ഇത് വായിച്ച് തീരുമാനമെടുക്കുക, സഅദിയ്യ സ്ഥാപിച്ചത് ആരാണെന്ന്... 1979 നുമുമ്പ് അത് ദര്‍സായിരുന്നോ അതോ അറബിക് കോളേജായിരുന്നോ എന്ന്..
(1971 ല്‍ തന്നെ സി.എം. അതിന് നാമകരണം നടത്തിയത് സഅദിയ്യ അറബിക് കേളേജ് എന്നായിരുന്നുവെന്നത് ഏറെ പ്രസ്താവ്യം)
കളനാട് സഅദിയ്യ അറബിക് കോളേജ് സ്ഥാപിതമായിട്ട് രണ്ടു വര്‍ഷങ്ങള്‍ കടന്നുപോയി. കൃത്യമായി പറഞ്ഞാല്‍ ഹിജ്‌റ 1391 റബീഉല്‍ അവ്വല്‍ മാസം രണ്ടിന് (1971 ഏപ്രില്‍ 28) ആണ് ഈ കോളേജ് ഉല്‍ഘാടനം ചെയ്യപ്പെട്ടത്. ഇതപര്യന്തമുള്ള ഈ സ്ഥാപനത്തിന്റെ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം നടത്തല്‍ ഈ അവസരത്തില്‍ സമുചിതമാണ്.
കാസര്‍കോട് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു വന്നവരായ മുസ്‌ലിം പ്രമുഖന്മാരും പണ്ഡിതന്മാരും പൊതുജനങ്ങളും അടങ്ങിയ ഒരു വന്‍ സമൂഹം മേല്‍പറഞ്ഞ തിയ്യതി രാവിലെ പത്തു മണിക്ക് കളനാട് റയില്‍വെ ഹാള്‍ട്ടിനു സമീപം ജ: കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി സാഹിബ് മുമ്പ് താമസിച്ചിരുന്ന വസതിയില്‍ സമ്മേളിക്കുകയുണ്ടായി. കീഴൂര്‍ ഖാസി ജനാബ് സി. മുഹമ്മദ് കുഞ്ഞി മുസ്‌ലിയാരുടെ ക്ഷണപ്രകാരമായിരുന്നു ആ സമ്മേളനം. അദ്ദേഹത്തിന്റെ തന്നെ അധ്യക്ഷതയിലായിരുന്ന ആ സമ്മേളനത്തില്‍ വെച്ചു മൂന്നു വിദ്യാര്‍ത്ഥികള്‍ക്കു മുര്‍ശിദുത്തുല്ലാബ് എന്ന ഗ്രന്ഥം ചൊല്ലിക്കൊടുത്തുകൊണ്ട് ജനാബ് ഹാജി മുഹമ്മദ് മുസ്‌ലിയാര്‍ (കടവത്ത്, കളനാട്) അധ്യാപനത്തിന്റെ ഔപചാരിക തുടക്കം കുറിച്ചു.
കോളേജിന് ഒരു സ്ഥിരം കെട്ടിടം നിര്‍മിച്ച് അതിലേക്ക് സ്ഥലം മാറ്റം ചെയ്യുന്നതുവരെ സര്‍വ്വസജ്ജീകൃതമായ ഈ വീട്ടില്‍വെച്ചുതന്നെ കോളേജ് നടത്തുവാന്‍ കല്ലട്ര അബ്ദുല്‍ ഖാദിര്‍ സാഹിബ് സമ്മതിച്ചു. മാത്രമല്ല, കോളേജിന്റെ എല്ലാ ചെലവുകളും അദ്ദഹം തെന്നെ ഏറ്റെടുക്കുകകൂടി ചെയ്തു. അങ്ങനെ, ഈ അറബിക് കോളേജിന്റെ സ്ഥാപകനാകുവാനുള്ള ഭാഗ്യം അദ്ദേഹത്തിന് ലഭിച്ചു.
ജനാബ് സി.എം. അബ്ദുല്ല മൗലവി ചെമ്പിരിക്ക പ്രന്‍സിപ്പളായും കെ.വി. മൊയ്തീന്‍ കുഞ്ഞി മൗലവി ഉസ്താദായും നിയമിക്കപ്പെട്ടു. ഇരുപത് വിദ്യാര്‍ത്ഥികളെ കോളേജില്‍ ചേര്‍ക്കുവാന്‍ തീരുമാനിച്ചു. അന്നുതന്നെ, വിദ്യാര്‍ത്ഥികളെ ചേര്‍ക്കുവാന്‍ തുടങ്ങുകയും ചെയ്തു. 1, 2, 5 എന്നീ മൂന്നു ക്ലാസുകളിലേക്കായി ഇരുപത് വിദ്യാര്‍ത്ഥികളെ ചേര്‍ത്തു.
രൂപരേഖ
അറബിക് കോളേജിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ വിവരിക്കുന്ന ഒരു രൂപരേഖ ഉല്‍ഘാടന യോഗത്തില്‍ ജ: സി.എം. അബ്ദുല്ല മൗലവി വായിച്ചുകേള്‍പ്പിക്കുകയുണ്ടായി. അത് താഴെ കാണും വിധം സംഗ്രഹിക്കാം:
ഇസ്‌ലാമികവും ലൗകികവുമായ വിജ്ഞാനങ്ങള്‍ വേണ്ടത്ര കരസ്ഥമാക്കിയവരും ഇസ്‌ലാമിക വിശ്വാസവും അതിനോടുള്ള നിഷ്‌കളങ്കമായ കൂറും ഉള്ളവരും അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങളില്‍ അടിയുറച്ചവരുമായ പണ്ഡിതന്മാരെ വാര്‍ത്തെടുക്കുകയും അതേസമയം ജീവിത സന്ധാരണത്തിനനുയോജ്യമായ ജോലിയില്‍ ഏര്‍പ്പെടുവാനുള്ള കഴിവുകള്‍ അവര്‍ക്ക് ഉണ്ടാക്കിക്കൊടുക്കുകയെന്നതും ഈ സ്ഥാപനത്തിന്റെ ലക്ഷ്യമാകുന്നു. അതിനു പുറമെ ഹൈസ്‌കൂളുകളിലും കോളേജുകളിലും പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി നിശാക്ലാസുകള്‍, ഞായറാഴ്ച പാഠങ്ങള്‍, സമ്മര്‍ ക്ലാസുകള്‍ എന്നിവ നടത്തലും ഇതിന്റെ ഉദ്ദേശ്യങ്ങളില്‍ പെടുന്നു. ഈ സ്ഥാപനത്തിന് പത്തുവര്‍ഷത്തെ പാഠ്യപദ്ധതിയാണുള്ളത്. അതില്‍ ഏഴു വര്‍ഷങ്ങള്‍ പ്രീ-ഡിഗ്രി ക്ലാസുകളും എട്ടാം വര്‍ഷം ഡിഗ്രി ക്ലാസുമാണ്. തുടര്‍ന്നു രണ്ടു വര്‍ഷങ്ങള്‍ ബിരുദാനന്തര കോഴ്‌സാണ്. ഖുര്‍ആന്‍ പാരായണം, പ്രഥമികമായ ദീനിയ്യാത്ത്, അമലിയ്യാത്ത്, മലയാളം, എഴുത്ത്, വായന എന്നിവ അഭ്യസിച്ചു കഴിഞ്ഞ വിദ്യാര്‍ത്ഥികളെയായിരിക്കും ഒന്നാം ക്ലാസില്‍ ചേര്‍ക്കുക. എട്ടാം ക്ലാസ് പൂര്‍ത്തിയാക്കുന്ന ഒരു വിദ്യാര്‍ത്ഥിയില്‍ താഴെ പറയുന്ന യോഗ്യതകള്‍ ഉണ്ടായിരിക്കണമെന്നു വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നു.
1. ഖുര്‍ആന്‍ ആത്യന്തം അര്‍ത്ഥവും വ്യാഖ്യാനവും സഹിതം പഠിച്ചിരിക്കുക.
2. പ്രധാന ഹദീസ് ഗ്രന്ഥങ്ങള്‍ പഠിച്ചിരിക്കുക.
3. ശാഫിഈ മദ്ഹബിലെ പ്രധാന ഹദീസ് ഗ്രന്ഥങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുക.
4. ആനുകാലിക പ്രശ്‌നങ്ങള്‍ക്ക് ഇസ്‌ലാമിക പരിഹാരം കാണുവാനുള്ള കഴിവുണ്ടായിരിക്കുക.
5. ലൗകിക രംഗത്ത് സാമാന്യമായ വിവരമുണ്ടായിരിക്കുക.
6. ദീനിനോട് തികഞ്ഞ സ്‌നേഹവും ഇസ്‌ലാമിക ആശയങ്ങളില്‍ അചഞ്ചലമായ ഉറപ്പും ഉണ്ടായിരിക്കുക.
7. ഇസ്‌ലാമിക ആചാരങ്ങളില്‍ നിഷ്ഠ ഉണ്ടാവുക.
വിവിധ വിഷയങ്ങളില്‍ ഇസ്‌ലാമികാടിസ്ഥാനത്തില്‍ വിശാലമായ പാഠങ്ങള്‍ നല്‍കുകവഴി പത്‌വകള്‍ നല്‍കുവാനും സമുദായ നേതൃത്വം വഹിക്കുവാനുമുള്ള ഉന്നതമായ യോഗ്യതകളുണ്ടാക്കിക്കൊടുക്കുകയെന്നതാണ് ബിരുദാനന്തര കോഴ്‌സുകൊണ്ടുള്ള ലക്ഷ്യം.
ഇരുപത് വിദ്യാര്‍ത്ഥികളും രണ്ട് ഉസ്താദുമാരുമാണ് ആരംഭത്തില്‍ ഉണ്ടായിരുന്നതെന്നത് മുമ്പ് പ്രസ്താവിച്ചുവല്ലോ. എന്നാല്‍, താമസം വിനാ വിദ്യാര്‍ത്ഥികളുടെ എണ്ണം മുപ്പതായി വര്‍ദ്ധിക്കുകയും പാര്‍ട് ടൈം ആയി മൂന്നാമതൊരു ഉസ്താദിനെ നിയമിക്കുകയും ചെയ്തു. ബി.എം. അഹ്മദ് മൗലവിയായിരുന്നു അദ്ദേഹം. പിന്നീട് ഹി: 1391 ശവ്വാല്‍ മാസത്തില്‍ തുടങ്ങിയ വിദ്യാഭ്യാസ വര്‍ഷംമുതല്‍ വിദ്യാര്‍ത്ഥികളുടെ സംഖ്യ നാല്‍പതായി ഉയര്‍ത്തി. നാലാമതായി ഒരു ഉസ്താദായി സി.കെ. അഹ്മദ് മൗലവി (എം.എഫ്.ബി, ഫാസില്‍ ദയൂബന്ത്, തൃക്കരിപ്പൂര്‍) യെ നിശ്ചയിക്കുകയും ചെയ്തു. കൂടാതെ ഇംഗ്ലീഷ്, സയന്‍സ്, കണക്ക് എന്നിവ അധ്യാപനം ചെയ്യുവാന്‍ വേണ്ടി അഞ്ചാമതൊരു പാര്‍ട് ടൈം അധ്യാപകനെ നിയമിച്ചു. അങ്ങനെ, ഇന്ന് ഈ അറബിക് കോളേജിന് അഞ്ചു പേരടങ്ങിയ ഒരു അധ്യാപക സംഘവും നാല്‍പതു വിദ്യാര്‍ത്ഥികളുമുണ്ട്.
ക്ലാസുകള്‍
1, 2, 5 എന്നീ മൂന്നു ക്ലാസുകളാണ് തുടക്കത്തില്‍ ഉണ്ടായിരുന്നത്. ഹി: 1391 ശവ്വാല്‍ മാസം മുതല്‍ 3, 4, 6 എന്നീ ക്ലാസുകളും തുറന്നു. അതിനു ശേഷം ഹി: 1392 ശവ്വാല്‍ മാസം മുതല്‍ ഏഴാം ക്ലാസുകൂടി ആരംഭിച്ചു.
പാഠ്യവിഷയങ്ങളും പഠനക്രമവും
ഇനി നമുക്ക് ഈ കേളേജിലെ പാഠ്യവിഷയങ്ങളെയും പഠന രീതിയെയും ഒരു വിഹക വീക്ഷണത്തിന് വിധേയമാക്കാം. ഇസ്‌ലാമിക വിഷയങ്ങളെയും ആധുനിക വിജ്ഞാനങ്ങളെയും സമന്വയിപ്പിച്ചുകൊണ്ടുള്ള പാഠ്യപദ്ധതിയാണ് സ്വീകരിച്ചിട്ടുള്ളത്. കാലത്തിന്റെ വെല്ലുവിളിയെ സധൈര്യം നേരിട്ടുകൊണ്ട് ഇസ്‌ലാമിന്റെ ശബ്ദം ഉയര്‍ത്തിപ്പിടിക്കുവാന്‍ വേണ്ട യോഗ്യത നേടിക്കൊടുക്കുന്നതും വിദ്യാര്‍ത്ഥികളില്‍ വിജ്ഞാന തല്‍പരത വളര്‍ത്തുന്നതുമായ പഠനക്രമമാണ് നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുന്നത്. എല്ലാ ക്ലാസുകളിലും ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ശരിയായ അര്‍ഥവും ആവശ്യമായ വ്യഖ്യാനവും വിദ്യാര്‍ത്ഥികളുടെ ബുദ്ധിപരമായ വളര്‍ച്ചക്കനുസരിച്ച് നല്‍കിക്കൊണ്ടാണ് അത് പഠിപ്പിക്കുന്നത്. ചെറിയ ക്ലാസുകളില്‍ ഖുര്‍ആനിന്റെ കുറേ ഭാഗങ്ങള്‍ മന:പാഠമാക്കിക്കുകയും ചെയ്യുന്നു.
എല്ലാ ക്ലാസുകളിലും ഹദീസ് പഠനമുണ്ട്. സ്വഭാവ സംസ്‌കരണ പ്രധാനമായ തെരഞ്ഞെടുക്കപ്പെട്ട കുറേ ഹദീസുകളാണ് ഒന്നാം ക്ലാസില്‍ പഠിപ്പിക്കുന്നത്. രണ്ടാം ക്ലാസു മുതല്‍ ബുലൂഗുല്‍ മറാം എന്ന ഹദീസ് ഗ്രന്ഥം തുടങ്ങുന്നു. നിത്യജീവിതത്തില്‍ മുസ്‌ലിംകള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കര്‍മശാസ്ത്ര(ഫിഖ്ഹ്) പരമായ കര്യങ്ങള്‍ക്ക് ഹദീസുകളില്‍ക്കൂടിയുള്ള വിവരണവും വെളിച്ചവും ഇതുമൂലം വിദ്യാര്‍ത്ഥികള്‍ക്കു ലഭിക്കുന്നു. ഇത് വിദ്യാര്‍ത്ഥികളില്‍ ഉള്‍ക്കാഴ്ചയും ധാര്‍മികോന്നതിയും സംജാതമാക്കുവാന്‍ സഹായിക്കുന്നതാണ്. നാലാം ക്ലാസ് മുതല്‍ രിയാളുസ്സ്വാലിഹീന്‍, മിഷ്‌കാത്ത്, ബുഖാരി തുടങ്ങിയ ഹദീസ് ഗ്രന്ഥങ്ങളാണ് പഠിപ്പിക്കുന്നത്. ഫിഖ്ഹ് എല്ലാ ക്ലാസുകളിലും ഉണ്ട്. ശാഫിഈ മദ്ഹബിലെ ഗ്രന്ഥങ്ങളാണ് പഠിപ്പിക്കുന്നത്. സഫീനത്തുന്നജാ, ഉംദ, ഫതഹുല്‍ മുഈന്‍, മഹല്ലി എന്നീ കിത്താബുകളാണ് ഈ ആവശ്യത്തിനു വേണ്ടി തെരഞ്ഞെടുത്തിട്ടുള്ളത്. ഇതിനു പുറമെ ഉസ്വൂലുല്‍ ഫിഖ്ഹ് അഭ്യസിപ്പിക്കുന്നതിനുവേണ്ടി ശറഹു ജംഉല്‍ ജവാമിഅ്, വറഖാത്ത് എന്നീ കിത്താബുകളും തെരഞ്ഞെടുത്തിട്ടുണ്ട്.
ഇസ്‌ലാം ചരിത്രം എല്ലാ ക്ലാസുകളിലും പഠിപ്പിക്കുന്നു. വെറും കഥകളെന്ന നിലയിലല്ല ചരിത്രപാഠങ്ങള്‍ പഠിപ്പിക്കുന്നത്. പ്രത്യുത, സംഭവങ്ങളെ കാര്യകാരണ സഹിതം എടുത്തു കാണിച്ചുകൊണ്ടും യുക്തിയുക്തം വിശകലനം ചെയ്തുകൊണ്ടുമാണ് അവ അഭ്യസിപ്പിക്കുന്നത്. ഓരോ കാലഘട്ടത്തിലെയും ചരിത്രം നല്‍കുന്ന പാഠമെന്താണെന്ന് വ്യക്തമാക്കുകയു ചെയ്യുന്നു. ചിന്തേദ്ധീപകവും ഹൃദയ വികാസ പ്രേരകവുമാണ് ഇതെന്നതില്‍ സംശയമില്ല. ഇസ്‌ലാം ചരിത്രത്തിനുപുറമെ ഇന്ത്യാ ചരിത്രം, ലോക ചരിത്രം എന്നിവയും പഠിപ്പിക്കേണ്ടത് ആവശ്യമാണെന്ന യാഥാര്‍ഥ്യം വിസ്മരിക്കുന്നില്ല. അവകൂടി പഠനത്തില്‍ ഉള്‍പ്പെടുത്തുവാനുള്ള ആസൂത്രണങ്ങള്‍ ചെയ്തുവരുന്നുണ്ട്. ഒരു നല്ല ലൈബ്രറിയുടെ അഭാവമാണ് മുഖ്യമായും അതിന് വിഘാതമായി നില്‍ക്കുന്നത്. ഈ വിഘാതം അനതിവിദൂര ഭാവിയില്‍ നീങ്ങിക്കിട്ടുമെന്ന് വിശ്വസിക്കാം.
എഴുതുവാനും വായിക്കുവാനും സംസാരിക്കുവാനുമുള്ള കഴിവ് നല്‍കുന്ന തരത്തില്‍ എല്ലാ ക്ലാസുകളിലും അറബി ഭാഷ അഭ്യസിപ്പിക്കുന്നു. ഇതിന്റെ പരിപോഷണാര്‍ത്ഥം അറബി പത്ര മാസികകളും ആനുകാലിക പ്രസിദ്ധീകരണങ്ങളും വരുത്തുകയും അവ വായിച്ചു ശീലിക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നു. അറബി ഭാഷക്കു പുറമെ മലയാളം, ഇംഗ്ലീഷ്, ഉറുദു, ഹിന്ദി എന്നീ ഭാഷകളും പഠന വിഷയങ്ങളില്‍ പെടുന്നു. കൂടാതെ, കണക്ക് സയന്‍സ് എന്നിവയും പഠിപ്പിക്കുന്നു. ഈ സ്ഥാപനത്തില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി പുറത്തു വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജീവിതാവശ്യങ്ങളോട് മല്ലിടുവാന്‍ മതാധ്യാപനം, ഖുത്തുബ, ഇമാമത്ത് തുടങ്ങിയ ജോലികളെ മാത്രം ആശ്രയിക്കേണ്ടി വരാതെ തങ്ങള്‍ ഇഷ്ടപ്പെടുന്ന മറ്റു ബിസിനസ്സുകളില്‍ ഏര്‍പ്പെടുവാന്‍ സാധിക്കുന്നതിനുള്ള നേടിക്കൊടുക്കുകയും അവരില്‍ ലോകപരിജ്ഞാനമുണ്ടാക്കലുമാണ് ഇതിന്റെ ലക്ഷ്യം.
സാഹിത്യസമാജവും മോഡല്‍ പാര്‍ലമെന്റും
ആഴ്ചതോറും പ്രസംഗ പരിശീലന ക്ലാസുകള്‍, മോഡല്‍ പാര്‍ലമെന്റ് എന്നിവ നടത്തിവരുന്നു. വിദ്യാര്‍ത്ഥികളില്‍ നിക്ഷേപിതമായിരിക്കുന്ന കഴിവുകളെ യഥാവിധി വളര്‍ത്തിയെടുത്തു ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി അവരെ തയ്യാറാക്കുകയും നിലവിലുള്ള ജനാധിപത്യ ഭരണ സമ്പ്രദായം അവര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും ചിന്താശീലം പരമാവധി വികസിപ്പിച്ചെടുക്കുകയും ചെയ്യുവാനാണ് ഇവ നടത്തുന്നത്. പ്രസംഗ പരിശീലന പ്രക്രിയയുടെയും മോഡല്‍ പാര്‍ലമെന്റിന്റെയും കാര്യക്ഷമമായ പ്രവര്‍ത്തനത്തിനുവേണ്ടി വിദ്യാര്‍ത്ഥികളുടെ സാഹിത്യ സമാജം രൂപീകരിച്ചിട്ടുണ്ട്.
ലൈബ്രറി (കുത്തുബ് ഖാന)
വിവിധ വിഷയങ്ങളില്‍ വിവരങ്ങളും വിജ്ഞാനങ്ങളും ലഭ്യമാക്കുന്നതിനും റഫറന്‍സിനും വേണ്ടി ഒരു ഗ്രന്ഥശാല സ്ഥാപിച്ചിട്ടുണ്ട്. ശൈശവത്തിലിരിക്കുന്ന ഈ ഗ്രന്ഥശാല മെല്ലെ മെല്ലെ വളര്‍ന്നുകൊണ്ടിരിക്കുന്നുവെന്നു പറയാം. മതവിജ്ഞാനത്തിനാവശ്യമായ പ്രധാന ഗ്രന്ഥങ്ങള്‍ക്കു പുറമെ അറബി, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളും പൊതുവിജ്ഞാനവും പരിപോഷിപ്പിക്കുന്നതിനുതകുന്ന അറബി-അറബി, അറബി-മലയാളം, അറബി-ഇംഗ്ലീഷ്, ഇംഗ്ലീഷ്-അറബി, മലയാളം-മലയാളം, മലയാളം-ഇംഗ്ലീഷ്, ഉറുദു-ഉറുദു, ഉറുദു-ഇംഗ്ലീഷ്, ഇംഗ്ലീഷ്-ഇംഗ്ലീഷ്, ഇംഗ്ലീഷ് -മലയാളം എന്നീ നിഘണ്ടുകളും പത്തു വോള്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിശ്വ വിജ്ഞാന കോശവും ലൈബ്രറിക്കുണ്ടെന്നുള്ള വസ്തുത സ്മരണീയമാണ്. എന്നിരുന്നാലും ഇനിയും അനേകം ഗ്രന്ഥങ്ങള്‍ ഉണ്ടായെങ്കില്‍ മാത്രമേ ഒരു പൂര്‍ണ്ണ ലൈബ്രറിയായി ഇതിനെ വളര്‍ത്തുവാന്‍ സാധിക്കുകയുള്ളൂ.
കൈയ്യെഴുത്തു മാസിക
സൗഭാഗ്യം എന്നൊരു കൈയ്യെഴുത്തു മാസിക വിദ്യാര്‍ത്ഥികള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. എഴുത്തു കലയിലും ചിന്താശീലത്തിലും വിദ്യാര്‍ത്ഥികള്‍ക്ക് വികാസമുണ്ടാക്കുവാന്‍ ഇതാവശ്യമാണെന്നു പറയേണ്ടതില്ലല്ലോ.
നിശാപാഠം
എസ്.എസ്.എല്‍.സി പാസായവരും ഹൈസ്‌കൂളില്‍ വിവിധ ക്ലാസുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്നവരുമായ കുറേ വിദ്യാര്‍ത്ഥികള്‍ക്ക് കോളേജില്‍വെച്ചു നിശാകാസ് എടുത്തുവരുന്നു. ഇസ്‌ലാമിക കര്‍മശാസ്ത്രം, വിശ്വാസ കാര്യങ്ങള്‍, ഇസ്‌ലാം ചരിത്രം, സ്വാഭാവസംസ്‌കരണം എന്നീ വിഷയങ്ങളിലാണ് അവര്‍ക്ക് പാഠങ്ങള്‍ നല്‍കുന്നത്. അല്‍പാല്‍പമായി അറബി വ്യാകരണവും പഠിപ്പിക്കുന്നുണ്ട്. റിപ്പോര്‍ട്ടു കാലത്ത് 15 വരെ വിദ്യാര്‍ത്ഥികള്‍ ഈ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. എല്ലായ്‌പ്പോഴും ഇവരുടെ എണ്ണം സ്ഥിരമായി നിലനില്‍ക്കുന്നില്ല. അത് കുറഞ്ഞും ഏറിയും കൊണ്ടിരിക്കുന്നു. നമ്മുടെ നാട്ടുകാരായ രക്ഷിതാക്കള്‍ കുറച്ചു കൂടി ശ്രദ്ധിക്കുകയാണെങ്കില്‍ ഈ പരിപാടി കൂറേക്കൂടി വിജയപ്രദമാക്കാന്‍ സാധിക്കുമെന്നാണ് ഞങ്ങളുടെ പ്രത്യാശ.
പരീക്ഷ
അര്‍ധവര്‍ഷ പരീക്ഷ, വര്‍ഷാന്ത പരീക്ഷ എന്നിങ്ങനെ രണ്ടു പരീക്ഷകള്‍ വര്‍ഷം തോറും ഇപ്പോള്‍ നടത്തിവരുന്നു. ചോദ്യങ്ങള്‍ കാര്‍ബണ്‍ കോപ്പിയെടുത്തു വ്യവസ്ഥിതമായ എഴുത്തുപരീക്ഷയായിട്ടാണ് ഇവ നടത്തുന്നത്. ഒന്നു മുതല്‍ അഞ്ചുവരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ മലയാളത്തിലാണ് ഉത്തമെഴുതുന്നതെങ്കില്‍ ആറു മുതലുള്ള ക്ലാസുകള്‍ അറബിയില്‍ മാത്രം ഉത്തരം എഴുതേണ്ടതാണ്. മേല്‍പറഞ്ഞ രണ്ടു പരീക്ഷകള്‍ക്കു പുറമെ ഇടക്കിടെ ക്ലാസ് ടെസ്റ്റുകളും നടത്തിവരുന്നു. ക്ലാസുകളെല്ലാം ഈ സ്ഥാപനത്തില്‍ പൂര്‍ത്തിയാകുമ്പോള്‍ പരീക്ഷാ രീതിയിലും സമ്പ്രദായത്തിലും സാരമായ വിത്യാസങ്ങള്‍ വരുത്താന്‍ ഉദ്ദേശ്യമുണ്ട്.
കമ്മിറ്റിയും രജിസ്‌ട്രേഷനും
ഈ കോളേജിന്റെ നടത്തിപ്പിനുവേണ്ടി ഒരു മാനേജിംഗ് കമ്മിറ്റി രൂപീകരിക്കുകയും അത് 3/7/1973 ന് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഈ സ്ഥാപനത്തിന്റെ സ്ഥാപകനും ജീവനാഡിയുമായ കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി സാഹിബ് തന്നെയാണ് കമ്മിറ്റിയുടെ പ്രസിഡന്റ്.
കൃതജ്ഞത
രണ്ടര വര്‍ഷമായി ക്ലേശങ്ങള്‍ കൂടാതെ നടന്നുവരികയും പുരോഗമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഈ ദീനിയ്യായ സ്ഥാപനത്തിന് ആവശ്യമായി വരുന്ന ഭീമമായ ചെലവുകള്‍ നിര്‍വഹിക്കുന്നത് ഉതാരമതിയും മത സ്‌നേഹിയും സമുദായ സേവകനും രാഷ്ട്രീയ നേതാവുമായ കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി സാഹിബാണ്. അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥമായ ഈ സേവനത്തെ വിസ്മരിക്കുവാന്‍ ഞങ്ങള്‍ക്കെന്നല്ല, ഇസ്‌ലാം മതത്തോട് തെല്ലെങ്കിലും പ്രേമമുള്ള ഒരാള്‍ക്കും സാധ്യമല്ല. ഈ നാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്കു പുറമെ മറ്റു പ്രദേശങ്ങളില്‍നിന്നുകൂടി വിദ്യാര്‍ത്ഥികള്‍ വന്നു പഠിച്ചുകൊണ്ടിരിക്കുന്ന ഈ സ്ഥാപനംകൊണ്ട് സ്വാര്‍ത്ഥ പരമോ പ്രാദേശികമോ ആയ യാതൊരു സങ്കുചിത ഭാവമല്ല അദ്ദേഹത്തിനുള്ളതെന്നും പ്രത്യുത, വിശാലമായ സാമൂഹികവും മതപരവുമായ ലക്ഷ്യമാണ് അദ്ദേഹം ഉദ്ദേശിച്ചിരിക്കുന്നതെന്നും സുവിദിതമാണ്. ശ്ലാഘനീയവും എത്ര പ്രശംസിച്ചാലും മതിയാവാത്തതുമായ അദ്ദേഹത്തിന്റെ ഈ സമുദായ സേവനത്തിന് ഹൃദ്യമായ നന്ദി ഞങ്ങള്‍ രേഖപ്പെടുത്തിക്കൊള്ളുന്നു. ഈ സേവനത്തെ അല്ലാഹു സ്വീകരിക്കുകയും കണക്കില്ലാത്ത പ്രതിഫലം അവന്‍ നല്‍കുകയും ചെയ്യട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതിനോടൊപ്പം ആ മഹല്‍ സ്ഥാപനത്തിന്റെ സ്ഥായിയായ നിലനില്‍പ്പും നിരന്തരമായ പുരോഗതിയും സാര്‍ത്ഥമാക്കുന്നതിനുവേണ്ടിയുള്ള സ്ഥിരമായ രൂപവും വ്യവസ്ഥയും ഉണ്ടാക്കണമെന്നുള്ള അദ്ദേഹത്തിന്റെയും നമ്മുടെയും ആഗ്രഹം അല്ലാഹു എത്രയും വേഗം സഫലമാക്കട്ടെയെന്ന് ഞങ്ങള്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.
ഈ സ്ഥാപനത്തിലെ ലൈബ്രറിയുടെ വികസനത്തിനായി കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി സാഹിബിനു പുറമെ മറ്റു ചില വിക്തികളില്‍നിന്നും ഞങ്ങള്‍ സംഭാവനകള്‍ സ്വീകരിച്ചിട്ടുണ്ട്. എ.കെ. മുഹമ്മദ് കുഞ്ഞി, കല്ലട്ര അബ്ബാസ് ഹാജി, കല്ലട്ര മാഹിന്‍, എ.എം. അബ്ദുല്ലക്കുഞ്ഞി, കെ.എം. അബ്ദുര്‍റഹ്മാന്‍, പി.എ. മുഹമ്മദ് കുഞ്ഞി, കെ. അബ്ദുര്‍റഹ്മാന്‍, ക.സി. മാഹിന്‍ എന്നിവര്‍ അത്തരം ഉദാരമതികളില്‍ പ്രധാനികളാണ്. അവര്‍ക്കും സ്ഥാപനത്തിന്റെ എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും ഞങ്ങളുടെ അകൈതവമായ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു. അതോടൊപ്പം ഏവരുടെയും തുടര്‍ന്നുള്ള നിഷ്‌കളങ്കമായ സഹകരണം ആഗ്രഹിക്കുകയും ചെയ്യുന്നു.
വാര്‍ഷിക സമ്മേളനം
കഴിഞ്ഞ വര്‍ഷം ഒടുവില്‍ (18/9/1972) പ്രന്‍സിപ്പാളിന്റെ അദ്ധ്യക്ഷതയില്‍ ലഘു ചടങ്ങുകളോടു കൂടി കോളേജിന്റെ ഒന്നാം വാര്‍ഷിക സമ്മേളനം നടന്നു.
കളനാട്
9/9/1973
പ്രന്‍സിപ്പാള്‍
സി.എം. അബ്ദുല്ല മൗലവി
i received a rare valuable gift ... thank you so much for forwarding this..
ReplyDelete