Friday, April 27, 2012

അതിശയിപ്പിക്കുന്ന അലങ്കാര രൂപങ്ങൾ


അദൃശ്യങ്ങളിലേക്ക്‌ വ്യാപിച്ചുകിടക്കുന്ന അലങ്കാര രൂപങ്ങളാണ്‌ അറബെസ്ഖ്‌. ഇതര കലാശൈലികളിൽ നിന്ന്‌ തുലോം ഭിന്നമായി അസ്ഥിരതയും അനശ്വരതയും മുന്നോട്ടുവെക്കുന്ന ഇത്‌ ഇസ്ലാമിക കലാരൂപങ്ങളുടെ അവിഭക്ത കോണുകളായാണ്‌ പരിഗണിക്കപ്പെടുന്നത്‌. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം കാഴ്ചകൾക്കപ്പുറത്തുള്ള ഒരു മഹാ വിഹായസ്സിലേക്കാണ്‌ ഇത്‌ വാതിൽ തുറക്കുന്നത്‌.
റോമൻ അലങ്കാര കലയെ സൂചിപ്പിക്കുന്ന റോമനസ്ഖ്‌ പോലെ അറബ്‌ അലങ്കാര കലയെക്കുറിക്കുന്ന പാദമാണിത്‌. എണ്ണമറ്റ അലങ്കാര വഴികളിൽ വ്യതിരിക്തത നിലനിറുത്തി പുതിയൊരു വീക്ഷണത്തെയും സമീപനത്തെയുമാണിത്‌ പ്രതിനിധീകരിക്കുന്നത്‌. നിഘണ്ടുകളുടെ ഭാഷയിൽ പറഞ്ഞാൽ ഇലകളും തണ്ടുകളും മറ്റു സസ്യരൂപങ്ങളും വിചിത്രരീതിയിൽ കെട്ടുപിണഞ്ഞ്‌ കിടക്കുന്നതിനെ ചിത്രീകരിക്കുന്ന ശിൽപകല, അല്ലെങ്കിൽ ചിത്രകലയാണ്‌ ഇസ്ലാമിക കല അനാവരണം ചെയ്യുന്ന അറബെസ്ഖ്‌. സത്യത്തിൽ ദൈവിക വിസ്മയങ്ങളുടെ കലവറയായ പ്രകൃതിയുടെ പുതിയൊരു ആവിഷ്കാര രീതിയാണിത്‌. ദൈവാസ്തിക്യം തുളുമ്പുന്ന ഹരിത കഞ്ചുകം കണക്കെ ഇലകളുടെയും വള്ളിരൂപങ്ങളുടെയും അതിഭൗതികതയിലേക്കുള്ള അവതരണമാണിവിടെ. അറിവിന്റെ ഉപരിതലത്തിൽ നിന്ന്‌ തുടങ്ങി ദർശനത്തിന്റെ കാണാപ്പുറങ്ങളിലേക്ക്‌ ദ്രഷ്ടാവിന്റെ വികാരങ്ങളെ ആവാഹിക്കലാണ്‌ സ്വഭാവം.
കേവലം അലങ്കാര രൂപമെന്നതിലുപരി ഭക്തജനത്തെ സംബന്ധിച്ചിടത്തോളം വിശുദ്ധ വിഹാര കേന്ദ്രമാണിത്‌. സുപ്രസിദ്ധ കലാനിരൂപകനായ ഇസ്മാഈൽ റാജി ഫാറൂഖി പറഞ്ഞതുപോലെ ഏകനായ ദൈവത്തിന്റെ പാവന സാന്നിധ്യത്തിലേക്കാണ്‌ ഇവകളോരോന്നും ചെന്നുമുട്ടുന്നത്‌.(2) അതിനാൽ ഇതര വിശ്വാസ പ്രമാണങ്ങളോട്‌ സാധർമ്യത നിലനിറുത്തി ഇവ ഇസ്ലാമിക പ്രത്യയശാസ്ത്രത്തിന്റെ ലാവണ്യതത്ത്വങ്ങളുമായി ഒത്തുപോകുന്ന ഒരു കലാരൂപമാണ്‌. അനുകരണീയ ശൈലിയിലും താളത്തിലും തെളിഞ്ഞുവരുന്ന അറബെസ്ഖിലെ അനന്തതയിലേക്ക്‌ മറയുന്ന അലങ്കാരങ്ങൾ പഞ്ചേന്ദ്രിയങ്ങൾക്കപ്പുറത്തെ ഒരു ലോകത്തെയും അതിന്റെ വിധാതാവായ ഏകചക്രാധിപതി തമ്പുരാനെയുമാണ്‌ സൂചിപ്പിക്കുന്നത്‌. ദൈവിക സ്മരണ കുത്തിനിറച്ച ഹൃദയവുമായി വരുന്നവരും ആത്മബോധത്തിന്റെ ധ്യാന ലഹരിയിൽ ആറാടുന്നവരും ഇതിലൂടെ ഉന്നതങ്ങളിലേക്ക്‌ കയറിപ്പോകുന്നു. അവർക്കു മുമ്പിൽ ദൈവിക സമക്ഷം അണയാനുള്ള സോപാനങ്ങളാണിവ.
പതിനൊന്നാം നൂറ്റാണ്ടിൽ ഖുറാസാനിൽ നിർമിതമായ രിബാഥെ ശരീഫ്‌ മുതൽ ആഗ്രയിലെ ഇഅ​‍്തിമാദുദ്ദൗലയുടെ മഖ്ബറയിൽ വരെ ഈ അലങ്കാര ശൈലിയുണ്ട്‌. ചുമരുകളിലും പരിസരങ്ങളിലും നിറഞ്ഞുനിൽക്കുന്ന ഈ ദലാലങ്കാരം എന്തുകൊണ്ടും നയനമുള്ളവരെ ആകർഷിക്കുന്നു. ഒരു ശാന്തിബിന്ദു പോലെ ആത്മാവിലേക്ക്‌ പതിഞ്ഞുകൊണ്ടിരിക്കുന്നു.
ഇസ്ലാമിക കലയുടെ സവിശേഷതകളിലൊന്നായ അമൂർത്തസ്വഭാവ(അയ​‍െ​‍്മര​‍േ)മാണ്‌ അറബെസ്ഖിനെയും വ്യതിരിക്തമാക്കുന്നത്‌. കെട്ടിടങ്ങളുടെയും സസ്യങ്ങളുടെയും ബാഹ്യാകാരത്തിന്‌ ഭിന്നമായി ഇവക്ക്‌ ഒരാന്തരിക പശ്ചാത്തലമുണ്ട്‌. ചിന്നിച്ചിതറിയ ഹൃദയങ്ങളെ ഇവ ലക്ഷ്യത്തിലേക്കാനയിക്കുന്നു. അവിടെ നിന്ന്‌ നിയമയുക്തമായ പന്ഥാവിലൂടെ മുന്നോട്ട്‌ ആനയിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ അറബെസ്ഖിന്റെ ചിത്രീകരണത്തിൽ പ്രകൃതിയുടെ തനിപ്പകർപ്പല്ല സ്വീകരിക്കുന്നത്‌. യാഥാർഥ്യത്തിലെ സൂക്ഷ്മവശങ്ങളുടെ പർവതീകരണമാണിവിടെ. അറബെസ്ഖിൽ മുന്തിരിവള്ളിയും ജാസ്മിൻ പുഷ്പവും അതേ പോലെ പകർത്തപ്പെടണമെന്നില്ല. പകരം അതിഭൗതികതയുടെ ലാഞ്ചനയുള്ള പരിവർത്തിത രൂപങ്ങളായിരിക്കും പ്രദർശിപ്പിക്കപ്പെടുന്നത്‌. സസ്യരൂപങ്ങൾ ഏതാവണമെന്നതിൽ നിശ്ചയമില്ല. അതിന്റെ അവതരണത്തിനാണ്‌ പ്രാധാന്യം. കാരണം, കലാകാരന്റെ മാറിമറിയുന്ന ഭാവനകളുടെ അനന്തര ഫലമാണിത്‌. ഇതിലെ ഇളക്കവും ചാഞ്ചാട്ടവും അവതരണത്തിലും പ്രതിഫലിക്കുന്നു. ദ്രഷ്ടാക്കളുടെ ഹൃദയങ്ങളെ മദിക്കുന്നത്‌ ഇവയാണ്‌.
ചരിത്രപരമായി, അറബെസ്ഖ്‌ സ്പാനിഷ്‌ കലാകാരന്മാരുടെ സംഭാവനയായാണ്‌ അനുമാനിക്കപ്പെടുന്നത്‌. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ രൂപംകൊണ്ട കലാരൂപങ്ങളിൽ അവരെ സംബന്ധിച്ചിടത്തോളം ഇതൊരു അതുല്യപ്രകടനമായിരുന്നു. ഇലകളും വള്ളികളും തണ്ടുകളും സമഞ്ജസമായി സമ്മേളിക്കുന്ന ഈ അസാധാരണ ശൈലിയെ അത്തൗരീഖ്‌ എന്ന പേരിലായിരുന്നു അവർ പരിചയപ്പെട്ടിരുന്നത്‌ എന്നുമാത്രം.
പക്ഷേ, അറബികൾക്കിടയിൽ ഈ അലങ്കാരശൈലി എത്തിപ്പെട്ടതിൽ പക്ഷാന്തരങ്ങളുണ്ട്‌. ടിറ്റസ്‌ ബർക്കററ്റിന്റെ അഭിപ്രായ(3)ത്തിൽ മധ്യകാലത്ത്‌ യൂറോപ്പ്‌ ആക്രമിച്ച മധ്യേഷ്യയിലെ നാടോടി വിഭാഗത്തിൽ നിന്ന്‌ അറബികൾ സ്വീകരിച്ചതാണ്‌ അറബെസ്ഖ്‌. കാരണം, സ്കൈതിയൻ (ടസ്യവേശമി) എന്ന പേരിൽ പ്രസിദ്ധരായ ഇവർക്ക്‌ സൂമോർഫിക്‌ (ദീ​‍ീ​‍ാ​‍ീ​‍ൃ​‍ുവശര) എന്ന ഒരു കലാരൂപം തന്നെ നിലവിലുണ്ടായിരുന്നു. അറുതിയും ഒടുക്കവുമില്ലാതെ അനന്തതയിലേക്ക്‌ വ്യാപിക്കുന്ന ഇവയാകാം ഒരു പക്ഷേ, മുസ്ലിംകളെ സ്വാധീനിച്ചിരുന്നത്‌.
ഇതൊരു അനുമാനം മാത്രം. പലരും പറയുന്നതനുസരിച്ച്‌ എവിടെ നിന്നോ ലഭിച്ച ചെറിയൊരു ആശയത്തിൽ നിന്ന്‌ മുസ്ലിം കലാകാരന്മാർ വികസിപ്പിച്ചെടുത്തതാണത്രെ അറബെസ്ഖ്‌. ഇസ്ലാമീകരണമെന്നോണം മൃഗങ്ങളുടെയും മനുഷ്യരുടെയും ആകാരങ്ങൾക്ക്‌ പകരം മുസ്ലിംകൾ സസ്യങ്ങളെ സ്വീകരിക്കുകയായിരുന്നു.
ഏതായിരുന്നാലും ഇവയിലെ ഓരോ പ്രകടനത്തിനും നിയമങ്ങളും കാര്യങ്ങളുമുണ്ട്‌. പ്രബലമായ അഭിപ്രായപ്രകാരം ഇതിലെ ചെടികളോ വള്ളികളോ ചെറുതാവുന്നതുകൊണ്ടോ വലുതാവുന്നതുകൊണ്ടോ ഒരു വിരോധവുമില്ല. പക്ഷേ, ഇവിടെ മർമപ്രധാനം ഓരോ ഇലകളുടെയും ഖാണ്ഡ ബന്ധമാണ്‌. അഥവാ, പരാശ്രയമില്ലാതെ സ്വതന്ത്രമായി ഒരില നിൽക്കുന്നത്‌ കലയുടെ അപൂർണതയാണ്‌. ദ്രഷ്ടാവിന്റെ ചിന്താനുസ്യൂതതയെ കുറിക്കാൻ ക്ഷണിക്കുകയാണ്‌ ഇത്‌ ചെയ്യുന്നത്‌. അതിനാൽ അനുസ്യൂതതയെ കുറിക്കാൻ എല്ലാം പരസ്പരം ബന്ധിതമാണ്‌. ഒരു കോണിൽ നിന്ന്‌ വീക്ഷിച്ചുതുടങ്ങിയാൽ അനന്തതയിലേക്ക്‌ നീങ്ങുകയോ തുടങ്ങിയതിൽ തന്ന തിരിച്ചെത്തുകയോ ചെയ്യുകയെന്നല്ലാതെ ഇതിന്‌ പുതിയ ഒരു മാനദണ്ഡവുമില്ല. ഈ അനുസ്യൂതതയാവട്ടെ ഉധൃത വചനം പോലെ ദിവ്യശക്തിയിലേക്കാണ്‌ വിരൽ ചൂണ്ടുന്നത്‌.
പശ്ചാത്തലങ്ങളുടെ വ്യത്യാസമനുസരിച്ച്‌ അറബെസ്ഖിന്‌ വശ്യത കൂടുന്നുണ്ടെങ്കിൽ സങ്കീർണ രൂപങ്ങളിലെ പിണച്ചിലുകളും മിടച്ചിലുകളും സൗന്ദര്യവർധകങ്ങളാണ്‌. ഒരു കെട്ടിടത്തിലോ അതിന്റെ ചുമലങ്കാരത്തിലോ ഇതെത്രമാത്രം ഉപയോഗിക്കപ്പെടുന്നോ അത്രയും ആകർഷണീയത കൂടുകയേ ചെയ്യുന്നുള്ളൂ. അമവീ കാലഘട്ടത്തിലെ ചില എടുപ്പുകളും ഖിർബതുൽ മഫ്ജർ, ജാമിഅ ദിമശ്ഖ്‌ തുടങ്ങിയ ചില കൊട്ടാരങ്ങളും പള്ളികളും ഇതിനുദാഹരണങ്ങളാണ്‌.
ചടുലമായ സ്ഥായിമാറ്റങ്ങളോ സ്വരാവരോഹ വ്യതിക്രമങ്ങളോ പ്രകടമാവാത്ത ഏകതാനമായ അറബ്‌ സംഗീതം പോലെ ഇത്‌ പൊതുവെ പശ്ചാത്തല കാര്യക്ഷമതക്കായിരുന്നു കലാകാരന്മാർ ഉപയോഗിച്ചിരുന്നത്‌.(4) ഒഴിഞ്ഞുകിടക്കുന്ന എല്ലാ ഭാഗത്തും പുത്തനുണർവ്‌ നൽകാൻ ഇതവരെ സഹായിച്ചു. അതുകൊണ്ടുതന്നെ ചുമരുകളിൽ നിറഞ്ഞുനിൽക്കുന്ന ഇതിന്‌ ജനങ്ങൾക്കിടയിൽ അസാധാരണമായ സ്വീകാര്യത ലഭിക്കുകയായിരുന്നു. ഇസ്വ്ഫഹാനിലെ സഫാവീ നിർമിത ശൈഖ്‌ ലുഥ്ഫിയ്യാ മസ്ജിദ്‌ ഇതിനൊരു ഉദാഹരണമാണ്‌. കാലിഗ്രഫിയും ജ്യാമിതീയാലങ്കാരവും പരിധികളുമില്ലാതെ ചുമരുകളും മേൽക്കൂരയും നിറയെ അറബെസ്ഖ്‌ നിരന്നുകിടക്കുകയാണ്‌. ആരെയും പ്രസാദിപ്പിക്കുമാർ പച്ച, നീല, മഞ്ഞ, വെള്ള വർണങ്ങളാണ്‌ ഇതിനീ വശ്യത പകരുന്നത്‌. ഇനി, അതേ പള്ളിയുടെ മിഹ്‌റാബ്‌ വീക്ഷിക്കുമ്പോഴും അതേ വസ്തുതയാണ്‌ പുറത്തുവരുന്നത്‌.(5) സൗന്ദര്യപ്രകടനം അൽപം കൂടി കാര്യക്ഷമമാവുന്നു എന്നല്ലാതെ അവിടെ പുതുതായൊന്നും വന്നുചേരുന്നില്ല.
അറബെസ്ഖ്‌ അലങ്കാര രീതികൾ മുസ്ലിം ലോകത്തും പുറത്തും ധാരാളമുണ്ടായിരുന്നു. ഇന്നും പൈതൃകത്തിന്റെ ഓർമക്കുറിപ്പുകളായി പലയിടത്തുമവ തലയുയർത്തി നിൽക്കുന്നുമുണ്ട്‌. സൗന്ദര്യത്തിന്റെ സർവ സീമകളും മറികടന്ന താജ്മഹൽ തന്നെയാണ്‌ ഇതിനെ പ്രതിനിധീകരിക്കുന്നത്‌. കൂടാതെ സ്പെയ്നിലെ അൽഹംറാ കൊട്ടാരവും അതിലെ ജാസ്മിൻ പുഷ്പാവിഷ്കാരവും കൈറോയിലെ മംലൂകീ ഭരണകാലത്ത്‌ നിർമിതമായ ഖൈതബായ്‌ ശവകുടീരവും ഇസ്വ്ഫഹാനിലെ അബ്ദുൽബാഖി തിബ്‌രീസി പണിത ഷാ മസ്ജിദും ഇസ്തംബൂളിലെ സുൽഥാൻ അഹ്മദ്‌ മസ്ജിദും പതിനാറാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ സ്ഥാപിതമായ അങ്കാറയിലെ ബൈറാം മസ്ജിദും അറബെസ്ഖിന്റെ മറ്റു അലങ്കാര രൂപങ്ങളാണ്‌.
യൂറോപ്യൻ ദോഷൈക ദൃക്കുകളുടെ അഭിപ്രായത്തിൽ മുസ്ലിംകളിൽ റോമൻകലാശൈലിയിൽ നിന്ന്‌ മോഷ്ടിച്ചതാണ്‌. റോമനെസ്ഖ്‌ എന്ന്‌ അവർ വിളിക്കുന്നതിന്റെ മറ്റൊരു രൂപമാണ്‌ നാം പിന്തുടരുന്നതത്രെ.
ഏതായിരുന്നാലും, ഇസ്ലാമിക കലയെ സംബന്ധിച്ചിടത്തോളം വിശുദ്ധിയുടെ അടയാളമാണിത്‌. ഒരു നിശ്ചിതവൃത്തത്തിൽ നിന്ന്‌ തുടങ്ങി ഏർഎ സങ്കീർണതകളെയാണിത്‌ മുന്നിൽ കാണിക്കുന്നത്‌. എങ്കിലും പരിഷ്കൃത അറബെസ്ഖിനെ വീക്ഷിക്കുമ്പോൾ അവക്ക്‌ പലതിലും സ്വതന്ത്രഭാവങ്ങളുണ്ട്‌. അടിസ്ഥാനാലങ്കാരങ്ങളായ ദലങ്ങളോ സസ്യങ്ങളോ വ്യവർത്തിച്ചെടുക്കാനാവുന്നില്ല എന്നതാണ്‌ അവയിലൊന്ന്‌.
ചരിത്രപരമായി നോക്കുമ്പോഴും അറബെസ്ഖിന്‌ വാസ്തുകല പോലെ പ്രാചരമുണ്ടായിരുന്നില്ല. അമവീ കാലത്ത്‌ വികാസം പ്രാപിക്കാത്ത ഈ മേഖല അബ്ബാസീകാലത്താണ്‌ പ്രശസ്തി നേടുന്നത്‌. മുഖ്യമായും സ്പാനിഷ്‌ മുസ്ലിംകളായിരുന്നു പരിപോഷിപ്പിച്ചിരുന്നതെങ്കിലും പിന്നീട്‌ സൽജൂഖികളും ഫാഥിമികളും ഏറ്റെടുക്കുകയായിരുന്നു. അങ്ങനെയാണ്‌ പതിനഞ്ചാം നൂറ്റാണ്ടോടെ ഇന്ത്യ, പേർഷ്യ തുടങ്ങിയ രാഷ്ട്രങ്ങളിലും ഇത്‌ വേരോട്ടം തുടങ്ങുന്നത്‌. 16-​‍ാം നൂറ്റാണ്ടായതോടെ യൂറോപ്യരെ സംബന്ധിച്ചിടത്തോളം അറബെസ്ഖ്‌ ഒരാവേശമായി മാറി.(6)

Sunday, April 8, 2012

ഗള്‍ഫ് പണവും ഭിന്നിപ്പിന്റെ പള്ളി സംസ്‌കാരവും

സ്വന്തം നാട്ടുകാരില്‍നിന്നും പണം പിരിച്ചോ സംഭാവനകള്‍ സ്വീകരിച്ചോ പള്ളി പണിത പാരമ്പര്യമാണ് കേരളമുസ്‌ലിംകള്‍ക്കുള്ളത്. ഓരോരുത്തരും തങ്ങളാലാകുന്നത് മുന്നോട്ടുവെച്ചുള്ള ഒരു കൂട്ടുസംവിധാനമായിരുന്നു ഇത്. ചിലര്‍ ഭൂമി പള്ളിക്കായി വഖഫ് ചെയ്തു. ചിലര്‍ മരം നല്‍കി. ചിലര്‍ കല്ലും മണ്ണും കൊടുത്തു. ചിലര്‍ ശാരീരിക അധ്വാനം നല്‍കി. കേരളത്തില്‍ വിശ്വാസികള്‍ക്ക് അല്ലാഹുവിനു മുമ്പില്‍ സുജൂദ് ചെയ്യാന്‍ പള്ളികള്‍ ഉയര്‍ന്നുവന്നത് അങ്ങനെയായിരുന്നു. തീര്‍ത്തും തഖ്‌വയുടെമേല്‍ എടുക്കപ്പെട്ട പള്ളികളായിരുന്നു ഇവ.
    എന്നാല്‍, ഗള്‍ഫ് പണം കേരളത്തില്‍ പള്ളി വാണിഭം ആരംഭിച്ച കാലം മുതലാണ് മുസ്‌ലിംകള്‍ക്കിടയിലുണ്ടായിരുന്ന പരമ്പരാഗത ഐക്യത്തിന് വിള്ളല്‍ വീണതെന്ന് കണ്ടെത്താന്‍ വലിയ ബുദ്ധിയുടെ ആവശ്യമൊന്നുമില്ല. ബൈത്തുല്ലാഹ് എന്ന നിഷ്‌കളങ്ക ഭാവത്തില്‍നിന്നും മാറി, അറബിപ്പണമുപയോഗിച്ച് ചിലപ്രത്യേക ലേബലുകളില്‍, ശൈലിയില്‍ പള്ളികള്‍ ഉയര്‍ന്നുവന്നതോടെ, 'മികവി' ന്റെ ആ ആഢ്യത്വത്തോടൊപ്പം പുതിയൊരു സംസ്‌കാരവും കേരളത്തിലെത്തുകയായിരുന്നു. പണ്ട് ബ്രിട്ടീഷുകാരെക്കുറിച്ച് പറയാറുള്ളപോലെ ഭിന്നിപ്പിച്ചു അധികാരം നേടുകയെന്ന ഫിലോസഫിതന്നെയാണ് ഇവിടെയും പ്രവര്‍ത്തിച്ചിരുന്നത്. പണത്തിന്റെ ഹുങ്കിലും പള്ളിമിനാരങ്ങളുടെ വലുപ്പത്തിലും ഇവിടത്തെ പാവപ്പെട്ട വിശ്വാസികളെ തങ്ങളിലേക്ക് ആകര്‍ഷിക്കുകയെന്ന ഫോര്‍മുലയാണ് ഇതിനെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്.
    ഗള്‍ഫ് പണം കേരളത്തിലെ പഴയ പള്ളികളെ നവീകരിച്ച് സജീവമാക്കുന്നതില്‍ സ്തുത്യര്‍ഹമായ പല കാര്യങ്ങളും ചെയ്തിട്ടുണ്ട് എന്നത് അംഗീകരിച്ചുകൊണ്ടുതന്നെയാണ് ഇത് പറയുന്നത്. ഉള്ളിടത്ത് രണ്ടാം പള്ളി പണിയുന്നതിനും പഴയ പള്ളിയെയും അതുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരെയും ഞെട്ടിപ്പിക്കാന്‍ പുതിയ 'ജഗപൊക' പള്ളി സംസ്‌കാരം കൊണ്ടുവരുന്നതിനാണ് ഗള്‍ഫ് പണം കൂടുതലായും വിനിയോഗിക്കപ്പെട്ടതെന്ന് കണ്ടെത്താനാവുന്നതാണ്. വിശിഷ്യാ, 1990 കള്‍ക്കു ശേഷം കേരളത്തില്‍ ഉയര്‍ന്നുവന്ന പള്ളികളെ ഭൂമിശാസ്ത്രപരമായി എടുത്തു പരിശോധിച്ചുനോക്കിയാല്‍ ഈ വസ്തുത നൂറു ശതമാനവും സത്യമാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. ഏതൊരു നാട്ടിലെയും വലിയ ജുമുഅത്തുപള്ളിയുടെ വിളിപ്പാടകലെ, അവിടത്തെ പ്രവര്‍ത്തനങ്ങളെ തുരങ്കം വെക്കാന്‍ രൂപം കൊണ്ട 'അറേബ്യന്‍ സ്റ്റൈല്‍' പള്ളികളായിരുന്നു ഈ രണ്ടാം ജന്മ പള്ളികള്‍. അടിസ്ഥാനപരമായി ചിന്തിച്ചു നോക്കിയാല്‍ മസ്ജിദുള്ളിറാര്‍ പ്രവാചകരുടെ കാലത്ത് ഏതൊരു ധര്‍മമാണോ നിര്‍വഹിച്ചിരുന്നത് അതുതന്നെയാണ് ഈ രണ്ടാം പള്ളികളും ഇന്ന് നമ്മുടെ നാട്ടില്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത് എന്ന് വ്യക്തമായും മനസ്സിലാക്കാന്‍ സാധിക്കും. ഐക്യത്തെടെ ജീവിക്കുന്ന മുസ്‌ലിംകളില്‍ ഭിന്നിപ്പുണ്ടാക്കുക, തഖ്‌വയുടെമേല്‍ എടുക്കപ്പെട്ട ആദ്യപള്ളിയില്‍നിന്നും അവരെ തിരിച്ചു അറബിപ്പണത്തിനും ദുരഭിമാനത്തിനും മേല്‍ എടുക്കപ്പെട്ട രണ്ടാം പള്ളിയില്‍ കൊണ്ടുവരിക എന്നതാത് അവ നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ധര്‍മം. ഇത് എല്ലാം കണ്ടും അറിഞ്ഞും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇവിടത്തെ കാരണവര്‍ സമൂഹത്തെ എത്രകണ്ട് മനോവെഷമത്തിലാക്കുന്നുവെന്ന കാര്യം  നാം ചിന്തിക്കേണ്ടിയിരിക്കുന്നു. കാര്യമറിയാത്ത പുതുതലമുറയാണ് ഈ ശബ്ദഘോഷങ്ങള്‍ക്കെല്ലാം മോമ്പൊടി ചാര്‍ത്തി പിന്നില്‍ നടക്കുന്നതെന്ന വസ്തുത ആര്‍ക്കും അറിയാവുന്നതേയുള്ളൂ. ഇന്നലെ പെയ്ത മഴയില്‍ പൊങ്ങിയൊലിച്ച പുല്‍ക്കൊടിക്കുണ്ടോ ഭൂമിയില്‍ ആഴ്ന്നിറങ്ങിയ മരത്തിന്റെ വേരുകളെക്കുറിച്ച് വല്ല വിവരവും!
    ഗള്‍ഫ് പണം ചെറിയ ദുരന്തമല്ല ഭിന്നിപ്പിന്റെ പള്ളി സംസ്‌കാരത്തിലൂടെ കേരളത്തില്‍ ഉണ്ടാക്കിയിട്ടുള്ളത്. തൊട്ടതിനും മിണ്ടിയതിനും രണ്ടാം പള്ളി പണിയുന്ന രീതി ഇവിടെ സര്‍വ്വസാധാരണമാകുന്നത് പിന്നിലെ അണമുറിയാത്ത അറബിപ്പണത്തിന്റെ ഹുങ്ക്‌കൊണ്ടുമാത്രമാണ്. തങ്ങളുടെ സംഘടനാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും പറയാനും സ്വതന്ത്രമായൊരു പള്ളി വേണമെന്ന് നിനക്കുമ്പോഴേക്കും 'ശൈഖുന' യുടെ ഗള്‍ഫ് സഹായത്തോടെ പള്ളികളുയരുന്നതിനു പിന്നിലെ മന:ശാസ്ത്രം പഠനവിധേയമാക്കേണ്ടതാണ്. പ്രത്യക്ഷ്യത്തില്‍ ഒരു വന്‍ നേട്ടവും മേല്‍ക്കോഴ്മയുമായി ഇത് അനുഭവപ്പെടുന്നുണ്ടെങ്കിലും ഇവിടത്തെ ഭൂരിപക്ഷംവരുന്ന സംഘടിത മുസ്‌ലിം സമൂഹത്തിന്റെ ഹൃദയത്തിലേക്കാണ് ഈ രണ്ടാം പള്ളി പണിയുന്നതിലൂടെ ധിക്കാരത്തിന്റെ കഠാര ഇറക്കുന്നതെന്ന വസ്തുത ആരും ഓര്‍ക്കാതെ പോകുന്നു. ഇവിടെ ഗള്‍ഫ് പണവും അത് കൈകാര്യം ചെയ്തിരുന്നവരുടെ മന:സ്ഥിതിയും ഒരു ഇംപീരിയലിസ്റ്റ് സൃഷ്ടിയായി നമുക്ക് കണ്ടെത്താവുന്നതാണ്. ശരിക്കും സംഘടിതരായ മുസ്‌ലിംകളെ ഭിന്നിപ്പിച്ച് ഭരിക്കുകയാണ് അതിവിടെ ചെയ്യുന്നത്. ഭിന്നിപ്പിച്ച് അധികാരം കയ്യാളാനുള്ള ഏറ്റവും വലയ ഒരു സപ്പോര്‍ട്ടീവ് കാരക്റ്ററായി ഈ ഗള്‍ഫ് പണം പ്രവര്‍ത്തിക്കുന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സമൂഹത്തെ പിളര്‍ത്താന്‍ അത് വലിയ ആത്മബലം നല്‍കുകയും ചെയ്യുന്നു.
    കേരളത്തിലെ മഹല്ല് സംവിധാനങ്ങളെ തകിടം മറിക്കാന്‍ ശ്രമം നടത്തുന്നതിലും ഓരോ മഹല്ലത്തുകളിലും ഒരു രണ്ടാം പള്ളി ഉയര്‍ന്നുവരുന്നതിലും രണ്ടാം ഖാസി ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിലും സമാന്തര ജുമുഅകളും നിസ്‌കാരങ്ങളും സംഘടിപ്പിക്കപ്പെടുന്നതിലും എല്ലാം ഈ ഗള്‍ഫ് പണം നല്‍കുന്ന പിന്തുണ ഏറെ വലുതാണ്. ഈ പണത്തിന്റെ ഹുങ്കാണ് ഇന്ന് ഈ സംഘടനയെത്തന്നെ വളര്‍ത്തിക്കൊണ്ടിരിക്കുന്നത്. പിന്നിലെ അതിരില്ലാത്ത പണമാണ് അവരെ ഇടവും വലവും നോക്കാതെ മുന്നോട്ടു നടക്കാന്‍ പ്രേരിപ്പിക്കുന്നതും.
ചുമര്‌വെച്ച മദ്‌റസകളും സീല്‌വെച്ച പള്ളികളും
    സ്വന്തം സംഘടനാ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടാനും സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനും   നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു സമുദായത്തിന്റെ സംഘടിതമായ ജീവിത സംവിധാനത്തെ കുരുതിക്കു കൊടുക്കുന്ന ഒരു ദുരന്ത കാഴ്ചയാണ് കാന്തപുരംവിഭാഗത്തിന്റെ അരങ്ങേറ്റത്തോടെ കേരളത്തില്‍ നാം കണ്ടത്. സൗഹാര്‍ദ്ദവും സ്‌നേഹവും പറഞ്ഞ് നാടുനീളെ പ്രസംഗിച്ചുനടന്നിരുന്ന മുസ്‌ലിംകള്‍ ഒരു നിമിഷം ന്യായമായ ഒരു കാരണവുമില്ലാതെ തച്ചുപിരിഞ്ഞ ഒരു ദുരന്തപൂര്‍ണമായ കാഴ്ച. എത്രയെത്ര കുടുംബങ്ങളാണ് ഇന്നും അതിന്റെ കൈപ്പുനീര് കുടിച്ചുകൊണ്ടിരിക്കുന്നത് എന്നത് ആരു കണ്ടു? അധികാരത്തിന്റെ മസ്തകത്തിലിരിക്കുന്നവര്‍ ഇതൊന്നും അറിയുന്നില്ല. അണികളുടെ കണ്ണീരില്‍ പൂമെത്ത വിരിയിച്ച് തലങ്ങും വിലങ്ങും യാത്ര നടത്തുന്ന തിരക്കിലാണവര്‍. അവരുടെ സുമോഹന വാഗ്ദാനങ്ങളും വാഗ്ചാതുരിയും കണ്ട് പാവം ഒരു ഖൗം അതില്‍ വശംവദരായിപ്പോകുന്നു.
    അയല്‍വാസി അന്യമതസ്ഥരായാല്‍പോലും അവരുമായി നല്ല നിലയില്‍ വര്‍ത്തിക്കണമെന്നു പഠിപ്പിച്ചിരുന്ന എത്രയെത്ര മദ്‌റസകളാണ് ഈ ദുരന്ത നാടകത്തിന് ബലിയാടായി നടുവില്‍ ചുമര് വെച്ച് വിഭജിക്കപ്പെട്ടത്? നൂറ്റാണ്ടുകളോളം അണമുറിയാതെ ആരാധനകള്‍ നടന്നിരുന്ന എത്രയെത്ര പള്ളികളാണ് സീല്‍വെക്കപ്പെട്ടത്? അന്യസമുദായങ്ങളിലെ സുഹൃത്തുക്കളെപ്പോലും വേദനിപ്പിച്ച ഇത്തരം എത്രയെത്ര സംഭവങ്ങള്‍ കേരളത്തില്‍ അരങ്ങേറി? ഇന്നും ഇത്തരം ദുരന്തക്കാഴ്ചക്കളുടെ മുറിവുണങ്ങാത്ത എത്രയെത്ര പ്രദേശങ്ങളുണ്ട് കേരളത്തിലങ്ങോളമിങ്ങോളം? ആരാണ് ഇതെല്ലാം ചെയ്യുന്നത്? ആരാണ് ചെയ്യിപ്പിക്കുന്നത്? കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ തപിക്കുന്ന മനസ്സ് നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യങ്ങളാണിവ. സ്വന്തം താല്‍പര്യങ്ങള്‍ക്കുമുമ്പില്‍ ഒരു സമുദായത്തെ മൊത്തം കുട്ടിച്ചോറാക്കി നാശത്തിലേക്ക് തള്ളിവിടാന്‍ ശ്രമിക്കുന്ന ഒറ്റുകാര്‍ക്കുണ്ടോ വല്ല വെഷമവും? കുറ്റബോധവും? അനൈക്യത്തിന്റെ പുതിയ പള്ളികള്‍ക്ക് കട്ടില വെക്കാനുള്ള ബദ്ധപ്പാടിലാണ് അവരിന്നും. നോവുന്ന സമുദായ മനസ്സിന് ശമനം നല്‍കാന്‍ ആര്‍ക്കുമാകുന്നില്ല. പള്ളികള്‍ ഇന്ന് പരിഹാരമല്ല പ്രമാണ് ഉണ്ടാക്കുന്നതെന്ന് ആര്‍ക്കും മനസ്സിലാകുന്നില്ല.
ആള്‍ക്കൂട്ടത്തിന്റെ മന:ശാസ്ത്രം
    പള്ളികള്‍ക്കു പകരം പള്ളികളും സ്ഥാപനങ്ങള്‍ക്കുപകരം സ്ഥാപനങ്ങളും ഉയര്‍ന്നുവരുമ്പോള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ വെച്ചുപുലര്‍ത്തുന്ന മന:ശാസ്ത്രം ആരെയും ചിന്തിപ്പിക്കുന്നതും വിസ്മയിപ്പിക്കുന്നതുമാണ്. സമൂഹത്തിന്റെ മനസ്സ് വായിച്ച് പ്രതികരിക്കുന്നതിലപ്പുറം 'നമുക്കൊരു പള്ളി/സ്ഥാപനം' എന്ന ഫോര്‍മുലയാണ് ഇവിടെയെല്ലാം പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ, അതിന്റെ വിജയവും വളര്‍ച്ചയുമെല്ലാം ഈയൊരു പോയ്ന്റിനെ കേന്ദ്രീകരിച്ചിരിക്കുന്നു. അല്ലാഹുവിന്റെ ദീനിനെ സംരക്ഷിക്കുക, അതിന്റെ സന്ദേശം പ്രചരിപ്പിക്കുക എന്നതിലപ്പുറം 'ഒരു നാട്ടില്‍ നമ്മുടെ ഒരു പള്ളിയുണ്ടായിരിക്കുക' എന്നൊരു ചിന്തയാണ് ഇവിടെയെല്ലാം മുഴച്ചുനില്‍ക്കുന്നത്. ഓരോ മഹല്ലത്തിലെയും ഔദ്യോഗിക പള്ളിയുടെ വിളിപ്പാടകലെ ഇങ്ങനെയൊരു പള്ളിയുയരുമ്പോള്‍ അതുണ്ടാകുന്ന വിഭാഗീയ മനസ്ഥിതി മുസ്‌ലിം സമുദായത്തിന്  എത്രമാത്രം ദോഷം ചെയ്യുന്നുവെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. നാം ഇന്നത് അനുഭവിക്കുകയും ചെയ്യുന്നു.
    ആളുകളെ കിട്ടുന്നിടത്തും കിട്ടാത്തിടത്തുമൊക്കെ വരും കാല തലമുറയെ ഉന്നം വെച്ച് 'ദീര്‍ഘവീക്ഷണത്തോടെ' ഇവരിന്ന് പള്ളികള്‍ പണിതുകൊണ്ടിരിക്കുകയാണ്. മഹല്ലത്തുകള്‍ക്കുള്ളില്‍ പുതിയ മഹല്ലത്തുകള്‍ ഉണ്ടാക്കുന്നു. ഇന്നിന് ക്ലിക്കായില്ലെങ്കില്‍ വരുംതലമുറയില്‍ ക്ലിക്കാവുമെന്നാണ് അണിയറ ശില്‍പികള്‍ കണക്കുകൂട്ടുന്നത്. ഏതായാലും നാല്‍പതിന് നാലുപോലും തികയാത്തിടത്തേക്ക് പ്രധാന പള്ളിക്കു മുമ്പിലൂടെ ആളകളെ വാഹനത്തില്‍ കൊണ്ടുവന്നിറക്കുന്ന കാഴ്ചവരെ കാഴ്ചവരെ പലയിടത്തും കണാന്‍ കഴിയുന്നു. ബാങ്കുവിളിച്ചാല്‍ നാലുഭാഗത്തുനിന്നും ഓട്ടോയും കാറും വൈക്കുമെല്ലാം ഓടിയെത്തുകയാണ്.  പള്ളിയും ജമാഅത്തും നിസ്‌കാരവും എല്ലാമുള്ള നാട്ടില്‍നിന്നാണ് അവര്‍ വരുന്നത്. 'നമമുടെ പള്ളിയില്‍ ആളുണ്ടായിരിക്കണ' മെന്ന ഒരു മന:ശാസ്ത്രമാണ് ഇവിടെ വര്‍ക്ക് ചെയ്യുന്നത്. ഈയിടെ ഒരു സുഹൃത്തുമായി സംസാരിച്ചപ്പോള്‍ അക്കാര്യം ശരിക്കും ബോധ്യപ്പെട്ടു. മാനസികമായി അതിനോട് ഒരു വെറുപ്പും അകല്‍ച്ചയും വന്നപ്പോള്‍ അയാളത് തുറന്നുപറയുകയായിരുന്നു: 'പള്ളിയോടുള്ള താല്‍പര്യംകൊണ്ടോ നിസ്‌കരിക്കാനുള്ള ഉല്‍സാഹംകൊണ്ടോ അല്ല ഞങ്ങള്‍ ബാങ്കുവിളി കേട്ടാല്‍ എവിടെയാണെങ്കിലും ആ പള്ളിയിലേക്ക് ഓടിയെത്തുന്നത്. മറിച്ച്, ഞങ്ങളുടെ പള്ളിയില്‍ എപ്പോഴും നിസ്‌കരിക്കാന്‍ ആളുണ്ടാകണമെന്ന വാശികൊണ്ടാണ്.' ഇത് ഏതെങ്കിലും ഒരാളുടെ തുറന്നുപറച്ചില്‍ മാത്രമല്ല. കേരളത്തില്‍ സമാന്തര പള്ളികള്‍ വളര്‍ത്താന്‍ പാട് പെടുന്ന ഓരോരുത്തരുടെയും ഉള്ളകം തുറന്നുസമ്മതിക്കുന്ന വസ്തുതയാണിത്. പള്ളികള്‍ അല്ലാഹുവിന് ആരാധനകളര്‍പ്പിക്കാനുള്ള ഇടങ്ങളാണ്. അതിനാല്‍, പള്ളിയില്‍ പോകുന്നതും അതിനുതന്നെയായിരിക്കണം. ഞങ്ങളുടെ പള്ളിയില്‍ കൂടുതല്‍ ആളുകളുണ്ടെന്ന് പൊതുജനം വിചാരിക്കണമെന്ന ആഗ്രഹത്തോടെ ദൂരെദേശങ്ങളില്‍നിന്നും വാഹനങ്ങളില്‍  പള്ളിയില്‍ വരുന്നതിനു പിന്നിലെ 'പടച്ചോന്‍ പേടി' ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഇവിടെ സത്യത്തില്‍ പ്രവര്‍ത്തിക്കുന്നത് പടച്ചോന്‍ പേടിയോ അതോ പടപ്പുപേടിയോ എന്നത് ചിന്തിക്കാന്‍ സമയമതിക്രമിച്ചിരിക്കുന്നു.
പള്ളികളളുടെ ധാരാളിത്തവും അന്ത്യനാളും
    അന്ത്യനാളടുക്കുമ്പോള്‍ നാട്ടില്‍ പള്ളികള്‍ വര്‍ദ്ധിക്കുമെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. ഈ പള്ളികള്‍ എങ്ങനെയായിരിക്കുമെന്നും പ്രവാചകന്‍ പറന്നുതന്നു: ഹുദായില്‍നിന്നും മുക്തമായിരിക്കുമത്. ഇസ്‌ലാമിലെ പള്ളികളുടെ അര്‍ത്ഥവും ലക്ഷ്യവുമായിരിക്കില്ല അതിന്റെ നിര്‍മാണത്തിനു പിന്നിലെന്നു ചുരുക്കം. മിനാരങ്ങളുള്ള കേവലം കോണ്‍ക്രീറ്റ് കാടുകള്‍ മാത്രമായിരിക്കും അത്. കേരളത്തില്‍ ഈയൊരു സംസ്‌കാരത്തിന് നാന്ദി കുറിച്ചത് ഇന്നും അത് തുടര്‍ന്നുകൊണ്ടിരിക്കുന്ന വിഭാഗമാണെന്നതില്‍ ഇവിടത്തെ ഒരു കുഞ്ഞിനുപോലും സംശയമുണ്ടായിരിക്കയില്ല. അര്‍ത്ഥവും ലക്ഷ്യവും മാറുമ്പോള്‍ പള്ളികള്‍ ആത്മാവില്ലാത്ത കെട്ടിടരൂപങ്ങളായി മാറുന്നുവെന്ന വസ്തുത നമ്മളാരും ചിന്തിക്കാതെ പോകുന്നു. ലോകമാന്ന്യത്തിനും ശക്തിപ്രകടനത്തിനും നിസ്‌കാരങ്ങളും പള്ളി നിര്‍മാണങ്ങളും ശക്തമായി നടക്കുന്ന ഇക്കാലത്ത് നമ്മള്‍ അഭിമാനത്തിന്റെ വ്യാജ ലേബലില്‍ അവസാന ദിനത്തിലേക്ക് നടന്നടുക്കുകയാണ്; പള്ളി പണിതുവെന്ന ചാരിതാര്‍ത്ഥ്യത്തോടെ. എന്നാല്‍, അനൈക്യത്തിന്റെ പള്ളി പണിയുകവഴി ഒരു സമുദായത്തിന്റെ പാരമ്പര്യ ശക്തിയെയാണ് നാം വെല്ലുവിളിച്ചതെന്ന വസ്തുത നാം അറിയാതെ പോയി.
പള്ളി മ്യൂസിയവും മസ്ജിദുല്‍ ആസാറും
    പോയി പോയി കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത് ദുരന്തത്തിന്റെ ഏറ്റവും മൂര്‍ദ്ധന്യതയിലാണ്. നാട്ടിലാകെ കുട്ടിസ്രാങ്കുകള്‍ അനൈക്യത്തിന്റെ കൊച്ചുപള്ളികള്‍ക്ക് തറക്കല്ലിടുമ്പോള്‍ കേന്ദ്രത്തില്‍ വമ്പന്‍ സ്രാവ്തന്നെ പള്ളിയുടെ പുതിയൊരു രൂപഭേദത്തിന് തറക്കല്ലിട്ടിരിക്കുന്നു: മസ്ജിദുല്‍ ആസാര്‍ അഥവാ മ്യൂസിയം പള്ളി. കേരളമുസ്‌ലിംകള്‍ക്കല്ല ലോകമുസ്‌ലിംകള്‍ക്കുതന്നെ ആദ്യത്തെ കേട്ടുകേള്‍വിയായിരിക്കും ഇത്. ചരിത്രത്തില്‍ പള്ളിയെ ആദ്യമായി മ്യൂസിയമാക്കി മാറ്റിയത് തുര്‍ക്കിയിലെ ഇസ്‌ലാമിക സംസ്‌കാരത്തെ തച്ചുടച്ച കമാല്‍ അതാതുര്‍ക്കാണ്. ഒരുപക്ഷെ, അതില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്നത് കേരളത്തിലെ പള്ളിസംസ്‌കാരത്തെയും മഹല്ലത്ത് സംവിധാനത്തെയും തച്ചുടക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുന്ന കാന്തപുരമായിരിക്കാം. ഏതായാലും പുലിവാല് പിടിച്ച മുടിപ്പള്ളിയില്‍നിന്നും ചാപ്പിള്ളയായിത്തന്നെ മ്യൂസിയം പള്ളിയിലെത്തുമ്പോള്‍ കേരളമുസ്‌ലിംകള്‍ അനുഭവിച്ച വേദനക്കും കണ്ണീരിനും കയ്യും കണക്കുമില്ല. ഐക്യത്തിന്റെ പള്ളികള്‍ അനൈക്യത്തിന്റെ വിത്ത് പാകുന്ന ഏറ്റവും പ്രകടമായ കാഴ്ചയാണ്  ഇതിലൂടെ ലോകം കണ്ടത്. സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും ലാഭങ്ങള്‍ കൊയ്യാനും വേണ്ടി മാത്രം  ഒരു സമുദായത്തെ ഒറ്റു കൊടുക്കുകയായിരുന്നു അവര്‍. ഒരു പള്ളിയുടെ പേരില്‍ ഇത്രമാത്രം ശബ്ദകോലാഹലങ്ങള്‍ ഉയരുന്നത് കേരളത്തിന്റെ ചരിത്രത്തില്‍തന്നെ ആദ്യമായിരിക്കും. നൂറുതവണ രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയാന്‍ മീശകുരുത്ത ചെറുപ്പക്കാര്‍ ധൈര്യം കാണിച്ചിട്ടും താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന ഭാവത്തില്‍ കടിച്ചുപോയതില്‍ അള്ളിപ്പിടിച്ചിരിക്കയാണീ കേശമാധവന്‍.
    കാര്യം എന്തായാലും ഒരു സമുദായത്തെ നശിപ്പിക്കാന്‍ പള്ളികളെതന്നെ ഉപയോഗിക്കുന്നതിലെ യുക്തി ഇനിയും മനസ്സിലാകുന്നില്ല. ജനവാസമുള്ളിടത്തും ഇല്ലാത്തിടത്തും പള്ളികള്‍ പണിത് പള്ളിസംസ്‌കാരത്തിന്റെ പുതിയ കപട മാനങ്ങള്‍ തീര്‍ത്തിരിക്കുകയാണ് ഇന്നീ പ്രഭൃതി വര്‍ഗം. ദുര്‍വാശിയും ദുരഭിമാനവും ലോകമാന്ന്യവും മാത്രം മുഖമുദ്രയാക്കി, കപട വേഷവും മുഖമൂടിയും ധരിച്ച് ഒരു സമുദായത്തെ ഉറക്കിക്കിടത്താന്‍ കഴിയുമെന്ന പകല്‍കിനാവിലാണ് അവരിന്ന്. വന്നുപെട്ട ദുര്‍ഗതിയുടെ കൈപ്പുനീര് കുടിച്ച്, അന്ധമായ വീരാരാധനയില്‍നിന്നും മാറി, ഒരു നിമിഷമെങ്കിലും സ്വതന്ത്രമായി ചിന്തിക്കാന്‍ സമയം കണ്ടെത്തി, അല്ലാഹുവിനെ പേടിയുള്ള നല്ലൊരു നാളെയെക്കുറിച്ച് ആലോചിക്കുകയാണെങ്കില്‍ കേരളത്തിലെ മുസ്‌ലിം സമൂഹത്തിന് ഒരു നല്ല പുലരിയുടെ തുടക്കമായിരിക്കും അതെന്ന് ഇനിയെങ്കിലും അവര്‍ ചിന്തിച്ചാല്‍ നല്ലതായിരുന്നു.    ഇവിടെയും മന:സാക്ഷിയുള്ള കേരളമുസ്‌ലിംജനത അറിയാതെ ചോദിച്ചുപോകുന്നു  പള്ളികള്‍ പണിയാന്‍ മഹല്ലുകള്‍ പൊളിക്കേണ്ടിയിരുന്നോ എന്ന്.

പള്ളികള്‍ പണിയാന്‍ മഹല്ലുകള്‍ പൊളിക്കരുതായിരുന്നു (രണ്ട്)

ഒരുമയുടെ പള്ളികള്‍ ഭിന്നിപ്പിന്റെ പ്രഭവ കേന്ദ്രങ്ങളാകുന്ന വിധം
    ഐക്യം പ്രചരിപ്പിച്ചിരുന്ന പള്ളികള്‍ അനൈക്യത്തിന്റെ വിത്തുപാകുന്ന ഒരു ദുരന്തകാഴ്ചയാണ് ഇരുപതാം നൂറ്റാണ്ടിന്റെ അവസാന വര്‍ഷങ്ങളില്‍ കേരളമുസ്‌ലിംകള്‍ കണ്ടത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പാരമ്പര്യ സ്വഭാവത്തെ ചോദ്യം ചെയ്തതിന് ഒരു വിഭാഗം പുറം തള്ളപ്പെട്ടതോടെ അവര്‍ക്കു മുമ്പില്‍ വിവേകത്തിനു പകരം വികാരം പ്രവര്‍ത്തിച്ചുതുടങ്ങുകയായിരുന്നു. ഇസ്‌ലാമിക ചിന്തയുടെ പരിരക്ഷണമെന്നതിലപ്പുറം സ്ഥാനവും മാനവും അധികാരവും ആര്‍ഭാടവുമായിരുന്നു അതോടെ അവരുടെ മുഖ്യ ഉന്നം. ഇത് വ്യക്തിജീവിതത്തില്‍ മാത്രമല്ല, സമൂഹത്തിന്റെ നാനാതുറകളിലും അവര്‍ വേണ്ടപോലെ പ്രയോഗിച്ചു. പണവും പത്രാസുമുപയോഗപ്പെടുത്തി ഈയൊരു ലക്ഷ്യത്തിനുമേല്‍ പുതിയൊരു ആള്‍ക്കൂട്ടത്തെ രൂപപ്പെടുത്തി. അവരെ ഉപയോഗിച്ചുകൊണ്ട് വ്യക്ത്യാധിഷ്ഠിതമായ പുതിയൊരു കള്‍ച്ചര്‍ വികസിപ്പിച്ചു. ആരെന്തുപറഞ്ഞാലും തങ്ങളുടെ കയ്യിലെ മുയലിന് മൂന്നു കൊമ്പ് എന്ന ഒരു തരം മുരടന്‍ ഫിലോസഫിയാണ് ഇതിനുവേണ്ടി ഉപയോഗിക്കപ്പെട്ടിരുന്നത്. മതചിഹ്നവും അവയുടെ പോരിഷയും പറഞ്ഞ് ഒരുതരം മതേതര ആശയങ്ങളായിരുന്നു ഇതുവഴി ഇവിടെ പ്രചാരം നേടിയത്.
    പള്ളികളെയാണ് സമൂഹത്തില്‍ സ്വാധീനം നേടാന്‍ ഈ വിഭാഗം ഉപയോഗപ്പെടുത്തിയിരുന്ന ഏറ്റവും പ്രധാന ഘടകം. പുതിയ പള്ളികള്‍ നിര്‍മിക്കുക, ഉള്ള പള്ളികള്‍ പിടിച്ചെടുക്കുക എന്നീ രണ്ടുവഴികള്‍ അവര്‍ ഇതിനുവേണ്ടി അവലംബിച്ചു. അന്നുവരെയുണ്ടായിരുന്ന കേരളത്തിലെ സമാധാനപൂര്‍ണമായ മുസ്‌ലിം സാമൂഹികാവസ്ഥയെ പൂര്‍ണമായും തകിടംമറിക്കുന്നതായിരുന്നു ഈ ശൈലി. പതിറ്റാണ്ടുകളുടെയും നൂറ്റാണ്ടുകളുടെയും പഴക്കമുള്ള പരമ്പരാഗത പള്ളികള്‍ക്കു സമാന്തരമായി ഇതോടെ പുതിയ പള്ളികള്‍ ഉയര്‍ന്നുവന്നു. വാശിയും അഹങ്കാരവും മുഖമുദ്രയാക്കി അവര്‍ നാടുനീളെ ഈ ആശയം പ്രചരിപ്പിച്ചു. 'ശരിയായ ജുമുഅയും ജമാഅത്തും നടത്താന്‍ പുതിയ പള്ളികള്‍ വേണ'മെന്നായിരുന്നു അവരുടെ കണ്ടെത്തല്‍. ഏതായാലും സമാധാനത്തിന്റെയും ഐക്യത്തിന്റെയും പള്ളിപ്പടികള്‍ ഇതോടെ വിദ്വേഷത്തിന്റെയും ശത്രുതയുടെയും കേന്ദ്രങ്ങളായി മാറി. പല പള്ളികളിലും ഉന്തും തള്ളും നടന്നു. കൊലയും കൊലവിളിയും അരങ്ങേറി. മിഹ്‌റാബില്‍വരെ അടിപിടിയും ഗുണ്ടായിസവും വന്നു. സമാധാനം പ്രചരിപ്പിക്കേണ്ട/പ്രചരിപ്പിച്ചിരുന്ന കേന്ദ്രങ്ങള്‍ ഇതോടെ സ്പര്‍ദ്ധയുടെയും വിയോജിപ്പിന്റെയും പ്രഭവ കേന്ദ്രങ്ങളായി മാറി. കേരളത്തിന് ആദ്യമായി ഈയൊരു സംസ്‌കാരം പരിചയപ്പെടുത്തിയത് കാന്തപുരം വിഭാഗമായിരുന്നു. ചാണിന് ചാണും മുഴത്തിന് മുഴവും പള്ളി നിര്‍മിച്ച് സമാധാനം നിലനിര്‍ത്തേണ്ട പള്ളികള്‍ അസമാധാനം പ്രചരിപ്പിക്കുകയായിരുന്നു ഇവരുടെ ആഗമനത്തോടെ. തത്ത്വത്തില്‍ സൗഹാര്‍ദ്ദവും സ്‌നേഹവും പഠിപ്പിക്കുകയും പ്രായോഗിക തലത്തില്‍ മുഖത്തോട് മുഖം നോക്കാതെ ഒരു വീട്ടിലുള്ളവര്‍പോലും രണ്ടു പള്ളികളില്‍പോകുന്ന അവസ്ഥ വന്നുപെട്ടു.
    ഈയൊരു മാറ്റം വന്‍ പ്രത്യാഘാതങ്ങളാണ് കേരളമുസ്‌ലിംകളില്‍ ഉണ്ടാക്കിയത്. അന്യസമുദായങ്ങള്‍ക്കിടയില്‍ അവര്‍ നൂറ്റാണ്ടുകളായി നിലനിര്‍ത്തിപ്പോന്നിരുന്ന ഇമേജ് ഇത് നിമിഷാര്‍ദ്ധങ്ങള്‍കൊണ്ട് ഇല്ലാതാക്കി. പള്ളികള്‍തന്നെ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും നശിപ്പിക്കുന്നത് ഒരു വന്‍വെല്ലുവിളിയായി നിലകൊണ്ടു. വേലി തന്നെ വിള തിന്നുന്ന ഒരു പ്രതീതിയാണ് ഇതിനുണ്ടായിരുന്നത്. ഒരുപക്ഷെ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് കാലെടുത്തുവെച്ച മുസ്‌ലിംകേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയൊരു ദൈവിക പരീക്ഷണമായിരിക്കാം ഇത്. പള്ളികള്‍ മുസ്‌ലിംകളെ നശിപ്പിക്കുന്ന വൈപരീത്യം. ഒരു പള്ളിയുയരുമ്പോള്‍ അതിന്റെ പിന്നണിയില്‍ നടക്കുന്ന പലവിധത്തിലുള്ള കപട നാടകങ്ങള്‍ ഒരുഭാഗത്ത്. തോളോടുതോളുരുമ്മി ഏക മനസ്സോടെ നിന്നിരുന്ന ഒരു സമുദായത്തെ വെട്ടിപ്പിളര്‍ത്തി രണ്ടാക്കുന്നതിലെ ന്യായീകരിക്കാനാവാത്ത കൊടും ക്രൂരത മറുഭാഗത്ത്. ഉള്ള പള്ളികള്‍ക്കുമുമ്പില്‍ ഓരോ പള്ളികളുയരുമ്പോഴും ഇങ്ങനെ അനവധി മറുഭാഗങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. പരമ്പരാഗത ഇസ്‌ലാമിന്റെ വിശുദ്ധ മുഖത്തേക്കുള്ള ചളിയേറുകളാണ് ഇതിലൂടെ തങ്ങള്‍ നടത്തുന്നതെന്ന തിരിച്ചറിവ് ഈ വിഭാഗം നേടാതെ പോകുന്നത് ഏറെ ഖേദകരം തന്നെ.
മസ്ജിദുള്ളിറാറിന്റെ കേരള പരിസരം
    പള്ളി നിര്‍മിക്കുകയെന്നത് ഇസ്‌ലാമില്‍ അതിമഹത്തരമായ ഒരു കാര്യമാണ്. എണ്ണിത്തിട്ടപ്പെടുത്താനാവാത്ത പ്രതിഫലമാണ് പ്രവാചകന്‍ അതിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. കാരണം, അല്ലാഹുവിന്റെ വിശുദ്ധ നാമം സ്മരിക്കപ്പെടുന്ന പവിത്രമായ കേന്ദ്രങ്ങളാണല്ലോ പള്ളികള്‍. അത് നിര്‍മിക്കാന്‍ ഒരാള്‍ സഹായിക്കുന്നതിലൂടെ അല്ലാഹുവിന്റെ സന്ദേശത്തെയാണ് അവന്‍ ശക്തിപ്പെടുത്തുന്നത്. അല്ലാഹുവിനുവേണ്ടി ആരെങ്കിലും പള്ളി നിര്‍മിച്ചാല്‍ സ്വര്‍ഗത്തില്‍ അവന്‍ ഇരിപ്പിടം തയ്യാറാക്കിയെന്നതാണ് വസ്തുത. എന്തിനേറെ, ആരെങ്കിലും പള്ളിയെ പ്രകാശപൂരിതമാക്കിയാല്‍ അതുവഴി അവന്റെ പാരത്രിക ജീവിതം പ്രകാശപൂര്‍ണമായിരിക്കുമെന്നുവരെ പ്രവാചക വചനങ്ങളില്‍ കാണാവുന്നതാണ്. പള്ളി നിര്‍മാണവും പള്ളിപരിപാലനവുമെല്ലാം അത്രയും മഹത്തരമായ ഒരു വസ്തുതയാണെന്നു ചുരുക്കം.
    പക്ഷെ, ഇവിടെ അടിവരയിട്ട് മനസ്സിലാക്കേണ്ട ഒരു സത്യമുണ്ട്. അല്ലാഹുവിനു വേണ്ടി പള്ളികളുണ്ടാക്കുന്ന കാര്യമാണ് ഇവിടെയെല്ലാം പറിഞ്ഞിരിക്കുന്നത്. അല്ലാഹുവിനുവേണ്ടി പള്ളി നിര്‍മിക്കുകയെന്നു പറഞ്ഞാല്‍ അത് എല്ലാ അര്‍ത്ഥത്തിലും അങ്ങനെത്തന്നെയായിരിക്കണം. ഇസ്‌ലാമില്‍ എവിടെ പള്ളി പണിയണം, എങ്ങനെ പണിയണം തുടങ്ങിയവക്കെല്ലാം അതിന്റെതായ ചില മര്യാദകളുണ്ട്. നല്ലപോലെ നടന്നുപോകുന്ന ഒരു പള്ളിക്കു മുമ്പില്‍ ഒരു സമാന്തര പള്ളി പണിയുന്നതിലെ ഇസ്‌ലാം നമുക്ക് അജ്ഞാതമാണ്.  സത്യത്തില്‍ അവിടെ പ്രവര്‍ത്തിച്ചിരിക്കുക ഇസ്‌ലാമിനോടുള്ള സ്‌നേഹമോ പള്ളി നിര്‍മാണത്തോടുള്ള താല്‍പര്യമോ ആയിരിക്കില്ല. അങ്ങനെയെങ്കില്‍ പള്ളികള്‍ അനിവാര്യമായും ഉയരേണ്ട പലയിടങ്ങളിലും പള്ളികള്‍ ഉയരുന്നില്ല. ആരും അവക്കായി മുന്‍കൈയെടുത്ത് ഇറങ്ങുന്നുമില്ല. എന്നിരിക്കെ, ഇത്തരം മുഴത്തിനു മുഴമുള്ള പള്ളി നിര്‍മാണത്തിനു പിന്നിലെ ചേതോവികാരം മറ്റെന്താണെന്ന് നാം അന്വേഷിക്കേണ്ടിയിരിക്കുന്നു.  അഹങ്കാരവും ദുരഭിമാനവും ശക്തിപ്രകടനവുമൊക്കെയാണെങ്കില്‍ അതിന്റെ പ്രതിഫലം സ്വര്‍ഗമോ അതിലെ സുരഭിലമായ അനുഭൂതികളോ ആയിരിക്കില്ല. നേരെമറിച്ച് ശക്തമായ പ്രത്യാഘാതമായിരിക്കും ഇതിനുവേണ്ടി  അഭിമുഖീകരിക്കേണ്ടി വരിക. മറുപക്ഷത്തെ എതിരിടുകയെന്ന ഒരു ഉന്നമാണ് ഇതിലൂടെ ലക്ഷീകരിക്കപ്പെടുന്നതെങ്കില്‍ അതുതന്നെയായിരിക്കും അതിലൂടെ നേടുന്നതും.
    സൂറത്തുത്തൗബയില്‍ മസ്ജിദുള്ളിറാറിനെ പരിചയപ്പെടുത്തിയ ശേഷം അതിന്റെ വ്യാഖ്യാനത്തില്‍ പണ്ഡിതന്മാര്‍ പറയുന്ന ഒരു കാര്യമുണ്ട്. ഇന്ന് ഇടവും വലവും നോക്കാതെ പള്ളിനിര്‍മാണം തൊഴിലാക്കിയവര്‍ നെഞ്ചത്ത് കൈവെച്ച് ചിന്തിക്കേണ്ട വസ്തുതയാണത്. 'ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പും ഛിദ്രതയും ലക്ഷ്യംവെച്ചുകൊണ്ട് ആരെല്ലാം എവിടെയെല്ലാം പള്ളിയുണ്ടാക്കിയോ അതും മസ്ജിദുള്ളിറാറിന്റെ ഗണത്തില്‍ പെട്ടതാണത്രെ.' ഇമാം നസഫി (റ) നെ പോലെയുള്ളവര്‍ ഇക്കാര്യം വളരെ ഗൗരവത്തോടെത്തന്നെ എടുത്തുദ്ധരിക്കുന്നതുകാണാം. കാര്യം പ്രത്യക്ഷ്യത്തില്‍ മഹത്തരമെങ്കിലും ഫലത്തില്‍ നരകാഗ്നിയായിരിക്കും അതിന്റെ പര്യവസാനമെന്നു ചുരുക്കം. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുകയെന്നതാണ് ഇവിടെ മസ്ജിദുള്ളിറാറിന്റെ അടിസ്ഥാന സ്വഭാവമായി വിശുദ്ധ ഖുര്‍ആന്‍ എടുത്തു പറഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ, ഏതൊരു പള്ളിനിര്‍മാണത്തിന്റെയെല്ലാം പിന്നില്‍ ആ ഒരു വികാരം പ്രവര്‍ത്തിച്ചിട്ടുണ്ടോ അവയുടെയെല്ലാം പരിണതി കാത്തുനിന്നു കാണേണ്ടതുതന്നെയാണ്. തഖ്‌വയുടെമേല്‍ എടുക്കപ്പെട്ടതല്ലായെന്നതാണ് മസ്ജിദുള്ളിറാറിനെ വേര്‍തിരിച്ചു കാണിക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ എടുത്തുപറയുന്ന മറ്റൊരു വിശേഷണം. പേരിനും പ്രശസ്തിക്കും ശക്തിപ്രകടനത്തിനും പള്ളി പണിയുന്നവര്‍ക്ക് ഇതില്‍നിന്നും വല്ല ഉള്‍വിളിയും ലഭിക്കുന്നുണ്ടോ ആവോ.
മഹല്ലുകള്‍ തകരുന്നു! പള്ളികള്‍ ഉയരുന്നു!
    ഇസ്‌ലാമിക ശരീഅത്തിനെ പരമാവധി കൃത്യതയോടെ നിര്‍വഹിക്കാന്‍ സംവിധാനിക്കപ്പെട്ട ഒരു അല്‍ഭുത സംവിധാനമാണല്ലോ കേരളത്തിലെ മഹല്ലത്തുകള്‍. മുന്‍കഴിഞ്ഞുപോയ പണ്ഡിത മഹത്തുക്കള്‍ വളരെ ദീര്‍ഘവീക്ഷണത്തോടെ രൂപപ്പെടുത്തിയെടുത്ത സെറ്റപ്പാണിത്. കേരളത്തിന്റെ പുറത്ത് ഈയൊരു സംവിധാനം രൂപപ്പെട്ടുവരാത്തതുകൊണ്ടുതന്നെ അതിന്റെ പ്രശ്‌നങ്ങള്‍ നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. കേരളത്തില്‍ എന്ന് എങ്ങനെ ഇത് രൂപപ്പെട്ടുവന്നുവെന്ന് വ്യക്തമായി പറയാവതല്ലെങ്കിലും കേരളമുസ്‌ലിംജീവിതത്തിന് വ്യക്തവും വ്യവസ്ഥാപിതവുമായ ഒരു ജീവിതശൈലി രൂപപ്പെടുത്തിയെടുക്കുന്നതില്‍ ഇത് വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
    എന്നാല്‍, ഈയൊരു സംവിധാനത്തിന് തുരങ്കംവെക്കുകയെന്നത് മുഖ്യഅജണ്ടയാക്കി രംഗപ്രവേശം ചെയ്ത ഒരു വിഭാഗം കേരളത്തില്‍ ആദ്യമായി പ്രത്യക്ഷ്യപ്പെടുന്നത് കാന്തപുരംവിഭാഗത്തിന്റെ അരങ്ങേറ്റത്തോടെയാണ്. കേരളമുസ്‌ലിം ചരിത്രത്തില്‍ തുല്യതയില്ലാത്ത ഒരു കൊടുംക്രൂരതയായിരുന്നു ഇത്. തോളിലിരുന്ന് ചെവി കടിക്കുകയെന്ന മട്ടില്‍ വിശ്വാസികളില്‍ ഇഴുകിച്ചേര്‍ന്നുനിന്ന് മഹല്ലത്തുകള്‍ തട്ടിയെടുക്കുകയും അവിടെ പുതിയ പള്ളിയും മദ്‌റസയും സ്ഥാപിച്ച് വിഘടനത്തിന്റെയും അനൈക്യത്തിന്റെയും വിത്തിറക്കുകയും ചെയ്യുകയായിരുന്നു അവര്‍. ഒരു നാട്ടിലെ ഇസ്‌ലാമിക ചിന്തയെ പരിപോഷിപ്പിക്കലോ മതമേഖലയെ കാര്യക്ഷമമാക്കലോ ആയിരുന്നില്ല ഇതുകൊണ്ടെല്ലാം ഉദ്ദേശിക്കപ്പെട്ടിരുന്നത്. പ്രത്യുത, തങ്ങള്‍ക്കു കീഴില്‍ ഒരു പള്ളി, തങ്ങള്‍ക്കു കീഴില്‍ ഒരു മദ്‌റസ്, ആള്‍ക്കൂട്ടം തങ്ങള്‍ക്കൂ കീഴിലായി ജീവിക്കുക എന്ന ഒരുതരം ഏകപക്ഷീയ മുരടന്‍ ചിന്താഗതിയുടെ പരിണതിയായിരുന്നു ഇതെല്ലാം. ഈയൊരു കാര്യത്തിനു വേണ്ടി എന്തു കടുംകൈ ചെയ്യാനും അവര്‍ തയ്യാറുമായിരുന്നു. അല്ലാഹുവിന്റെ പള്ളി എന്ന ഒരുത്തമ നിലവാരത്തില്‍നിന്നും കേരളത്തിലെ പരമ്പരാഗത പള്ളികള്‍ 'കാന്തപുരത്തിന്റെ പള്ളി' എന്ന ഒരു സ്റ്റാറ്റസിലേക്ക് മാറുന്നത് ഇതോടെയാണ്. കേരളത്തില്‍ ഐക്യത്തിന്റെ സിമ്പലുകളായിരുന്ന പള്ളികള്‍ അനൈക്യത്തിന്റെ സിമ്പലുകളായി മാറുന്നതിന് സമാരംഭം കുറിക്കപ്പെടുകയായിരുന്നു ഇതോടെ.
    പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കുകയും പ്രതിവിധികള്‍ കണ്ടെത്തുകയും ചെയ്തിരുന്ന പള്ളികള്‍ ഇതോടെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഇടങ്ങളായി മാറി. പണ്ടൊക്കെ അങ്ങാടിയിലും തെരുവിലും കുടുംബങ്ങളിലും നടക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പള്ളികളില്‍വെച്ചാണ് പരിഹാരങ്ങള്‍ കണ്ടിരുന്നത്. ഉസ്താദിന്റെ മുമ്പില്‍ എല്ലാവരും ഒരുമിച്ചുകൂടി പ്രശ്‌ന പരിഹാരം കാണുന്ന ശൈലി വളരെ സാര്‍വത്രികമായിത്തന്നെ അംഗീകാരം ലക്ഷിച്ചുപോന്നവയായിരുന്നു. ദുരഭിമാനത്തിന്റെ പള്ളിമിനാരങ്ങള്‍ കേരളത്തില്‍ ഉയര്‍ന്നുവന്നതോടെ ഈയൊരു സംസ്‌കാരത്തിന് അറുതി വന്നു. പിന്നെ, പള്ളിയില്‍നിന്നായി പ്രശ്‌നങ്ങളുടെ തുടക്കം. കൊച്ചു കൊച്ചു കാര്യങ്ങള്‍ക്കു വേണ്ടിയായിരിക്കും അതുണ്ടാവുക. അത് ക്രമേണ കത്തിപ്പുകഞ്ഞ് തെരുവിലേക്കും  അങ്ങാടിയിലേക്കും വീടുകളിലേക്കും പകര്‍ന്നു. പ്രശ്‌നപരിഹാരമായിരുന്ന പള്ളി അതോടെ ഏറ്റവും വലിയ പ്രശ്‌നമായി അങ്ങാടി മുതല്‍ അടുക്കളയില്‍ വരെ ചര്‍ച്ച ചെയ്യപ്പെട്ടു. ഈയൊരു മാറ്റത്തിന്റെ ക്രഡിറ്റ് അവകാശപ്പെടാന്‍ കേരളത്തില്‍ കാന്തപുരം വിഭാഗത്തിനു മാത്രമേ അവകാശമുണ്ടാവുകയുള്ളൂ.

പള്ളികള്‍ പണിയാന്‍ മഹല്ലുകള്‍ പൊളിക്കരുതായിരുന്നു (ഒന്ന്)

.
ഇസ്‌ലാമിക നാഗരികതയുടെ കേന്ദ്രബിന്ദുവാണ് പള്ളികള്‍. ഏതൊരു നാടിന്റെയും ഇസ്‌ലാമിക ചിന്തയെ നിയന്ത്രിക്കുന്നതും അവിടത്തെ മതകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതും പള്ളികള്‍ കേന്ദ്രീകരിച്ചാണ്. പ്രക്ഷുബ്ധമായ ഭൗതിക ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ അവ ആഖിറത്തിലേക്കുള്ള സൂചക ഫലകങ്ങളായി നിലകൊള്ളുന്നു. അഹങ്കാരത്തിന്റെയും ദുരഭിമാന ചിന്തകളുടെയും മാനുഷിക പ്രതലത്തില്‍നിന്നും ചൂഷണങ്ങളുടെയും കുതികാല്‍വെട്ടലിന്റെയും കമ്പോള വിചാരങ്ങളില്‍നിന്നും അകന്ന് ആത്മീയ നിറവിന്റെയും സമാധാനത്തിന്റെയും അനുരജ്ഞന ചിന്തകളുടെയും സൗഹാര്‍ദ്ദ മനോഭാവത്തിന്റെയും പ്രഭവ തീരങ്ങളിലേക്ക് പള്ളികള്‍ മനുഷ്യന്റെ കൈ പിടിച്ചു. അതുകൊണ്ടുതന്നെ, ഏതൊരു നാടിന്റെയും ക്രമസമാധാനം നിലനില്‍ക്കാനും സമഭാവന പൂത്തുലയാനും പള്ളികള്‍ കാരണമായി. വിവിധ സമുഹങ്ങള്‍ക്കിടയില്‍ മുസ്‌ലിംകളെക്കുറിച്ച് നല്ല ഇമേജ് കൈവന്നു. ജീവിതത്തില്‍ അറിയാതെ കയറിവരുന്ന ദുര്‍ചെയ്തികളെ കഴുകിക്കളയാനുള്ള റിഫ്രഷ്‌മെന്റ് കേന്ദ്രങ്ങളായി പള്ളികള്‍ നിലകൊണ്ടു. ഇതാണ് പള്ളികളെക്കുറിച്ച പൊതുവായ വായന. അഥവാ, സാമൂഹിക മണ്ഡലത്തില്‍ പൊതുവെ അതിനെ വിലയിരുത്തപ്പെടുന്ന തലം. എന്നാല്‍ വര്‍ത്തമാന കാലത്തെ ശീതീകരിച്ച അലങ്കൃത പള്ളികള്‍ അവ നിര്‍വഹിക്കുന്നുണ്ടോ എന്നത് ഏറെ ചിന്തനീയമാണ്. ഐക്യത്തിന്റെ കേന്ദ്രമായിരുന്ന പള്ളികള്‍ അനൈക്യത്തിന്റെ സിമ്പലുകളായി മാറിയ ഇന്ന് മുഴത്തിന് മുഴവും ചാണിന് ചാണും നാടുനീളെ 'ഗള്‍ഫ് മോഡല്‍' പള്ളികളുയരുമ്പോള്‍ അവ സമൂഹത്തില്‍ ഉണ്ടാക്കുന്ന അനുകൂല-പ്രതികൂല പ്രതിഫലനങ്ങള്‍ വിലയിരുത്തപ്പെടാന്‍ സമയമതിക്രമിച്ചിരിക്കുന്നു. പള്ളികള്‍ പൊതുവെ ഇസ്‌ലാമിന്റെ പ്രതാപം വിളിച്ചറിയിക്കുന്ന ചിഹ്നങ്ങളും അവയെ പ്രഘോഷണം ചെയ്യുന്ന കേന്ദ്രങ്ങളുമെല്ലാമാണെങ്കിലും 'ഹുദാ'യില്‍നിന്നും മുക്തമായ പള്ളികള്‍ കാലത്തിന്റെ ശാപവും അന്ത്യനാളിന്റെ അടയാളവുമാണെന്ന് ദ്യോതിപ്പിക്കുന്ന പ്രവാചക വചനങ്ങള്‍ ഉണ്ടായിരിക്കെ ഇത്തരമൊരു അന്വേഷണത്തിന് ഏറെ പ്രസക്തിയുണ്ട്.
ബൈത്തുല്ലാഹ് എന്ന സങ്കല്‍പം
    മസ്ജിദ് എന്നാല്‍ സുജൂദ് ചെയ്യുന്ന സ്ഥലമെന്നാണര്‍ത്ഥം. ദൈവത്തിനുമുമ്പില്‍ പ്രണാമമര്‍പ്പിക്കുന്നയിടം എന്ന ഭാഷ്യം നല്‍കി അത് വിശാലമായി ഉപയോഗിക്കപ്പെട്ടു. അര്‍ത്ഥപരമായി പരിമിതമെങ്കിലും മലയാളത്തില്‍ ആരാധനകളുടെ സ്ഥലം എന്ന മാനം നല്‍കി നമ്മളതിനെ പള്ളി എന്നു പറഞ്ഞുവരുന്നു. എന്തുതന്നെയായലും അന്യഭാഷകളില്‍ എത്രതന്നെ പരിമിതികളുണ്ടെങ്കിലും ഇതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത് ബൈത്തുല്ലാഹ് എന്നതാണ്. ഇതൊരു വിശാല സങ്കല്‍പമാണ്. ഇസ്‌ലാമില്‍ പള്ളി ദൈവത്തിന്റെ ഗേഹമാണ്. അതിനാല്‍ അവക്ക് അവയുടെതായൊരു പവിത്രതയുണ്ട്. അത് കാത്ത് സംരക്ഷിക്കപ്പെടണം. ബാഹ്യമോടി വര്‍ദ്ധിപ്പിക്കുന്നതിലോ മിനാരങ്ങളുടെ വലുപ്പം കൂട്ടുന്നതിലോ അല്ല ഈ സംരക്ഷണം കുടികൊള്ളുന്നത്. അവക്ക് ഇസ്‌ലാമിക സമൂഹങ്ങളിലും ചരിത്രത്തിലുമുണ്ടായിരുന്ന സമ്പൂര്‍ണമായ ഇസ്‌ലാമിക ഭാവം നല്‍കപ്പെടണം. ആത്മീയമായി അത് നിലനിര്‍ത്തിയിരുന്ന സ്ഥാനവും ശക്തിയും കൈവരണം. ഖുര്‍ആനിലും ഹദീസിലും പണ്ഡിതമൊഴികളിലും പള്ളികളുടെതായിവന്ന ആശയതലം പ്രയോഗവല്‍കരിക്കപ്പെടണം. അപ്പോള്‍ മാത്രമാണ് കോണ്‍ക്രീറ്റ് ബില്‍ഡിംഗുകള്‍ ബൈത്തുല്ലയായി മാറുന്നത്. അല്ലാതെ, തൂങ്ങുന്ന തോരണങ്ങള്‍കൊണ്ടോ കമാനങ്ങളുടെ വലുപ്പംകൊണ്ടോ ഉല്‍ഘാടകന്റെ മുഴഞ്ഞുന്ന പ്രഭാഷണചാതുരികൊണ്ടോ പള്ളികള്‍ അവയുടെ ലക്ഷ്യം പ്രാപിക്കുന്നില്ല.
    മക്കയിലെ വിശുദ്ധ കഅ്ബയാണ് ഇസ്‌ലാമിലെ പ്രഥമ പള്ളി (ബൈത്തുല്ലാഹ്). ഇബ്‌റാഹീം-ഇസ്മാഈല്‍ നബിമാരാണ് അത് പണികഴിച്ചത്. അല്ലാഹുവിന്റെ കല്‍പനപ്രകാരമായിരുന്നു അത്. തൗഹീദിന്റെ സംരക്ഷണവും ദൈവസ്മരണയുടെ ശാശ്വത നിലനില്‍പ്പും മനുഷ്യജീവിതത്തിന്റെ ഏകത്വവല്‍ക്കരണവുമായിരുന്നു അതിന്റെ ലക്ഷ്യം. ഇബ്‌റാഹീം നബി മാലോകരെ ഒന്നടങ്കം അതിലേക്ക് ക്ഷണിച്ചു. ജനം ഇന്നുമതിന് മറുപടി നല്‍കിക്കൊണ്ടിരിക്കുന്നു. ലോകത്തെ മറ്റു സര്‍വ്വ മസ്ജിദുകളും ദൈവഗേഹങ്ങളില്‍ രണ്ടാം സ്ഥാനത്ത് നിലനില്‍ക്കുന്നു. ഓരോ മുഅദ്ദിനുകളും അതിലേക്ക് വിളിച്ചുകൊണ്ടിരിക്കുന്നു. ജനങ്ങള്‍ അതിന് ഉത്തരം നല്‍കുന്നു. അതിനാല്‍ ഒന്നാം ബൈത്തുല്ലായുടെ അതേ ലക്ഷ്യവും അര്‍ത്ഥവും തന്നെയാണ് രണ്ടാം വിഭാഗത്തിനുമുള്ളത്. നിര്‍മാണ ചാതുരിയും അലങ്കാരവും കാലത്തിനനുസരിച്ച് എത്രമാറ്റങ്ങള്‍ സ്വീകരിച്ചാലും അവയുടെ ഉദ്ദേശ്യവും ലക്ഷ്യങ്ങളും ആദ്യത്തേതുതന്നെ നിലനിര്‍ത്തപ്പെടേണ്ടതുണ്ട്.  അപ്പോഴേ കോണ്‍ക്രീറ്റ് പള്ളികള്‍ പ്രഥമ ബൈത്തുല്ലായുടെ പാരമ്പര്യം നിലനിര്‍ത്തുന്നുള്ളൂ.
പള്ളികളുടെ ഖുര്‍ആനിക വായന
    വിശുദ്ധ ഖുര്‍ആന്‍ രണ്ടുതരം പള്ളികളെ പരിചയപ്പെടുത്തുന്നുണ്ട്. ഒന്ന് കഅബാലയത്തിന്റെ പാരമ്പര്യം നിലനിര്‍ത്തുന്ന പള്ളി. തഖ്‌വയുടെമേല്‍ അസ്തിവാരമിട്ട പള്ളിയെന്നാണ് ഖുര്‍ആന്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. നിര്‍മാണത്തിലെ ശുദ്ധിയും ലക്ഷ്യത്തിലെ ശംശുദ്ധിയുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. രണ്ടാമത്തെത് മസിജിദുള്ളിറാര്‍. ജനങ്ങള്‍ക്കിടയില്‍ കുഴപ്പം സൃഷ്ടിക്കാനും അവരെ ഭിന്നിപ്പിക്കാനും വേണ്ടി ഉണ്ടാക്കുന്ന പള്ളി. പേരിലും കാഴ്ചയിലുമെല്ലാം ഇതും മറ്റു  പള്ളികളെപ്പോലെ സുന്ദരമാണെങ്കിലും ഇതിന്റെ അന്ത്യം നരകമാണ്. സൂറതുത്തൗബയില്‍ ഇക്കാര്യം അല്ലാഹു സവിശദം പ്രതിപാദിക്കുന്നുണ്ട്. അതിന്റെ പശ്ചാത്തലം ഇങ്ങനെ ഗ്രഹിക്കാം:
    പ്രവാചകരും അനുയായികളും മദീനയിലെത്തിയ സന്ദര്‍ഭം. വിശ്വാസികള്‍ക്ക് നിസ്‌കരിക്കാനായി ഖുബാഇല്‍ ഒരു പള്ളി നിര്‍മിക്കപ്പെട്ടു. പ്രവാചകന്‍ അതില്‍വന്ന് നിസ്‌കരിച്ച് ഉല്‍ഘാടനം നിര്‍വഹിച്ചു. ഇതോടെ ഇതൊരു സാംസ്‌കാരിക കേന്ദ്രമായിമാറി. ആളുകളെല്ലാം നാനാഭാഗത്തുനിന്നും അതിലേക്ക് ഒഴുകിയെത്തി. ഈ വന്‍ ജനാവലി കണ്ട് പ്രവാചകരുടെ കഠിന ശത്രുക്കളായ ഗനം ഗോത്രത്തിന് സഹിച്ചില്ല. ഒരു പള്ളിയുണ്ടാക്കി ജനങ്ങളെയെല്ലാം അതിലേക്ക് തിരിച്ചുവിടുന്നതിനെക്കുറിച്ച് അവര്‍ ചിന്തിച്ചു. അങ്ങനെ പള്ളി നിര്‍മിക്കുകയും ഉല്‍ഘാടനത്തിനായി പ്രവാചകരുടെ അടുത്തെത്തുകയും ചെയ്തു. പ്രവാചകന്‍ ഒരു യാത്രക്കുള്ള തയാറെടുപ്പിലായിരുന്നു. വന്നിട്ടുനോക്കാമെന്നായിരുന്നു അവരുടെ പ്രതികരണം. പ്രവചകന്‍ തിരിച്ചുവന്നപ്പോള്‍ അവര്‍ വീണ്ടുമെത്തി കാര്യം പറഞ്ഞു. പ്രവാചകനെ കബളിപ്പിച്ച് തങ്ങളുടെ ഗൂഢ ലക്ഷ്യം സാക്ഷാല്‍കരിക്കുകയെന്നതാണ് അവര്‍ ഉദ്ദേശിച്ചിരുന്നത്. ജനങ്ങളെ മസ്ജിദുല്‍ ഖുബാഇല്‍നിന്ന് അകറ്റുകയും ദുരഭിമാനത്തിനുവേണ്ടി മാത്രം നിര്‍മിക്കപ്പെട്ട തങ്ങളുടെ പള്ളിയിലേക്ക് അടുപ്പിക്കുകയു ചെയ്യല്‍. താമസിയാതെ പ്രവാചകന് വഹ്‌യ് ലഭിച്ചു:
    ''ദ്രോഹബുദ്ധിയാലും സത്യനിഷേധത്താലും വിശ്വാസികള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍വേണ്ടിയും  മുമ്പുതന്നെ അല്ലാഹുവിനോടും അവന്റെ ദൂതനോടും യുദ്ധം ചെയ്തവര്‍ക്ക് താവളമുണ്ടാക്കിക്കൊടുക്കുവാന്‍ ഒരു പള്ളിയുണ്ടാക്കിയവരും (ആ കപടന്മാരുടെ കൂട്ടത്തിലുണ്ട്). ഞങ്ങള്‍ നല്ലതല്ലാതെ ഒന്നും ഉദ്ദേശിച്ചിട്ടില്ലായെന്ന് അവര്‍ ആണയിട്ട് പറയും. നിശ്ചയം അവര്‍ കള്ളംപറയുന്നവരാണെന്നതിന് അല്ലാഹു സാക്ഷിയാണ്.''
    ''നബിയേ, അങ്ങ് ഒരിക്കലും ആ പള്ളിയില്‍ നമസ്‌കാരത്തിന് നില്‍ക്കരുത്. ആദ്യദിവസംതന്നെ തഖ്‌വയുടെമേല്‍ എടുക്കപ്പെട്ട പള്ളിയാണ് അങ്ങ് നിസ്‌കരിക്കാന്‍ ഏറ്റവും ബന്ദപ്പെട്ടത്. ശുദ്ധി കൈവരിക്കാന്‍ ആഗ്രഹിക്കുന്ന ചിലയാളുകളുണ്ട് ആ പള്ളിയില്‍. ശുദ്ധി കൈവരിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു.''
    ഇതോടെ പ്രവാചകന്‍ അതില്‍നിന്ന് പിന്‍വാങ്ങുകയും അത് ചുട്ടുകരിക്കാന്‍ സ്വഹാബത്തിനോട് കല്‍പ്പിക്കുകയും ചെയ്തു. അനുചരന്മാര്‍ അത് ചുട്ടുകരിച്ചു. ചപ്പുചവറുകള്‍ നിക്ഷേപിക്കുന്ന സ്ഥലമാക്കിമാറ്റി. ഇതാണ് മസ്ജിദുള്ളിറാറിന്റെ കഥ. തഖ്‌വയുടെമേല്‍ അസ്തിവാരമിട്ട പള്ളിക്ക് സമാന്തരമായി നിര്‍മിക്കപ്പെട്ട പള്ളിയായിരുന്നു അത്. ഭക്തിയുള്ള നല്ലവരെക്കൊണ്ട് ഉല്‍ഘാടനം ചെയ്യിപ്പിച്ച് തങ്ങളുടെ വിഘടന ശ്രമം സാധിക്കുകയെന്നതായിരുന്നു പ്രധാനമായും ഇതിലൂടെ ലക്ഷീകരിക്കപ്പെട്ടിരുന്നത്. എന്നാല്‍, അത് സാധിക്കാതെ പോയി. ലോകമുസ്‌ലിംകള്‍ക്ക് ഇതിലൂടെ വലിയൊരു സന്ദേശവും ലഭിച്ചു. മുസ്‌ലിംകളുടെത് എന്ന പേരില്‍ നിസ്‌കരിക്കാന്‍ എന്ന ലേബലില്‍ ഉയര്‍ന്നുവരുന്ന ചില മസ്ജിദുകള്‍ നാശത്തിനുള്ളതാണെന്നും അവയെ സൂക്ഷിക്കണമെന്നുമുള്ള സന്ദേശം.
    മസ്ജിദുള്ളിറാറിന്റെയും തഖ്‌വയുടെമേലിലെടുക്കപ്പെട്ട മസ്ജിദുകളുടെയും ഇടയിലുള്ള അന്തരം വ്യക്തമാക്കിക്കൊണ്ട് അല്ലാഹു പറയുന്നു:
     ''അല്ലാഹുവിലുള്ള തഖ്‌വയിലും അവന്റെ തൃപ്തിയിലും തന്റെ കെട്ടിടം സ്ഥാപിച്ചവനോ, അതല്ല, പൊളിഞ്ഞുവീഴാന്‍ പോകുന്ന ഒരു മണ്‍തിട്ടയുടെ വക്കത്ത് കെട്ടിടം സ്ഥാപിക്കുകയും എന്നിട്ടത് തന്നെയുംകൊണ്ട്  നരകാഗ്നിയില്‍ പൊളിഞ്ഞുവീഴുകയും ചെയ്തവനോ കൂടുതല്‍ ഉത്തമന്‍? അക്രമികളായ ജനങ്ങളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല. അവര്‍ സ്ഥാപിച്ച അവരുടെ കെട്ടിടം അവരുടെ ഹൃദയങ്ങളില്‍ ആശങ്കയായി തുടരുന്നതാണ്. അവരുടെ ഹൃദയങ്ങള്‍ കഷ്ണം കഷ്ണമായി തീര്‍ന്നെങ്കിലല്ലാതെ. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു'' (9: 107-110).
    ഒരു സംഭവത്തിന്റെ പശ്ചാത്തലത്തിലുള്ള അവതരണമാണെങ്കിലും രണ്ടു തലങ്ങള്‍ വ്യക്തമായി നിര്‍വചിക്കപ്പെടുകയാണിവിടെ. ഒന്ന് തഖ്‌വയുടെ അസ്തിവാരത്തില്‍ ഉയര്‍ന്നുവരുന്ന ചിന്തകള്‍. രണ്ട്, കപടതയുടെയും ലോകമാന്ന്യത്തിന്റെയും പിന്‍ബലത്തില്‍ ഉയര്‍ന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍. ആദ്യത്തെത് സത്യവും രണ്ടാമത്തെത് നാശവുമാണെന്ന വസ്തുത ഇത് വ്യക്തമാക്കിത്തരുന്നു.
കേരളത്തിലെ പള്ളികളുടെ പരിസരം
    ഈ പരിസരംവെച്ച് നമുക്ക് കേരളത്തിലെ പള്ളികളെക്കുറിച്ച് അന്വേഷിക്കാം. കേരളത്തില്‍ ഇസ്‌ലാം  പ്രചരിക്കുന്നതുതന്നെ പള്ളിനിര്‍മിച്ചുകൊണ്ടാണ്. ആദ്യമായി കേരളത്തില്‍ നിര്‍മിക്കപ്പെട്ട പത്തു പള്ളികളും  അവയെതുടര്‍ന്ന് പിന്നീട് ജന്മമെടുത്ത ആയിരക്കണക്കിന് പള്ളികളും ഈ നാടിനെ ഇസ്‌ലാമിക ചിന്തക്ക് വളക്കൂറുള്ള മണ്ണാക്കിമാറ്റി. ആ പള്ളികളും അതുമായി ബന്ധപ്പെട്ടിരുന്ന വിശ്വാസികളും കാഴ്ചവെച്ച അനുഭാവപൂര്‍ണമായ സമീപനങ്ങളും ആകര്‍ഷകമായ പെരുമാറ്റങ്ങളുമാണ് ഇവിടെ ഇസ്‌ലാം പ്രചരിക്കാന്‍ മുഖ്യചാലകമായി വര്‍ത്തിച്ചത്. അര്‍ത്ഥത്തിലും ആശയത്തിലും പ്രവാചകീയ പള്ളികളുടെ തനി പകര്‍പ്പുകളായിരുന്നു ഈ പള്ളികള്‍. പൊതുജന ജീവിതത്തിന്റെ സര്‍വ്വവും അന്ന് പള്ളികളായിരുന്നു. അതിനെ കേന്ദ്രീകരിച്ചാണ് അവരുടെ എല്ലാ കാര്യങ്ങളും നടന്നിരുന്നത്. മുസ്‌ലിംജീവിതത്തിന്റെ സമ്മേളന നഗരിയായിരുന്നു അത്. അവരെ സംബന്ധിച്ചിടത്തോളം അതൊരു രണ്ടാം വീടായി പരിഗണിക്കപ്പെട്ടു. വിദ്യാഭ്യാസവും മതചടങ്ങുകളും നിക്കാഹ് പോലോത്ത ജീവിതത്തിലെ മറ്റു ചടങ്ങുകളും എല്ലാം പള്ളികളെ കേന്ദ്രീകരിച്ച് നടത്തപ്പെട്ടു. ആഗോളതലത്തില്‍ മുസ്‌ലിം ജീവിതത്തിന്റെ അച്ചുതണ്ട് വിശുദ്ധ കഅ്ബയായപോലെ ഓരോ ഗ്രാമത്തിലും മുസ്‌ലിംജീവിതത്തിന്റെ അച്ചുതണ്ട് അവിടത്തെ പള്ളികളായി മാറി. പള്ളി കഴിച്ചിട്ടേ അവരെ സംബന്ധിച്ചിടത്തോളം ബാക്കി എല്ലാം ഉണ്ടായിരുന്നുള്ളൂ. അതിനുവേണ്ടി എല്ലാം ചെലവഴിച്ചു. ഭൂമി വഖഫ് ചെയ്തു. നേര്‍ച്ചകള്‍ നേര്‍ന്നു. അത് ഐക്യത്തിന്റെയും ഒരുമയുടെയും പ്രതീകങ്ങളായി മാറി. വല്ല പ്രശ്‌നങ്ങളും ഉണ്ടായാല്‍ അതിന് പള്ളിയില്‍വന്ന് ഉസ്താദുമായി സംസാരിച്ച് പ്രതിവിധി കണ്ടു. പലപ്പോഴും പള്ളിക്കുമുമ്പില്‍വന്ന് സത്യം ചെയ്തു. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും മുസ്‌ലിം ജീവിതം പള്ളിയുമായി ഇഴുകിച്ചേര്‍ന്നു. ഒരുമയും സൗഹാര്‍ദ്ദവും രഞ്ജിപ്പും പൂത്തുകളിയാടി. ഇതുകണ്ട് ഇവിടത്തെ ഹൈന്ദവ സുഹൃത്തുക്കള്‍പോലും അല്‍ഭുതപ്പെട്ടു. അവരും പള്ളിയെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തു. പള്ളിയുമായി ബന്ധപ്പെട്ടുള്ള മുസ്‌ലിംജീവിതത്തിന്റെ സൗകുമാര്യത കണ്ട് പലരുടെയും മനസ്സ് മാറുകവരെ ചെയ്തു. ഇവിടത്തെ പല പള്ളികളും നിര്‍മിക്കാന്‍ അവര്‍ സ്ഥലം നല്‍കിയതും പല ക്ഷേത്രങ്ങളും പള്ളികളാക്കി മാറ്റാന്‍ അനുവദിച്ചതും അതുകൊണ്ടായിരുന്നു.
    ഇതായിരുന്നു കാലങ്ങളോളം കേരളമുസ്‌ലിംകളുടെ മുമ്പിലെ പള്ളി. എന്നാല്‍, കാലാന്തരത്തില്‍ ഈയൊരു സമീപനത്തില്‍ പലവിധ മാറ്റങ്ങളും വന്നു. വിശിഷ്യാ, വിഘടന ചിന്തകളുമായി മുസ്‌ലിംകള്‍ക്കിടയില്‍ ഉല്‍പത്തിഷ്ണുക്കള്‍ വന്നതോടെ കേരളത്തിലെ പള്ളികളുടെ ഏകീകൃത ഭാവം തകര്‍ക്കപ്പെട്ടു. 1921 ഓടുകൂടി പരമ്പരാഗത ചിന്ത പ്രചരിപ്പിക്കുന്ന പള്ളികള്‍ക്കുമുമ്പില്‍ പരിഷ്‌കരണ ചിന്ത പ്രചരിപ്പിക്കുന്ന പുതിയ പള്ളികള്‍ തലപൊക്കി. ഒരിടത്ത് അറബിയിലും മറ്റൊരിടത്ത് മലയാളത്തിലും ഖുതുബ നിര്‍വഹിക്കുന്ന അവസ്ഥ വന്നു. സ്ത്രീകള്‍ ജുമുഅ-ജമാഅത്തിന് പോകുന്ന പള്ളികളും പോകാത്ത പള്ളികളുമുണ്ടായി. പലയിടങ്ങളിലും ഇതുമായി ബന്ധപ്പെട്ട് പലവിധ പ്രശ്‌നങ്ങളും തലപൊക്കിയതോടെ പള്ളികളുമായി കേന്ദ്രീകരിച്ച് മുസ്‌ലിംകള്‍ക്കിടയിലുണ്ടായിരുന്ന ഒരുമ നഷ്ടപ്പെട്ടു. മുജാഹിദിന്റെയും ജമാഅത്തിന്റെയും പള്ളികള്‍ വന്നു. തബ്‌ലീഗുകാരും മറ്റു അവാന്തര വിഭാഗങ്ങളും അതേ പാതതന്നെ സ്വീകരിച്ചു. പക്ഷെ, ഇത് ആദര്‍ശത്തിലെ വ്യതിയാനമായിരുന്നതിനാല്‍ പൊതുജനം ഇതില്‍ ബദ്ധശ്രദ്ധരായിരുന്നു. ബിദഇകളുടെ പള്ളികളെ അങ്ങനെത്തന്നെ കാണുകയും അതില്‍നിന്നും അകന്നുനില്‍ക്കുകയും ചെയ്തു. അതിനാല്‍ സുന്നത്ത് ജമാഅത്തിന്റെ അണികളില്‍ വിള്ളല്‍ സൃഷ്ടിക്കാനോ അവര്‍ക്കിടയിലെ ഐക്യം തകര്‍ക്കാനോ ഇസ്‌ലാമിക സ്റ്റേറ്റ് പോലെ ഇസ്‌ലാമിക അന്തരീക്ഷം നിറഞ്ഞുനിന്ന മഹല്ലത്തുകളെ ഇല്ലായ്മ ചെയ്യാനോ അവക്കായില്ല. എന്നാല്‍ 1989 ഓടുകൂടി കേരളമുസ്‌ലിംകളുടെ ശാന്തമായ ജീവിതാന്തരീക്ഷത്തിന് വലിയൊരു ആഘാതമേല്‍ക്കുകയായിരുന്നു. കാലങ്ങളായി മുസ്‌ലിംകള്‍ പള്ളികളും മദ്‌റസകളും കേന്ദ്രീകൃതമായി കാത്തുസൂക്ഷിച്ചിരുന്ന ഐക്യവും ഒരുമയും അതോടെ ചോദ്യം ചെയ്യപ്പെട്ടു. പള്ളികളുടെ അര്‍ത്ഥവും ലക്ഷ്യവും കാറ്റില്‍ പറത്തപ്പെട്ടു. മദ്‌റസകളും അനൈക്യത്തിന് കൊടിപിടിച്ചു. അങ്ങനെ മദ്‌റസകളുടെയും പള്ളികളുടെയും പേരില്‍ മൂല്യം ചോര്‍ന്നുപോയ ഒരുപാട് കോണ്‍ക്രീറ്റ് കാടുകള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ഉയര്‍ന്നുവരാന്‍ തുടങ്ങി.

ചെമ്പിരിക്ക ഖാസിമാര്‍

    കാസറഗോഡ് താലൂക്കില്‍ ചന്ദ്രഗിരിപ്പുഴക്ക് തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ ഒരു പ്രദേശമാണ് കീഴൂര്‍. കാസറഗോഡ് ജില്ലയുടെ ഇസ്ലാമിക നവോത്ഥാനത്തില്‍ ഈ പ്രദേശം വഹിച്ച പങ്ക് നിസ്തൂലമാണ്. സാമൂഹിക പുരോഗമന രംഗത്ത് ഒറ്റപ്പെട്ടുകിടക്കുന്ന ഉത്തരകേരളത്തെ സാംസ്‌കാരികമായും ആത്മീയമായും വളര്‍ത്തിയെടുക്കാന്‍ ഇവിടത്തെ മണ്‍മറഞ്ഞുപോയ പണ്ഡിതന്മാരും അസ്തമിച്ചുപോയ വിദ്യാഭ്യാസ കേന്ദ്രങ്ങളും വലിയ റോള്‍ അഭിനയിച്ചിട്ടുണ്ട്. വടക്കെ മലബാറിലെ പൊന്നാനി എന്നാണ് ഈ പ്രദേശം വിളിക്കപ്പെട്ടിരുന്നത്.
    തെക്കന്‍ കേരളത്തിലെ പ്രധാന ഇസ്ലാമിക പാരമ്പര്യ ഭൂമിയായ പൊന്നാനി കഴിച്ചാല്‍ കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മതപഠനകേന്ദ്രമെന്ന നിലയിലാണ് കീഴൂര്‍ പ്രശസ്തമാകുന്നത്. ഇവിടെ അധിവസിച്ചിരുന്ന പണ്ഡിത സൂരികളുടെ പൊന്നാനിയുമായുള്ള നിരന്തര ബന്ധത്തിന്റെ അനന്തര ഫലമായിട്ടായിരുന്നു ഇത്.
ചളിയങ്കോട്, കടവത്ത്, ഒറവങ്കര, പഴയ കോട്ട, മഠത്തില്‍, കുന്നരിയത്ത്, പടിഞ്ഞാര്‍ തുടങ്ങിയ പ്രദേശങ്ങളെ ഉള്‍കൊള്ളുന്നതാണ് കീഴൂര്‍. ഇസ്ലാമികത്തനിമ വിളങ്ങിനിന്നിരുന്ന പുരാതന കീഴൂര്‍ ഇതിലും വിശാലമായിരുന്നു. പടിഞ്ഞാറിന് പുറമെ മേല്‍പറമ്പ്, ചെമ്പരിക്ക, ദേളി, ചാത്തങ്കൈ, കളനാട്, തുടങ്ങിയ സ്ഥലങ്ങളും ഈ പേരിന് കീഴിലാണ് ഉണ്ടായിരുന്നത്. കീഴൂര്‍ ജമാഅത്തില്‍ നിന്നും ഒഴിഞ്ഞുപോയ ജമാഅത്തുകളാണ് പടിഞ്ഞാര്‍ ഒഴികെയുള്ള മേല്‍പറഞ്ഞ ജമാഅത്തുകള്‍.
    കാസറഗോഡ് ഇസ്ലാം പ്രചരിച്ചതിനോടനുബന്ധമായി തന്നെ കീഴൂരിലും ഇസ്ലാം എത്തിയിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന ഇസ്ലാമിക ചൈതന്യവും ജനങ്ങളിലെ ഉല്‍ബുദ്ധതയും ഇതിലേക്ക് വെളിച്ചം വീശുന്നു.
    1-ഖാസി സഈദ് മുസ്ലിയാര്‍
ഒന്നര നൂറ്റാണ്ട് മുമ്പ് ഉത്തര കേരളത്തിന്റെ സാംസ്‌ക്കാരിക മണ്ഡലത്തെ ജാജ്വല്യമാനമാക്കിയ മഹാപണ്ഡിതനും സിദ്ധപുരുഷനുമായിരുന്നു സഈദ് മുസ്ലിയാര്‍. കാസര്‍ഗോഡിന് ഇസ്ലാമികത്തനിമയില്‍ അസ്തിത്വമുണ്ടാക്കി കൊടുത്തതിന് ഇദ്ധേഹത്തിന്റെ പങ്ക് അനിഷേധ്യമാണ്. കിഴൂരിലെ വൈജ്ഞാനിക പ്രകാശ ഗോപുരങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മാസ്റ്റര്‍ ബ്രൈന്‍ അദ്ധേഹമായിരുന്നു.
കാസര്‍ഗോഡ് താലൂക്കിലെ കുഞ്ചാര്‍ എന്ന സ്ഥലത്ത് ഖാസി അഹമദ് മുസ്ലിയാരുടെ മകനായാണ് സഈദ് മുസ്ലിയാര്‍ ഭൂജാതനായത്. ചെറുപ്പക്കാലം മുതല്‍ തന്നെ മതവിദ്യാഭ്യാസത്തില്‍ ശ്രദ്ധയൂന്നി. പണ്ഡിതനും ജ്ഞാനിയുമായിരുന്ന പിതാവ് തന്നെയായിരുന്നു പ്രധമധ്യാപകന്‍. വൈജ്ഞാനിക രംഗത്ത് അന്നത്തെ അല്‍അസ്ഹറായിരുന്ന പൊന്നാനിയില്‍ പോയിട്ടായിരുന്നു ഉപരിപഠനം.
ഈ യാത്ര സഈദ് മുസ്ലിയാരെ അനുഭവ സമ്പന്നനാക്കി. കേരളത്തിലെ തലയെടുപ്പുള്ള പല പണ്ഡിത വരേണ്യരേയും നേരില്‍ കാണാനും അവരില്‍ നിന്ന് വിദ്യ നുകരാനും അദ്ധേഹത്തിന് അവസരം ലഭിച്ചു. 
    2- മുഹമ്മദ് മുസ്ലിയാര്‍
സഈദ് മുസ്ലിയാര്‍ക്ക് ശേഷം മകന്‍ മുഹമ്മദ് മുസ്ലിയാരാണ് കിഴൂര്‍ ഖാസിയായത്. പിതാവിന്റെ അതേ പാത പിന്തുടര്‍ന്ന അദ്ദേഹം ഈ ദേശത്തിന്റെ മതകീയ അഭിവൃദ്ധിക്കുവേണ്ടി യത്‌നിച്ചിട്ടുണ്ട്.
    3- ഖാസി സി. മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍
ക്രി: 1938 മുതല്‍ 1973 വരെ കീഴൂര്‍ ഖാസി പദം അലങ്കരിച്ച പണ്ഡിതനാണ് ഖാസി. സി. മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍. അബ്ദുല്ല മുസ്ലിയാരുടെയും മര്‍യം ഉമ്മയുടെയും മകനായി ചെമ്പിരിക്കയില്‍ ജനിച്ചു. ഹി: 1313-നായിരുന്നു ഇത്.
പണ്ഡിതനും പ്രഗല്‍ഭ വാഗ്മിയുമായിരുന്ന പിതാവ് അബ്ദുല്ല മുസ്ലിയാര്‍. അബ്ദുല്ലാഹില്‍ ജംഹരി എന്നറിയപ്പെട്ട അദ്ദേഹം പോക്കര്‍ മുസ്ലിയാരുടെ മകനാണ്. കാസറഗോടിന്റെ മതപ്രഭാഷണവേദികളില്‍ അദ്ദേഹം വിളങ്ങി നിന്നു.
    വലിയൊരു കുടുംബത്തിന്റെ അവസാന കണ്ണിയായിരുന്ന പോക്കര്‍ മുസ്ലിയാര്‍ ചെമ്മനാട്ടാണ് താമസിച്ചിരുന്നത്. അദ്ദേഹത്തിനുണ്ടായ ഒരു സ്വപ്നത്തിന്റെ അടിസ്ഥാനത്തില്‍ ചെമ്പിരിക്കയിലേക്ക് മാറിത്താമസിക്കുകയായിരുന്നു. അങ്ങനെയാണ് മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍ ചെമ്പിരിക്ക നിവാസിയായി മാറുന്നത്. പണ്ഡിത തറവാട്ടില്‍ ജനിച്ച മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍ പിതാവില്‍ നിന്നു തന്നെ പ്രാഥമിക പഠനം തുടങ്ങി. പത്തു വയസ്സായതോടെ പിതാവ് മരിച്ചു. ശേഷം സഹോദരിയുടെ ഭര്‍ത്താവായ കീഴൂര്‍ അബ്ദുല്ലക്കുഞ്ഞി ഹാജിയില്‍ നിന്നാണ് മത ഗ്രന്ദങ്ങള്‍ ഓതിത്തുടങ്ങിയത്. അബ്ദുല്ലക്കുഞ്ഞി ഹാജി കാസറഗോഡ് വലിയ ജുമുഅത്ത് പള്ളിയിലും തൃക്കരിപ്പൂര്‍ സൂപ്പിഹാജിയുടെ പള്ളിയിലും ദര്‍സ് നടത്തിയിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം അവിടങ്ങളിലെല്ലാം താമസിച്ച് മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍ മത വിഷയങ്ങളില്‍ അവഗാഹം നേടി. കാസറഗോഡ് വലിയ ജുമുഅത്ത് പള്ളിയില്‍ ആയഞ്ചേരി അബ്ദുര്‍റഹിമാന്‍ മുസ്ലിയാര്‍ ദര്‍സ് നടത്തിയപ്പോള്‍ അവിടെപ്പോയി ചേര്‍ന്നു. ആയഞ്ചേരി കാസറഗോഡ് ഉപേക്ഷിക്കുകയും വാഴക്കാട് ദാറുല്‍ ഉലൂം മദ്രസയില്‍ മതധ്യാപനം ആരംഭിക്കുകയും ചെയ്തപ്പോള്‍ മുഹ്മദ് കുഞ്ഞി മുസ്ലിയാരും അദ്ദേഹത്തെ അനുഗമിച്ചു. തന്റെ അമ്മാവന്‍ അക്കാലത്തെ മതവിജ്ഞാന കേന്ദ്രമായ നാനിയില്‍ പുസ്തകവ്യാപാരം നടത്തിയിരുന്നു. മുഹമ്മദ് കുഞ്ഞിമുസ്ലിയാര്‍ കുറച്ച് കാലം അദ്ദേഹത്തോടൊപ്പം അവിടെയും നിന്നു.
    ശേഷം പഠനം കഴിഞ്ഞ് നാട്ടില്‍ തിരിച്ചു വന്നതോടെ കിഴൂരിലെ ഖാസി പദവും ഒറവങ്കര ഖിള്ര്‍പള്ളിയിലെ മുദരിസ് സ്ഥാനവും ഏറ്റെടുത്തു. 25-വര്‍ഷത്തോളം ഒറവങ്കര പള്ളിയിലെ അദ്ധ്യാപക വൃത്തി നില നിര്‍ത്തി. അനന്തരം വാര്‍ദ്ധക്യ സഹജമായ ബലഹീനത കാരണം ദര്‍സ് നടത്തുന്ന ജോലി ഒഴിവാക്കാന്‍ നിര്‍ബന്ധിതനായി. തന്റെ പുത്രന്മാരില്‍ ഒരാളെ ഏല്‍പിച്ചുകൊണ്ടാണ് അദ്ധേഹം ചുമതലയൊഴിഞ്ഞത്. എന്നാല്‍ കിഴൂരിലേയും പരിസര പ്രദേശങ്ങളിലേയും ഖാസി പദം അവസാന ശ്വാസം വരെ നിലനിര്‍ത്തി. കീഴൂര്‍, മേല്‍പറമ്പ്, ചെമ്പിരിക്ക, കളനാട്, ദേളി, ഉദുമ, പാക്യര, എരോല്‍, മാങ്ങാട്, വെണ്ടിക്കാല്‍, ബായിക്കര, അലൂര്‍ എന്നീ 12സ്ഥലങ്ങളിലാണ് അദ്ധേഹം ഖാസിയായിരുന്നത്.
    കാസര്‍കോടിന്റെ മതസാംസ്‌കാരിക സംരംഭംഗങ്ങളില്‍ മുസ്ലിം പ്രതിനിധി എന്ന നിലക്ക് കടന്നു ചൊല്ലുകയും തന്റെ വ്യക്തി മുദ്ര പതിക്കുകയും ചെയ്ത മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍ ഹിന്ദു-മുസ്ലിം ജാതി-മത ഭേതമന്യേ ഈ ദേശത്തിന്റെ ആത്മീയാചാര്യനായിരുന്നു. സര്‍വ്വ പ്രശ്‌നങ്ങള്‍ക്കും അദ്ധേഹമായിരുന്നു പരിഹാരം.
    കിഴൂര്‍ ഖാസിയായിരിക്കെത്തന്നെ ഹി:1393 ദുല്‍ഹജ്ജ് 4-വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഏതാണ്ട് ഒരു മണിയോടെ ഖാസി മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍ ലോകത്തോട് വിടപറഞ്ഞു. ചെമ്പിരിക്ക ജുമുഅത്ത് പള്ളിയുടെ തെക്ക് വശമുള്ള മഖാമിന്റെ അടുത്താണ് ഖബര്‍. സംഭവഭഹുലമായ തന്റെ ജീവിതത്തിനിടക്ക് മൂന്ന് തവണ ഹജ്ജു ചെയ്യാന്‍ അദ്ധേഹത്തിന് അവസരം ലഭിച്ചു. നാലാമതൊരു ഹജ്ജിന് തീരുമാനമെടുക്കുകയും 1973-ഡിസംബര്‍ 13-ന് ബോംബേയില്‍ നിന്ന് പുറപ്പെട്ട വിമാനത്തില്‍ അദ്ധേഹത്തിന് വേണ്ടി സീറ്റ് റിസര്‍വ് ചെയ്യുകയും ചെയ്തിരുന്നു. പക്ഷേ അതിന് മുമ്പ് തന്നെ അദ്ധേഹം മരണമടഞ്ഞിരുന്നു. ചെമ്പിരിക്ക ഖാസി സി എം അബ്ദുല്ല മൗലവി മകനാണ്.
    4. ഖാസി സി എം അബ്ദുല്ല മൗലവി
    1973ന് ശേഷം കീഴൂര്‍ ഖാസിയായത് സി എം അബ്ദുല്ല മൗലവിയാണ്. പണ്ഡിത തറവാട്ടിലെ കുലപതിയായ അദ്ധേഹം സ്വാതന്ത്രാനന്തര കാസര്‍കോടിന്റെ ഇസ്ലാമിക നവോത്ഥാന ചരിത്രത്തില്‍ വലിയ പങ്ക് വഹിച്ചു. കര്‍മ്മ നൈരന്തര്യത്തില്‍ ഇഷ്ടപ്പെട്ട അദ്ധേഹം എന്നും സമൂഹത്തിന് വേണ്ടി നിലകൊണ്ടു.
    ചെമ്പിരിക്കാ ഖാസി എന്നപേരില്‍ പ്രസിദ്ധനായ മുഹമ്മദ് കുഞ്ഞി മുസ്ലിയാരുടെയും ബീഫാത്വിമാ ഹജ്ജുമ്മയുടെയും മകനായി 1933-ല്‍ കാസര്‍കോട് ചെമ്പിരിക്കയില്‍ ജനിച്ചു. പിതാവ് തന്നെയായിരുന്നു പ്രഥമാദ്ധ്യാപകന്‍. ശേഷം, ചെമ്പിരിക്കയിലും തുടര്‍ന്ന് തളങ്കര മുസ്ലിം ഹൈസ്‌കൂളിലുമായി പടനം പൂര്‍ത്തിയാക്കി. അന്ന് എസ് എസ് എല്‍ സി എഴുതി വിജയിച്ച അപൂര്‍വ്വം ചിലരില്‍ ഒരാളായിരുന്നു അബ്ദുല്ല മൗലവി. സ്‌കൂള്‍ ജീവിതത്തില്‍ തന്നെ ഉര്‍ദു, ഇംഗ്ലീഷ് ഭാഷകളില്‍ കഴിവ് നേടി. ശേഷം അത് പുഷ്ടിപ്പിക്കുകയും ചെയ്തു. ശേഷം, ഉള്ളാളം അബ്ദുര്‍റഹിമാന്‍ അല്‍ബുഖാരി തങ്ങളുടെയും യു കെ ആറ്റക്കോയ തങ്ങളുടെയും ശിഷ്യത്വം നേടി.നെല്ലിക്കുന്ന് ദര്‍സില്‍ വെച്ചാണ് ഗോളശാസ്ത്രത്തില്‍ അവഗാഹം നേടാന്‍ യു കെ ആറ്റക്കോയ തങ്ങളെ സമീപിക്കുന്നത്. പകരമെന്നോണം അന്ന് അവിടെയുണ്ടായിരുന്ന ദര്‍സില്‍ പഠിപ്പിക്കുകയും ചെയ്തു. മിശ്കാത്തുല്‍ മസ്വാബീഹ് എന്ന ഹദീസ് ഗ്രന്ഥമാണ് അന്ന് കുട്ടികള്‍ക്ക് ഓതിക്കൊടുത്തത്.
    ഖുലാസത്തുല്‍ ഫിസാഖ്, ഉഖ്‌ലൈദിസ്, രിസാലത്തുല്‍ ഹിസാബ് തുടങ്ങിയ ഗോളശാസ്ത്ര-ഗണിത ഗ്രന്ഥങ്ങളാണ് ആറ്റക്കോയ തങ്ങളില്‍ നിന്നും ഓതിയത്. നീണ്ടകാല ജ്ഞാന തപസ്യക്കുശേഷം വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തിലേക്ക് തിരിച്ചു. ബിരുദം നേടി. 1962-ലായിരുന്നു ഇത്.
    പഠനം കഴിഞ്ഞു തിരിച്ചു വന്നതോടെ അദ്ധ്യാപന രംഗത്തേക്ക് തിരിച്ചു. ഒറവങ്കര, എട്ടിക്കുളംമാടായി-പുതിയങ്ങാടി എന്നിവിടങ്ങളില്‍ ദര്‍സ് നടത്തി.
സമൂഹത്തിന്റെ ശോച്യാവസ്ഥ കണ്ട അബ്ദുല്ല മൗലവി മുസ്ലിം സമൂഹത്തിന്റെ നവജാഗുരണത്തിനായി ഇറങ്ങിത്തിരിക്കുകയും പലരേയും കണ്ട് ഒരു ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആവശ്യകത ധരിപ്പിക്കുകയും ചെയ്തു. 1971-ഏപ്രില്‍28-ന് സഅ്ദിയ്യ എന്ന പേരില്‍ സ്ഥാപനം തുടങ്ങി. കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജിയാണ് പിന്തുണ നല്‍കിയത്. കാലങ്ങളോളം അവിടെ അദ്ധ്യാപകനായും വൈസ് പ്രിന്‍സിപ്പാളായും പ്രിന്‍സിപ്പാളായും സേവനമനുഷ്ടിച്ചു. 1979-ല്‍ സ്ഥാപനം സമസ്ത ജില്ലാ കമ്മിറ്റിക്കു കൈമാറി.
    അതിനു മുമ്പ് ഏകദേശം ഒരു വര്‍ഷത്തോളം പരവനടുക്കം ആലിയ അറബിക് കോളേജിലും അദ്ധ്യാപകനായി സേവനം ചെയ്തു.
    ശേഷം കാസര്‍കോട് തന്നെ മറ്റൊരു സ്ഥാപനത്തിന്റെ ആവശ്യകത മനസ്സിലാക്കുകയും 1993-ല്‍ ചട്ടഞ്ചാല്‍ മാഹിനാബാദില്‍ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് എന്ന പേരില്‍ പുതിയൊരു സംരംഭത്തിന് തുടക്കം കുറിക്കുകയും ചെയ്തു. അവിടെ ദാറുല്‍ ഇര്‍ഷാദ് അക്കാദമി, അര്‍ശദുല്‍ ഉലൂം കോളേജ് എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ന് സമസ്ത കേന്ദ്ര കമ്മിറ്റി ഉപാദ്യക്ഷനും ജില്ലാ കമ്മിറ്റി പ്രസിഡന്റുമാണ്.
    പ്രവര്‍ത്തന ഗോദയിലെ ശോഭിത വ്യക്തിത്വമായിരുന്നു അബ്ദുല്ല മൗലവിയുടേത്. ചെറുപ്പം കാലം മുതലേ രചനാരംഗത്ത് അതിനിപുണനാണ്. മാസികകള്‍, സോവനീറുകള്‍, വര്‍ത്തമാന പത്രങ്ങള്‍ തുടങ്ങിയവയില്‍ ധാരാളം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. മാപ്പിളപ്പാട്ടിന്റെ നഷ്ട പൈതൃകം വീണ്ടെടുക്കാന്‍ അറബിമലയാളത്തില്‍ തന്റേതായ സംഭാവനകള്‍ നല്‍കി. ഫതഹുല്‍ കന്‍സ് എന്ന പേരില്‍ ഒരു അറബി മലയാള പദ്യ കൃതി രചിച്ചു. 1961-ല്‍ പ്രസിദ്ധീകൃമായി. ഗോളശാസ്ത്രത്തില്‍ ധാരാളം ഗ്രന്ദങ്ങള്‍ എഴുതി. അറബിയിലും മലയാളത്തിലും ഇംഗ്ലീഷിലും രചന നടത്തിയിട്ടുണ്ട്.
    പണ്ഡിതന്‍, നിയമാധിപന്‍, സംഘാടകന്‍, പ്രവര്‍ത്തകന്‍, പ്രഭാഷകന്‍, എഴുത്ത്കാരന്‍, സാഹിത്യകാരന്‍ എന്നീരംഗങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ഗോളശാസ്ത്രത്തോടും പള്ളി-വീട് സ്ഥലനിര്‍ണ്ണയ ശാസ്ത്രത്തോടുമാണ് കൂടുതല്‍ താല്‍പര്യം. സാമൂഹിക-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പല അംഗീകാരങ്ങളും ലഭിച്ചു. യു എ ഇ, ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍, സിങ്കപ്പൂര്‍, മലേഷ്യ തുടങ്ങിയ വിദേശരാഷ്ട്രങ്ങള്‍ സന്ദര്‍ഷിച്ചിട്ടുണ്ട്. ദുബൈ ഔഖാഫിന്റെ ഔദ്യോഗിക ക്ഷണം ലഭിച്ചിരുന്നു. പ്രസിദ്ധീകൃതവും അപ്രകാശിതവുമായ അനവധഇ ഗ്രന്ദങ്ങളുടെ രചയിതാവാണ്. പ്രധാന രചനകള്‍ ഇവയാണ്.
    1. ഫതഹുല്‍ ഖന്‍സ് (അറബി മലയാളം)
    2. തസ്‌വീദുല്‍ ഫികരി വല്‍ ഹിമം ഫീതബ്‌യീനി നിസാബത്തി വല്‍ ലോഗാരിതം.
    3. ഇല്‍മുല്‍ ഫലക് അലാ ളൗഇ ഇല്‍മില്‍ ഹദീസ്.
    4. ഇസ്തിഖ്‌റാജു ഔഖാത്തി സ്വലാത്തി വ സ്വുമൂത്തില്‍ ഖിബ്‌ല അലാ ഹിസാബി ലോഗോരിതം.
    5. അല്‍ ബൂസ്വിലത്തുല്‍ മിഗ്‌നാതീസ്വിയ്യ വ ഇന്‍ഹിറാഫുഹാ അനില്‍ ജിഹത്തില്‍ അസ്വിലിയ്യ:
    6. ആദാബുസ്സ്വിയാമി വ ഫവാഇദുഹാ
    7. ചരിത്ര ശകലങ്ങള്‍