ചില ചരിത്രങ്ങൾ വിസ്മൃതിയുടെ കയങ്ങളിൽ ആണ്ട് ആരാലും ശ്രദ്ധിക്കപ്പെടാതെ ക്ലാവ് പിടിച്ച് കാലങ്ങളോളം അവശേഷിക്കും. പിന്നീടെപ്പോഴോ ഉമിത്തീയിൽ കാറ്റ് വീശിയിട്ടെന്ന പോലെ ജ്വലിച്ച് തീക്കനലിന്റെ തിളക്കം അനാവൃതമാവുമ്പോഴാണ് പല ചരിത്ര പുരുഷന്മാരും ജനശ്രദ്ധയാകർഷിക്കുന്നത്.
ആ ഗണത്തിൽ എടുത്തുപറയാൻ എന്തു കൊണ്ടും യോഗ്യനായ വ്യക്തിത്വത്തിന് ഉടമയാണ് പാലക്കാം തൊടിക അബുബക്കർ മുസ്‌ല്യാർ.
ഡോക്റ്റർ മോയിൻ മലയമ്മ ക്രോഡീകരണം നിർവ്വഹിച്ച "മലബാർ സമരം, കോഴിക്കോട് താലൂക്കിലെ ചെറുത്തു നിൽപും പാലക്കാം തൊടിക അബൂബക്കർ മുസ്ലിയാരും “ എന്ന ചരിത്രാഖ്യായിക ഗ്രന്ഥം പ്രസക്തമാകുന്നത് മണ്ണോട് ചേർന്ന് കഴിഞ്ഞ ഒരു മഹാരഥന്റെ ജീവിത മുദ്രകൾക്ക് നിറം നൽകുകയും വായനക്കാരനെ ഉദ്വേഗജനകമായ ഭൂതകാലത്തിലേക്ക് തിരിച്ചു നടക്കാൻ പ്രചോദിപ്പിക്കുകയും ചെയ്യുന്നത് കൊണ്ടാണ്.
വാസ്തവത്തിൽ മലബാർ സമരത്തിന്റെ മുഖ്യ ശിൽപ്പികളായ വാരിയൻ കുന്നത് അഹമ്മദ് ഹാജി, ആലി മുസ്‌ലിയാർ തുടങ്ങിയ അതികായന്മാരുടെ പേരിനോടൊപ്പം ചേർത്ത് പറയാൻ മാത്രം തലയെടുപ്പുള്ള വ്യക്തിത്വമാണ് പാലക്കാം തൊടിക അബുബക്കർ മുസ്‌ലിയാരുടേതും. (മതപരമായ ഇവ്വിഷയകമായുള്ള ശെരിതെറ്റുകൾ ഇവിടെ പരാമർശിക്കാൻ ഉദ്ദേശിക്കുന്നില്ല )
പക്ഷെ ബ്രിട്ടീഷുകാരന്റെ സ്വസ്ഥമായ ഉറക്കത്തിനു വിഘ്‌നം സൃഷ്ട്ടിച്ച ആത്മാഭിമാനികളായ സ്വാതന്ത്ര്യ പ്രേമികളുടെ ചരിത്രം കുഴിച്ചുമൂടപ്പെടുന്നത് ഇതാദ്യമല്ല. ചരിത്രത്തിന്റെ സ്വച്ഛമായ ഒഴുക്കിനെ തിരിച്ചു വിടുകയും ചരിത്ര സത്യങ്ങളെ വളച്ചൊടിക്കുകയും ചെയ്‌താൽ മാത്രമേ പലരുടെയും സ്ഥാപിത താൽപര്യങ്ങൾക്കു നിലനിൽപ്പുണ്ടാവുകയുള്ളു.
അതിനാൽ തന്നെ പാലക്കാം തൊടിക അബുബക്കർ മുസ്‌ലിയാരുടെ ധീരോദാത്തമായ ജീവിതം ഇത്രയും നാൾ വിസ്മൃതിയിലാണ്ടു പോയതിൽ അത്ഭുതമേതുമില്ല.
നില നിന്നിരുന്ന സാമൂഹ്യ തിന്മകൾക്കെതിരെ പൊരുതുകയും പൊതുജനങ്ങളെ ബോധവൽക്കരിക്കുകയും ജന്മനാടിനു വേണ്ടിയുള്ള സ്വാതന്ത്ര്യത്തിന്റെ വഴിയിൽ ജീവത്യാഗം ചെയ്യുകയും ചെയ്ത ഒരു മഹാത്യാഗിയെ അദ്ദേഹത്തിന്റെ പിൻമുറക്കാർ പോലും മറന്ന് പോയി എന്നത് അദ്ദേഹത്തോട് കാണിച്ച ക്രൂരതയും അക്ഷന്തവ്യമായ അപരാധവുമാണ്.
മലബാർ സമരങ്ങൾ എന്നും മത ജാതീയ സംഘട്ടനങ്ങളായി മാത്രം വിലയിരുത്തപ്പെടും ഒരു വലിയ ജനവിഭാഗത്തിന്റെ അടങ്ങാത്ത സ്വാതന്ത്ര്യ വാജ്ഞയുടെ അടയാളമായി രേഖപ്പെടുത്തുന്നതിന് പകരം മതകീയ നിറം നൽകി പരിമിതമായ വൃത്തത്തിലേക്കു ചുരുട്ടിക്കെട്ടി ചരിത്രത്തെ അപമതിക്കുകയും അപനിർമ്മാണം നടത്തുകയും ചെയ്യുന്ന ആനുകാലിക പരിപ്രേക്ഷ്യത്തിൽ ഡോക്റ്റർ മോയിൻ മലയമ്മയുടെ ഉദ്യമം ഒരപവാദമാണെന്നു പറയാതെ വയ്യ.
ചരിത്രത്തിൽ ഇടം കിട്ടാനുള്ള അർഹതയുണ്ടായിട്ടും അടയാളപ്പെടുത്തപ്പെടാതെ പോയ ഒരു നാടും ആ നാടിന്റെ സിംഹ ഗർജ്ജനമായ സമരനായകനെയും ലോകത്തിനു പരിചയപ്പെടുത്തുന്നതിൽ ഗ്രന്ഥകാരൻ ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല.
സഹിഷ്ണുതയും സാഹോദര്യവും കാത്തു സൂക്ഷിക്കുകയും തന്റെ പ്രദേശത്തെയും സമീപ പ്രദേശത്തേയും മുഴുവൻ ജനങ്ങളുടെയും സ്‌നേഹാദരവുകൾ പിടിച്ചു പറ്റാൻ അബുബക്കർ മുസ്‌ലിയാർക്ക് കഴിഞ്ഞുവെന്നത് നിസ്സാര കാര്യമല്ല. ചുരുക്കത്തിൽ മലബാർ സമരത്തിനെതിരിൽ മൊത്തത്തിലും അബുബക്കർ മുസ്‌ലിയാർക്കെതിരിൽ പ്രത്യേകിച്ചും ശത്രുക്കൾ ഉന്നയിക്കുന്ന ആരോപണങ്ങളുടെ മുനയൊടിക്കാൻ മോയിൻ മലയമ്മക്ക് സാധിച്ചിട്ടുണ്ട് എന്നത് പ്രത്യേകം സ്മര്യമാണ്.
മനുഷ്യ നിർമ്മിതികൾക്കു പൂർണ്ണത അവകാശപ്പെടാൻ കഴിയില്ലല്ലോ.
പാലക്കാം തൊടിക അബുബക്കർ മുസ്‍ലിയാരുടെ ധന്യമായ ജീവിതത്തിനു മഷി പുരട്ടിയ ഗ്രന്ഥകാരൻ, മുസ്‍ലിയാരുടെ പോരാട്ടവീര്യത്തിന്റെ രണഭുമിയും ഭൂമികയുമായ താഴെപ്പോയിൽ തറവാടിനെക്കുറിച്ചും ഇന്നും നില നിൽക്കുന്ന അതിന്റെ ശേഷിപ്പുകളെക്കുറിച്ചും സ്പർശിച്ചില്ല എന്നത് ഒരു ന്യുനത തന്നെയാണ്. മാത്രമല്ല, അബുബക്കർ മുസ്‍ലിയാരുടെ കുടുംബ താവഴികളിലേക്കും ഇന്ന് ജീവിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ അനന്തര ഗാമികളിലേക്കും ഗ്രന്ഥകാരന്റെ ഗവേഷണം ചെന്നെത്തിയില്ല എന്നത് പോരായ്മയായിപ്പോയി എന്ന് പറയാതെ വയ്യ.
ബശീര്‍ പുത്തൂര്