Thursday, April 28, 2011

താന്‍ പഠിച്ച വേലൂര്‍ ബാഖിയാത്തിനെ കുറിച്ച് സി.എം. അന്നെഴുതിയ ലേഖനം



അല്‍ മദ്‌റസത്തുല്‍ ബാഖിയാത്തുസ്സ്വാലിഹാത്ത്

വടക്കെ ആര്‍ക്കാട് ജില്ലയിലെ വേലൂര്‍ പട്ടണത്തിന്റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന മദ്രസ ഖാഖിയാത്തുസ്സ്വാലിഹാത്ത് നിലവില്‍വന്നിട്ട് അതിന് നൂറ് വയസ് പൂര്‍ത്തിയാവാന്‍ അടുത്തിരിക്കുന്നു. ഈ മദ്രസയെ അതിന്റെ സ്ഥാപകനായ ശാഹ് അബ്ദുല്‍ വഹാബുല്‍ ഖാദിരി ആദ്യം പള്ളിയിലും പിന്നീട് തന്റെ  സ്വന്തം വീട്ടിലും വെച്ചു നടത്തി. പിന്നീട് അലി ജനാബ് ബാബാ മിയന്‍ സാഹുക്കാര്‍ സാഹിബ് തന്റെ വകയായി ഒരു തുണ്ടു ഭൂമി മദ്രസക്കു സംഭാവനയായി നല്‍കി. അതിനുശേഷം ബാഖിയാത്ത് സ്ഥിരമായ ഒരു മദ്രസയുടെ രൂപം പൂണ്ടു. തുടര്‍ന്ന് വിശാറം, വേലൂര്‍, ആമ്പൂര്‍ തുടങ്ങിയ പലദേശങ്ങളിലെയും സമുദായ സ്‌നേഹികള്‍ ഇതിന്റെ വികാസത്തിനും പുരോഗതിക്കുമായി സഹായ ഹസ്തങ്ങളുമായി മുന്നോട്ടുവന്നു. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഇന്നത് ഒരു മഹത്തായ വിദ്യാഭ്യാസ സ്ഥാപനമായി വിലസുകയാണ്. 

ദക്ഷിണദേശത്തെ എല്ലാ മുക്കിലും മൂലയിലും അതന്റെ സംഭാവനകളായി പുറത്തുവന്ന പണ്ഡിതന്മാര്‍ ദീനീ സേവനങ്ങള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു. 

ഹിജ്‌റ വര്‍ഷം 1301 ലാണ് ശാഹ് അബ്ദുല്‍ വഹാബ് സാഹിബ് ഈ ദീനീ സ്ഥാപനത്തെ പടുത്തുയര്‍ത്തിയത്. താമസംവിന ഇതിന്റെ കേളി കീര്‍ത്തികള്‍ ദക്ഷിണേന്ത്യമാത്രമല്ല ദക്ഷിണേഷ്യ മുഴുവനായും  പ്രചാരപ്പെടുകയുണ്ടായി. മദ്രാസ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും കേരളം, മൈസൂര്‍ തുടങ്ങിയ ഇതര സംസ്ഥാനങ്ങളില്‍നിന്നും ഇന്ത്യക്കു പുറത്തു സിലോണ്‍, മഹല്‍ദ്വീപ്, ജാവാ, സുമാത്ര, സിങ്കപ്പൂര്‍, ബാങ്കോക്ക് മുതലായ രാജ്യങ്ങളില്‍നിന്നും ഇവിടത്തെ വിജ്ഞാന മധു നുകരുവാന്‍ വിദ്യാര്‍ത്ഥികള്‍ പ്രവഹിച്ചുതുടങ്ങി. 

രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു ഭരണ സമിതിയാണ് ഈ മദ്‌റസയെ നടത്തിപ്പോരുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് സമസ്ത സൗകര്യം, ഭക്ഷണം എന്നിവ സൗജന്യമായി നല്‍കപ്പെടുന്നു. അതിനുപുറമെ, ഉയര്‍ന്ന ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്കും പരിസരപ്രദേശത്തുകാര്‍ക്കും പ്രത്യേകം സ്‌കോളര്‍ഷിപ്പും ലഭിക്കുന്നു. 

ഇതിന്റെ സ്ഥാപകനായ ശാഹ് അബ്ദുല്‍ വഹാബ് സാഹിബ് ഹി: 1337 ല്‍ ഇഹലോക വാസം വെടിഞ്ഞു. ബാഖിയാത്ത് മദ്രസയുടെയും ബാഖിയാത്ത് മസ്ജിദിന്റെയും പരിസരത്തുതന്നെ അദ്ദേഹം മറവ് ചെയ്യപ്പെടുകയും ചെയ്തു. അദ്ദേഹത്തിനു ശേഷം തന്റെ സന്തതികളില്‍പെട്ട മൗലാനാ സിയാഉദ്ദീന്‍ മുഹമ്മദ് (റ) മദ്‌റസയുടെ മേല്‍നോട്ടം ഏറ്റെടുത്തു. അദ്ദേഹത്തിന്റെ കാലത്ത് മദ്‌റസക്ക് പല പരിഷ്‌കരണങ്ങളും വരുകയുണ്ടായി. യൂനാനീ വൈദ്യ പഠനം മദ്‌റസാ പഠനങ്ങളില്‍ ഉള്‍പ്പെടുത്തിയതും മദ്‌റസക്കുവേണ്ടി വിശാലമായ പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ചതും അവയില്‍ ചിലതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അഫസലുല്‍ ഉലമ, അദീബെ ഫാസില്‍ തുടങ്ങിയ ബിരുദങ്ങള്‍ക്കു വേണ്ടി പരീക്ഷകള്‍ എഴുതുവാന്‍ സൗകര്യപ്പെടുന്നതിനുവേണ്ടി മദ്‌റസയെ മദ്രാസ് യൂണിവേഴ്‌സിറ്റിയോട് അഫ്‌ലിയേറ്റ് ചെയ്യിച്ചതും അദ്ദേഹം തന്നെയാണ്. ഹിജ്‌റ 1360 (1940) ല്‍ അദ്ദേഹവും മരണമടഞ്ഞു. 

ശേഷം മദ്‌റസയുടെ പ്രന്‍സിപ്പാളായി വന്നത് പ്രസിദ്ധ പണ്ഡിതനായിരുന്ന ശൈഖ് അബ്ദുര്‍റഹീം സാഹിബായിരുന്നു. പ്രശംസനീയമായി മദ്‌റസയെ ഭരിച്ചുപോന്നതിനുശേഷം ഹി 1367 ല്‍ അദ്ദേഹവും പരലോക യാത്രചെയ്തു. 

പിന്നീട് മദ്‌റസയുടെ നായകത്വം വഹിച്ചത് ഇതേ മദ്‌റസയില്‍വെച്ച് പഠനം പൂര്‍ത്തിയാക്കിയ വ്യക്തിയും പ്രസിദ്ധ പണ്ഡിതനും മുഫ്തിയുമായിരുന്ന ശൈഖ് ആദം സാഹിബായിരുന്നു. ഏകദേശം പതിനൊന്നു വര്‍ഷങ്ങള്‍ അദ്ദേഹം മദ്‌റസയില്‍ അധ്യാപനജോലിയും നടത്തിപ്പും നിര്‍വഹിച്ചു. ഹിജ്‌റ: 1378 (1960) ല്‍ അദ്ദേഹവും മരണപ്പെട്ടു.

അതിനുശേഷം പ്രന്‍സിപ്പാളായി വന്നത് ശൈഖ് അബൂബക്ര്‍ സാഹിബാണ്. അദ്ദേഹം മദ്‌റസയുമായുള്ള ബന്ധം ഉപേക്ഷിച്ചതിനു ശേഷം അതിന്റെ നായകനായി വന്നത് കേരളത്തിലെ സുപ്രസിദ്ധ പണ്ഡിതനും മുഹദ്ദിസുമായ ശൈഖ് ഹസന്‍ സാഹിബാണ്. പ്രശംസനീയമായി മദ്‌റസയുടെ ഭരണകാര്യം ഇന്നും അദ്ദേഹം നിര്‍വഹിച്ചുവരുന്നു.

ഉറുദു, പാഴ്‌സി എന്നിവയുടെ രണ്ടു ക്ലാസുകള്‍ക്കും ഖുര്‍ആന്‍ മന:പാഠത്തിനുമുള്ള ഒരു ക്ലാസിനും പുറമെ ഒമ്പതു ക്ലാസുകളാണ് ഈ മദ്‌റസക്കുള്ളത്. പതിനഞ്ചില്‍ പരം അദ്ധ്യാപകരുമുണ്ട്. ഒരു വര്‍ഷത്തില്‍ ഏകദേശം ഒരു ലക്ഷം ഉറുപ്പിക ചെലവ് വരുന്നു. 

No comments:

Post a Comment