Sunday, March 13, 2011

ഉത്തരമലബാറില്‍ അറബിക് കോളേജുകളുടെ ശില്‍പി


അറബിക് കോളേജുകള്‍ എന്നത് കേരളമുസ്‌ലിം വിദ്യാഭ്യാസ ചിന്തയിലെ പുരോഗതിയുടെ ഒരു ബിംബവും പ്രതീകവുമാണ്. ഓരോ ദേശത്തിനും ചുറ്റുപാടുകള്‍ക്കുമനുസരിച്ചാണ് അവിടത്തെ വിദ്യാഭ്യാസ നിലവാരവും കാര്യക്ഷമതയും വിലയിരുത്തപ്പെടുന്നത്. നാല്‍പതുകള്‍ മുതല്‍തന്നെ കേരളത്തില്‍ വ്യവസ്ഥാപിതമായ അറബിക് കോളേജുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. അവിടന്നിങ്ങോട്ടു  തുടര്‍ച്ചയായി ആ പ്രവാഹം തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.

എന്നാല്‍, 1971 കാലത്തു തന്നെ ഉത്തര മലബാറില്‍ വ്യവസ്ഥാപിതമായ നിലക്ക് സംവിധാനിക്കപ്പെട്ട ഒരു സ്ഥാപനം തുടങ്ങാന്‍ ധൈഷണിക വ്യായാമം നടത്തിയെന്നിടത്താണ് സി.എം ഉസ്താദ് ശ്രദ്ധേയനാകുന്നത്. സുന്നി പക്ഷത്തെ ചരിത്രവുമായി ഇണക്കിനോക്കുമ്പോള്‍ വലിയൊരു സംഭവമാണിത്. 1964 ല്‍ വന്ന പട്ടിക്കാട് ജാമിഅ നൂരിയ്യക്കും 1969 ല്‍ വന്ന പൊട്ടച്ചിറ അന്‍വരിയ്യ അറബിക് കോളേജിനും ശേഷം ശ്രദ്ധേയമായ ഒരു ഉയിര്‍ത്തെഴുന്നേല്‍പായിരുന്നു സഅദിയ്യ.

കാലവും സ്ഥലവും ദേശവുമാണ് സഅദിയ്യ എന്നൊരു സ്ഥാപനത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നത്. ഉറങ്ങിക്കിടന്നിരുന്ന ഉത്തര മലബാറില്‍ കേരളത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കുമാര്‍ ഒരു സ്ഥാപനം ഉയര്‍ന്നുവരികയായിരുന്നു. അന്ന് കാസര്‍കോട് ജില്ല നിലവിലുണ്ടായിരുന്നില്ല. അവിഭക്ത കണ്ണൂരിന്റെ ഭാഗമായിരുന്നു ഇതെല്ലാം. അതുകൊണ്ടുതന്നെ, ഈ ദേശങ്ങളെയെല്ലാം മുന്‍നിറുത്തിയാണ് സഅദിയ്യ ഉയര്‍ന്നുവരുന്നത്. 

ഓരോ നാടിന്റെയും ഇസ്‌ലാമിക സജീവതയെയാണ് അവിടത്തെ സ്ഥാപനങ്ങളും മത ചിഹ്നങ്ങളും അറിയിക്കുന്നത്. ഉത്തര മലബാറിനെ സംബന്ധിച്ചിടത്തോളം സഅദിയ്യ ഒരു തിരച്ചറിവിന്റെ ചിഹ്നമായിരുന്നു; സി.എം അതിന്റെ ധ്വജവാഹകനും. 

പിന്നീട് വളരെ വൈകിയാണ് നമുക്കിടയില്‍ സ്ഥാപനങ്ങള്‍ ഉയര്‍ന്നുവരുന്നത്. തൊണ്ണൂറുകള്‍ക്കു ശേഷം ഈ മേഖലയില്‍ വലിയൊരു പ്രവാഹം തന്നെ കാണാവുന്നതാണ്. അന്‍വാറുല്‍ ഇസ്‌ലാം അറബിക് കോളേജ്, തിരൂര്‍ക്കാട് (1992), ദാറുല്‍ ഇഹ്‌സാന്‍ വിമണ്‍ കോളേജ്, ചുങ്കത്തറ (1994), ദാറുസ്സലാമത്ത് ഇസ്‌ലാമിക് കോംപ്ലക്‌സ്, എരമംഗലം (1997), സബീലുല്‍ ഹിദായ ഇസ്‌ലാമിക് കോളേജ്, പറപ്പൂര്‍ (1997), ഹൈദ്രോസ് മുസ്‌ലിയാര്‍ ഇസ്‌ലാമിക് ആന്റ് ആര്‍ട്‌സ് കോളേജ്, പൂക്കിപ്പറമ്പ് (2000), എ.എം.എസ്. ഇസ്‌ലാമിക് സെന്റര്‍, വാണിയമ്പലം (2001), ആക്കോട് ഇസ്‌ലാമിക് സെന്റര്‍ (2002), ദാറുല്‍ ഉലൂം ഇസ്‌ലാമിക് ആന്റ് ആര്‍ട്‌സ് കോളേജ്, തൂത (2004), ശംസുല്‍ ഉലമാ മെമ്മോറിയല്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് മുണ്ടക്കുളം (2007) തുടങ്ങി അനവധി സ്ഥാപനങ്ങള്‍ പിന്നീട് കടന്നുവരികയുണ്ടായി.

ഉത്തര മലബാറിലെ സഅദിയ്യ എന്ന സ്ഥാപനത്തിന്റെ പശ്ചാത്തല പ്രസക്തിയും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച സി.എം ഉസ്താദിന്റെ ചിന്തയുടെ ആഴവും മനസ്സിലാക്കാന്‍ അന്ന് ഇതര വിഭാഗങ്ങള്‍ക്കിടയില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമുണ്ടായിരുന്ന സ്ഥാപനങ്ങളെകുറിച്ചു മനസ്സിലാക്കല്‍ നല്ലതാണ്. കേരളത്തിലെ അറബിക് കോളേജുകളുടെ പോക്കുകളും വരവുകളും എല്ലാം അതില്‍നിന്നും വായിച്ചെടുക്കാന്‍ സാധിക്കും. ഓരോ ഏരിയ തിരിച്ച് ഇതിനെ വിലയിരുത്തുമ്പോള്‍ ഇത് കൂടുതല്‍ ഫലപ്രതവുമായിരിക്കുന്നതാണ്.

ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളേജ്, താനൂര്‍ (1924),  ആലിയ അറബിക് കോളേജ്, ചെമനാട് (1941), റൗളത്തുല്‍ ഉലൂം കോളേജ്, ഫറൂക്ക് (1942), സുല്ലമുസ്സലാം കോളേജ്, അരീക്കോട് (1944), മദീനത്തുല്‍ ഉലൂം കോളേജ്, പുളിക്കല്‍ (1947), ഖുവ്വത്തുല്‍ ഇസ്‌ലാം അറബിക് കോളേജ്, തളിപ്പറമ്പ് (1950), ഇസ്‌ലാമിയ്യ കോളേജ്, ശാന്തപുരം (1955), ഇസ്‌ലാമിയ്യ കോളേജ്, കുറ്റിയാടി (1956), മഊനത്തുല്‍ ഉസ്‌ലാം അറബിക് കോളേജ്, പൊന്നാനി (1958), അന്‍വാറുല്‍ ഇസ്‌ലാം കോളേജ്, കുനിയില്‍ (1960), ഹിദായത്തുല്‍ ഇസ്‌ലാം, പൂണത്തുറ (1960), ഇഹ്‌യാഉസ്സുന്ന അറബിക് കോളേജ്, ഒതുക്കുങ്ങല്‍ (1961), ജാമിഅ നൂരിയ്യ അറബിക് കോളേജ്, പട്ടിക്കാട് (1964), ജാമിഅ നദ്‌വിയ്യ, എടവണ്ണ (1964), ജാമിഅ വഹബിയ്യ, വണ്ടൂര്‍ (1966), ജന്നത്തുല്‍ ഉലൂം അറബിക് കോളേജ്, പാലക്കാട് (1967), ഇസ്‌ലാമിയ്യ കോലേജ്, ചെന്ദമംഗലൂര്‍ (1967), അന്‍വരിയ്യ അറബിക് കോളേജ്, പൊട്ടച്ചിറ (1969), ജാമിഅ ബദ്‌രിയ്യ കോളേജ്, പഴക്കപ്പള്ളി (1970), ജാമിഅ സഅദിയ്യ, കളനാട് (1971),  റഹ്മാനിയ്യ അറബിക് കോളേജ്, കടമേരി (1972), അന്‍വറുല്‍ ഇസ്‌ലാം അറബിക് കോളേജ്, തിരൂര്‍ക്കാട് (1973), ജാമിഅ കൗസരിയ്യ, എടത്തല (1975), ദാറുല്‍ മആരിഫ്, വലിയോറ (1976), റശീദിയ്യ അറബിക് കോളേജ്, എടവണ്ണപ്പാറ (1976), ദാറുസ്സലാം, നന്ദി (1976), ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്റര്‍, കരുവാരക്കുണ്ട് (1977), മര്‍ക്കസുസ്സക്കാഫത്തി സുന്നിയ്യ, കാരന്തൂര്‍ (1978), ജാമിഅ ഹസനിയ്യ, വാഴക്കുളം (1979), ദാറുല്‍ ഹുദാ, ചെമ്മാട് (1986)

സഅദിയക്കു ശേഷം സി.എം. ഉസ്താദിന്റെ തണലില്‍ വളര്‍ന്ന മറ്റൊരു സ്ഥാപനമായിരുന്നു നീലേശ്വരം മര്‍ക്കസ്. മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സും ദാറുല്‍ ഇര്‍ശാദ് അക്കാദമിയും   അര്‍ശദുല്‍ ഉലൂം മുഥവ്വല്‍ കോളേജുമാണ് മറ്റു ചില സ്ഥാപനങ്ങള്‍. കണ്ണിയത്ത് ഉസ്താദ് ഇസ്‌ലാമിക് അക്കാദമിയാണ് അവസാനം കാലം സ്ഥാപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയും പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്ത സ്ഥാപനം. 

മത ബോധത്തിന്റെയും നവ ജാഗരണത്തിന്റെയും അടിസ്ഥാന കേന്ദ്രങ്ങളായാണ് ഉസ്താദ് സ്ഥാപനങ്ങളെ കണ്ടിരുന്നത്. ഏതൊരു നാട്ടിലും പഠിക്കാനുള്ള സൗകര്യങ്ങളും അവസരങ്ങളും ഉയര്‍ന്നുവന്നാല്‍ കുട്ടികള്‍ സ്വാഭാവികമായും അതിലേക്കു ആകര്‍ഷിക്കപ്പെടുമെന്നും അവര്‍ അത് ഉപയോഗപ്പെടുത്തുമെന്നും  ഉസ്താദിന് അനുഭവമായിരുന്നു. പണത്തിന്റെയും സമൃദ്ധിയുടെയും പിടിത്തത്തില്‍ അമര്‍ന്നിരുന്ന കുടുംബങ്ങളില്‍നിന്നുപോലും മത പഠന കേന്ദ്രങ്ങളിലേക്ക് ഒരു കുട്ടിയെയെങ്കിലും കൊണ്ടുവരാന്‍ കഴിഞ്ഞുവെന്നത് കാസര്‍കോടിന്റെ പശ്ചാത്തലത്തില്‍ ഉസ്താദിനെ സംബന്ധിച്ചിടത്തോളം വലിയൊരു നേട്ടം തെന്നെയാണ്. 

കാസര്‍കോടിന്റെ മുക്കിലും മൂലയിലുമെല്ലാം ഈ സ്ഥാപനങ്ങള്‍ ജ്ഞാനവെളിച്ചവുമായി നിലകൊള്ളുന്നു. ആ ജീവിതത്തിന്റെ നന്മകളും സങ്കീര്‍ത്തനും ഉരുവിട്ട് അവ ഒരു നിത്യസമാധാനമായി നിലകൊള്ളുന്നു.


No comments:

Post a Comment