Monday, February 10, 2014

സമൂഹശാസ്ത്രം

സമൂഹശാസ്ത്രം (ടീരശീഹീഴ്യ) മുസ്ലിം ചിന്തയുടെ സൃഷ്ടിയാണ്. മധ്യകാലത്ത് ശാസ്ത്രപുരോഗതിയുടെ അമരത്ത് വാണ അറബികളാണ് ലോകത്തിന് ഈ ശാസ്ത്രശാഖ പരിചയപ്പെടുത്തിയത്. ഏറെ പ്രായം വന്നിട്ടില്ലാത്ത ഈ ശാസ്ത്രമിന്നും പുരോഗതിയുടെ നവവിഹായസ്സുകള്‍ തേടിക്കൊണ്ടിരിക്കുന്നു. സാമൂഹ്യജീവിതത്തിന്റെ നിയമാവലികളാണ് പ്രതിപാദ്യവിഷയം. എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ലോകപ്രശസ്ത സര്‍വജ്ഞാനിയും ദാര്‍ശനികനും സാമൂഹ്യശാസ്ത്രജ്ഞനും നിയമപണ്ഡിതനും രാഷ്ട്രതന്ത്രജ്ഞനുമായ അബ്ദുര്‍റഹ്മാനുബ്നു ഖല്‍ദൂനാണ് ഉപജ്ഞാതാവ് അല്ലെങ്കില്‍ സമുദ്ധാരകന്‍. പുരോഗമന ചിന്തയുടെ കളിത്തൊട്ടിലായിരുന്ന ഗ്രീസില്‍ നിന്ന് തുടങ്ങി മുസ്ലിംകളിലെത്തിയ ഈ ശാസ്ത്രം അതിരുകളില്ലാതെ വ്യാപിക്കുകയായിരുന്നു. ലോകസംസ്കൃതികളുടെയും മനുഷ്യനാഗരികതകളുടെയും ചുരുളുകഴിയുന്ന ജ്ഞാനശേഖരത്തിന്റെ സര്‍വവിധ ബഹുമതികളും ഇബ്നുഖല്‍ദൂനിനുതന്നെയാണ്.

സോഷ്യോളജി എന്ന ഈ പേരിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഫ്രാന്‍സ് സമൂഹശാസ്ത്രജ്ഞന്‍ അഗസ് കോംറ്റെ (അൌഴൌ ഇീാലേ) ആയിരുന്നെങ്കിലും ഉള്ളടക്കം നിശ്ചയിച്ചത് അറബികളായിരുന്നു. 19-ാം നൂറ്റാണ്ടുവരെ ഇബ്നുഖല്‍ദൂനിന്റെ ജ്ഞാനങ്ങള്‍ ആച്ഛാദിതമായിത്തന്നെ കിടന്നു. അതിനുശേഷം ലോകത്തിനുമുമ്പില്‍ അദ്ദേഹത്തിന്റെ സാമൂഹ്യശാസ്ത്രചിന്തകള്‍ അനാച്ഛാദനം ചെയ്യപ്പെടുകയായി. ഇതോടെ ഈ ശാസ്ത്രശാഖ ഏറെ സമൂഹശ്രദ്ധ പിടിച്ചുപറ്റി. പ്രത്യേകം ആലയങ്ങള്‍ നിര്‍മിക്കപ്പെട്ടു. ആദ്യകാലം മുതലേ സമൂഹവും ജീവിതവുമുണ്ടായിരുന്നെങ്കിലും പുതിയൊരു സംരംഭമായി പിറവിടെയുത്ത ഈ ശാസ്ത്രസംബന്ധമായ ഗവേഷണങ്ങള്‍ നടത്താന്‍ ഇബ്നുഖല്‍ദൂനിനെപോലെ ആരും മുന്നോട്ടുവന്നില്ല.

സംസ്കാരങ്ങള്‍ സമൂഹജ്ഞാനത്തിന്റെ ഉറവിടങ്ങളാണ്. വൈവിധ്യമാര്‍ന്ന ജീവിതശൈലികള്‍ രൂപം കൊള്ളുന്നത് ഇവിടെയാണ്. ഈജിപ്ഷ്യന്‍ സംസ്കാരത്തില്‍ മനുഷ്യന്‍ ജീവിതത്തിന്റെ നാനാവശങ്ങള്‍ അനുധാവനം ചെയ്തിരുന്നു. സുമേറിയയിലും ബാബിലോണിലും തഥൈവ. ഇവിടങ്ങളില്‍ സംസ്കാരങ്ങള്‍ ജനങ്ങള്‍ക്ക് സംഘബോധം നല്‍കി. വഴിവിട്ട ജീവിതത്തിന് മുമ്പില്‍ ദിശാബോധം വളര്‍ത്തി. യുദ്ധങ്ങളും സംഘട്ടനങ്ങളും സമൂഹത്തിന്റെ ഭദ്രത തകര്‍ത്തു. ഛിദ്രതക്കും അരാചകത്വത്തിനും വഴിയൊരുക്കുകയായി.

ചിന്താധാരകള്‍ക്കും ദര്‍ശനങ്ങള്‍ക്കും സമൂഹത്തിന്റെ ഉത്ഥാനപതനങ്ങളില്‍ വ്യക്തമായ പങ്കുണ്ട്. ധാര്‍മികമായും ഭൌതികമായും അവസ്ഥ ഇതുതന്നെ. താന്‍ പ്രതിനിധാനം ചെയ്യുന്ന മതത്തിന്റെ സമഗ്രതയും ആഴവും പോലെയിരിക്കും അനുയായികളുടെ വിശ്വാസം. മതാചാരങ്ങളുടെ കണിശത പോലെയായിരിക്കും അവനതുമായുള്ള പ്രതിപത്തി. സാമൂഹ്യസ്വഭാവമാണ് ജനസമൂഹത്തെ വിജയത്തിലെത്തിക്കുക. പരസ്പര വിശ്വാസം അഖണ്ഡതക്കും അപരിച്ഛിന്നതക്കും നിമിത്തമാകുന്നു. അവയുടെ നഷ്ടം സമൂഹത്തെ ദ്രവിപ്പിക്കുന്നു.

ഇസ്ലാമിന്റെ സാമൂഹ്യാവസ്ഥ ഏറെ സുഭദ്രമാണ്. കിതാബും സുന്നത്തുമാണ് ഇവിടുത്തെ മതാധാരം. സമൂഹബോധമുള്ള അസംഖ്യം മനീഷികള്‍ മുമ്പേ കടന്നുപോയിട്ടുണ്ട്. മുസ്ലിം ചരിത്രകാരന്മാരായിരുന്ന ഥബ്രി, മസ്ഊദി, ഫാറാബി, ഇബ്നുഖല്‍ദൂന്‍, ഇബ്നുഥുഫൈല്‍, ഇബ്നുബത്തൂത്ത തുടങ്ങിയവര്‍ ഈ വിജുഗീഷുകളുടെ ചരിത്രം കോറിയിടുന്നു. എല്ലാം ഘോരഘോരമായ മനുഷ്യജീവിതത്തിന്റെ സ്പന്ദനങ്ങളായിരുന്നു. ഹൃദയസ്പൃക്കായ സാമൂഹ്യചിന്തകള്‍. സാമൂഹ്യശാസ്ത്രത്തിന്റെ ഉപജ്ഞാതാക്കളും പ്രചാരകരുമായിരുന്നു അവര്‍.

ഗതകാല ചരിത്രത്തിന്റെ ശിരസ്സില്‍ പൊന്‍തൂവലുകള്‍ ചാര്‍ത്തിയത് മുസ്ലിം ചരിത്രകാരന്മാരും ഭൂമിശാസ്ത്രജ്ഞാനികളായിരുന്നു. വിവിധയിടങ്ങളിലെ നാഗരികതകള്‍ ഗ്രന്ഥങ്ങളിലൂടെ അവര്‍ കൈമാറി. അബുല്‍ഹസന്‍ അലിഅല്‍മസ്ഊദി ഇവരില്‍ ഏറെ പ്രശസ്തനാണ്. ഇരുപതാം വയസ്സില്‍ തന്നെ ഉലകം ചുറ്റാന്‍ തുടങ്ങിയ അവര്‍ അനവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള വ്യത്യസ്ത സമൂഹങ്ങളുടെ കഥയായിരുന്നു ഇവ. വരുംകാലത്തിന്റെ തണല്‍വൃക്ഷങ്ങളായിരുന്ന ഈ ഗ്രന്ഥങ്ങള്‍ പില്‍ക്കാലത്ത് പുതിയ ശാസ്ത്രീയ രൂപങ്ങളായി പരിണമിക്കുകയായിരുന്നു. 'അഹ്സനുത്തഖാസീം' എന്ന കൃതിയിലൂടെ വ്യത്യസ്ത സമൂഹങ്ങളുടെ ചലനങ്ങള്‍ വിലയിരുത്തിയ ശംസുദ്ദീന്‍ അബൂഅബ്ദില്ലാ മുഹമ്മദ് അല്‍മഖ്ദിസീ സോഷ്യോളജിയുടെ വളര്‍ച്ചക്ക് ഏറെ സംഭാനവകള്‍ അര്‍പ്പിച്ചിട്ടുണ്ട്. കിഴക്കും പടിഞ്ഞാറും യാത്ര നടത്തിയ ഇദ്ദേഹം ഇന്ത്യയുടെയും സ്പെയ്നിന്റെയും സാമൂഹ്യപശ്ചാത്തലങ്ങളെ അവതരിപ്പിക്കുന്നു. ഇന്ത്യ സന്ദര്‍ശിച്ച അല്‍ബിറൂനി തന്റെ താരീഖുല്‍ഹിന്ദിലൂടെ ഇന്ത്യന്‍ സമൂഹത്തെ വിലയിരുത്തുകയാണ്. ഗണിതത്തിലും വൈദ്യത്തിലും ഗോളശാസ്ത്രത്തിലും ഏറെ സംഭാവനകള്‍ അര്‍പ്പിച്ച അദ്ദേഹം തന്റെ 'അല്‍ആസാറുല്‍ ബാഖിയ അനില്‍ ഖുറൂനില്‍ ഖാലിയ' എന്ന കൃതിയിലൂടെയും സമൂഹശാസ്ത്രം പുനരുജ്ജീവിപ്പിക്കുന്നു.

ഹിജ്റ 259 ല്‍ പേര്‍ഷ്യ-തുര്‍ക്കി അതിര്‍ത്തിയിലെ ഫാറാബില്‍ ജനിച്ച അബൂനസ്റുല്‍ ഫാറാബി തത്ത്വജ്ഞാനങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ക്കു പുറമെ സോഷ്യോളജിയിലും മികവ് പുലര്‍ത്തി. അരിസ്റോട്ടിലിനു ശേഷം ലോകം കണ്ട ഏറ്റവും വലിയ ഫിലോസഫറായി പുകള്‍പെറ്റ ഇദ്ദേഹം സമൂഹശാസ്ത്രത്തിന് രണ്ട് കൃതികള്‍ തന്നെ ഉഴിഞ്ഞുവെച്ചിട്ടുണ്ട്. 'അസ്സിയാസത്തുല്‍ മദനിയ്യ', 'ആറാഉ അഹ്ലില്‍മദീന അല്‍ഫാളില' എന്നിവയാണവ. സമൂഹശാസ്ത്രത്തിനു ഏറെ പ്രാധാന്യം നല്‍കുന്ന ഇവ സമൂഹനന്മയുടെ വഴികളും നാഗരിക വിജയത്തിന്റെ രീതികളും വിശദമാക്കുന്നു.

'ആറാഉ അഹ്ലില്‍മദീന അല്‍ഫാളില' എന്ന കൃതി ഫാറാബി രണ്ടായിത്തിരിക്കുന്നു. ഒന്നാം ഭാഗത്തില്‍ തത്ത്വജ്ഞാനത്തെക്കുറിച്ചും അതിന്റെ പ്രഭവഘട്ടങ്ങളെക്കുറിച്ചും വിവരിക്കുന്നു. രണ്ടാം ഭാഗം പൂര്‍ണമായും നാഗരികജീവിതസംബന്ധിയായ വിവരങ്ങളാണ്. മനുഷ്യജീവിതത്തിന്റെ സാംസ്കാരികതലങ്ങളെ കുറിച്ചും പ്രതിപാദിക്കുന്നുണ്ട് ഇതില്‍.
മനുഷ്യന്‍ പരസഹായവും സഹകരണവും ആവശ്യമായവനാണ്. അതിനാല്‍ പ്രകൃതിപരമായിതന്നെ മനുഷ്യന്‍ സമൂഹജീവിയാണ്. തുടര്‍ന്നുവരുന്ന ആവശ്യങ്ങള്‍ അവനെ സമൂഹജീവിയാക്കുന്നു. അല്ലെങ്കില്‍ ജീവിത പ്രാരാബ്ധങ്ങള്‍ സാമൂഹികമായി ജീവിക്കാന്‍ അവനെ പ്രേരിപ്പിക്കുന്നു. ഫാറാബി പറയുന്നു: 'മനുഷ്യന്‍ സംഘം ചേര്‍ന്ന് സമൂഹം ജനിക്കുന്നു. ഈ സമൂഹം രണ്ടു വിധമാണ്. ഒന്ന് സമ്പൂര്‍ണ സമൂഹം. സഹായസഹകരണങ്ങളും സാമൂഹിക കൈമാറ്റങ്ങളും പൂര്‍ണതയോടെ നിര്‍വഹിക്കപ്പെടുകയാണിവിടെ. രണ്ട്, ന്യൂന സമൂഹം. ബന്ധങ്ങളിലെയും പരദാനത്തിന്റെയും കുറവാണിവിടെ കുറിക്കുന്നത്.'

ഫാറാബിയുടെ അഭിപ്രായത്തില്‍ സമ്പൂര്‍ണ സമൂഹം മൂന്നു വിധമാണ്. ഒരേ ആശയത്തിനും ഭരണത്തിനും കീഴില്‍ ജീവിക്കുന്ന മാലോകര്‍, ഒരുമയോടെ കഴിയുന്ന നിശ്ചിത വര്‍ഗം, ഒരു സമൂഹത്തിന്റെ ക്ളിപ്തമേഖലയില്‍ ശക്തിപ്പെട്ട നാഗരികത എന്നിവയാണവ. ന്യൂന സമൂഹവും അതുപോലെ മൂന്നു വിഭാഗത്തെ പ്രതിനിധീകരിക്കുന്നു. ഗ്രാമങ്ങളുടെയും മഹല്ലുകളുടെയും ചെറുസംഗമമാണവയിലൊന്ന്. ഇവയുടെതന്നെ ഏറ്റവും ലഘുവമായ രൂപമാണ് മറ്റൊന്ന്. സ്വന്തം കുടുംബത്തിന്റെ സാമൂഹ്യസ്ഥിതിയാണ് മൂന്നാമത്തേത്. ചുരുക്കത്തില്‍ ഗ്രീക്ക് ചിന്തകരുടെ മനസ്സില്‍ ഉദിക്കുകപോലും ചെയ്യാത്ത ചിന്തകളായിരുന്നു ഇവ. സത്യത്തില്‍ ഫാറാബിയെ ഗ്രസിച്ച ഇസ്ലാമികാദര്‍ശത്തിന്റെ തീവ്രതയാണിത് വ്യക്തമാക്കുന്നത്. ഒരു ഖലീഫയുടെ കീഴില്‍ ലോകരെ ക്രമീകരിക്കുന്ന സുകുമാര ആശയമാണിതിനുപിന്നില്‍.

ഒരുത്തമ നഗരമായി ഫാറാബി കാണുന്നത് വ്യക്തികള്‍ക്ക് സര്‍വവിധ സ്വാതന്ത്യ്രവും ലഭിക്കുന്ന സമൂഹമടങ്ങുന്നതാണ്. ഈ അവസ്ഥയുടെ ലബ്ധി പൂര്‍ണ സഹകരണത്തിലൂടെയാണെന്നും അദ്ദേഹം പറയുന്നു. സമൂഹ്യജീവിതത്തിലെ ജോലിയുടെ വിഭജനത്തെക്കുറിച്ചും ഫാറാബി വിവരിക്കുന്നുണ്ട്. ഒരു സമൂഹത്തെ ഒരു ശരീരം കണക്കെ പരിഗണിച്ചാണ് ഫാറാബിയുടെ ഈ ചിന്തകളെല്ലാം. ഒരുത്തമ പട്ടണമെന്നത് ആരോഗ്യദൃഢഗാത്രം കണക്കെയാണ്. ശരീരത്തിന്റെ പരിരക്ഷക്ക് അവയവങ്ങള്‍ പരസ്പരം സഹായിക്കുന്നതുപോലെ പട്ടണത്തിന്റെ സുരക്ഷിതത്വം അതിലെ അനുയായികളുടെ സഹകരണത്തിലാണ്. ശരീരത്തിലെ വിവിധ അവയവങ്ങള്‍ക്കിടയില്‍ ഹൃദയമെന്നപോലെ ഒരു നാഗരികതയുടെ സ്പന്ദനം നിയന്ത്രിക്കുന്നത് മനുഷ്യനാണ്. അതുകൊണ്ടുതന്നെ ഫാറാബിയുടെ അഭിപ്രായത്തില്‍ സമൂഹത്തിലെ ഏറ്റവും ഭാരമേറിയ ചുമതല നേതൃത്വമാണ്. കാരണം, ഈ നായകനാണ് ഭരണത്തിന്റെ കേന്ദ്രം. നായകന്‍ മനക്കരുത്തുള്ളവനും ഭരണപാടവമുള്ളവനുമായിരിക്കണം. ഒരു സമൂഹനായകന് 12 സ്വഭാവങ്ങളുണ്ടായിരിക്കണമെന്നാണ് ഫാറാബി പറയുന്നത്. ജന്മസിദ്ധമായ ഗുണങ്ങള്‍ തന്നെ ശരീരവുമായി ബന്ധിക്കുന്നവ, ബുദ്ധിയുമായി ബന്ധിക്കുന്നവ, സാഹിതീയ സര്‍ഗ ശേഷിയുമായി ബന്ധിക്കുന്നവ, അധ്യാപനവുമായി ബന്ധിക്കുന്നവ, സ്വഭാവവുമായി ബന്ധിക്കുന്നവ എന്നിങ്ങനെ അഞ്ചു വിധമാണ്. ഇവക്കു പുറമെ നേതാവില്‍ സൃഷ്ടിപരമായ വൈകല്യങ്ങളോ ബുദ്ധിപരമായ വൈകല്യങ്ങളോ ഉണ്ടാകരുതെന്നും ഫാറാബി പറയുന്നു. ഉണ്ടാക്കിയെടുക്കേണ്ട സ്വഭാവങ്ങളായി, നായകന്‍ തന്ത്രശാലിയാകണമെന്നും (ഫാറാബിയുടെ അഭിപ്രായത്തില്‍ തന്ത്രമാണ് ഭരണത്തിന്റെ അടിത്തറ) മതബോധമുള്ളവനാകണമെന്നും ചരിത്രത്തില്‍ ഉപമയില്ലാത്ത പ്രശ്നങ്ങള്‍ക്ക് ചരിത്രം നോക്കി പ്രതിവിധി കണ്ടെത്താന്‍ കഴിവുള്ളവനാകണമെന്നും അദ്ദേഹം പറയുന്നു. സമൂഹത്തില്‍ ഒറ്റപ്പെട്ട 'അധമവര്‍ഗ'ത്തെ ഫാറാബി വിവരിക്കുന്നത് അജ്ഞതയില്‍ വളരുന്ന, ജീവിതവിജയത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്തവരായിട്ടാണ്.

ഈ രംഗത്ത് ഏറെ സംഭാവനകളര്‍പ്പിച്ച ഇബ്നുഖല്‍ദൂന്‍ സോഷ്യോളജിയുടെ പിതാവായാണ് അറിയപ്പെടുന്നത്. അദ്ദേഹം തന്നെയാണതിന് അര്‍ഹനെന്ന് ഭൂരിഭാഗം സോഷ്യോളജിസ്റുകളും സമ്മതിക്കുന്നുണ്ട്. പക്ഷേ, ഇന്ന് ഫ്രഞ്ചുകാര്‍ വാദിക്കുന്തന് സോഷ്യോളജിയുടെ പിതാവ് ഫ്രഞ്ചുകാരനായ അഗസ്് കോംറ്റെയാണെന്നാണ്. എന്നാല്‍, 19-ാം നൂറ്റാണ്ടില്‍ വന്ന ഇദ്ദേഹത്തേക്കാള്‍ അഞ്ചു നൂറ്റാണ്ടു മുമ്പുതന്നെ അറബി സാമൂഹ്യശാസ്ത്രജ്നായ ഇബ്നു ഖല്‍ദൂന്‍ വാണിരുന്നുവെന്നതാണ് സത്യം. അതേസമയം ഇന്ന് ഇറ്റലിക്കാര്‍ മുന്നോട്ടുവെക്കുന്നത് തങ്ങളുടെ ഒരു അനുഭാവിയെ ആണെങ്കില്‍ ഇംഗ്ളണ്ടുകാര്‍ വാദിക്കുന്നത് സോഷ്യോളജിയുടെ പിതാവ് ഇംഗ്ളീഷുകാരനായ ഹെര്‍ബര്‍ട്ട് സ്പിയേഴ്സാണെന്നാണ്. എന്നാല്‍ 18-ാം നൂറ്റാണ്ടിനു ശേഷം വന്ന ഇവരെല്ലാം ജനിക്കുമ്പോള്‍തന്നെ ഇവിടെ അറബികളുടെ സാമൂഹ്യശാസ്ത്ര ഗ്രന്ഥങ്ങളുണ്ടായിരുന്നുവെന്നതാണ് വസ്തുത. യഥാതഥാ ഇബ്നുഖല്‍ദൂനിന്റെ പിതൃത്വം തന്നെയാണ് ഇവിടെയും കടന്നുവരുന്നത്.

ഹിജ്റ 8-ാം നൂറ്റാണ്ടിലാണ് ഇബ്നുഖല്‍ദൂന്‍ ജനിച്ചത്. ലോകത്താകമാനം സാംസ്കാരിക പരിവര്‍ത്തനം നടന്ന ഘട്ടമായിരുന്നു ഇത്. പൌരസ്ത്യ ലോകത്ത് സാംസ്കാരികത്തകര്‍ച്ചയുടെയും പാശ്ചാത്യലോകത്ത് സാംസ്കാരിക വളര്‍ച്ചയുടെയും ഘട്ടം.
ഇബ്നുഖല്‍ദൂനിന്റെ മുഖദ്ദിമയാണ് സാമൂഹ്യശാസ്ത്ര വിജ്ഞാനീയങ്ങളുടെ വിളനിലമായി വര്‍ത്തിച്ചിരുന്നത്. സമൂഹങ്ങളെക്കുറിച്ചുള്ള പൂര്‍ണവിവരം നല്‍കുന്ന ഈ കൃതി ചിന്തകന്മാരുടെ ചിന്തകള്‍ക്ക് പാത്രമായതാണ്. പലരും ഇതിനെക്കുറിച്ച് പഠനം നടത്തി. ഖത്രെമിയര്‍ (ഝൌമൃലാലൃല) എന്ന സമൂഹചിന്തകന്‍ മുഖദ്ദിമയെ മൂന്നു ഭാഗങ്ങളായി വിഭജിച്ച് പഠനം നടത്തുകയുണ്ടായി. പലരും മൊഴിമാറ്റം നടത്തി. സാമൂഹ്യശാസ്ത്രത്തിന്റെ ഉത്തുംഗതയില്‍ വിരാജിച്ച ഈ ഗ്രന്ഥം പാശ്ചാത്യരെ ഏറെ ആകര്‍ഷിച്ചിരുന്നു. ഇബ്നുഖല്‍ദൂന്‍ തന്റെ പഠനങ്ങളിലൂടെ സമൂഹപുരോഗതിയുടെ നാനാവശങ്ങള്‍ അനാവരണം ചെയ്യുകയാണിവിടെ. വരുംലോകത്തിന്റെ സാംസ്കാരികോന്നമനവും അതു ബന്ധിച്ചിരിക്കുന്ന നിയമങ്ങളും അദ്ദേഹം വിവരിക്കുന്നു. അര്‍നോള്‍ഡ് ടോയന്‍ബിയെ പോലുള്ളവര്‍ പറയുകയുണ്ടായി: 'തീര്‍ച്ചയായും മുഖദ്ദിമ ഒരു സാമൂഹ്യശാസ്ത്ര ഗ്രന്ഥമാണ്'. ഇറ്റലിയുടെയും ഫ്രാന്‍സിന്റെയും സാമൂഹ്യശാസ്ത്രജ്ഞര്‍ വരുംമുമ്പുതന്നെ ഇവിടെ സോഷ്യോളജിയുണ്ടായിരുന്നെന്ന് ഇവര്‍ തന്നെ സമ്മതിക്കുന്നു.

സമൂഹത്തിന്റെ പുരോഗതി ജ്ഞാനസമ്പത്തിനെ ആശ്രയിച്ചിരിക്കുന്നു. ജ്ഞാനം മനുഷ്യ സംസ്കാരത്തിന്റെ അളവുകോലാണ്. പരസ്പര സഹായങ്ങളും സഹകരണങ്ങളുമാണതിന്റെ നിമിത്തം. സമൂഹത്തില്‍ കൈമാറ്റങ്ങളുടെ തോത് കൂടുന്നതും കുറയുന്നതും കാലത്തിനനുസൃതമായാണ്. നാഗരികതയുടെ ഈ ചലനങ്ങള്‍ തന്നെ പഠനാര്‍ഹമാണ്.
റോമിന്റെയും ഗ്രീസിന്റെയും സാമ്പത്തിക നയങ്ങള്‍ക്ക് ഭിന്നമായി അവയെ പഠനവിഷയമായി അവതരിപ്പിച്ചത് ഇബ്നുഖല്‍ദൂനായിരുന്നു. സാമൂഹിക-സാമ്പത്തിക ഭദ്രത വിശകലനം ചെയ്ത ഇവര്‍ ഫ്രാന്‍സിലെ പ്രകൃതിവാദികള്‍ക്കും ഇംഗ്ളണ്ടിലെ ആദംസ്മിത്തിനും മുമ്പ് വന്നിട്ടുണ്ട്. സാമ്പത്തിക വ്യവസ്ഥയും കച്ചവട പരിഷ്കാരവും മുഖദ്ദിമയിലെ ചര്‍ച്ചാവിഷയമാണ്. സമൂഹത്തിലെ ഗുരുശിഷ്യബന്ധം വരെ ഇബ്നുഖല്‍ദൂന്‍ വിവരിക്കുന്നു. വിദ്യാര്‍ഥികളെ അടിക്കുന്നതിലുള്ള മനഃശാസ്ത്രവും തുറന്നുകാട്ടുന്നു.

തൂനിസില്‍ ജനിച്ച ഇബ്നുഖല്‍ദൂനിന്റെ വ്യക്തിജീവിതം ഏറെ വിസ്മയങ്ങള്‍ നിറഞ്ഞതാണ്. ഒരേസമയം സാമഹശാസ്ത്രത്തിലെന്നപോലെ ഖുര്‍ആന്‍ വ്യാഖ്യാനം, ഹദീസ് വ്യാഖ്യാനം, ദൈവശാസ്ത്രം, നിയമശാസ്ത്രം, അദ്ധ്യാത്മദര്‍ശനം, ഗണിതശാസ്ത്രം, തര്‍ക്കശാസ്ത്രം, പ്രകൃതിതത്ത്വശാസ്ത്രം, രാഷ്ട്ര മീമാംസ, നീതിശാസ്ത്രം എന്നിവയിലും അഗാധ പരിജ്ഞാനമുണ്ടായിരുന്നു അദ്ദേഹത്തിന്. ഗണിതശാസ്ത്രജ്ഞനും ഭിഷഗ്വരനുമായ ഇബ്റാഹീമുബ്നു സര്‍ബറില്‍ നിന്ന് വിദ്യ നേടി. മുഹമ്മദുല്‍ ബല്ലാഫിയില്‍ നിന്ന് ഇമാം മാലിക്(റ)വിന്റെ മുവത്ത്വ ഓതി. രാഷ്ട്രീയത്തില്‍ പ്രവേശിച്ചതോടെ അദ്ദേഹത്തിന്റെ മാതാപിതാക്കളും ഗുരുജനങ്ങളും നാട്ടില്‍ പടര്‍ന്നുപിടിച്ച പ്ളേഗ് കാരണമായി മരണപ്പെടുകയായിരുന്നു. താമസിയാതെ  അലക്സാണ്ട്രിയയുടെ സമീപദേശത്തുകൂടെ കപ്പലില്‍ യാത്ര ചെയ്യവെ കൊടുങ്കാറ്റില്‍ പെട്ട് കുടുംബവും നഷ്ടമായി. തനിക്കനുഭവവേദ്യമായ ഈ വേദനകളിലൂടെയായിരുന്നു ഇബ്നുഖല്‍ദൂന്‍ സമൂഹമനസ്സ് വായിച്ചെടുത്തത്. ഏഴ് വാള്യങ്ങള്‍ വരുന്ന അദ്ദേഹത്തിന്റെ 'കിതാബുല്‍ ഇബറി'ന്റെ മുഖവുരയാണ് ലോകപ്രസിദ്ധമായ 'മുഖദ്ദിമ'. അസാധാരണമായ ചരിത്രപഠനം ഒരു ശാസ്ത്രമായാണ് ഇതിലദ്ദേഹം അവതരിപ്പിക്കുന്നത്. ഈ ശൈലി പുതിയൊരു സാമൂഹിക തത്ത്വശാസ്ത്രത്തിന് അസ്തിവാരമിടാന്‍ നിമിത്തമാവുകയായിരുന്നു. ചരിത്രത്തെ സാമൂഹിക ഘട്ടങ്ങളുടെ അടിസ്ഥാനത്തില്‍ ചേര്‍ത്തുവെച്ച് സംഭവങ്ങള്‍ വസ്തുനിഷ്ഠമായി യുക്തിയുക്തം അപഗ്രഥിച്ച് നിരൂപണബുദ്ധ്യാ പഠനവിഷയമാക്കുന്ന നൂതന ശൈലിയാണിതില്‍ സ്വീകരിക്കപ്പെട്ടത്. സാമൂഹിക ശാസ്ത്രവും മാനവിക സമൂഹവും പ്രശ്നങ്ങളും എന്ന മോട്ടോ ഉയര്‍ത്തിയാണ് ഇബ്നുഖല്‍ദൂനിന്റെ ചര്‍ച്ച. ഇത്തരമൊരു ശൈലി ചരിത്രത്തില്‍ മുമ്പൊന്നും കേള്‍ട്ടുകേള്‍വിപോലുമുണ്ടായിരുന്നില്ല. ഇത്തരമൊരു നവീനശാസ്ത്രം മുന്നോട്ടുവെക്കുകവഴി അതിന്റെ സിദ്ധാന്തങ്ങള്‍ ജനപരിചയമുള്ള ഭാഷയില്‍ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ചരിത്രപഠനത്തിന് ഈ ശാസ്ത്രം അത്യാവശ്യമാണ്. ചരിത്രത്തില്‍ വരുന്ന സാധ്യതകളും അസാധ്യതകളും സമൂഹത്തില്‍ നോക്കി പരിഹാരം കണ്ടെത്താനും ഇത് സഹായിക്കുന്നു. 

നാം രേഖപ്പെടുത്തുന്ന ചരിത്രത്തിലെ യാഥാര്‍ഥ്യങ്ങള്‍ അസത്യപ്രസ്താവനകളില്‍ നിന്ന് തിരിച്ചെടുക്കാനും അതിന്റെ അടിസ്ഥാനത്തില്‍ തെളിവുകള്‍ സംശയാതീതമായി നിരത്താനും സഹായിക്കുന്ന ഒന്നാണ് സോഷ്യോളജി. ചരിത്രത്തിന് മാത്രമല്ല, മറ്റ് സാമൂഹിക മാനവിക ശാസ്ത്രങ്ങള്‍ക്കും ഇത് അനുപേക്ഷണീയമാണ്. സമൂഹത്തിന്റെ ഘടന, ഉത്ഭവം തുടങ്ങി അതുമായി ബന്ധിക്കുന്ന എല്ലാം ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. സമൂഹത്തിന്റെ ഉല്‍പത്തി, സ്ഥിരവാസം, രാഷ്ട്രങ്ങളുമായുള്ള ബന്ധം, ശക്തിദൌര്‍ബല്യങ്ങളിലെ അസ്ഥിരത, യൌവനവാര്‍ധക്യദശകള്‍, ഉത്ഥാനപതനങ്ങള്‍ എന്നിവയും ഇവിടെ വിവരിക്കപ്പെടുന്നു. ഇബ്നുഖല്‍ദൂന്‍ തന്റെ ചരിത്ര രചനയില്‍ ഇവയെല്ലാം ഒരുപോലെ വിശകലനം ചെയ്തിട്ടുണ്ട്. രചനയാഗ്രഹിക്കുന്നവര്‍ എങ്ങനെ ചരിത്രത്തെ സമീപിക്കണമെന്നും ഗതകാലചരിത്ര രചനകളില്‍ പിണഞ്ഞ അബദ്ധങ്ങളെക്കുറിച്ചും മുഖദ്ദിമയുടെ ആമുഖത്തില്‍ തന്നെ പറയുന്നു. മനുഷ്യസമൂഹം, നാടോടി സമൂഹം, ഭരണവംശങ്ങള്‍, നാഗരിക സമൂഹം, ഉപജീവനമാര്‍ഗം, വിവിധ ശാസ്ത്രങ്ങള്‍ എന്നിങ്ങനെയാണ് മുഖദ്ദിമയിലെ അധ്യായങ്ങള്‍ ക്രമീകിരിച്ചിരിക്കുന്നത്. സമൂഹചരിത്രങ്ങളുടെ ആഴികള്‍ താണ്ടി സവിസ്തരം പ്രസ്താവനകളിറക്കിയിതനാലാണ് റവറന്റ് ഫാദര്‍ ജിസ്ബര്‍ട്ട് പോലും ഇബ്നുഖല്‍ദൂനിനെ സോഷ്യോളജിയുടെ പിതാവായി വിശേഷിപ്പിച്ചത്. തന്റെ ജൃശിരശുഹല ീള ടീരശീഹീഴ്യ എന്ന ഗ്രന്ഥത്തിന്റെ മുഖവുരയില്‍ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 1992 ല്‍ മുഖദ്ദിമയുടെ ഇംഗ്ളീഷ് ഭാഷ്യം റെയ്നോള്‍ഡ് നിക്കള്‍സണ്‍ തുടങ്ങിവെച്ചിട്ടുണ്ട്. ഇതിനിടെ മുഖദ്ദിമയെക്കുറിച്ചും ഇബ്നുഖല്‍ദൂനിനെക്കുറിച്ചും 430 ലേറെ പഠനങ്ങള്‍ യൂറോപ്യന്‍ ഭാഷകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. റോബര്‍ട്ട് ഫ്ളിന്റ്, എഫ് റോസന്താള്‍ തുടങ്ങി പല ചിന്തകരും ഇബ്നുഖല്‍ദൂനിന്റെ ഈ അപാര കഴിവില്‍ അത്ഭുതം കൂറിയിട്ടുണ്ട്. ചുരുക്കത്തില്‍ സമൂഹത്തിന്റെ കേവലാശയം പോലും അറിയാത്ത യൂറോപ്യര്‍ക്ക് മുമ്പില്‍ സോഷ്യോളജിയുടെ ഫോര്‍മുലകള്‍ അവതരിപ്പിച്ചത് അറബികളായിരുന്നു എന്നര്‍ഥം.

No comments:

Post a Comment