Tuesday, January 8, 2013

മരണവീട്ടിലെ നവോത്ഥാന ശ്രമങ്ങള്‍


തൃശൂരിലെ അമല കാന്‍സര്‍ സെന്റര്‍ ആശുപത്രിയുടെ സമീപത്ത്‌ പുത്തന്‍ പള്ളി ജാറം പള്ളി വക ഒരു മുസ്‌ലിം പള്ളി നിര്‍മ്മിച്ചിട്ടുണ്ട്‌. ഈ പള്ളിയുടെ ഉത്‌ഘാടന വേദിയില്‍വെച്ച്‌ ഹോസ്‌പിറ്റലിന്റെ എം.ഡിയായ ഫാദര്‍ ഗബ്രയേല്‍ ഇങ്ങനെ പറഞ്ഞു: ഈ പള്ളി ഇവിടെ എന്തുകൊണ്ടും അനിവാര്യമാണ്‌. കാരണം ഇവിടെ രോഗികള്‍ക്ക്‌ ഭാതിക ചികിത്സയെക്കാള്‍ സാന്ത്വനമാകുത്‌ ദൈവത്തോടുള്ള പ്രാര്‍ഥനയാണ്‌. കുറച്ച്‌ മുമ്പ്‌ വളാഞ്ചേരി മര്‍ക്കസ്‌ അറബിക്‌ കോളേജിലെ ഒരു വിദ്യാര്‍ഥി വാഹന അപകടത്തില്‍പെട്ട്‌്‌ പെരിന്തല്‍മണ്ണയിലെ ഒരു പ്രസിദ്ധ ഹോസ്‌പിറ്റലില്‍വെച്ച്‌ മരണപ്പെടുകയുണ്ടായി. തത്സമയം അവിടെയുണ്ടായിരുന്ന അവന്റെ കൂട്ടുകാര്‍ ഖുര്‍ആന്‍ പാരായണം തുടങ്ങി. ആശുപത്രി അധികൃതര്‍ യാതൊരു നീരസവും പ്രകടിപ്പിച്ചില്ലെന്ന്‌ മാത്രമല്ല അവര്‍ അതിന ്‌സൗകര്യം ഒരുക്കുകയും ചെയ്‌തു.

ഇനി നമുക്ക്‌ കോട്ടക്കല്‍ ടൗണിലേക്ക്‌ വരാം.അവിടെ ഒരു സ്വകാര്യ ആശുപത്രിയുടെ ചാരത്തുള്ള പള്ളിയില്‍ ഒരു ബോര്‍ഡ്‌ കാണാം. കൂട്ടു പ്രാര്‍ഥന അനുവദിക്കുതല്ലെന്ന്‌. ഈ സ്ഥാപനം ആരുടേതെന്ന്‌ വായനക്കാര്‍ ഇതിനകം മനസ്സിലാക്കിയിരിക്കും. സത്യത്തില്‍ ഈ പരസ്യം െവച്ചവര്‍ ചിലതുകൂടി ചേര്‍ത്തെഴുതേണ്ടതാണ്‌. സുബ്‌ഹി നിസ്‌കാരത്തില്‍ ഖുനൂത്‌ അനുവദിക്കുതല്ല. ഈസ്ഥാപനത്തില്‍ ആരെങ്കിലും മരണപ്പെടുകയോ രോഗം മൂര്‍ച്ചിക്കുകയോ ചെയ്‌താല്‍ അയാള്‍ക്കുവേണ്ടി കൂട്ടമായി പ്രാര്‍ഥിക്കാന്‍ പാടില്ല.


ഇതാണ്‌ മുജാഹിദ്‌ പ്രസ്ഥാനത്തിന്‍രെ മുരടന്‍ നയം. ലോകത്തുള്ള സര്‍വ്വ പള്ളികളും സമമാണെന്നും മൂന്ന്‌ മസ്‌ജിദുകള്‍ക്കെ സവിശേഷതകള്‍ ഉള്ളൂവെന്നും പ്രവാചകന്‍(സ) അരുള്‍ ചെയ്‌തപ്പോള്‍ ഇവര്‍ മനസ്സിലാക്കിയത്‌ കച്ചവടത്തിനോ ഖബര്‍ സിയാറത്തിനോ ചരിത്രസ്‌മാരകങ്ങള്‍ കാണാനോ പാടില്ലെന്നാണല്ലൊ. മരണ വീടുകളില്‍ വിശുദ്ധ ഖുര്‍ ആന്‍ പാരായണം ചെയ്യുന്ന സമ്പ്രദായം ലോകത്തെല്ലാം നിലവിലുണ്ട്‌. യു.എ.ഇ സാരഥി ശൈഖ്‌ സായിദ്‌ മരണപ്പെട്ടപ്പോള്‍ മാസങ്ങളോളം ഖുര്‍ആന്‍ പാരായണം നടന്നിരുന്നു. എന്നാല്‍ മുജാഹിദുകളുുടെ കാര്യം വളരെ കഷ്ടമാണ്‌. മരണാസന്നന്റെ അടുത്ത്‌ നിന്ന്‌ ഖുര്‍ആന്‍ ഓതാം. മരിച്ചു കഴിഞ്ഞാല്‍ മിണ്ടിപ്പോകരുത്‌. അഥവാ യാസീനോ മറ്റോ ഓതുന്നത്‌ കണ്ടാല്‍ ഇബ്‌ലീസിന്‌ കുന്തിരിക്കം പുകച്ചത്‌ പോലെയാണ്‌.


യാസീന്‍ ഓത്ത്‌ ഒഴിവാക്കാനായി ജനാസകൊണ്ട്‌ ഓടാന്‍ പോലും ഇവര്‍ തയ്യാറായേക്കും.യഥാര്‍ഥത്തില്‍ മരണവീട്ടിലെ പാരായണം ഇത്രമാത്രം വെറുക്കപ്പെടേണ്ട കാര്യമാണോ. നമുക്ക്‌ പരിശോധിക്കാം.


ഇബ്‌നു തൈമിയ്യയുടെ പ്രധാന ശിഷ്യനും അദ്ദേഹത്തോടൊപ്പം ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്‌ത പ്രശസ്‌ത ചിന്തകനാണ്‌ ഇബ്‌നുല്‍ ഖയ്യൂം. ഇദ്ദേഹം തന്റെ പ്രശസ്‌തമായ അല്‍ റൂഹ്‌ എന്ന വിശ്വവിഖ്യാത ഗ്രന്ഥത്തില്‍ ഇവ്വഷയകമായി എഴുതുന്നത്‌ ഇങ്ങനെ വായിക്കാം: സലഫുകളില്‍ പലരും തങ്ങളുടെ ഖബറിടത്തില്‍ വെച്ച്‌ പ്രാര്‍ഥിക്കാന്‍ വസ്വിയ്യത്‌ ചെയ്യാറുണ്ടായിരുന്നു. ഇബ്‌നു ഉമര്‍ (റ) തന്റെ ഖബറിടത്തില്‍ വെച്ച്‌ സൂറത്തുല്‍ ബഖറ പാരായണം ചെയ്യാന്‍ വസ്വിയ്യത്‌ ചെയ്‌തിരുന്നുവെന്നതാണ്‌ തെളിവ്‌. ഇമാം അഹ്‌മദ്‌ ബിന്‍ ഹമ്പല്‍ ഈ പാരായണെത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ ഇമാം തന്റെ അഭിപ്രായം മാറ്റി ഓതാന്‍ ഉപദേശിക്കാറുണ്ടായിരുന്നു. അബ്ദുറഹ്‌മാനു ബുനു അലാഅ്‌ പറയുന്നു: എന്റെ ഉപ്പ എന്നോട്‌ ഒരിക്കല്‍ പറഞ്ഞു, ഞാന്‍ മരിച്ചാല്‍ എന്നെ ഖബറിലേക്കിറക്കുമ്പോള്‍ അള്ളാഹുവിന്റെ മാര്‍ഗത്തിലും റസൂലിന്റെ മാര്‍ഗത്തിലും എന്ന്‌ പറഞ്ഞ്‌ മണ്ണിട്ട്‌്‌ മൂടിയ ശേഷം സൂറത്തുല്‍ ബഖറയുടെ ആദ്യഭാഗങ്ങള്‍ ഓതണം. കാരണം ഇബ്‌നു അബ്ദുറഹ്മാനുബ്‌നുല്‍ അലാഅ്‌ അത്‌ വസിയ്യത്ത്‌ ചെയ്‌തതായി ഞാന്‍ കേട്ടിട്ടുണ്ട്‌.


അബ്ബാസുദ്ദവറി ഇങ്ങനെ പറയുന്നു: ഇമാം അഹ്‌മദിനോട്‌ ഞാന്‍ ചോദിച്ചു, ഖബറിങ്ങല്‍ ഓതുന്നതിന്‌ താങ്കള്‍ക്ക്‌ വല്ല തെളിവും ലഭിച്ചിട്ടുണ്ടോ? ഇമാം പറഞ്ഞു: ഇല്ല. പക്ഷെ, യഹ്‌യ ബ്‌നു സഈദിനോട്‌ ഇതിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ ഇബ്‌നു ഉമറി(റ)ന്റെ പ്രവര്‍ത്തനം അദ്ദേഹം ഉദ്ധരിക്കുകയുണ്ടായി. അലിയ്യ്‌ ബ്‌നു മൂസല്‍ ഹദ്ദാദ്‌ പറയുന്നു: ഞാനും അഹ്‌മദ്‌ ബ്‌നു ഹമ്പലും മുഹമ്മദ്‌ ബ്‌നു ഖുദാമയും ഒരു ജനാസയോടൊപ്പം ഒത്ത്‌കൂടുകയുണ്ടായി. ഖബറടക്കം കഴിഞ്ഞപ്പോള്‍ ഒരാള്‍ ഖബറിനടുത്തിരുന്ന്‌ ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ തുടങ്ങി. ഇമാം പറഞ്ഞു: ഹേ മനുഷ്യാ.. ഈ പാരായണം ബിദ്‌അത്താണ്‌. ഞങ്ങള്‍ തിരിച്ചുപോരുമ്പോള്‍ മുഹമ്മദ്‌ബ്‌നു ഖുദാമ ഇമാമിനോട്‌ ചോദിച്ചു: മുബശ്ശിറു ബ്‌നു ഹലബിയെക്കുറിച്ച്‌ അങ്ങെന്തു പറയുന്നു.


ഇമാം പറഞ്ഞു, അദ്ദേഹം വിശ്വാസ യോഗ്യന്‍ തന്നെ.


എങ്കില്‍ മുബശ്ശിറുല്‍ ഹലബില്‍ നിന്നും അങ്ങ്‌ വല്ലതും കേട്ടിട്ടുണ്ടോ?


ഉണ്ട്‌


എന്നാല്‍ അലാഇല്‍ നിന്നും ഇങ്ങനെ ഉദ്ധരിക്കുന്നുണ്ടല്ലോ, ഞാന്‍ മരിച്ചാല്‍ എന്റെ ഖബറിന്റടുത്ത്‌ വെച്ച്‌്‌ അല്‍ ബഖറയുടെ ആദ്യവും അന്ത്യവും ഓതണമെന്ന്‌ എന്റെ പിതാവ്‌ എന്നോട്‌ വസ്വിയ്യത്‌ ചെയ്‌തു. ഇബ്‌നു ഉമര്‍ (റ) അങ്ങനെ ചെയ്‌തതായി പിതാവ്‌ ഉണര്‍ത്തുകയും ചെയ്‌തു. ഇത്രയും കേള്‍ക്കേണ്ടതാമസം ഇമാം ഇപ്രകാരം പറഞ്ഞു: എങ്കില്‍ ആ മനുഷ്യനോട്‌ ഓത്ത്‌ തുടരാന്‍ പറഞ്ഞോളൂ.


ഹസനു ബ്‌നു സ്വബാഹു സ്വഅ്‌ഫറാനി പഞ്ഞു: ഖബറിങ്ങല്‍ ഓതുതിനെക്കുറിച്ച്‌ ഞാന്‍ ഇമാം ശാഫിഇയോട്‌ ചോദിച്ചു. യാതൊരു വിരോധവുമില്ലൊയിരുന്നു ഇമാമിന്റെ മറുപടി.അന്‍സാറുകളില്‍ നിന്നാരെങ്കിലും മരണെപ്പെട്ടാല്‍ ഖബറിനടുത്ത്‌ വെച്ച്‌ ഖുര്‍ആന്‍ പാരായണം ചെയ്യല്‍ അവരുടെ പതിവായിരുന്നു. ഇമാം ശഅബി പറയുന്നു: ഹസനുല്‍ ജറഹ പറയുന്നു. എന്റെ പെങ്ങള്‍ മരിച്ചു. ഞാന്‍ അവളുടെ ഖബറിങ്ങല്‍ വച്ച്‌ തബാറക സൂറ ഓതാറുണ്ടായിരുന്നു. ആയിടക്കൊരാള്‍ പറഞ്ഞു, താങ്കളുടെ പെങ്ങളെ ഞാന്‍ സ്വപ്‌നം കണ്ടു. അപ്പോള്‍ നിങ്ങളുടെ പാരായണം അവള്‍ക്ക്‌ പ്രയോജനകരമാണെന്ന്‌ അവള്‍ പറഞ്ഞു. ഈ വിവരം താങ്കളെ അറിയിക്കാനും പറഞ്ഞു.


അബൂബകര്‍ ബ്‌നു അഫ്‌കശ്‌ പറഞ്ഞ ഒരു സംഭവം: ഒരാള്‍ തന്റെ മാതാവിന്റെ ഖബറിങ്ങല്‍ വെച്ച്‌്‌ എല്ലാ വെള്ളിയാഴ്‌ചയും യാസീല്‍ ഓതുക പതിവായിരുന്നു. ഒരിക്കല്‍ അയാള്‍ ഇങ്ങനെ പ്രാര്‍ഥിച്ചു. അള്ളാഹുവേ.. ഈ പ്രവര്‍ത്തിക്ക്‌ നീ വല്ല പ്രതിഫലവും നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ അത്‌ ഈ ശ്‌മശാനവാസികള്‍ക്ക്‌ മുഴുന്‍ നല്‍കിയാലും. അടുത്തനാള്‍ ഒരു അപരിചിതന്‍ അയാളെ സമീപിച്ച്‌ ചോദിച്ചു: താങ്കള്‍ ഇന്ന വ്യക്തിയുടെ മകനല്ലേ?


അതെ.


എന്റെ ഒരു മകള്‍ മരണപ്പെട്ടിരുന്നു. അവള്‍ ഖബറിന്റെ കരയിലിരിക്കുന്നതായി ഞാന്‍ സ്വപനം കണ്ടു. ഞാന്‍ ചോദിച്ചു, എന്താ ഇങ്ങനെ? അവള്‍ പറഞ്ഞു: ഇന്ന പേരുള്ള ഒരാള്‍ ഇവിടെയെത്തി യാസീന്‍ ഓതിയതിന്റെ പ്രതിഫലം എല്ലാവര്‍ക്കും നല്‍കിയിരുന്നു. ഞങ്ങള്‍ക്കെല്ലാം അതിന്റെ വിഹിതം ലഭിച്ചു. ആ സന്തോഷത്തിലാണ്‌ ഞാനിപ്പേള്‍.


ഇബ്‌നുല്‍ ഖയ്യിം തുടരുന്നു, നിങ്ങള്‍ മരിച്ചവര്‍ക്കുവേണ്ടി യാസീന്‍ ഓതുക എന്ന്‌ കല്‍പിക്കുന്ന ഹദീസ്‌ നബി(സ)യില്‍ നിന്നും മഅ്‌ഖലു ബന്‌ു യസാര്‍ വഴി ഇമാം നസാഇ ഉദ്ധരിച്ചിട്ടുണ്ട്‌. ഇതിന്‌ രണ്ട്‌ വ്യാഖ്യാനങ്ങള്‍ ഉണ്ട്‌. മരണം ആസന്നമായവന്റെയടുക്കല്‍ ഓതുക. മരണ ശേഷം ഓതുക. സത്യത്തില്‍ ഈ രണ്ട്‌ വ്യാഖ്യാനവും തമ്മില്‍ വൈരുദ്ധ്യമില്ല. മരണത്തിന്‌ മുമ്പും പിമ്പും ഓതിയാല്‍ പ്രശനം തീര്‍ന്നല്ലോ.


ഇബ്‌നുല്‍ ഖയ്യിം തുടരുന്നു. ഇവിടെ ഒരു കാര്യം ചോദിക്കപ്പെട്ടേക്കാം. പുണ്യകര്‍മ്മങ്ങളില്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തിയിരുന്ന സലഫുകള്‍ മരിച്ചവരുടെ പേരില്‍ ഖുആന്‍ പാരായണം നടത്തിയതായി തെളിവില്ല. പ്രതിഫലം പരേതരിലേക്ക്‌ പാര്‍സല്‍ ചെയ്യാന്‍ നബി (സ) കല്‍പിച്ചിട്ടുമില്ല. എന്താണ്‌ കാരണം? ഈ ചോദ്യം ഉന്നയിക്കുവര്‍ ഹജ്ജ്‌, നോമ്പ്‌, പ്രാര്‍ഥന, പാപമോചനാര്‍ഥന മുതലായവ മരിച്ചവരിലേക്കെത്തുമെന്ന്‌ സമ്മതിക്കുമോ? എങ്കില്‍ ഖുര്‍ആന്‍ പാരായണവും ആ ഇബാദത്തുകളും തമ്മിലെന്താണ്‌ വ്യത്യാസം? ഇനി ഒരു ഇബാദത്തും അവരിലേക്കെത്തുന്നില്ലൊണ്‌ വാദമെങ്കില്‍, ഇത്‌ കിതാബ്‌, സുന്നത്ത്‌, ഇജിമാഅ്‌ എന്നിവക്കെതിരാണ്‌.


പരേതന്റെ പേരില്‍ പാരായണം നടത്താനായി പ്രത്യേക വഖഫ്‌ സ്വത്തുക്കള്‍ അന്നുണ്ടായിരുന്നില്ല.പാരായണ പ്രതിഫലം നബിതിരുമേനിയിലേക്ക്‌ നീക്കിവെക്കുതിനെക്കുറിച്ചാണ്‌ തര്‍ക്കമെങ്കില്‍ അതില്‍ കഴമ്പില്ല. കാരണം മുസ്‌ലിം ചെയ്യുന്ന ഏതൊരു കര്‍മ്മത്തിന്റെയും കേന്ദ്ര ബിന്ദു നബി (സ)യായത്‌ കൊണ്ട്‌ അവയുടെയെല്ലാം വിഹിതം അവിടേക്ക്‌ എത്തിയിരിക്കും.


ഒരു കാര്യം ഓര്‍മ്മിപ്പിക്കട്ടെ, ഖബറിന്നടുത്ത്‌ പാരായണം ചെയ്യുകയെന്നതിനര്‍ഥം മരണശേഷമുള്ള പാരായണം എന്നേ സാമാന്യര്‍ഥമുള്ളൂ. അപ്പോള്‍ മരണവീട്‌്‌ നല്ലതൊന്നും ചെയ്യാന്‍ പറ്റാത്ത ദുഷിച്ച സ്ഥലമാണെന്ന്‌ മുജാഹിദുകള്‍ക്കഭിപ്രായമുണ്ടോ? എങ്കില്‍ അറുത്തിട്ട കോഴിയില്‍ നിന്നും പൂച്ചയെകാക്കുന്ന പോലെ മയ്യത്തിന്‌ കാവലിരുന്ന്‌ പാരായണം തടയുന്നതെന്തിന്‌? മയ്യിത്ത്‌ നിസ്‌കാരത്തിനായി ആളുകളെ കൂട്ടുത്‌ തെറ്റാണേേ്രത? അതിനാല്‍ മൈക്കിലൂടെ അനൗണ്‍സ്‌ പറ്റില്ല. ഫോണിലൂടെയും പത്രങ്ങളിലൂടെയും വിളംബരം ചെയ്യുത്‌ തെറ്റുമല്ല. ഇതെല്ലാം വൈരുദ്ധ്യം.


മരണ വീട്ടില്‍ മാത്രമല്ല ജീവനുള്ള വീട്ടിലും ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ പാടില്ലെന്ന്‌ പറയാനുള്ള ധാര്‍ഷ്‌ഠ്യം ഇവര്‍ കാണിക്കണം. കാരണം അര്‍ഥമറിയാത്ത പാരായണം പാഴ്‌വേലയാണെന്ന്‌ ഇവര്‍ നേരത്തെതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്‌. തത്‌ക്കാലം നമുക്കിത്‌ സമ്മതിക്കാം. പക്ഷെ ഒരു പ്രശ്‌നമുണ്ട്‌. അര്‍ഥം അരിഞ്ഞുവെന്ന്‌ പറയണമെങ്കില്‍ ലോകത്തുള്ള സകല വ്യാഖ്യാനങ്ങളും തിരയേണ്ടിവരും. എങ്കിലല്ലേ ഭാഗികമായെങ്കിലും അര്‍ഥം പൂര്‍ത്തിയായെന്ന്‌ പറയാനാവൂ.


ഖബറിന്നടുത്ത്‌പോയി മൗനമായി നിന്നാലും മതി. കാരണം മരണ സ്‌മരണ പുതുക്കലാണല്ലോ ലക്ഷ്യം. സത്യത്തില്‍ പ്രവാചകന്‍ (സ) പറഞ്ഞത്‌ പരലോകസ്‌മരണയുണ്ടാക്കുമെന്നാണ്‌. മരണ സ്‌മരണക്കാണങ്കില്‍ പരാക്രമിയായ പോത്തുചത്തുകിടക്കുന്നത്‌ കണ്ടാലും മതിയല്ലോ.


ഖുര്‍ആന്‍ പാരായണത്തെക്കുറിച്ചാണല്ലോ പറഞ്ഞുവന്നത്‌. എന്നാല്‍ പരേതരുടെ പേരില്‍ ധര്‍മ്മം ചെയ്യുന്നതോ അന്നദാനം നടത്തുന്നതോ ആരെങ്കിലും എതിര്‍ത്തതായി തെളിവുണ്ടോ?


പരേതരുടെ പേരില്‍ ഒരു വര്‍ഷം വരെ സ്വഹാബികള്‍ അന്നദാനം ചെയ്‌തിരുന്നുവെന്ന്‌ ഇമാം സുയൂഥ്വി സമര്‍ഥിക്കുന്നുണ്ട്‌. എന്റെ നാട്ടില്‍ ഒരു രസികന്‍ ഉണ്ടായിരുന്നു. ഒരു മരണാനന്തരസദസ്സില്‍ ഇറച്ചിയും ചോറും അടിച്ചുകൊണ്ടിരിക്കെ അദ്ദേഹം പറഞ്ഞു: ഈ മുജാഹിദിന്‌ ഒട്ടും ബുദ്ധിയില്ലട്ടോ. അല്ലെങ്കില്‍ ഇത്‌ മോശമാണെന്ന്‌ ആരെങ്കിലും പറയുമോ?


സ്വഹാബത്തിന്റെ ഭക്ഷണം അരിയായിരുന്നോയെന്ന്‌ ചോദിക്കാനും ഇവര്‍ മടിക്കില്ലെന്നത്‌ മറ്റൊരു കാര്യം. ഇവരുടെ മാതൃരാജ്യമാണെന്ന്‌ അവകാശപ്പെടുന്ന സഊദിയില്‍ ഇതെല്ലാം ദിവസങ്ങളോളം നടക്കടന്നുവെന്നതും ഓര്‍ക്കുക. മദീനയില്‍ മസ്‌ജിദുന്നബവിയുടെ തൊട്ടടുത്ത്‌ ഇത്തരം സംഗതികള്‍ക്കായി സ്ഥാപിക്കപ്പെട്ട ഒരു വലിയ ഹാള്‍ തന്നെയുണ്ട്‌്‌. ഈ ലേഖകന്‍ അവിടെ ഇത്തരം ഒരു സദസ്സില്‍ പങ്കെടുക്കുകയും ചെയ്‌തിട്ടുണ്ട്‌. ഹജ്ജ്‌ യാത്രവേളയില്‍, ഇവ്വിഷയകമായി ഇമാം നവവിയുടെ ശറഹ്‌ മു്‌്‌സ്‌്‌ലിമില്‍ പറഞ്ഞ ഒരു വാക്ക്‌ ഉദ്ധരിച്ച്‌ ചിലര്‍ ആശ്വാസം തേടാറുണ്ട്‌. ഇതാണാ വാക്ക്‌: എന്നാല്‍ ഖുര്‍ആന്‍ പാരായണ പ്രശ്‌്‌നത്തില്‍ അതിന്റെ പ്രതിഫലം മരിച്ചവര്‍ക്ക്‌്‌ ലഭിക്കുകയില്ലെന്നതാണ്‌ ശാഫി മദ്‌ഹബില്‍ പ്രചരിച്ച അഭിപ്രായം. യഥാര്‍ഥത്തില്‍ ഇമാം ശാഫിയുടെ അഭിപ്രായം നാം നേരത്തെ ഉദ്ധരിക്കുകയുണ്ടായി. ചുരുക്കത്തില്‍ ഈ 'ഈ പ്രചരിച്ച' അഭിപ്രായം ശരിയല്ലെന്നു തന്നെ. പുറമെ, മൂന്ന്‌ മദ്‌ഹബുകളിലും പ്രതിഫലം ലഭിക്കുമെന്നാണ്‌ പറയുന്നതെന്ന്‌ ഇമാം നവവിയുടെ വാക്കുദ്ധരിച്ച ശേഷം ഫത്‌ഉല്‍ മുഈനില്‍ തന്നെ പറയുന്നുണ്ട്‌.
എം.കെ. കൊടശ്ശേരി

No comments:

Post a Comment