പ്രേമം കയ്പിനെ മധുരമാക്കും. വേദനയെ ഔഷധമാക്കും. അചേതനയെ ചേതനയുറ്റതാക്കും. രാജാവിനെ അടിമയാക്കും. (റൂമി- മസ്‌നവി).ആസ്വാദനത്തിന്റെ
ആവിഷ്‌കാരമാണ് കവിത;
വികാരത്തിന്റെയും
ഭാവനയുടെയും സൃഷ്ടി. പ്രകീര്‍ത്തനങ്ങള്‍ക്ക് കവിതയില്‍ അനല്‍പമായ സ്ഥാനമാണുള്ളത്. അത് മനസ്സിന് ആനന്ദവും സന്തോഷവും നല്‍കുന്നു. അറബി ഭാഷയിലെ പ്രകീര്‍ത്തനങ്ങള്‍
(മദ്ഹുകള്‍) ഇതര ഭാഷകളിലേതിനേക്കാള്‍ വികാരഭരിതവും
ആനന്ദദായകവുമാണ്. പൗരാണിക അറബി
കാവ്യങ്ങള്‍
ഹൃദയത്തിന്റെ നൈസര്‍ഗിക ആവശ്യങ്ങളാണ് നിവര്‍ത്തിക്കുന്നത്. പരസ്പരം ആകര്‍ഷിക്കുന്ന കാന്തശക്തിയും സൗന്ദര്യാദി ഗുണങ്ങളുടെ തിളക്കവും അത് പ്രകടിപ്പിക്കുന്നു. അഅ്ശാ
മൈമൂനിന്റെയും ത്വറഫ ബിന്‍ അബ്ദയുടെയും
ലബീദിന്റെയും
കവിതകള്‍ ഉദാഹരണം. നാബിഅ പ്രകീര്‍ത്തനത്തെ ചര്യയാക്കിയപ്പോള്‍ ഹസ്സാന്‍ ഗവേഷണം ചെയ്യുകയും, സുഹൈര്‍ ഗസ്സാനിലെ ഭരണകൂടത്തെയും,
മുതനബ്ബി സൈഫുദ്ദൗലയെയും കാഫൂറിനെയും, അബൂനുവാസ് റശീദിനെയും മതിവരോളം പുകഴ്ത്തി മദ്ഹ് കവിതാ വിഭാഗത്തെ വളര്‍ത്തിയെടുത്തു.
എന്നാല്‍ പ്രവാചകപ്രകീര്‍ത്തന കാവ്യങ്ങള്‍ (മദ്ഹുന്നബി) മനസ്സിലാക്കേണ്ടത് പ്രേമ (ഇശ്ഖ്)ത്തിന്റെ യഥാര്‍ത്ഥ പൊരുള്‍ മുന്‍നിറുത്തിയാണ്. അല്ലാഹുവിന്റെ സാമീപ്യം ആഗ്രഹിച്ച് നബി(സ്വ)യുടെ വിശേഷണങ്ങള്‍ എണ്ണുകയാണല്ലോ പ്രവാചക പ്രകീര്‍ത്തനം. അധ്യാത്മിക കാവ്യകലയായും മതകീയ വികാര പ്രകടനത്തിന്റെ നിറവുമായാണ് പ്രവാചക പ്രകീര്‍ത്തനത്തെ എഴുത്തുകാരന്‍ സകി മുബാറക് വിവക്ഷിക്കുന്നത്.
അബ്ദുല്‍ മുത്ത്വലിബ് നബിയുടെ ജനന സമയത്ത് ആലപിച്ച കവിതയാണ് ചരിത്രത്തിലെ പ്രഥമ പ്രവാചക പ്രകീര്‍ത്തനമായി അറിയപ്പെടുന്നത്.
‘താങ്കള്‍ ജനിച്ചപ്പോള്‍ ഭൂമിയും ചക്രവാളങ്ങളും ജ്വലിച്ചുപോയി; ഞങ്ങള്‍ ആ പ്രകാശത്തിലും നേര്‍മാര്‍ഗത്തിലുമായി ചലിക്കുന്നു’ എന്ന് തുടങ്ങുന്നതാണത്. രണ്ടാമതായി മദീന നിവാസികളുടെ ത്വലഅല്‍ ബദ്‌റു എന്നു തുടങ്ങുന്ന കവിത. പിന്നെ, ഹസ്സാനിന്റെയും കഅ്ബിന്റെയും റവാഹയുടെയും ഫറസ്ദഖിന്റെയും മിഅ്‌യാര്‍ ദൈലമിയുടെയും തുടങ്ങി അസംഖ്യം കവിതകള്‍.
സത്യാസത്യ വിവേചനത്തിനായി ഒട്ടനവധി സ്തുതി കാവ്യങ്ങള്‍ ഹിജ്‌റയുടെ ആദ്യനൂറ്റാണ്ടുകളില്‍ അറബി സാഹിത്യത്തെ സമ്പന്നമാക്കി കടന്നുവന്നു. എന്നാല്‍, പ്രവാചക പ്രകീര്‍ത്തനം പരകോടി പ്രാപിച്ചത് ഹിജ്‌റയുടെ മധ്യനൂറ്റാണ്ടുകളിലാണ്. യൂറോപ്യന്‍ അധിനിവേശം ഇസ്‌ലാമിക സംസ്‌കാരത്തിനും മുസ്‌ലിംകള്‍ക്കും വിദ്വേഷത്തിന്റെ അലയൊലികള്‍ സൃഷ്ടിച്ചപ്പോള്‍ പ്രവാചകരുടെയും കുടുംബത്തിന്റെയും അനുയായി വൃന്ദത്തിന്റെയും പ്രകീര്‍ത്തനമാലപിച്ച് പാപമോചനം തേടി അല്ലാഹുവിലേക്ക് പ്രാര്‍ത്ഥനാനിര്‍ഭരമായി അഭയം തേടുകയായിരുന്നു ലോക മുസ്‌ലിംജനത. ഇമാം ബൂസ്വീരിയുടെ ബുര്‍ദയും ഖാദി ഇയാദിന്റെ കിതാബുശ്ശിഫയും സ്വഫിയ്യുദ്ദീന്‍ ഹില്ലിയുടെ അല്‍ കാഫിയതുല്‍ ബദീഇയ്യയും സുയൂത്വിയുടെ നദ്മുല്‍ ബദീഉം തുടങ്ങി ഒട്ടേറെ കവിതകള്‍ ഈ കാലയളവില്‍ വിരചിതമായി. ഇതേ കാലഘട്ടത്തില്‍ രൂപംകൊണ്ട പ്രവാചക പ്രകീര്‍ത്തന കാവ്യരൂപമാണ് ബദീഇയ്യാത്ത് (വിചിത്രമായ വര്‍ണങ്ങളില്‍ ചിത്രീകരിക്കപ്പെട്ട പ്രവാചക പ്രകീര്‍ത്തനം). അവ മീലാദിയ്യാത്ത്, മൗലിദ് സാഹിത്യം എന്നീ പേരുകളിലും അറിയപ്പെടുന്നു.
അറബ് ലോകത്തെ ശ്രദ്ധേയമായ ഈ സാഹിത്യ രൂപത്തിന് വലിയ സ്ഥാനമാണ് ആദ്യ കാലത്ത് കേരളത്തിലുണ്ടായിരുന്നത്. കേരളീയ അറബീകവിതകളെക്കുറിച്ചുള്ള ഗവേഷണ പഠനങ്ങള്‍ ഈയൊരു യാഥാര്‍ത്ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്. കേരളത്തിലെ ആദ്യത്തെ അറബിക്കവിത അബൂബക്ര്‍ റമദാന്‍ ശാലിയാത്തിയുടെ തഖ്മീസുല്‍ ബുര്‍ദ ആയതിനാല്‍ തന്നെ പ്രവാചക പ്രകീര്‍ത്തന കാവ്യത്തിന് കേരളത്തില്‍ മതിയായ സ്വാധീനവും അംഗീകാരവും ആദ്യകാലം മുതലേ ഉണ്ടായിരുന്നുവെന്ന് മനസ്സിലാക്കാവുന്നതാണ്.
അറബി ഭാഷാ പ്രചരണ രംഗത്ത് ഉന്നതമായ സ്ഥാനമാണ് മൗലിദ് സാഹിത്യത്തിനുള്ളത്. വിവിധ സാഹചര്യങ്ങളിലായി നബി തിരുമേനിയുടെയും സ്വഹാബിമാരുടെയും പണ്ഡിതന്മാരുടെയും പ്രകീര്‍ത്തനങ്ങളായി മുന്നൂറിലധികം മൗലിദുകള്‍ കേരളത്തില്‍ രചിക്കപ്പെട്ടിട്ടുണ്ട്.
അവയില്‍ പ്രധാനമാണ് മന്‍ഖൂസ്വ് മൗലിദ്. വിവിധ മൗലിദ് ഗ്രന്ഥങ്ങളുടെ ചുരുക്കരൂപമാണ് മന്‍ഖൂസ്വ് മൗലിദില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. തന്മൂലമാണ് ഇതിന് അല്‍മന്‍ഖൂസ്വ് (സംഗൃഹീതം) എന്ന പേര് വന്നത്. ഹിജ്‌റ 871 ല്‍ ജനിച്ച പണ്ഡിതനും ചരിത്രകാരനും കവിയുമായ സൈനുദ്ദീന്‍ മഖ്ദൂമാണ് അതിന്റെ രചയിതാവ് എന്നു വിശ്വസിക്കപ്പെടുന്നു.
മന്‍ഖൂസ്വിന്റെ ഉത്ഭവ പശ്ചാത്തലം നമുക്ക് ഇങ്ങനെ സംഗ്രഹിക്കാം: മലബാറിലെ മക്കയെന്നറിയപ്പെടുന്ന പൊന്നാനിയിലും പരിസര പ്രദേശങ്ങളിലും ഒരു കാലത്ത് ശക്തമായ മാറാവ്യാധികള്‍ പടര്‍ന്നു പിടിച്ചു. അതേതുടര്‍ന്ന് മരണം നിത്യസംഭവമായി. പ്രസ്തുത അത്യാഹിതത്തില്‍ നിന്നു മോചനം തേടി ജനങ്ങള്‍ ആത്മീയ ഗുരുവും നാടിന്റെ അധ്യാത്മിക തണലുമായിരുന്ന മഖ്ദൂമിനെ സമീപിച്ചു. മഖ്ദൂം മന്‍ഖൂസ്വ് മൗലിദ് രചിക്കുകയും അത് സന്തോഷ- സന്താപ വേളകളില്‍ ചൊല്ലാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് പണ്ഡിതന്മാര്‍ ബുന്‍യാനുല്‍ മര്‍സൂസ്വ് പോലുള്ള മന്‍ഖൂസ്വ് മൗലിദിന്റെ വിശദീകരണ ഗ്രന്ഥങ്ങളില്‍ പറയുന്നത്. തന്നെയുമല്ല, മൗലിദിന്റെ അവസാനത്തില്‍ ചേര്‍ക്കപ്പെട്ട ദുആ പൊന്നാനിയിലും പരിസരത്തും കോളറ പോലുള്ള മാറാവ്യാധികള്‍ ഉണ്ടായിരുന്നതായി സൂചന നല്‍കുന്നതാണ്. അത്തരം മാരക രോഗങ്ങളില്‍നിന്ന് അല്ലാഹുവിനോട് കാവല്‍ചോദിച്ചുകൊണ്ടാണെല്ലോ അതിലെ പ്രാര്‍ത്ഥന സംവിധാനിച്ചിരിക്കുന്നത്. നമ്മളിന്നും അതുതന്നെ പാരായണം ചെയ്തും പ്രാര്‍ത്ഥിച്ചും വരുന്നു. ഇമാം ഗസ്സാലി (റ)യുടെ സുബ്ഹാന മൗലിദിന്റെ സംഗ്രഹമായാണ് സൈനുദ്ദീന്‍ മഖ്ദൂം മന്‍ഖൂസ്വ് മൗലിദ് രചിച്ചതെന്ന് അഹ്മദ് കോയ ശാലിയാത്തി മന്‍ഖൂസ്വ് മൗലിദ് പരിഭാഷയില്‍ പറയുന്നുണ്ട്. ചുരുക്കത്തില്‍, ഇന്ന് പ്രചാരത്തിലുള്ള വിവിധ ഗ്രന്ഥങ്ങളിലെ സംശയലേശമന്യെയുള്ള വാക്യങ്ങളും അന്നത്തെ സാഹചര്യങ്ങളും എല്ലാറ്റിലുമുപരി പണ്ഡിതരുടെ ഏകാഭിപ്രായവും മന്‍ഖൂസ്വ് മൗലിദ് കേരളീയ കാവ്യരൂപമാണെന്നും അതിന്റെ രചയിതാവ് സൈനുദ്ദീന്‍ മഖ്ദൂമാണെന്നും വ്യക്തമാക്കുന്നു.
പ്രവാചകരുടെ ജനനവും അവിടത്തെ അല്‍ഭുതസംഭവങ്ങളും പദ്യഗദ്യങ്ങളിലായി വ്യക്തവും എന്നാല്‍ സരളവുമായ ശൈലിയില്‍ വിശദീകരിക്കുന്ന മനോഹര സാഹിത്യമാണ് മന്‍ഖൂസ്വ് മൗലിദ്. നബിയുടെ സൗന്ദര്യവും മഹത്വവും വിശദീകരിക്കുക വഴി അന്ത്യദിനത്തില്‍ തന്റെ പാപ മോചനവും ശിപാര്‍ശയും ആഗ്രഹിച്ച് അല്ലാഹവുലേക്ക് അഭയം തേടുന്നതാണ് ആദ്യ കവിതയില്‍ വിശദീകരിക്കുന്നത്.
‘നക്ഷത്രങ്ങള്‍ക്കിടയിലെ പൂര്‍ണചന്ദ്രനെപ്പോലെ .. എന്നല്ല, അതിനേക്കാളേറെ അങ്ങ് ഞങ്ങള്‍ക്കിടയില്‍ പ്രഭ പരത്തുന്നു’.
‘അങ്ങ് മാതാവോ പിതാവോ? അവരില്‍ നിന്നുള്ള ഗുണം അങ്ങയുടെ നന്മയോളം വിലമതിക്കുന്നതായി ഞങ്ങള്‍ ഒട്ടും കാണുന്നില്ല’.
‘കൈയും കണക്കുമില്ലാത്ത പാപങ്ങള്‍ ഞാന്‍ ചെയ്തുകൂട്ടിയിരിക്കുന്നു. വിചാരണ ദിനത്തില്‍ താങ്കളുടെ ശിപാര്‍ശ മാത്രമാണ് ഞങ്ങളുടെ രക്ഷാ കവചം…..’
ഇങ്ങനെ തിരുമേനിയോടുള്ള അദമ്യമായ അനുരാഗം പ്രകടിപ്പിച്ച് അവിടത്തെ സാമീപ്യം തേടി അല്ലാഹുവിന്റെ സഹായവും കൃപയും ആവശ്യപ്പെടുകയാണ്. തിരുമേനി പിറന്നുവീണ സമയത്തെ കവിള്‍ തടത്തിലെ പ്രകാശജ്വാലയും കണ്ണിന്റെ മനോഹാരിതയും മുഖത്തിന്റെ തിളക്കവുമാണ് അടുത്ത വരികളില്‍ കവി വര്‍ണിക്കുന്നത്.
‘അങ്ങയുടെ സൗന്ദര്യത്തില്‍ വിസ്മയിച്ചു കൊണ്ട് ജിബ്‌രീല്‍ വിളിച്ചു പറഞ്ഞു: അങ്ങ് ലോകരില്‍ ഏറ്റവും സുന്ദരനാണ്’.
‘വാനലോകത്തെ മാലാഖമാര്‍ ഒന്നടങ്കം പറഞ്ഞു: പ്രേമഭാജനം ഭൂജാതനായിരിക്കുന്നു; അങ്ങയെപ്പോലെ ഇനിയൊരുത്തനും ജനിക്കുന്നില്ല’.
‘അവിടത്തെ തിരുവദനം ദര്‍ശിച്ചവര്‍ എത്ര ഭാഗ്യവാന്‍മാര്‍. അതാണെങ്കില്‍ മഹത്തരമായ പദവിയാണ് താനും’.
‘താങ്കള്‍ സുറുമ എഴുതപ്പെട്ടും അഗ്രഛേദിതനുമായാണ് ജനിച്ചു വീണത്..’
‘ഓ സത്യത്തിന്റെ ധ്വജവാഹകരേ, പക്ഷികള്‍ മരച്ചില്ലകളിലിരുന്ന് രാഗമാലപിക്കുന്ന കാലമത്രയും അല്ലാഹുവിന്റെ രക്ഷ അങ്ങയുടെ മേല്‍ വര്‍ഷിക്കട്ടെ’.
യഹ്‌യബ്‌നു ഉര്‍വ (റ) നിവേദനം ചെയ്ത ഹദീസിലുള്ള സംഭവമാണ് അടുത്ത വരികളില്‍ മഖ്ദും വിവരിക്കുന്നത്. ഖുറൈശികളില്‍ പെട്ട ഒരു പറ്റം നേതാക്കള്‍ വിഗ്രഹങ്ങള്‍ക്ക് ചുറ്റും കൂടി ആരാധനാനിമഗ്‌നരായപ്പോള്‍ വിഗ്രഹം തലകുത്തി വീണു. പലപ്രാവശ്യം നേരെ നിര്‍ത്തിവെക്കാന്‍ ശ്രമിച്ചു. പക്ഷേ, ശ്രമം വിജയിച്ചില്ല. കാരണം ഇത് സംഭവിച്ചത് നബി (സ്വ) ഭൂജാതരായ സമയത്തായിരുന്നു. പ്രസ്തുത അല്‍ഭുതങ്ങള്‍ വിശദീകരിച്ച് ഖുസ്വയ്യിന്റെ സന്തതികളെ സത്യത്തിന്റെ പന്ഥാവിലേക്ക് ക്ഷണിക്കുന്നത് എത്ര മനോഹരമായാണ് കവി ചിത്രീകരിക്കുന്നത്.
‘അല്ലയോ വിഗ്രഹമേ….. അടുത്തും വിദൂരത്തുമുള്ള പ്രമുഖര്‍ നിനക്കു ചുറ്റും ഒരുമിച്ചു കൂടിയ സമയത്ത് എന്തിനാണ് നീ തലകുത്തി വീണത്!’
‘ഞങ്ങളുടെ വ്യസനം കണ്ട് ഒട്ടകങ്ങള്‍ കണ്ണുനീര്‍ ഒഴുക്കിയിരിക്കുന്നു. ഞങ്ങള്‍ ചെയ്ത പാപമാണ് നിമിത്തമെങ്കില്‍ ഞങ്ങള്‍ ഖേദിച്ചു മടങ്ങാം’.
കവി തുടരുന്നു: ‘ഭൂലോകത്ത് പ്രകാശം പരത്തിയ ഒരു കുഞ്ഞിന്റെ ജന്മം നിമിത്തമായിരുന്നു വിഗ്രഹം തലകീഴായി മറിഞ്ഞത്. അത്‌കൊണ്ട് ഖുസ്വയ്യിന്റെ മക്കളേ, നിങ്ങള്‍ ദുര്‍മാര്‍ഗം വെടിഞ്ഞ് ഇസ്‌ലാമിന്റെ പ്രശാന്ത സുന്ദരമായ വഴിയിലേക്ക് അതിശീഘ്രം കടന്നുവരിക’.
നബി തിരുമേനിയുടെ ജീവിത ഗുണഗണങ്ങളും അപദാനങ്ങളുമാണ് അടുത്ത പതിനാലു വരികളില്‍ അറബി കാവ്യശാസ്ത്രത്തിലെ ശ്രദ്ധേയമായ ഈണത്തിലും വര്‍ണത്തിലുമായി കവി പറയുന്നത്:
‘അങ്ങ് പ്രകാശിക്കുന്ന വിളക്കാണ്. ലോക ശാന്തി നല്‍കുന്നവനും ഔദാര്യദായകരും മാര്‍ഗദര്‍ശകരും സമുദായ സംരക്ഷകരുമാണ്. എല്ലാം സ്രഷ്ടാവായ അല്ലാഹുവിന്റെ അനുഗ്രഹവും സഹായവും കൊണ്ട് മാത്രം.’
‘അങ്ങ് താമസിക്കുന്ന വീട്ടില്‍ വിളക്കിനെന്തു പ്രസക്തി? അങ്ങയുടെ പ്രഭാപൂരിതമായ വദനമാണ് അന്ത്യനാളില്‍ ഞങ്ങളുടെ തെളിവ്. അങ്ങയെ പിന്തുടര്‍ന്നവര്‍ ഔന്നത്യങ്ങള്‍ കീഴടക്കി. സമുദ്രം പോലും അങ്ങയുടെ ഔദാര്യത്തിന് മുന്നില്‍ ഒന്നുമല്ല. അങ്ങയോടുള്ള സ്‌നേഹം ഞങ്ങളുടെ പാപം മായ്ച്ചു കളഞ്ഞു. അങ്ങയെ സ്‌നേഹിച്ചവരാരും നിരാശരായിട്ടില്ല. അങ്ങയുടെ ശിപാര്‍ശ മാത്രമാണ് ഞങ്ങളുടെ പ്രതീക്ഷ. ഇങ്ങനെയുള്ള വിശേഷണങ്ങളുമായി അവിടത്തേക്കെത്താന്‍ കവി പ്രേരിപ്പിക്കുന്നു. കവി പ്രാര്‍ത്ഥനാ മനസ്സോടെ തുടരുന്നു:
‘നാഥാ… ആത്മാവ് വേര്‍പ്പെടും മുമ്പ് അങ്ങയെ സന്ദര്‍ശിക്കാന്‍ ഞങ്ങള്‍ക്ക് ഭാഗ്യം നല്‍കണേ.. സത്യമാര്‍ഗ ദര്‍ശകന്റെ മേല്‍ നീ അനുഗ്രഹം വര്‍ഷിക്കണേ..’
ശത്രുക്കളെ പരിഭ്രമചിത്തരാക്കുന്ന മാനുഷിക സംഭവങ്ങളും പ്രശംസനീയമായ മറ്റു വിശേഷണങ്ങളും എണ്ണി അല്ലാഹുവിലേക്ക് വേവലാതികള്‍ ബോധിപ്പിച്ചാണ് അവസാനത്തെ വരികള്‍ കോര്‍ത്തിണക്കിയിട്ടുള്ളത്:
‘തിരുമേനിയുടെ പ്രകീര്‍ത്തനങ്ങള്‍ മൗലിദ് മാസത്തെ പ്രകാശപൂരിതമാക്കി. അങ്ങ് ഭൂജാതരായ ദിവസം ഒട്ടനേകം സന്തോഷ സന്ദേശങ്ങളും മഹാല്‍ഭുത സംഭവങ്ങളും ഉണ്ടായിരിക്കുന്നു. അവിടത്തെ ദൃഷ്ടാന്തങ്ങളും അല്‍ഭുതങ്ങളും അനേകമാണ്. ശത്രുക്കള്‍ പോലും അതിന് സാക്ഷിയായിട്ടുണ്ട്’.
‘അവിടത്തെ കല്‍പനാനുസൃതം പൂര്‍ണ ചന്ദ്രന്‍ പിളര്‍ത്തപ്പെട്ടില്ലേ… അസ്തമിച്ച സൂര്യന്‍ അങ്ങേക്കു വേണ്ടി മടക്കപ്പെട്ടില്ലേ…മരങ്ങളും വന്‍മൃഗങ്ങളും അങ്ങയെ അംഗീകരിച്ച് അഭിവാദ്യമര്‍പ്പിച്ചില്ലേ… ഇമ്മിണി അന്നം കൊണ്ട് അനേകങ്ങളുടെ വിശപ്പടക്കിയില്ലേ. വസീലയും ഫളീലയും മറ്റു ഉന്നത സ്ഥാനങ്ങളും താങ്കള്‍ക്കുണ്ട്. ഇങ്ങനെ അങ്ങയുടെ വിശേഷങ്ങള്‍ എണ്ണുക അസാധ്യം’.
‘നേതാക്കളില്‍ നേതാവായവരേ, അങ്ങയുടെ സംരക്ഷണം ആഗ്രഹിച്ച് പ്രതീക്ഷയോടെയാണ് ഞാന്‍ വന്നിരിക്കുന്നത്. എന്നെ നിരാശനാക്കാതിരുന്നാലും.. അങ്ങ് മനസ്സിലാക്കിയ പോലെ എനിക്ക് ദൗര്‍ബല്യങ്ങളും ബലഹീനതകളുമുണ്ട്. അവിടന്ന് സഹായിച്ചാലും. അങ്ങയോടുള്ള പ്രേമമാണ് ഞാന്‍ ചെയ്ത സുകൃതം. അങ്ങയുടെ ഔദാര്യം എന്റെ മേല്‍ കനിഞ്ഞേകിയാലും. എങ്കില്‍ ്യൂഞാന്‍ സൗഭാഗ്യവാനായി. സൃഷ്ടികളില്‍ ഉല്‍കൃഷ്ടരായവരേ, അങ്ങയുടെ അതിഥിയാണ് ഞാന്‍. അതിഥിയാണെങ്കില്‍ എല്ലാ വിധ സൗഖ്യത്തോടെയുമാണ് തിരിച്ചു പോവുക. എപ്പോഴും അങ്ങയുടെ മേല്‍ അനുഗ്രഹവും രക്ഷയുമുണ്ടാകട്ടെ. അവിടത്തെ അനുചരന്‍മാരിലും അവിടത്തെ പിന്മുറക്കാരിലും.’
ഇങ്ങനെ നോക്കിയാല്‍ ഇശ്ഖിന്റെ മനോഹരമായ കാവ്യ തല്ലജങ്ങളാല്‍ കോര്‍ത്തിണക്കിയതാണ് മന്‍ഖൂസ്വ് മൗലിദിലെ ഓരോ വരികളും. വിശാലമായ അര്‍ത്ഥങ്ങളും ഗഹനമായ ഉള്‍സാരവുമുള്‍ക്കൊള്ളുന്നതാണ് അവയോരോന്നും. ആസ്വാദനത്തോടൊപ്പം ഹൃദയത്തെ ശുദ്ധീകരിക്കാനും പ്രവാചകാനുരാഗം വര്‍ദ്ധിക്കാനും ഇതിന്റെ പാരായണം ഏറെ സഹായിക്കുന്നു.
ചുരുക്കത്തില്‍, മന്‍ഖൂസ്വ് മൗലിദ് പ്രവാചകാനുരാഗത്തിന്റെ തിളക്കമാര്‍ന്ന പ്രതീകമായി കേരളത്തിലും ഇതര നാടുകളിലും ജ്വലിച്ചു നില്‍ക്കുന്നു. അറബി സാഹിത്യത്തില്‍ ഈ കാവ്യ ശൃംഖലയെ ശൗഖിയുടെ നഹ്ജുല്‍ ബുര്‍ദയോടും ബാറൂദിയുടെ കശ്ഫുല്‍ ഗുമ്മയോടും ബൂസ്വീരിയുടെ ബുര്‍ദയോടും സാദൃശ്യപ്പെടുത്താനാവും.
(കെ.ടി. ജാബിര്‍ ഹുദവി, തെളിച്ചം മാസിക, ഫെബ്രുവരി, 2011, ദാറുല്‍ഹുദാ, ചെമ്മാട്)
No comments:
Post a Comment