അത്തിപ്പറ്റ ഉസ്താദ്: മലയാളത്തിലെ സൂഫീ ആക്ടിവിസം
സൂഫിസത്തെക്കുറിച്ച മിഥ്യാധാരണകള്‍ തിരുത്താനും തസ്വവ്വുഫിന്റെ ആത്മാവ് തിരിച്ചറിയാനും ഏറെ ഉപകാരപ്രദമാണ് പ്രമുഖ സൂഫിവര്യന്‍ അത്തിപ്പറ്റ മുഹ്യിദ്ദീന്‍ കുട്ടി മുസ്ലിയാരെ പഠിക്കുന്നത്. ആധുനിക ലോകത്ത് ഒരു മനുഷ്യന്‍ എങ്ങനെ ജീവിക്കണമെന്ന വലിയ സന്ദേശം ആ ജീവിതം നമുക്ക് പകര്‍ന്നുതരുന്നു. സ്വാര്‍ത്ഥതയും ദുരഭിമാനവും ഹൃദയങ്ങളെ കാര്‍ന്നുതിന്നുന്ന പുതിയ പരിസരത്തില്‍ നിഷ്‌കളങ്കമായ സ്നേഹംകൊണ്ട് ജനഹൃദയങ്ങളെ കൂട്ടിയിണക്കുന്നത് സൂഫികളാണ്. സൂഫിസം വേറിട്ട ഒരു വഴിയല്ല; അത് സമ്പൂര്‍ണ മനുഷ്യനെ സൃഷ്ടിക്കുന്ന ഒരു പാഠശാലയാണെന്ന് ഉസ്താദ് സ്വന്തം ജീവിതത്തിലൂടെ പഠിപ്പിച്ചു.
കേരളത്തിലെ സൂഫിസത്തിന്റെ ധന്യമായൊരു വായനാണ് ആ മഹല്‍ ജീവിതം. മഖ്ദൂമുമാരും മമ്പുറം തങ്ങന്മാരും പരിചയപ്പെടുത്തിയ തസ്വവ്വുഫിന്റെ ക്രിയാത്മക ലോകം ആ ജീവിത ചിന്തകളിലൂടെ തരളിതമാകുന്നതു കാണാം. ദുര്‍ഗ്രഹമായ തത്ത്വങ്ങളും സിദ്ധാന്തങ്ങളും പറയുന്നതിനു പകരം തസ്വവ്വുഫിനെ സരളമായി ജീവിച്ചുകാണിച്ചുവെന്നതാണ് ആ ജീവിതത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഉപദേശങ്ങള്‍ക്കപ്പുറം ആ ജീവിതം കണ്ടുകൊണ്ടാണ് ജനങ്ങളില്‍ മാറ്റങ്ങളുണ്ടായത്. പ്രവാചകാനുചരന്മാരെ പോലെയും ഉന്നത ശീര്‍ഷകരായ അവരുടെ പിന്‍ഗാമികളെ പോലെയും പുതിയ കാലത്ത് ജീവിക്കല്‍ സാധ്യമാണോ എന്ന ചോദ്യത്തിനുള്ള മറുപടികൂടിയായിരുന്നു ഉസ്താദ്. തിരുസുന്നത്തുകളുടെ ജീവിതാവിഷ്‌കാരമായിരുന്നു ആ ജീവിതം. നൂറ്റാണ്ടില്‍ അപൂര്‍വമായി മാത്രം കടന്നുവരുന്ന യുഗപുരുഷന്മാരുടെ ഗണത്തില്‍ ഒരാളായി വേണം അവരെ മനസ്സിലാക്കാന്‍. ജീവിതംകൊണ്ട് തസ്വവ്വുഫിനെ വരച്ചുകാണിച്ച ബഹുമാന്യ സൂഫീപണ്ഡിതനായിരുന്നു അദ്ദേഹം.
ശാദുലി സരണി കേരളത്തില്‍ വിവിധ വഴികളിലൂടെ കടന്നുവന്നത് കാണാം. നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ മലബാറില്‍ അതിന്റെ പ്രചാരത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. സിറിയന്‍ ആത്മജഞാനികളായ ശൈഖ് അബ്ദുല്‍ ഖാദിര്‍ ഈസാ (റ) യുടെയും ശൈഖ് സഅ്ദുദ്ദീന്‍ മുറാദി (റ) ന്റെയും താവഴിയില്‍ ഉസ്താദിലൂടെ അത് കടന്ന് വന്നത് മലബാറിന്റെ സൂഫീചരിത്രത്തില്‍ പുതിയൊരു ഉണര്‍വ് സൃഷ്ടിച്ചു. ജീവിതത്തിന്റെ ലക്ഷ്യം മനസ്സിലാക്കാതെ വഴികേടിലായി ജീവിച്ച വലിയൊരു സമൂഹം ജീവിത വിശുദ്ധിയിലേക്ക് തിരിച്ചുനടക്കാന്‍ ഇതിലൂടെ വഴിയൊരുങ്ങി. സാധാരണക്കാര്‍ക്കിടയിലും പണ്ഡിതന്മാര്‍ക്കിടയിലും അഭ്യസ്ഥവിദ്യര്‍ക്കിടയിലും വലിയ വേരോട്ടമാണ് ഇതിന് ലഭിച്ചിരുന്നത്. ശാദുലീ ഖലീഫയായിരുന്ന ഉസ്താദ് അവര്‍ക്കുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി.
ഈ നൂറ്റാണ്ടില്‍ കേരളം ദര്‍ശിച്ച പ്രമുഖ സൂഫീപണ്ഡതരില്‍ ഒരാളായി വേണം അത്തിപ്പറ്റ മുഹ്യിദ്ദീന്‍ കുട്ടി മുസ്ലിയാരെ മനസ്സിലാക്കാന്‍. സൂഫിസം ഏറെ തെറ്റിദ്ധരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് അതിനെ സ്വന്തം കര്‍മപഥത്തിലൂടെ പുനരവതരിപ്പിച്ച മഹാനായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് മനസ്സിലാകാത്ത സിദ്ധാന്തങ്ങളോ ദുര്‍ഗ്രാഹ്യമായ ആശയങ്ങളോ അല്ല തസ്വവ്വുഫ്, മറിച്ച് പ്രവാചകരുടെ സുന്നത്തിലധിഷ്ഠിതമായ സമ്പൂര്‍ണ ഇസ്ലാമിക ജീവിത വഴിയാണെന്ന് അവര്‍ സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്നു. ആധുനിക കാലത്ത് ഒരു മുസ്ലിം എങ്ങനെയായിരിക്കണമെന്ന് വരച്ചുകാണിക്കുന്നതായിരുന്നു ആ ജീവിതം.
ജീവിതകാലം മുഴുവന്‍ തസ്വവ്വുഫിനെ നെഞ്ചോട് ചേര്‍ത്തുപിടിച്ച ഉസ്താദ് തനിക്കു ശേഷവും അത്തരം ചിന്തകള്‍ കേരളത്തില്‍ സജീവമായി നിലനില്‍ക്കാന്‍ ആഗ്രഹിച്ചു. തസ്വവ്വുഫ് സമഗ്രമായി പഠിപ്പിക്കപ്പെടുകയും ആത്മീയ ജീവിതം പരിശീലിപ്പിക്കപ്പെടുകയും ചെയ്യുന്ന ഒരു കേന്ദ്രം എന്ന സ്വപ്നം ആരംഭിക്കുന്നത് അവിടെനിന്നാണ്. തന്റെ ജീവിതത്തിന്റെ സായാഹ്നത്തിലാണെങ്കിലും ആ സ്വപ്നം സാക്ഷാത്കരിച്ചുകൊണ്ടാണ് ഉസ്താദ് ലോകത്തോട് വിടപറഞ്ഞത്. അത്തിപ്പറ്റ തന്റെ വീടിനടുത്ത് തല ഉയര്‍ന്നുനില്‍ക്കുന്ന ഫത്ഹുല്‍ ഫത്താഹ് ആത്മീയ പഠന കേന്ദ്രം വലിയൊരു ചിന്താപദ്ധതിയുടെ ഭാഗമായി രൂപം കൊണ്ടതായിരുന്നു. 2017 ലാണ് ഇത് ഉല്‍ഘാടനം ചെയ്യപ്പെട്ടത്.
തസ്വവ്വുഫ് അപരവത്കരിക്കപ്പെടുകയും സംശയദൃഷ്ടിയോടെ മാത്രം സമീപിക്കപ്പെടുകയും ചെയ്യുന്ന പുതിയ കാലത്ത് 'തസ്വവ്വുഫ് തന്നെയാണ് പരിഹാരം' എന്ന വലിയൊരു ആശയം ഉയര്‍ത്തിപ്പിടിച്ചാണ് ഉസ്താദ് ഇങ്ങനെയൊരു പദ്ധതിക്ക് മുന്നിട്ടിറങ്ങിയത്. തസ്വവ്വുഫ് പലരും ആരോപിക്കുന്നതുപോലെ പുതിയൊരു സൃഷ്ടിയല്ല. മറിച്ച്, അത് ഇസ്ലാമിന്റെ സമ്പൂര്‍ണതയാണ്. പ്രവാചകീയ സുന്നത്തുകളുടെ സമഗ്രമായ അനുവര്‍ത്തനമാണ് അതിന്റെ ആവിഷ്‌കാരം. ഭൗതിക ആശയങ്ങളുടെമേല്‍ രൂപംകൊണ്ട ചിന്താപ്രസ്ഥാനങ്ങളെല്ലാം ആത്മീയ പാപ്പരത്വം നേരിടുന്നത് എവിടെയും പ്രകടമാണ്. പുതിയ തലമുറ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ധൈഷണിക പ്രതിസന്ധിയും ആത്മീയതയുടെ കുറവുതന്നെ. ഈയൊരു സാഹചര്യത്തില്‍ വരുംതലമുറകളെ വഴിനടത്തുക തസ്വവ്വുഫായിരിക്കുമെന്ന് ദീര്‍ഘദര്‍ശനം നടത്തുകയാണ് ഉസ്താദ്.
സമൂഹത്തില്‍ എല്ലാവരോടുമുള്ള ബാധ്യതകള്‍ പൂര്‍ണാര്‍ത്ഥത്തില്‍ നിറവേറ്റുന്ന ഒരു മനുഷ്യനായി ജീവിക്കാനുള്ള പരിശീലനമാണ് ഇന്ന് ആളുകള്‍ക്ക് ആവശ്യം. സൂഫികള്‍ ഏതൊരു സമൂഹത്തിലും നടത്തിയിരുന്നത് ഈയൊരു പരിശീലനമാണ്. പരസ്പര സ്നേഹം, സാഹോദര്യം, സഹവര്‍ത്തിത്വം, കാരുണ്യം, ബഹുമാനം തുടങ്ങി സര്‍വ്വ ഉത്തമ മൂല്യങ്ങളും സമ്മേളിച്ച ഒരു തലമുറ എന്നും നിലനില്‍ക്കേണ്ടതുണ്ട്. സഹജീവികളോടും ജീവജാലങ്ങളോടും പരിസ്ഥിതിയോടു പോലും കരുണ കാണിക്കുന്ന തലമുറ. ഒരാളും എവിടെയും വേദനിക്കുകയും കഷ്ടപ്പെടുകയും ചെയ്യാത്ത സാഹചര്യങ്ങളുണ്ടാകണം. എവിടെയെങ്കിലും ആരെങ്കിലും സങ്കടപ്പെടുന്നുണ്ടെങ്കില്‍ അവരുടെ കണ്ണീരൊപ്പാന്‍ ആളുകളുണ്ടാകണം. ഫത്ഹുല്‍ ഫത്താഹ് എന്ന ഒരു ചിന്തയിലൂടെ തസ്വവ്വുഫിന്റെ ഇത്തരം പ്രായോഗിക ആവിഷ്‌കാരമാണ് ഉസ്താദ് സ്വപ്നം കണ്ടിരുന്നത്.
ഡിസംബര്‍ ആറു മുതല്‍ ഒമ്പതു വരെയുള്ള തിയ്യതികളില്‍ ഉസ്താദിന്റെ ഒന്നാം ആണ്ടുനേര്‍ച്ച അത്തിപ്പറ്റ ഫത്ഹുല്‍ഫത്താഹില്‍ വെച്ച് വളരെ സമുചിതമായി നടക്കുകയാണ്. കേരള മുസ്ലിംകള്‍ക്ക് ആത്മീയ വെളിച്ചം നല്‍കിയ ആ മഹാന്റെ സാന്നിധ്യത്തില്‍ ധന്യത നേടാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.
No comments:
Post a Comment