Tuesday, January 8, 2013

വ്യാജ നവോത്ഥാനം വാര്‍ദ്ധക്യമറിയിക്കുന്നു

ആധുനിക കാലത്ത്‌ മുസ്‌ലിംകള്‍ക്കിടയില്‍ ആവിര്‍ഭവിച്ചതും പരിഷ്‌കരണ ആശയങ്ങള്‍ പ്രചരിപ്പിച്ചതുമായ ആശയ വ്യവഹാരങ്ങളെ അടയാളപ്പെടുത്താന്‍ പൊതുവായി ഉപയോഗിക്കുന്ന ഒരു പദമാണ്‌ മുസ്‌ലിം നവോത്ഥാനമെന്നത്‌. കോളണീകരണത്തിന്‌ വിധേയരായ വിവിധ ജനസമൂഹങ്ങളില്‍ കൊളോണിയല്‍ ആധുനികതയുടെ മൂല്യബോധത്തെ അടിസ്ഥാനമാക്കി രൂപപ്പെടുത്തപ്പെട്ട വിജ്ഞാന രൂപങ്ങളോടും സാംസ്‌കാരിക ശീലങ്ങളോടുമുള്ള സമ്പര്‍ക്കവും വിനിമയങ്ങളും നിമിത്തമായി ഉളവായ പരിവര്‍ത്തനങ്ങളെയും സാംസ്‌കാരിക, ആശയ സ്വാധീനങ്ങളെയും സ്ഥാനപ്പെടുത്താന്‍ പൊതുവായി ഉപയോഗിച്ചു വരുന്ന പദമാണ്‌ ആധുനിക നവോത്ഥാനമെന്നത്‌.

ഇന്ത്യ പോലുള്ള മൂന്നാം ലോക സമൂഹങ്ങളില്‍ അധ:കൃത ജാതികളുടെ സാമൂഹിക ഉന്നമനത്തെയും സാംസ്‌കാരിക പരിവര്‍ത്തനങ്ങളെയും നിര്‍ണയിച്ച സുപ്രധാനമായ ഒരു പ്രവണത എന്ന നിലക്ക്‌ കൊളോണിയല്‍ ആധുനികതയും അതിന്റെ സാംസ്‌കാരിക ധൈഷണിക ഫലങ്ങളായി ഉളവായ ആധുനിക നവോത്ഥാനവും തീര്‍ച്ചയായും ചരിത്ര പരമായ പ്രാധാന്യമര്‍ഹിക്കുന്ന സാമൂഹിക പ്രതിഭാസങ്ങള്‍ തന്നെയായിരുന്നു.


ഒരു പക്ഷെ നൂറ്റാണ്ടുകളായി ജാതീയമായ ഉച്ചനീചത്വത്തിന്റെയും ശ്രേണീ വത്‌കൃതമായ സാമൂഹിക ദുരാചാരങ്ങളുടെയും അധ:കൃതാവസ്ഥയില്‍ വസിച്ചിരുന്ന അടിസ്ഥാന ജന വര്‍ഗങ്ങള്‍ക്ക്‌ സ്വാതന്ത്ര്യത്തിന്റെ ശുദ്ധ വായുവും മനുഷ്യ പദവി എന്ന തുറസ്സും നല്‍കിയത്‌ കൊളോണിയല്‍ ആധുനികത തന്നെയായിരുന്നു. എന്നാല്‍ യൂറോ സെന്‍ട്രിക്കായ ഏക ശിലാത്മകമായ ഒരു പുതിയ മൂല്യ ബോധവും ജ്ഞാന ശാസ്‌ത്ര സമീപനവുമാണ്‌ അത്‌ പകരം നല്‍കിയതെങ്കിലും താരതമ്യേന അവര്‍ അതു വരെയും അനുഭവിച്ചു കൊണ്ടിരുന്ന പാരതന്ത്ര്യത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ അതവര്‍ക്ക്‌ കരുത്ത്‌ നല്‍കിയിരുന്നു. അതു കൊണ്ട്‌ തന്നെയാണ്‌ ആധുനിക നവോത്ഥാനം ആപേക്ഷികാര്‍ത്ഥത്തില്‍ പുരോഗമനോന്മുഖമാണെന്ന്‌ പറയേണ്ടി വരുന്നത്‌. കൊളോണിയല്‍ ആധുനികത സമ്മാനിച്ച നവോത്ഥാന വ്യവഹാരങ്ങളുമായി സാംസ്‌കാരികവും ആശയപരവുമായ സമ്പര്‍ക്കങ്ങളും വിനിമയങ്ങളും സാധ്യമായപ്പോള്‍ പുതിയ മൂല്യമാനദണ്ഡങ്ങള്‍ക്കനുസൃതമായി ഓരോ ജനതതികളിലും സ്വയം നിര്‍വ്വചിക്കാനും പുനരാവിഷ്‌കരിക്കാനും ഉദ്യമിച്ചപ്പോള്‍ സംഭവിച്ച പ്രതിഭാസങ്ങളാണ്‌ ദേശീയാധുനികതയായും വിവിധ മത ജാതി സമൂഹങ്ങളിലെ സാമൂഹിക നവോത്ഥാന പ്രയത്‌നങ്ങളായും പ്രകടമായത്‌.


കൊളോണിയലിസത്തിന്റെ രാഷ്ട്രീയാധികാരവുമായും സാംസ്‌കാരികാധീശത്വവുമായും ജ്ഞാന ശാസ്‌ത്ര സമീപനങ്ങളുമായും തുടക്കം മുതല്‍ തന്നെ ഇടഞ്ഞു നിന്ന മുസ്‌ലിം സമൂഹം പില്‍ക്കാലത്ത്‌ സാമൂഹികോന്നമനത്തിനും അപര മുദ്രണങ്ങളെ അതിജയിക്കാനുമുള്ള ഒരു ഉപകരണമെന്ന നിലയില്‍ ആധുനിക നവോത്ഥാനത്തിന്റെ ആശയ വ്യവഹാരങ്ങളെ സ്വാശീകരിക്കുകയും പില്‍ക്കാലത്ത്‌ മുസ്‌ലിം നവോത്ഥാനമെന്ന്‌ അടയാളപ്പെടുത്തപ്പെട്ട പ്രവണതകള്‍ക്ക്‌ തുടക്കമിടുകയും ചെയ്‌തു. മുസ്‌ലിംകളെ കൂടുതല്‍ ചരിത്രവത്‌കരിക്കുക അഥവാ നിലവിലുള്ള കാലത്തിന്റെ തീക്ഷ്‌ണ യാഥാര്‍ത്ഥ്യങ്ങളെ സാംസ്‌കാരികമായി നേരിടാന്‍ പക്വതയുള്ളവരാക്കുക, അവരെ ഭൗതികമായ അധ:സ്ഥിതിയില്‍ നിന്ന്‌ മോചിപ്പിച്ച്‌ കൂടുതല്‍ മെച്ചപ്പെട്ട സാമൂഹിക പദവി പ്രാപിക്കാന്‍ പ്രാപ്‌തിയുള്ളവരാക്കുക എന്നീ ലക്ഷ്യങ്ങളായിരുന്നു ഉപരി സൂചിത നവോത്ഥാന യത്‌നങ്ങളുടെ മുഖ്യമായ പരിഗണനകള്‍ എന്ന്‌ കാണാന്‍ കഴിയും. ഈ വഴിയില്‍ കേരളീയ മുസ്‌ലിംകള്‍ക്കിടയില്‍ ആദ്യമായി വ്യവസ്ഥാപിതമായി പ്രയത്‌നിച്ച സയ്യിദ്‌ സനാഉല്ലാ മക്തി തങ്ങളെയാണ്‌ മുസ്‌ലിം നവോത്ഥാനത്തിന്റെ ആചാര്യ പദവിയില്‍ നാം പ്രതിഷ്‌ഠിച്ചിട്ടുള്ളത്‌.


സയ്യിദ്‌ സനാഉല്ലാ മക്തി തങ്ങളില്‍ നിന്നാരംഭിക്കുന്ന ഈ നവോത്ഥാനത്തിന്റെ അനന്തരത്വം ആധുനിക കാലത്ത്‌ രൂപപ്പെട്ട്‌ വന്ന വഹാബി പശ്ചാത്തലമുള്ള പ്രസ്ഥാനങ്ങളും സംരംഭങ്ങളുമാണ്‌ ഇന്ന്‌ അവകാശപ്പെടുന്നത്‌. മുസ്‌ലിംകള്‍ക്കിടയില്‍ വിശ്വാസ വ്യതിയാനവും ദുരാചാര സമ്മിശ്രണവും ആരോപിച്ച്‌ പ്രത്യക്ഷപ്പെട്ട ഇസ്‌ലാമിന്നകത്തുള്ള സകല വൈവിദ്ധ്യങ്ങളെയും തകര്‍ക്കാനൊരുമ്പെട്ട്‌ പുതിയൊരു പ്യൂരിറ്റന്‍ ഇസ്‌ലാമിനെ പ്രതിനിധീകരിച്ച തികച്ചും പ്രതിലോമകരമായ ഒരു സാമൂഹിക പ്രതിഭാസത്തിന്റെ പൂര്‍വ്വഗാമിയായി യാതൊരു നിലക്കും മക്തി തങ്ങളെ സ്ഥാനപ്പെടുത്താന്‍ സാധിക്കുകയില്ല എന്ന കാര്യം ഈയടുത്തിടെ നടന്ന ഗവേഷണാന്വേഷണങ്ങളിലൂടെയും ഇവ്വിഷയകമായി ഇപ്പോഴും തുടരുന്ന സംവാദങ്ങളിലൂടെയും ഏതാണ്ട്‌ വ്യക്തമായിട്ടുണ്ട്‌. വിശ്വാസ കാര്യങ്ങളില്‍ പാരമ്പര്യ മൂല്യങ്ങളെ മുറുകെ പിടിക്കുകയും എന്നാല്‍ കൊളോണിയല്‍ ആധുനികതയുമായുള്ള സമ്പര്‍ക്കങ്ങളിലും വിനിമയങ്ങളിലും ബഹിഷ്‌കരണത്തിന്‌ പകരം സ്വാംശീകരണത്തിന്റെ നിലപാട്‌ സ്വീകരിക്കുകയും ചെയ്‌ത കാലത്തിന്‌ മുമ്പില്‍ നടന്ന ഒരു സാമൂഹിക പരിഷ്‌കര്‍ത്താവ്‌ എന്നതായിരുന്നു മക്തി തങ്ങളുടെ യഥാര്‍ത്ഥ സ്ഥാനം.


കൊളണി അധികാരം നീതിരഹിതവും വിധ്വംസകവുമായ അധികാര പ്രയോഗവും പൊള്ളുന്ന യാഥാര്‍ത്ഥ്യവുമായി അനുഭവിച്ച മാപ്പിള സമൂഹത്തിന്‌ കോളണി ശക്തികളുടെ എല്ലാം വര്‍ജ്ജ്യമായിരുന്ന ഒരു കാലത്താണ്‌ മക്തി തങ്ങള്‍ അക്കാലത്തെ സാമാന്യ ജനതയെ സംബന്ധിച്ചും അവരെ നയിച്ചിരുന്ന ഉലമാക്കളെ സംബന്ധിച്ചും തികച്ചും വിചിത്രമായ നവോത്ഥാന ആശയങ്ങള്‍ പ്രചരിപ്പിച്ചത്‌. അതുകൊണ്ട്‌ തന്നെയാണ്‌ അദ്ദേഹം ഒറ്റക്കായി പോയതും അപരിചിതനായി പോയതും. മക്തി തങ്ങളുടെ വിയോഗത്തിന്‌ ശേഷം ഏതാണ്ട്‌ ഒരു പതിറ്റാണ്ട്‌ പിന്നിട്ടതിനു ശേഷം മലബാര്‍ സമരാനന്തരം രാഷ്ട്രീയ അഭയാര്‍ത്ഥിയായി കൊടുങ്ങല്ലൂരിലെത്തിയ കെ. എം. മൗലവിയുടെ നേതൃത്വത്തില്‍ രൂപപ്പെടുത്തപ്പെട്ട ഐക്യ സംഘം പില്‍ക്കാലത്ത്‌ വഹാബി പ്രസ്ഥാനമായി രൂപാന്തരപ്പെട്ടപ്പോള്‍ മക്തി തങ്ങളുടെ പ്രയത്‌നങ്ങളുമായി ആ സംരംഭങ്ങള്‍ക്കുണ്ടായിരുന്ന ഏക സാദൃശ്യം സാമാന്യ ജനവും അവരെ നയിച്ചിരുന്ന പാരമ്പര്യ ഉലമാക്കളും മക്തി തങ്ങളോട്‌ സ്വീകരിച്ച അതേ ബഹിഷ്‌കരണ നിലപാട്‌ അവരോടും സ്വീകരിച്ചുവെന്നത്‌ മാത്രമാണ്‌. ഈയൊരു സാദൃശ്യത്തിന്റെ പേരില്‍ മാത്രം വഹാബി പ്യൂരിറ്റാനിസവും മക്തി തങ്ങളുടെ ദൗത്യവും, പരസ്‌പര തുടര്‍ച്ചയും സമീകരണവും സാധ്യമാവുന്ന ഒന്നായി വിലയിരുത്താനാവില്ല. മക്തി തങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ പില്‍ക്കാല പിന്തുടര്‍ച്ചയേറ്റെടുത്ത്‌ ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ച്‌ മുസ്‌ലിം സമൂഹത്തെ അധ:കൃതാവസ്ഥയില്‍ നിന്ന്‌ കൈ പിടിച്ചുയര്‍ത്താന്‍ യത്‌നിച്ചവര്‍ തങ്ങളായിരുന്നുവെന്നും `യാഥാസ്ഥിക' വിഭാഗങ്ങള്‍ അതിനോട്‌ പുറം തിരിഞ്ഞു നില്‍ക്കുകയായിരുന്നുവെന്നും അവകാശപ്പെട്ടു കൊണ്ടാണ്‌ നവോത്ഥാന വിമര്‍ശനങ്ങളെ അതിജയിക്കാന്‍ നവോത്ഥാനത്തിന്‌ നൂറാണ്ട്‌ കൊണ്ടാടുന്നവര്‍ പ്രയത്‌നിക്കുന്നത്‌. ഈ അവകാശ വാദം യാതൊരര്‍ത്ഥത്തിലും ചരിത്ര വസ്‌തുതകള്‍ക്ക്‌ നിരക്കുന്നതല്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം.


കോളണീകരണത്തിനെതിരായ നിരന്തരമായ സമരങ്ങളും ഭരണ കൂടത്തിന്റെ അടിച്ചമര്‍ത്തല്‍ നടപടികളും നിമിത്തമായി രാഷ്ട്രീയമായും സാമ്പത്തികമായും ശാക്തികമായും വല്ലാതെ ക്ഷയിച്ച മാപ്പിള സമുദായം ഘട്ടം ഘട്ടമായി കോളണി അധികാരത്തിന്‌ വിധേയപ്പെടുന്ന കാഴ്‌ചയാണ്‌ പില്‍ക്കാലത്ത്‌ കാണുന്നത്‌. വിശേഷിച്ച്‌ 1921 ല്‍ മാപ്പിള മുന്നേറ്റങ്ങളെ അടിച്ചമര്‍ത്തിയ ദാരുണമായ രക്തോത്സവങ്ങള്‍ക്ക്‌ ശേഷം അവര്‍ക്കിടയില്‍ ഗണ്യമായ മാറ്റങ്ങള്‍ തന്നെ പ്രകടമായിരുന്നു. ഈ മനോഗതി തിരിച്ചറിഞ്ഞ്‌ ഒരു പ്രായശ്ചിത്തമെന്നോണം കോളണി ശക്തികള്‍ മുസ്‌ലിംകളെ അനുനയിപ്പിക്കാനും അവരെ കൂടുതല്‍ ആധുനികവത്‌കരിക്കാനും ലക്ഷ്യം വെച്ച്‌ പല പദ്ധതികളും നടപ്പിലാക്കുകയും അതിന്റെ ഗുണഭോക്താക്കളായി മാപ്പിള മുസ്‌ലിംകള്‍ മാറുകയും ചെയ്‌തു. മുസ്‌ലിംകളെ കോളണി അധികാരത്തോട്‌ കൂടുതല്‍ വിധേയത്വമുള്ള പൗരന്മാരാക്കാന്‍ ലക്ഷ്യം വെച്ച്‌ ആവിഷ്‌കരിക്കപ്പെട്ട്‌ നടപ്പിലാക്കപ്പെട്ട പദ്ധതികളില്‍ പ്രധാനമായത്‌ വിദ്യാഭ്യാസ മേഖലയില്‍ മുസ്‌ലിംകളെ ആകര്‍ഷിക്കാന്‍ ഉദ്ദേശിച്ച്‌ നടപ്പിലാക്കപ്പെട്ട പരിഷ്‌കാരങ്ങളാണ്‌. അങ്ങിനെ അറബി ഭാഷയുള്‍പ്പെടെ ഇസ്‌ലാമിക വിജ്ഞാനീയങ്ങളെ സിലബസിലുള്‍പ്പെടുത്തി മലയാളവും മറ്റ്‌ ആധുനിക വിഷയങ്ങളും പഠിപ്പിക്കുന്ന പ്രാഥമിക വിദ്യാലയങ്ങള്‍ മാപ്പിള സ്‌കൂളുകള്‍ എന്ന പേരില്‍ സ്ഥാപിക്കപ്പെടുന്നത്‌ ഏതാണ്ട്‌ ഈ കാലത്താണ്‌. ഈ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളായി എത്തിയത്‌ അന്ന്‌ മരുന്നിനു പോലുമില്ലാത്ത വഹാബികളുടെ മക്കളല്ല, പ്രത്യുത പാരമ്പര്യ വിശ്വാസവും മൂല്യങ്ങളും കാത്തു വരുന്ന സാധാരണ മാപ്പിള കുടുംബങ്ങളിലെ കുട്ടികളാണ്‌.


മാത്രമല്ല ആധുനിക സ്വഭാവമുള്ള ഇത്തരം സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ പോലും നേതൃത്വ പരമായ പങ്ക്‌ വഹിച്ചവരാണ്‌ പാരമ്പര്യ സമൂഹത്തിലെ വ്യക്തികള്‍ എന്നതാണ്‌ വസ്‌തുത. കോഴിക്കോട്ടെ മുസ്‌ലിംകളുടെ മുന്‍കൈയ്യോടെ 1889 ല്‍ സ്ഥാപിക്കപ്പെട്ടതാണ്‌ ഹിമായത്തുല്‍ ഇസ്‌ലാം സഭ എന്ന സംഘടന. അക്കാലത്തെ പ്രമുഖരായ ഖാസിമാരുടെയും മതനേതൃത്വം കൈയ്യാളിയിരുന്ന സയ്യിദന്മാരുടെയും അഭ്യസ്‌ത വിദ്യരും ഉദ്യോഗസ്ഥരുമെല്ലാം ഉള്‍പ്പെട്ട പൗര പ്രധാനികളുടെയും പങ്കാളിത്തത്തോടെ മുസ്‌ലിംകളുടെ സാമൂഹികവും സാംസ്‌കാരികവും വിദ്യാഭ്യാസ പരവുമൊക്കെയായ ഉന്നമനം ലക്ഷ്യം വെച്ചാണ്‌ ഈ സംഘടന രൂപീകരിക്കപ്പെട്ടത്‌. ഹിമായത്തുല്‍ ഇസ്‌ലാം സഭയുടെ നേതൃത്വത്തില്‍ പുതിയ മാളിയേക്കല്‍ സയ്യിദ്‌ മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ഇന്തിശാറുല്‍ ഇസ്‌ലാം എന്ന കമ്മിറ്റിയുടെ കീഴിലാണ്‌ കോഴിക്കോട്ടെ ഹിമായത്തുല്‍ ഇസ്‌ലാം ഹൈസ്‌കൂള്‍ 1912 ല്‍ സ്ഥാപിക്കപ്പെട്ടത്‌. മലബാറിലെ മാപ്പിളമാരുടെ നേതൃത്വം കൈയ്യാളിയിരുന്ന പണ്ഡിതന്മാരും കൂടിയായ ഖാസിമാരാണ്‌ ഹിമായത്തുല്‍ ഇസ്‌ലാം സഭ പോലുള്ള സംഘടനകളുടെ രൂപീകരണത്തിലും വികാസത്തിലും പങ്ക്‌ വഹിച്ചത്‌ എന്നതും ഇവിടെ പ്രത്യേകം ശ്രദ്ധേയമാണ്‌. ഇത്തരം സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളായി എത്തിയത്‌ സാധാരണ മാപ്പിള കുട്ടികളാണ്‌ എന്നതും പ്രത്യേകം സ്‌മരിക്കുക.


കോഴിക്കോട്ടെ മദ്രസ്സത്തുല്‍ മുഹമ്മദീയ സ്‌കൂളിന്റെ സംസ്ഥാപനവും ഇതോട്‌ ചേര്‍ത്തുവായിക്കണം. പ്യൂരിറ്റാനിസത്തിന്റെ ആശയങ്ങളുമായി പുതിയ മത സംഘടനകള്‍ ആവിര്‍ഭവിക്കുന്നതിനു മുമ്പ്‌ തന്നെ പാരമ്പര്യ വിഭാഗങ്ങളില്‍ നിന്ന്‌ തന്നെ ഇത്തരം സ്ഥാപനങ്ങളും സംവിധാനങ്ങളും ഉയര്‍ന്നു വന്നിരുന്നുവെന്നാണ്‌ ഈ വസ്‌തുതകളൊക്കെയും തെളിയിക്കുന്നത്‌. മാത്രമല്ല മലയാളം ആര്യഭാഷയാണെന്ന്‌ പറഞ്ഞ്‌ അത്‌ പഠിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്ന ഫത്‌വ പുറപ്പെടുവിച്ചുവെന്ന്‌ അധിക്ഷേപങ്ങള്‍ കേള്‍ക്കുന്ന സമസ്‌തയുടെ തന്നെ പ്രമുഖരായ ചില പണ്ഡിതന്മാരുടെ മുന്‍കൈയ്യോടെ മലബാറില്‍ സ്‌കൂളുകള്‍ സ്ഥാപിക്കപ്പെട്ടിരുന്നുവെന്ന കാര്യം നിഷേധിക്കാനാവില്ല.


സമസ്‌തയുടെ നേതൃതലത്തിലുണ്ടായിരുന്ന സമാദരണീയ പണ്ഡിതന്‍ മൗലാനാ വാളക്കുളം അബ്ദുല്‍ ബാരി മുസ്‌ലിയാരുടെ നേതൃത്വത്തിലാണ്‌ അവിടുത്തെ പഴക്കം ചെന്ന മാപ്പിള സ്‌കൂള്‍ സ്ഥാപിക്കപ്പെട്ടത്‌ എന്ന കാര്യം പലര്‍ക്കും അജ്ഞാതമാണ്‌. ഇത്തരം പണ്ഡിതന്മാര്‍ സ്ഥാപിച്ച സ്ഥാപനങ്ങളില്‍ മാത്രമല്ല അന്നത്തെ മാപ്പിള സ്‌കൂളുകളിലെല്ലാം മത വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനും വലിയ പ്രാമുഖ്യം നല്‍കിയിരുന്നുവെന്നതു കൊണ്ടാണ്‌ മാപ്പിളമാര്‍ക്കിടയില്‍ ഈ സംരംഭങ്ങള്‍ വിജയം കണ്ടത്‌. എന്നാല്‍ 1947 ല്‍ സ്വാതന്ത്ര്യം ലഭിച്ച്‌ മതേതര ജനാധിപത്യ വ്യവസ്ഥ ഇന്ത്യയില്‍ നിലവില്‍ വന്നതോടെ അതുവരെയും പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്ന മത വിഷയങ്ങള്‍ നീക്കം ചെയ്യുകയും ഭൂരിപക്ഷ സമൂഹത്തിന്റെ സാംസ്‌കാരിക ഹിതങ്ങളും പാരമ്പര്യങ്ങളും ദേശീയാധുനികതയായും അതിന്റെ ജ്ഞാന വിനിമയങ്ങളുടെ ഉപാധികളായും രൂപാന്തരപ്പെടുകയും ചെയ്‌തപ്പോള്‍ മുസ്‌ലിംകള്‍ മത വിദ്യാഭ്യാസത്തിന്‌ മറ്റ്‌ മാര്‍ഗങ്ങള്‍ തേടാന്‍ നിര്‍ബന്ധിതമായി.


1951 ല്‍ വടകരയില്‍ വെച്ച്‌ ചേര്‍ന്ന സമസ്‌തയുടെ 19 ാം വാര്‍ഷിക സമ്മേളനത്തില്‍ ചര്‍ച്ചചെയ്യപ്പെട്ട ഒരു പ്രധാന പ്രമേയം പ്രാഥമിക മത പഠനത്തിന്റേതായത്‌ യാദൃശ്ചികമല്ല. അങ്ങിനെ ആ സമ്മേളനത്തില്‍ വെച്ച്‌ തന്നെ മൗലാനാ പറവണ്ണ മുഹിയിദ്ദീന്‍ കുട്ടി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു രൂപം നല്‍കുകയും അതിന്റെ കീഴില്‍ കൂടുതല്‍ വ്യവസ്ഥാപിതമായി പ്രാഥമിക മതപഠനം മുന്നോട്ടു കൊണ്ടു പോകുന്നതിനു മദ്രസ്സകള്‍ രൂപീകരിക്കുകയും ചെയ്‌തു. ഇതില്‍ നിന്ന്‌ തന്നെ ബ്രിട്ടീഷ്‌ ഘട്ടത്തില്‍ നിലവിലുണ്ടായിരുന്ന മാപ്പിള സ്‌കൂളുകളുടെ യഥാര്‍ത്ഥ പ്രായോജകര്‍ ആരായിരുന്നുവെന്ന്‌ സ്‌പഷ്ടമാകുന്നുണ്ട്‌. മാപ്പിള മുസ്‌ലിംകളെ അക്ഷര വെളിച്ചം കാണിക്കാതെ ഇരുട്ടറയില്‍ പൂട്ടിയിട്ട കിങ്കരന്മാരാണ്‌ പാരമ്പര്യ പണ്ഡിതന്മാര്‍ എന്ന്‌ അധിക്ഷേപിക്കുമ്പോള്‍ ചരിത്ര വ്‌സതുതകളെ സാമാന്യമായൊന്ന്‌ പരിശോധിക്കുന്നത്‌ നല്ലതാണ്‌.


ചുരുക്കത്തില്‍ മക്തി തങ്ങള്‍ ആരംഭിച്ചുവെന്ന്‌ പറയുന്ന മുസ്‌ലിം നവോത്ഥാനത്തിന്റെ യഥാര്‍ത്ഥ പിന്‍ഗാമിത്വം കേരളത്തിലെ ആധുനിക കാലത്ത്‌ രൂപപ്പെട്ടു വന്ന എല്ലാ മുസ്‌ലിം വിഭാഗങ്ങള്‍ക്കും സ്വന്തമാണ്‌ എന്നതാണ്‌ വസ്‌തുത. അതുകൊണ്ട്‌ തന്നെ മുസ്‌ലിം നവോത്ഥാനത്തിന്റെ നൂറ്റാണ്ട്‌ ആചരിക്കാന്‍ സവിശേഷമായി ഒരു വിഭാഗത്തിനും അര്‍ഹതയില്ലെന്നാണ്‌ വ്യക്തമാകുന്നത്‌. ഇനി മുസ്‌ലിം നവോത്ഥാനത്തിന്റെ പാരമ്പര്യമല്ല ഇസ്‌ലാമിക നവോത്ഥാനത്തിന്റെ പാരമ്പര്യമാണ്‌ നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട്‌ എന്നതു കൊണ്ട്‌ വിവക്ഷിക്കുന്നതെങ്കില്‍ തീര്‍ച്ചയായും ഇസ്‌ലാമിക നവോത്ഥാനത്തിന്റെ മൂല്യങ്ങള്‍ വഹാബി പ്യൂരിറ്റാനിസത്തിന്‌ യാതൊരു നിലക്കും അവകാശപ്പെട്ടതല്ല എന്നു കാണാന്‍ കഴിയും.


ദീനിന്റെ തജ്‌ദീദി ദൗത്യവുമായി മുസ്‌ലിം ചരിത്രത്തില്‍ ആവിര്‍ഭവിച്ച ഇസ്‌ലാമിക നവോത്ഥാനത്തിന്റെ ആഗോള പ്രവണതകളുമായി കണ്ണി ചേരാന്‍ എക്കാലത്തും കേരളീയ മുസ്‌ലിംകള്‍ക്ക്‌ സാധിച്ചിരുന്നുവെന്നതാണ്‌ വസ്‌തുത. അറേബ്യയിലും പഴയ പേര്‍ഷ്യന്‍ നാടുകളിലും രൂപപ്പെട്ട്‌ വന്ന തജ്‌ദീദി സ്വഭാവമുള്ള ഇസ്‌ലാമികമായ എല്ലാ ഉണര്‍വ്വുകളെയും അതാത്‌ കാലത്ത്‌ സ്വാംശീകരിക്കാന്‍ കേരളീയ മുസ്‌ലിംകള്‍ക്ക്‌ ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്‌ എന്ന്‌ ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്‌. വിശ്വാസ രംഗത്ത്‌ പുനരുജ്ജീവന ദൗത്യവുമായി രംഗത്ത്‌ വന്ന ശൈഖുനാ മുഹിയിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി(റ)യുടെ ദൗത്യത്തിന്റെ അലയൊലികള്‍ അദ്ദേഹത്തിന്റെ ജീവിതകാലത്തോ തൊട്ടടുത്ത കാലത്തോ കേരളത്തിലും പ്രകടമായിരുന്നുവെന്ന്‌ തെളിയിക്കാവുന്ന നിരവധി സൂചനകള്‍ കാണാന്‍ സാധിക്കും. ഖാദിരിയ്യ സംസ്‌കരണ ധാരയുടെ വക്താക്കളായ ഇമാം ജീലി മുതല്‍ ഫരീദ്‌ ഔലിയ വരെയുള്ളവര്‍ കേരളത്തില്‍ വന്ന്‌ സംസ്‌കരണ നവോത്ഥാന യത്‌നം നിര്‍വ്വഹിച്ചതിന്‌ പ്രമാണങ്ങള്‍ ലഭ്യമാണ്‌. അത്തരം മഹാപുരുഷന്മാരില്‍ നിന്ന്‌ ഫലപ്രദരായ തദ്ദേശീയരായ ജ്ഞാനികളിലൂടെ ചരിത്രത്തില്‍ അനസ്യൂതമായി ഇതിന്‌ പിന്തുടര്‍ച്ചകളുണ്ടാവുന്നുണ്ട്‌.


സൈനുദ്ദീന്‍ മഖ്‌ദൂമിന്റെ(ഒന്നാമന്‍)കാലത്തോടെ ഇസ്‌ലാമിക നവോത്ഥാനത്തിന്റെ ഈ താവഴി കൂടുതല്‍ വ്യക്തതയോടെ കണ്ടെടുക്കാനാവുന്നുണ്ട്‌. വിഖ്യാത പണ്ഡിതനും പരിഷ്‌കര്‍ത്താവുമായ സകരിയ്യല്‍ അന്‍സാരി(റ)യുടെ ശിഷ്യനായിരുന്ന സൈനുദ്ദീന്‍ മഖ്‌ദൂം(ഒന്നാമന്‍) ഖാദിരി, ചിശ്‌തി സംസ്‌കരണ മാര്‍ഗങ്ങള്‍ സ്വീകരി്‌ച്ച്‌ സംസ്‌കരണം സിദ്ധിച്ച മഹാനും കേരളീയ മുസ്‌ലിംകളുടെ ആത്മീയവും സാമൂഹികവുമായ ഉന്നമനത്തിന്‌ നേതൃത്വം വഹിച്ച്‌ നവോത്ഥാന ദൗത്യം നിര്‍വ്വഹിച്ച സൂഫിയുമായിരുന്നു. പില്‍ക്കാലത്ത്‌ അബുല്‍ വഫാ ശംസുദ്ദീന്‍ മുഹമ്മദ്‌(റ), സൈനുദ്ദീന്‍ മഖ്‌ദൂം രണ്ടാമന്‍(റ)തുടങ്ങിയവരിലൂടെ വികാസം കൊണ്ട്‌ ബാ അലവി സില്‍സിലയിലെ ദിവ്യപുരുഷന്മാരായ ശൈഖ്‌ ജിഫ്രി(റ), മമ്പുറം സയ്യിദ്‌ അലവി തങ്ങള്‍(റ), അങ്ങിനെ നിരവധി ഉലമാക്കളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട്‌ ഇസ്‌ലാമിക നവോത്ഥാനത്തിന്റെ അനസ്യൂതമായ ഈ പ്രകാശ പ്രവാഹം ജനങ്ങള്‍ക്ക്‌ വഴി കാട്ടി തുടര്‍ന്നു വരുന്നുണ്ട്‌.


സ്രഷ്ടാവും ഉടമയുമായ അല്ലാഹുവുമായി ഓരോ വിശ്വാസിയുടെയും ആത്മബന്ധം ദൃഢരൂഢമാക്കുകയും അഭിമുഖീകരിക്കുന്ന കാലത്തിന്റെ എല്ലാ പ്രവണതകളോടും ഇസ്‌ലാമികമായ ഉള്‍വെളിച്ചത്തോടെ വിനിമയം സാധ്യമാക്കുകയും ചെയ്യുന്ന ആശയങ്ങളും പ്രവര്‍ത്തനങ്ങളുമായാണ്‌ ഇത്‌ ജനതതികളില്‍ പ്രവര്‍ത്തിച്ചത്‌. ചുരുക്കത്തില്‍ ഈ വസ്‌തുതകളില്‍ നിന്നെല്ലാം ഇസ്‌ലാമിക നവോത്ഥാനമെന്നത്‌ ചരിത്രത്തിലെ ഒരു അനസ്യൂത പ്രക്രിയയാണെന്ന്‌ തിരിച്ചറിയാനാവും. അതിന്‌ ഒരു നൂറ്റാണ്ട്‌ പഴക്കം മാത്രമേ അവകാശപ്പെടാനുള്ളുവെങ്കില്‍ അത്‌ കൊളോണിയല്‍ ആധുനികതയുമായുള്ള ജാര സംസര്‍ഗത്തിന്റെ ഫലമായി പിറന്ന വ്യാജ സന്തതിയായി മനസ്സിലാക്കേണ്ടിയും വരും. ഇസ്‌ലാമിന്റെ തദ്ദേശീയമായ അനുഭവ പാരമ്പര്യങ്ങളെയും ആഗോള നവോത്ഥാന പൈതൃകത്തെയും സ്വന്തം വേരുകളെ തന്നെയും നിഷേധിച്ച്‌ രൂപപ്പെട്ട എല്ലാ പ്രവണതകളും ആധുനികതയുടെ സൃഷ്ടിയാണെന്ന്‌ തിരിച്ചറിയാന്‍ സാമൂഹിക ശാസ്‌ത്രത്തില്‍ സാമാന്യമായ തിരിച്ചറിവ്‌ മാത്രം മതിയാകും. അതുകൊണ്ട്‌ തന്നെ മുസ്‌ലിംകളെ കൂടുതല്‍ ആധുനിക വത്‌കരിക്കാന്‍ ലക്ഷ്യം വെച്ച മുസ്‌ലിം നവോത്ഥാനത്തിന്റെ ചില മൂല്യങ്ങള്‍ വഹാബി പ്യൂരിറ്റാനിസത്തിന്റെ അനുബന്ധമായി പ്രകടമായിരുന്നുവെങ്കിലും ആ മൂല്യങ്ങള്‍ അവര്‍ക്ക്‌ മാത്രം സ്വന്തമല്ല എന്നും അത്‌ കേരളീയ മുസ്‌ലിംകള്‍ക്കാകമാനവും സ്വന്തമായുള്ളതുമാണെന്നും തിരിച്ചറിയേണ്ടതുണ്ട്‌. എന്നാല്‍ ഇസ്‌ലാമിക നവോത്ഥാനത്തിന്റെ ചരിത്രപരമായ താവഴിയില്‍ വഹാബി പ്യൂരിറ്റാനിസത്തിന്‌ യാതൊരു സ്ഥാനവുമില്ലെന്ന്‌ ഈ വസ്‌തുതകളൊക്കെയും തെളിയിക്കുന്നുണ്ട്‌. 
സൈനുദ്ദീന്‍ മന്ദലാംകുന്ന്‌
 

No comments:

Post a Comment