വാരിയംകുന്നത്തും മലയാള രാജ്യവും: പുസ്തകം പ്രകാശനം ചെയ്തു പാണക്കാട്: ഡോ. മോയിൻ മലയമ്മ രചിച്ച വാരിയംകുന്നത്തും മലയാള രാജ്യവും എന്ന പുസ്തകം പ്രകാശനം ചെയ്തു. മലപ്പുറം പാണക്കാട് ഹാദിയ സി.എസ്.ഇ കോണ്‍ഫ്രന്‍സ് ഹാളില്‍ വച്ചു നടന്ന പരിപാടിയില്‍ എഴുത്തുകാരന് പി. സുരേന്ദ്രന് കെ.ഇ.എന്‍ കുഞ്ഞഹമ്മദിനു കോപി നല്‍കിയാണ് പ്രകാശനം ചെയ്തത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ മുന്‍നിര്‍ത്തി മലബാര്‍ സമര പോരാട്ടങ്ങളെ സമഗ്രമായി അന്വേഷിക്കുന്നതാണ് പുസ്തകം. 25 അദ്ധ്യായങ്ങള്‍ വരുന്ന പുസ്തകം 1921 മായി ബന്ധപ്പെട്ട് പലരും ഉയര്‍ത്തിക്കാട്ടുന്ന തെറ്റിദ്ധാരണകളെ കൃത്യമായി തുറന്നുകാട്ടുന്നു. ചെമ്മാട് പുക്പ്ലസാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. എഴുതപ്പെട്ട മലബാര്‍ സമര ചരിത്രം പൂര്‍ണമാവണമെങ്കില്‍ അതിലെ കീഴാള പങ്കാളിത്തം കൂടുതല്‍ അന്വേഷിച്ച് പുറത്തുകൊണ്ടുവരേണ്ടതാണെന്നും പ്രകാശനത്തോടനുബന്ധിച്ച് നടന്ന ചരിത്ര സെമിനാര്‍ അഭിപ്രായപ്പെട്ടു. സമരത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായാണ് പുസ്തക പ്രസാധനവും സെമിനാറും സംഘടിപ്പിച്ചത്. സമരഭൂമികളെ കുറിച്ചുള്ള പുതിയ പ്രാദേശിക പഠനങ്ങള്‍ വലിയ ധര്‍മം നിര്‍വഹിക്കുന്നതായി കെ.ഇ.എന്‍ പറഞ്ഞു. സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരത്തിലെ ദളിത് പങ്കാളിത്തം കൂടുതല്‍ ഊന്നല്‍ നല്‍കപ്പെടേണ്ടതാണെന്ന് പി. സുരേന്ദ്രന് വിഷയാവതരണത്തില്‍ പറഞ്ഞു. റഹ്മാന് കിടങ്ങയം, സൈതാലി പി.പി എന്നിവര്‍ സംസാരിച്ചു. അലിഗഢ് മലപ്പുറം കാമ്പസ് ഡയറക്ടര്‍ ഡോ. ഫൈസല്‍ ഹുദവി മാരിയാട് ആധ്യക്ഷ്യം വഹിച്ച പരിപാടിയില്‍ ഡോ. വി. ഹിക്മത്തുല്ല, സമീല്‍ ഇല്ലിക്കല്‍, ടി. അബൂബക്ര് ഹുദവി, റഫീഖ് ഹുദവി കാട്ടുമുണ്ട, സൈനുദ്ദീന്‍ ഹുദവി മാലൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ശരീഫ് ഹുദവി ചെമ്മാട് സ്വാഗതവും ശാഫി ഹുദവി ചെങ്ങര നന്ദിയും പറഞ്ഞു.
|
No comments:
Post a Comment