ഹരംപിടിപ്പിക്കുന്ന ഓര്‍മകളാണ് കുട്ടിക്കാലത്തെ പെരുന്നാളുകള്‍. അന്നൊക്കെ വലിയ ആഘോഷ ദിവസങ്ങളായിരുന്നു അത്. സന്തോഷിക്കാനും ആനന്ദിക്കാനും കുടുംബങ്ങളെ സന്ദര്‍ശിക്കാനുമുള്ള അസുലഭ മുഹൂര്‍ത്തങ്ങള്‍. അതാണ് ഞങ്ങള്‍ കുട്ടികള്‍ ഇഷ്ടപ്പെട്ടിരുന്നതും. പക്ഷെ, ഇന്ന് അതിന്റെ പൊലിമയും ആത്മീയതയുമെല്ലാം കുറഞ്ഞുവന്നിട്ടുണ്ടല്ലോ.
കടലുണ്ടി നഗരമാണ് ഞങ്ങളുടെ ഔദ്യോഗിക നാട്. തീരദേശമായതിനാല്‍ മറ്റു പ്രദേശങ്ങളിലുള്ളതിനെക്കാള്‍ കൂടുതല്‍ ആഘോഷ പരിപാടികള്‍ പെരുന്നാളിനോടനുബന്ധിച്ച് ഇവിടെ നടക്കും. തീരദേശവാസികളുടെ കാര്യം അങ്ങനെയാണല്ലോ. വിശ്വാസ കാര്യങ്ങളില്‍ അവര്‍ക്ക് വല്ലാത്ത ആത്മാര്‍ത്ഥതയായിരിക്കും. നോമ്പുകളെപോലെ പെരുന്നാള്‍ രാവുകളും ജീവിപ്പിക്കുന്ന ഒരു അവസ്ഥാവിശേഷമാണ് അന്നുണ്ടായിരുന്നത്. സന്തോഷം കാരണം അന്നൊന്നും ഉറക്കവും വന്നിരുന്നില്ല. പെരുന്നാള്‍ രാവുകളില്‍ പ്രത്യേകം മിഠായിക്കടകളും ചന്തകളും തന്നെ പ്രവര്‍ത്തിച്ചിരുന്നു.
ഉപ്പ സയ്യിദ് ഹസന്‍ കുഞ്ഞിക്കോയ തങ്ങള്‍ക്ക് പെരുന്നാള്‍ അനുഷ്ഠാനങ്ങളിലെല്ലാം വലിയ സൂക്ഷ്മതയും കാര്യക്ഷമതയുമായിരുന്നു. നോമ്പുകാലമായാല്‍ ഉപ്പ ദര്‍സ് നിര്‍ത്തി നാട്ടില്‍ വരും. അപ്പോള്‍തന്നെ ഞങ്ങള്‍ കുട്ടികള്‍ക്കുള്ള പെരുന്നാള്‍ ഡ്രസുകള്‍ കൊണ്ടുവരും. പെരുന്നാളിന് പുതിയ വസ്ത്രംതന്നെ ധരിക്കണമെന്നൊരു തീര്‍പ്പ് അങ്ങനെ ഉപ്പ തന്നു. ഉപ്പാക്കു അതില്‍ വലിയ നിര്‍ബന്ധവുമായിരുന്നു. അതിന്നും നിലനില്‍ക്കുന്നു.
പെരുന്നാള്‍ ദിനങ്ങളില്‍ അതിരാവിലെത്തന്നെ എഴുന്നേല്‍ക്കും. പുതിയ സോപ്പും എണ്ണയും ഉപയോഗിച്ച് കുളിക്കും. അതൊക്കെ വലിയൊരു സംഭവമായിരുന്നു. പുതിയത് ലഭിക്കുകയെന്നത് അന്നൊക്കെ പെരുന്നാളുകളോടനുബന്ധിച്ചേ ഉണ്ടാവുകയും ചെയ്യുമായിരുന്നുള്ളൂ. കുളി കഴിഞ്ഞാല്‍ പിന്നെ ഭക്ഷണത്തിനു ശേഷം ഉപ്പയോടൊപ്പം പള്ളിയിലേക്കുള്ള പോക്കാണ്. അവിടെ നിന്ന് മൈക്കിനു മുമ്പിലിരുന്ന് ഉച്ചത്തില്‍ തക്ബീര്‍ ചൊല്ലും. നിസ്‌കാരം കഴിഞ്ഞാല്‍ പിന്നെ കുടുംബ യാത്രയാണ്. ഉപ്പയാണ് അതിന് നേതൃത്വം നല്‍കുക. പ്രധാനപ്പെട്ട കുടുംബക്കാരുടെയെല്ലാം വീടുകളില്‍ കയറിയിറങ്ങും. ബന്ധം പുതുക്കും. ഭക്ഷണം കഴിക്കും. പലപ്പോഴും ഞങ്ങള്‍ കുട്ടികള്‍ക്ക് പെരുന്നാള്‍ പണം എന്ന പേരില്‍ ചില്ലറ പണം ലഭിക്കുമായിരുന്നു. അതാണ് ഈ യാത്രകളെ ഞങ്ങള്‍ക്ക് കൂടുതല്‍ ഹൃദ്യമാക്കിയിരുന്നത്. പാണക്കാട് കുടുംബവുമായി ഉമ്മ വഴി ബന്ധമുണ്ടായിരുന്നതിനാല്‍ അവിടെയും ഞങ്ങള്‍ പോയിരുന്നു. ഉപ്പയും ഹൈദരലി തങ്ങളും ജാമിഅ നൂരിയ്യയില്‍ ക്ലാസ് മേറ്റുകളായതിനാല്‍ ആ ബന്ധവും ശക്തമായിരുന്നു.
പിന്നീടുള്ള ദീര്‍ഗ കാലം ദര്‍സ് കാലങ്ങളുടെതാണ്. പതിനൊന്നു മാസവും അന്ന് പഠനാര്‍ത്ഥം പുറത്താണെങ്കിലും നോമ്പിനും പെരുന്നാളിനും വീട്ടില്‍തന്നെ എത്തും. കുട്ടിക്കാലത്തെ ഉപ്പ ശീലിപ്പിച്ച മുറകളെല്ലാം പരമാവധി തെറ്റാതെത്തന്നെ നിലനിര്‍ത്തും. കുടുംബ ബന്ധങ്ങളെല്ലാം നിലനിര്‍ത്തും. പരമാവധി എല്ലാവരെയും സന്ദര്‍ശിക്കും. പഴയകാല സ്‌നേഹ ബന്ധങ്ങളും ഉപ്പായുടെ സൗഹൃദ ബന്ധങ്ങളുമെല്ലാം അന്ന് കാത്തു സംരക്ഷിക്കപ്പെട്ടിരുന്നു.
കോഴിക്കോട് ഖാസി ഹൗസിലെ പെരുന്നാള്‍ ഓര്‍മകള്‍ക്ക് അഞ്ചു വര്‍ഷം തികയുകയാണിപ്പോള്‍. കുട്ടിക്കാല ഓര്‍മകളില്‍നിന്നും തീര്‍ത്തും ഭിന്നമായ ഒരു അനുഭവമാണിത്. തിരക്കുകളുടെ മഹാലോകം. മാസപ്പിറവി ഉറപ്പിക്കല്‍ എല്ലാ പണ്ഡിതരുമായി ചര്‍ച്ച ചെയ്താണ് തീരുമാനിക്കാറ്. പാണക്കാട് തങ്ങളും ചെറുശേരി ഉസ്താദുമായും ചര്‍ച്ച ചെയ്യും. എന്നാലും വാര്‍ത്തകള്‍ ഔദ്യോഗികമായി പുറത്തുവിടുന്നത് കോഴിക്കോട് ഖാസി ഹൗസില്‍ നിന്നുതന്നെയാണ്.
ഖാസിയായതിനു ശേഷവും പെരുന്നാളിന് പഴയ കാല ചിട്ടകള്‍ നിലനിര്‍ത്താന്‍ ശ്രദ്ധിക്കാറുണ്ട്. ചാലിയം പള്ളിയില്‍ ദര്‍സും നടത്തിവരുന്നതിനാല്‍ അവിടെ ഖുഥുബ നിര്‍വഹിച്ചുകൊണ്ടാണ് ഓരോ പെരുന്നാളുകളും തുടങ്ങുന്നത്. ശേഷം, വീട്ടില്‍ വരും. കുട്ടികളെയും കൂട്ടി കുടുംബങ്ങള്‍ സന്ദര്‍ശിക്കും. മത സൗഹാര്‍ദ പരിപാടികളോ മറ്റോ ഉണ്ടെങ്കില്‍ പോകും. എങ്കിലും, വീട്ടുകാരോടും കുടുംബത്തോടുമൊപ്പമാണ് പെരുന്നാളുകള്‍ പ്രധാനമായും കഴിച്ചുകൂട്ടാറ്. തിരക്കുകള്‍ക്കിടയില്‍ അന്നേ ദിവസം കുടുംബത്തിനായിത്തന്നെ മാറ്റിവെക്കും.
പഴയകാല പെരുന്നാളുകളുടെ ആത്മാവും അന്തസ്സുമെല്ലാം ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ആ ആത്മീയ സുഭിക്ഷതയും സമൃദ്ധിയും തിരികെ കൊണ്ടുവരികയും എല്ലാവരോടും സ്‌നേഹവും സാഹോദര്യവും നിലനിര്‍ത്തുകയുമാണ് ഇന്ന് നാം ചെയ്യേണ്ടത്. അതായിരിക്കണം ഈ പെരുന്നാളിന്റെ സന്ദേശം. (കോഴിക്കോട് ഖാസി ജമലുല്ലൈലി തങ്ങളുടെ സ്മരണകള്‍)
No comments:
Post a Comment