല്‍ സമസ്തയുടെ ഒരു കൊടുങ്കാറ്റായിരുന്നു വളരെ ചുരുങ്ങിയ കാലം കൊണ്ട് സി.എം. ഉസ്താദ് മംഗലാപുരത്ത് സാധ്യമാക്കിയിരുന്നത്. എതിരാളികളെ അമ്പരപ്പിക്കുകയും കൂടുതല്‍ അസൂയാലുക്കളാക്കി മാറ്റുകയും ചെയ്യുന്ന തരത്തിലുള്ള മുന്നേറ്റമായിരുന്നു ഉസ്താദ് നടത്തിയിരുന്നത്. ഉസ്താദിന്റെ സജീവമായുള്ള രംഗപ്രവേശം അവര്‍ക്കെല്ലാം തീര്‍ച്ചയായും ഒരു ഭീഷണിയായി മാറുകയായിരുന്നു. വെറുതെ ഇരിക്കാന്‍ കഴിയാത്ത ഉസ്താദ് തന്റെ സ്വാഭാവികമായ പ്രവര്‍ത്തനങ്ങള്‍ അവിടെ പ്രവര്‍ത്തിച്ചപ്പോഴേക്കും മംഗലാപുരത്തിന്റെ ചരിത്രത്തില്‍ തന്നെ പുതിയ അദ്ധ്യായങ്ങള്‍ രചിക്കപ്പെടുകയായിരുന്നു. ഉത്തര മലബാറിന്റെ എന്നപോലെ ദക്ഷിണകന്നടയുടെകൂടെ നവോത്ഥാന നായകാനായായിരുന്നു ഉസ്താദിന്റെ മുന്നേറ്റം.

വായിക്കുംതോറും അറ്റംകാണാതെ പോകുന്ന ഒരു വ്യക്തിത്വമായിരുന്നു ഉസ്താദെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അതിനാല്‍, മന:പൂര്‍വ്വം ചെറിയൊരു അനുഭവം അനുസ്മിപ്പിച്ച് ചുരുക്കുന്നു. ഉസ്താദുമായി ബന്ധപ്പെട്ടുതു മുതല്‍ തുടങ്ങിയ ചരിത്രത്തില്‍ എന്നെ ഏറെ വിസ്മയിപ്പിച്ച ഒരു സംഭവം. ഉസതാദിന്റെ മനസ്സും പ്രവര്‍ത്തന തല്‍പരതയും സമൂഹസേവന സന്നദ്ധതയുമെല്ലാം ഞാന്‍ ശരിക്കും അനുഭവിച്ചറിഞ്ഞ സന്ദര്‍ഭം. 

ഏകദേശം ഒരു ആറേഴു മാസം മുമ്പാണ് സംഭവം. ഉസ്താദ് മംഗലാപുരം ഖാസിയായി സ്ഥാനമേറ്റ് കുറച്ചു കാലം കഴിഞ സമയം. ഖാസി ഹൗസില്‍ തന്നെയായിരിക്കുമ്പോള്‍ രോഗം പിടികൂടുകയും മംഗലാപുരം യേനപ്പോയ ഹോസ്പിറ്റലില്‍ അഡ്മിറ്റാവുകയും ചെയ്തു. വളരെ സീരിയസായിരുന്നു അസുഖം. കുറേ ദിവസം ഐ.സി.യുവിലാണ് ഉണ്ടായിരുന്നത്.  പലപ്പോഴും സന്ദര്‍ശകര്‍ക്ക് പോലും കാണാനുള്ള അവസരമുണ്ടായിരുന്നില്ല. സന്ദര്‍ശനാനുമതി ലഭിച്ചപ്പോള്‍ തന്നെ വളരെ പരിമിതവും സമയ ബന്ധിതവുമായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞു പോയി. ചെറിയ നിലക്ക് ശമനം കൈവന്നു. എങ്കിലും കിടത്തത്തില്‍ തന്നെയാണ്. എഴുന്നേല്‍ക്കാനും സംസാരിക്കാനും വയ്യ. കൂടുതല്‍ സംസാരിക്കരുതെന്ന്  ഡോക്ടറുടെ നിര്‍ദ്ദേശവുമുണ്ട്. വളരെ അടുത്ത സന്ദര്‍ശകരൊക്കെ വേഗം സന്ദര്‍ശിച്ചു പോകുന്നുവെന്ന് മാത്രം. ആയിടെ മംഗലാപുരം യേനപോയ ഹോസ്പിറ്റലില്‍ ചെന്ന് ഉസ്താദിനെ സന്ദര്‍ശിക്കാന്‍ എനിക്കും  അവസരമുണ്ടായി. ഒരു അര്‍ശദി സുഹൃത്തുമായാണ് ഞാന്‍ ഞാന്‍ അവിടെ ചെന്നിരുന്നത്. ഉസ്താദ് കിടന്നിരുന്ന റൂമിനടുത്തെത്തി. ഉസ്താദിന്റെ മകനുണ്ടായിരുന്നു അവിടെ. അദ്ദേഹത്തോട് സംസാരിച്ചപ്പോള്‍ ഓരോരുത്തര്‍ക്ക് അകത്ത് പോയി കാണാമെന്ന് പറഞ്ഞു. സംസാരിക്കരുതെന്നായിരുന്നു നിര്‍ദ്ദേശം. ഞാന്‍ മെല്ലെ വാതില്‍ തുറന്ന് അകത്തു ചെന്നു. പമ്മി പതുങ്ങി അടുത്തെത്തി. ഉസ്താദ് കട്ടിലില്‍ നിശ്ചലനായി കിടക്കുന്നു. എന്നെ കണ്ടപ്പോള്‍ മെല്ലെ കണ്ണുയര്‍ത്തി നോക്കി. ചെറിയൊരു പുഞ്ചിരി. പിന്നെ, സംസാരം കൈകൊണ്ട് ആംഗ്യം കാണിച്ചായിരുന്നു. ചെറിയ നിലയില്‍ എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു. സങ്കടം തോന്നി വേഗം പുറത്തിറങ്ങി. കൂടുതലൊന്നും സംസാരിക്കാന്‍ കഴിയാത്തതില്‍ വല്ലാത്ത ടെന്‍ഷനായിരുന്നു മനസ് നിറയെ. പുറത്തിറങ്ങി മകനോട് രോഗവിവരങ്ങളും വര്‍ത്തമാനങ്ങളുമെല്ലാം അന്വേഷിച്ചു. സംസാരത്തിനിടെ ഞാന്‍ എംഐസിയിലെ അദ്ധ്യാപകനാണെന്ന് പേര് പറഞ്ഞ് ഞാന്‍ പരിചയപ്പെടുത്തിയിരുന്നു. അതുകേട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഉപ്പ ഇവിടെനിന്ന് നിങ്ങളെ  എവിടെയോ പരാമര്‍ശിച്ചിരുന്നു. ഇപ്പോഴും കട്ടിലില്‍ കിടന്ന് എന്തൊക്കെയോ എഴുതിക്കൊണ്ടിരിക്കുകയാണ് ഉപ്പ. എന്തോ പുസ്തങ്ങളോ ലേഖനങ്ങളോ മറ്റോ എഴുതുകയാണെന്ന് തോന്നുന്നു.... ഞാന്‍ അല്‍ഭുതപ്പെട്ടു പോയി. ഹോസ്പിറ്റലില്‍ എഴുന്നേല്‍ക്കാനാവാതെ കിടക്കുമ്പോഴും എഴുതുക തന്നെയോ... ഞാന്‍ അദ്ദേഹത്തോട് കാര്യങ്ങളെല്ലാം വിസ്മയത്തോടെ ചോദിച്ചറിഞ്ഞു. ഇതുംകൂടി കേട്ടതോടെ പിന്നെ ഉസ്താദിനോട് നന്നായൊന്ന് സംസാരിക്കാതെ തിരിച്ചുപോരാന്‍ പറ്റാത്ത അവസ്ഥയായി എനിക്ക്. ഒന്നുമില്ലെങ്കില്‍, ഞങ്ങള്‍ പോകട്ടെ.... എന്നെങ്കിലും പറയാമെന്ന ഭാവത്തില്‍ ഒരിക്കലൂടെ വാതില്‍ തുറന്ന് ഉസ്താദിന്റെ റൂമില്‍ കയറി. അപ്പോഴും ഒരു ഡോക്ടര്‍ വന്ന് ഉസ്താദിനെ പരിശോധിക്കുന്നുണ്ടായിരുന്നു. മകനോടുള്ള സംസാരത്തില്‍ ലഭിച്ച വിവരങ്ങള്‍ ഒരു പിടിവള്ളിയായി പിടിച്ച് ഞാന്‍ മെല്ലെ ഉസ്താദിനടുത്ത് ചെന്ന് സംസാരിച്ചു തുടങ്ങി: ഉസ്താദ് ഇവിടെ കിടന്ന് എന്തോ എഴുതുന്നുണ്ടെന്ന് കേട്ടല്ലോ.... എന്താണ് വിവരങ്ങള്‍...? ഉസ്താദിന്റെ മുഖത്ത് വീണ്ടും പുഞ്ചിരി. വീണ്ടും ഉസ്താദിന്റെ കൈകള്‍ ചലിച്ചു തുടങ്ങി. ആംഗ്യങ്ങള്‍... പിന്നെ പതുങ്ങിയ ശബ്ദത്തില്‍ സംസാരവും... ഞാന്‍ സ്വല്‍പം കുനിഞ്ഞ് ഉസ്താദിന്റെ വാക്കുകള്‍ ശ്രദ്ധിച്ചു. അത് പെട്ടെന്ന് മനസ്സിലായിരുന്നില്ല. പിന്നെ, മെല്ലെ മെല്ലെ ശബ്ദം സ്വല്‍പം കൂടിവന്നു. മുഖത്ത് എന്തെന്നില്ലാത്ത പുഞ്ചിരിയും. ഉസ്താദിന്റെ മനസ്സില്‍ സന്തോഷം കൈവന്ന പ്രതീതി. ഉസ്താദ് എഴുത്തിനെക്കുറിച്ച് സംസാരിച്ച് തുടങ്ങി. രോഗത്തിന് ശമനമുണ്ടെന്ന ആമുഖത്തോടെയായിരുന്നു തുടക്കം. മംഗലാപുരം ഖാസിമാരെക്കുറിച്ചുള്ള പുസ്തകത്തിന്റെ മലയാളപ്രതി എഴുതിക്കൊണ്ടിരിക്കുകയായിരുന്നു ഉസ്താദ്. നിന്റെ പുസ്തകത്തില്‍ മംഗലാപുരം ഖാസിമാരായി ആരെയൊക്കെയാണ് പറയുന്നത്... ഉസ്താദ് ചോദിച്ചു. ഞാന്‍ മറന്നുപോയ ഓര്‍മയില്‍നിന്നും ചിലതെല്ലാം ഓര്‍ത്തെടുത്തു പറഞ്ഞു. അതോടെ, സംസാരത്തിന്റെ ഗതികള്‍ തന്നെ മാറുകയായിരുന്നു. സംസാരം ഒരു ചര്‍ച്ചയായി മാറി. ഏകദേശം ഇരുപത് മിനിറ്റോളം നീണ്ടുനിന്ന ചര്‍ച്ച. കേരളമുസ്‌ലിംകള്‍, കാസര്‍കോട് മുസ്‌ലിംകള്‍, മംഗലാപുരം മുസ്‌ലിംകള്‍, അവരുടെ ആഗമനം, മാലിക്ബിന്‍ ദീനാറും സംഘവും, അവര്‍ നിര്‍മ്മിച്ച പള്ളികള്‍, മംഗലാപുരം അവര്‍ നിര്‍മ്മിച്ച പള്ളി, അവയെക്കുറിച്ച് പരാമര്‍ശിക്കുന്ന ചരിത്ര പുസ്തകങ്ങള്‍, സൈനുദ്ദീന്‍ മഖ്ദൂമും തുഹ്ഫത്തുല്‍ മുജാഹിദീനും.... തുടങ്ങി നീണ്ടുപോകുന്നതായിരുന്നു ചര്‍ച്ചാവിഷയം. മംഗലാപുത്തെക്കുറിച്ച് പറയുന്ന ചില ചരിത്ര പുസ്തകങ്ങളും തുഹ്ഫത്തുല്‍ മുജാഹിദീന്റെ അറബി ഭാഷ്യവും അപ്പോള്‍ ഉസ്താദിന്റെ അടുത്തു തന്നെ ഉണ്ടായിരുന്നു. ഉസ്താദ് അതുവരെ എഴുതി വെച്ച മംഗലാപുരം ഖാസിമാരെക്കുറിച്ചുള്ള പുസ്തകത്തിന്റെ ചില ഭാഗങ്ങള്‍ തന്ന് വായിച്ചു നോക്കാന്‍ പറഞ്ഞു. ഞാന്‍ അത് വാങ്ങി വായിച്ചു നോക്കി....  ഇസ്‌ലാം കേരളത്തിലെത്തിയിട്ടുള്ളത് എന്നാണ്... അതിനിടെ ഉസ്താദ് എന്നോട് ചോദിച്ചു. നബിയുടെ കാലത്തുതന്നെ എത്തിയെന്ന് എല്ലാവരും പറയുന്നു... ഞാന്‍ പ്രതികരിച്ചു. സൈനുദ്ദീന്‍ മഖ്ദൂമൊക്കെ  ഹിജ്‌റ എട്ടാം നൂറ്റാണ്ടിലാണെന്നാണ് പറയുന്നത്. തുഹ്ഫത്തുല്‍ മുജാഹിദീനില്‍ ഇങ്ങനെയൊരു പരാമര്‍ശമുണ്ടത്രെ. എം.ജി.എസിനെപ്പോലെയുള്ളവരൊക്കെ ഇത് പിടിച്ചാണ് ഇസ്‌ലാം നബിയുടെ കാലത്ത് കേരളത്തില്‍ എത്തിയിട്ടില്ലായെന്ന് പറയുന്നത്.... ഞാന്‍ അങ്ങനെ പറഞ്ഞുപോയി. കിടക്കുകയായിരുന്ന ഉസ്താദ് മെല്ലെ തലക്കു ഭാഗത്ത് വെച്ചിരുന്ന തുഹ്ഫത്തുല്‍ മുജാഹിദീന്‍ കൈകൊണ്ട് പരതിയെടുത്തു.  ഈ വിഷയം പരാമര്‍ശിക്കുന്ന പേജ് തുറന്ന് വായിക്കാന്‍ പറഞ്ഞു. ഞാന്‍ അത് വാങ്ങി വായിച്ചു. ജീവിതത്തില്‍ ആദ്യമായായിരുന്നു തുഹ്ഫയിലെ ഈ ഭാഗത്തിന്റെ അറബി ഭ്യാഷ്യം ഞാന്‍ വായിച്ചിരുന്നത്. സ്വല്‍പം കെട്ടുപാടുള്ള ഒരു ഭാഗമായിരുന്നു അത്. ഈയൊരു സന്ദേശം നല്‍കാന്‍ സൈനുദ്ധീന്‍ മഖ്ദൂം  ഒരു സവിശേഷമായ ശൈലിയാണ് അവിടെ ഉപയോഗിച്ചിരിക്കുന്നത്. ഞാന്‍ വായിച്ചു അര്‍ത്ഥം പറഞ്ഞു. ഉസ്താദ് പറഞ്ഞു: ഇതിന് ഇങ്ങനെ അര്‍ത്ഥം പറയുന്നത് ശരിയല്ല. ഇങ്ങനെ തെറ്റായി അര്‍ത്ഥം മനസ്സിലാക്കിയതാണ് ഇവിടത്തെ ചരിത്രകാരന്മാര്‍ക്കെല്ലാം പറ്റിയിരിക്കുന്നത്. ഇത് വേണ്ടപോലെ അര്‍ത്ഥം വെച്ചാല്‍ നബിയുടെ കാലത്ത് തന്നെ ഇസ്‌ലാം കേരളത്തിലെത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കാവുന്നതാണ്. ഇവിടെ സൈനുദ്ദീന്‍ ഉപയോഗിച്ചിട്ടുള്ള ഈ പ്രയോഗത്തിന്റെ ശരിയായ അര്‍ത്ഥം ഇങ്ങനെയാണ്. ഉസ്താദ് അത് നല്ലപോലെ പറഞ്ഞ് വിശദീകരിച്ചു തന്നു. ഇതൊരു പ്രയോഗമാണ്. നഹ്‌വിലെ വിശ്രുതമായ ഒരു ഗ്രന്ഥത്തെ ഉദ്ധരിച്ച് അതില്‍ ഈ പ്രയോഗത്തെ നല്ലപോലെ വിവരിക്കുന്നുണ്ടെന്നും ഉസ്താദ് പറഞ്ഞു. 'ഇത് ഞാന്‍ ചുമ്മാ പറയുകയല്ല... സൈനുദ്ദീന്‍ മഖ്ദൂം ഉപയോഗിച്ച ഈ പ്രയോഗത്തിന്റെ അര്‍ത്ഥം ഇന്നതാണെന്ന് മറ്റു പലരും പലയിടങ്ങളിലും പറഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന് ഉസ്താദ് അടുത്തുണ്ടായിരുന്ന ഒരു പഴയ കട്ടിയുള്ള മൗലിദ് എടുത്ത് തുറന്ന് അതിലെ വിവരണം വായിച്ചു തന്നു.  നോക്കുമ്പോള്‍ അങ്ങനെത്തന്നെയാണ് അതിന് അര്‍ത്ഥം വ്യക്തമായിരുന്നത്. ഉസ്താദിന്റെ ഈ വിവരണങ്ങള്‍ കേട്ട് അല്‍ഭുതപ്പെട്ടു പോയി. ഇത്രയും കാലം ഇതുമായി കെട്ടിമറിഞ്ഞ് കളിച്ചിട്ടും ഇങ്ങനെയൊന്ന് ചിന്തിക്കുക പോലും ചെയ്തിരുന്നില്ല. ഉസ്താദ് ഈ രോഗശയ്യയില്‍ കിടന്ന് ഇങ്ങനെ വെട്ടിത്തുറന്ന് പറയുന്നത് കണ്ടപ്പോള്‍ വല്ലാത്ത വിസ്മയമാണ് തോന്നിയത്. നാടുകളിലാകെ നിലനില്‍ക്കുന്ന വലിയൊരു സംശയത്തിനുള്ള മറുപടി ഇങ്ങനെയുമാവാം എന്ന് തിരിച്ചറിയുകയായിരുന്നു... കട്ടിലില്‍ കിടന്ന് പണിപ്പെട്ട് പണിപ്പെട്ട് ഉസ്താദ് സംസാരിക്കുന്നത് കണ്ടപ്പോള്‍ വല്ലാത്ത വേദന തോന്നി. ഇനിയും സംസാരിച്ച് ബുദ്ധിമുട്ടിപ്പിക്കുന്നത് നല്ലതല്ലായെന്നതിലേക്കായിരുന്നു പിന്നീട് എത്തിപ്പെട്ടിരുന്നത്. എങ്കിലും, പല പല വിഷയങ്ങളുമായി സംസാരം അങ്ങനെ ദീര്‍ഘിച്ചുപോയി. പിന്നീട് ഈറനണിഞ്ഞ കണ്ണുകളോടെ, ഉസ്താദിന്റെ കിടത്തം കണ്ടുള്ള സങ്കടവും ആര്‍ക്കും സംസാരിക്കാന്‍ അവസരം കിട്ടാത്തിടത്ത് സംസാരിക്കാന്‍ ചാന്‍സ് കിട്ടിയതിലുള്ള സന്തോഷവും അടക്കിപ്പിടിച്ച് സലാം പറഞ്ഞ് പിരിഞ്ഞു. ഞാന്‍ എംഐസിയില്‍നിന്ന് പിരിയുകയാണെന്നും പഠിക്കാന്‍ പോവുകയാണെന്നുമുള്ള ഒരു കന്‍ഗ്ലൂഷനോടെ അവിടെനിന്നും വാതിലടച്ച് പുറത്തിറങ്ങി നടക്കുകയായിരുന്നു.

ഉസ്താദിന്റെ ജീവിതത്തെക്കുറിച്ച സര്‍വ്വ സങ്കല്‍പങ്ങളെയും അട്ടിമറിക്കുന്നതാരുന്നു എനിക്ക് ഈ അനുഭവം. ഐസിയുവില്‍നിന്നും ഡിസ്ചാര്‍ജ് ചെയ്ത് പുറത്ത് രോഗശയ്യയില്‍ കിടക്കുന്ന സമയത്തു പോലും തല അല്‍പം ഉയര്‍ത്തിപ്പിടിച്ച് വയറിന്മേല്‍ നോട്ട് പുസ്തകം വെച്ച് അതില്‍ പേനകൊണ്ട് കുറിച്ചിടുന്ന ഉസ്താദിന്റെ രൂപം എന്നും മനസ്സില്‍ മായാതെ നില്‍ക്കുകയാണ്. ഈയൊരു രോഗത്തില്‍ താന്‍ തീര്‍ന്നുപോയാല്‍തന്നെ ഈയൊരു സേവനംകൂടി സമൂഹത്തിന് ലഭിക്കട്ടെയെന്ന ഒരാഗ്രഹമായിരുന്നു ഉസ്താദിന് ഇവിടെ ഉണ്ടായിരുന്നത്. ജീവിതം മുഴുക്കെ അല്ലാഹു ഇഷ്ടത്തിലായി കഴിയുന്ന ഒരു വിദ്യാര്‍ത്തിയായി കഴിയുകയെന്ന ഒരു അഭിലാഷം കൂടി ഉസ്താദിന്റെ മനസ്സില്‍ നിറഞ്ഞു നിന്നിരുന്നു. ആ പുസ്തകത്തിന്റെ പണി പൂര്‍ണ്ണമായും കഴിഞ്ഞ് അതിന്റെ കന്നട പതിപ്പ് പുറത്തിറങ്ങിയ ശേഷമാണ് ഉസ്താദ് അല്ലാഹുവിലേക്ക് യാത്രയായിരിക്കുന്നത് എന്നതാണ് സന്തോഷകരമായ വസ്തുത. ഒരു എഴുത്തുകാരന്റെ പേനയിലെ മഷി രക്തസാക്ഷിയുടെ രക്തത്തെക്കാള്‍ വിലപ്പെട്ടതാണെന്ന തിരുവാക്യത്തിന്റെ  അര്‍ത്ഥം ഇവിടെനിന്നും വായിച്ചെടുക്കാവുന്നതാണ്. കേവലം ഒരു പുസ്തകം എന്നതിലപ്പുറം ഇങ്ങനെയൊരു സാധനം പുറത്തുവരുന്നതോടെ, അതുതന്നെ സി.എം. ഉസ്താദിലൂടെ ആകുന്നതോടെ അവിടെ ഓരോ ഇസ്‌ലാമിക ചലനങ്ങള്‍ക്കും ഒരു സംഘടിതാവസ്ഥയും സെറ്റപ്പും കൈവരുമെന്നതാണ് വസ്തുത. നാഥനില്ലാതെ കെട്ടുറപ്പില്ലാതെ കിടന്നിരുന്ന ഒരു സ്ഥലത്തെ വ്യവസ്ഥാപിതവും ധൈഷണികവുമായ സംവിധാനങ്ങളോടെ പുന:സംവിധാനിക്കാനായിരുന്നു ഉസ്താദ് ഇതിലൂടെയെല്ലാം സ്വപ്നം കണ്ടിരുന്നത്.

പിന്നെ, നാല് മാസത്തിനു ശേഷം, ഇക്കഴിഞ്ഞ ഡിസംബര്‍ അവസാനത്തില്‍ (അതോ ജനുവരി തുടക്കത്തിലോ) ആണ് ഉസ്താദിനെ നേരിട്ടു കാണാന്‍ അവസരമുണ്ടാകുന്നത്. അതായിരുന്നു ഉസ്താദുമായുള്ള എന്റെ അവസാന കാഴ്ചയും. അതും മറ്റൊരു സംഭവമായിരുന്നു. ഉസ്താദുമായുള്ള ഓരോ കാഴ്ചയും ഓരോ സംഭവങ്ങളായിട്ടായിരുന്നു എനിക്ക് അനുഭവപ്പെട്ടിരുന്നത്. കാരണം, അതിന് അങ്ങനെയൊരു ടോണും സ്വഭാവവും തലവുമാണ് ഉണ്ടായിരുന്നത്. എഴുത്ത് ചര്‍ച്ചകളുടെയും അന്വേഷണങ്ങളുടെയും പുതിയ ഗോളശാസ്ത്ര അനുഭവങ്ങളുടെയുമെല്ലാം ഓരോ പുതിയ പുതിയ അദ്ധ്യായങ്ങളായിരുന്നു ഇവയെല്ലാം. ഇവ്വിഷയകമായി വല്ല പുതിയ പുസ്തകങ്ങളും കിട്ടിയാല്‍ ഉസ്താദ് അതിനെക്കുറിച്ച് പറഞ്ഞുതരുകയും അതിലെ ഉള്ളടക്കം കൈമാറുകയും ചെയ്യുമായിരുന്നു. 

രോഗത്തിന് ശേഷം, ഉസ്താദ് പ്രധാനമായും വിശ്രമത്തില്‍ തന്നെയായിരുന്നു. മംഗലാപുരത്തേക്കൊന്നും സാധാരണപോലെ പോകാറുണ്ടായിരുന്നില്ല. പൂര്‍ണ്ണ വിശ്രമത്തിന് തന്നെയായിരുന്നു ഡോക്ടറുടെ നിര്‍ദ്ദേശവും. പരിപാടികളില്‍ പങ്കെടുക്കുന്നതും വളരെ കുറവായിരുന്നു. ഇടക്കിടെയൊക്കെയാണ്  സ്ഥാപത്തിലേക്കും വന്നിരുന്നത്. 

ഉസ്താദിനെ സംബന്ധിച്ചിടത്തോളം ഈ വിശ്രമം ഒരു ഒരു അനുഗ്രഹമായിരുന്നു. എഴുത്തിനെക്കുറിച്ചും വായനയെക്കുറിച്ചും കൂടുതലായി ചിന്തിച്ചിരുന്ന അവസാന കാലത്ത് ഈ ഒഴിവു സമയങ്ങള്‍ ശക്തമായ എഴുത്തിനും റിസര്‍ച്ചിനുമാണ് ഉസ്താദ് ഉപയോഗിച്ചിരുന്നത്. മംഗലാപുരം ഖാസിമാരെക്കുരിച്ച പുസ്തകവും ബുര്‍ദ ഗദ്യവിവര്‍ത്തനവും മംഗലാപുരം പ്രഥമ ഖാസി മൂസ ബിന്‍ മാലികിനെക്കുറിച്ച മൗലിദും എല്ലാം ഉസ്താദ് എഴുതി പ്രസിദ്ധീകരിച്ചത്. കൂടാതെ, ചുരുങ്ങിയ കാലം കൊണ്ട് എന്തൊക്കെയോ ചെയ്തുതീര്‍ക്കാനുള്ള ശക്തമായ ചിന്തകളും കണക്കുകൂട്ടലുകളും സ്വപ്നങ്ങളും എല്ലാം നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഒരല്‍പം ദിവസങ്ങള്‍കൂടി ഭൂമിയില്‍ ഉസ്താദിന് ലഭിച്ചിരുന്നുവെങ്കില്‍  ശ്രദ്ധേയമായ പല അക്ഷരോപഹാരങ്ങളും കൈരളിക്ക് ലഭിക്കുമായിരുന്നു. പക്ഷെ, ഒരു പിടി അക്ഷര സ്വപ്നങ്ങള്‍ ബാക്കിവെച്ച് അതിന് മുമ്പുതന്നെ ആ മഹാന്‍ തന്റെ അദ്ധ്വാനത്തിന്റെ പ്രതിഫലങ്ങള്‍ ആസ്വദിക്കാന്‍ അല്ലാഹുവിങ്കലേക്ക് പറന്നുപോവുകയായിരുന്നു.
* * * * *

കഴിഞ്ഞ ലീവില്‍ നാട്ടിലെത്തിയപ്പോഴാണ് കാസര്‍കോട്ടെ ബന്ധങ്ങള്‍ പുതുക്കാനും ഉസ്താദിനെ കാണാനും സന്തോഷങ്ങള്‍ പങ്ക് വെക്കാനുമായി കാസര്‍കോട്ടേക്ക് തിരിക്കുന്നത്. തൊട്ടടുത്ത ദിവസം ഒരു ഹര്‍ത്താല്‍ ദിവസമായിരുന്നു. അതിനാല്‍ എംഐസിയിലെത്തിയെങ്കിലും പുറത്തിറങ്ങി എവിടെയും പോകാന്‍ സാധിച്ചില്ല. തൊട്ടടുത്ത ദിവസം ഉസ്താദ് സ്ഥപാനത്തില്‍ വരുമെന്നായിരുന്നു വിചാരിച്ചിരുന്നത്. ഉച്ചയായിട്ടും ഉസ്താദ് വരുന്നത് കണ്ടില്ല. ഉടനെ ഫോണ്‍ ചെയ്തു കാര്യം തിരക്കി. വരുന്നില്ലാ...നീ ഇങ്ങോട്ടു വാ എന്നായിരുന്നു ഉസ്താദിന്റെ പ്രതികരണം. പിന്നെ, താമസിച്ചില്ല. വണ്ടി കയറി ഉടനെ ചെമ്പിരിക്കയിലെ ഉസ്താദിന്റെ വീട്ടിലേക്ക് തിരിച്ചു. മേല്‍പറമ്പില്‍ ബസിറങ്ങി. അവിടെനിന്ന് ഖാസിയാര്‍ച്ചയുടെ വീട് അന്വേഷിച്ചാല്‍ അറിയാത്തവരായി ആരുമുണ്ടാകില്ല. ആ നാട്ടിലാകെ നിരുപാധികം ഖാസിയാര്‍ച്ച എന്നു പറഞ്ഞാല്‍ ഉസ്താദിനെ മാത്രം പറയുന്ന പേരാണ്. ഒരു ഓട്ടോയില്‍ കയറി ഖാസിയാര്‍ച്ചയുടെ വീട് എന്ന് പറഞ്ഞു. വളഞ്ഞു കുറുകിയ വഴികളിലൂടെ ഓട്ടോ ഞങ്ങളെയുംകൊണ്ട് നീങ്ങി. ഏകദേശം അസ്വറിനോടനുബന്ധിച്ചാണ് അവിടെ എത്തിയിരുന്നത്. ഉസ്താദ് അകത്ത് എഴുത്തിലോ മറ്റോ മുഴുകിയിരിക്കുകയായിരുന്നു. കോളിംഗ് ബെല്ലടിച്ചപ്പോള്‍ ഉസ്താദ് പുറത്ത് വന്നു. (എന്റെ കൂടെ എംഐസിയില്‍ തോടി വന്ന ഒരു ചെറുപ്പക്കാരനുമുണ്ടായിരുന്നു.) പുഞ്ചിരിതൂകിക്കൊണ്ട് ഞങ്ങളെ ഹാര്‍ദ്ദവമായി സ്വീകരിച്ചു. വീടിന്റെ പൂമുഖത്ത് ഇരുത്തി സംസാരം തുടങ്ങി. 

നാല് മാസങ്ങള്‍ക്കു ശേഷം ഉസ്താദിനെ കാണുമ്പോള്‍ ഏറെ മുഖ പ്രസന്നനും സന്തുഷ്ടനുമായിട്ടാണ് ഉസ്താദിനെ കണ്ടെത്തിയിരുന്നത്. എങ്കിലും ക്ഷീണം ഉസ്താദിന്റെ മുഖത്തെ വല്ലാതെ തളര്‍ത്തിയിട്ടുണ്ടായിരുന്നു. സുഖവിവരങ്ങളും വര്‍ത്തമാനങ്ങളുമെല്ലാം കഴിഞ്ഞതോടെ ചര്‍ച്ചകളിലേക്ക് തന്നെയാണ് വീണ്ടും കടന്നുചെന്നത്. പുതിയ പുസ്തകങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഉസ്താദ് അവ കൊണ്ടു വന്ന് കാണിച്ചുതന്നു. ഒരു ഫ്രീ കോപ്പിയും നല്‍കി. വീട്ടില്‍തന്നെ വിശ്രമത്തിലായതിനാല്‍ ഇപ്പോള്‍ എഴുതാനും വായിക്കാനും നല്ല സമയം കിട്ടുന്നുണ്ടെന്ന് ഉസ്താദ് പറഞ്ഞു. എന്തൊക്കെയോ ശക്തമായ എഴുത്തുകളും വായനകളും നടക്കുന്നുണ്ടെന്ന് തോന്നിപ്പിക്കുന്നതായിരുന്നു ഉസ്താദിന്റെ സംസാരം. വല്ലാത്ത സന്തോഷാവസ്ഥയിലാണ് ഉസ്താദിനെ കാണപ്പെട്ടിരുന്നത്. ഈയടുത്തായി സുന്നിഅഫ്കാറില്‍ പരമ്പരയായി പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന 'വിവാഹം, ആഘോഷം, വിവാഹ മോചനം' എന്ന പരമ്പര ഒരു പുസ്തകമായി പ്രസിദ്ധീകരിക്കണമെന്ന് ഞാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഉസ്താദിനും  അത് നേരത്തെത്തന്നെ തീരുമാനമുണ്ടായിരുന്നു. ഇന്‍ശാഅല്ലാഹ്... അത് പ്രസിദ്ധീകരിക്കണം എന്നായിരുന്നു ഉസ്താദിന്റെ പ്രതികരണം. വിവാഹ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വല്ലാത്ത ആര്‍ഭാടങ്ങള്‍ നടക്കുന്ന കാസര്‍ക്കോടിന്റെ പശ്ചാത്തലത്തില്‍ ഒരു ഖാസിയെന്ന നിലക്ക് ഉസ്താദിന്റെ ഈ രചനക്ക് കൂടുതല്‍ പ്രസക്തിയുണ്ടെന്ന് ഞാന്‍ രസമായി പ്രതികരിച്ചു. ഗോളശാസ്ത്ര സംബന്ധിയായി ഉസ്താദ് മലയാളത്തിലെഴുതിയ ലേഖനങ്ങളും സമാഹരിച്ച് ഒരു പുസ്തകമായി പ്രസിദ്ധീകരിക്കണം നമുക്ക്.... കാരണം, ഉസ്താദില്‍നിന്ന് പലരും ആഗ്രഹിക്കുന്നത് ഇതാണ്... ഞാന്‍ മറ്റൊരു ആഗ്രഹം ഉസ്താദിന്റെ മുമ്പില്‍ വെച്ചു. ഉസ്താദിന്  അതിലും നല്ല താല്‍ പര്യമുണ്ടായിരുന്നു. അവസാനമായി നടന്ന എഴുത്തുകുത്തുകളെക്കുറിച്ച് ചോദിച്ചപ്പോള്‍, ആത്മതകഥാപരമായി ഉസ്താദ് ഡയറിയില്‍ എഴുതിവെച്ച കുറേ കുറിപ്പുകളാണ് കാണിച്ചുതന്നത്. ജോതിഷത്തെക്കുറിച്ച് കുറച്ച് മുമ്പ് ഒരു ലേഖനമെഴുതിയതായും അത് പ്രസിദ്ധീകരിക്കാന്‍ എവിടെക്കോ അയച്ചുകൊടുത്തതായും പറഞ്ഞു. ഗോളശാസ്ത്ര സംബന്ധിയായി പുതുതായി ലഭിച്ച അറബിയിലുള്ള ഒരു ഗ്രന്ഥം കയ്യിലെടുത്ത് അതിനെ പരിചയപ്പെടുത്തിയായിരുന്നു പിന്നീട് കുറേ നേരം സംസാരിച്ചിരുന്നത്. അതിന്റെ പല പേജുകളും മറിച്ച് ഉസ്താദിന് വിസ്മയമായി തോന്നിയ പല ഭാഗങ്ങളും വിശദീകരിച്ചുതന്നു. പല ഖുര്‍ആന്‍ സൂക്തങ്ങളുമോതി അതില്‍ പ്രപഞ്ച രഹസ്യങ്ങള്‍ എങ്ങനെയാണ് അല്ലാഹു വിവരിക്കുന്നതെന്ന് വിസ്മയത്തോടെ പറഞ്ഞുതന്നു. ഖുര്‍ആനും  ഗ്രഹങ്ങളും ഗ്യാലക്‌സിയും എല്ലാം ചര്‍ച്ചിതമായി.

വീട്ടില്‍ ഉസ്താദ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്ത്രീകളാരും ഉണ്ടായിരുന്നുല്ല. അവര്‍ ബന്ധുവീട്ടില്‍ എന്തോ പരിപാടിക്ക് വേണ്ടി പോയതാണെന്നും അതിനാല്‍ ചായക്ക് എന്ത് ചെയ്യുമെന്നും ഉസ്താദ് ചോദിച്ചു. ചായയൊന്നും വേണ്ടായെന്ന് പറഞ്ഞപ്പോള്‍ ഉസ്താദ് സ്വന്തം റൂമിലേക്ക് പോയി. ആരോ ഹദ്‌യയായി നല്‍കിയ ഒരു കപ്പ് ഉണക്കിയ കഷുവണ്ടിയുമായി ഞങ്ങള്‍ക്ക് മുമ്പില്‍ വന്നു. ആവശ്യമുള്ളത് എടുക്കാനും ഇപ്പോള്‍ എന്റെ വകയായി ഇതേ നിങ്ങള്‍ക്ക് തരാനുള്ളൂവെന്നും പറഞ്ഞു. ഒടുവില്‍ സലാം പറഞ്ഞ് ഉസ്താദിന്റെ കൈപിടിച്ച് ഞങ്ങള്‍ അവിടെ നിന്ന് ഇറങ്ങി. ടൗണിലെത്താന്‍ വാഹനം വിടണോയെന്ന് ഉസ്താദ് ചോദിച്ചു. വേണ്ട... റോട്ടിലിറങ്ങിയാല്‍ എന്തെങ്കിലും കിട്ടിക്കൊള്ളും എന്ന് ഞങ്ങള്‍ പ്രതികരിച്ചു... പിന്നീട് ടൗണിലെത്തുന്നതു വരെ ഉസ്താദ് തന്നെയായിരുന്നു ഞങ്ങളുടെ സംസാര വിഷയം. എത്രനല്ല മനുഷ്യന്‍... എന്തൊരു സ്വീകരണം... എന്തൊരു ആതിഥ്യമര്യാദ.... ഇത്രമാത്രം ഉന്നതമായ സ്ഥാനമാനങ്ങളില്‍ ആയിട്ടുകൂടി ജാടയെന്നൊന്ന് തൊട്ട് തീണ്ടുകപോലും ചെയ്യാത്ത മനുഷ്യന്‍.....

ചെമ്പിരിക്കയിലെ വീട്ടില്‍നിന്നും പടികളിറങ്ങി നടക്കുമ്പോള്‍ ഇതൊരിക്കലും അവസാനത്തെ കാഴ്ചായിരിക്കുമെന്ന് നിനച്ചിരുന്നില്ല. സുന്നിഅഫ്കാറിലും മറ്റും അവസാനമായി വന്ന ലേഖനങ്ങള്‍ ഓഫീസുകളില്‍ ചെന്ന് സിഡിയിലെടുത്ത് എത്തിച്ചുകൊടുക്കാന്‍ അന്ന് സംസാരത്തിനിടെ ഉസ്താദ് പറഞ്ഞിരുന്നു. ഞാന്‍ ചെയ്യാം... സമയമില്ലെങ്കില്‍ ആരെയെങ്കിലും ഏല്‍പ്പിക്കാം... എന്നാണ് ഞാന്‍ പ്രതികരിച്ചിരുന്നത്. ഇത്തരം സംസാരങ്ങളെല്ലാം നടന്നിരുന്നതിനാല്‍, ഇനി വരുമ്പോള്‍ ഞാന്‍ ഉസ്താദിനെ വന്ന് കാണാം എന്ന സമാപ്തി വാക്യത്തോടെയായിരുന്നു പടിയിറക്കം. കണ്ടതിലും സംസാരിച്ചതിലുമുള്ള വല്ലാത്ത സന്തോഷം മനസില്‍ വെച്ച് നടക്കുമ്പോള്‍ നോക്കെത്തും ദൂരത്ത് അറബിക്കടല്‍ അലതല്ലി ഇളകി മറിയുന്നുണ്ടായിരുന്നു. ചെമ്പിക്കയിലെ ആ കൊച്ചു വീട്ടില്‍ വിജ്ഞാനീയങ്ങളുടെ മറ്റൊരു കടല്‍ ശാന്ത സുന്ദരമായി കേരള മുസ്‌ലിംകളുടെ ഹൃദയങ്ങളിലേക്ക് പ്രവഹിക്കുന്നത് ആ മണ്ണിലൂടെ നടക്കുമ്പോള്‍ ശരിക്കും ഞാന്‍ അനുഭവിച്ചു.

ഹൃദയത്തിന്റെ കണ്ണാടിയിലായിരുന്നു പിന്നീട് ഒന്ന് ഒന്നര മാസം ഉസ്താദ് ഉണ്ടായിരുന്നത്. പള്ളിദര്‍സുകളെക്കുറിച്ചും അവയില്‍ ഗോളശാസ്ത്ര പഠനങ്ങള്‍ നടന്നുവന്നതിനെക്കുറിച്ചുമൊക്കെ ഉസ്താദുമായി വിശദമായൊരു അഭിമുഖം നടത്തണമെന്ന് മനസ്സില്‍ ആഗ്രഹം കെട്ടിനില്‍ക്കുന്നുണ്ടായിരുന്നു. അതിനിടക്കായിരുന്നു ഒരു രാത്രി എനിക്ക് അങ്ങേയറ്റം വേണ്ടപ്പെട്ട, എന്റെ എല്ലാം എല്ലാമായ ഒരാള്‍ മരണപ്പെടുന്നതായി ഒരു സ്വപ്നമുണ്ടാകുന്നത്. ഏറെ വേദനിപ്പിക്കുന്ന ഒരു കാര്യം സംഭവിച്ചിട്ടുണ്ടെന്ന് എനിക്ക് ഉറപ്പായിരുന്നു. തൊട്ടടുത്ത ദിവസം പ്രഭാതത്തില്‍ എഴുന്നേറ്റിരിക്കുമ്പോഴാണ് ഒരു കോള്‍ വരുന്നത്. ഫോണെടുത്തപ്പോള്‍ വിവരം പ്രതീക്ഷിച്ചതുതന്നെയായിരുന്നു. പ്രിയ ഉസ്താദ് ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍.... ആ ഹൃദയ ബന്ധം ഒരു കണ്ണീര്‍ത്തുള്ളിയായി അവസാന നിമിഷവും നിലനില്‍ക്കുകയായിരുന്നു. വേദനകളായി... പിന്നീട് വീട്ടില്‍ വന്ന് കാണാമെന്ന മോഹങ്ങള്‍ സാക്ഷാല്‍ക്കരിക്കപ്പെടാതെ....

എന്റെ കഥ; വിദ്യാഭ്യാസത്തിന്റെയും


ഖാസി സി.എം. അബ്ദുല്ല മൗലവി വിടപറഞ്ഞിട്ട് ഒരു വര്‍ഷം തികയുന്നു. ഈയിടെ പ്രസിദ്ധീകൃതമായ അദ്ദേഹത്തിന്റെ ആത്മകഥ (എന്റെ കഥ; വിദ്യാഭ്യാസത്തിന്റെയും) യെ അടിസ്ഥാനമാക്കി ഒരു അന്വേഷണ സ്മരണ.

അലമാരയിലെ ഒതുക്കിവെച്ച പുസ്തകക്കൂട്ടങ്ങളില്‍നിന്നും ഒരു ഡയറി പുറത്തെടുത്തുകാണിച്ചുകൊണ്ട് ഒരിക്കല്‍ സി.എം. ഉസ്താദ് പറഞ്ഞു, 'ഞാന്‍ 'തര്‍ജുമതുല്‍ മുഅല്ലിഫ്' (ഗ്രന്ഥകാരന്റെ ജീവചരിത്രം) എഴുതിക്കൊണ്ടിരിക്കുകയാണ്. പണി ഏകദേശമെല്ലാം പൂര്‍ത്തിയായി. ഇനി, അല്‍പം മിനുക്കുപണികളേ ബാക്കിയുള്ളൂ. വേറെയും കുറേ സാധനങ്ങള്‍ ചെയ്യണമെന്നുണ്ട്. ഡോക്ടര്‍ വിശ്രമിക്കാന്‍ പറഞ്ഞിരിക്കയാണ്. അധികം പരിപാടികളിലൊന്നും പോവാറില്ല. അതിനാല്‍, കുറേ എഴുതാനും വായിക്കാനും സമയം കിട്ടുന്നുണ്ട്....'

സി.എം. ഉസ്താദ് വിട പറഞ്ഞ് ഒരു വര്‍ഷം തികയവെ സ്വന്തം ആത്മകഥ 'എന്റെ കഥ; വിദ്യാഭ്യാസത്തിന്റെയും' പുസ്തകരൂപത്തില്‍ പുറത്തുവന്നപ്പോള്‍ ആദ്യം ഓര്‍ത്തുപോയത് ആ കൂടിക്കാഴ്ചയാണ്. വാര്‍ദ്ധക്യസഹജമായ പ്രാരാബ്ധങ്ങളും ക്ഷീണവും ശരീരത്തെ തളര്‍ത്തുമ്പോഴും ആ കണ്ണുകളില്‍ വെളിച്ചം പകര്‍ന്നിരുന്നത് വിദ്യാഭ്യാസ ചിന്തകളും അവയുടെ അയവിറക്കലുകളുംതന്നെയായിരുന്നു. എഴുത്ത്, വായന, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, സാമൂഹിക സേവനം, മതപരമായ വിധികള്‍ നിര്‍ണ്ണയിക്കല്‍, ആളുകള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍ തുടങ്ങി പൊതുജനോപകാരപ്രദമായ ഇത്തരം കാര്യങ്ങളില്‍ കവിഞ്ഞ് അവര്‍ക്ക് മറ്റൊരു ജീവിതമുണ്ടായിരുന്നില്ല. ധൈഷണികതയും ക്രിയാത്മകതയും സംഗമിച്ച ഒരതുല്യ പണ്ഡിതന്‍ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാവുന്നതാണ്. ഉത്തരമലബാറിന്റെ ആത്മീയ മണ്ഡലത്തില്‍ ഉസ്താദ് രേഖപ്പെടുത്തിയ മുദ്രകള്‍ ഇന്നും പതിന്‍മടങ്ങ് പ്രശോഭിതമായി ശേഷിക്കുന്നു. ജീവിച്ചിരുന്ന ഉസ്താനിനെപ്പോലെത്തന്നെ ശക്തനാണ് ഇന്ന് വിശ്വാസി മനസ്സുകളില്‍ വിടപറഞ്ഞതിനു ശേഷമുള്ള ഉസ്താദും. അദ്ദേഹം ബാക്കിവെച്ചുപോയ വിദ്യാഭ്യാസ കാഴ്ചപ്പാടുകളും ചിന്തകളും നൂറ്റാണ്ടുകളോളം കേരള മുസ്‌ലിംകളെ മുന്നേട്ടുനയിക്കാന്‍മാത്രം പ്രോജ്വലമാണ്.

കാസര്‍ക്കോടിനെ പശ്ചാത്തലമാക്കി കേരളത്തിലെയും കര്‍ണാടകത്തിലെയും മുസ്‌ലിംകളോട് മൊത്തമായിട്ടായിരുന്നു സി.എം. ഉസ്താദിന്റെ സംവാദം. തീരെ അറിവില്ലാത്തവര്‍ക്ക് അതിനുള്ള സൗകര്യങ്ങളൊരുക്കുകയെന്നതോടൊപ്പം അറിവുള്ളവര്‍ക്ക് സമന്വയവിദ്യാഭ്യാസത്തിന്റെ വാതില്‍ തുറക്കുന്നതായിരുന്നു ഉസ്താദിന്റെ ചിന്തകള്‍. ഒരിക്കല്‍, കാസര്‍കോട്ടെ വിദ്യാഭ്യാസ ചുറ്റുപാടുകളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ ഉസ്താദ് കാസര്‍കോട്ട് തുടങ്ങാനിരിക്കുന്ന പുതിയൊരു വിദ്യാഭ്യാസ സ്ഥാപനത്തെക്കുറിച്ച് സംസാരിച്ചു. അവിടെ ഏത് സിലബസ് അപ്ലേ ചെയ്യണമെന്നതായിരുന്നു ഉസ്താദിന്റെ ആശങ്ക. സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതി ഉന്നംവെച്ച് സദാ ഒരു പിടി സ്വപ്നങ്ങള്‍ മനസില്‍ ആറ്റിക്കുറുക്കി നടന്നിരുന്ന ഉസ്താദിന് സ്വാര്‍ത്ഥതയെന്തെന്ന് അറിയുമായിരുന്നില്ല. ജാതി മത ഭേതമന്യേ എല്ലാവര്‍ക്കും തന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ ഉസ്താദ് അവസരമൊരുക്കിയിരുന്നു.
വലിയൊരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ എല്ലാ കാര്യങ്ങളും നോക്കിനടത്തുമ്പോഴും ഗോളശാസ്ത്രത്തിന്റെ കുരുക്കഴിയാത്ത പ്രശ്‌നങ്ങള്‍ മനനം ചെയ്യുമ്പോഴും വശ്യമായൊരു പുഞ്ചിരിയായിരുന്നു ആ മുഖത്ത്. ആ പുഞ്ചിരിയാണ് സ്ഥാപനത്തിന്റെ മുന്നോട്ടുള്ള കുതിപ്പില്‍ പലര്‍ക്കും പ്രചോദനവും ധൈര്യവും പകര്‍ന്നിരുന്നത്. വിനയത്തിന്റെ ആള്‍രൂപമായിരുന്നു ഉസ്താദ്. തനിക്ക് അറിയാത്ത കാര്യങ്ങള്‍ ആരോടും ചോദിച്ചറിയുമായിരുന്നു. അതുകൊണ്ടുതന്നെ, പല പ്രൊഫസര്‍മാരും അധ്യാപകരും എഞ്ചിനിയര്‍മാരും പത്രപ്രവര്‍ത്തകരും ഉസ്താദിന്റെ അടുത്ത സുഹൃത്തുക്കളായി. പുസ്തക രചനകളില്‍ മുഴുകുന്ന നേരങ്ങളില്‍ ഇവരുമായെല്ലാം ഉസ്താദ് ബന്ധപ്പെടുകയും ചെയ്യുമായിരുന്നു. കളനാട്ടെ ദിവംഗതനായ എഞ്ചിനിയര്‍ അഹ്മദ്ച്ച ഉസ്താദിന്റെ ഗോളശാസ്ത്ര പഠനങ്ങളില്‍ പ്രചോദനമായ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ കോലുകളും കണക്കുകളും പഠിക്കാനെത്തുമ്പോള്‍ ഒരു വിനയാന്വിതനായ വിദ്യാര്‍ത്ഥിയായിരുന്നു തന്റെ അറുപതുകളിലും സി.എം. ഉസ്താദ്. തന്റെ സ്ഥാപനങ്ങളില്‍ കുട്ടികള്‍ക്കായി വിദ്യാഭ്യാസ ക്ലാസുകളും ചര്‍ച്ചകളും സംഘടിപ്പിക്കുമ്പോള്‍ വരുന്ന അതിഥിക്കുമുമ്പില് ഒരു ശ്രോതാവായി ഉസ്താദും വന്നിരിക്കും. കുട്ടികളെപ്പോലെ സംശയങ്ങള്‍ ചോദിച്ചുതീര്‍ക്കും. തിരുത്തേണ്ടത് തിരുത്തിയും പറയേണ്ടത് തുറന്നു പറഞ്ഞും ചര്‍ച്ചകളില്‍ ശക്തമായിത്തന്നെ ഇടപെടും. ഇങ്ങനെ നോക്കുമ്പോള്‍ ഉസ്താദിന്റെ സര്‍ഗാത്മക മനസ് വാര്‍ദ്ധക്യകാലത്തും യുവത്വത്തിന്റെ പ്രസരിപ്പിലായിരുന്നുവെന്നത് പ്രകടമായിരുന്നു.

1960 കളില്‍ ഉസ്താദ് തുടങ്ങിവെച്ച വിദ്യാഭ്യാസ ചിന്തകള്‍ കേരളമുസ്‌ലിം ചിന്താവികാസത്തിന്റെ പട്ടികയില്‍ ശ്രദ്ധേയമായ മുദ്രകള്‍ത്തന്നെ അര്‍പ്പിച്ചിട്ടുണ്ട്. അറബിയിലും മലയാളത്തിലും ഇംഗ്ലീഷിലുമായി പതിനഞ്ചോളം വരുന്ന പുസ്തകങ്ങളും ഗോളശാസ്ത്രം, സാമ്പത്തികശാസ്ത്രം, ചരിത്രം തുടങ്ങി വിവിധ മേഖലകളിലായി എഴുതിയ അമ്പതിലേറെ വരുന്ന ലേഖനങ്ങളും ഉസ്താദിന്റെ സര്‍ഗാത്മകതയുടെ തീക്ഷ്ണതയെ വിളിച്ചറിയിക്കുന്നു. സഅദിയ്യ, ആലിയ, നീലേശ്വരം മര്‍ക്കസ്, മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് തുടങ്ങിയ ഉസ്താദ് സേവനം ചെയ്തിരുന്നതോ നിര്‍മിച്ചിരുന്നതോ ആയ സ്ഥാപനങ്ങള്‍ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ആഴവും വ്യക്തമാക്കുന്നു. കാസര്‍കോട്ടും മംഗലാപുരത്തുമടക്കം നൂറിലേറെ മഹല്ലത്തുകളുടെ ഖാസിയായ ഉസ്താദ് തന്റെ സാമൂഹിക സേവനത്തിന്റെയും മതകീയ മാര്‍ഗദര്‍ശനത്തിന്റെയും അനുകരണീയ പന്ഥാവിനെയാണ് പ്രതിനിധീകരിച്ചിരുന്നത്.

വിദ്യാഭ്യാസ ചിന്തകനായ സി.എം. ഉസ്താദിനെ മനസ്സിലാക്കാന്‍ 1971-2 കാലങ്ങളവില്‍ അദ്ദേഹം സഅദിയ്യ അറബിക് കോളേജിന് തയ്യാറാക്കിയ ഭരണഘടനയും സിലബസും എടുത്തു പരിശോധിച്ചുനോക്കിയാല്‍ മതി. സമന്വയ വിദ്യാഭ്യാസമെന്ന തന്റെ ചിരകാല സ്വപ്നങ്ങളെയും ചിന്തകളെയും കൂട്ടിയിണക്കി മതകീയ കാഴ്ചപ്പാടിനുള്ളില്‍നിന്നുകൊണ്ടു അദ്ദേഹം വികസിപ്പിച്ചെടുത്തതായിരുന്നു ഈ ആശയം. ഉത്തര മലബാറിലെ സമുന്നത സ്ഥാപനമായിരുന്ന സഅദിയ്യ ഒരു വിപ്ലവമായി കടന്നുവന്നത് അങ്ങനെയായിരുന്നു. മധ്യമമലബാറിലും ദക്ഷിണമലബാറിലും പ്രായോഗികമായ സമന്വയ ചിന്തകള്‍ ഉടലെടുക്കുന്നതിനുമുമ്പുതന്നെ, ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, ഈ ചിന്ത ചെമ്പരിക്കയിലെ പണ്ഡിത തറവാട്ടില്‍ ജന്മമെടുത്തിരുന്നുവെന്നുവേണം കരുതാന്‍. ചാലിലകത്ത് കുഞ്ഞഹമ്മദാജിയും തുടര്‍ന്നുവന്ന പല പേരുകേട്ട ജ്ഞാനികളും ആര്‍ജ്ജിച്ചിരുന്നപോലെത്തന്നെ, സി.എമ്മും ഈ ചിന്തയെ ആര്‍ജ്ജിച്ചിരുന്നത് വേലൂര്‍ ബാഖിയാത്തിന്റെ ജ്ഞാനാന്തരീക്ഷത്തില്‍ നിന്നാണ്. കാസര്‍കോട്ടെയും ദക്ഷിണകന്നഡയിലെയും പഠിക്കാനാഗ്രഹമുള്ള കുട്ടികളുടെ വിദ്യാഭ്യാസ ക്ലേശങ്ങളാണ് ഉസ്താദിനെ ഇത്തരമൊരു ചിന്തയിലേക്ക് ഇറങ്ങിത്തിരിക്കാന്‍ പ്രേരിപ്പിച്ചിരുന്നത്. 1971 ല്‍ സഅദിയ്യ ജന്മമെടുത്തതോടെ ഉത്തരമലബാറിലെയും മംഗലാപുരത്തെയും വിദ്യാര്‍ത്ഥികല്‍ക്ക് അതൊരു അനുഗ്രഹമായി മാറുകയായിരുന്നു. എം.ഐസി.യിലെ ദാറുല്‍ ഇര്‍ശാദ് അക്കാദമിയും അര്‍ശദുല്‍ ഉലൂം മുഥവ്വല്‍ കോളേജും ഈ ശ്രേണിയിലെ അനന്തര ഉദ്ദ്യമങ്ങളാണ്.
മുന്‍ മംഗലാപുരം ഖാസിയായിരുന്ന കോട്ട അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ സി.എം. ഉസ്താദിന്റെ ചിന്തകള്‍ക്കും സ്വപ്നങ്ങള്‍ക്കും ശക്തി പകര്‍ന്ന ഒരാളായിരുന്നു. ആ ഇരുകൈകളും പരസ്പരം കോര്‍ക്കപ്പെട്ടതോടെ കാസര്‍കോടിന്റെയും മംഗലാപുരത്തിന്റെയും മതകീയ വിദ്യാഭ്യാസ മേഖല ഏറെ ക്രിയാത്മകമായി. എന്നും ദക്ഷിണകന്നഡയും കാസര്‍കോടും മറക്കാതെ അനുസ്മരിക്കുന്ന രണ്ടു വ്യക്തിത്വങ്ങളാണിത്. ഉത്തര മലബാര്‍ അനുഭവിച്ചിട്ടുള്ള പണ്ഡിത ലോകത്തെ മുന്നണിപ്പോരാളികള്‍. മുന്‍ കാഞ്ഞങ്ങാട് ഖാസി ആറ്റക്കോയ തങ്ങള്‍, കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി, കല്ലട്ര അബ്ലാസ് ഹാജി തുടങ്ങിയവരും ഉസ്താദിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തന യാത്രയില്‍ വലംകൈകളായി വര്‍ത്തിച്ചവരാണ്. ഉത്തരേന്ത്യയില്‍നിന്നും കേരളമുസ്‌ലിംകളെ വ്യതിരിക്തമാക്കുന്ന ഈ ഉലമാ ഉമറാ സംഗമംതന്നെയായിരുന്നു ഉത്തരമലബാറിന്റെ വിദ്യാഭ്യാസ നവോത്ഥാനത്തിന്റെയും പിന്നില്‍. (ഇവിടെ, നവോത്ഥാനം എന്നൊരു പേര് പ്രയോഗിക്കുമ്പോള്‍ പെട്ടെന്ന് മനസ്സിലേക്കു ഒരു കാര്യം ഓടിവരുന്നു. മുസ്‌ലിം പുരോഗതികളെയും വളര്‍ച്ചകളെയും കുറിക്കാന്‍ നവോത്ഥാനം എന്ന പദപ്രയോഗം നടത്തുന്നത് ഉസ്താദിന് രസിച്ചിരുന്നില്ല. അതില്‍ മറ്റെന്തോ ചായ്‌വും ചുവയുമാണ് ഉസ്താദ് കണ്ടിരുന്നത്. ലേഖനങ്ങളില്‍ അത്തരം പ്രയോഗങ്ങളെ ഉസ്താദ് തിരുത്തുമായിരുന്നു. കാസര്‍കോട് മുസ്‌ലിംകളെക്കുറിച്ച് ഒരു പഠനം നടത്തി പ്രസിദ്ധീകരിക്കാനൊരുങ്ങിയപ്പോള്‍ അതിന്റെ ടൈറ്റിലില്‍ വന്ന ഈ പദപ്രയോഗത്തെ ഉസ്താദ് തിരുത്തിയെഴുതിയത് ശ്രദ്ധേയമാണ്.)
കേട്ടുകേള്‍വിക്കപ്പുറം അനുഭവങ്ങളാണെല്ലോ ഒരു വ്യക്തിയെക്കുറിച്ച് മനസ്സിലാക്കാന്‍ ഏറ്റവും പര്യപ്തമായിട്ടുള്ളത്. എഴുത്തിന്റെയും വായനയുടെയും ലോകത്തെ സി.എം. ഇഫക്ട് എടുത്തുപറയേണ്ടതുതന്നെയാണ്. 1980 കളില്‍ കാസര്‍കോട്ടുനിന്നും പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന അദ്ദഅവ മാസികയുടെ ചീഫ് എഡിറ്ററായിരുന്നു സി.എം. ഉസ്താദ്. ഡോ. സി.കെ. കരീം തന്റെ കേരളമുസ്‌ലിം സ്ഥിതി വിവരക്കണക്ക് ചരിത്ര ഗ്രന്ഥത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. വര്‍ഷങ്ങളോളം നീണ്ടുനിന്ന ഈ മാസികയും സഅദിയ്യ പോലെത്തന്നെ സുന്നികള്‍ക്കിടയിലെ രചനാത്മക ലോകത്ത് ഇന്നത്തെ പല മാസികകള്‍ക്കും വാരികകള്‍ക്കും ഒരു 'പയനിയറാ' യി വര്‍ത്തിച്ചുവെന്നത് ഏറെ ശ്രദ്ധേയമായ കാര്യംതന്നെയാണ്. ഇങ്ങനെ നോക്കുമ്പോള്‍, കേരളമുസ്‌ലിംകളുടെ വിദ്യാഭ്യാസ-ചിന്താവികാസ-രചനാ ചരിത്രത്തില്‍ സി.എം. രേഖപ്പെടുത്തിയ മുദ്രകള്‍ ഒരു കേന്ദ്ര യൂണിവേഴ്‌സിറ്റിയില്‍നിന്നും പി.എച്ഛ്.ഡി നേടാന്‍മാത്രം സമ്പന്നവും ആഴമുള്ളതുമാണെന്ന് മനസ്സിലാകുന്നു. കേരളത്തിലെ ഗോളശാസ്ത്ര പഠനങ്ങളില്‍ സി.എമ്മിന്റെ പങ്കും ഇടവും നിര്‍ണ്ണയിക്കുന്ന പഠനങ്ങള്‍ ഗവേഷണ വിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്ത് നിര്‍വ്വഹിക്കേണ്ടതുതന്നെയാണ്. ഉത്തരേന്ത്യയിലെയും മുസ്‌ലിം രാഷ്ട്രങ്ങളിലെയും വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ ചിന്തകളും രചനകളും റിസര്‍ച്ച് ടോപിക്കുകളായി മാറുകയും ഗവേഷണ റിസല്‍ട്ടുകള്‍ പുറത്തുവരുന്നതോടെ വന്‍ പ്രസ്ഥാനങ്ങളായി മാറുകയും ചെയ്യുമ്പോള്‍ സി.എം. എന്ന വിദ്യാഭ്യാസ വിചക്ഷണനെയും തന്റെ സംഭാവനകളെയും ഗവേഷക ലോകം ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകത ഏറെ വ്യക്തമാകുന്നു. വരുംകാലങ്ങളില്‍ കേരളത്തില്‍തന്നെ ഇത്തരം പഠനങ്ങള്‍ പുറത്തുവരുമെന്നത് നമുക്ക് ഉറപ്പിച്ചുപറയാവുന്നതാണ്. കഴിഞ്ഞ വര്‍ഷം (2010) ഡല്‍ഹയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ സ്‌കൂള്‍ ഓഫ് ലിങ്കിസ്റ്റിക്, ലിറ്ററേചര്‍ ആന്റ് കള്‍ച്ചറല്‍ സ്റ്റഡസില്‍ നടന്ന, സൗത് ഇന്ത്യയിലെ സ്‌കോളേഴ്‌സിനെയും അറബിക് ഭാഷയിലും ഇസ്‌ലാമിക് സ്റ്റഡീസിലും അവരുടെ സംഭാവനകളെയും പുരസ്‌കരിച്ചുകൊണ്ട് സംഘടിപ്പിക്കപ്പെട്ട സെമിനാറില്‍ സി.എം. ഉസ്താദിന്റെ വിദ്യാഭ്യാസ ചിന്തകളെയും ഗോളശാസ്ത്ര കാഴ്ചപ്പാടിനെയും കുറിച്ച് ഒരു പേപ്പര്‍ പ്രസന്റേഷന്‍ നടന്നത് ഇതിനൊരു ഉദാഹരണമാണ്. കൂടാതെ, Qazi Abdullah Moulawi Al Jamhari: a traditional Muslim Scholar who Loved Astronomy and Mathematics എന്ന ടൈറ്റിലില്‍ ടു സിര്‍ക്ള്‍സ്.നെറ്റ് (www.twocircles.net) എന്ന ഓണ്‍ലൈന്‍ ഇംഗ്ലീഷ് പത്രത്തിലും ഒരു പഠനം പ്രസിദ്ധീകരിച്ചുവരികയുണ്ടായി. അക്കാദമിക് തലങ്ങളില്‍ ഇത്തരം വിഷയങ്ങള്‍ തീര്‍ച്ചയായും കടന്നുവരേണ്ടതിന്റെ ആവശ്യകതയുമാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. കാരണം, കേരളത്തിലെ ഗോളശാസ്ത്ര പഠനങ്ങളെ കുറിച്ച് പഠിക്കുമ്പോള്‍ സി.എം. ഉസ്താദ് തീര്‍ച്ചയായും അതിലെ ഒരു അധ്യായമാണ്. കേരളത്തിലെ സമന്വയ വിദ്യാഭ്യാസമെന്ന പുതിയ ട്രന്റിന്റെ കടന്നുവരവിനെ പഠനവിധേയമാക്കുമ്പോഴും സി.എമ്മിനെ മാറ്റി നിര്‍ത്താനാവില്ല. വിദ്യാഭ്യാസ കാഴ്ച്ചപ്പാടുകളും ഗ്രന്ഥങ്ങളും മറ്റൊരു വശം. സി.എം. എന്ന ഇസ്‌ലാമിക ചിന്തകന്‍ ഇങ്ങനെ ആഴങ്ങളിലേക്ക് പഠനമര്‍ഹിക്കുന്ന ഒരു സംഭവമായി മാറുന്നു.
ഇഷ്ടപ്പെട്ടാല്‍ എന്തും വായിക്കുമായിരുന്നു സി.എം. അതില്‍ തെറ്റു കണ്ടാല്‍ നിരൂപിക്കുകയും തിരുത്തുകയും ചെയ്യും. ഒരിക്കല്‍, ഡോ. സാക്കിര്‍ നായികിന്റെ ഖുര്‍ആനും ശാസ്ത്രവും താരതമ്യം ചെയ്യുന്ന ഒരു പുസ്തകത്തിന്റെ മലയാള വിവര്‍ത്തനം ഉസ്താദിന് കോംപ്ലിമെന്ററി കോപ്പിയായി നല്‍കുകയുണ്ടായി. അടുത്ത ദിവസം ഉസ്താദ് വിളിച്ചുകൊണ്ട് പറഞ്ഞു, ഇതില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ വിവര്‍ത്തനം ചെയ്തു നല്‍കിയതില്‍ പിശക് പിണഞ്ഞിട്ടുണ്ടെന്ന്. ആസ്‌ട്രോണമിയെ കുറിച്ചു പരാമര്‍ശിക്കുന്ന ഭാഗമായിരുന്നു ഉസ്താദ് വായിച്ചിരുന്നത്. ശാസ്ത്രത്തിലെ മുസ്‌ലിം സംഭാവനകളെ പരാമര്‍ശിക്കുന്ന 'അറബികള്‍ പറഞ്ഞ ശാസ്ത്രം' എന്നൊരു പുസ്തകം ഉസ്താദിന് നല്‍കിയിരുന്നു. പുസ്തകം വായിച്ച ശേഷം, ഒരിക്കല്‍ ഉസ്താദ് പറഞ്ഞു, മുസ്‌ലിം ശാസ്ത്രകാരന്മാരുടെ സംഭാവനകളെയും ആധുനിക ശാസ്ത്രത്തിന് മധ്യകാലം നല്‍കിയ മാര്‍ഗദര്‍ശനത്തെയും കൈകാര്യം ചെയ്യുന്ന ഈ പുസ്തകത്തിന് ഈ പേര് നല്‍കിയത് ശരിയായില്ല. മുസ്‌ലിംകള്‍ ആധുനിക ശാസ്ത്രത്തിന്റെ ഉപജ്ഞാതാക്കള്‍ എന്ന ആശയത്തില്‍ പേര് മാറ്റണമെന്നായിരുന്നു ഉസ്താദിന്റെ നിര്‍ദ്ദേശം. കാസര്‍കോട് മുസ്‌ലിംകളുടെ ചരിത്രമെന്ന പേരില്‍ ഒരു പഠന ഗ്രന്ഥം ചെയ്തിരുന്നു. അതിന് അവതാരികയെഴുതാന്‍വേണ്ടി ഉസ്താദിന് അടുത്തുചെന്നു. ഉസ്താദ് പരിശോധിച്ച ശേഷം അവതാരിക തയ്യാറാക്കി. എഴുത്തിലെ ചില ശൈലികളും ഒഴുക്കും ഉസ്താദിന് അത്ര പിടിച്ചില്ല. അതുകൊണ്ടുതന്നെ അവതാരികയുടെ അവസാനം ഉസ്താദ് ഇങ്ങനെയെഴുതി: ഭാഷാപരമായി ചില കെട്ടിക്കുടുക്കുകളുണ്ടെങ്കിലും ഈ സൃഷ്ടി കാസര്‍കോട് മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഏറെ ഉപകാരപ്രദമായ ഒന്നാണ്... ശക്തനായൊരു പ്രൂഫ് റീഡറായിരുന്നു ഉസ്താദ്. ആ ചിന്തയും ആ കണിശതയും നമ്മുടെ എഴുത്തുകുത്തുകളുടെ രീതികളെത്തന്നെ മാറ്റിമറിച്ചു. വളരെ സരളവും പച്ചവെള്ളം പോലെ ഒഴുകി പോകുന്നതുമായ ഒരു സ്വഭാവമാണ് പൊതുവെ ഉസ്താദിന്റെ രചനകള്‍ക്ക് ഉണ്ടായിരുന്നത്.
സി.എം. ഉസ്താദിന്റെ ആത്മകഥയെ പറഞ്ഞുകൊണ്ടാണ് നാം തുടങ്ങിയത്. അതു പറഞ്ഞുകൊണ്ടുതന്നെ അവസാനിപ്പിക്കുകയും ചെയ്യാം. അനവധി ഗ്രന്ഥങ്ങളും ലേഖനങ്ങളുമെഴുതിയ ഒരാളായിരുന്നു ഉസ്താദെന്ന് നാം പറഞ്ഞു. അതുപോലെ, വിദ്യാഭ്യാസ മേഖലയിലും സാമൂഹിക പ്രവര്‍ത്തനത്തിലും മെയ് മറന്ന് ഇറങ്ങിത്തിരിച്ച ഒരാളുമായിരുന്നു ഉസ്താദ്. ഇതൊന്നുമായിരുന്നില്ല ഉസ്താദിന്റെ ജീവിതത്തിലെ ശ്രദ്ധേയമായ സംഭവങ്ങള്‍. പ്രത്യുത, ഈ സംരംഭങ്ങളെല്ലാം മലപോലെ ഒഴുകിവരുന്ന പ്രാരാബ്ധങ്ങളുടെ പശ്ചാത്തലത്തില്‍ ചെയ്തുതീര്‍ത്തുവെന്നതായിരുന്നു. ശൂന്യതകളില്‍നിന്നായിരുന്നു കാസര്‍കോട്ടെ ഉസ്താദിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ആരംഭം. അനവധി പ്രശ്‌നങ്ങള്‍ അവിടത്തന്നെ അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്. ഉത്തരമലബാറില്‍ ഒരു സ്ഥാപനത്തിനുവേണ്ടിയുള്ള കഠിനാധ്വാനത്തിനും അലച്ചിലിനുമിടയില്‍ പല പ്രതിബന്ധങ്ങളും വന്നുപെട്ടു. പല എതിര്‍പ്പുകളും നേരിട്ടു. ഇവയെല്ലാം തൃണവത്ഗണിച്ചുകൊണ്ടായിരുന്നു ഉസ്താദിന്റെ അരങ്ങേറ്റം. ഒടുവില്‍ സഅദിയ്യയുടെ പൂമുഖത്ത് തന്റെ സ്വപ്നങ്ങള്‍ പൂവിട്ടതിനു ശേഷവും ഇതേയൊരവസ്ഥ തിരിച്ചുവന്നു. ഒരു വേള സഅദിയ്യയില്‍നിന്നും പടികളിറങ്ങേണ്ടിവന്നു. ജീവിതത്തില്‍ ഉസ്താദിനെ ഏറെ വേദനിപ്പിച്ച ഒരു സമയമായിരുന്നു ഇത്. ഇക്കാലത്ത് ഉസ്താദിനെ സമാധാനിപ്പിക്കാനോ സന്തോഷം പകരാനോ കൂടുതലാളുകളൊന്നും ഉണ്ടായിരുന്നില്ല. തികഞ്ഞ വിശ്വാസവും സ്ഥൈര്യവുമായിരുന്നു ഇവിടെ ഉസ്താദിനെ നയിച്ചിരുന്നത്. സഅദിയ്യയിലെ അവസാന കാലങ്ങള്‍ വളരെ നിര്‍ണ്ണായകമായിരുന്നു. ഒരു പക്ഷത്ത് ഉസ്താദ് ഒറ്റക്ക്. മറു പക്ഷത്ത് വലിയൊരു പടയും. സ്വാഭാവികമായും ഇവിടെ ഉസ്താദിന്റെ തീരുമാനങ്ങളും സ്വപ്നങ്ങളും അവഗണിക്കപ്പെട്ടു. ഒരു പതിറ്റാണ്ടിലേറെ ഉസ്താദ് സ്വന്തം ചോരയും നീരും ചെലവഴിച്ച് കെട്ടിപ്പടുത്ത പ്രസ്ഥാനം ചില തല്‍പര കക്ഷികളുടെ കരങ്ങളില്‍ ഞെരിഞ്ഞമരുന്നത് ഉസ്താദിനെ ഏറെ ചിന്താകുലനാക്കി. പിന്നീടിങ്ങോട്ട് സഅദിയ്യയുടെ മാത്രമല്ല, കാസര്‍കോട് മുസ്‌ലിം ചരിത്രത്തില്‍നിന്നുതന്നെ തന്നെ തമസ്‌കരിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളായിരുന്നു. തല്‍പര കക്ഷികള്‍ അത് തുടര്‍ന്നുകൊണ്ടേയിരുന്നു. വളര്‍ന്നുവരുന്ന തലമുറക്കിടയില്‍ ഉസ്താദിനെ അപ്രസക്തനാക്കി കാണിക്കാനും ഉസ്താദിനും സഅദിയ്യക്കും തമ്മില്‍ യാതൊരു ബന്ധവും ഇല്ലായെന്ന് വരുത്തിത്തീര്‍ക്കാനും ചെയ്യാവുന്നതെല്ലാം ചെയ്തു. ചരിത്രങ്ങള്‍ തിരുത്തിയെഴുതപ്പെട്ടു. സി.എം. ഉസ്താദിന്റെ പേര് പോലും പരാമര്‍ശിക്കാത്ത സഅദിയ്യാ ചരിത്രങ്ങള്‍ പുറത്തുവന്നു. സുവനീറുകളില്‍ ആ മഹാ മനീഷിക്കെതിരെ അച്ചുനിരത്താന്‍ തുടങ്ങി. ശരിക്കും, സഅദിയ്യയും സി.എമ്മും തമ്മിലെന്ത് എന്ന ഒരു വിദൂരമായ സങ്കല്‍പംതന്നെ പൊതുജനത്തിനിടയില്‍ വന്നുപെട്ടു. ഇത് ഉസ്താദിനെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം അസഹനീയമായിരുന്നു. 17-18 വര്‍ഷം ചോര നീരാക്കി ഉസ്താദ് ശൂന്യതയില്‍നിന്നും വളര്‍ത്തി വലുതാക്കിയ സ്ഥാപനമാണ് സഅദിയ്യ. വിശിഷ്യാ, അതിന്റെ ആദ്യത്തെ 7-8 വര്‍ഷങ്ങള്‍. അന്ന്, ഇന്നുളളവരാരും ഉസ്താദിനോടൊപ്പമുണ്ടായിരുന്നില്ല. തീര്‍ത്തും നിര്‍ണ്ണായകമായ ഈ കാലത്ത് അതിന്റെ എല്ലാമെല്ലാം ഉസ്താദായിരുന്നു. പിന്നീട്, സമസ്ത ഏറ്റെടുത്തതിനു ശേഷവും ഉസ്താദ് അവിടെ സേവനം ചെയ്തു. ഇങ്ങനെയെല്ലാമായിട്ടും സഅദിയ്യയും ഉസ്താദും തമ്മില്‍ യാതൊരു ബന്ധവുമില്ലായെന്നും സഅദിയ്യ ഉണ്ടാക്കിയെടുത്തത് മറ്റു പലരുമാണ് എന്നും വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നാനാമേഖലകളിലും നാനാ വിധേനയും നടക്കുന്നത് ഇവയുടെയെല്ലാം യഥാര്‍ത്ഥ ശില്‍പിയായ ഒരാള്‍ക്ക് എങ്ങനെ സഹിച്ചിരിക്കാന്‍ പറ്റും...

അങ്ങനെയാണ് എല്ലാം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ക്ഷമിച്ച് ഉസ്താദ് മലബാര്‍ ഇസ്‌ലാമിക് കോംപപ്ലക്‌സ് നിര്‍മിക്കുന്നത്. ഇതിന്റെ വളര്‍ച്ചയും തല്‍പരകക്ഷികള്‍ക്ക് സഹിച്ചില്ല. കാരണം സി.എം. ഉസ്താദ് ഒരു കാര്യം തൊട്ടാല്‍ അത് പൊന്നാകുമെന്ന് എല്ലാവര്‍ക്കുമെന്നപോലെ അവര്‍ക്കുമറിയാം. ഉസ്താദ് കൈവെച്ചതെല്ലാം വിജയിച്ചിട്ടേ ചരിത്രമുള്ളൂ. അതുകൊണ്ടുതന്നെ, അവര്‍ ഉസ്താദിന്റെ ഈ ഉദ്ദ്യമത്തെ നിരുത്സാഹപ്പെടുത്താനും ശക്തമായ ശ്രമങ്ങള്‍ ആരംഭിച്ചു. സ്ഥാപനത്തിനും ഉസ്താദിനുമെതിരെ പല ആരോപണങ്ങളും പ്രചരിപ്പിച്ചു. ഉസ്താദിന്റെ യാത്രയില്‍ എന്നും ഒരു ഒറ്റയാന്‍ പോരാട്ടമായിരുന്നു. ഈ ആക്ഷേപങ്ങളും ആരോപണങ്ങളും സഹിക്കാനും ഉസ്താദ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അല്ലെങ്കിലും, എത്ര കാലം ഒരു യഥാര്‍ത്ഥ ശില്‍പിക്ക് ഇതെല്ലാം സഹിച്ചിരിക്കാന്‍ പറ്റും...

അങ്ങനെയാണ് ഉസ്താദ് മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഇറങ്ങിയ സുവനീറില്‍ എം.ഐ.സിയിലെത്തിനില്‍ക്കുന്ന തന്റെ വിദ്യാഭ്യാസ യാത്രകളെ കുറിച്ചും താന്‍ അതില്‍ നേരിട്ട പ്രരാബ്ധങ്ങളെ കുറിച്ചും തുറന്നെഴുതുന്നത്. തുടര്‍ന്ന് 'സമന്വയ വിദ്യാഭ്യാസം: സഅദിയ്യയുടെ പിറവുയും മലബാറിന്റെ ഉദയവും' എന്ന പേരില്‍ അത് അല്‍പം വിശദമായിത്തന്നെ, ഒരു കൊച്ചു ലഖുലേഘയായി പുറത്തിറങ്ങി. ആത്മകഥാപരമായ ഒരു രീതിയായിരുന്നു ഇതിനുണ്ടായിരുന്നത്. കാരണം, ഉസ്താദിന്റെ കഥയായിരുന്നു സഅദിയ്യയുടെ കഥ.
ഒരു ദേശത്തെ ഒന്നടങ്കം വിദ്യാഭ്യാസ വെളിച്ചത്തിലേക്കു കൊണ്ടു വന്ന സി.എം. ഉസ്താദിനെ ചരിത്രപരമായി തമസ്‌കരിക്കാന്‍ ശ്രമിച്ച ചിലരുടെ പാഴായ ശ്രമങ്ങള്‍ക്കുള്ള ഒരു തുറന്നെഴുത്താണ് ഈ ആത്മകഥയെന്ന് വായിക്കാവുന്നതാണ്. ഈ പുരോഗതികള്‍ക്കു പിന്നിലെല്ലാം താനാണ് എന്നതല്ല, പ്രത്യുത, അവരല്ലായെന്ന ഒരു സന്ദേശമാണ് ഉസ്താദ് നല്‍കുന്നത്. സത്യങ്ങള്‍ സത്യങ്ങളായും വസ്തുതകള്‍ വസ്തുതകളായും ലോകം തിരിച്ചറിയണമെന്ന് ഉസ്താദ് മോഹിച്ചു. അങ്ങനെ, തെറ്റിദ്ധരിച്ചവര്‍ക്കും തെറ്റായി ധരിക്കാന്‍ ശ്രമിച്ചവര്‍ക്കുമായി അതിനെ പച്ചമലയാളത്തില്‍ എഴുതി വെക്കുകയും ചെയ്തു. വാര്‍ഷികങ്ങള്‍ ആഘോഷിക്കുമ്പോഴും ജൂബിലികള്‍ കടന്നപോകുമ്പോഴും സുവനീറുകള്‍ കണ്ണടച്ചാലും ഹൃദയമുള്ള മനുഷ്യര്‍ കണ്ണടക്കില്ലായെന്ന് ഉസ്താദ് തിരിച്ചറിഞ്ഞു. ഇനിയും, യാഥാര്‍ത്ഥ്യങ്ങള്‍ പൊതുജനം അറിയാതെ പോകുന്നതില്‍ (അല്ലെങ്കില്‍, അവരെ അറിയിക്കാതിരുന്നാല്‍) താന്‍ കുറ്റക്കാരനാകുമോയെന്ന് ഉസ്താദ് പേടിച്ചു. അങ്ങനെ, ആ സത്യങ്ങളെല്ലാം തുറന്നെഴുതി വെക്കുകയും ചെയ്തു. ഇതായിരുന്നു എന്റെ കഥ; വിദ്യാഭ്യാസത്തിന്റെയും എന്ന പുസ്തകം. ഇതിനെ നാം ആത്മകഥയെന്നോ മറ്റോ എന്തുതന്നെ പേരിട്ടുവിളിച്ചാലും ശരി. കാസര്‍കോടിന്റെ വര്‍ത്തമാന സാഹചര്യത്തില്‍ ഏറ്റവും അനിവാര്യമായ രചനയായിരുന്നു ഇത്. സ്വന്തം കാര്യങ്ങള്‍ക്കുവേണ്ടി ഒരാള്‍ക്കു മുമ്പില്‍പോലും കൈയ് നീട്ടിയിട്ടില്ലാത്ത ഉസ്താദ് തന്നെക്കുറിച്ച് എഴുതാന്‍പോലും മറ്റൊരാള്‍ക്ക് അവസരം ബാക്കിവെക്കാതെ സ്വന്തമായിത്തന്നെ നിര്‍വ്വഹിച്ചു പോവുകകയായിരുന്നു. വര്‍ഷം ഒന്നു കഴിഞ്ഞാലും കാസര്‍കോടുകാരുടെയും മംഗലാപുരത്തുകാരുടെയും മാത്രമല്ല, കേരളത്തിന്റെതന്നെ മനസില്‍ ഇന്നും സി.എം. ഉസ്താദുണ്ട്; മരിക്കാതെ; കൂടുതല്‍ ശക്തിയോടെ.