Sunday, April 8, 2012

പള്ളികള്‍ പണിയാന്‍ മഹല്ലുകള്‍ പൊളിക്കരുതായിരുന്നു (ഒന്ന്)

.
ഇസ്‌ലാമിക നാഗരികതയുടെ കേന്ദ്രബിന്ദുവാണ് പള്ളികള്‍. ഏതൊരു നാടിന്റെയും ഇസ്‌ലാമിക ചിന്തയെ നിയന്ത്രിക്കുന്നതും അവിടത്തെ മതകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതും പള്ളികള്‍ കേന്ദ്രീകരിച്ചാണ്. പ്രക്ഷുബ്ധമായ ഭൗതിക ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ അവ ആഖിറത്തിലേക്കുള്ള സൂചക ഫലകങ്ങളായി നിലകൊള്ളുന്നു. അഹങ്കാരത്തിന്റെയും ദുരഭിമാന ചിന്തകളുടെയും മാനുഷിക പ്രതലത്തില്‍നിന്നും ചൂഷണങ്ങളുടെയും കുതികാല്‍വെട്ടലിന്റെയും കമ്പോള വിചാരങ്ങളില്‍നിന്നും അകന്ന് ആത്മീയ നിറവിന്റെയും സമാധാനത്തിന്റെയും അനുരജ്ഞന ചിന്തകളുടെയും സൗഹാര്‍ദ്ദ മനോഭാവത്തിന്റെയും പ്രഭവ തീരങ്ങളിലേക്ക് പള്ളികള്‍ മനുഷ്യന്റെ കൈ പിടിച്ചു. അതുകൊണ്ടുതന്നെ, ഏതൊരു നാടിന്റെയും ക്രമസമാധാനം നിലനില്‍ക്കാനും സമഭാവന പൂത്തുലയാനും പള്ളികള്‍ കാരണമായി. വിവിധ സമുഹങ്ങള്‍ക്കിടയില്‍ മുസ്‌ലിംകളെക്കുറിച്ച് നല്ല ഇമേജ് കൈവന്നു. ജീവിതത്തില്‍ അറിയാതെ കയറിവരുന്ന ദുര്‍ചെയ്തികളെ കഴുകിക്കളയാനുള്ള റിഫ്രഷ്‌മെന്റ് കേന്ദ്രങ്ങളായി പള്ളികള്‍ നിലകൊണ്ടു. ഇതാണ് പള്ളികളെക്കുറിച്ച പൊതുവായ വായന. അഥവാ, സാമൂഹിക മണ്ഡലത്തില്‍ പൊതുവെ അതിനെ വിലയിരുത്തപ്പെടുന്ന തലം. എന്നാല്‍ വര്‍ത്തമാന കാലത്തെ ശീതീകരിച്ച അലങ്കൃത പള്ളികള്‍ അവ നിര്‍വഹിക്കുന്നുണ്ടോ എന്നത് ഏറെ ചിന്തനീയമാണ്. ഐക്യത്തിന്റെ കേന്ദ്രമായിരുന്ന പള്ളികള്‍ അനൈക്യത്തിന്റെ സിമ്പലുകളായി മാറിയ ഇന്ന് മുഴത്തിന് മുഴവും ചാണിന് ചാണും നാടുനീളെ 'ഗള്‍ഫ് മോഡല്‍' പള്ളികളുയരുമ്പോള്‍ അവ സമൂഹത്തില്‍ ഉണ്ടാക്കുന്ന അനുകൂല-പ്രതികൂല പ്രതിഫലനങ്ങള്‍ വിലയിരുത്തപ്പെടാന്‍ സമയമതിക്രമിച്ചിരിക്കുന്നു. പള്ളികള്‍ പൊതുവെ ഇസ്‌ലാമിന്റെ പ്രതാപം വിളിച്ചറിയിക്കുന്ന ചിഹ്നങ്ങളും അവയെ പ്രഘോഷണം ചെയ്യുന്ന കേന്ദ്രങ്ങളുമെല്ലാമാണെങ്കിലും 'ഹുദാ'യില്‍നിന്നും മുക്തമായ പള്ളികള്‍ കാലത്തിന്റെ ശാപവും അന്ത്യനാളിന്റെ അടയാളവുമാണെന്ന് ദ്യോതിപ്പിക്കുന്ന പ്രവാചക വചനങ്ങള്‍ ഉണ്ടായിരിക്കെ ഇത്തരമൊരു അന്വേഷണത്തിന് ഏറെ പ്രസക്തിയുണ്ട്.
ബൈത്തുല്ലാഹ് എന്ന സങ്കല്‍പം
    മസ്ജിദ് എന്നാല്‍ സുജൂദ് ചെയ്യുന്ന സ്ഥലമെന്നാണര്‍ത്ഥം. ദൈവത്തിനുമുമ്പില്‍ പ്രണാമമര്‍പ്പിക്കുന്നയിടം എന്ന ഭാഷ്യം നല്‍കി അത് വിശാലമായി ഉപയോഗിക്കപ്പെട്ടു. അര്‍ത്ഥപരമായി പരിമിതമെങ്കിലും മലയാളത്തില്‍ ആരാധനകളുടെ സ്ഥലം എന്ന മാനം നല്‍കി നമ്മളതിനെ പള്ളി എന്നു പറഞ്ഞുവരുന്നു. എന്തുതന്നെയായലും അന്യഭാഷകളില്‍ എത്രതന്നെ പരിമിതികളുണ്ടെങ്കിലും ഇതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത് ബൈത്തുല്ലാഹ് എന്നതാണ്. ഇതൊരു വിശാല സങ്കല്‍പമാണ്. ഇസ്‌ലാമില്‍ പള്ളി ദൈവത്തിന്റെ ഗേഹമാണ്. അതിനാല്‍ അവക്ക് അവയുടെതായൊരു പവിത്രതയുണ്ട്. അത് കാത്ത് സംരക്ഷിക്കപ്പെടണം. ബാഹ്യമോടി വര്‍ദ്ധിപ്പിക്കുന്നതിലോ മിനാരങ്ങളുടെ വലുപ്പം കൂട്ടുന്നതിലോ അല്ല ഈ സംരക്ഷണം കുടികൊള്ളുന്നത്. അവക്ക് ഇസ്‌ലാമിക സമൂഹങ്ങളിലും ചരിത്രത്തിലുമുണ്ടായിരുന്ന സമ്പൂര്‍ണമായ ഇസ്‌ലാമിക ഭാവം നല്‍കപ്പെടണം. ആത്മീയമായി അത് നിലനിര്‍ത്തിയിരുന്ന സ്ഥാനവും ശക്തിയും കൈവരണം. ഖുര്‍ആനിലും ഹദീസിലും പണ്ഡിതമൊഴികളിലും പള്ളികളുടെതായിവന്ന ആശയതലം പ്രയോഗവല്‍കരിക്കപ്പെടണം. അപ്പോള്‍ മാത്രമാണ് കോണ്‍ക്രീറ്റ് ബില്‍ഡിംഗുകള്‍ ബൈത്തുല്ലയായി മാറുന്നത്. അല്ലാതെ, തൂങ്ങുന്ന തോരണങ്ങള്‍കൊണ്ടോ കമാനങ്ങളുടെ വലുപ്പംകൊണ്ടോ ഉല്‍ഘാടകന്റെ മുഴഞ്ഞുന്ന പ്രഭാഷണചാതുരികൊണ്ടോ പള്ളികള്‍ അവയുടെ ലക്ഷ്യം പ്രാപിക്കുന്നില്ല.
    മക്കയിലെ വിശുദ്ധ കഅ്ബയാണ് ഇസ്‌ലാമിലെ പ്രഥമ പള്ളി (ബൈത്തുല്ലാഹ്). ഇബ്‌റാഹീം-ഇസ്മാഈല്‍ നബിമാരാണ് അത് പണികഴിച്ചത്. അല്ലാഹുവിന്റെ കല്‍പനപ്രകാരമായിരുന്നു അത്. തൗഹീദിന്റെ സംരക്ഷണവും ദൈവസ്മരണയുടെ ശാശ്വത നിലനില്‍പ്പും മനുഷ്യജീവിതത്തിന്റെ ഏകത്വവല്‍ക്കരണവുമായിരുന്നു അതിന്റെ ലക്ഷ്യം. ഇബ്‌റാഹീം നബി മാലോകരെ ഒന്നടങ്കം അതിലേക്ക് ക്ഷണിച്ചു. ജനം ഇന്നുമതിന് മറുപടി നല്‍കിക്കൊണ്ടിരിക്കുന്നു. ലോകത്തെ മറ്റു സര്‍വ്വ മസ്ജിദുകളും ദൈവഗേഹങ്ങളില്‍ രണ്ടാം സ്ഥാനത്ത് നിലനില്‍ക്കുന്നു. ഓരോ മുഅദ്ദിനുകളും അതിലേക്ക് വിളിച്ചുകൊണ്ടിരിക്കുന്നു. ജനങ്ങള്‍ അതിന് ഉത്തരം നല്‍കുന്നു. അതിനാല്‍ ഒന്നാം ബൈത്തുല്ലായുടെ അതേ ലക്ഷ്യവും അര്‍ത്ഥവും തന്നെയാണ് രണ്ടാം വിഭാഗത്തിനുമുള്ളത്. നിര്‍മാണ ചാതുരിയും അലങ്കാരവും കാലത്തിനനുസരിച്ച് എത്രമാറ്റങ്ങള്‍ സ്വീകരിച്ചാലും അവയുടെ ഉദ്ദേശ്യവും ലക്ഷ്യങ്ങളും ആദ്യത്തേതുതന്നെ നിലനിര്‍ത്തപ്പെടേണ്ടതുണ്ട്.  അപ്പോഴേ കോണ്‍ക്രീറ്റ് പള്ളികള്‍ പ്രഥമ ബൈത്തുല്ലായുടെ പാരമ്പര്യം നിലനിര്‍ത്തുന്നുള്ളൂ.
പള്ളികളുടെ ഖുര്‍ആനിക വായന
    വിശുദ്ധ ഖുര്‍ആന്‍ രണ്ടുതരം പള്ളികളെ പരിചയപ്പെടുത്തുന്നുണ്ട്. ഒന്ന് കഅബാലയത്തിന്റെ പാരമ്പര്യം നിലനിര്‍ത്തുന്ന പള്ളി. തഖ്‌വയുടെമേല്‍ അസ്തിവാരമിട്ട പള്ളിയെന്നാണ് ഖുര്‍ആന്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. നിര്‍മാണത്തിലെ ശുദ്ധിയും ലക്ഷ്യത്തിലെ ശംശുദ്ധിയുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. രണ്ടാമത്തെത് മസിജിദുള്ളിറാര്‍. ജനങ്ങള്‍ക്കിടയില്‍ കുഴപ്പം സൃഷ്ടിക്കാനും അവരെ ഭിന്നിപ്പിക്കാനും വേണ്ടി ഉണ്ടാക്കുന്ന പള്ളി. പേരിലും കാഴ്ചയിലുമെല്ലാം ഇതും മറ്റു  പള്ളികളെപ്പോലെ സുന്ദരമാണെങ്കിലും ഇതിന്റെ അന്ത്യം നരകമാണ്. സൂറതുത്തൗബയില്‍ ഇക്കാര്യം അല്ലാഹു സവിശദം പ്രതിപാദിക്കുന്നുണ്ട്. അതിന്റെ പശ്ചാത്തലം ഇങ്ങനെ ഗ്രഹിക്കാം:
    പ്രവാചകരും അനുയായികളും മദീനയിലെത്തിയ സന്ദര്‍ഭം. വിശ്വാസികള്‍ക്ക് നിസ്‌കരിക്കാനായി ഖുബാഇല്‍ ഒരു പള്ളി നിര്‍മിക്കപ്പെട്ടു. പ്രവാചകന്‍ അതില്‍വന്ന് നിസ്‌കരിച്ച് ഉല്‍ഘാടനം നിര്‍വഹിച്ചു. ഇതോടെ ഇതൊരു സാംസ്‌കാരിക കേന്ദ്രമായിമാറി. ആളുകളെല്ലാം നാനാഭാഗത്തുനിന്നും അതിലേക്ക് ഒഴുകിയെത്തി. ഈ വന്‍ ജനാവലി കണ്ട് പ്രവാചകരുടെ കഠിന ശത്രുക്കളായ ഗനം ഗോത്രത്തിന് സഹിച്ചില്ല. ഒരു പള്ളിയുണ്ടാക്കി ജനങ്ങളെയെല്ലാം അതിലേക്ക് തിരിച്ചുവിടുന്നതിനെക്കുറിച്ച് അവര്‍ ചിന്തിച്ചു. അങ്ങനെ പള്ളി നിര്‍മിക്കുകയും ഉല്‍ഘാടനത്തിനായി പ്രവാചകരുടെ അടുത്തെത്തുകയും ചെയ്തു. പ്രവാചകന്‍ ഒരു യാത്രക്കുള്ള തയാറെടുപ്പിലായിരുന്നു. വന്നിട്ടുനോക്കാമെന്നായിരുന്നു അവരുടെ പ്രതികരണം. പ്രവചകന്‍ തിരിച്ചുവന്നപ്പോള്‍ അവര്‍ വീണ്ടുമെത്തി കാര്യം പറഞ്ഞു. പ്രവാചകനെ കബളിപ്പിച്ച് തങ്ങളുടെ ഗൂഢ ലക്ഷ്യം സാക്ഷാല്‍കരിക്കുകയെന്നതാണ് അവര്‍ ഉദ്ദേശിച്ചിരുന്നത്. ജനങ്ങളെ മസ്ജിദുല്‍ ഖുബാഇല്‍നിന്ന് അകറ്റുകയും ദുരഭിമാനത്തിനുവേണ്ടി മാത്രം നിര്‍മിക്കപ്പെട്ട തങ്ങളുടെ പള്ളിയിലേക്ക് അടുപ്പിക്കുകയു ചെയ്യല്‍. താമസിയാതെ പ്രവാചകന് വഹ്‌യ് ലഭിച്ചു:
    ''ദ്രോഹബുദ്ധിയാലും സത്യനിഷേധത്താലും വിശ്വാസികള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍വേണ്ടിയും  മുമ്പുതന്നെ അല്ലാഹുവിനോടും അവന്റെ ദൂതനോടും യുദ്ധം ചെയ്തവര്‍ക്ക് താവളമുണ്ടാക്കിക്കൊടുക്കുവാന്‍ ഒരു പള്ളിയുണ്ടാക്കിയവരും (ആ കപടന്മാരുടെ കൂട്ടത്തിലുണ്ട്). ഞങ്ങള്‍ നല്ലതല്ലാതെ ഒന്നും ഉദ്ദേശിച്ചിട്ടില്ലായെന്ന് അവര്‍ ആണയിട്ട് പറയും. നിശ്ചയം അവര്‍ കള്ളംപറയുന്നവരാണെന്നതിന് അല്ലാഹു സാക്ഷിയാണ്.''
    ''നബിയേ, അങ്ങ് ഒരിക്കലും ആ പള്ളിയില്‍ നമസ്‌കാരത്തിന് നില്‍ക്കരുത്. ആദ്യദിവസംതന്നെ തഖ്‌വയുടെമേല്‍ എടുക്കപ്പെട്ട പള്ളിയാണ് അങ്ങ് നിസ്‌കരിക്കാന്‍ ഏറ്റവും ബന്ദപ്പെട്ടത്. ശുദ്ധി കൈവരിക്കാന്‍ ആഗ്രഹിക്കുന്ന ചിലയാളുകളുണ്ട് ആ പള്ളിയില്‍. ശുദ്ധി കൈവരിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു.''
    ഇതോടെ പ്രവാചകന്‍ അതില്‍നിന്ന് പിന്‍വാങ്ങുകയും അത് ചുട്ടുകരിക്കാന്‍ സ്വഹാബത്തിനോട് കല്‍പ്പിക്കുകയും ചെയ്തു. അനുചരന്മാര്‍ അത് ചുട്ടുകരിച്ചു. ചപ്പുചവറുകള്‍ നിക്ഷേപിക്കുന്ന സ്ഥലമാക്കിമാറ്റി. ഇതാണ് മസ്ജിദുള്ളിറാറിന്റെ കഥ. തഖ്‌വയുടെമേല്‍ അസ്തിവാരമിട്ട പള്ളിക്ക് സമാന്തരമായി നിര്‍മിക്കപ്പെട്ട പള്ളിയായിരുന്നു അത്. ഭക്തിയുള്ള നല്ലവരെക്കൊണ്ട് ഉല്‍ഘാടനം ചെയ്യിപ്പിച്ച് തങ്ങളുടെ വിഘടന ശ്രമം സാധിക്കുകയെന്നതായിരുന്നു പ്രധാനമായും ഇതിലൂടെ ലക്ഷീകരിക്കപ്പെട്ടിരുന്നത്. എന്നാല്‍, അത് സാധിക്കാതെ പോയി. ലോകമുസ്‌ലിംകള്‍ക്ക് ഇതിലൂടെ വലിയൊരു സന്ദേശവും ലഭിച്ചു. മുസ്‌ലിംകളുടെത് എന്ന പേരില്‍ നിസ്‌കരിക്കാന്‍ എന്ന ലേബലില്‍ ഉയര്‍ന്നുവരുന്ന ചില മസ്ജിദുകള്‍ നാശത്തിനുള്ളതാണെന്നും അവയെ സൂക്ഷിക്കണമെന്നുമുള്ള സന്ദേശം.
    മസ്ജിദുള്ളിറാറിന്റെയും തഖ്‌വയുടെമേലിലെടുക്കപ്പെട്ട മസ്ജിദുകളുടെയും ഇടയിലുള്ള അന്തരം വ്യക്തമാക്കിക്കൊണ്ട് അല്ലാഹു പറയുന്നു:
     ''അല്ലാഹുവിലുള്ള തഖ്‌വയിലും അവന്റെ തൃപ്തിയിലും തന്റെ കെട്ടിടം സ്ഥാപിച്ചവനോ, അതല്ല, പൊളിഞ്ഞുവീഴാന്‍ പോകുന്ന ഒരു മണ്‍തിട്ടയുടെ വക്കത്ത് കെട്ടിടം സ്ഥാപിക്കുകയും എന്നിട്ടത് തന്നെയുംകൊണ്ട്  നരകാഗ്നിയില്‍ പൊളിഞ്ഞുവീഴുകയും ചെയ്തവനോ കൂടുതല്‍ ഉത്തമന്‍? അക്രമികളായ ജനങ്ങളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല. അവര്‍ സ്ഥാപിച്ച അവരുടെ കെട്ടിടം അവരുടെ ഹൃദയങ്ങളില്‍ ആശങ്കയായി തുടരുന്നതാണ്. അവരുടെ ഹൃദയങ്ങള്‍ കഷ്ണം കഷ്ണമായി തീര്‍ന്നെങ്കിലല്ലാതെ. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു'' (9: 107-110).
    ഒരു സംഭവത്തിന്റെ പശ്ചാത്തലത്തിലുള്ള അവതരണമാണെങ്കിലും രണ്ടു തലങ്ങള്‍ വ്യക്തമായി നിര്‍വചിക്കപ്പെടുകയാണിവിടെ. ഒന്ന് തഖ്‌വയുടെ അസ്തിവാരത്തില്‍ ഉയര്‍ന്നുവരുന്ന ചിന്തകള്‍. രണ്ട്, കപടതയുടെയും ലോകമാന്ന്യത്തിന്റെയും പിന്‍ബലത്തില്‍ ഉയര്‍ന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍. ആദ്യത്തെത് സത്യവും രണ്ടാമത്തെത് നാശവുമാണെന്ന വസ്തുത ഇത് വ്യക്തമാക്കിത്തരുന്നു.
കേരളത്തിലെ പള്ളികളുടെ പരിസരം
    ഈ പരിസരംവെച്ച് നമുക്ക് കേരളത്തിലെ പള്ളികളെക്കുറിച്ച് അന്വേഷിക്കാം. കേരളത്തില്‍ ഇസ്‌ലാം  പ്രചരിക്കുന്നതുതന്നെ പള്ളിനിര്‍മിച്ചുകൊണ്ടാണ്. ആദ്യമായി കേരളത്തില്‍ നിര്‍മിക്കപ്പെട്ട പത്തു പള്ളികളും  അവയെതുടര്‍ന്ന് പിന്നീട് ജന്മമെടുത്ത ആയിരക്കണക്കിന് പള്ളികളും ഈ നാടിനെ ഇസ്‌ലാമിക ചിന്തക്ക് വളക്കൂറുള്ള മണ്ണാക്കിമാറ്റി. ആ പള്ളികളും അതുമായി ബന്ധപ്പെട്ടിരുന്ന വിശ്വാസികളും കാഴ്ചവെച്ച അനുഭാവപൂര്‍ണമായ സമീപനങ്ങളും ആകര്‍ഷകമായ പെരുമാറ്റങ്ങളുമാണ് ഇവിടെ ഇസ്‌ലാം പ്രചരിക്കാന്‍ മുഖ്യചാലകമായി വര്‍ത്തിച്ചത്. അര്‍ത്ഥത്തിലും ആശയത്തിലും പ്രവാചകീയ പള്ളികളുടെ തനി പകര്‍പ്പുകളായിരുന്നു ഈ പള്ളികള്‍. പൊതുജന ജീവിതത്തിന്റെ സര്‍വ്വവും അന്ന് പള്ളികളായിരുന്നു. അതിനെ കേന്ദ്രീകരിച്ചാണ് അവരുടെ എല്ലാ കാര്യങ്ങളും നടന്നിരുന്നത്. മുസ്‌ലിംജീവിതത്തിന്റെ സമ്മേളന നഗരിയായിരുന്നു അത്. അവരെ സംബന്ധിച്ചിടത്തോളം അതൊരു രണ്ടാം വീടായി പരിഗണിക്കപ്പെട്ടു. വിദ്യാഭ്യാസവും മതചടങ്ങുകളും നിക്കാഹ് പോലോത്ത ജീവിതത്തിലെ മറ്റു ചടങ്ങുകളും എല്ലാം പള്ളികളെ കേന്ദ്രീകരിച്ച് നടത്തപ്പെട്ടു. ആഗോളതലത്തില്‍ മുസ്‌ലിം ജീവിതത്തിന്റെ അച്ചുതണ്ട് വിശുദ്ധ കഅ്ബയായപോലെ ഓരോ ഗ്രാമത്തിലും മുസ്‌ലിംജീവിതത്തിന്റെ അച്ചുതണ്ട് അവിടത്തെ പള്ളികളായി മാറി. പള്ളി കഴിച്ചിട്ടേ അവരെ സംബന്ധിച്ചിടത്തോളം ബാക്കി എല്ലാം ഉണ്ടായിരുന്നുള്ളൂ. അതിനുവേണ്ടി എല്ലാം ചെലവഴിച്ചു. ഭൂമി വഖഫ് ചെയ്തു. നേര്‍ച്ചകള്‍ നേര്‍ന്നു. അത് ഐക്യത്തിന്റെയും ഒരുമയുടെയും പ്രതീകങ്ങളായി മാറി. വല്ല പ്രശ്‌നങ്ങളും ഉണ്ടായാല്‍ അതിന് പള്ളിയില്‍വന്ന് ഉസ്താദുമായി സംസാരിച്ച് പ്രതിവിധി കണ്ടു. പലപ്പോഴും പള്ളിക്കുമുമ്പില്‍വന്ന് സത്യം ചെയ്തു. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും മുസ്‌ലിം ജീവിതം പള്ളിയുമായി ഇഴുകിച്ചേര്‍ന്നു. ഒരുമയും സൗഹാര്‍ദ്ദവും രഞ്ജിപ്പും പൂത്തുകളിയാടി. ഇതുകണ്ട് ഇവിടത്തെ ഹൈന്ദവ സുഹൃത്തുക്കള്‍പോലും അല്‍ഭുതപ്പെട്ടു. അവരും പള്ളിയെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തു. പള്ളിയുമായി ബന്ധപ്പെട്ടുള്ള മുസ്‌ലിംജീവിതത്തിന്റെ സൗകുമാര്യത കണ്ട് പലരുടെയും മനസ്സ് മാറുകവരെ ചെയ്തു. ഇവിടത്തെ പല പള്ളികളും നിര്‍മിക്കാന്‍ അവര്‍ സ്ഥലം നല്‍കിയതും പല ക്ഷേത്രങ്ങളും പള്ളികളാക്കി മാറ്റാന്‍ അനുവദിച്ചതും അതുകൊണ്ടായിരുന്നു.
    ഇതായിരുന്നു കാലങ്ങളോളം കേരളമുസ്‌ലിംകളുടെ മുമ്പിലെ പള്ളി. എന്നാല്‍, കാലാന്തരത്തില്‍ ഈയൊരു സമീപനത്തില്‍ പലവിധ മാറ്റങ്ങളും വന്നു. വിശിഷ്യാ, വിഘടന ചിന്തകളുമായി മുസ്‌ലിംകള്‍ക്കിടയില്‍ ഉല്‍പത്തിഷ്ണുക്കള്‍ വന്നതോടെ കേരളത്തിലെ പള്ളികളുടെ ഏകീകൃത ഭാവം തകര്‍ക്കപ്പെട്ടു. 1921 ഓടുകൂടി പരമ്പരാഗത ചിന്ത പ്രചരിപ്പിക്കുന്ന പള്ളികള്‍ക്കുമുമ്പില്‍ പരിഷ്‌കരണ ചിന്ത പ്രചരിപ്പിക്കുന്ന പുതിയ പള്ളികള്‍ തലപൊക്കി. ഒരിടത്ത് അറബിയിലും മറ്റൊരിടത്ത് മലയാളത്തിലും ഖുതുബ നിര്‍വഹിക്കുന്ന അവസ്ഥ വന്നു. സ്ത്രീകള്‍ ജുമുഅ-ജമാഅത്തിന് പോകുന്ന പള്ളികളും പോകാത്ത പള്ളികളുമുണ്ടായി. പലയിടങ്ങളിലും ഇതുമായി ബന്ധപ്പെട്ട് പലവിധ പ്രശ്‌നങ്ങളും തലപൊക്കിയതോടെ പള്ളികളുമായി കേന്ദ്രീകരിച്ച് മുസ്‌ലിംകള്‍ക്കിടയിലുണ്ടായിരുന്ന ഒരുമ നഷ്ടപ്പെട്ടു. മുജാഹിദിന്റെയും ജമാഅത്തിന്റെയും പള്ളികള്‍ വന്നു. തബ്‌ലീഗുകാരും മറ്റു അവാന്തര വിഭാഗങ്ങളും അതേ പാതതന്നെ സ്വീകരിച്ചു. പക്ഷെ, ഇത് ആദര്‍ശത്തിലെ വ്യതിയാനമായിരുന്നതിനാല്‍ പൊതുജനം ഇതില്‍ ബദ്ധശ്രദ്ധരായിരുന്നു. ബിദഇകളുടെ പള്ളികളെ അങ്ങനെത്തന്നെ കാണുകയും അതില്‍നിന്നും അകന്നുനില്‍ക്കുകയും ചെയ്തു. അതിനാല്‍ സുന്നത്ത് ജമാഅത്തിന്റെ അണികളില്‍ വിള്ളല്‍ സൃഷ്ടിക്കാനോ അവര്‍ക്കിടയിലെ ഐക്യം തകര്‍ക്കാനോ ഇസ്‌ലാമിക സ്റ്റേറ്റ് പോലെ ഇസ്‌ലാമിക അന്തരീക്ഷം നിറഞ്ഞുനിന്ന മഹല്ലത്തുകളെ ഇല്ലായ്മ ചെയ്യാനോ അവക്കായില്ല. എന്നാല്‍ 1989 ഓടുകൂടി കേരളമുസ്‌ലിംകളുടെ ശാന്തമായ ജീവിതാന്തരീക്ഷത്തിന് വലിയൊരു ആഘാതമേല്‍ക്കുകയായിരുന്നു. കാലങ്ങളായി മുസ്‌ലിംകള്‍ പള്ളികളും മദ്‌റസകളും കേന്ദ്രീകൃതമായി കാത്തുസൂക്ഷിച്ചിരുന്ന ഐക്യവും ഒരുമയും അതോടെ ചോദ്യം ചെയ്യപ്പെട്ടു. പള്ളികളുടെ അര്‍ത്ഥവും ലക്ഷ്യവും കാറ്റില്‍ പറത്തപ്പെട്ടു. മദ്‌റസകളും അനൈക്യത്തിന് കൊടിപിടിച്ചു. അങ്ങനെ മദ്‌റസകളുടെയും പള്ളികളുടെയും പേരില്‍ മൂല്യം ചോര്‍ന്നുപോയ ഒരുപാട് കോണ്‍ക്രീറ്റ് കാടുകള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ഉയര്‍ന്നുവരാന്‍ തുടങ്ങി.

2 comments:

  1. Replies
    1. please these two articles...

      പള്ളികള്‍ പണിയാന്‍ മഹല്ലുകള്‍ പൊളിക്കരുതായിരുന്നു (രണ്ട്)
      പള്ളി പണിയാന്‍ മഹല്ലുകള്‍ പൊളിക്കരുതായിരുന്നു (മൂന്ന്)

      Delete