Tuesday, January 8, 2013

കാലം കാത്തുവെച്ച പതന വഴികള്‍


മുസ്‌ലിം സമുദായത്തില്‍ ആവിര്‍ഭവിച്ച സര്‍വ്വ അവാന്തര വിഭാഗങ്ങളും അവതരിപ്പിച്ചത്‌ അത്യാകര്‍ഷണീയമായ വിശ്വാസവശങ്ങളായിരുന്നു. ജനക്കൂട്ടത്തെ സ്വാധീനിക്കാനും വലിയ സംഘമായി വളരാനും പല ബിദഈ കക്ഷികള്‍ക്കും സാധിച്ചുവെന്നത്‌ ചരിത്രപരമായ യാഥാര്‍ത്ഥ്യമാണ്‌. പക്ഷെ, അടിസ്ഥാനം പിഴച്ചതും വക്രീകരിക്കപ്പെട്ടതുമായതിനാല്‍ കാലപ്രവാഹത്തില്‍ കേവലം സോപ്പുകുമിളകളായി അകാലചരമമടഞ്ഞുവെന്ന്‌ മാത്രം. പരാവര്‍ത്തനം ചെയ്യുന്ന ഈ അധോഗതിയുടെ മടിത്തട്ടില്‍ ഇപ്പോള്‍ അകപ്പെട്ടിരിക്കുന്നത്‌ `വഹാബികളെന്നും' `സലഫി' കളെന്നും `മുജാഹിദു' കളെന്നുമൊക്കെ അറിയപ്പെടുന്ന പ്രസ്ഥാനമാണ്‌. `ശുദ്ധത്തൗഹീദ്‌' പ്രസരണം ചെയ്യാന്‍ കരാറെടുത്തു പുറപ്പെട്ടവര്‍ തൗഹീദിന്റെ പേരില്‍ തന്നെ കയര്‍ത്തും കലഹിച്ചും ഭിന്നിച്ചും തെറിയഭിഷേകം നടത്തിയും തെരുവ്‌ യാത്ര നടത്തുന്ന ദുരന്തകാഴ്‌ചയാണ്‌ ഇന്നത്തെ കേരളീയ പരിസരത്തെ സവിശേഷമായ മതവാര്‍ത്ത. ജിന്നും അടിച്ചിറക്കലുമൊക്കെ ചരിത്രം നല്‍കുന്ന ചില കാരണങ്ങള്‍ മാത്രം. പരസ്‌പരം ശിര്‍ക്ക്‌ ആരോപിച്ചും മുശ്‌രിക്കാണെന്ന്‌ പ്രഖ്യാപിച്ചും മുന്നേറുന്നവര്‍ ചരിത്രത്തിന്റെ അനിഷേധ്യമായ വിധിക്കു മുമ്പില്‍ നമ്രശിരസ്‌കരാവുകയാണ്‌. ഉറപ്പില്ലാത്ത വേരുകളാണെങ്കില്‍ അല്‍പം മുളച്ചുപൊന്തിയാലും കടപുഴകുമെന്ന്‌ തീര്‍ച്ചയാണ്‌. അതുതന്നെയാണ്‌ ഇപ്പോള്‍ മുജാഹിദ്‌ പ്രസ്ഥാനത്തിന്‌ സംഭവിച്ചതും.


ഖവാരിജിസം, ശീഇസം, മുഅ്‌തസലിസം തുടങ്ങഇയ മതനവീകരണ പ്രസ്ഥാനങ്ങള്‍ മുസ്‌ലിം ലോകത്ത്‌ വിവാദങ്ങളുടെ വേലിയേറ്റങ്ങള്‍ തീര്‍ത്ത്‌ പ്രകമ്പനം സൃഷ്‌ടിച്ചവരായിരുന്നു. ഭരണകൂടങ്ങളും ബൗദ്ധിക ശക്തികളും അവര്‍ക്ക്‌ ഊര്‍ജ്ജം പകര്‍ന്നുവെങ്കിലും അഹ്‌ലുസുന്നത്തി വല്‍ ജമാഅയുടെ ഉന്നത ശീര്‍ഷരായ പണ്ഡിതന്മാരുടെ അവസരോചിത ഇടപെടലുകളും ധൈഷണിക വ്യവഹാരങ്ങളും പ്രാമാണിക വിവരങ്ങളും അവരുടെ അടിസ്ഥാനം തകര്‍ക്കുകയായിരുന്നു. സമുദായത്തിന്റെ ലേബലില്‍ പ്രത്യക്ഷപ്പെട്ട എല്ലാ അവാന്തര പ്രസ്ഥാനങ്ങളുടെയും പ്രധാനായുധം വിശുദ്ധ ഖുര്‍ആനാണെന്നത്‌ വിരോധാഭാസമാണ്‌. അതിനവര്‍ സ്വന്തവും സ്വതന്ത്രവുമായ അര്‍ത്ഥം കല്‍പ്പിക്കുകയും ഓരോരുത്തരും ബീജാഭാവം നല്‍കിയ ആശയങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും ഉതകുന്ന രീതിയില്‍ ഖുര്‍ആനിക വചനങ്ങളെടുത്ത്‌ ദുര്‍വ്യാഖ്യാനം ചെയ്യുകയും വളച്ചൊടിക്കുകയും ചെയ്‌തതായി കാണാം. സമുദായത്തിനു പുറത്തുള്ളവര്‍പോലും ഇതിനെ അതിസമര്‍ത്ഥമായി ഉപയോഗപ്പെടുത്തുകയും ചെയ്‌തു. അങ്ങനെയാണ്‌ `യേശു' ക്രൂശിക്കപ്പെട്ടുവെന്ന്‌ (3:55) ക്രിസ്‌ത്യാനികളും മിര്‍സാഗുലാം അഹ്‌മദ്‌ പ്രവാചകനാണെന്ന്‌ (61:6) ഖാദിയാനികളും ഖുര്‍ആനില്‍ നിന്ന്‌ തെളിവുദ്ധരിച്ച്‌ വാദിച്ചത്‌. ഖുര്‍ആനിനെ ഉപയോഗിച്ചുള്ള ഇതേ കുതന്ത്രമാണ്‌ അലി(റ)വിന്റെ കുടുംബത്തെ അതിമാനുഷരാക്കാന്‍ ശീഇസം(32:33) സ്വഹാബികളെ ഇസ്‌ലാമില്‍നിന്ന്‌ പുറത്തുപോയവരാക്കാന്‍ വവാരിജസവും(6:58) യുക്തിക്ക്‌ അപ്രമാദിത്വം നല്‍കാന്‍ മുഅ്‌തസലിസവും(4:82) അല്ലാഹുവിന്‌ ശരീരാവയവങ്ങളുണ്ടെന്ന്‌ പറയാന്‍ വഹാബിസവും (20:5) സര്‍ക്കാര്‍ ജോലി സ്വീകരിക്കാന്‍ പാടില്ലെന്ന്‌ സ്ഥാപിക്കാന്‍ മൗദൂദിസവും(12:40) പ്രയോഗിച്ചത്‌.

നബി(സ)യുടെ വഫാത്തിന്റെ സമയത്ത്‌ പോലും ഭിന്നതകള്‍ ഉടലെടുത്തപ്പോള്‍ അബൂബക്കര്‍ സിദ്ധീഖ്‌(റ) സ്വീകരിച്ച നയനിലപാടുകള്‍ ശ്രദ്ധേയമായിരുന്നു. നബി(സ) യുടെ അന്ത്യവിശ്രമത്തിന്റെ സ്ഥലം എവിടെയാവണമെന്ന അഭിപ്രായ ഭിന്നത പരിഹരിക്കുന്നതിലും സിദ്ധീഖ്‌(റ) വിജയം വരിച്ചിരുന്നു. ഖിലാഫത്തിന്റെ വിഷയത്തിലും ഇപ്രകാരം ഭിന്നസ്വരങ്ങളും പിന്നീടുള്ള ഏകീകരണ യത്‌നങ്ങളും കാണാന്‍ സാധിക്കും. ഖിലാഫത്തുര്‍റാശിദയുടെ ആദ്യകാലത്ത്‌ വിഫലമായ കുതന്ത്രങ്ങള്‍ പിന്നീട്‌ ഇബ്‌നുസബഇന്റെ നേതൃത്വത്തില്‍ ശത്രുക്കള്‍ ഒരുമിച്ചു പ്രയോഗിക്കുകയായിരുന്നു. ഹസ്രത്ത്‌ ഉസ്‌മാന്‍(റ)ന്റെ ഭരണകാലത്താണ്‌ അതുണ്ടായത്‌. അദ്ദേഹത്തിന്റെ വധത്തില്‍ അത്‌ കലാശിക്കുകയും ചെയ്‌തു.
ഖവാരിജുകള്‍: പ്രവാചക പ്രവചനം പോലെ...
ഉസ്‌മാന്‍(റ)വിന്റെ ഘാതകരെ പിടികൂടണമെന്ന്‌ ആവശ്യപ്പെട്ട ആഇശ(റ)യും സ്വഹാബിമാരായ ത്വല്‍ഹ(റ) സുബൈര്‍(റ) എന്നിവരുമൊക്കെ അലി(റ)നെതിരെ ചില തെറ്റിദ്ധാരകളോടെ യുദ്ധത്തിനെത്തി. അലി(റ)വിന്‌ അവരെ നേരിടേണ്ടി വരികയും ത്വല്‍ഹ(റ) യും സുബൈര്‍(റ)വും അടക്കം 1000 - ത്തോളം പേര്‍ കൊല്ലപ്പെടുകയും ചെയ്‌തു. പിന്നീട്‌ സിഫ്‌ഫീന്‍ യുദ്ധവുമുണ്ടായി. ഖുര്‍ആന്‍ കുന്തമുനയില്‍ ഉയര്‍ത്തികാണിച്ച മുആവിയ പക്ഷത്തോട്‌ ഒടുവില്‍ മധ്യസ്ഥചര്‍ച്ച(തഹ്‌കീം) നടത്താന്‍ അലി(റ) തയ്യാറായി. പിന്നീട്‌ നടന്നത്‌ ചില വിചിത്ര വാദങ്ങളാണ്‌. അലിപക്ഷത്തെ ഇറാഖികള്‍ പറഞ്ഞു. ``മതപരമായ വിഷയങ്ങളില്‍ മനുഷ്യനെ വിധികര്‍ത്താക്കളാക്കല്‍ ഇസ്‌ലാമില്‍ നിന്ന്‌ പുറത്തുപോവുന്ന കാര്യമാണ്‌. തീരുമാനമെടുത്ത അലി, മുആവിയ, മധ്യസ്ഥര്‍ എല്ലാം കാഫിറുകളാണ്‌. വിധി അല്ലാഹുവിന്‌ മാത്രമാണ്‌.'' ഇത്തരം വാദങ്ങളുന്നയിച്ച്‌ അലി(റ)വിനെ അധിേക്ഷപിച്ച്‌ അദ്ദേഹത്തിന്റെ സൈന്യത്തില്‍ നിന്ന്‌ പുറത്തുപോയവരാണ്‌ ഖവാരിജുകള്‍. പന്ത്രണ്ടായിരം ആളുകള്‍ ഇപ്രകാരം ആ സൈന്യത്തില്‍ നിന്ന്‌ പുറത്തുപോന്നു. കൂഫയിലേക്ക്‌ മടങ്ങാതെ `ഹറൂറാഅ്‌' എന്ന സ്ഥലത്ത്‌ അവര്‍ തമ്പടിച്ചു. ഖവാരിജുകള്‍ ഹറൂറാഇല്‍ നിന്നും നഹ്‌റുവാനിലേക്ക്‌ മാറിത്താമസിച്ചു. ഈ സമയങ്ങളിലെല്ലാം പല ഇസ്‌ലാമിക വിശ്വാസാചാരങ്ങളെയും അവര്‍ ചോദ്യം ചെയ്യുന്നുണ്ടായിരുന്നു. ഇതിനിടയില്‍ ഖബാബ്‌ (റ) എന്ന സ്വഹാബിയുടെ പുത്രന്‍ അബ്‌ദുല്ല (റ) യെയും ഭാര്യയെയും ഇവര്‍ കഴുത്തറുത്ത്‌ കൊലപ്പെടുത്തി. വിവരമറിഞ്ഞ്‌ അലി (റ) വിന്റെ സൈന്യം നഹ്‌റുവാനിലേക്ക്‌ പുറപ്പെട്ടു. അലി (റ) അവരുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ സത്യം മനസ്സിലാക്കിയ പലരും തിരിച്ചുവന്നു. ഏറ്റുമുട്ടാന്‍ തയ്യാറായവരില്‍ 9 പേരൊഴികെ എല്ലാ ഖവാരിജുകളും കൊല്ലപ്പെട്ടു. രക്ഷപെട്ട ഒന്‍പതുപേര്‍ പിന്നീട്‌ യമന്‍, സജിസ്ഥാന്‍, ഒമാന്‍, ജസീറ തുടങ്ങിയ സ്ഥലങ്ങളിലേക്ക്‌ ഓടിപ്പോവുകയും അവിടങ്ങളില്‍ തങ്ങളുടെ കുതന്ത്രങ്ങള്‍ക്ക്‌ വിത്ത്‌ വിതക്കുകയും ചെയ്യുകയായിരുന്നു. ഇവരുടെ പ്രവര്‍ത്തനം സ്വഹാബത്തിനെ വെറുക്കുന്ന ഒരു സംഘത്തെ രൂപപ്പെടുത്താന്‍ പ്രേരകമായി. അതിന്റെ ഫലമായാണ്‌ ഹിജ്‌റ 38 - ല്‍ റമളാനില്‍ സുബ്‌ഹി നിസ്‌കാരത്തിന്‌ വരുന്ന അലി(റ)വിനെ ഇബ്‌നു മുല്‍ജിം എന്ന വ്യക്തി കൊലപ്പെടുത്തിയത്‌. അലി(റ)വിനെ ആഞ്ഞുവെട്ടുമ്പോഴും അയാള്‍ ഒരു മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു; ലാ ഹുകുമ ഇല്ലാലില്ലാഹ്‌, ലൈസ ലക യാ അലീ, വലാലി അസ്വ്‌ഹാബിക്‌ (അല്ലാഹുവിനു മാത്രമാണ്‌ വിധിക്കാന്‍ അധികാരം, നിനക്കും നിന്റെ അനുയായികള്‍ക്കും അല്ല, അലീ...), ഖവാരിജുകളെക്കുറിച്ച്‌ സൂചിപ്പിക്കുന്ന നബി(സ)യുടെ പ്രവചനത്തില്‍ വില്ലില്‍ നിന്ന്‌ അമ്പ്‌ തെറിക്കുന്നത്‌ പോലെ ദീനില്‍ നിന്ന്‌ അവര്‍ തെറിച്ചുപോകും എന്ന്‌ വിശേഷിപ്പിച്ചതു കാണാം. പ്രസ്‌തുത പ്രവചനത്തിന്റെ ഗുണഗണനങ്ങള്‍ സമ്മേളിച്ചതുകൊണ്ടാണ്‌ `മാരിഖ'(തെറിച്ചുപോയവര്‍) എന്ന്‌ അവരെ വിളിക്കപ്പെട്ടത്‌. കൂടാതെ മുഹക്കിമ, ഹറൂറിയ്യ, നവാസ്വിബ്‌, ശൂറാത്ത്‌, ഹുക്‌മിയ്യ, തുടങ്ങിയ പേരുകളിലും ഖവാരിജുകള്‍ അറിയപ്പെട്ടിട്ടുണ്ട്‌. അസാരിഖ, നജദാത്ത്‌, അജാരിദ, സആലിബ തുടങ്ങിയ വിഭാഗങ്ങള്‍ ഖവാരിജിസത്തിന്റെ ഉപഘടകങ്ങളാണ്‌. ഇവരെല്ലാം കാലങ്ങള്‍ക്കുശേഷം നശിച്ചു നാമാവശേഷമായെങ്കിലും ഖവാരിജുകളുടെ ആധുനിക രൂപമാണ്‌ `ഇബാളികള്‍'. വടക്കേ ആഫ്രിക്കയിലാണ്‌ `ഇബാളിസം' കൂടുതല്‍ പ്രചാരം നേടിയത്‌. അബ്‌ദതുല്ലാഹിബ്‌നു ഇബാളാണ്‌ ആചാര്യന്‍. പരലോകത്ത്‌ വെച്ച്‌ അല്ലാഹുവിനെ ദര്‍ശിക്കുകയില്ല, ഖുര്‍ആന്‍ അല്ലാഹുവിന്റെ സൃഷ്‌ടിയാണ്‌ മുസ്‌ലിം സമുദായത്തില്‍ തങ്ങളുടെ എതിരാളികള്‍ മുഅ്‌മിനും മുശ്‌രിക്കുമല്ലാത്ത കാഫിറുകളാണ്‌. എങ്കിലും അവരുമായി വിവാഹ ബന്ധവും അനന്തരാവകാശവും അനുവദനീയമാണ്‌. മീസാന്‍, സ്വിറാത്ത്‌ പാലം എന്നിവയെ കുറിച്ച്‌ ഖുറാനിലും ഹദീസിലും വന്ന പരാമര്‍ശങ്ങള്‍ ആലങ്കാരികം മാത്രമാണ്‌. യാഥാര്‍ത്ഥ്യമല്ല.... തുടങ്ങിയവ ഇവരുടെ വാദഗതികളില്‍ ചിലതാണ്‌.
ശീഇസം: വിശ്വാസ ചൂഷണത്തിന്റെ ചുരുക്കെഴുത്ത്‌...
ശീഅത്തുഅലി (അലിയുടെ കക്ഷി) എന്നതില്‍ നിന്നാണ്‌ ശീഇസം ഉടലെടുത്തത്‌. ജമല്‍, സ്വിഫ്‌ഫീന്‍ സംഘട്ടനങ്ങളില്‍ അലി(റ)വിന്റെ പക്ഷത്തുനില്‍ക്കുകയും അദ്ദേഹത്തിനുവേണ്ടി പോരാടുകയും ചെയ്‌തവരാണ്‌ ശീഅത്ത്‌ അലി. അവര്‍ മാര്‍ഗഭ്രംശം സംഭവിച്ചവരോ പുത്തന്‍ വാദികളോ അല്ല. ശീളകള്‍ എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നതും ഇവരെയല്ല. മറിച്ച്‌ അലി(റ)വിന്റെ പക്ഷത്താണെന്ന്‌ പറഞ്ഞ്‌ രംഗത്തുവരികയും നബി കുടുംബത്തോടുള്ള വിശ്വാസികളുടെ ആദരവ്‌ ചൂഷണം ചെയ്‌ത അലി(റ)വിനെ അധിമാനുഷനാക്കി ഉയര്‍ത്തുകയും ചെയ്‌തവരാണ്‌. ഉസ്‌മാന്‍(റ)വിന്റെ കാലത്ത്‌ പ്രത്യക്ഷത്തില്‍ ഇസ്‌ലാം സ്വീകരിച്ച ജൂതനായ അബ്‌ദുല്ലാഹിബ്‌നു സബഅ്‌ ആയിരുന്നു വാസ്‌തവത്തില്‍ ശീഇസത്തിന്റെ ഉപജ്ഞാതാവ്‌. ഇമാമത്ത്‌ വാദമാണ്‌ മുഴുവന്‍ ശിയാ വിഭാഗങ്ങളുടെയും ആശയാടിത്തറ. നുബുവ്വത്ത്‌ പോലെ ഇമാമത്തും അല്ലാഹു നേരിട്ട്‌ നിശ്ചിയിക്കുന്നതാണെന്ന്‌ ഇവര്‍ വിശ്വസിച്ചിരുന്നു. മുഹമ്മദ്‌ നബി(സ)തന്റെ പിന്‍ഗാമിയായി അലി(റ) വിനെ നിശ്ചയിച്ചുവെന്നും അത്‌ സമുദായത്തോട്‌ തുറന്നുപറഞ്ഞുവെന്നും അതുകൊണ്ട്‌ പ്രഥമ ഖലീഫയും ഇമാമും അലി(റ)യാണെന്നും അദ്ദേഹം സ്വഹാബികളില്‍ അത്യുന്നതരും നബിയുടെ വലിയ്യുമാണെന്നും ഇവര്‍ വാദിക്കുന്നു. ഈ വാദങ്ങള്‍ അവരെ അബൂബക്കര്‍(റ) ഉമര്‍(റ) എന്നിവരേക്കാള്‍ അലി(റ)യെ ഉത്തമനാക്കി ചിത്രീകരിക്കാനും ഒന്നാം ഖലീഫയാകാന്‍ അര്‍ഹന്‍ അദ്ദേഹം മാത്രമാണെന്നു വിശ്വസിക്കാനും അവരെ പ്രേരിപ്പിച്ചു. ഈ ആശയം അവരെ ഉന്നതരായ സ്വഹാബത്തിനെ ആക്ഷേപിക്കാനും മതഭ്രഷ്‌ടരാക്കാനും അവര്‍ക്ക്‌ പ്രചോദനമേകി. നബി(സ)യും അലി(റ)യും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്ന്‌ വാദിക്കുന്ന `ഗുറാബിയ്യ' ക്കാരും പുത്തന്‍ ചിന്തകള്‍ക്ക്‌ തുടക്കം കുറിച്ച കൈസാനിയ്യ, സൈദിയ്യ തുടങ്ങിയ നിരവധി വിഭാഗങ്ങളായാണ്‌ അവര്‍ നിലനിന്നത്‌.

ഇറാന്‍, ഇറാഖ്‌, ഇന്ത്യ, പാകിസ്ഥാന്‍, സിറിയ, ലബനാന്‍ എന്നീ രാജ്യങ്ങളില്‍ ശീഇസം ഇപ്പോഴും നിലനില്‍ക്കുന്നു. വിവിധ കാലങ്ങളിലുണ്ടായ ഭിന്നതകള്‍ വിവിധ കഷ്‌ണങ്ങളാക്കി മാറ്റി പലതും നാമാവശേഷമാവുകയായിരുന്നു. ഇപ്പോഴത്തെ ശീഇകള്‍ പ്രധാനമായും രണ്ട്‌ വിഭാഗമാണ്‌. ഇസ്‌നാ അശ്‌രിയ്യ, ഇമാമിയ്യ, കേരളത്തില്‍ ഒരു കാലഘട്ടത്തില്‍ ശീഇകളുടെ ആഗമനങ്ങളുമുണ്ടായിട്ടുണ്ട്‌. കൊണ്ടോട്ടി ആസ്ഥാനമാക്കി അവര്‍ പ്രവര്‍ത്തിച്ചിരുന്നു. മമ്പുറം തങ്ങന്മാരുടേയും പൊന്നാനി മഖ്‌ദൂമുമാരുടെയും ശക്തമായ പ്രതിരോധം കാരണം അവര്‍ക്ക്‌ ഇവിടെ പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. ഇന്ത്യയില്‍ ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലക്‌നൗവില്‍ ശീഈ പ്രതാപത്തിന്റെ അവശിഷ്‌ടങ്ങള്‍ ഇപ്പോഴും കാണാം.
മുഅ്‌തസിലിസം: മുപ്പത്തിയെട്ടടവും പയറ്റിതോറ്റവര്‍

മുസ്‌ലിംകളിലെ യുക്തിവാദികള്‍ എന്നാണ്‌ പല ചരിത്രപണ്ഡിതന്മാരും മുഅ്‌തസിലുകളെ പരിചയപ്പെടുത്തുന്നത്‌. വിശ്വാസ തത്വങ്ങളെയും ആദര്‍ശ സംഹിതകളെയും യുക്തിയുടെ അളവുകോലുപയോഗിച്ച്‌ പാകപ്പെടുത്താന്‍ ശ്രമിക്കുകയും ബൗദ്ധികമായി വ്യാഖ്യാനിക്കുകയും ചെയ്യുന്ന ഒരു ചിന്താ പ്രസ്ഥാനമാണ്‌ മുഅ്‌തസിലിസം. അമവീ - അബ്ബാസീ ഭരണ കാലയളവില്‍ രൂപംകൊള്ളുകയും വളരുകയും ചെയ്‌ത ഈ പ്രസ്ഥാനം നൂറ്റാണ്ടുകളോളം മുസ്‌ലിം ലോകത്ത്‌ തര്‍ക്കവിതര്‍ക്കങ്ങള്‍ക്കും സംവാദങ്ങള്‍ക്കും തിരികൊളുത്തിയിരുന്നു. വലിയ ബുദ്ധിജീവികളും ധിഷണാശാലികളും അണിനിരന്ന ഈ പ്രസ്ഥാനം നിരവധി അഭ്യസ്‌തവിദ്യരെ ആകര്‍ഷിക്കുകയും ഭരണകൂടങ്ങളെ സ്വാധീനിക്കുകയും ചെയ്‌തിരുന്നു. പക്ഷെ, മുഅ്‌തലിസം കാലത്തെ അതിജയിച്ചില്ല. അവരുടെ യുക്തിപരതയും ന്യായാന്യായങ്ങളും പ്രാമാണിക സമര്‍ത്ഥനങ്ങള്‍ക്കു മുമ്പില്‍ അടിപതറുകയായിരുന്നു. മുഅ്‌തസിലിയ്യത്തിന്റെ സവിശേഷതകളെല്ലാം ഉള്‍കൊള്ളുന്ന ഒരു പ്രസ്ഥാനം ഇന്ന്‌ നിലവിലില്ല. എങ്കിലും അതിന്റെ സ്വാധീനം പില്‍ക്കാലത്ത്‌ മുസ്‌ലിം ലോകത്ത്‌ ഉടലെടുത്ത മിക്ക അവാന്തര പ്രസ്ഥാനങ്ങളിലും ഉണ്ടായിട്ടുണ്ട്‌. ഖുര്‍ആനില്‍ നിന്നും തിരുഹദീസില്‍ നിന്നും നേരിട്ടു ഗവേഷണം നടത്തി ഇന്ന്‌ പലരും പുറത്തുവിടുന്ന ആശയങ്ങള്‍ മുമ്പ്‌ മുഅ്‌തസിലുകള്‍ ഉന്നയിച്ചതും അതിനെ ഇമാമുകള്‍ പ്രതിരോധിച്ചതുമായിരുന്നു. മുഅ്‌തസലി, ഖദ്‌രിയ്യ, അദ്‌ലിയ്യ, മുഖ്‌തസിദ, വഈദിയ്യ തുടങ്ങിയ പേരുകളിലെല്ലാം ഈ വിഭാഗം അറിയപ്പെട്ടിട്ടുണ്ട്‌. വാസ്വിന്‍ ബിന്‍ അത്വ്‌യാണ്‌ ഈ ചിന്താധാരയുടെ സ്ഥാപകന്‍.

ജമല്‍, സ്വിഫ്‌ഫീന്‍ യുദ്ധങ്ങളില്‍ മുസ്‌ലിംകളുടെ വിശ്വാസാവസ്ഥയെ കുറിച്ചായിരുന്നു അക്കാലത്തെ ചര്‍ച്ചകളിലൊന്ന്‌. തദ്‌വിഷയകമായി ഇമാം ഹസനുല്‍ ബസ്വരിയോട്‌ ചോദിക്കപ്പെട്ടു. അദ്ദേഹം മറുപടി പറയാനിരിക്കെ തന്റെ ശിഷ്യഗണങ്ങളില്‍പ്പെട്ട വാസ്വില്‍ ബിന്‍ അത്വാ എന്ന ശിഷ്യന്‍ ഇടക്കുകയറി ധിക്കാര സ്വരത്തില്‍ മറുപടി പറഞ്ഞു. ``അവര്‍ കാഫിറും മുസ്‌ലിമും അല്ല. രണ്ടിനും ഇടയിലാണ്‌ അവരുടെ സ്ഥാനം'' തീര്‍ത്തും അസംതൃപ്‌തനായ ഹസനന്‍ ബസ്വരി പറഞ്ഞു. `ഖദ്‌ ഇഅത്‌തസലഅന്നാ'(അവന്‍ നമ്മില്‍ നിന്നും വിഘടിച്ചുപോയി). മുഅ്‌തസലി പ്രസ്ഥാനത്തിന്റെ ഉത്ഭവത്തിന്റെയും പേരിന്റെ പശ്ചാത്തലം ഇതായിരുന്നു.

മുഅ്‌തസിലുകളുടെ വിശ്വാസത്തിലും ക്രമേണ അനവധി വിഷയങ്ങളിലും ഭിന്നത ഉണ്ടായിട്ടുണ്ട്‌. ഇസ്‌ലാമിന്റെ അടിസ്ഥാനമായ തൗഹീദില്‍ തന്നെ പിഴച്ചവരാണ്‌ മുഅ്‌തസിലുകള്‍. അല്ലാഹുവിന്റെ സത്തമാത്രമാണ്‌ അനാദി എന്നും ഗുണങ്ങളെ അപ്രകാരമാക്കല്‍ ശിര്‍ക്കാണെന്നും അവര്‍ വാദിച്ചു. സ്വര്‍ഗത്തില്‍ വെച്ച്‌ അല്ലാഹുവിനെ ദര്‍ശിക്കാന്‍ കഴിയുമെന്ന മുസ്‌ലിം വിശ്വാസത്തെയും അവര്‍ ചോദ്യം ചെയ്‌തു. മുഅ്‌തസിലുകളുടെ തൗഹീദ്‌ വ്യതിയാനത്തിന്റെ അനന്തര ഫലങ്ങളിലൊന്നായിരുന്നു ഖുര്‍ആന്‍ സൃഷ്‌ടിവാദം. അബ്ബാസീ ഭരണകാലത്താണ്‌ ഇതിന്‌ കൂടുതല്‍ പ്രചാരം ലഭിച്ചത്‌.

ഹിജ്‌റ 120-ല്‍ ജആദ്‌ ബിന്‍ ദിര്‍ഹമാണ്‌ ലോകത്ത്‌ ആദ്യമായി ഖുര്‍ആന്‍ അല്ലാഹുവിന്റെ സൃഷ്‌ടിയാണെന്ന്‌ പ്രസ്‌താവിച്ചത്‌. ഹാറൂണ്‍ റഷീദിന്റെ മരണശേഷം ഖലീഫയായ മകന്‍ മഅ്‌മൂനിനെ വളരെ വേഗത്തില്‍ സ്വാധീനിക്കാന്‍ മുഅ്‌തസിലുകള്‍ക്ക്‌ സാധിച്ചു. മുഅ്‌തസിലീ പണ്ഡിതനായ അബൂഹുദൈല്‍ ഹംദാന്റെ ശിഷ്യത്വം സ്വീകരിക്കാന്‍ ഖലീഫ തയ്യാറായതോടെ അവരുടെ സുവര്‍ണ്ണ കാലഘട്ടത്തിന്‌ പ്രാരംഭം കുറിക്കുകയായിരുന്നു. ഹിജ്‌റ 212 ല്‍ അവരുടെ വാദങ്ങള്‍ക്ക്‌ ഔദ്യോഗിക അംഗീകാരം നല്‍കി ഖലീഫ ഉത്തരവിട്ടു. പിന്നീട്‌ നിര്‍ബന്ധമായി അംഗീകരിപ്പിക്കാന്‍ ഖലീഫ ശ്രമിച്ചു. അംഗീകരിക്കാത്ത പണ്ഡിതരെയും മുഹദ്ദിസുകളെയും കൊലപ്പെടുത്തുവാനും ആക്രമിക്കാനും ഭരണകൂടം തയ്യാറായി. മദ്‌ഹബിന്റെ ഇമാമായ അഹ്‌മദ്‌ ബിന്‍ ഹമ്പല്‍ അടക്കം ധാരാളം പണ്ഡിതന്‌മാര്‍ ഇവരുടെ അതിക്രമങ്ങള്‍ക്ക്‌ ഇരയായിട്ടുണ്ട്‌. മുഅ്‌തസിമും വാസിഖുമൊക്കെ അതേ മാര്‍ഗം പിന്തുടര്‍ന്നുവെങ്കിലും വാസിഖിന്‌ അവസാന കാലത്ത്‌ മനംമാറ്റമുണ്ടായി. തുടര്‍ന്ന്‌ അധികാരത്തിലെത്തിയ സഹോദരന്‍ മുത്തവത്തിലിന്റെ കാലത്ത്‌ മുഅ്‌തസിലുകളെ അധികാരത്തില്‍ നിന്നും മാറ്റി. പീഢനങ്ങള്‍ക്ക്‌ ഇരയായവരെ സഹായിക്കുകയും അഹ്‌മദ്‌ ബിന്‍ ഹമ്പല്‍(റ)വിന്‌ ജയില്‍ മോചനം നല്‍കുകയും ചെയ്‌ത പുതിയ ഖലീഫ അഹ്‌ലുസ്സുന്നയെ സഹായിക്കാന്‍ സന്നദ്ധനായി. യുക്തിയെ യുക്തി കൊണ്ടും ഫിലോസഫിയെ ഫിലോസഫി ഉപയോഗിച്ചും നമ്മുടെ ഇമാമുകല്‍ നേരിട്ടപ്പോള്‍ ഈ `ബൗദ്ധികപ്പട' തോറ്റോടുകയായിരുന്നു.

മുര്‍ജിഅ, ജബ്‌രിയ്യ, ജഹ്‌മിയ്യ, മുഅത്തില, മുജസ്സിമ തുടങ്ങിയ അവാന്തര പ്രസ്ഥാനക്കാരും വിവിധ വാദഗതികളുമായി പില്‍ക്കാലത്ത്‌ രംഗത്തുവന്നെങ്കിലും അഹ്‌ലുസ്സുന്നത്തി വല്‍ജമാഅയുടെ സത്യവസ്‌തുക്കള്‍ക്കു മുമ്പില്‍ വിറങ്ങലിച്ച്‌ മുട്ടുമടക്കാനായിരുന്നു അവരുടെയെല്ലാം വിധി. സത്യത്തെ എത്ര തന്ത്രപരമായി ഒളിപ്പിച്ചു വെക്കാന്‍ ശ്രമിച്ചാലും അത്‌ പുറത്തുവരിക തന്നെ ചെയ്യുമെന്ന്‌ കാലം തെളിയിക്കുകയായിരുന്നു.
വഹാബിസം: വീണുടഞ്ഞ ചില്ലുമാളിക

എ.ഡി. 18-ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്റെ സര്‍വ്വവിധ പ്രോത്സാഹനങ്ങളും ഏറ്റുവാങ്ങി വളര്‍ന്നുവന്ന മത നവീകരണ പ്രസ്ഥാനമാണിത്‌. പിശാചിന്റെ കൊമ്പ്‌ ഉദയം ചെയ്യുന്നിടമെന്ന്‌ പ്രവാചകന്‍(സ) വിശേഷിപ്പിക്കുകയും അനുഗ്രഹത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ വിസമ്മതിക്കുകയും ചെയ്‌ത സഊദി അറേബ്യയുടെ കിഴക്കുഭാഗത്തുള്ള `നജ്‌ദി'ല്‍ ജനിച്ച മുഹമ്മദ്‌ ബിന്‍ അബ്‌ദില്‍ വഹാബ്‌(1703 - 1787) ആണ്‌ വഹാബിസത്തിന്റെ സ്ഥാപകന്‍. കള്ളപ്രവാചകനായ മുസൈലിമയും വിഘടനവാദികളായ ഖവാരിജുകളും ഉദയം ചെയ്‌തതും നജ്‌ദിലാണെന്നത്‌ ഇതിനോട്‌ ചേര്‍ത്തുവായിക്കാവുന്നതാണ്‌. വികലവും വികൃതവുമായ ദൈവസങ്കല്‍പം അവതരിപ്പിച്ച ഇബ്‌നു തീമിയ്യയുടെ ചിന്തകള്‍ പ്രചരിപ്പിക്കാനാണ്‌ വഹാബിസം ആദ്യം ശ്രമിച്ചത്‌. അതിനായി ഭരണാധികാരികളെ സ്വാധീനിക്കുകയും അവരുടെ പിന്തുണയോടെ ആശയ പ്രചാരണം നടത്തുകയും ചെയ്‌തു. മണ്‍മറഞ്ഞ മഹാത്മക്കളോട്‌ പ്രകടിപ്പിക്കുന്ന ആദരവ്‌, അവരെ മധ്യവര്‍ത്തികളാക്കിയുള്ള സഹായാര്‍ത്ഥന, അവരുടെ മഖ്‌ബറകളില്‍ നടക്കുന്ന സിയാറത്ത്‌, ആത്മീക സരണിയായ ത്വരീഖത്തുകളുമായുള്ള ബന്ധം, തുടങ്ങിയവരുടെ പേരില്‍ മുസ്‌ലിം ലോകത്തെ മതഭ്രഷ്‌ടരാക്കി ചീത്രികരിച്ചുകൊണ്ടാണ്‌ വഹാബിസം രംഗപ്രവേശം ചെയ്‌തത്‌. തൗഹീദും ശിര്‍ക്കും വേര്‍തിരിക്കാനുള്ള ഏക മാനദണ്ഡമായി യുക്തിയെ സ്വീകിരച്ചുവെന്നാണ്‌ അവര്‍ക്ക്‌ പിണഞ്ഞ പ്രജ്ഞാപരാധം.

തബര്‍റുക്‌, തവസ്സുല്‍, ഇസ്‌തിഗാസ തുടങ്ങിയവ ശിര്‍ക്കാണെന്നും അത്‌ ചെയ്യുന്നവര്‍ മുശിരിക്കുകളാണെന്നും വാദിച്ച്‌ ഒരു ജനതയെ മുഴുവന്‍ മതഭ്രഷ്‌ട്‌ കല്‍പിച്ച്‌ ആനന്ദം കണ്ടെത്തുകയായിരുന്നു വഹാബികള്‍. ശിര്‍ക്കാരോപണത്തിന്റെ ഉപജ്ഞാതാവായ ഇബ്‌നു തീമിയ്യ പുലര്‍ത്തിയ സൂക്ഷ്‌മത പോലും വഹാബികല്‍ പുലര്‍ത്തിയില്ല. മഹാത്മാക്കളെ മധ്യവര്‍ത്തികളാക്കി നടത്തുന്ന പ്രാര്‍ത്ഥന(തവസ്സുല്‍)യോട്‌ അല്‍പം മിതമായ നിലപാടാടാണ്‌ ഇബ്‌നു തിമിയ്യ സ്വീകരിച്ചത്‌. നബി(സ)യെ തവസ്സുലാക്കി പ്രാര്‍ത്ഥിക്കുന്നത്‌ അനുവദനീയമാണെന്ന്‌ അദ്ദേഹം പ്രസ്‌താവിക്കുകയും ചെയ്‌തു. എന്നാല്‍ വഹാബികളാവട്ടെ നബി(സ)യെ ഇടയാളനാക്കി പ്രാര്‍ത്ഥിക്കുന്നവരെ പോലും ശിര്‍ക്കിന്റെ കരിമ്പട്ടികയിലാണ്‌ എണ്ണിയത്‌. ശിര്‍ക്കിന്റെയും ബിദ്‌അത്തിന്റെയും പുത്തന്‍ വ്യാഖ്യാനങ്ങള്‍ വിരചിച്ച്‌ ഇസ്‌ലാമിക ചരിത്രത്തിലൊരിടത്തും മാതൃകായോഗ്യരില്ലെന്നും അതിന്റെ അകം ശൂന്യവും തമസ്സാര്‍ന്നതാണെന്നും സ്ഥാപിക്കാനാണ്‌ വഹാബിസം വെമ്പല്‍ കൊണ്ടത്‌.

ബ്രിട്ടീഷ്‌ ചാരനായ ഹംഫറും മുഹമ്മദ്‌ ബിന്‍ അബ്‌ദില്‍ വഹാബും തമ്മില്‍ നടന്ന രഹസ്യ ബാന്ധവത്തിന്റെ ഉല്‍പന്നമായിരുന്നു വഹാബിസം. എ.ഡി. 1724 ല്‍ അബ്‌ദുല്‍ വഹാബ്‌ ബസ്വറയിലെത്തിയ സമയത്തുതന്നെയാണ്‌ ഹംഫറും അവിടെയെത്തിയത്‌. മുസ്‌ലിംകളെ പാരമ്പര്യ വിശ്വാസധാരയില്‍ നിന്നും അകറ്റി സാമ്രാജ്യത്വ ദാസന്മാരാക്കി തീര്‍ക്കാന്‍ അവര്‍ നടത്തിയ ഗൂഢാലോചന `മുദാക്കിറത്തു മിസ്റ്റര്‍ ഹംഫര്‍' അല്‍ ജാസൂല്‍ ബരിത്വഹീ ഫീ ബിലാദില്‍ ഇസ്‌ലാലിയ്യ (ഇീഹീിശമശേീി ശറലമ ങൃ. ഔാുൃൃശ െങലാീൃശല െ വേല ഋിഴഹശവെ ു്യെ ശി കഹെമാശര രീൗിൃേശല)െപോലുള്ള ഗ്രന്ഥങ്ങളില്‍ വായന സാധ്യമാണ്‌.

പില്‍ക്കാലത്ത്‌ ജമാലുദ്ധീന്‍ അഫ്‌ഗാനി(1838 1898) മുഹമ്മദ്‌ അബ്‌ദു(18491905) റശീദ്‌ രിള(1865- 1935) എന്നിവരാണ്‌ വഹാബിസത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്നത്‌. ഇവര്‍ മാറ്റിപ്പണിത ആശയത്തെ സ്വീകരിച്ചവര്‍ ഇസ്‌ലാഹീ പ്രസ്ഥാനക്കാര്‍ എന്നും അബ്‌ദുല്‍ വഹാബിന്റെ ചിന്താധാരയില്‍ ഉറച്ചുനിന്നവര്‍ ഗള്‍ഫ്‌ സലഫികളെന്നും പിന്നീട്‌ അറിയപ്പെട്ടു. ഈ ത്രിമൂര്‍ത്തികല്‍ ജൂത ഭീകര സംഘടനയായ മസോണിസത്തിന്റെ വക്താക്കളായിരുന്നുവെന്നത്‌ അറിയപ്പെടാതെ പോയ ഒരു ചരിത്ര സത്യമാണ്‌. മുസ്‌ലിംകള്‍ക്കിടയില്‍ ജൂത കുതന്ത്രങ്ങള്‍ നടപ്പിലാക്കാനാണ്‌ ഇവര്‍ കിണഞ്ഞുപരിശ്രമിച്ചത്‌. മസോണിസ്റ്റ്‌ വിജ്ഞാന കോശത്തില്‍ പറയുന്നു. ``ബൈറുത്തിലെ പ്രസിദ്ധ മസോണിസ്റ്റായി വന്നു, ഹന്ന അബൂറഷീദ്‌. മിസ്‌റിലെ മസോണിസ്റ്റ്‌ നേതാവായിരുന്നു ജമാലുദ്ദീന്‍ അഫ്‌ഗാനി. അതിലെ അംഗങ്ങളെല്ലാം പണ്ഡിതന്‍മാരും ഭരണരംഗത്തെ പ്രഗത്ഭരുമായിരുന്നു. പിന്നീട്‌ അതിന്റെ നേതാവ്‌ ഉസ്‌താദ്‌ മുഹമ്മദ്‌ അബ്‌ദുവായി. അദ്ദേഹം ഉയര്‍ന്ന മസോണിസ്റ്റായിരുന്നു.(ദാ ഇറത്തുല്‍ മആരിഫില്‍ മാസൂനിയ്യ: 197).'' ഇസ്‌ലാമിനെ പൊളിച്ചെഴുതാന്‍ വലിയ സാമ്പത്തിക സഹായമാണ്‌ ബ്രിട്ടന്‍ ഇവര്‍ക്ക്‌ നല്‍കിയത്‌. ബ്രിട്ടീഷ്‌ ധനകാര്യ സെക്രട്ടറി മിഷല്‍ ഇന്നസ്‌ ആണത്രെ `ഇസ്‌ലാഹിസം' പ്രചരിപ്പിക്കാന്‍ റഷീദ്‌ രിളക്ക്‌ സാമ്പത്തിക സഹായങ്ങള്‍ ഉറപ്പുവരുത്തിയത്‌. ഇതു തിരിച്ചറിഞ്ഞ ഇസ്‌മാനീ ഗവര്‍ണര്‍ ഖേദിവ്‌ ഇസ്‌മായീല്‍ രിളയെ നാടുകടത്താന്‍ വരെ ഉത്തരവിട്ടിരുന്നുവെന്ന്‌ ചരിത്രത്തില്‍ കാണാം. ഈജിപ്‌തിലെ ഇഖ്‌വാനുല്‍ മുസ്‌ലിമീന്‍, ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ജമാഅത്തെ ഇസ്‌ലാമി, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ ആശയ ഉറവ ഈ മസോണിസ്റ്റ്‌ കുബുദ്ധികളായിരുന്നു.
നദ്‌വത്തുല്‍ മുജാഹിദ്ദീന്‍ - കാലം കാത്തുവെച്ച പതന വഴികള്‍

മലബാര്‍ കലാപനാന്തരമുണ്ടായ കലുശിത സാഹചര്യത്തെ ചൂഷണം ചെയ്‌ത്‌ മത നവീകരണ വാദത്തിന്‌ വിത്തിറക്കുകയായിരുന്നു ചില കുത്സിത ശക്തികള്‍. ഇബ്‌നു അബ്‌ദുള്‍ വഹാബിന്റെയും ഈജിപ്‌ഷ്യന്‍ ത്രിമൂര്‍ത്തികളുടെയും നൂതന ആശയങ്ങള്‍ കേരളക്കരയില്‍ പ്രചരിപ്പിക്കാന്‍ നേതൃത്വം വഹിച്ചത്‌ മലബാര്‍ കലാപാനന്തരം സ്വന്തം തടി രക്ഷപ്പെടുത്തി കൊടുങ്ങല്ലൂരിലേക്ക്‌ ഒളിച്ചോടിയ കെ.എം. മൗലവി, ഇ.കെ മൗലവി, എം.സി.സി. അബ്‌ദുറഹിമാന്‍ മൗലവി തുടങ്ങിയവയായിരുന്നു. വക്കം മൗലവിയെപ്പോലുള്ളവര്‍ അവര്‍ക്ക്‌ സര്‍വ്വ പിന്തുണയും നല്‍കി. ആദ്യം ഐക്യസംഘമെന്നും പിന്നീട്‌ മുജാഹിദ്‌ പ്രസ്ഥാനമെന്നും അവര്‍ അറിയപ്പെട്ടു.

മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ ആശയ സ്രോതസ്സ്‌ ഈജിപ്‌ഷ്യന്‍ ത്രിമൂര്‍ത്തികളാണെന്ന്‌ അവരുടെ ഗ്രന്ഥങ്ങള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്‌. ``കേരള മുസ്‌ലിം ഐക്യ സംഘത്തിന്റെ കാലം മുതല്‍ കേരളത്തിലെ നവീകരണ പ്രസ്ഥാനത്തെ സ്വാധീനിച്ചിരുന്ന അറേബ്യന്‍ സ്രോതസ്സ്‌ ഈജിപ്‌ത്‌ ആയിരുന്നതിനാല്‍ ജമാലുദ്ദീന്‍ അഫ്‌ഗാനി, ശൈഖ്‌ മുഹമ്മദ്‌ അബ്‌ദു, സയ്യിദ്‌ റഷീദ്‌ രിളാ(അല്ലാഹു അവരെ അനുഗ്രഹിക്കട്ടെ) തുടങ്ങിയവരുടെ ചിന്തകളാണ്‌ കേരളത്തിലെ പരിഷ്‌കര്‍ത്താക്കളില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയത്‌. (കആകഉ: 14)''

1979 ലെ ഒന്നാം മുജാഹിദ്‌ സമ്മേളനാനന്തരം ഗള്‍ഫ്‌ സലഫികളുമായി ബന്ധപ്പെടാന്‍ തുടങ്ങിയതോടെ മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ അടിവേര്‌ തകരാന്‍ തുടങ്ങുകയായിരുന്നു. മുജാഹിദ്‌ പ്രസ്ഥാനം വെച്ച്‌ പുലര്‍ത്തിപോന്നിരുന്ന ആശയങ്ങള്‍ക്ക്‌ പകരം ഗള്‍ഫ്‌ സലഫികളുടെ ആശയം പാടെ സ്വീകരിക്കാന്‍ പല നേതാക്കളും തയ്യാറായി. അങ്ങിനെയാണവര്‍ ജിന്ന്‌, പിശാച്‌, സിഹ്‌റ്‌, മന്ത്രം എന്നിവയെക്കുറിച്ച്‌ പുനരാലോചന നടത്തുന്നത്‌. മുജാഹിദ്‌ പ്രസ്ഥാനം അന്ധവിശ്വാസമായി പ്രഖ്യാപിച്ച ഇവയെ ഒരു തരത്തിലും പുനരവതരിപ്പിച്ചുകൂടായെന്ന്‌ ഒരു സംഘം ശക്തമായി വാദിച്ചു.

ഗള്‍ഫ്‌ സലഫികളെ സംഘടനാപരമായി ആശ്രയിച്ചിരുന്ന എ.പി. അബ്‌ദുള്‍ഖാദര്‍ മൗലവിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക പക്ഷം അറേബ്യയിലെ ശുദ്ധ വഹാബിസത്തിലേക്കും ഉസൈന്‍ മടവൂര്‍ നേതൃത്വം നല്‍കുന്ന മറുപക്ഷം പഴയ മുജാഹിദ്‌ ആശയങ്ങളിലേക്കും തിരിച്ചുപോകാന്‍ തീരുമാനിച്ചു. ഇതോടെ 2002 ആഗസ്റ്റ്‌ 17 ന്‌ ശുദ്ധ തൗഹീദ്‌ പറഞ്ഞിരുന്നവര്‍ തൗഹീദിന്റെ പേരില്‍തന്നെ രണ്ടായി ചേരിതിരിഞ്ഞു പരസ്‌പരം മുശ്‌രിക്കാക്കല്‍ ആരംഭിച്ചു. ഇപ്പോള്‍ പല ഗ്രൂപ്പുകളും ഉപഗ്രൂപ്പുകളുമായി മുജാഹിദ്‌ പ്രസ്ഥാനം വീണ്ടും പിളര്‍ന്നിരിക്കുകയാണ്‌. ഇത്‌ ചരിത്രത്തിന്റെ ഒരു പാഠമാണ്‌. ഖവാരിജുകളും മുഅ്‌തസിലുകളും ശീഇസവുമെല്ലാം കൊണ്ടുവന്ന ആശയങ്ങളുടെ പേരില്‍ തര്‍ക്കിച്ച്‌ വിഘടിച്ച്‌ വഴിപിരിയുകയായിരുന്നു. അതേ മാര്‍ഗ്ഗത്തിലേക്കാണ്‌ ഇപ്പോള്‍ കേരളത്തിലെ മുജാഹിദ്‌ പ്രസ്ഥാനവും പ്രവേശിച്ചിരിക്കുന്നത്‌. ഇസ്‌ലാമിക വിശ്വാസത്തിന്റെ ആധാര ശിലയായ തൗഹീദിന്റെ കാര്യത്തില്‍ പോലും എടുത്ത തീരുമാനം മാറ്റിയും പുതിയ തീരുമാനം എടുക്കാന്‍ ആവാതെയും നെട്ടോട്ടമോടുന്നവര്‍ ചരിത്രം കാത്തുവെച്ച കൗതുക ചിത്രമായിരിക്കയാണ്‌. അപ്പപ്പോള്‍ ലഭ്യമാവുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ദീന്‍ പറയാന്‍ തുടങ്ങുന്നവര്‍ക്ക്‌ ``ജിന്നുകള്‍'' പോലും തിരിച്ചടി നല്‍കുമെന്ന്‌ മുജാഹിദ്‌ പ്രസ്ഥാനം അനുഭവ വെളിച്ചത്തില്‍ തെളിയിച്ചിരിക്കുകയാണ്‌.  
 
തന്‍സീര്‍ സി.ടി. കാവുന്തറ
 

4 comments:

  1. Ponnaniyil oru Joothan vesham mari Imam ninna sheshamanu Ella Malakalum pattukalum undayathennu ...

    ReplyDelete
  2. where from got this?

    ReplyDelete
  3. (കആകഉ: 14)' എന്താണ്

    ReplyDelete