അല്ലാഹുവിന്റെ തൃപ്തി മാത്രം കാംക്ഷിച്ച് ഇസ്‌ലാമിക ദഅവത്തിനായി ഇറങ്ങിത്തിരിച്ച ഒരു കുടുംബം. അതായിരുന്നു സി.എം. ഉസ്താദിന്റെത്. കൂടുതല്‍ പ്രസംഗിക്കുകയെന്നതിലപ്പുറം പ്രവര്‍ത്തിക്കുകയെന്നതായിരുന്നു ആ കുടുംബത്തിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ, സമൂഹം എന്നും അവരില്‍ വിശ്വാസമര്‍പ്പിച്ചു. തങ്ങളുടെ നാടിന്റെയും മഹല്ലത്തുകളുടെയും നേതൃത്വം ആ കുടുംബത്തില്‍നിന്നും ഉയര്‍ന്നുവരുന്ന പണ്ഡിതന്മാര്‍ക്ക് വെച്ചുനീട്ടി. കാരണം, സ്‌നേഹത്തിലൂടെയും സമൂഹസേവനത്തിലൂടെയും ആളുകളുടെ മനം കവര്‍ന്ന ചരിത്രമേ അവിടെനിന്നും വന്ന ഓരോ പണ്ഡിതനും ഉണ്ടായിരുന്നുള്ളൂ. വൈയക്തികവും കൗടുംബികവുമായ കാര്യങ്ങളിലപ്പുറം സമൂഹത്തിനും സമുദായത്തിനുമാണ് ആ പണ്ഡിത പരമ്പര പ്രാധാന്യം കല്‍പ്പിച്ചിരുന്നത്. സാമൂഹിക സേവനത്തിന്റെ തുല്യതയില്ലാത്ത മാതൃകകയിരുന്നു അവര്‍.
ചന്ദ്രഗിരിപ്പുഴയോട് ചേര്‍ന്നു നില്‍ക്കുന്ന ചെമനാട് എന്ന പ്രദേശത്തുനിന്നുമാണ് ഈ പണ്ഡിത കുടുംബത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. ഉത്തരമലബാറിലെ സുപ്രധാനമായ ഒരു സാംസ്‌കാരിക കേന്ദ്രമായിരുന്നു ആദ്യകാലം മുതല്‍ക്കേ ചെമനാട്. നദിക്കരകളോട് ചേര്‍ന്നുനില്‍ക്കുന്ന പ്രദേശങ്ങളിലാണെല്ലോ സാധാരണ ഗതിയില്‍ സംസ്‌കാരങ്ങള്‍ തഴച്ചുവളരാറുള്ളത്. പോര്‍ച്ചുഗീസുകാരും മറ്റും ഈ പ്രദേശങ്ങളിലൂടെ കടന്നുപോയതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
ഇക്കാലത്ത് ചെമനാട് ജീവിച്ചിരുന്ന മഹാനായൊരു സൂഫിവര്യനായിരുന്നു പോക്കര്‍ഷാ. പൊക്കൂച്ച എന്നാണ് അവര്‍ അറിയപ്പെട്ടിരുന്നത്. അറിവും പാണ്ഡിത്യവുമുള്ള വലിയ മനുഷ്യനായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്കിടയില്‍ ആഴത്തില്‍ സ്വാധീനമുണ്ടായിരുന്ന അദ്ദേഹത്തെ വലിയ ആദരവോടെയും ബഹുമാനത്തോടെയുമാണ് ജനങ്ങള്‍ കണ്ടിരുന്നത്. ഹാഫിളായിരുന്ന അദ്ദേഹം സദാ ഖുര്‍ആന്‍ പാരായണത്തില്‍ സമയം ചിലവഴിച്ചു. നിഷ്‌കളങ്ക മനസ്ഥിതിയും സത്യപ്രചരണവുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ സവിശേഷതകള്‍.
പോക്കര്‍ഷാ ഒരിക്കല്‍ ഒരു സ്വപ്നം കണ്ടു. കുടുംബസമേതം തീരദേശമായ ചെമ്പിരിക്കയിലേക്ക് പോകണമെന്നായിരുന്നു അതിന്റെ ഉള്ളടക്കം. സ്വപ്നത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കിയ അദ്ദേഹവും കുടുംബവും ഉടനെത്തന്നെ ചെമ്പിരിക്കയിലേക്ക് പുറപ്പെട്ടു. പ്രശസ്തിയോ പ്രാധാന്യമോ പുരോഗതിയോ ഒന്നുംതന്നെയില്ലാത്ത ഒരു നാടായിരുന്നു അന്ന് ചെമ്പിരിക്ക. പോക്കര്‍ഷാ വന്ന് താമസമാക്കിയതോടെ നാട് മെല്ലെ മെല്ലെ ഉണരാന്‍ തുടങ്ങി. ഒരു പണ്ഡിത കുടുംബമായിരുന്നതിനാല്‍ ആളുകള്‍ അങ്ങോട്ട് ശ്രദ്ധിച്ചു. അന്നുതന്നെ അവിടെ ചെറിയൊരു നിസ്‌കാരപ്പള്ളിയും ഒരു മഖാമുമുണ്ടായിരുന്നു. അതിനടുത്താണ് അദ്ദേഹം താമസിക്കാനായി സ്ഥലം തെരഞ്ഞെടുത്തിരുന്നത്. അതോടെ, പള്ളി സവാധാനം സജീവമായിത്തുടങ്ങി. അദ്ദേഹം അതിനെ നല്ലപോലെ ഉപയോഗപ്പെടുത്തുകയും ചെയ്തു. നിസ്‌കാരത്തിലും ദൈവസ്മരണയിലുമായി ആ പള്ളിയില്‍ സമയങ്ങള്‍ കഴിച്ചുകൂട്ടി. പോക്കര്‍ഷാ അങ്ങനെ കാലഗതിയടഞ്ഞു. അവരെക്കുറിച്ച് വിശാലമായ ചരത്രമൊന്നും ലഭ്യമല്ല. ഈ പണ്ഡിത കുടുംബത്തിന്റെ അറിയപ്പെട്ട ചരിത്രത്തിലെ പ്രഥമ വ്യക്തിയായിരുന്നു അദ്ദേഹം.
ഈ പള്ളിയാണ് പിന്നീട് ചെമ്പിരിക്ക ജുമുഅത്ത് പള്ളി എന്ന പേരില്‍ പ്രസിദ്ധി നേടിയത്. ഇത് പിന്നീട് പല കാലങ്ങളിലായി വിപുലീകരിക്കുകയും നന്നാക്കുകയും ശേഷം പൊളിച്ച് പുതുക്കിപ്പണിയുകയും ചെയ്തിട്ടുണ്ട്. അബ്ദുറഹിമാന്‍ മുസ്‌ലിയാരുടെ കാലത്ത് വിപുലീകരിക്കാനുള്ള പണികള്‍ നടന്നു. ശേഷം, ഖാസി മുഹമ്മദ് മുസ്‌ലിയാരുടെ കാലത്ത് ചില അറ്റകുറ്റ പണികളും നടക്കുകയുണ്ടായി. ശേഷം, ഹി: 1400-1401 കാലയളവില്‍ ഇത് പൂര്‍ണ്ണമായും പൊളിക്കുകയും തല്‍സ്ഥാനത്ത് ആവശ്യ സൗകര്യങ്ങളോടെ പുതുക്കി പണിയുകയും ചെയ്തു. 1981 ലായിരുന്നു ഇത്.
പോക്കര്‍ഷാക്കു ശേഷം ആ കുടുംബത്തില്‍നിന്നും പ്രസിദ്ധനായത് മകന്‍ അബ്ദുല്ല മുസ്‌ലിയാരാണ്. അബ്ദുല്ലാഹില്‍ ജംഹരി എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ചെമ്പിരിക്കയിലേക്ക് ചേര്‍ത്തിയാണ് ജംഹരി എന്ന പദം രൂപംകൊണ്ടിട്ടുള്ളത്. അബ്ദുല്ലാഹില്‍ ജംഹരി അറിയപ്പെട്ട പ്രഭാഷകനായിരുന്നു. ഉത്തരമലബാറില്‍ അങ്ങോളമിങ്ങോളം പ്രഭാഷണങ്ങളും ഉപദേശങ്ങളുമായി അദ്ദേഹം ജീവിച്ചു. ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനവും അംഗീകാരവുമായിരുന്നു അദ്ദേഹത്തന്. അദ്ദേഹത്തിന്റെ കാലത്തോടെ ചെമ്പിരിക്ക കൂടുതല്‍ പ്രശസ്തമായി. മത സാംസ്‌കാരിക മേഖലയിലെ പല പല ആവശ്യങ്ങള്‍ക്കായി ആളുകള്‍ ചെമ്പിരിക്കയിലേക്ക് ഒഴുകി വരാനും തുടങ്ങി.
പണ്ഡിതനും ജ്ഞാനിയുമായിരുന്ന അബ്ദുല്ല മുസ്‌ലിയാര്‍ ജീവിതം ചിട്ടപ്പെടുത്തിയ ഒരു ആദ്ധ്യാത്മിക പുരുഷനും കൂടിയായിരുന്നു. അന്തു മുസ്‌ലിയാര്‍ എന്നാണ് ആളുകള്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്. ഹി: 1320 കളില്‍ നാട്ടിലാകെ പടര്‍ന്നു പിടിച്ച പ്ലാഗ് ബാധിച്ച് അദ്ദേഹം മരണപ്പെട്ടു. അബ്ബാസ് മുസ്‌ലിയാരുടെ മകള്‍ മര്‍യമായിരുന്നു ഭാര്യ. അദ്ദേഹത്തിന് എട്ട് മക്കളുണ്ടായിരുന്നു. മൂന്ന് ആണും അഞ്ച് പെണ്ണും. ആണ്‍കുട്ടികളില്‍ മൂത്ത ആളായിരുന്നു പില്‍ക്കാലത്ത് കീഴൂര്‍ ഖാസിയായി വന്ന മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍. അബ്ബാസ് മുസ്‌ലിയാര്‍, അന്ത്രുഞ്ഞി മുസ്‌ലിയാര്‍ എനിവരായിരുന്നു മറ്റുള്ള രണ്ടുപേര്‍.
മൂത്ത മകനായ സി. മുഹമ്മദ് കുഞ്ഞി മുസ്‌ലിയാരാണ് ശേഷം, ഈ പണ്ഡിത തറവാടിന്റെ പൊലിമ നിലനിര്‍ത്തി കടന്നുവരുന്നത്. അതോടെ, അന്നുവരെ കീഴൂരിനുണ്ടായിരുന്ന ആ സ്ഥാനം അപ്പടി ചെമ്പിരിക്കയിലേക്ക് നീങ്ങുകയായിരുന്നു. ചെമ്പിരിക്കയിലെ അദ്ദേഹത്തിന്റെ വീടുതന്നെയായിരുന്നു അവിടത്തെ ഏറ്റവും വലിയ മത സാംസ്‌കാരിക കേന്ദ്രം.
അബ്ദുല്ലാഹില്‍ ജംഹരിയുടെയും മര്‍യം ഉമ്മയുടെയും മകനായി ഹി: 1313 ലാണ് മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ ജനിക്കുന്നത്. ചെമ്പിരിക്കാ പള്ളിക്കടുത്ത തറവാട്ടുവീട്ടില്‍തന്നെയായിരുന്നു ജനനം. പ്രാഥമിക പഠനം പിതാവില്‍നിന്നുതന്നെയായിരുന്നു. പക്ഷെ, പത്ത് വയസായപ്പോഴേക്കും പിതാവ് മരണപ്പെട്ടു. അതോടെ അദ്ദേഹം സഹോദരിയുടെ ഭര്‍ത്താവായ കീഴൂര്‍ അബ്ദുല്ലക്കുഞ്ഞി ഹാജിയുടെ സംരക്ഷണത്തിലും മാര്‍ഗദര്‍ശനത്തിലുമാണ് വളര്‍ന്നിരുന്നത്. അബ്ദുല്ലക്കുഞ്ഞി ഹാജി പണ്ഡിതനും മുദര്‍രിസുമായിരുന്നു. അദ്ദേഹത്തില്‍നിന്നും മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ പല പ്രാഥമിക ഗ്രന്ഥങ്ങളും ഓതിപ്പഠിച്ചു. അബ്ദുല്ലക്കുഞ്ഞി ഹാജി കാസര്‍കോട് വലിയ ജുമുഅത്ത് പള്ളിയിലും തൃക്കരിപ്പൂര്‍ സൂപ്പിഹാജിയുടെ പള്ളിയിലും ദര്‍സ് നടത്തിയിരുന്നു. മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ അവിടങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ശിഷ്യനായി പഠനം നടത്തി. മതവിഷയങ്ങളില്‍ അവഗാഹം നേടി. കാസര്‍കോട് വലിയ ജുമുഅത്ത് പള്ളിയില്‍ ആയഞ്ചേരി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ ദര്‍സ് നടത്താനായി എത്തിയപ്പോള്‍ മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ ഉടനെ അവിടെ വന്നു ചേര്‍ന്നു. ശേഷം, ആയഞ്ചേരി കാസര്‍കോട് ഉപേക്ഷിച്ച് അന്നത്തെ സുപ്രധാന വിദ്യാഭ്യാസ സ്ഥാപനമായിരുന്ന വാഴക്കാട് ദാറുല്‍ ഉലൂമിലേക്ക് അദ്ധ്യാപകാനായി ചെന്നപ്പോള്‍ മുഹമ്മദ് കുഞ്ഞി മുസ്‌ലിയാരും അദ്ദേഹത്തെ അനുഗമിച്ചു. ജ്ഞാനം തേടിയുള്ള നിരന്തരമായ യാത്രകളാണ് മുഹമ്മദ് കുഞ്ഞി മുസ്‌ലിയാരുടെ ജീവിതത്തില്‍ കാണാന്‍ സാധിക്കുന്നത്. തന്റെ പ്രിയപ്പെട്ട അദ്ധ്യാപകര്‍ എവിടെപോയാലും അവരോടൊപ്പം പോയി വിദ്യ നുകരാന്‍ അദ്ദേഹം താല്‍പര്യം കാണിച്ചിരുന്നു. അതിനിടയില്‍, അദ്ദേഹത്തിന്റെ അമ്മാവന്‍ കുറച്ചുകാലം അന്നത്തെ ഏറ്റവും വലിയ വൈജ്ഞാനിക കേന്ദ്രമായിരുന്ന പൊന്നാനിയില്‍ പുസ്തക വ്യാപരം നടത്താന്‍ പോവുകയുണ്ടായി. ഒരു അനുഭവമെന്നോണം അദ്ദേഹവും അമ്മാവനോടൊപ്പം അവിടെ ചെന്നു. കുറച്ചുകാലം അവിടെ കഴിച്ചുകൂട്ടി. ശേഷം, ഒരുപാട് അനുഭവങ്ങളും പാഠങ്ങളും അറിവുമായി അദ്ദേഹം നാട്ടിലേക്ക് തിരിച്ചു. കീഴൂരിനെതന്നെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. അതിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുകയും അതുവഴി ഉത്തരമലബാറിന്റെ മൊത്തം ഇസ്‌ലാമിക മുഖത്തെ കാര്യക്ഷമമാക്കാനും അദ്ദേഹം തീരുമാനിച്ചു.
യോഗ്യതയും കാഴ്ചപ്പാടും അറിവുമുള്ള ഒരു പണ്ഡിതനെ ഉത്തരമലബാര്‍ ദാഹിച്ചുകൊണ്ടിരുന്ന ഒരു സമയത്താണ് മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ പഠനം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തുന്നത്. ഇതോടെ, നാട്ടിലെ നല്ലവരായ ആളുകള്‍ അദ്ദേഹത്തെ കാണുകയും നാടിന്റെ ഇസ്‌ലാമിക കാര്‍മികത്വം ഏറ്റെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഒരു പണ്ഡിത തറവാട്ടില്‍ പിറന്ന അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇത് ഒട്ടും പ്രയാസമുള്ള കാര്യമായിരുന്നില്ല. തന്റെ ജീവിതം തന്നെ ഇസ്‌ലാമിക ദഅവത്തിനായി മാറ്റിവെക്കാനാണ് അദ്ദേഹം തീരുമാനിച്ചിരുന്നത്. താമസിയാതെ പാരമ്പര്യമുള്ള കീഴൂരിലെ ഖാസി പദം അദ്ദേഹത്തെ തേടിയെത്തി. 1938 ല്‍ അദ്ദേഹം കീഴൂര്‍ ഖാസിയായി ചുമതലയേറ്റു. ഒപ്പം ഒറവങ്കര പള്ളിയില്‍ മുദരിസായും സേവനം തുടങ്ങി. ഓരോ ദിവസവും പ്രഭാതത്തില്‍ വീട്ടില്‍നിന്നും നടന്നാണ് അദ്ദേഹം ഒറവങ്കര പള്ളിയിലെത്തിയിരുന്നത്. ദര്‍സും പ്രാര്‍ത്ഥകളും എല്ലാം കഴിഞ്ഞ് രാത്രി ഇശാഇന് ശേഷം നടന്നുതന്നെയായിരുന്നു അദ്ദേഹത്തിന്റെ മടക്കവും. കാലങ്ങളോളം ഇത് അദ്ദേഹം തുടര്‍ന്നു കൊണ്ടിരുന്നു. ഏകദേശം ഇരുപത്തിയഞ്ചു വര്‍ഷത്തോളം ഇതേ ശൈലി തന്നെയാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. പിന്നീട് വാര്‍ദ്ധക്യ സഹജമായ ക്ഷീണങ്ങള്‍ പിടിപെട്ടപ്പോള്‍ അദ്ദേഹം ദര്‍സ് ഒഴിയാന്‍ നിര്‍ബന്ധിതനായി. അങ്ങനെ സ്ഥാനമൊഴിയുകയും അതിന്റെ ചുമതല തന്റെ മക്കളില്‍ ഒരാളെ ഏല്‍പ്പിക്കുകയും ചെയ്തു.
കീഴൂരിന്റെ നഷ്ട പ്രതാപത്തെ വീണ്ടെടുക്കാനുള്ള ശക്തമായൊരു ഇറങ്ങിപ്പുറപ്പാടായിരുന്നു മുഹമ്മദ് കുഞ്ഞി മുസ്‌ലിയാരുടെ അരങ്ങേറ്റം. ജനങ്ങളുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച അദ്ദഹത്തെ സംബന്ധിച്ചിടത്താളം ഇത് നേടിയെടുക്കുക ഒട്ടും പ്രയാസമുള്ള കാര്യമായിരുന്നില്ല. വലിയ സൂഫിയും ജ്ഞാനിയും പണ്ഡിതനുമായിരുന്നു അദ്ദേഹം. ചുരുങ്ങിയ കാലം കൊണ്ടുതന്നെ അദ്ദേഹം ജനങ്ങളുടെ ശ്രദ്ധാകേന്ദ്രമായി മാറി. ജനങ്ങളുടെ അഭയവും അത്താണിയുമായി ചെമ്പിരിക്ക പരിണമിച്ചു.
പ്രധാനമായും നാല് തലങ്ങളിലൂടെയായിരുന്ന മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ക്ക് നാട്ടിലുള്ള അംഗീകാരം ഉണ്ടായിരുന്നത്. കാലങ്ങളായി ദര്‍സ് നടന്നുവന്നിരുന്ന ഒറവങ്കരപ്പള്ളിയിലെ ഉസ്താദ് എന്നനിലക്കായിരുന്നു അതിലൊന്ന്. നാട്ടുകാരും അല്ലാത്തവരുമായ ധാരാളം വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. കറ കളഞ്ഞ പണ്ഡിതന്‍ എന്നതുകൊണ്ടുതന്നെ അവര്‍ക്കിടയില്‍ വലിയ അംഗീകാരമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.
രണ്ടാമതായി, പാരമ്പര്യമുള്ള ഒരു പണ്ഡിത തറവാട്ടിലെ അംഗമെന്നനിലക്ക്. ആ കുടുംബത്തെയും തറവാടിനെയും മുമ്പുതന്നെ ആളുകള്‍ ആദരവോടും ബഹുമാനത്തോടുമാണ് കണ്ടിരുന്നത്. ആ സ്ഥാനത്തേക്ക് യോഗ്യനായൊരു പിന്‍ഗാമിയും കൂടി വന്നപ്പോള്‍ ജനകീയതയും അംഗീകാരവും കൂടുതല്‍ ശക്തമാവുകയായിരുന്നു.
ഖാസി എന്നതായിരുന്നു മറ്റൊന്ന്. കീഴൂരിലെ പരമ്പരാഗത ഖാസി സ്ഥാനത്തെ വളരെ ആദരവോടും ബഹുമാനത്തോടുമാണ് ആളുകള്‍ കണ്ടിരുന്നത്. സഈദ് മുസ്‌ലിയാരുടെ കാലത്തും ശേഷം വന്ന മകന്‍ മുഹമ്മദ് മുസ്‌ലിയാരുടെ കാലത്തും ഇതുതന്നെയായിരുന്നു വസ്തുത. മുഹമ്മദ് കുഞ്ഞി മുസ്‌ലിയാരുടെ കാലം വന്നതോടെ ഇത് കൂടുതല്‍ ശക്തമായി. ഏറെ ജനകീയനായ ഒരു ഖാസിയായിട്ടാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. ആളുകള്‍ക്കെല്ലാം അദ്ദേഹത്തില്‍ വല്ലാത്ത വിശ്വാസമായിരുന്നു. ഒരു ഖാസി എന്ന നിലക്ക് ജനങ്ങള്‍ക്കിടയിലേക്കിറങ്ങി വേണ്ടതെല്ലാം ചെയ്യാന്‍ അദ്ദേഹവും തയ്യാറായിരുന്നു. അതുകൊണ്ടുതന്നെ, ഒരു ജനകീയനായ ഖാസിയായിട്ടാണ് അദ്ദേഹം വിലയിരുത്തപ്പെട്ടിരുന്നത്.
വിശാലവും വിവിധവുമായ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു അദ്ദേഹത്തിന്റെ ഖാസി പദവി. കീഴൂര്‍, മേല്‍പറമ്പ്, ചെമ്പിരിക്ക, കളനാട്, ദേളി, ഉദുമ, പാക്യാര, എരോല്‍, മാങ്ങാട്, വെണ്ടിക്കാല്‍, ബായിക്കര, അലൂര്‍ എന്നീ പന്ത്രണ്ട് സ്ഥലങ്ങളിലായിരുന്നു അദ്ദേഹം ഖാസിയായി സേവനം ചെയ്തിരുന്നത്. സംഭവ ബഹുലമായ ഒരു ഭരണമായിരുന്നു ഇത്. ജനങ്ങള്‍ ഒരുവനായി ഖാസി മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ ഇഴുകിച്ചേര്‍ന്നു. ഇത് ജനങ്ങളും അദ്ദേഹത്തിലേക്ക് കൂടുതല്‍ അടുക്കാന്‍ കാരണമായി. തീര്‍ത്തും നീതിപൂര്‍ണ്ണമായിരുന്നു ആ ന്യായാധിപത്യം. വേണ്ടത് വേണ്ടപോലെ തുറന്നുപറഞ്ഞിരുന്നു.
എല്ലാം കൂടിയായപ്പോള്‍ ചെമ്പിരിക്കയായി എല്ലാ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രം. ഖാസി മുഹമ്മദ് മുഹമ്മദ് കുഞ്ഞി മുസ്‌ലിയാരുടെ വീട് ഒരു കോടതിയായി വര്‍ത്തിച്ചു. ആളുകള്‍ സദാ അവിടെ തടിച്ചുകൂടി. വിവിധ ആവശ്യങ്ങളുമായി വന്നവരായിരുന്നു അവര്‍. സമാധനവും പരിഹാരവും മറുപടിയുമെല്ലാം തേടിയാണ് അവരെല്ലാം വന്നിരുന്നത്. ഖാസി അവര്‍ക്കെല്ലാം ആവശ്യമായത് നല്‍കി എല്ലാവരെയും സമാധാനമായി തിരിച്ചയച്ചുകൊണ്ടിരുന്നു. ഇതോടെ കീഴൂര്‍ ഖാസി എന്ന പേര് മെല്ലെ മെല്ലെ അപ്രത്യക്ഷ്യമായി. പകരം ചെമ്പിരിക്ക ഖാസി എന്ന പുതിയ വേര് നിലവില്‍ വന്നു. മേല്‍പറഞ്ഞ പ്രദേശങ്ങളെല്ലാം ഉള്‍ക്കൊള്ളുന്നത് തന്നെയായിരുന്നു ഇതും. ക്രേമേണഷ ചെമ്പിരിക്ക ഖാസി, ഖാസിയാര്‍ച്ച എന്നീ പേരുകളില്‍ മാത്രമായി അവര്‍ അറിയപ്പെടാന്‍ തുടങ്ങി.
ഖാസി മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ കൈവരിച്ച ആത്മീയ അഭ്യുന്നതിയും ജാതി-മത ഭേതമന്യേ ആളുകള്‍ക്ക് അദ്ദേഹത്തിലുണ്ടായിരുന്ന വിശ്വസവുമായിരുന്നു അംഗീകാരത്തിന്റെ നാലാമത്തെ കാരണം. നാടിന്റെ മൊത്തം ആലംബവും അഭയകേന്ദ്രവുമായിട്ടാണ് മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ ഉയണ്ടായിരുന്നത്. അദ്ദേഹത്തിന്റെ മന്ത്രത്തിനും ചികിത്സക്കും വലിയ ഫലമുണ്ടായിരുന്നു. അത്‌കൊണ്ടുതന്നെ, സദാ അവരുടെ വീട് ജനനിബിഡമായിരുന്നു. നാടിന്റെ നാനാ ഭാഗത്തുനിന്നും വിവിധ ആവശ്യങ്ങള്‍ക്കായി ആളുകള്‍ അവിടെ ഒഴുകിയെത്തി. രാവിലെ ഒറവങ്കര ദര്‍സിലേക്ക് പോകാനായി പുറത്തിറങ്ങുമ്പോഴേക്ക് ആളുകള്‍ അവിടെ തടിച്ചുകൂടിയിരിക്കും. അവരുടെയൊക്കെ ആവശ്യങ്ങള്‍ നിറവേറ്റിയിട്ടാണ് അദ്ദേഹം ദര്‍സിലേക്ക് പോയിരുന്നത്. ഹൈന്ദവരെന്നോ മുസ്‌ലിംകളെന്നോ ഉള്ള വ്യത്യാസം ഈ വരുന്നവര്‍ക്കിടയില്‍ ഇല്ലായിരുന്നു. എല്ലാവര്‍ക്കും അത്രയും വലിയ ആദരവും വിശ്വാസവുമായിരുന്നു ഖാസി അവകര്‍കളെ. ചികിത്സാര്‍ത്ഥം അദ്ദേഹത്തെ തേടിയെത്തുന്നവരുടെ എണ്ണം ഏറെ അമ്പരപ്പിക്കുന്നത് തന്നെയായിരുന്നു. അദ്ദേഹം മന്ത്രിച്ച നൂലോ വെള്ളമോ ഇല്ലാത്ത ഒരു വീടുപോലും ആ പ്രദേശങ്ങളിലെവിടെയും ഉണ്ടായിരുന്നില്ല. മുസ്‌ലിംകളായാലും ഹൈന്ദവരായാലും. എല്ലാവരും അദ്ദേഹത്തിന്റെ അടുത്ത് നിന്നും അത് കൈപ്പറ്റിയിരുന്നു. സര്‍പ്പദംശനത്തിന് അദ്ദേഹത്തിന്റെ മന്ത്രം ഏറെ ഫലപ്രദമായിരുന്നു. ഇക്കാര്യം ജനങ്ങള്‍ക്കിടയില്‍ ഏറെ പ്രസിദ്ധവുമായിരുന്നു. മന്ത്രിക്കാന്‍ വെള്ളം കൊണ്ടുവന്നവരുടെ ആധിക്യം കാരണത്താല്‍ വെള്ളപ്പാത്രങ്ങള്‍ നിരത്തിവെച്ച് ദൂരെനിന്നും മന്ത്രിച്ചൂതുന്ന അവസ്ഥ വരെ അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നു. മുക്കുവന്മാര്‍ കൂടുതല്‍ മത്സ്യം ലഭിക്കാനായി അദ്ദേഹത്തോട് പ്രാര്‍ത്ഥനകള്‍ തേടി വരാറുണ്ടായിരുന്നു. കൂടുതല്‍ മത്സ്യം ലഭിച്ചാല്‍ അതിന്റെ ഒരു ഭാഗം അവര്‍ അദ്ദേഹത്തിന് കാണിക്കയായി നല്‍കുകയും ചെയ്യാറുണ്ടായിരുന്നു.
അന്നൊക്കെ കടകല്‍ ഉല്‍ഘാടനം ചെയ്യാനും പുതിയ സംരംഭങ്ങള്‍ തുടക്കം കുറിക്കാനുമൊക്കെ ആളുകള്‍ അദ്ദേഹത്തെയാണ് കൂടുതലായും ക്ഷണിച്ചിരുന്നത്. അദ്ദേഹത്തിന്റെ കരങ്ങള്‍ സ്പര്‍ശിച്ചാല്‍ അവ ബറക്കത്തോടെ നിലനില്‍ക്കുമെന്ന ഒരു വിശ്വാസമാണ് എല്ലാവര്‍ക്കും ഉണ്ടായിരുന്നത്. അത് അങ്ങനെത്തന്നെയായിരുന്നു. ഉത്തരമലബാറില്‍ അങ്ങോളമിങ്ങോളം അദ്ദേഹത്തിന്റെ കരസ്പര്‍ശം ലഭിച്ച സംരംഭങ്ങളെല്ലാം ഇന്നും പച്ചയായി നിലനില്‍ക്കുന്നു.
ഉത്തര മലബാറിന്റെ മത സാംസ്‌കാരിക രംഗങ്ങളില്‍ മുസ്‌ലിംകളുടെ പ്രിതിധി എന്ന നിലക്ക് കടന്നുചെല്ലുകയും തന്റെ വ്യക്തി മുദ്ര പതിപ്പിക്കുകയും ചെയ്ത ഒരു മഹാ പ്രതിഭതന്നെയായിരുന്നു മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍. അക്കാലത്ത് ഉത്തരമലബാറില്‍ ഏറ്റവും കൂടുതല്‍ ജനാംഗീകാരമുള്ള നേതാവായിരുന്നു അദ്ദേഹം. ഈ അംഗീകാരത്തിനുമുമ്പില്‍ യാതൊരു അതിര്‍വരമ്പും ഉണ്ടായിരുന്നില്ല.
തന്റെ സംഭവബഹുലമായ ജീവിതത്തിനിടക്ക് മൂന്നുതവണ അദ്ദേഹം ഹജ്ജ് കര്‍മം നിര്‍വഹിച്ചിട്ടുണ്ട്. നാലാമത് ഹജ്ജിന് തീരുമാനിക്കുകയും 1973 ഡിസംബര്‍ പതിമൂന്നിന് ബോംബെയില്‍നിന്ന് പുറപ്പെട്ട വിമാനത്തില്‍ സീറ്റ് റിസര്‍വ് ചെയ്യുകയും ചെയ്തിരുന്നു. പക്ഷെ, അതിനുമുമ്പുതന്നെ അദ്ദേഹം മരണമടയുകയായിരുന്നു. ഹി: 1393 ദുല്‍ഖഅദ നാല് വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് ഏതാണ്ട് ഒരു മണിയോടെയായിരുന്നു അന്ത്യം. മരിക്കുന്നതുവരെയും അദ്ദേഹം കീഴൂര്‍ ഖാസിയായിരുന്നു. മുത്തിയഞ്ചു വര്‍ഷത്തോളം അദ്ദേഹം കീഴൂര്‍ ഖാസിയായി നിലകൊണ്ടു.
ബീ ഫാത്തിമ എന്ന തന്റഎ ഭാര്യയില്‍ അദ്ദേഹത്തിന് ഏഴ് മക്കളുണ്ടായിരുന്നു. മൂന്ന് ആണും നാല് പെണ്ണും. സി. എം അബ്ദുല്ല മൗലവി, സി.എം അഹ്മദ് ബാഖവി, ഉബൈദ് മൗലവി എന്നിവരാണ് ആണ്‍മക്കള്‍. ഇതില്‍ അഹമദ് ബാഖവി നേരത്തെതന്നെ മരണപ്പെട്ടിരുന്നു. തളങ്കര ഖാസിയാര്‍ മുഹമ്മദ് കുഞ്ഞി ഹാജി എന്ന കുഞ്ഞിച്ചയുടെ ഭാര്യ ആയിശ, ചെമ്പിരിക്ക അഹ്മദ് കുഞ്ഞി ഹാജിയുടെ ഭാര്യ ഖദീജ, ചേറൂര്‍ അബൂബക്കര്‍ ഹാജിയുടെ ഭാര്യ സൈനബ, ചെമനാട് ഇസ്മാഈല്‍ ഹാജിയുടെ ഭാര്യ സ്വഫിയ്യ എന്നിവരാണ് പെണ്‍മക്കള്‍.
No comments:
Post a Comment