Monday, February 10, 2014

ബഗ്ദാദ്

ഇസ്ലാമിക ശാസ്ത്രീയ നാഗരിക അഭിവൃദ്ധിയില്‍ ബഗ്ദാദ് വഹിച്ച  പങ്ക് അദ്വിതീയമാണ്. ടൈഗ്രീസിന്റെ സ്വപ്നമായിരുന്ന ഈ ഭൂമി ഒരിക്കല്‍ ഇസ്ലാമിക വിജ്ഞാനീയങ്ങളുടെ കളിത്തൊട്ടിലായിരുന്നു. ക്രി. 762 ല്‍ അബ്ബാസീ ഖലീഫ അബൂജഅ്ഫറുല്‍ മന്‍സ്വൂറാണ് ഈ നഗരം പണികഴിച്ചത്. പേര്‍ഷ്യന്‍ തത്ത്വജ്ഞാനിയായിരുന്ന നൌബക്തിന്റെയും വാനശാസ്ത്രജ്ഞന്‍ മാശാ അല്ലായുടെയും സ്വപ്നസാക്ഷാല്‍ക്കാരം പോലെ വന്ന ഈ നഗരം പ്രാചീന കാലത്ത് സ്റെസിഫോണ്‍ (ഇലേശുെവീി) എന്നായിരുന്നു അറിയപ്പെട്ടത്. ദാറുസ്സലാം എന്നും പേരുണ്ട്. ലോകത്തെ ഏറ്റവും പ്രഗത്ഭരായ ശില്‍പികളും കല്‍പണിക്കാരും ഒരുലക്ഷത്തോളം തൊഴിലാളികളും വര്‍ഷങ്ങളോളം അധ്വാനിച്ചാണ് കണ്ണഞ്ചിപ്പിക്കുന്ന പൂന്തോട്ടങ്ങളും മനോഹരങ്ങളായ കൊട്ടാരങ്ങളും അത്യാകര്‍ഷകമായ പള്ളികളും അടങ്ങുന്ന ഈ നഗരം നിര്‍മിച്ചത്. ചുരുങ്ങിയ അമ്പത് വര്‍ഷത്തിനുള്ളില്‍തന്നെ കോണ്‍സ്റാന്റിനോപ്പിളിനെ പോലും കവച്ചുവെച്ച് അംബരചുംബികളായ കൊട്ടാരങ്ങളിലും രമ്യഹര്‍മങ്ങളിലും ജനസംഖ്യയിലും ബഗ്ദാദ് മികച്ചുനിന്നു. മഹാനായ അബുല്‍ഫറാജ് അല്‍ഇസ്വ്ബഹാനിയുടെ 'അല്‍ആഗാനി'യും ഇബ്നുഅബീ യഅ്ഖൂബിന്റെ 'അല്‍ഫിഹ്രിസ്തു'മാണ് ബഗ്ദാദിന്റെ ഒളിവിതറുന്ന സമൃദ്ധ സംസ്കൃതിയെക്കുറിച്ച് നമുക്ക് വിവരംനല്‍കുന്നത്.

എട്ടും ഒമ്പതും നൂറ്റാണ്ടുകള്‍ ബഗ്ദാദിന്റെ ചരിത്രത്തില്‍ സുവര്‍ണകാലമായിരുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരം ബഗ്ദാദായിരുന്നുവെന്ന് സഞ്ചാരസാഹിത്യകാരനായിരുന്ന ഗോവിന്‍ യംഗ് എന്ന ഇംഗ്ളീഷുകാരന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ അധ്യായത്തില്‍ പ്രതിപാദിച്ച പോലെ ഖലീഫ മന്‍സ്വൂറിന്റെ രോഗം ചികിത്സിക്കാന്‍ ജന്തിഷാപൂരില്‍ നിന്ന് പ്രസിദ്ധ നെസ്റോറിയന്‍ ശാസ്ത്രജ്ഞന്‍ ജൂര്‍ജിസ്ബ്നു ബക്തിഷുവിനെ ബഗ്ദാദിലേക്ക് ക്ഷണിച്ചുവരുത്തിയതും ബഗ്ദാദിന്റെ കുതിപ്പിന് വേഗത കൂട്ടി. ബക്തിഷു കുടുംബം തന്നെ പില്‍ക്കാലത്ത് ബഗ്ദാദില്‍ സ്ഥിരതാമസമാക്കിയതോടെ അവിടം എല്ലാനിലക്കും സമ്പുഷ്ടമാവുകയായിരുന്നു. ഹിപ്പോക്രാറ്റസിന്റെയും ഗാലന്റെയും ചിന്തകള്‍ക്ക് അവര്‍ ബഗ്ദാദില്‍ ശക്തമായ പ്രചാരം നല്‍കിക്കൊണ്ടിരുന്നു.

773 ല്‍ സിദ്ധാന്ത(ടശററമിമേ)യെന്ന ഗോളശാസ്ത്ര സംബന്ധിയായ സംസ്കൃത കൃതിയുമായി ഇന്ത്യയില്‍ നിന്ന് വന്ന ഗോളഗണിതശാസ്ത്രജ്ഞന്‍ മന്‍സ്വൂറിന്റെ കോര്‍ട്ടിലേക്ക് വന്നതോടെ അദ്ദേഹത്തിന് ആത്മവിശ്വാസം വര്‍ധിച്ചു. ഉടനെതന്നെ സിദ്ധാന്തയുടെ അറബിവിവര്‍ത്തനത്തിന് കല്‍പനയിറക്കി. താമസംവിനാ മുഹമ്മദുബ്നു ഇബ്റാഹീം അല്‍ഫസാരീ ചില സഹപ്രവര്‍ത്തകരുടെ സഹായത്തോടെ അതിന്റെ അറബിഭാഷ്യം തയ്യാറാക്കി രാജിവന് കൈമാറി. പിന്നീട് ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ ബഗ്ദാദില്‍ ഗോളശാസ്ത്രജ്ഞന്മാര്‍ വര്‍ധിച്ചു. ക്രമേണ പന്തലിച്ച ഈ ജ്ഞാനശാഖ പതിനാലാം നൂറ്റാണ്ടുവരെ അവര്‍ക്കിടയില്‍ ചിറക് വിരിച്ചുകൊണ്ടേയിരുന്നു. സൂര്യന്റെയും ചന്ദ്രന്റെയും സഞ്ചാരവും പ്രകാശത്തിന്റെ വ്യതിയാനങ്ങളും മനസ്സിലാക്കിയ അവര്‍ അതില്‍ നിന്ന് സമയം മനസ്സിലാക്കിയെടുത്തു. അറബികളും ഇസ്ലാമാശ്ളേഷിച്ച വിദേശ പൌരന്മാരും ഗോളശാസ്ത്രത്തെ കുറിച്ചറിഞ്ഞതോടെ ബഗ്ദാദിലേക്കൊഴുകിത്തുടങ്ങി.

ഇക്കാലത്തുതന്നെ ബഗ്ദാദിന് ബൈസാന്റിയന്‍ സിറ്റികളില്‍ നിന്ന് ഒട്ടേറെ ഗണിത-ഗോള-വൈദ്യ-തത്ത്വശാസ്ത്ര-യവനകൃതികള്‍ ലഭിച്ചു. ഇതോടെ അബൂയഹ്യയുടെ നേതൃത്വത്തില്‍ മന്‍സ്വൂറിനു വേണ്ടി പല ഗാലന്‍-ഹിപ്പോക്രാറ്റസ് കൃതികളും അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. മാത്രമല്ല, യൂക്ളിഡിന്റെ ഇലമെന്റ്സ് (ഋഹലാലി), ടോളമിയുടെ അല്‍മാജസ്റ് തുടങ്ങി അത്യാവശ്യമായ പല കൃതികളും വിവര്‍ത്തനം ചെയ്യപ്പെട്ടെങ്കിലും ഇവയില്‍ പലതും ഹാറൂന്‍ റശീദിന്റെയും മകന്‍ മഅ്മൂനിന്റെയും കാലത്തും പുനഃവിവര്‍ത്തനത്തിന് വിധേയമാക്കേണ്ടിവന്നു. ഗ്രീക്കു ഭാഷയുമായി  പലര്‍ക്കും നല്ല ബന്ധമില്ലാത്തതിനാല്‍ പല ഗ്രന്ഥങ്ങളും ആദ്യം സുരിയാനിയിലേക്കും പിന്നീട് അറബിയിലേക്കും ഭാഷാന്തരം ചെയ്യപ്പെട്ടു. ഇക്കാലത്ത് സിറിയന്‍ ക്രൈസ്തവര്‍ ദാര്‍ശനിക ജ്ഞാനത്തിന്റെ കൈമാറ്റത്തില്‍ വന്‍സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്.

അല്‍ഫള്ലുബ്നു നൌബക്തിന്റെ വിവര്‍ത്തനങ്ങള്‍ പുറത്തുവന്നതോടെ ബഗ്ദാദിന് റശീദിന്റെ കാലത്ത് ചില ഇറാനിയന്‍ ഗോളശാസ്ത്രജ്ഞാനങ്ങളും ലഭിച്ചുതുടങ്ങി.
ഹാറൂന്‍ റശീദിന്റെ മരണത്തോടെ ഭരണത്തിലേറിയത് മകന്‍ അല്‍മഅ്മൂനായിരുന്നു. 813 മുതല്‍ 833 വരെ ഖലീഫയായി ഭരണം നടത്തിയ അദ്ദേഹം ആദ്യമായി ബഗ്ദാദ് പുനഃസ്ഥാപിച്ചു. നിരവധി പരിഷ്കാരങ്ങള്‍ നടപ്പാക്കി. ശാസ്ത്ര-സാംസ്കാരിക രംഗങ്ങളില്‍ ശക്തമായ മുന്നേറ്റം നടത്തി. ദാറുല്‍ഹിക്മ (വിജ്ഞാനത്തിന്റെ ഭവനം) എന്ന വിവര്‍ത്തന കേന്ദ്രം വിപുലീകരിച്ചു. കൈവിട്ടുപോയ നിരവധി ഗ്രീക്കു കൈയെഴുത്തു പ്രതികള്‍ അറബിയിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ടു. ഇതോലെ ഇസ്ലാമിക ലോകത്തും പുറത്തും ഈ നഗരത്തിന്റെ സ്വാധീനം പടര്‍ന്നുപിടിച്ചു. പുതിയൊരു സംസ്കാരത്തിന്റെ കേദാരായി ഇത് ഗണിക്കപ്പെട്ടു.

ഇസ്ലാമിക ചരിത്രത്തില്‍ അതിപ്രധാനവും പ്രശസ്തവുമായ ബൈത്തുല്‍ ഹിക്മയെന്ന ഗ്രന്ഥാലയം തുടങ്ങിവെച്ചത് മന്‍സ്വൂറായിരുന്നു. സാഹിത്യവും കലയും പ്രോത്സാഹിപ്പിച്ച അദ്ദേഹം പൊതുജനങ്ങള്‍ക്കും പണ്ഡിതര്‍ക്കും ഈ മേഖലയില്‍ അതീവ പ്രോത്സാഹനം നല്‍കി. ഇക്കാലത്ത് പല പുരാതന ഗ്രന്ഥങ്ങളും പ്രാചീന തത്ത്വശാസ്ത്രങ്ങളും അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. ശേഷം വന്ന റശീദ് ഇത് പുതുക്കിയതോടെ പല നൂതന പദ്ധതികള്‍ക്കും തുടക്കമായി. ഇക്കാലത്ത് ബൈത്തുല്‍ ഹിക്മയിലെ പ്രധാന വിവര്‍ത്തകന്‍ നെസ്റോറിയന്‍ വിഭാഗത്തില്‍ പെട്ട ഹുനൈനുബ്നു ഇസ്ഹാഖായിരുന്നു. ഗ്രീക്ക് തത്ത്വചിന്ത, വൈദ്യം തുടങ്ങിയ സങ്കീര്‍ണ വിഷയങ്ങളിലായിരുന്നു തനിക്ക് താല്‍പര്യം. മൊഴിമാറ്റം ചെയ്യപ്പെട്ട പുസ്തകത്തിന്റെ തൂക്കത്തിനനുസരിച്ച് അദ്ദേഹത്തിന് സ്വര്‍ണം പ്രതിഫലമായി ലഭിച്ചു.
ലഭിക്കുന്ന ഗ്രന്ഥങ്ങളൊക്കെ മൊഴിമാറ്റം നടത്തി മുസ്ലിം ശാസ്ത്രം പരിപോഷിപ്പിക്കണമെന്നായിരുന്നു മുസ്ലിം ഖലീഫമാരുടെ ലക്ഷ്യം. വിവര്‍ത്തനം ചെയ്യപ്പെടാത്ത ഗ്രന്ഥങ്ങള്‍ തേടിപ്പിടിച്ച് വിവര്‍ത്തനം ചെയ്യലാണ് അവരുടെ ഹോബി തന്നെ. ഈ ആവശ്യാര്‍ഥം ചൈന, ഇന്ത്യ, ഗ്രീസ്, പേര്‍ഷ്യ തുടങ്ങിയ സ്ഥലങ്ങളില്‍ അവര്‍ പണമിറക്കി അന്വേഷിച്ചുനടന്നു. 

ഈ ഘട്ടത്തില്‍ മോചനദ്രവ്യം പോലും ഗ്രന്ഥങ്ങളായിരുന്നു. ഒരിക്കല്‍ ഏഷ്യാ മൈനറിലെ അങ്കാറ, അമോറിയ നാടുകള്‍ ഹാറൂന്‍ റശീദ് അധീനപ്പെടുത്തി. അവിടത്തുകാര്‍ സന്ധിയാവശ്യപ്പെട്ടപ്പോള്‍ നിങ്ങളുടെ കൈവശമുള്ള യവന കൈയെഴുത്തു പ്രതികള്‍ ഏല്‍പിക്കണമെന്നാണ് അദ്ദേഹം നിബന്ധന വെച്ചത്. ഈ നിബന്ധ കേട്ട അവര്‍ സന്തോഷഭരിതരായി. കാരണം, ഭീമന്‍ തുടക മോചനദ്രവ്യമായി നല്‍കേണ്ടിവരുമെന്നായിരുന്നു അവര്‍ കരുതിയിരുന്നത്. ഇതുപോലെ ബൈസന്റൈന്‍ ചക്രവര്‍ത്തി മീക്കായേല്‍ മൂന്നാമനോട് നഷ്ടപരിഹാരമായി മഅ്മൂന്‍ ആവശ്യപ്പെട്ടത് പ്രാചീന ഗ്രന്ഥങ്ങള്‍ ഒളിപ്പിച്ചുവെച്ച ഗ്രന്ഥപ്പുര തുറന്നുനല്‍കാനായിരുന്നു. കാരണം, ആ ഗ്രന്ഥപ്പുരക്ക് അവര്‍ തീരെ പ്രാധാന്യം നല്‍കിയിരുന്നില്ല. അതേ സമയം ഗ്രന്ഥപ്പുര കണ്ട മഅ്മൂനിന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. മുസ്ലിം ഭരണാധികാരികളുടെ പ്രീതി നേടാനും അവരുമായി സൌഹൃദം പങ്കുവെക്കാനുമായി പാശ്ചാത്യ-ക്രിസ്ത്യന്‍ ഭരണാധികാരികള്‍ അന്ന് വ്യാപകമായി ഉപയോഗപ്പെടുത്തിയത് പ്രാചീന ഗ്രന്ഥങ്ങളുടെ കൈയെഴുത്ത് പ്രതികളായിരുന്നു. മണ്ണും കറയും പിടിച്ച ഗ്രന്ഥങ്ങള്‍ നല്‍കി സ്വര്‍ണവും രത്നവും അവര്‍ സ്വന്തമാക്കി. ചങ്ങാത്തം ശക്തിപ്പെടുത്താനായി ബൈസന്റൈന്‍ ചക്രവര്‍ത്തി സ്പെയ്ന്‍ ഭരണാധികാരിയായിരുന്ന അബ്ദുര്‍റഹ്മാന് ഗ്രന്ഥങ്ങള്‍ നിറച്ച സഞ്ചികള്‍ അയക്കാറുണ്ടായിരുന്നു. ഇതൊരു ലാഭക്കച്ചവടമായിക്കണ്ട ക്രൈസ്തവര്‍ ആഗോളഗ്രന്ഥങ്ങള്‍ ശേഖരിച്ച് നല്‍കി പണവും ആഭരണങ്ങളും സമ്പാദിച്ചു.

അറബ്ശാസ്ത്രജ്ഞരുടെ ലൈബ്രറികളെക്കുറിച്ചറിയുമ്പോള്‍ നാം അത്ഭുതസ്തബ്ധരാകുന്നു. ഖലീഫാ അസീസിന്റെ കൈറോയിലെ ലൈബ്രറിയില്‍ പതിനാറു ലക്ഷം പുസ്തകങ്ങളുണ്ടായിരുന്നുവത്രെ. എ.ഡി. 891 ല്‍ ബഗ്ദാദില്‍ മാത്രം ആയിരം ഗ്രന്ഥപ്പുരകളുണ്ടായിരുന്നു. 400 മില്യണ്‍ രൂപ പുസ്തകം വാങ്ങാനായി മാത്രം മദ്റസതുന്നിസാമിയ്യ വര്‍ഷാന്തം നീക്കിവെച്ചിരുന്നുവത്രെ.
ഹാറൂന്‍ റശീദിന്റെ കാലത്ത് ബഗ്ദാദ് കലാ-സാംസ്കാരിക രംഗങ്ങളിലും ഏറെ തിളങ്ങി. തന്റെ കൊട്ടാരം തന്നെ അതിന്റെ കേന്ദ്രമായി ഗണിക്കപ്പെട്ടു. ഖലീഫയുടെ കീഴില്‍ ബൈതുല്‍ഹിക്മയിലെ പണ്ഡിതന്മാരായിരുന്നു ഇതിനെല്ലാം നേതൃത്വം നല്‍കിയിരുന്നത്. വാനനിരീക്ഷണ ശാസ്ത്രവും ഇക്കാലത്ത് ഏറെ പുരോഗതി പ്രാപിച്ചുകഴിഞ്ഞിരുന്നു.

മഅ്മൂനിന്റെ കാലഘട്ടം കലാ-സാംസ്കാരിക-വൈജ്ഞാനിക രംഗത്തെ സമ്പൂര്‍ണ ഘട്ടമായിരുന്നു. മഹാപണ്ഡിതന്‍ കൂടിയായിരുന്ന ഖലീഫ അക്കാലത്തുണ്ടായിരുന്ന എല്ലാ പണ്ഡിതന്മാരെയും കലാകാരന്മാരെയും സാംസ്കാരിക നായകന്മാരെയും പ്രോത്സാഹിപ്പിക്കുന്നതില്‍ അതീവ താല്‍പര്യം പ്രകടിപ്പിക്കുകയും അര്‍ഹമായ സ്ഥാനമാനങ്ങള്‍ നല്‍കി ആദരിക്കുകയും ചെയ്തു. ഈ സമയം രണ്ടു ലക്ഷം ദീനാര്‍ ചെലവഴിച്ച് ബൈത്തുല്‍ഹിക്മ അദ്ദേഹം വിപുലീകരിച്ചു. പരിഭാഷാ സമിതിയില്‍ കൂടുതള്‍ ആളുകളെ ചേര്‍ത്തു. പരീക്ഷണ നിരീക്ഷണ രംഗത്ത് പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചു. ഇതോടെ ബൈത്തുല്‍ഹിക്മ സര്‍വോപരി സൌകര്യങ്ങളോടെ പുതിയൊരു സ്ഥാപനമായി വിളങ്ങി.

ബൈത്തുല്‍ഹിക്മ വിശ്വപ്രസിദ്ധി നേടിയത് ഇക്കാലത്താണ്. ഓരോ വിജ്ഞാനശാഖയും വേര്‍തിരിച്ച് ഓരോന്നിനും പ്രഗത്ഭ പണ്ഡിതരെ ചുമതലപ്പെടുത്തി. ലൂക്കിന്റെ പുത്രനായ കോസ്റ (ഇീമെേ), യഹ്യബ്നു ഹാറൂന്‍, ദുബാന്‍ (ഊയമി) തുടങ്ങിയവരായിരുന്നു ഗ്രീക്ക്, സുരിയാനി, പേര്‍ഷ്യന്‍, സംസ്കൃതം എന്നീ ഭാഷകളില്‍ നിന്ന് അറബിയിലേക്ക് വിവര്‍ത്തനം നടത്തിയിരുന്നവരുടെ മേധാവികള്‍. പ്രസിദ്ധ മുസ്ലിം വിശാരദനായിരുന്ന അല്‍കിന്‍ദി ബൈത്തുല്‍ഹിക്മയിലെ പ്രൊഫസറായിരുന്നു. യവനദാര്‍ശനികരായിരുന്ന അരിസ്റോട്ടിലിന്റെയും യൂക്ളിഡിന്റെയും ആര്‍ക്കമഡീസിന്റെയും ദര്‍ശനങ്ങളും ബൈത്തുല്‍ഹിക്മയെ ഏറെ സമ്പുഷ്ടമാക്കി.
ശാസ്ത്ര ഗവേഷണങ്ങളില്‍ അമിതാഭിനിവേഷം കാണിച്ച മഅ്മൂന്‍ യൂഫ്രട്ടീസിന്റെ ഓരമളക്കാന്‍ പോലും തയ്യാറായി. ലോകത്തിന്റെ നാനാഭാഗത്തുനിന്നും ഇക്കാലത്തും ഒട്ടനേകം ഗ്രന്ഥങ്ങള്‍ ബഗ്ദാദിലേക്കൊഴുകി. യുദ്ധങ്ങളില്‍ പരാജയപ്പെടുന്നവരുമായി മഅ്മൂന്‍ സന്ധിക്കായി നിബന്ധന വെച്ചതും നഷ്ടപരിഹാരങ്ങള്‍ തേടിയിരുന്നതും ശാസ്ത്രീയ കൃതികളായിരുന്നു.

അല്‍മുതവക്കിലിന്റെ കാലത്തും ബഗ്ദാദില്‍ വൈജ്ഞാനിക പുരോഗതികളുടെ തുടര്‍ക്കഥകളുണ്ടായി. ഇക്കാലത്ത് സാബിയന്‍ ഗണിതജ്ഞനായിരുന്ന സാബിതുബ്നു ഖുര്‍റയും തന്റെ ശിഷ്യന്മാരും ക്ഷേത്രഗണിത(ഏലീാലൃ്യ)ത്തിലെയും ഗോളശാസ്ത്രത്തിലെയും ഗ്രീക്ക് സംഭാവനകള്‍ അറബിയിലേക്ക് മൊഴിമാറ്റം നടത്തി. അപ്പോളനിയസി(അുുീഹഹീിശൌ)ന്റെയും ആര്‍ക്കമഡീസിന്റെയും ക്ളാസിക്കല്‍ കൃതികള്‍ വരെ വിവര്‍ത്തനം ചെയ്യപ്പെട്ടു. ഇതോടെ സാബിതിന്റെ കുടുംബം തന്നെ വിവര്‍ത്തനരംഗത്തേക്ക് കടന്നുവന്നു. മക്കളായ സാബിത്, ഇബ്റാഹീം തുടങ്ങി പലരും ഈ വിപ്ളവത്തില്‍ ഭാഗവാക്കുകളായി. അരിത്മെറ്റിക്സിലും ആള്‍ജിബ്രയിലും ഏറെ മുന്‍പന്തിയിലായിരുന്ന അല്‍ഖവാരിസ്മിയും സമകാലികനായിരുന്നു. ഗണിതശാസ്ത്രത്തില്‍, യവനചിന്തകളില്‍ പോലും എത്തിനോക്കാത്ത ഖവാരിസ്മിയുടെ കണ്ടെത്തലുകള്‍ ബഗ്ദാദിനെ ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്കുയര്‍ത്തി. അഹയമലീിേശൌ എന്ന് ലാറ്റിനില്‍ പ്രസിദ്ധനായ സാബിയ ഗോളശാസ്ത്രജ്ഞന്‍ അല്‍ബത്താനിയും ബഗ്ദാദിന്റെ സംഭാവനയായിരുന്നു.
അറബികള്‍ വൈദ്യത്തില്‍ ഏറെ തല്‍പരരായിരുന്നു. ബഗ്ദാദില്‍ ആദ്യമായി പൊതുജന ഹോസ്പിറ്റല്‍ പണികഴിപ്പിച്ചത് ഹാറൂന്‍ റശീദാണ്. തുടര്‍ന്ന് ബഗ്ദാദില്‍ തന്നെ സഞ്ചരിക്കുന്ന ഹോസ്പിറ്റലുകളും ജയിലാളികള്‍, സൈനികര്‍ എന്നിവര്‍ക്ക് പ്രത്യേക ഹോസ്പിറ്റലുകളും പ്രചാരത്തില്‍ വന്നു. മധ്യകാലഘട്ടത്തില്‍ ലോകമറിഞ്ഞ ജ്ഞാനങ്ങളുടെ സങ്കേത ഭൂമിയായിരുന്നു സത്യത്തില്‍ ബഗ്ദാദ്. ജോര്‍ജ് സാള്‍ട്ടണ്‍ പറഞ്ഞപോലെ മധ്യനൂറ്റാണ്ടിലെ സകല പുരോഗതിയുടെയും കാരണക്കാര്‍ മുസ്ലിംകളായിരുന്നു. അടിസ്ഥാന കാര്യങ്ങള്‍ പ്രതിപാദിക്കുന്ന ഗഹനമായ ശാസ്ത്രീയ ഗ്രന്ഥങ്ങളെല്ലാം അറബി ഭാഷയിലാണുള്ളത്. അറബി ഭാഷ പുരോഗതിയുടെയും വിജ്ഞാനത്തിന്റെയും ഭാഷ കൂടിയായിരുന്നു.

അമവീ ഖിലാഫത്തിന്റെ അവസാനകാലത്ത് തുടങ്ങിയ ഈ തര്‍ജമാവിപ്ളവം അബ്ബാസീ ഭരണകാലത്തും അഭംഗുരം മുന്നേറിക്കൊണ്ടിരുന്നു. വിദ്യ  വ്യാപിച്ചുതുടങ്ങിയതോടെ മുസ്ലിം ആസ്ഥാനങ്ങളായിരുന്ന ബഗ്ദാദ്, കൈറോ, ഡമസ്കസ്, കൊര്‍ദോവ തുടങ്ങിയവ ജ്ഞാനകേന്ദ്രങ്ങളായി. ഒരു മില്യനിലധികം വൈവിധ്യമാര്‍ന്ന വീക്ഷണങ്ങളിലെ ഗ്രന്ഥങ്ങള്‍ അറബികള്‍ക്ക് സ്വന്തമായി. ഇവയില്‍ ഒരു ലക്ഷം മാത്രമാണ് വെളിച്ചം കണ്ടതെന്നും ഒന്‍പത് ലക്ഷം ഇനിയും വെളിച്ചം കാണാനിരിക്കുന്നു എന്നുമാണ് പറയപ്പെടുന്നത്. ശേഷം മുസ്ലിം ലോകം തകര്‍ന്നതോടെ ലക്ഷക്കണക്കിന് ഗ്രന്ഥങ്ങള്‍ ഇസ്ലാമിക വിരുദ്ധ ശക്തികളുടെ കരങ്ങളിലായി. ബെര്‍ലിന്‍, പാരിസ്, ലണ്ടന്‍, ലെയ്പ്സിസ് (ഘലശ്വുശ), മാഡ്രിഡ് (ങമറൃശറ) തുടങ്ങിയ വന്‍ഗ്രന്ഥാലയങ്ങളില്‍ ഇന്നും കാണപ്പെടുന്ന അപൂര്‍വം അറബ് ഗ്രന്ഥങ്ങള്‍ മധ്യകാല അറബികള്‍ക്ക് കൈമോശം വന്നവയായിരുന്നു.

ഇക്കാലത്തെ ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം മാത്രമായിരുന്നില്ല. അവയിലെ അബദ്ധങ്ങള്‍ക്ക് തിരുത്തലും തങ്ങളുടെ കണ്ടെത്തലുകള്‍ അവയോട് ചേര്‍ത്തുവായിക്കലുമുണ്ടായിരുന്നു.
ജനസംഖ്യ പത്ത് ലക്ഷത്തോളമായതോടെ ബഗ്ദാദ് ക്ഷയിച്ചുതുടങ്ങി. 1258 ഫെബ്രുവരി 10 ആയപ്പോഴേക്കും മംഗോളിയക്കാര്‍ ബഗ്ദാദിനെ വിപ്ളവത്തിലൂടെ തകര്‍ത്തുതരിപ്പണമാക്കി. അഞ്ച് ശതാബ്ദങ്ങളിലൂടെ നേടിയെടുത്ത പുരോഗതി ചെങ്കിസ്ഖാന്റെ മകന്‍ ഹുലൂഗുഖാന്‍ തച്ചുടക്കുകയായിരുന്നു. ഒരു ലക്ഷത്തോളം ജനങ്ങളെ അരിഞ്ഞുവീഴ്ത്തിയ ശേഷമായിരുന്നു മംഗോളിയക്കാരുടെ ഈ അരങ്ങേറ്റം. ഇതോടെ ഇസ്ലാമിക ചരിത്രത്തില്‍ തങ്കലിപികളാല്‍ തുന്നിച്ചേര്‍ക്കപ്പെട്ട ബഗ്ദാദിന്റെ സുവര്‍ണ കാലഘട്ടം എന്നെന്നേക്കുമായി കണ്ണടച്ചു.

No comments:

Post a Comment