Saturday, February 25, 2012

കാലിഗ്രഫിയിലെ പുതുസ്വരങ്ങൾ



 കാലിഗ്രഫി അണയാത്ത ഒരു പ്രവാഹമായിരുന്നു. തിരുനബിയുടെ സമക്ഷം നാന്ദി കുറിച്ച്‌ ഇന്നും മാർഗവൈവിധ്യങ്ങളുടെ ചുരുളുകൾ തേടി പുതിയ മേടുകൾ പ്രാപിച്ചുകൊണ്ടിരിക്കുകയാണത്‌. മധ്യകാല രൂപങ്ങളോട്‌ താദാത്മ്യം നിലനിറുത്തുന്നവ സൃഷ്ടിക്കപ്പെടുന്നില്ലെങ്കിലും ഇന്ന്‌ അവയുടെ തന്നെ പുനഃപ്രകാശനമോ അനുകരണമോ ആണ്‌ നടക്കുന്നത്‌. എങ്കിലും കാലിഗ്രഫി എന്ന പവിത്ര രൂപം മുസ്ലിം ലോകത്തിനു മുമ്പിൽ എന്നും മഹത്തരമായിത്തന്നെ ശേഷിക്കുന്നു. വിരളമെങ്കിലും പ്രസിദ്ധീകരണങ്ങളിലോ ഖുർആൻ പ്രതികളിലോ ആണ്‌ ഇന്ന്‌ നാം ഇവ കണ്ടെത്തുന്നത്‌.
താർത്താരികളുടെ പടയോട്ടം കാലിഗ്രാഫിയുടെ ചരിത്രത്തിൽ ഒരു വഴിത്തിരിവായിരുന്നു. ജ്ഞാനസമൃദ്ധിയുടെ പറുദീസയായിരുന്ന ബഗ്ദാദിന്റെ പതനശേഷം കാലിഗ്രഫിക്ക്‌ ഇറാനിലേക്ക്‌ കുടിയേറേണ്ടിവന്നു. ലോകത്തിന്റെ നാനാഭാഗങ്ങളിലും രൂഢമൂലമായ ഇത്‌ ഇന്നുമിവിടെ അതിന്റെ തന്മയത്വത്തോടും സൗകുമാര്യതയോടും നിലനിൽക്കുന്നു.
ഇന്ത്യാ ഉപഭൂഖണ്ഡം അങ്ങനെയാണ്‌ കാലിഗ്രഫിയെ പരിചയപ്പെടുന്നത്‌. ഗസ്നവികളിലൂടെയും മുലൂകുകളിലൂടെയും കടന്നുവന്ന ഇത്‌ മുഗൾഭരണത്തിനു കീഴിൽ കത്തിപ്പടരുകയായിരുന്നു. ഇന്ത്യൻ ചരിത്രത്തെ സംബന്ധിച്ചിടത്തോളം കാലിഗ്രഫിയുടെ സുവർണ കാലമായിരുന്നു ഇത്‌. മുഗൾ സാമ്രാജ്യത്തിന്റെ സ്ഥാപകനായ സഹീറുദ്ദീൻ ബാബർ ഇക്കാലത്തെ ഏറ്റവും പ്രശസ്തനായ ഇന്ത്യൻ കാലിഗ്രഫറാണ്‌. ഒരുപാട്‌ ഖുർആന്റിക്കോവും ഖുർആൻ കാലിഗ്രഫിയിൽ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു. അക്ഷരാലങ്കാര രംഗത്തെ ഔറംഗസീബിന്റെ സംഭാവനകളും സ്മരണീയം തന്നെ. എന്നാൽ, ഇന്ത്യൻ പശ്ചാത്തലത്തിൽ നിന്നുകൊണ്ട്‌ അറേബ്യൻ ഖഥ്ഥുന്നസ്ഖിനെ പരിപോഷിപ്പിക്കുകയായിരുന്നു മുഹമ്മദ്‌ യഹ്‌യ ലഖ്നവി എന്ന സമകാലികൻ.(1)
സുപ്രസിദ്ധ കാലിഗ്രഫർ യൂസുഫുദ്ദഹ്ലവിയുടെ സഹോദരി ഫാഥിമതുൽ കുബ്‌റയാണ്‌ ഇന്ത്യാ ഉപഭൂഖണ്ഡം കണ്ട പ്രഥമ വനിതാ കാലിഗ്രഫർ 1967 കറാച്ചിയിൽ അന്തരിച്ച അവർ ഈ രംഗത്ത്‌ അർപ്പിച്ച സംഭാവനകൾ അതുല്യമാണ്‌. ഖുർആനിലെ അക്ഷര-പശ്ചാത്തലങ്ങളെ കേന്ദ്രീകരിച്ച അവരുടെ ഉപരിപ്ലവ സൗന്ദര്യവൽക്കരണം ഇന്നും ഭവ്യതയോടെയാണ്‌ ലോകത്തിന്റെ പല ഭാഗത്തും പരിഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്‌.(2)
ഇതൊരു ഭാരതീയ ഉപമ മാത്രം. കാലിഗ്രഫി രംഗത്ത്‌ പാദമുദ്ര പതിപ്പിച്ച അസംഖ്യം മഹിളാരത്നങ്ങളുണ്ട്‌. ഒരിക്കലും അവഗണിക്കാനാകത്ത വിധം ഉത്തമവും ഉദാത്തവുമായ പാതയായിരുന്നു അവർ പിൻപറ്റിയിരുന്നത്‌. അതിനാൽ ഇസ്ലാമിക കലാചരിത്രത്തിൽ ആ നാമങ്ങൾ എന്നും വിസ്തൃതമാവാതെ ആവർത്തിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഗസ്സാൻ ഇബ്‌റാഹീം ശാകിറി കലക്ഷനാണ്‌ ഇവരെക്കുറിച്ച്‌ കൂടുതൽ വിവരങ്ങൾ നൽകുന്നത്‌. 18-​‍ാം നൂറ്റാണ്ടിൽ ജീവിച്ച തുർക്കി പണ്ഡിതനായ സുലൈമാൻ സഅ​‍്ദുദ്ദീൻ അഫൻദിയുടെ തുഹ്ഫയെ ഖത്താതീൻ എന്ന ഗ്രന്ഥവും ഇവരെ പരാമർശിക്കുന്നുണ്ട്‌.
1925 കാലങ്ങളിൽ കിർമാൻ ഭരണാധികാരിയായ ഇറാനിയൻ വനിത ബാദ്ഷാ ഖാതൂൻ ആണ്‌ അവരിൽ പ്രധാനി. പല ഖുർആൻ പ്രതികളിലും അലങ്കാര വേലകൾ നടത്തിയ അവർ വിശിഷ്യാ യാഖൂത്ത്‌ ലിപിയെ കേന്ദ്രീകരിച്ചായിരുന്നു പരിഷ്കാരങ്ങൾ സ്വീകരിച്ചിരുന്നത്‌.
നസ്ഖ്‌ ലിപിയിൽ നൈപുണ്യം നേടിയ അബ്ദുർറജായെന്ന ഇറാനിയുടെ മകൾ ഖദീജയാണ്‌ മറ്റൊരാൾ. അക്ഷരാലങ്കാരങ്ങൾക്കു പുറമെ ഗണിത ശാസ്ത്രത്തിലും അവർ മികവ്‌ തെളിയിച്ചിരുന്നു.
എഴുത്തുകാരനായൊരു പിതാവിന്റെ സ്നേഹഭാജനമായ ഫാഥി ബിൻതു അഹ്മദാണ്‌ മൂന്നാം
വനിത. ബഗ്ദാദുകാരിയായ അവർ 13-​‍ാം നൂറ്റാണ്ടിലെ അതിപ്രശസ്തയായ കാലിഗ്രഫർ കൂടിയായിരുന്നു.
തുർക്കിക്കാരിയായ ഫാഥിമ ആനിയുടെ സംഭാവനകളും വിസ്മരിക്കാവതല്ല.
17-​‍ാം നൂറ്റാണ്ടിന്റെ അവസാന പാതിയിൽ ഇസ്തംബൂളിൽ ജനിച്ചുവളർന്ന അവർ 1710 ലാണ്‌ ചരമഗതി പ്രാപിക്കുന്നത്‌. അതിനു മുമ്പ്‌ നസ്ഖ്‌ ലിപിയെ ആധാരമാക്കിയായിരുന്നു അവരുടെ അലങ്കാരങ്ങൾ. സമകാലികരിൽ ഉത്തമയായിരുന്നതുകൊണ്ട്‌ സ്ത്രീകളുടെ അധ്യാപികയെന്ന ഒരു അപരനാമം അവർക്ക്‌ ലഭിച്ചിരുന്നു.
19-​‍ാം നൂറ്റാണ്ടിന്റെ അവസാനവും 20-​‍ാം നൂറ്റാണ്ടിന്റെ ആദ്യകഅലങ്ങളിലും ജീവിച്ച അസ്മ ഉബ്‌റത്‌ ഹനീം എന്നിവരാണ്‌ ഇസ്ലാമിക കാലിഗ്രഫിയിൽ വ്യക്തിമുദ്ര പതിപ്പിച്ച മറ്റൊരു വനിത. തന്റെ ഭർത്താവും സുപ്രസിദ്ധ കാലിഗ്രഫറുമായിരുന്ന അസ്ലാലൈദ്ദീനിൽ നിന്ന്‌ സ്വായത്തമാക്കിയതായിരുന്നു അവരീ കഴിവ്‌.(3)
ഇങ്ങനെ ചരിത്രത്തിലുടനീളം നിഴലിച്ചുനിൽക്കുന്ന ദൃഷ്ടാന്തങ്ങളിന്ന്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തല ഉയർത്തി നിൽക്കുന്ന വിശ്വവിഖ്യാത ലൈബ്രറികളിലും മ്യൂസിയങ്ങളിലുമാണ്‌ സ്ഥിതി ചെയ്യുന്നത്‌. അനുഗൃഹീത പൈതൃകത്തിന്റെ കേവലം ചില ശേഷിപ്പുകൾ മാത്രമായി ഇവ അന്യാധീനപ്പെട്ടുകഴിഞ്ഞിരിക്കുകയാണ്‌. ഹൈന്ദവരും ക്രൈസ്തവരും ജൂതന്മാരുമാണ്‌ ഇന്ന്‌ ഇവയുടെ പൂർണമായ ക്രെഡിറ്റ്‌ ആസ്വദിച്ചുകൊണ്ടിരിക്കുന്നത്‌.
ഓട്ടോമൻ സാമ്രാജ്യം ഒരു ഭരണസംവിധാനവുമായി രംഗത്തു വന്നപ്പോൾ വ്യതിരിക്തമായ
ഒരു കലാശൈലിയും കാലിഗ്രഫി ശൈലിയുമുണ്ടായിരുന്നു. ആകർഷണീയതയിലും വശ്യതയിലും വേറിട്ട സ്വഭാവം വെച്ചുപുലർത്തിയിരുന്ന ഇത്‌ അഭൂതപൂർവമായ സ്വീകാര്യതയോടെയാണ്‌ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും വിന്യസിച്ചിരുന്നത്‌. പക്ഷേ, കാലിക കലാശൈലികളോട്‌ ഇവക്കൊരിക്കലും വിരുദ്ധതയുണ്ടായിരുന്നില്ല.
അങ്ങനെയാണ്‌ 1918 ൽ കൈറോയിൽ ചേർന്ന ഒരു പണ്ഡിതസഭ ഖുർആനിന്റെ ഒരു ഏകീകൃത രൂപം പുറത്തുകൊണ്ടുവരുന്നത്‌. 1924-ഓടെ പ്രചാരണം തുടങ്ങിയത്‌ ഇത്‌ പെട്ടെന്നുതന്നെ ലോകശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു. ഉസ്മാനി ശൈലികളോട്‌ പലതിലും സംഗമിക്കുന്ന ഇത്‌ ഇന്നും പിൻപറ്റപ്പെടുന്ന അംഗീകൃത രൂപമാണ്‌.
കഴിഞ്ഞ നൂറ്റാണ്ടിൽ ജർമനിയിലെ മ്യൂണിച്ച്‌ യൂണിവേഴ്സിറ്റി അതിവിപുലമായ ചില പദ്ധതികളോടു കൂടെയായിരുന്നു മുന്നോട്ടു വന്നിരുന്നത്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഛിന്നഭിന്നമായിക്കിടക്കുന്ന വിശുദ്ധ ഖുർആനിന്റെ പുതിയതുംയ പഴയതുമായ പ്രതികൾ സമാഹരിക്കലായിരുന്നു അവയിലൊന്ന്‌. തദനന്തരം പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട പണ്ഡിതസംഘം അരനൂറ്റാണ്ട്‌ നീണ്ടുനിന്ന സമഗ്രമായ അന്വേഷണത്തിലൂടെ 24000 വൈവിധ്യമാർന്ന പ്രതികൾ ഒരുമിച്ചുകൂട്ടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്‌ കണ്ടെടുക്കപ്പെട്ട ഇവയിൽ ധാരാളം കൈയെഴുത്ത്‌ പ്രതികളുമുണ്ടായിരുന്നു. ഹിജ്‌റ 1-​‍ാം നൂറ്റാണ്ടു മുതൽ 14-​‍ാം നൂറ്റാണ്ടുവരെയുണ്ടായിരുന്ന അലങ്കാര രൂപങ്ങളുടെ ഒരപൂർവ ദൃശ്യമായിരുന്നു ഇത്‌. പക്ഷേ, രണ്ടാം ലോക മഹായുദ്ധത്തിന്റെ ശക്തമായ ബോംബാക്രമണത്തിനു മുമ്പിൽ മുസ്ലിം കലാപൈതൃകത്തിന്റെ മഹത്തായ ശ്രേണി കത്തിച്ചാമ്പലാവുകയായിരുന്നു.
എങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും ധാരാളം കാലിഗ്രഫി സംരക്ഷണാലയങ്ങൾ കാണാം. അക്ഷരാലങ്കാരത്തിന്റെ പുതിയ അധ്യായങ്ങൾ പ്രദർശിപ്പിക്കുക വഴി അനുഭാവികൾക്ക്‌ മുമ്പിൽ ഒരു അനുഗൃഹീത സ്മരണയാണ്‌ ഇവ സമ്മാനിച്ചുകൊണ്ടിരിക്കുന്നത്‌. ബഹ്‌റൈന്റെ തലസ്ഥാനമായ മനാമയും കറാച്ചിയിലെ സെൻട്രൽ ലൈബ്രറിയും ഇതിന്റെ ജീവിക്കുന്ന ദൃഷ്ടാന്തങ്ങളാണ്‌.
ധാരാളം പൈതൃക സമ്പാദ്യങ്ങളാൽ സമ്പന്നമായ ബ്രിട്ടീഷ്‌ ലൈബ്രറിയാണ്‌ മറ്റൊന്ന്‌. കാലിഗ്രഫികൾ കൊണ്ട്‌ അലംകൃതവും എഴുനൂറിലേറെ വർഷം പഴക്കവുമുള്ള ഒരു ഖുർആൻ പ്രതിയാണ്‌ ഇതിനെ അതുല്യമാക്കുന്നത്‌. സുലുസ്‌ലിപിയിൽ ആലേഖനം ചെയ്യപ്പെട്ട ഇത്‌ ഈജിപ്തിലെ മുലൂക്‌ ഭരണാധികാരിയായിരുന്ന റുൿനുദ്ദീൻ ബൈബർ അൽജശ്നഗീറിനു വേണ്ടി തയ്യാറാക്കപ്പെട്ടതായിരുന്നു. ഏകദേശം 1304 നും 1306 നുമിടക്കുമാണ്‌ ഇതിന്റെ നിർമാണം.
കാലിഗ്രഫി സംരക്ഷണത്തിൽ കൈറോയിലെ ഈജിപ്ഷ്യൻ നാഷ്ണൽ ലൈബ്രറിയും ശ്രദ്ധേയമാണ്‌. വളരെ പഴക്കം ചെന്നതും (720,725) എവിടെയും എത്തിപ്പെടാത്തതുമായ രണ്ട്‌ അലംകൃത ഖുർആൻ പ്രതികൾ ഇവിടെയും സൂക്ഷിച്ചിരിപ്പുണ്ട്‌. ഫലസ്ഥീനിലെ ഇസ്ലാമിക്‌ മ്യൂസിയവും ഇതേ മുഖം തന്നെ നമുക്ക്‌ ദൃശ്യമാക്കിത്തരുന്നു. ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട്‌ മ്യൂസിയം പൈതൃകത്തിന്റെ മറ്റൊരു ഗർഭദേശമാണ്‌. ഹിജ്‌റ 1-​‍ാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയിൽ ഉത്ഭവം കൊണ്ട കലാശൈലിയെയാണ്‌ ഇത്‌ പ്രദർശിപ്പിക്കുന്നത്‌. വിശിഷ്യാ മക്കീ, കൂഫീ, മഗ്‌രിബി ലിപികളാണ്‌ ഇവയുടെ പശ്ചാത്തലം. ഡബ്ലിനിലെ ചെസ്റ്റർ ബീറ്റി ലൈബ്രറിയും ഖുർആൻ കൈയെഴുത്ത്‌ പ്രതികളുടെ ഉള്ളറയാണ്‌.(4)
അസ്തമിച്ചുകൊണ്ടിരിക്കുന്ന കാലിഗ്രഫിയുടെ ദീനരോദനങ്ങളാണ്‌ ഇവകളോരോന്നും
പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്‌. എങ്കിലും ആത്മബോധനത്തിന്റെയും അലങ്കാര വീക്ഷണത്തിന്റെയും ചെറുതിരികൾ തെളിയിച്ചുകൊണ്ടിരിക്കുന്ന ഈ ശൈലി ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ അതിന്റേതായ ഡ്യൂട്ടി നിർവഹിച്ചുകൊണ്ടിരിക്കുന്നു.

No comments:

Post a Comment