ഏറെ അനുഗ്രഹീതവും വിസ്മയാവഹവുമായിരുന്നു സി.എം. ഉസ്താദിന്റെ തൂലികയും രചനകളും. കാലിക പ്രസക്തവും ഗഹനവുമായ സൃഷ്ടികളാണ് അവിടെനിന്നും പുറത്തുവന്നിരുന്നത്. പ്രത്യക്ഷത്തില്‍ സരളമായി തോന്നുമെങ്കിലും വിഷയങ്ങളുടെ ആഴങ്ങളിലേക്കു ഇറങ്ങിപ്പോകുന്നതായിരുന്നു അവ. ഓരോ കാലത്തെയും പ്രതിനിധീകരിക്കുന്ന എഴുത്തുകളാണ് ഉണ്ടായിരുന്നത്. ഒരു എഴുത്തുകാരനെന്ന നിലക്കു ധര്‍മം തീര്‍ക്കലോ ഒരു എഴുത്തുകാരനാകുവാനുള്ള വെമ്പലില്‍ നിരര്‍ത്ഥകമായതെന്തും കുറിച്ചിടലോ ആയിരുന്നില്ല ഉസ്താദിനെ സംബന്ധിച്ചിടത്തോളം എഴുത്ത്. ശരിക്കും അവര്‍ക്കത് ഒരു ആത്മീയ നിര്‍വൃതി നല്‍കുന്ന സംവേദനമായിരുന്നു. അനുവാചകരില്‍നിന്നും പ്രതികരണങ്ങള്‍ ആഗ്രഹിച്ചിരുന്ന ആശയ കൈമാറ്റവുമായിരുന്നു.
എഴുത്തിന്റെ തുടക്കം
എഴുത്തും വായനയും എന്നത് ഉസ്താദിനെ സംബന്ധിച്ചിടത്തോളം ഒരു ദൗര്‍ബല്യം പോലെയായിരുന്നു. വിശാലമായ വായനയും അതിനനുസരിച്ചുള്ള എഴുത്തുമില്ലാത്തെ ഒരു ദിവസവും ഒഴിച്ചിടാന്‍ കഴിഞ്ഞിരുന്നില്ല. എത്ര തിരക്കാണെങ്കിലും ഇതിന് സമയം കണ്ടെത്തുക പതിവായിരുന്നു. അവസാന കാലങ്ങളില്‍ പ്രത്യേകിച്ചും.
ദര്‍സുകളില്‍ പഠിക്കുന്ന കാലതത്തു തന്നെ ഉസ്താദ് എഴുത്തിന്റെയും വായനയുടെയും ലോകത്തേക്ക് കടന്നുവന്നു. കൈയില്‍ കിട്ടുന്ന നല്ല പുസ്തകങ്ങളെല്ലാം വായിച്ചു. സമയവും സാഹചര്യവും കിട്ടുമ്പോഴൊക്കെ എഴുതുകയും ചെയ്തു.
ഉസ്താദിന്റെ അടുത്ത് ഉണ്ടായിരുന്ന പല ലേഖനങ്ങളും പുസ്തകങ്ങളുമെല്ലാം വളരെ കാലങ്ങള്‍ക്ക് മുമ്പ് എഴുതപ്പെട്ടവയായിരുന്നു. ദര്‍സില്‍ പഠിക്കുമ്പോഴോ മുദരിസായി സേവനം ചെയ്യുമ്പോഴോ സ്ഥാപനങ്ങള്‍ നടത്തുമ്പോഴോ ഒക്കെയായി എഴുതി സൂക്ഷിച്ചവയായിരുന്നു. ഉസ്താദിനെ സംബന്ധിച്ചിടത്തോളം എഴുത്തിന്റെ ലോകത്ത് സജീവമായ ഒരു കാലം കഴിഞ്ഞുപോയിട്ടുണ്ട് എന്നത് ശരിക്കും മനസ്സിലാകുന്നതാണ്. ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കിടയില്‍ പുറത്തിറങ്ങിയ ചില പുസ്തകങ്ങള്‍ എഴുതിക്കഴിഞ്ഞ വര്‍ഷം പരിശോധിച്ചാല്‍ ഇക്കാര്യം നമുക്ക് കൂടുതല്‍ വ്യക്തമാകുന്നു.
അറുപതുകളില്‍ തന്നെ ഉസ്താദ് എഴുത്തു തുടങ്ങിയതായി കാണാന്‍ സാധിക്കും. തന്റെ ചെമ്പിരിക്ക മാലയെല്ലാം ഏകദേശം ഈ കാലയളവിലാണ് പുറത്തുവരുന്നത്. പിന്നീട് ബാഖിയയാത്തില്‍ പോയപ്പോഴും അവിടെനിന്നും എഴുത്ത് നിലക്കാതെ ഉസ്താദ് സൂക്ഷിച്ചിരുന്നതായി കാണാം. ബാഖിയാത്തില്‍ പഠിച്ചപ്പോള്‍ ഉസ്താദ് ഉപയോഗിച്ചിരുന്ന പല നോട്ടുപുസ്തകങ്ങലും ഡയറികളും കുറിപ്പു പുസ്തകങ്ങളുമെടുത്തു പരിശോധിച്ചാല്‍ പല വിഷയങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ലേഖനങ്ങളും പഠനങ്ങളും കാണാവുന്നതാണ്. ഇതില്‍, വളരെ ചെറുതും വളരെ വലുതും കാണാവുന്നതാണ്.
എഴുത്തിന്റെ ശൈലി
എത്ര ചെറിയ വിഷയമാണെങ്കില്‍ കൂടി ഉസ്താദ് അതില്‍ കയ്യി വെച്ചാല്‍ അതിന് ഒരു പ്രത്യേക രൂപവും ഭാവവും ആഴവും തലവും കനവും വരുമെന്നുള്ളതാണ് പ്രത്യേകത. ഉസ്താദിന്റെ രചനകളുടെ ഏറ്റവും വലിയ സവിശേഷതയാണിത്. കണ്ടാല്‍ ഒരുപക്ഷെ, വളരെ ചെറിയ വിഷയമായിരിക്കാം. വളരെ സാധാരണമായ ടൈറ്റിലുകളായിരിക്കാം. പക്ഷെ, അത് വായിക്കുമ്പോഴറിയാം; ഉസ്താദ് കയറിപ്പോകുന്ന വഴികള്‍ എത്ര സങ്കര്‍ണ്ണവും സമഗ്രവുമാണെന്ന്. 'മുതല്‍' എന്ന തലക്കെട്ടില്‍ ഉസ്താദിന്റെ ചെറിയൊരു ലേഖനം കണ്ടു. ഒറ്റ നോട്ടത്തില്‍ വളരെ ചെറുതായാണ് തോന്നിയത്. പക്ഷെ, വായിച്ചപ്പോള്‍ അതിന്റെ ആഴം അല്‍ഭുതപ്പെടുത്തുന്നതായിരുന്നു. 'ഔറംഗസീബിന്റെ മത നീതി' എന്ന മറ്റൊരു ലേഖനമുണ്ട്. പ്രത്യക്ഷ്യത്തില്‍ തലക്കെട്ടു ഇങ്ങനെയാണെങ്കിലും പ്രൊട്ടസ്റ്റന്റ് റിഫോര്‍മേഷനെക്കുറിച്ചും യൂറോപ്യന്‍ സെക്യുലറിസത്തെക്കുറിച്ചും ഇന്ത്യന്‍ മതേതരത്തത്തെക്കുറിച്ചുമെല്ലാം ഉസ്താദ് അതില്‍ വാചാലനാകുന്നത് കണ്ടാല്‍ അല്‍ഭുതപ്പെട്ടുപോകും. വിശാലമായ വയനയില്‍നിന്നും ശേഖരിച്ച പോയ്ന്റ്‌സുകളാണ് ഇതിനെല്ലാം ഉസ്താദ് ഉപയോഗിച്ചിരിക്കുന്നത്. ഏതായാലും, വളരെ മുമ്പുള്ള ലേഖനങ്ങളാണിവ. ഉതുേപോലെ അനവധി ലേഖനങ്ങള്‍. അന്നത്തെ ഉസ്താദിന്റെ ചിന്തകളുടെ ആഴവും പരപ്പും കനവുമെല്ലാം ഇവ പ്രതിഫലിപ്പിക്കുന്നതായിരുന്നു.
തീര്‍ത്തും സാധാരണ വിഷയങ്ങള്‍ അല്ലെങ്കില്‍ തീര്‍ത്തും അസാധാരണ വിഷയങ്ങള്‍ ഇതായിരുന്നു വിഷയങ്ങള്‍ തെരഞ്ഞെടുക്കുന്നതിലെ സി.എം. ശൈലികള്‍. രണ്ടില്‍ ഏതായാലും വളരെ മനോഹരമായും അനുവാചകരെ ചിന്തിപ്പിക്കുന്ന നിലക്കും വിഷയത്തെ സമീപ്പിക്കുവാന്‍ സാധിക്കുകയെന്നതായിരുന്നു ഉസ്താദിന്റെ പ്രത്യേകത. 'ഇസ്‌ലാമിക-കര്‍മ വിശ്വാസങ്ങളിലെ യുക്തി രഹസ്യങ്ങള്‍' എന്നൊരു ലേഖനമുണ്ട് ഉസ്താദിന്. അത് വായിച്ചാല്‍ അല്‍ഭുതപ്പെട്ടുപോകും. ഇസ്‌ലാമിലെ ഓരോ വിശ്വാസ കാര്യങ്ങളുടെയും അനുഷ്ഠാന കാര്യങ്ങളുടെയും ദൈവിക യുക്തിയാണ് അതില്‍ അനാവരണം ചെയ്യുന്നത്. നിസ്‌കാരവും നോമ്പും ഹജ്ജും എല്ലാം വളരെ മനോഹരമായി കൈകാര്യം ചെയ്തിരിക്കുന്നു. ഉസ്താദിന്റെ അറിവിന്റെ ആഴം എത്രമാത്രരമുണ്ടായിരുന്നുവെന്ന് ആദ്യ കാലത്തെ ഉസ്താദിന്റെ രചനകളെടുത്തു പരിശോധിച്ചാല്‍ ശരിക്കും മനസ്സിലാക്കാവുന്നതാണ്.
തെരഞ്ഞെടുത്ത മേഖല
ഗോളശാസ്ത്രം, ചരിത്രം, ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രം, മതങ്ങള്‍-ഇസങ്ങള്‍, ഇസ്‌ലാം-ആധുനിക സമസ്യകള്‍, മൗലിദുകള്‍, മാലകള്‍ തുടങ്ങിയവയായിരുന്നു പ്രധാനമായും ഉസ്താദിന്റെ രചനാ മേഖല. ഈ മേഖലകളിലായി ഉസ്താദ് ധാരാളം രചനകള്‍ നടത്തിയിട്ടുണ്ട്. പുസ്തക രൂപത്തിലും ലേഖന രൂപത്തിലുമുണ്ട്. ഓരോ സമയത്തിനും സാഹചര്യത്തിനുമനനുസരിച്ച് എഴുതി വെക്കുന്നവായിരിക്കണം ഇവയെല്ലാം. ഇവയില്‍ പ്രസിദ്ധീകരിക്കപ്പെടാത്തവയും പ്രസിദ്ധീകരിക്കപ്പെട്ടവയുമുണ്ട്.
എഴുതിയ കാലത്തു തന്നെ ഏതെങ്കിലും മാഗസിനുകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടു വന്നവയാണ് ഉസ്താദിന്റെ അധികം ലേഖനങ്ങളും. ലേഖനങ്ങള്‍ അയച്ചുകൊടുക്കുമെങ്കിലും അവയുടെല്ലൊം ട്രൂ കോപ്പി ഡയറിയില്‍തന്നെ കുറിച്ചിടുമായിരുന്നു.
ചിന്താവിസ്‌ഫോടനത്തിന്റെ കാലം
സി.എം. ഉസ്താദിന്റെ രചനാ ചരിത്രത്തിലും ജീവിതത്തിലും വളരെ ശ്രദ്ധേയവും ചിന്തോദ്ദീപകവുമായ ഒരു കാലം കണ്ടെത്താവുന്നതാണ്. ഈ കാലത്തു പുറത്തുവന്ന രചനകളാണ് ഉസ്താദിനെ കേരളത്തിലെ സാധാരണ പണ്ഡിതരില്‍നിന്നും വ്യതിരിക്തനാക്കുന്നത്. എഴുപതുകളിലും എണ്‍പതുകളിലുമായിരുന്നു ഇത്. ശരിക്കും പറഞ്ഞാല്‍, ഒരു അറബിക് കോളേജിനെക്കുറിച്ച് ചിന്തിക്കുകയും അതിന്റെ സാധൂകരണത്തിനു വേണ്ടി ഇറങ്ങിപ്പുറപ്പെടുകയും ചെയ്തിരുന്ന കാലം. ഈ കാലം ഉസ്താദിനെ സംബന്ധിച്ചിടത്തോളം ഒരു തരം കത്തുന്ന മനസ്സുണ്ടായിരുന്ന കാലമായിരുന്നു. ഇസ്‌ലാമിക ചിന്തയിലൂന്നിനിന്നുള്ള ഒരു തരം സ്‌ഫോടനാത്മകമായ ചിന്തകളാണ് അന്ന് പുറത്തുവന്നിരുന്നത്. ആധുനിക പശ്ചാത്തലത്തിലിരുന്ന് ഇസ്‌ലാമിനെ എങ്ങനെ വായിക്കണമെന്നതില്‍ ഉസ്താദിന് വളരെ വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു.
ആധുനികതയുടെ വളര്‍ന്നുവരുന്ന പ്രശ്‌നങ്ങളെ ഇസ്‌ലമികമായി എങ്ങനെ ചെറുക്കണമെന്ന് ഇക്കാലത്തെ ചിന്തകളിലൂടെ അളന്നെടുക്കാന്‍ ഉസ്താദിന് സാധിച്ചു. വളരെ ക്രിയാത്മകമായ ശൈലികളാണ് ഇതിനെല്ലാം ഉസ്താദ് സമീപ്പിച്ചിരുന്നത്. ഇന്‍ഷൂറന്‍സും ബാങ്കിംഗുമെല്ലാം ഉയര്‍ന്നുവരികയും പ്രശ്‌നവല്‍കരിക്കപ്പെടുകയും ചെയ്തിരുന്ന ഇക്കാലത്തുതന്നെ അതിനെ ഒരു മുസ്‌ലിമിന് എങ്ങനെ കാണാന്‍ പറ്റുമെന്ന് ഉസ്താദ് ചിന്തിക്കുകയും എഴുതുകയും ചെയ്തു. എഴുപതുകളില്‍തന്നെ ഇസ്‌ലാമിക് ബാങ്കിംഗിനെക്കുറിച്ചും ഇന്‍ഷൂറന്‍സിനെക്കുറിച്ചുമെല്ലാം ഉസ്താദ് ചിന്തിക്കുകയും എഴുതുകയും ചെയ്തിരുന്നു. മധ്യമ കേരളത്തിലടക്കം പല ഇടങ്ങളിലും ഇവ്വിഷയകമായി ക്ലാസുകള്‍ എടുക്കാനും പോയിരുന്നു.
സി.എം. അബ്ദുല്ല മൗലവി എന്ന ഒരു ചിന്തകനും എഴുത്തുകാരനും ശരിക്കും രൂപപ്പെട്ടുവന്നത് ഇക്കാലത്തായിരുന്നു. അതുകൊണ്ടുതന്നെ, മുസ്‌ലിം കേരളം അവര്‍ക്കു വേണ്ട പരിഗണനയും അംഗീകാരവും നല്‍കുകയും അവരെ ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. അന്നത്തെ മത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉസ്താദിന് ഒരു ഉന്നത അംഗീകാരമുണ്ടായിരുന്നു. ഏതു ദുര്‍ഗ്രഹവും ആധുനികവുമായ വിഷയങ്ങളെ ഇസ്‌ലാമികമായി അവതരിപ്പിക്കാന്‍ സാധിക്കുമെന്നതിനാലായിരുന്നു ഇത്. അന്നത്തെ സാഹചര്യത്തില്‍ ഇത് വല്ലാത്തൊരു കഴിവ് തന്നെയായിരുന്നു.
1970 മുതല്‍ 1990 വരെയുള്ള കാലമായിരുന്നു, എഴുത്തുകളിലേക്കും ചിന്തകളിലേക്കും ചേര്‍ത്തുനോക്കുമ്പോള്‍, ഉസ്താദിനെ സംബന്ധിച്ചിടത്തോളം തന്റെ ജീവിതത്തിലെ സുവര്‍ണ്ണകാലം. കൂര്‍മമായ ബുദ്ധിയും കത്തുന്ന ഹൃദയവും സൂക്ഷ്മമായ വീക്ഷണവും എന്തും ചെയ്യാനുള്ള മനസ്സും അതിനുള്ള വീക്ഷണവും കാഴ്ചപ്പാടും എല്ലാം നൂറു ശതമാനത്തോടെ നിറഞ്ഞുനിന്നിരുന്ന കാലമായിരുന്നു അത്. ഉസ്താദിന്റെ കനമുള്ള അധികം രചനകളും ഈ കാലയളവിലാണ് പുറത്തുവന്നത് എന്നു കാണാവുന്നതാണ്.
തന്റെ ചിന്തകളെല്ലാം സാക്ഷാല്‍കൃതമായിക്കൊണ്ടിരിക്കുകയും അതിന്റെ ഫലങ്ങള്‍ അനുഭവിക്കാന്‍ തുടങ്ങുകയും ചെയ്തിരുന്ന ഒരു കാലമായിരുന്നു ഇത്. സഅദിയ്യ എന്ന സ്ഥാപനം വളര്‍ന്നുപന്തലിക്കുകയും അതിന്റെ തണലില്‍ സാമൂഹിക സേവനവുമായി ജീവിച്ചു കൊണ്ടിരിക്കുകയും ചെയ്തിരുന്ന കാലം. വളരെ മനോഹരമായിരുന്നു ഇത്. പക്ഷെ, അവിടെനിന്നും നിര്‍ബന്ധിതനായി പടിയിറങ്ങി പുതിയൊരു സംരംഭത്തിലേക്കു തിരിഞ്ഞതോടെ തൊണ്ണൂറുകള്‍ക്കു ശേഷം ഉസ്താദിന് ഇത്തരം ചിന്തകളില്‍ ശ്രദ്ധ കൊടുക്കാന്‍ സാധിക്കാതെ വരികയായിരുന്നു. ഒരിക്കലൂടെ സ്ഥാപന നിര്‍ണ്ണമാണ ചിന്തകള്‍ തുടക്കം മുതല്‍ തുടങ്ങേണ്ടതിനാല്‍ ആ ചിന്താലോകത്തിന്റെ തുടര്‍ച്ച അവിടെ അസ്തമിക്കുകയായിരുന്നു. ഇത് ഉസ്താദിന്റെ ജീവിതത്തെയും രചനകളെയും എഴുത്തിനെയും ചിന്തകളെയുമെല്ലാം സാരമായി ബാധിച്ചിട്ടുണ്ടന്നത് വളരെ വ്യക്തമായി മനസ്സിലാക്കാവുന്നതാണ്.
എം.ഐ.സി വന്നതോടെ പിന്നെ അതിന്റെ സ്ഥാപന കാര്യങ്ങളിലാണ് ഉസ്താദിന്റെ കൂടുതല്‍ ശ്രദ്ധയും ഉണ്ടായിരുന്നത്. തന്റെ ആഴത്തിലുള്ള എഴുത്തിലും വായനയിലും മുന്നോട്ടു പോകാന്‍ സാധിച്ചിരുന്നില്ല. എങ്കിലും എം.ഐ.സി വളര്‍ന്നു വളര്‍ന്നു വികസിച്ചു ഒരു സ്റ്റാന്റേര്‍ഡിലെത്തിയതിനു ശേഷം ഉസ്താദ് വീണ്ടും ഈ ചിന്തയുടെയും മനനത്തിന്റെയും ലോകത്തേക്കു തിരിച്ചുവരാന്‍ ശ്രമങ്ങള്‍ നടത്തിയതായി കാണാവുന്നതാണ്. തന്റെ ജീവിതത്തിന്റെ ശോഭന കാലത്തിന്റെ രണ്ടാം ഘട്ടമായി ഈ കാലത്തെ പരിഗണിക്കാനാവും. ജീവിതത്തിന്റെ അവസാന കാലമായിരുന്നു ഇത്. ഇക്കാലത്ത് ഉസ്താദ് വീണ്ടും ശക്തമായ എഴുത്തിലേക്കും രചനകളിലേക്കും തിരിച്ചുവന്നതായി കാണാം. ധാരാളം ഗോളശാസ്ത്ര രചനകളും എഴുതിവെച്ചവ തട്ടി പുറത്തെടുത്ത് പ്രസിദ്ധീകരിക്കാനുള്ള നീക്കങ്ങളും എല്ലാം ഇക്കാലാത്താണ് ഉസ്താദ് തുടങ്ങുന്നത്.
രചനയുടെ മീഡിയം
എഴുത്തിന്റെ മീഡിയം തെരഞ്ഞെടുക്കുന്നതിലും ഉസ്താദിന് വ്യതിരിക്തമായ ചില ശൈലികളുണ്ടായിരുന്നു. കേരളീയ പശ്ചാത്തലത്തിലെ ഒരു ഇസ്‌ലാമിക പണ്ഡിതന്‍ എന്ന നിലക്ക് സങ്കല്‍പ്പിക്കപ്പെടുന്ന സര്‍വ വാര്‍പ്പു മാതൃകകളെയും ഇല്ലാതാക്കിക്കൊണ്ടാണ് ഉസ്താദ് ഇവിടെ സെലക്ഷന്‍ നിര്‍വഹിച്ചിരിക്കുന്നത്. മലയാളത്തിലും അറബിയിലും എന്ന പോലെ ഉസ്താദ് ഇംഗ്ലീഷിലും രചനകള്‍ നടത്തി. ഗ്രന്ഥ രചന നടത്താന്‍ മാത്രം സമ്പന്നമായ ഭാഷാകഴിവെല്ലാം നേരത്തെത്തന്നെ നേടിയിട്ടുണ്ടായിരുന്നു.
ഉറുദുവിലും കഴിവുണ്ടായിന്നുവെങ്കിലും ഉറുദുവില്‍ രചനകള്‍ നടത്തിയതായി അറിവില്ല. എങ്കിലും ചില ഉറുദു കവിതകള്‍ അറബിയിലേക്കും മറ്റും വിവിര്‍ത്തനം ചെയ്തിട്ടുണ്ട്. അല്ലാമാ ഇഖ്ബാല്‍ ഉസ്താദിന്റെ ഇഷ്ട ബിംബമായിരുന്നു. അദ്ദേഹത്തിന്റെ പല കവിതകളും ഉസ്താദിന് മന:പാഠമായിരുന്നു. തറാനെ മില്ലിയും തറാനെ ഹിന്ദിയുമെല്ലാം ഉസ്താദ് അര്‍ത്ഥ സഹിതം വിവരിക്കുകയും അതിന്റെ രചനാ പശ്ചാത്തലം വിവരിക്കുകയും ചെയ്യുമായിരുന്നു. ചില പബ്ലിക് പ്രസംഗങ്ങളില്‍വരെ ഇഖ്ബാല്‍ കവിതകള്‍ ഉസ്താദ് ഉരുവിട്ടു. ഇഖ്ബാല്‍ കവിതകള്‍ ആലപിച്ച് കേള്‍ക്കാനും ഉസ്താദിന് ഇഷ്ടമായിരുന്നു. മുമ്പ് സ്ഥാപനത്തില്‍ നടന്ന ഒരു ആദരിക്കല്‍ ചടങ്ങില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് മനോഹരമായി ഉറുദു കവിത പാടിച്ചത് സ്മരണീയമാണ്.
മലയാളത്തില്‍ തന്നെയാണ് ഉസ്താദിന്റെ കൂടുതല്‍ രചനകളും പുറത്തുവന്നിരുന്നത്. ഒരു നിലക്കു നോക്കിയാല്‍, തന്റെ ആദ്യകാല രചനകളില്‍ അധികവും മലയാളത്തിലായിരുന്നുവെന്ന് കണ്ടെത്താനാവും. തന്റെ രചനാ ജീവിതത്തിന്റെ രണ്ടാം ശോഭന ഘട്ടത്തിലാണ് കൂടുതലായും ഭാഷാ രചനകളിലേക്ക് ഉസ്താദ് കടന്നുവരുന്നത്. അന്നു പ്രധാനമായും അറബിയെ കേന്ദ്രീകരിച്ചായിരുന്നു രചനകള്‍. അതുകൊണ്ടു തന്നെ രചനകളില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്നത് അറബി ഭാഷയാണ്. ശേഷം, ഇംഗ്ലീഷും. ഇംഗ്ലീഷില്‍ ഒരു പുസ്തകമാണ് ഉസ്താദ് രചിച്ചിട്ടുള്ളത്.
ഉസ്താദിന്റെ നോട്ടു പുസ്തകങ്ങളെടുത്തു പരിശോധിച്ചാല്‍ വിവിധ വിഷയങ്ങളിലായി അറബിയില്‍ ധാരാളം ലേഖനങ്ങളള്‍ എഴുതിവെച്ചത് കാണാന്‍ സാധിക്കും. അറബി ഭാഷയെ കുറിച്ചും ഇസ്‌ലാമിക വിജ്ഞാനീയങ്ങളെകുറിച്ചും അറബിക് കോളേജുകളെക്കുറിച്ചും എല്ലാം അറബ് പഠനങ്ങളുണ്ട്. സഅദിയ്യ സ്ഥാപനത്തെ പരിചയപ്പെടുത്തുന്ന ലേഖനങ്ങളും ഉസ്താദിന്റെ പഴയ ഡയറിയില്‍ കണ്ടെത്താന്‍ സാധിക്കുന്നു. വളരെ മനോഹരമായ ശൈലിയും ഒഴുക്കുള്ള ഭാഷയുമാണ് ഉസ്താദ് ഇതിലെല്ലാം പ്രയോഗിച്ചിരിക്കുന്നത്.
വിവര്‍ത്തനങ്ങള്‍
വിവര്‍ത്തന സാഹിത്യത്തിലും ഉസ്താദ് കൈവെക്കാതിരുന്നിട്ടില്ല. തന്റെ സ്വതന്ത്രമായ രചനകളോടൊപ്പം തന്നെ ചില വിവര്‍ത്തനങ്ങളും ഉസ്താദിന്റെ രചനകളില്‍ കാണാവുന്നതാണ്. അറബിയില്‍നിന്നുമാണ് ഉസ്താദ് പ്രധാനമായും വിവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. ഉസ്താദ് തയ്യാറാക്കിയിട്ടുള്ള മൂന്നു വിവര്‍ത്തന കൃതികള്‍ ഇവയാണ്:
1. പരലോക തയ്യാറെടുപ്പ്
2. ഖബറിലെ ചോദ്യങ്ങള്‍
3. ബുര്‍ദ ഗദ്യവിവര്‍ത്തനം
ഇമാം ഇബ്‌നു ഹജറുല്‍ അസ്ഖലാനിയുടെ ഒരു കൃതിയുടെ പരിഭാഷയാണ് പരലോക തയ്യാറെടുപ്പ്. മനോഹരമായി ഒരു പ്രത്യേക കോര്‍വ്വയില്‍ സമാഹരിക്കപ്പെട്ട ഹദീസുകളുടെ സമാഹാരമാണിത്. വളരെ മുമ്പുതന്നെ ഉസ്താദ് ഇത് വിവര്‍ത്തനം നിര്‍വഹിച്ചിട്ടുണ്ട്. ഇതിന്റെ ഒരു ഭാഗം എം.ഐ.സി അഞ്ചാം വാര്‍ഷിക സുവനീറില്‍ പ്രസിദ്ധീകരിച്ചുവന്നിരുന്നു. ഉസ്താദിന്റെ ഡയറിയില്‍ ഇത് പൂര്‍ണ്ണമായും എഴുതി സൂക്ഷിച്ചിട്ടുമുണ്ട്.
പാരത്രിക ജീവിതത്തെയും അവിടത്തെ അവസ്ഥാന്തരങ്ങളെയും പ്രതിപാദിക്കുന്ന മനോഹരമായ ആഖ്യാനമാണ് ഖബറിലെ ചോദ്യങ്ങള്‍. വളരെ മുമ്പുതന്നെ എഴുതി വെച്ചതാണ് ഇതും. വളരെ കൂടുതല്‍ വലുപ്പമില്ലായെങ്കിലും ചിന്തിപ്പിക്കുന്ന ഉള്ളടക്കമാണ് അതിലുള്ളത്.
ഒരുപാട് വിവര്‍ത്തനങ്ങളും വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും ആസ്വാദനങ്ങളുമെല്ലാം ഉള്ള ഇമാം ബൂസ്വീരി (റ) യുടെ ബുര്‍ദക്ക് ഉസ്താദ് തയ്യാറാക്കിയിട്ടുള്ള ഗദ്യ വിവര്‍ത്തനമാണ് ബുര്‍ദ: ഗദ്യവിവര്‍ത്തനം. ഓരോ കവിതക്കും വളരെ സരളമായ ഭാഷയില്‍ ഗദ്യരൂപത്തില്‍ എഴുതപ്പെട്ടിട്ടുള്ള അര്‍ത്ഥങ്ങളാണിത്. നേരെ ബുര്‍ദാ ബൈത്തുകളുടെ അര്‍ത്ഥം മാത്രം അറിയാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വളരെ ഉപകാരപ്രദമാണിത്. കാസര്‍കോടുനിന്നും ഏറ്റവും അവസാനമായി പ്രസിദ്ധീകരിക്കപ്പെട്ട ഉസ്താദിന്റെ പുസ്തകമാണിത്. ദാറുല്‍ ഇര്‍ശാദ് അക്കാദമി വിദ്യാര്‍ത്ഥി സംഘടനയാണ് ഇത് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ഉസ്താദ് ഈ പുസ്തകം രചിക്കാന്‍ ഒരു പ്രത്യേക കാരണമുണ്ടായിരുന്നു. അത് ഉസ്താദ് തന്നെ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ വ്യക്തമാക്കുകയുണ്ടായി. അവസാന കാലങ്ങളില്‍ ഉസ്താദിന് രോഗം പിടി പെട്ടപ്പോള്‍ അതിന്റെ ശമനമാഗ്രഹിച്ചുകൊണ്ട് എഴുതാന്‍ തീരുമാനിക്കുകയായിരുന്നു ഇത്. പുസ്തകമെഴുതിക്കഴിഞ്ഞതോടെ ഉസ്താദിന്റെ രോഗവും ശിഫയാവുകയായിരുന്നു.
അനുവാചകരില്‍ ആത്മീയ നിര്‍വൃതിയും ആധ്യാത്മിക ചിന്തയും നിലനിര്‍ത്തുന്ന രചനകള്‍ക്കും ഉസ്താദ് പ്രാധാന്യം നല്‍കിയിരുന്നു. അതിന്റെ വ്യക്തമായ നിദര്‍ശനങ്ങളാണ് ഈ മൂന്നു വിവര്‍ത്തനങ്ങള്‍.
ഗോളശാസ്ത്ര രചനകള്‍
ഗോളശാസ്ത്ര ഗ്രന്ഥ രചനയിലാണ് ഉസ്താദിന് വല്ലാത്ത താല്‍പര്യമുണ്ടായിരുന്നത്. അവയെല്ലാം ഭാഷകളിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. ഗോളശാസ്ത്രത്തിലെ ചില ലേഖനങ്ങള്‍ മാത്രമാണ് മലയാളത്തിലുള്ളത്. ഭൂമി ഖുര്‍ആനിലും ഹദീസിലും എന്ന പേരില്‍ ഉസ്താദ് ഒരു പുസ്തകമെഴുതിയിരുന്നു. മലയാളത്തിലാണ് അത് എഴുതപ്പെട്ടിട്ടുള്ളത് എങ്കിലും അത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. ഉസ്താദിന്റെ ഗോളശാസ്ത്ര രചനകള്‍ ഇവയാണ്:
1. ഇല്‍മുല്‍ ഫലക്ക്(അറബി)
2. ഖിബ്‌ല ഗണന(ഇസ്തിഖ് റാജുല്‍ ഖിബ്‌ല- അറബി)
3. തസ്‌വീദുല്‍ ഫിക്കര്‍(ടിഗ്നോമെട്രി, അറബി)
4. അല്‍ ബൂസ്വിലത്തുല്‍ മിഗ്നതീസ്സിയ്യഃ (അറബി)
5. മാഗ്നറ്റിക് കോംപ്ലക്‌സ് ആന്റ് ഇറ്റ്‌സ് ഇങ്ക്‌ളിനേഷന്‍ (ഇംഗ്ലീഷ്)
കൂടാതെ ധാരാളം ലേഖനങ്ങളുമുണ്ട്. അവയില്‍ പ്രധാനപ്പെട്ടത് ഇവയാണ്:
1) മാഗ്നറ്റിക് കോംപസും ഖിബ്‌ലാ നിര്‍ണ്ണയവും
2) ഇസ്‌ലാമിക ഗോളശാസ്ത്രം
3) ജ്യോതിശാസ്ത്രവും ജ്യോതിഷവും
4) എങ്ങോട്ടു നോക്കിയാലും ഖിബ്‌ല തന്നെ
5) സമയം, അതിന്റെ ഭാഗങ്ങള്‍, നിസ്‌കാര സമയങ്ങള്‍
6) ഖിബ്‌ല കണ്ടെത്താനുള്ള വിവിധ വഴികള്‍
7) ഭൂമി ഖുര്‍ആനിലും ഹദീസിലും
8) മാസപ്പിറവി
നിസ്‌കാരസമയ പട്ടിക
നിസ്‌കാര സമയ വിവരപ്പട്ടികയാണ് ഗോള ശാസ്ത്ര മേഖലയില്‍ ഉസ്താദിന്റെതായിട്ടുള്ള വലിയ മറ്റൊരു സൃഷ്ടി. കാസര്‍കോട് ഭാഗങ്ങളിലെ പല പള്ളികളിലും ഈ ചാര്‍ട്ട് തൂങ്ങിക്കിടക്കുന്നത് കാണാവുന്നതാണ്. ഈ ചാര്‍ട്ടു നോക്കിയാണ് ഇന്നും കാസര്‍കോട് ഭാഗങ്ങളില്‍ ബാങ്കു വിളിച്ചുപോരുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഉസ്താദ് തയ്യാറാക്കിയതാണിത്. തന്റെ ഖളായത്തിലുള്ളവരും അല്ലാത്തവരും ഈ ചാര്‍ട്ടിന് മാന്യമായ വിലയും പരിഗണനയും നല്‍കി വരുന്നു.
ഉസ്താദിന്റെ ചില നോട്ടു പുസ്തകങ്ങളില്‍ ഈ സമപ്പട്ടിക തയ്യാറാക്കുന്നതിന് വേണ്ടി സമാഹരിച്ച പല കണക്കുകളും കാര്യങ്ങളും കാണാന്‍ സാധിക്കുന്നുണ്ട്. കാസര്‍കോട്ടെയും കണഅണ്ണൂരിലെയും മംഗലാപുരത്തെയുമെല്ലാം നിസ്‌കാര സമയങ്ങള്‍ ഉസ്താദ് അവിടെയും കുറിച്ചു വെക്കുന്നുണ്ട്.
ചരിത്ര ശകലങ്ങള്‍
ഉസ്താദിന്റെ രചനകളില്‍ വലിയൊരു ഭാഗം ചരിത്രങ്ങളാണ്. ഇസ്‌ലാമിക ചരിത്രവും മഹാന്‍മാരുടെ ചരിത്രവും ഇതില്‍ പെടും. പ്രധാനമായും മൂന്നു പുസ്തകങ്ങളാണ് ചരിത്രത്തില്‍ ഉസ്താദിനുള്ളത്.
1. ചരിത്ര ശകലങ്ങള്‍
2. മംഗലാപുരം ഖാസിമാര്‍
3. മംഗളൂരിലെ ഖാസികളു (കന്നട)
ചരിത്രശകലങ്ങള്‍ ഇസ്‌ലാമിക ചരിത്രങ്ങളുടെ ഒരു പരമ്പരയാണ്. ഇസ്‌ലാമിന്റെ ആമനം മുതല്‍ അബ്ലാസീ ഖിലാഫത്തിന്റെ കാലം വരെയുള്ള നീണ്ട കാലങ്ങള്‍ വളരെ വിശദമായി തന്നെ ഇതില്‍ കടന്നുവരുന്നു. പ്രവാചക നിയഗത്തിനുമുമ്പത്തെ അറേബ്യ, പ്രവാചകരുടെ കടന്നുവരവ്, പ്രബോധനം, ഹിജ്‌റ, മക്കാവിജയം, നബിയുടെ വഫാത്ത്, ഖലീഫ അബൂബക്ര്‍, ഭരണവും സംഭവങ്ങളും, ഉമര്‍, യുദ്ധങ്ങളും ഇസ്‌ലാമിന്റെ വ്യാപനവും, ഉസ്മാന്‍, അലി (റ), മുആവിയ, യസീദ്, അമവീ ഭരണകൂടം, ഭരണാധികാരികള്‍, യുദ്ധങ്ങള്‍ തുടങ്ങി ഇസ്‌ലാമിക ചരിത്രത്തിന്റെ നാനാവശങ്ങളിലേക്കും ഇത് വിശദമായി കടന്നുപോകുന്നു.
1980 കളിലാണ് ഉസ്താദ് ഈ രചന നടത്തിയതെന്ന് കണ്ടെത്താനാവും. അന്ന് ഉസ്താദിന്റെ നേതൃത്വത്തില്‍ സഅദിയ്യയില്‍നിന്നും അദ്ദഅവാ മാസിക പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചുവന്ന സാധനങ്ങളാണ് ഈ ലേഖന പരമ്പര. എട്ടു വര്‍ഷത്തോളം നീണ്ടുനിന്ന ഈ മാസികയുടെ ഇരുപത്തിയഞ്ചോളം ലക്കങ്ങളില്‍ ഈ ലേഖന പരമ്പര പ്രസിദ്ധീകരിച്ചു വന്നിരുന്നു. കാസര്‍കോടുനിന്നും വന്ന അദ്ദഅവാ മാസികയുടെ പഴയ കാല ബൈന്റുകള്‍ എടുത്തുപരിശോധിച്ചാല്‍ ഈ ലേഖനങ്ങള്‍ ഇന്നും കാണാവുന്നതാണ്.
മംഗലാപുറം ഖാസിയായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഉസ്താദ് തയ്യാറാക്കിയ ചരിത്ര പുസ്തകമാണ് മംഗലാപുരം ഖാസിമാര്‍ എന്നത്. മലയാളത്തിലാണ് ഇത് ആദ്യം തയ്യാറാക്കിയിരുന്നത്. രോഗബാധിതനായി മംഗലാപുരം യേനപോയ ഹോസ്പിറ്റലില്‍ കിടക്കുമ്പോഴായിരുന്നു ഇതില്‍ പല ഭാഗങ്ങളുടെയും രചന. മംഗലാപുരം ആദ്യ ഖാസി മൂസ ബിന്‍ മാലിക് അല്‍ ഖുറശീ മുതല്‍ ഇതുവരെയുള്ള ഖാസിമാരില്‍ ചരിത്രം ലഭ്യമായിട്ടുള്ളവരെ മാത്രം ഒരുമിച്ചുകൂട്ടിയാണ് ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. ഇതിന്റെ കന്നഡ പതിപ്പ് ഉസ്താദിന്റെ അവസാന കാലങ്ങളില്‍ വെളിച്ചം കണ്ടുകഴിഞ്ഞു. മലയാളം പതിപ്പ് പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. പണിപൂര്‍ത്തിയായി ഇരിപ്പുണ്ട്. മംഗലാപുരത്തെയും അവിടത്തെ ആദ്യകാല ഇസ്‌ലാമിക ചലനങ്ങളെയും കുറിച്ച് മനസ്സിലാക്കാന്‍ വളരെ നല്ലൊരു സ്രോതസ്സാണിത്.
മൗലിദുകള്‍
മൗലിദ് രചനയാണ് ഉസ്താദ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന മറ്റൊരു മേഖല. അറബീ രചനകളുടെ ഒരു ഭാഗം തന്നെയാണ് ഇതും. ഉസ്താദിന്റെ അറബി രചനകളില്‍ ഇവയെയും ചേര്‍ത്തവായിക്കാവുന്നതാണ്. ഉത്തര മലബാറില്‍ പൊതുവെ അന്നു കാലത്തുണ്ടായിരുന്ന ഒരു മൗലിദ് രചനാ ട്രന്റിന്റെ സ്വാധീനവും ഇതില്‍ കാണാവുന്നതാണ്. ഇഷ്ടം പോലെ മൗലിദുകള്‍ ഉയര്‍ന്നുവന്ന ഒരു ഭൂമികയാണ് കാസര്‍കോട്. അനവധി മനോഹമായ പാട്ടുകളും ബൈത്തുകളും ഇതുമായി ബന്ധപ്പെട്ടു പുറത്തുവന്നിട്ടുണ്ട്. പ്രധാനമായും രണ്ടു രചനകളാണ് മൗലിദ് മേഖലയില്‍ സി.എം. ഉസ്താദ് തയ്യാറാക്കിയിട്ടുള്ളത്. അവയിതാ:
1. മൗലിദുന്‍ അലാ മനാഖിബി ഖാസി മുഹമ്മദ് കുഞ്ഞി മുസ്‌ലയാര്‍
2. മൗലിദുന്‍ അലല്‍ ഖാസില്‍ അവ്വല്‍ ബി മങ്ക്‌ളൂര്‍: അല്‍ ഫത്ഹുല്‍ ജയ്ശീ ഫീ മനാഖിബി മൂസാ ബിന്‍ മാലിക് അല്‍ ഖുറശി
മൗലിദുകളിലൊന്ന് സ്വന്തം പിതാവും മുന്‍ ചെമ്പിരിക്ക കാസിയുമായിരുന്ന സി. മുഹമ്മദ് കുഞ്ഞി മുസ്‌ലിയാരെക്കുറിച്ച് തയ്യാറാക്കിയതാണ്. അവരെക്കുറിച്ച പൂര്‍ണ്ണ ചരിത്രവും സ്വന്തം കുടുംബത്തിന്റെയും അതില്‍ കടന്നുവന്നിട്ടുള്ള മഹാന്മാരുടെയും പൂര്‍ണ്ണ ചരിത്രവും ഇതില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. കീഴൂരിന്റെ ജ്ഞാന പാരമ്പര്യത്തെക്കുറിച്ച ചെറിയ നിലക്കുള്ള വിവരങ്ങളും ഇതില്‍നിന്നും മനസ്സിലാക്കാവുന്നതാണ്.
മംഗലാപുരം പ്രഥമ ഖാസി മൂസാ ബിന്‍ മാലിക് അല്‍ ഖുറശീയെ പ്രതിപാദിക്കുന്നതാണ് രണ്ടാമത്തെ മൗലിദ്. അദ്ദേഹത്തിന്റെ മഹത്വവും പവിത്രതയും മംഗലാപുത്തിന്റെ സവിശേഷതയും ഇതില്‍ ചര്‍ച്ച ചെയ്യുന്നു.
വളരെ മനോഹരവും പരമ്പരാഗതവുമായ ഭാഷയും ശൈലിയുമാണ് ഈ മൗലിദുകളില്‍ പ്രയോഗിച്ചിരിക്കുന്നത്. ഉസ്താദിന്റെ ഭാഷാ കഴിവും ശുദ്ധിയും ഒരൊറ്റ വായനയില്‍നിന്നുതന്നെ മനസ്സിലാക്കാവുന്നതാണ്. ആശ്ചര്യപ്പെടുത്തുന്ന നിലക്കാണ് അതില്‍ കവിതകളും ബൈത്തുകളും തയ്യാറാക്കപ്പെട്ടിരിക്കുന്നതും.
മാപ്പിളസാഹിത്യവും മാലയും
മാപ്പിള സാഹിത്യരൂപമായി പരിഗണിക്കപ്പെട്ടിരുന്ന മാല രചനയുമായും ഉസ്താദ് ബന്ധപ്പെട്ടിരുന്നു. ഉസ്താദിന്റെ വൈവിധ്യമാര്‍ന്ന കഴിവുകളുടെ പ്രകാശനമായിരുന്നു ഇതിലൂടെ നടന്നിരുന്നത്. ചെമ്പിരിക്ക മാലയെന്ന മനോഹമായ അറബി മലയാള ഗീതമാണ് ഇത്.
ചെമ്പിരിക്ക മാല എന്ന പേരില്‍ ചെമ്പിരിക്കയിലെ മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന മഹാനെ അനുസ്മരിച്ചുകൊണ്ട് ഉസ്താദ് തയ്യാറാക്കിയ അറബി മലയാള ഗീതമാണ് ഉസ്താദിന്റെ ഈ മേഖലയിലെ ശ്രദ്ധേയമായ രചന. പഴയകാല മാപ്പിളപ്പാട്ടിന്റെ ഈണത്തില്‍ അറബി മലയാളത്തിലാണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്.
ഫത്ഹുല്‍ കന്‍സ് ഫീ ബയാനി കുറാമാത്തി വലിയ്യില്‍ ജംഹരി എന്ന ചെമ്പിരിക്ക മാല എന്നാണ് ഉസ്താദ് അതിന് പേര് നല്‍കിയിരിക്കുന്നത്. 1961 ല്‍ തിരൂരങ്ങാടിയിലെ ആമിറുല്‍ ഇസ്‌ലാം പ്രസ്സാണ് ഇതിന്റെ ആദ്യ പതിപ്പ് അച്ചടിച്ചിട്ടുള്ളത്. ചെമ്പിരിക്കയുടെ ചരിത്രത്തെയും അവിടെയുള്ള മഹാന്റെ മാഹാത്മ്യങ്ങളെയും അനാവരണം ചെയ്യുന്ന ഇത് മാപ്പിള സാഹിത്യ രംഗത്തെ ഒരു അമൂല്യ രചന തന്നെയാണ്. അതില്‍ ഉപയോഗിക്കപ്പെട്ടിട്ടുള്ള പദങ്ങളും പദങ്ങളുടെ കോര്‍വ്വകളും അവയുടെ അര്‍ത്ഥങ്ങളും നമ്മെ ശരിക്കും വിസ്മയിപ്പിക്കുന്നു.
കാസര്‍കോട് താലൂക്കില്‍ ചെമ്പിരിക്ക എന്ന ദേശത്ത് കിടക്കുന്ന ബഹുമാനപ്പെട്ട വലിയ്യുല്‍ ജംഹരി എന്ന മഹാനവര്‍കളുടെ കറാമത്തുകള്‍ വിവരിക്കുന്ന ഒരു ചെറു ഗീതമാണ് ഇത്... എന്നാണ് ഈ മാലയടെ പ്രഥമ പതിപ്പിന്റെ പുറം ചട്ടയില്‍ അച്ചടിച്ചു വെച്ചിരിക്കുന്നത്. അഡ്രസായി സി.എം. അബ്ദുല്ല ചെമ്പിരിക്ക, പോസ്റ്റ് കളനാട്, കാസര്‍കോട്, കേരള എന്നും ചേര്‍ത്തിരിക്കുന്നു. ഉസ്താദ് മൗലവിയായി അറിയപ്പെട്ടു തുടങ്ങുന്നതിന് മുമ്പിയിരുന്നു ഇത് എഴുതിയതെന്ന് ഇതില്‍നിന്നും നമുക്ക് മനസ്സിലാക്കാവുന്നതാണ്. പേജുകളോളം വരുന്ന ചെമ്പിരിക്ക മാലയില്‍നിന്നും ചില വരികള്‍ കാണുക:
ബിസ്മി റബ്ബില്‍ അര്‍ശി വല്‍ കുര്‍സിയ്യി എന്നോതുന്നേ
വിസ്തരം ഹംദന്‍ കസീറന്‍ എന്നു ഞാന്‍ ചൊല്ലുന്നേ
വിസ്തരിക്കുന്നു നബി മുഹമ്മദില്‍ സ്വലവാത്തേ
വിശ്വമിന്‍ കാരുണ്യമോരാം തന്‍ സലാമും ഒത്തേ
നിസ്തുല താരങ്ങളായ് തിളങ്ങും സഹ്ബീ ചേര്‍ത്തേ
നിഷ്ഠരാം ആലും അടങ്കല്‍ ഈ ഇരവില്‍ കോര്‍ത്തേ
ഹസ്തവും ചേര്‍ത്തു ഗമിച്ച സര്‍വ്വരിലുമാണേ
ഹഖ് റബ്ബേ ചേര്‍ക്കിതില്‍ നീ ഞങ്ങള്‍ ആകമാനേ
ചെമ്പിരിക്ക എന്ന ദിക്കില്‍ വന്നൊരുലിയുല്ലാഹ്
ചെമ്പകപ്പൂ തന്റെ കഥ ചൊല്ലിടും കാക്കല്ലാഹ്
ഇമ്പമാല്‍ വന്ന വലിയ്യുല്‍ ജംഹരിയോര്‍ വാര്‍ത്തേ
ചൊല്ലിയാല്‍ ഒടുങ്ങയില്ല തെല്ലു ന്താനും കോര്‍ത്തേ
നല്ലവര്‍ ചിലരുടെ അപേക്ഷയെ മാനിത്തേ
നന്മനസ്സാല്‍ മാലയൊന്ന് ഈ തരത്തില്‍ കോര്‍ത്തേ
ഓര്‍ത്തിടുകില്‍ നല്‍വലിയ്യില്‍ ജംഹരി തന്‍ സ്വീത്തേ
ഓതിടുവാന്‍ ഏറെയുണ്ട് നന്മകള്‍ മികത്തേ
തീര്‍ത്തുകോര്‍വയെ വാന്‍ പൂവിനിറന്ത സ്വലാത്തേ
തങ്കത്വാഹ ഞങ്ങളില്‍ നല്‍പൊങ്ങും സ്വലാത്തേ
കീര്‍ത്തിപെറ്റ ആലിലും അസ്ഹാബിലും റളിയല്ലാഹ്
കേമാല്‍ നീ ഞങ്ങളെ ദോഷം പൊറുത്തീടല്ലാഹ്
* * *
പൂത്തു മുത്തു പൂര്‍ണ്ണമായ് കത്തി ലെങ്കും മുത്തെ
പൂമണിയരാം വലി അണഞ്ഞു ഇത്തലത്തെ
ഔലിയാക്കള്‍ക്കുള്ള സില്‍ക്കിന്‍ രത്‌നമായി തന്നെ
അസ്ഫിയാ ഹാരത്തിനുള്ള മുത്തുമായിട്ടുന്നെ
മികവരാം ഈ മുത്തഖിയില്‍ ശറഫതേറ്റ് കോനേ
മൂപ്പരോരെ നാടിലാകെ നന്മ ഏറ്റ് താനെ
ഖൗലി ആകും ഈ കവിത നെയ്‌തെടുക്കാനെന്നില്‍
കരുണ ഈന്തിയ ലോക നാഥാ സര്‍വ്വ ശുക്‌റും നിന്നില്‍
ഹൗലും കഴിവും കുല്ലു ഹംദും റബ്ബെ നിന്നില്‍ തന്നെ
ഹൗലും ഖൗഫും രോഗമെയും നീക്കിട് എന്നെന്നെ
കുല്ലുശൈഇന്‍ റാഫിഉന്‍ ഖാഫിള് താന്‍ തുണത്തെ
കോര്‍വ്വയാല്‍ ആശിച്ചപോല്‍ ഇമ്മാല ഞാനും തീര്‍ത്തെ
കൊല്ലം ഹിജ്‌രി അല്‍ഫും അതില്‍ മൂന്ന് നൂറും ചേര്‍ത്തേ
കൂടെ എട്ടിന് പത്ത് ഗുണിതം ശഹ്‌റ് സ്വഫ്‌റില്‍ കോര്‍ത്തെ
ചൊല്ലിടാനുള്ള ആശ യേറി നേതാ ഈ ഗീതത്തേ
ചൊങ്കില്‍ ഫതഹുല്‍ കന്‍സ് അതെന്ന് നാമം അണിയിത്തേ...
സാമ്പത്തിക ശാസ്ത്രം
സാമ്പത്തിക ശാസ്ത്രത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഉസ്താദ് വളരെ ഗഹനമായൊരു പഠനം നടത്തിയിട്ടുണ്ട്. ഇസ്‌ലാമിക് എക്കോണമിയുടെ നാനാ വഷവും ഇതില്‍ വളരെ വിശദമായി ചര്‍ച്ചക്കു വിധേയമക്കാക്കുന്നു. 1980 കളിലാണ് ഉസ്താദ് ഇതും രചിച്ചിരുന്നതെന്ന് മനസ്സിലാകുന്നു. കാസര്‍കോട്ടുനിന്നും ഉസ്താദിന്റെ നേതൃത്വത്തിലിറങ്ങിയ അദ്ദഅവാ മാസികയില്‍ ഇതും ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചുവന്നിരുന്നു.
ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തിന്റെ നാനാ ഭാഗങ്ങളും ചര്‍ച്ച ചെയ്യുന്നതോടൊപ്പം കര്‍മ ശാസ്ത്രത്തിന്റെ വിവിധ തലങ്ങളിലേക്കും ഇതില്‍ കടന്നുപോകുന്നുണ്ട്. ഇന്നും ഏറെ പ്രസക്തിയര്‍ഹിക്കുന്ന ഒരു രചനയാണിത്. രണ്ടു നോട്ടു പുസ്തകങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന നിലക്ക് ഉസ്താദ് ഇത് എഴുതി സൂക്ഷിച്ചിട്ടുണ്ട്.
1984-85 കാലങ്ങളില്‍ സുന്നീ ടൈംസിലും ഉസ്താദ് ഗോളശാസ്ത്ര സംബന്ധമായ ഒരു പരമ്പര പ്രസിദ്ധീകരിച്ചിരുന്നു. നാല് ലക്കങ്ങളില്‍ ഈ പഠനം തുടര്‍ച്ചയായി വന്നിരുന്നു. ആ ലേഖനങ്ങലില്‍ വന്ന ഒരു സംശയത്തെച്ചൊല്ലി ഉസ്താദിന് വന്ന ഒരു കത്തിന് ഉസ്താദ് എഴുതിയ അയച്ച മറുപടി ഉസ്താദിന്റെ പുസ്തക കെട്ടില്‍നിന്നും ലഭിക്കുകയുണ്ടായി. തിയ്യതിയും സമയും വ്യക്തമാക്കിക്കൊണ്ട്, ഇന്നതുമുതല്‍ ഇന്നതുവരെയുള്ള നാല് ലക്കങ്ങള്‍ വേണ്ടപോലെ പൂര്‍ണ്ണമായും വായിച്ചാല്‍ താങ്കളുടെ ഈ സംശയം നീങ്ങിപ്പോകുന്നതാണെന്ന് ആ കത്തില്‍ ഉസ്താദ് പറയുന്നുണ്ട്. ചില ലക്കങ്ങള്‍ മാത്രം വായിച്ച് ചില ലക്കങ്ങല്‍ വായിക്കാതെ പോയതാണ് സംശയത്തിനു കാരണമെന്ന് അവിടെ വ്യക്തമാക്കുന്നു.
എണ്‍പതുകളിലെല്ലാം എഴുത്തിന്റെയും രചനകളുടെയും ലോകത്ത് കത്തിനിന്ന ഒരു മഹാ സാന്നിധ്യമായിരുന്നു സി.എമെന്ന് ഇതില്‍നിന്നെല്ലാം ഊഹിക്കാവുന്നതേയുള്ളൂ. പുതിയ വിഷയങ്ങളായിരുന്നു എഴുതിയിരുന്നത് എന്നതുകൊണ്ടുതന്നെ എല്ലാവരും ആ ലേഖനങ്ങള്‍ വായിക്കുകയും പ്രതികരിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ, എഴുപതുകളിലും എണ്‍പതുകളിലും കേരളത്തിന്റെ ഏതു ഭാഗങ്ങളില്‍നിന്നും ഇറങ്ങിയ ലേഖന സമാഹാരങ്ങളോ സുവനീറുകളോ എടുത്തു നോക്കിയാല്‍ അതില്‍ ഒരു ലേഖനം സി.എമ്മിന്റെതായി കാണാവുന്നതാണ്. അങ്ങനെയൊരു കാലത്ത് കാസര്‍കോടിന്റെ ഓണംകേറാ മൂലയില്‍നിന്നും ഒരു വെളിച്ചം കേരളം മൊത്തം പ്രഭ പരത്തിട്ടുണ്ടെങ്കില്‍ അതിലെ ജ്ഞാനത്തിന്റെ മിതവും തികവും നാം തിരിച്ചറിയേണ്ടതുതന്നെയാണ്.
ഇസ്‌ലാം-ആധുനിക വിഷയങ്ങള്‍
ഇസ്‌ലാമിക ബാങ്കിംഗ്, ഇന്‍ഷൂറന്‍സ്, പരിണാമ സിദ്ധാന്തം തുടങ്ങിയ വിഷയങ്ങളാണ് ഉസ്താദ് കൈവെച്ച മറ്റു ചില ശ്രദ്ധേയ മേഖലകള്‍.
വിശാലമായ വായനയും ഏതുവിഷയത്തിലും ആഴത്തിലുള്ള കാഴ്ചപ്പാടും ഉണ്ടായിരുന്നതിനാല്‍ ഏതൊരു വിഷയത്തെയും വേണ്ടപോലെ സമീപ്പിക്കാനുള്ള കഴിവ് ഉസ്താദ് സ്വന്തമാക്കിയിരുന്നു. അങ്ങനെയാണ് എണ്‍പതുകളില്‍തന്നെ ഇത്തരം പൊതു സമൂഹത്തില്‍ കാര്യക്ഷമമായി ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളെയെല്ലാം ഉസ്താദ് തെരഞ്ഞെടുത്തിരുന്നത്.
ഇന്‍ഷൂറന്‍സിനെ കുറിച്ച് വളരെ മനോഹരമായൊരു പഠനം തന്നെ ഉസ്താദ് അന്ന് എഴുതി പ്രസിദ്ധീകരിക്കുകയുണ്ടായി. എഴുപതുകളില്‍തന്നെ, ഇസ്‌ലാമിക് ബാങ്കിംഗിനെ കുറിച്ച് ഉസ്താദ് മലപ്പുറത്ത് ചില ഭാഗങ്ങളില്‍ ക്ലാസുകള്‍ നടത്തുകയും ചെയ്തിരുന്നു. എവല്യൂഷനെ കുറിച്ചും ഉസ്താദ് എഴുതുകയും അതിലെ അര്‍ത്ഥ രാഹിത്യത്തെ കുറിച്ച് ക്ലാസുകള്‍ എടുക്കുകയും ചെയ്തിരുന്നു.
ഇത്തരം ആധുനിക വിഷയങ്ങള്‍ എപ്പോഴും ഉസ്താദിന്റെ വീക്ഷണ വട്ടത്തിലെ കാര്യങ്ങളായിരുന്നു. പലപ്പോഴും ഇത്തരം പുതിയ പുതിയ വിഷയങ്ങളുമായി ഉസ്താദ് ചര്‍ച്ചക്ക് തുടക്കമിടുകയും ചെയ്യുമായിരുന്നു.
മറ്റു രചനകള്‍
കയ്യും കണക്കുമില്ലാത്ത അനവധി രചകളുടെ ഉടമയാണ് സി.എം ഉസ്താദ്. പ്രസിദ്ധീകരിക്കപ്പെട്ടവയും പ്രസിദ്ധീകരിക്കപ്പെടാത്തവയുമായി ധാരാളം സാധനങ്ങള്‍ കാണാവുന്നതാണ്. പതിറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ എഴുത്തില്‍ നിറഞ്ഞു നില്‍ക്കുകയും കേരളം മൊത്തം ഒരുപോലെ വ്യാപിച്ചിരിക്കുകയും ചെയ്തിരുന്നതിനാല്‍ അവ കണ്ടെത്തുകയും സമാഹരിക്കകുയം ചെയ്യല്‍ വളരെ പ്രയസം തന്നെയാണ്. ധാരാളം പരമ്പരകളും തുടര്‍ലേഖനങ്ങളും എഴുതിയിരുന്നുവെങ്കിലും അതൊന്നും പുസ്തകങ്ങളായി പ്രസിദ്ധീകരിക്കാനോ പ്രസാധകര്‍ക്കു നല്‍കാനോ ഉസ്താദ് ശ്രദ്ധിച്ചിരുന്നില്ല. വളരെ അവസാന കാലങ്ങളില്‍ മാത്രമാണ് എഴുതിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന ഒരു ചിന്തയിലേക്കു ഉസ്താദ് കടന്നുവരുന്നത്. ഗോള ശാസ്ത്ര സംബന്ധമായ പുസ്തകങ്ങല്‍ പ്രസിദ്ധീരിച്ചു വരുന്നത് അങ്ങനെയാണ്.
പ്രസിദ്ധീകരിക്കപ്പെടേണ്ട അനവധി പുസ്തകങ്ങള്‍ ഉസ്താദ് മുമ്പ് എഴുതിവെച്ചിട്ടുണ്ട്. സമാഹരിക്കപ്പെടേണ്ട ധാരാളം ലേഖനങ്ങളുമുണ്ട്. ഗോളശാസ്ത്ര സംബന്ധമായി മലയാളത്തില്‍ വന്ന ലേഖനങ്ങളെല്ലാം സമാഹരിച്ച് മലയാളത്തില്‍ ഒരു ഗോളശാത്ര പുസ്തകമിറക്കാന്‍ ഉസ്താദിന് താല്‍പര്യമുണ്ടായിരുന്നു. പക്ഷെ, അത് നടക്കാതെ പോയി.
വെളിച്ചം കാണാത്ത ധാരാളം വേറെയും പുസ്തകങ്ങള്‍ ഉസ്താദിന്റെ ശെല്‍ഫില്‍ ഉണ്ടായിരുന്നു. ഇസങ്ങളെക്കുറിച്ച് സഅദിയ്യയിലായിരുന്ന കാലത്ത് തയ്യാറാക്കിയ ഒരു പഠന പരമ്പരയാണ് അതിലൊന്ന്. അതിന്റെ പല ഭാഗങ്ങളും അവിടെനിന്നും ഇറങ്ങിയിരുന്ന മാഗസിനിലും സുവനീറുകളിലുമായി വന്നിരുന്നു. വിവാഹം ആഘോഷം വിവാഹമോചനം എന്ന പേരില്‍ തയ്യാറാക്കിയ വിവാഹത്തെയും ആഘോഷത്തെയും കുറിച്ചുള്ള സമഗ്രമായൊരു പഠനമാണ് മറ്റൊന്ന്. 2009 ല്‍ സുന്നീ അഫ്കാറില്‍ അത് കണ്ഡശ പ്രസിദ്ധീകരിച്ചു വന്നിരുന്നു. ഈ ലേഖനങ്ങള്‍ ഒരു പുസ്തകമാക്കി പ്രസിദ്ധീകരിക്കണമെന്ന് ഉസ്താദിന് ആഗ്രഹവുമുണ്ടായിരുന്നു.
സുവനീറുകളിലും സ്മരണികകളിലുമായി എഴുതിയ ലേഖനങ്ങളും ധാരാളമുണ്ട്. 1977 ല്‍ കെ.എം.സി.ഡി. മുസ്‌ലിം വെല്‍ഫയര്‍ സൊസൈറ്റി തയ്യാറാക്കി പ്രസിദ്ധീകരിച്ച സുവനീറില്‍ കിഴൂരിന്റെ ജ്ഞാന പാരമ്പര്യത്തെക്കുറിച്ചും അവിടത്തെ പണ്ഡിതന്മാരെക്കുറിച്ചും ഉസ്താദ് തയ്യാറാക്കിയ മനോഹരമായ ഒരു ലേഖനമുണ്ട്. കാസര്‍കോടിന്റെ ശോഭനമായ ഇന്നലെകളെക്കുറിച്ച് മനസ്സിലാക്കാന്‍ വളരെ ഉപകാരപ്രദമായ ഒരു സൃഷ്ടിയാണത്. കീഴൂരിലെ മതകേന്ദ്രങ്ങളും മണ്‍മറഞ്ഞ പണ്ഡിതന്മാരും എന്നതാണ് ഇതിന്റെ ശീര്‍ഷകം. കാസര്‍കോട് മുസ്‌ലിംകളുടെ ചരിത്രം എന്ന പുസ്തകം തയ്യാറാക്കുമ്പോള്‍ ഉസ്താദ് തന്റെ ശേഖരത്തില്‍നിന്ന് ഇത് എടുത്ത് തന്നിരുന്നു. കീഴൂര്‍ മുസ്‌ലിം യൂത്ത് ഫ്രണ്ട്‌സ് പുറത്തിറക്കിയ 'ചന്ദ്രഗിരിയുടെ തീരത്തിലൂടെ' എന്ന പുസ്തകത്തിലും ഇതേ വിഷയത്തിലുള്ള മറ്റൊരു ലേഖനം ഉസ്താദിന്റെതായിട്ടുണ്ട്. കീഴൂര്‍ ജുമാമസ്ജിദും കീഴൂരിലെ പരേതരായ രണ്ട് ഖാസിമാരും എന്നതാണ് അതിന്റെ ശീര്‍ഷകം. 2006 ല്‍ കാഞ്ഞങ്ങാട് അതിഞ്ഞാല്‍ ജുമാമസ്ജിദിലെ സമര്‍ഖന്ദിയ്യ ദര്‍സില്‍നിന്നും പ്രസിദ്ധീകരിച്ച എസ്.എസ്.എ. സില്‍വര്‍ ജൂബിലി സുവനീറിലും ഉസ്താദിന്റെ ഒരു ലേഖനമുണ്ടായിരുന്നു. എല്ലാറ്റിലുമപ്പുറം, 1979 മുതല്‍ 1989 വരെ സഅദിയ്യയില്‍നിന്നും പ്രസിദ്ധീകരിച്ചിരുന്ന ഏറെക്കുറേ എല്ലാ മാഗസിനുകളിലും മാസികകളിലും സുവനീറുകളിലും എല്ലാം ഉസ്താദിന്റെ ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തിലുള്ള ലേഖനങ്ങള്‍ ഉണ്ടായിരുന്നു. 1984 കളില്‍ അവിടെ നിന്നും പ്രസിദ്ധീകരിച്ചിരുന്ന അദ്ദഅ്‌വ മാസികയുടെ എല്ലാം എല്ലാം ഉസ്താദ് തന്നെയായിരുന്നു. എം.ഐ.സിയുടെ അഞ്ചും പന്ത്രണ്ടും പതിനഞ്ചും വാര്‍ഷികങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന സുവനീറുകളിലും ഉസ്താദിന്റെ ലേഖനങ്ങള്‍ കാണാവുന്നതാണ്. സഅദിയ്യയില്‍ നിന്നും പുറത്ത് വന്നതിന് ശേഷം സഅദിയ്യാ നഷ്ടത്തെക്കുറിച്ചും തന്റെ വിദ്യാഭ്യാസ വീക്ഷണങ്ങളെക്കുറിച്ചും ഉസ്താദ് തയ്യാറാക്കിയ മത ഭൗതിക വിദ്യാഭ്യാസ സമന്വയം: സഅദിയ്യയുടെ പിറവിയും മലബാറിന്റെ ഉദയവും എന്ന ചെറു കൃതിയും ഉസ്താദിന്റെ രചനയിലെ മറ്റൊരു ഉദാഹരണമാണ്.
ലേഖനങ്ങള്‍
ഒറ്റപ്പെട്ട വിഷയങ്ങളില്‍ അനവധി ലേഖനങ്ങളും ഉസ്താദിന്റെതായിട്ടുണ്ട്. വിവിധ സുവനീറുകളില്‍ വിവിധ നാടുകളിലായി ഇവ വ്യാപിച്ചു കിടക്കുന്നു. അവയില്‍ നിന്നും ലഭ്യമായിട്ടുള്ള ചില ലേഖനങ്ങള്‍ ഇവയാണ്:
1. അല്‍ മദ്‌റസത്തുല്‍ ബാഖിയാത്തു സ്സ്വാലിഹാത്ത്
2. ജാമിഅ സഅദിയ്യ അറബിക് കോളേജ്
3. മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ്
4. ക്രൈസ്തവത, പൗരോഹിത്യം
5. വ്രതാനുഷ്ഠാനം
6. ഔറംഗസീബിന്റെ മത നീതി
7. ഇസ്‌ലാമിക കര്‍മ വിശ്വാസങ്ങളിലെ യുക്തി രഹസ്യങ്ങള്‍
8. ബൈത്തുല്‍ മാല്‍ അഥവാ പൊതു ഖജനാവ്
9. ശരീഅത്തും അതിന്റെ പ്രമാണങ്ങളും: ഒരു ഹ്രസ്വ വീക്ഷണം
10. മുതല്‍
11. മതങ്ങള്‍
12. മദ്ഹബുകള്‍
13. നുബുവ്വത്ത് അഥവാ പ്രവാചകത്വം
14. മുസ്‌ലിംകള്‍ കണ്ണു തുറക്കുമോ?
15. സുന്നത്ത് ജമാഅ: യുഗാന്തരങ്ങളിലൂടെ
16. മനുഷ്യ ജീവിതം: ഒരു സാമ്പത്തിക വീക്ഷണം
17. മര്‍ഹൂം കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി
18. സാമ്പത്തിക വ്യവസ്ഥ ഇസ്‌ലാമില്‍: ഒരാമുഖം
19. ദാമ്പത്തിക ജീവിതം ഇസ്‌ലാമില്‍
20. കീഴൂരിലെ മതകേന്ദ്രങ്ങളും മണ്‍മറഞ്ഞ പണ്ഡിതന്മാരും
21. നബിയും റസൂലും തമ്മില്‍ വ്യത്യാസമുണ്ടോ?
സ്മരണകള്‍
അനവധി സ്മരണികകളിലും ഉസ്താദിന്റെ ഇടപെടലുകള്‍ കണ്ടെത്താന്‍ കഴിയും. തന്റെ പ്രവര്‍ത്തന മേഖലയിലെ സുഹൃത്തുക്കളെയും ഉസ്താദുമാരെയും സാദാത്തിനെയും എന്നും വളരെ ആദരവോടും സ്‌നേഹത്തോടും മാത്രമാണ് ഉസ്താദ് ഓര്‍ത്തിരുന്നത്. അവര്‍ കുറിച്ചിട്ട സ്മരണ രേഖകളില്‍ ചിലത് ഇവയാണ്:
1. ശംസുല്‍ ഉലമാ സ്മരണിക (ശംസുല്‍ ഉലമയുടെ കൂടെ)
2. ശിഹാബ് തങ്ങള്‍ (പാണക്കാട് കുടുംബവും സമസ്തയും)
3. ഉമറലി ശിഹാബ് തങ്ങള്‍ (സുന്നി യുവജന സംഘം)
4. കോട്ട അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ (ഡി.ബി.സി)
5. മാനു മുസ്‌ലിയാര്‍ സ്മരണിക
6. യു.കെ. ആറ്റക്കോയ തങ്ങള്‍ (ഉത്തര ദേശം)
7. കെ.എസ്. അബ്ദുല്ല ഓര്‍മപുസ്തകം
8. പി.എ. അബ്ദുല്ല മൗലവി സ്മരണിക
ആത്മകഥ
ഉസ്താദിന്റെ അവസാന രചനകളിലൊന്നാണ് തര്‍ജുമതുന്‍ അനില്‍ മുഅല്ലിഫ് എന്ന പേരില്‍ ഡയറിയില്‍ എഴുതിവെച്ച പുസ്തകം. സ്വന്തം ജീവിതം തന്നെയാണ് ഇതിലെ ഇതിവൃത്തം. തന്റെ സാഹസികമായിരുന്ന ജീവിതത്തെയും പാഠങ്ങളെയും ജനങ്ങള്‍ക്കു പകര്‍ന്നുനല്‍കുകയാണ് ഇതിലൂടെ. ഉസ്താദ് വഫാത്താകുന്നതിന്റെ മാസങ്ങള്‍ മുമ്പുതന്നെ ഇത് എഴുതി കഴിഞ്ഞിട്ടുണ്ട്. ഒരു തവണ ഉസ്താദിനെ സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ ഉസ്താദ് ഇത് കാണിച്ചു തന്നിരുന്നു.
ഏകദേശം 50-60 പേജു വരുന്ന ചെറിയൊരു പുസ്തകമാണിത്. വളരെ മനോഹരമായി ഉസ്താദ് ഇതില്‍ തന്റെ ജീവിതത്തെ വരച്ചിട്ടിരിക്കുന്നു. സ്വന്തം ജീവിത്തെ രണ്ടായി പകുത്തുകൊണ്ടാണ് ഇതിന്റെ രചന നടത്തിയിരിക്കുന്നത്:
1. വിദ്യാഭ്യാസ പ്രവര്‍ത്തകന്‍
2. ഖാസി
ഈ രണ്ടു ഭൂമികകളെ കേന്ദ്രീകരിച്ചാണ് പുസ്തകം മുന്നോട്ടുപോയിരിക്കുന്നത്. ആദ്യ ഭാഗത്തു തന്റെ കുട്ടിക്കാലം മുതല്‍ വിദ്യാഭ്യാസ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ തീക്ഷ്ണതയും അഗ്നിയും എല്ലാം കടന്നുവരുന്നു. രണ്ടാം ഭാഗം ഖാസി എന്ന പ്രതലത്തെ പുരസ്‌കരിച്ചുള്ള ശക്തയും വസ്തുനിഷ്ഠവും കണിഷവുമായ പഠനമാണ്.
രോഗബാധിതനായി മംഗലാപുരം ഹോസ്പിറ്റലില്‍ അഡ്മിറ്റായി, ശേഷം തിരിച്ചുവന്നതിനുമായിരിക്കാം ഉസ്താദ് ഇത് എഴുതിയതെന്ന് അനുമാനിക്കാം.
ആര് പറഞ്ഞാലും ആര് എഴുതിയാലും അപൂര്‍ണ്ണമായിരിക്കുമെന്നിടത്താണ് സി.എം. ഉസ്താദ് സ്വന്തം കഥ പറയുന്നതിന്റെ പ്രസക്തി. ഉസ്താദിന്റെ കഥ ഉസ്താദിനു മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂ. അല്ലാതെ, വേറെ ഒരാളും ഉസ്താദിനെ വേണ്ടപോലെ മനസ്സിലാക്കിയിട്ടില്ല. മനസ്സിലാക്കിവര്‍ ആരും ഉസ്താദിനെ കുറിച്ച് പറയുകയുമില്ല. കാരണം, സംഘടനകളുടെ ചങ്ങലകള്‍ സ്ഥാനമോഹത്തിനും അഹങ്കാരത്തിനും മുമ്പില്‍ പരലരുടെയും കണ്ഠങ്ങളെ മുറുക്കി വെച്ചിരിക്കുകയാണ്. ഈയൊരു മൗന മേല്‍ക്കോഴ്മക്കെതിരെയുള്ള ശക്തമായ ഒരു വിരല്‍ചൂണ്ടല്‍ തന്നെയാണ് ഉസ്താദിന്റെ ആത്മ കഥ. സത്യം കണ്ണുള്ളവര്‍ കാണാനും ഹൃദയമുള്ളവര്‍ മനസ്സിലാക്കാനും വേണ്ടി. യാഥാര്‍ഥ്യങ്ങള്‍ മായ്ച്ചു കളയാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നവര്‍ക്കു മുമ്പില്‍ വസ്തുതകള്‍ മായാതെ ശേഷിക്കാന്‍ വേണ്ടി. ചരിത്രത്തെ ജീവനോടെ കുഴിച്ചു മൂടാന്‍ ആഗ്രഹിക്കുന്നവര്‍ക്കു മുമ്പില്‍, വരും തലമുറയിലെ യാഥാര്‍ത്ഥ്യ ബോധമുള്ള വിദ്യാര്‍ത്ഥികളെങ്കിലും സത്യം തിരിച്ചറിയട്ടെ എന്ന ശുഭ പ്രതീക്ഷയോടെ.
തീരാത്ത രചനകള്‍
രചന എന്നും ഉസ്താദിന്റെ ജീവിതത്തിലെ അവിഭാജ്യ ഘടകമായിരുന്നു. ഏതു തിരക്കു പിടിച്ച സമയങ്ങളില്‍ പോലും രാത്രി എല്ലാം കഴിഞ്ഞ് തിരിച്ചുവന്നാല്‍ അല്‍പം എഴുത്തും വായനയും നടത്തിയതിന് ശേഷം മാത്രമേ ഉസ്താദ് ഉറങ്ങിയിരുന്നുള്ളൂ. കുറച്ചു കാലങ്ങള്‍ക്ക് മുമ്പ് ഉസ്താദിന്റെ കണ്ണിന് രോഗം ബാധിച്ചപ്പോള്‍ മാത്രമാണ് ഉസ്താദിന്റെ തുടരെടയുള്ള എഴുത്തിന് അല്‍പം മങ്ങലേറ്റിരുന്നത്.
ചിലപ്പള്‍ രാത്രികളിലിരുന്ന് രണ്ട്മണി വരെയൊക്കെ വായിക്കുമായിരുന്നു. അലക്‌സാണ്ട്രിയയിലെ ലൈബ്രറി കത്തിച്ചതുമായി ബന്ധപ്പെട്ട പരാമര്‍ശം കേരള നിയമ സഭയില്‍ വിവാദമായ കാലം. ഉസ്താദ് അതിന്റെ സത്യാവസ്ഥകള്‍ അന്വേഷിച്ച് അന്വേഷിച്ച് അവസാനം കണ്ടെത്തി. കണ്ട് ബോദ്ധ്യപ്പെടേണ്ട താമസം സന്തോഷാതിരേകത്താല്‍ അപ്പോള്‍തന്നെ ഫോണെടുത്ത് താനുമായി ഈ വിഷയം ചര്‍ച്ച ചെയ്ത തന്റെ സ്ഥാപനത്തിലെ ഒരു അദ്ധ്യാപകന് വിളിച്ചു വിവരം കൈമാറി. നോക്കുമ്പോള്‍ സമയം രാത്രി രണ്ട് മണിയായിരുന്നു.
ഒരു ആവേശം പോലെയാണ് അവസാന കാലങ്ങളിലെല്ലാം ഉസ്തദിന് എഴുത്ത് ഉണ്ടായിരുന്നത്. നിരന്തരം അതില്‍ മുഴുകുകയും അതിന് സമയം കണ്ടെത്തുകയും ചെയ്തു.
കേരളമുസ്‌ലിം ചരിത്ര പശ്ചാത്തലത്തില്‍ സി.എം രചനകള്‍ പഠനേ വിധേയമാക്കേണ്ടിയിരിക്കുന്നു. ഓരോ വരികള്‍ക്കിടയിലൂടെയും വായിക്കപ്പെടുമ്പോഴാണ് കേരള മുസ്‌ലിം നവോഥാനത്തില്‍ സി.എമ്മിന്റെ ഇടം നിര്‍ണയിക്കാന്‍ കഴിയുന്നത്. മധ്യമ മലബാറിലും കേരളമുസ്‌ലിം ചരിത്രത്തിലും നാം നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്ന നാമങ്ങളോടൊപ്പം ചേര്‍ത്തു പറയേണ്ട ഒരു വ്യക്തി തന്നെയാണ് സി.എം. അബ്ദുല്ല മൗലവി. ഇനിയുള്ള ചരിത്രമെഴുത്തുകളിലേക്ക് ആ നാമം കൂടി ചേര്‍ത്തുവെക്കപ്പെടേണ്ടിയിരിക്കുന്നു.
No comments:
Post a Comment