Monday, February 10, 2014

രസതന്ത്രം

പ്രാചീന ആല്‍കമി(അഹരവല്യാ)യില്‍ നിന്നാണ് രസതന്ത്രം (ഇവലാശൃ്യ) രൂപമെടുക്കുന്നത്. ചില താണയിനം ലോഹങ്ങള്‍ പ്രത്യേക അളവില്‍ സംവിധാനിച്ച് സ്വര്‍ണവും വെള്ളിയും നിര്‍മിക്കുന്ന നിഗൂഢ വിദ്യയായിരുന്നു ആല്‍കമി. സ്വര്‍ണവും വെള്ളിയും അതിന്റേതല്ലാത്ത ഉറകളില്‍ ഖനനം ചെയ്യപ്പെടല്‍ എന്നാണ് മുന്‍കാല അറബ് ഗ്രന്ഥങ്ങള്‍ ഇതിനു നല്‍കുന്ന നിര്‍വചനം. മൂലകങ്ങളുടെയും അവ ചേര്‍ന്നുണ്ടാകുന്ന യൌകികങ്ങളുടെയും ഘടന, സ്വഭാവം, ഗുണധര്‍മങ്ങള്‍, പ്രതിപ്രവര്‍ത്തനങ്ങള്‍ ആദിയായവയെക്കുറിച്ചുള്ള അനാവരണമാണ് ഇതെന്നാണ് ആധുനിക ഭാഷ്യം. 
രസതന്ത്രത്തിന്റെ വളര്‍ച്ചക്ക് അറബികള്‍ ചെയ്ത സംഭാവനകള്‍ അനിഷേധ്യമാണ്. ഥൂസില്‍ ജനിച്ച ജാബിറുബ്നു ഹയ്യാനാണ് ഈ ശാസ്ത്രശാഖയുടെ പിതാവായി ഗണിക്കപ്പെടുന്നത്. 

അറബികള്‍ കീമിയാഅ് എന്ന് വിളിക്കുന്ന ഈ ജ്ഞാനരൂപമിന്ന് നിത്യോപയോഗ സാമഗ്രികള്‍, ഔഷധങ്ങള്‍, കൃത്രിമ വളങ്ങള്‍ എന്നിവയുടെ നിര്‍മാണത്തില്‍ വരെ ഉപയോഗിച്ചുവരുന്നു. നെസ്റോറിയന്‍ ക്രൈസ്തവ വര്‍ഗമായിരുന്നു അറേബ്യയില്‍ ആദ്യമായി ആല്‍കമിയെ പരിചയപ്പെടുത്തിയത്. സിറിയ കേന്ദ്രീകരിച്ച അവരുടെ രചനകള്‍ 8, 9 നൂറ്റാണ്ടുകളില്‍ അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. ഇക്കാലങ്ങളിലിത് പുരോഹിത വര്‍ഗത്തിന്റെ കുത്തകയായിരുന്നു. ചരിത്രത്തില്‍ ആല്‍ക്കമിസ്റുകള്‍ എന്നറിയപ്പെടുന്ന ഇവരാണ് ആല്‍ക്കമിചിന്തകള്‍ക്ക് ബീജാവാപം നല്‍കിയതും പരിപോഷിപ്പിച്ചതും. എല്ലാ വസ്തുക്കളും വിവിധ പദാര്‍ഥങ്ങള്‍ കൂടിച്ചേര്‍ന്നതുണ്ടായതാണെന്നും അവയിലേതെങ്കിലും ഒന്നിന്റെ അളവില്‍ ചെറുമാറ്റം വന്നാല്‍ ആ വസ്തു തന്നെ മാറിപ്പോകുമെന്നും അന്നുതന്നെ മുസ്ലിംകള്‍ നിരീക്ഷണങ്ങളിലൂടെ മനസ്സിലാക്കിയിരുന്നു. ഇങ്ങനെയാണ് ജാബിറുബ്നു ഹയ്യാനെ പോലുള്ളവര്‍ സ്വര്‍ണവും വെള്ളിയും രൂപപ്പെടുത്തിയിരുന്നത്. അന്ധവിശ്വാസങ്ങള്‍ കൊണ്ട് നിബിഢമായിരുന്ന ആല്‍ക്കമിയെ ശുദ്ധീകരിച്ച് ഒരു പാഠ്യവിഷയമാക്കി ഉയര്‍ത്തിവാഴിച്ചത് മുസ്ലിംകളാണ്. 
പുരാതന യവനചിന്തകളില്‍ ആല്‍ക്കമിയെക്കുറിച്ച സൂചനകള്‍ കുറവല്ല. പ്ളാറ്റോയുടെ ശിഷ്യനായിരുന്ന അരിസ്റോട്ടില്‍ ഒരു വസ്തുവിനെ മറ്റൊന്നാക്കി മാറ്റാന്‍ കഴിയുമെന്ന് വിശ്വസിച്ചിരുന്നു. ഈ പരിണാമത്തിന് നിശ്ചിത പ്രക്രിയ ആവശ്യമാണെന്നും ചൂട്, തണുപ്പ്, ഈര്‍പ്പം, വരള്‍ച്ച എന്നിവയിലേതെങ്കിലുമൊത്ത അടിസ്ഥാനം അവക്കൊഴിവാക്കാനാകുമെന്നും അദ്ദേഹം അംഗീകരിച്ചു. സത്യത്തില്‍ ഇവയുടെ ആപേക്ഷിക പരിണാമമാണ് ഒരു വസ്തുവിന്റെ ജന്മത്തിന് കാരണമാകുന്നത്. താപവും ഈര്‍പ്പവും ചേര്‍ന്ന് വായുവും, തണുപ്പും വരള്‍ച്ചയും ചേര്‍ന്ന് ഭൂമിയും സൃഷ്ടി കൊള്ളുന്നുവെന്ന് അരിസ്റോട്ടില്‍ വാദിക്കുകയുണ്ടായി.

കച്ചവടത്തിലെന്ന പോലെ രസതന്ത്രത്തിലും അറബികള്‍ ഏറെ തല്‍പരരായിരുന്നു. ഈ ശാസ്ത്രശാഖയിലെ ജ്ഞാനവിസ്മയങ്ങള്‍ അറിഞ്ഞതോടെ അവര്‍ ഉലകം താണ്ടി രസതന്ത്രം സ്വന്തമാക്കി. ഹാജി ഖലീഫ, ഇബ്നു അബീ ഉസ്വൈബിയ്യ തുടങ്ങിയവര്‍ ഭാരതീയ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് ഭാഷാന്തരം നടത്തി. ഭാരതമന്ന് രസതന്ത്രത്തിന്റെ ഈറ്റില്ലമായിരുന്നു. ഇക്കാലത്താണ് ചാന്ദ്ഘയെന്ന ഭിഷഗ്വരന്‍ സുശ്രുത സിംഹയെന്ന ഇന്ത്യന്‍ കൃതി അറബിയിലേക്ക് വിവര്‍ത്തനം ചെയ്തത്. രസതന്ത്രത്തിന്റെ രഹസ്യം തേടി അന്ന് അറബികള്‍ ഇന്ത്യ വരെ എത്തി. ഭാരതീയ രസതന്ത്രം അഗാധമായി പഠിച്ച മുസ്ലിം പണ്ഡിതനാണ് മഹാനായ അല്‍ബിറൂനി. ഗ്രീസ്, ചൈന എന്നിവിടങ്ങളില്‍ നിന്ന് അറബികള്‍ രസതന്ത്രചിന്തകള്‍ ആവാഹിച്ചു. അരിസ്റോട്ടില്‍ മുമ്പോട്ടുവെച്ച ചതുര്‍ഗുണങ്ങളെയും അവയില്‍ നിന്നുത്ഭൂതമാകുന്ന ചതുര്‍ഭൂതങ്ങളെയും അറബികളും സ്വീകരിച്ച് പല പരിഷ്കരണങ്ങള്‍ക്കും വിധേയമാക്കി. 

ജാബിറുബ്നു ഹയ്യാനെ പോലെയുള്ള രസതന്ത്രശാസ്ത്രജ്ഞരെക്കൊണ്ട് സമ്പുഷ്ടമായിരുന്ന 8-ാം നൂറ്റാണ്ടുതന്നെ ഇത്രമാത്രം പുരോഗതി കൈവരിച്ചിരുന്നുവെങ്കില്‍ യൂറോപ്പ് ഇത് പരിചയപ്പെടുന്നതുതന്നെ നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ്. 12, 13 നൂറ്റാണ്ടുകളില്‍ അസംഖ്യം അറബി രസതന്ത്ര ഗ്രന്ഥങ്ങള്‍ ലാറ്റിനിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. പരീക്ഷണാത്മകായ രസതന്ത്ര പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന യൂറോപ്യന്‍ ലോഹപ്പണിക്കാര്‍ക്കും ഖനിവിദഗ്ധര്‍ക്കും ഇതേറെ ഗുണകരമായി. അവരിത് കഴിയും വിധം ചൂഷണം ചെയ്തു. പശ്ചിമ യൂറോപ്പില്‍ ഫ്രഡറിക് വഹ്ലര്‍ എന്ന ശാസ്ത്രജ്ഞനാണ് ആദ്യമായി ലവണങ്ങളില്‍ നിന്ന് ലോഹം വേര്‍തിരിച്ചത്. നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ അറബികള്‍ക്കിതില്‍ വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു.

ടീന്‍, ലെഡ്, അയേണ്‍ തുടങ്ങിയ അടിസ്ഥാന മൂലകങ്ങളെ പ്രത്യേക വസ്തുക്കളുമായി കൂട്ടിച്ചേര്‍ത്ത് സ്വര്‍ണമാക്കി മാറ്റാമെന്ന ധാരണയിലായിരുന്നു ജാബിറുബ്നു ഹയ്യാന്‍ പരീക്ഷണങ്ങള്‍ തുടങ്ങിയത്. ആദ്യമായി പരീക്ഷണങ്ങളുടെ പ്രാധാന്യം മനസ്സിലാക്കിയ അദ്ദേഹം ഒരേസമയം സൈദ്ധാന്തിക രസതന്ത്രത്തിലും പ്രായോഗിക രസതന്ത്രത്തിലും ശ്രദ്ധേയനായിരുന്നു. ഏഴ് രാസ സംയുക്തങ്ങള്‍ കണ്ടെത്തിയ ഈ ശാസ്ത്രജ്ഞന്‍ കെമിസ്ട്രി സംബന്ധമായി ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 'കിതാബുര്‍റഹ്മാന്‍', 'അസ്സബാഖുശ്ശര്‍ബി', 'കിതാബുത്തജസ്സി' എന്നിവ അതില്‍ ചിലതാണ്. ഇവയില്‍ പലതുമിന്ന് ലാറ്റിന്‍ ഭാഷയില്‍ ലഭ്യമാണ്. ഹാറൂന്‍ റശീദിന്റെ രാജ്യസദസ്സിലെ രസതന്ത്രജ്ഞനായിരുന്ന ഇദ്ദേഹം എല്ലാ സമയവും ഗ്രന്ഥരചനക്കുവേണ്ടി ഉഴിഞ്ഞുവെക്കുകയുണ്ടായി. ഇബ്നുഹയ്യാന്റെ ചെറുതും വലുതുമായ ഗ്രന്ഥങ്ങളുടെ എണ്ണം 3000 ത്തിലേറെ വരുമത്രെ! കൊട്ടാരശാസ്ത്രജ്ഞനായ ഒരാള്‍ക്കെങ്ങനെ ഇത്രയധികം പുസ്തകങ്ങളെഴുതാന്‍ സാധിക്കുമെന്ന് പലരും സംശയിച്ചിട്ടുണ്ട്. '112 കിതാബുകള്‍' എന്ന അമൂല്യ ഗ്രന്ഥമാണ് അദ്ദേഹത്തിന്റെ മാസ്റര്‍ പീസ്. 

സ്വര്‍ണം, വെള്ളി തുടങ്ങിയ ആറ് ലോഹങ്ങളുടെ ഘടന സംബന്ധമായി അദ്ദേഹമൊരു സള്‍ഫര്‍ മെര്‍ക്കുറി തിയറി മുന്നോട്ടുവെച്ചു. സള്‍ഫറിന്റെയും മെര്‍ക്കുറിയുടെയും സ്വഭാവത്തിലും അനുപാതത്തിലുമുള്ള അന്തരം ബന്ധിതമായിട്ടാണ് വ്യത്യസ്ത ലോഹങ്ങള്‍ രൂപം കൊള്ളുന്നതെന്ന് കണ്ടെത്തി. അപ്ളൈഡ് കെമിസ്ട്രിക്ക് മികച്ച സേവനങ്ങള്‍  അവര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ലോഹ സംസ്കരണം, സ്റീല്‍ നിര്‍മാണം, വസ്ത്രങ്ങള്‍ക്കും ലതറിനും ചായം തേക്കല്‍, വര്‍ണച്ചില്ലുകള്‍ക്കു വേണ്ടി മാംഗനീസ് ഡയോക്സൈഡിന്റെ ഉപയോഗം, സ്വര്‍ണനിറത്തിലുള്ള അയേണ്‍ പിറൈറ്റസിന്റെ ഉപയോഗം എന്നിവ വളരെ പ്രധാനപ്പെട്ടതാണ്. സള്‍ഫ്യൂരിക്, നൈട്രിക്, ഹ്രൈഡ്രോ ക്ളോറിക് തുടങ്ങിയ മിനറല്‍ ആസിഡുകള്‍ തയ്യാറാക്കുന്നതുള്‍പ്പെടെയുള്ള നിരവധി പ്രധാന ഗവേഷണങ്ങള്‍ ജാബിറിന്റേതായാണ് ചരിത്രത്തിലുള്ളത്. 

ചുരുക്കത്തില്‍, നിഗൂഢതകളും അന്ധവിശ്വാസങ്ങളും നിറഞ്ഞ പ്രാചീന ആല്‍കെമിയെ ആധുനിക രസതന്ത്രത്തിന്റെ പാതയിലേക്ക് പരിവര്‍ത്തിപ്പിച്ചത് ജാബിര്‍, റാസി, ഇബ്നുസീന തുടങ്ങിയവരാണ്. ആല്‍ക്കഹോല്‍, അക്വറെജിയ, സിട്രിക് ആസിഡ്, പൊട്ടാസ്യം, സാല്‍അമോണിയക്, സില്‍വര്‍ നൈട്രേറ്റ്, കോറൊസ്സീവ്, സബ്ളിലാറ്റ് തുടങ്ങിയവയുടെ കെഡിറ്റും ഈ അറബികള്‍ക്കു തന്നെ. 
ലോഹസംസ്കരണ രംഗത്ത് അറബികളുടെ സംഭാവനകള്‍ ഏറെ സ്തുത്യര്‍ഹമാണ്. രസതന്ത്രത്തില്‍ ഇന്നും ഉന്നതമായി ഗണിക്കപ്പെടുന്ന ലോഹശുദ്ധീകരണം (ജലൃളലരശീിേ ീള ങലമേഹ) എന്നതിന് മോഡേണ്‍ സയന്‍സ് നല്‍കുന്ന വിശകലനം നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ അറബികള്‍ അതിന് കല്‍പിച്ചിരുന്നു. നാല് മാര്‍ഗങ്ങളായിരുന്നു അറബികള്‍ അതിന് മുമ്പോട്ടുവെച്ചിരുന്നത്. അസംസ്കൃത വസ്തുക്കളുമായി അലിഞ്ഞുചേര്‍ന്ന ഈ ലോഹങ്ങളെ പ്രത്യേകം സജ്ജമാക്കിയ ലബോറട്ടറിയില്‍ വെച്ച് ഈ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുകവഴി ശുദ്ധ ലോഹങ്ങള്‍ ലഭിക്കുമെന്നാണ് അവര്‍ സമര്‍ഥിച്ചിരുന്നത്. ബാഷ്പീകരണം (ഢമുീൌൃശ്വമശീിേ), സ്വേദനം (ഉശശെേഹഹമശീിേ), നീരാവിവല്‍ക്കരണം (ടൌയഹശാമശീിേ), ഘനീകരണം (ടീഹശറശളശരമശീിേ) എന്നിവയാണവ.

ഇന്നും ഈ ശാസ്ത്രത്തില്‍ പല നാമങ്ങളും അറബിച്ചൂരുള്ളതാണെന്നതുതന്നെ, രസതന്ത്രരംഗത്ത് അറബികള്‍ക്ക് സ്വാധീനമുണ്ടായിരുന്നുവെന്നതിന് ശക്തമായ തെളിവാണ്. രസതന്ത്രത്തിലെ സംജ്ഞാവലികളായ ആല്‍കഹോള്‍, ആല്‍ക്കലി, എലിക്സിന്‍, ആലെംബിക്ക് എന്നിവയില്‍ പലതിന്റെയും ഉത്ഭവം അറബിയില്‍ നിന്നാണ്.
മുന്‍കാല സംസ്കാരങ്ങളിലും ആല്‍കമിയുടെ നിഗൂഢതകളെക്കുറിച്ച് വ്യംഗ്യമായെങ്കിലും സൂചനകളുണ്ടായിരുന്നു. അലക്സാണ്ട്രിയന്‍ ആല്‍കമിസ്റുകളോട് അറബികള്‍ക്ക് നല്ല ബന്ധമുണ്ടായിരുന്നുവത്രെ. ചിന്തകള്‍ക്ക് വൈകി ഉയിരൂതപ്പെട്ട പാശ്ചാത്യര്‍ക്ക് ഹെര്‍മസ്-സിഹ്റ്, മന്ത്രവാദം, രാസവിദ്യ-തുടങ്ങിയവ പരിചയപ്പെടുത്തിയതും അറബികള്‍ തന്നെ. ഇവ്വിഷയകമായി അറബിയില്‍ നിരവധി ഗ്രന്ഥങ്ങളുമുണ്ട്. അബുല്‍ മഹ്ശര്‍ സുഹ്റവര്‍ദി, ഇബ്നു അറബി, കശാനി തുടങ്ങിയവര്‍ അറബി ഹെല്‍മറ്റിക് സാഹിത്യത്തിന് അനവധി സംഭാവനകള്‍ നല്‍കിയവരാണ്. അമവീ രാജകുമാരനായിരുന്ന ഖാലിദുബ്നു യസീദും ഒരു പ്രശസ്ത മുസ്ലം ആല്‍കെമിസ്റായിരുന്നു. രസതന്ത്രത്തില്‍ നിരവധി ഗ്രന്ഥങ്ങള്‍ സമൂഹത്തിന് സമര്‍പ്പിച്ച അവരുടെ ഗ്രന്ഥങ്ങളൊന്നും ഇന്ന് നിലവിലില്ല. യൂറോപ്പില്‍ ഗബര്‍ (ഏലയലൃ) എന്നറിയപ്പെടുന്ന ജാബിറുബ്നു ഹയ്യാന്റെ ജാബിറിയന്‍ കോര്‍പ്പസ് എന്ന പുകള്‍പെറ്റ കിതാബു സബ്ഈന്‍, കിതാബുല്‍ മീസാന്‍ തുടങ്ങിയ ഗ്രന്ഥങ്ങളും രസതന്ത്രത്തിന്റെ കാണാക്കയങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

രസതന്ത്രത്തില്‍ ലാറ്റിന്‍ ഭാഷയില്‍ ഇന്ന് ലഭ്യാമയ പ്രധാനപ്പെട്ട ഗ്രന്ഥം 'തുര്‍ബ ഫിലസോഫറ' എന്ന കൃതിയുടെ മൂലം ആദ്യകാല മുസ്ലം ഗ്രന്ഥങ്ങളായിരുന്നു. ഹിജ്റ മൂന്നാം നൂറ്റാണ്ടില്‍ ഉസ്മാനുബ്നു സുവൈദ് രചിച്ചതായിരുന്നു ഇത്. യൂറോപ്യന്‍ നവോത്ഥാന കാലത്ത് ഇതിനേറെ പ്രാധാന്യം ലഭിച്ചു. ഇദ്ദേഹത്തിന്റെ സമകാലീനനായിരുന്ന ദുന്നൂനുല്‍മിസ്വ്രി എന്ന സ്വൂഫിയും ഇവ്വിഷയത്തില്‍ ഗ്രന്ഥരചന നടത്തിയിരുന്നുവത്രെ. ജുനൈദുല്‍ ബഗ്ദാദി, ഹല്ലാജ് തുടങ്ങിയ മഹാന്മാര്‍ക്കും തദ്വിഷയകമായി ഗഹനമായ അറിവുണ്ടായിരുന്നുവെന്നാണ് നിഗമനം.
തെറ്റിദ്ധരിക്കപ്പെട്ടിരുന്ന ആല്‍ക്കമിക്ക് പരിഷ്കാരത്തിന്റെ നൂതന മുഖം നല്‍കി പുറത്തുകൊണ്ടുവന്നത് മുഹമ്മദുബ്നു സകരിയ്യ അര്‍റാസിയാണ്. ഗതകാലമുസ്ളിംകള്‍ക്ക് രസതന്ത്രവുമായുള്ള സമീപനത്തില്‍ നിന്നും തുലോം ഭിന്നമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഈ ശാസ്ത്രശാഖയുടെ അഭൂതപൂര്‍വമായ വളര്‍ച്ചയില്‍ റാസിക്ക് വ്യക്തവും അനിഷേധ്യവുമായ പങ്കുണ്ട്. അവരുടെ കിതാബുസ്സിര്‍റും കിതാബുല്‍ അസ്റാറും തല്‍വിഷയകമായ ഉപരിപഠനഗ്രന്ഥങ്ങളായി ഗണിക്കപ്പെടുന്നു. ലോഹങ്ങളുടെ വര്‍ഗീകരണത്തില്‍ ജാബിറിയന്‍ ആശയങ്ങള്‍ സ്വീകരിച്ച അദ്ദേഹത്തെയാണ് ആധുനിക രസതന്ത്രത്തിന്റെ പിതാവായി സയ്യിദ് ഹുസൈന്‍ നസ്വ്ര്‍ വിശേഷിപ്പിക്കുന്നത്. വസ്തുക്കളുടെ വര്‍ഗീകരണമാണ് രസതന്ത്രത്തിന് റാസി നല്‍കിയ ഏറ്റവും വലിയ സംഭാവന. മുന്‍കാലങ്ങളില്‍ ജാബിറിയന്‍ ചിന്തകള്‍ കോറിയിട്ട രാസപ്രവര്‍ത്തനം സവിസ്തരം പ്രതിപാദിച്ചത് അദ്ദേഹമായിരുന്നു. ആല്‍ക്കെമിയെ വൈദ്യരംഗത്ത് ഉപയോഗപ്പെടുത്തിയതും മറ്റൊരു നേട്ടം തന്നെ. തന്റെ വൈദ്യ-ശാസ്ത്രഗ്രന്ഥമായ കിതാബുല്‍ അസ്റാര്‍ ഇവ്വിഷയകമായ സര്‍വ വിജ്ഞാനകോശമായി പരിഗണിക്കപ്പെടുന്നു.

ഉസാരിദുബ്നു മുഹമ്മദ് അല്‍ഹാസിബാണ് മറ്റൊരു രസതന്ത്രപണ്ഡിതന്‍. തന്റെ 'മനാഫിഉല്‍ അഹ്ജാറില്‍' പലയിനം രത്നങ്ങളുടെയും മറ്റും സ്വഭാവങ്ങള്‍ വിശകലനം ചെയ്യുന്നുണ്ട്. മാത്രമല്ല, ശിഹാബുദ്ദീന്‍ തൈഫാരി എഴുതിയ 'അസ്ഹറുല്‍ അഫ്കാര്‍ ഫീ ജവാഹിരില്‍ അഹ്ജാര്‍' അമൂല്യങ്ങളായ ഇരുപത്തനാല് രക്തനങ്ങളുടെ വില,ശുദ്ധി, പ്രഭവകേന്ദ്രം എന്നിവ പ്രതിപാദിക്കുന്നു. 'കിതാബുല്‍ ഉസ്വൂലില്‍ കബീര്‍' രചിച്ച ഇബ്നു വഹ്ശിയ്യും ഈ ശാസ്ത്രരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിക്കുകയുണ്ടായി.
ഹിജ്റ 4-ാം നൂറ്റാണ്ടില്‍ ജീവിച്ച് തന്റെ 'കിതാബു മാഇല്‍ വരിഖി വല്‍അര്‍ളിന്നജ്മിയ്യ'(വെള്ളിജലത്തെയും നക്ഷത്രാങ്കിത ഭൂമിയെയും കുറിച്ച ഗ്രന്ഥം)യിലൂടെ ശ്രദ്ധേയനായ ഇബ്നു ഉമൈലിന്റെ സംഭാവനകളും വിസ്മരിക്കാവതല്ല. വിശാരദനും ചരിത്രകാരനുമായിരുന്നു മിസ്കവൈഹിക്കും രസതന്ത്രത്തില്‍ തുറന്ന മനസ്സുണ്ടായിരുന്നു. ചിന്തയിലും ആല്‍ക്കെമിയിലും ജ്ഞാനങ്ങള്‍ തുറന്നുവെച്ച ഇബ്നുസീനയുടെ ഗ്രന്ഥങ്ങളും ഇന്ത്യന്‍ ദര്‍ശനങ്ങള്‍ പഠനത്തിനു വിധേയമാക്കിയ മീര്‍ അബുല്‍ഖാസിം ഫിന്‍ദിസ്കിയുടെ ഗവേഷണങ്ങളും മുസ്ലിം ആല്‍ക്കെമിക്ക് പുരോഗതി കൈവരുത്തി. മുസ്ലിം മുന്നേറ്റ കാലത്ത് രാസപരീക്ഷണങ്ങള്‍ക്ക് അറബികള്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ ഇന്നും പലയിടങ്ങളിലായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ഉല്‍പാദനം, സ്വേദനം, ദ്രവീകരണം, ക്രിസ്റീകരണം തുടങ്ങിയവക്ക് സഹായകമായ ഫര്‍ണസ്, അതെനോര്‍, അലെംബിക്, പക്ഷിയുടെ രൂപത്തില്‍ സംവിധാനിച്ച ഇള്‍ട്ടറി ഫ്ളക്സ് എന്നിവ ചില ജീവിക്കുന്ന തെളിവുകള്‍ മാത്രം.

റാസിയെപ്പോലെയുള്ളവര്‍ ആല്‍ക്കെമിയെ ഔഷധ നിര്‍മാണരംഗത്ത് ഉപയോഗപ്പെടുത്തിയതാണ് മുസ്ലിംകളുടെ ഇവ്വിഷയകമായുള്ള ഏറ്റവും വലിയ സംഭാവന. കര്‍പ്പൂരം സ്വേദനം ചെയ്ത വെള്ളം, പ്ളാസ്ററുകള്‍, സിറപ്പുകള്‍, ലേപനങ്ങള്‍ എന്നിവയുടെ വൈദ്യോപയോഗം മുസ്ലിംകളുടെ കണ്ടുപിടുത്തമാണ്. തോല്‍ സംസ്കരണം, പരുത്തിയില്‍ നിന്ന് കടലാസ് നിര്‍മാണം, വെടിമരുന്ന് നിര്‍മാണം തുടങ്ങിയവ ആല്‍ക്കമിസ്റുകളുടെ ശാസ്ത്രീയ പുരോഗതിയിലേക്ക് സൂചന നല്‍കുന്നു. പുളിച്ച അന്നജവും പഞ്ചസാരയും വാറ്റിയെടുത്ത് ആല്‍ക്കഹോളുണ്ടാക്കുന്ന രീതിയും സള്‍ഫ്യൂരിക്കാസിഡിന്റെ നിര്‍മാണരീതിയും റാസി വിവരിച്ചുതരുന്നുണ്ട്. വെടിമരുന്നിന്റെ കണ്ടുപിടുത്തം ഇന്ന് റോജര്‍ ബേക്കണിന്റെ ക്രെഡിറ്റായിട്ടാണ് അറിയപ്പെടുന്നതെങ്കിലും വാസ്തവത്തില്‍ ഇതിന്റെ ഉപജ്ഞാതാക്കള്‍ അറബികളായിരുന്നു. 1342 കാലത്ത് അല്‍ഫോണ്‍സെ ഒമ്പതാമന്‍ മുസ്ലിംകള്‍ക്കുനേരെ നടത്തിയ ആക്രമണം ചെറുക്കാന്‍ മുസ്ലിംകള്‍ വെടിമരുന്നുപയോഗിച്ചിരുന്നുവെന്നാണ് ചരിത്രം.

കൂഫയിലാണ് രസതന്ത്രം ഏറെ ശക്തി പ്രാപിച്ചത്. ലെഡ്, തകരം, ഇരുമ്പ്, കോപ്പര്‍ എന്നിവയില്‍ പഠനം നടത്തിയ കൂഫക്കാര്‍ ഇതിന്റെ ആഴിയിലേക്കിറങ്ങി. പരീക്ഷണങ്ങള്‍ക്കു വേണ്ടി ലാബുകളുണ്ടാക്കി. കൂഫയുടെ പതനത്തിനു രണ്ട് നൂറ്റാണ്ടിനു ശേഷം തെരുവ് കുഴിച്ചപ്പോള്‍ ലബോറട്ടറിയുടെ തകര്‍ന്ന ഭാഗങ്ങളും മനോഹരമായി കൊത്തുപണി ചെയ്തൊരു പാത്രവും അതില്‍ വലിയൊരു കഷ്ണം സ്വര്‍ണവും കണ്ടെടുക്കുകയുണ്ടായി. നാമിന്ന് ഉപയോഗിക്കുന്ന പല കെമിക്കല്‍ കോമ്പൌണ്ടുകളുടെ ക്രെഡിറ്റും അറബികള്‍ക്കുതന്നെയാണ്. പാശ്ചാത്യ ലോകം പോലും അവര്‍ക്കിത് അംഗീകരിച്ചുനല്‍കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. എല്ലാ നിലക്കും പുരോഗമിച്ച ആധുനിക യുഗത്തില്‍ പോലും കെമിസ്ട്രിയില്‍ ലോകത്തറിയപ്പെടുന്ന ഇരുപത്തിരണ്ട് പ്രമുഖഗ്രന്ഥങ്ങളില്‍ നാലെണ്ണം എട്ടാം നൂറ്റാണ്ടില്‍ ജീവിച്ച മുസ്ലിം രസതന്ത്രജ്ഞന്‍ ജാബിറുബ്നു ഹയ്യാന്റെതായാണ് അംഗീകരിക്കപ്പെടുന്നത്. പതിനാലാം നൂറ്റാണ്ടിനു ശേഷം ഇവരുടെ കൃതികള്‍ക്ക് ഏഷ്യയിലും യൂറോപ്പിലും ഏറെ ജനപ്രീതി ലഭിക്കുകയുണ്ടായി. കെമിസ്ട്രിയുടെ മുഖ്യഘടകങ്ങളായ നീറ്റല്‍ (ഇമഹരശിമശീിേ), തരംതിരിക്കല്‍ എന്നിവ ജാബിര്‍തന്നെ ശാസ്ത്രീയമായി വ്യാഖ്യാനിച്ചിരുന്നു. 

അഗ്നി തുപ്പുന്ന ആയുധങ്ങള്‍ ഇക്കാലത്തുതന്നെ നിലവിലുണ്ടായിരുന്നു. ചൈനക്കാരാണ് ഇതിന്റെ പിന്നിലെന്ന് പറയപ്പെടുന്നുവെങ്കിലും മുസ്ലിംകളാണ് ആദ്യമായി ഉപയോഗിച്ചിരുന്നത് എന്നതിന് ചരിത്രം തെളിവാണ്. 13-ാം നൂറ്റാണ്ടിന്റെ അവസാനം ഹസനുരിമാഹ് എഴുതിയ ഗ്രന്ഥത്തില്‍ അവരന്നുപയോഗിച്ചിരുന്ന പല അഗ്നിആയുധങ്ങളെക്കുറിച്ചും വിവരം നല്‍കുന്നുണ്ട്. നിര്‍ഗളിച്ച് ചുട്ടുചാമ്പലാക്കുന്ന ഗോളമെന്നാണ് ഇതിലെ പരാമര്‍ശം. ഇബ്നുഖല്‍ദൂനും ഇക്കാലത്ത് പുരോഗമിച്ചുവന്ന ആയുധങ്ങളെപ്പറ്റി സൂചന നല്‍കുന്നു. ഇരുമ്പില്‍ നിന്ന് രൂപപ്പെടുത്തിയെടുത്ത കല്ലുകള്‍ ശത്രുവിനുനേരെ എയ്തുവിടുന്ന ഉപകരണങ്ങളെപ്പറ്റിയും അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്. ആധുനികജ്ഞാനത്തെപ്പോലും വെല്ലുവിളിക്കുന്ന രസതന്ത്രത്തിലെ അറബികളുടെ സംഭാവനകള്‍ അനുപമവും നിസ്സീമവും തന്നെ. ഇന്ന് പോലും ഈ വിഷയത്തില്‍ യൂറോപ്പിന് വരുന്ന ശങ്കകള്‍ക്കു മുമ്പില്‍ റഫറന്‍സായി പ്രവര്‍ത്തിക്കുന്നത് അവരുടെ ഗ്രന്ഥങ്ങളും വിജ്ഞാനകോശങ്ങളുമാണ്.

No comments:

Post a Comment