Tuesday, January 8, 2013

സന്ദേഹവാദത്തിന്റെ തൊണ്ണൂറാണ്ടും തൊള്ളപ്പണിയും


പൂര്‍ണ്ണ വിരാമത്തില്‍ വിശ്രമിക്കാന്‍ യുക്തിക്ക്‌ സാധ്യമല്ല. കുതറിമാറലുകളുടെ കലയാണ്‌ യുക്തി വാദം. ധൈഷണികമായ അച്ചടക്ക രാഹിത്യമാണ്‌ വഴികേടിന്റെ വഴി. എന്തിലുമേതിലും, തന്നെയും അധികാരപ്പെടുത്താനുള്ള ധാര്‍ഷ്‌ട്യം വിശ്വാസിയുടെ വികാരങ്ങള്‍ക്ക്‌ വികല്‍പ്പങ്ങളേ വരുത്തൂ. വിചാരങ്ങള്‍ വിചാരണ ചെയ്യപ്പെടുമ്പോഴാണ്‌ വിശ്വാസം വിമലീകൃതമാവുന്നത്‌. സമര്‍പ്പണം എന്ന വാക്കുള്‍ക്കൊള്ളുന്ന പരമാവധി സാര്‍സാധ്യതയാണ്‌ സത്യത്തില്‍ വിശ്വാസത്തിന്റെ ആദ്യബിന്ദു. ശാരീരികമായ കീഴൊതുങ്ങലുകളല്ല സമര്‍പ്പണം.കണ്ണുചിമ്മി ചുമ്മാ സമ്മതിച്ചാല്‍ മതത്തിന്റെ ആത്മരസം മരിച്ചാലുമില്ലെങ്കിലും കിട്ടാവതുമല്ല. എല്ലാ ചോദ്യവും ചോദിക്കാനുള്ളതാണെന്നുള്ള ധാരണയുടെ മതകീയത ഇനിയും ആലോചിക്കപ്പെടേണ്ടതാണ്‌. ഉത്തരങ്ങളന്വേഷിക്കാന്‍ കീര്‍ത്തനം വന്നതുപോലെ വരാത്തതുമുണ്ട്‌. ഉണ്മക്കു പിറകെയാണ്‌ പലപ്പോഴും വിശ്വാസം നിഷ്‌കര്‍ശിക്കുന്ന അനുഷ്‌ഠാനങ്ങളുടെ ന്യായം കണ്ടെത്തപ്പെടുന്നത്‌. ന്യായം കണ്ടെത്തും മുമ്പെ വിധി ബാധകമാണ്‌. യുക്തിയുടെ മൗനം അതിന്റെ സ്വരം പോലെ രണ്ടാം സ്ഥാനത്തുമാത്രമാണ്‌. നിഷേധത്തിലും നിഗ്രഹത്തിലുമെത്താത്ത യുക്തിവാദത്തിന്റ സാമുദായികവും ഔദ്യോഗികവുമായ വിജ്ഞാപനങ്ങളാണ്‌ നൂറിന്‍ അര്‍ത്ഥത്തിലും മുജാഹിദ്‌ പ്രസ്ഥാനം. ഇനിയും പിടികിട്ടാത്ത തീര്‍പ്പുകളുടെ ഫുള്‍സ്റ്റോപ്പുകള്‍ തേടിയുള്ള ഒരുകൂട്ടം സന്ദേഹികളുടെ സാന്ദര്‍ഭികങ്ങള്‍ മാത്രമായ തോന്നിച്ചകളും. സമ്മതിക്കാന്‍ വിസമ്മതിച്ചപ്പോഴാണ്‌ പിശാചുണ്ടായത്‌. വിസമ്മതത്തിന്റെ ന്യായം ന്യായമാണ്‌ താനും. ചോദ്യമാണ്‌ ശാപമായത്‌.

അറിവിന്റെ മീതെയുള്ള അദബിന്റെ അടയാളമാണ്‌ മലക്കിനെ വരച്ചത്‌. ഉണ്ടാക്കിയവന്റെ ഇംഗിതങ്ങള്‍ക്കാണു ഉണ്ടായവന്റെ സാംഗത്യങ്ങളെക്കാള്‍ മുന്തിപ്പെന്ന പാഠമാണ്‌ നരകത്തില്‍ നിന്നും സ്വര്‍ഗത്തെ മാറ്റി നിര്‍ത്തിയതും. മുജാഹിദ്‌ പ്രസ്ഥാനത്തെ നിരാകരിക്കാന്‍ ഇവ നിര്‍ണ്ണയങ്ങളാണെന്നല്ല. അല്ലെന്നുമല്ല. എന്നാലുമുണ്ടല്ലോ മേചൊന്നവയില്‍ മറക്കാന്‍ പാടില്ലാത്ത ഓര്‍മ്മപ്പെടുത്തലുകള്‍.


ദീന്‍ പെട്ടെന്നു പൊട്ടിയുണ്ടായതാണെങ്കിലല്ലേ മുജാഹിദിന്റെ രാസപരിശോധന ശരിയാവുന്നുള്ളൂ. സ്വയം ഗവേഷണങ്ങളുടെ അച്ചില്‍ അരിച്ചെടുത്ത മതേതര ശരികളും ആധുനിക ഫിറ്റിംഗ്‌സുകളും മതത്തെ മന്ദഗതിയിലെ വേരുകളില്‍ നിന്നും പൊട്ടിച്ചെറിയുന്നുണ്ട്‌. ദീനൊരു തുടര്‍ച്ചയാണെന്ന കേവല സത്യം മുജാഹിദുകള്‍ മറന്നുകളഞ്ഞു. തെളിവുകള്‍ തേടി പണ്ടത്തേക്ക്‌ പറക്കുന്നവര്‍ മണ്ണ്‌ മാന്താതെ മഴവില്ലുകളുണ്ടാക്കി മടങ്ങി വന്നപ്പോള്‍ ദീനാണു വീണുപോയത്‌. പരലോകത്ത്‌ പൂത്തുകത്തേണ്ട പൊന്നുദീന്‍.

മനുഷ്യനും മുജാഹിദുകളും
സാധ്യതയുടെ സാധ്യതയാണ്‌ മനുഷ്യന്‍. അവനെ കുറിച്ച്‌ അവനറിയാവുന്നതിന്റെ പരമാവതിക്കപ്പുറത്താണ്‌ മനുഷ്യമൗലികതയുടെ നിഗൂഢത കുടികൊള്ളുന്നത്‌. ഈ നിഗൂഢതകളുടെ സാധ്യതകളാണ്‌ ആത്മാവിനെയന്വേഷിക്കുന്ന സ്വാലിഹിനനുഭവിക്കാന്‍ കഴിയുന്ന ഏറ്റവും ആനന്ദദായിയായ അറിവില്ലായ്‌മ. അറിയാത്തതിനെ ആദരിക്കുന്നയിടമാണ്‌ ആത്മരതിയുടെ ആള്‍ത്താര. അറിവില്ലായ്‌മ അന്വേഷണങ്ങളുടെ മാത്രം വഴിവെട്ടുമ്പോള്‍ സന്ദേഹവാദിയാണുണ്ടവുന്നത്‌. മതാംഗീകാരത്തിന്റെ ഏറ്റവും ദുര്‍ബലമായ നൂല്‍ബന്ദമാണ്‌ അദൃശ്യങ്ങളിലെ മുജാഹിദിന്റെ മനോനില. കണ്ണുകള്‍ക്കപ്പുറം കാഴ്‌ച്ചയില്ലെന്ന്‌ പറഞ്ഞും സ്ഥൂലവസ്‌തുക്കള്‍ക്ക്‌ അഗോചരീയമായതിന്റെ അസ്‌തിത്വത്തെ നിഷേധിച്ചും മുജാഹിദ്‌ മനുഷ്യനെ ജഡിക യാന്ത്രികതയുടെ തടവറയില്‍ കൊന്നു തള്ളുകയായിരുന്നു. ആദരവിന്റെ അറ്റത്തെ മാത്രമല്ല , ഏതളവിനെയും ആരാധനയെന്ന്‌ ഭാഷ്യപ്പെടുത്തി ഭീഷണിയുടെ ഉമ്മാക്കിയുണ്ടാക്കാന്‍ തൊണ്ണൂറാണ്ടും തൊള്ളപ്പണിയെടുത്തവര്‍, ജല്ലജലാലിന്റെ സാദരസവിധത്തെ പച്ചപ്പടപ്പുകളുടെ ചില്ലറക്കണക്കുകളോട്‌ ചേര്‍ത്തു പറഞ്ഞു താരതമ്യം ചെയ്‌തു. അങ്ങനെയവര്‍ അഹദായ നാഥനെയും ചെറുതാക്കുകയായിരുന്നു. പടച്ചവനെ കൊച്ചാക്കാന്‍ മുജാഹിദ്‌ മലയാളത്തില്‍ പിറന്ന പ്രാസമാണ്‌ പ്രാര്‍ത്ഥന പടച്ചവനോട്‌ മാത്രമെന്നത്‌. പടച്ചവനോടാകുമ്പോഴാണ്‌ മുസ്‌ലിമിന്‌ പ്രാര്‍ത്ഥനയുണ്ടാവുന്നതെന്ന്‌ പക്ഷെ ആ മുജഃജനത മറന്നില്ല. സ്വന്തം വിഡ്ഡിത്വത്തിന്റെ കശാപ്പു ശാലയിലേക്ക്‌ മുനമ്പത്ത്‌ ബീവിയെ മുജാഹിദാണ്‌ വലിച്ചിഴച്ചത്‌. പടച്ചവന്‍ കനിഞ്ഞവരുടെ അതീന്ദ്രിയ സിദ്ധികള്‍ അസൂയ സൃഷ്‌ടിച്ചപ്പോഴാണ്‌ ചില ഹൃദയ ഗര്‍ഭങ്ങളില്‍ മുജാഹിദ്‌ പിറന്നത്‌.

മനുഷ്യന്‍ മനുഷ്യനെ ഉള്‍ക്കൊള്ളലുകളുടെ വിളംബരമാണ്‌ നേര്‍ച്ചകളെന്നയര്‍ത്ഥത്തില്‍ മുജാഹിദ്‌ ബഹുസ്വരതയുടെ ശരീരത്തിലുമിട്ടിട്ടുണ്ട്‌ അലോസരക്കല്ലുകള്‍. ബദ്‌രീങ്ങുടെ പേരിലെ ഇറച്ചിച്ചോറും മിഅ്‌റാജ്‌ രാവിലെ കലത്തപ്പവും വ്യക്തിബന്ധങ്ങളുടെ നെയ്‌ത്തു രുചിയാണ്‌. ബെയ്‌ച്ചതിന്റെ ബാക്കിയില്‍ സുന്നി കണ്ടത്‌ ബക്കറ്റ്‌ മാത്രമല്ല ഇണപ്പിരിശം കൂടിയാണ്‌. കൊണ്ടോട്ടിയില്‍ പൊളിച്ചു കീറുന്നവര്‍ കേന്ദ്ര മാര്‍ക്കറ്റിലെ അറബിക്കു മുമ്പില്‍ ഒളിച്ചു മാറുന്നത്‌ സാമ്പത്തിക ശാസ്‌ത്രമാണുതാനും. മണ്ണിനെ ബഹുമാനിക്കാന്‍ പഠിക്കാത്തവര്‍ മണ്‍മറഞ്ഞവരെ മാനിക്കാന്‍ അശക്തരാവുകയെന്നത്‌ കാവ്യനീതിമാത്രമാണ്‌.


ജമാലുദ്ദീന്‍ അഫ്‌ഗാനിയും റശീദ്‌ രിളയും മുഹമ്മദ്‌ അബ്‌ദുവും കൊളോണിയലിസത്തിന്റെ ഉല്‍പന്നങ്ങളാണ്‌. മുഹമ്മദ്‌ബിനു അബ്‌ദുല്‍ വഹാബ്‌ കണ്ടുമുട്ടി ഫണ്ടിംഗ്‌ ഉറപ്പിച്ച സായ്‌പ്പന്‍മാരുടെ കഥകളും സുവിദിതമാണ്‌. അലൗകികതയുടെ മതാടിസ്ഥാനങ്ങളെ യുക്തിയുടെ വറ്റി വരള്‍ച്ചയില്‍ കൂട്ടിക്കെട്ടിയിടാന്‍ പടിഞ്ഞാറ്‌ പറഞ്ഞയച്ചയവര്‍ പറഞ്ഞു പഠിപ്പിച്ച ദഹനക്കേടുകള്‍ നാടുനീളെ ചര്‍ദ്ദിച്ചുണ്ടാക്കിയ മനച്ചൊത്തകളല്ലല്ലോ നവോത്ഥാനം. പ്രാദേശികമായ പ്രാമാണിക പശ്ചാതലം, പ്രത്യയശാസ്‌ത്രപരമായ അസ്ഥിത്വത്തിനു അടിസ്ഥാന ഘടകമാണ്‌. മമ്പുറം തങ്ങളും പൊന്നാനി മഖ്‌ദൂമുമാരും എന്ന പറച്ചിലിനു ചേര്‍ത്തുവെച്ച പ്രാദേശികനാമങ്ങള്‍ അവയുടെ കേവലത്വത്തിനപ്പുറം കൂടിയാണ്‌. തങ്ങള്‍ എന്നതിനേക്കാള്‍ മമ്പുറം എന്ന, സംജ്ഞയുടെ രണ്ടാം ഭാഗമാണ്‌ ജനതയുടെ ഉള്ളുണര്‍ത്തുന്നത്‌. ഖാളി മുഹമ്മദും മോയിന്‍കുട്ടി വൈദ്യരും കുഞ്ഞായിന്‍ മുസ്‌ല്യാരും വ്യക്തിത്വം കണ്ടെത്തിയതില്‍ പ്രാദേശികതയുടെ ഉപ്പിച്ച വേണ്ടുവോളമുണ്ട്‌. ചരിത്രത്തിലേക്ക്‌ സ്വന്തം മണ്ണെറിഞ്ഞ്‌ അവര്‍വിളക്കിച്ചേര്‍ത്ത സാംസ്‌കാരിക മണ്ഡലങ്ങളുടെ പരിഛേദവാക്യം കൂടിയാണ്‌.


വെളിയങ്കോടും ചാലിയവും കെട്ടിപ്പൊക്കിയ വ്യക്തി മഹത്വങ്ങള്‍ക്കു സുന്നത്തും ജന്നത്തും മുത്തിപ്പൊത്തുന്നതിന്റെ തൂമണമുണ്ട്‌. പടച്ചവനെയല്ലാതെ പടപ്പുകളെ പേടിക്കാത്തവര്‍ ബാക്കിയാക്കിയ മഖാമുകളാണ്‌ മലയാള മുസ്‌ലിമിന്റെ പച്ചപ്പുകള്‍ നോക്കണം, കേരളത്തിലെ സുന്നി പഠന പ്രബോധന സംഘടനാ കേന്ദ്രങ്ങള്‍ മണ്‍മറഞ്ഞവരുടെ ചാരെയായത്‌ കേവലം യാദൃശ്ചികമല്ല. ചരിത്രപരമായ ബന്ധരാഹിത്യത്തിന്റെ മണലാരുണ്യമാണ്‌ മുജാഹിദുകളെ ഖബ്‌റിലാക്കിയത്‌. ബന്ധദാര്‍ഢ്യതയുടെ പിന്‍ബലത്തിലാണ്‌ സുന്നി നിലനില്‍പ്പിന്റെ മണ്ണില്‍ നിലപാടിന്റെ മനസ്‌ സമര്‍പ്പിച്ചതും.


തുഹ്‌ഫതുല്‍ മുജാഹിദിനിലെ ഫുന്ത്രിയയും ഇബ്‌നു ബത്തൂത്തയുടെ ഫന്തറീനയും സുന്നിമണ്ണിനു നല്‍കിയ ആദരവിന്റെ രേഖാചരിത്രമാണ്‌. മക്കത്തെ പള്ളിയിലെ പോലെ മാമല നാട്ടില്‍ പൊന്തിയ മാടായിപ്പള്ളിയും പന്തലായനിപ്പള്ളിയുമാണ്‌ മലയാളിയുടെ ദീനിയ്യാത്ത്‌ അടയാളപ്പെടുത്തുന്നത്‌. അറബിക്കടല്‍ നാവികര്‍ മയ്യിത്ത്‌ കുന്നിനു സമീപത്തെ താഴികക്കുടം നോക്കി ദിശകണ്ടെത്തിയെന്ന രേഖയുടെ ബാക്കിതന്നെയാണ്‌ അവര്‍ നേര്‍ച്ചക്ക്‌ അഭിവാദ്യം അര്‍പ്പിച്ചതും. ചരിത്രത്തിന്റെ ചാരിത്ര്യം നശിപ്പിക്കാന്‍ ഈ ചരിത്രം ആരെയുമനുവദിക്കുന്നില്ല, തീരെ. പറങ്കിപ്പടക്കെതിരെ നാടൊന്നടങ്കം നട്ടെല്ലു നിവര്‍ത്തി അങ്കക്കളം പണിതതും ഇവിടം കേന്ദ്രീകരിച്ചു തന്നെ. ഉള്ളിലെ തീ എരിഞ്ഞമരാനല്ലെന്നും അന്യായം നിറഞ്ഞ അധികാര വ്യവസ്ഥയുടെ ആസ്ഥാനമഠത്തില്‍ തീ കൊളുത്താനാണെന്നും വിവിധ സ്വാതന്ത്രൃ സമര കാലങ്ങളില്‍ നാട്ടുകാരെ തെര്യപ്പെടുത്തിയ ധീരധന്യരാണ്‌ നമ്മുടെ മണ്ണിലെ മഹാത്മാക്കള്‍. അന്നും അച്ചാരം വാങ്ങി മാപ്പിളയുടെ തീച്ചാരങ്ങള്‍ ചിതറുന്നതു നോക്കി ചിരിച്ചവര്‍ക്ക്‌ പിറന്നമണ്ണ്‌ മണ്ണാങ്കട്ടക്കപ്പുറം മറ്റൊന്നുമായിരുന്നില്ല. തളങ്കരയും ഇടിയങ്ങരയും കേരളത്തലെ സുന്നി പഠന-പ്രബോധന- സംഘാടനാ കേന്ദ്രങ്ങള്‍.


വാല്‍ കഷ്‌ണം: സുന്നി ഉത്തരിക്കാനുള്ള യന്ത്രവും മുജാഹിദ്‌ ചോദ്യമുണ്ടാക്കുന്ന ഫാക്‌ടറിയുമാണെന്ന വാര്‍പ്പു ധാരണ ജീ. പി. സി വിവാദം കൊടുങ്കാറ്റയച്ചു തകര്‍ത്തു. ഇനി സുന്നിക്കു ചോദിക്കാം, മുജാഹിദ്‌ മറു പഠിക്കട്ടെ.
 
ശുഐബ്‌ ഹൈതമി വാരാമ്പറ്റ

No comments:

Post a Comment