ഭൌമോപരിതലത്തിലെ സിവശേഷതകള്‍ പ്രതിപാദിക്കുന്ന വിജ്ഞാനശാഖയാണ്
ഭൂമിശാസ്ത്രം (ഏലീഴൃമുവ്യ). അന്വേഷണ തല്‍പരത, സാഹസിക യാത്രകള്‍
എന്നിവയാണിതിന്റെ പുരോഗതിയുടെ മാനദണ്ഡങ്ങള്‍. ചരിത്ര രചനക്ക് പ്രാരംഭം
കുറിച്ചതോടെ ഭൂമിശാസ്ത്ര പഠനത്തിനും തുടക്കം കുറിച്ചിരിക്കണം. കാരണം,
സ്ഥലങ്ങള്‍ കണ്ടെത്തി വസ്തുനിഷ്ഠമായ വിവരങ്ങള്‍ ശേഖരിക്കലാണല്ലോ ഇതിന്റെ
ലക്ഷ്യം.
ഇസ്ലാമിക ഭൂമിശാസ്ത്രവിജ്ഞാനീയങ്ങളുടെ
മുഖ്യ സ്രോതസ്സ് വിശുദ്ധ ഖുര്‍ആന്‍ തന്നെയാണ്. ഭൂമിയുടെ വിന്യാസം,
പര്‍വതങ്ങള്‍, സമതലങ്ങള്‍, മരുഭൂമികള്‍, സമുദ്രങ്ങള്‍ എന്നിവയെക്കുറിച്ച്
ചിന്തിക്കാനും പഠിക്കാനും ഖുര്‍ആന്‍ ഇടക്കിടെ ആഹ്വാനം ചെയ്യുന്നുണ്ട്.
മധ്യകാല മുസ്ലിം ഭൂമിശാസ്ത്രജ്ഞര്‍ക്ക് ഇതുസബന്ധമായി വ്യക്തമായ
വീക്ഷണമുണ്ടായിരുന്നു. ഇന്ത്യന്‍, പേര്‍ഷ്യന്‍, ഗ്രീക്ക്
ഭൂമിശാസ്ത്രത്തില്‍ നിന്ന് പ്രേരണയുള്‍ക്കൊണ്ട അവര്‍ തങ്ങള്‍
പരീക്ഷിച്ചുണ്ടാക്കിയ ജ്ഞാനങ്ങളുടെ അകമ്പടിയോടെ ഇവരുടെ ഗ്രന്ഥങ്ങളുടെ അറബി
വിവര്‍ത്തനം കൊണ്ടുവന്നു. ടോളമിയുടെ ഭൂമിശാസ്ത്രവുമായി മുസ്ലിംകള്‍ക്ക്
അടുത്ത ബന്ധമുണ്ടായിരുന്നു. പ്ളാറ്റോയുടെയും അരിസ്റോട്ടിലിന്റെയും
ഭൂമിശാസ്ത്ര പരാമര്‍ശങ്ങളില്‍ നിന്നും അറബികള്‍
ജ്ഞാനമഭ്യസിച്ചുകൊണ്ടിരുന്നു.
മഹാനായ അബ്ബാസീ
ഖലീഫ മഅ്മൂനിന്റെ കാലത്താണ് ഇസ്ലാമിക ഭൂമിശാസ്ത്ര പഠനങ്ങളുടെ ആദ്യഫലങ്ങള്‍
പ്രത്യക്ഷമായത്. അസ്സ്വൂറത്തുല്‍ മുഅ്മൂനിയ്യ എന്ന മഅ്മൂനിന്റെ ഭൂപടം
ഇക്കാലത്ത് ഏറെ പ്രസിദ്ധി നേടിയ ഒന്നായിരുന്നു. ടോളമിയുടെ ഭൂപടത്തേക്കാള്‍
ഏറെ കൃത്യവും വ്യക്തവും ഇതുതന്നെയാണെന്ന് അബുല്‍ഹസന്‍ അല്‍മസ്ഊദി നേരത്തെ
തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂമിശാസ്ത്രപരമായി ഇക്കാലത്ത് രചന
നടത്തിയവരായിരുന്നു അല്‍കിന്‍ദിയും അഹ്മദ് സറാക്ഷിയും. ചില അവസരങ്ങളില്‍
ജ്യോതിശാസ്ത്ര പഠനത്തിന് ഭൂമിശാസ്ത്രജ്ഞാനം ആവശ്യമായി വരാറുണ്ട്.
അബൂഅബ്ദില്ലാഹ് അല്‍ബക്താനിയും അബുല്‍അബ്ബാസ് അല്‍ഫര്‍ഗാനിയും
ജ്യോതിശാസ്ത്ര പഠനത്തിന് ഭൂമിശാസ്ത്രജ്ഞാനങ്ങളെ കൂട്ടുപിടിച്ചവരാണ്.
പ്രസിദ്ധ സമൂഹശാസ്ത്രജ്ഞന്‍ ഇബ്നുഖല്‍ദൂനിന്റെ 'അല്‍മസാലികു വല്‍മമാലിക്'
എന്ന കൃതി ഭൂമിശാസ്ത്രത്തിന്റെ ഒരു വിവരണാത്മക സ്വഭാവത്തെ
പ്രതിനിധീകരിക്കുന്നു. ഭൂമിയുടെ അളവും ആകൃതിയും വിസ്തരിച്ച കൃതികളില്‍
പ്രധാനമാണ് മുഹമ്മുദ്ബനു മൂസാ അല്‍ഖവാരിസ്മിയുടെ 'സ്വൂറത്തുല്‍ അര്‍ള്'
(ഭൂമിയുടെ രൂപം). ഇബ്നു റുശ്ദിന്റെ 'അല്‍അലഖുന്നഫീസ' എന്ന കൃതിയും ഈ
ഗണത്തില്‍ ശ്രദ്ധേയം തന്നെ.
പുതിയ പുതിയ
കണ്ടെത്തലുകളും പര്യവേക്ഷണങ്ങളും വര്‍ധിച്ചതോടെ ഹിജ്റ നാല്-അഞ്ച്
നൂറ്റാണ്ടുകളില്‍ ഭൂമിശാസ്ത്ര പഠനം ഏറെ സജീവമായി. മുന്‍ഗാമികള്‍
നേരിട്ടുനടത്തിയ ചില ഗവേഷണങ്ങളായിരുന്നു ഇതിന് കാരണം. ചരിത്രത്തിന്റെ
ഒരനിവാര്യ ഘടകമായാണ് അഹ്മദ് അല്‍യഅ്ഖൂബി എന്ന ഹിസ്റോറിയന്‍ ഭൂമിശാസ്ത്രത്തെ
കണ്ടത്. മുസ്ലിം പ്ളിനി എന്ന അപരനാമത്തിലറിയപ്പെടുന്ന പ്രകൃതി
ചരിത്രകാരന്‍ അബുല്‍ ഹസന്‍ അല്‍മസ്ഊദി പ്രപഞ്ച ശാസ്ത്രത്തെയും
ഭൂമിശാസ്ത്രത്തെയും 'മുറൂജുദ്ദഹബ്' എന്ന തന്റെ വിജ്ഞാന കോശത്തില്‍
സമന്വയിപ്പിക്കുകയുണ്ടായി. പുരോഗതി നേടിയ ശാസ്ത്രലോകം പിന്നീടിത്
ഏറ്റുപാടുകയായിരുന്നു.
ഭൂമിശാസ്ത്രത്തില്‍ പ്രഥമ പേര്‍ഷ്യന്‍
കൃതി വിരചിതമായത് ഇക്കാലത്താണ്. 'ഹുദൂദുല്‍ ആലം' (ലോകത്തിന്റെ
അതിര്‍ത്തികള്‍) എന്നാണതിന്റെ നാമം. അബുല്‍ഇസ്ഹാഖ് അല്‍ഇസ്നാക്കിനിയുടെ
ഗ്രന്ഥം അവലംബിച്ചെഴുതിയ ഈ കൃതിയുടെ കര്‍ത്താവാരാണെന്നത് ഇന്നും
അജ്ഞാതമാണ്.
അറബികള്‍ നടത്തിയിരുന്ന സമുദ്ര
സഞ്ചാരങ്ങളിലൂടെ സമുദ്ര ഭൂമിശാസ്ത്രത്തിനും അവര്‍ ജന്മം നല്‍കി.
സഞ്ചാരിയായിരുന്ന സുലൈമാന്റെ 'അഖ്ബാറുസ്സ്വീന്‍' (ചൈനയുടെ
വൃത്താന്തങ്ങള്‍), 'അഖ്ബാറുല്‍ ഹിന്ദ്' (ഇന്ത്യയുടെ വൃത്താന്തങ്ങള്‍) എന്നീ
കൃതികളില്‍ ഭൂമിശാസ്ത്രപരമായ പല സൂചനകളുമുണ്ട്. ബുസുര്‍ഗുബ്നു മൂസിയുടെ
'അജാഇബുല്‍ ഹിന്ദ്' (ഇന്ത്യയിലെ വിസ്മയങ്ങള്‍) ഈ ഗണത്തില്‍ ശ്രദ്ധേയമാണ്.
ഘട്ടംഘട്ടമായുള്ള മുന്നേറ്റത്തിലൂടെ യവന-ഇന്ത്യന്‍-പേര്‍ഷ്യന്‍
ഭൂമിശാസ്ത്രത്തില്‍ പിണഞ്ഞ പോരായ്മകള്‍ നികത്താന്‍ പര്യാപ്തമായിരുന്നു
ഇവയിലധികവും.
ഹിജ്റ മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന
ഇബ്നുഖുര്‍ദാദ് ബെഹ് ഇവ്വിഷയകമായി ഏറെ പരിജ്ഞാനമുള്ള വ്യക്തിയാണ്.
ബഗ്ദാദില്‍ ജീവിച്ച അദ്ദേഹം മഅ്മൂനിന്റെ ഗവര്‍ണര്‍ കൂടിയായിരുന്നു.
'അദബുസ്സമാഅ്', 'അത്ത്വബീബ്' തുടങ്ങിയവയാണ് ഭൂമിശാസ്ത്രപരമായ രചനകള്‍.
നജ്ദിലെ വശ്മ് ഗ്രാമത്തില്‍ ജനിച്ച ഇബ്നുബുലൈഹിദാണ് അറേബ്യന്‍
ഭൂമിശാസ്ത്രത്തില്‍ ശ്രദ്ധേയനായ മറ്റൊരു വ്യക്തി. യോദ്ധാവും കച്ചവടക്കാരനും
നികുതി പിരിവുകാരനുമായി വര്‍ഷങ്ങളോളം പലയിടത്തും ചുറ്റിനടന്ന ഇദ്ദേഹം
താമസിയാതെ ഭൂമിശാസ്ത്രത്തെക്കുറിച്ച് പ്രാമാണിക വിവരം നേടി. ലോകത്ത്
അറിയപ്പെടാതെ കിടന്ന പല ഭൂമിശാസ്ത്ര വിസ്മയങ്ങളും തന്റെ 'സ്വഹീഹുല്‍
അഖ്ബാര്‍ ഫീ ബിലാദില്‍ അറബി മിനല്‍ ആസാര്‍' എന്ന ഗ്രന്ഥത്തില്‍ സവിസ്തരം
പ്രതിപാദിക്കുന്നുണ്ട്.
ചരിത്രത്തിനും
ഭൂമിശാസ്ത്രത്തനും അഭേദ്യബന്ധമാണ് ഇക്കാലത്തുണ്ടായിരുന്നത്. ചരിത്രം
രചിക്കപ്പെടുന്നിടത്തെല്ലാം ഗോപ്യമായി മറുവശത്ത് ഭൂമിശാസ്ത്ര ജ്ഞാനങ്ങളും
അനാവരണം ചെയ്യപ്പെട്ടു. ടോളമിയുടെ 'അല്‍മാജസ്റി'ല്‍ (അഹാമഷല) നിന്നും
ഇന്ത്യയില്‍ നിന്ന് ലഭിച്ച 'കിതാബു സിന്ദ് ഹിന്ദി'(സിദ്ധാന്ത)ല്‍ നിന്നും
സ്വാംശീകരിച്ചെടുത്ത ഭൂമിശാസ്ത്രവിജ്ഞാനീയങ്ങള്‍ അറബി ഭൂമിശാസ്ത്ര
ശാഖകള്‍ക്ക് കൊഴുപ്പ് കൂട്ടി. ഇസ്ത്വബ്രിയുടെ 'മസാലികുല്‍ മമാലിക്',
യാഖൂതുല്‍ ഹമവിയുടെ 'മജ്മൂഉല്‍ ബുല്‍ദാന്‍' തുടങ്ങി അതിബൃഹത്തായ
ഭൂമിശാസ്ത്ര ഗ്രന്ഥങ്ങള്‍ ഇക്കാലത്ത് വിരചിതമായി.
ഇസ്ലാമിക
ഭൂമിശാസ്ത്ര പഠനങ്ങള്‍ക്ക് ഏറ്റവും ഉജ്ജ്വലമായ സംഭാവനകള്‍ നല്‍കിയ
ശാസ്ത്രജ്ഞനായിരുന്നു അബൂറൈഹാന്‍ അല്‍ബിറൂനി. 'തഹ്ദീബു നിഹായാത്തില്‍
അമാക്കിന്‍' എന്ന അദ്ദേഹത്തിന്റെ കൃതി ഭൂമിശാസ്ത്ര വിജ്ഞാനീയങ്ങളിലെ അനുപമ
സൃഷ്ടിയാണ്. 'താരീഖുല്‍ ഹിന്ദ്' സാംസ്കാരികമായി കുറേകൂടി
ഉയര്‍ന്നുനില്‍ക്കുന്നു.
14-ാം നൂറ്റാണ്ടിന്റെ
പൂര്‍വാര്‍ധത്തില്‍ ഡാന്‍ജിയേഴ്സില്‍ നിന്ന് തുടങ്ങി വിശ്വവിശ്രുത
സംസ്കാരങ്ങളുടെ കളിത്തൊട്ടിലായ ചരിത്ര പ്രദേശങ്ങളിലൂടെ ലോകസഞ്ചാരം നടത്തിയ
ഇബ്നുബത്ത്വൂത്ത്വയുടെ സഞ്ചാരകഥകളും മുസ്ലിം ഭൂമിശാസ്ത്രത്തെ ഏറെ
സമ്പുഷ്ടമാക്കി. വേണ്ടവിധം യാത്രാസൌകര്യമില്ലാത്ത കാലത്തുപോലും ലോകത്തിന്റെ
ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ അദ്ദേഹം സഞ്ചരിച്ചു. മാസ്റര്‍ പീസായി
അറിയപ്പെടുന്ന 'തുഹ്ഫത്തുന്നുള്ളാര്‍ ഫീ ഗറാഇബില്‍ അംസ്വാര്‍' എന്ന തന്റെ
കൃതി ഭൂമിശാസ്ത്ര വിജ്ഞാനീയങ്ങളുടെ അക്ഷയഖനിയാണ്. 1333 ല്‍ ഇന്ത്യയിലെത്തിയ
താന്‍ അന്നത്തെ ഭരണാധികാരിയായിരുന്ന സുല്‍ഥാന്‍ മുഹമ്മദുബ്നു
തുഗ്ളക്കുമായി കണ്ടുമുട്ടി. മുന്‍കാല ഭൂമിശാസ്ത്ര പഠനങ്ങളും തന്റെ
കണ്ടെത്തലുകളും സവിസ്തരം പ്രതിപാദിക്കുന്ന ഇബ്നുബത്തൂത്വയുടെ തുഹ്ഫ ഒരുപാട്
ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഭൂമിശാസ്ത്ര രചനകളില്‍
മധ്യകാലത്ത് ഏറെ ഗൌനിക്കപ്പെട്ട ഒരു കൃതിയാണിത്.
ഹിജ്റ
6-ാം നൂറ്റാണ്ടു മുതല്‍ യൂറോപ്യന്‍ നവോത്ഥാനം വരെ മുസ്ലിംകളുടെ
ഭൂമിശാസ്ത്ര പഠനങ്ങള്‍ ക്രമാനുക്രമം വളര്‍ന്നുകൊണ്ടിരുന്നു. ശംസുദ്ദീന്‍
ദിമശ്ഖിയുടെ നഖ്ബത്തുദ്ദഹ്ര്‍, സകരിയ്യാ അല്‍ഖസ്വീനിയുടെ അജാഇബുല്‍
ബുല്‍ദാന്‍ എന്നിവ ഭൂമിശാസ്ത്രത്തിലെ സര്‍വ വിജ്ഞാനകോശങ്ങളായി
അറിയപ്പെടുന്നു.
ഭൂമിശാസ്ത്രം, കപ്പലോട്ടം തുടങ്ങിയവക്ക് ഏറെ
സംഭാവന നല്‍കിയിരുന്നു ഉസ്മാനിയ ഖിലാഫത്തിന്റെ കാലം. സുലൈമാന്‍ ഖാനൂനിയുടെ
നാവിക മേധാവിയായിരുന്ന പീറി റഈസ് തുര്‍ക്കി ഭാഷയിലെഴുതിയ 'ബഹ്രിയ്യ' എന്ന
ഗ്രന്ഥം ഭൂമിശാസ്ത്രപരമായ വിജ്ഞാനീയങ്ങളിലെ കുതിച്ചുചാട്ടമാണ്.
ഈജിയന്‍-റോമന്‍ കടലിലെ ജലപ്രവാഹങ്ങള്‍, തീരദേശങ്ങള്‍, തുറമുഖങ്ങള്‍
എന്നിവയുടെ വിവരണത്തിനു പുറമെ അമേരിക്കയുടെ കിഴക്കന്‍ തീരവും
യൂറോപ്പിന്റെയും ആഫ്രിക്കയുടെയും പടിഞ്ഞാറന്‍ തീരവും വരെ വിവരിക്കുന്ന ഒരു
ഭൂപടവും പീറി റഈസ് ഇതില്‍ ഒരുക്കിയിട്ടുണ്ട്. ഇക്കാലത്തെ തന്നെ മറ്റൊരു
നാവികസേനാ മേധാവിയാണ് സയ്യിദ് അലി റഈസ്. ഇദ്ദേഹത്തിന്റെ 'കിതാബുല്‍ മുഹീഥ്'
മധ്യധരണ്യാഴിയിലെ കപ്പലോട്ടക്കാര്‍ക്ക് വഴികാട്ടിയായിരുന്നു.
അമേരിക്കയെക്കുറിച്ച് ഇതില്‍ ഒരധ്യായം തന്നെയുണ്ട്. ഇദ്ദേഹത്തിന്റെതന്നെ
'മിര്‍ആത്തുല്‍ മമാലികി'ല്‍ വൈവിധ്യങ്ങളായ രാഷ്ട്രങ്ങളുടെ ഭൂമിശാസ്ത്രപരമായ
സവിശേഷതകള്‍ അലങ്കാരത്തോടെ അനാവൃതമാകുന്നു. മുഹമ്മദ് അലി ആശിഖ്, ഹാജി ഖലീഫ
തുടങ്ങിയവരും ഭൂമിശാസ്ത്രത്തില്‍ ഗ്രന്ഥ രചന നടത്തിയ മുന്‍ഗാമികളാണ്.
ബഹുമുഖ
പ്രതിഭയായിരുന്നു ഹാജി ഖലീഫ. കാതിബ് ചലീപിയെന്ന് തുര്‍ക്കികള്‍
വിശേഷിപ്പിച്ച ഇദ്ദേഹം തുര്‍ക്കിയിലെ സൈനികനായിരുന്നു. സുല്‍ഥാന്‍ മുറാദ്
നാലാമന്റെ കാലത്ത് ബഗ്ദാദ് വിജയത്തില്‍ പങ്കെടുത്ത താന്‍ പിന്നീട്
ഹജ്ജിനായി മക്കയിലേക്ക് പോയി. മടങ്ങിവന്ന ശേഷം സര്‍ക്കാര്‍ ജോലിയില്‍
നിന്ന് രാജി വെച്ച് സ്വതന്ത്രമായി ഗ്രന്ഥരചനക്കിരിക്കുകയായിരുന്നു.
വൈജ്ഞാനിക ലോകത്ത് കീര്‍ത്തി നേടിയ ഉന്നത നിലവാരമുള്ള ഇരുപതില്‍പരം രചനകള്‍
അദ്ദേഹം നടത്തിയിട്ടുണ്ട്. 'ജഹാന്‍ നുമാ' എന്ന ഭൂമിശാസ്ത്ര ഗ്രന്ഥമാണ് ഏറെ
പ്രസിദ്ധം. ഭൂമിശാസ്ത്രപരമായ ഒരു ഉന്നത അറ്റ്ലസും അദ്ദേഹം തയ്യാറാക്കി.
ബഗ്ദാദില്‍
നിന്നെന്ന പോലെ സ്പെയ്നില്‍ നിന്നും ഭൂമിശാസ്ത്രത്തിന് അസംഖ്യം സംഭാവകള്‍
ലഭിച്ചു. കൊര്‍ദോവയില്‍ ജനിച്ച അബൂഉബൈദ് അല്‍ബക്രിയാണ് ഇവരില്‍
പ്രസിദ്ധന്‍. ഭാഷാശാസ്ത്രത്തിലും കാവ്യശാസ്ത്രത്തിലും ഏറെ പരിജ്ഞാനമുള്ള
ഇദ്ദേഹം ഭൂമിശാസ്ത്രത്തില്‍ 'അല്‍മസാലിക് വല്‍മമാലിക്' എന്ന വിഖ്യാതമായ രചന
നടത്തി. തന്റെ 'മുഅ്ജമു മസ്തുഅ്ജിമ' എന്ന ഗ്രന്ഥം അറബിക്കവിതകളില്‍
പരാമൃഷ്ടമായ രാജ്യങ്ങളെപറ്റിയുള്ള ഗഹന പഠനമാണ്.
ഹിജ്റ
നാലാം നൂറ്റാണ്ടില്‍ ജീവിച്ച ശരീഫുല്‍ ഇദ്രീസിയാണ് മറ്റൊരാള്‍. പ്രസിദ്ധ
സഞ്ചാരിയും ഭൂമിശാസ്ത്രജ്ഞനുമായിരുന്ന ഇദ്ദേഹം സ്പെയ്നിലെ സബ്തയിലാണ്
ജനിച്ചത്. കൊര്‍ദോവയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷം ഈജിപ്ത്,
ഫ്രാന്‍സ്, റോം, ഗ്രീസ്, ബ്രിട്ടന്‍ തുടങ്ങി പല രാഷ്ട്രങ്ങളും
സന്ദര്‍ശിച്ചു. 'നുസ്വ്ഹതുല്‍ മുശ്താഖ്' എന്ന തന്റെ ഭൂമിശാസ്ത്ര ഗ്രന്ഥം
മധ്യകാലഘട്ടത്തില്‍ ഇവ്വിഷയകമായി രചിക്കപ്പെട്ടതില്‍ ഏറെ
പ്രാധാന്യമര്‍ഹിക്കുന്നു. വിവിധ യൂറോപ്യന്‍ ഭാഷകളിലേക്ക് ഭാഷാന്തരം
ചെയ്യപ്പെട്ട ഈ കൃതി വര്‍ഷങ്ങളോളം യൂറോപ്പില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.
പ്രസിദ്ധ സ്പാനിഷ് മുസ്ലിം സഞ്ചാരിയായിരുന്ന അബൂഅബ്ദില്ല അല്‍മാസിനിയും
മുസ്ലിം ഭൂമിശാസ്ത്രത്തിന് അനിഷേധ്യമായ അഭിവൃദ്ധി നല്‍കി. ഈജിപ്ത്,
ബഗ്ദാദ്, ഖുറാസാന്‍, ഹെലപ്പോ, ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച
അദ്ദേഹം അവയെക്കുറിച്ച് ഭൂമിശാസ്ത്രപരമായ വിജ്ഞാനീയങ്ങള്‍ ശേഖരിച്ചു.
'നുഖ്ബതുല്‍ അദ്ഹാന്‍ ഫീ അജാഇബില്‍ ബുല്‍ദാന്‍' എന്ന തന്റെ യാത്രാവിവരണം
ഒരു ഭൂമിശാസ്ത്രഗ്രന്ഥായി ഉപയോഗിക്കാനുതകുന്നതാണ്.
സ്പെയ്നിലെ
ബലന്‍സിയയില്‍ ജനിച്ച പ്രസിദ്ധ സഞ്ചാരിയും ഭൂമിശാസ്ത്രജ്ഞനുമായിരുന്ന
ഇബ്നു ജുബൈറും (540-614) ഇതേ ഗണത്തില്‍ പെടുന്നു. ഫിഖ്ഹിലും ഹദീസിലും
സാഹിത്യത്തിലും അഗ്രഗണ്യനായിരുന്ന അദ്ദേഹം അലക്സാണ്ട്രിയ, കൈറോ, മക്ക,
മദീന, കൂഫ, മൌസ്വില്‍, ഹെലപ്പോ, ഡമസ്കസ്, സിസിലി തുടങ്ങിയ മഹാനഗരങ്ങള്‍
സന്ദര്‍ശിക്കുകയുണ്ടായി. അതിപ്രധാനമായ തന്റെ മക്കായാത്രയെപ്പറ്റി
ഇബ്നുജുബൈര്‍ സ്വന്തം കൃതിയായ 'രിഹ്ല'യില്‍ വിവരിക്കുന്നുണ്ട്.
യൂറോപ്യന്‍
നവോത്ഥാനത്തിന് തൊട്ടുമുമ്പുള്ള കാലത്ത് ഭൂമി-സമുദ്രശാസ്ത്രങ്ങളില്‍
കാര്യമായ പുരോഗതിയുണ്ടായി. സുലൈമാന്‍ അല്‍മഹ്രിയുടെ 'ഉംദതുല്‍ മഹ്രിയ്യ'
(മഹ്രിയുടെ തൂണുകള്‍), ഇബ്നു മാജിദിന്റെ 'കിതാബുല്‍ വാഇദ് ഫീ ഉസ്വൂലി
ഇല്‍മില്‍ ബഹ്രി വല്‍ഖവാഇദ്' എന്നിവ സമുദ്രശാസ്ത്രത്തിന്റെ പഠന മേഖലയെ
വിസ്തൃതമാക്കി. വാസ്കോഡഗാമയുടെ കപ്പലിന് പൂര്‍വാഫ്രിക്കയില്‍ നിന്ന്
കോഴിക്കോട്ടേക്ക് വഴികാണിച്ചത് ഇബ്നുമാജിദ് എഴുതിവെച്ച സമുദ്രശാസ്ത്ര
രേഖകളായിരുന്നു.
പേര്‍ഷ്യന്‍, തുര്‍ക്കി ഭാഷയിലായിരുന്നു ഹിജ്റ
9-ാം നൂറ്റാണ്ടിലെ മുസ്ലിം ഭൂമിശാസ്ത്ര ഗ്രന്ഥങ്ങള്‍ പുറത്തുവന്നിരുന്നത്.
ഇന്ത്യക്കാരായിരുന്ന മുസ്ലിം ശാസ്ത്രകാരന്മാരും ഇക്കാലത്ത് രചനക്ക്
പേര്‍ഷ്യന്‍ ഭാഷ തന്നെ സ്വീകരിച്ചു. ഉസ്മാനികള്‍ മാത്രമാണ് അറബിയില്‍ രചന
നടത്തിയത്. അവര്‍ ഭൂമിശാസ്ത്രത്തിന് ഗംഭീരമായ സംഭാവനകള്‍ നല്‍കി. ഇബ്നു
ആശിഖിന്റെ 'മനാളിറുല്‍ ആലം' (ലോകക്കാഴ്ചകള്‍) അനാതോലിയയെയും ബാല്‍ക്കണ്‍
ദ്വീപുകളെയും കുറിച്ച് അറിവ് നല്‍കുന്നതായിരുന്നു. സയ്യിദ് അഖീ അക്ബര്‍
ബിതാഇയുടെ ഭൂമിശാസ്ത്ര ഗ്രന്ഥത്തില്‍ ചൈനയെ കുറിച്ച വിവരണങ്ങളും
ഉണ്ടായിരുന്നു.
സിസിലി ഭരണാധികാരി റോജര്‍
രണ്ടാമന്റെ കൊട്ടാര ശാസ്ത്രജ്ഞരില്‍ പ്രധാനിയാണ് ശരീഫുല്‍ ഇദ്രീസി.
കാണിക്കയെന്നോണം 'കിതാബുര്‍റൂജാരി' (റോജറിന്റെ ഗ്രന്ഥം) എഴുതിയ
അദ്ദേഹത്തിന്റെ കൃതികളുടെ പ്രാധാന്യം ഇന്നും അനശ്വരമാണ്. ഏഷ്യ വരെ
സഞ്ചരിച്ചെത്തിയ ഇദ്രീസിയെ തന്റെ ജ്ഞാനവത്തായ യാത്രകളായിരുന്നു ഒരുന്നത
ഭൂമിശാസ്ത്രജ്ഞനാക്കി മാറ്റിയത്. അന്ന് അറിയപ്പെട്ടിരുന്ന ഭൂഭാഗങ്ങളെ
ഉള്‍പ്പെടുത്തി ഗോളാകോതിയില്‍ അദ്ദേഹം വെള്ളികൊണ്ടൊരു ഗ്ളോബുണ്ടാക്കി.
മധ്യകാല ഭൂമിശാസ്ത്രജ്ഞര്‍ക്ക് ഇതേറെ ഉപകാരപ്രദമായി. പില്‍ക്കാലത്ത്
യൂറോപ്യര്‍ ഇതവലംബിച്ചാണ് മാപ്പുകള്‍ ഉണ്ടാക്കിയിരുന്നത്.
ഇദ്രീസി
തന്റെ ഭയാനകമായ സമുദ്രയാത്രകളെ പരാമര്‍ശിക്കവെ ഒരുകഥ പറയുന്നുണ്ട്.
സ്പെയ്നിനെക്കുറിച്ച് പറയുന്നതനിടയില്‍ അദ്ദേഹം പറയുന്നു: 'ഒരിക്കല്‍
സ്പെയ്നില്‍ നിന്ന് എട്ടംഗ സംഘം കപ്പലില്‍ യാത്ര തിരിച്ചു. ഒരു
മാസത്തിനാവശ്യമായ ഭക്ഷണവും വെള്ളവും കൂടെയുണ്ടായിരുന്നു. പടിഞ്ഞാര്‍
ലക്ഷ്യം വെച്ച് അറ്റ്ലാന്റിക് സമുദ്രത്തിലൂടെ ദിവസങ്ങള്‍ താണ്ടി. പിന്നീട്
തെക്കുഭാഗത്തേക്ക് മൂന്നാഴ്ച സഞ്ചരിച്ചു. ഇളകിമറിഞ്ഞ സമുദ്രത്തിലൂടെ
വീണ്ടും മുന്നോട്ട്. പെട്ടെന്നാണൊരു ദ്വീപ് അവരുടെ ദൃഷ്ടിയില്‍ പെട്ടത്.
ആരോഗ്യദൃഢഗാത്രരായ പുരുഷന്മാരും സൌന്ദര്യവതികളായ സ്ത്രീകളുമുണ്ടായിരുന്നു
അവിടെ. കണ്ടയുടനെ രാജാവ് ഇവരെ ബന്ദിയാക്കാന്‍ ആജ്ഞാപിച്ചു. താമസിയാതെ
കല്‍പന മാനിക്കപ്പെട്ടു. നരകാനുഭവങ്ങളുമായി ദിനങ്ങള്‍ കഴിഞ്ഞുപോയി.
കാലങ്ങള്‍ക്കു ശേഷം പൌരസ്ത്യന്‍ തരംഗം അവിടെയും എത്തി. താമസിച്ചില്ല,
രാജാവ് അവരെ കണ്ണുകെട്ടി കപ്പലില്‍ കയറ്റി പറഞ്ഞുവിട്ടു. ദിവസങ്ങളോളം
സഞ്ചരിച്ച അവര്‍ അവസാനം സൌത്ത്-വെസ്റ് തീരത്ത് ഇറങ്ങി.' ഈ യാത്രയുടെ
വിശദവിവരം തേടുമ്പോള്‍ അതുവരെ അപ്രത്യക്ഷമായി കിടന്നിരുന്ന ചില
ഭൂഭാഗങ്ങളുടെ കണ്ടുപിടുത്തമാണിതെന്ന് സുതരാം വ്യക്തമാകുന്നു. പക്ഷേ,
ഇദ്രീസിയുടെ കൃതികളില്‍ മാത്രമേ ഈ വിസ്മയ സംഭവം നമുക്ക് കാണാന്‍
കഴിയുന്നുള്ളൂ. ശേഷം യൂറോപ്യര്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ പര്യവേക്ഷണം
നടത്തി പല ദ്വീപുകളും കണ്ടെത്തുകയുണ്ടായി. ഇദ്രീസിയുടെ 'നുസ്ഹതുല്‍
മുശ്താഖി'ന്റെ പ്രതികള്‍ ഇന്നും പാരീസ്, ഒക്സ്ഫോര്‍ഡ്, ഇസ്തംബൂള്‍, കൈറോ
എന്നിവിടങ്ങളിലെ ലൈബ്രറികളില്‍ സൂക്ഷിച്ചുവെച്ചിരിപ്പുണ്ടെന്നാണ്
ഗണിക്കപ്പെടുന്നത്. 17-ാം നൂറ്റാണ്ടിലിത് ലാറ്റിനിലേക്ക് ഭാഷാന്തരം
ചെയ്യപ്പെട്ടെങ്കിലും ഇതിന്റെ പൂര്‍ണ രൂപമടങ്ങുന്ന അറബി വിവര്‍ത്തനം
ഇന്നേവരെ പുറത്തുവന്നിട്ടില്ലെന്നതാണ് വാസ്തവം.
ടോളമിയടക്കം
യവന തത്ത്വചിന്തകര്‍ക്ക് വന്ന അബദ്ധങ്ങള്‍ തിരുത്തിനല്‍കിയത് മധ്യകാല
മുസ്ലിം ഭൂമിശാസ്ത്രജ്ഞരായിരുന്നു. മധ്യധരണ്യാഴിയുടെ നീളമളക്കുന്നതില്‍ വരെ
ടോളമിക്ക് പിഴവ് പിണഞ്ഞത് മുസ്ലിംകള്‍ തിരുത്തുകയുണ്ടായി. ലബോന്‍ (ഘലയീി)
പറഞ്ഞ പോലെ അറബികള്‍ അവതരിപ്പിച്ച വിവരങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍
ഭൂമിശാസ്ത്രത്തില്‍ യൂറോപ്പ് എവിടെയുമെത്തുമായിരുന്നില്ല.
ദിശനോക്കിയന്ത്രങ്ങളായിരുന്നു മുസ്ലിംകളെ സമുദ്രയാത്രയില്‍
സഹായിച്ചിരുന്നത്. ഇതുകണ്ടെത്തിയത് ചൈനക്കാരായിരുന്നുവെങ്കിലും യഥായോഗ്യം
ഉപയോഗിച്ചിരുന്നത് മുസ്ലിം സമുദ്രയാത്രികരായിരുന്നു. ഈ ഉപകരണം കപ്പല്‍
യാത്രയില്‍ ഉപയോഗിക്കാന്‍ പറ്റുമെന്ന് ആദ്യമായി നിര്‍ദ്ദേശിച്ചതും
മുസ്ലിംകള്‍ തന്നെ. മാത്രമല്ല, യൂറോപ്പിന് ഈ ഉപകരണവും ഉപയോഗവും
പഠിപ്പിച്ചുകൊടുത്തതും അവരാണ്. ഇവ നിര്‍മിച്ചിട്ടും ഉപയോഗിക്കാന്‍ കഴിയാതെ
വന്നത് ചൈനക്ക് വന്‍തിരിച്ചടിയായി. കാരണം, അവര്‍ക്ക് കടല്‍ യാത്രയില്‍ തീരെ
കഴിവുണ്ടായിരുന്നില്ല. ജോര്‍ജ് യഅ്ഖൂബ് പറയുന്നു: 'അറബികള്‍ ഇതിനു മുമ്പ്
കപ്പലില്‍ ദിശ കാണാന്‍ ഉപയോഗിച്ചിരുന്നത് മത്സ്യത്തിന്റെ ആകൃതിയിലുള്ള
കാന്തക്കഷ്ണങ്ങളായിരുന്നു.'
ലോകത്തിന്റെ
ഏതുഭാഗത്തുനിന്നും ഖിബ്ലയുടെ സ്ഥാനം നിര്‍ണയിക്കേണ്ടത് ഇതിനവര്‍ക്ക്
പ്രചോദനമേകി. ദിവസങ്ങളുടെ ദൈര്‍ഘ്യം മനസ്സിലാക്കുന്ന ഗണിതവിദ്യകളും
മുസ്ലിംകള്‍ അന്നുപയോഗിച്ചിരുന്നു. അക്ഷാംശ, രേഖാംശ പഠനങ്ങള്‍ക്കും
അല്‍ബിറൂനിയും ഇബ്നുയൂസുഫും പ്രധാന സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അഥവാ
മുസ്ലിംകളായിരുന്നു ഭൂമിശാസ്ത്രശാഖയെ ഏറെ സമ്പുഷ്ടമാക്കിയതെന്ന് ചുരുക്കും.
കിതാബുൽ ജുഗ് റാഫിയ്യ എന്ന പുസ്തകം എഴുതിയതാരാണ്
ReplyDelete