Friday, May 11, 2012

കേരളത്തിലെ നേര്‍ച്ചകളും നാട്ടുമൗലിദുകളും


   സയ്യിദ് അലവിതങളുടെ ആശീര്‍വാദപ്രകാരം ആരംഭിച്ചതോ, ഏതെങ്കിലും  വിധേന അദ്ധേഹവുമായി ബന്ധപ്പെട്ട്കിടക്കുന്നതോ, പില്‍ക്കാലത്ത് അവരുടെ നാമധേയത്തില്‍ തുടങ്ങിയതോ അവരിലേക്ക് ചേര്‍ത്തി പറയപ്പെടുന്നതോ ആയ അനവധി നേര്‍ച്ചകളും നാട്ടുമൗലിദുകളുമുണ്ട്. മലബാറിന്റെ വിവിധ ഭാഗങ്ഹളില്‍ ഇന്നും ഇവ നിലനില്‍ക്കുന്നു. തന്ങന്മാര്‍കാരണം ഇസ്‌ലാം മതാശ്‌ളേഷം സാധ്യമായ വിശ്വാസികള്‍ക്ക് എന്നും ഇവ ആത്മയ സ്‌റോതസുകളാണ്.  തീരദേശങ്ങളില്‍നിന്നും ഉള്‍പ്രദേശങ്ങളിലേക്ക് കുടിയേറിയ മാപ്പിളമാരുടെ ആത്മീയ പിന്‍ബലമായിരുന്നുവല്ലോ മമ്പുറം തങ്ങന്മാര്‍. മലപ്പുറം ജില്ലയുടെ  വ്യത്യസ്ത ഭാഗങ്ങളില്‍ വര്‍ഷംപ്രതി നടന്നുവരുന്ന പല നേര്‍ച്ചകളുടെയും മൗലിദുകളുടെയും വേര് തേടുമ്പോള്‍ മമ്പുറം തങ്ങളുമായുള്ള ബന്ധം വ്യക്തമാകുന്നു. മുസ്‌ലിംകളില്‍ മാത്രമല്ല, മുസ്‌ലിമേതരിലും മതസഹിഷ്ണുതയുടെ മറ്റുചില ചിഹ്നങ്ങളുണ്ടെന്നതാണ് ചരിത്രം.
    മണ്‍മറഞ്ഞുപോയ മഹത്തുക്കളുടെ സ്മരണകള്‍ നിലനിര്‍ത്തുന്നതിന് സംഘടിപ്പിക്കപ്പെടുന്ന ചടങ്ങുകളാണല്ലോ നേര്‍ച്ചകള്‍. പുണ്യാത്മാക്കളുടെ മഖാമായി ബന്ധപ്പെട്ടും അല്ലാതെയും ഇവ നടത്തപ്പെടുന്നു.
    ഔലിയാക്കള്‍, ശുഹദാക്കള്‍, സൂഫികള്‍ തുടങ്ങിയവരുടെ പേരിലാണ് ഇവ ഉണ്ടാകുന്നത്. പള്ളികളിലും വീടുകളിലും ഇതിന്റെ ചടങ്ങുകള്‍ നടക്കുന്നു. ഖുര്‍ആന്‍ പാരായണം, മൗലിദ് പാരായണം, ദിക്ര്‍ ഹല്‍ഖ,      മതപ്രഭാഷണം, അന്നദാനം തുടങ്ങിയവയാണ് പ്രധാന പരിപാടികള്‍. ഇസ് ലാമികമായ അതിര്‍വരമ്പിനുള്ളില്‍  നിന്നും പുറത്തുകടക്കാത്തിടത്തോളംകാലം ഇവ അനുവദിക്കപ്പെട്ടതാണ്. നബിമാരെ സ്മരിക്കല്‍ ആരാധനയും മഹത്തുക്കളെ സ്മരിക്കല്‍ പാപമോചനവുമാണെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ടല്ലോ.
    വര്‍ഷത്തിലൊരിക്കലാണ് സാധാരണയായി നേര്‍ച്ചകള്‍ സംഘടിപ്പിക്കപ്പെടുന്നത്. അതിനാല്‍ ഇവ ആണ്ടുകള്‍ എന്നും ആണ്ടുനേര്‍ച്ചകള്‍ എന്നും വിളിക്കപ്പെടുന്നു. ഇവയുടെ തന്നെ പ്രകടരൂപങ്ങളാണ് ഉറൂസുകള്‍. പള്ളികളും മഖാമുകളുമായി ബന്ധപ്പെട്ടാകുമ്പോള്‍ ഈ പേര് കൂടുതല്‍ പ്രസക്തമാകുന്നു.  മണവാളന്‍ എന്നാണ് ഉറൂസ് എന്ന പദത്തിന് അര്‍ത്ഥം. വിരുന്ന് എന്ന അര്‍ത്ഥവും പറയപ്പെടാറുണ്ട്. സുകൃതം ചെയ്ത ആളുകള്‍ അന്ത്യദിനം വരെ ഖബ്‌റില്‍ മണവാളന്മാരെപ്പോലെ സുഖസുന്ദരമായി അന്തിയുറങ്ങുമെന്ന ഇസ് ലാമിക സങ്കല്‍പമാണ് ഇതിനു പിന്നിലുള്ളത്. ചടങ്ങുകളില്‍ പങ്കെടുക്കാനെത്തുന്ന വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇവ ആത്മീയ വിരുന്നുകള്‍ കൂടിയാണ്.
    നേര്‍ച്ചകള്‍ കാവലും രക്ഷയുമാണ്. മനുഷ്യര്‍ക്കും വീടുകള്‍ക്കും നാടുകള്‍ക്കും കവചമായി അവ നിലകൊള്ളുന്നു. മഹത്തുക്കള്‍ പരലോകം പ്രാപിച്ചാലും ആത്മീയമായി നമ്മെ നിയന്ത്രിക്കിമെന്നുള്ളതാണ്. നാം അവരെ സ്മരിക്കുമ്പോള്‍, അവര്‍ കാരണമായി അല്ലാഹു നമുക്ക് പലവിധ സഹായങ്ങളും എത്തിക്കുന്നു. നിശ്ചയം അല്ലാഹുവിന്റെ ഇഷ്ടദാസന്മാര്‍ നിര്‍ഭയരും ദുഖരഹിതരുമാണെന്ന് വിശുദ്ധഖുര്‍ആന്‍ പറടയുന്നുണ്ടല്ലോ.


മുട്ടിച്ചിറ നേര്‍ച്ച
    മലപ്പുറം ജില്ലയിലെ മൂന്നിയൂര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ചരിത്ര  പ്രാധാന്യമുള്ള പ്രദേശമാണ് മുട്ടിച്ചിറ. മണ്ണൂര്‍, മൂന്നിയൂര്‍, മിട്ടിയറ തുടങ്ങിയ നാമങ്ങളില്‍ ഇത് ചരിത്രത്തില്‍ വിളിക്കപ്പെടുന്നു. 1841 നവംബര്‍ 17 നാണ് ഇവിടെ മുസ് ലിംകളും ജന്മി-ബ്രിട്ടീഷ് കൂട്ടായ്മയും തമ്മില്‍ പോരാട്ടം നടന്നത്. സയ്യിദ് അലവി തങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഇതിന്റെ സ്മരണയെന്നോണം പതിറ്റാണ്ടുകളായി, ഇന്നും ഇവിടെ നേര്‍ച്ച നടന്നു വരുന്നുണ്ട്.
    ശവ്വാല്‍ മാസം ആറിനാണ് മുട്ടിച്ചിറ നേര്‍ച്ച നടക്കുന്നത്. പ്രധാനമായും വൈകുന്നേരവും രാത്രിയുമാണ് പരിപാടി. ശുഹദാക്കളുടെ നേര്‍ച്ച എന്ന പേരില്‍ ഇത് അറിയപ്പെടുന്നു.
    പത്തിരിവരവാണ് നേര്‍ച്ചയിലെ പ്രധാനയിനം. നാടിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ പത്തിരി തയ്യാറാക്കി പള്ളിയില്‍ കൊണ്ടു വരുന്നു. മുസ് ലിംകളും ഹൈന്ദവ സുഹൃത്തുക്കളും ഇത് ചെയ്യുന്നുണ്ട്. ശുഹദാക്കളുടെ എണ്ണം പരിഗണിച്ച് പതിനൊന്ന് പത്തിരിയാണ് ആദ്യകാലം മുതലേ ഓരോ കുടുംബവും കൊണ്ടുവന്നിരുന്നത്. കൂടെ തേങ്ങ പൂണ്ട് കഷ്ണിച്ചതും ഉണ്ടാകുമായിരുന്നു. പള്ളിയിലെത്തുന്ന പത്തിരി വരുന്നവര്‍ക്കിടയില്‍ തന്നെ വിതരണം ചെയ്യാറാണ് പതിവ്. ചിലര്‍ ചന്ദനത്തിരി, തീപ്പെട്ടി, ബീഡിക്കെട്ട് തുടങ്ങിയവ കൊണ്ടുവരുന്നു. രാത്രി ഇശാഅ#് വരെയാണ് ഇതിന്റെ സമയം. അതുകഴിഞ്ഞാല്‍ മൗലിദ് പാരായണമാണ്.
    ആദ്യകാലങ്ങളില്‍ കേമമായിത്തന്നെ നേര്‍ച്ച പരിപാടികള്‍ നടന്നിരുന്നു. വന്‍ജനാവലിയാണ് അന്ന് പങ്കെടുത്തിരുന്നത്. ജനബാഹുല്യം കാരണം വാഹനത്തിന്റെ സഹായത്താലായിരുന്നുവത്രെ ഭക്ഷണം വിതരണം ചെയ്തിരുന്നത്. ഇന്ന് ഇവയിലെല്ലാം ഒരുപാട് മാറ്റങ്ങളുണ്ടായിട്ടുണ്ട്.
    കാലങ്ങളായി നേര്‍ച്ചയോടനുബന്ധിച്ച് അരിവിതരണം നടന്നുവരുന്നു. മുട്ടിച്ചിറ മഹല്ലിലെന്ന പോലെ പുറത്തും ഇത് നല്‍കുന്നുണ്ട്. മുസ് ലിംകളെന്ന പോലെ ഹൈന്ദവ സുഹൃത്തുക്കളും ഇത് സ്വീകരിക്കുന്നു. നേര്‍ച്ചയുടെ ദിവസം ലഭിക്കുന്ന പണം വരുന്നവര്‍ക്കിടയില്‍ത്തന്നെ വിതരണം ചെയ്യാറാണ് പതിവ്. ഒരു വിഹിതം നിര്‍ധനരെ സഹായിക്കാനും ഭവനരഹിതര്‍ക്ക് ഭവനങ്ങളുണ്ടാക്കാനും നീക്കിവെക്കാറുണ്ട്. മഖാമിനുമുമ്പിലൂടെ വാഹനത്തില്‍ പോകുന്നവര്‍ മുട്ടിച്ചിറ പള്ളിക്കുമുമ്പില്‍ സ്ഥാപിച്ച ഭണ്ഡാരത്തിലേക്ക് പണമെറിയുന്ന പതിവുണ്ട്. ഇങ്ങനെ ലഭിക്കുന്ന പണം പള്ളിയുടെ നടത്തിപ്പിനും ദര്‍സ് ആവശ്യങ്ങള്‍ക്കുമാണ് വിനിയോഗിക്കുന്നത്. ഏറെ വ്യവസ്ഥാപിതവും വികസിതവുമായ രീതിയിലാണ് ഇന്ന് നേര്‍ച്ച നടക്കുന്നത്. ഇന്ന് ഇരുപത്തഞ്ചോളം പോത്തുകളെ ഇവിടെ വര്‍ഷംപ്രതി അറുക്കുന്നുണ്ട്.


 ചേറൂര്‍ നേര്‍ച്ച
    സയ്യിദ് അലവി തങ്ങള്‍ നേരില്‍ പങ്കെടുത്ത സമരമാണ് ചേരൂര്‍ സമരം. ചെമ്മാടിനും മമ്പുറത്തിനുമിടയില്‍ നഗരത്തോടു ചേര്‍ന്നാണ് ഇതില്‍ കൊല്ലപ്പെട്ട മുസ് ലിംകളെ മറമാടിയിരിക്കുന്നത്.
    ബ്രിട്ടീഷുകാര്‍ നാടുവാണിരുന്ന കാലത്ത് ഈ പ്രദേശത്തായിരുന്നു ഇവരുടെ സൈനിക താവളം. അത്‌കൊണ്ടുതന്നെ, ചേരൂരില്‍നിന്നും ശുഹദാക്കളെ ഇവിടെ കൊണ്ടുവന്ന് കുഴിച്ചുമൂടുകയായിരുന്നു .അന്ന് മാപ്പിളമാരില്‍ ഒരാളെയും അതിനടുത്തേക്ക് അടുക്കാന്‍ പോലും അനുവദിച്ചിരുന്നില്ല. അവരുടെ മഖ്ബറ സന്ദര്‍ശിച്ച് ബാക്കിയുള്ളവര്‍ കരുത്തും സ്ഥൈര്യവും സംഭരിച്ചേക്കുമോ എന്ന ഭീതിയായിരുന്നു അവര്‍ക്ക്.
    ബ്രിട്ടീഷുകാര്‍ പടിയിറങ്ങിയതോടെ ചേരൂര്‍ ശുഹദാക്കളുടെ മഖ്ബറ ആളുകളുടെ സന്ദര്‍ശന കേന്ദ്രമായി. റമദാന്‍ 28 നാണ് ഇവിടെ നേര്‍ച്ച നടക്കുന്നത്. ആദ്യകാലം മുതലേ ചെമ്മാട് പഴയ പള്ളിയിലും മമ്പുറത്തും ഇത് നടന്നുവന്നിരുന്നു. ചേരൂര്‍ ശുഹദാക്കളെതക്കുറിച്ച് വിരചിതമായ മൗലിദാണ് അന്ന് പാരായണം ചെയ്തിരുന്നത്. അന്നൊക്കെ തറാവീഹിനുശേഷമായിരുന്നു ചടങ്ങ്.
    ചെമ്മാട് മഞ്ഞമ്മാട്ടില്‍ തറവാട്ടുകാരാണ് ഇന്ന് ചേരൂര്‍ ശുഹദാക്കളുടെ നേര്‍ച്ച നടത്തി വരുന്നത്. അവരുടെ തറവാട്ടുവളപ്പിലാണ് ഇന്ന് മഖ്ബറ സ്ഥിതി ചെയ്യുന്നത്. അവരുടെ ഉപ്പാപ്പമാരിലൊരാളായിരുന്ന മഞ്ഞമ്മാട്ടില്‍ കുഞ്ഞിമൊയ്തീനെ ബ്രിട്ടീഷുകാര്‍ അറസ്റ്റ് ചെയ്യാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു.
    വൈകുന്നേരസമയത്താണ് ഇന്നവിടെ നേര്‍ച്ച നടക്കുന്നത്. പ്രധാനമായും മൗലിദ് പാരായണവും അന്നദാനവുമാണ്. ഇറച്ചിയും പത്തിരിയുമാണ് ഇവിടത്തെ വിഭവം. വരുന്ന ആളുകള്‍ നേര്‍ച്ചാസാധനങ്ങള്‍ കൊണ്ടുവരുന്നു.
    ശൂഹദാക്കള്‍ വധിക്കപ്പെട്ട യധാര്‍ഥ സ്ഥലമായ ചേരൂരില്‍ വെച്ചും ഇതേദിവസം തന്നെ നേര്‍ച്ച നടന്നുവരുണ്ട്. തല്‍സ്ഥാനത്ത് ഇന്ന് പള്ളി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.

താനൂര്‍ മൗലിദ്
    ഒരു നൂറ്റാണ്ടിലേറെയായി തീരദേശ പ്രദേശമായ താനൂര്‍ ഭാഗങ്ങളില്‍ നടന്നുവരുന്ന നാട്ടുമൗലിദ് പ്രസിദ്ധമാണ്. മമ്പുറം സയ്യിദ് അലവി തങ്ങളുടെ കാലത്താണ് ഇതിന്റെ തുടക്കം. ഇന്നും വ്യവസ്ഥാപിതമായി നടന്നുവരുന്നു.
    തീരദേശങ്ങളില്‍ മുമ്പ്കാലത്ത് കൂടുതലും ഓല മേഞ്ഞ വീടുകളാണ് ഉണ്ടായിരുന്നത്. അന്ന് ഇടക്കിടെ ഇവിടെ അഗ്നിബാധ ഉണ്ടാവാറുണ്ടായിരുന്നുവത്രെ. ഇതൊരു പ്രശ്‌നമായി മാറിയപ്പോള്‍ താനൂര്‍ നിവാസികള്‍ മമ്പുറത്ത് സയ്യിദ് അലവി തങ്ങളെ സമീപ്പിച്ച് കാര്യം ബോധിപ്പിച്ചു. വര്‍ഷത്തിലൊരിക്കല്‍ നാടുവ്യാപകമായി മൗലിദ് പാരായണം നടത്താനായിരുന്നു തങ്ങളുടെ നിര്‍ദ്ദേശം. ഇതനുസരിച്ച് ഓരോ വീട്ടിലും പള്ളിയിലും വര്‍ഷം പ്രതി ഇതനുവര്‍ത്തിച്ചുപോന്നു. അതോടെ പ്രശ്‌നം അവസാനിക്കുകയും ചെയ്തു. താനൂര്‍ കോര്‍മന്‍കടപ്പുറം മുതല്‍ അഞ്ചുടി കടപ്പുറം വരെയുള്ള സ്ഥലങ്ങളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. താഹാ ബീച്ച്, എളരാം കടപ്പുറം, താനൂര്‍ അങ്ങാടി, മരക്കാര്‍ കടപ്പുറം, എടക്കടപ്പുറം, ചീരാല്‍ കടപ്പുറം തുടങ്ങിയ മഹല്ലുകളില്‍ സമുചിതമായി അനുവര്‍ത്തിച്ചുവരുന്നു. പണ്ട്, ഈ പ്രദേശങ്ങളെല്ലാം ഒരു ഖാസിയുടെ കീഴിലാണ് ഉണ്ടായിരുന്നത്. വെള്ളിയാഴ്ച രാവിലാണ് മൗലിദ്  നടക്കുക. ഖാസി തീരുമാനിക്കുന്നതിനനുസരിച്ച് വ്യത്യസ്ത സ്ഥലങ്ങളില്‍ വ്യത്യസ്ത ആഴചകളിലായി നടത്തപ്പെടാറായിരുന്നു പതിവ്. മന്‍ഖൂസ്, രിഫായി, മുഹ് യുദ്ദീന്‍ മൗലിദുകളും അശ്‌റഖ ബൈത്തുമാണ് പാരായണം ചെയ്തിരുന്നത്.
    റബീഉല്‍ ആഖിര്‍ മാസത്തിനും ശഅബാന്‍ മാസത്തിനുമിടയിലാണ് സാധാണ മൗലിദ് നടക്കാറുള്ളത്. പഴയ മാസങ്ങളില്‍ നാലോ അഞ്ചോ മാസങ്ങളോളം ഇത് നീണ്ടു നില്‍ക്കാറുണ്ടായിരുന്നു. മൗലിദിന്റെ കാലം വന്നാല്‍ നാടാകെ വീട് വൃത്തിയാക്കുന്ന തിരക്കിലായിരിക്കും. വൈറ്റ് വാഷ് ചെയ്ത് ഉള്ളും പുറവും വെടിപ്പ് വരുത്തിയ ശേഷമാണ് അവിടെ മൗലിദ് നടക്കുക. ഈ കാലയളവില്‍ വീടും പരിസരവും അശുദ്ധിയാവാതെ സൂക്ഷിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു.നാല്‍ക്കാലികളെ പോലും വീടിനോടടുപ്പിക്കില്ല.
    ഒരു ആത്മീയ ഉത്സവ സമാനമായാണ് വിശ്വാസികള്‍ ഈ ദിവസത്തെ കാണുന്നത്. വളരെ മുമ്പ് തന്നെ ഇതിനെ വരവേല്‍ക്കാനായി ഒരുങ്ങി നില്‍ക്കുന്നു. മൗലിദ് ദിവസം പള്ളികളില്‍ നടക്കുന്നതിനോടനുബന്ധിച്ച് വീടുകളിലും സംവിധാനിക്കപ്പെടുന്നു. ഒരുങ്ങാനും തുടങ്ങാനുമെല്ലാം പള്ളിയില്‍നിന്നും വിളിയാളമുണ്ടാകുന്നു. അശ്‌റഖ ബൈത്ത് രണ്ടിടങ്ങളിലും ഒരേ സമയത്താണ് ആലപിക്കുന്നത്. ആദ്യകാലം മുതലേ ഒരു അഭിമാന ചിഹ്നമായിട്ടാണ് ആളുകള്‍ മൗലിദിനെ കണ്ടിരുന്നത്. ഉല്‍പത്തിഷ്ണുക്കളുടെ നിരന്തരമായ ശ്രമങ്ങള്‍ ഇതിനെ ഇന്ന് ബാധിച്ചുതുടങ്ങിയിട്ടുണ്ട്.
    പ്രശസ്തമായ താനൂര്‍ മൗലിദ് സ്ഥാപിച്ചത് മമ്പുറം സയ്യിദ് അലവി തങ്ങളാണെന്നതാണ് പ്രബലാഭിപ്രായം. ഉമര്‍ ഖാസിയാണെന്നും ആറ്റക്കോയ തങ്ങളാണെന്നും ചില അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

പനങ്ങാങ്ങര നേര്‍ച്ച
    പതിറ്റാണ്ടുകളായി നടന്നുവരുന്ന പനങ്ങാങ്ങര നേര്‍ച്ച പ്രസിദ്ധമാണ്. സയ്യിദ് അലവി തങ്ങളുമായി ഇതിന് ബന്ധമുണ്ടെന്നതാണ് ചരിത്ര മതം. ഇന്നും ഇത് പൊലിമകളോടെ നടത്തപ്പെടുന്നു.
    മലപ്പുറം ജില്ലയിലെ പനങ്ങാങ്ങര മഞ്ഞളാംകുഴി തറവാട്ടുകാരാണ് ഇത് നടത്തിവരുന്നത്. അവരുടെ പ്രപിതാക്കളിലൊരാളായ മഞ്ഞളാംകുഴി മൊയ്തീന്‍ മമ്പുറം തങ്ങളുടെ സമകാലികനും അടുത്ത
സുഹൃത്തുമായിരുന്നുവത്രെ. പനങ്ങാങ്ങര ഭഗവതിപ്പറമ്പ് കുടിയിരുപ്പ് ഈ കുടുംബത്തിന് വാങ്ങിക്കൊടുത്തത് തങ്ങളാണെന്ന് പറയപ്പെടുന്നു. അവിടെ ചില പൈശാചിക പ്രശ്‌നങ്ങളുണ്ടായപ്പോള്‍ അവര്‍ തങ്ങളെ സമീപ്പിച്ചെന്നും അതിന് പരിഹാരമെന്നോണം വീട്ടില്‍ വെക്കാനായി തങ്ങള്‍ അവര്‍ക്ക് ഒരു വാളും പരിചയും നല്‍കിയെന്നും അതോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടുവെന്നും ചരിത്രമുണ്ട്. ഈ പരിച ഇന്നും അവിടെ അവിടെ സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
    മഞ്ഞളാംകുഴി മൊയ്തീനോടുള്ള സയ്യിദ് അലവി തങ്ങളുടെ നിര്‍ദ്ദേശകത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് പനങ്ങാങ്ങര നേര്‍ച്ച നടത്തി വരുന്നത്. തന്റെ അമ്മാവനായ സയ്യിദ് ഹസന്‍ ജിഫ്രിയുടെ മേല്‍ ശഅബാന്‍ 18 ന് മൗലിദ് പാരായണം നടത്താനായിരുന്നു ആദ്യം സയ്യിദ് അലവി തങ്ങളുടെ നിര്‍ദ്ദേശം. പക്ഷേ, അദ്ധേഹത്തിന്റെ അസൗകര്യം പരിഗണിച്ച് ശഅബാന്‍ 10 ലേക്ക് മാറ്റുകയായിരുന്നു. ആദ്യം ഹസന്‍  ജിഫ്‌രിയുടെ നേര്‍ച്ചയായിരുന്നു. സയ്യിദ് അലവി തങ്ങള്‍
    വഫാത്തായതോടെ രണ്ടു പേരുടെയും മേലിലുള്ള നേര്‍ച്ചയായി മാറി. പതിറ്റാണ്ടുകളായി ഇന്നും ഇത് സമിചിതമായി നടന്നുവരുന്നു,
    മമ്പുറം മൗലിദാണ് ഇതില്‍ പാരായണം ചെയ്യുന്നത്. പനങ്ങാങ്ങര ഭാഗത്ത് ഒരു ഉത്സവ സമാനമായിട്ടാണ് പണ്ടു മുതലേ ഇത് പരിഗണിത്തട്‌പ്പെട്ടിരുന്നത്. പെട്ടിവരവും ആനവരവുമെല്ലാം ഉണ്ടായിരുന്നു. മലപ്പുറം, വെള്ളില, പുത്തനങ്ങാടി എന്നിവിടങ്ങളില്‍നിന്നാണ് പ്രധാനമായും പെട്ടികള്‍ വന്നിരുന്നത്. ആദ്യ കാലങ്ങളില്‍ ഇതിനോടനുബന്ധിച്ച് കുത്താറാത്തീബുകളും സംഘടിപ്പിക്കപ്പെട്ടിരുന്നു.
    നേര്‍ച്ചയിലേക്ക് പലരും പണം സംഭാവനയായി നല്‍കാറുണ്ട്. ഇതിന് പെട്ടിപ്പണം എന്നാണ് പറയുന്നത്. പെട്ടിപ്പണം നേര്‍ച്ചയുടെ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുന്നു. ബാക്കി വരുന്നത് ശഅബാന്‍ 18 ന് മമ്പുറത്ത് കൊണ്ടുപോയി പാവങ്ങള്‍ക്ക് വിതരണം ചെയ്യുന്നു. ചെമ്പകത്ത് സൈതലവിക്കോയ എന്ന ഒരാള്‍ ഇവ രണ്ടിനുമിടയില്‍ മധ്യവര്‍ത്തിയായി നിലകൊണ്ടതായി പറയപ്പെടുന്നു.
    ഏറെ പ്രസിദ്ധവും വിപുലവുമായ നിലക്കാണ് ഇന്ന് പനങ്ങാങ്ങര നേര്‍ച്ച നടക്കുന്നത്. 25 കിന്റല്‍ അരി വരെ നേര്‍ച്ചാദിവസം അന്നദാനത്തിനായി എടുക്കുന്നുണ്ട്. ആട്, കോഴി തുടങ്ങിയവയും ഇവിടെക്ക് വഴിപാടായി ലഭിക്കുന്നുണ്ട്.

മമ്പുറം നേര്‍ച്ച
     മലബാര്‍ പ്രദേശത്തെ പ്രധാന നേര്‍ച്ചകളിലൊന്നാണ് മമ്പുറം നേര്‍ച്ച. സയ്യിദ് അലവി തങ്ങളുടെ പേരിലാണ് ഇത് നത്തിവരുന്നത്. ഒന്നര നൂറ്റാണ്ടിലേറെയായി ഇത് തുടര്‍ന്നുവരുന്നു.170-ാം ആണ്ടുനേര്‍ച്ചയാണ് ഇപ്പോള്‍ (2008) നടക്കുന്നത്. മലബാര്‍ ജനതയെ ആഴത്തില്‍ സ്വാധീനിച്ച സയ്യിദ് അലവി തങ്ങളുടെമേല്‍ സ്വന്തം അനുയായികള്‍തന്നെയാണ് ഇത് ആരംഭിച്ചത്.
    ആദ്യകാലം മുതലേ ഏറനാടിന്റെ ശ്രദ്ധേയമായ നേര്‍ച്ചകളിലൊന്നായിരുന്നു ഇത്. നാടിന്റെ നാനാഭാഗങ്ങളില്‍നിന്നും ആളുകള്‍ എത്തിയിരുന്നു. ജീവിത കാലത്ത് അവര്‍ക്ക് ലഭിച്ചിരുന്ന ആത്മീയ നേതൃത്വം മരണാനന്തരവും ഇവിടെനിന്ന് അവര്‍ക്ക് ലഭിച്ചു. മത സൗഹൃദത്തിന്റെ കേന്ദ്രം കൂടിയാണിത്. ജാതി മത ഭേദമന്യെ ആളുകള്‍ ഇവിടെയെത്തുന്നു. എല്ലാവരും ഒരുപോലെ കാണിക്കകള്‍ നല്‍കുന്നു. ജീവിതകാലത്ത് തങ്ങളവര്‍കള്‍ കാണിച്ച സ്വഭാവ വൈശിഷ്ട്യത്തിന്റെ സവിശേഷതയാണിത്.
    ഇടക്ക് കാലങ്ങളോളം നേര്‍ച്ച ലളിതവും ഏറെ ലഘുവുമായിട്ടാണ് നടത്തിപ്പോന്നിരുന്നത്. ഏറെ പ്രസിദ്ധപ്പെടുത്തുകയോ കൊട്ടിഘോഷിക്കുകയോ ചെയ്തിരുന്നില്ല. സരളമായ പരിപാടികള്‍ മാത്രമേ ഇതോടനുബന്ധിച്ച് ക്രമീകരിക്കപ്പെട്ടിരുന്നുള്ളൂ.
    മുഹര്‍റം ആദ്യത്തെ ഏഴുദിവസങ്ങളിലാണ് ഇവിടെ നേര്‍ച്ച നടക്കുന്നത്. മുഹര്‍റം ഒന്നിന് കൊടി ഉയര്‍ത്തും. ഏഴിന് അന്നദാനം നടത്തുകയും ചെയ്യും. പത്തുവര്‍ഷം മുമ്പ് വരെ ഇത് ഏറെ വ്യവസ്ഥാപിതമായിരുന്നില്ല. ചെറിയ നിലക്ക് ഇവ നടത്തപ്പെട്ടു. ഈ ദിവസങ്ങളില്‍ മറ്റുദിവസങ്ങളേക്കാളേറെ സന്ദര്‍ശകരും വന്നിരുന്നു.
    പത്തുവര്‍ഷമായി, ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് അക്കാദമി മഖാം ഭരണം ഏറ്റെടുത്തതോടുകൂടെ ഏറെ വ്യവസ്ഥാപിതവും മനോഹരവുമായ നിലക്ക് നേര്‍ച്ച നടന്നുവരുന്നു. ഇന്ന് നാടിന്റെ തന്നെ വലിയ സംഭവമായിട്ടാണ് ഇത് കൊണ്ടാടപ്പെടുന്നത്. വിപുലവും സമഗ്രവുമായ പരിപാടികള്‍ക്കൊപ്പം ഏറെ സന്തോഷ ദായകമായ ഒരു അവസ്ഥ അവിടെ പ്രകടമാണ്.
    മുഹര്‍റം ആദ്യ ഏഴുനാളില്‍ നടത്തപ്പെടുന്ന ആദ്ധ്യാത്മിക സംഗമങ്ങളുടെ അനുഭവവേദ്യമായ ഒരു ഘട്ടമാണ് ഇന്ന് മമ്പുറം നേര്‍ച്ച. ഈ ഏഴു ദിവസങ്ങളും വിവിധയിനം പരിപാടികളാല്‍ സമ്പന്നമാണ്. പദാക ഉയര്‍ത്തല്‍, മതപ്രഭാഷണം, മൗലിദ് പാരായണം, ദിക്ര്‍ ദുആ സംഗമം, സ്വലാത്ത് സംഗമം, കൂട്ടസിയാറത്ത്, അന്നദാനം തുടങ്ങിയവയാണ് ഇതിലെ പ്രധാന ചടങ്ങുകള്‍. മഹത്തുക്കളും സാദാത്തുക്കളും പ്രമാണിമാരും ഇതില്‍ പങ്കെടുക്കുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് വന്‍ ജനാവലിയാണ് ഇപ്പോള്‍ നേര്‍ച്ചക്കെത്തുന്നത്. ഈ ഏഴു ദിവസങ്ങള്‍ക്കിടയില്‍ മമ്പുറത്തെത്തുന്ന ഭക്തജനങ്ങള്‍ അസംഖ്യമാണ്. കേരളത്തിനുപുറത്തുനിന്നുവരെ ആളുകള്‍ ഇത് സന്ദര്‍ശിക്കാനെത്തുന്നു.
    മുഹര്‍റം ഏഴിന് അന്നദാനത്തോടെയും കൂട്ട സിയാറത്തോടെയുമാണ് നേര്‍ച്ചയുടെ പരിസമാപ്തി. അന്നദാനത്തിനുള്ള അരി ജനങ്ങള്‍ തന്നെയാണ് കൊണ്ടുവരുന്നത്. നെയ്‌ച്ചോറിന്റെ അരിയാണ് ഇതിന് സ്വീകരിക്കുന്നത്. നെയ്‌ച്ചോര്‍ വെച്ച് പാക്കറ്റുകളാക്കി വിതരണം ചെയ്യുന്ന ശൈലിയാണ് ഇന്ന് തുടര്‍ന്നുവരുന്നത്. മുഹര്‍റം ഏഴിന് രാവിലെമുതല്‍ അസ്വറിന്റെ സമയം വരെയാണ് ഇതിന്റെ സമയം. 120 ലേറെ ചാക്ക് അരി ചോറ് വെക്കുന്നുണ്ട്. 40000 ത്തിലേറെ പാക്കറ്റുകള്‍ ചിലവാകുന്നു. മമ്പുറം ചോറ് ഏറെ പ്രാധാന്യത്തോടെയാണ് ജനങ്ങള്‍ പരിഗണിക്കുന്നത്. വലിയൊരു ഔഷധമായിട്ടുവരെ ആളുകള്‍ അതിനെ കാണുന്നു. ഓരോ വര്‍ഷവും ലഭിക്കുന്ന ചോറ് ഉണക്കി സൂക്ഷിക്കുകയും അടുത്തനേര്‍ച്ചവരെ ഉപയോഗിക്കുകയും ചെയ്യുന്നവരുണ്ട്. ഹൈന്ദവസുഹൃത്തുക്കളും ഇതുവാങ്ങാനെത്തുന്നു. ചോറ് നശിക്കാതിരിക്കാന്‍ ശാസ്ത്രീയമായ പാക്കറ്റിംഗം സംവിധാനമാണ് അനുവര്‍ത്തിച്ചുവരുന്നത്.
    നേര്‍ച്ചക്കാലത്ത് പൂര്‍വ്വോപരി വഴിപാടുസാധനങ്ങള്‍ മഖാമിലെത്തുന്നു. ഭക്തജനങ്ങളുടെ നറുവിശ്വാസവും ആത്മാര്‍ത്ഥതയും നിഷ്‌കളങ്കചിന്താഗതിയുമാണ് ഇതിനുപിന്നില്‍. കാള, ആട്, കോഴി, അരി, ഈത്തപ്പഴം, ചന്ദനത്തിരി, തുണി, എണ്ണ തുടങ്ങിയവ സാധാരണ ഇവിടെ എത്തുന്ന വഴിപാട് സാധനങ്ങളാണ്.
    നേര്‍ച്ചക്കാലത്ത് രാത്രി നടക്കുന്ന സ്വലാത്ത് ദുആ സദസ്സുകളില്‍ കാവ വിതരണം, മധുര പലഹാര വിതരണം, റോസ് തെളിക്കല്‍ തുടങ്ങിയവ നടന്നുവരുന്നു. ഭക്തി സാന്ദ്രമായ പ്രാര്‍ത്ഥനകളും   മഹത്തുക്കളുടെ സംഗമവും ഇക്കാലത്ത് ആളുകളെ ആകര്‍ഷിക്കുന്നു. സമാപന ദിക്ര്‍ ദുആ സംഗമത്തില്‍ മമ്പുറം മൗലിദ് പാരായണം ചെയ്ത ശേഷം മാത്രമേ ജനം പിരിഞ്ഞുപോവുകയുള്ളൂ. 







ദീദാത്ത്: പ്രബോധന പാതയില്‍ ജ്വലിച്ചുനിന്ന നക്ഷത്രം



വിശ്വവിഖ്യാത ഇസ്‌ലാമിക പണ്ഡിതനും നിസ്വാര്‍ത്ഥ പ്രബോധകനുമായിരുന്നു ശൈഖ് അഹ്മദ് ദീദാത്ത്. ഇളകിവശായ പ്രതികൂല സന്ധികള്‍ക്കിടയില്‍ ഊര്‍ജ്ജസ്വലതയുടെ പ്രതീകമായി രംഗത്തെത്തിയ അദ്ദേഹം ക്രൈസ്തവ മിഷിനറിയുടെ ഭീഷണിയും ആശയപ്രചാരകരുടെ പേടിസ്വപ്നവുമായിരുന്നു. വാചാടോപങ്ങള്‍ക്കപ്പുറം വിശ്വാസിയുടെ ജീവിതം സാര്‍ത്ഥകമാവണമെന്നും തനിക്കു മുമ്പിലെ ഉത്തരവാദിത്തങ്ങള്‍ നികത്തപ്പെട്ടതായി തന്നെ കിടക്കണമെന്നും അദ്ദേഹം മനസ്സിലാക്കി. മാറി മറിയുന്ന ഭൗതിക പശ്ചാത്തലങ്ങളില്‍ തിരിച്ചറിവ് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ജനതയ്ക്കു മുമ്പില്‍ തന്റേതായ ഇടം കണ്ടെത്തലിലൂടെ ലോകര്‍ക്കു മുമ്പില്‍ ആദര്‍ശ വിപ്ലവത്തിന്റെ പുതിയൊരു വാതായനം തുറക്കുകയായിരുന്ന അഹ്മദ് ദീദാത്ത്.
അമ്പതു വര്‍ഷത്തോളം ജീവിത സൗഖ്യങ്ങള്‍ മാറ്റിവെച്ച് ഇസ്‌ലാമിക പ്രബോധന ഗോഥയില്‍ ഒരു നിസ്തുല ജ്യോതിര്‍ഗോളമായി  വിളങ്ങി നിന്ന ദീദാത്ത്, ഒരു കാലഘട്ടത്തിന്റെ ഇതിഹാസവും മാതൃകാ പുരുഷനുമാണ്. ധൈഷണിക പുരോഗതി വരിച്ച ലോകത്ത് അനിവാര്യതയുടെ വിൡാളം കേട്ടുണര്‍ന്ന ദീദാത്ത് സത്യത്തില്‍, ദൈവനിയോഗത്തിന്റെ ഒരനുഗ്രഹ മുഖമായിരുന്നു. കേവലമൊരു പുറംപോക്കന്റെ സംസ്‌കാരത്തില്‍ നിന്ന് ഉയിരാവാഹിച്ച് നിരന്തരമായി ചര്‍ചചെയ്യപ്പെടുന്ന സകാലിക ലോകത്തന്റെ നെറ്റിത്തടത്തില്‍ സിന്ദൂര തിലകമായി പ്രത്യക്ഷപ്പെടാന്‍ അദ്ദേഹത്തിന് സാധിച്ചു. ആര് ജ്ഞാനാന്വേഷണത്തിന്റെയും ജ്ഞാന പ്രസരണത്തിന്റെയും വഴിയില്‍ പ്രവേശിച്ചോ അല്ലാഹു അവരുടെ മാര്‍ഗങ്ങള്‍ ലഘൂകരിച്ചു കൊടുക്കുമെന്ന പ്രവാചക വചനം ഇവിടെ ചിന്തിക്കാവുന്നതേയുള്ളൂ.
അഹ്മദ് ഹുസൈന്‍ എന്ന ദീദാത്ത് 1918ല്‍ ജൂലൈ ഒന്നിന് ബ്രിട്ടീഷ് ഇന്ത്യയിലെ ഗുജറാത്ത് സംസ്ഥാനത്തില്‍ സൂറത്ത് ജില്ലയിലാണ് ജനിക്കുന്നത്. തികച്ചും ദരിദ്രരും ആസ്ഥിലേശമന്യരുമായിരുന്നു കുടുംബം. പശിയടക്കാന്‍ മാര്‍ഗം കാണാതെ തെരുവുകളില്‍ അലഞ്ഞു തിരിയേണ്ടി വന്ന സ്വന്തം പിതാവിനെ കുറിച്ച് 1926ല്‍ വരെ അദ്ദേഹത്തിന് ഒരു ബോധവുമുണ്ടായിരുന്നില്ല. ജനിച്ച ഉടനെത്തന്നെ തയ്യല്‍കാരനായ പിതാവ് ജീവിത സന്ധാരണത്തിന്റെ പുതിയ സാധ്യതകള്‍ തേടി ദക്ഷിണാഫ്രിക്കയിലേക്കു കുടിയേറുകയായിരുന്നു.
സാമ്പത്തിക ഭദ്രതയില്ലാത്ത പശ്ചാത്തലം കുട്ടിയായ ദീദാത്തിനെയും ശക്തമായി ബാധിച്ചു. ഔപചാരിക വിദ്യ നേടാനുള്ള അവസരം പോലും അദ്ദേഹത്തിനു മുമ്പില്‍ തെളിഞ്ഞു വന്നില്ല. തികച്ചും ജീവിതം ഇരുളടഞ്ഞ ഘട്ടം. പിന്നീടവിടെ അവലംബിക്കാനുണ്ടായിരുന്നത് ഒരേയൊരു മാര്‍ഗമായിരുന്നു. ജീവിതം വഴിമുട്ടിയ അഹ്മദ് ദീദാത്ത് പ്രാണരക്ഷ കൊതിച്ച് അതും സ്വീകരിച്ചു. 1927ല്‍ സ്വന്തം പിതാവ് കഴിയുന്ന ദക്ഷിണാഫ്രിക്കയിലേക്കു യാത്രയായി.
പ്രാഥമിക വിദ്യാഭ്യാസം പോലും നേടാത്ത ദീദാത്ത് അവിടെ നിന്നാണ് അക്ഷരങ്ങളുടെ ലോകവുമായി അടുത്തിടപഴകുന്നത്. പിതാവിന് വേതനമായി ലഭിക്കുന്ന ചില്ലിക്കാശുകള്‍ അപര്യാപ്തമായിരുന്നുവെങ്കിലും ദൈവികമായ ഒരു സൗഭാഗ്യമെന്നോണം ആ കൊച്ചു കുടുംബം അതുമായി ജീവിച്ചു പോന്നു.
പഠന കാര്യത്തില്‍ ഏറെ സമര്‍ത്ഥനായിരുന്നു ദീദാത്ത്. കലാലയങ്ങളിലാണെങ്കില്‍ അതീവ ചുണയും ചുറുചുറുക്കും കാണിച്ച അദ്ദേഹം വളരെ ചെറുപ്പത്തില്‍ തന്നെ സാമൂഹിക പ്രശ്‌നങ്ങളെ കുറിച്ചും ചുറ്റുപാടുകളെ കുറിച്ചും ചിന്തിച്ചുതുടങ്ങി. ഇക്കാലമായപ്പോഴേക്കും ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ് അദ്ദേഹം സ്വായത്തമാക്കി കഴിഞ്ഞിരുന്നു. ക്രമേണ ഒരു വിദ്യാര്‍ത്ഥിയുടെ ജീവിതത്തില്‍ അനിവാര്യമായിവരുന്ന ഹിന്ദി, അറബി, ഉറുദു തുടങ്ങിയ ഭാഷകളിലും വ്യുല്‍പത്തി നേടി. പക്ഷേ, പിന്നീട് ശക്തിപ്പെട്ടു വന്ന സാമ്പത്തിക ഞെരുക്കം പഠനം മുന്നോട്ടുകൊണ്ടു പോവാന്‍ അനുവദിച്ചില്ല. ആ നിമിഷം, മനസ്സില്ലാ മനസ്സോടെ പഠനം നിര്‍ത്തിവേക്കേണ്ടി വന്നു. ദരിദ്രനായ ദീദാത്ത് വീട്ടില്‍ തനിച്ചിരിക്കാന്‍ തുടങ്ങി.
അങ്ങനെയാണ് ദീദാത്ത് തന്റെ 16-ാമത്തെ വയസ്സില്‍ സ്വയം ഒരു ജോലി അന്വേഷിച്ചിറങ്ങുന്നത്. കുടുംബഭാരവും ജീവിത പ്രശ്‌നങ്ങളും അവരെ ഇതിന് പ്രേരിപ്പിക്കുകയായിരുന്നു. താമസിയാതെ തൊട്ടടുത്തുള്ള ഒരു കടയില്‍ ജോലി കിട്ടി. ഏറെ വേതനമില്ലെങ്കിലും ഉള്ളതില്‍ സംതൃപ്തി പൂണ്ട് ദിവസങ്ങള്‍ തള്ളിനീക്കി. അതിനിടെ ചിലയിടങ്ങളില്‍ ഡ്രൈവറായും ക്ലാര്‍ക്കായും സെയില്‍സ് മാനായും സെയില്‍സ് മാനേജരായും സേവനമനുഷ്ഠിച്ചു. സ്വന്തം കുടുംബത്തിന്റെ പശിയടക്കാന്‍ വകയൊരുക്കല്‍ മാത്രമായിരുന്നു അന്നവരുടെ ലക്ഷ്യം.
1936 ദീദാത്തിനെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന വര്‍ഷമായിരുന്നു. ദാരിദ്ര്യത്തിനു മുമ്പില്‍ പരുക്കന്‍ ജീവിതക്രമം തരപ്പെട്ടുവന്ന അദ്ദേഹത്തിന് ഒരു വഴിത്തിരിവാകുകയായിരുന്നു ഇവിടെ. നെറ്റാളിയിലെ മുസ്‌ലിം അധീനത്തിലുണ്ടായിരുന്ന ഒരു കൊച്ചു കടയിലായിരുന്നു അദ്ദേഹത്തിന്റെ ജോലി. അതിനടുത്തു തന്നെ ഒരു ക്രൈസ്തവ മതപാഠശാലയുണ്ടായിരുന്നു. അവിടത്തെ പരിചയ സമ്പന്നരായ ക്രൈസ്തവര്‍ ഇടക്കിടെ കട സന്ദര്‍ശിക്കുക പതിവായിരുന്നു. തല്‍സമയം വിശുദ്ധ ഇസ്‌ലാമിനെതിരെ വീശിയെറിയാറുള്ള അവിവേക പൂര്‍ണമായ ആരോപണങ്ങള്‍ അവരുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒരു പ്രതിക്രിയ നടത്തുവാനുള്ള ആവേശം ആ യുവ മനസ്സില്‍ ആളിക്കത്തിച്ചു. ഇനി സ്വന്തമായി ഇതിനെതിരെ ആശയ വലയങ്ങള്‍ സമാഹരിച്ചിട്ടല്ലാതെ മറ്റൊന്നിനെ കുറിച്ച് ചിന്തിക്കില്ല എന്നായിരുന്നു ദീദാത്തിന്റെ നിലപാട്.
പിന്നീട് അവിചാരിതമായി കൈവന്ന സുപ്രസിദ്ധ ഇന്ത്യന്‍ പണ്ഡിതന്‍ ശൈഖ് റഹ്മത്തുല്ലാഹ് അഹ്മദുല്‍ ഹിന്ദിയുടെ 'ഇള്ഹാറുല്‍ ഹഖ്' (സത്യപ്രകാശനം) എന്ന സമഗ്ര ഗ്രന്ഥം അദ്ദേഹത്തിന് അത്താണിയായി. ക്രിസ്ത്യന്‍ മിഷിണറി ഇസ്‌ലാമിനെതിരെ ഉന്നയിക്കുന്ന വിതണ്ഡ വാദങ്ങളുടെ മുനയൊടിക്കാന്‍ പര്യാപ്തമായ ഈ കൃതി അദ്ദേഹത്തെ ആകര്‍ഷിക്കുകയായിരുന്നു. പ്രതിഭാധനനായ മൗലാനാ റഹ്മതുല്ലാഹില്‍ ഹിന്ദിയുടെ (മുസഫര്‍ നഗര്‍ -യു.പി) മാസ്റ്റര്‍ പീസായിരുന്നു ഈ കൃതി. ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണ കാലത്തെ ക്രിസ്ത്യന്‍ മിഷിണറി പ്രവര്‍ത്തകരുടെ കുത്സിത ശ്രമങ്ങളെ കുറിച്ചും ക്രൈസ്തവ വിശ്വാസങ്ങളിലെ അബദ്ധ ധാരണകളെ കുറിച്ചും ഇതില്‍ സവിസ്തരം പ്രതിപാദിക്കുന്നു.
ആശയ സംവാദമെന്ന ആശയം ദീദാത്തിനെ സംബന്ധിച്ചിടത്തോളം ഏറെ മനോഹാരിയായി തോന്നി. അപരിപൂര്‍ണമായും അദ്ദേഹത്തെ സ്വാധീനിച്ചു കഴിഞ്ഞിരുന്നു. ഈ നവോന്‍മേഷത്തിന്റെ പടച്ചട്ടയണിഞ്ഞ അദ്ദേഹം ബൈബിള്‍ വിലക്കു വാങ്ങി സെമിനാരിയിലെ വിദ്യാര്‍ത്ഥികളോട് ചര്‍ച്ചകളും സംവാദങ്ങളും നടത്തി. മുനക്കു കൊള്ളുന്ന തന്റെ പ്രതിവാദങ്ങള്‍ക്കു മുമ്പില്‍ ദ്രുതഗതിയില്‍ അവര്‍ പിന്തിരിയേണ്ടി വന്നപ്പോള്‍ അവരുടെ അദ്ധ്യാപകരെയും സമീപ ദേശ പുരോഹിത തലവന്‍മാരെയും  അദ്ദേഹം വ്യക്തിപരമായി സന്ദര്‍ശിച്ചു. അപ്രതീക്ഷിതമായി തന്നെ തേടിയെത്തിയ നിരന്തരമായ വിജയങ്ങള്‍ പ്രബോധന പാതയില്‍ ഊര്‍ജ്ജ സ്വലതയോടെ മുന്നേറാന്‍ അദ്ദേഹത്തിന് ആര്‍ജ്ജവം നല്‍കി. കുടുംബ ജീവിതമോ സന്താന സാഫല്യമോ അദ്ദേഹത്തിനു മുന്നില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചില്ല. പ്രത്യുത ക്രിസ്ത്യന്‍ മിഷിണറികളുടെ വ്യാജമായ അവകാശങ്ങളെ പ്രതിരോധിക്കാനുള്ള തന്റെ ആവേശം നാള്‍ക്കുനാള്‍ പുരോഗമിച്ചുകൊണ്ടിരുന്നു. പിന്നീടുള്ള നാലോളം നൂറ്റാണ്ടുകള്‍  നിദ്രാ വിഹീനവും അദ്ധ്വാന നിര്‍ഭരവുമായിരുന്നു.

താമസിയാതെ ദീദാത്തിന്റെ പ്രബോധന വലയം ദക്ഷിണാഫ്രിക്കയില്‍ നിന്നും പുറംലോകങ്ങളിലേക്കും വ്യാപിച്ചുതുടങ്ങി. തന്റെ ക്രൈസ്തവ എതിരാളികളായി ചുറുചുറുക്കുള്ള പലരും മാറി മാറി വന്നു. ഒരു അന്തര്‍ ദേശീയ ഇസ്‌ലാമിക ആശയ പ്രസാരണ സംരംഭം കണക്കെ ഇതെവിടെയും ചര്‍ച്ചാ വിഷയമായി. അമേരിക്ക, കാനഡ, സിംബാവ്‌വെ, സാംബിയ, ലിബിയ, കെനിയ, ഹോംകോംഗ്, ജപ്പാന്‍, മലേഷ്യ, പാക്കിസ്ഥാന്‍, ഇന്ത്യ തുടങ്ങി പല രാഷ്ട്രങ്ങളിലും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും സംവാദങ്ങളും നടത്തപ്പെട്ടു. അമേരിക്കയിലെ വിഖ്യാത ബൈബിള്‍ പണ്ഡിതന്‍ ജിമ്മി സ്വാഗര്‍ട്ടുമായുള്ള ഐതിഹാസികമായ സംവാദമായിരുന്നു ഇവയിലേറെ ശ്രദ്ധ പിടിച്ചു പറ്റിയത്. വിശുദ്ധ ഖുര്‍ആനും ബൈബിളും മുമ്പില്‍ വെച്ച് ചിന്തകളുടെയും ആശയങ്ങളുടെയും അഗാധ തലങ്ങളിലേക്കു കയറി ച്ചെന്ന ദീദാത്തിനു മുമ്പില്‍ ഒരു നിമിഷം പോലും പിടിച്ചു നില്‍ക്കാനാവാതെ സ്വാഗര്‍ട്ടിന് അടിയറവ് സമ്മതിക്കേണ്ടി വരികയായിരുന്നു. കൂടാതെ, പ്രോഫ. ഫ്‌ളോയിഡ് ഇ ക്ലാര്‍ക്ക്, റോബര്‍ട്ട് സൗഗ്‌ലസ്, പ്രൊഫ. ഡിന്‍കിന്‍സ് തുടങ്ങിയവരും ദീദാത്തിനു മുമ്പില്‍ മൗനം ഭജിക്കേണ്ടി വന്ന പ്രധാനികളില്‍ ചിലരാണ്.
1984-ല്‍ ജോണ്‍ പോള്‍ രണ്ടാമനെ പോലും തുറന്ന സംവാദത്തിന് വെല്ലുവിളിച്ചു. പക്ഷേ, പരാജയം ഭയന്ന വത്തിക്കാന്‍ സഭ വെല്ലുവിളി നിരസിക്കുകയാണുണ്ടായത്. അസാധാരണ മേധാശക്തി കൊണ്ടും  ഗ്രഹണ ശക്തി കൊണ്ടും അഹ്മദ് ദീദാത്ത് വിശ്വവിഖ്യാത ബൈബിള്‍ പണ്ഡിതരുടെ ഭീഷണിയായി മാറി. ലോകത്തിനു മുമ്പില്‍ ഉത്തരം കൊടുക്കാത്ത ഒരു ചോദ്യമായി നിലകൊണ്ടു.
ജരാനരപീഡകള്‍ ഏല്‍ക്കാന്‍ തുടങ്ങിയപ്പോഴും ദീദാത്തിന് സ്വന്തമായി അടങ്ങിനില്‍ക്കാന്‍ സാധിച്ചില്ല. തന്റെ ആത്മാവിന്റെ തേട്ടമെന്നോണം ബഹുമുഖ പ്രബോധന വഴികള്‍ അവലംബിച്ചു കൊണ്ടു ദക്ഷിണാഫ്രിക്കയില്‍ കഴിച്ചുകൂട്ടി. ബൈബിള്‍ പഠന ക്ലാസുകളും പ്രഭാഷണങ്ങളുമായിരുന്നു മുഖ്യ അവലംബം. ആയിടെയായി പ്രബോധന പരിശീലന കേന്ദ്രങ്ങളായി അനവധി സെന്ററുകള്‍ സ്ഥാപിക്കപ്പെട്ടു. ദക്ഷിണാഫ്രിക്കയിലെ തന്നെ 'അസ്സലാം' എന്ന കെട്ടിട സമുച്ചയമാണ് ഇതില്‍ ആദ്യത്തേത്. സ്വന്തം കുടുംബത്തിന്റെ ആസ്ഥിയില്‍ നിന്നാണ് ഇവയുടെയെല്ലാം ചെലവുകള്‍ നടന്നു വരുന്നത്. ദര്‍ബനിലെ Islamic propagation centre international-ന്റെ സ്ഥാപക നേതാക്കളിലൊരാളായ അദ്ദേഹം അതിന്റെ ആജീവനാന്ത പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയായിരുന്നു.
ഇസ്‌ലാമിക ലോകവും ക്രൈസ്തവ ലോകവും തമ്മില്‍ ആശയ കൈമാറ്റങ്ങളുടെ ആരോഗ്യകരമായ അന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നതില്‍ മുസ്‌ലിം ലോകം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. 1986ല്‍ തന്റെ മൂല്യവത്തായ സേവനങ്ങള്‍ക്കുള്ള അംഗീകാരമെന്നോണം കിംഗ് ഫൈസല്‍ അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തുന്നത് അങ്ങനെയാണ്. ആയിരക്കണക്കിന് മനുഷ്യ ഹൃദയങ്ങളില്‍ വിശ്വാസ വെളിച്ചം പകര്‍ന്ന ആ മഹാ മനീഷി ഒരു നിമിഷം കണ്ണടച്ചെങ്കിലും ഇന്നും മനുഷ്യ ഹൃദയങ്ങളില്‍ ആര്‍ജ്ജവത്തോടെ ജീവിച്ചു കൊണ്ടിരിക്കുന്നു. ഇരുപതോളം ഗ്രന്ഥങ്ങളുടെ രചയിതാവായ അദ്ദേഹം ജ്ഞാന തൃഷ്ടണരായ വായനക്കാരുടെ മനോമുകരങ്ങളില്‍ അനന്തമായി പാറിപ്പറക്കുകയാണ്.
(സുന്നി അഫ്കാര്‍ വാരിക, 2005, ആഗസ്റ്റ്: 24, സുന്നി മഹല്‍, മലപ്പുറം)

Tuesday, May 1, 2012

കേരളമുസ്ലിം നവോത്ഥാനം: അവകാശികളേറെ !!!





കേരള മുസ്ലിം നവോത്ഥാനത്തിന്‍റെ പിതൃത്വം ഏറ്റെടുക്കാന്‍ ഇന്ന് അനവധിയാളുകള്‍ രംഗത്തുണ്ട്. മനുഷ്യ ബുദ്ധിയെ പണയം വെച്ച്, വിദേശ ഡൌണ്‌ലോഡുകള്‍ക്ക് തീറെഴുതിക്കൊടുത്തുകൊണ്ടിരിക്കുന്ന  ജമാഅത്തെ ഇസ്ലാമിയും യാഥാസ്തികത്വത്തിന്‍റെ ആഴങ്ങളില്‍ പാവങ്ങളെ കെട്ടിയിടുന്ന വഹാബിസവുമാണ് അതിന്‍റെ മുന്‍ നിരയില്‍. ഇസ്ലാമികത്തനിമയെയും പാരന്പര്യത്തെയും ചോദ്യം ചെയ്താലും ഒറ്റുകൊടുത്താലും നവോത്താനമാവുമെന്നാണ് ചിലയാളുകള്‍ അബദ്ധവശാല്‍ ധരിച്ചുവെച്ചിരിക്കുന്നത്. ക്രിസ്ത്യാനിസത്തോട് സദൃശ്യമായ ഇത്തരം പ്രവര്‍ത്തനങ്ങളെ അവര്‍ നവോത്താനമായി ചിത്രീകരിക്കുകയും ചെയ്യുന്നു. ചുമരായ ചുമരുകളിലും പേജായ പേജുകളിലും എല്ലാം ഇവ്വിഷയകമായി കുറിച്ചിടുന്നു. സത്യത്തില്‍, വ്യഭിചാരിയുടെ ചാരിത്ര്യ പ്രസംഗം എന്നതിലപ്പുറം ഇവരുടെ നവോത്ഥാന വാദങ്ങള്‍ ഒന്നുല്ലായെന്ന് കേരളമുസ്ലിംകള്‍ ഇവിടെ തിരിച്ചറിയുന്നു.

മൌദൂദിയെ ഉയര്‍ത്തിക്കാട്ടുന്ന ജമാഅത്തെ ഇസ്ലാമി പലപ്പോഴും മൌദൂദി വരച്ച വൃത്തത്തില്‍ നിന്നും പുറത്തുപോകുന്നതാണ് ഇന്നത്തെ കാഴ്ച. വാതിലടഞ്ഞുപോയിരുന്ന ഇജ്തിഹാദിനെ കുത്തിത്തുറക്കാന്‍ മൌദൂദി കൊണ്ടുവന്നിരുന്ന താക്കോല്‍ അത്യാഹ്ളാദത്തോടുകൂടിയാണ് അവര്‍ സ്വീകരിച്ചതെങ്കിലും മൌദൂദി പൂട്ടിയിട്ട പല വാതിലുകളും അവര്‍ കുത്തിത്തുറന്നതാണ് ചരിത്രം. വിശ്വാസത്തിന്‍റെ മൌലിക പ്രതലമായ പാരന്പര്യസത്തയെന്നൊരു വസ്തുത തിരിച്ചറിയാതെപോകുന്നത് ഇവരുടെ ജീവിതത്തിന്‍റെ സകല മേഖലകളിലും പ്രകടമായിക്കൊണ്ടിരിക്കുന്നു.

മൌദൂദി ചിന്തകളെയും വിട്ട് പുറത്ത് കടക്കുന്പോള്‍ അവര്‍ അതിന് കണ്ടെത്തുന്ന ന്യായീകരണം ഏറെ പരിഹാസ്യപങ്കിലം തന്നെ. അത് മൌദൂദിയുടെ കാലം... അന്നത്തേതിനനുസരിച്ച് അദ്ദേഹം ചിന്തിച്ചു എന്നാണ് അവര്‌ ഈ മറു കണ്ടം ചാട്ടത്തിന് തെളിവ് കണ്ടെത്തുന്നത്. ഇതുതന്നെയായിരുന്നില്ലേ സാക്ഷാല്‍ കമ്യൂണിസവും കൃത്യാനിസവും ചെയ്തിരുന്നത് എന്ന് ഇവിടെ പലപ്പോഴും ചിന്തിച്ചുപോകുന്നു. അതേ സമയം തന്നെ, മൌദൂദി എന്നൊരു സത്വത്തെ ഉയര്‍ത്തിക്കാട്ടി സര്‍വ്വ പാരന്പര്യ സത്യങ്ങളെയും തള്ളിക്കളയുകയും ചെയ്യുന്ന ഒരു പ്രവണതയും ഇവന്മാരില്‍ പ്രകടമാണ്. ഈ രണ്ടു കാര്യങ്ങളും ഒരേ സമയം ഇവര്‍‌ എങ്ങനെയാണ് മുന്നൊട്ട് കൊണ്ടുപോകുന്നത് എന്നതാണ് ഇതുവരെയും പിടി കിട്ടാത്ത കാര്യം.

എന്തിനോടും -ഇസ്ലാമിക്- എന്ന് ചേര്‍ത്താല്‍ മുസ്ഹഫിന്‍റെ നടുക്കണ്ടമാകുമെന്നാണ് ഈ കൂടാരത്തിലെ ചിലയാളുകള്‍ വിശ്വസിച്ച് വെച്ചിരിക്കുന്നത്. അതിനാല്‍, സെക്യലര്‍ സമൂഹത്തില്‍‌ മതഭിത്തി വിട്ട് ആകാശത്തേക്ക് ചാടുന്നവര്‍ക്കു മുന്പില്‍ ചെന്ന് പഞ്ചപുച്ച മടക്കി -എല്ലാറ്റിലും ഞങ്ങളും നിങ്ങളോടൊപ്പമുണ്ടെന്ന്- തോന്നിക്കുമാര്‍ എന്തൊക്കെയോ കാട്ടിക്കൂട്ടുന്ന കാഴ്ചകള്‍ ഇന്ന് കാണാന്‍ സാധിക്കുന്നു. കല്ലിന്‍റെയും മുള്ളിന്‍റെയും സംരക്ഷണത്തിനും ആദിവാസിക്ക് അടിപ്പാവാട ധരിക്കാനുള്ള അവകാശത്തിനും പോരാടുന്നതിനിടയില്‍ ആത്മീയതയും സൂഫിസവും സംസ്കരണവും ചര്‍ച്ചയാവാതെ പോവുന്നത് ഏറെ ഖേദകരംതന്നെ.

രാഷ്ട്ര നിര്‍മിതിയാണ് ഇസ്ലാം കാര്യങ്ങളില്‍ ഒന്നാമത്തേത് എന്ന് ധരിച്ചുവശായവര്‍ക്ക് പിന്നെ നിസ്കാരവും നോന്പും എവിടെ കിടക്കുന്നു? ആദ്യം രാഷ്ട്രം പ‍ണിയുക എന്നിട്ട് മതി നിസ്കാരമെന്നാണ് -അബു- അവരെ പഠിപ്പിച്ചിരിക്കുന്നത്. ഇന്നും ആ ലക്ഷ്യ സാക്ഷാത്കാരത്തിനുള്ള നെട്ടോട്ടത്തിലാണ് അവര്‍. അതിനിടയില്‍ മയിലമ്മയും കോളയും പൂമാല ധരിക്കപ്പെടുകയും പവിത്രമായ ആത്മീയ കേന്ദ്രങ്ങളിലേക്ക് പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിക്കപ്പെടുകയും ചെയ്തുവെന്നത് വല്ലാത്ത അത്‍ഭുതംതന്നെ.
അല്ലെങ്കിലും, ബുദ്ധിയുടെ ആളുകളെന്ന് പറയുന്ന ഇവര്‍ ഒരിക്കലും ബുദ്ധിക്ക് നിരക്കാത്തത് മാത്രമേ ചെയ്യുകയുള്ളൂവെന്നതാണ് ചരിത്രം.

ഡൌണ്‍ലോഡ് ചെയ്ത ചിന്തകളിലൂടെ കേരള മുസ്ലിംകളുടെ ആത്മീയാടിത്തറയുള്ള പാരന്പര്യ ചിന്താ സംവിധാനത്തെ തകിടം മറിക്കാനാണ് അവരിന്ന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ഖുര്‍ആനും ഹദീസും ആഴത്തിലറിയുന്ന തലപ്പാവ് ധരിച്ച ഒരു പണ്ധിതന്‍ ഒരു കാര്യം പറഞ്ഞാല്‍ അവര്‍ക്ക് പുച്ഛമാണ്. അതേസമയം, കാര്യങ്ങളെല്ലാം റിസര്‍ച്ചും ഗവേഷങ്ങളും നടത്തിയ തലയില്ലാത്ത ഡോ....കള്‍ പറയണമെന്നാണ് ഇവര്‍ പറയുന്നത്. അവര്‍‌ എന്തു പറഞ്ഞാലും അത് വിശ്വസിക്കാന്‌ അവര്‍‌ക്ക് ലവലേശം പ്രശ്നമില്ല. കാരണം, അവര്‍‌ റിസര്‍ച്ച് സ്കോളറല്ലേ എന്നാണ് അവര്‍ തിരിച്ചു ചോദിക്കുന്നത്.
കണ്ഠകൌപീനം ധരിച്ച് എന്ത് അബദ്ധങ്ങള്‍ പറഞ്ഞാലും അത് ഇസ്ലാം കാര്യത്തിലോ ഈമാന്‍ കാര്യത്തിലോ മറ്റൊന്നായി തുന്നിച്ചേര്‍ക്കുന്ന ഒരു സാഹചര്യവും ഇവരുടെ വാരിക വീക്ഷിച്ചാല്‍ സുതരാം വ്യക്തമാകും. പച്ചയായി ഖുര്‍ആനും ഹദീസും പറയുന്ന കാര്യങ്ങള്‍ പോലും നിഷേധിച്ച് സ്വന്തം ഇജ്തിഹാദിലൂടെ (ക്ഷമിക്കണം... റിസര്‍ച്ചിലൂടെ) പുതിയ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന ഇവന്മാര്‍‌ ശരിക്കും ഉന്നംവെക്കപ്പെടേണ്ടവര്‍ തന്നെയാണ്. മതത്തിന്‍റെ ഏതു ശത്രുക്കളെയും മനസ്സിലാക്കുക എളുപ്പമാണെങ്കിലും മതത്തിനുള്ളിലെ മതത്തിന്‍റെ ശ്ത്രുക്കളെ കണ്ടെത്തുക പ്രയാസമാണെന്ന് പണ്ടാരോ പറഞ്ഞത് ഇവിടെയും ഓര്‍ത്തില്ലെങ്കില്‍ പിന്നെ മറ്റെവിടെയാണ് ഓര്‍ക്കാന്‍ സാധിക്കുക!!

പ്രസാധനത്തിലൂടെ ഇവര്‍ കേരളത്തെ കൊണ്ടുപോകുന്നത് എങ്ങോട്ടാണെന്ന് നോക്കിനിന്ന് പറയേണ്ടിയിരിക്കുന്നു. കാരണം, ഇവരുടെ അഭിപ്രായത്തില്‍ കേരളത്തില്‍ യഥാര്‍ത്ഥ ഇസ്ലാമെത്തിയിട്ട് അന്പത് വര്‍ശമേ ആയിട്ടുള്ളൂ. അതുവരെ ഇവിടെ തമസ്സായിരുന്നു. ആ ഇരുട്ടിലേക്കായിരുന്നുവത്രേ മൌദൂദി വെളിച്ചവുമായി മുഹമ്മദലി കടന്നുവന്നിരുന്നത്... ഹി ഹി ഹി... ഇവന്മാരുടെ ഓരോ മനശ്ശാസ്ത്ര ക്ളാസുകള്‍ കേട്ടാല്‍ തോന്നും ലോകം മൊത്തം അവരുടെ ഉള്ളനടിയില്‍നിന്നും വന്നതാണെന്ന്...
ഒരു ദിവസം ഒരു കാര്യം പറയുകയും തൊട്ടടുത്ത ദിവസം അത് മാറ്റിപ്പറയുകയും ചെയ്യുകയെന്നതല്ലാതെ കേരളത്തിലോ ഇന്ത്യയിലോ ജമാഅത്തെ ഇസ്ലാമിക്ക് മറ്റൊരു പാരന്പര്യമുണ്ടോ? പണ്ട് നിഷിദ്ധമായ പലതും ഇന്ന് ഹലാല്‍. പണ്ട് ഹലാലായ പലതും ഇന്ന് നിഷിദ്ധം. വല്ലാത്തൊരു കടംകഥ തന്നെയാണ് ഇവരുടെ ഓരോ അവകാശവാദങ്ങളും പ്രവര്‍ത്തനങ്ങളും.

പാന്‍സും സൂട്ടും ധരിക്കുന്ന ഇത്തരം ഇസ്ലാമിസ്റ്റുകളെ കാണുന്പോള്‍ പൊതുജനം തെറ്റുദ്ധരിച്ചുപോകുന്നു. സിനിമയും ഡാന്‍സും നൃത്തവും പാട്ടും കച്ചേരിയും എല്ലാം മറ്റുള്ളവരെപ്പോലെത്തന്നെ അനുവദനീയമായ വിശാലമായൊരു ഇസ്ലാമുണ്ടെങ്കില്‍ പിന്നെന്തിനാ ദിക്ര്‍ ചെല്ലുന്ന, സുന്നത്ത് നിസ്കരിക്കേണ്ടി വരുന്ന, ആത്മീയതയുടെ ഇസ്ലാമെന്നാണ് അവര്‍ ചിന്തിച്ചു പോകുന്നത്. ധൈഷണികമായ വഴിയിലൂടെത്തന്നെ മുന്നോട്ടുപോയി, രാജാവ് നഗ്നനാണെന്ന് കാണിച്ചുകൊടുക്കാന്‍ സമമയമതിക്രമിച്ചിരിക്കുന്നു. അല്ലെങ്കില്‍, കൃത്യാനിസത്തെയോ യൂറോപ്യന്‍ സെക്യുലറിസത്തെയോ പോലെ ഇവര്‍ ഇസ്ലാമിനെ വലിച്ചുനീട്ടി ഒരു തരം -അഡ്ജസ്റ്റഡ് ആന്‍റ് എലാസ്റ്റിക് -ഇസ്ലാമായി മാറ്റുകയില്ലെന്ന് ആര് കണ്ടു?