ക്വീന്‍ ഓഫ് സയന്‍സ് എന്നറിയപ്പെടുന്ന ആസ്ട്രോണമി
ആകാശഗോളങ്ങളെക്കുറിച്ച പഠനമാണ്. ഈ രംഗത്തുണ്ടായ മുസ്ലിം സാന്നിധ്യം ഇന്നും
ഗോളശാസത്രരംഗത്ത് നിഴലിച്ചുകാണുന്നു. ഗോളശാസ്ത്ര പഠനത്തിന് ഇന്ത്യയുടെ
സ്വാധീനമായിരുന്നു അറബികളെ തുണച്ചിരുന്നത്. പ്രപഞ്ച പ്രതിഭാസങ്ങളെ
ദൈവദൃഷ്ടാന്തമായി ഖുര്‍ആന്‍ പരിചയപ്പെടുത്തിയതോടെ കൂടുതല്‍
ഗവേഷണ-നിരീക്ഷണങ്ങള്‍ നടത്താന്‍ അവര്‍ പ്രേരിതരായി. ക്രിസ്തുവര്‍ഷം 773 ല്‍
ബഗ്ദാദില്‍ വന്ന ഒരു ഇന്ത്യന്‍ സഞ്ചാരിയുടെ കൈയില്‍ നിന്ന് ലഭിച്ച സിന്ദ്
ഹിന്ദ് എന്ന സംസ്കൃത പുസ്തകത്തില്‍ നിന്നാണ് അറബികള്‍ ഇത് പഠിച്ചെടുത്തത്.
മുഹമ്മദുബ്നു ഇബ്റാഹീം അല്‍ഫസാരിയുടെ നേതൃത്വത്തിലായിരുന്നു ഈ കൃതിയുടെ
അറബിഭാഷ്യമൊരുങ്ങിയത്. തുടര്‍ന്ന് യൂക്ളിഡ്സിന്റെ എലെമെന്റ്സ് , ടോളമിയുടെ
അല്മാഗേസ്റ്റ് വിവര്‍ത്തനങ്ങളും അറബിഗോളശാസ്ത്രത്തെ ശക്തിപ്പെടുത്തി.
6-ാം
നൂറ്റാണ്ടില്‍ തന്നെ നാടോടികളായ അറബികള്‍ക്ക് നക്ഷത്രങ്ങളുടെ
സ്ഥാനങ്ങളെക്കുറിച്ച് ബോധമുണ്ടായിരുന്നു. യാത്രകളില്‍ വഴികണ്ടുപിടിക്കാന്‍
നക്ഷത്രങ്ങളെയായിരുന്നു അവര്‍ ആശ്രയിച്ചിരുന്നത്. ഇസ്ലാമിന്റെ ആഗമനത്തോടെ ഈ
ജ്ഞാനം നമസ്കാരസമയം നിജപ്പെടുത്താന്‍ അവര്‍ക്കേറെ ഉപകാരപ്പെട്ടു.
ഇല്‍മുല്‍ ഹൈഅ, ഇല്‍മുന്നുജൂം, ഇല്‍മുല്‍ ഫലക് തുടങ്ങിയ നാമങ്ങളിലായിരുന്നു
അറബികള്‍ ഗോളശാസ്ത്രത്തെ വിളിച്ചിരുന്നത്. സമയ-ദിശാനിര്‍ണയത്തിന്
ഇല്‍മുല്‍ മീഖാത്ത് എന്ന ശാസ്ത്രശാഖയും അവരൊരുക്കി.
ഇന്ത്യക്കു
പുറമെ ഗ്രീക്ക്, പേര്‍ഷ്യ തുടങ്ങിയിടങ്ങളില്‍ നിന്നും അറബികള്‍ ഗോളശാസ്ത്ര
ജ്ഞാനങ്ങള്‍ സ്വീകരിച്ചു. ഇതവരുടെ മുന്‍കാലജ്ഞാനങ്ങളെ ഏറെ
പുഷ്ടിപ്പെടുത്തി. ചന്ദ്രന് 28 മണ്ഡലങ്ങളുണ്ടെന്നായിരുന്നു പ്രാചീന
അറബികള്‍ വിശ്വസിച്ചിരുന്നത്. ഇവുരടെ ചന്ദ്ര വര്‍ഷ കാലഗണന ഇസ്ലാം വന്നതിനു
ശേഷവും അഭിപ്രായ ഭിന്നതകളില്ലാതെ തുടര്‍ന്നു. മുസ്ലിം
ജ്യോതിശാസ്ത്രജ്ഞന്മാര്‍ നിര്‍മിച്ച സൂര്യവര്‍ഷക്കലണ്ടറുകളായിരുന്നു
യൂറോപ്പിലെ കര്‍ഷകര്‍ പോലും ഉപയോഗിച്ചിരുന്നത്.
അബ്ബാസീ
ഭരണാധികാരി മഅ്മൂനിന്റെ കാലത്തുതന്നെ ജ്യോതിശാസ്ത്രരംഗത്തെ
പുരോഗതികള്‍ക്ക് തുടക്കം കുറിച്ചു. അദ്ദേഹം മുന്‍കൈയെടുത്ത് ബഗ്ദാദിനടുത്ത്
ശംസിയ്യയിലും ഡമസ്കസിനടുത്ത് ഖാസിയൂനിലും ഒരുപാട് ഒബ്സര്‍വേറ്ററികള്‍
സ്ഥാപിച്ചു. ബഗ്ദാദിലെ ബൈത്തുല്‍ഹിക്മയില്‍ സിന്ദുബ്നു അലിയുടെ
മേല്‍നോട്ടത്തിലായിരുന്നു നിരീക്ഷണങ്ങള്‍ നടന്നിരുന്നത്.
ബൈത്തുല്‍ഹിക്മയിലെ വാനനിരീക്ഷകനായിരുന്ന അബുല്‍അബ്ബാസ് മുഹമ്മദുബ്നു
ഖാദിര്‍ അല്‍ഫര്‍ഗാനി അക്ഷാംശരേഖ അളക്കുന്നതില്‍ അഗ്രഗണ്യനായിരുന്നു.
അദ്ദേഹത്തിന്റെ 'ഹറകാത്തുസ്സമാവിയ്യ വ ജാമിഉ ഇല്‍മിന്നുജൂം' എന്ന ഗ്രന്ഥം
യൂറോപ്യര്‍ക്കിടയില്‍ ഏറെ പ്രസിദ്ധമാണ്. മുതവക്കില്‍ രാജാവിനു വേണ്ടി
ഫര്‍ഗാനി ഫുസ്താത്തില്‍ ഒരു ബൈലോ മീറ്റര്‍ പണിതിരുന്നു. തന്റെതന്നെ മറ്റൊരു
ഗ്രന്ഥമാണ് 'അല്‍മദ്ഖലുല്‍ ഇലാഹിയാത്തില്‍ അഫ്ലാക്'. 1135 ല്‍ ഇതിന്റെ
ലാറ്റിന്‍ പതിപ്പ് പുറത്തിറങ്ങി. സുല്‍ഥാന്‍ ശറഫുദ്ദീനുദ്ദൌല 928 ല്‍
ബഗ്ദാദില്‍ തന്നെ മറ്റൊരു വാനനിരീക്ഷണാലയം കൂടി സ്ഥാപിച്ചു.
അബ്ദുര്‍റ്ഹ്മാന്‍ അസ്സ്വൂഫി, അഹ്മദ് സഗ്ഹാനി, അബുല്‍വഫ എന്നിവരായിരുന്നു
ഇവിടത്തെ പ്രമുഖ ശാസ്ത്രജ്ഞര്‍. അസ്സ്വൂഫിയുടെ 'അല്‍കവാകിബുസ്സാബിത'
നക്ഷത്രങ്ങളെക്കുറിച്ചുള്ള കാറ്റ്ലോഗാണ്. നക്ഷത്രങ്ങളുടെ പ്രകാശമാനവും
സ്ഥാനവും അത് നിര്‍ണയിക്കുന്നു. അഹ്മദ് അല്‍അശ്ഹാനി ആസ്ട്രോലാബുകള്‍
ഉല്‍പ്പെടെ പല വാനനിരീക്ഷണ ഉപകരണങ്ങളും നിര്‍മിച്ചിരുന്നു.
മുസ്ലിം
ആസ്ട്രോണമിയുടെ ഈ പുരോഗമനഘട്ടത്തില്‍ പേര്‍ഷ്യന്‍ ജ്യോതിശാസ്ത്ര
ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് മൊഴിമാറ്റപ്പെട്ടു. ഇബ്റാഹീം അല്‍ഫാരിസി
ഇക്കാലത്തെ ഇന്ത്യന്‍ ജ്യോതി ശാസ്ത്രം രചന നടത്തി. സിന്‍ദിന്‍ ദുല്‍കബീര്‍
എന്നായിരുന്നു അതിന്റെ നാമം. ടോളമിയുടെ യവനകൃതിയും അറബീകൃതമായി. തന്റെ
വിഖ്യാത കൃതിയായ മെഗാലെ സിന്റാക്സിഡ് മാത്തമാറ്റിക്കയും ഒന്നിലേറെ പേര്‍
അറബിയിലേക്ക് ഭാഷാന്തരം നടത്തി. സാബിതുബ്നു ഖുര്‍റയുടെയും ഹുനൈനുബ്നു
ഇസ്ഹാഖിന്റെയും ഭാഷ്യങ്ങളാണ് ഇവയിലേറെ പ്രസിദ്ധം. കൂടാതെ ടോളമിയുടെതന്നെ
ടാബുലെ മാനുലെസ്, ഹൈപോതെസസ് പ്ളാനറ്റോറം, പ്ളിനിസ്ഫേറിയം, ടെറ്റ്റാബിബ്ലോസ്
തുടങ്ങിയ കൃതികളും അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു.
ജ്യോതിശാസ്ത്രത്തോടൊപ്പം അറബികള്‍ ജ്യോതിഷത്തിലും ഏറെ തിളങ്ങിയിരുന്നു.
എങ്കിലും അന്ധവിശ്വാസമെന്ന പേരില്‍ പലരുമത് മാറ്റിവെക്കുകയായിരുന്നു.
നാസ്വിറുദ്ദീന്‍ ഥൂസിയുടെ തദ്കിറയും ഉലൂഗ് ബേഗ്, ഇല്‍ഖാനിദ്, ഹാകിം
തുടങ്ങിയവരുടെ കൃതികളും ജ്യോതിശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ ഏറെ
സംഭാവനകളര്‍പ്പിച്ചിട്ടുണ്ട്.
ബഹുഭാഷാപണ്ഡിതനായിരുന്ന
അല്‍ബിറൂനിയുടെ 'അര്‍ഖാനൂനുല്‍ മസ്ഊദി ഫീ ഹൈഅത്തി വന്നുജൂം' പ്രധാനപ്പെട്ട
ഒരു വാനശാസ്ത്ര ഗ്രന്ഥമാണ്. റുക്നുദ്ദൌലയുടെ
കൊട്ടാരവാനശാസ്ത്രജ്ഞനായിരുന്ന അബുജഅ്ഫര്‍ അല്‍ഖാസി അല്‍ഖുറാസാനി
ക്രാന്തിവൃത്തത്തിന്റെ ചെരിവ് പുതുക്കി നിര്‍ണയിക്കുന്നതിലൂടെ
ആര്‍ക്കമെഡിയന്‍ കാലം മുതല്‍ നിലനിന്നിരുന്ന ഇതുസംബന്ധമായൊരു പ്രശ്നം
പരിഹരിച്ചു. ഹിജ്റ 3-ാം നൂറ്റാണ്ടില്‍ മുസ്ലിം ജ്യോതിശാസ്ത്രത്തില്‍ ഏറെ
തിങ്ങിയ ഒരാളായിരുന്നു ഹശ്ബുല്‍ ഹസീബ്. നാല്‍പതോളം വര്‍ഷങ്ങള്‍
വാനനിരീക്ഷണങ്ങള്‍ക്കായി മാത്രം നീക്കിവെച്ച പണ്ഡിതനാണദ്ദേഹം.
സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും അദ്ദേഹം ചര്‍ച്ച ചെയ്തു. ഗോളശാസ്ത്ര
നിരീക്ഷണങ്ങള്‍ക്കുവേണ്ടി ഒരുപാട് യാത്രകളും നടത്തിയിട്ടുണ്ട്.
ഖലീഫ
മഅ്മൂനിന്റെ കൊട്ടാര ജ്യോതിശാസ്ത്രജ്ഞാനികളും ഇതിന്റെ വളര്‍ച്ചയില്‍
കനപ്പെട്ട സംഭാവനകള്‍ നല്‍കുകയുണ്ടായി. മൌസ്വിലിനടുത്ത ദ്രുവരേഖയുടെ അളവ്
ഏതാണ്ട് കൃത്യമായിത്തന്നെ അവരന്ന് കണക്കാക്കിയിരുന്നു. 111814
മീറ്ററായിരുന്നു അത്. എന്നാലിതിന്റെ ഇന്നത്തെ അളവ് 110936 മീറ്ററാണ്.
അല്‍ഖവാരിസ്മിയും
മൂസബ്നുശാക്കിറിന്റെ സന്താനങ്ങളായ അഹ്മദ്, ഹസന്‍, മുഹമ്മദ്
(ബനൂമൂസബ്നുശാകിര്‍) എന്നിവരും ചേര്‍ന്ന് തയ്യാറാക്കിയ ഗോളശാസ്ത്ര കാലഗണന
പട്ടികകള്‍ ഏറെ പ്രശസ്തമത്രെ. കാലങ്ങളോളം പാശ്ചാത്യ പൌരസ്ത്യ
ഗ്രന്ഥങ്ങള്‍ക്ക് മൂല്യധാതുവായി വര്‍ത്തിച്ചത് ഇവയായിരുന്നു. 1126 ല്‍
ബാത്തിലെ അഡലാന്‍ഡ് ഈ പട്ടികകള്‍ ലാറ്റിന്‍ ഭാഷയിലേക്ക് മൊഴിമാറ്റം നടത്തി.
ചൈനീസ് ഗോളശാസ്ത്രജ്ഞാനികള്‍ക്കുവരെ ഇതേറെ പ്രയോജനപ്രദമായി ചരിത്രം
രേഖപ്പെടുത്തുന്നു. അല്‍ബത്താനി തയ്യാറാക്കിയ സാബിയന്‍
പട്ടിക(സീജുസ്സാബി)യും നിരീക്ഷണ ഗണിത ജ്യോതിശാസ്ത്രത്തിന് ഏറെ ഉപകാരം
ചെയ്തു. ഗ്രഹണങ്ങളെക്കുറിച്ച അല്‍ബത്താനിയുടെ പഠനങ്ങള്‍ 18-ാം
നൂറ്റാണ്ടിന്റെ അന്ത്യം വരെ യൂറോപ്യന്‍ യൂണിവേഴ്സിറ്റികളില്‍
പഠിപ്പിക്കപ്പെട്ടിരുന്നുവത്രെ. ഹിജ്റ 4-ാം നൂറ്റാണ്ടില്‍ ജീവിച്ച മറ്റൊരു
ജ്യോതിശാസ്ത്രപണ്ഡിതനാണ് അബ്ദുര്‍റഹ്മാനുബ്നുസ്സ്വൂഫി. ദിവസത്തിന്റെ
ദൈര്‍ഘ്യം കൃത്യമായി വിവരിച്ച ഇദ്ദേഹത്തിന്റെ സ്വുവറുല്‍കവാകിബ്
(നക്ഷത്രങ്ങളുടെ രൂപങ്ങള്‍) ആണ് നിരീക്ഷണ ജ്യോതിശാസ്ത്രത്തിലെ
മാസ്റര്‍പീസായി ഗണിക്കപ്പെടുന്നത്. യൂറോപ്യരെ ഈ ഗ്രന്ഥം നന്നായി
സ്വാധീനിച്ചിട്ടുണ്ട്.
സല്‍ജൂഖീ സുല്‍ഥാന്മാരുടെ
കാലം ഗോളശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം സുവര്‍ണകാലമായിരുന്നു.
ഉമര്‍ഖയ്യാമിനെ പോലുള്ളവര്‍ ഈ രംഗത്ത് പ്രഭ ചൊരിഞ്ഞ കാലഘട്ടമായിരുന്നു ഇത്.
അന്നത്തെ സല്‍ജൂഖീ സുല്‍ഥാന്‍ ജലാലുദ്ദീന്‍ മാലിക് ഷാ
ഗോളശാസ്ത്രപ്രിയനായിരുന്നു. ഇവ്വിഷയകമായി പ്രോത്സാഹനങ്ങളേറെ നല്‍കാറുള്ള
അദ്ദേഹം നൈസാബൂരില്‍ ഒബ്സര്‍വേറ്ററി സ്ഥാപിക്കാന്‍
ഉമര്‍ഖയ്യാമിനെയായിരുന്നു ചുമതലപ്പെടുത്തിയത്. പഴയ പേര്‍ഷ്യന്‍ കലണ്ടറിന്റെ
വിപുലീകരണവും അദ്ദേഹത്തിന്റെ തന്നെ ജോലിയായിരുന്നു. ഉമര്‍ഖയ്യാമിന്റെയും
സഹപ്രവര്‍ത്തകരുടെയും നീണ്ട കാലത്തെ നിരീക്ഷണങ്ങള്‍ക്കു ശേഷം താരീഖുല്‍
ജലാലി എന്ന പേരില്‍ കലണ്ടര്‍ സാക്ഷാല്‍കൃതമായി. ജോര്‍ജിയന്‍
കലണ്ടറിനേക്കാള്‍ ഇതേറെ മുന്‍പന്തിയിയാലിയുന്നു. ജോര്‍ജിയന്‍
കലണ്ടറിനേക്കാള്‍ 5000 വര്‍ഷം കൂടുമ്പോഴേ അത്തരമൊരു തെറ്റിന്
സാധ്യതയുണ്ടായിരുന്നുള്ളൂ.
11-ാം നൂറ്റാണ്ടിലെ
പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനാണ് ഉമര്‍ഖയ്യാം. ജ്യോതിശാസ്ത്രത്തിലും
ഗണിതശാസ്ത്രത്തിലും അഗാധജ്ഞാനമുള്ള അദ്ദേഹം പേര്‍ഷ്യന്‍ കവി എന്ന നിലക്കാണ്
ഏറെ അറിയപ്പെട്ടത്. ശേഷം വന്ന മറ്റൊരു പ്രമുഖനായിരുന്നു നാസ്വിറുദ്ദീന്‍
അത്ത്വൂസി. ഗണിതത്തിലും തത്ത്വചിന്തയിലും വിദഗ്ധനായിരുന്ന ഇദ്ദേഹം
ജ്യോതിശാസ്ത്രത്തിനും ഏറെ സംഭാവനകള്‍ നല്‍കി. അര്‍മിയാ തടാകത്തിനടുത്ത്
നിര്‍മിക്കപ്പെട്ട മറാഗ ഒബ്സര്‍വേറ്ററിയിലെ പ്രഥമ ഡയറക്ടര്‍
ഥൂസിയായിരുന്നു. ഇക്കാലത്തുതന്നെ സല്‍ജൂഖി സുല്‍ഥാന്റെ നാമധേയത്തില്‍ ഒരു
വമ്പന്‍ ജ്യോതിശാസ്ത്ര ടേബ്ള്‍ അദ്ദേഹം നിര്‍മിക്കുകയുണ്ടായി. ഈ ടേബ്ളിന്
ഏഷ്യയിലും ചൈനയിലും വ്യാപകമായ പ്രചാരം ലഭിച്ചു. ശേഷം ഇവക്കടുത്തായി വേറെയും
ചെറു ഒബ്സര്‍വേറ്ററുകള്‍ സ്ഥാപിക്കപ്പെട്ടു. താമസിയാതെ ആ പരിസരത്തുതന്നെ
ഒരു വന്‍ ലൈബ്രറിയും ഉയര്‍ന്നുവന്നു.
400,000
ലേറെ ഗ്രന്ഥങ്ങളുണ്ടായിരുന്ന ഈ ഗ്രന്ഥാലയം അവസാനം ഇറാഖില്‍ നിന്നും
പേര്‍ഷ്യയില്‍ നിന്നും വന്ന മംഗോളിയക്കാര്‍ കവര്‍ച്ച ചെയ്യുകയായിരുന്നു.
ഹലാകുഖാന്റെ മന്ത്രിയായിരുന്ന ഥൂസി സ്വയം ഒരുവന്‍ വാനനിരീക്ഷണ കേന്ദ്രം
പടുത്തുടര്‍ത്തുകയുണ്ടായി. ടോളമിയുടെയും യൂക്ളിഡിന്റെയും ഗ്രന്ഥങ്ങള്‍ക്ക്
വ്യാഖ്യാനമെഴുതിയ ഇദ്ദേഹത്തിന്റെ കൃതികള്‍ക്ക് നവോത്ഥാനകാലത്ത് യൂറോപ്പില്‍
ഏറെ സ്വീകാര്യതലഭിച്ചു. ചന്ദ്രന്റെ സ്വാധീനം മൂലമുണ്ടാകുന്ന
വേലിയേറ്റങ്ങളെക്കുറിച്ച് ആദ്യമായി വിശദീകരണം നല്‍കിയ ഒരു
വ്യക്തിയായിരുന്നു അബൂ മഅറാ എന്ന ശാസ്ത്രജ്ഞന്‍. ഈജിപ്തുകാരനായ ഇബ്നുയൂനുസ്
തയ്യാറാക്കിയ അല്‍സീജില്‍ ഹാകിമി(ഹാകിമിയുടെ പട്ടികകള്‍)യും
വാനിരീക്ഷണങ്ങളില്‍ സ്വാധീനം ചെലുത്തിയ സൃഷ്ടിയാണ്. യൂറോപ്യരെ ഘടികാരം
കണ്ടുപിടിക്കുന്നതിലേക്ക് നയിച്ചത് ഇതിലെ ചില പരാമര്‍ശങ്ങളായിരുന്നുവത്രെ.
യവനഅബദ്ധങ്ങള്‍ക്കെതിരെ
ചോദ്യമുയര്‍ത്തിയ മഹാനായിരുന്നു സ്പാനിഷ് പണ്ഡിതനായ അല്‍മജ്രീത്ത്വി.
നക്ഷത്രങ്ങളെക്കുറിച്ച് പഠനം നടത്തിയ അദ്ദേഹം ഖവാരിസ്മിയുടെ ഗോളപട്ടിക
പരിഷ്കരിച്ചു. ഇസ്ലാമിക നാഗരികതയുടെ വിളനിലമായിരുന്ന സ്പെയ്നിന്റെ തന്നെ
മറ്റൊരു പുത്രനായിരുന്നു സര്‍ഖാലി. നക്ഷത്രങ്ങളുടെ അകലം കണ്ടുപിടിക്കാന്‍
പര്യാപ്തമായ ആസ്ട്രോ ലാബുകള്‍ കണ്ടുപിടിച്ചത് ഇദ്ദേഹമാണ്.
ഗോളശാസ്ത്രത്തില്‍ തന്റെ 'കിതാബുല്‍ ഹൈഅ'യും ഒട്ടേറെ പുതിയ
കണ്ടുപിടുത്തങ്ങളിലേക്ക് സൂചന നല്‍കുന്നു. എല്ലാ ഗ്രഹങ്ങളും സദാ ഭൂമിയെ
ചുറ്റിക്കൊണ്ടിരിക്കുന്നുവെന്ന ടോളമിയുടെ തെറ്റായ കണ്ടുപിടുത്തത്തെ
ആദ്യമായി എതിര്‍ത്തത് സ്പാനിഷ് മുസ്ലിംകളാണ്. അല്‍ബിത്റൂജിയും
ടോളമിചിന്തകള്‍ക്കെതിരായിരുന്നു.
ഹിജ്റ 184
കളില്‍ അഹ്മദ് നഹാവന്ദി സൂര്യചലനങ്ങള്‍ ആസ്പദമാക്കി നടത്തിയ
നിരീക്ഷണങ്ങളായിരുന്നു മുസ്ലിം ഗോളശാസ്ത്രത്തിലെ പ്രഥമ വാന നിരീക്ഷണങ്ങള്‍.
ശേഷം ഇതൊരു ശാസ്ത്രശാഖയായി ഉയരാന്‍ കാലങ്ങള്‍തന്നെ വേണ്ടിവന്നു.
അബ്ബാസുബ്നു ഫിര്‍നാസ്, ജാബിറുബ്നു ഫലഹ് തുടങ്ങിയവരായിരുന്നു ഇക്കാലത്തെ
മുസ്ലിം ജ്യോതിശാസ്ത്രജ്ഞര്‍. സ്വന്തം വീടുകളും പുറംദേശങ്ങളും കുന്നുകളും
മിനാരങ്ങളുമായിരുന്നു ഇക്കാലമവര്‍ വാനനിരീക്ഷണകേന്ദ്രങ്ങളായി
ഉപയോഗിച്ചിരുന്നത്. കൈറോവിലെ മുഖത്തംകുന്നില്‍ വെച്ചായിരുന്നു ഇബ്നുയൂനുസ്
തന്റെ നിരീക്ഷണങ്ങള്‍ നടത്തിയിരുന്നത്. 9-ാം നൂറ്റാണ്ടില്‍ ഖുറാസാനില്‍
ജീവിച്ചിരുന്ന അബൂമഅ്ശര്‍ ജ്യോതിഷത്തിലും ജ്യോതിശാസ്ത്രത്തിലും ശ്രദ്ധ
ചെലുത്തിയിരുന്നു. ഇക്കാലം ബഗ്ദാദില്‍ ശോഭിച്ചുനിന്ന ഇദ്ദേഹത്തിന്റെ
കൃതികള്‍ 12-ാം നൂറ്റാണ്ടില്‍ തന്നെ മൊഴിമാറ്റം നടത്തപ്പെടുകയായി. ഖീവി ീള
ടല്ശഹഹമ, അറലഹമൃറ ീള യമവേ തുടങ്ങിയവരായിരുന്നു വിവര്‍ത്തനത്തിനു
മുന്നോട്ടുവന്നത്. ജനനം, ജീവിതം, മരണം എന്നിവ വേണ്ടവിധം ന്യായീകരിച്ച
അബൂമഅ്ശര്‍ വേലിയേറ്റം, വേലിയിറക്കം തുടങ്ങിയവ സംബന്ധിച്ചും വിവരങ്ങള്‍
നല്‍കുന്നുണ്ട്. ചന്ദ്രന്റെ ചലനത്തെക്കുറിച്ച് അദ്ദേഹം ഗഹനമായ പഠനം തന്നെ
നടത്തി. നേരത്തെ പരാമര്‍ശിക്കപ്പെട്ട ഉലൂഗ്ബേഗ് തിമൂര്‍ രാജവംശത്തിലെ ഒരു
മഹാരാജാവാണ്. സമര്‍ഖന്ദിനെ ഇസ്ലാമിക നാഗരികതയുടെ കേന്ദ്രമാക്കി വളര്‍ത്തിയ
ഇദ്ദേഹം ഗോളശാസ്ത്രത്തിന്റെ വളര്‍ച്ചക്ക് ഏറെ സംഭാവനകള്‍ നല്‍കി.
വാനനിരീക്ഷണം സുഗമമാക്കാന്‍ സമര്‍ഖന്ദിലും ഒബ്സര്‍വേറ്ററികള്‍ സ്ഥാപിച്ചു.
മറ്റു പലരെയും പോലെ ഉലൂഗ് ബേഗും ടോളമിയന്‍ ചിന്താശൂന്യതകളെ നഖശിഖാന്തം
എതിര്‍ത്തു. നക്ഷത്രങ്ങള്‍ സംബന്ധിച്ച ഒരു പട്ടികയും രൂപപ്പെടുത്തി.
അലിഖാദി സാദറൂമി, കോശ്ജോ തുടങ്ങിയവര്‍ ഉസ്മാനീ ഭരണകാലത്തെ
ഗോളശാസ്ത്രജ്ഞരാണ്. ഇവരുടെ പ്രശസ്ത കൃതികളായിരുന്ന 'അല്‍മുലഖ്ഖസ്വ് ഫില്‍
ഹൈഅ', 'രിസാല ഫില്‍ ഹൈഅ' എന്നിവ ഗോളശാസ്ത്രത്തിലെ ശ്രദ്ധേയമായ രചനകളാണ്.
ഗോളശാസ്ത്ര ഗവേഷണത്തിന് ഏറെ ഉപകരിക്കുന്ന ധാരാളം ആധികാരിക ഗ്രന്ഥങ്ങളെഴുതിയ
മുസ്ലിം പണ്ഡിതരുടെ നിസ്സീമമായ സംഭാവനകള്‍ ലോകത്ത് ഇന്നും ശേഷിക്കുന്നു.
ഇതിലൂടെ അനുനിമിഷം ലോകം പുതിയ ഭൂമികയിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്.
No comments:
Post a Comment