Monday, February 10, 2014

ഇബ്‌നുസീന വൈദ്യലോകത്തെ അതുല്യപ്രതിഭ

ഇമാം റാസിക്കു ശേഷം മുസ്‌ലിം ലോകം കണ്ട ഏറ്റവും മഹാനായ ഭിഷഗ്വരനാണ് അബൂ അലിയ്യുല്‍ ഹസന്‍ (980-1037) അഥവാ ഇബ്‌നു സീന. തത്ത്വചിന്തയിലും വൈദ്യത്തിലും ഗണനീയനായ ഇദ്ദേഹം ലാറ്റിനില്‍ അവിസെന്ന (അ്ശരലിിമ) എന്നും ഹിബ്രുവില്‍ അവെന്‍ശന്‍ (അ്‌ലിശെീി) എന്നുമാണ് വിളിക്കപ്പെടുന്നത്. ബുഖാറയിലെ അഫ്ഗാനയിലാണ് ജനനം. ചെറുപ്പത്തില്‍തന്നെ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ അദ്ദേഹം പതിനഞ്ചുവയസ്സായപ്പോഴേക്കും ഗണിതത്തിലും തത്ത്വചിന്തയിലും ഗുരുവിനെ മറികടന്നുകഴിഞ്ഞിരുന്നു.

പരസഹായമില്ലാതെയാണ് ഇബ്‌നുസീന വൈദ്യ-പ്രകൃതി ശാസ്ത്രങ്ങളെ സമീപിച്ചത്. നിരന്തരമായ വായനയിലൂടെ ഇവയിലദ്ദേഹം അവഗാഹം നേടി. ഫാറാബിയുടെ രചനകളാണ് തനിക്ക് യവനശാസ്ത്രത്തിലും ദര്‍ശനത്തിലും തുടക്കം നല്‍കിയതെന്ന് അദ്ദേഹംതന്നെ പറയുന്നുണ്ട്. അരിസ്‌ട്ടോട്ടിലിന്റെ മെറ്റാഫിസിക്‌സ് 40 തവണ വായിച്ച് മനഃപാഠമാക്കിയിട്ടും മനസ്സിലായില്ലെന്നും ഫാറാബിയുടെ വ്യാഖ്യാനങ്ങളാണ് തന്നെ സഹായിച്ചതെന്നും അദ്ദേഹമെഴുതുന്നു. പതിനാറാം വയസ്സായപ്പോഴേക്കും ഭിഷഗ്വരന്മാരുടെ ഗുരുവായി മാറിയ അദ്ദേഹത്തിന്റെ വീട് സംശയങ്ങളുമായി നാനാഭാഗത്തുനിന്നും വരുന്ന ഭിഷഗ്വരന്മാരാല്‍ നിറഞ്ഞുകവിഞ്ഞു. ഇക്കാലത്ത് അറിയപ്പെട്ട ഭിഷഗ്വരന്മാരെല്ലാം ചികിത്സിച്ച് പരാജയപ്പെട്ട ബുഖാറയിലെ രാജാവ് നൂഹ് ബിന്‍ മന്‍സ്വൂറിന്റെ രോഗം അത്ഭുതകരമായി സുഖപ്പെടുത്തിയതോടെയാണ് ഇബ്‌നുസീന ആഗോളപ്രശസ്തനാകുന്നത്. പ്രതിഫലമായി എണ്ണമറ്റ സ്വര്‍ണനാണയങ്ങള്‍ നല്‍കാന്‍ സുല്‍ത്താന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടും അത് നിരസിച്ച അദ്ദേഹം പുസ്തകങ്ങള്‍ കുന്നുകൂടിയ കൊട്ടാരലൈബ്രറിയില്‍ അല്‍പദിവസം തങ്ങാനുള്ള അനുമതി ആവശ്യപ്പെടുകയായിരുന്നു. സര്‍വജ്ഞാനങ്ങള്‍ക്കും സ്രോതസ്സായിരുന്ന ഗ്രന്ഥപ്പുരയില്‍, 18 വയസ്സായപ്പോഴേക്കും നിലവിലുണ്ടായിരുന്ന ശാസ്ത്ര ശാഖകൡലല്ലാം അദ്ദേഹം അവഗാഹം നേടി.

ഇരുപത്തിഒന്നാമത്തെ വയസ്സിലാണ് ഇബ്‌നുസീന രചനയുടെ ലോകത്തേക്ക് വരുന്നത്. പക്ഷേ, പെട്ടെന്നുണ്ടായ പിതൃവിരഹം അദ്ദേഹത്തെ ആകുലചിത്തനാക്കി. ഉപജീവനത്തിന്റെ വഴിതേടാന്‍ നിര്‍ബന്ധിക്കപ്പെട്ടു. ഉടനെ കൊട്ടാര വൈദ്യനെന്ന നിലക്ക് സര്‍ക്കാര്‍ ജീവനക്കാരനായി ഉദ്യോഗത്തില്‍ ചേര്‍ന്നു. ഇക്കാലത്ത് വൈദ്യത്തില്‍ മാത്രമായിരുന്നില്ല, രാഷ്ട്രീയത്തിലും സുല്‍ത്താന്‍ അദ്ദേഹത്തോട് ഉപദേശങ്ങള്‍ തേടിയിരുന്നു. അല്‍പകാലം ഹമദാനിലും ഇസ്വ്ഫഹാനിലും മന്ത്രിയായ അദ്ദേഹം പിന്നീട് എല്ലാം നിരസിച്ച് വൈദ്യവൃത്തി കൊണ്ട് മാത്രം ഉപജീവനം നയിക്കാന്‍ തീരുമാനിച്ചു. തന്റെ സര്‍ക്കാര്‍ ജോലിക്കിടയിലും ഗ്രന്ഥരചന മറന്നുപോയില്ല. തത്ത്വശാസ്ത്രം, ജോമട്രി, ആസ്‌ട്രോണമി, ജിയോളജി, ഫിസിയോളജി, കല, മെഡിക്കല്‍ സയന്‍സ് എന്നിവയിലായി 250 ലേറെ ഗ്രന്ഥങ്ങളുണ്ട് അദ്ദേഹത്തിന്. ഇതിനിടെ 14 വര്‍ഷം പലയിടങ്ങളിലായി അലഞ്ഞുതിരിയുകയും ചെയ്തു.

തന്റെ അടുത്തേക്ക് ഒഴുകിവന്ന രോഗികളില്‍ നിര്‍ധനരെ സൗജന്യമായിട്ടായിരുന്നു ഇബ്‌നുസീന എന്ന ദൈവഭക്തന്‍ ചികിത്സിച്ചിരുന്നത്. തന്റെ സമ്പാദ്യത്തിന്റെ അധികഭാഗവും അദ്ദേഹം പാവങ്ങള്‍ക്കിടയില്‍ വീതിച്ചുനല്‍കി. പകല്‍സമയം ഔദ്യോഗിക ദൗത്യങ്ങളിലും ആവശ്യങ്ങളിലും ഏര്‍പ്പെട്ടു. രാത്രിസമയം ഗ്രന്ഥരചനക്കായി നീക്കിവെക്കുകയും ചെയ്തു. യാത്രകളില്‍ കുതിരപ്പുറത്തിരുന്നും തടവുകാലങ്ങളില്‍ കല്‍തുറുങ്കിലിരുന്നും രചന നടത്തിയിരുന്നുവെന്നാണ് പറയപ്പെടുന്നത്. അസാധാരണ മേധാശക്തിക്കുടമയായിരുന്നതുകൊണ്ടുതന്നെ അരിസ്റ്റോട്ടില്‍ കൃതികള്‍ പോലും തിരുത്തി എഴുതാന്‍ അദ്ദേഹം തയ്യാറായി. ഭൗതികജ്ഞാനത്തോടൊപ്പം ഈശ്വരഭക്തിയില്‍ മുന്‍നിരയിലുള്ള ഇബ്‌നുസീന ഒരു വിശുദ്ധറമളാനിലെ വെള്ളിയാഴ്ചയാണ് ദിവംഗതനാകുന്നത്.

ഇബ്‌നുസീന തന്റെ ആത്മകഥയില്‍ ഇങ്ങനെ കുറിച്ചുവെച്ചിരിക്കുന്നു: 'പിന്നെ ഞാന്‍ തത്ത്വശാസ്ത്രത്തിന്റെ മുഴുവന്‍ ഭാഗങ്ങളും വായിച്ചു. ഒരു പ്രശ്‌നത്തില്‍ കുഴഞ്ഞുപോയാല്‍, അല്ലെങ്കില്‍ ഉദ്ദേശ്യാര്‍ഥം പിടികിട്ടാതെ വന്നാല്‍ പള്ളിയില്‍ പോയി നമസ്‌കരിക്കുകയും റബ്ബിനോട് ദുആ ഇരക്കുകയും ചെയ്ത് ദുര്‍ഗ്രഹ ആശയങ്ങള്‍ കീഴടക്കി. ഞാന്‍ ഉറക്കമിളച്ചിരിക്കുകയായിരുന്നു; ഉറക്കം വരുമ്പോഴെല്ലാം ഒരു കപ്പ് അകത്താക്കിക്കൊണ്ട്. അങ്ങനെ സര്‍വ വിജ്ഞാനീയങ്ങളും വശപ്പെടുത്തി. 'മാ ബഅ്ദത്ത്വബീഅ' എന്ന ഗ്രന്ഥം സങ്കീര്‍ണത കാരണം നാല്‍പതു തവണ വായിച്ചു. എന്നിട്ടും പദം പഠിഞ്ഞു; ആശയം കിട്ടിയില്ല. ശേഷം ഫാറാബിയുടെ വ്യാഖ്യാനം വായിച്ചു. അതേതുടര്‍ന്ന് സന്തുഷ്ടനായ ഞാന്‍ പലതും ചെയ്തു.'

വൈദ്യശാസ്ത്രത്തിന്റെ മൗലികമായ സിദ്ധാന്തങ്ങള്‍ ഉള്‍ക്കൊള്ളുന്ന അദ്ദേഹത്തിന്റെ അതിവിശിഷ്ടമായ ഒരു കൃതിയാണ് ഖാനൂന്‍ ഫിത്ത്വിബ്ബ്. പാശ്ചാത്യ സര്‍വകലാശാലകളില്‍ ഈയടുത്തുവരെ സിലബസിലുണ്ടായിരുന്ന ഈ കൃതി യൂറോപ്പിലെ നവോത്ഥാനകാലത്ത് പല ആവൃത്തി പ്രസിദ്ധീകരിക്കപ്പെട്ട അത്യപൂര്‍വ രചയനയാണ്. ആധുനിക യുഗത്തിലും യൂറോപ്പിനെ ഏറെ സ്വാധീനിച്ച ഈ ഗ്രന്ഥത്തിലെ ചികിത്സാമുറകള്‍ അനുധാവനം ചെയ്യുന്നവര്‍ ഇന്നും യൂറോപ്പിലുണ്ടത്രെ.

അല്‍ഖാനൂന്‍ ഫിത്ത്വിബ്ബ് 1953 ലാണ് റോമില്‍ പ്രസിദ്ധീകൃതമാകുന്നത്. എങ്കിലും, 12-ാം നൂറ്റാണ്ടില്‍ തന്നെ ഇതിന്റെ ലാറ്റില്‍ പതിപ്പ് ഇമിീി എന്ന പേരില്‍ ജെരാള്‍ഡ് ക്രമോണാ വെളിയില്‍ കൊണ്ടുവന്നിരുന്നു. ഇതോടെ ഗാലന്റെയും റാസിയുടെയും മജൂസിയുടെയും സ്ഥാനം ഖാനൂന്‍ പിടിച്ചടക്കി. യൂറോപ്യന്‍ സ്‌കൂളുകളില്‍ പാഠപുസ്തകമായി അംഗീകരിക്കപ്പെട്ട ഇതിന്റെ ആംഗലേയ ഭാഷ്യം അ ഠൃലമശേലെ ീി വേല രമിീി ീള ങലറശരശമ ീള അ്ശരലിിമ എന്ന പേരില്‍ 1930 ലാണ് പുറത്തുവരുന്നത്. അഞ്ചു വാല്യങ്ങളാക്കി പകുക്കപ്പെട്ട ഖാനൂനിന്റെ ആദ്യഭാഗത്തില്‍ മനുഷ്യശരീരത്തിന്റെ പ്രത്യേകതകള്‍, ആരോഗ്യം, ആരോഗ്യപരിരക്ഷണം എന്നിവ സവിസ്തരം പ്രതിപാദിക്കുന്നു. പിന്നീട് യഥാക്രമം രണ്ട്, മൂന്ന്, നാല്, അഞ്ച് ഭാഗങ്ങളിലായി ഔഷധനിര്‍മാണം, ഉപയോഗം, പച്ചമരുന്ന്, രോഗം, രോഗലക്ഷണം, രോഗനിര്‍ണയം, ശരീരശാസ്ത്രം, മുഴ, കുരു, ട്യൂമര്‍ എന്നിവയെ കുറിച്ചുള്ള പഠനമാണ്. ഇവക്കു പുറമെ നാഡികള്‍, അതിസാരം, ഔഷധ നിര്‍മാണം എന്നിവയിലും ഇബ്‌നുസീനക്ക് ഗ്രന്ഥങ്ങളുണ്ടായിരുന്നു. 760-ഓളം ഔഷധങ്ങളെക്കുറിച്ചാണ് അല്‍ഖാനൂനില്‍ പരാമര്‍ശിക്കുന്നത്. ശ്വാസകോശവീക്കവും ശ്വാസകോശാവരണത്തില്‍ ബാധിക്കുന്ന രോഗവും വേര്‍തിരിച്ച് ഇബ്‌നുസീന ഇതില്‍ വിവരിക്കുന്നുണ്ട്. ഡോ. ഓസ്‌ലര്‍ ഖാനൂനിനെ കുറിച്ചെഴുതി: അ ാലറശരമഹ ആശയഹല ളീൃ ഹീിഴലൃ ുലൃശീറ വേമി മി്യ ംീൃസ (മറ്റേത് കൃതികളേക്കാള്‍ കൂടുതല്‍ നിലകൊണ്ട മെഡിക്കല്‍ സയന്‍സിലെ ആധികാരിക ഗന്ഥമായിരുന്നു ഇത്.)

ഇബ്‌നുസീനയുടെതന്നെ മറ്റൊരു വൈദ്യശാസ്ത്ര കൃതിയാണ് 'അല്‍അദ്‌വിയതുല്‍ ഖല്‍ബിയ്യ.' ഹൃദയത്തെ ബാധിക്കുന്ന രോഗങ്ങളെ കുറിച്ചാണിതില്‍ പ്രതിപാദിക്കുന്നത്. പാശ്ചാത്യലോകത്തെ ഏറെ സ്വാധീനിച്ച ഈ കൃതിയുടെ ഒരു പ്രതി ഇന്നും ബ്രിട്ടനിലെ ഒരു പ്രശസ്ത ലൈബ്രറിയില്‍ സൂക്ഷിച്ചിരിപ്പുണ്ടത്രെ.

കിതാബുശ്ശിഫയാണ് ഇബ്‌നുസീനയുടെ മറ്റൊരു രചന. വൈദ്യസംബന്ധമല്ലെങ്കിലും തത്ത്വശാസ്ത്രം, ഗണിതശാസ്ത്രം എന്നിവയില്‍ ഇത് അനുപമ സൃഷ്ടിയാണ്. അറബിഭാഷയില്‍ എഴുതപ്പെട്ട ഈ ഗ്രന്ഥം 'സഫിഷ്യന്‍ഷാ' എന്ന പേരില്‍ ലാറ്റിനില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഭിഷഗ്വരന്മാരുടെ രാജകുമാരന്‍ എന്ന അപരനാമത്തില്‍ വിശ്രുതനായ ഇബ്‌നുസീനാകൃതികള്‍ റോജര്‍ ബേക്കണ്‍, ആല്‍ബര്‍ട്ട്, മാഗ്നസ് തുടങ്ങിയ യൂറോപ്യരെപോലും ഏറെ സ്വീധീനിക്കുകയുണ്ടായി.

ചെറുകിട വൈദ്യന്മാര്‍ക്ക് ഉപകരിക്കുന്ന പോക്കറ്റ് ചികിത്സാ സഹായികളും ഇബ്‌നുസീന ഒരുക്കിയിരുന്നു. ലഘുശസ്ത്രക്രിയാരീതികള്‍ ഇവയില്‍ വിവരിക്കപ്പെട്ടിട്ടുണ്ട്.
കിതാബുശ്ശിഫാക്ക് പുറമെ കിതാബുന്നജാത്ത്, കിതാബുല്‍ ഇശാറാതി വത്തന്‍ബീഹാത് തുടങ്ങിവയാണ് ഇബ്‌നുസീനയുടെ ദാര്‍ശനിക കൃതികള്‍. യവന ദര്‍ശനങ്ങളെ എഡിറ്റ് ചെയ്യുക വഴി ചിന്തയില്‍ ഒരു നവപാത തുറക്കുകയായിരുന്നു ഈ കൃതികളിലൂടെ അദ്ദേഹം. 

മനുഷ്യനിലേക്കിറങ്ങി അവനിലൂടെ പ്രയാണം നടത്തിയ മനീഷിയാണ് ഇബ്‌നുസീന. രോഗനിര്‍ണയത്തിനദ്ദേഹം നാവും കണ്ണും നാഡിമിടിപ്പും നിരീക്ഷിക്കുന്നതിനുപുറമെ രോഗിയുടെ മാനസികാവസ്ഥ (ങലിമേഹ ശൌേമശേീി) പരിശോധിക്കാറായിരുന്നു പതിവ്. തന്നെ തേടിയെത്തിയ പലരുടെയും രോഗം മാനസികമാണെന്ന് കണ്ടെത്തി ഔഷധമില്ലാതെതന്നെ ചികിത്സ നടത്തി. ഒരിക്കല്‍ അദ്ദേഹത്തിനടുത്ത് മാനസികരോഗം ബാധിച്ച ഒരു യുവാവ് എത്തി. അനിയന്ത്രിതമായ കോമാളി ആംഗ്യവിക്ഷേപങ്ങള്‍ നിമിത്തം മാനസിക തകരാറാണെന്ന് മനസ്സിലാക്കിയ ഇബ്‌നുസീന അദ്ദേഹത്തെ ചികിത്സിക്കാന്‍ തന്നെ തീരുമാനിച്ചു. ഒരു കൈ കൊണ്ട് രോഗിയുടെ നാഡിമിടിപ്പുകള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കെ മറ്റൊരാളോട് രോഗിയുടെ അയല്‍വാസികളെക്കുറിച്ചും ചുറ്റുപാടിനെക്കുറിച്ചും നിര്‍ത്താതെ സംസാരിക്കാന്‍ കല്‍പനയായി. അയാള്‍ സംസാരിച്ചുതുടങ്ങി. പെട്ടെന്ന് ഒരു ഗ്രാമനാമം പരാമര്‍ശിക്കപ്പെട്ടപ്പോള്‍ മിടിപ്പ് ശക്തമാകുന്നതായി ഇബ്‌നുസീനക്ക് തോന്നി. അയാള്‍ സംസാരം നിറുത്തിയില്ല. പിന്നീട് പറഞ്ഞത് ഒരു വീട്ടുപേരാണ്. സത്വര നാഡീമിടിപ്പുകള്‍ കൂടുതല്‍ ശക്തമായി. ഇബ്‌നുസീനക്ക് കാര്യം പിടികിട്ടി. പ്രശ്‌നം ഈ വീടുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉടനെ ബന്ധുക്കളെ വിളിച്ചുവരുത്തി പറഞ്ഞു: രോഗകാരണം മംഗല്യപ്രശ്‌നമാണ്. ഇന്നാലിന്ന ഗ്രാമത്തിലെ ഇന്നാലിന്ന വീട്ടിലെ പെണ്‍കൊടിയെ ഇവന്‍ സ്‌നേഹിക്കുന്നു. പലപ്പോഴും വന്നുപെടുന്ന പ്രേമനൈരാശ്യങ്ങളാണ് അവനെ ചിത്തഭ്രമത്തിനടിപ്പെടുത്തിയിരിക്കുന്നത്. അവന്റെ ആഗ്രഹങ്ങളുടെ സ്വതന്ത്രസാക്ഷാല്‍ക്കാരത്തിലൂടെ മാത്രമേ ഇവനിതില്‍ നിന്ന് മോചനമുള്ളൂ. അതിവിചിത്രമായ ഈ മനശ്ശാസ്ത്ര ചികിത്സ ഒരു അറബി സംഭാവനയാണ്. മുസ്‌ലിം ജ്ഞാനങ്ങളില്‍ തെളിയുന്ന ആധുനിക സൈക്കോളജി ഇന്നും ഈ ചികിത്സാരീതി തുടര്‍ന്നുവരുന്നു.

സാംക്രമിക രോഗങ്ങളെ സംബന്ധിച്ച ഇബ്‌നുസീനയുടെ പഠനവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ക്ഷയരോഗത്തിന്റെ സാംക്രമിക സ്വഭാവം അദ്ദേഹം വിവരിച്ചിട്ടുണ്ട്. കൂടാതെ കണ്ണില്‍ നിന്ന് പ്രകാശരശ്മി വസ്തുവില്‍ പതിക്കുമ്പോഴാണ് ഒരു വസ്തു ദൃശ്യമാകുന്നതെന്ന വാദം അദ്ദേഹം തിരുത്തി. ഒരു പ്രകാശം വസ്തുവില്‍ നിന്ന് കണ്ണിലെത്തുമ്പോഴാണ് കാണാന്‍ കഴിയുന്നെതെന്ന് സമര്‍ഥിച്ചു. ചലനം, ശക്തി, വെളിച്ചം തുടങ്ങിയവയില്‍ പഠനം നടത്തിയ ഇബ്‌നുസീന പ്രകാശത്തിന്റെ വേഗത അളക്കാന്‍ സാധിക്കില്ല എന്ന വാദത്തെ ശക്തമായി എതിര്‍ത്തു.

വൈദ്യശാസ്ത്രരംഗത്ത് ഏറെ സംഭാവകളര്‍പ്പിച്ച, ഇബ്‌നുസീനയുടെ സമകാലികനായിരുന്നു ഇബ്‌നുരിദ്‌വാന്‍. 998 ല്‍ ഈജിപ്തില്‍ ജനിച്ച ഇദ്ദേഹം ഫാഥിമീ ഭരണത്തിനു കീഴിലെ അറിയപ്പെട്ട ഭിഷഗ്വരനാണ്. റൊട്ടിക്കാരനായിരുന്ന പിതാവിന്റെ കൂടെ പ്രാരാബ്ധങ്ങള്‍ സഹിച്ചായിരുന്നു ജീവിതം. പതിനാലു വയസ്സായപ്പോഴേക്കും ചികിത്സാശാസ്ത്രം പഠിച്ചു. വൈദ്യശാസ്ത്രരംഗത്തെ മികവ് കണ്ടതിനാല്‍ ഫാഥിമീ ഭരണാധികാരി ഇദ്ദേഹത്തെയായിരുന്നു ഈജിപ്തിലെ ഭിഷഗ്വരന്മാരുടെ തലവനാക്കി നിശ്ചയിച്ചിരുന്നത്. ഫിലോസഫിയിലും ആസ്‌ട്രോണമിയിലും ജ്ഞാനമുള്ള ഇദ്ദേഹം 100 ലേറെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഹിജ്‌റ മൂന്നാം നൂറ്റാണ്ടില്‍ ബഗ്ദാദില്‍ ജീവിച്ച മറ്റൊരു ഭിഷഗ്വരനായിരുന്നു ഇസ്ഹാഖുബ്‌നു ഇംറാന്‍ പ്രാഥമിക പഠനശേഷം വൈദ്യശാസ്ത്രത്തില്‍ അവഗാഹം നേടിയ ഇദ്ദേഹം ചികിത്സാരംഗത്ത് അതിപ്രശസ്തനാണ്. കിതാബുന്‍ ഫീ അദ്‌വിയത്തില്‍ മുഫ്‌റദ, കിതാബുന്‍ ഫിന്നബ്ദ് തുടങ്ങിയവയാണ് പ്രസിദ്ധ വൈദ്യശാസ്ത്ര കൃതികള്‍.

യൂറോപ്പ് അജ്ഞതയുടെ തമസ്സില്‍ കഴിഞ്ഞുകൂടുമ്പോള്‍ മധ്യകാല മുസ്‌ലിംകള്‍ വൈദ്യശാസ്ത്രരംഗത്ത് ബഹുദൂരം സഞ്ചരിച്ചുകഴിഞ്ഞിരുന്നു. ചിന്തകള്‍ക്കതീതമായ ഈ വളര്‍ച്ച യൂറോപ്യര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പോലും കഴിഞ്ഞില്ല. ശാരീരികവും മാനസികവുമായ നെറികേടുകളില്‍ വ്യാപൃതരായിരുന്ന അവര്‍ക്ക് വൃത്തിയില്‍ തലപൊക്കി നില്‍ക്കുന്ന മക്ക, മദീന, ഡമസ്‌കസ്, ബഗ്ദാദ്, കൊര്‍ദോവ, കോണ്‍സറ്റന്റിനോപ്പിള്‍ തുടങ്ങിയ സാംസ്‌കാരിക കേന്ദ്രങ്ങള്‍ സ്വപ്നം മാത്രമായിരുന്നു. പതിനാലാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ യൂറോപ്പിലേക്ക് കടന്നുവന്ന് ജനസംഖ്യയുടെ നാലില്‍ ഒരു ഭാഗത്തെ നിഷ്ഠുരമായി ആഹുതി ചെയ്ത പ്ലാഗ് മുസ്‌ലിം രാഷ്ട്രങ്ങള്‍ക്കു നേരെ ഫണം വിടര്‍ത്തിവരാതിരുന്നതും മുസ്‌ലിംകളുടെ വൃത്തിയും ശുചിത്വവും കാരണമായിരുന്നു. അതുകൊണ്ടാണ് ജോര്‍ജ് ബര്‍ണാഡ്ഷാ പോലും തന്റെ ഠവല ഉീരീേൃ' െറശഹലാാമ എന്ന കൃതിയില്‍ മുസ്‌ലിംകളുടെ ശുചിത്വബോധത്തെ മുക്തകണ്ഠം പ്രശംസിച്ചത്. അദ്ദേഹം പറയുന്നു: 'ബ്രിട്ടന്‍ മുസ്‌ലിംകളില്‍ നിന്ന് സാന്റ്‌വിച്ച് ദ്വീപ് (ടമിറംശരവ കഹെമിറ) പിടിച്ചടക്കിയ കാലം. അവിടത്തെ മുസ്‌ലിംകള്‍ ക്രിസ്റ്റ്യാനിറ്റിയില്‍ അംഗമാകാന്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്നു. ഗതിമുട്ടിയപ്പോള്‍ പലരും മതംമാറി. ക്രമേണ അവിടെ ക്രിസ്ത്യന്‍ മതം തഴച്ചുവളര്‍ന്നു. പെട്ടെന്ന് ദ്വീപിലെ ജനങ്ങള്‍ക്ക് മാരകമായ ഒരസുഖം പിടിപെട്ടു. ക്രമേണ പരക്കെ വ്യാപിച്ച രോഗം കാരണം പലരും മരിച്ചുതുടങ്ങി.' ബര്‍ണാഡ്ഷാ ഈ ദുരന്തത്തിന് കാരണമായി പറയുന്നത് ശുദ്ധിയുടെയും വൃത്തിയുടെയും മഹദ്പാഠങ്ങള്‍ നല്‍കിയ പ്രവാചകാനുയായികളുടെ തിരോധാനമായിരുന്നുവെന്നാണ്. വൃത്തിയില്‍ ജീവിച്ച മുസ്‌ലിംകളെ ആട്ടിയിറക്കി. നഖം മുറിക്കാത്ത, മുടികള്‍ നീക്കാത്ത, അംഗശുദ്ധി വരുത്താത്ത ഒരു വര്‍ഗം ആ വിശുദ്ധ ഭൂമി കൈയേറിയതായിരുന്നു ഇതിനു പിന്നിലെ രഹസ്യം. ഇത്രമാത്രം വിശുദ്ധമായ ഒരു പാരമ്പര്യത്തിന്റെ ഉടമകളാണ് മുസ്‌ലിംകള്‍. കുഷ്ഠം, ക്ഷയം, വസൂരി, അഞ്ചാംപനി, പ്ലേഗ് എന്നിവക്കെല്ലാം മരുന്ന് നിശ്ചയിച്ച അവരായിരുന്നു ലോകം കണ്ട ഏറ്റവും വലിയ ഭിഷഗ്വരന്മാര്‍. ഇബ്‌നുസീനയും ഇബ്‌നു റുശ്ദും ഇബ്‌നുല്‍ബൈത്താറുമൊക്കെ ഇതിന്റെ ഏറ്റവും വലിയ നിദര്‍ശനങ്ങളാണ്.

No comments:

Post a Comment