Sunday, March 13, 2011

കേരളമുസ്്‌ലിം സമന്വയ വിദ്യാഭ്യാസചിന്തയില്‍ ശ്രദ്ധേയമായ ചുവടുകള്‍


ഏകദേശം രണ്ടു രണ്ടര ദശകങ്ങളായി കേരളമുസ്‌ലിം വിദ്യാഭ്യാസ മേഖലയില്‍ കാര്യമായി ചര്‍ച്ചകളും പരീക്ഷണങ്ങളും  നടന്നുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ് സമന്വയ വിദ്യാഭ്യാസമെന്നത്. അന്നേവരെയുണ്ടായിരുന്ന മുസ്‌ലിം വിദ്യാഭ്യാസ പുരോഗതിയെ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ അതിന്റെ തോത് വര്‍ധിപ്പിക്കാനുള്ള ഒരു അനിവാര്യ പരിപാടിയായിരുന്നു ഇത്. ദര്‍സുകള്‍ക്കു ശേഷം മാതൃകാ ദര്‍സുകള്‍ എന്ന പേരില്‍ പുതിയ ചുവടുകളോടെ ചില സംരംഭങ്ങള്‍ കടന്നുവരികയുണ്ടായി. കാലങ്ങളായി നടന്നുവന്നിരുന്ന ദര്‍സുകളുടെ സൗകര്യങ്ങളും പരിസരങ്ങളും ഉപയോഗപ്പെടുത്തി, അവിടെനിന്നുതന്നെ വിദ്യാര്‍ത്ഥികള്‍ക്ക് മതപരവും ആവശ്യമായ ഭൗതിക വിദ്യാഭ്യാസവും നല്‍കുകയെന്നതായിരുന്നു ഇതിലൂടെ ലക്ഷീകരിച്ചിരുന്നത്. വിദ്യാഭ്യാസ മേഖലയില്‍ ഒരളവോളം പ്രതീക്ഷകള്‍ നല്‍കാന്‍  അന്നത്തെ ഒരു സാഹചര്യത്തില്‍ ഇത് പര്യപ്തമായിരുന്നു.

1980 കളില്‍ ചെമ്മാട് ദാറുല്‍ ഹുദായെന്നൊരു ചിന്താ പ്രസ്ഥാനം ഉയര്‍ന്നുവരുന്നതോടെയാണ് സമന്വയ വിദ്യാഭ്യാസമെന്നൊരു സങ്കല്‍പം ഏറെ വ്യവസ്ഥാപിതമായി പ്രയോഗവല്‍ല്‍കരിക്കപ്പെടുന്നത്. കേരളമുസ്‌ലിം ചരിത്രത്തിലെ അന്നേവരെയുണ്ടായിരുന്ന നിലവാരത്തില്‍നിന്നും ഒരു വലിയ അടിവെക്കലായിരുന്നു ഇത്. ഇതൊരു സര്‍വ്വാംഗീകൃതമായ വസ്തുതയാണ്. ഏവരും ഇതിന്റെ മുമ്പില്‍ നമ്രശിരസ്‌കരായി നിന്നുപോവുകയും ചെയ്യുന്നു. എം.എം. ബശീര്‍ മുസ്‌ലിയാര്‍, സി.എച്ച്. ഐദറൂസ് മുസ്‌ലിയാര്‍, ഡോ. യു. ബാപ്പുട്ടി ഹാജി തുടങ്ങിയവരായിരുന്നു ഇങ്ങനെയൊരു ചിന്തക്കു പിന്നിലെ സൂത്രധാരന്മാര്‍.

എന്നാല്‍, കേരളമുസ്‌ലിം വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായിട്ടുള്ള ഇങ്ങനെയൊരു കുതിപ്പിന്റെ ചരിത്രം പരതിയാല്‍, മുമ്പു പരാമര്‍ശിക്കപ്പെട്ടവരോടൊപ്പം അതിന്റെ മുന്‍നിരയില്‍തന്നെ വെക്കേണ്ട ഒരു വലിയ ചിന്താകേന്ദ്രമായി സി.എം. ഉസ്താദിനെ  കണ്ടെത്താവുന്നതാണ്. ചരിത്രത്തിലെ ഒരു ഒറ്റയാന്‍ പോരാട്ടമായിരുന്നതുകൊണ്ടോ ഭൂമിശാസ്ത്രപരമായി മലബാറിലെ ഉത്തര കോണില്‍ പെട്ടുപോയതുകൊണ്ടോ ആയിരിക്കാം ഈ വ്യക്തിത്വങ്ങള്‍ക്കിടയില്‍ ആ നാമം പരാമര്‍ശിക്കപ്പെടാതെ പോയത്. അതുമല്ലെങ്കില്‍, കാരണം മൂന്നാമത് മറ്റൊന്നായിരിക്കാം. അതാണ് ഏറ്റവും പ്രധാനവും. അഥവാ, സി.എം. ഉസ്താദ് ഏതൊരു സ്ഥാപനത്തെ കേന്ദ്രീകരിച്ചായിരുന്നോ തന്റെ സമന്വയ വിദ്യാഭ്യാസ ചിന്തകള്‍ ഇവയെ കുറിച്ചൊന്നും ചിന്തിച്ചുതുടങ്ങിയിട്ടില്ലാത്ത കേരള മുസ്‌ലിംകള്‍ക്കിടയില്‍ അപ്ലേ ചെയ്യാന്‍ ശ്രമിച്ചിരുന്നത് ആ സ്ഥാപനം ഇന്ന് നമ്മുടെ കരങ്ങളിലില്ലാതെ പോയതായിരിക്കാം. മാത്രവുമല്ല, അവസാന കാലങ്ങളില്‍ സി.എം. ഉസ്താദ് എന്ന നാമധേയം വായിക്കപ്പെട്ടത് എം.ഐ.സി എന്നൊരു സ്ഥാപനത്തോടൊപ്പമായിരുന്നു. തൊണ്ണൂറുകളിലായിരുന്നു ഇത് കടന്നുവന്നിരുന്നത്. സ്ഥാപനങ്ങളുടെ കാലപ്പഴക്കംകൊണ്ടും സിലബസിന്റെ സമഗ്രതകൊണ്ടും അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ചിന്താലോകം അളന്നെടുക്കുന്ന ഇക്കാലത്ത് സി.എം. എന്നൊരു നവോഥാന നായകന്‍ കേരളമുസ്‌ലിം വിദ്യാഭ്യാസ പുരോഗതിയില്‍ എന്തു ചെയ്തു എന്നൊരു അന്വേഷണം തീര്‍ത്തും പ്രസക്തമാണ്. ചരിത്രം ഇത് തിരിച്ചറിയുകയും അത് ഏറ്റു പിടിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. ഒരു മനുഷ്യനെ ചിന്താപരമായും അല്ലാതെയും     പരിമിതപ്പെടുത്താനും ഇല്ലാതാക്കിക്കളയാനുമുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളായിരുന്നു ഇതിനുപിന്നിലെന്ന് തിരിച്ചറിയണം. വളര്‍ന്നു വളര്‍ന്നു പന്തലിച്ച് കേരളം മൊത്തമായും അതിനപ്പുറത്തേക്കും വികസിച്ച ഒരു മനുഷ്യനെ മാനസികമായി തളര്‍ത്തുകവഴി ചരിത്രത്തില്‍നിന്നും ആ നാമം തന്നെ തുടച്ചുമാറ്റാനുള്ള ശ്രമങ്ങളായിരുന്നു നടന്നിരുന്നത്. അതേസമയം, അവര്‍ തുടങ്ങിവെച്ച ചിന്താപ്രസ്ഥാനങ്ങളെയും പ്രവര്‍ത്തന വഴികളെയും തലയിലേറ്റാനും അതിന്റെ ക്രഡിറ്റ് അവകാശപ്പെടാനും അനവധിയാളുകള്‍ രംഗത്തുണ്ടായിരുന്നു. ശൂന്യതയില്‍നിന്നും ഉസ്താദ് ഉണ്ടാക്കിയെടുത്ത ആ കസേരയിലിരുന്നാണ് ഇന്നും ചിലയാളുകള്‍ ഉസ്താദിന്റെ പേര് താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്നത്. കേരളമുസ്‌ലിം ചരിത്രത്തില്‍ പുതിയൊരു അധ്യായമായി തുന്നിച്ചേര്‍ക്കപ്പെട്ട നവോഥാന പ്രവര്‍ത്തനങ്ങളുടെ  നാല്‍പതാം വാര്‍ഷികം കൊണ്ടാടപ്പെടുമ്പോഴും ഈ ചിന്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കുമെല്ലാം അസ്തിവാരമിട്ട ആ വലിയ മനുഷ്യന്റെ നാമം ഒരാവൃത്തി ഉരിയാടാന്‍ അഹങ്കാരം അനുവദിക്കാതിരിക്കുന്നത് ഈ തമസ്‌കരണത്തിന്റെ   പ്രധാനപ്പെട്ട ഒരു ഭാഗമാണ്. എഴുത്തായ എഴുത്തുകളിലും പുസ്തകമായ പുസ്തകങ്ങളിലും അഭിമുഖങ്ങളിലുമെല്ലാം സി.എം. ഉസ്താദിന്റെ പ്രവര്‍ത്തന കാലത്തെത്തന്നെ ചോദ്യം ചെയ്യുന്ന നിലക്കുള്ള  ശൈലികളും അങ്ങനെയൊന്ന് ഉണ്ടായിരുന്നില്ലായെന്ന് തോന്നിക്കുന്ന നിലക്കുനള്ള ശൈലിയിലും ഇന്ന് ശക്തമായ പ്രചാരണ വേലകള്‍ നടന്നുകൊണ്ടിരിക്കുന്നു. 90 ശേഷമുള്ള സഅദിയ്യയുടെ എഴുതപ്പെട്ട ചരിത്രങ്ങളോ പുസ്തകങ്ങളോ എടുത്തു പരിശോധിച്ചാല്‍ സി.എം എന്നൊരു വ്യക്തിയും സഅദിയ്യയും തമ്മില്‍ ഒരു ബന്ധം പോലും ഉണ്ടായിരുന്നില്ലായെന്ന് തോന്നിപ്പോകും. എന്നാല്‍, 1971 മുതലുള്ള  പച്ചയായ രേഖകളെടുത്തു പരിശോധിച്ചാല്‍ സി.എം എല്ലായിടത്തും നിറഞ്ഞു നില്‍ക്കുന്നതും കാണാവുന്നതാണ്. 90 നു ശേഷം സി.എം ചരിത്രത്തിന് അനഭിമതനാകുന്നത് എന്തുകൊണ്ടാണ്? എന്തിനാണ് ആ സംഭാവനകളെ ഇല്ലായെന്നു വരുത്താന്‍ ചിലര്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുന്നത്? സഅദിയ്യ എന്ന സ്ഥാപനത്തിന്റെ നിര്‍മാണത്തിലൂടെ കേരളമുസ്‌ലിം ചരിത്രത്തില്‍ ശ്രദ്ധേയമായൊരു അധ്യായം രചിച്ച സി.എം എന്നും വാഴ്ത്തപ്പെടേണ്ട വ്യക്തിയാണെന്നത് ഹൃദയമുള്ള ആരും അംഗീകരിക്കുന്ന കര്യമല്ലേ? ചരിത്ര വക്രീകരണത്തിന്റെയും കണ്ണുകെട്ടലിന്റെയും നിരന്തരമായ അഭിമുഖങ്ങളിലൂടെയുള്ള തെറ്റായ വാചാടോപങ്ങളുടെയും എത്രതന്നെ മലവെള്ളപ്പാചിലുകള്‍ ഉണ്ടായാലും സത്യം സത്യമായി തന്നെ ശേഷിക്കുന്നതാണ്. കാസര്‍കോടിന്റെയെന്നല്ല, കേരളമുസ്‌ലിം നവോത്ഥാനത്തിന്റെ പ്രധാന ശില്‍പികളുടെ നിരയില്‍നിന്നും ആ നാമധേയം മായ്ചുകളയാന്‍ ആര്‍ക്കുംതന്നെ സാധ്യമല്ല.

സമന്വയ വിദ്യാഭ്യാസത്തെക്കുറിച്ച് കേരളമുസ്‌ലിംകള്‍പോലും ആഴത്തില്‍ ചിന്തിച്ചു തുടങ്ങിയിട്ടില്ലാത്ത ഒരു കാലമായിരുന്നു അറുപതുകള്‍. മധ്യമ മലബാറിലും പരിസരങ്ങളുമായി ചില ഒറ്റപ്പെട്ട വ്യദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും ചിന്തകളും നടന്നുകൊണ്ടിരുന്നെങ്കിലും അതെല്ലാം പരിമിതമായ മേഖലകളെ മാത്രം കേന്ദ്രീകരിച്ചായിരുന്നു. ഇങ്ങനെയൊരു കാലത്താണ് മതത്തോടൊപ്പം ഭൗതിവും പഠിപ്പിക്കണമെന്ന ചിന്തയുമായി സി.എം അബ്ദുല്ല മൗലവി കടന്നുവരുന്നത്. സമകാലിക മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അത് അനിവാര്യമാണെന്നതായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍. മതപരമായി മാത്രം വിദ്യയഭ്യസിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഈ പുതിയ കാലത്ത് ജീവിക്കുക ഏറെ ശ്രമകരമാണ്. ബിദഈ ചിന്തകരും ഉല്‍പത്തിഷ്ണുക്കളും വിദേശ ചിന്തകളുമായി രംഗത്തിറങ്ങുമ്പോള്‍ അവ എന്താണെന്ന് തിരിച്ചറിയാനും അതേ നാണയത്തില്‍തന്നെ അവര്‍ക്ക് മറുപടി നല്‍കാനും അല്‍പം ലോകം തിരിഞ്ഞേ പറ്റൂ. അതിന് ഭൗതിക വിഷയങ്ങളില്‍ അല്‍പമെങ്കിലും അറിവും കാഴ്ചപ്പാടുമുണ്ടായിരിക്കണം. ഇതര ഭാഷകളിലും നൈപുണ്യം അനിവാര്യമാണ്. ഈയൊരു തിരിച്ചറിവാണ് സി.എം ഉസ്താദിനെ സമന്വയ വിദ്യാഭ്യാസം എന്നൊരു ചിന്തയിലേക്കു കൊണ്ടെത്തിക്കുന്നത്. 

1960 കളുടെ ആദ്യ പാതിയില്‍ ബാഖിയാത്തില്‍ പോയി നടത്തിയ പഠനങ്ങളായിരുന്നു സി.എം. ഉസ്താദിന്റെ ചിന്തകളെ ഏറെ സ്വാധീനിച്ചിരുന്നത്. അവിടത്തെ വിദ്യാഭ്യാസ പരിസരവും ചുറ്റുപാടുകളും അദ്ദേഹത്തെ നല്ലപോലെ ചിന്തിപ്പിച്ചു. ഒപ്പം കേരളത്തില്‍ തന്റെ കേന്ദ്രമായ കാസര്‍കോട്ടെ സാമൂഹിക വിദ്യാഭ്യാസ പരിസരം അദ്ദേഹത്തെ ഈ മേഖലയിലേക്ക് ഉടനെത്തന്നെ ഇറങ്ങിത്തിരിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. 

അറുപതുകളില്‍തന്നെ കാര്യമായ വിദ്യാഭ്യാസ ചിന്തകളിലേക്ക് ഉസ്താദിനെ ഇറക്കിപ്പുറപ്പെടുവിച്ച രണ്ടു പ്രേരകങ്ങള്‍ കാണാവുന്നതാണ്. ഒന്ന് വൈജ്ഞാനിക പാരമ്പര്യമുള്ള സ്വന്തം കുടുംബാടിത്തറ. രണ്ട് നാട്ടിലെ പരമ്പരാഗതമായ വൈജ്ഞാനിക കെട്ടുറപ്പ്. കീഴൂര്‍ പ്രേദേശം വടക്കെ മലബാറിലെ പൊന്നാനി എന്നറിയപ്പെട്ടിരുന്ന ഒരു പ്രദേശമായിരുന്നു. ആ ഒരു പിന്തുടര്‍ച്ചയും പ്രകാശവും മങ്ങിക്കൊണ്ടിരുന്ന ഒരു കാലത്താണ് ഉസ്താദ് കടന്നുവരുന്നത്. നാടിന്റെ ശോഭനമായിരുന്ന ഒരു ഇന്നലെയെയും ഇരുളടയാന്‍ പോകുന്ന ഒരു നാളെയെയും നേരില്‍ കണ്ട ഉസ്താദിനെ സംബന്ധിച്ചിടത്തോളം അവക്കിടയില്‍വന്ന ഒരു കണ്ണിയെന്ന നിലക്ക് അവ രണ്ടിനെയും സംയോജിപ്പിച്ച് പുതിയൊരു നാളെയെ രൂപപ്പെടുത്തിയെടുക്കേണ്ട ഉത്തരവാദിത്തം ഉസ്താദിനുണ്ടായിരുന്നു. അത് തന്റെ തന്നെ ചുമതലയാണെന്ന് ഉസ്താദ് തിരിച്ചറിയുകയും ചെയ്തു. അങ്ങനെയാണ് ബാഖിയാത്തില്‍ പോയി പഠിച്ചു വന്നതിനു ശേഷം നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി ഇറങ്ങിത്തിരിക്കുന്നത്. മറ്റെല്ലാവരെയും പോലെ കുറച്ചു കാലം ഉസ്താദും ദര്‍സ് നടത്തിയിട്ടുണ്ട്. പക്ഷെ, ദര്‍സ് നടത്താന്‍ കഴിവുള്ള ഇഷ്ടം പോലെ ആളുകള്‍ ഇവിടെ വേറെയുമുണ്ടെന്നും അതിനാല്‍ താനും തന്റെ ജീവിതം അങ്ങനെത്തന്നെ ഒതുക്കിനിര്‍ല്‍ അനിവാര്യമല്ലെന്നും ഉസ്താദ് തിരിച്ചറിഞ്ഞു. നാട്ടില്‍ ഉന്നത നിലവാരത്തിലുള്ള മത വിദ്യാഭ്യാസത്തിന് സാഹചര്യം ഉണ്ടാക്കുകയെന്നതാണ് സമയത്തിന്റെ ആവശ്യമെന്ന് അവര്‍ മനസ്സിലാക്കി. അധ്യായനത്തിനും അധ്യാപനത്തിനും അവിടെയും ഇഷ്ടം പോലെ അവസരങ്ങല്‍ ഉണ്ടാകുന്നതാണ്. അങ്ങനെയാണ് ദര്‍സുകളില്‍നിന്നും സാമൂഹിക വിദ്യാഭ്യാസ പ്രവര്‍ത്തന മേഖലകളിലേക്ക് ഉസ്താദ് ഇറങ്ങിപ്പുറപ്പെടുന്നത്. 

ഉത്തര മലബാര്‍ മൊത്തമായും ഉറങ്ങിക്കിടക്കുന്ന ഒരു കാലത്താണ് ഒരു ഒറ്റയാന്‍ പോരാട്ടമായി സി.എം കടന്നുവരുന്നത് എന്നതാണ് ശ്രദ്ധേയമായൊരു വസ്തുത. തീര്‍ത്തും ഈ കാലഘട്ടത്തില്‍ ഈ ഭാത്തുനിന്നും ഉയര്‍ന്നു കേട്ട സൂന്നീ ശബ്ദമായിരുന്നു ഉസ്താദിന്റെത്. ഒരു ഭാഗത്ത് ശെറൂലുമാരും ഇസ്സുദ്ദീന്‍ മൗലവിമാരും ബിദഈ ചിന്തകള്‍കൊണ്ട് രംഗം കയ്യടക്കാനുള്ള കിണഞ്ഞ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്ന ഒരു നിര്‍ണായക ഘട്ടമായിരുന്നു ഇത്. ആലിയ എന്ന ബിദഈ സ്വീധീനമുള്ള സ്ഥാപനം ഉയര്‍ന്നുവന്ന സന്ദര്‍ഭം. മധ്യമ മലബാറില്‍നിന്നും വന്ന ഉല്‍പത്തിഷ്ണുവായിരുന്ന ഇസ്സുദ്ദീന്‍ മൗലവിയുടെ കീഴില്‍ നാട്ടിലാകെ ബിദഈ ചിന്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയ കാലം. അംഗടിമുഗറിനെയും മറ്റും കേന്ദ്രമാക്കി കടന്ന- കാടു കയറിയ ചിന്തകള്‍ക്ക് ചിറക് വിരിഞ്ഞ നേരം. ഈ ചൂടും ചൂരും എല്ലാം ശരിക്കും തിരിച്ചറിഞ്ഞ സി.എം ഉസ്താദിനെ സംബന്ധിച്ചിടത്തോളം മൗനിയായിരിക്കാന്‍ സാധിക്കുമായിരുന്നില്ല. ഈ ഭാഗത്ത് സുന്നത്ത് ജമാഅത്തിന്റെ ആശയാദര്‍ശങ്ങളെ സംരംക്ഷിച്ചു നിര്‍ത്തുകയെന്നത് ഉസ്താദിന്റെ പ്രവര്‍ത്തനങ്ങളുടെ അനിവാര്യകേന്ദ്രമായി മാറുകയായിരുന്നു. കാരണം, കാലങ്ങലായി ഈ ഭാഗങ്ങളിലെല്ലാം മത പ്രബോധന പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന ഒരു കുടുംബമായിരുന്നു തന്റെത്. തന്റെ സ്വന്തം പിനതാവ് തന്നെ ഹിന്ദു മുസ്‌ലിം ജാതി ഭേദമന്യെ എല്ലാവരാലും അംഗീകരിക്കപ്പെടുന്ന ആളാണ്. നാട്ടിലെ ഏറ്റവും വലിയ പണ്ഡിതനും കാരണവരുമാണ്. ഇങ്ങനെയെല്ലാം ആയ സ്ഥിതിക്ക് ഈ  അവസരങ്ങള്‍ ഉപയോഗപ്പെടുത്തി താന്‍ തന്നെ മുന്നിട്ടിറങ്ങിയാല്‍  ജനങ്ങള്‍ കാര്യത്തിന്‍രെ ഗൗരവം മനസ്സിലാക്കുകയും യഥാര്‍ത്ഥ മതത്തിന്റെ സംരക്ഷണത്തിന് മുന്നിട്ടിറങ്ങുകയും ചെയ്യുമെന്ന് ഉസ്താദ് തിരിച്ചറിഞ്ഞു. അങ്ങനെയാണ് പ്രത്യുപകാരങ്ങളോ പ്രശംസകളോ ആഗ്രഹിക്കാതെ ഉസ്താദ് അതിനുവേണ്ടി ഇറങ്ങിത്തിരിക്കുന്നത്. അതിനാല്‍, ഉസ്താദിനെ തലയിലേറ്റി നടക്കാനോ ഉസ്താദിന്റെ പോരിശകള്‍ പ്രചരിപ്പിക്കാനോ ആരുമുണ്ടായിരുന്നില്ല. അതിലൊട്ടും ഉസ്താദിന് വിശ്വാസവുമുണ്ടായിരുന്നില്ല. എല്ലാം മറന്ന്, സമൂഹത്തിലേക്കിറങ്ങിയുള്ള, ആത്മാര്‍ത്ഥമായ ഫീല്‍ഡ് വര്‍ക്കായിരുന്നു ഉസ്താദ് നടത്തിയിരുന്നത്. ശരിക്കും ശൂന്യതയില്‍നിന്നായിരുന്നു ഉസ്താദിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ തുടക്കം. ശരിക്കും തരിശ്ഭൂമിയില്‍ വെള്ളം കൊണ്ടുവന്നൊഴിക്കുന്ന പ്രതീതിയായിരുന്നു അന്നുണ്ടായിരുന്നത്. ഉസ്താദിനെ മാനസികമായി സപ്പോര്‍ട്ട് ചെയ്യാന്‍ പോലും ആളുകള്‍ കുറവായിരുന്നു. പക്ഷെ, അപ്പോഴൊന്നും അല്ലാഹു ഏല്‍പിച്ചൊരു ദൗത്യം പോലെ നെഞ്ചോട് ചേര്‍ത്തുപിടിച്ച്, ഒരടി പിന്നോട്ടു പോകാതെ ഉറച്ച പാദങ്ങളോടെ മുന്നോട്ടു പോവുകയായിരുന്നു ഉസ്താദ്. എന്നും ആ സംഘത്തില്‍ ഒരേയൊരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അത് ഉസ്താദ് മാത്രമായിരുന്നു. നാട്ടിലെ പണക്കാരുടെയും കാരണവന്മാരുടെയും പ്രവര്‍ത്തകരുടെയും വീട്ടിലേക്ക് ഈ ആവശ്യങ്ങളുമായി കടന്നുചെന്നതും ഉസ്താദ് മാത്രമായിരുന്നു. വ്രതമായി സ്വീകരിച്ച തീക്ഷ്ണമായ ഇത്തരം അനുഭവങ്ങളില്‍നിന്നുമാണ് നാട്ടില്‍ ഒരു സമുന്നത മത സ്ഥാപനം വേണമെന്ന ചിന്തയിലേക്ക് ഉസ്താദ് നാടിന്റെ മനസ്സിനെ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. എന്നും എണ്ണപ്പെട്ട പരിമിതമായ ഒരു വലയം ഉസ്താദിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കി കൂടെയുണ്ടായിരുന്നുവെന്നത് സ്മരിക്കപ്പെടേണ്ട കാര്യമാണ്. ഒടുവില്‍, നാട്ടുകാരണവരും പണക്കാരനും മത ഭക്തനുമായിരുന്ന കല്ലട്ര അബ്ദുല്‍ ഖാദിര്‍ സാഹിബുമായുള്ള ബന്ധം   വിദ്യാഭ്യാസ മേഖലയിലെ സ്വപ്ന സങ്കല്‍പങ്ങളില്‍നിന്നും യാഥാര്‍ഥ്യത്തിന്റെ ലോകത്തേക്കു ഉസ്താദിനെ കൊണ്ടെത്തിച്ചു.   ഒരു സമുദായത്തിന്റെ ഉഥാന ചരിത്രത്തിലെ ശ്രദ്ധേയമായൊരു സംഭവമായിരുന്നു ഈ സമാഗമം.

സമന്വയം എന്നൊരു പോയ്ന്റില്‍നിന്നായിരുന്നു ഉസ്താദിന്റെ വിദ്യാഭ്യാസ ചിന്തയുടെ തുടക്തം. 1960 കാലങ്ങളില്‍തന്നെ  മുസ്‌ലിം വലയത്തില്‍നിന്നും ഇങ്ങനെയൊരു ചിന്ത ഉയര്‍ന്നുവരുക തീര്‍ത്തും അല്‍ഭുതകരം തന്നെയാണ്. അത് സി.എമ്മിലൂടെയായി എന്നത് അതിലേറെ വിസ്മയം. 

1971 ലാണ് സഅദിയ്യ അറബിക് കോളേജ് ഉസ്താദ് സ്ഥാപിക്കുന്നത്. കേരളം തന്നെ ഇത്തരം സ്ഥാപനങ്ങളെകുറിച്ച് ആഴത്തില്‍ ചിന്തിച്ചു തുടങ്ങിയിട്ടില്ലാത്ത- ചിന്തിക്കാന്‍ ആരംഭിക്കുക മാത്രം ചെയ്ത ഒരു സമയമായിരുന്നു ഇത്. അന്നു തന്നെ തന്റെ സ്ഥാപനത്തെ കുറിക്കാന്‍ ഉസ്താദ് പ്രയോഗിച്ച പദം അറബിക് കോളേജ് എന്നുള്ളതായിരുന്നു. ഉസ്താദിന്റെ മനസ്സിലെ സമന്വയ വിദ്യാഭ്യാസ മെന്ന സ്വപ്നത്തിന്റെ താരള്യമായിരുന്നു ഇത്. കേരള മുസ്‌ലിംകള്‍ക്കിടയില്‍ അറബിക് കോളേജ് എന്നൊരു ചിന്ത ശക്തമാക്കുന്നതില്‍ സി.എം ഉസ്താദ് വലിയൊരു പങ്കു തന്നെ വഹിച്ചിട്ടുണ്ട്. 

സാധാരണ, കേരളത്തിലെ ഏതൊരു സ്ഥാപനത്തിന്റെയോ  പ്രസ്ഥാനത്തിന്റെയോ കഥയെടുത്തു പരിശോധിച്ചാലും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച വലിയൊരു ചിന്താവലയത്തെ കാണാവുന്നതാണ്. ഏറ്റവും ചുരുങ്ങിയത് മൂന്നോ നാലോ പേരെങ്കിലും അതിന്റെ പിന്നില്‍ വീക്ഷണങ്ങളും ചിന്തകളും സംഭാവന നല്‍കിയതായി കാണാന്‍ സാധിക്കും. അതുകൊണ്ടുതന്നെ, അത്തരമൊരു സംരംഭം അവരുടെയെല്ലാമായിട്ടാണ് അറിയപ്പെടുക. എന്നനല്‍, കാസര്‍കോട്ടെ, കേരളമുസ്‌ലിം ചരിത്രത്തിലെ ശ്രദ്ധേയ അധ്യായമായ സഅദിയ്യ എന്ന വിദ്യാഭ്യാസ സംരംഭത്തിന്റെ കഥ നേരെ മറിച്ചാണ്. ഒരേയൊരു മനുഷ്യന്റെ ചിന്തയായിരുന്നു തുടക്കം മുതല്‍ ഒടുക്കം വരെ അതിന്റെ നയിച്ചിരുന്നത്. സാങ്കേതിക സഹായങ്ങള്‍ക്ക് ചില നല്ല മനുഷ്യര്‍ കൂടെയുണ്ടായിരുന്നുവെന്നതൊഴിച്ചാല്‍ അതിന്റെ ചിന്താ സ്രോതസ്സ് പൂര്‍ണ്ണമായും സി.എം ഉസ്താദ് മാത്രമായിരുന്നു. ആ ചിന്തയില്‍നിന്നുമായിരുന്നു അതിന്‍രെ തുടക്കം. അതിന്‍നിന്നുതന്നെയായിരുന്നു അതിന്റെ വളര്‍ച്ചയും. അതിന്റെ ഓരോ അടക്കവും അനക്കവും ആ വീക്ഷണങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കുമനുസരിച്ചായുരുന്നു. അന്ന് ഇത്തരം കാര്യങ്ങളെക്കുറിച്ചെല്ലാം ഗൗരവതരമായി ചിന്തിക്കാന്‍  അവര്‍ മാത്രമേ ഈ ഭാഗത്തുണ്ടായിരുന്നുള്ളൂ എന്നതാണ് വസ്തുത. സ്ഥാപനം കൈമോഷം സംഭവിച്ച്, വലിയൊരു പടയുടെ കൈപിടിയിലമര്‍ന്ന സന്ദര്‍ഭത്തില്‍, അവരുടെ ശബ്ദം ആയിരം ശബ്ദങ്ങള്‍ക്കിടയില്‍ ഒറ്റ ശബ്ദമായിപ്പോയതും ഇതിന്റെ പരിണതിയായിരുന്നു. ആ നഷ്ട വേദന ശരിക്കും അനുഭവിച്ച വ്യക്തി   അദ്ദേഹം മാത്രമായിരുന്നു. കാരണം, അവര്‍ക്കു മാത്രമേ അതിന്റെ ചൂടും ചൂരും അറിയുമായിരുന്നുള്ളൂ. ബാക്കിയുള്ളവരെല്ലാം വിദൂരതയില്‍നിന്നും ആട്ടം കാണുന്നവരും തുള്ളുന്നവരും മാത്രമായിരുന്നു. അതുകൊണ്ടുതന്നെ, സങ്കടത്തില്‍ ഉസ്താദിനോടൊപ്പം  പങ്കു ചേരാന്‍ വലിയൊരു പട ഇല്ലാതെപോയി എന്നത് വിധിവൈപരീതം പോലെ നിലകൊണ്ടു. അതോടെ, ഉസ്താദ് മാത്രം  ഇറങ്ങിപ്പോന്നു. ഉസ്താദ് മാത്രം ആ വേദന കഠിച്ചമര്‍ത്തുകയും ചെയ്തു. സ്വന്തം കൈകുഞ്ഞിനെ നിര്‍ബന്ധിതനായി അക്രമി സംഘത്തിന് കൈമാറേണ്ടി വന്ന അനുഭവത്തോടെ. 

കാലവും സമയവും വീക്ഷണവും സിലബസുമാണ് സഅദിയ്യ എന്ന സി.എം ഉസ്താദിന്റെ വിദ്യാഭ്യാസ ചിന്തയെ ഏറെ ശ്രദ്ധേയമാക്കുന്നത്. സ്ഥാപനങ്ങള്‍ എന്ന നിലക്ക് കേരളത്തില്‍ അപ്പോഴേക്കും ചില സ്ഥാപനങ്ങളെല്ലാം തലപൊക്കിക്കഴിഞ്ഞിരുന്നു. പക്ഷെ, അവയില്‍ പലതും നാമമാത്രമായിരുന്നു. എന്നാല്‍,   ഈ പുതിയ സംരംഭം അങ്ങനെയായിരുന്നില്ല. ഒരു സ്ഥാപനം തുടങ്ങുകയെന്നതിലപ്പുറം കേരളമുസ്‌ലിം നടത്തിപ്പ് ചിന്താരംഗത്ത് ഒരു പുതിയ പദ്ധതിയുടെ പരിചയപ്പെടുത്തലും സംസ്ഥാപനവുമായിരുന്നു ഇത്. അതുകൊണ്ടുതന്നെ, തീര്‍ത്തും പരീക്ഷണാത്മകമായൊരു തുടക്കമായിരുന്നു സഅദിയ്യ. പ്രശ്‌നങ്ങളെയും പോരായ്മകളെയും നോക്കിക്കാണാനും അവ പരിഹരിക്കാനും തുറന്ന കാതും കണ്ണും ഒരുക്കിവെച്ചാണ് സി.എം അതിനെ ഓരോ നിമിഷവും അതിനെ സമീപ്പിച്ചിരുന്നത്. 

എഴുപതുകളില്‍തന്നെ സി.എം എന്നൊരു പരമ്പരാഗത പരിസരത്തില്‍ ജനിച്ചുവളര്‍ന്ന പണ്ഡിതന് എങ്ങനെ ഇങ്ങനെയല്ലാം ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സാധിച്ചുവെന്നതാണ് അല്‍ഭുതപ്പെടുത്തുന്ന ഒരു കാര്യം. ഇംഗ്ലീഷ്, ഉറുദു, അറബി, മലയാളം തുടങ്ങിയ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ് അദ്ദേഹം നേരത്തെത്തന്നെ നേടിയിരുന്നതിനാല്‍ സമുദായത്തിന്റെ സ്പന്ദനങ്ങള്‍ അനുഭവിച്ചറിയാനും ഇതരര്‍ക്കിടയില്‍ തങ്ങുടെ ഇടം നിര്‍ണ്ണയിക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നുവെന്നുള്ളതാണ്.  

1971 ല്‍ സ്ഥാപനമാരംഭിക്കുമ്പോള്‍ സി.എം ഉസ്താദ് തയ്യാറാക്കിയ ഭരണഘടനയും സിലബസും മാത്രം എടുത്തുപരിശോധിച്ചാല്‍ മതി ആ ചിന്തയുടെ ആഴവും പരപ്പും മനസ്സിലാക്കാന്‍.  അന്നേവരെ ആരും ചിന്തിച്ചിട്ടില്ലാത്ത വിധം, പുതിയ കാഴ്ചപ്പാടുകളോടെയായിരുന്നു ഉസ്താദ് മുസ്‌ലിം വിദ്യാഭ്യാസ മേഖലയിലേക്ക് പരിഹാരവുമായി ഇടപെട്ടിരുന്നത്. അന്നത്തെ മുസ്‌ലിംകളുടെ പ്രശ്‌നം ശരിക്കും മനസ്സിലാക്കിക്കൊണ്ടുള്ള പ്രതികരണമായിരുന്നു ഇത്. സ്ഥാപനത്തിന്റെ ഉല്‍ഘാടന ചടങ്ങില്‍ അറബിക് കോളേജിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിവരിച്ചുകൊണ്ട് ഉസ്താദ് അവതരിപ്പിച്ച രൂപരേഖ വളരെ ശ്രദ്ധേയമാണ്:

''ഇസ്‌ലാമികവും ലൗകികവുമായ വിജ്ഞാനങ്ങള്‍ വേണ്ടത്ര കരസ്ഥമാക്കിയവരും ഇസ്‌ലാമിക വിശ്വാസവും അതിനോടുള്ള നിഷ്‌കളങ്കമായ കൂറും ഉള്ളവരും അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങളില്‍ അടിയുറച്ചവരുമായ പണ്ഡിതന്മാരെ വാര്‍ത്തെടുക്കുകയും അതേസമയം ജീവിത സന്ധാരണത്തിനനുയോജ്യമായ ജോലിയില്‍ ഏര്‍പ്പെടുവാനുള്ള കഴിവുകള്‍ അവര്‍ക്ക് ഉണ്ടാക്കിക്കൊടുക്കുകയെന്നതും ഈ സ്ഥാപനത്തിന്റെ ലക്ഷ്യമാകുന്നു. അതിനു പുറമെ ഹൈസ്‌കൂളുകളിലും കോളേജുകളിലും പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി നിശാക്ലാസുകള്‍, ഞായറാഴ്ച പാഠങ്ങള്‍, സമ്മര്‍ ക്ലാസുകള്‍ എന്നിവ നടത്തലും ഇതിന്റെ ലക്ഷ്യങ്ങളില്‍ പെട്ടതാണ്.

ഈ സ്ഥാപനത്തിന് ഒന്നു മുതല്‍ എട്ടു വരെയുള്ള കോളേജു ക്ലാസുകളും അതിനു ശേഷം രണ്ടുവര്‍ഷത്തെ ഉന്നത കോഴ്‌സും ഉണ്ടായിരിക്കുന്നതാണ്.  ഖുര്‍ആന്‍ പാരായണം, പ്രഥമികമായ ദീനിയ്യാത്തും  അമലിയ്യാത്തും മലയാളം എഴുത്തും വായനയും എന്നിവ അഭ്യസിച്ചു കഴിഞ്ഞ കുട്ടികളെയായിരിക്കും ഒന്നാം ക്ലാസില്‍ ചേര്‍ക്കുക. 

ഈ സ്ഥാപനത്തില്‍ എട്ടാം ക്ലാസ് പൂര്‍ത്തിയാക്കി പുറത്തുവരുന്ന ഒരു വിദ്യാര്‍ഥിയില്‍: ഖുര്‍ആന്‍ മുഴുവനും അര്‍ത്ഥവും വ്യാഖ്യാനവും സഹിതം പഠിച്ചിരിക്കുക, പ്രധാന ഹദീസ് കിതാബുകള്‍ പഠിച്ചിരിക്കുക, ശാഫിഈ മദ്ഹബിലെ സുപ്രധാന ഹദീസ് ഗ്രന്ഥം പഠിച്ചിരിക്കുക, ആനുകാലിക പ്രശ്‌നങ്ങളുടെ  ഇസ്‌ലാമിക പരിഹാരം കണ്ടുപിടിക്കാന്‍ കഴിയുക, ലൗകിക വിദ്യാഭ്യാസത്തില്‍ പൊതുവായ കഴിവുകള്‍ നേടിയിരിക്കുക, ദീനിനോട് സ്‌നേഹവും ആദരവും ഇസ്‌ലാമിക ആദര്‍ശങ്ങളില്‍ ഉറപ്പും ഉണ്ടായിരിക്കുക മുതലായ യോഗ്യതകള്‍ പ്രതീക്ഷിക്കപ്പെടുന്നു.

എട്ടാം വര്‍ഷത്തിനു ശേഷം രണ്ടുവര്‍ഷത്തെ ഉന്ന കോഴ്‌സും വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നു. ദീനിയ്യായ വിഷയങ്ങള്‍ വിശാലമായ തോതില്‍ അഭ്യസിപ്പിക്കപ്പെടുകയും ഫത്‌വകളും സമുദായ നേതൃത്വവും നല്‍കുവാനുള്ള ഉയര്‍ന്ന യോഗ്യതയും ഉണ്ടാക്കലാണ് ഇതിന്റെ ലക്ഷ്യം. 

അറബി ഭാഷ ആധുനികമായ രീതിയില്‍തന്നെ കൈകാര്യം ചെയ്യുവാന്‍ സാധിക്കേണ്ട രീതിയില്‍ അതിന്റെ പഠനം സംവിധാനം ചെയ്യപ്പെട്ടിട്ടുണ്ട്.

ഇപ്പോള്‍ ഖുര്‍ആന്‍, ഹദീസ്, തഫ്‌സീര്‍, ഫിഖ്ഹ്, സര്‍ഫ്, നഹ്‌വ്, അറബി ഭാഷ, ഉറുദു, മന്‍ഥിഖ്, മആനി, ഇസ്‌ലാം ചരിത്രം, ഇംഗ്ലീഷ്, കണക്ക്, സയന്‍സ് എന്നിവ അഭ്യസിപ്പിക്കപ്പെടുന്നു.''

മതത്തോടൊപ്പം ഭൗതിക പഠനവും സമ്മേളിക്കുന്ന അവസരങ്ങളാണ് ഉസ്താദ് ഇതില്‍ വിവരിക്കുന്നത്. മതത്തിനു തന്നെയാണ് കൂടുതല്‍ പ്രാമുഖ്യം നല്‍കേണ്ടതെന്നും എന്നാല്‍ അതോടൊപ്പം ഭൗതിക വിഷയങ്ങള്‍ക്കും അതിന്റെതായ സ്ഥാനങ്ങള്‍ കല്‍പിക്കണമെന്നും ഊന്നിപ്പറയുന്നു. ഇതിനു ശേഷം ഉസ്താദ് മുന്നോട്ടു വെക്കുന്ന ചില നിരീക്ഷണങ്ങള്‍ നമ്മെ അല്‍ഭുതപ്പെടുത്തുന്നതാണ്. സമന്വയ വിദ്യാഭ്യാസവും മുസ്‌ലിംകള്‍ക്കിടയിലെ തൊഴിലധിഷ്ടിത വിദ്യാഭ്യാവസും സര്‍കാര്‍ തലങ്ങളിലെ പരീക്ഷകളും യോഗ്യതകളും എല്ലാമാണ് ഇതില്‍ കടന്നുവരുന്നത്:

''ഇസ്‌ലാമിക വിഷയങ്ങളെയും ആധുനിക വിജ്ഞാനങ്ങളെയും സമന്വയിപ്പിച്ചുകൊണ്ടുള്ള പാഠ്യപദ്ധതിയാണ് സ്വീകരിച്ചിട്ടുള്ളത്. കാലത്തിന്റെ വെല്ലുവിളിയെ സധൈര്യം നേരിട്ടുകൊണ്ട് ഇസ്‌ലാമിന്റെ ശബ്ദം ഉയര്‍ത്തിപ്പിടിക്കുവാന്‍ വേണ്ട യോഗ്യത നേടിക്കൊടുക്കുന്നതും വിദ്യാര്‍ത്ഥികളില്‍ വിജ്ഞാന തല്‍പരത വളര്‍ത്തുന്നതുമായ പാഠ്യക്രമമാണ് നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുന്നത്.''

''വിദ്യാഭ്യാസം ജോലി ലക്ഷ്യം വെച്ചാകട്ടെ അല്ലാതിരിക്കട്ടെ, അംഗീകൃത ഡിഗ്രികള്‍ അനുപേക്ഷ്യങ്ങളായി ഗണിക്കപ്പെടുന്ന സാമൂഹിക ചുറ്റുപാടാണ് നിലവിലുള്ളത്. ഈ പരമാര്‍ത്ഥത്തെ അവഗണിക്കുകയോ കണ്ടില്ലെന്നു നടിക്കുകയോ ചെയ്യുന്നത് സമുദായത്തിനും നമ്മുടെ ലക്ഷ്യത്തിനും അപരിഹാര്യമായ ദോഷ ഫലങ്ങള്‍ വരുത്തിവെക്കുമെന്നത് ചിന്തിക്കുന്നവര്‍ക്ക് അറിയാവുന്നതേയുള്ളൂ. അതിനാല്‍, ഇസ്‌ലാമിക വിഷയങ്ങളും ലൗകിക വിജ്ഞാനീയങ്ങളും അറബി സാഹിത്യവും ഒരേ പാഠ്യപദ്ധതിയില്‍, അംഗീകൃത ഡിഗ്രി നേടാന്‍ കഴിയുന്ന വിധത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. അറബി ഭാഷാ സാഹിത്യ ഗ്രന്ഥങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഈ കാര്യം എത്രയും ശ്രദ്ധിച്ചിട്ടുണ്ട്.

ജീവിതായോധനയും തേടി മധ്യപൗരസ്ത്യ അറബ് ദേശങ്ങളില്‍ അഭയം പ്രാപിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ നാട്ടിലെ ആയിരങ്ങളില്‍ ചിലര്‍ക്ക് അവിടേക്കു പോകുന്നതിനു മുമ്പ് അവിടത്തെ ഭാഷയായ അറബി വശത്താക്കുവാന്‍ നമ്മുടെ പാഠ്യ പദ്ധതി ഒരവസരം നല്‍കുന്നതാണ്. ഇത് സ്ഥാപനത്തിന്റെ പാഠ്യ പദ്ധതിയുടെ മുഖ്യ ലക്ഷ്യമല്ലെങ്കിലും ഈ പാഠ്യപദ്ധതിയില്‍കൂടി ഇതും സാധിക്കുമെന്നത് ഒരു വസ്തുതയാണ്.

മുന്‍ചൊന്ന വിഷയങ്ങള്‍ക്കുപുറമെ മലയാളം, ഉറുദു, ഇംഗ്ലീഷ്, കണക്ക്, ഭൂമിശാസ്ത്രം, സയന്‍സ് എന്നിവയാണ് അഭ്യസിപ്പിക്കുന്നത്. ഈ സ്ഥാപനത്തില്‍നിന്നും പഠനം പൂര്‍ത്തിയാക്കി പുറത്തുവരുന്ന വിദ്യാര്‍ത്ഥികള്‍ക്കു ജീവിത പ്രശ്‌നങ്ങളോട് മല്ലിടുവാന്‍ മതാധ്യാപനം, ഖുത്തുബ, ഇമാമത്ത് തുടങ്ങിയ ജോലികളെ മാത്രം ആശ്രയിക്കേണ്ടി വരാതെ തങ്ങള്‍ ഇഷ്ടപ്പെടുന്ന മറ്റു ബിസിനസ്സുകളില്‍ ഏര്‍പ്പെടുവാന്‍ സാധിക്കുന്നതിനുള്ള നേടിക്കൊടുക്കുലും ലോകപരിജ്ഞാനമുണ്ടാക്കലുമാണ് ഇതുകൊണ്ട് ലക്ഷ്യമാക്കിയിട്ടുള്ളത്. ഈ വിഷയങ്ങളില്‍ കാലോചിതങ്ങളായ പരിവര്‍ത്തനങ്ങള്‍ വരുത്തിക്കൊണ്ടിരിക്കാന്‍ ഞങ്ങള്‍ സന്നദ്ധരുമാണ്. 
തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നമ്മുടെ സമുദായത്തിന് ഇന്ന് അഭികാമ്യമെന്നല്ല, അനിവാര്യമായിരിക്കുകയാണ്. ഇതിലാരും തര്‍ക്കിക്കുകയില്ല. പക്ഷെ, ഇത് പ്രയോഗവല്‍കരിക്കുവാനുള്ള മാര്‍ഗം ആവിഷ്‌കൃതമായിട്ടില്ലെന്നുള്ളത് ഒരു ദു:ഖ സത്യമത്രെ.  ഈ പദ്ധതികൂടി ഈ സ്ഥാപനത്തിന്റെ പദ്ധതികളില്‍ ഉള്‍പ്പെടുത്തണമെന്നുണ്ട്. അനുകൂലമായ സാഹചര്യത്തില്‍ അത് നടപ്പില്‍ വരുത്തുമെന്നു പറയുവാനേ ഇപ്പോള്‍ സാധ്യമുള്ളൂ.''

യഥാര്‍ഥത്തില്‍ സമന്വയമെന്നാല്‍ എന്തല്ലെന്നും എന്താണെന്നും മറ്റൊരിടത്ത് ഉസ്താദ് വ്യക്തമാക്കുന്നു:

''നമ്മുടെ രാജ്യങ്ങളില്‍ ഭൗതിക വിദ്യാലയങ്ങളില്‍ ഇസ്‌ലാമിക വിഷയങ്ങള്‍ പഠിപ്പിക്കാറില്ല. മദ്‌റസകളിലും പള്ളിദര്‍സുകളിലുമാണ് ഇസ്‌ലാമിക പഠനങ്ങള്‍ നടത്താറുള്ളത്. ഉന്നത നിലവാരമുള്ള മത വിദ്യാഭ്യാസങ്ങള്‍ പള്ളി ദര്‍സുകളിലാണ് നടത്തി വരാറുള്ളത്. പില്‍ക്കാലത്ത് അറബിക് കോളേജുകളുമുണ്ടായി. എന്നാല്‍ ദീനിയ്യായ വിദ്യാഭ്യാസങ്ങളില്‍ മുഴുകിയവര്‍ക്ക്  ഉയര്‍ന്ന നിലവാരത്തില്‍ ഭൗതിക വിദ്യാഭ്യാസം ലഭിക്കാറില്ല. സ്‌കൂളിലും ഭൗതിക കലാലയങ്ങളിലും പഠിക്കുന്നവര്‍ക്ക് നല്ല രീതിയില്‍ മത വിദ്യാഭ്യാസവും ലഭിക്കുന്നില്ല. ഈ അകല്‍ച്ച പല ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നു. ഇസ്‌ലാമിക പ്രചരണത്തിനും, മത ഉപദേശങ്ങള്‍ നല്‍കുന്നതിനും പ്രയാസങ്ങള്‍ നേരിടുന്നു. അതിനാല്‍ രണ്ടുതരം വിദ്യാഭ്യാസവും ഒപ്പം നേടിയ മത പണ്ഡിതന്മാര്‍ കാലത്തിന്റെ ആവശ്യമാണ്. ഇത്തരം മത പണ്ഡിതന്മാരെ വാര്‍ത്തെടുക്കലാണ് മത ഭൗതിക വിദ്യാഭ്യാസ സമന്വയംകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. ഭൗതിക വിദ്യാഭ്യാസങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കുറച്ചൊക്കെ മതപരമായ അറിവ് ഉണ്ടാക്കിക്കൊടുക്കലും ആവശ്യം തന്നെ. അതിന് ബോര്‍ഡിംഗ് മദ്‌റസകളും ആനുകാലിക പഠന കേന്ദ്രങ്ങളും മതിയാകും. എന്നാല്‍ പ്രധാനമായിരിക്കുന്നത് അതല്ല. മറിച്ച്, രണ്ട് വിദ്യാഭ്യാസങ്ങളിലും  വേണ്ടത്ര പാണ്ഡിത്യം നേടിയവരായ പണ്ഡിതന്മാരെ വാര്‍ത്തെടുക്കലാണ്. ഇതാണ് സമന്വയ വിദ്യാഭ്യാസം. ഇതിനുവേണ്ടി സ്ഥാപിക്കപ്പെടുന്ന കോളേജുകളില്‍ മതപരമായ എല്ലാ വിഷയങ്ങളും അഭ്യസിപ്പിക്കുന്നതിനോടൊപ്പം ഉയര്‍ന്ന തരത്തില്‍ ഭൗതിക വിഷയങ്ങളും അഭ്യസിപ്പിക്കപ്പെടണം. വിദ്യാര്‍ത്ഥികള്‍ ബിരുദങ്ങള്‍ നേടി പുറത്ത് വരുമ്പോള്‍ ഇരു വിഭാഗങ്ങളിലും പാണ്ഡിത്യമുള്ളവരായിരിക്കണം. അപ്പോള്‍ മാത്രമേ അവര്‍ സമന്വയ വിദ്യാഭ്യാസം കരസ്ഥമാക്കിയവര്‍ ആവുകയുള്ളൂ. നേരെ മറിച്ച് ഒരു കാമ്പസിനകത്ത് പലതരം വിദ്യാലയങ്ങള്‍ സ്ഥാപിച്ചത്‌കൊണ്ട് ഇത് നേടാനാവില്ല. പലതരം വിദ്യാലയങ്ങളില്‍നിന്ന് പലതരം വിദ്യാഭ്യാസങ്ങള്‍ നേടിയ വെവ്വേറെ ആളുകള്‍ പുറത്തിറങ്ങിയതുകൊണ്ട് കാര്യമാകുന്നില്ല. ഒരു കാമ്പസില്‍ കുറേ ഭൗതിക വിദ്യാലയങ്ങളും അതിലെ വിദ്യാര്‍ത്ഥികളും ഒരു വശത്ത്, മത വിദ്യലയവും അതിലെ വിദ്യാര്‍ത്ഥികളും വേറെയൊരു വശത്ത്. ഇത് സമന്വയ വിദ്യാഭ്യാസമാകില്ല. ഒരേ വ്യക്തിയില്‍തന്നെ രണ്ടുതരം പാണ്ഡിത്യങ്ങളും ഒപ്പമുണ്ടാകണം. ഈ ലക്ഷ്യം സ്ഥാപിച്ചെടുക്കാന്‍ വേണ്ടിയാണ് 1971 ല്‍ സഅദിയ്യ സ്ഥാപിച്ചത്.''

സി.എം ഉസ്താദിലെ വിദ്യാഭ്യാസ പ്രവര്‍ത്തകനെയും ചിന്തകനെയും മനസ്സിലാക്കണമെങ്കില്‍ സഅദിയ്യയുടെ ആദ്യകാല  പ്രവര്‍ത്തനങ്ങളെടുത്തു പരിശോധിക്കേണ്ടതുണ്ട്. 1971 മുതല്‍ 79 വരെയുള്ള കാലമാണ് ഇതില്‍ പരമ പ്രധാനമായിട്ടുള്ളത്. ഈ സ്ഥാപനത്തിന്റെ വിദ്യാഭ്യാസ മേഖലയെക്കുറിച്ച് ഉസ്താദ് കാര്യക്ഷമമായി ചിന്തിക്കുകയും അതിന്റെ പരിപോഷണത്തിനായി രംഗത്തിറങ്ങുകയും ചെയ്തത് ഈ കാലഘട്ടത്തിലായിരുന്നു. അതിനു തൊട്ടു മുമ്പും ശേഷവുമുള്ള കാലങ്ങളാണ് പിന്നീടുള്ളത്. വിദ്യാഭ്യാസമേഖലയിലെ കത്തുന്ന ചിന്തകളുമായി ഉസ്താദ് നാടുനീളെ ഓടി നടന്ന കാലമായിരുന്നു ഇത്. ഈ കാലയളവില്‍ ഉസ്താദ് എഴുതി വെച്ചിട്ടുള്ള ഡയറികളും നോട്ടു പുസ്തകങ്ങളും ലേഖനങ്ങളും കുറിപ്പുകളുമെടുത്തു പരിശോധിച്ചാല്‍ ഈ ചിന്തകളുടെ തീക്ഷ്ണതയും ആഴവും ശരിക്കും അളക്കാവുന്നതാണ്. 

സമന്വയ വിദ്യാഭ്യാസ ലോകത്ത് സ്വയം വളര്‍ന്ന് ഒരു പൊസിഷ്യനില്‍ എത്തിയ ശേഷം മാത്രമായിരുന്നു ഉസ്താദ് അങ്ങനെയൊരു ആശയം സമൂത്തിനുവേണ്ടി അവതരിപ്പിച്ചിരുന്നത്. പ്രായോഗികതയില്‍ മാത്രം വിശ്വസിച്ച് അതിനുവേണ്ടി മാത്രം ജീവിച്ച ആളായിരുന്നു ഉസ്താദ്. ജാടകളും പൊലിവുകളും ഉസ്താദിന്റെ നിഘണ്ടുവില്‍ ഉണ്ടായിരുന്നില്ല. 

1971 ല്‍ സഅദിയ്യ എന്ന സ്ഥാപനം ഉയര്‍ത്തിക്കൊണ്ടുവരിക വഴി ഉസ്താദ് കേരളമുസ്‌ലിം വിദ്യാഭ്യാസ ചരിത്രത്തോട് ചേര്‍ത്തു വെച്ച ഒരു പുതിയ അധ്യായമാണ് നാം ഇവിടെ അടിവരയിട്ടു വായിക്കേണ്ടത്. നമ്മുടെ ചരിത്രമെഴുത്തില്‍നിന്നും ഒരിക്കലും ഒഴിഞ്ഞുപോകാന്‍ പാടില്ലാത്ത ഒരു വശമാണിത്. കേരളമുസ്‌ലിം വിദ്യാഭ്യാസ പുരോയാനത്തിന്റെയും അതിലെ സുപ്രധാന വശമായ സമന്വയ വിദ്യാഭ്യാസമെന്ന ചിന്തയുടെയും അടിസ്ഥാന നായകന്മാരിലൊരാളായി നമുക്കിവിടെ ഉസ്താദിനെ കണ്ടെത്താവുന്നതാണ്. 

No comments:

Post a Comment