Monday, February 10, 2014

മനഃശാസ്ത്രം

മനുഷ്യരുടെയും ജന്തുക്കളുടെയും പെരുമാറ്റങ്ങളിലൂടെ ആവിഷ്കൃതമാകുന്ന ആന്തരസത്തകളെപ്പറ്റിയുള്ള വിജ്ഞാന ഭാഗമാണ് മനശ്ശാസ്ത്രം (ജ്യരവീഹീഴ്യ). ഇതരശാസ്ത്രശാഖകളിലെന്ന പോലെ മനശ്ശാസ്ത്രത്തിലും അറബികള്‍ നല്‍കിയ സംഭാവനകള്‍ നിസ്സീമമാണ്. 'ഇല്‍മുന്നഫ്സ്' എന്ന് അറബിയില്‍ വിളിക്കുന്ന ഈ ശാസ്ത്രശാഖ ഇന്നത്തെ സൈക്കോളജിയേക്കാള്‍ വിപുലമാണത്രെ. സചേതനമായ എല്ലാറ്റിന്റെയും എല്ലാതരത്തിലുമുള്ള സ്വഭാവ പെരുമാറ്റ രീതിയെ കുറിക്കുന്ന ഈ ശാസ്ത്രം ഇസ്ലാമികമായി നിര്‍വചിക്കുമ്പോള്‍ വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞ 'നഫ്സ്' എന്ന പദം വ്യവര്‍ത്തിക്കലാണ്. ഇമാം ഗസ്സാലി(റ) പെരുമാറ്റപഠനം എന്നാണിതിനെ വിശേഷിപ്പിച്ചത്. നൂറ്റാണ്ടുകള്‍ക്ക് ശേഷം 1950 ല്‍ ജര്‍മന്‍ പ്രൊഫസറായ നോഡോള്‍ഫ് ജെ. ക്ളീന്യൂസ് ഇതിന് മാനസിക പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പഠനം എന്ന് വിശേഷിപ്പിച്ചെന്നുമാത്രം. ആദ്യകാലങ്ങളിലിത് ആത്മാവിനെക്കുറിച്ച് മാത്രമുള്ള പഠനമായിരുന്നു. ആത്മാവ്, യുക്തിചിന്ത എന്നര്‍ഥമുള്ള സൈക്ക്, ലോഗോസ്എന്നീ രണ്ട് ഗ്രീക്ക് പദങ്ങളില്‍ നിന്നുള്ള സൈക്കോളജിയുടെ നിഷ്പത്തി തന്നെ ഇതിലേക്കാണ് സൂചന നല്‍കുന്നത്.

സചേതനവും അചേതനവുമായ വസ്തുക്കളുടെ പെരുമാറ്റമെന്ന നിലയില്‍ പ്രകൃത്യായുള്ള ദൈവികപ്രകാശനത്തെ കുറിച്ച പഠനമാണ് ഇസ്ലാമിക മനശ്ശാസ്ത്രം. പെരുമാറ്റരീതിയെക്കുറിച്ചുള്ള പഠനം ജീവിതം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന പ്രക്രിയയാണ്. വികാരങ്ങള്‍, അനുഭൂതികള്‍, ആശ, അഭിലാഷം തുടങ്ങി ബോധതലത്തിലും അബോധതലത്തിലും ഉള്‍പ്പെട്ട കാര്യങ്ങള്‍ ഈ പഠനപരിധിയില്‍ പെടുന്നു. ഇസ്ലാമിക മനഃശാസ്ത്രത്തിന് ഏറ്റവും വലിയ മാതൃക വിശുദ്ധ ഖുര്‍ആന്‍ തന്നെ. പ്രവാചകന്മാരെല്ലാം തങ്ങളുടെ സമൂഹത്തെ ഇസ്ലാമിലേക്ക് ക്ഷണിച്ച ശൈലി ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. വിഗ്രരാഹാധകരുടെ ചിന്താശക്തിയുയര്‍ത്താന്‍ കുട്ടിവിഗ്രഹങ്ങളുടച്ച് വലുതിന്റെ കഴുത്തില്‍ കോടാലി കെട്ടിയതും ചോദിച്ചപ്പോള്‍ വലിയതിനോട് ചോദിച്ചുകൊള്ളാന്‍ പറഞ്ഞതും ഖുര്‍ആനിലെ മനഃശാസ്ത്രസൂചനയുടെ നിദര്‍ശനങ്ങളാണ്. യുക്തിവിചാരത്തിന് പ്രാധാന്യം നല്‍കിയിരുന്ന അവര്‍ മതവിരുദ്ധതയില്‍ ഹൃദയം പൂണ്ട സമൂഹത്തിനു മുമ്പില്‍ നക്ഷത്രങ്ങളെയും സൂര്യനെയും ചന്ദ്രനെയും ദിവ്യസ്ഥാനത്ത് പ്രതിഷ്ഠിക്കുകയും അവ മറഞ്ഞപ്പോള്‍ അസ്തമിക്കുന്നത് ദൈവമാകാന്‍ കൊള്ളില്ലെന്നും അസ്തമിക്കാത്ത അജയ്യ ശക്തിയാണ് തന്റെ നാഥനെന്ന് പറഞ്ഞതും അനുയായികളുടെ യുക്തിവിചാരം തട്ടിയുണര്‍ത്താനായിരുന്നു. അപരന്റെ മനസ്സറിഞ്ഞുള്ള ഇത്തരം പ്രസ്താവനകള്‍ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും നിത്യസ്വഭാവമാണ്. ഇസ്ലാമിക മനഃശാസ്ത്രത്തിന്റെ ഉത്ഥാനകഥയുടെ അനുസ്യൂതതയാണിവിടെ.

ആധുനിക മനഃശാസ്ത്രം അപഗ്രഥനത്തിന് വിധേയമാക്കുമ്പോള്‍ ഇസ്ലാമിക മനഃശാസ്ത്രത്തിന്റെ വളര്‍ച്ചയും വികാസവും ഇന്ന് കാണാന്‍ കഴിയില്ല. നാമിന്ന് അഭിമുഖീകരിക്കുന്ന മനഃശാസ്ത്രം യൂറോപ്യന്‍ താല്‍പര്യം പോലെ മെനഞ്ഞെടുത്തതാണ്. യൂറോപ്യന്റെ കൈയിലെ ഇന്നത്തെ മനഃശാസ്ത്രം സോക്രട്ടീസിനെയും അരിസ്റോട്ടിലിനെയും പ്ളാറ്റോയെയും മുക്തകണ്ഠം പ്രശംസിക്കുന്നു. അതേ സമയം, ഗ്രീക്കില്‍ നിന്നും തുടങ്ങി യൂറോപ്യന്‍ കരങ്ങളിലെത്തുന്നതിനിടയിലെ പുരോഗമനഘട്ടത്തെക്കുറിച്ച് എവിടെയും ചര്‍ച്ച ചെയ്യപ്പെടുന്നില്ലതാനും.
ഖുര്‍ആനിലെ മനഃശാസ്ത്ര പ്രഘോഷണങ്ങളെ ഏറ്റുപിടിച്ചായിരുന്നു മുസ്ലിം മനഃശാസ്ത്രജ്ഞര്‍ അതിന്റെ ധ്വജവാഹകരായി മാറിയത്. മധ്യകാല തത്ത്വജ്ഞാനികളായിരുന്ന അല്‍കിന്ദി, ഇബ്നുസീന, ഇബ്നുബാജ, ഇബ്നുഥുഫൈല്‍, ഇമാം ഗസ്സാലി, ഇബ്നുഖല്‍ദൂന്‍ തുടങ്ങിയവര്‍ മനസ്സിനെക്കുറിച്ച് പഠിക്കുകയും അഭിപ്രായപ്രകടനങ്ങള്‍ നടത്തുകയും ചെയ്തവരാണ്. പ്രാചീന മനസ്സിന്റെ സത്തയെക്കുറിച്ച് പഠനം നടത്തിയ ഇവര്‍ മനസ്സുമായി ബന്ധപ്പെട്ട വികാരം, ചിന്ത, ഭാവന, പഠനക്രിയ, ഓര്‍മ, മറവി എന്നിവയെക്കുറിച്ചും വെളിച്ചമേകി.

മനഃശാസ്ത്ര വിശകലനത്തില്‍ നഫ്സും ഹൃദയവുമാണ് കടന്നുവരുന്നത്. കാരണം, അവിടെയാണ് ഭാവങ്ങളുടെ വ്യതിയാനവും ഉത്ഥാനപതനവും സംഭവിക്കുക. ഇവിടെ നഫ്സ് മൂന്നായി പകുക്കപ്പെട്ടിരിക്കുന്നു. ആജ്ഞാപക മനസ്സ്, പ്രശാന്ത മനസ്സ്, ആക്ഷേപക മനസ്സ് എന്നിവയാണവ.  എന്നാല്‍ മുസ്ലിം മനഃശാസ്ത്രജ്ഞരുടെ ജ്ഞാനദര്‍പ്പണത്തില്‍ നഫ്സ് രണ്ട് വിധമാണ്-ഹൃദയവും മനസ്സും. ആധുനിക മനഃശാസ്ത്രം ഇത്ര പുരോഗമിച്ചിട്ടും വ്യവസ്ഥാപിത ശാസ്ത്രമെന്ന നിലക്ക് മനഃശാസ്ത്രം പിറകിലാണ്. കാരണം, ഭൌതിക ദര്‍പ്പണത്തില്‍ ഇതിന് പ്രായമേറെ കുറവാണ്. എന്നാല്‍,  ജ്ഞാനകുതുകികളായിരുന്ന മുസ്ലിം ദാര്‍ശനികരും സ്വൂഫികളും പതിനൊന്ന് നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ  ഈ രംഗത്ത് അദ്വിതീയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. സ്വൂഫികള്‍ മനുഷ്യമനസ്സിന്റെ ചികിത്സകരായിരുന്നു. മനോരോഗ ചികിത്സയില്‍ അവര്‍ക്ക് ഗണ്യമായ സ്ഥാനമുണ്ട്. മനസ്സംസ്കരണ ഗ്രന്ഥങ്ങള്‍ക്കും അനതിസാധാരണമായ പങ്കുണ്ട്. കറപങ്കിലമായ ഹൃദയം വിമലീകരിക്കുകയാണവ. ഈജിപ്ത് പണ്ഡിതന്‍ അബ്ദുല്‍കരീം ഉസ്മാന്റെ 'അദ്ദിറാസത്തുന്നഫ്സിയ്യ ഇന്‍ദല്‍ മുസ്ലിമീന്‍' എന്ന ഗ്രന്ഥം മനഃശാസ്ത്ര സിദ്ധാന്തങ്ങളുടെ ക്രോഡീകരണമാണ്. മുസ്ലിം മനഃശാസ്ത്രത്തിന്റെ വൈജ്ഞാനിക വൈപുല്യം ഇതില്‍ അനാവൃതം ചെയ്യപ്പെട്ടിട്ടുണ്ട്. മനുഷ്യന്റെ സര്‍വ വികാരങ്ങളുടെയും ഊഷരഭൂമിയാണ് മനസ്സ്. ഇത് സ്ഫുടം ചെയ്തെടുക്കലാണ് മനഃശാസ്ത്രത്തിന്റെ ആത്യന്തിക ലക്ഷ്യം. തന്റെ സാമൂഹിക പശ്ചാത്തലവുമായി അഭേദ്യമായ ബന്ധമുണ്ട് ഇതിന്. ഒരു ശാസ്ത്രമെന്ന നിലക്ക് വര്‍ഷങ്ങളോളം ചര്‍ച്ച ചെയ്യപ്പെടാതെ കിടന്ന ഈ ജ്ഞാനശാഖ യൂറോപ്പിനൊരു നൂതന സംരംഭമാണ്.

ആത്മാവ്, മനസ്സ്, ബുദ്ധി, സ്വപ്നം, ദിവ്യമായ അന്തര്‍ജ്ഞാനം, അമാനുഷിക സിദ്ധി, സ്വൂഫികളുടെ സിദ്ധി എന്നിവയെക്കുറിച്ചെല്ലാം മുസ്ലിം ശാസ്ത്രം ചര്‍ച്ച ചെയ്തിട്ടുണ്ട്. സ്വൂഫിസത്തിലാണ് വ്യക്തമായും മനഃശാസ്ത്ര സൂചനകള്‍ ലഭിക്കുന്നത്. മനുഷ്യനെ മനസ്സിലാക്കി സാമൂഹിക തലത്തില്‍ സംസ്കൃതനായി വാഴാന്‍ ഇത് പ്രേരിപ്പിക്കുന്നു. മനുഷ്യമനസ്സിന്റെ പല സൂചനകളും ഖുര്‍ആനിലുണ്ട്. പക്ഷേ, അത് മനഃശാസ്ത്രമല്ല. ഊഹം, സന്ദേഹം, സ്വാര്‍ഥത തുടങ്ങിയവ മനസ്സിന്റെ വാസനകളാണ്. തിന്മയില്‍ അധിഷ്ഠിതമാണ് മനുഷ്യന്‍. ഇതുതന്നെയാണ് മനഃശാസ്ത്രത്തിന്റെ കേന്ദ്രവും.
ആത്മാവ് കേവലാസ്തിത്വമാണെന്നും ശരീരത്തില്‍ നിന്ന് വേറിട്ടുനില്‍ക്കാന്‍ അതിന് കഴിയുമെന്നും കിന്‍ദി പറയുന്നു. ശരീരമാകുന്ന അസ്ഥിപഞ്ജരത്തില്‍ തളച്ചിടപ്പെട്ടിരിക്കുകയാണതിപ്പോള്‍. ഈ ഭൌതിക ബന്ധം അറുക്കപ്പെടുന്നതോടെ ആത്മാവിന്റെ സ്വാതന്ത്യ്രം കൂടുകയായി. അഭൌതിക ലോകം വരെ അത് വിഹരിക്കും. ആത്മാവിന്റെ ബന്ധവിച്ഛേദനത്തിന്റെ ഇല്ലായ്മയാണ് സ്വപ്നങ്ങള്‍ക്ക് നിമിത്തമാകുന്നത്. ഉറങ്ങുന്ന പജ്ഞരത്തിലെ ഉറങ്ങാത്ത പക്ഷിയാണ് ആത്മാവ്. കിന്‍ദിയുടെ 'രിസാലത്തുന്‍ ഫില്‍അഖ്ല്‍' ധൈഷണിക കെട്ടിക്കുടുക്കുകളഴിച്ച് ഈ രംഗത്ത് അനുപമ സംഭാവനകള്‍ നല്‍കി. വിളഞ്ഞുനിന്ന പാശ്ചാത്യ ചിന്തയില്‍ വരെ ഈ കൃതി സ്വാധീനം നേടി. ഗ്രീക്ക് ചിന്തകളെ ഇസ്ലാമിക ജ്ഞാനവുമായി സമരസപ്പെടുത്താനുള്ള ശ്രമമാണ് അല്‍കിന്ദി ഇതില്‍ നടത്തുന്നത്.

ശരീരമാസകലം നിയന്ത്രിക്കുന്ന ഒരു പരമസത്തയാണ് നഫ്സ്. ആത്മാവുമായി അതിന് അഭേദ്യ ബന്ധമുണ്ട്. മനുഷ്യന്റെ സ്വഭാവ വ്യതിയാനങ്ങള്‍ മനസ്സിനെ ആശ്രയിച്ചിരിക്കുന്നു. ഭൂരിപക്ഷം മുസ്ലിം ദാര്‍ശനികന്മാരും മനഃശാസ്ത്ര പഠനം മനസ്സിനെയും ബുദ്ധിയെയും വിവരിക്കുന്നതില്‍ ചുരുക്കുകയായിരുന്നു. മുസ്ലിംകളില്‍ നിന്നുള്ള കൈമാറ്റശേഷം പാശ്ചാത്യരില്‍ വികാസം തുടങ്ങിയ ഈ ശാസ്ത്രം കൂടുതലും മനുഷ്യമനസ്സിനെ ഗ്രസിക്കുന്ന രോഗചികിത്സക്കായിരുന്നു ഉപയോഗിച്ചിരുന്നത്. പക്ഷേ, ദൈവസ്മരണയാണ് മനസ്സമാധാനത്തിന്റെ വഴിയെന്ന് ഇവരംഗീകരിക്കുന്നില്ല. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഇബ്നുസീന മനഃശാസ്ത്രത്തിന് നല്‍കിയ സംഭാവനകള്‍ ഇന്നും മുഖ്യമായിത്തന്നെ അവശേഷിക്കുന്നു. 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഫ്രാന്‍സ് ഗാള്‍ (എൃമിരല ഏമഹഹ) അതിഗഹനമായൊരു പഠനം നടത്തി. പക്ഷേ, ഇയാള്‍ പുറത്തുവിട്ട റിസള്‍ട്ട് നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ഇബ്നുസീന തന്റെ ഗ്രന്ഥത്തിലെഴുതിവെച്ചിരുന്നു. ഇബ്നുസീനയുടെ കാലം വരെ മനഃശാസ്ത്രത്തില്‍ വന്‍ പഠനങ്ങളൊന്നും നടന്നിരുന്നില്ല.

പാശ്ചാത്യമനഃശാസ്ത്രം ശരീരപഞ്ജരത്തോടു മാത്രമേ ബന്ധിക്കുന്നുള്ളൂ. എന്നാല്‍ മുസ്ലിം തത്ത്വചിന്തകള്‍ മുന്നോട്ടുവെച്ച മനഃശാസ്ത്രത്തിന് ഭൌതിക ശരീരബന്ധങ്ങള്‍ക്കുപരി അഭൌതികമായ ബന്ധങ്ങളുമുണ്ടായിരുന്നു. ശരീരഘടകമുള്ളതോടൊപ്പം മനസ്സിന്റെ അമിതകൊതികള്‍ കടിച്ചിറക്കുന്നവരാണ് ജ്ഞാനികള്‍ (ആരിഫുകള്‍). ഇബ്നുസീനയുടെ അഭിപ്രായമാണിത്. പ്രവാചകരും ജ്ഞാനികളും അദൃശ്യജ്ഞാനമുള്ളവരാണ്. മനുഷ്യമനസ്സിന് സമ്പൂര്‍ണത കൈവന്നാല്‍ അഭൌമശക്തികളില്‍ നിന്ന് ജ്ഞാനമാവാഹിക്കാനാകുമെന്നും ഇബ്നു സീന വിലയിരുത്തുന്നു.

തത്ത്വചിന്തകനും ഖുര്‍ആന്‍ വ്യാഖ്യാതാവുമായ ഇമാം റാസി(റ)യുടെ 'കിതാബുന്നഫ്സി വര്‍റൂഹ്' മനഃശാസ്ത്രം അനാവരണം ചെയ്യുന്നുണ്ട്. മനസ്സിനെ ആത്മാവിന്റെ പര്യായമായാണ് റാസി(റ) വീക്ഷിക്കുന്നത്. ഉറക്കത്തില്‍ ശരീരം അശ്രദ്ധമെങ്കിലും മനസ്സ് ജാഗ്രതയോടെ നിലനില്‍ക്കുന്നു. അതുകൊണ്ടാണ് ഉറക്കത്തില്‍ ഭാവിയില്‍ വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് മനസ്സിന് അറിവുണ്ടാകുന്നത്. ആദം നബി(അ)ന്റെ സൃഷ്ടിപ്പിനെക്കുറിച്ച് പറയവെ 'എന്റെ റൂഹില്‍ നിന്ന് ഞാന്‍ അവനിലൂതി' എന്ന് അല്ലാഹു പറഞ്ഞത് തെളിവായെടുത്ത് റാസി(റ) പറയുന്നത്, ആത്മാവും ശരീരവും വ്യത്യസ്തമാണെന്നാണ്. ഹൃദയമാണ് ശരീരത്തിന്റെ കേന്ദ്രം. ശരീരത്തില്‍ നിന്ന് വ്യതിരിക്തമാണ് മനസ്സ്. ശരീരവുമായി അതിന് ബന്ധമുണ്ടെന്നു മാത്രം. അഥവാ മനസിന്റെ സത്ത രാജാവും ശരീരം രാജ്യവുമാണ്. ഈ രാജ്യത്ത് കാണപ്പെടുന്നതും കാണപ്പെടാത്തതുമായ രണ്ട് സൈന്യമാണ് ബാഹ്യേന്ദ്രിയങ്ങളും ആന്തരിക ശക്തികളും. ശരീരത്തില്‍ മനസ്സിന്റെ സ്ഥാനം ഗവര്‍ണറുടേതാണ്. ശക്തികളും അവയവങ്ങളുമാണ് രാജ്യം. ബുദ്ധിശക്തി മാര്‍ഗനിര്‍ദേശകനും. വൈകാരികശക്തി പട്ടണത്തില്‍ നിന്ന് ഭക്ഷണം അന്വേഷിക്കാന്‍ നിയുക്തനായ ഭൃത്യനാണ്. ക്രോധശക്തി നഗരപാലകനും. വികാരങ്ങളാണ് മനുഷ്യനെ രോഗിയാക്കുന്നത്. അര്‍ഥാശയും അമിതാഗ്രഹവും മനസിന്റെ സമനില അവതാളത്തിലാക്കുന്ന രണ്ട് ഹിംസ്ര ജീവികളാണ്. ലുബ്ധത മര്‍ത്യനെ പരുഷഹൃദയനും കഠിന മനസ്കനുമാക്കുന്നു. പെട്ടെന്നുവരുന്ന സന്തോഷങ്ങളും വിഭ്രാന്തികളും മനസിനെ ഭ്രാന്തലോകത്തേക്ക് നയിക്കുന്നു. നിസ്സാരതയില്‍ നിന്ന് തുടങ്ങി ജീവനഷ്ടത്തില്‍ വരെ കലാശിക്കുന്ന ഇത്തരം രോഗങ്ങള്‍ക്ക് മഹാനായ ഇമാം റാസി പ്രതിവിധി നിരത്തിയിട്ടുണ്ട്. ഭൌതികവും ആധ്യാത്മികവുമായ സരണികളാണവ.

പ്രശസ്ത മധ്യകാല മുസ്ലിം ചിന്തകനായ ഇബ്നുബാജ മനഃശാസ്ത്ര സംബന്ധമായ തന്റെ 'കിതാബുന്നഫ്സ്', 'രിസാലത്തുല്‍ ഇത്തിസ്വാല്‍' തുടങ്ങിയവയില്‍ സൂചിപ്പിക്കുന്നത് മനഃശാസ്ത്രം സകല ഭൌതികവിജ്ഞാനങ്ങളേക്കാള്‍ ഉന്നതമാണെന്നാണ്. കാരണം, എല്ലാ ശാസ്ത്രങ്ങളും ഇതുമായി നിറഞ്ഞ ബന്ധമുണ്ട്. മനഃശാസ്ത്രമില്ലാതെ ഇതരശാസ്ത്രങ്ങളുടെ അടിസ്ഥാനം ഗ്രഹിക്കുക തന്നെ അസാധ്യമാണ്. സ്വന്തം മനസിനെക്കുറിച്ച് അജ്ഞനാണെങ്കില്‍ അപരന്റെ മനസിനെക്കുറിച്ച് എന്തറിയാന്‍ എന്നാണ് ഇബ്നുബാജ ചോദിക്കുന്നത്. മനസിന്റെ അനിവാര്യതയാണ് ശരീരം. മനസോടുകൂടിയ ശരീരമുണ്ടെങ്കില്‍ അവിടെ ആത്മാവുമുണ്ടാകുന്നു. ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍.

ഇമാം ഗസ്സാലി(റ) സ്വൂഫികളുടെ മനഃശാസ്ത്ര മുഖമായിരുന്നു ലോകര്‍ക്ക് പരിചയപ്പെടുത്തിയത്. മനസിന്റെ സത്തയെക്കാള്‍ ഭാവനക്ക് പ്രാമുഖ്യം നല്‍കിയ അവര്‍ നഫ്സിന് നല്‍കിയ നിര്‍വചനം ഇബ്നുസീനയുടെയും അരിസ്റോട്ടിലിന്റെയും ചിന്തയോട് ഏറെ സാദൃശ്യം പുലര്‍ത്തിയിരുന്നു. കാലങ്ങള്‍ക്കു ശേഷം വന്ന 'ഹുജ്ജത്തുല്ലാഹില്‍ബാലിഗ'യില്‍ വരെ ശാഹ് വലിയ്യുല്ലാഹിദ്ദഹ്ലവി മനഃശാസ്ത്രത്തിന്റെ കാണാമൂലകള്‍ വ്യാവര്‍ത്തിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്.

അരിസ്റോട്ടിലിന്റെ അഭിപ്രായത്തില്‍ ഹൃദയമാണ് ആത്മാവിന്റെ ആസ്ഥാനം. പ്ളാറ്റോ ഇവിടെ മൂന്നുതരം ആത്മാവുകളുണ്ടെന്നും അവയില്‍ ചിന്താശേഷിയുള്ള ആത്മാവാണ് മനുഷ്യന്റേതെന്നും നിശ്ചയിച്ചു. മധ്യകാലത്തുതന്നെ അറബികള്‍ ഈ ശാസ്ത്രം തിരിച്ചറിഞ്ഞുവെങ്കിലും യൂറോപ്യര്‍ വളരെ വൈകിയാണ് മനസ്സിലാക്കിയത്. 1879 ല്‍ വില്യം വൂണ്‍ഡ് മനഃശാസ്ത്രസംബന്ധമായി ലെവ്സിഗ് യൂണിവേഴ്സിറ്റിയില്‍ ഒരു പരീക്ഷണം നടത്തുകയുണ്ടായി. ഇതോടെയാണ് ഇവര്‍ക്കിടയില്‍ ഈ ശാസ്ത്രശാഖ വികസിച്ചുതുടങ്ങുന്നത്.

മനഃശാസ്ത്രം പുരോഗമിച്ചുതുടങ്ങിയതോടെ മാനസികരോഗങ്ങള്‍ക്കും ചിന്താപരമായ പ്രതിവിധികള്‍ മനസ്സിലാക്കപ്പെട്ടു. അലിയുത്ത്വബ്രി തന്റെ 'ഫിര്‍ദൌസുല്‍ ഹിക്മ' (ജമൃമറശലെ ീള ണശറീാെ) യില്‍ ഇത്തരം രോഗങ്ങള്‍ക്ക് പ്രതിവിധി നിശ്ചയിച്ചിട്ടുണ്ട്. ഇസ്ഹാഖുബ്നു ഇംറാനും റാസിയും തദ്വിഷയകമായി ഗ്രന്ഥങ്ങള്‍ രചിച്ചു. ദുഃഖം, ദേഷ്യം, വെറുപ്പ് തുടങ്ങിയവ മനസിനെ അല്‍പാല്‍പമായി കാര്‍ന്നുതിന്നുന്ന രോഗങ്ങളാണെന്നും അവരെഴുതി. ഇബ്നുസീനയും തന്റെ ഖാനൂനില്‍ മനഃശാസ്ത്രത്തെക്കുറിച്ചും അതിലെ വൈകല്യം കാരണം നേരിടുന്ന ആത്മത്തകര്‍ച്ചകളെക്കുറിച്ചും വിവരിക്കുന്നുണ്ട്. അവക്ക് പരിഹാരവും നിര്‍ദ്ദേശിക്കുന്നു. 

ഇബ്നുസീനയുടെ മനഃശാസ്ത്രചികിത്സാസംബന്ധമായി ഒരു കഥയുണ്ട്. ഒരിക്കല്‍ എന്തോ കണ്ട് ഭയന്ന് കൈകള്‍ക്ക് ചലനശേഷി പോലും നഷ്ടപ്പെട്ട ഒരു യുവതിയെ ഇദ്ദേഹത്തിനു മുമ്പില്‍ ഹാജറാക്കി. അവളെ വീക്ഷിച്ച ഇബ്നുസീനക്ക് രോഗം പിടികിട്ടി. തിങ്ങിനിന്ന ജനക്കൂട്ടത്തിനിടയില്‍ അവളെ നിറുത്തി. അവള്‍ പേടിച്ചു. ലജ്ജയില്‍ മുങ്ങി. ഓര്‍ക്കാപ്പുറത്ത് അവളുടെ ശിരോവസ്ത്രം വലിച്ചു. ലജ്ജയില്‍ മാത്രം മനസ്സ് കേന്ദ്രീകരിച്ചിരുന്ന അവള്‍ അറിയാതെ കൈയുയര്‍ത്തി വസ്ത്രം പിടിച്ചു. നിശ്ചലമായിരുന്ന അവളുടെ കരങ്ങള്‍ ചലിച്ചുതുടങ്ങി. രോഗം ഭേദമായി.

മറ്റൊരിക്കല്‍ ബുവൈഹിദ് രാജകുടുംബത്തിലെ ഒരു രാജ്ഞിക്ക് പിശാചുബാധയേറ്റു. പശുവിന്റെ സ്വഭാവം. ഭക്ഷണം കഴിക്കുന്നില്ല. ശരീരം ശോഷിച്ചു. തന്നെ അറുക്കാന്‍ അവള്‍ ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. വിവരം ഇബ്നുസീനയുടെ അടുത്തെത്തി. രാജ്ഞിയെ ഹാജറാക്കി. പരിശോധിച്ചശേഷം മനഃശാസ്ത്രപരമായി ചികിത്സിക്കാന്‍ തീരുമാനിച്ചു. കശാപ്പുകാരന്‍ വരുന്നുണ്ടെന്ന് പറയാന്‍ ഒരാളെ ചുമതലപ്പെടുത്തി. അയാളങ്ങനെ പറഞ്ഞുകൊണ്ടിരുന്നു. കശാപ്പിനെന്ന ഭാവേന തറയില്‍ കിടന്നിരുന്ന അവളുടെയടുത്തേക്ക് ഇബ്നുസീന ചെന്നു. ഏതോ ഒരു ബോധം പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന അവള്‍  അവ്യക്തമായി എല്ലാം അറിയുന്നുണ്ടായിരുന്നു. കശാപ്പുകാരന്‍ പറഞ്ഞു: 'ഛെ! ഇതുകൊള്ളില്ല. ഇത്ര ശോഷിച്ച പശുവിനെ എങ്ങനെ അറുക്കും? ശരീരം കൊഴുക്കട്ടെ... പിന്നെ നോക്കാം.' എല്ലാം അബോധാവസ്ഥയില്‍ ശ്രവിച്ച രാജ്ഞിയുടെ മാനസികാവസ്ഥ നോര്‍മലായി... താനൊരു മനുഷ്യനാണെന്ന ബോധം കൈവന്നു. മനഃശാസ്ത്രത്തിന്റെ യഥാര്‍ഥ മുഖം കണ്ട ഇബ്നുസീനയുടെ ഇത്തരം മനഃശാസ്ത്ര ചികിത്സാകഥകള്‍ ധാരാളമുണ്ട്. അലിബ്നു രിള്വാന്‍, ഹിബത്തുല്ലാഹ്, അബ്ദുല്‍ബറകാത്ത്, അബ്ദുല്‍ മാലിക്ബിന്‍ സുഹ്ര്‍, ദാവൂദ് ബിന്‍ ഉമര്‍ തുടങ്ങിയവരും ഈ രംഗത്തെ അഗ്രഗണ്യരാണ്. സൈക്കോളജിക്കും സൈക്കോതെറാപ്പിക്കും വേണ്ടി ജീവിച്ചവരായിരുന്നു ഇവര്‍. അനന്തവിഹായസ്സില്‍ പക്ഷം വിടര്‍ത്തിപ്പറക്കുന്ന പറവകളെപ്പോലെ ഈ വിശാരദ വര്‍ഗമിന്നും മുസ്ലിം ജ്ഞാനികളുടെ ഹൃദയങ്ങളില്‍ പ്രതീക്ഷകളോടെ പറന്നുകൊണ്ടിരിക്കുന്നു.

No comments:

Post a Comment