Sunday, March 13, 2011

കേരളത്തിലെ ഗോളശാസ്ത്രപഠനങ്ങളില്‍ സി.എം. ഉസ്താദിന്റെ ഇടം


ഗോളശാസ്ത്രം (ആസ്‌ട്രോണമി) നൂറ്റാണ്ടുകള്‍ക്കുമുമ്പേ  മുസ്‌ലിംകള്‍ക്കിടയില്‍ പഠനവിഷയമായിരുന്നു. യവന സങ്കല്‍ങ്ങള്‍ക്കും ഇന്ത്യന്‍ നിഗമനങ്ങള്‍ക്കുമപ്പുറം ഈ മേഖലയെ പ്രായേഗികമായി വികസിപ്പിച്ചത് മധ്യകാല മുസ്‌ലിംകളാണ്. ഗ്രീക്കുകാരില്‍നിന്നും ഭിന്നമായി അബ്ബാസി ഭരണ കാലത്ത് ഒബ്‌സര്‍വേറ്ററികള്‍ വ്യാപകമായതോടെ ഖഗോള സംബന്ധിയായ പഠനങ്ങളും നിരീക്ഷണങ്ങളും സാര്‍വത്രികമായി. ആകാശ ഗോളങ്ങളെകുറിച്ച കുറിച്ച ഖുര്‍ആനിക പരാമര്‍ശങ്ങളായിരുന്നു പലപ്പോഴും ഇതിന് അവരെ പ്രേരിപ്പിച്ചിരുന്നത്. അന്ന് വളരെ വ്യാപകവും വിസ്തൃതതവുമായിരുന്നു ഈ പഠനങ്ങളുടെ ഭൂമിക. ഭൗമോപരിതലം വിട്ട് ബാക്കിയെല്ലാം അവരുടെ പഠന വിഷയങ്ങളായിരുന്നു. വളരെ കാര്യക്ഷമമായി ഈ പഠനങ്ങള്‍ നടക്കുകയും ചെയ്തിരുന്നു.

കാലാന്തരത്തില്‍ ഇത്തരം പഠനങ്ങള്‍ പുതിയ ശൈലി പ്രാപിച്ചു. മേഖലകളുടെ വൈപുല്യവും സങ്കീര്‍ണതയും കണക്കിലെടുത്തു ഇവ വ്യത്യസ്ത ഭാഗങ്ങളായി വിഭജിക്കപ്പെട്ടു. ആകാശത്തെ ഓരോ മേഖലയും ഓരോ ശാസ്ത്രങ്ങളായി മാറി. ഇവ ഓരോന്നിനെ കുറിച്ചും പഠിക്കാന്‍ ഓരോ വിഭാഗങ്ങള്‍ രംഗത്തുവന്നു. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഇവയെല്ലാം തങ്ങളുടെ നിരീക്ഷണ മേഖലയായിരുന്നു.

ഇസ്‌ലാമില്‍ പല ആരാധനകളും അനുഷ്ഠാനങ്ങളും ആകാശഗോളങ്ങളുടെ ചലനങ്ങളെയും മാറ്റങ്ങളെയും അടിസ്ഥാനമാക്കിയാണ് സംവിധാനിക്കപ്പെട്ടിരിക്കുന്നത്. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം, അതുകൊണ്ടുതന്നെ, ഇതിനെക്കുറിച്ച് അജ്ഞനായി ജീവിക്കുകയെന്നത് അസാധ്യമാണ്. തന്റെ നൈരന്തര്യ ജീവിതത്തിലൂടെതന്നെ അവന്‍ ഇതിനെക്കുറിച്ച് ബോധവാനായിരിക്കണമെന്നുള്ളതാണ് തേട്ടം. അടിസ്ഥാനമായ അഞ്ചു വഖ്ത്ത് നിസ്‌കാരംതന്നെ സുപ്രധാനം. വ്രതമെടുക്കല്‍ മറ്റൊന്ന്. സൂര്യന്റെയും ചന്ദ്രന്റെയും ചലനങ്ങളെ അടിസ്ഥാനമാക്കിയാണ് ഇവ സംവിധാനിക്കപ്പെട്ടിരിക്കുന്നത്. 

ഇസ്‌ലാമിക ജീവിതത്തെ മൗലികമായിത്തന്നെ ബാധിക്കുന്ന വിഷയമായതിനാല്‍ ഓരോ നാട്ടിലെയും പണ്ഡിതന്മാര്‍ ഇതിനെ കാര്യക്ഷമമായിത്തന്നെ പരിഗണിച്ചുപോന്നു. ഗോളശാസ്ത്രപരമായ ബാലപാഠങ്ങള്‍പ്പുറം തങ്ങളുടെ മതം നിഷ്‌കര്‍ഷിക്കുന്ന തരത്തിലുള്ള ഒരു അവബോധം അവര്‍ നിര്‍ബന്ധമായും നിലനിര്‍ത്തി. ചിലര്‍ അതിനപ്പുറങ്ങളിലേക്ക് പഠനങ്ങള്‍ വ്യാപിപ്പിക്കുകയും ചെയ്തു.

ഓരോ രാജ്യത്തെയും നാടിനെയും പ്രദേശത്തെയും കേന്ദ്രീകരിച്ച് ഉയര്‍ന്നു വന്ന ഇത്തരം പഠനങ്ങളാണ് 'ഇല്‍മുല്‍ മീഖാത്ത്' എന്നപേരില്‍ പില്‍ക്കാലത്ത് രൂപമെടുത്തത്. പ്രധാനമായും ഖിബ്‌ല നിര്‍ണ്ണയം, നിസ്‌കാരം നിശ്ചയിക്കല്‍ പോലെയുള്ള കാര്യങ്ങളാണ് ഇതുവഴി തീരുമാനിക്കപ്പെട്ടിരുന്നത്. നിസ്‌കാരത്തില്‍ ഖിബ്‌ലക്ക് മുന്നിടുകയെന്ന അനിവാര്യത സ്വീകാര്യതയുടെ അടിസ്ഥാമാകുന്നതോടെ ഏതൊരു നാട്ടുകാരനും ഖിബ്‌ലയുടെ ഡയറക്ഷന്‍ കണ്ടെത്തുക ഒഴിച്ചുകൂടാനാവാത്തതായിരുന്നു. അതുകൊണ്ടുതന്നെ, ഓരോ കാലത്തെയും പണ്ഡിതന്മാര്‍ ആ ദേശത്തിനനുസരിച്ചുള്ള പ്രത്യേക ഗോള ശാസ്ത്ര നിരീക്ഷണങ്ങളും പഠനങ്ങളും ഇടമുറിയാതെ, തങ്ങളുടെ ദേശത്തിനനുസരിച്ച്, നിലനിര്‍ത്തിപ്പോന്നതായി കാണാന്‍ പറ്റും. ലോകത്ത് മുസ്‌ലിംകളുള്ള ഏതു ഭാഗമെടുത്താലും കാര്യം തഥൈവ. നിരീക്ഷണത്തിന്റെ രൂപത്തിലും ഭാവത്തിലും വ്യത്യാസമുണ്ടായേക്കാമെങ്കിലും ഖിബ്‌ലാ നിര്‍ണ്ണയത്തില്‍ വളരെ കൃത്യമായ ശൈലികള്‍ അവര്‍ പിന്തുടര്‍ന്നു.

നിസ്‌കാരം നിര്‍വഹിക്കാന്‍ ഖിബ്‌ലക്കു തിരിഞ്ഞു പള്ളി നിര്‍മിക്കുന്ന പ്രാധാന്യത്തോടെത്തന്നെയാണ് പിന്നീട് വന്ന മുസ്‌ലിംകള്‍ വീടുനിര്‍മാണത്തെയും കണ്ടിരുന്നത്. വീട്ടില്‍നന്നും ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിന്റെ ലാഘവത്വത്തിനു വേണ്ടിയായിരുന്നു ഇത്. ഇതും ഖിബ്‌ലാ നിര്‍ണ്ണയ ശാസ്ത്രത്തിന്റെ പഠന പുരോഗതിക്ക് വഴിയൊരുക്കി. സാര്‍വ ലൗകികതയും സാര്‍വ ജനീനതയും വിളിച്ചോതുന്ന ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം ഇവയൊന്നും ഏതെങ്കിലും പ്രദേശങ്ങളില്‍ മാത്രം പരിമിതപ്പെട്ടുനില്‍ക്കുന്നതായിരുന്നില്ല. മുസ്‌ലിംകള്‍ ഉള്ള എല്ലായിടങ്ങളിലും ഇത്തരം പഠനങ്ങള്‍ നടന്നുകൊണ്ടേയിരുന്നു.

കേരളത്തിലും ഗോളശാസ്ത്ര പഠനങ്ങള്‍ തങ്ങളുടെ അറിവിന്റെ ഒരു അനിവാര്യഭാഗമായി ഉയര്‍ന്നുവരുന്നത് അങ്ങനെയാണ്. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം തീര്‍ത്തും സംരക്ഷിക്കപ്പെടേണ്ട ഒരു ജ്ഞാന ശാഖയായിരുന്നു ഇത്. അതുകൊണ്ടുതന്നെ, സാധാരണ പഠിപ്പിക്കപ്പെട്ടിരുന്ന ജ്ഞാന രൂപങ്ങളെപ്പോലെത്തന്നെ ഇല്‍മുല്‍ ഫലകും അതിന്റെതായ പരിമിത രൂപത്തില്‍ കേരളത്തിലേക്കു കടന്നുവന്നുവെന്ന് അനുമാനിക്കാം. 

ഇസ്‌ലാമിലെ ഏതൊരു ജ്ഞാനരൂപത്തെയും പോലെത്തന്നെ ഗ്രന്ഥങ്ങളുടെയോ ആവിഷ്‌കാരങ്ങളുടെയോ രൂപത്തിലായിരുന്നില്ല കേരളത്തിലേക്ക് ഇതിന്റെ എഴുന്നള്ളിപ്പ്. പ്രത്യുത,  അനുശീലനത്തിന്റെയും അനുവര്‍ത്തനത്തിന്റെയും രീതിയിലായിരുന്നു. തസ്വവ്വുഫില്‍ ഗ്രന്ഥം രചിക്കുംമുമ്പ് അതിനെ ജീവിതത്തിലൂടെ കാണിച്ചുകൊടുക്കുന്ന പോലെ ഇല്‍മുല്‍ ഫലകില്‍ ഗ്രന്ഥം രചിക്കും മുമ്പ് ഖിബ്‌ലാ നിര്‍ണ്ണയത്തിന്റെ പ്രാക്ടിക്കല്‍ ശൈലികള്‍ കാണിക്കപ്പെടുകയായിരുന്നു. പ്രവാചകരുടെ കാലത്തുതന്നെ ഇസ്‌ലാമെത്തിയ കേരളക്കരയില്‍, അന്നുതന്നെ പത്തു പള്ളികള്‍  നിര്‍മിക്കപ്പെട്ടുവെന്നു പറയുമ്പോള്‍, അന്നുതന്നെ ഖിബ്‌ലാ നിര്‍ണ്ണയ ശാസ്ത്രപരമായ അവബോധ ജ്ഞാന കൈമാറ്റങ്ങള്‍  നടന്നിട്ടുണ്ടായിരിക്കുമെന്നത് അനുമാനിക്കാവുന്നതേയുള്ളൂ. ഈ പത്തു പള്ളികളും മക്കയിലെ കഅബാലയത്തിനു നേരെയാണ് തിരിഞ്ഞിരിക്കുന്നത്. ലോകം മൊത്തം ഒരേയൊരു കേന്ദ്രബിന്ദുവിലേക്കു തിരിയുമ്പോള്‍ അതിലൂടെ ഏകാഗ്രമായ ഒരു ഏകത്വ ചിന്ത കൈവരുന്നുവെന്നത് ശ്രദ്ധേയമായ മറ്റൊരു കാര്യം. ഈയൊരു നിമിഷംമുതല്‍തന്നെ കേരളത്തില്‍ ഖിബ്‌ലാനിര്‍ണയ ശാസ്ത്ര പഠനങ്ങളിലേക്ക് പ്രരണകള്‍ ഉര്‍ന്നിട്ടുണ്ട്.

നൂറ്റാണ്ടുകളുടെ ചരിത്രമെടുത്തു പരിശോധിക്കുമ്പോള്‍  ഫിഖ്ഹും തഫ്‌സീറും തസ്വവ്വുഫുമെല്ലാം പോലെ ആളുകള്‍ക്കിടയില്‍ വ്യാപകമായി പഠിപ്പിക്കപ്പെടുകയും കൊണ്ടാടപ്പെടുകയും ചെയ്ത ഒരു ജ്ഞാനശാഖയായിരുന്നില്ല ഗോളശാസ്ത്ര പഠനംമെന്നു മനസ്സിലാക്കാന്‍ സാധിക്കുന്നു. മറ്റുള്ളവയെപ്പോലെ ഇതിന് നിത്യജീവിതവും വ്യക്തിജീവിതവുമായി നിരന്തര ബന്ധമില്ലായെന്നതായിരിക്കാം ഇതിനു ഹേതു. എന്നുവെച്ചാല്‍, ഒരു നാട്ടില്‍ ഒന്നോ രണ്ടോ ആളുകള്‍ അല്ലെങ്കില്‍ ചെറിയൊരു സംഘം ആളുകള്‍ ഈ ശാസ്ത്രത്തില്‍ പ്രാവീണ്യം നേടിയാല്‍തന്നെ ആ നാട്ടുകാരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ആവശ്യങ്ങളില്‍ അവരെ ആശ്രയിക്കല്‍കൊണ്ട് മതിയാവുന്നതാണ്. അപ്പോള്‍ സ്വാന്തമായി പഠിക്കേണ്ട ആവശ്യം വരുന്നില്ല. മറ്റു ആരാധനാ കാര്യങ്ങളില്‍ ഈയൊരു ശൈലി അനുകരണീയമല്ലെല്ലോ.

ചില ആളുകളെയും കുടുംബങ്ങളെയും അധ്യാപകരെയും  കേന്ദ്രീകരിച്ചാണ് കേരളത്തില്‍ ഗോളശാസ്ത്ര പഠനങ്ങള്‍ നിലനിന്നിരുന്നത്. അതിന് സമൂഹത്തില്‍ വ്യാപകമായൊരു സ്‌കോപും റൈഞ്ചും ഉണ്ടായിരുന്നുവെങ്കിലും അത് അങ്ങനെ പരിമിതപ്പെടുകയായിരുന്നുവെന്ന് തോന്നുന്നു. കേരളത്തിലെ വൈജ്ഞാനിക പ്രസരങ്ങളുടെ കേന്ദ്രങ്ങളായ പള്ളിദര്‍സുകളില്‍ ഇവ വ്യവസ്ഥാപിതമായിത്തന്നെ പഠിപ്പിക്കപ്പെട്ട ഒരു കാലമുണ്ടായിരുന്നു. എന്നാല്‍, മറ്റു ഗ്രന്ഥങ്ങളെയും കിതാബുകളെയുംപോലെ ഇതൊരു  അനിവാര്യ പേപ്പറായിരുന്നില്ലായെന്നു കാണാം. അതുകൊണ്ടുതന്നെ, എല്ലാ അധ്യാപകരും ഇത് കൈകാര്യം ചെയ്തിരുന്നില്ല. ഈ മേഖലയില്‍ പ്രത്യേകം താല്‍പര്യവും പ്രാവീണ്യവും ഉള്ളവര്‍ മാത്രമേ ഇതിനെ സമീപ്പിക്കുകുയം പഠിപ്പിക്കുകയും ചെയ്തിരുന്നുള്ളൂ. ഗോളശാസ്ത്രത്തില്‍ പ്രീവീണ്യമുള്ള അധ്യാപകരില്‍നിന്നും വിദ്യ നുകരുന്ന വിദ്യാര്‍ത്ഥികളും ഈ വിഷയത്തില്‍ അതേ പോലെ പ്രാവീണ്യം തെളിയിക്കുന്നു. ഈയൊരു ജ്ഞാന ശാഖ കേരളത്തില്‍ പ്രചരിക്കുന്നത് ഈയൊരു ശൈലിയിലാണ്. ഗണിതത്തിലും ഗോളത്തിലും അമിത താല്‍പര്യമുള്ള പണ്ഡിതരാണ് പിന്നീട് ഇത് ഏറ്റെടുത്തു പ്രചരിപ്പിക്കുകയും വ്യാപകമാക്കുകയും ചെയ്തിരുന്നത്. ഒറ്റപ്പെട്ട നിലയില്‍ ഇതില്‍ ഗ്രന്ഥ രചനയും വ്യാപകമായി നടന്നുപോന്നു. പുസ്തകമെഴുത്തില്‍ ശ്രദ്ധ കൊടുത്ത കേരളത്തിലെ പല പണ്ഡിതന്മാര്‍ക്കും ഗോളശാസ്ത്രത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തെ സ്പര്‍ശിക്കുന്ന തരത്തിലുള്ള ഒരു പുസ്തകമെങ്കിലും കണ്ടെത്താവുന്നതാണ്. കവിതാ രൂപത്തിലാണ്  ഇതില്‍ ചില രചനകള്‍ എഴുതപ്പെട്ടിട്ടുള്ളത്. ആദ്യകാലംമുതല്‍ തന്നെ ഈയൊരു മേഖല കേരളക്കരതയില്‍ ഗൗരവമായി ശ്രദ്ധിക്കപ്പെട്ടിരുന്നുവെന്നതിനുള്ള തെളിവാണിത്. അനുവാചകരും വായനക്കാരുമുണ്ടാകുന്നതുകൊണ്ടാണെല്ലോ രചനകള്‍ ഉണ്ടാകുന്നത്.  അതിനാല്‍, ഇവ വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നുവെന്നത് അനുമാനിക്കാവുന്നതേയുള്ളൂ.

ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ രംഗപ്രവേശത്തോടെയാണ് കേരത്തില്‍ ഗോളശാസ്ത്രപഠനങ്ങളും ഇല്‍മുല്‍ ഹിസാബുമെല്ലാം വ്യാപകമായി ചര്‍ച്ചാ മണ്ഡലത്തിലേക്കു കടന്നുവന്നത്. ഇതിനര്‍ത്ഥം മുമ്പ് അങ്ങനെയൊന്ന് കേരളത്തിലുണ്ടായിരുന്നില്ലായെന്നല്ല. ചാലിലകത്തിനു മുമ്പും ഇവിടെ ഗോളശാസ്ത്ര പഠനങ്ങള്‍ വ്യാപകമായി നടന്നിട്ടുണ്ട്. മുമ്പു കഴിഞ്ഞുപോയ പല പണ്ഡിതരും ഇവ്വിഷയകമായി ഗ്രന്ഥങ്ങള്‍ എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സൈനുദ്ദീന്‍ മഖ്ദൂം ഫതഹുല്‍ മുഈനില്‍ ഇവ്വിഷയകമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ഹി: 980 ല്‍ ജനിച്ച ഖാസി മുഹമ്മദും അറിയപ്പെട്ട ഗോളശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹത്തിന്റെ മന്‍ളൂമതുന്‍ ഫീ ഇല്‍മില്‍ അഫ്‌ലാക്കി വ ന്നുജൂം ഈ മേഖലയിലെ ശ്രദ്ധേയമായ രചനയാണ്. മന്‍ളൂമതുന്‍ ഫില്‍ ഹിസാബ് ഗണിതത്തില്‍ അദ്ദേഹത്തിന്റെ പ്രാവീണ്യം വിളിച്ചറിയിക്കുന്നു. 

ചാലിലകത്തും ഗോളശാസ്ത്ര പഠനങ്ങളും
കേരളീയ പശ്ചാത്തലത്തിലിരുന്ന് ഗോളശാസ്ത്ര പഠനങ്ങളില്‍ അഗാധമായ തലങ്ങള്‍ കണ്ടെത്തിയ പണ്ഡിതനായിരുന്നു ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി (ഹി: 1283-1338/എഡി: 1866-1919). പഠനങ്ങളിലും വീക്ഷണങ്ങളിലും പ്രത്യേകം ശൈലി പിന്തുടര്‍ന്നിരുന്ന അദ്ദേഹം വളരെ കാര്യക്ഷമമായിത്തന്നെ ഈ ജ്ഞാന ശാഖയെ സമീപപ്പിച്ചു. അന്നേവരെ നിലവിലുണ്ടായിരുന്ന പഠനങ്ങളെയും രേഖകളെയും നിരീക്ഷണ വിധേയമാക്കുകയും അവയുടെയെല്ലാം വെളിച്ചത്തില്‍ പുതിയൊരു കാഴ്ചപ്പാടിലേക്കു കടന്നുവരികയും ചെയ്തു.

ഹി: 1304 ല്‍ വേലൂരിലെ ബാഖിയാത്തില്‍ ചേര്‍ന്നു പഠിച്ച ചാലിലകത്ത് ഒരു വര്‍ഷത്തിനു ശേഷം ലഥീഫിയ്യയിലേക്കു മാറുകയായിരുന്നു. ഹി: 1311 ന് അവിടെനിന്നും ബിരുദം നേടുകയും ശേഷം അവിടെനിന്നും  അദിരാം പട്ടണത്തിലെ ശൈഖ് അഹ്മദുല്‍ അദ്‌റമി എന്ന അഹ്മദ് ഹാലിം സാഹിബിനടുത്തു പോവുകയും ചെയ്തു. ഗോളശാസ്ത്രത്തില്‍ ആഴത്തില്‍ പാണ്ഡിത്യമുള്ള ആളായിരുന്നു അദ്ദേഹം. ചാലിലകത്ത് അദ്ദേഹത്തില്‍നിന്നും ഇല്‍മുല്‍ ഫലകില്‍ പ്രത്യേകം ക്ലാസ് സ്വന്തമാക്കി. കുറച്ചു കാലം അവിടെ തങ്ങി ആ ജ്ഞാന ശാഖയുടെ ആഴങ്ങളിലേക്കു കടന്നു ചെന്നു. സംശയങ്ങള്‍ തീര്‍ക്കുകയും അതിന്റെ അലകും പിടിയും ശരിപ്പെടുത്തുകയും ചെയ്തു. ഗോളശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും പുതിയ ചക്രവാളങ്ങള്‍ കീഴടക്കി. അദ്ദേഹത്തില്‍നിന്നാണ് രിസാലത്തുല്‍ മാറദീനി എന്ന ഗ്രന്ഥം ചാലിലകത്ത് പരിചയപ്പെടുന്നതും പഠിച്ചെടുക്കുന്നതും. ഇത് അദ്ദേഹത്തിന് പ്രത്യേകം വീക്ഷണവും കാഴ്ചപ്പാടും നല്‍കി.  ഇവ്വിഷയകമായി ഒരു ഉള്‍വാതിലും തുറന്നുകൊടുത്തു. രിസാലത്തുല്‍ മാറദീനിയിലെ ക്രിയാരീതികളോരോന്നും ഗണിതശാസ്ത്ര സങ്കേതങ്ങളുപയോഗിച്ച് അദ്ദേഹം ഉരുത്തിരിച്ചെടുക്കാന്‍ ശ്രമങ്ങളാരംഭിച്ചു.  'റുബുഉല്‍ മുജയ്യബ്' ഉപയോഗിച്ച് രിസാലയുടെ ക്രിയാരീതികള്‍  കണ്ടെത്തുകയും ലളിതമായ ഗണിത ശാസ്ത്ര സങ്കേതങ്ങളുപയോഗിച്ച് അതിനെ പ്രായോഗികമാക്കുകയും ചെയ്തു. ബീജഗണിത ശൈലിക്കു പകരം അങ്കഗണിത ശൈലിയില്‍ രിസാലയുടെ ശൈലിയെ പുനരാവിഷ്‌കരിച്ചു. അങ്ങനെ, ഒടുവില്‍ നിസ്‌കാര സമയങ്ങളും ഖിബ്‌ലയുടെ ദിശയും അറിയാനായി സ്വന്തമായിത്തന്നെ അദ്ദേഹം രിസാല ക്രോഡീകരിച്ചു.

ഗോളശാസ്ത്രത്തില്‍ ശ്രദ്ധേയമായ മൂന്നു രചനകള്‍ നടത്തിയിട്ടുണ്ട് ചാലിലകത്ത്. ഇവയാണത്:
 1. ഹാശിയത്തുന്‍ അലാ രിസാലത്തില്‍ മാറദീനി,
 2. കിത്താബില്‍ ഹിസാബി ഫീ ഇല്‍മില്‍ മിര്‍ഖാത്തി, 
 3. രിസാലത്തുദ്ദഅവാ ഫില്‍ ഖിബ്‌ലത്തി

ചാലിലകത്താനന്തര ഗോളശാസ്ത്ര പഠനങ്ങളില്‍ ഈ ഗ്രന്ഥങ്ങള്‍ ആഴത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പിന്നീട് വന്നവരെല്ലാം ഇതില്‍നിന്നായിരുന്നു ഈ ജ്ഞാന ശാഖയെ പഠിച്ചു തുടങ്ങിയിരുന്നത്. അവ പിന്നീട് പള്ളിദര്‍സുകളിലും ഓത്തുപുരകളിലുമെല്ലാം കാര്യമമായിത്തന്നെ പഠിപ്പിക്കപ്പെട്ടു. വളരെ ശ്രദ്ധയോടെയാണ് ഉസ്താദുമാരും വിദ്യാര്‍ത്ഥികളും ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്.

ഖിബ്‌ലത്തര്‍ക്കം
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍തന്നെ മലബാറിലെ പണ്ഡിതന്മാര്‍ക്കിടയില്‍ ഉയര്‍ന്നുവന്ന ഒരു വിഷയമായിരുന്നു ഖിബ്‌ല തര്‍ക്കം. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയായിരുന്നു ഇതില്‍ ഒരു പക്ഷത്ത്. അദ്ദേഹത്തിന്റെ തന്നെ ഉസ്താദും അന്നത്തെ പ്രഗല്‍ഭ പണ്ഡിതനുമായ തട്ടാങ്ങര കുട്ട്യാമു മുസ്‌ലിയാരും മഖ്ദൂം കുഞ്ഞന്‍ ബാവ മുസ്‌ലിയാരും മറുപക്ഷത്തും. ഗോളശാസ്ത്രത്തില്‍ പ്രാഗല്‍ഭ്യമുള്ള അന്നത്തെ രണ്ടു പണ്ഡിതരായിരുന്നു ഇവര്‍. 

ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി വേലൂരില്‍നിന്നും പഠനം കഴിഞ്ഞ് വരുന്നതോടെയാണ് പ്രശ്‌നം തുടങ്ങുന്നത്. അദ്ദേഹം കേരളത്തില്‍വന്ന് അവിടത്തെ ശൈലിയില്‍ ഇവിടെ ക്ലാസ് ആരംഭിച്ചു. സിലബസില്‍ അവിടത്തെ ഇല്‍മുല്‍ ഫലക്കും ഉള്‍പ്പെടുത്തി. അങ്ങനെ ഗോളശാസ്ത്ര ഗ്രന്ഥങ്ങളും ഗണിത ശാസ്ത്ര ഗ്രന്ഥങ്ങളും അവിടെ പഠിപ്പിക്കപ്പെട്ടു. ഗണിത ശാസ്ത്രമനുസരിച്ച് ഖിബ്‌ല നിര്‍ണയിക്കുന്ന വിദ്യ വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം പുതിയൊരു അറിവായിരുന്നു. ഇത് അവരെ വല്ലാതെ ആകര്‍ഷിച്ചു. താമസിയാതെ, പരീക്ഷണാര്‍ത്ഥം ഈ അറിവ് വെച്ചു പരിസരത്തെ പള്ളികളെയെല്ലാം പരിശോധിച്ചു നോക്കി. നോക്കുമ്പോള്‍ അവയുടെയെല്ലാം ഖിബ്‌ലാ ഡയറക്ഷന്‍ തെറ്റായിരുന്നു. കണക്കനുസരിച്ച് ഒന്നിന്റെയുംതന്നെ ഖിബ്‌ല ശരിയായിരുന്നില്ല. പക്ഷെ, പരമ്പരാഗതമായി വിശ്വസിച്ചു പോരുന്ന കാര്യമായിരുന്നതിനാല്‍ ഇതിനെ ഒറ്റയടിക്ക് തള്ളിപ്പറയരുതെന്ന്     ചാലിലകത്ത് അവരോട് പറയുകയും നമുക്ക് കൂട്ടമായി ഒരു പരിശോധന നടത്തിയ ശേഷം കാര്യം ശരിയാക്കാമെന്നും അദ്ദേഹം അവരോട് പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോടും മലപ്പുറത്തും പല പള്ളികളെയും പരിശോധിക്കുകയുണ്ടായി. കണക്കനുസരിച്ച് അവയുടെയെല്ലാം ഖിബ്‌ല തെറ്റായിരുന്നു. ഇതോടെ, ചാലിലകത്ത് രംഗത്തു വരികയും ഈ കാര്യം എല്ലാവരോടും വിളിച്ചു പറയുകയും ചെയ്തു. അതിനാല്‍, എല്ലാ പള്ളികളും പൊളിച്ച് അവയുടെ ഖിബ്‌ല ശരിയാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. ഇതോടെ, മറ്റു പണ്ഡിതന്മാര്‍ രംഗത്തു വന്നു.  ശബ്ദു കോലാഹലങ്ങളായി. കേരളക്കരയാകെ ഈ വിഷയത്തില്‍ ഇളകി മറിയാന്‍ തുടങ്ങി. പണ്ഡിതന്മാര്‍ ഈ വിഷയത്തില്‍ രണ്ടു ചേരികളിലുമായി അണി നിരന്നു. കുട്ട്യാമു മുസ്‌ലിയാരും കുഞ്ഞന്‍ ബാവ മുസ്‌ലിയാരുമായിരുന്നു എതിര്‍പക്ഷത്തിന് നേതൃത്വം നല്‍കിയിരുന്നത്. ഖിബ്‌ല ഐന്‍, ഖിബ്‌ല ജിഹത്ത് എന്നതായിരുന്നു തര്‍ക്കത്തിന്റെ പ്രധാന വശം.

അന്ന് ഇവ്വിഷയകമായി കേരളത്തില്‍ പലയിടങ്ങളിലായി നിരന്തരം ചര്‍ച്ചകളും സംവാദങ്ങളും നടന്നു. 1910 ഡിസംബര്‍ ഇരുപതിന് പുളിക്കല്‍വെച്ചും ഉഗ്രമായൊരു സമ്മേളനം നടന്നു. ചാലിലകത്ത് ഇതില്‍ ശക്തമായ ഭാഷയില്‍ തന്റെ വാദം അവതരിപ്പിക്കുകയുണ്ടായി. ശേഷം, മാഹിയില്‍ വെച്ചും ഇവ്വിഷയമാെയൊരു സംവാദം നടന്നു. അന്ന് കുട്ട്യാമു മുസ്‌ലിയാര്‍ ഈ ചര്‍ച്ച അവസാനിപ്പിക്കാനായി ഒരു ആശയം പയറ്റി. അദ്ദേഹം ഒരു കടലാസെടുത്തു അതില്‍ ഇങ്ങനെ എഴുതി: ''മലബാറിലെ മുസ്‌ലിംകള്‍ അവരുടെ നാടില്‍നിന്നു പടിഞ്ഞാറോട്ട് തിരിഞ്ഞു നിസ്‌കരിച്ചാല്‍ അവരുടെ നിസ്‌കാരം ശരിയാണ്.'' ശേഷം, ഇതില്‍ ഒപ്പു വെക്കാന്‍ തയ്യാറുള്ളവരോട് ഒപ്പ് വെക്കാന്‍ പറഞ്ഞു. പണ്ഡിതന്മാരെല്ലാം അതില്‍ ഒപ്പു വെച്ചു. ചാലിലകത്തും കൂടെയുണ്ടായിരുന്നു ചെറിയൊരു വിഭാഗവും മാത്രം ഒപ്പു വെച്ചില്ല. ഇതോടെ പൊതുജന മധ്യത്തില്‍ അവരുടെ ശബ്ദം കെട്ടടങ്ങി. ഖിബ്‌ലാ ചര്ച്ച ആളുകള്‍ക്കിടയില്‍ അവസാനിക്കുകയും ചെയ്തു.

ഖിബ്‌ലാ തര്‍ക്കത്തോടെ ഗോളശാസ്ത്ര പഠനങ്ങളില്‍ ചാലിലകത്ത് ഒരു ശ്രദ്ധേയ ബിംബമായി മാറുകയായിരുന്നു. ഈ മേഖലകളില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ വളരെ വലുതുമാണ്. രിസാലത്തുല്‍ മാറദീനിയെ കേരളക്കരക്കു തന്നെ പരിചയപ്പെടുത്തിയത് അദ്ദേഹമായിരുന്നു. കേരളമുസ്‌ലിം ഗോളശാസ്ത്ര ചിന്തകളില്‍ പുതിയൊരു വാതായനമായിരുന്നു ഇതിലൂടെ തുറക്കപ്പെട്ടിരുന്നത്.


ഗാളശാസ്ത്ര പഠനങ്ങള്‍ ചാലിലകത്തിനു ശേഷം
ചാലിലകത്തിനു ശേഷം കേരളത്തില്‍ ഗോളശാസ്ത്ര പഠനങ്ങള്‍ പുതിയൊരു ദിശ തന്നെ സ്വീകരിച്ചുവെന്ന് പറയാവുന്നതാണ്. പില്‍ക്കാലത്ത് അനവധി പണ്ഡിതന്മാര്‍ ഈ മേഖലയിലേക്ക് കടന്നുവരികയും തങ്ങളുടെതായ സംഭാവനകള്‍ ഈ മേഖലയില്‍ അര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ചെറിയ ചെറിയ ധാരാളം രചനകളും ഈ മേഖലയില്‍ ഉയര്‍ന്നുവരികയുണ്ടായി.

കിബ്‌ലാ തര്‍ക്കം സത്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഇവ്വിഷയകമായ ചര്‍ച്ചകളും പഠനങ്ങളും വര്‍ധിക്കാനുള്ള ഒരു ഹേതുവായിരുന്നുവെന്ന് കാണാവുന്നതാണ്. പ്രശ്‌നം നടക്കുന്ന കാലത്തും അതിനു തൊട്ടു പിന്നീടുള്ള കാലത്തുമായി ധാരാളം പുസ്തകങ്ങള്‍ ഈ വിഷയത്തില്‍ വെളിച്ചം കണ്ടു. ഒരു പിടി ലഘുലേഖകളും നോട്ടീസുകളും പുറത്തിറങ്ങി. ഖണ്ഡനങ്ങളും ഖന്ധനത്തിനുള്ള ഖണ്ഡനങ്ങളും ഉണ്ടായി. ചുരുക്കത്തില്‍, എല്ലാവര്‍ക്കുമിടയില്‍ ഇതൊരു വിഷയമായി ഉയര്‍ന്നുവന്നു.

തര്‍ക്ക കാലത്ത് ചാലിലകത്തിനോടൊപ്പം ഉറച്ചു നിന്ന പണ്ഡിതനായിരുന്നു മംഗലാപുരം സ്വദേശി ദെഞ്ചിപ്പാടി സുലൈമാന്‍ മുസ്‌ലിയാര്‍. ചാലിലകത്തിന്റെ ഇഷ്ട ശിഷ്യന്‍ കൂടിയായിരുന്നു ഇദ്ദേഹം. സൂഫിവര്യനായ അദ്ദേഹം കോഴിക്കോട് പുതിയറയിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. പ്രശ്‌നങ്ങള്‍ക്കു ശേഷം ചാലിലകത്തിന്റെ വാദഗതികള്‍ നിരത്തി അദ്ദേഹം ഗോളശാസ്ത്ര സംബന്ധമായി അറബി മലയാളത്തില്‍ മനോഹരമായൊരു പുസ്തകമെഴുതിയിട്ടുണ്ട്. തുഹ്ഫത്തുല്‍ അഹ്ബാബ് എന്നാണ് പേര്. ചാലിലകത്തിന്റെ പക്ഷം മനസ്സിലാക്കാന്‍ വളരെ അനുയോജ്യമായ രചനയാണിത്.

ഗോളശാസ്ത്രത്തില്‍ അവഗാവും പാണ്ഡിത്യമുള്ള മറ്റൊരാളാണ് അഹ്മദ് കോയ ശാലിയാത്തി. ആധുനിക കേരളം കണ്ട ഏറ്റവും വലിയ പ്രതിഭകളിലൊരാളായിരുന്നു അദ്ദേഹം. ഹി: 1302 ല്‍ ചാലിയത്താണ് ജനനം. ഖിബ്‌ലാ തര്‍ക്ക കാലത്ത് ഉണ്ടായിരുന്നുവെങ്കിലും ചെറുപ്പക്കാരനായിരുന്നു. അതുകൊണ്ടുതന്നെ, അതില്‍ ഇടപെട്ടിരുന്നില്ല. അനവധി ഗ്രന്ഥങ്ങളുടെ രചയിതാവായ അദ്ദേഹത്തിന് ഗോളശാസ്ത്രത്തില്‍ വളറെ ശ്രദ്ധേയമായ രണ്ടു രചനകളുണ്ട്. രണ്ടും ഒന്നിനൊന്ന് മെച്ചം നില്‍ക്കുന്ന രചനകളാണ്. ഖീറത്തുല്‍ അദില്ല ഫീ ഹദ്‌യി ഇസ്തിഖ്ബാലില്‍ ഖിബ്‌ല എന്നതാണ് അതിലൊന്ന്. ബിബ്‌ലയുടെയും അതിന്റെ ദിശയുടെയും അതിലേക്കു തിരിയുന്നതിന്റെയുമെല്ലാം പച്ചയായ തെളിവുകള്‍ നിരത്തിയുള്ള അവതരമാണിത്. തഹ്ഖീഖുല്‍ മഖാല്‍ ഫീ മബ്ഹസില്‍ ഇസ്തിഖ്ബാല്‍ എന്നതാണ് മറ്റൊരു കൃതി. ശാലിയാത്തീ കൃതികള്‍ ദര്‍സുകളില്‍ വ്യാപകമായി പഠിപ്പിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ പതിനഞ്ചു ഭാഗങ്ങളുള്ള ജ്യോമട്രി കൃതിയുടെ ഒന്നാം ഭാഗത്തിലെ നാല്‍പത്തിയഞ്ചു അധ്യായങ്ങള്‍ വരെ അന്ന് പഠിപ്പിക്കപ്പെട്ടിരുന്നു. പതിനഞ്ചും ഇരുപതും അധ്യായങ്ങള്‍ ഉപ്പോഴും ചില ദര്‍സുകളില്‍ പഠിപ്പിക്കപ്പെടുന്നുണ്ട്.

നാല്‍പത് വര്‍ഷത്തോളം കാസര്‍കോട് ഖാസിയായിരുന്ന   ഖാസി അബ്ദുല്ല ഹാജി (ഹി: 1261-1337) യും ഗോളശാസ്ത്രമേഖലയില്‍ കാഴ്ചപ്പാടും സംഭാവനയുമുള്ള വ്യക്തിയായിരുന്നു. കാസര്‍കോട് മാലിക്  ദീനാര്‍ പള്ളിക്കടുത്താണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്. പ്രഗല്‍ഭ പണ്ഡിതനും അറബി ഭാഷയില്‍ അവഗാഹമുള്ള ജ്ഞാനിയുമായിരുന്നു അദ്ദേഹം. കേരളത്തില്‍ ഖിബ്‌ല തര്‍ക്കം കത്തി നിന്ന സമയത്ത് പ്രശ്‌നം രമ്യമായി പരിഹരിക്കാനും അതിന് മധ്യസ്ഥം വഹിക്കാനും അധികാരികള്‍ അദ്ദേഹത്തെയാണ് ക്ഷണിച്ചിരുന്നത്.

ചാലിലകത്തിന്റെ ശിഷ്യന്മാരായ ചെറുശേരി അഹ്മദ് കുട്ടി മുസ്‌ലിയാര്‍, ഖുഥുബി മുഹമ്മദ് മുസ്‌ലിയാര്‍, ഉപ്പുങ്ങല്‍ കുഞ്ഞഹമ്മദ് എന്ന ബാപ്പുട്ടി മുസ്‌ലിയാര്‍, ആയഞ്ചേരി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ തുടങ്ങിയവരും ഗോളശാസ്ത്രത്തില്‍ അവഗാഹം നേടിയ പണ്ഡിതരായിരുന്നു. ഗ്രന്ഥ രചനകള്‍ നടത്തിയിട്ടില്ലെങ്കിലും മറ്റു വഴികളുലൂടെ ഈ മേഖലയിലെ അവബോധം അവര്‍ സമൂഹത്തിന് പകര്‍ന്നുനല്‍കുകയുണ്ടായി.

ഹി: 1315 ല്‍ പട്ടിക്കാട് കാടന്‍തൊടിക തറവാട്ടില്‍ കെ.ടി. കുഞ്ഞുമൊയ്തു മൊല്ലയുടെ പുത്രനായി ജനിച്ച കിടങ്ങയം ഇബ്‌റാഹീം മുസ്‌ലിയാരുടെ ശ്രദ്ധേയമായൊരു രചനയാണ് കിതാബുന്‍ ഫില്‍ ബുറൂജി വല്‍ മനാസിലി വ സബ്ഇ സ്സയ്യാറാത്തി എന്നത്. ഗോളശാസ്ത്രമേഖലയിലെ വേറിട്ടൊരു ശൈലിയും സ്വഭാവവും നിലനിറുത്തിയിരുന്ന കൃതിയായിരുന്നു ഇത്. വിവിധ വിഷയങ്ങളില്‍ അനവധി ഗ്രന്ഥങ്ങള്‍ രചിച്ച മഹാനായിരുന്നു അദ്ദേഹം.

ശംസുല്‍ ഉലമ ഇ.കെ. അബൂബക്ര്‍ മുസ്‌ലിയാരും സഹോദരന്‍ ഇ.കെ. ഹസന്‍ മുസ്‌ലിയാരും ഖിബ്‌ലാ നിര്‍ണ്ണയ ശാസ്ത്രത്തില്‍ കഴിവുള്ള ആളുകളായിരുന്നു. പള്ളികളില്‍ പഠിപ്പിക്കപ്പെടുന്ന രിസാലത്തുല്‍ മാറദീനിക്ക് ഒരു വ്യാഖ്യാനം തന്നെ എഴുതിയിട്ടുണ്ട് ശംസുല്‍ ഉലമ. ക്ലാസെടുക്കുമ്പോള്‍ അതൊന്ന് സരളമാക്കിത്തരണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം മാനിച്ചായിരുന്നു  അദ്ദേഹം അതിന് വിശദീകരണവും വ്യാഖ്യാനവും തയ്യാറാക്കി പ്രസിദ്ധീകരിച്ചിരുന്നത്. ഗോളശാസ്ത്രമേഖലയില്‍ അദ്ദേഹത്തിന്റെ പാണ്ഡിത്യമാണ് ഇത് തുറന്നു കാട്ടുന്നത്.

പില്‍ക്കാല പഠഠനങ്ങള്‍
ഗോളശാസ്ത്ര പഠനങ്ങളും ഖിബ്‌ലാ നിര്‍ണയ ജ്ഞാനവും കേരളത്തില്‍നിന്നും വേരറ്റുകൊണ്ടിരിക്കുകയാണെങ്കിലും ഈ അടുത്ത കാലങ്ങളിലും ഈ മേഖലയില്‍ പ്രതീക്ഷകള്‍ നല്‍കുന്ന പഠനങ്ങളും ഗ്രന്ഥരചനകളും ക്ലാസുകള്‍ ഉണ്ടായിട്ടുണ്ട്. വളരെ പരിമിതമായ ആളുകളില്‍ മാത്രമാണ് ഇന്ന് ഈ അറിവ് നിലകൊള്ളുന്നത്. അവരില്‍നിന്നുതന്നെ ഓരോരുത്തരും മരിച്ചുപോകുന്നതിനനുസരിച്ച് ആ ലഭ്യതയും സൗകര്യവും ഇറ്റിറ്റായി തീര്‍ന്നുകൊണ്ടിരിക്കുകയാണ്. 

ഈ മേഖലയില്‍ പ്രാഗല്‍ഭ്യം തെളിയിക്കുകയും ഈയിടെയായി നമുക്ക് നഷ്ടപ്പെടുകയും ചെയ്ത രണ്ടുവ്യക്തികളാണ്   മംഗലാപുരം ഖാസിയായിരുന്ന കോട്ട അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരും കാഞ്ഞങ്ങാട് ഖാസിയായിരുന്ന യു.കെ. ആറ്റക്കോയ തങ്ങളും. ഇല്‍മുല്‍ ഫലകില്‍ വായനയും അനുഭവവും ഉള്ള ആളായിരുന്നു കോട്ട അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍. ഗോളശാസ്ത്ര സംബന്ധമായ പല രചനകളും അദ്ദേഹത്തിന്റെ അടുത്ത് ഉണ്ടായിരുന്നു.

ഗോളശാസ്ത്ര പഠനങ്ങളെ കലക്കി കുടിക്കുകയും അതിന്റെ ആഴങ്ങളിലേക്കിറങ്ങി പവിഴങ്ങളും മുത്തുകളും വാരിയെടുക്കുകയും ചെയ്ത, അസാധാരണമായ ഒരു വ്യക്തിത്വത്തിനുടമയായിരുന്നു യു.കെ. ആറ്റക്കോയ തങ്ങള്‍. കാസര്‍കോട് മഞ്ചേശ്വരം നിവാസിയായിരുന്നു അദ്ദേഹം. വര്‍ഷങ്ങളോളം കാഞ്ഞങ്ങാട് സംയുക്ത ഖാസിയായി സേവനം ചെയ്തിട്ടുണ്ട്. ഇന്ന് കേരളത്തില്‍ വളരെ വിരളമായി മാത്രം കിട്ടുന്ന ആധുനിക ഇല്‍മുല്‍ മീഖാത്തിന്റെ ആചാര്യനായിരുന്നു അദ്ദേഹം. ചാലിലകത്തിന്റെ കൃതികള്‍ അടിസ്ഥാനമാക്കി ആധുനിക ഗണിത ശാസ്ത്രത്തിന്റെ മാര്‍ഗത്തില്‍ അതിനെ പ്രയോഗ വല്‍കരിച്ച കേരളത്തിലെ ആദ്യ പണ്ഡിതന്‍കൂടിയായിരുന്നു തങ്ങള്‍. 

പാദവത്തഫലം (ക്വാഡറന്റ്)  പ്രയോഗിച്ചുകൊണ്ട് നമസ്‌കാര സമയം കണ്ടെത്തുവാനുള്ള രിസാലത്തുല്‍ മാറദീനി എന്ന കൃതിയും അതേ ലക്ഷ്യം ഗണിത രൂപേണ കണ്ടെത്തുവാനുള്ള രിസാലത്തുല്‍ ഹിസാബ് എന്ന കൃതിയുമാണ്   കാലങ്ങളോളം കേരളത്തിലെ ദര്‍സുകളില്‍ പഠിപ്പിക്കപ്പെട്ടിരുന്നത്. രിസാലത്തുല്‍ ഹിസാബിലെ ഗണന മാര്‍ഗം പൗരാണികമാണ്. അക്കങ്ങള്‍ക്കു പകരം അറബി അക്ഷരങ്ങള്‍ (അബ്ജദ്) പ്രയോഗിച്ചുകൊണ്ടുള്ള ഗണന രീതിയാണ് ആ കൃതിയില്‍ സ്വീകരിച്ചിട്ടുള്ളത്. ഇതുവഴി നിസ്‌കാര സമയങ്ങളും ഖിബ്‌ലാ സൂചികയും തയ്യാറാക്കുകയെന്നത് ഇക്കാലത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസമുള്ള കാര്യമാണ്. എന്നാല്‍, ഇതേ മാര്‍ഗം സ്വീകരിച്ചു വളരെ ചെറുപ്പ കാലത്തു തന്നെ നമസ്‌കാര സമയ പട്ടിക തയ്യാറാക്കിയ ആളാണ് യു.കെ. ആറ്റക്കോയ തങ്ങള്‍. കാഞ്ഞങ്ങാട്, കാസര്‍കോട് ഭാഗങ്ങളിലെ പള്ളികളിലെല്ലാം അദ്ദേഹം തയ്യാറാക്കിയ നിസ്‌കാര സമയപ്പട്ടികകള്‍ കാണാവുന്നതാണ്. ശേഷം, ആധുനിക ഗണന മാര്‍ഗമായ ലോഗരിതവും അദ്ദേഹം ഈ മേഖലയില്‍ പ്രയോഗവല്‍കരിച്ചു. അങ്ങനെ വളരെ ലളിതമായിത്തന്നെ നിസ്‌കാര സമയവും ഖിബ്‌ലാനിര്‍ണ്ണയവും സാധ്യാമാക്കാനുള്ള വഴികള്‍ കണ്ടെത്തി. ഈ ആവശ്യാര്‍ത്ഥം മലേഷ്യയിലെ ശൈഖ് മുഹമ്മദ് ഥാഹിറിന്റെ നുഖ്ബത്തുത്തഖ്‌രീറാത്ത് എന്ന അറബി കൃതി ലഭ്യമാക്കുകയും അതുവെച്ചു തന്റെ പഠനങ്ങള്‍ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്തു. മംഗലാപുരം, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള നമസ്‌കാര സമയപ്പട്ടിക അതുവഴി അദ്ദേഹം തയ്യാറാക്കിയിരുന്നു. 2008 ല്‍ ആറ്റക്കോയ തങ്ങള്‍ ഇഹലോക വാസം വെടിഞ്ഞു.

സി.എം. അബ്ദുല്ല മൗലവിയാണ് ഗോളശാസ്ത്ര പഠനങ്ങളുടെ ആകാശവും ഭൂമിയും കീഴടക്കിയ ശ്രദ്ധേയമായ വ്യക്തിത്വം.   ഇല്‍മുല്‍ മീഖാത്തില്‍ യു.കെ. ആറ്റക്കോയ തങ്ങളുടെ ശിശ്യനാണ് അദ്ദേഹം. തന്റെ ഉറ്റ സുഹൃത്തും ഗോളശാസ്ത്ര വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എന്നും കൂടെ നടക്കുകയും ചെയ്തിരുന്ന കണ്ണൂര്‍ പാപ്പിനിശേരി അസ്അദിയ്യ സാരഥി പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാരാണ് ഈ മേഖലയില്‍ ഇന്ന് പ്രശോഭിച്ചു നില്‍ക്കുന്ന  വലിയൊരു വ്യക്തിത്വം. കാലങ്ങളായി കണ്ണൂര്‍ ഭാഗങ്ങളില്‍ പള്ളികള്‍ക്കു ദിശ നിര്‍ണ്ണയിക്കുന്നതും വീടുകള്‍ക്കും പള്ളികള്‍ക്കും കുറ്റിയടിക്കുന്നതും അദ്ദേഹമാണ്. പ്രായോഗിക ലോകത്തോടൊപ്പംതന്നെ ഗോളശാസ്ത്രത്തിലെ ഗ്രന്ഥലോകങ്ങളുടെ ആഴത്തിലേക്കും അദ്ദേഹത്തിന് അദ്ദേഹത്തിന് പരിചയവും അറിവുമുണ്ട്.  സി.എം. ഉസ്താദ് രചിച്ച പല ഗോളശാസ്ത്ര പുസ്തകങ്ങളും ആദ്യ വായന നടത്തിയിരുന്നത് പി.കെ.പി അബ്ദുസ്സലാം ഉസ്താദായിരുന്നു. പി.കെ.പിയുടെ പിതാവും ഈ മേഖലയില്‍ പേര് കേട്ട വ്യക്തിയായിരുന്നു. ഉത്തര മലബാറില്‍ ഇല്‍മുല്‍ ഫലകില്‍ പേര് നേടിയ വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കാലത്ത് കണ്ണൂര്‍ ഭാഗങ്ങളിലെല്ലാം ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നത് അദ്ദേഹമായിരുന്നു.

ഗോളശാസ്ത്രപഠനങ്ങളില്‍ സി.എമ്മിന്റെ ചുവട് 
കേരളമുസ്‌ലിം ചരിത്രത്തില്‍ തുടക്കം മുതല്‍ ഒടുക്കം വരെ നടന്ന ഗോളശാസ്ത്ര പഠനങ്ങളിലേക്കും ഈ മേഖലയിലെ ഗ്രന്ഥരചനകളിലേക്കും ചേര്‍ത്തുനോക്കുമ്പോള്‍ ഗോളശാസ്ത്ര മേഖലയില്‍ സി.എം. ഉസ്താദിന്റെ സംഭാവനകള്‍ അതിമഹത്തരമായി കാണാവുന്നതാണ്. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങി വെച്ച ചിന്തകളുടെ പരിപൂര്‍ത്തീകരണമാണ് സി.എമ്മിലൂടെ നടന്നിരുന്നതെന്ന് കണ്ടെത്താന്‍ സാധിക്കും. ചാലിലകത്തിനു ശേഷം സി.എം ഉസ്താദ് വരെയുള്ള ഏകദേശം ഒരു നൂറ്റാണ്ടു കാലത്തെ (ചാലിലകത്ത് മരണം: 1919, സി.എം മരണം: 2010) കേരളത്തിലെ ഗോളശാസ്ത്ര മേഖലയെടുത്തു പരിശോധിച്ചാല്‍, ഈ മേഖലയില്‍ ഇത്രമാത്രം ആഴത്തില്‍ ചിന്തിക്കുകയും ഇത്രമാത്രം ഗ്രന്ഥങ്ങള്‍ രചിക്കുകയും ഇത്രമാത്രം ലേഖനങ്ങള്‍ എഴുതുകയും ഇത്രമമാതരം പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തുകയും ചെയ്ത ഏക വ്യക്തി സി.എം. ഉസ്താദ് തന്നെയായിരിക്കും. ഈ ഒരു നൂറ്റാണ്ടിനിടക്ക് ഈ മേഖലയില്‍ അനവധി പണ്ഡിതന്മാര്‍ ഗ്രന്ഥരചനകള്‍ നടത്തിയതായി നാം കണ്ടു. എന്നാല്‍, അവയെല്ലാം പരിമിതമായ സ്വഭാവമുള്ളവയായിരുന്നു. തങ്ങളുടെ പല രചനകള്‍ക്കിടയില്‍ ഗോളശാസ്ത്ര സംബന്ധമായ ഒരു ഗ്രന്ഥം എന്ന നിലക്കാണ് അവ ഉണ്ടായിരുന്നത്. എന്നാല്‍, സി.എം. ഒരു തന്റെ ജീവിതത്തിലെ ഒരു കാലം തന്നെ ഗോള ശാസ്ത്ര പഠനങ്ങള്‍ക്കായി  ഉഴിഞ്ഞുവെക്കുകയായിരുന്നു. ആ കാലത്തു ഇതു മാത്രമാണ് ചിന്തിച്ചിരുന്നതും അന്വേഷിച്ചിരുന്നതും. എന്നല്ല, അന്നെല്ലാം ഗോളശാസ്ത്രമെന്നത് നിത്യജീവിതത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു. ഇല്‍മുല്‍ ഫലകിനെ ഹൃദയംകൊണ്ട് ഏറ്റുവാങ്ങിയ കേരള ചരിത്രത്തിലെ തുല്യതയില്ലാത്ത വ്യക്തിയായിരുന്നു സി.എം. അബ്ദുല്ല മൗലവി എന്ന് കണ്ടെത്താനാകും.

ഒരു കാലത്ത് രിസാല, ഖിബ്‌ല എന്നൊക്കെ പറയപ്പെടുമ്പോള്‍ ചാലിലകത്ത് സ്മരിക്കപ്പെട്ടിരുന്നപോലെ ഗോളശാസത്രം, ഇല്‍മുല്‍ ഫലക് എന്നു പറയപ്പെടുമ്പോഴെല്ലാം ഈയടുത്ത കാലങ്ങളില്‍ മുസ്‌ലിം കേരളം സ്മരിച്ചിരുന്നത് ചെമ്പിരിക്ക ഖാസി സി.എം. അബ്ദുല്ല മൗലവിയെയായിരുന്നു. അതുകൊണ്ടുതന്നെ, ഉത്തര മധ്യമ മലബാറുകളില്‍നിന്ന് പുറത്തിറങ്ങിയിരുന്ന സുവനീറുകളിലധികവും ഉസ്താദിന്റെ ഒരു ഗോളശാസ്ത്ര ലേഖനം നിര്‍ബന്ധമായും കാണപ്പെട്ടു. സി.എം ഒരു കാര്യമെഴുതിയാല്‍ അത് ഗോളശാസ്ത്രത്തെക്കുറിച്ചായിരിക്കും എന്നൊരു ധാരണ ഉയരുകയും ചെയ്തു. ചുരുക്കത്തില്‍, ഇല്‍മുല്‍ ഫലക്കിന്റെ ഒരു പര്യായമായി മാറി കേരളമുസ്‌ലിം ചരിത്രത്തില്‍ സി.എം. അബ്ദുലല്ല മൗലവി.

ഇല്‍മുല്‍ഫലകിന്റെ ബാല്യങ്ങളില്‍
ഗോളശാസ്ത്രം സി.എം. ഉസ്താദിന്റെ ഇഷ്ട വിഷയമായിരുന്നു എന്നും. പഠന കാലത്തുതന്നെ ഇതില്‍ താല്‍പര്യം തുടങ്ങിയിട്ടുണ്ട്. ഗണിതത്തിലും സയന്‍സിലുമുള്ള താല്‍പര്യം ആസ്‌ട്രോണമിയില്‍ എത്തിപ്പെടുകയായിരുന്നു. ബുദ്ധിയും ചിന്തയും ഉപയോഗിച്ചുകൊണ്ടുള്ള പഠനങ്ങളായിരുന്നു ഉസ്താദിന് രസം നല്‍കിയിരുന്നത്. ഇസ്‌ലാമിക ഗോളശാസ്ത്രംകൂടി ചേര്‍ത്തുവെച്ചപ്പോള്‍ അത് പുതിയൊരു തലത്തിലേക്ക് എത്തിപ്പെടുകയായിരുന്നു.

ഗോളശാസ്ത്രത്തിലെ പ്രാഥമിക പാഠങ്ങള്‍ സ്‌കൂളില്‍നിന്നും പഠിച്ചു. പള്ളിദര്‍സില്‍ പഠിപ്പിക്കുമ്പോഴാണ് ഇതൊരു വഴിത്തിരിവിലെത്തുന്നതും ആഴത്തിലുള്ള പഠനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതും. കാരണം, അവിടത്തെ പഠനങ്ങള്‍ പരിമിതവും അപര്യപ്തവുമായിരുന്നു. ചഗ്മീനിയും  തസ്‌രീഹുല്‍ അഫ്‌ലാകും രിസാലയും ഉസ്താദ് നല്ലപോലെ വായിച്ചിരുന്നു. സംശയങ്ങള്‍ വരുന്നതിനനുസരിച്ച് ലഭ്യമായ പുസ്തകങ്ങളും കിത്താബുകളും പരിശോധിച്ചിരുന്നു.

ശേഷം, കാഞ്ഞങ്ങാട് ഖാസിയായിരുന്ന യു.കെ. ആറ്റക്കോയ തങ്ങളില്‍നിന്നാണ് ഇവ്വിഷയകമായി ചില ഗ്രന്ഥങ്ങള്‍ ഉസ്താദ് പഠിക്കുന്നത്. അദ്ദേഹം നെല്ലിക്കുന്ന് ദര്‍സില്‍ മുദര്‍രിസായി സേവനം ചെയ്യുന്ന കാലത്തായിരുന്നു ഇത്. അതോടുകൂടി ഖുലാസ്വത്തുല്‍ ഹിസാബ്, ഉഖ്‌ലൈദിസ്, രിസാലത്തുല്‍ ഹിസാബ് തുടങ്ങിയ ഗ്രന്ഥങ്ങള്‍കൂടി പരിചയപ്പെട്ടു. ഖിബ്‌ലാ നിര്‍ണ്ണയത്തെക്കുറിച്ചും ദിശാ നിര്‍ണ്ണയത്തെക്കുറിച്ചും ഗോളങ്ങളെക്കുറിച്ചും അടിസ്ഥാനമായും പഠിച്ചിരിക്കേണ്ട വിഷയങ്ങള്‍ സ്വായത്തമാക്കി. പിന്നീട്, സാഹചര്യവും സമയവും വരുന്നതിനനുസരിച്ച് ആ വിഷയത്തില്‍ കൂടുതല്‍ പഠിക്കുകയും വായിക്കുകയും ചെയ്തു.

അങ്ങനെ, ക്രമേണ ഉസ്താദ് ഗോളശാസ്ത്രത്തിന്റെ ആളായിമാറി. ഗോളശാസ്ത്രത്തില്‍ പ്രാവീണ്യം നേടിയ, അന്ന് ജീവിച്ചിരുന്ന പല പണ്ഡിതരുമായും ഉസ്താദ് സംസാരിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു. യു.കെ. ആറ്റക്കോയ തങ്ങളായിരുന്നു ഇതിലെ വളരെ പ്രധാനപ്പെട്ട ഒരു വ്യക്തി. ഉസ്താദ് പലപ്പോഴും അദ്ദേഹത്തെ കാണുകയും സംസാരിക്കുകയും ചെയ്യുമായിരുന്നു. മുന്‍ മംഗലാപുരം ഖാസിയായിരുന്ന കോട്ട അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരും ഈ വിഷയകമായി ചിന്തിച്ചിരുന്ന ആളായിരുന്നു. അവരുടെ അടുത്തുണ്ടായിരുന്ന ചില റഫന്‍സ് ഗ്രന്ഥങ്ങളും സി.എം. ഉസ്താദിന്റെ പഠനത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.

വിഷയാധിഷ്ഠിതമായി എല്ലാവിധ ബോധവും അറിവും കൈവന്നതോടെ ഖിബ്‌ലാ നിര്‍ണ്ണവും വീടിനും പള്ളിക്കുമുള്ള സ്ഥല നിര്‍ണ്ണയവും കുറ്റിയടിയുമെല്ലാം ഉസ്താദിന്റെ നിത്യതൊഴിലായി മാറി. പിന്നീടത് കാലങ്ങളോളം തുടര്‍ന്നു. ഉത്തര കേരളത്തിലും ദക്ഷിണ കന്നഡയിലുമായി അനവധി സ്ഥലങ്ങളില്‍ ഉസ്താദ് വീടിനും പള്ളിക്കും സ്ഥലനിര്‍ണ്ണയം നടത്തിയിട്ടുണ്ട്. വിവിധയിടങ്ങളില്‍ ഖിബ്‌ലനിര്‍ണ്ണയം ഉസ്താദ് തന്നെയാണ് നടത്തിയിരുന്നത്. ഓരോ ആഴ്ചയിലും ഉസ്താദിന് പല തവണ ഇത്തരം പരിപാടികള്‍ ഉണ്ടാവാറുണ്ടായിരുന്നു. പലപ്പോഴും വിദ്യാര്‍ത്ഥികളെയോ മറ്റു ഉസ്താദുമാരെയോ കൂടെ കൂട്ടിയാണ് ഉസ്താദ് ഇത്തരം കൃത്യങ്ങള്‍ക്ക് പോയിരുന്നത്. അവര്‍ക്ക് ഒരു പ്രേരണയാകാനും ആവശ്യമാകുന്നിടത്ത് അവരുടെ സഹായം ഉപയോഗിക്കാനുമായിരുന്നു ഇത്.

കാലക്രമത്തില്‍, ഉസ്താദ് ഈ വിഷത്തെ കൂടുതലായി പഠിച്ചു. പുതിയ കണ്ടുപിടിത്തങ്ങളും റിസര്‍ച്ചുകളും വായിച്ചറിഞ്ഞു. ഇവ്വിഷയകമായി പുറത്തുവന്ന പല വിധ പുതിയ പുസ്തകങ്ങളും ജേര്‍ണലുകളും വരുത്തിക്കുയും വായിക്കുകയും ചെയ്തു.

എല്ലാംകൂടിയറിഞ്ഞപ്പോള്‍, പഴയ ശൈലികള്‍ക്കു പകരം പുതിയ വഴികളിലൂടെ ഇവയില്‍ പലതും എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുമെന്ന തിരിച്ചറിവില്‍ ഉസ്താദ് വന്നുപെട്ടു. പഠനത്തിന്റെ വെളിച്ചത്തില്‍ പല നിരീക്ഷണങ്ങളും സ്വന്തമായി നടത്താനും തുടങ്ങി. നിരന്തരമായി, ഈ വിഷയത്തില്‍ ചിന്തിച്ചുകൊണ്ടിരുന്നതിനാല്‍ പല വിധ വികാസങ്ങളും തിരിച്ചറിവുകളും  ലഭിച്ചുകൊണ്ടിരുന്നു. ഗോളശാസ്ത്രവിഷയങ്ങളില്‍ ഒരു അല്‍ഭുത പ്രതിഭാസമായി മാറി.

ഖിബ്‌ലാ നിര്‍ണ്ണയം, സ്ഥലനിര്‍ണ്ണയം, ആകാശം, ഭൂമി, ഗോളങ്ങള്‍, സൂര്യന്‍, ചന്ദ്രന്‍, വെയില്‍, നിഴല്‍, നക്ഷത്രങ്ങള്‍ തുടങ്ങിയവയെല്ലാം ഉസ്താദിന്റെ പഠന വിഷയങ്ങളായിരുന്നു. ഗോളശാസ്ത്രമെന്ന് പറയുമ്പോള്‍ ഈ വക കാര്യങ്ങളെല്ലാം അതില്‍ പെടുന്നതായിരുന്നു. ഇവയെ കുറിച്ചെല്ലാം ഉസ്താദിന്റെ പഠനങ്ങളും നരീക്ഷണങ്ങളും കടന്നുപോവുകയും ചെയ്തിരുന്നു.

അവസാന കാലങ്ങളായപ്പോഴേക്കും ഗോളശാസ്ത്ര പഠനങ്ങളില്‍ മുഴുകിയ ഒരു വിദ്യാര്‍ത്ഥിയായി ഉസ്താദ് മാറിക്കഴിഞ്ഞു. നിരന്തരം ആ ചിന്തയും പഠനങ്ങളും ഗവേഷണങ്ങളുമായിരുന്നു. ഖിബ്‌ലാ നിര്‍ണ്ണയവും സ്ഥല നിര്‍ണ്ണയവും നിഴല്‍ നിരീക്ഷണവുമായെല്ലാം ബന്ധപ്പെട്ട് ഉസ്താദിന്റെ അടുത്ത് പലവിധ ഉപകരണങ്ങളുമുണ്ടായിരുന്നു. ഈ ഉപകരണങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ് ഉസ്താദ് തന്റെ നിരീക്ഷണങ്ങള്‍ നടത്തിയിരുന്നത്. തവക്കക്കുപുറമെ ദാഇറത്തുല്‍ ഹിന്ദിയ്യയും മറ്റു പല സാധനങ്ങളും ഉണ്ടായിരുന്നു.

നിരീക്ഷണാലയം
എം.ഐ.സിയില്‍ ഉസ്താദിന്റെ ഓഫീസിനുമുമ്പില്‍ ഉണ്ടാക്കപ്പെട്ട നിരീക്ഷണാലയമാണ് അല്‍ഭുതകരമായ മറ്റൊരു കാഴ്ച. നിഴലും വെയിലും സൂര്യരശ്മികളും നിരീക്ഷണ വിധേയമാക്കാനായി ഉസ്താദ് അവിടെ വലിയൊരു തറ പണികഴിപ്പിച്ചിരുന്നു. പിന്നീട് അതിന്റെ മുകളില്‍വെച്ചാണ് തന്റെ എല്ലാവിധ നിരീക്ഷണങ്ങളും ഉസ്താദ് നടത്തിയിരുന്നത്. 

വല്ല നിരീക്ഷണങ്ങളും ഉദ്ദേശിക്കുന്ന ദിവസങ്ങളില്‍ സൂര്യന്‍ ഉദിച്ച് ഉയരുമ്പോഴേക്ക് ഉസ്താദ് കാമ്പസില്‍ എത്തുമായിരുന്നു. താമസിയാതെ, ബാഗില്‍നിന്നും നിരീക്ഷണ സാമഗ്രികളുമെടുത്ത് ആ തറക്കടുത്ത് വരും. അപ്പോഴേക്കും സൂര്യപ്രകാശം അതില്‍ ശരിക്കും പതിക്കുന്നുണ്ടാകും. പിന്നെ, നിഴലുകളുമായി ബന്ധപ്പെട്ട പല വിധത്തിലുള്ള നിരീക്ഷണങ്ങള്‍ തുടങ്ങുകയായി. ചോക്കും സ്‌കെയ്‌ലും തവക്കയും ദാഇറത്തുല്‍ ഹിന്ദിയ്യയും തുടങ്ങി പല സാധനങ്ങളും ഉസ്താദ് തന്റെ നിരീക്ഷണങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നു. നട്ടുച്ച വെയിലില്‍ വരെ ഉസ്താദ് നിരീക്ഷണങ്ങളുമായി തറക്കടുത്ത് നില്‍ക്കുമായിരുന്നു.

നെറ്റും ഗോളശാസ്ത്ര പഠനവും
കമ്പ്യൂട്ടര്‍ ഉപയോഗവും നെറ്റ് കണക്ഷനുംകൂടി കൈവന്നതോടെ ഉസ്താദിന്റെ ഗോളശാസ്ത്ര പഠനങ്ങളുടെ മേഖല കൂടുതല്‍ വിശാലമായി. ഇതുവരെ മനസ്സില്‍ മാത്രം കണ്ടിരുന്ന പല ആശയങ്ങളും ചിത്രങ്ങളും കൂടുതല്‍ അടുത്ത് അറിയാനും അതുവഴി പഠനം വസ്തുനിഷ്ഠമാക്കാനും സാധിച്ചു.

ഗോളശാസ്ത്രത്തിലെ രചനകള്‍
പണ്ടു മുതലേ ഉസ്താദ് ഗോളശാസ്ത്ര വിഷയകമായി ലേഖനങ്ങള്‍ എഴുതിയിരുന്നു. തന്റെ ചിന്തകള്‍ അതുമായി കെട്ടുപിണഞ്ഞു കിടക്കുന്നതായതിനാല്‍ പലപ്പോഴും അത്തരം ലേഖനങ്ങളാണ് പുറത്തുവന്നിരുന്നത്. ചിലപ്പോള്‍, നീണ്ട നിരീക്ഷണങ്ങളുടെയും അന്വേഷണങ്ങളുടെയും റിസള്‍ട്ടുകളായിരുന്നു ചില ലേഖനങ്ങള്‍. മാസപ്പിറവി എന്ന പേരില്‍ ഉസ്താദ് വളരെ മുമ്പ് എഴുതിയ വിശാലമായൊരു ലേഖനമുണ്ട്. മനോഹരമായി തല്‍വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം സവിസ്തരം പ്രതിപാദിക്കുന്നുണ്ടതില്‍.

അതിനു ശേഷം പല സുവനീറുകളിലും കാസര്‍കോട്ടുനിന്നും ഇറങ്ങുന്ന പല പത്രങ്ങളിലും ഉസ്താദ് ഗോളശാസ്ത്രവുമായി ബന്ധപ്പെട്ട പല പഠനങ്ങളും പ്രസിദ്ധീകരിച്ചിരുന്നു.

ഇതെല്ലാം കഴിഞ്ഞതിനു ശേഷമാണ് ഇവ്വിഷയകമായ ഗ്രന്ഥരചനകളിലേക്ക് ഉസ്താദ് കടന്നുവരുന്നത്. തന്റെ ഇതുമയി ബന്ധപ്പെട്ട പഠനങ്ങളും അന്വേഷണങ്ങളും സമാഹരിക്കലും അതിനൊരു സംഘടിതവും സുരക്ഷിതവുമായ അവസ്ഥ ഉണ്ടാക്കിത്തീര്‍ക്കലുമായിരുന്നു ഇതിലൂടെ ഉസ്താദ് ഉദ്ദേശിച്ചിരുന്നത്. കൂടാതെ, ഇവ്വിഷയകമായി പഠനമാഗ്രഹിക്കുന്നവര്‍ക്ക് ചവിട്ടുപടിയാകാനും തനിക്കു ശേഷം ഈ ജ്ഞാന ശാഖ സംരംക്ഷിക്കപ്പെടാനും എല്ലാം ഉസ്താദ് ഉദ്ദേശിച്ചിരുന്നു.

പ്രധാനമായും അഞ്ചു പുസ്തകങ്ങളാണ് ഗോളശാസ്ത്രവുമായി ബന്ധപ്പെട്ട് ഉസ്താദിന്റെത് പ്രസിദ്ധീകൃതമായി വന്നിട്ടുള്ളത്. ഇവയില്‍ നാലെണ്ണം അറബിയിലും ഒന്ന് ഇംഗ്ലീഷിലുമാണ്. ഇംഗ്ലീഷിലെഴുതിയിട്ടുള്ള പുസ്തകത്തിന് ഉസ്താദ് തയ്യാറാക്കിയിട്ടുള്ള അറബി പതിപ്പും ഇതില്‍ പെടുന്നു. ഗോളശാസ്ത്ര കൃതികള്‍ ഇവയാണ്:

1) ഇല്‍മുല്‍ ഫലക്ക് അലാ ളൗഇ ഇല്‍മില്‍ ഹദീസ്
2) തസ്‌വീദുല്‍ ഫിക്‌രി വല്‍ ഹിമം ഫീ തബ്‌യീനിന്നസബി വ ലോഗാരിതം
3) ഇസ്തിഖ്‌റാജു ഔഖാത്തിസ്സ്വലാത്തി വ സുമൂത്തില്‍ ഖിബ്‌ല  അലാ ഥരീഖി ഹിസാബി ലോഗാരിതം
4) അല്‍ ബൂസ്വിലത്തുല്‍ മിഗ്നാഥീസ്വിയ്യ: വന്‍ ഹിറാഫുഹാ അനില്‍ ജിഹത്തില്‍ അസ്‌ലിയ്യ:
5) മാഗ്നറ്റിക് കോംപസ് ആന്റ് ഇറ്റ്‌സ് ഡെക്ലിനേഷന്‍ ഫ്രം സ്റ്റാന്റേര്‍ഡ് ഡയറക്ഷന്‍

ഇതില്‍ ഒന്നാമത്തെ ഇല്‍മുല്‍ ഫലക്ക് അലാ ളൗഇ ഇല്‍മില്‍ ഹദീസ് എന്ന കൃതി ഗോളശാസ്ത്രത്തെക്കുറിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്ന തുടക്കക്കാര്‍ക്കുള്ളതാണ്. ആധുനിക ശാസ്ത്ര നിഗമങ്ങളുടെ വെളിച്ചത്തില്‍ ഗോളശാസ്ത്രം എന്താണ് എന്നാണ് ഇതില്‍ വിവരിക്കുന്നത്. തുടക്കക്കാര്‍ക്കായതുകൊണ്ടുതന്നെ വിശാലമായ പഠനങ്ങളിലേക്ക് കടന്നുപോയി കണക്കും കാര്യവും നിരത്തിക്കൊണ്ടുള്ള അന്വേഷണം ഇതിലില്ല. അക്കാര്യം ഉസ്താദ് പുസ്തകത്തിന്റെ ആമുഖത്തില്‍തന്നെ സൂചിപ്പിച്ചിട്ടുണ്ട്.  ദര്‍സുകളിലെയും അറബിക്‌കോളേജുകളിലെയും ഗോളശാസ്ത്രം പഠിച്ചുതുടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി തയ്യാറാക്കപ്പെട്ടിട്ടുള്ളതാണ് ഇതെന്ന് അവിടെ പറയുന്നു. അതിനാല്‍, വിശാല പഠനവും ഗഹനമായ അന്വേഷണവും ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു ചവിട്ടുപടിയായി മനസ്സിലാക്കാവുന്നതാണ്.

പ്രപഞ്ചം എന്ന ഒരു വിഷയത്തെ പുരസ്‌കരിച്ചുകൊണ്ടുള്ളതാണ് ഈ പുസ്തകം. ഗോളങ്ങളും ഗ്രഹങ്ങളും സൂര്യനും ചന്ദ്രനും എല്ലാമാണ് ഇതില്‍ ചര്‍ച്ചാവിഷയം.

ഇത് ഒന്നാം ഭാഗമാണെന്നും ഇതിനെ തുടര്‍ന്ന് ഭൂമിയെയും ആകാശത്തെയും വിശദമായി പ്രതിപാദിക്കുന്ന രണ്ടാം ഭാഗം പുറത്തിറങ്ങുമെന്നും ഉസ്താദ് സൂചിപ്പിച്ചിണ്ട്. കൂടാതെ, ഈ പുസ്തകം തയ്യാറാക്കാന്‍ സഹായ സഹകരങ്ങള്‍ നല്‍കിയവര്‍ക്ക് നന്ദി പറഞ്ഞ കൂട്ടത്തില്‍ കോട്ട അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരെയും പരാമര്‍ശിച്ചിരിക്കുന്നു. ഈ പുസ്തകമെഴുതാന്‍ എല്ലാവിധ സ്രോതസുകളും നല്‍കിയിരുന്നത് അവരാണെന്നാണ് സൂചിപ്പിക്കുന്നത്.

ഈ പുസ്തകത്തിന്റെ രണ്ടാം ഭാഗവും ഉസ്താദ് എഴുതി വെച്ചിട്ടുണ്ട്. പുസ്തകമായി പ്രിന്റ് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ടൈപ്പ് ചെയ്ത് ഉസ്താദ് അത് സൂക്ഷിച്ചിരുന്നു. താമസിയാതെ അതും പ്രിന്റ് ചെയ്യണമെന്നായിരുന്നു ആഗ്രഹം.

തസ്‌വീദുല്‍ ഫിക്‌രി വല്‍ ഹിമം ഫീ തബ്‌യീനിന്നസബി വ ലോഗാരിതം എന്നതാണ് രണ്ടാമത്തെ പുസ്തകം. റേഷ്യോകളെക്കുറിച്ചും വര്‍ഗമാന സംഖ്യകളെക്കുറിച്ചും പ്രതിപാദിക്കുന്ന കൃതിയാണിത്. ഗോളശാസ്ത്രവുമായി ബന്ധപ്പെട്ട പഠനത്തില്‍ വരുന്ന കുരുക്കുകളഴിയാത്ത ഗണിതങ്ങളുടെ കുരുക്കുകളഴിക്കുന്ന വഴികളാണ് ഇതില്‍ വിവരിക്കുന്നത്.

വളരെ മുമ്പ് എഴുതിവെച്ച പുസ്തകമാണിത്. ഹി: 1382 റമളാന്‍ മാസത്തിലാണ് ഇതിന്റെ പണി പൂര്‍ത്തിയായതെന്ന് പുസ്തകത്തിന്റെ അവസാനത്തില്‍ ഉസ്താദ് സൂചിപ്പിക്കുന്നുണ്ട്.

ലോഗരിതത്തെ അടിസ്ഥാനമാക്കി ഖിബ്‌ലനിര്‍ണ്ണയവും നിസ്‌കാരത്തിന്റെ സമയവും എങ്ങനെ മനസ്സിലാക്കിയെടുക്കാം എന്ന ചര്‍ച്ചയാണ് ഇസ്തിഖ്‌റാജു ഔഖാത്തിസ്സ്വലാത്തി വ സുമൂത്തില്‍ ഖിബ്‌ല  അലാ ഥരീഖി ഹിസാബി ലോഗാരിതം എന്ന പസ്തകത്തില്‍ കടന്നുവരുന്നത്. ലോഗരിതത്തില്‍ കഴിവുള്ള ആളുകള്‍ക്ക് വളരെ സരളമായി ചെയ്യാവുന്ന പണിയാണ് ഇതെന്ന്് ആമുഖത്തില്‍ ഉസ്താദ് സൂചിപ്പിക്കുന്നു.

അല്‍ ബൂസ്വിലത്തുല്‍ മിഗ്നാഥീസ്വിയ്യ: വന്‍ ഹിറാഫുഹാ അനില്‍ ജിഹത്തില്‍ അസ്‌ലിയ്യ: എന്ന സ്വന്തം പുസ്തകത്തിന് സ്വന്തമായിത്തന്നെ തയ്യാറാക്കിയ ഇംഗ്ലീഷ് പതിപ്പാണ് മാഗ്നറ്റിക് കോംപസ് ആന്റ് ഇറ്റ്‌സ് ഡെക്ലിനേഷന്‍ ഫ്രം സ്റ്റാന്റേര്‍ഡ് ഡയറക്ഷന്‍ എന്നത്. ഉസ്താദിന്റെ ഇംഗ്ലീഷ് ഭാഷയില്‍ വന്നിട്ടുള്ള പ്രഥമ രചനയാണിത്. 2008 ല്‍ പുറത്തിറങ്ങിയിട്ടുള്ള ഈ കൃതി പ്രസിദ്ധീകരിച്ചിട്ടുള്ളത് ചെമ്പിരിക്ക ഖാസി സി. മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ ട്രസ്റ്റാണ്.

കാന്തിക-ദിക്ക് സൂചികയും യഥാര്‍ത്ഥ ദിക്കുകളില്‍നിന്ന് അതിനുള്ള വ്യതിയാനവും എന്നതാണ് ഈ പുസ്തകത്തിലെ ചര്‍ച്ചാവിഷയം. കാന്തിക ദിക്ക് സൂചിക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് തവക്കയാണ്. തവക്കക്ക് സാധാരണ ഗതിയില്‍ വടക്ക് നോക്കി എന്ന് പറയാറുണ്ട്. എന്നാല്‍, ഈ പ്രയോഗം ശരിയായ ആശയം മനസ്സിലാക്കിയതിന് ശേഷം മാത്രമേ പ്രയോഗിക്കാവൂ എന്നാണ് ഇതില്‍ പറയുന്നത്. കാരണം, പലരും ധരിച്ചുവെച്ചപോലെ ഭൂമിയുടെ ഭൂമിശാസ്ത്ര പരമായ വടക്കു തെക്ക് അല്ല ഇത് കാണിക്കുന്നത്. മറിച്ച്, ഭൂമിയുടെ കാന്തിക വടക്ക് ആണ്. ഇതാവട്ടെ, ഭൂമിശാസ്ത്രപരമായ ദിക്കുകളില്‍നിന്നും പലപ്പോഴും  വ്യത്യസ്തമായിട്ടാണ് വരുന്നത്. മാത്രവുമല്ല, ഇത് പല സ്ഥലങ്ങളിലും തുല്യമായിക്കൊള്ളണമെന്നുമില്ല.

കൂടാതെ, ഈ വ്യത്യാസങ്ങള്‍ എങ്ങനെ വരുന്നുവെന്നും  മാഗ്നറ്റിക് കോംപസിന്റെ ചരിത്രം എന്താണ് എന്നും ദിക്കുകള്‍ കണ്ടുപിടിക്കാന്‍ മറ്റുവല്ല മാര്‍ഗങ്ങളുമുണ്ടോയെന്നും കാന്തിക സൂചിക്കുള്ള വ്യത്യാസം എങ്ങനെ കണ്ടുപിടിക്കാം എന്നും എല്ലാം ഈ പുസ്തകം സവിസ്തരം ചര്‍ച്ച ചെയ്യുന്നു.

ഗോളശാസ്ത്രവുമായി ബന്ധപ്പെട്ട് അവസാനകാലങ്ങളില്‍ ഉസ്താദ് ധാരാളം ലേഖനങ്ങളുമെഴുതിയിരുന്നു. പല മാഗസിനുകളിലും അവ പ്രസിദ്ധീകരിച്ചുവരികയുണ്ടായി. 
 1) മാഗ്നറ്റിക് കോംപസും ഖിബ്‌ലാ നിര്‍ണ്ണയവും 
 2) ഇസ്‌ലാമിക ഗോളശാസ്ത്രം 
 3) ജ്യോതിശാസ്ത്രവും ജ്യോതിഷവും
 4) എങ്ങോട്ടു നോക്കിയാലും ഖിബ്‌ല തന്നെ
 5) സമയം, അതിന്റെ ഭാഗങ്ങള്‍, നിസ്‌കാര സമയങ്ങള്‍
 6) ഖിബ്‌ല കണ്ടെത്താനുള്ള വിവിധ വഴികള്‍
 7) മാസപ്പിറവി
തുടങ്ങിയവ അതില്‍ ചിലതാണ്.

തന്റെ ഈ ജ്ഞാന പാരമ്പര്യത്തെ സംരക്ഷിച്ചുനിര്‍ത്താന്‍ ഉസ്താദിന് നല്ല ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, ദാറുല്‍ ഇര്‍ശാദ് അക്കാദമിയിലെയും അര്‍ശദുല്‍ ഉലൂം മുഥവ്വല്‍ കോളേജിലെയും വിദ്യാര്‍ത്ഥികളെ ഒരുമിച്ചിരുത്തി ഉസ്താദ് അവര്‍ക്ക് കുറേ കാലം ഗോളശാസ്ത്രം ക്ലാസ് എടുത്തിരുന്നു. പിന്നീട് രോഗവും ക്ഷീണവും വന്നതോടെ അത് നിന്നുപോവുകയായിരുന്നു.

ഉസ്താദിന്റെ പഠന കാലത്തെ നോട്ടു പുസ്തകങ്ങളെടുത്തു പരിശോധിച്ചുനോക്കിയാല്‍ അതില്‍ പല ഭാഗങ്ങളിലും ഗോള ശാസ്ത്ര സംബന്ധിയായ കണക്കുകളും രേഖകളും കുറിപ്പുകളും കാണാവുന്നതാണ്. കാസര്‍കോടിന്റെയും കണ്ണൂരിന്റെയും കോഴിക്കോടിന്റെയുമെല്ലാം നിസ്‌കാര സമയപ്പട്ടികയും ചാര്‍ട്ടുകളും മനോഹരമായി സംവിധാനിച്ചു വെച്ചതും കാണാന്‍ സാധിക്കുന്നു. രിസാലത്തുല്‍ മാറദീനിയുടെയോ അതിന്റെ വ്യാഖ്യാനത്തിന്റെയോ ആയ അറബിയിലുള്ള ഒരു കയ്യെഴുത്തു പ്രതിയും  ഉസ്താദിന്റെ രേഖകളിലുണ്ടായിരുന്നു. പഠിക്കുന്ന കാലത്തുതന്നെ ഗോളശാസ്രത്ര പഠനങ്ങളില്‍ താല്‍പര്യവും അവ്വിഷയകമായ ചിന്തകളും ഉണ്ടായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. എന്നാല്‍, ചില കാലങ്ങള്‍ നോക്കുമ്പോള്‍ ഗോളശാസ്ത്രപരമായി ഉസ്താദ് തീരെ  ചിന്തിക്കുകയോ എഴുതുകയോ ചെയ്തിട്ടില്ലാ എന്നു തോന്നിക്കുന്ന കാലവും കാണാന്‍ സാധിക്കുന്നു. ചരിത്രവുമായി ബന്ധപ്പെട്ടതോ സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ടതോ ആയ ലേഖനങ്ങളാണ് ചില നീണ്ട കാലങ്ങളില്‍ ഉസ്താദിന്റെതായി കാണാന്‍ സാധിക്കുന്നത്.

ഏതായാലും ഗോളശാസ്ത്ര -ഖിബ്‌ല നിര്‍ണയ ശാസ്ത്ര മേഖലയില്‍ ഉസ്താദ് കുറിച്ചിട്ട ചിന്തകള്‍ തീര്‍ത്തും ചിന്തോദ്ധീപകവും പഠനാര്‍ഹവുമായിരുന്നു. കേരളമുസ്‌ലിം ചരിത്രത്തില്‍ വളരെ ശ്രദ്ധേയമായ ഒരു പങ്കുതന്നെ അത് വഹിക്കുന്നുണ്ട്. ഭാവിയില്‍ ഈ മേഖലയിലേക്കു കടന്നുവരാനുദ്ദേശിക്കുന്നവര്‍ക്കും ഈ വിഷയത്തില്‍ ആഴത്തിലുള്ള റിസര്‍ച്ചുകള്‍ നടത്തുന്നവര്‍ക്കും വലിയൊരു സ്രോതസ് തന്നെയാണ് ഉസ്താദിന്റെ രചനകള്‍.


No comments:

Post a Comment