Monday, October 17, 2016

മമ്പുറം തങ്ങള്‍ എന്ന സ്വൂഫി

 

കേരളം കണ്ട ജ്ഞാനികളില്‍ അഗ്രഗണ്യരായിരുന്നു സയ്യിദ് അലവി തങ്ങള്‍. കേരളത്തിന്റെ ത്രികാലങ്ങളില്‍ മുഖ്യമായ കൊളോണിയല്‍ ഘട്ടത്തെയാണ് തങ്ങള്‍ പ്രതിനിധീകരിക്കുന്നത്. പ്രീ കൊളോണിയല്‍ ഘട്ടം മഖ്ദൂമീ നവോത്ഥാനത്തിന്റെ ശോഭന കാലമാണ്. പോസ്റ്റ് കൊളോണിയല്‍ മതവിദ്യാഭ്യാസത്തിന്റെ ആധുനിക രൂപങ്ങളുടെയും. ഇവക്കിടയിലെ അനിവാര്യവും നിര്‍ണ്ണായകവുമായ ഘട്ടമായിരുന്നു  സയ്യിദ് അലവി തങ്ങളുടെത്. അത്‌കൊണ്ടുതന്നെ വറസത്തുല്‍ അമ്പിയാഇന്റെ മഹാ ദൗത്യം കുറിക്കാനായിരുന്നു ആ നിയോഗം.
ഫിഖ്ഹ് ജീവിതത്തിന്റെ അവിഭാജ്യ ഘടകവും തസ്വവ്വുഫ് അതിന്റെ സൗന്ദര്യവുമാണെന്ന് സയ്യിദ് അലവി തങ്ങള്‍ വരച്ചുകാണിച്ചു. പാണ്ഡിത്യത്തിന്റെ യമാനിയന്‍ സ്പര്‍ശമാണ് തങ്ങള്‍ ഇവിടെ കാഴ്ചവെച്ചത്. 
സര്‍വ്വ വിജ്ഞാനീയങ്ങളിലുമുള്ള അഗാധ പാണ്ഡിത്യം തങ്ങളെ വ്യതിരിക്തനാക്കി. ജീവിതത്തിലൂടെ പൊതുജനത്തിന്റെ സംശയങ്ങള്‍ക്കുള്ള മറുപടി നല്‍കുന്ന ശൈലിയാണ് തങ്ങള്‍ക്കുണ്ടായിരുന്നത്. അത്‌കൊണ്ടുതന്നെ, പാണ്ഡിത്യത്തിന്റെ ചിഹ്നങ്ങളായ യുക്തിദീക്ഷ, ആഴത്തിലുള്ള അറിവ്, സൂക്ഷ്മത, ഭൗതിക പരിത്യാഗം, ദീര്‍ഘ വീക്ഷണം തുടങ്ങിയവ അവിടെ നിഴലിച്ചിരുന്നു. ഗ്രന്ഥക്കെട്ടുകള്‍ക്കുപകരം അര്‍ശും കുര്‍സിയ്യുമായിരുന്നു അവരുടെ ജ്ഞാന സ്രോതസ്സ്. അന്ന് അവരെക്കാള്‍ മികച്ച ഒരു പണ്ഡിതനുണ്ടായിരുന്നില്ല എന്നതാണ് സത്യം.
തന്റെ ക്രമബദ്ധമായ ആദ്ധ്യാത്മിക ജീവിതത്തിലൂടെയാണ് സയ്യിദ് അലവി തങ്ങള്‍ ശ്രദ്ധേയനാകുന്നത്. ദിവ്യജ്ഞാനത്തിന്റെ അഗാധ തലങ്ങളിലേക്ക് ഇറങ്ങിച്ചെന്ന അദ്ദേഹം ദൈവിക ലോകത്ത് ഉയര്‍ന്ന സ്ഥാനങ്ങള്‍ കരസ്ഥമാക്കി. അവരുടെ നിഷ്ഠാനിര്‍ഭരമായ ജീവിതക്രമവും അതില്‍ അവര്‍ കാഴ്ചവെച്ച പ്രവര്‍ത്തനങ്ങളും ഇതിന്റെ നറുസാക്ഷ്യങ്ങളാണ്.
സയ്യിദ് കുടുംബത്തിലെ ഒരംഗമായിരുന്നു സയ്യിദ് അലവി തങ്ങള്‍. മൗലദ്ദവീല എന്നാണ് തങ്ങളുടെ ഖബീലയുടെ പേര്. ഇത് ബാഅലവീ കുടുംബത്തിന് കീഴില്‍ വരുന്നതാണ്. കേരളത്തിലെത്തിയ പ്രവാചക കുടുംബങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. അറിയപ്പെട്ട ചരിത്രമനുസരിച്ച് ഈ ഖബീലയില്‍നിന്നും ആദ്യമായി കേരളത്തില്‍ കാല്‍കുത്തിയതും സയ്യിദ് അലവി തങ്ങള്‍ ആയിരുന്നു. ഹിജ്‌റ:1183 ലായിരുന്നു ഇത്.
മുഹമ്മദുല്‍ ഫഖീഹുല്‍ മുഖദ്ദം മകന്‍ അലവി മകന്‍ അലി മകന്‍ സയ്യിദ് മുഹമ്മദ് എന്നവരിലേക്ക് ചേര്‍ത്തിയാണ് ഈ ഖബീല മൗലദ്ദവീല എന്നറിയപ്പെട്ടത്. ഹിജ്‌റ: 705 ല്‍ ആയിരുന്നു സയ്യിദ് മുഹമ്മദ് മൗലദ്ദവീലയുടെ ജനനം. യമനില്‍ ഹളര്‍മൗത്തിന് കിഴക്കുള്ള ബബ്ജര്‍ എന്ന ഭാഗത്ത് അദ്ദേഹം താമസിച്ചിരുന്നതിനാലാണ് ഈ പേര് അദ്ദേഹത്തിന് വന്നുകിട്ടിയത്. മൗലദ്ദവീല എന്ന നാമനിഷ്പത്തിക്കു പിന്നില്‍ ധാരാളം അഭിപ്രായങ്ങളുണ്ട്. അതില്‍ ഒന്ന് ഇങ്ങനെയാണ്: യമനില്‍ സയ്യിദ് മുഹമ്മദിന്റെ കുടുംബം കാലങ്ങളായി താമസിച്ചുവന്നിരുന്ന പ്രദേശമാണ് ബബ്ജര്‍. അതിനടുത്ത് യബ്ഹര്‍ എന്ന പേരില്‍ മറ്റൊരു പ്രദേശമുണ്ടായിരുന്നു. ദവീല എന്ന പദത്തിന് മുന്തിയത്, മുന്നിലുള്ളത്, ആദ്യമുള്ളത് തുടങ്ങിയ അര്‍ത്ഥങ്ങളാണ് ഹളര്‍മൗത്തുകാര്‍ നല്‍കിയിരുന്നത്. കാലാന്തരത്തില്‍ സയ്യിദ് മുഹമ്മദിന്റെ നാടിന് യബ്ഹറുദ്ദവീല എന്ന പേര് വന്നു. യബ്ഹറുദ്ദവീല എന്ന നാടിന്റെ മേധാവി എന്ന അര്‍ത്ഥത്തില്‍ സയ്യിദ് മുഹമ്മദ്, മൗലദ്ദവീല എന്നും വിളിക്കപ്പെട്ടു. പണ്ഢിതനും ജ്ഞാനിയും സൂഫിയുമായിരുന്ന ഇദ്ദേഹത്തിലേക്ക് ചേര്‍ത്തിയാണ് മൗലദ്ദവീല എന്ന ഖബീല പ്രസിദ്ധി നേടിയത്.1 ഹിജ്‌റ: 765 ല്‍ മരണപ്പെട്ട അദ്ദേഹം തരീമിലെ സമ്പല്‍ മഖ്ബറയില്‍ അന്ത്യവിശ്രമം കൊള്ളുന്നു. 
സദാ ദൈവസ്മരണയിലും ആരാധനകളിലുമായി സമയം വിനിയോഗിച്ചിരുന്നു സയ്യിദ് അലവി തങ്ങള്‍. തന്റെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കുപുറമെ ദീര്‍ഘനേര ഖുര്‍ആന്‍ പാരായണം, അധികരിച്ച സുന്നത്ത് നോമ്പുകള്‍, സുന്നത്ത് നമസ്‌കാരങ്ങള്‍, ദാനധര്‍മ്മങ്ങള്‍, സതുപദേശങ്ങള്‍, ദൈവസ്മരണ തുടങ്ങിയ കാര്യങ്ങളും അദ്ദേഹം മുറപോലെ നടത്തിപ്പോന്നു. മാനുഷിക ധര്‍മ്മങ്ങളെക്കുറിച്ചും പാരത്രിക അവസ്ഥകളെക്കുറിച്ചും ബോധവാനായിരുന്നു തങ്ങളവര്‍കള്‍. ഒരിക്കല്‍, അദ്ദേഹം തന്റെ അനുചരന്‍മാരുമൊത്ത് കടലുണ്ടിപ്പുഴയില്‍ അംഗശുദ്ധി വരുത്തിക്കൊണ്ടിരിക്കുകയാണ്. പെട്ടെന്ന്, വള്ളങ്ങള്‍ കരക്ക് ബന്ധിച്ച്, പുറത്തിറങ്ങി ഭ്ക്ഷണം പാകംചെയ്യുന്ന ചില യാത്രക്കാര്‍ സയ്യിദ് അലവി തങ്ങളുടെ ദൃഷ്ടിയില്‍പ്പെട്ടു. തല്‍ക്ഷണം അദ്ദേഹം അനുയായികളോടായി പറഞ്ഞു: ഇതാണ് ഭൗതിക ലോകത്ത് മനുഷ്യ ജീവിതത്തിന്റെ ഉപമ. ഇവര്‍ എവിടെനിന്നോ യാത്രചെയ്തുവന്നവരാണ്. ഇനിയും ദൂരങ്ങളിലേക്ക് ചരക്കുകളുമായി യാത്രചെയ്യാനിരിക്കുന്നവരുമാണ്. അതിനിടയില്‍ ഭാവിയിലേക്ക് പാഥേയം സ്വീകരിക്കേണ്ട സമയമാണിത്.2 പ്രായോഗിക ഉപമയിലൂടെയുള്ള സന്ദേശ കൈമാറ്റം അനുയായികള്‍ക്ക് ശരിക്കും ബോദ്ധ്യപ്പെട്ടു. ജീവിതത്തിലൂടെയും അനുഭവങ്ങളിലൂടെയും ജനങ്ങളെ ആത്മീയതയിലേക്ക് ക്ഷണിക്കുരയെന്ന പരമ്പരാഗത ശൈലിയാണ് സയ്യിദ് അലവി തങ്ങള്‍ പിന്തുടര്‍ന്നിരുന്നത്.
ഖാദിരിയ്യാ ഥരീഖത്തിന്റെ ശൈഖായിരുന്നു സയ്യിദ് അലവി തങ്ങള്‍.3 ശബ്ദകോലാഹലങ്ങളുണ്ടാക്കി ഇത് പ്രകടനാത്മകതയിലൊതുക്കാന്‍ അദ്ദേഹം തുനിഞ്ഞിരുന്നില്ല. അതേസമയം തങ്ങള്‍ക്ക് അനവധി മുരീദുമാരും ശിഷ്യഗണങ്ങളുമുണ്ടായിരുന്നു. ബൈത്താന്‍ മുസ് ലിയാര്‍, അവുക്കോയ മുസ് ലിയാര്‍, ഖുസയ്യ് ഹാജി, മകന്‍ ഫസല്‍ പുക്കോയ തങ്ങള്‍ തുടങ്ങിയവര്‍ അവരില്‍നിന്നും ബൈഅത്ത് സ്വീകരിച്ച പ്രധാനികളാണ്. ഹിജ്‌റ:  1200 കളില്‍ ജീവിച്ച മമ്പാട് സയ്യിദ് അബ്ദുല്‍ ഖാദിര്‍ അഹ്ദല്‍ തങ്ങളും മമ്പുറത്തു വന്ന് ഖാദിരിയ്യാ ഥരീഖത്ത് സ്വീകരിച്ചതായി  ചരിത്രത്തതിലുണ്ട്.4 ഇതുപോലെ അന്ന് ജീവിച്ചിരുന്ന ആത്മീയബോധമുള്ള മുസ്‌ലിംഗളില്‍ ഭൂരിഭാഗവും സയ്യിദ് അലവി തങ്ങളുടെ ആത്മീയ ശിക്ഷണത്തില്‍ കഴിയുന്ന വരായിരുന്നു.
അന്നത്തെ പ്രഗല്‍ഭ പണ്ഢിതനും ആത്മീയാചാര്യനുമായ വെളിയങ്കോട് ഉമര്‍ ഖാസിപോലും സയ്യിദ് അലവിതങ്ങളുടെ ആത്മീയ നിയന്ത്രണത്തിലാണ് ജീവിച്ചിരുന്നത്. കാരണം, തങ്ങളവര്‍കളുടെ ജ്ഞാനത്തിന്റെ ആഴം അവര്‍ നേരത്തെത്തന്നെ അറിഞ്ഞിരുന്നു. സയ്യിദ് അലവി തങ്ങള്‍ മലബാറിലെത്തിയ ആദ്യ കാലങ്ങളിലായിരുന്നു ഇത്. നാട്ടിലൊരു പുതിയ പണ്ഡിതന്‍ വന്നപ്പോള്‍ അവരെ മനസ്സിലാക്കാന്‍ തന്നെ ഉമര്‍ ഖാസി തീരുമാനിച്ചു. അങ്ങനെ തങ്ങളെ നേരില്‍കണ്ട് പല ചോദ്യങ്ങളും ചോദിച്ചു. അതിനൊരു പരീത്ക്ഷണത്തിന്റെ ചുയയുണ്ടായിരുന്നു. അല്‍ഭുതമെന്ന് പറയട്ടെ, പെട്ടെന്ന് ഉമര്‍ ഖാസിയുടെ എല്ലാ അറിവും മറന്നുപോയി. അല്‍പനേരം ഒന്നും അറിയാത്തവനെപ്പോലെ അദ്ദേഹം ആയിമാറി. ഇതിനു ശേഷം ഉമര്‍ ഖാസി സയ്യിദ് അലവി തങ്ങളെ ആദരവോടെ മാത്രമേ സമീപ്പിച്ചിരുന്നുള്ളൂ. അവരുടെ ആത്മീയ സരണിയില്‍ അംഗമാവുകയും ചെയ്തു.5 സയ്യിദ് അലവി തങ്ങളുടെ വ്യക്തിപ്രഭാവവും ആത്മീയ നിലവാരവും അത്രമേല്‍ മഹത്തരമായിരുന്നു.
1800 ന്റെ ആദ്യ ദശകങ്ങളില്‍ അധിനിവേശ വിരുദ്ധസമരവുമായി മുന്നോട്ടുപോയിരുന്ന പല യോദ്ധാക്കള്‍ക്കും സയ്യിദ് അലവി തങ്ങളുമായി ഥരീഖത്ത് ബന്ധമുണ്ടായിരുന്നതായി ചരിത്രത്തില്‍ കാണാന്‍ കഴിയുന്നുണ്ട്. ചിലര്‍ സയ്യിദ് അലവി തങ്ങളുടെ ശിഷ്യന്‍മാരുമായാണ് ആത്മീയ ബന്ധം പുലര്‍ത്തിയിരുന്നത്. ഉണ്ണിമൂസ, ചെമ്പന്‍ പോക്കര്‍, അത്തന്‍ കുരിക്കള്‍, ഐദ്രോസ്‌കുട്ടി, പുലത്ത് ചേക്കുമൂപ്പന്‍ തുടങ്ങിയവരെല്ലാം സയ്യിദ് അലവി തങ്ങളുടെ ശിഷ്യന്മാരായിരുന്നു. സയ്യിദ് അലവിതങ്ങള്‍, ഉമര്‍ ഖാസി, സയ്യിദ് മുഹമ്മദ് മൗലാ ബുഖാരി തുടങ്ങിയവരായിരുന്നു ഇവരുടെ ആത്മീയ ഗുരുക്കള്‍. നസാറാക്കന്മാര്‍ക്കെതിരെയാണ് ഇവരുടെ പോരാട്ടമെന്ന് സയ്യിദ് അലവിതങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. അത്‌കൊണ്ടുതന്നെ ഇവരുടെ മരണം സയ്യിദ് അലവി തങ്ങളെ അഗാധ ദു:ഖത്തിലാഴ്ത്തിയിരുന്നു.6
പ്രപഞ്ച പ്രതിഭാസങ്ങളിലെ ദൈവിക ചൈതന്യമുള്‍ക്കൊണ്ട്-ആരാധന#ോയിലും ധ്യാനത്തിലും മുഴുകി ജീവിതം ക്രമപ്പെടുത്തിയപ്പോള്‍ സയ്യിദ് അലവി തങ്ങള്‍ ദിവ്യലോകോത്തെ പ്രഭചൊരിയുന്ന താരകമായി മാറി. അല്ലാഹുവിന്റെ പ്രത്യേക പരിഗണനകള്‍ ലഭിച്ചു. കരങ്ങള്‍ക്കും കാലുകള്‍ക്കും കാഴ്ചക്കും കേള്‍വിക്കും അഭാരമായ അദൃശ്യ ശക്തി കൈവന്നു.
താന്‍ ജീവിച്ചിരുന്ന കാലഘട്ടത്തിലെ ഖുതുബായിരുന്നു സയ്യിദ് അലവി തങ്ങള്‍. അതിനാലാണ് ഖുതുബുസ്സമാന്‍ എന്ന പേരില്‍ വിശ്രുതനായത്. ഔലിയാക്കളുടെ സ്ഥാനശ്രേണിയില്‍ ഏറ്റവും മുകളില്‍ നില്‍ക്കുന്ന സ്ഥാനമാണിത്. 
ആദ്ധ്യാത്മിക ജീവിതത്തിന്റെ സര്‍വ്വ രഹസ്യങ്ങളും ആവാഹിച്ച ജ്ഞാനിയായിരുന്നു സയ്യിദ് അലവി തങ്ങള്‍. ഒരേ സമയം അനവധി സവിശേഷ ഗുണങ്ങള്‍ അദ്ദേഹത്തില്‍ ഒത്തിണങ്ങിയിരുന്നു. അതുകൊണ്ടുതന്നെ ഖുര്‍ആന്റെ ഭാഷയില്‍ അവരെ ഒരു പ്രസ്ഥാനമെന്ന് വിളിക്കാവുന്നതാണ്. ആദ്ധ്യാത്മികതയിലൂന്നിയ ഈ ബഹുമുഖത്വമാണ് അവരെ ഉമര്‍ ബിന്‍ അബ്ദില്‍ അസീസ്, ഇമാം ഗസാലി, ശൈഖ് ജീലാനി, അബുല്‍ ഹസനില്‍ അശ്അരി, ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി തുടങ്ങിയവരടങ്ങിയ പ്രതിഭകളുടെ ചങ്ങലയിലെ ഒരു കണ്ണിയാക്കിമാറ്റിയത്. 
തസ്വവ്വുഫില്‍ അഗാധ കഴിവുള്ള പണ്ഡിതന്‍ എന്നപോലെത്തന്നെ, വസ്തുനിഷ്ഠ ജ്ഞാനമുള്ള കര്‍മ്മശാസ്ത്രജ്ഞാനികൂടിയായിരുന്നു സയ്യിദ് അലവി തങ്ങള്‍. തന്റെ കാലത്തെ കര്‍മ്മശാസ്ത്ര പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധി നിര്‍ണ്ണയിച്ചിരുന്നത് അദ്ദേഹമാണ്. ആദ്ധ്യാത്മിക രംഗത്തെന്നപോലെ സാമൂഹിക രംഗത്തും പരിഹാരം തേടി നാടിന്റെ നാനാഭാഗത്തുനിന്നും ആളുകള്‍ അവിടെ ഒഴുകിയെത്തിയിരുന്നു. ആദ്ധ്യാത്മിക സന്ദേശങ്ങളുടെ ജീവിത സാക്ഷാല്‍ക്കാരമായിരുന്നു ഈ സാന്നിദ്ധ്യം. ധാര്‍മികാധപ്പതനവും ധര്‍മച്യുതിയും കൊടുകുത്തിവാണ കാലത്ത് സൂഫീജീവിതത്തിന്റെ ജനകീയവല്‍കരണമായിരുന്നു തങ്ങള്‍ ചെയ്തുകൊണ്ടിരുന്ന ജോലി. അത്‌കൊണ്ടുതന്നെ മുര്‍ശിദും മുറബ്ബിയുമായിരുന്ന സയ്യിദ് അലവി തങ്ങള്‍ ഗുപ്ത ജീവിതം നയിക്കാന്‍ ആഗ്രഹിച്ചില്ല. നിശാപ്രാര്‍ത്ഥന മമ്പുറത്തെ സ്വന്തം വീടിനടുത്തുള്ള പള്ളിയില്‍വെച്ചും പ്രഭാതനമസ്‌കാരം മസ്ജിദുല്‍ ഹറമില്‍വെച്ചും സാധാരണ നിര്‍വ്വഹിച്ചിരുന്ന തങ്ങള്‍ എന്നും സാധാരണക്കാരനില്‍ സാധാരണക്കാരനായി ജീവിക്കാനാണ് ഇഷ്ടപ്പെട്ടത്. 
സയ്യിദ് അലവി തങ്ങള്‍ തന്റെ ജീവിതത്തിലെന്ന പോലെ, മരണാനന്തരവും  തന്റെ സാമൂഹിക സേവനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ശരീരത്തിന്റെ മാത്രമല്ല, ആത്മാവിന്റെയും പ്രശ്‌നങ്ങള്‍  അവര്‍ സുഖപ്പെടുത്തുന്നു. ഇതിന്റെ അനുഭവസ്ഥര്‍ അനുവധിയാണ്. ഇന്നും മമ്പുറത്തേക്കു ആളുകള്‍ ഒഴുകിയെത്തുന്നത് അതിനാലാണ്.
മാനവ ചരിത്രത്തിലെ മഹാരഥന്മാര്‍ അമരരും സ്മര്യജനങ്ങളുമായി മാറുന്നത് പല കാരണങ്ങളാലണ്. ചിലര്‍ രചനകളിലൂടെ  ഇന്നും ജീവിച്ചുകൊണ്ടിരിക്കുന്നു. ഇമാം സുയൂഥിയും ഇമാം റാസിയം ഉദാഹരണമാണ്. ചിലര്‍ പ്രവര്‍ത്തനങ്ങളിലൂടെയും സമരങ്ങളിലൂടെയും അമരത്വം നേടുന്നു. സലാഹുദ്ദീന്‍ അയ്യൂബി ഉദാഹരണമാണ്. എന്നാല്‍ ചരിത്രത്തില്‍ മറ്റുചില ആളുകളുണ്ട്. കാലങ്ങളെത്ര കഴിഞ്ഞാലും ജന മനസ്സുകളില്‍ അവര്‍ സ്ഥിരപ്രതിഷ്ഠനേടിയവരായിരിക്കും. ജീവിതത്തിലെന്നപോലെ മരണത്തിനു ശേഷവും അവര്‍ സമൂഹത്തെ നയിച്ചുകൊണ്ടിരിക്കുന്നു. അത്തരക്കാരുടെ സേവനങ്ങള്‍ക്ക് ദേശത്തിന്റെ വിഭിന്നതയോ കാലത്തിന്റെ ഒഴുക്കോ ഭംഗമാവുന്നില്ല. കാലം കഴിഞ്ഞുപോകുംതോറും അവരുടെ ജനസമ്മതി വര്‍ദ്ധിച്ചുകൊണ്ടിരിക്കും. സയ്യിദ് അലവി തങ്ങള്‍ ഇത്തരക്കാരിലൊരാളായിരുന്നു. അവരിന്നും സമൂഹത്തെ നയിച്ചുകൊണ്ടിരിക്കുന്നുണ്ട്.
അല്ലാഹുവിന്റെ ഔലിയാക്കളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭൗതികതയുടെയും അതിഭൗതികതയുടെയും അതിര്‍വരമ്പുകള്‍ വെക്കുന്നത് യുക്തിയല്ല. മതമെന്നാല്‍ മറഞ്ഞ കാര്യങ്ങളിലുള്ള (ഗൈബിയ്) വിശ്വാസ്ത്തില്‍ അധിഷ്ഠിതമാണല്ലോ. അല്ലാഹു അവരുടെ കാര്യം ഏറ്റെടുക്കുന്നതോടെ സര്‍വ്വതും അവരുടെ മുമ്പില്‍ സരളമാകുന്നു എന്നുള്ളതാണ്. നമ്മെപ്പോലെ സംസാരിക്കുകയും ആഹരിക്കുകയും ചെയ്യുമെങ്കിലും ദൈവസാമീപ്യത്തിലൂടെ അവര്‍ ഉന്നതങ്ങള്‍ കീഴടക്കുന്നു. അല്ലാഹുവിന്റെ സഹായത്തോടെ അദൃശ്യങ്ങള്‍ പറയാനും പ്രവചനങ്ങള്‍ നടത്താനും അവര്‍ക്ക് കഴിയുന്നു. ഖുഥുബുസ്സമാനായിരുന്ന സയ്യിദ് അലവി തങ്ങള്‍ തന്റെ നിത്യജീവിതത്തിലൂടെ ഇതെല്ലാം കാണിച്ചുകൊടുത്തിട്ടുണ്ട്. നൂറുക്കണക്കിന് അഭൗതിക കാര്യങ്ങളാണ് തന്റെ ജീവിതകാലത്തുതന്നെ  സയ്യിദ് അലവി തങ്ങള്‍ ജനങ്ങളുമായി പങ്ക് വെച്ചത്.7 ഇവ തന്റെ സാമൂഹിക നവോത്ഥാനത്തിന്റെ സാക്ഷി പത്രങ്ങളാണ്.
ബൈത്താന്‍ മുസ്‌ലിയാര്‍, ഔക്കോയ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സയ്യിദ് അലവി തങ്ങളുടെ ആത്മീയ സരണിയെ ജനകീയമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഖാദിരീ ഥരീഖത്തിന്റെ വാഹകരായിട്ടാണ് ഇവര്‍ ജീവിച്ചിരുന്നത്. ശൈഖ് അബ്ദുല്‍ ഖാദര്‍ ജീലാനി സാധിച്ചെടുത്ത സാമൂഹിക നവോത്ഥാനത്തിന്റെ ശൈലി സയ്യിദ് അലവി തങ്ങളുടെ പ്രവര്‍ത്തന രീതിയിലും പ്രകടമാണ്. മലബാറിന്റെ ഇളകി മറിഞ്ഞ സാമൂഹിക പശ്ചാത്തലത്തില്‍ ആത്മീയതയെ പരിഹാരമായി കൊണ്ടുവരാന്‍ തങ്ങള്‍ക്ക് സാധിച്ചു. സമൂഹത്തില്‍ അലക്ഷ്യമായി ജീവിക്കുന്നതും മൂല്യരഹിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും വിശ്വാസിയുടെ രീതിയല്ലെന്ന് ആ അദ്ധ്യാപനങ്ങള്‍ തുറന്നുകാട്ടി. മലബാറിന്റെ ആഴത്തിലുള്ള ആത്മീയ ബന്ധത്തിന്റെ പിന്‍ബലത്തില്‍ സയ്യിദ് അലവി തങ്ങളുടെ പങ്ക് വിസ്മരിക്കാവതല്ല. ആത്മീയ സരണികളുടെ സ്രോതസ്സുകളുപയോഗിച്ച് സമൂഹത്തില്‍ എന്ത് മാറ്റവും സാധിച്ചെടുക്കാമെന്ന സിദ്ധാന്തം തങ്ങളിലൂടെ മലയാളം തിരിച്ചറിഞ്ഞു. ചത്തുപോയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ മലബാറിന്റെ ആത്മീയ രംഗം സടകുടഞ്ഞെഴുന്നേല്‍ക്കുന്നത് ഇതോടെയാണ്. കൊട്ടിഘോഷിക്കപ്പെടുന്നതിലപ്പുറം മമ്പുറം എന്നും ആത്മീയതയുടെ സിരാകേന്ദ്രമായി മാറി എന്നതാണ് ചരിത്രം. ബാഅലവീ സാദാത്തീങ്ങളുടെ ചരിത്രദൗത്യം മലയാളക്കരയില്‍ സയ്യിദ് അലവി തങ്ങള്‍ മങ്ങലേല്‍ക്കാതെ നിര്‍വ്വഹിക്കുകയായിരുന്നു. വര്‍ത്തമാന കാല മലബാറിന്റെ ആത്മീയ സംവിധാനത്തിന് അടിത്തറ പാകിയത് സയ്യിദ് അലവി തങ്ങളാണെന്നത് വസ്തുതയാണ്.
താന്‍ ജീവിച്ചിരുന്ന കാലഘട്ടത്തിലെ ഖുതുബായിരുന്നു സയ്യിദ് അലവി തങ്ങള്‍. അതിനാലാണ് ഖുതുബുസ്സമാന്‍ എന്ന പേരില്‍ വിശ്രുതനായത്. ഔലിയാക്കളുടെ സ്ഥാനശ്രേണിയില്‍ ഏറ്റവും മുകളില്‍ നില്‍ക്കുന്ന സ്ഥാനമാണിത്. അച്ചുതണ്ട് എന്നാണ് വാഗര്‍ത്ഥം. പ്രപഞ്ച സംവിധാനത്തിന്റെ അടിസ്ഥാന ഘടകവും ഭൗമ മണ്ഡലത്തിന്റെ കേന്ദ്ര ബിന്ദുവുമായി മാറുക എന്നതാണ് ആശയം. ഒരുകാലത്ത് ഒരു ഖുതുബ് മാത്രമേ ജീവച്ചിരിക്കുകയുള്ളൂ. തന്റെ യുഗത്തിലെ അല്ലാഹു അനുവദിച്ച മുഴുവന്‍ കാര്യങ്ങളും നിയന്ത്രിച്ചുപോരുക പ്രസ്തുത വ്യക്തിയായിരിക്കും. അല്ലാഹു സയ്യിദ് അലവി തങ്ങളെ ഇത്തരമൊരു സ്ഥാനത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലാണ് അഖ്താബ്, അബ്ദാല്‍, ഔതാദ് തുടങ്ങിയവര്‍ അധിവസിക്കുക. ഇത് ഒരു നാടിന് ലഭിക്കുകയെന്നത് വലിയ അനുഗ്രഹമായിട്ടാണ് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സയ്യിദ് അലവി തങ്ങളുടെ കാലത്ത് മലയാളക്കരക്ക് ഇതിനുള്ള ഭാഗ്യം സിദ്ധിച്ചു.8)
സൂഫികളുടെ ലോകത്തെക്കുറിച്ചും അവര്‍ക്കിടയിടയിലെ പദവികളെക്കുറിച്ചും ബോധമുണ്ടാവുമ്പോഴാണ് ഖുഥുബ് എന്ന സ്ഥാനത്തിന്റെ ഗാംഭീര്യം മനസ്സിലാവുക.
ഇബ്‌നു അബ്ബാസ് (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ''ഭൂമിലോകത്ത് അല്ലാഹുവിന്റെ മുന്നൂറ്  വിശിഷ്ട വ്യക്തികളുണ്ട്. അവരുടെ ഹൃദയം ആദം നബിയുടെ  ഹൃദയവുമായി ബന്ധപ്പെട്ടിരിക്കുന്നു. വേറെ നാല്‍പ്പത് ആളുകളുണ്ട്. അവരുടെ ഹൃദയം മൂസാനബിയുടെ ഹൃദയവുമായി ബന്ധപ്പെട്ടിരിക്കുന്നു. വേറെ ഏഴ് വ്യക്തികളുണ്ട്. അവരുടെ ഹൃദയം ഇബ്‌റാഹീം നബിയുടെ ഹൃദയവുമായി ബന്ധപ്പെട്ടിരിക്കുന്നു. വേറെ അഞ്ച് ആളുകളുണ്ട്. അവരുടെ ഹൃദയം ജിബ്‌രീലിന്റെ ഹൃദയവുമായി ബന്ധപ്പെട്ടിരിക്കുന്നു. വേറെ മൂന്നു ആളുകളുണ്ട്. അവരുടെ ഹൃദയം മീക്കാഈലിന്റെ ഹൃദയവുമായി ബന്ധപ്പെട്ടിരിക്കുന്നു. വേറെ ഒരാളുണ്ട്. അവരുടെ ഹൃദയം ഇസ്‌റാഫീലിന്റെ ഹൃദയവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ഒരാള്‍ മരിച്ചാല്‍ തല്‍സ്ഥാനത്തേക്ക് അല്ലാഹു മൂന്നില്‍നിന്ന് ഒരാളെ നോമിനേറ്റ് ചെയ്യുന്നതാണ്. തല്‍സ്ഥാനത്തേക്ക് അഞ്ചില്‍നിന്ന് ഒരാളെ തെരഞ്ഞെടുക്കുന്നതാണ്. അങ്ങനെ അവസാനം വരെ പോകുന്നതാണ്. ഒടുവില്‍ ഒരാളെ പൊതുജനങ്ങളില്‍നിന്നും എഴുപതിലേക്ക് തെരഞ്ഞെടുക്കുന്നതാണ്. ഇവര്‍ കാരണമാണ് അല്ലാഹു ഈ സമുദായത്തെത്തൊട്ട് വിപത്തുകള്‍ തടഞ്ഞുനിര്‍ത്തുന്നത്.''9)
അല്ലാഹുവിന്റെ ഇഷ്ടദാസന്മാര്‍ക്കിടയില്‍ അവനുമായുള്ള അടുപ്പത്തിന്റെ തോതനുസരിച്ച് വ്യത്യസ്ത സ്ഥാനങ്ങളുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു. മാത്രമല്ല, ഈ പണ്ഡിത വര്യന്മാരാണ് ഭൗതിക പ്രപഞ്ചത്തെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്. അവരുടെ പ്രവര്‍ത്തനങ്ങളാണ് ഓരോന്നിനും പിന്നില്‍ നടന്നുകൊണ്ടിരിക്കുന്നത്.
ഔലിയാഅ് (300 പേര്‍), നൂജബാഅ് (70 പേര്‍), ഔതാദ് (40 പേര്‍), നുഖബാഅ് (10 പേര്‍), ഉറഫാഅ് (7 പേര്‍), മുഖ്താറൂന്‍ (3 പേര്‍), ഖുഥുബ് (ഒരാള്‍) എന്നിങ്ങനെയാണ് ഈ ശ്രേണി.10) ഇവരെയാണ് അല്ലാഹു പ്രപഞ്ചത്തിന്റെ നിയന്ത്രണം ഏല്‍പ്പിച്ചിരിക്കുന്നത്. ഈ നാമങ്ങള്‍ സൂചിപ്പിക്കുന്ന പോലെത്തന്നെ, ഇവര്‍ക്കോരോരുത്തര്‍ക്കും പ്രത്യേകം ഉത്തരവാദിത്തങ്ങളും ജോലികളുമുണ്ട്. ഔലിയാഇന്റെ ലോകത്തെ ഏറ്റവും ഉന്നതരാണ് ഖുഥുബ്. അതിനാല്‍ അവര്‍ അല്ലാഹുവിനോട് വളരെ അടുത്ത് സ്ഥിതി ചെയ്യുന്നു. മാത്രമല്ല, ഭൗതിക പ്രപഞ്ചത്തിന്റെ നിയന്ത്രണത്തില്‍ അവര്‍ക്ക് വലിയൊരു പങ്കുമുണ്ട്.
ഖുഥുബ് എന്നാല്‍ അച്ചുതണ്ട്, നെടുംതൂണ്‍ എന്നൊക്കെയാണ് അര്‍ത്ഥം. അല്ലാഹുവിന് താഴെ പ്രവാചകന്മാരുടെ സ്ഥാനത്ത് നിലകൊള്ളുന്ന സര്‍വ്വാധികാരിയായ നേതാവ് എന്നാണ് ഇത് കൊണ്ടുള്ള വിവക്ഷ. പ്രവാചക പരിസമാപ്തിക്കുശേഷം നബിമാരുടെ പദവിയില്‍നിന്നുകൊണ്ട് രഹസ്യമായി ആത്മീയ ഭരണവും പരസ്യമായി ഭൗതിക ഭരവും ഒന്നിച്ച് നിയന്ത്രിക്കുന്നു. അധികം ഖുഥുബുകളും പരസ്യമായ ഭൗതിക ഭരണം ഇല്ലാത്തവരും അതേസമയം എല്ലാം രഹസ്യമായി നിയന്ത്രിക്കുകയും ചെയ്യുന്നവരാണ്. ഥരീഖത്തില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനമാണിത്.11)
ഒരാള്‍ക്ക് ഖുഥുബിന്റെ സ്ഥാനം കരസ്ഥമാക്കാന്‍ ആത്മീയ ലോകത്ത് അനവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. ആത്മാവിനും പരമാത്മാവിനുമിടക്ക് ഇരുളിന്റെയും വെളിച്ചത്തിന്റെയും എഴുപതിനായിരം ആവരണങ്ങളുണ്ടെന്നാണ് പണ്ഡിതമതം. ഏഴുവീതം സംസ്‌കരണമാണ് ഇവിടെ ആവഷ്യം. അതിലൂടെ പതിനായിരം വീതം ആവരണങ്ങളെ നീക്കം ചെയ്യാന്‍ സാധിക്കുന്നു. അതോടെയാണ് ആത്മാവ് പരമാത്മാവിലെത്തുന്നത്. ആദ്ധ്യാത്മിക യാത്ര നടത്തുന്ന ഒരാള്‍ കടന്നുപോകേണ്ട വഴികള്‍ ഇവയാണ്: ആത്മാവ് (നഫ്‌സ്), യാത്ര (സൈര്‍), ജഗം (ആലം), അവസ്ഥ (ഹാല്‍), സ്ഥാനം (മഹല്ലത്ത്), പാത (ഥരീഖത്ത്), പ്രകാശം (നൂര്‍). ഇവയിലോരോന്നിലും ഏഴ് ഘട്ടങ്ങളുണ്ട്. സയ്യിദ് അലവി തങ്ങള്‍ ഇവയെല്ലാം കടന്നുപോയ വ്യക്തിയായിരുന്നു.12) 
സയ്യിദ് അലവി തങ്ങള്‍ അന്തരിച്ചപ്പോള്‍ ഉമര്‍ ഖാസി പാടിയ അനുശോചന കാവ്യത്തില്‍ അവരെ ഖുഥുബുസ്സമാന്‍ എന്ന് വിശേഷിപ്പിക്കുന്നുണ്ട്.13) അതിനുള്ള കാരണങ്ങളും അദ്ദേഹം വിശദീകരിക്കുന്നു. ജ്ഞാനികളും പണ്ഡിതരുമായി കടന്നുവന്ന അനവധിയാളുകള്‍ സയ്യിദ് അലവിതങ്ങളെ ഇതേ വിശേഷണംകൊണ്ടാണ്  സൂചിപ്പിക്കുന്നത്. മദീനയിലെ മുഫ്തിയായിരുന്ന ഉമറുല്‍ ബര്‍റ് അല്‍ മദനി രചിച്ച 'മൗലിദുന്‍ ഫീ മനാഖിബി സയ്യിദ് അലവി അല്‍ മന്‍ഫുറമി'യും പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ രചിടച്ച 'അന്നഫ്ഹത്തുല്‍ ജലീല'യും തുടങ്ങി അനവധി ഗ്രന്ഥങ്ങളും സൂഫീവചനങ്ങളും ഇതിന് സാക്ഷ്യം വഹിക്കുന്നു.
ഖുഥുബുസ്സമാന്‍ എന്നാല്‍ ലോകത്തെ മൊത്തം കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ അല്ലാഹുവിന്റെ അനുവദിച്ചവരാണെന്ന് നേരത്തെ പറഞ്ഞുവല്ലോ. എന്നിരിക്കെ മലബാറിന്റെ വരുതി വിട്ട് സയ്യിദ് അലവി തങ്ങളുടെ ആത്മീയ പ്രഭാവത്തിന്റെ തണല്‍ വ്യാപിച്ചിരുന്നോ എന്ന അന്വേഷണത്തിന് പ്രസക്തിയുണ്ട്.
മലയാളത്തിന്റെ മണ്ണിലിരുന്ന്‌കൊണ്ട് സയ്യിദ് അലവി തങ്ങള്‍ ഇവിടത്തെ മാത്രമല്ല, ലോകത്തെ മൊത്തം കാര്യങ്ങള്‍ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്തിരുന്നു എന്നുള്ളതാണ് വസ്തുത. അവരുടെ ആദ്ധ്യാത്മിക രംഗത്തെ സ്വാധീനം അന്യദേശങ്ങളില്‍ വരെ പ്രകടമായിരുന്നു. ഇത്തരമൊരു പദവിയിലെത്തിയ ആളെ സംബന്ധിച്ചിടത്തോളം അല്ലാഹുവിന്റെ തിരുനോട്ടവും കഴിവും അംഗീകാരവും നല്ലപോലെ സ്വാധീനിക്കുമെന്നതില്‍ സംശയമില്ല. തന്റെ ഇഷ്ടദാസന്മാരുടെ കയ്യും കാലും കാദും കണ്ണും താനാകുമെന്ന് അവന്‍ വ്യക്തമാക്കിയിട്ടുണ്ട്. അവര്‍ക്ക് അദൃശ്യമായ കഴിവുകള്‍ പരുമെന്നാണ് ഇതിന്റെ വിവക്ഷ. ഈ കഴിവ് ലഭിച്ച ഒരാള്‍ക്ക് ഇവിടെയിരുന്ന് സര്‍വ്വ ലോകങ്ങളെയും നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യാവുന്നതാണ്.
സയ്യിദ് അലവി തങ്ങളുടെ കറാമത്തുകളായി നാം എണ്ണുന്ന പല സംഭവങ്ങളും ഇതിനു ശക്തി പകരുന്നതാണ്. ആകാശം, ഭൂമി, ലൗഹ്, അര്‍ശ്, കുര്‍സിയ്യ് തുടങ്ങി അല്ലാഹുവിന്റെ അധികാര പരിധിയില്‍ പെട്ട വസ്തുക്കളെ ആ മഹത്വത്തോടെത്തന്നെ തങ്ങളവര്‍കള്‍ മനസ്സിലാക്കി. അല്ലാഹു നല്‍കിയ കഴിവിന്റെ അടിസ്ഥാനത്തില്‍ പല സംഭവങ്ങളും മുന്‍ക്കൂട്ടി പ്രവചിക്കാനും ദീര്‍ഘവീക്ഷണത്തോടെ പ്രസ്താവിക്കാനും തങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. ദൈവിക സാമീപ്യത്തിന്റെ ആഴം കാരണം ലൗഹില്‍ നോക്കി കാര്യങ്ങള്‍ വായിക്കാനുള്ള കഴിവ് വരെ തങ്ങള്‍ സ്വായത്തമാക്കി.14) തന്നെ സമീപിക്കുന്ന ആളുകളുടെ മനസ്സ് വായിക്കുക തങ്ങളുടെ ജീവിതത്തില്‍ സാധാരണയായിരുന്നു.15)  നാട്ടിലെ കള്ളന്മാരെയും കുറ്റവാളികളെയും അപകടകാരികളെയും  തങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്തി. ചിലരുടെ ആവശ്യങ്ങളോട് അതിന്റെ വരുംവരായ്കകളറിഞ്ഞ് സാവധാനത്തില്‍ മാത്രമേ പ്രതികരിച്ചിരുന്നുള്ള.16) മമ്പുറത്തു ജീവിക്കുമ്പോള്‍ തന്നെ യമനിലെ തന്റെ കുടുംബക്കാരെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും ആരും പറയാതെത്തന്നെ തങ്ങള്‍ അറിഞ്ഞിരുന്നു. ഒരിക്കല്‍ ഹളര്‍മൗത്തിലെ ഒരു വീടിന് തീ പിടിച്ചപ്പോള്‍ മമ്പുറത്തെ ഹൗളില്‍നിന്നും വെള്ളം തേവിയത് അത്‌കൊണ്ടാണ്.17) മറ്റൊരിക്കല്‍, തന്റെ പിതൃവ്യ പുത്രന്‍ ഹസന്‍  ബിന്‍ സഹലുമായി സംസാരിച്ചുകൊണ്ടിരിക്കുന്നു. പെട്ടെന്ന് സയ്യിദ് അലവി തങ്ങള്‍ ഇങ്ങനെ കയറി പറഞ്ഞു:സ യ്യിദ് അഹ്മദ് ജിഫ്‌രി വല്ലാത്തൊരു പണ്ഡിതനാണ്. അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ. കാലങ്ങള്‍ക്കു ശേഷം, ഹസന്‍ ബിന്‍ സഹലിനു കാര്യം പിടികിട്ടി. ആ നിമിഷത്തിലായിരുന്നു സയ്യിദ് അഹ്മദ് ജിഫ്‌രി മരണപ്പെട്ടിരുന്നത്.18) സയ്യിദ് അലവി തങ്ങളുടെ ബോധ മണ്ഡലം മലബാറിലെന്നതിലപ്പുറം ലോകം മുഴുക്കെ പാറിക്കളിക്കുകയായിരുന്നു എന്നതിന് ഇത് തെളിവാണ്.
തന്റെ ഇഷ്ട ദാസന്മാര്‍ക്ക് ഒരേസമയം ധാരാളം ശരീരങ്ങള്‍ (ജസദുകള്‍) നല്‍കുകയെന്നത് അല്ലാഹുവിന്റെ ഭാഗത്തുനിന്നുള്ള ബഹുമതിയാണ്. പ്രബോധന പാതയില്‍ വിനിയോഗിക്കാനുള്ള മാര്‍ഗങ്ങളിലൊന്നാണിത്. സയ്യിദ് അലവി തങ്ങള്‍ക്കും ഒന്നിലധികം ശരീരങ്ങളുണ്ടായിരുന്നു. ലോകമൊന്നടങ്കമുള്ള വ്യത്യസ്ത കാര്യങ്ങളും ഇടപാടുകളും കൈകാര്യം ചെയ്യാനുള്ളതു കൊണ്ടുതന്നെ ഇങ്ങനെയൊരു അവസ്ഥ ആവശ്യവുമാണ്. ഓരോ വെള്ളിയാഴ്ചയും സയ്യിദ് അലവി തങ്ങള്‍ മസ്ജിദുന്നബവിയില്‍നിന്നാണ് സ്വുബഹി നമസ്‌കരിച്ചിരുന്നത്. നിസ്‌കാരം കഴിഞ്ഞ  ഉടനെത്തന്നെ മമ്പുറത്തേക്ക് തിരിച്ചെത്തുകയും ചെയ്തിരുന്നു.12)
സിലോണിലെ ആദം മലയില്‍ ഒരു മഹാന്‍ ജീവിച്ചിരുന്നു. ഒരിക്കല്‍ സയ്യിദ് അലവി തങ്ങള്‍ അദ്ദേഹത്തിന് ഒരു കത്ത് കൊടുത്തയച്ചു. ദൂതന്‍ കത്തുമായി  ആദം മലയിലെത്തിയപ്പോള്‍ സയ്യിദ് അലവി തങ്ങള്‍ അവിടെയുണ്ടായിരുന്നു. മഹാന്റെ മറുപടിയുമായി ദൂതന്‍ മമ്പുറത്തെത്തിയപ്പോള്‍ തങ്ങളവര്‍കള്‍ അവിടെയുമുണ്ട്. ഇത് കണ്ട ദൂതന്റെ അല്‍ഭുതം കണ്ട് തങ്ങള്‍ പറഞ്ഞു: 'ഞാന്‍ എല്ലായിടത്തുമുണ്ടാകും.'19) തങ്ങളുടെ ദൗത്യത്തിന്റെ  ഭൂമിക വിശാലമാണെന്നതിലേക്ക് ഇത് സൂചന നല്‍കുന്നു. 
സയ്യിദ് അലവി തങ്ങളുടെ വിശാല ബന്ധങ്ങളെയും പരദേശ പരിചയങ്ങളെയും കുറിക്കുന്ന ധാരാളം സംഭവങ്ങളുണ്ട്. അവയുടെ പ്രാധാന്യവും സ്ഥല ബന്ധങ്ങളും കാല പരിസരങ്ങളും ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ആത്മീയ യാത്രകളുടെയും നിരീക്ഷണങ്ങളുടെയും വിപുലമായ സാധ്യതകളാണ് ഇവ വ്യക്തമാക്കുന്നത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ മാത്രമല്ല, വിവിധ രാഷ്ട്രങ്ങളില്‍ വരെ തങ്ങളവര്‍കളുടെ സ്വാധീനം പ്രകടമായതായി ചരിത്രമുണ്ട്. ഇത് അറിയപ്പെട്ട ചരിത്രം. അറിയപ്പെടാത്ത ചരിത്രം വേറെയും.
1) കേരളത്തിലെ പ്രവാചക കുടുംബങ്ങള്‍ ഉല്‍ഭവം ചരിത്രം, മുജീബ് തങ്ങള്‍ കൊന്നാര്, പേജ്: 78
2) മമ്പുറം സയ്യിദ് അലവി തങ്ങള്‍, കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം, പേജ്: 40
3) മലബാറിലെ രത്‌നങ്ങള്‍, കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീം, പേജ്: 28
4) കേരളത്തിലെ പ്രവാചക കുടുംബങ്ങള്‍ ഉല്‍ഭവം ചരിത്രം, മുജീബ് തങ്ങള്‍ കൊന്നാര്, പേജ്: 126
5)മമ്പുറം സയ്യിദ് അലവി തങ്ങള്‍, കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം, പേജ്: 37
6) ആംഗ്ലോ-മാപ്പിള യുദ്ധം,1921,എ.കെ. കോടൂര്‍, പേജ്: 26
7) തെളിച്ചം മാസിക ലക്കം 5, പുസ്തകം 9, പേജ്: 26
8) തെളിച്ചം മാസിക, ലക്കം 5, പുസ്തകം 9, പേജ്: 25
9) മിന്‍ഹത്തുല്‍ ഖവീ ബി മിദ്ഹത്തി സയ്യിദ് അലവി, സയ്യിദ് ഉമറുല്‍ ബര്‍റ്, പേജ്: 5
10) മിന്‍ഹത്തുല്‍ ഖവീ ബി മിദ്ഹത്തി സയ്യിദ് അലവി, സയ്യിദ് ഉമറുല്‍ ബര്‍റ്, പേജ്: 5- സൂഫി മാര്‍ഗം, ഡോ. ഹുസൈന്‍ രണ്ടത്താണി,  പേജ്:94
11) ഇസ്‌ലാമിലെ ഥരീഖത്തും ഥരീഖത്തിലെ ഇസ്‌ലാമും, സ്വദ്‌റുദ്ദീന്‍ വാഴക്കാട്, പേജ്: 44
12)  സൂഫി മാര്‍ഗം, ഡോ. ഹുസൈന്‍ രണ്ടത്താണി,  പേജ്:91
13) മലയാളത്തിലെ മഹാരഥന്മാര്‍, നെല്ലിക്കുത്ത് മുഹമ്മദലി മുസ്‌ലി                 യാര്‍ 
14) മമ്പുറം മാല, മുഹമ്മദ് ഹാജി
15) മമ്പുറം മാല, മുഹമ്മദ് ഹാജി  
16) മമ്പുറം സയ്യിദ് അലവി തങ്ങള്‍, കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീം
17) മമ്പുറം മാല, മുഹമ്മദ് ഹാജി- മമ്പുറം തങ്ങള്‍ ചരിത്രം, ഒ.എം. മുത്തുകോയത്തങ്ങള്‍
18) അന്നഫ്ഹത്തുന്‍ ജലീല ഫീ മനാഖിബി സയ്യിദ് അലവി അല്‍മൗലദ്ദവീല, പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍
19)അന്നഫ്ഹത്തുന്‍ ജലീല ഫീ മനാഖിബി സയ്യിദ് അലവി അല്‍മൗലദ്ദവീല, പാങ്ങില്‍ അഹ്മദ് കുട്ടി   മുസ്‌ലിയാര്‍ 

Monday, August 15, 2016

പാലക്കാംതൊടി അബൂബക്കര്‍ മുസ്‌ലിയാര്‍: മുഖ്യധാരാ ചരിത്രകാരന്മാര്‍ക്കറിയുമോ ഇങ്ങനെയൊരു സ്വാതന്ത്ര്യസമര സേനാനിയെ?

കേരളത്തിലെ അധിനിവേശ വിരുദ്ധ സമരങ്ങളില്‍ വളരെ പ്രധാനപ്പെട്ട പങ്കുവഹിച്ച പ്രദേശങ്ങളിലൊന്നാണ് കോഴിക്കോട്. ചരിത്രത്തില്‍ ഫതഹുല്‍ മുബീന്‍ തീര്‍ത്ത ഖാസി മുഹമ്മദിന്റെ വീരഗാഥകള്‍ മുതല്‍ ഇങ്ങോട്ട് ഇതിന്റെ ശാഖകള്‍ അനവധിയാണ്. ഗാമ കപ്പലിറങ്ങിയതും ഇവിടെത്തന്നെയായരുന്നുവെന്നത് മറ്റൊരു വിരോധാഭാസം. അതുകൊണ്ടായിരിക്കാം ഇവിടെനിന്നും അധിനിവേശ ശക്തികള്‍ക്കു മുമ്പില്‍ പ്രതിരോധ വലയം തീര്‍ക്കാന്‍ ധീരരായ പലരും ഉയര്‍ന്നുവന്നത്. അതിലെ സുപ്രധാനികളിലൊരാളായിരുന്നു ചരിത്രം ഏറെ ഉയര്‍ത്തിക്കാണിച്ചിട്ടില്ലാത്ത പാലക്കാംതൊടി അബൂബക്ര്‍ മുസ്‌ലിയാര്‍.

കോഴിക്കോട് താലൂക്കില്‍ താമരശ്ശേരിയെ കേന്ദ്രീകരിച്ച് ഖിലാഫത്ത് പ്രസ്ഥാനത്തിനു നേതൃത്വം നല്‍കിയ പ്രമുഖനായിരുന്നു പുത്തൂര് പാലക്കാംതൊടി അബൂബക്ര്‍ മുസ്‌ലിയാര്‍. അദ്ധ്യാപന രംഗത്തും ആദ്ധ്യാത്മിക മേഖലയിലും നിറഞ്ഞുനിന്ന അദ്ദേഹം ബ്രിട്ടീഷ് മുന്നേറ്റത്തെ, നാടിനെതിരെയുള്ള ഏറ്റവും വലിയ ചൂഷണമായി മനസ്സിലാക്കുകയും അതിനെതിരെ സമരനിരയൊരുക്കുകയും ചെയ്തു. 1921 ല്‍ ഏറനാട്-വള്ളുവനാട് മേഖലകളില്‍ ആലി മുസ്‌ലിയാരും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും മാപ്പിള മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയപ്പോള്‍ കോഴിക്കോട് ഭാഗങ്ങളില്‍ ഈ ദൗത്യം ഏറ്റെടുത്ത് പ്രവര്‍ത്തിച്ചിരുന്നത് മുസ്‌ലിയാരാണ്. തികഞ്ഞ രാജ്യ സ്‌നേഹിയായിരുന്ന അദ്ദേഹമാണ് ഈ ഭാഗത്ത് ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം വഹിച്ചിരുന്നത്.
മമ്പുറം തങ്ങന്മാര്‍ക്കും വെളിയങ്കോട് ഉമര്‍ ഖാസിയടക്കമുള്ള പണ്ഡിതവര്യന്മാര്‍ക്കും ശേഷം, കേരളക്കരയിലെ കൊളോണിയല്‍ വിരുദ്ധ സമരങ്ങളിലെ ഉലമാ സാന്നിദ്ധ്യത്തിന്റെ വ്യക്തമായ നിദര്‍ശനമാണ് അബൂബക്ര്‍ മുസ്‌ലിയാര്‍. അനവധി മഹല്ലത്തുകളുടെ ഖാസിയും മുദരിസും ആദ്ധ്യാത്മിക ധാരകളുടെ നായകനുമായിരിക്കെയാണ് അദ്ദേഹം ബ്രിട്ടീഷുകാരന്റെ അവകാശ നിഷേധത്തിനെതിരെ പോരാടുകയും ഒടുവില്‍ രാജ്യത്തിനുവേണ്ടി ജീവന്‍ ബലി നല്‍കുകയും ചെയ്തു.

ധീരദേശാഭിമാനിയായ ഈ സമരനായകനെ കേരളം വേണ്ടപോലെ പരിചയപ്പെട്ടിട്ടില്ല. ഹിച്ചകോക്കും കെ.എന്‍. പണിക്കരും എം. ഗംഗാധരനും എസ്.എഫ്. ഡയ്‌ലും മറ്റു പ്രാദേശിക ചരിത്രകാരന്മാരുമെല്ലാം ഇദ്ദേഹത്തെക്കുറിച്ച് ധാരാളം റഫറന്‍സുകള്‍ നല്‍കുന്നുണ്ട്. 1921-22 കാലത്ത് കോഴിക്കോട് താലൂക്കിനെ കേന്ദ്രീകരിച്ച് അബൂബക്ര്‍ മുസ്‌ലിയാര്‍ നടത്തിയ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളെ ഒപ്പിയെടുത്ത് പുറത്തുകൊണ്ടുവരികയാണ് പ്രധാനമായും ഈ പേപ്പര്‍കൊണ്ട് ഉദ്ദേശിക്കുന്നത്.

വ്യക്തിയും കാലവും
സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന മുസ്‌ലിയാര്‍ 1874 ല്‍ കൊടുവള്ളിക്കടുത്ത കരുവമ്പൊയിലില്‍ ജനിച്ചു. പിതാവ് പാലക്കാംതൊടി കുഞ്ഞിരായിന്‍ ഹാജി. പ്രാഥമിക മത പഠനത്തിനു ശേഷം പൊന്നാനിയില്‍ പോയി ഉപരിപഠനം നടത്തി. ശേഷം, കുറച്ചു കാലം വാഴക്കാട് ദാറുല്‍ ഉലൂമില്‍ പഠിച്ചിരുന്നതായി പറയപ്പെടുന്നു. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, ചെറുശ്ശേരി അഹ്മദ് കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവരായിരുന്നു അവിടത്തെ ഉസ്താദുമാര്‍. പിന്നീട്, വെല്ലൂര്‍ ബാഖിയാത്തില്‍ പോയി ബിരുദം നേടി. ബാഖിയാത്ത് സ്ഥാപകന്‍ ശാഹ് അബ്ദുല്‍ വഹാബ് ഹസ്‌റത്ത്, മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ ഹസ്‌റത്ത് തുടങ്ങിയവര്‍ അവിടെ അദ്ധ്യാപകരായി സേവനം ചെയ്തിരുന്ന കാലമായിരുന്നു അത്. പഠനാനന്തരം താമരശ്ശേരിയിലെ ഒരു പള്ളിയില്‍ മുദരിസായി പ്രവര്‍ത്തിച്ചു. കൊടുവള്ളിയിലും പരിസരങ്ങളിലുമായി വിവിധ സ്ഥലങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുത്തൂര്‍ പുതിയോത്ത് പള്ളിയെ കേന്ദ്രീകരിച്ചാണ് അബൂബക്ര്‍ മുസ്‌ലിയാര്‍ തന്റെ മത പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്നത്. അവസാന കാലങ്ങളില്‍ അവിടത്തെ ഖഥീബും ഖാസിയും മുദരിസുമായിരുന്നു അദ്ദേഹം. പ്രഗല്‍ഭരായ അനവധി പണ്ഡിതന്മാര്‍ അദ്ദേഹത്തിനു കീഴില്‍ പഠിച്ചിരുന്നു. കൂടാതെ, കരുവമ്പൊയില്‍, തലപ്പെരുമണ്ണ, വെണ്ണക്കോട്, കൊടിയത്തൂര്‍, ഓമശ്ശേരി, കളരാന്തിരി, കൊടുവള്ളി, താമരശ്ശേരി, കൂടത്തായി, പുതുപ്പാടി തുടങ്ങി കിഴക്കന്‍ കോഴിക്കോടിന്റെ വലിയൊരു ഭാഗത്തിന്റെ ഖാസികൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കാര്‍മികത്വത്തിലും ആശീര്‍വാദത്തിലുമാണ് ഇവിടത്തെ ഓരോ കാര്യങ്ങളും മുന്നോട്ടുപോയിരുന്നത്. അക്കാലത്ത് ഈ ഭാഗത്ത് ജീവിച്ചിരുന്ന വലിയ സൂഫികൂടിയായിരുന്നു അദ്ദേഹം. അക്കാലത്ത് ഈ ഭാഗങ്ങളിലൊരിക്കല്‍ ക്ഷാമം പിടിപെട്ടപ്പോള്‍ അദ്ദേഹം കരുവമ്പൊയില്‍ വയലില്‍ ആളുകളെയെല്ലാം ഒരുമിച്ചുകൂട്ടുകയും മഴയെ തേടുന്നു നിസ്‌കാരം നിര്‍വഹിക്കുകയും പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്തപ്പോള്‍ മഴ പെയ്ത സംഭവം പഴമക്കാര്‍ക്കിടയില്‍ ഇന്നും പ്രസിദ്ധമാണ്.

ഖിലാഫത്ത് നേതൃത്വത്തില്‍
ശക്തനായ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു അബൂബക്ര്‍ മുസ്‌ലിയാര്‍. ശൗക്കത്തലിയുടെയും ഗാന്ധിജിയുടെയും നേതൃത്വത്തില്‍ നാടുനീളെ ഖിലാഫത്ത് കമ്മിറ്റികള്‍ നിലവില്‍ വരികയും അവയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാവുകയും ചെയ്തപ്പോള്‍ മലബാറില്‍ അദ്ദേഹവും അതിന്റെ സജീവ പ്രവര്‍ത്തകനായി മാറി. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഖിലാഫത്ത് കമ്മിറ്റികള്‍ രൂപവല്‍കരിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഖിലാഫത്ത് പ്രക്ഷോഭം കൊടുമ്പിരികൊണ്ടിരുന്ന 1921 കാലത്ത് കോഴിക്കോട് ജില്ല ഖിലാഫത്ത് കമ്മിറ്റി അംഗമായിരുന്നു. കൂടാതെ, പുത്തൂര് ഖിലാഫത്ത് കമ്മിറ്റിയിലും പ്രധാന പോസ്റ്റിലുണ്ടായിരുന്നു. ബ്രിട്ടീഷ് മേല്‍ക്കോയ്മക്കെതിരെ ഈ ഭാഗങ്ങളിലെ ജനങ്ങളെ ഏകോപിപ്പിക്കാന്‍ കഠിനാദ്ധ്വാനം ചെയ്തു. ജന്മി മുന്നേറ്റത്തെ വകവെക്കാതെ അവകാശ നിഷേധത്തിനെതിരെ ശക്തമായൊരു പടയണിയൊരുക്കി സമരമുഖത്ത് ഉറച്ചുനിന്നു.

മലബാറിലെ മാപ്പിള മുന്നേറ്റങ്ങളുടെ കാലത്ത് കോഴിക്കോട്ട് ബ്രിട്ടീഷുകാരുടെ ഏക ഭീഷണിയായിരുന്നു അബൂബക്ര്‍ മുസ്‌ലിയാര്‍. തന്റെ ഗുരുകൂടിയായ ആലി മുസ്‌ലിയാരില്‍നിന്നും ആവേശം സ്വീകരിച്ച അദ്ദേഹത്തിന്റെ ഓരോ പ്രവര്‍ത്തനങ്ങളും ബ്രിട്ടീഷുകാര്‍ക്ക് തലവേദന സൃഷ്ടിച്ചു. തന്റെ തീപ്പൊരി പ്രസംഗങ്ങളിലൂടെ ഖിലാഫത്ത് പ്രസ്ഥാനം സജീവമാക്കാന്‍ യത്‌നിച്ച അദ്ദേഹം ഒടുവില്‍ ബ്രിട്ടീഷ് ഗണ്‍മെന്റിന്റെ നോട്ടപ്പുള്ളിയായി.

ജയില്‍ വാസവും അനന്തരവും

ഇതറിഞ്ഞ അദ്ദേഹം അനുയായികളോടൊപ്പം താമരശ്ശേരിക്കടുത്ത കിഴക്കന്‍ മലകളില്‍ അഭയം തേടി. കുറേകാലം മലമടക്കുകളില്‍ ഒളിവില്‍ കഴിഞ്ഞു. അന്വേഷണം അവിടെയുമെത്തിയപ്പോള്‍ അവിടെനിന്നും രക്ഷപ്പെടുകയും ഒറ്റുകൊടുക്കപ്പെട്ടതിനെ തുടര്‍ന്ന് വെല്ലൂരിലേക്കുള്ള വഴിമദ്ധ്യേ ട്രൈനില്‍വെച്ച് പിടിക്കപ്പെടുകയുമായിരുന്നു. ശേഷം, പട്ടാളം അദ്ദേഹത്തെ വെല്ലൂര്‍ ജയിലിലടച്ചു. 1922 ആഗസ്റ്റ് ഒമ്പതിനു അദ്ദേഹം കോയമ്പത്തൂര്‍ സെന്റര്‍ ജയിലില്‍ നല്‍കിയ സ്റ്റേറ്റ്‌മെന്റ് ഹിച്‌കോക്കിന്റെ റെക്കോഡ്‌സുകളില്‍ കാണാവുന്നതാണ്. അദ്ദേഹം പിടിക്കപ്പെട്ടതിന്റെ പശ്ചാത്തലവും അദ്ദേഹത്തിന്റെ നിരപരാധിത്വവും ആദര്‍ശവും അതില്‍നിന്നും ശരിക്കും മനസ്സിലാക്കാം. ഈ സ്റ്റേറ്റ്‌മെന്റിനുള്ള പ്രതികരണം 1922 ഡിസംബര്‍ ഏഴ് വ്യാഴ്ച അന്നത്തെ സീനിയര്‍ സ്‌പെഷ്യല്‍ ജഡ്ജ് ജി.എച്ഛ്.ബി. ജാക്‌സണ്‍ പുറത്തുവിട്ടതായി കാണാം. കേസ് നമ്പര്‍ 32 ആയി പരിചയപ്പെടുത്തുന്ന ഈ വിധിയില്‍ അദ്ദേഹത്തെയും കൂട്ടാളികളെയും മരിക്കുന്നതുവരെ തൂക്കിലേറ്റാനാണ് നിര്‍ദ്ദേശിക്കുന്നത്. ഈ വിധിയുടെ അടിസ്ഥാനത്തില്‍ ആഴ്ചകള്‍ക്കു ശേഷം 1923 ന്റെ തുടക്കത്തില്‍ അദ്ദേഹം തൂക്കിലേറ്റപ്പെട്ടു. ഹിജ്‌റ 1341 റമളാന്‍ നാലിനായിരുന്നു ഇത്. ഒരു പണ്ഡിതന്‍ എന്ന നിലക്ക് ജയിലില്‍വെച്ചുതന്നെ ചില പരിഗണന ലഭിച്ചിരുന്നതിനാല്‍ ‘കുറ്റവാളികളെ’ മറമാടുന്നിടത്തില്‍നിന്നും മാറി, വെല്ലൂര്‍ പള്ളിയോട് ചേര്‍ന്ന് അദ്ദേഹം മറമാടപ്പെട്ടു.

വെല്ലൂരിലെ ജയിലില്‍ കഴിഞ്ഞുകൂടുമ്പോള്‍ പുതിയോത്തെ വീട്ടിലെ തന്റെ ഭാര്യയുടെയും കുട്ടികളുടെയും സുഖവിവരങ്ങള്‍ അന്വേഷിച്ചുകൊണ്ട് അദ്ദേഹം രണ്ടു കത്തുകള്‍ എഴുതിയിരുന്നു. ജയിലുകളിലെ വര്‍ത്തമാനങ്ങള്‍ സവിശദം തുറന്നുപറയുന്ന ഇവ ഇന്നും അദ്ദേഹത്തിന്റെ കുടുംബത്തില്‍ സൂക്ഷിച്ചിരിപ്പുണ്ട്. ബ്രിട്ടീഷ് പട്ടാളത്തിന്റെ ക്രൂരതകളുടെ ഭീകരമുഖം തുറന്നുകാണിക്കുന്നതാണ് അറബി മലയാളത്തിലെഴുതിയ ഈ കത്തുകള്‍. ഇതിലൊന്ന് തൂക്കിലേറ്റപ്പെടുന്നതിന്റെ ഒരാഴ്ച മുമ്പെഴുതിയതും രണ്ടാമത്തേത് തൂക്കിലേറ്റപ്പെടുന്നതിന്റെ തലേ ദിവസമെഴുതിയതുമാണ്. അവ യഥാക്രമം ഇങ്ങനെ വായിക്കാം:

സുലൈമാന്‍ മുസ്‌ലിയാര്‍ക്ക് എഴുതിയ ആദ്യ കത്ത്:
”ഹംദ്, സ്വലാത്ത്, സലാം എന്നിവക്കു ശേഷം…
എന്റെ മകന്‍ ഇബ്‌റാഹീം കുട്ടിയും വീടര്‍ പെണ്ണിനും അമ്മായിക്കും ഞങ്ങളുടെ താല്‍പര്യക്കാര്‍ എല്ലാവര്‍ക്കും മൗലവി അബൂബക്ര്‍ വളരെ സലാം. അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറകാത്തുഹു.

ഞങ്ങളുടെ മൂന്നാം അപ്പീല്‍ ഇന്നുവരെ വന്നിട്ടില്ല. അത് വന്നാല്‍ നാലാം അപ്പീല്‍ പോലെ ഒന്നുകൂടി എഴുതാനുണ്ട്. അതിന്റെയും മറ്റും വിവരം പിറകെ അറിയിക്കാന്‍ ഉടയവന്‍ കൃപ ചെയ്യട്ടെ, ആമീന്‍.

കുഞ്ഞാലി ഹാജി ശനിയാഴ്ച അയച്ച കത്ത് തിങ്കളാഴ്ച ഇവിടെ കിട്ടി. വിവരം അറിഞ്ഞു. നീ പത്ത് കിത്താബാണ് ഓതിവരുന്നുയെന്ന് എഴുതിക്കണ്ടതല്ലാതെ എവിടെനിന്നാണ് ഓതിവരുന്നത്, ആരാണ് പഠിപ്പ് എന്നും അറിയുന്നില്ല. അതുകൊണ്ട്, ആ വിവരത്തിനും നിങ്ങളെ എല്ലാ വര്‍ത്തമാനത്തിനും ഒരു മറുപടിയുംകൂടി അയച്ച്തന്നാല്‍ നന്നായിരന്നു.


ഞങ്ങള്‍ ഇങ്ങനെ ആയതുകൊണ്ട് നിങ്ങള്‍ മുഷിക്കേണ്ട. റബ്ബ് വെച്ച അജല്‍ എത്തുമ്പോള്‍ എവിടെ ആയാലും മൗത്ത് ലാസിമാണല്ലോ. ഇവിടെ ഈ ജയിലില്‍ ഖിലാഫത്ത് വകയായി തൂക്കപ്പെടുന്ന ഓരോരുത്തരെ മറ അടക്കേണ്ടതിന്നും മറ്റും ഈ രാജ്യക്കാരായ മുസ്‌ലിംകള്‍ പിരിച്ചുകൂട്ടിയ അനവധി ഉറുപ്പികയില്‍ ഇരുപത്തിയഞ്ച് ഉറുപ്പിക ഓരോരുത്തര്‍ക്ക് ചെലവ് ചെയ്ത് വളരെ ആരമ്പത്തിലും ബഹുമാനത്തിലും മറചെയ്യപ്പെടുന്നു എന്നു മാത്രമല്ല, നല്ല ഉലമാക്കന്മാരും മുതഅല്ലിമീങ്ങളും സ്വാലിഹീങ്ങളും സിയാറത്ത് ചെയ്യുക, അത് കൊണ്ടും അവസാനം റഫീഖുല്‍ അഅ്‌ലാനെ ചോദിച്ച റബ്ബിന്റെ ഉമ്മത്ത്മാരാല്‍ ആക്കിത്തന്നത്‌കൊണ്ടും ഖബറിലെ താമസം കുറക്കാന്‍ ഇത്ര ആയുസ്സ് നീട്ടി തന്നത്‌കൊണ്ടും മുമ്പ് മഴയെ തേടിയ വര്‍ത്തമാനം ഇവിടെ ശ്രുതിപ്പെട്ടതിനാല്‍ ഇവിടെയുള്ള ജെഫ് വാഡര്‍ മുതലായവര്‍ക്ക് കുറച്ച് ഇഅ്തിഖാദ് ഉണ്ടായത് കൊണ്ടും നേറ്റിയില്‍ കുറയാതെ വല്ലതും സാധിക്കാനും മതി. ഇങ്ങനെ ഉടയവന്‍ ചെയ്തതുകൊണ്ട് സന്തോഷപ്പെടുന്നു.

അതുകൊണ്ട് നിങ്ങളെല്ലാരും എന്റെ ഈമാന്‍ സലാമത്താവാനും മൗത്ത് എളുപ്പമാവാനും റമളാന്‍ വെള്ളിയാഴ്ച ആയിക്കിട്ടാനും തേടണം. ശേഷം, പിറകെ, കിത്താബിന്റെയും മറ്റുള്ള മുതലിന്റെയും കാര്യത്തില്‍ ഇതോടുകൂടി എഴുതുന്ന കത്തില്‍ പറയുംപ്രകാരം ആക്കണം. ഞമ്മളെ എല്ലാവരെയും റബ്ബ് രണ്ടു വീട്ടിലും നന്നാക്കട്ടെ, ആമീന്‍.

പഠിപ്പില്‍ ഉപേക്ഷകൂടാതെ ഉല്‍സാഹിക്കണം. എന്റെ പിറകെ നീയും ഉമ്മയും എനിക്കുവേണ്ടി ഓരോ ജുസ്അ് ദിവസം മറക്കാതെ ഓതി എനിക്കു ഹദ്‌യ ചെയ്യുമെന്ന് വിചാരിക്കുന്നു. എളാപ്പാന്റെ വക ഓതിവരുന്ന ഒരു ജുസ്അ് വിടാതെ നിമിര്‍ത്തിക്കണം. കുഞ്ഞിരായിന്‍ സലാം പറഞ്ഞിരിക്കുന്നു.

ഞങ്ങളെ മൂന്നാം അപ്പീല്‍ ഇന്നലെ ജുമുഅന്റെ മുമ്പു വന്നു. നാലാമത്തെത് ഇതാ പോയിരിക്കുന്നു. ഉടനെ വരുമെന്ന് വിചാരിക്കുന്നു. വന്നാല്‍ വിവരം എഴുതാന്‍ ഉതക്കം ചെയ്യട്ടെ, ആമീന്‍.
ഇന്ന് മാസം ശഅബാന്‍ 26 ശനി. എല്ലാവര്‍ക്കും സലാമും വിവരവും എന്റെ മേലില്‍ പറഞ്ഞവര്‍ക്ക്.”
അബൂബക്ര്‍ മുസ്‌ലിയാര്‍ മരണപ്പെടുന്നതിന്റെ തൊട്ടു മുമ്പത്തെ ദിവസം എഴുതി അയച്ച കത്തിന്റെ പൂര്‍ണ രൂപം:
ഹംദ്, സ്വലാത്ത്, സലാം എന്നിവക്കു ശേഷം…
ഇന്ന് ഹിജ്‌റ 1341 റമളാന്‍ 3 യൗമുല്‍ ജുമുഅ. ഞങ്ങളെ നാലാമത്തെതും സ്ഥിരമായി ഇതാ വന്നിരിക്കുന്നു. അതുകൊണ്ട് ഇവന്റെ വിധി ഉടയവന്റെ കുറിയോടടുത്താല്‍ നാളെ നോമ്പ് മുറിക്കാന്‍ ഹള്‌റത്തില്‍ ആവണമെന്ന് വിചാരിക്കുന്നു. അവന്റെ ശഹീദന്മാരെ കൂട്ടത്തില്‍ നമ്മളെ അവന്‍ ആക്കിത്തരട്ടെ, ആമീന്‍.

ഇവിടെ തൂക്കപ്പെടുന്ന ശഹീദന്മാരെ മറചെയ്യപ്പെടുന്ന വലിയ ജുമുഅ പള്ളിക്കല്‍ അവസ്ഥ പോലെ അടക്കപ്പെടുന്നതില്‍ ഇവര്‍ക്ക് കെട്ടിനു പുറമെയും എനിക്ക് പള്ളിയോട് ചേര്‍ന്ന കെട്ടിന്റെ ഉള്ളിലും ഖബര്‍ ശരിയാക്കിയിരിക്കുന്നുവെന്നും നാളെ അടക്കം ചെയ്തിട്ടേ അങ്ങാടി തുറക്കപ്പെടൂ എന്നും രണ്ടു മദ്‌റസന്റെ അഹ്‌ലുകാരും കൂടുന്നതാണെന്നും ഒരു മൈലീസ് ദൂരം വരെ പെരുവാല്യക്കാരെ പെരുപ്പത്താല്‍ അന്യര്‍ക്ക് നടക്കാന്‍ നിവൃത്തി ഇല്ലാത്ത വിധം ആള് കൂടാന്‍ ഒരുങ്ങിയിരിക്കുന്നുവെന്നും മൂന്നു ദിവസം ഉലമാഅ്, സുലഹാഅ് കൂടി ഖബറുങ്ങല്‍ ഖത്തം ഓത്ത് ഉണ്ടെന്നും മറ്റും അറിയിക്കപ്പെടുന്നതുകൊണ്ട് പ്രത്യേകം ആശ്രയിക്കുന്നില്ല. ഉടയവന്‍ ഈമാന്‍ കൊണ്ട് ബഹുമാനിച്ച ഈ നാളിന്റെ ബര്‍ക്കത്തുകൊണ്ട് റഹ്മത്തിന്റെ വാതില്‍ തുറന്ന് ഇവരെ ശഹാദത്തിന്‍ ഖബൂല്‍ ചെയ്ത് കേസ് സാക്ഷികളെ സഹായം സിദ്ധിക്കാതെ സങ്കടം തീര്‍ത്ത്, സന്തോഷം സിദ്ധിപ്പിക്കാന്‍ ആശിക്കുന്നു.

ലഅല്ല റഹ്മത്ത റബ്ബീ ഹീന യഖ്‌സിമുഹാ…
തഅ്തീ അലാ ഹസ്ബില്‍ ഇസ്‌യാനി ഫില്‍ ഖിസമീ…
അന്‍തല്‍ അലീമു വ ഖദ് വജ്ജഹ്ത്തു മിന്‍ അമലീ…
ഇലാ റജാഇക്ക വജ്ഹന്‍ സാഇലന്‍ വബദാ…
വ ലിര്‍റജാഇ സവാബുന്‍ അന്‍ത തഅ്‌ലമുഹു…
ഫജ്അല്‍ സവാബീ ദവാമ സ്സിത്‌രി ലീ അബദാ…

ഇതില്‍ പെരുത്ത് തങ്ങന്മാരും ഖവാസ്സ്വുല്‍ ഖവാസ്സ്വും ഉണ്ടുപോലെ. സ്ഥിരമായി പാര്‍ക്കാന്‍ പോവേണ്ടിടത്തുനിന്ന് കത്ത് അയക്കാന്‍ കൂടാത്തതുകൊണ്ട് എന്നേക്കും ദുആക്ക് കൊതിച്ച് ഇതിയില്‍ ചുരുക്കുന്നു. ഉടയവന്‍ ലോഗ്യക്കാരായിട്ട് നാളെ ഞമ്മളെയെല്ലാവരെയും ഒരുമിച്ചുകൂട്ടിത്തരട്ടെ, ആമീന്‍.

യത്തീമുകള്‍ക്ക് കൃഫ ചെയ്യുന്ന ബാപ്പാരെപ്പോലെയും ബായക്കാടച്ചികള്‍ക്ക് കൃഫ ചെയ്യുന്ന മാപ്പിളമാരെ പോലെയും നിങ്ങളെ ഞങ്ങള്‍ കരുതുന്നു. അല്ലാഹു ഉദക്കം ചെയ്യട്ടെ, ആമീന്‍.
പേരും വിവരവും എഴുതാന്‍ സമയം കുറഞ്ഞതുകൊണ്ട് ഖാസ്സ്വായിട്ടും ആമ്മായിട്ടും നിങ്ങള്‍ക്കെല്ലാവര്‍ക്കും, അസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹി വ ബറക്കാത്തുഹു. കുഞ്ഞിരായിന്‍ നിങ്ങള്‍ക്ക് സലാം.

അല്ലാഹുമ്മഗ്ഫിര്‍ ലീ വലി വാലിദയ്യ വലി ജമീഇല്‍ മുഅ്മിനീന വല്‍ മുഅ്മിനാത്ത്.
അല്ലാഹുമ്മഫ്അല്‍ ബീ വ ബിഹിം ആജിലന്‍ വ ആജിലന്‍ ഫിദ്ദീനി വദ്ദുന്‍യാ വല്‍ ആഖിറത്തി മാ അന്‍ത ലഹു അഹ്‌ലുന്‍. വലാ തഫ്അല്‍ ബിനാ യാ മൗലാനാ മാ നഹ്‌നു ലഹു അഹ്‌ലുന്‍. ഇന്നക്ക ഗഫൂറുന്‍ അലീമുന്‍ ജവാദുന്‍ കരീമുന്‍ റഊഫുന്‍ റഹീം.
ഈ രണ്ടു ദിക്‌റിനെ സുബ്ഹിന്റെ പിറകെ ചട്ടമാക്കുന്നത് നല്ലതാണ്. ഹിജ്‌റ 1291 ശഅ്ബാന്‍ 22 നാണ് എന്റെ പിറവിയെന്ന് ഉമ്മ ബാപ്പ പറയുന്നത് കേട്ടിരുന്നു. ആമീന്‍.

പുത്തൂര്‍ ഖിലാഫത്ത് കമ്മിറ്റി പ്രസിഡന്റും കോഴിക്കോട് താലൂക്കിലെ അധിനിവേശവിരുദ്ധ സമരത്തിന്റെ നായകനുമായ അബൂബക്ര്‍ മുസ്‌ലിയാര്‍ കേരളമുസ്‌ലിം അധിനിവേശ വിരുദ്ധ ചരിത്രത്തില്‍ ഏറെ പുറത്തുവരാതെ പോയ ഒരു അദ്ധ്യായമാണ്. ഡോ. സി.കെ. കരീം കേരളമുസ്‌ലിം ഡയറക്ടറിയില്‍ ചെറിയ വിവരണം നല്‍കുന്നുണ്ടെങ്കിലും അത് വേണ്ടപോലെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലായെന്നതാണ് വസ്തുത. ബ്രിട്ടീഷ് വിരുദ്ധ സമരത്തില്‍ ആലി മുസ്‌ലിയാരോടും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദാജിയോടും കൂടെ ചേര്‍ന്നു അദ്ദേഹം നടത്തിയ മുന്നേറ്റങ്ങള്‍ തീര്‍ച്ചയായും പുറത്തുവരേണ്ടതാണ്. ഈ രണ്ടു കത്തുകള്‍ സൂക്ഷ്മമായി വായിച്ചാല്‍ തന്നെ ബ്രിട്ടീഷ് വേലിക്കു മുമ്പും ശേഷവുമുള്ള അദ്ദേഹത്തിന്റെ ജീവിത മുദ്രകള്‍ മനസ്സിലാക്കാവുന്നതേയുള്ളൂ.

റഫറന്‍സുകള്‍
1. R.H. Hitchcock- Peasant Revolt in Malabar: A history of the Malabar Rebellion, 192, Usha Publication, New Delhi, 1983
2. K.N. Panikkar- Against Lord and State; Religion and Peasant Uprisings in Malabar 1836-1921
3. S.F. Dale- Islamic Society on the South Asian Frontier: The Mappilas of Malabar 1498-1922-
4. Judith M. Brown- Gandhi’s Rise to Power: Indian Politics 1915-1922, Cambridge Press, 1972
5. K.N. Panikkar (editor)- Peasant Protests and Revolts in Malabar, Indian council of History, New Delhi, 1990
6. സി. ഗോപാലന്‍ നായര്‍- മാപ്പിള കലാപം, 1921
7. കെ. മാധവന്‍ നായര്‍- മാപ്പിള കലാപം, മാതൃഭൂമി
8. കെ.കെ. കരീം- വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, കലിമ ബുക്‌സ്, കോഴിക്കോട്, 1992
9. കെ.ടി. മുഹമ്മദ്- 1921 ലെ മലബാര്‍ ലഹള (ചരിത്ര കാവ്യം)

Tuesday, July 26, 2016

ഐ.എസ്: തീവ്രസലഫിസത്തിനും സയണിസ്റ്റ് അജന്‍ഡകള്‍ക്കുമിടയില്‍

നിലപാടുകളിലെ ദുരൂഹതയും പ്രവര്‍ത്തനങ്ങളിലെ ഭീകരതയുംകൊണ്ടു വര്‍ത്തമാന ലോകത്തു മഹാസമസ്യയായി മാറിയ പ്രതിഭാസമാണ് ഐ.എസ്. മതത്തിന്റെ പുകമറയ്ക്കുള്ളില്‍ വെറുപ്പിന്റെരാഷ്ട്രീയം പയറ്റുന്ന അഭിനവ തര്‍ത്താരികളോ ഖവാരിജുകളോ ആയാണു ചരിത്രത്തില്‍ ഈ രക്തോത്സുകരുടെ രംഗപ്രവേശം.
ഇസ്ലാമിന്റെ മാനവികസിദ്ധാന്തങ്ങളുമായോ കാരുണ്യത്തിന്റെ അവതാരമായി കടന്നുവന്ന പ്രവാചകന്റെ ജീവിതപാഠങ്ങളുമായോ പുലബന്ധംപോലുമില്ലാതെ അതിക്രൂരമായ അക്രമപ്രവര്‍ത്തനങ്ങളിലൂടെ നിരപരാധികളുടെ ചുടുചോരയൊഴുക്കി ഉല്ലസിക്കുകയാണ് മുസ്ലിംസമൂഹത്തിനു ശാപമായി മാറിയ ഈ സംഘടന. ഇസ്ലാമികചിഹ്നങ്ങളും സ്രോതസ്സുകളും ഉയര്‍ത്തിക്കാട്ടി പൂര്‍ണമായും മനുഷ്യത്വവിരുദ്ധമായി അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന പേക്കൂത്ത് അന്തര്‍ദേശീയതലത്തില്‍ ഇസ്ലാം കൂടുതല്‍ തെറ്റിദ്ധരിക്കപ്പെടാനാണു കാരണമാകുന്നത്.
'സ്വര്‍ഗ'വും 'രക്തസാക്ഷിത്വ'വും കൊതിച്ചോ ഏതെങ്കിലും ചാരസംഘടനയുടെ കളിപ്പാവയായോ അവര്‍ നടത്തുന്ന വൈകൃതങ്ങള്‍ തീര്‍ത്തും അനിസ്ലാമികമാണെന്നും അതു മുസ്ലിംലോകത്തെത്തന്നെ തകര്‍ക്കുമെന്നും ലോകം തിരിച്ചറിഞ്ഞുകഴിഞ്ഞു. ഭീകരവാദവും തീവ്രവാദവും സജീവമായി ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വര്‍ത്തമാനലോകപരിസരത്തില്‍, മതത്തിന്റെപേരിലുള്ള ഇത്തരം ഭീകരസംഘടനകളുടെ കടന്നുവരവിലൂടെ സംഭവിക്കുന്നത് ഇസ്ലാമിന്റെ യുദ്ധസങ്കല്‍പ്പവും നീതിസാരവും ബഹുസ്വരവീക്ഷണവുമെല്ലാം ചോദ്യംചെയ്യപ്പെടുന്നുവെന്നതാണ്. ഇസ്ലാമിക ഖിലാഫത്ത് തിരിച്ചുകൊണ്ടുവരികയെന്ന 'സുമോഹന' ലക്ഷ്യവുമായി സിറിയ, ഇറാഖ് ഉള്‍പ്പെടുന്ന പശ്ചിമേഷ്യ കേന്ദ്രീകരിച്ചു ചില സ്വയംപ്രഖ്യാപിത ഖലീഫമാര്‍ മെനഞ്ഞെടുത്ത ഭീകരക്കൂട്ടായ്മയെന്നാണ് ഔദ്യോഗികമായി ഇതിനെ പരിചയപ്പെടുത്തുന്നത്. ലക്ഷ്യത്തിന്റെ പരിപാവനത്വത്തിനപ്പുറം അതു സാക്ഷാല്‍കരിക്കാന്‍ അവര്‍ പിന്തുടരുന്ന രീതി മൃഗീയവും കാടത്തംനിറഞ്ഞതുമായതിനാലാണ് ഇതു മഹാഭീഷണിയായി തിരിച്ചറിയപ്പെടുന്നത്.
വഹാബി ചിന്താധാര പിന്തുടരുന്ന തീവ്ര സലഫി ജിഹാദിസ്റ്റ് ഗ്രൂപ്പാണ് അടിസ്ഥാനപരമായും ഇതിന്റെ നേതൃത്വത്തിലുള്ളതെന്നതിനാല്‍ സംഘടനയുടെ ലക്ഷ്യവും ദൗത്യവുമെന്തായിരിക്കുമെന്നു ഗ്രഹിച്ചെടുക്കല്‍ എളുപ്പമാണ്. രാഷ്ട്രീയമായും മതപരമായും ധാരാളം സാധ്യതകളിലേയ്ക്കു വേരുകള്‍ താഴുന്നുണ്ടെങ്കിലും ഐ.എസ് ഉദയംകൊണ്ട സൈദ്ധാന്തികപരിസരം ഏറെ സങ്കീര്‍ണവും സൂക്ഷ്മതയോടെ പഠിക്കപ്പെടേണ്ടതുമാണ്. ചാവേറിലൂടെയും ബോംബിങ്ങിലൂടെയും നിരപരാധികളെ കൊന്നൊടുക്കുന്ന തീവ്രവിഭാഗത്തിന്റെ സൃഷ്ടിയെന്നതിലപ്പുറം തെറ്റിദ്ധാരണയിലൂടെയോ അല്‍പ്പജ്ഞാനത്തിലൂടെയോ മറ്റാരുടെയുമെങ്കിലും പ്രീണനങ്ങളിലൂടെയോ രൂപംകൊണ്ട മനുഷ്യത്വരഹിതമായ നിലപാടുകള്‍ സ്വീകരിച്ച തീവ്രക്കൂട്ടായ്മയായി ഇതിനെ മനസ്സിലാക്കാം.
വഴിയും രീതിയും കാടത്തമാണെങ്കിലും ലക്ഷ്യം പേര് അന്വര്‍ഥമാക്കും വിധമായിരിക്കണം ഈ തീവ്രകൂട്ടായ്മക്ക് ഇസ്ലാമിക് സ്റ്റേറ്റ് (അദ്ദൗലത്തുല്‍ ഇസ്ലാമിയ്യ) എന്നു നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. പ്രവര്‍ത്തനമേഖലയുടെ വ്യാപനത്തെ സൂചിപ്പിച്ചുകൊണ്ട് ഇസ്ലാമിക് സ്റ്റേറ്റ് ഒഫ് ഇറാഖ് ആന്റ് സിറിയ (കടകട) എന്നും ഇസ്ലാമിക് സ്റ്റേറ്റ് ഒഫ് ഇറാഖ് ആന്റ് ലാവെന്റ് (കടകഘ) എന്നും ഇതു വിളിക്കപ്പെടുന്നു. അറബിയില്‍ അദ്ദൗലത്തുല്‍ ഇസ്ലാമിയ്യ ഫില്‍ ഇറാഖി വശ്ശാം എന്നതിന്റെ ചുരുക്കമായി ദാഇശ് എന്നും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.
നിലപാടിലും പദ്ധതികളിലും അല്‍ ഖാഇദയെക്കാള്‍ ഒരുപടി മുന്നില്‍നില്‍ക്കുന്ന ഈ ഭീകരക്കൂട്ടായ്മ പലതിലും അവരുമായി വിയോജിക്കുന്നുണ്ടെങ്കിലും ഭീകരപ്രവര്‍ത്തനങ്ങളിലും കാടത്തപരമായ മൃഗീയചെയ്തികളിലും അതിന്റെ ഒരു അടുത്തഘട്ടമായിവേണം മനസ്സിലാക്കാന്‍. കുരിശുയോദ്ധാക്കളെയും സാമ്രാജ്യത്വഭീകരശക്തികളെയും അല്‍ഖാഇദ മുഖ്യശത്രുക്കളായി കാണുമ്ബോള്‍ തങ്ങളെ അംഗീകരിക്കാത്തവരെയെല്ലാം ശത്രുക്കളായിക്കാണുന്ന നിലപാടാണ് ഐ.എസിന്റേത്. അതില്‍ ക്രിസ്ത്യാനികളും ജൂതന്മാരും മുസ്ലിംകളുമെല്ലാം തുല്യരാണ്. മുസ്ലിംകളില്‍ത്തന്നെ സുന്നികളും ശിയകളുംപെടും. അത്രമാത്രം രൂക്ഷതയും തീവ്രതയുമാണ് ഐ.എസിനെ പൈശാചികവും മനുഷ്യത്വവിരുദ്ധവുമാക്കുന്നത്.സാമൂഹികമാറ്റത്തിന് അടിസ്ഥാനപരമായി ഐ.എസ് കാണുന്ന ഏകമാര്‍ഗം രക്തരൂക്ഷിതവിപ്ലവമാണ്. ഇസ്ലാമികസാമൂഹികനിര്‍മിതിയെയും വ്യക്തിത്വരൂപീകരണത്തെയും പ്രതിനിധീകരിക്കുന്ന ജിഹാദ് എന്ന വിശുദ്ധസങ്കല്‍പത്തെയാണ് അവര്‍ ഇതിനു തെറ്റായി ഉപയോഗപ്പെടുത്തുന്നത്. സ്വശരീരത്തിന്റെ സംസ്കരണത്തിനും സമൂഹത്തിലെ ധാര്‍മികസംസ്ഥാപനത്തിനും കഠിനാധ്വാനംചെയ്യുകയെന്ന മഹത്തരമായ ആശയത്തെ മറച്ചുവച്ചുകൊണ്ട് 'ജയിക്കുക'യും 'കൊന്നൊടുക്കുക'യുമെന്ന പുതിയ സയണിസ്റ്റ് നിര്‍വചനമാണ് അവര്‍ ജിഹാദിനു കല്‍പ്പിക്കുന്നത്. ഓറിയന്റലിസ്റ്റ് വ്യാഖ്യാനങ്ങളെപ്പോലും കവച്ചുവയ്ക്കുന്നതാണിത്. അതുകൊണ്ടുതന്നെ, സ്വയംരൂപീകരിച്ച 'ഇസ്ലാമിക രാജ്യ'ത്തിനും സ്വയംപ്രഖ്യാപിത 'അമീറുല്‍ മുഅ്മിനീ'നും മുമ്ബില്‍ അറവുശാലയായി മാറുന്നു മുസ്ലിം ലോകം.
മതത്തിന്റെ അപ്പോസ്തലന്മാരായി ചമയുന്നത്തിനാല്‍ മറ്റുള്ളവരുടെ തിരുത്തലുകള്‍ ഉള്‍ക്കൊള്ളാനോ അംഗീകരിക്കാനോ അവര്‍ തയാറല്ല. ചോദ്യംചെയ്യപ്പെടാത്ത വൃത്തങ്ങള്‍ രൂപീകരിക്കുകയും അതില്‍ ഇസ്ലാമികചിഹ്നങ്ങളും ഉദ്ധരണികളും അസ്ഥാനത്തായി ഉപയോഗിക്കുകയും ചെയ്യുമ്ബോള്‍ കെണിയിലകപ്പെടുന്നതു മുറിവൈദ്യന്മാരായ യുവാക്കളാണ്. ചോരത്തിളപ്പിന്റെ മൂര്‍ധന്യത്തില്‍ വിരാജിക്കുമ്ബോള്‍ വിദേശയാത്രകളില്‍നിന്നോ ഇന്റര്‍നെറ്റ് ലിങ്കുകളില്‍നിന്നോ ഇഞ്ചക്‌ട് ചെയ്യപ്പെടുന്ന വഴിവിട്ട മതതീവ്രാവേശം അവരെ കൊണ്ടെത്തിക്കുന്നത് ഇതുപോലെയുള്ള തീവ്രകൂട്ടായ്മകളിലാണ്. ഇതു മുസ്ലിംകളെ മാത്രമല്ല ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ജൂതന്മാരെയുമെല്ലാം ആവേശിക്കുന്നു.സിറിയയും ഇറാഖുമാണു ഐ.എസിന്റെ സിരാകേന്ദ്രങ്ങള്‍. അവിടെയുള്ള ചെറുപ്പക്കാരാണ് കൂടുതലും ആകൃഷ്ടരാകുന്നത്. എങ്കിലും ബ്രിട്ടന്‍, ഫ്രാന്‍സ്,ജര്‍മനി തുടങ്ങി പല യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും ചെറുപ്പക്കാര്‍ ഇവരുടെ വലയിലകപ്പെടുന്നുണ്ട്. അറബ് രാജ്യങ്ങളുടെയും മറ്റ് ഏഷ്യന്‍രാജ്യങ്ങളുടെയും കാര്യം പറയാനില്ലല്ലോ. കാടത്തത്തിന്റെയും മൃഗീയതയുടെയും വക്താക്കളാണെന്നു പരക്കെ അറിയപ്പെട്ടിട്ടും, സ്വയംമറന്നു വിവിധരാജ്യങ്ങളിലെ മുസ്ലിം ചെറുപ്പക്കാരും മതംമാറി അന്യമതക്കാരും ഐ.എസിലേയ്ക്കു കൂട്ടത്തോടെ ചേക്കേറുന്നതിന്റെ രഹസ്യം അജ്ഞാതമാണ്.
ഐ.എസിനു പിന്നിലെ നിഗൂഢത ഇവിടെനിന്നാരംഭിക്കുന്നു. ശരിയായ മതനേതൃത്വത്തില്‍നിന്നു ഇസ്ലാമികപാഠങ്ങള്‍ സ്വീകരിക്കുന്നതിനുപകരം എളുപ്പവഴിയില്‍ 'സ്വര്‍ഗ പ്രാപ്തി' നേടാന്‍ സാമൂഹികമാധ്യമങ്ങളിലൂടെയും വീഡിയോകളിലൂടെയും പലരും ഭീകരതയുടെവഴി സ്വീകരിക്കുന്നുവെന്നതു ദൗര്‍ഭാഗ്യകരമാണ്. ഐ.എസ് കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടേണ്ടത് ഇക്കാരണത്താലാണ്. സാമൂഹികനീതിയിലും സമാധാനസങ്കല്‍പ്പത്തിലും ഏതു പ്രത്യയശാസ്ത്രത്തെയും പിറകിലാക്കുന്ന ഇസ്ലാമിനെ മറ്റു മതവിഭാഗക്കാര്‍ക്കുമുന്നില്‍ സംശയംജനിപ്പിക്കുംവിധം ചിത്രീകരിക്കുകയാണ് ഇത്തരംതീവ്രവാദി ഗ്രൂപ്പുകള്‍.
ഇസ്ലാമിന്റെ ആരംഭകാലം പുനരവതരിപ്പിക്കുകയാണെന്ന ധാരണയില്‍ ജാഹിലിയ്യത്തിനെയും പ്രാകൃത അറബ് ഗോത്രശീലങ്ങളെയുമാണ് ഐ.എസ് പോലെയുള്ള തീവ്രഗ്രൂപ്പുകള്‍ പൊടിതട്ടിയെടുക്കുന്നത്. വിശുദ്ധ ഖുര്‍ആന്റെ മൗലികപാഠങ്ങള്‍ക്കുപോലും ഇത് എതിരാണെന്ന കാര്യം അവര്‍ തിരിച്ചറിയാതെ പോകുന്നു. ഉത്തര,മധ്യഇറാഖിലും വടക്കന്‍സിറിയയിലും ആധിപത്യമുറപ്പിച്ച ഐ.എസ് അവിടെ തങ്ങള്‍ നടത്തുന്ന അരുംകൊലകളിലൂടെ ഇസ്ലാമിനെയല്ല പ്രതിനിധീകരിക്കുന്നത്. രണോത്സുകതയുടെ പുതിയൊരു മതം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുകയാണവര്‍.
ഇങ്ങനെയെല്ലാം പറയുമ്ബോഴും, സത്യത്തില്‍ ആരാണ് അല്‍ഖാഇദ, ഐ.എസ് പോലെയുള്ള ഭീകരവാദഗ്രൂപ്പുകള്‍ക്കു പിന്നിലെന്ന ചോദ്യം ന്യായമായുംഉയരും. പല സംഭവങ്ങളുടെയും വെളിച്ചത്തില്‍ പലസാധ്യതകളും അതിനുള്ള ന്യായങ്ങളും നിരത്തപ്പെടുന്നുണ്ടെങ്കിലും കൃത്യമായ മറുപടി ഇതുവരെ രൂപപ്പെട്ടുവന്നിട്ടില്ല. എന്നാല്‍, ലോകത്തെങ്ങുമുള്ള മുസ്ലിംകളെ, വിശിഷ്യാഅറബ് മുസ്ലിംകളെ, ഇന്നത്തെ അരക്ഷിതാവസ്ഥയിലേയ്ക്കു തള്ളിവിട്ടതില്‍ ആശയപരവും രാഷ്ട്രീയവുമായ ഒട്ടേറെ ഘടകങ്ങളുണ്ടെന്നതു സുവിദിതമാണ്. ഇതെല്ലാം അമേരിക്കയുടെയും സയണിസത്തിന്റെയും സൃഷ്ടിയാണെന്നു പറയുന്നതില്‍ ഒരളവുവരെ യാഥാര്‍ഥ്യമുണ്ട്. എങ്കിലും അതില്‍മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല ഐ.എസ് പോലെയുള്ള ഭീകരസംഘടനകളുടെ സൈദ്ധാന്തികപ്രത്യയശാസ്ത്രപരിസരം.
രാഷ്ട്രീയഇസ്ലാമും അബ്ദുല്‍വഹാബിലൂടെ പതിനെട്ടാംനൂറ്റാണ്ടില്‍ തുടക്കംകുറിക്കപ്പെട്ട തീവ്രസലഫിസവും അവയുടെയെല്ലാം പില്‍ക്കാല അതിതീവ്രപരിണതികളും ഇത്തരം തീവ്രകൂട്ടായ്മകള്‍ക്കു സൈദ്ധാതികപരിസരം ഒരുക്കിയെന്നതിനു ചരിത്രംതെളിവാണ്. മൊസാദും സി.ഐ.എയുമെല്ലാം അന്വേഷണവിധേയമാക്കപ്പെടുമ്ബോള്‍ത്തന്നെ ഐ.എസിന്റെ വേരുകള്‍ ആഴ്ന്നുപോയ മറ്റു മേഖലകളും പുറത്തുകൊണ്ടുവരേണ്ടതുണ്ട്. അത്തരത്തിലൊരു സമഗ്രാന്വേഷണം ഇനിയും നടന്നിട്ടില്ല.
അക്കാദമികലോകത്ത് ഇന്ന് ഇതു ചൂടേറിയ ചര്‍ച്ചയാണ്. ഇംഗ്ലീഷ് ഭാഷയില്‍ മാത്രം മുപ്പതോളം പുസ്തകങ്ങളും നൂറിലേറെ ഗവേഷണപഠനങ്ങളും ഈ വിഷയത്തില്‍ പുറത്തുവന്നുകഴിഞ്ഞു. പക്ഷേ, ഇതിലധികവും അറബ്, മുസ്ലിം ലോകത്തെ പ്രതിക്കൂട്ടിലാക്കുന്നതും യാങ്കി,സയണിസ്റ്റ് കൂട്ടുകെട്ടിനെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതുമാണ്.
പ്രത്യേക അജന്‍ഡകളുടെ വെളിച്ചത്തില്‍ നടന്നതായിരിക്കണം ഇത്തരം പഠനങ്ങളെന്നുവേണം മനസ്സിലാക്കാന്‍. പൊളിറ്റിക്കല്‍ ഇസ്ലാമിസത്തിന്റെയും തീവ്രസലഫിസത്തിന്റെയും കൈകഴുകിയുള്ള ചില അന്വേഷണങ്ങളും പുറത്തുവന്നിട്ടുണ്ട്. തങ്ങളുടെ ഭാഗം പവിത്രമാക്കിയും ഐ.എസിനെ അന്യമാക്കിയുമാണ് ഇത്തരം വിലയിരുത്തലുകള്‍.
ഈ ധാരകള്‍ക്കപ്പുറത്തോ അവയ്ക്കിടയിലോ ആണ് യഥാര്‍ത്ഥത്തില്‍ ഐ.എസിന്റെ പറവിയുണ്ടായത്. ഈ പശ്ചാത്തലത്തില്‍ ചര്‍ച്ചചെയ്യപ്പെടുമ്ബോള്‍മാത്രമാണ് അതിന്റെ ചരിത്രം പൂര്‍ണമാകുക.(തുടരും)