കാസര്‍കോട് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു വന്നവരായ മുസ്‌ലിം പ്രമുഖന്മാരും പൊതുജനങ്ങളും അടങ്ങിയ ഒരു വന്‍ സമൂഹം 1971 ഏപ്രില്‍ 28 (ഹി: 1391 റബീലല്‍ അവ്വല്‍ 2) ന് ബുധനാഴ്ച രാവിലെ പത്തു മണിക്കു കളനാട് റയില്‍വേ സ്റ്റേഷനു സമീപം കല്ലട്ര അബ്ദുര്‍ ഖാദിര്‍ ഹാജി താമസിച്ചിരുന്ന അദ്ദേഹത്തിന്റെ സ്വന്തം വീട്ടില്‍ സമ്മേളിക്കുകയുണ്ടായി. കീഴൂര്‍ ഖാസി ജനാബ് സി. മുഹമ്മദ് കുഞ്ഞി മുസ്‌ലിയാരുടെ ക്ഷണപ്രകാരമായിരുന്നു ആ സമ്മേളനം. അദ്ദേഹത്തിന്റെ തന്നെ അധ്യക്ഷതയിലായിരുന്ന ആ സമ്മേളനത്തില്‍ വെച്ചു മൂന്നു വിദ്യാര്‍ത്ഥികള്‍ക്കു മുര്‍ശിദുത്തുല്ലാബ് എന്ന ഗ്രന്ഥം ചൊല്ലിക്കൊടുത്തുകൊണ്ട് ജനാബ് ഹാജി മുഹമ്മദ് മുസ്‌ലിയാര്‍ (കടവത്ത്, കളനാട്) സഅദിയ്യ അറബിക് കോളേജ് ഉല്‍ഘാടനം ചെയ്തു.
കോളേജിന് ഒരു സ്ഥിരം കെട്ടിടം നിര്‍മിച്ച് അതിലേക്ക് സ്ഥലം മാറ്റം ചെയ്യുന്നതുവരെ സര്‍വ്വസജ്ജീകൃതമായ ഈ വീട്ടില്‍വെച്ചുതന്നെ കോളേജ് നടത്തുവാന്‍ കല്ലട്ര അബ്ദുല്‍ ഖാദിര്‍ സാഹിബ് സമ്മതിക്കുകയും കോളേജിന്റെ എല്ലാ ചെലവുകളും അദ്ദഹം തെന്നെ ഏറ്റെടുക്കുകയും ചെയ്തു. സി.എം. അബ്ദുല്ല മൗലവി, കെ.വി. മൊയ്തീന്‍ കുഞ്ഞി മൗലവി എന്നിവരെ ഗുരുനാഥന്മാരായി നിയമിക്കുകയും ഇരുപത് വിദ്യാര്‍ത്ഥികളെ വിവിധ ക്ലാസുകളിലായി ചേര്‍ക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ 1, 2, 5 എന്നീ ക്ലാസുകളിലായി ഇരുപത് വിദ്യാര്‍ത്ഥികളെ ചേര്‍ത്തു.
രൂപരേഖ
ഉല്‍ഘാടനയോഗത്തില്‍ വെച്ചു അറബിക് കോളേജിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെയും പ്രവര്‍ത്തന രൂപങ്ങളെയും വിശദീകരിക്കുന്ന ഒരു രൂപരേഖ വായിക്കപ്പെടുകയുണ്ടായി. അത് താഴെ പറയും വിധം സംഗ്രഹിക്കാം:
ഇസ്‌ലാമികവും ലൗകികവുമായ വിജ്ഞാനങ്ങള്‍ വേണ്ടത്ര കരസ്ഥമാക്കിയവരും ഇസ്‌ലാമിക വിശ്വാസവും അതിനോടുള്ള നിഷ്‌കളങ്കമായ കൂറും ഉള്ളവരും അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങളില്‍ അടിയുറച്ചവരുമായ പണ്ഡിതന്മാരെ വാര്‍ത്തെടുക്കുകയും അതേസമയം ജീവിത സന്ധാരണത്തിനനുയോജ്യമായ ജോലിയില്‍ ഏര്‍പ്പെടുവാനുള്ള കഴിവുകള്‍ അവര്‍ക്ക് ഉണ്ടാക്കിക്കൊടുക്കുകയെന്നതും ഈ സ്ഥാപനത്തിന്റെ ലക്ഷ്യമാകുന്നു. അതിനു പുറമെ ഹൈസ്‌കൂളുകളിലും കോളേജുകളിലും പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി നിശാക്ലാസുകള്‍, ഞായറാഴ്ച പാഠങ്ങള്‍, സമ്മര്‍ ക്ലാസുകള്‍ എന്നിവ നടത്തലും ഇതിന്റെ ലക്ഷ്യങ്ങളില്‍ പെട്ടതാണ്.
രൂപരേഖ ഇങ്ങനെ തുടരുന്നു: ഈ സ്ഥാപനത്തിന് ഒന്നു മുതല്‍ എട്ടു വരെയുള്ള കോളേജു ക്ലാസുകളും അതിനു ശേഷം രണ്ടുവര്‍ഷത്തെ ഉന്നത കോഴ്‌സും ഉണ്ടായിരിക്കുന്നതാണ്. ഖുര്‍ആന്‍ പാരായണം, പ്രഥമികമായ ദീനിയ്യാത്തും അമലിയ്യാത്തും മലയാളം എഴുത്തും വായനയും എന്നിവ അഭ്യസിച്ചു കഴിഞ്ഞ കുട്ടികളെയായിരിക്കും ഒന്നാം ക്ലാസില്‍ ചേര്‍ക്കുക.
ഈ സ്ഥാപനത്തില്‍ എട്ടാം ക്ലാസ് പൂര്‍ത്തിയാക്കി പുറത്തുവരുന്ന ഒരു വിദ്യാര്‍ഥിയില്‍: ഖുര്‍ആന്‍ മുഴുവനും അര്‍ത്ഥവും വ്യാഖ്യാനവും സഹിതം പഠിച്ചിരിക്കുക, പ്രധാന ഹദീസ് കിതാബുകള്‍ പഠിച്ചിരിക്കുക, ശാഫിഈ മദ്ഹബിലെ സുപ്രധാന ഹദീസ് ഗ്രന്ഥം പഠിച്ചിരിക്കുക, ആനുകാലിക പ്രശ്‌നങ്ങളുടെ ഇസ്‌ലാമിക പരിഹാരം കണ്ടുപിടിക്കാന്‍ കഴിയുക, ലൗകിക വിദ്യാഭ്യാസത്തില്‍ പൊതുവായ കഴിവുകള്‍ നേടിയിരിക്കുക, ദീനിനോട് സ്‌നേഹവും ആദരവും ഇസ്‌ലാമിക ആദര്‍ശങ്ങളില്‍ ഉറപ്പും ഉണ്ടായിരിക്കുക മുതലായ യോഗ്യതകള്‍ പ്രതീക്ഷിക്കപ്പെടുന്നു.
എട്ടാം വര്‍ഷത്തിനു ശേഷം രണ്ടുവര്‍ഷത്തെ ഉന്ന കോഴ്‌സും വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നു. ദീനിയ്യായ വിഷയങ്ങള്‍ വിശാലമായ തോതില്‍ അഭ്യസിപ്പിക്കപ്പെടുകയും ഫത്‌വകളും സമുദായ നേതൃത്വവും നല്‍കുവാനുള്ള ഉയര്‍ന്ന യോഗ്യതയും ഉണ്ടാക്കലാണ് ഇതിന്റെ ലക്ഷ്യം.
അറബി ഭാഷ ആധുനികമായ രീതിയില്‍തന്നെ കൈകാര്യം ചെയ്യുവാന്‍ സാധിക്കേണ്ട രീതിയില്‍ അതിന്റെ പഠനം സംവിധാനം ചെയ്യപ്പെട്ടിട്ടുണ്ട്.
ഇപ്പോള്‍ ഖുര്‍ആന്‍, ഹദീസ്, തഫ്‌സീര്‍, ഫിഖ്ഹ്, സര്‍ഫ്, നഹ്‌വ്, അറബി ഭാഷ, ഉറുദു, മന്‍ഥിഖ്, മആനി, ഇസ്‌ലാം ചരിത്രം, ഇംഗ്ലീഷ്, കണക്ക്, സയന്‍സ് എന്നിവ അഭ്യസിപ്പിക്കപ്പെടുന്നു.
ഇരുപത് വിദ്യാര്‍ത്ഥികളും രണ്ട് ഉസ്താദുമാരുമാണ് ആരംഭത്തില്‍ ഉണ്ടായിരുന്നതെന്നത് മുമ്പ് പ്രസ്താവിച്ചുവല്ലോ. എന്നാല്‍, താമസം വിനാ വിദ്യാര്‍ത്ഥികളുടെ എണ്ണം മുപ്പതായി വര്‍ദ്ധിക്കപ്പെടുകയുണ്ടായി. പാര്‍ട് ടൈം ആയി മൂന്നാമതൊരു ഉസ്താദിനെ നിയമിക്കുകയും ചെയ്തു. ഹി: 1391 ശവ്വാല്‍ മാസം മുതല്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം നാല്‍പതായി വര്‍ദ്ധിപ്പിച്ചു. ഒരു ഉസ്താദിനെ കൂട്ടുകയും ചെയ്തു. അങ്ങനെ ഇപ്പോള്‍ നാല്‍പ്പത് വിദ്യാര്‍ത്ഥികളും നാല് ഗുരുനാഥന്മാരുമാണ് ഉള്ളത്. ഇംഗ്ലീഷ്, സയന്‍സ്, കണക്ക് എന്നിവ മാത്രം പഠിപ്പിക്കുവാന്‍ വേണ്ടി അഞ്ചാമതൊരു അധ്യാപകനുമുണ്ട്.
തുടക്കത്തില്‍1, 2, 5 എന്നീ ക്ലാസുകളാണ് ഉണ്ടായിരുന്നത്. ഹി: 1392 ശഅബാന്‍ മാസത്തില്‍ വര്‍ഷാന്ത പരീക്ഷ നടത്തിയ ശേഷം അതേ വര്‍ഷം ശവ്വാല്‍ മാസം മുതല്‍ ആറാം തരം തുറന്നു. കൂടാതെ, പുതുതാചയി നാലാം തരവും തുടങ്ങി. അങ്ങനെ, റിപ്പോര്‍ട്ട് വാര്‍ഷികത്തില്‍ നിലവിലുള്ള ക്ലാസുകള്‍ 1, 2, 3, 4, 6 എന്നിവയാണ്.
പഠനരീതി
ഇസ്‌ലാമിക വിഷയങ്ങളെയും ആധുനിക വിജ്ഞാനങ്ങളെയും സമന്വയിപ്പിച്ചുകൊണ്ടുള്ള പാഠ്യപദ്ധതിയാണ് സ്വീകരിച്ചിട്ടുള്ളത്. കാലത്തിന്റെ വെല്ലുവിളിയെ സധൈര്യം നേരിട്ടുകൊണ്ട് ഇസ്‌ലാമിന്റെ ശബ്ദം ഉയര്‍ത്തിപ്പിടിക്കുവാന്‍ വേണ്ട യോഗ്യത നേടിക്കൊടുക്കുന്നതും വിദ്യാര്‍ത്ഥികളില്‍ വിജ്ഞാന തല്‍പരത വളര്‍ത്തുന്നതുമായ പാഠ്യക്രമമാണ് നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുന്നത്.
ശരിയായ അര്‍ഥവും വ്യാഖ്യാനവും മനസ്സിലാക്കിക്കൊടുത്തുകൊണ്ടാണ് എല്ലാ ക്ലാസുകളിലും ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. 1, 2, 3 എന്നീ ക്ലാസുകളില്‍ ചെറിയ ചെറിയ സൂറത്തുകള്‍ അര്‍ത്ഥ സഹിതം പഠിപ്പിക്കുന്നതിനു പുറമെ അവ മന:പാഠമാക്കിക്കുകയും ചെയ്യുന്നു. ഇളം തലച്ചോറുകള്‍ക്ക് ഇസ്‌ലാമികാവേശവും ഇസ്‌ലാമിക സ്വഭാവവും വളര്‍ത്തുവാന്‍ ഇത് എന്തുമാത്രം ഉപകാരപ്പെടുമെന്നുള്ളത് അവിതര്‍ക്കിതമത്രെ.
എല്ലാ ക്ലാസുകളിലും ഹദീസ് പഠിപ്പിക്കുന്നുണ്ട്. സ്വഭാവ സംസ്‌കരണ പ്രധാനമായ തെരഞ്ഞെടുക്കപ്പെട്ട കുറേ ഹദീസുകളാണ് ഒന്നാം തരത്തില്‍വെച്ചു പഠിപ്പിക്കുന്നത്. ഹദീസിന്റെയും തസ്വവ്വുഫിന്റെയും ഫലങ്ങള്‍ ഒപ്പം ലഭ്യമാകണമെന്ന ലക്ഷ്യം വെച്ചുകൊണ്ടാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. രണ്ടാം തരം മുതല്‍ ബുലൂഗുല്‍ മറാം എന്ന പ്രാമാണിക ഹദീസ് ഗ്രന്ഥം തുടങ്ങുന്നു. നിത്യജീവിതത്തില്‍ മുസ്‌ലിംകള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കര്‍മശാസ്ത്ര(ഫിഖ്ഹ്) പരമായ കര്യങ്ങള്‍ക്ക് ഹദീസുകളില്‍ക്കൂടിയുള്ള വിവരണവും വെളിച്ചവും ഇതുമൂലം വിദ്യാര്‍ത്ഥികള്‍ക്കു ലഭിക്കുന്നു. രണ്ടും മൂന്നും തരങ്ങളില്‍ ഈ ഗ്രന്ഥം തുടരുന്നു. നാലാം തരത്തില്‍ രിയാളുസ്സ്വാലിഹീന്‍ എന്ന ഹദീസ് കിത്താബ് പഠിപ്പിക്കുന്നു. സ്വഭാവ സംസ്‌കരണ വിഷയത്തില്‍ സുപ്രസിദ്ധിയാര്‍ജ്ജിച്ചതാണ് ഈ ഗ്രന്ഥം. ആറാം തരത്തില്‍ ബുഖാരിയാണ് പഠിപ്പിക്കുന്നത്.
ഫിഖ്ഹ് എല്ലാ ക്ലാസുകളിലും അഭ്യസിപ്പിക്കുന്നു. ഒന്നാം ക്ലാസില്‍ സഫീനത്തുന്നജാ എന്ന കൊച്ചു കൃതിയും രണ്ടിലും മൂന്നിലും സുപ്രസിദ്ധ ഫിഖ്ഹ് കിത്താബായ ഉംദയും നാലില്‍ സര്‍വ്വാംഗീകൃതമായ ഫതഹുല്‍ മുഈനും ആറില്‍ പ്രാമാണിക ഫിഖ്ഹ് കിത്താബായ മഹല്ലിയുമാണ് പഠിപ്പിക്കുന്നത്. സമുന്നതമായ രീതിയില്‍ ശാഫിഈ ഫിഖ്ഹ് കരഗതമാക്കുവാന്‍ ഇത് പ്രയോജനപ്പെടുമ്മെന്നത് വ്യക്തമത്രെ.
ഇസ്‌ലാം ചരിത്രം എല്ലാ തരങ്ങളിലുമുണ്ട്. കെട്ടുകഥകളില്‍നിന്നും തീരെ മുക്തമായ ശുദ്ധമായ ചരിത്രമാണ് പഠിപ്പി#കകുന്നത്. അതുതന്നെ, സംഭവങ്ങളുടെ കേവല പ്രകാശനം ചഎന്ന നിലക്കല്ല. മറിച്ച്, സംഭവങ്ങളുടെ കാര്യകാരണങ്ങള്‍ എടുത്തു കാണിച്ചുകൊണ്ടും യുക്തമായ അവലോകനം ഉള്‍പ്പെടുത്തിയും ഓരോ കാലഘട്ടത്തിലെയും ചരിത്രം നല്‍കുന്ന പാഠമെന്താണെന്ന് വ്യക്തമാക്കിക്കൊണ്ടുമാണ് അഭ്യസിപ്പിക്കുന്നത്. ഈ രീതി വിദ്യാര്‍ത്ഥികളുടെ ചിന്താശക്തി ഉദ്ദീപിപ്പിക്കുകയും ഹൃദയങ്ങള്‍ വികാസമുണ്ടാക്കുകയും ചരിത്ര പഠനത്തിന്റെ യഥാര്‍ഥ ഫലം കരസ്ഥമാക്കുവാന്‍ അവര്‍ക്കു അവസരം നല്‍കുകയും ചെയ്യുന്നു.
ഇസ്‌ലാം ചരിത്രത്തിനുപുറമെ ഇന്ത്യാ ചരിത്രം, ലോക ചരിത്രം എന്നിവയും പഠിപ്പിക്കേണ്ടത് ആവശ്യംതന്നെയാണ്. അതു ഇതുവരെ പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്തുവാന്‍ സാധിച്ചിട്ടില്ലെന്നത് വ്യസന സമേതം ഉണര്‍ത്തിക്കൊള്ളുന്നു. പ്രതിബന്ധങ്ങള്‍ നീക്കിക്കൊണ്ട് അവയും ഉള്‍പ്പെടുത്തുവാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. കോളേജ് ലൈബ്രറിയുടെ ദയനീയ അപര്യാപ്തതയാണ് ഇവിടെ പ്രധാന പ്രതിബന്ധമായി നില്‍ക്കുന്നതെന്ന കാര്യം സ്മര്യമത്രെ.
ആധുനിക രീതിയില്‍ കൈകാര്യം ചെയ്യുവാന്‍ തക്കയോഗ്യത നേടിക്കൊടുക്കുന്ന രീതിയിലാണ് അറബി ഭാഷ അഭ്യസിപ്പിക്കുന്നതെന്ന് മുമ്പു പ്രസ്താവിച്ചുവല്ലോ. അറബി എഴുതുവാനും വായിക്കുവാനും സംസാരിക്കുവാനും സാധിക്കുന്നതിനുപുറമെ അറബി ഭാഷാ സാഹിത്യത്തില്‍ സമുന്നതമായ ഒരു നിലവാരം കൈവരുത്തുകയും ആവശ്യമാണ്. ഇതിനുവേണ്ടി വിദ്യാര്‍ത്ഥികള്‍ക്കു അറബി എഴുത്തും നിത്യജീവിതത്തില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യങ്ങളുടെ അറബി പ്രതിപാദന രീതിയും പഠിപ്പിക്കുകയും അറബിയില്‍ സംസാരിച്ചും പ്രസംഗിച്ചും പരിശീലിപ്പിക്കുകയും ചെയ്യുന്നതിനുപുറമെ അറബി സാഹിത്യരംഗത്തിലെ ലളിതങ്ങളും ഗഹനങ്ങളുമായ ഗ്രന്ഥങ്ങള്‍ വ്യവസ്ഥാപിതമായി പഠിപ്പിക്കുകയും ചെയ്യുന്നു. നഹ്‌വുല്‍ വാളിഹ്, ബലാഗത്തുല്‍ വാളിഹ, മുഖ്തസ്വറുല്‍ മആനി എന്നീ ഗ്രന്ഥങ്ങള്‍ ഈ വിഷയത്തില്‍ തെരഞ്ഞെടുത്തു പഠനം നടത്തിവരുന്നു.
വിദ്യാഭ്യാസം ജോലി ലക്ഷ്യം വെച്ചാകട്ടെ അല്ലാതിരിക്കട്ടെ, അംഗീകൃത ഡിഗ്രികള്‍ അനുപേക്ഷ്യങ്ങളായി ഗണിക്കപ്പെടുന്ന സാമൂഹിക ചുറ്റുപാടാണ് നിലവിലുള്ളത് ഈ പരമാര്‍ത്ഥത്തെ അവഗണിക്കുകയോ കണ്ടില്ലെന്നു നടിക്കുകയോ ചെയ്യുന്നത് സമുദായത്തിനും നമ്മുടെ ലക്ഷ്യത്തിനും അപരിഹാര്യമായ ദോഷ ഫലങ്ങള്‍ വരുത്തിവെക്കുമെന്നത് ചിന്തിക്കുന്നവര്‍ക്ക് അറിയാവുന്നതേയുള്ളൂ. അതിനാല്‍, ഇസ്‌ലാമിക വിഷയങ്ങളും ലൗകിക വിജ്ഞാനീയങ്ങളും അറബി സാഹിത്യവും ഒരേ പാഠ്യപദ്ധതിയില്‍, അംഗീകൃത ഡിഗ്രി നേടാന്‍ കഴിയുന്ന വിധത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. അറബി ഭാഷാ സാഹിത്യ ഗ്രന്ഥങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഈ കാര്യം എത്രയും ശ്രദ്ധിച്ചിട്ടുണ്ട്.
ജീവിതായോധനയും തേടി മധ്യപൗരസ്ത്യ അറബ് ദേശങ്ങളില്‍ അഭയം പ്രാപിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ നാട്ടിലെ ആയിരങ്ങളില്‍ ചിലര്‍ക്ക് അവിടേക്കു പോകുന്നതിനു മുമ്പ് അവിടത്തെ ഭാഷയായ അറബി വശത്താക്കുവാന്‍ നമ്മുടെ പാഠ്യ പദ്ധതി ഒരവസരം നല്‍കുന്നതാണ്. ഇത് സ്ഥാപനത്തിന്റെ പാഠ്യ പദ്ധതിയുടെ മുഖ്യ ലക്ഷ്യമല്ലെങ്കിലും ഈ പാഠ്യപദ്ധതിയില്‍കൂടി ഇതും സാധിക്കുമെന്നത് ഒരു വസ്തുതയാണ്.
മുന്‍ചൊന്ന വിഷയങ്ങള്‍ക്കുപുറമെ മലയാളം, ഉറുദു, ഇംഗ്ലീഷ്, കണക്ക്, ഭൂമിശാസ്ത്രം, സയന്‍സ് എന്നിവയാണ് അഭ്യസിപ്പിക്കുന്നത്. ഈ സ്ഥാപനത്തില്‍നിന്നും പഠനം പൂര്‍ത്തിയാക്കി പുറത്തുവരുന്ന വിദ്യാര്‍ത്ഥികള്‍ക്കു ജീവിത പ്രശ്‌നങ്ങളോട് മല്ലിടുവാന്‍ മതാധ്യാപനം, ഖുത്തുബ, ഇമാമത്ത് തുടങ്ങിയ ജോലികളെ മാത്രം ആശ്രയിക്കേണ്ടി വരാതെ തങ്ങള്‍ ഇഷ്ടപ്പെടുന്ന മറ്റു ബിസിനസ്സുകളില്‍ ഏര്‍പ്പെടുവാന്‍ സാധിക്കുന്നതിനുള്ള നേടിക്കൊടുക്കുലും ലോകപരിജ്ഞാനമുണ്ടാക്കലുമാണ് ഇതുകൊണ്ട് ലക്ഷ്യമാക്കിയിട്ടുള്ളത്. ഈ വിഷയങ്ങളില്‍ കാലോചിതങ്ങളായ പരിവര്‍ത്തനങ്ങള്‍ വരുത്തിക്കൊണ്ടിരിക്കാന്‍ ഞങ്ങള്‍ സന്നദ്ധരുമാണ്.
തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നമ്മുടെ സമുദായത്തിന് ഇന്ന് അഭികാമ്യമെന്നല്ല, അനിവാര്യമായിരിക്കുകയാണ്. ഇതിലാരും തര്‍ക്കിക്കുകയില്ല. പക്ഷെ, ഇത് പ്രയോഗവല്‍കരിക്കുവാനുള്ള മാര്‍ഗം ആവിഷ്‌കൃതമായിട്ടില്ലെന്നുള്ളത് ഒരു ദു:ഖ സത്യമത്രെ. ഈ പദ്ധതികൂടി ഈ സ്ഥാപനത്തിന്റെ പദ്ധതികളില്‍ ഉള്‍പ്പെടുത്തണമെന്നുണ്ട്. അനുകൂലമായ സാഹചര്യത്തില്‍ അത് നടപ്പില്‍ വരുത്തുമെന്നു പറയുവാനേ ഇപ്പോള്‍ സാധ്യമുള്ളൂ.
വ്യായാഴ്ചതോറും പ്രസംഗ പരിശീലന ക്ലാസോ മോഡല്‍ പാര്‍ലമെന്റോ നടത്തിവരുന്നു. ഇസ്‌ലാമിക പ്രബോധനത്തിനുള്ള ഒരു തയ്യാറെടുപ്പെടന്ന നിലക്കും നിലവിലുള്ള ജനാധിപത്യ ഭരണ സമ്പ്രദായത്തെ സംബന്ധിച്ച് ബോധവും പരിചയവും സിദ്ധമാക്കുവാനും ചിത്താശീലം ഊട്ടിയുറപ്പിക്കുവാനും വേണ്ടിയാണ് ഇവ നടത്തുന്നത്. പ്രസംഗ പരിശീലന ക്ലാസിന്റെയും മോഡല്‍ പാര്‍ലിമെന്റിന്റെയും വ്യവസ്ഥാപിതമായ പ്രവര്‍ത്തനത്തിനു വേണ്ടി വിദ്യാര്‍ത്ഥികളുടെ ഒരു സാഹിത്യ സമാജം രൂപീകൃതമായിട്ടുണ്ട്. വിവിധ വിഷയങ്ങളില്‍ വിവരങ്ങളും വിജ്ഞാനങ്ങളും ലഭ്യമാക്കുന്നതിനുവേണ്ടി ഒരു ലൈബ്രറിയും സ്ഥാപിച്ചിട്ടുണ്ട്. കോളേജിന്റെ എല്ലാ ചെലവുകളും പൂര്‍ണ്ണമായും വഹിക്കുന്നത് കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി സാഹിബാണ്. എന്നാല്‍, കിത്താബുകളും പുസ്തകങ്ങളും നല്‍കിയും പണം സംഭാവന ചെയ്തും ലൈബ്രറിയെ പോഷിപ്പിക്കുന്നതില്‍ മറ്റു ചില വ്യക്തികളും പങ്കുചേര്‍ന്നിട്ടുണ്ട്. ഇവരില്‍, കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി, എ.കെ. മുഹമ്മദ് കുഞ്ഞി മേല്‍പറമ്പ്, എന്നിവര്‍ പ്രത്യേകം എടുത്തുപറയപ്പെടേണ്ടവരാണ്. റിപ്പോര്‍ട്ട് കാലത്ത് കല്ലട്ര അബ്ലാസ് ഹാജി 550 ക യും ഇസ്‌ലാം ചരിത്രം, ഖുര്‍ആന്‍ പരിഭാഷ എന്നീ രണ്ടും ഗ്രന്ഥങ്ങളും എ.കെ. മുഹമ്മദ് കുഞ്ഞി 800 ക വിലയുള്ള ഫതഹുല്‍ ബാരീ എന്ന ഹദീസ് വ്യാഖ്യാന ഗ്രന്ഥവും നമ്മുടെ ലൈബ്രറിക്ക് സംഭാവന നല്‍കിയിട്ടുണ്ട്. ഈ സ്ഥാപനത്തിലെ ഒരു ഗുരുനാഥനായ സി.കെ. അഹ്മദ് മൗലവിയും ചില പുസ്തകങ്ങള്‍ സംഭാവന തന്നു. കാസര്‍കോട്ടെ ഹാജി കെ.എസ്. മുഹമ്മദ് ഹബീബുല്ലാ സാഹിബും കുറച്ചു പുസ്തകങ്ങള്‍ തരികയും ഇനിയും തന്നുകൊണ്ടിരിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
പട്ടിക്കാട് നൂറുല്‍ ഉലമാ സംഘം അവരുടെ കുറേ പ്രസിദ്ധീകരണങ്ങള്‍ നമ്മുടെ ലൈബ്രറിയിലേക്ക് അയച്ചു തന്നിട്ടുണ്ട്. പരിശുദ്ധ മക്കയെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന റാബിഥത്തുല്‍ ആലമില്‍ ഇസ്‌ലാമി സംഘടന രണ്ടുതരം പുസ്തകങ്ങളുടെ മുപ്പതു വീതം കോപ്പികള്‍ അയച്ചുതന്നിരിക്കുന്നു.
വിദ്യാര്‍ത്തികള്‍ അപൂര്‍വ്വമായി പിരിച്ചുണ്ടാക്കിയ ചുരുങ്ങിയ സംഖ്യയും ലൈബ്രറിക്ക് ഉപകാരപ്പെട്ടിട്ടുണ്ട്. എന്തുതന്നെയായാലും, ഒരു കോളേജിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്ന നിലവാരത്തിലേക്ക് എത്തുവാന്‍ ഈ ലൈബ്രറിക്ക് ഇനിയും അതിവിദൂരം സഞ്ചരിക്കേണ്ടതായിട്ടാണിരിക്കുന്നത്. പുറമെനിന്ന് ഏതെങ്കിലും തരത്തില്‍ സംഭാവന സ്വീകരിച്ചിട്ടുള്ളത് ലൈബ്രറിക്കുമാത്രമാണ്. എന്നാല്‍, കോളേജിന്റെ സര്‍വ്വ വിധ ചെലവുകളും വഹിക്കുന്നത് കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി സാഹിബ് ഒറ്റക്കാണ്.
സൗഭാഗ്യം എന്നൊരു മലയാള കൈയ്യെഴുത്തു മാസിക വിദ്യാര്‍ത്ഥികള്‍ പ്രസിദ്ധീകരിച്ചു വരുന്നു. എഴുത്തു കലയില്‍ നേടിയിരിക്കേകണ്ടത് ഇക്കാലത്ത് ആവശ്യമാണെന്ന് എടുത്തുപറയാതെത്തന്നെ ആര്‍ക്കും അറിയാവുന്ന കാര്യമാണ്. ഈ മാസികയുടെ പ്രസിദ്ധീകരണോല്‍ഘാടനം കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി സാഹിബ് നിര്‍വഹിച്ചു.
നിശാപാഠം
എസ്.എസ്.എല്‍.സി പാസായവരും ഹൈസ്‌കൂളില്‍ വിവിധ ക്ലാസുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്നവരുമായ കുറേ വിദ്യാര്‍ത്ഥികള്‍ക്ക് കോളേജില്‍വെച്ചു നിശാകാസ് എടുത്തുവരുന്നു. ഇസ്‌ലാമിക കര്‍മശാസ്ത്രം, വിശ്വാസ കാര്യങ്ങള്‍, ഇസ്‌ലാം ചരിത്രം, സ്വാഭാവസംസ്‌കരണം എന്നീ വിഷയങ്ങളിലാണ് അവര്‍ക്ക് പാഠങ്ങള്‍ നല്‍കുന്നത്. അല്‍പാല്‍പമായി അറബി വ്യാകരണവും പഠിപ്പിക്കുന്നുണ്ട്. റിപ്പോര്‍ട്ടു കാലത്ത് 15 വരെ വിദ്യാര്‍ത്ഥികള്‍ ഈ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. എല്ലായ്‌പ്പോഴും ഇവരുടെ എണ്ണം സ്ഥിരമായി നിലനില്‍ക്കുന്നില്ല. അത് കുറഞ്ഞും ഏറിയും കൊണ്ടിരിക്കുന്നു. നമ്മുടെ നാട്ടുകാരായ രക്ഷിതാക്കള്‍ കുറച്ചു കൂടി ശ്രദ്ധിക്കുകയാണെങ്കില്‍ ഈ പരിപാടി കൂറേക്കൂടി വിജയപ്രദമാക്കാന്‍ സാധിക്കുമെന്നാണ് ഞങ്ങളുടെ പ്രത്യാശ.
പരീക്ഷ
വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം സമഗ്രമായ പരീക്ഷകള്‍ നടത്തത്തുന്നു. ഒന്ന് അരക്കൊല്ല പരീക്ഷയും മറ്റേത് വര്‍ഷാന്ത പരീക്ഷയും. ചോദ്യങ്ങള്‍ കാര്‍ബണ്‍ കോപ്പിയെടുത്തു വ്യവസ്ഥിതമായ എഴുത്തുപരീക്ഷയായിട്ടാണ് നടത്താറ്. എല്ലാവിധ വിഷയങ്ങളിലും പരീക്ഷ നടത്തുന്നു. ഒന്നു മുതല്‍ അഞ്ചുവരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ മലയാളത്തിലാണ് ഉത്തമെഴുതുന്നതെങ്കില്‍ ആറു മുതലുള്ള ക്ലാസുകള്‍ അറബിയില്‍ തന്നെ എഴുതണമെന്നത് നിര്‍ബന്ധമാണ്. പഠിപ്പിച്ച വിഷയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ എത്രത്തോളം മനസ്സിലാക്കിയിട്ടുണ്ടെന്നും അവയെ എത്രത്തോളം ഫലപ്രതമാക്കി അവര്‍ക്ക് കൈകാര്യം ചെയ്യുവാന്‍ കഴിയുന്നുവെന്നും കണ്ടുപിടിക്കുകയും ന്യൂനതയുള്ള വിഷയങ്ങള്‍ക്കു ഭാവിയില്‍ പരിഹാരമുണ്ടാക്കുവാന്‍ കഴുയുന്നതുമായ രൂപങ്ങളില്‍ ചോദ്യങ്ങള്‍ തയ്യാറാക്കിയാണ് പരീക്ഷകള്‍ നടത്തിവരുന്നത്. അല്ലാതെ, പഠിപ്പിച്ച വിഷയങ്ങള്‍ അപ്പടി അവര്‍ക്ക് മന:പാഠമുണ്ടോ എന്ന് നോക്കുകയല്ല ചെയ്യുന്നത്. മന:പാഠമാക്കേണ്ട ചില വിഷയങ്ങളില്‍ അതും പരീക്ഷക്കു വിധേയമാക്കുന്നു.
ഇതിനു പുറമെ, ഇടക്കിടെ ക്ലാസു പരീക്ഷകളും നടത്താറുണ്ട്. ഓരോ ദിവസവും പഠിച്ച പാഠങ്ങളെ അടുത്ത ദിവസം പരിശോധിച്ചു നോക്കുന്നതിനു പുറമെയാണിത്. ഈ ഒടുവില്‍ പറഞ്ഞ രീതി കൃത്യമായും കര്‍ശശനമായും നടത്തുന്നത് താഴ്ന്ന ക്ലാസുകളിലാണ്.
No comments:
Post a Comment