Friday, May 11, 2012

ദീദാത്ത്: പ്രബോധന പാതയില്‍ ജ്വലിച്ചുനിന്ന നക്ഷത്രം



വിശ്വവിഖ്യാത ഇസ്‌ലാമിക പണ്ഡിതനും നിസ്വാര്‍ത്ഥ പ്രബോധകനുമായിരുന്നു ശൈഖ് അഹ്മദ് ദീദാത്ത്. ഇളകിവശായ പ്രതികൂല സന്ധികള്‍ക്കിടയില്‍ ഊര്‍ജ്ജസ്വലതയുടെ പ്രതീകമായി രംഗത്തെത്തിയ അദ്ദേഹം ക്രൈസ്തവ മിഷിനറിയുടെ ഭീഷണിയും ആശയപ്രചാരകരുടെ പേടിസ്വപ്നവുമായിരുന്നു. വാചാടോപങ്ങള്‍ക്കപ്പുറം വിശ്വാസിയുടെ ജീവിതം സാര്‍ത്ഥകമാവണമെന്നും തനിക്കു മുമ്പിലെ ഉത്തരവാദിത്തങ്ങള്‍ നികത്തപ്പെട്ടതായി തന്നെ കിടക്കണമെന്നും അദ്ദേഹം മനസ്സിലാക്കി. മാറി മറിയുന്ന ഭൗതിക പശ്ചാത്തലങ്ങളില്‍ തിരിച്ചറിവ് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ജനതയ്ക്കു മുമ്പില്‍ തന്റേതായ ഇടം കണ്ടെത്തലിലൂടെ ലോകര്‍ക്കു മുമ്പില്‍ ആദര്‍ശ വിപ്ലവത്തിന്റെ പുതിയൊരു വാതായനം തുറക്കുകയായിരുന്ന അഹ്മദ് ദീദാത്ത്.
അമ്പതു വര്‍ഷത്തോളം ജീവിത സൗഖ്യങ്ങള്‍ മാറ്റിവെച്ച് ഇസ്‌ലാമിക പ്രബോധന ഗോഥയില്‍ ഒരു നിസ്തുല ജ്യോതിര്‍ഗോളമായി  വിളങ്ങി നിന്ന ദീദാത്ത്, ഒരു കാലഘട്ടത്തിന്റെ ഇതിഹാസവും മാതൃകാ പുരുഷനുമാണ്. ധൈഷണിക പുരോഗതി വരിച്ച ലോകത്ത് അനിവാര്യതയുടെ വിൡാളം കേട്ടുണര്‍ന്ന ദീദാത്ത് സത്യത്തില്‍, ദൈവനിയോഗത്തിന്റെ ഒരനുഗ്രഹ മുഖമായിരുന്നു. കേവലമൊരു പുറംപോക്കന്റെ സംസ്‌കാരത്തില്‍ നിന്ന് ഉയിരാവാഹിച്ച് നിരന്തരമായി ചര്‍ചചെയ്യപ്പെടുന്ന സകാലിക ലോകത്തന്റെ നെറ്റിത്തടത്തില്‍ സിന്ദൂര തിലകമായി പ്രത്യക്ഷപ്പെടാന്‍ അദ്ദേഹത്തിന് സാധിച്ചു. ആര് ജ്ഞാനാന്വേഷണത്തിന്റെയും ജ്ഞാന പ്രസരണത്തിന്റെയും വഴിയില്‍ പ്രവേശിച്ചോ അല്ലാഹു അവരുടെ മാര്‍ഗങ്ങള്‍ ലഘൂകരിച്ചു കൊടുക്കുമെന്ന പ്രവാചക വചനം ഇവിടെ ചിന്തിക്കാവുന്നതേയുള്ളൂ.
അഹ്മദ് ഹുസൈന്‍ എന്ന ദീദാത്ത് 1918ല്‍ ജൂലൈ ഒന്നിന് ബ്രിട്ടീഷ് ഇന്ത്യയിലെ ഗുജറാത്ത് സംസ്ഥാനത്തില്‍ സൂറത്ത് ജില്ലയിലാണ് ജനിക്കുന്നത്. തികച്ചും ദരിദ്രരും ആസ്ഥിലേശമന്യരുമായിരുന്നു കുടുംബം. പശിയടക്കാന്‍ മാര്‍ഗം കാണാതെ തെരുവുകളില്‍ അലഞ്ഞു തിരിയേണ്ടി വന്ന സ്വന്തം പിതാവിനെ കുറിച്ച് 1926ല്‍ വരെ അദ്ദേഹത്തിന് ഒരു ബോധവുമുണ്ടായിരുന്നില്ല. ജനിച്ച ഉടനെത്തന്നെ തയ്യല്‍കാരനായ പിതാവ് ജീവിത സന്ധാരണത്തിന്റെ പുതിയ സാധ്യതകള്‍ തേടി ദക്ഷിണാഫ്രിക്കയിലേക്കു കുടിയേറുകയായിരുന്നു.
സാമ്പത്തിക ഭദ്രതയില്ലാത്ത പശ്ചാത്തലം കുട്ടിയായ ദീദാത്തിനെയും ശക്തമായി ബാധിച്ചു. ഔപചാരിക വിദ്യ നേടാനുള്ള അവസരം പോലും അദ്ദേഹത്തിനു മുമ്പില്‍ തെളിഞ്ഞു വന്നില്ല. തികച്ചും ജീവിതം ഇരുളടഞ്ഞ ഘട്ടം. പിന്നീടവിടെ അവലംബിക്കാനുണ്ടായിരുന്നത് ഒരേയൊരു മാര്‍ഗമായിരുന്നു. ജീവിതം വഴിമുട്ടിയ അഹ്മദ് ദീദാത്ത് പ്രാണരക്ഷ കൊതിച്ച് അതും സ്വീകരിച്ചു. 1927ല്‍ സ്വന്തം പിതാവ് കഴിയുന്ന ദക്ഷിണാഫ്രിക്കയിലേക്കു യാത്രയായി.
പ്രാഥമിക വിദ്യാഭ്യാസം പോലും നേടാത്ത ദീദാത്ത് അവിടെ നിന്നാണ് അക്ഷരങ്ങളുടെ ലോകവുമായി അടുത്തിടപഴകുന്നത്. പിതാവിന് വേതനമായി ലഭിക്കുന്ന ചില്ലിക്കാശുകള്‍ അപര്യാപ്തമായിരുന്നുവെങ്കിലും ദൈവികമായ ഒരു സൗഭാഗ്യമെന്നോണം ആ കൊച്ചു കുടുംബം അതുമായി ജീവിച്ചു പോന്നു.
പഠന കാര്യത്തില്‍ ഏറെ സമര്‍ത്ഥനായിരുന്നു ദീദാത്ത്. കലാലയങ്ങളിലാണെങ്കില്‍ അതീവ ചുണയും ചുറുചുറുക്കും കാണിച്ച അദ്ദേഹം വളരെ ചെറുപ്പത്തില്‍ തന്നെ സാമൂഹിക പ്രശ്‌നങ്ങളെ കുറിച്ചും ചുറ്റുപാടുകളെ കുറിച്ചും ചിന്തിച്ചുതുടങ്ങി. ഇക്കാലമായപ്പോഴേക്കും ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ് അദ്ദേഹം സ്വായത്തമാക്കി കഴിഞ്ഞിരുന്നു. ക്രമേണ ഒരു വിദ്യാര്‍ത്ഥിയുടെ ജീവിതത്തില്‍ അനിവാര്യമായിവരുന്ന ഹിന്ദി, അറബി, ഉറുദു തുടങ്ങിയ ഭാഷകളിലും വ്യുല്‍പത്തി നേടി. പക്ഷേ, പിന്നീട് ശക്തിപ്പെട്ടു വന്ന സാമ്പത്തിക ഞെരുക്കം പഠനം മുന്നോട്ടുകൊണ്ടു പോവാന്‍ അനുവദിച്ചില്ല. ആ നിമിഷം, മനസ്സില്ലാ മനസ്സോടെ പഠനം നിര്‍ത്തിവേക്കേണ്ടി വന്നു. ദരിദ്രനായ ദീദാത്ത് വീട്ടില്‍ തനിച്ചിരിക്കാന്‍ തുടങ്ങി.
അങ്ങനെയാണ് ദീദാത്ത് തന്റെ 16-ാമത്തെ വയസ്സില്‍ സ്വയം ഒരു ജോലി അന്വേഷിച്ചിറങ്ങുന്നത്. കുടുംബഭാരവും ജീവിത പ്രശ്‌നങ്ങളും അവരെ ഇതിന് പ്രേരിപ്പിക്കുകയായിരുന്നു. താമസിയാതെ തൊട്ടടുത്തുള്ള ഒരു കടയില്‍ ജോലി കിട്ടി. ഏറെ വേതനമില്ലെങ്കിലും ഉള്ളതില്‍ സംതൃപ്തി പൂണ്ട് ദിവസങ്ങള്‍ തള്ളിനീക്കി. അതിനിടെ ചിലയിടങ്ങളില്‍ ഡ്രൈവറായും ക്ലാര്‍ക്കായും സെയില്‍സ് മാനായും സെയില്‍സ് മാനേജരായും സേവനമനുഷ്ഠിച്ചു. സ്വന്തം കുടുംബത്തിന്റെ പശിയടക്കാന്‍ വകയൊരുക്കല്‍ മാത്രമായിരുന്നു അന്നവരുടെ ലക്ഷ്യം.
1936 ദീദാത്തിനെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന വര്‍ഷമായിരുന്നു. ദാരിദ്ര്യത്തിനു മുമ്പില്‍ പരുക്കന്‍ ജീവിതക്രമം തരപ്പെട്ടുവന്ന അദ്ദേഹത്തിന് ഒരു വഴിത്തിരിവാകുകയായിരുന്നു ഇവിടെ. നെറ്റാളിയിലെ മുസ്‌ലിം അധീനത്തിലുണ്ടായിരുന്ന ഒരു കൊച്ചു കടയിലായിരുന്നു അദ്ദേഹത്തിന്റെ ജോലി. അതിനടുത്തു തന്നെ ഒരു ക്രൈസ്തവ മതപാഠശാലയുണ്ടായിരുന്നു. അവിടത്തെ പരിചയ സമ്പന്നരായ ക്രൈസ്തവര്‍ ഇടക്കിടെ കട സന്ദര്‍ശിക്കുക പതിവായിരുന്നു. തല്‍സമയം വിശുദ്ധ ഇസ്‌ലാമിനെതിരെ വീശിയെറിയാറുള്ള അവിവേക പൂര്‍ണമായ ആരോപണങ്ങള്‍ അവരുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒരു പ്രതിക്രിയ നടത്തുവാനുള്ള ആവേശം ആ യുവ മനസ്സില്‍ ആളിക്കത്തിച്ചു. ഇനി സ്വന്തമായി ഇതിനെതിരെ ആശയ വലയങ്ങള്‍ സമാഹരിച്ചിട്ടല്ലാതെ മറ്റൊന്നിനെ കുറിച്ച് ചിന്തിക്കില്ല എന്നായിരുന്നു ദീദാത്തിന്റെ നിലപാട്.
പിന്നീട് അവിചാരിതമായി കൈവന്ന സുപ്രസിദ്ധ ഇന്ത്യന്‍ പണ്ഡിതന്‍ ശൈഖ് റഹ്മത്തുല്ലാഹ് അഹ്മദുല്‍ ഹിന്ദിയുടെ 'ഇള്ഹാറുല്‍ ഹഖ്' (സത്യപ്രകാശനം) എന്ന സമഗ്ര ഗ്രന്ഥം അദ്ദേഹത്തിന് അത്താണിയായി. ക്രിസ്ത്യന്‍ മിഷിണറി ഇസ്‌ലാമിനെതിരെ ഉന്നയിക്കുന്ന വിതണ്ഡ വാദങ്ങളുടെ മുനയൊടിക്കാന്‍ പര്യാപ്തമായ ഈ കൃതി അദ്ദേഹത്തെ ആകര്‍ഷിക്കുകയായിരുന്നു. പ്രതിഭാധനനായ മൗലാനാ റഹ്മതുല്ലാഹില്‍ ഹിന്ദിയുടെ (മുസഫര്‍ നഗര്‍ -യു.പി) മാസ്റ്റര്‍ പീസായിരുന്നു ഈ കൃതി. ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണ കാലത്തെ ക്രിസ്ത്യന്‍ മിഷിണറി പ്രവര്‍ത്തകരുടെ കുത്സിത ശ്രമങ്ങളെ കുറിച്ചും ക്രൈസ്തവ വിശ്വാസങ്ങളിലെ അബദ്ധ ധാരണകളെ കുറിച്ചും ഇതില്‍ സവിസ്തരം പ്രതിപാദിക്കുന്നു.
ആശയ സംവാദമെന്ന ആശയം ദീദാത്തിനെ സംബന്ധിച്ചിടത്തോളം ഏറെ മനോഹാരിയായി തോന്നി. അപരിപൂര്‍ണമായും അദ്ദേഹത്തെ സ്വാധീനിച്ചു കഴിഞ്ഞിരുന്നു. ഈ നവോന്‍മേഷത്തിന്റെ പടച്ചട്ടയണിഞ്ഞ അദ്ദേഹം ബൈബിള്‍ വിലക്കു വാങ്ങി സെമിനാരിയിലെ വിദ്യാര്‍ത്ഥികളോട് ചര്‍ച്ചകളും സംവാദങ്ങളും നടത്തി. മുനക്കു കൊള്ളുന്ന തന്റെ പ്രതിവാദങ്ങള്‍ക്കു മുമ്പില്‍ ദ്രുതഗതിയില്‍ അവര്‍ പിന്തിരിയേണ്ടി വന്നപ്പോള്‍ അവരുടെ അദ്ധ്യാപകരെയും സമീപ ദേശ പുരോഹിത തലവന്‍മാരെയും  അദ്ദേഹം വ്യക്തിപരമായി സന്ദര്‍ശിച്ചു. അപ്രതീക്ഷിതമായി തന്നെ തേടിയെത്തിയ നിരന്തരമായ വിജയങ്ങള്‍ പ്രബോധന പാതയില്‍ ഊര്‍ജ്ജ സ്വലതയോടെ മുന്നേറാന്‍ അദ്ദേഹത്തിന് ആര്‍ജ്ജവം നല്‍കി. കുടുംബ ജീവിതമോ സന്താന സാഫല്യമോ അദ്ദേഹത്തിനു മുന്നില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചില്ല. പ്രത്യുത ക്രിസ്ത്യന്‍ മിഷിണറികളുടെ വ്യാജമായ അവകാശങ്ങളെ പ്രതിരോധിക്കാനുള്ള തന്റെ ആവേശം നാള്‍ക്കുനാള്‍ പുരോഗമിച്ചുകൊണ്ടിരുന്നു. പിന്നീടുള്ള നാലോളം നൂറ്റാണ്ടുകള്‍  നിദ്രാ വിഹീനവും അദ്ധ്വാന നിര്‍ഭരവുമായിരുന്നു.

താമസിയാതെ ദീദാത്തിന്റെ പ്രബോധന വലയം ദക്ഷിണാഫ്രിക്കയില്‍ നിന്നും പുറംലോകങ്ങളിലേക്കും വ്യാപിച്ചുതുടങ്ങി. തന്റെ ക്രൈസ്തവ എതിരാളികളായി ചുറുചുറുക്കുള്ള പലരും മാറി മാറി വന്നു. ഒരു അന്തര്‍ ദേശീയ ഇസ്‌ലാമിക ആശയ പ്രസാരണ സംരംഭം കണക്കെ ഇതെവിടെയും ചര്‍ച്ചാ വിഷയമായി. അമേരിക്ക, കാനഡ, സിംബാവ്‌വെ, സാംബിയ, ലിബിയ, കെനിയ, ഹോംകോംഗ്, ജപ്പാന്‍, മലേഷ്യ, പാക്കിസ്ഥാന്‍, ഇന്ത്യ തുടങ്ങി പല രാഷ്ട്രങ്ങളിലും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും സംവാദങ്ങളും നടത്തപ്പെട്ടു. അമേരിക്കയിലെ വിഖ്യാത ബൈബിള്‍ പണ്ഡിതന്‍ ജിമ്മി സ്വാഗര്‍ട്ടുമായുള്ള ഐതിഹാസികമായ സംവാദമായിരുന്നു ഇവയിലേറെ ശ്രദ്ധ പിടിച്ചു പറ്റിയത്. വിശുദ്ധ ഖുര്‍ആനും ബൈബിളും മുമ്പില്‍ വെച്ച് ചിന്തകളുടെയും ആശയങ്ങളുടെയും അഗാധ തലങ്ങളിലേക്കു കയറി ച്ചെന്ന ദീദാത്തിനു മുമ്പില്‍ ഒരു നിമിഷം പോലും പിടിച്ചു നില്‍ക്കാനാവാതെ സ്വാഗര്‍ട്ടിന് അടിയറവ് സമ്മതിക്കേണ്ടി വരികയായിരുന്നു. കൂടാതെ, പ്രോഫ. ഫ്‌ളോയിഡ് ഇ ക്ലാര്‍ക്ക്, റോബര്‍ട്ട് സൗഗ്‌ലസ്, പ്രൊഫ. ഡിന്‍കിന്‍സ് തുടങ്ങിയവരും ദീദാത്തിനു മുമ്പില്‍ മൗനം ഭജിക്കേണ്ടി വന്ന പ്രധാനികളില്‍ ചിലരാണ്.
1984-ല്‍ ജോണ്‍ പോള്‍ രണ്ടാമനെ പോലും തുറന്ന സംവാദത്തിന് വെല്ലുവിളിച്ചു. പക്ഷേ, പരാജയം ഭയന്ന വത്തിക്കാന്‍ സഭ വെല്ലുവിളി നിരസിക്കുകയാണുണ്ടായത്. അസാധാരണ മേധാശക്തി കൊണ്ടും  ഗ്രഹണ ശക്തി കൊണ്ടും അഹ്മദ് ദീദാത്ത് വിശ്വവിഖ്യാത ബൈബിള്‍ പണ്ഡിതരുടെ ഭീഷണിയായി മാറി. ലോകത്തിനു മുമ്പില്‍ ഉത്തരം കൊടുക്കാത്ത ഒരു ചോദ്യമായി നിലകൊണ്ടു.
ജരാനരപീഡകള്‍ ഏല്‍ക്കാന്‍ തുടങ്ങിയപ്പോഴും ദീദാത്തിന് സ്വന്തമായി അടങ്ങിനില്‍ക്കാന്‍ സാധിച്ചില്ല. തന്റെ ആത്മാവിന്റെ തേട്ടമെന്നോണം ബഹുമുഖ പ്രബോധന വഴികള്‍ അവലംബിച്ചു കൊണ്ടു ദക്ഷിണാഫ്രിക്കയില്‍ കഴിച്ചുകൂട്ടി. ബൈബിള്‍ പഠന ക്ലാസുകളും പ്രഭാഷണങ്ങളുമായിരുന്നു മുഖ്യ അവലംബം. ആയിടെയായി പ്രബോധന പരിശീലന കേന്ദ്രങ്ങളായി അനവധി സെന്ററുകള്‍ സ്ഥാപിക്കപ്പെട്ടു. ദക്ഷിണാഫ്രിക്കയിലെ തന്നെ 'അസ്സലാം' എന്ന കെട്ടിട സമുച്ചയമാണ് ഇതില്‍ ആദ്യത്തേത്. സ്വന്തം കുടുംബത്തിന്റെ ആസ്ഥിയില്‍ നിന്നാണ് ഇവയുടെയെല്ലാം ചെലവുകള്‍ നടന്നു വരുന്നത്. ദര്‍ബനിലെ Islamic propagation centre international-ന്റെ സ്ഥാപക നേതാക്കളിലൊരാളായ അദ്ദേഹം അതിന്റെ ആജീവനാന്ത പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയായിരുന്നു.
ഇസ്‌ലാമിക ലോകവും ക്രൈസ്തവ ലോകവും തമ്മില്‍ ആശയ കൈമാറ്റങ്ങളുടെ ആരോഗ്യകരമായ അന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നതില്‍ മുസ്‌ലിം ലോകം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. 1986ല്‍ തന്റെ മൂല്യവത്തായ സേവനങ്ങള്‍ക്കുള്ള അംഗീകാരമെന്നോണം കിംഗ് ഫൈസല്‍ അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തുന്നത് അങ്ങനെയാണ്. ആയിരക്കണക്കിന് മനുഷ്യ ഹൃദയങ്ങളില്‍ വിശ്വാസ വെളിച്ചം പകര്‍ന്ന ആ മഹാ മനീഷി ഒരു നിമിഷം കണ്ണടച്ചെങ്കിലും ഇന്നും മനുഷ്യ ഹൃദയങ്ങളില്‍ ആര്‍ജ്ജവത്തോടെ ജീവിച്ചു കൊണ്ടിരിക്കുന്നു. ഇരുപതോളം ഗ്രന്ഥങ്ങളുടെ രചയിതാവായ അദ്ദേഹം ജ്ഞാന തൃഷ്ടണരായ വായനക്കാരുടെ മനോമുകരങ്ങളില്‍ അനന്തമായി പാറിപ്പറക്കുകയാണ്.
(സുന്നി അഫ്കാര്‍ വാരിക, 2005, ആഗസ്റ്റ്: 24, സുന്നി മഹല്‍, മലപ്പുറം)

No comments:

Post a Comment