Sunday, April 3, 2011

സി.എം. ഉസ്താദിന്റെ ജീവിതം തുറന്നുകാട്ടുന്ന ഒരു പുസ്തകം


ഖാസി സി.എം. അബ്ദുല്ല മൌലവി 
ഉത്തരമലബാറിന്റെ നവോത്ഥാന നായകന്

പ്രസാധനം-ശിഫാ ബുക്സ്റ്റാള്, കോഴിക്കോട്
(ആമുഖത്തില് നിന്നും ചില ഭാഗങ്ങള്)

ഖാസി സി.എം. അബ്ദുല്ല മൗലവി. ആ പേര് പോലെത്തന്നെ ഗംഭീരമായിരുന്നു ആ ജീവിതവും. കേരളമുസ്‌ലിം ചരിത്രം സാക്ഷിയായിട്ടുള്ള അപൂര്‍വ്വം പണ്ഡിതരില്‍ ഒരാള്‍. മുസ്‌ലിം സമൂഹത്തിന്റെ പുരോഗതിക്കും വിദ്യാഭ്യാസത്തിനും വേണ്ടി ജീവിതം ഒഴിഞ്ഞുവെച്ച മഹാ മനീഷി. ജ്ഞാനരൂപങ്ങളുടെ മഹാലോകങ്ങളിലേക്ക് കടന്നുപോവുകവഴി ആദ്യം സ്വന്തത്തെ സമ്പന്നമാക്കി. നമുക്കിടയിലെ പോരായ്മകളും പ്രശ്‌നങ്ങളും തിരിച്ചറിഞ്ഞു. ശേഷം, ആത്മീയതയുടെയും പാരമ്പര്യത്തിന്റെയും അതേ ചരട് മുറുകെ പിടിച്ചുകൊണ്ട് ഒരു വലിയ വൈജ്ഞാനിക വിപ്ലവത്തിന് രംഗത്തിറങ്ങി. ഒരു നാടിന്റെ മൊത്തം മത സാമൂഹിക സാംസ്‌രിക വിദ്യാഭ്യാസ രംഗങ്ങളുടെയെല്ലാം നവോത്ഥാന നായകനായി മാറി. വലിയൊരു തലമുറയെ അറിവിന്റെ പാതയിലേക്ക് കൊണ്ടുവരികയും തങ്ങളാരെന്ന തിരിച്ചറിവ് നല്‍കുകയും ചെയ്തു. അപ്രശസ്തിയില്‍ രക്ഷയുണ്ടെന്ന് വിശ്വസിച്ച് കൊട്ടിഘോഷങ്ങളോ പെരുമ്പറകളോ മുഴക്കാതെ ശാന്തനായി ജീവിച്ചുപോയ വ്യക്തി.

സി.എം. ഉസ്താദിന്റെ ജീവിതം ഒരു സമൂഹത്തിന്റെ പുനര്‍ജ്ജനിയുടെ കഥയാണ് പറയുന്നത്. ഒരു ദേശത്തിന്റെ ഉണര്‍വിന്റെയും ഉത്ഥാനത്തിന്റെയും കഥയാണ്. നായകനുണ്ടാകുമ്പോഴേ സമൂഹം ഉറക്കില്‍നിന്നും എഴുന്നേല്‍ക്കുകയുള്ളൂ. അവര്‍ക്ക് വിദ്യാഭ്യാസത്തിന്റെ വഴികളും ജീവിതം ഭാസുരമാകുന്ന രീതികളും പറഞ്ഞുകൊടുക്കല്‍ അദ്ദേഹത്തിന്റെ കര്‍ത്തവ്യമാണ്. സി.എം. ഉസ്താദ് ഈ കര്‍ത്തവ്യം നൂറു ശതമാനം നിര്‍വ്വഹിച്ചു. അതില്‍ വിജയം കാണുകയും ചെയ്തു. ആ കര്‍മ ഫലങ്ങള്‍ ഇന്ന് വലിയൊരു തലമുറ ആസ്വദിച്ചുകൊണ്ടിരിക്കുന്നു. 

സി.എം. ഉസ്താദിന്റെ ജീവിതം മാതൃകയാണ്. പണ്ഡിതലോകത്തിനും വളര്‍ന്നുവരുന്ന തലമുറക്കും. ഒരു ആധുനിക പണ്ഡിതന്റെ ധര്‍മങ്ങള്‍ ഉസ്താദ് ജീവിതത്തിലൂടെ വരച്ചുകാട്ടി. ഒരു വിദ്യാര്‍ത്ഥി എങ്ങനെ വളര്‍ന്നുവരണമെന്നും ഉസ്താദ് പറഞ്ഞുതന്നു. ഒരു ഇസ്‌ലാമിക പ്രവര്‍ത്തകന്റെ ശൈലികളും ഒരു പ്രബോധകന്റെ ഉത്തരവാദിത്തങ്ങളും ഒരു എഴുത്തുകാരന്റെ ചിന്തകളും  ഒരു വിദ്യാഭ്യാസ പ്രവര്‍ത്തകന്റെ രീതികളും ഒരു സാമൂഹിക സേവകന്‍ ഉയര്‍ത്തിപ്പിടിക്കേണ്ട കാര്യങ്ങളും ഒരു അദ്ധ്യാപകന്റെ വശീകരണത്തവും എല്ലാം ഉസ്താദ് കാണിച്ചുതന്നു. അവയുടെ ഏറ്റവും പരമമായ ശൈലിയില്‍.

ജാടകളോ അഹങ്കാരമോ ഇല്ലാതെ ഇത്രയും ഉന്നതിയില്‍ ഒരു മനുഷ്യന് എത്താന്‍ കഴിയുമെന്നതിന് തെളിവാണ് സി.എം. ഉയരങ്ങളില്‍നിന്നും ഉയരങ്ങളിലേക്ക് മാത്രം പറക്കുമ്പോഴും അവിടങ്ങളില്‍നിന്നും അതിലും വലിയ സ്ഥാനമാനങ്ങള്‍ ലഭിക്കുമ്പോഴും ഉസ്താദിന്റെ മനസ്ഥിതി അതേ നിലവാരത്തില്‍ തന്നെയായിരുന്നു. അഹങ്കാര ഭാവങ്ങള്‍ അവരെ തൊട്ടുതീണ്ടിയില്ല.  മത പ്രവര്‍ത്തനത്തെ ജീവിതത്തിലെ ഏറ്റവും വലിയ ആസ്വാദനമാക്കി സ്വീകരിക്കുകയായിരുന്നു അവര്‍. ഇവയെല്ലാം തന്റെ ഉത്തരവാദിത്തമാണെന്ന് അവര്‍ തിരിച്ചറിഞ്ഞു.

ആധുനിക കാസര്‍കോടിന്റെ പിതാവ് എന്ന് ഉസ്താദിനെ  വിശേഷിപ്പിക്കാവുന്നതാണ്. കാരണം, വിവേചനമേതുമില്ലാതെ ആ ദേശത്തിന്റെ ഒന്നാകെയുള്ള നായകനായിരുന്നു ഉസ്താദ്. ഉസ്താദിന്റെ സ്ഥാപനങ്ങളില്‍ ആര്‍ക്കും വിദ്യയഭ്യസിക്കാന്‍ എത്താമായിരുന്നു. എല്ലാ മതക്കാര്‍ക്കും എല്ലാ ജാതിക്കാര്‍ക്കും എല്ലാ വിഭാഗക്കാര്‍ക്കും. അതുകൊണ്ടുതന്നെ, ഉസ്താദിന്റെ കാര്യത്തില്‍ ഒരാള്‍ക്കും രണ്ട് അഭിപ്രായമുണ്ടായിരുന്നില്ല. എല്ലാവരും അവരെ അംഗീകരിച്ചിരുന്നു. 

ഖാസി എന്ന നിലക്ക് ഉത്തര മലബാറിന്റെ ആത്മീയ പുരുഷനായിരുന്നു ഉസ്താദ് അവര്‍കള്‍. മംഗലാപുരുത്തുകാര്‍ക്കും ഉസ്താദ് അങ്ങനെത്തന്നെയായിരുന്നു. കീഴൂര്‍ സംയുക്ത ജമാഅത്തിനു കീഴിലെ 40 മഹല്ലത്തുകളും മംഗലാപുരം സംയുക്ത ജമാഅത്തിനു കീഴിലെ 60 ലേറെ മഹല്ലത്തുകളും ഉസ്താദില്‍നിന്നാണ് ആത്മീയ ദാഹം തീര്‍ത്തിരുന്നത്.

ജീവിതംകൊണ്ട് ഇതിഹാസം രചിച്ച് കടന്നുപോവുകയായിരുന്നു സി.എം. ആത്മാര്‍ത്ഥതയിലധിഷ്ഠിതമായി ഇങ്ങനെയൊരു സാമൂഹിക ഉത്ഥാനത്തിന് ഇറങ്ങിപ്പുറപ്പെട്ട ഒരു മഹാമനീഷിയെ കണ്ടെത്തുക ചരിത്രത്തില്‍  പോലും അപൂര്‍വ്വം. ഇരുപതാം നൂറ്റാണ്ടില്‍ കേരളം തന്നെ കണ്ട ഏറ്റവും വലിയ ഇസ്‌ലാമിക പണ്ഡിതന്‍... വിദ്യാഭ്യാസ പ്രവര്‍ത്തകന്‍... സാമൂഹിക പരിഷ്‌കര്‍ത്താവ്...

ഇനി, അവരും ചരിത്രത്തിന്റെ ഭാഗമാകുന്നു. വരും തലമുറക്ക് പുതിയ ചരിത്രങ്ങള്‍ രചിക്കാന്‍ ഈ ജീവിതം എന്തുകൊണ്ടും പ്രേരകമാണ്. ജ്ഞാനമാണ് ആയുധമെന്ന് ഉസ്താദ് ജീവിത്തിലൂടെ കാണിച്ചു തന്നു. വിദ്യയഭ്യസിക്കുക, വിദ്യ പകര്‍ന്നു നല്‍കുക, വിദ്യ പ്രചരിപ്പിക്കുക, അതിന് വേണ്ടി പ്രവര്‍ത്തിക്കുക എന്നിവയെ തന്റെ ജീവിതത്തിന്റെ മുദ്രാവാക്യങ്ങളായി ഉയര്‍ത്തിപ്പിടിച്ചു. അവസാന നിമിഷംവരെ സമൂഹത്തിന് അതേ സന്ദേശം തന്നെ കൈമാറി.

ഒരുപാട് പണ്ഡിതന്മാരെ നാം ജീവിതത്തിലൂടെ അനുഭവിച്ചിട്ടുണ്ട്. എന്നാല്‍, സി.എം. ഉസ്താദിന്റെ ജീവിതം അനുഭവിച്ചത് ഒരു വിസ്മയമായിട്ടായിരുന്നു. വിസ്മയങ്ങളുടെ വിസ്മയമായിട്ട്. ഒരു ഇസ്‌ലാമിക പണ്ഡിതന് നേടിയെടുക്കാന്‍ സാധിക്കാവുന്നത്ര ജീവിതത്തില്‍ നേടിയെടുത്തതിലുള്ള വിസ്മയം. അതുപോലെ, തന്നെക്കാളുപരി സമുദായത്തെ സ്‌നേഹിക്കുകയും അവരുടെ പുരോഗതിക്ക് വേണ്ടി ഇറങ്ങിപ്പുറപ്പെടുകയും ചെയ്തതിലുള്ള വിസ്മയം. ചുരുങ്ങിയ വര്‍ഷങ്ങളാണ് ഉസ്താദിനെ അനുഭവിച്ചിട്ടുള്ളത്. പക്ഷെ, അതിന് പതിറ്റാണ്ടുകളുടെ ദൈര്‍ഘ്യമുള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട്. ഉസ്താദിന്റെ ലോകങ്ങള്‍ അത്രമാത്രം വിശാലമായിരുന്നു. ഓരോ മേഖലയിലും ആകാശം മുട്ടുമാര്‍ വിശാലമായിരുന്നു ഉസ്താദിന്റെ ജ്ഞാന പ്രപഞ്ചം.

സി.എം. ഉസ്താദിന്റെ കഥ പറയുമ്പോള്‍ ഒരു നാടിന്റെ കഥയാണ് നമ്മള്‍ പറയുന്നത്. കാരണം, വീട്ടിലുള്ളതിനെക്കാള്‍ വീടിനു പുറത്തായിരുന്നു ഉസ്താദിന്റെ കൂടുതല്‍ക്കാല ജീവിതവും. അതെ, സമൂഹത്തിന് വേണ്ടി... സമൂഹമദ്ധ്യത്തില്‍....

വളരെ വൈകിയാണ് ഉസ്താദുമായി അടുത്തിടപഴകുവാന്‍ അവസരമുണ്ടായത്. അടുത്തിടപഴകിയപ്പോള്‍ അതൊരു സംഭവമാണെന്ന് തിരിച്ചറിഞ്ഞു. തിരിച്ചറിഞ്ഞതില്‍പിന്നെ, അത് മറച്ചുവെക്കാന്‍ സാധിച്ചില്ല. ഒരു ദേശത്തിന്റെ ഒറ്റപ്പെടലിന് ഇതും പാത്രമായിക്കൂടായെന്ന് ആഗ്രഹിച്ചു. മാലോകരോടൊന്നടങ്കം ഇത് വിളിച്ചുപറയണമെന്ന് പ്രതിജ്ഞയെടുത്തു. ഉസ്താദുമായി അഭിമുഖങ്ങള്‍ നടത്തി, അവരുടെ ജ്ഞാനലോകവും പ്രവര്‍ത്തന മേഖലയും പഠിച്ച്, മൂന്ന് നാല് ലേഖനങ്ങള്‍ അടങ്ങുന്ന ഒരു പഠന പരമ്പരയായിരുന്നു അപ്പോള്‍ മനസ്സില്‍ കണ്ടിരുന്നത്. അങ്ങനെ, പ്രിയ സുഹൃത്ത് മന്‍സൂര്‍ കളനാടിനൊപ്പം ആദ്യമായി ഉസ്താദിനോടൊത്ത് ഹൃദയം തുറന്നുള്ള ഭാഷണം നടത്തി. സംസാരിച്ചു നോക്കിയപ്പോള്‍ സര്‍വ്വ ഭാവനകളെയും മറി കടക്കുന്നതായിരുന്നു ഉസ്താദ്. വിശാലവും സമ്പന്നവുമായിരുന്നു അവരുടെ ലോകങ്ങള്‍. പ്രതീക്ഷിച്ചതിനപ്പുറത്ത് നീണ്ട് നീണ്ട് പോകുന്നതായിരുന്നു ഉസ്താദിന്റെ ജീവിതം. ഒടുവില്‍, ഒരു ലേഖനമെന്ന ചിന്തയില്‍നിന്ന് ഒരു ലേഖന പരമ്പരയിലേക്കും അവിടെനിന്ന് 500 ലേറെ പേജുകള്‍ വരുന്ന ഒരു ഗ്രന്ഥത്തിന്റെ രൂപത്തിലേക്കും വ്യാപിച്ച്, പ്രവഹിച്ച്, ഒഴുകിപ്പോവുകയായിരുന്നു ഈ പഠനം. അവസാനം, അതിന് കാസര്‍കോട് മുസ്‌ലിംകളുടെ ചരിത്രം എന്ന് നാമകരണം ചെയ്യേണ്ടിവരികയായിരുന്നു. സത്യത്തില്‍, അതും ഒരു മനുഷ്യന്റെ കഥയായിരുന്നു. ആ മനുഷ്യന്റെ കഥ വലിച്ചു നീട്ടി വികസിപ്പിച്ചപ്പോള്‍ അതൊരു ദേശത്തിന്റെ കഥയായി മാറി. ഇവിടെ ഞാന്‍ ഒരിക്കലൂടെ ആ ദേശത്തിന്റെ കഥ ചുരുക്കി വെക്കുകയാണ്. അപ്പോള്‍, ഇവിടെ ഒരു മനുഷ്യന്റെ കഥ രൂപമെടുക്കുന്നത് നിങ്ങള്‍ക്ക് കാണാം. ഇത്രമാത്രം നമുക്ക് പറയാന്‍ പറ്റുന്ന ഒരാളായിരുന്നു സി.എം. കാസര്‍കോട് എന്നാല്‍ സി.എം. ഉസ്താദായിരുന്നു. സി.എം. ഉസ്താദ് എന്നാല്‍ കാസര്‍കോടുമായിരുന്നു. അതിലപ്പുറം അവരെ വര്‍ണ്ണിക്കാന്‍ വേറെ പദങ്ങളില്ല.

ഇതൊരു ചെറിയ ഉപഹാരം മാത്രം. സി.എം. ഉസ്താദിന്റെ സമ്പന്ന ജീവിതത്തിലേക്ക് വെളിച്ചം വീശുക മാത്രമാണ് ഈ കൃതി ചെയ്യുന്നത്. ഉസ്താദിന്റെ ജ്ഞാന പ്രപഞ്ചവും ജീവിത വീക്ഷണങ്ങളും പ്രവര്‍ത്തന ലോകവും വിവരിക്കാന്‍ വോള്യങ്ങള്‍ തന്നെ ആവശ്യമാകും. അതിനാല്‍, ഉസ്താദിനെ അറിയാത്തവര്‍ക്കും വരും തലമുറക്കും ആ ജ്ഞാന ലോകത്തിലേക്ക് കയറാനുള്ള ഒരു ചൂണ്ടു പലകയായിട്ടാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. അനുഭവങ്ങളാണ് ഇതിലെ പദങ്ങള്‍. തിരിച്ചറിയലുകളും വസ്തുതകളുമാണ് ഇതിന്റെ രേഖകള്‍. ഒരു സമൂഹത്തിന്റെ വൈജ്ഞാനിക പുരോഗതി മൂര്‍ദ്ധന്യത പ്രാപിക്കുന്നിടത്താണ് ഉസ്താദിന്റെ ജീവിതം അവസാനിക്കുന്നത് എന്ന തിരിച്ചറിവ് ഈ പുസ്തകം മുന്നോട്ടുവെക്കുന്നു.

No comments:

Post a Comment