Thursday, November 15, 2012

മാപ്പിളസാഹിത്യത്തിന് മലപ്പുറത്തിന്റെ സംഭാവന


മലവാരമെന്ന മലൈബാറിന്റെ മാപ്പിള സാഹിത്യ പാരമ്പര്യത്തിന് പ്രബോധകരമായ അറബികളുടെ മലയാള മണ്ണിലേക്കുള്ള കുടിയേറ്റ കാലത്തോളം പഴക്കമുണ്ട്. ഇസ്ലാമിക ധര്‍മ മാര്‍ഗത്തിന്റെ പ്രചാരണം ലക്ഷ്യമിട്ട മിഷനറിമാര്‍ക്ക് പ്രാദേശിക ജനവിഭാഗങ്ങളുടെ ആശയാഭിലാഷങ്ങളുമായി സംവേദിക്കേണ്ടത് അനിവാര്യമായ ഒരാവശ്യമായിരുന്നുവല്ലോ. എന്നാല്‍ ഇത്തരമൊരു സമ്പര്‍ക്ക ഭാഷ ഏകകാലത്ത് ഏകീകൃതമായൊരു രീതിയില്‍ ഉരുത്തിരിഞ്ഞൊരു സാമൂഹിക പ്രതിഭാസമല്ലെന്നതാണ് വാസ്തവം. അതുകൊണ്ട് വാമൊഴി പാരമ്പര്യത്തില്‍ നിന്ന് വരമൊഴി പാരമ്പര്യത്തിലേക്കുള്ള മാപ്പിള സാഹിത്യ വികാസം എന്നാണ് ആരംഭിച്ചതെന്ന് കൃത്യമായി നിര്‍ണ്ണയിക്കാനാവുകയില്ല. 
 
ചരിത്രപരമായ കാരണങ്ങള്‍ നിമിത്തം പശ്ചിമ സമുദ്രതീരം വിട്ട് ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കുള്ള മാപ്പിളമാരുടെ കുടിയേറ്റം വ്യാപകമാവുകയും വാണിജ്യത്തിനപ്പുറത്ത് കാര്‍ഷിക വൃത്തി അവരുടെ മുഖ്യ ഉപജീവനോപാതി ആവുകയും ചെയ്ത ക്രി. പതിനാല് , പതിനഞ്ച് നൂറ്റാണ്ടുകളിലായിരിക്കണം മാപ്പിള ഭാഷയുടെ സാഹിതീയ രൂപ പരിണാമമെന്ന് അനുമാനിക്കേണ്ടതുണ്ട്. കേരളത്തിലെ മാപ്പിള സാഹിതീയ പാരമ്പര്യത്തിലെ തൊണ്ണൂറ്റി അഞ്ച് ശതമാനം രചനകളും അവിഭക്ത മലബാറിന്റെ സംഭാവനകളായിരുന്നു. അവയില്‍ തന്നെ സിംഹഭാഗവും കോഴിക്കോട് മലപ്പുറം ജില്ലകളിലധിവസിച്ച പ്രതിഭാശാലികളുടേയും.
ഈ സാഹിതീയ പാരമ്പര്യത്തെ മൂന്ന് തലങ്ങളിലായി വിലയിരുത്തേണ്ടതുണ്ട്. അറബി ഭാഷയുടെ രചനകളാണ് ഒന്നാമത്തെ വിഭാഗം. ഇവയില്‍ മതദര്‍ശനികതയുടെ വിവരങ്ങളോ വ്യാഖ്യാനങ്ങളോ ആയ രചനകളുണ്ട്. കേവലം സാഹിതീയ പരികല്‍പ്പനകളുടെ തലത്തിലുള്ള അറബി കാവ്യങ്ങളുണ്ട്. ചരിത്ര പരാമര്‍ശങ്ങളുണ്ട്. വിപ്ലവാഹ്വാനങ്ങളുമുണ്ട്. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ മുര്‍ശിദുത്തുല്ലാബ്, സിറാജുല്‍ ഖുലൂബ്, ശംസുല്‍ ഹുദാ, തുഹ്ഫത്തുല്‍ അഹിബ്, കിഫായത്തുല്‍ ഫറാഈസ്, ശൈഖ് അബ്ദുല്‍ അസീസ് മഖ്ദൂമിന്റെ  മഅ്ലക്കുല്‍ അത്ഖിയാ, ശൈഖ് അബ്ദുല്‍ മസ്ദൂമിന്റെ കിതാബുല്‍ ഈമാന്‍ , കിതാബുല്‍ ഇസ്ലാം, ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ ഖുറത്തില്‍ ഐന്‍ അജീബത്തുല്‍ അജീബ മന്‍ഹജ്ജുല്‍ വാളിഅ് ഫത്ഹുല്‍ മുഈന്‍ , വെളിയങ്കോട് ഉമര്‍ ഖാളിയുടെ നഫാഈസുദ്ദറര്‍ , മഖാസിദുന്നിഖാഹ്, അബ്ദുറഹ്മാന്‍ മഖ്ദൂമിന്റെ സസീദത്തുല്‍ വിത്‌രിയാ, താനൂര്‍ അബ്ദുറഹ്മാന്‍ ശൈഖിന്റെ ശറഹ് തുഹ്ഫത്തുല്‍ മുര്‍സല, ഷറഫ് അല്ലഫല്‍ അലിഫ് തുടങ്ങിയവ ഇസ്ലാമിന്റെ ദാര്‍ശനികതയുടെ വ്യാഖ്യാനങ്ങളോ വിശദീകരണങ്ങളോ ആയ ഗ്രന്ഥങ്ങളില്‍ ഉള്‍പ്പെടുന്നു. വൈജ്ഞാനിക സാഹിത്യം എന്ന് കരുതാവുന്ന പ്രസ്തുത രചനകളുടെ കര്‍ത്താക്കള്‍ മതപഠന ശാലകളുടെ നടത്തിപ്പുകാരായിരുന്നുവെന്നതും, പ്രസ്തുത രചനകള്‍ മുസ്‌ലിം സമുദായത്തിലെ ഉലമാക്കളെയാണ് ലക്ഷ്യം വെച്ചിരുന്നതെന്നും കാണാവുന്നതാണ്. പലപ്പോഴും ഇത്തരം രചനകളില്‍ പലതിനും വ്യാഖ്യാനങ്ങളും പുനര്‍ വ്യഖ്യാനങ്ങളും വേണ്ടിവരുകയുമുണ്ടായിട്ടുണ്ട്. ഉദാഹരണമായി ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ ഹിദായത്തുല്‍ അദ്ഖിയ ഇലാ രീഖില്‍ ഔലിയാ എന്ന ഗ്രന്ഥത്തിന് ശൈഖ് അബ്ദുല്‍ അസീസ് മഖ്ദൂം മസ്‌ലക്കുല്‍ അദ്ഖിയ എന്നൊരു വ്യാഖ്യാനം രചിച്ചു. ഇതേ ഗ്രന്ഥത്തിന് പത്തൊമ്പതാം നൂറ്റാണ്ടില്‍ സയ്യിദ് അബൂബക്കര്‍ ബകരി ഖിഫായത്തുല്‍ അദ്ഖിയാ ഫിമീന്‍ , ഹാജിര്‍ അസഫിയ എന്നൊരു വ്യഖ്യാനം രചിച്ചതായി കാണാം.
ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ അര്‍ജൂസ, ഉമര്‍ഖാസിയുടെ നഫാഈസുല്‍ , സല്ലല്‍ ഇലാഹുല്‍ ബൈത്ത്, സയ്യിദ് അലവിക്കോയ തങ്ങളുടെ ശറഹ് ഖസീദത്ത് തുടങ്ങിയ രചനകള്‍ മലപ്പുറം ജില്ലക്കാരായ പണ്ഡിതരുടെ അറബി കാവ്യങ്ങളുടെ സുദീര്‍ഘമായ പട്ടികയില്‍ ചിലതു മാത്രമാണ്. ഫസല്‍ പൂക്കോയ തങ്ങളുടെ ഉമറാഅ് വല്‍ഹുക്കാം ലിഇഹാനത്തില്‍ സഫറത്തി വഅബ്‌ദത്തില്‍ അസ്നാ പോലുള്ള രചനകള്‍ ആംഗല സാമ്രാജ്യത്വത്തിനെതിരെയുള്ള വിപ്ലവാഹ്വാനമാകുന്നു. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്റെ തുഹ്ഫത്തുല്‍ മുജാഹിദീന്‍ കേരള ചരിത്രത്തെക്കുറിച്ചള്ള ആധികാരിക രചനയായി വിലയിരുത്തപ്പെടുന്നു. മലപ്പുറം ജില്ലയിലെ നിവാസികളായിരുന്ന നിരവധി കവികള്‍ അറബ് സാഹിത്യത്തിലെ വിലാപ കാവ്യങ്ങളോട് കിടപിടിക്കാവുന്ന ഒട്ടേറെ മര്‍സ്സിയ്യകള്‍ രചിച്ചിട്ടുണ്ടെങ്കിലും അവയിലേറെയും സാഹിത്യ പ്രസ്ഥാനത്തില്‍ അംഗീകരിക്കപ്പെടുകയുണ്ടായില്ല. കേരളീയ സാഹിത്യധാരയിലെ വ്യതിരിക്താസ്തി തിത്വമായിരിക്കാം അവയുടെ ദുര്‍ഗതിക്കാധാരം.
മുസ്‌ലിംകളുടെ എക്കാലത്തേയും പൗരോഹിത്യത്തിന്റെ ഭാഷ അറബിയായിരുന്നു. അതുകൊണ്ട് അറബി ഭാഷയിലുള്ള രചനകള്‍ സാമൂഹിക തലത്തിലെ വരേണ്യവല്‍ക്കരണത്തെ സഹായിക്കുകയായിരുന്നു. ഇന്ത്യയിലെ ഇതര പ്രദേശങ്ങളിലെന്ന പോലെ കേരളത്തിലെ അറബി രചനകള്‍ മുസ്‌ലിം സാമൂഹിക ഘടനക്കകത്തെ ഒരു സമാന്തരവല്‍ക്കരണത്തിന് ആക്കം കൂട്ടിയെന്ന് കരുതാനാവില്ല. ആദ്യകാല ബംഗാളി മുസ്‌ലിം സാഹിത്യ പാരമ്പര്യത്തില്‍ അറബി ഭാഷയില്ലാത്ത രചനകളെ അപവദിക്കുന്ന ഒരു തരം അസഹിഷ്ണുതയുടെയ പ്രവണത നിലനിന്നിരുന്നപ്പോഴും കേരളത്തില്‍ അറബി രചനകളോട് ഒരു തരം ഉദാസീനതയാണ് സമാന്യ ജനതയില്‍ നിലനിന്നിരുന്നത്. പ്രാദേശിക ബംഗാളിയില്‍ നബി വംശകാവ്യം രചിച്ച സയ്യിദ് സുല്‍ത്താനെ വിമര്‍ശകന്മാര്‍ മുനാഫിഖ് എന്ന് അപവദിച്ചിരുന്നുവെങ്കില്‍ അറബി മലയാളത്തില്‍ മുഹിയുദ്ദീന്‍ മാല രചിച്ച ഖാദി മുഹമ്മദിന്റെ കവിത്വമംഗീകരിക്കാന്‍ കേരള മുസല്‍മാന്‍മാര്‍ക്ക് മടിയുണ്ടായിരുന്നില്ല.
പേര്‍ഷ്യന്‍ ഭാഷയില്‍ നിന്ന് അമീര്‍ ഹംസയെന്ന നോവല്‍ ബംഗാളിലേക്ക് പരിഭാഷപ്പെടുത്തിയ അബ്ദുല്‍ നബി തന്റെ സാഹിത്യ രചന ദൈവകോപം വരുത്തിയേക്കാമെന്ന് ഭയപ്പെട്ടിരുന്നപ്പോള്‍ മൂല്‍മഹദ് അറബി മലയാളത്തില്‍ രചിച്ച കുഞ്ഞായീന്‍ മുസ്ലിയാര്‍ക്ക് അത്തരമൊരു മനോവ്യഥ ഉണ്ടായിരുന്നതായി കാണപ്പെടുന്നില്ല. അറബി ഭാഷയോട് ബംഗാളി മുസ്‌ലിം പണ്ഡിതന്മാര്‍ ഭയഭക്തിയുടെ ആരാധ്യ ഭാവം സൂക്ഷിച്ചിരുന്നപ്പോള്‍ , കേരളീയ പണ്ഡിതന്മാര്‍ അതിനെ വിശുദ്ധ വല്‍ക്കരണത്തിന്റെ ഉപാധിയായി കണ്ടിരുന്നുവെന്ന് കരുതാന്‍ തെളിവൊന്നുമില്ല. എന്നാല്‍ ലോക മുസ്‌ലിം പാരമ്പര്യത്തിലേക്കുള്ള വാഹകമെന്ന നിലയില്‍ അതിന് ഗണനീയമായൊരു പദവി ഉണ്ടായിരുന്നുതാനും.
മലപ്പുറത്തിന്റെ മാപ്പിള സാഹിതീയ പൈതൃകത്തിലെ ഏറ്റവും ജനകീയമായ വിഭാഗം ഒരു പക്ഷെ അറബി മലയാള രചനകളായിരുന്നിരിക്കണം. അറിയപ്പെടുന്നവരും അറിയപ്പെടാതെ പോയവരുമായ എണ്ണമറ്റ മാപ്പിള കവികള്‍ ഈ സാഹിതീയ പൈതൃകത്തിലേക്ക് മുതല്‍ കൂട്ടിയതായി കാണാം. പൊന്മള പൂവ്വാടന്‍ കുഞ്ഞാപ്പ ഹാജി, അരീക്കോട് സ്വദേശി മുസ്ലിയാരകത്ത് അഹമ്മദ്കുട്ടി എന്ന ലാഹാജി, പി.ടി. ബീരാന്‍കുട്ടി മൗലവി സി.കെ. അയമു മൊല്ല തോട്ടപ്പാളി കുഞ്ഞഹമ്മദ് മാസ്റ്റര്‍ , മധുരക്കറിയന്‍ അത്തന്‍ മോയിന്‍ അധികാരി തുടങ്ങിയവര്‍ ഏറെയൊന്നും അറിയപ്പെടാതെ പോയവരില്‍ പെടുന്നു. കല്യാണപ്പാട്ടുകള്‍ , ഭക്തിരചനകള്‍ , യുദ്ധകാവ്യങ്ങള്‍ എന്നിങ്ങനെ മാപ്പിള സാഹിതീയ പൈതൃകത്തിന്റെ വിവിധ തലങ്ങളില്‍ ഈ കവികളും ഗ്രന്ഥകാരന്മാരും നല്‍കിയ സംഭാവനകള്‍ ഇനിയും വേണ്ടത്ര വിലയിരുത്തപ്പെട്ടിട്ടുണ്ടെന്ന് തോന്നുന്നില്ല.
അറിയപ്പെടുന്ന ഗ്രന്ഥകാരന്മാരില്‍ ഉമ്മഹാത്തുമാല, താഹിറാത്ത് മാല, ഫത്ഹുല്‍ ബഹ്നസ് മുതലായ രചനകളുടെ കര്‍ത്താവായ മുസ്ലിയാരകത്ത് കുഞ്ഞാവ, തബൂക്ക് പടപ്പാട്ടിന്റേയും, ഖന്ദഖ് പടപ്പാട്ടിന്റേയും കര്‍ത്താവ് പൊന്നാനി സ്വദേശി നൂറുദ്ദീന്‍ , ഖസ്‌വത്ത് ഫതഹ് മക്കയുടെ കര്‍ത്താവ് താനൂര്‍ മച്ചിങ്ങലത്ത് മൊയ്തീന്‍ മൊല്ല, ചെറിയ ഹംസത്ത് മാല, വലിയ ഹംസത്ത് മാല, ഹര്‍ബുല്‍ അഹ്സാബ് എന്ന ഖന്ദഖ് പടപ്പാട്ട്, ഫതുഹു താഹിഫ് മുതലായ കാവ്യങ്ങളുടെ രചയിതാവ് കോടമ്പിയകത്ത് കുഞ്ഞിസീതി തങ്ങള്‍ , മുഅതത്ത് പടപ്പാട്ട്, ജുമുഅത്ത് മാല മുതല്‍ വാദികളിപ്പാട്ട് മുതലായ കാവ്യങ്ങളുടെ രചിയിതാവ് വല്ലാഞ്ചിറ മൊയ്തീന്‍ ഹാജി, മൂസാ സൈനബ കിസ്സപ്പാട്ട്, അഖ്ബാറുല്‍ ഹിന്ദ്, ഫത്ഹുശ്ശാം തുടങ്ങിയ രചനകളുടെ കര്‍ത്താവ് വല്ലാഞ്ചിരി കുഞ്ഞഹമ്മദ്, സ്റീഉറുദുമാലയുടെ കര്‍ത്താവ് അല്ലുസാഹിബ്, അബ്ദുറഹ്മാന്‍ കിസ്സപ്പാട്ട് ചെറിയ കച്ചോടപ്പാട്ട്, താജുല്‍ മുലൂക്ക്, താജുല്‍ ഉമൂറ്, മദീനത്തുന്നജ്ജാര്‍ , കിസ്സപ്പാട്ട് എന്നിവയുടെ രചയിതാവ് നാലകത്ത് അലി, ദാത്തുല്‍ ഹിമാര്‍ അലി യുദ്ധം, ചെറിയ ബഹമസ് മുതലായ കാവ്യങ്ങളുടെ രചയിതാവ് കുറ്റിപ്പുലാന്‍ അഹമ്മദ് കുട്ടി, ബദറുല്‍ മുനീര്‍ കിസ്സപ്പാട്ടിന്റെ കര്‍ത്താവ് പാഴപ്പള്ളി മാമുട്ടി, ആദംനബി കിസ്സപ്പാട്ട്, മര്‍യ്യം ബിവി കിസ്സപ്പാട്ട് തുടങ്ങിയ രചനകളുടെ കര്‍ത്താവ് വൈശ്യാരകത്ത് കുഞ്ഞാവ, ഖിസ്സത്ത് യൂസഫ് പാട്ടിന്റെ കര്‍ത്താവ് വള്ളിക്കാടന്‍ മമ്മദ്, ഹുനൈന്‍ പടപ്പാട്ടിന്റെ രചയിതാവ് പൊന്നാനി മാളിയേക്കല്‍ കുഞ്ഞഹമ്മദ് എന്നിങ്ങനെ ഒട്ടേറെ പേരുകള്‍ അനുസ്മരിക്കപ്പെടേണ്ടതുണ്ട്.

http://malappuram.entegramam.gov.in

മാപ്പിളമാരുടെ ചെറുത്തുനില്‍പിന്റെ ആന്തരികമായ പ്രേരണകള്‍


 
മുസ്‌ലിം അസ്‌തിത്വവും ഇസ്‌ലാമിക പ്രതിനിധാനവും ആഗോള വ്യാപകമായി വലിയ പ്രതിസന്ധികളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഒരു സന്ദര്‍ഭമാണിത്‌. സ്വന്തം ധാര്‍മിക ദൗര്‍ബല്യവും അന്യ സംസ്‌കാരങ്ങളുടെയും രാഷട്രീയ സാമൂഹിക ദര്‍ശനങ്ങളുടെയും കടന്നാക്രമണങ്ങളാല്‍ ഉളവായ ബാഹ്യഭീഷണിയും അങ്ങനെ ഒട്ടേറെ ഘടകങ്ങളും ഈ പ്രതിസന്ധി രൂക്ഷമാക്കുന്നതില്‍ ഗണ്യമായ പങ്കുവഹിക്കുന്നുണ്ട്‌. അഭിമുഖീകരിക്കുന്ന പ്രതിസന്ധികളുടെ തീവ്രതയനുസരിച്ച്‌ അതിനെ അതിജീവിക്കാനുള്ള ശേഷി ആര്‍ജിക്കുന്നതിന്‌ പകരം കൂടുതല്‍ പരിദേവനങ്ങളും മാപ്പുസാക്ഷിത്വപരമായ സമീപനങ്ങളുമായി മുസ്‌ലിം സമൂഹം സമകാലിക ലോകത്ത്‌ പ്രതിലോമകരമായി നിലകൊള്ളുകയാണ്‌.

സാംസ്‌കാരികവും രാഷ്‌ട്രീയവും മതകീയവുമൊക്കെയായ ഏത്‌ അധീശത്വ പ്രവണതയോടും നീതിബോധത്തോടെയും ഉജ്ജ്വലമായ സ്വാതന്ത്ര്യവാഞ്‌ഛയോടെയും പൊരുതി മുന്നേറിയ ഒരു സമൂഹമായിരുന്നു മുസ്‌ലിംകളെന്ന ചരിത്ര യാഥാര്‍ഥ്യം ഇന്നു വല്ലാതെ വിസ്‌മരിക്കപ്പെട്ടുപോയിട്ടുണ്ട്‌. ജനതതികളെ അതിക്രമികളും അധിനിവേശക്കാരുമായ കുടില ശക്തികളില്‍ നിന്ന്‌ സ്വതന്ത്രരാക്കുന്ന യഥാര്‍ഥ വിമോചന രാഷ്‌ട്രീയത്തിന്‌ ചരിത്രത്തില്‍ എക്കാലത്തും തുടക്കവും നേതൃത്വവും നല്‍കിവന്ന മുസ്‌ലിം സമൂഹം ഇന്ന്‌ വല്ലാത്തൊരു ആലസ്യത്തിലാണ്‌ അകപ്പെട്ടിട്ടുള്ളത്‌.

ഇന്ത്യയുടെയും വിശേഷിച്ച്‌ കേരളത്തിന്റെയും അധിനിവേശത്തിന്നെതിരായ സമര മുന്നേറ്റങ്ങളുടെ ചരിത്രം ആരംഭിക്കുന്നത്‌ മുസ്‌ലിംകളില്‍ നിന്നാണെന്ന്‌ കാണാന്‍ കഴിയും. എന്നാല്‍ ആധുനിക കാലഘട്ടത്തില്‍ അനുശീലിച്ചുവന്ന ചില മൂഢധാരണകളാലും മുന്‍വിധികളാലും മുസ്‌ലിം സമൂഹത്തിന്റെ വിമോചനപരമായ രാഷ്‌ട്രീയ നിര്‍വഹണങ്ങളെ അതിന്റെ യഥാര്‍ഥ മാനത്തില്‍ പരിഗണിക്കാന്‍ പൊതുമണ്ഡലം ഇനിയും സന്നദ്ധമായിട്ടില്ല. അധീശത്വത്തിന്നെതിരെ സ്ഥൈര്യത്തോടെ പോരാടി മുന്നേറിയ യഥാര്‍ഥ സ്വാതന്ത്ര്യ പോരാളികള്‍ ദേശീയവാദപരമായ ചരിത്ര വ്യാഖ്യാനങ്ങള്‍ക്ക്‌ പുറത്താണെന്ന വസ്‌തുത ഒരു ഞെട്ടലോടെ നാം തിരിച്ചറിയേണ്ടി വരുന്നു. സ്വന്തം ചരിത്രത്തെയും പാരമ്പര്യങ്ങളെയും സംബന്ധിച്ച ശരിയായ ആത്മപരിശോധനയോ അവലോകനമോ നടത്താത്ത സമകാലിക മുസ്‌ലിംകള്‍ തന്നെയാണ്‌ ഇതിലെ ഒന്നാമത്തെ അപരാധി.

ഇന്ത്യാചരിത്രത്തില്‍ യൂറോപ്യന്‍ അധീശത്വത്തിന്റെ ചരിത്രം എന്നാരംഭിക്കുന്നുവോ അക്കാലം മുതല്‍ തന്നെ ചെറുത്തുനില്‌പിന്റെ ചരിത്രവും ആരംഭിച്ചിട്ടുണ്ട്‌. യൂറോപ്യന്‍ അധിനിവേശത്തിന്റെ ചരിത്രാരംഭം എന്നാല്‍ കുരിശുയുദ്ധ തേരോട്ടങ്ങളുടെ തുടര്‍ച്ച എന്നാണ്‌ അതിന്നര്‍ഥം. ആയിരത്തോളം വര്‍ഷം അജയ്യതയോടെ നിലനിന്ന മഹത്തായ ഇസ്‌ലാമിക നാഗരികതയ്‌ക്കെതിരായാണ്‌ കുരിശുയുദ്ധ മുന്നേറ്റങ്ങള്‍ വികസിച്ചുവന്നിട്ടുള്ളത്‌. അതുകൊണ്ടുതന്നെ യൂറോപ്യന്‍ അധീശത്വത്തിന്റെ ഏതു ഘട്ടത്തിലും ഒരു മുസ്‌ലിം അപരം കൃത്യമായി പ്രതിഷ്‌ഠിക്കപ്പെടുന്നുണ്ട്‌. പോര്‍ച്ചുഗീസ്‌ രേഖകളില്‍ കേരളത്തിലെ മാപ്പിള മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങളെ എട്ടാം കുരിശുയുദ്ധമായാണ്‌ പരിഗണിച്ചിട്ടുള്ളതെന്ന്‌ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌. ഈ വസ്‌തുത മുന്നില്‍ വെച്ച്‌ വിശകലനം ചെയ്യുമ്പോള്‍ യൂറോപ്യന്‍ അധിനിവേശത്തിന്റെ ചരിത്രം എന്നത്‌ കുരിശുയുദ്ധങ്ങളുടെ തന്നെ ചരിത്രമായി പരിഗണിക്കേണ്ടതായി വരും

സാമ്പത്തികവും രാഷ്‌ട്രീയവുമായ ഘടകങ്ങള്‍ എല്ലാതരം അധിനിവേശങ്ങളുടെയും അന്തര്‍ധാരയാണ്‌. ഇത്തരം പ്രചോദക ഘടകങ്ങളെ മാത്രം ഊന്നുമ്പോള്‍ അധിനിവേശങ്ങള്‍ക്കു പിന്നിലെ വംശീയവും മതകീയവുമായ പ്രേരണകള്‍ തമസ്‌കരിക്കപ്പെടുക തന്നെ ചെയ്യും. ആധുനിക കാലത്തെ ചരിത്ര വീക്ഷണങ്ങള്‍ എല്ലാം ഇത്തരം ഭൗതിക ഘടകങ്ങളെ മാത്രമേ പരിഗണിക്കുന്നുള്ളൂ. അതുകൊണ്ടുതന്നെ യൂറോപ്യന്‍ അധിനിവേശത്തിന്റെ ചരിത്രം എന്നാല്‍ അത്‌ ആധുനികമായ മൂല്യങ്ങളുടെയും പുരോഗമനപരമായ നിര്‍വഹണങ്ങളുടെയും ഒരു ചരിത്രഘട്ടമായാണ്‌ നമ്മുടെ പൊതു ബോധമണ്ഡലത്തില്‍ പരിഗണിക്കപ്പെടുന്നത്‌. അഥവാ പൗരസ്‌ത്യ സമൂഹങ്ങള്‍ ചരിത്രപരമായി തുടര്‍ന്നുവന്ന നിതാന്തമായ ഇരുട്ടിനു മേല്‍ പാശ്ചാത്യ പ്രബുദ്ധതയുടെ പ്രകാശ പ്രസരണത്തിന്റെ ആരംഭകാലമായി അധിനിവേശഘട്ടത്തെ പരിഗണിക്കാന്‍ നാം അനുശീലിക്കപ്പെട്ടിരിക്കുന്നു. ചരിത്രം രേഖീയമായി വികസിക്കുന്ന ഒരു പ്രതിഭാസമായി സങ്കല്‍പനം ചെയ്യുന്ന ആധുനികമായ സൈദ്ധാന്തിക യുക്തികളാണ്‌ ഇത്തരം വിശകലനങ്ങള്‍ക്ക്‌ പ്രചോദനമായിട്ടുള്ളത്‌. ഈ വീക്ഷണത്തോടെ സമീപിച്ചാല്‍ ചരിത്രത്തിലെ ഏത്‌ അധിനിവേശവും ബലപ്രയോഗത്തിലൂടെയുള്ള ഏത്‌ ആധിപത്യ സംസ്ഥാപന യത്‌നവും ചരിത്ര വികാസ ഗതിയിലെ ആപേക്ഷിക പ്രാമുഖ്യമുള്ള അനിവാര്യ ഘട്ടങ്ങളാണ്‌.

ജീവശാസ്‌ത്ര രംഗത്തെ പരിണാമ നിര്‍ദ്ധാരണങ്ങളെ സംബന്ധിച്ച ഡാര്‍വീനിയന്‍ പരികല്‌പനകളെ സാമൂഹിക ശാസ്‌ത്രത്തിലേക്ക്‌ പരാവര്‍ത്തനം ചെയ്‌ത്‌ രൂപപ്പെടുത്തിയ മാര്‍ക്‌സിന്റെ വൈരുധ്യാധിഷ്‌ഠിത ഭൗതികവാദ ചരിത്ര സമീപനവും, ആധുനിക ഘട്ടത്തിലെ മറ്റ്‌ ശാസ്‌ത്രീയ ചരിത്ര സമീപനങ്ങളുമെല്ലാം പൊതുവായി പങ്കുവെക്കുന്നത്‌ ചരിത്രത്തെ രേഖീയമായി പരിഗണിക്കുന്ന വിശകലന രീതിയാണ്‌. ഇത്തരം യാന്ത്രികമായ സൈദ്ധാന്തിക സമവാക്യങ്ങളോടെ ചരിത്രസംഭവങ്ങളെ വിശകലനം ചെയ്‌ത ആധുനിക തലമുറ യൂറോപ്യന്‍ അധിനിവേശത്തിന്റെ ഘട്ടത്തെ `പുരോഗമനപരമായി' ആന്തരികവത്‌കരിക്കുകയോ അതിനെതിരെ നടന്ന ചെറുത്തുനില്‌പുകളെ യഥാര്‍ഥ വിമോചന മുന്നേറ്റമായി പരിഗണിക്കാതിരിക്കുകയോ, അവഗണിക്കുകയോ ആണ്‌ ചെയ്യുന്നത്‌. തീര്‍ച്ചയായും അധിനിവേശത്തെയും ചെറുത്തുനില്‌പിനെയും സംബന്ധിച്ച ഏത്‌ ചര്‍ച്ചയും ആരംഭിക്കേണ്ടത്‌ നമ്മുടെ സമീപനങ്ങളെ തന്നെ ബാധിച്ച യൂറോ കേന്ദ്രിതമായ പക്ഷപാതിത്വത്തെ ആത്മവിചാരണ ചെയ്‌തുകൊണ്ടായിരിക്കണം. ചരിത്ര വിജ്ഞാനീയത്തില്‍ മാത്രമല്ല ആധുനിക കാലത്ത്‌ നാം അനുശീലിച്ചു വന്ന മറ്റു ജ്ഞാന വിഷയങ്ങളിലും ഇതുപോലുള്ള ആത്മവിചാരണകള്‍ക്കും അഴിച്ചുപണികള്‍ക്കും പശ്ചാത്തലമൊരുക്കേണ്ടത്‌ ഏറെ അനിവാര്യമാണ്‌.

മുകളില്‍ സൂചിപ്പിച്ചതുപോലെ യൂറോപ്യന്‍ അധിനിവേശത്തിന്റെ ചരിത്രം എന്നാല്‍ അത്‌ കുരിശുയുദ്ധ മുന്നേറ്റങ്ങളുടെ തന്നെ ചരിത്രമാണ്‌. എന്നാല്‍ അധിനിവേശകര്‍ക്കെതിരെ ചെറുത്തുനിന്ന സമൂഹങ്ങളെ അപകീര്‍ത്തിപ്പെടുത്താനും യഥാര്‍ഥ വിമോചന മുന്നേറ്റങ്ങളെ അവിവേകികളുടെ ലഹളകളായി ഇകഴ്‌ത്താനും ലക്ഷ്യംവെച്ചാണ്‌ അധീശത്വ ശക്തികള്‍ എല്ലാതരം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും വംശീയവും മതകീയവുമായ മുദ്രണം നല്‍കുന്നത്‌. എന്നാല്‍ സ്വന്തം ചെയ്‌തികളിലെ വംശീയവും മതകീയവുമായ ഘടകങ്ങളെ ഇതിലൂടെ വളരെ സമര്‍ഥമായിത്തന്നെ അവര്‍ തമസ്‌കരിക്കുകയും ചെയ്യുന്നു. കേരളത്തിലെ അധീശത്വത്തെയും ചെറുത്തുനില്‌പിനെയും സംബന്ധിച്ച സാമ്പ്രദായിക ചരിത്ര രചനകള്‍ പരിശോധിച്ചാല്‍ യൂറോകേന്ദ്രിതമായ പക്ഷപാതിത്വം പങ്കുവെക്കുന്നതാണ്‌ അവയിലെ നിഗമനങ്ങള്‍ എന്ന്‌ കാണാന്‍ കഴിയും.

പോര്‍ച്ചുഗീസുകാര്‍ക്കെതിരെ ചെറുത്തുനിന്ന കേരളത്തിലെ മുസ്‌ലിം പോരാളികളെ ബറോസ്‌ മുതല്‍ ലോഗന്‍ വരെയുള്ള യൂറോപ്യന്‍ ചരിത്രകാരന്മാര്‍ ആകമാനം `കടല്‍ക്കൊള്ളക്കാര്‍' എന്നാണ്‌ പരിചയപ്പെടുത്തിയിട്ടുള്ളത്‌. വാസ്‌തവത്തില്‍ സമാധാനപരമായും ആരോഗ്യകരമായും നിലനിന്നിരുന്ന കേരളത്തിലെ അക്കാലത്തെ വാണിജ്യവിനിമയരംഗത്ത്‌ കടുത്ത അലോസരങ്ങളുളവാക്കി രംഗപ്രവേശം ചെയ്‌തവരായിരുന്നു പോര്‍ച്ചുഗീസുകാരെന്നും അതുവരെ അറബിക്കടലില്‍ കേട്ടുകേള്‍വി പോലുമില്ലാതിരുന്ന കടല്‍ക്കൊള്ള സാര്‍വത്രികമാക്കിയത്‌ യൂറോപ്യന്‍ ശക്തികള്‍ തന്നെയായിരുന്നുവെന്നും ഇത്തരം അപര മുദ്രണങ്ങളിലൂടെ അവര്‍ മറച്ചുവെക്കുന്നു. ചരക്കു കപ്പലുകള്‍ കൊള്ളയടിച്ച്‌ അതിലെ നിരപരാധികളായ വര്‍ത്തകരെ, നിര്‍ദയം ജീവനോടെ ചുട്ടുകൊല്ലുന്ന വിനോദം സാര്‍വത്രികമാക്കിയ പോര്‍ച്ചുഗീസുകാരോട്‌ ശക്തമായി ചെറുത്തുനിന്നവരായിരുന്നു കുഞ്ഞാലി മരക്കാരും മറ്റ്‌ മുസ്‌ലിം പോരാളികളും എന്ന സത്യം മറച്ചുവെക്കുകയും അവര്‍ മതഭ്രാന്തന്മാരായ കടല്‍ക്കൊള്ളക്കാരാണെന്ന്‌ സ്ഥാപിക്കുകയും ചെയ്യേണ്ടത്‌ കൊളോണിയല്‍ ചരിത്രകാരന്മാരുടെ ആവശ്യമാണ്‌. തീര്‍ച്ചയായും ഏറ്റവും വലിയ ഭീകരകൃത്യങ്ങള്‍ തങ്ങള്‍ അപരമായി പ്രതിഷ്‌ഠിച്ച ശത്രുക്കള്‍ക്കുമേല്‍ പ്രയോഗിക്കുകയും ഇതേ ഭീകരകൃത്യങ്ങള്‍ തങ്ങള്‍ക്ക്‌ ഇരയാക്കപ്പെടുന്നവര്‍ക്കുമേല്‍ ആരോപിക്കുകയും ചെയ്യുന്ന സമകാലികപ്രതിഭാസം അതേ അനുപാതത്തില്‍ തന്നെ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പ്രയോഗിക്കപ്പെട്ടിരുന്നുവെന്നുമാണല്ലോ ഇത്‌ തെളിയിക്കുന്നത്‌. അഥവാ ലോക വ്യാപകമായി ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സാമ്രാജ്യത്വ വിരുദ്ധ ചെറുത്തുനില്‌പുകളെ അപകീര്‍ത്തിപ്പെടുത്താന്‍ അവയില്‍ മതഭീകരത ആരോപിക്കുന്ന സമകാലിക കുതന്ത്രങ്ങള്‍ തന്നെയാണ്‌ എക്കാലത്തും പ്രയോഗിക്കപ്പെട്ടിട്ടുള്ളത്‌.

ഇങ്ങനെ യൂറോപ്യന്‍ അധീശത്വം കൊണ്ട്‌ പൗരസ്‌ത്യ സമൂഹങ്ങളിലുണ്ടായ സാംസ്‌കാരികവും രാഷ്‌ട്രീയവുമായ പുരോഗമന ഫലങ്ങളെ നാം നിര്‍ധാരണം ചെയ്യുകയും അതിന്റ പിന്നിലുള്ള വംശീയവും മതകീയവും സാമ്പത്തികവുമൊക്കെയായ കുടില ലക്ഷ്യങ്ങളെ നാം കാണാതെ പോവുകയും ചെയ്യുന്നു. തീര്‍ച്ചയായും യൂറോകേന്ദ്രിതമായ ചരിത്രബോധവും സാമൂഹിക ബോധവും തന്നെയാണ്‌ നമ്മുടെ ബോധമണ്ഡലത്തെയും നിര്‍ണയിക്കുന്നത്‌ എന്നതുകൊണ്ടാണ്‌ ഇത്തരം പുരോഗമനഫലങ്ങളെ നമുക്ക്‌ കണ്ടെത്തേണ്ടി വരുന്നത്‌. ഈ വസ്‌തുത തിരിച്ചറിയാനായാല്‍ അധിനിവേശം എന്നത്‌ ഒരു രാഷ്‌ട്രീയ ആധിപത്യ പ്രതിഭാസം മാത്രമല്ല എന്നും അത്‌ സാംസ്‌കാരികവും ജ്ഞാനശാസ്‌ത്രപരവുമൊക്കെയായ അനേക മാനങ്ങളുള്ളതാണെന്നും നമുക്ക്‌ ബോധ്യമാകും. ഈ തിരിച്ചറിവ്‌ കേരളത്തില്‍ മുസ്‌ലിംകള്‍ പങ്കാളിത്തം വഹിച്ച എല്ലാ പ്രതിരോധ മുന്നേറ്റങ്ങള്‍ക്കും ഉണ്ടായിരുന്നുവെന്നതാണ്‌ വസ്‌തുത.
അതുകൊണ്ടു തന്നെയാണ്‌ യാറോപ്യന്‍ തൊഴിലാളി വര്‍ഗങ്ങള്‍ക്ക്‌ മാനിഫെസ്റ്റോകള്‍ രചിക്കപ്പെടുന്നതിന്‌ നൂറ്റാണ്ടുകള്‍ക്കുമുമ്പ്‌, ഉജ്ജ്വലമായ സ്വാതന്ത്ര്യ ബോധത്തോടെ അധിനിവേശ വിരുദ്ധ പോരാട്ടങ്ങള്‍ക്ക്‌ പ്രചോദനമായി തഹ്‌രീള്‌ പോലുള്ള ജിഹാദി കാവ്യങ്ങള്‍ കേരളത്തില്‍ നിന്നു പോലും രചിക്കപ്പെട്ടത്‌. ഇത്തരം സന്ദര്‍ഭങ്ങളില്‍ മുസ്‌ലിം ഉലമാക്കള്‍ പ്രകടിപ്പിച്ച സ്ഥൈര്യവും ആര്‍ജവവും എക്കാലത്തെയും വിമോചന മുന്നേറ്റങ്ങള്‍ക്ക്‌ ആവേശം പകരുന്നതാണ്‌. ഇന്നത്തെ അധീശത്വത്തിനെതിരായ ഏതു ചെറുത്തുനില്‌പ്‌ സംരഭങ്ങള്‍ക്കും വിനഷ്‌ടമായിട്ടുള്ളത്‌ ഇത്തരം ഉലമാക്കളുടെ നേതൃത്വവും അവരുടെ വിമോചന ആശയങ്ങളുമാണ്‌. അഥവാ അധിനിവേശത്തിനെതിരായ വിമോചന രാഷ്‌ട്രീയത്തിന്റെ പ്രത്യയശാസ്‌ത്രവല്‍കരണ പ്രക്രിയ തുടരാതിരുന്നതിനാല്‍ ഇന്നത്തെ അതിജീവന സമരങ്ങള്‍ ആത്മശൂന്യമാകുകയും അധീശത്വ സംസ്‌കാരത്തിന്റെയും വ്യവഹാര രൂപങ്ങളുടെയും തടങ്കലില്‍ കിടന്നുള്ള കാല്‍പനികമായ വിമോചന മുറവിളികള്‍ മാത്രമായി അത്‌ ഒടുങ്ങിത്തീരുകയുമാണ്‌ ചെയ്യുന്നത്‌.

തഹ്‌രീള്‌, തുഹ്‌ഫത്തുല്‍ മുജാഹിദീന്‍, ഫത്‌ഹുല്‍ മുബീന്‍ എന്നീ കൃതികള്‍ ഒന്നര നൂറ്റാണ്ടില്‍ കൂടുതല്‍ നിലനിന്ന പോര്‍ച്ചുഗീസ്‌ അധിനിവേശത്തിനെതിരെ പൊരുതാന്‍ പ്രത്യയശാസ്‌ത്ര പിന്‍ബലമൊരുക്കിയ വിപ്ലവ സ്രോതസ്സുകളാണ്‌. സൈനുദ്ദീന്‍ മഖ്‌ദൂം ഒന്നാമന്‍, ശൈഖ്‌ അബ്‌ദുല്‍ അസീസ്‌ മഖ്‌ദൂം, ഖാളി ശൈഖ്‌ അബ്‌ദുല്‍ അസീസ്‌, സൈനുദ്ദീന്‍ മഖ്‌ദൂം രണ്ടാമന്‍, ഖാളീ മുഹമ്മദ്‌, ശൈഖ്‌ അബുല്‍ വഫാ ശംസുദ്ദീന്‍ മുഹമ്മദ്‌ എന്നിവരെല്ലാം പോര്‍ച്ചുഗീസുകാര്‍ക്കെതിരെയുള്ള പ്രതിരോധ മുന്നേറ്റങ്ങള്‍ക്ക്‌ പലവിധേന നേതൃത്വം വഹിച്ച ഉലമാക്കളാണ്‌. ഈ പ്രക്രിയ ബ്രിട്ടീഷ്‌ ഘട്ടത്തില്‍ കൂടുതല്‍ വിപുലമായി ആവര്‍ത്തിക്കുന്നതിനാണ്‌ ചരിത്രം സാക്ഷ്യംവഹിച്ചിട്ടുള്ളത്‌.

പോര്‍ച്ചുഗീസുകാര്‍ക്കെതിരെയുള്ള പ്രതിരോധ മുന്നേറ്റങ്ങള്‍ക്ക്‌ നേതൃത്വവും പിന്‍ബലവുമൊക്കെ നല്‍കാന്‍ നാട്ടുരാജ്യ അധികാര കേന്ദ്രങ്ങളില്‍ ചിലര്‍ രംഗത്തുണ്ടായിരുന്നുവെങ്കിലും ബ്രിട്ടീഷ്‌ ഘട്ടത്തില്‍ ഈ ചെറുത്തുനില്‌പു പ്രക്ഷോഭങ്ങളുടെ സ്വഭാവം തന്നെ മാറുന്നതായി കാണാവുന്നതാണ്‌. പോര്‍ച്ചുഗീസ്‌ ആധിപത്യത്തിന്‌ തിരോധാനം സംഭവിച്ചതിനു ശേഷം ഡച്ചുകാരുടെ വാണിജ്യ രാഷ്‌ട്രീയ സാന്നിധ്യം നിലനില്‍ക്കെ മലബാറിലെ ചില ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ജന്മിത്ത, നാടുവാഴിത്ത്വ ശക്തികളുടെ നേതൃത്വത്തില്‍ മുസ്‌ലിംകള്‍ക്കെതിരെ നടന്ന ചില സംഘടിത ഉന്മൂലന നടപടികള്‍ അവരെ ഫ്യൂഡല്‍ സംവിധാനങ്ങള്‍ക്കെതിരെ കൂടുതല്‍ ജാഗരൂഗരാക്കുകയാണ്‌ ചെയ്‌തത്‌. മൈസൂര്‍ ആധിപത്യത്തിനും അതിന്റെ തിരോഭാവത്തിനും ശേഷം ഫ്യൂഡല്‍ ശക്തികളുടെ മുസ്‌ലിം വിരോധം അതിന്റെ എല്ലാ രൗദ്രതയോടെയും വെളിപ്പെടുത്തുന്നതിനാണ്‌ ചരിത്രം സാക്ഷ്യംവഹിച്ചത്‌. ഫ്യൂഡലിസത്തിന്റെ എല്ലാ നൃംശംസതകള്‍ക്കും പശ്ചാത്തലമൊരുക്കിയത്‌ കുരിശുയുദ്ധ വികാരത്തോടെ മുസ്‌ലിംകളെ സമീപിച്ച ബ്രിട്ടീഷ്‌ സാമ്രാജ്യത്വമായിരുന്നു. ഈയൊരു സാമൂഹികാവസ്ഥയോടുള്ള പ്രതികരണമായാണ്‌ ഒരേസമയം തദ്ദേശീയരായ ഫ്യൂഡല്‍ അധികാര കേന്ദ്രങ്ങളോടും സാമ്രാജ്യത്വ ശക്തികളുടെ നിഷ്‌ഠൂരമായ രാഷ്‌ട്രീയ ആധിപത്യ വ്യവസ്ഥയോടും ചെറുത്തുനില്‍ക്കുന്ന ആര്‍ജവമുള്ള സമൂഹമായി മുസ്‌ലിംകള്‍ രൂപാന്തരപ്പെട്ടത്‌. മാപ്പിളമാരെ സംബന്ധിച്ച്‌ തങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള അതിജീവനസമരം തന്നെയായിരുന്നു ഈ പ്രക്ഷോഭങ്ങള്‍. ഭരണകൂടങ്ങള്‍ മര്‍ദന നടപടികള്‍ പൂര്‍വാധികം പ്രബലപ്പെടുത്തുമ്പോള്‍ മാപ്പിള ചെറുത്തുനില്‌പ്‌ കൂടുതല്‍ കരുത്താര്‍ജിക്കുകയും സാര്‍വത്രികമാകുകയുമാണ്‌ ചെയ്‌തത്‌. ഈ ചെറുത്തുനില്‌പുകള്‍ക്കാകട്ടെ നേതൃത്വവും പ്രത്യയശാസ്‌ത്ര പിന്‍ബലവുമേകാന്‍ സാത്വികരും ധീരരുമായ ഉലമാക്കള്‍ രംഗത്തുണ്ടായിരുന്നു.

ബ്രിട്ടീഷ്‌ ഘട്ടത്തിലെ ആദ്യകാല മുന്നേറ്റങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ തിരൂരങ്ങാടിയിലെ അറബി തങ്ങള്‍, പില്‍ക്കാലത്ത്‌ യമനില്‍ നിന്നെത്തിയ ജിഫ്രി തങ്ങന്മാര്‍, ആ പരമ്പരയില്‍ത്തന്നെ സവിശേഷവും ശ്രദ്ധേയവുമായ രാഷ്‌ട്രീയ പ്രതിനിധാനം നിര്‍വഹിച്ച മമ്പുറം തങ്ങന്മാര്‍, അവരുടെ ശിഷ്യഗണങ്ങളും സഹചാരികളുമായിരുന്ന വെളിയങ്കോട്‌ ഉമര്‍ ഖാളി, ഔക്കോയ മുസ്‌ലിയാര്‍ തുടങ്ങിയവരും, പാണക്കാട്‌ ഹുസൈന്‍ തങ്ങള്‍, മഖ്‌ദൂം കുടുംബത്തില്‍ നിന്നുള്ള ചില പില്‍ക്കാലക്കാര്‍, ആലി മുസ്‌ലിയാര്‍, ഏറനാട്ടിലും വള്ളുവനാട്ടിലുമുള്ള നിരവിധി ഉലമാക്കള്‍, ആമിനുമ്മാന്റെകത്ത്‌ പരീക്കുട്ടി മുസ്‌ലിയാര്‍, കട്ടിലശ്ശേരി മുഹമ്മദ്‌ മുസ്‌ലിയാര്‍, കെ എം മൗലവി അങ്ങനെ ഒട്ടേറെ ഉലമാക്കള്‍ ഈ ചെറുത്തുനില്‌പു പ്രക്ഷോഭങ്ങളുടെ തുടര്‍ക്കണ്ണികളാണ്‌.

മമ്പുറം സെയ്‌തലവി തങ്ങള്‍ രചിച്ച സൈഫുല്‍ ബത്വാര്‍, ഫസല്‍ പൂക്കോയ തങ്ങള്‍ രചിച്ച തന്‍ബീഹുല്‍ ഗാഫിലീന്‍, അദ്ദുറുല്‍ മന്‍ളും, പില്‍ക്കാലത്ത്‌ ഈ കൃതികളും മറ്റ്‌ സാമ്രാജ്യത്വ വിരുദ്ധ ഫത്‌വകളുമെല്ലാം ചേര്‍ന്ന്‌ സമാഹരിക്കപ്പെട്ട ഉദ്ദത്തുല്‍ ഉമറാഅ്‌, പാണക്കാട്‌ ഹുസൈന്‍ തങ്ങള്‍ രചിച്ച ബ്രിട്ടീഷ്‌ വിരുദ്ധമായ ചില ഫത്‌വകള്‍, മാപ്പിള മുന്നേറ്റങ്ങളടെ ഉജ്ജ്വലമായ സംഭവ പരമ്പരകള്‍ അവലോകനം ചെയ്‌ത്‌ രചിക്കപ്പെട്ട നിരവധി പടപ്പാട്ടുകള്‍, ഇസ്‌ലാമിക ചരിത്രത്തിലെ നിര്‍ണായക പ്രാധാന്യമുള്ള യുദ്ധങ്ങള്‍ പ്രമേയമാക്കി രചിക്കപ്പെട്ട മാപ്പിളപ്പാട്ടുസാഹിത്യത്തിലെ ഇതരകൃതികള്‍, ആമിനുമ്മാന്റെകത്ത്‌ പരീക്കുട്ടി മുസ്‌ലിയാര്‍ രചിച്ച മുഹിമ്മാത്തുല്‍ മുഅ്‌മീനീന്‍ എന്ന അറബി മലയാള സമരകൃതി -ഇങ്ങനെ ഒട്ടേറെ രേഖകള്‍ ബ്രിട്ടീഷ്‌ വിരുദ്ധ പ്രതിരോധ മുന്നേറ്റങ്ങള്‍ക്ക്‌ പ്രത്യയശാസ്‌ത്ര സ്രോതസ്സായി വര്‍ത്തിച്ച മൗലികസംഭാവനകളാണ്‌. നീതിരാഹിത്യങ്ങളോട്‌ ഒരു മുസ്‌ലിമിന്‌ സഹജമായുണ്ടാകുന്ന കേവലമായ അമര്‍ഷവും പ്രതിഷേധവും മാത്രമല്ല ചെറുത്തുനില്‍ക്കുന്ന ഒരു ജനത എന്ന നിലയ്‌ക്ക്‌ ഭരണകൂടത്തില്‍ നിന്നും അവരെ അടിച്ചമര്‍ത്താന്‍ പ്രകടിപ്പിക്കപ്പെട്ട അമിതമായ ഔത്സുക്യമാണ്‌ വലിയൊരു സാമ്രാജ്യത്വശക്തിയോട്‌ ഇടതടവില്ലാതെ പൊരുതാന്‍ അവരെ പ്രേരിപ്പിച്ചത്‌.

കേരള ചരിത്രത്തിലെ അധീശത്വ വിരുദ്ധമായ ഈ മാപ്പിള മുന്നേറ്റങ്ങളെ മാര്‍ക്‌സിയന്‍ വീക്ഷണ കോണില്‍ പരിഗണിക്കാനും ഇതിന്‌ നേതൃത്വം നല്‍കിയ പാരമ്പര്യ ഉലമാക്കളെ തന്നെ `പുരോഗമന' പ്രസ്ഥാനത്തിന്റെ മുസ്‌ലിംകളില്‍ നിന്നുള്ള ആദ്യകാല പ്രതിനിധി എന്ന വിധേന രൂപാന്തരപ്പെടുത്താനും ഈയടുത്തിടെയായി ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്‌. മുസ്‌ലിം സമുദായത്തെ ഇടതുപക്ഷത്തോട്‌ ആഭിമുഖ്യമുള്ളവരാക്കി മാറ്റാന്‍ ബോധപൂര്‍വമായി നടത്തുന്ന ഈ യജ്ഞങ്ങളെ തിരിച്ചറിയാനും മാപ്പിള പ്രക്ഷോഭങ്ങളുടെ യഥാര്‍ഥ ചരിത്രപശ്ചാത്തലവും അതിന്റെ മൗലികമായ പ്രചോദക ഘടകങ്ങളും അവലോകനം ചെയ്യാനും മുസ്‌ലിം സമൂഹത്തില്‍ നിന്നും ഉദ്യമങ്ങളുണ്ടാകേണ്ടതുണ്ട്‌. അക്രമങ്ങളോടും നീതിരാഹിത്യങ്ങളോടും മര്‍ദകമായ അധികാര സംവിധാനങ്ങളോടും, അതിനെ പിന്‍തുണയ്‌ക്കുന്നവരോടുമാണ്‌ മാപ്പിള മുസ്‌ലിം സമൂഹം ചെറുത്തുനിന്നതെന്നും ഇവിടത്തെ ജാതിമത ഭേദമന്യേയുള്ള അടിസ്ഥാന ജനവിഭാഗങ്ങളോട്‌ മുസ്‌ലിംകള്‍ സാഹോദര്യത്തോടെയുള്ള സഹവര്‍ത്തിത്വത്തിലായിരുന്നുവെന്നതും ചരിത്ര വസ്‌തുതയാണ്‌. എന്നാല്‍ അതൊരിക്കലും ആധുനിക പ്രബുദ്ധതയുടെ ആശയ സ്വാധീനത്താലായിരുന്നില്ല; ഇസ്‌ലാമികമായ സാക്ഷ്യനിര്‍വഹണം തന്നെയായിരുന്നു. മാപ്പിള മുന്നേറ്റങ്ങളുടെ ചരിത്രത്തെ സംബന്ധിച്ചും അതിന്‌ നേതൃത്വം നല്‍കിയ ഉലമാക്കളെ സംബന്ധിച്ചുമുള്ള പുതിയ `പുരോഗമന' പുനര്‍വായനകളില്‍ ഏറ്റവും സമര്‍ഥമായി മറച്ചുവെക്കപ്പെടുന്നതും ഇസ്‌ലാമിന്റെ വിമോചനപരമായ ഈ പ്രത്യയശാസ്‌ത്ര വീര്യമാണ്‌.

അതുകൊണ്ടുതന്നെയാണ്‌ ഇത്തരം പുനര്‍വായനകള്‍ വികലമാണെന്ന്‌ പറയേണ്ടിവരുന്നത്‌. മറ്റ്‌ സാമ്പ്രദായിക ചരിത്രവായനകളും ഈ വൈകല്യങ്ങളില്‍ നിന്ന്‌ മുക്തമല്ല എന്നതാണ്‌ വസ്‌തുത. ഇതിന്റെ ഒരു കാരണം കോളോണിയല്‍ ചരിത്രകാരന്മാര്‍ നല്‍കിയ അതേ നിര്‍വചനങ്ങളും വ്യാഖ്യാനങ്ങളുമാണ്‌ നാമും പിന്‍തുടരുന്നത്‌ എന്നാണ്‌. അഥവാ ആധുനികതയെയും അതിന്റെ മൂല്യ മാനദണ്ഡങ്ങളെയും നിരാക്ഷേപമായാണ്‌ നാം പരിഗണിച്ചത്‌. തീര്‍ച്ചയായും കോളനീകരണത്തിന്റെ ഏറ്റവും ദുരന്തമയമായ ഒരു പരിണതിയാണിത്‌. ചെറുത്തുനില്‍ക്കുന്നവരുടെ സ്വന്തം ചരിത്രവും പാരമ്പര്യവും പോലും അധീശത്വശക്തികളുടെ പ്രത്യയശാസ്‌ത്ര പിന്‍ബലത്തോടെയും മൂല്യമാനദണ്ഡങ്ങളോടെയും സമീപിക്കുക എന്നത്‌ വലിയ ഗതികേടുതന്നെയാണ്‌. നമ്മുടെ ചിന്തയെയും പ്രത്യയ ശാസ്‌ത്രങ്ങളെയും മാതൃകാരൂപങ്ങളെയും സ്വപ്‌നങ്ങളെയുമെല്ലാം ബാധിച്ച കൊളോണിയല്‍ ആധുനികതയോടുള്ള ഈ മാരകമായ വിധേയത്വം എന്ന്‌ തിരിച്ചറിയാനാകുന്നുവോ അന്ന്‌ മാത്രമാണ്‌ നാം യഥാര്‍ഥ സാമ്രാജ്യത്വ വിരോധികളും അധിനിവേശത്തിനെതിരായ വിമോചന രാഷ്‌ട്രീയത്തിന്റെ പ്രയോക്താക്കളുമായിത്തീരുന്നത്‌. 
 
സൈനുദ്ദീന്‍ മന്ദലാംകുന്ന്‌

Tuesday, November 13, 2012

മമ്പുറംതങ്ങള്‍: കാലത്തിന്റെ അച്ചുതണ്ട്‌


താന്‍ ജീവിച്ചിരുന്ന കാലഘട്ടത്തിലെ ഖുതുബായിരുന്നു സയ്യിദ്‌ അലവി തങ്ങള്‍. അതിനാലാണ്‌ ഖുതുബുസ്സമാന്‍ എന്ന പേരില്‍ വിശ്രുതനായത്‌. ഔലിയാക്കളുടെ സ്ഥാനശ്രേണിയില്‍ ഏറ്റവും മുകളില്‍ നില്‍ക്കുന്ന സ്ഥാനമാണിത്‌. അച്ചുതണ്ട്‌ എന്നാണ്‌ വാഗര്‍ത്ഥം. പ്രപഞ്ച സംവിധാനത്തിന്റെ അടിസ്ഥാന ഘടകവും ഭൗമ മണ്ഡലത്തിന്റെ കേന്ദ്ര ബിന്ദുവുമായി മാറുക എന്നതാണ്‌ ആശയം. ഒരുകാലത്ത്‌ ഒരു ഖുതുബ്‌ മാത്രമേ ജീവച്ചിരിക്കുകയുള്ളൂ. തന്റെ യുഗത്തിലെ അല്ലാഹു അനുവദിച്ച മുഴുവന്‍ കാര്യങ്ങളും നിയന്ത്രിച്ചുപോരുക പ്രസ്‌തുത വ്യക്തിയായിരിക്കും. അല്ലാഹു സയ്യിദ്‌ അലവി തങ്ങളെ ഇത്തരമൊരു സ്ഥാനത്തിലേക്ക്‌ ഉയര്‍ത്തിക്കൊണ്ടുവന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലാണ്‌ അഖ്‌താബ്‌, അബ്‌ദാല്‍, ഔതാദ്‌ തുടങ്ങിയവര്‍ അധിവസിക്കുക. ഇത്‌ ഒരു നാടിന്‌ ലഭിക്കുകയെന്നത്‌ വലിയ അനുഗ്രഹമായിട്ടാണ്‌ പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌. സയ്യിദ്‌ അലവി തങ്ങളുടെ കാലത്ത്‌ മലയാളക്കരക്ക്‌ ഇതിനുള്ള ഭാഗ്യം സിദ്ധിച്ചു.1)
സൂഫികളുടെ ലോകത്തെക്കുറിച്ചും അവര്‍ക്കിടയിടയിലെ പദവികളെക്കുറിച്ചും ബോധമുണ്ടാവുമ്പോഴാണ്‌ ഖുഥുബ്‌ എന്ന സ്ഥാനത്തിന്റെ ഗാംഭീര്യം മനസ്സിലാവുക.
ഇബ്‌നു അബ്ബാസ്‌ (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ``ഭൂമിലോകത്ത്‌ അല്ലാഹുവിന്റെ മുന്നൂറ്‌ വിശിഷ്‌ട വ്യക്തികളുണ്ട്‌. അവരുടെ ഹൃദയം ആദം നബിയുടെ ഹൃദയവുമായി ബന്ധപ്പെട്ടിരിക്കുന്നു. വേറെ നാല്‍പ്പത്‌ ആളുകളുണ്ട്‌. അവരുടെ ഹൃദയം മൂസാനബിയുടെ ഹൃദയവുമായി ബന്ധപ്പെട്ടിരിക്കുന്നു. വേറെ ഏഴ്‌ വ്യക്തികളുണ്ട്‌. അവരുടെ ഹൃദയം ഇബ്‌റാഹീം നബിയുടെ ഹൃദയവുമായി ബന്ധപ്പെട്ടിരിക്കുന്നു. വേറെ അഞ്ച്‌ ആളുകളുണ്ട്‌. അവരുടെ ഹൃദയം ജിബ്‌രീലിന്റെ ഹൃദയവുമായി ബന്ധപ്പെട്ടിരിക്കുന്നു. വേറെ മൂന്നു ആളുകളുണ്ട്‌. അവരുടെ ഹൃദയം മീക്കാഈലിന്റെ ഹൃദയവുമായി ബന്ധപ്പെട്ടിരിക്കുന്നു. വേറെ ഒരാളുണ്ട്‌. അവരുടെ ഹൃദയം ഇസ്‌റാഫീലിന്റെ ഹൃദയവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ഒരാള്‍ മരിച്ചാല്‍ തല്‍സ്ഥാനത്തേക്ക്‌ അല്ലാഹു മൂന്നില്‍നിന്ന്‌ ഒരാളെ നോമിനേറ്റ്‌ ചെയ്യുന്നതാണ്‌. തല്‍സ്ഥാനത്തേക്ക്‌ അഞ്ചില്‍നിന്ന്‌ ഒരാളെ തെരഞ്ഞെടുക്കുന്നതാണ്‌. അങ്ങനെ അവസാനം വരെ പോകുന്നതാണ്‌. ഒടുവില്‍ ഒരാളെ പൊതുജനങ്ങളില്‍നിന്നും എഴുപതിലേക്ക്‌ തെരഞ്ഞെടുക്കുന്നതാണ്‌. ഇവര്‍ കാരണമാണ്‌ അല്ലാഹു ഈ സമുദായത്തെത്തൊട്ട്‌ വിപത്തുകള്‍ തടഞ്ഞുനിര്‍ത്തുന്നത്‌.''2)
അല്ലാഹുവിന്റെ ഇഷ്‌ടദാസന്മാര്‍ക്കിടയില്‍ അവനുമായുള്ള അടുപ്പത്തിന്റെ തോതനുസരിച്ച്‌ വ്യത്യസ്‌ത സ്ഥാനങ്ങളുണ്ടെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. മാത്രമല്ല, ഈ പണ്ഡിത വര്യന്മാരാണ്‌ ഭൗതിക പ്രപഞ്ചത്തെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്‌. അവരുടെ പ്രവര്‍ത്തനങ്ങളാണ്‌ ഓരോന്നിനും പിന്നില്‍ നടന്നുകൊണ്ടിരിക്കുന്നത്‌.
ഔലിയാഅ്‌ (300 പേര്‍), നൂജബാഅ്‌ (70 പേര്‍), ഔതാദ്‌ (40 പേര്‍), നുഖബാഅ്‌്‌ (10 പേര്‍), ഉറഫാഅ്‌ (7 പേര്‍), മുഖ്‌താറൂന്‍ (3 പേര്‍), ഖുഥുബ്‌ (ഒരാള്‍) എന്നിങ്ങനെയാണ്‌ ഈ ശ്രേണി.3) ഇവരെയാണ്‌ അല്ലാഹു പ്രപഞ്ചത്തിന്റെ നിയന്ത്രണം ഏല്‍പ്പിച്ചിരിക്കുന്നത്‌. ഈ നാമങ്ങള്‍ സൂചിപ്പിക്കുന്ന പോലെത്തന്നെ, ഇവര്‍ക്കോരോരുത്തര്‍ക്കും പ്രത്യേകം ഉത്തരവാദിത്തങ്ങളും ജോലികളുമുണ്ട്‌. ഔലിയാഇന്റെ ലോകത്തെ ഏറ്റവും ഉന്നതരാണ്‌ ഖുഥുബ്‌. അതിനാല്‍ അവര്‍ അല്ലാഹുവിനോട്‌ വളരെ അടുത്ത്‌ സ്ഥിതി ചെയ്യുന്നു. മാത്രമല്ല, ഭൗതിക പ്രപഞ്ചത്തിന്റെ നിയന്ത്രണത്തില്‍ അവര്‍ക്ക്‌ വലിയൊരു പങ്കുമുണ്ട്‌.
ഖുഥുബ്‌ എന്നാല്‍ അച്ചുതണ്ട്‌, നെടുംതൂണ്‍ എന്നൊക്കെയാണ്‌ അര്‍ത്ഥം. അല്ലാഹുവിന്‌ താഴെ പ്രവാചകന്മാരുടെ സ്ഥാനത്ത്‌ നിലകൊള്ളുന്ന സര്‍വ്വാധികാരിയായ നേതാവ്‌ എന്നാണ്‌ ഇത്‌ കൊണ്ടുള്ള വിവക്ഷ. പ്രവാചക പരിസമാപ്‌തിക്കുശേഷം നബിമാരുടെ പദവിയില്‍നിന്നുകൊണ്ട്‌ രഹസ്യമായി ആത്മീയ ഭരണവും പരസ്യമായി ഭൗതിക ഭരവും ഒന്നിച്ച്‌ നിയന്ത്രിക്കുന്നു. അധികം ഖുഥുബുകളും പരസ്യമായ ഭൗതിക ഭരണം ഇല്ലാത്തവരും അതേസമയം എല്ലാം രഹസ്യമായി നിയന്ത്രിക്കുകയും ചെയ്യുന്നവരാണ്‌. ഥരീഖത്തില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനമാണിത്‌.4)
ഒരാള്‍ക്ക്‌ ഖുഥുബിന്റെ സ്ഥാനം കരസ്ഥമാക്കാന്‍ ആത്മീയ ലോകത്ത്‌ അനവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്‌. ആത്മാവിനും പരമാത്മാവിനുമിടക്ക്‌ ഇരുളിന്റെയും വെളിച്ചത്തിന്റെയും എഴുപതിനായിരം ആവരണങ്ങളുണ്ടെന്നാണ്‌ പണ്ഡിതമതം. ഏഴുവീതം സംസ്‌കരണമാണ്‌ ഇവിടെ ആവഷ്യം. അതിലൂടെ പതിനായിരം വീതം ആവരണങ്ങളെ നീക്കം ചെയ്യാന്‍ സാധിക്കുന്നു. അതോടെയാണ്‌ ആത്മാവ്‌ പരമാത്മാവിലെത്തുന്നത്‌. ആദ്ധ്യാത്‌മിക യാത്ര നടത്തുന്ന ഒരാള്‍ കടന്നുപോകേണ്ട വഴികള്‍ ഇവയാണ്‌: ആത്മാവ്‌ (നഫ്‌സ്‌), യാത്ര (സൈര്‍), ജഗം (ആലം), അവസ്ഥ (ഹാല്‍), സ്ഥാനം (മഹല്ലത്ത്‌), പാത (ഥരീഖത്ത്‌), പ്രകാശം (നൂര്‍). ഇവയിലോരോന്നിലും ഏഴ്‌ ഘട്ടങ്ങളുണ്ട്‌. സയ്യിദ്‌ അലവി തങ്ങള്‍ ഇവയെല്ലാം കടന്നുപോയ വ്യക്തിയായിരുന്നു.5)
സയ്യിദ്‌ അലവി തങ്ങള്‍ അന്തരിച്ചപ്പോള്‍ ഉമര്‍ ഖാസി പാടിയ അനുശോചന കാവ്യത്തില്‍ അവരെ ഖുഥുബുസ്സമാന്‍ എന്ന്‌ വിശേഷിപ്പിക്കുന്നുണ്ട്‌.6) അതിനുള്ള കാരണങ്ങളും അദ്ദേഹം വിശദീകരിക്കുന്നു. ജ്ഞാനികളും പണ്ഡിതരുമായി കടന്നുവന്ന അനവധിയാളുകള്‍ സയ്യിദ്‌ അലവിതങ്ങളെ ഇതേ വിശേഷണംകൊണ്ടാണ്‌ സൂചിപ്പിക്കുന്നത്‌. മദീനയിലെ മുഫ്‌തിയായിരുന്ന ഉമറുല്‍ ബര്‍റ്‌ അല്‍ മദനി രചിച്ച `മൗലിദുന്‍ ഫീ മനാഖിബി സയ്യിദ്‌ അലവി അല്‍ മന്‍ഫുറമി'യും പാങ്ങില്‍ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാര്‍ രചിടച്ച `അന്നഫ്‌ഹത്തുല്‍ ജലീല'യും തുടങ്ങി അനവധി ഗ്രന്ഥങ്ങളും സൂഫീവചനങ്ങളും ഇതിന്‌ സാക്ഷ്യം വഹിക്കുന്നു.
ഖുഥുബുസ്സമാന്‍ എന്നാല്‍ ലോകത്തെ മൊത്തം കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ അല്ലാഹുവിന്റെ അനുവദിച്ചവരാണെന്ന്‌ നേരത്തെ പറഞ്ഞുവല്ലോ. എന്നിരിക്കെ മലബാറിന്റെ വരുതി വിട്ട്‌ സയ്യിദ്‌ അലവി തങ്ങളുടെ ആത്മീയ പ്രഭാവത്തിന്റെ തണല്‍ വ്യാപിച്ചിരുന്നോ എന്ന അന്വേഷണത്തിന്‌ പ്രസക്തിയുണ്ട്‌.
മലയാളത്തിന്റെ മണ്ണിലിരുന്ന്‌കൊണ്ട്‌ സയ്യിദ്‌ അലവി തങ്ങള്‍ ഇവിടത്തെ മാത്രമല്ല, ലോകത്തെ മൊത്തം കാര്യങ്ങള്‍ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്‌തിരുന്നു എന്നുള്ളതാണ്‌ വസ്‌തുത. അവരുടെ ആദ്ധ്യാത്മിക രംഗത്തെ സ്വാധീനം അന്യദേശങ്ങളില്‍ വരെ പ്രകടമായിരുന്നു. ഇത്തരമൊരു പദവിയിലെത്തിയ ആളെ സംബന്ധിച്ചിടത്തോളം അല്ലാഹുവിന്റെ തിരുനോട്ടവും കഴിവും അംഗീകാരവും നല്ലപോലെ സ്വാധീനിക്കുമെന്നതില്‍ സംശയമില്ല. തന്റെ ഇഷ്‌ടദാസന്മാരുടെ കയ്യും കാലും കാദും കണ്ണും താനാകുമെന്ന്‌ അവന്‍ വ്യക്തമാക്കിയിട്ടുണ്ട്‌. അവര്‍ക്ക്‌ അദൃശ്യമായ കഴിവുകള്‍ പരുമെന്നാണ്‌ ഇതിന്റെ വിവക്ഷ. ഈ കഴിവ്‌ ലഭിച്ച ഒരാള്‍ക്ക്‌ ഇവിടെയിരുന്ന്‌ സര്‍വ്വ ലോകങ്ങളെയും നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യാവുന്നതാണ്‌.
സയ്യിദ്‌ അലവി തങ്ങളുടെ കറാമത്തുകളായി നാം എണ്ണുന്ന പല സംഭവങ്ങളും ഇതിനു ശക്തി പകരുന്നതാണ്‌. ആകാശം, ഭൂമി, ലൗഹ്‌, അര്‍ശ്‌, കുര്‍സിയ്യ്‌ തുടങ്ങി അല്ലാഹുവിന്റെ അധികാര പരിധിയില്‍ പെട്ട വസ്‌തുക്കളെ ആ മഹത്വത്തോടെത്തന്നെ തങ്ങളവര്‍കള്‍ മനസ്സിലാക്കി. അല്ലാഹു നല്‍കിയ കഴിവിന്റെ അടിസ്ഥാനത്തില്‍ പല സംഭവങ്ങളും മുന്‍ക്കൂട്ടി പ്രവചിക്കാനും ദീര്‍ഘവീക്ഷണത്തോടെ പ്രസ്‌താവിക്കാനും തങ്ങള്‍ക്ക്‌ കഴിഞ്ഞിരുന്നു. ദൈവിക സാമീപ്യത്തിന്റെ ആഴം കാരണം ലൗഹില്‍ നോക്കി കാര്യങ്ങള്‍ വായിക്കാനുള്ള കഴിവ്‌ വരെ തങ്ങള്‍ സ്വായത്തമാക്കി.7) തന്നെ സമീപിക്കുന്ന ആളുകളുടെ മനസ്സ്‌ വായിക്കുക തങ്ങളുടെ ജീവിതത്തില്‍ സാധാരണയായിരുന്നു.8) നാട്ടിലെ കള്ളന്മാരെയും കുറ്റവാളികളെയും അപകടകാരികളെയും തങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്തി. ചിലരുടെ ആവശ്യങ്ങളോട്‌ അതിന്റെ വരുംവരായ്‌കകളറിഞ്ഞ്‌ സാവധാനത്തില്‍ മാത്രമേ പ്രതികരിച്ചിരുന്നുള്ള.9) മമ്പുറത്തു ജീവിക്കുമ്പോള്‍ തന്നെ യമനിലെ തന്റെ കുടുംബക്കാരെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും ആരും പറയാതെത്തന്നെ തങ്ങള്‍ അറിഞ്ഞിരുന്നു. ഒരിക്കല്‍ ഹളര്‍മൗത്തിലെ ഒരു വീടിന്‌ തീ പിടിച്ചപ്പോള്‍ മമ്പുറത്തെ ഹൗളില്‍നിന്നും വെള്ളം തേവിയത്‌ അത്‌കൊണ്ടാണ്‌.10) മറ്റൊരിക്കല്‍, തന്റെ പിതൃവ്യ പുത്രന്‍ ഹസന്‍ ബിന്‍ സഹലുമായി സംസാരിച്ചുകൊണ്ടിരിക്കുന്നു. പെട്ടെന്ന്‌ സയ്യിദ്‌ അലവി തങ്ങള്‍ ഇങ്ങനെ കയറി പറഞ്ഞു:സ യ്യിദ്‌ അഹ്മദ്‌ ജിഫ്‌രി വല്ലാത്തൊരു പണ്ഡിതനാണ്‌. അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ. കാലങ്ങള്‍ക്കു ശേഷം, ഹസന്‍ ബിന്‍ സഹലിനു കാര്യം പിടികിട്ടി. ആ നിമിഷത്തിലായിരുന്നു സയ്യിദ്‌ അഹ്മദ്‌ ജിഫ്‌രി മരണപ്പെട്ടിരുന്നത്‌.11) സയ്യിദ്‌ അലവി തങ്ങളുടെ ബോധ മണ്ഡലം മലബാറിലെന്നതിലപ്പുറം ലോകം മുഴുക്കെ പാറിക്കളിക്കുകയായിരുന്നു എന്നതിന്‌ ഇത്‌ തെളിവാണ്‌.
തന്റെ ഇഷ്‌ട ദാസന്മാര്‍ക്ക്‌ ഒരേസമയം ധാരാളം ശരീരങ്ങള്‍ (ജസദുകള്‍) നല്‍കുകയെന്നത്‌ അല്ലാഹുവിന്റെ ഭാഗത്തുനിന്നുള്ള ബഹുമതിയാണ്‌. പ്രബോധന പാതയില്‍ വിനിയോഗിക്കാനുള്ള മാര്‍ഗങ്ങളിലൊന്നാണിത്‌. സയ്യിദ്‌ അലവി തങ്ങള്‍ക്കും ഒന്നിലധികം ശരീരങ്ങളുണ്ടായിരുന്നു. ലോകമൊന്നടങ്കമുള്ള വ്യത്യസ്‌ത കാര്യങ്ങളും ഇടപാടുകളും കൈകാര്യം ചെയ്യാനുള്ളതു കൊണ്ടുതന്നെ ഇങ്ങനെയൊരു അവസ്ഥ ആവശ്യവുമാണ്‌. ഓരോ വെള്ളിയാഴ്‌ചയും സയ്യിദ്‌ അലവി തങ്ങള്‍ മസ്‌ജിദുന്നബവിയില്‍നിന്നാണ്‌ സ്വുബഹി നമസ്‌കരിച്ചിരുന്നത്‌. നിസ്‌കാരം കഴിഞ്ഞ ഉടനെത്തന്നെ മമ്പുറത്തേക്ക്‌ തിരിച്ചെത്തുകയും ചെയ്‌തിരുന്നു.12)
സിലോണിലെ ആദം മലയില്‍ ഒരു മഹാന്‍ ജീവിച്ചിരുന്നു. ഒരിക്കല്‍ സയ്യിദ്‌ അലവി തങ്ങള്‍ അദ്ദേഹത്തിന്‌ ഒരു കത്ത്‌ കൊടുത്തയച്ചു. ദൂതന്‍ കത്തുമായി ആദം മലയിലെത്തിയപ്പോള്‍ സയ്യിദ്‌ അലവി തങ്ങള്‍ അവിടെയുണ്ടായിരുന്നു. മഹാന്റെ മറുപടിയുമായി ദൂതന്‍ മമ്പുറത്തെത്തിയപ്പോള്‍ തങ്ങളവര്‍കള്‍ അവിടെയുമുണ്ട്‌. ഇത്‌ കണ്ട ദൂതന്റെ അല്‍ഭുതം കണ്ട്‌ തങ്ങള്‍ പറഞ്ഞു: `ഞാന്‍ എല്ലായിടത്തുമുണ്ടാകും.'13) തങ്ങളുടെ ദൗത്യത്തിന്റെ ഭൂമിക വിശാലമാണെന്നതിലേക്ക്‌ ഇത്‌ സൂചന നല്‍കുന്നു.
സയ്യിദ്‌ അലവി തങ്ങളുടെ വിശാല ബന്ധങ്ങളെയും പരദേശ പരിചയങ്ങളെയും കുറിക്കുന്ന ധാരാളം സംഭവങ്ങളുണ്ട്‌. അവയുടെ പ്രാധാന്യവും സ്ഥല ബന്ധങ്ങളും കാല പരിസരങ്ങളും ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്‌. ആത്മീയ യാത്രകളുടെയും നിരീക്ഷണങ്ങളുടെയും വിപുലമായ സാധ്യതകളാണ്‌ ഇവ വ്യക്തമാക്കുന്നത്‌. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ മാത്രമല്ല, വിവിധ രാഷ്‌ട്രങ്ങളില്‍ വരെ തങ്ങളവര്‍കളുടെ സ്വാധീനം പ്രകടമായതായി ചരിത്രമുണ്ട്‌. ഇത്‌ അറിയപ്പെട്ട ചരിത്രം. അറിയപ്പെടാത്ത ചരിത്രം വേറെയും.
താനൂര്‍ നിവാസിയായ പങ്ങിയാറങ്ങാന്റകത്ത്‌ മുഹമ്മദ്‌ ഹാജിയുടെ സംഭവം സമാനമായ മറ്റൊരു വസ്‌തുതകൂടി വ്യക്തമാക്കുന്നു. പെണ്‍കുട്ടികളെ വിവാഹം ചെയ്‌ത്‌ അയക്കാന്‍ കഴിവില്ലാത്ത ഒരു ദരിദ്രനായിരുന്നു അദ്ദേഹം. സയ്യിദലവി തങ്ങളോടു വന്ന്‌ വിവരം പറഞ്ഞപ്പോള്‍ ബംഗാളില്‍ പോവണമെന്നായിരുന്നു നിര്‍ദ്ദേശം. യാത്രക്കുള്ള പണവും സാമഗ്രികളും തങ്ങള്‍ തന്നെ നല്‍കി. ബോംബെ വഴിയായിരുന്നു യാത്ര.14) യാത്രാമദ്ധ്യെ ബോംബെയിലെത്തിയപ്പോള്‍ മുഹമ്മദ്‌ ഹാജി സയ്യിദ്‌ അലവി തങ്ങളെ കണ്ടുമുട്ടി.15) ഒടുവില്‍ ബംഗാളില്‍ യാത്രയവസാനിച്ചു. അവിടെ തങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്ന ജാര്‍ മുഹമ്മദിനെ അന്വേഷിച്ചുകണ്ടെത്തി. ചിത്തഭ്രമം കാരണം വിഷമത്തില്‍ കഴിഞ്ഞിരുന്ന ആളായിരുന്നു അദ്ദേഹം. തങ്ങള്‍ കൊടുത്തയച്ച പഞ്ചസാരയില്‍നിന്ന്‌ അല്‍പം അദ്ദേഹത്തിന്‌ നല്‍കുകയും അദ്ദേഹത്തിന്റെ രോഗം ഭേദമാവുകയും ചെയ്‌തു. ഇത്‌ കാരണം അദ്ദേഹം മുഹമ്മദ്‌ ഹാജിക്ക്‌ വേണ്ടുവോളം പണം നല്‍കി. അദ്ദേഹം സസന്തോഷം മലബാറിലേക്ക്‌ തിരിക്കുകയും ചെയ്‌തു.16) ഈ സംഭവത്തില്‍ അനവധി അല്‍ഭുതങ്ങളും വസ്‌തുതകളുമുണ്ട്‌. എങ്ങെനെ സയ്യിദ്‌ അലവി തങ്ങള്‍ക്ക്‌ ബംഗാളിലെ മനുഷ്യനെക്കുറിച്ച്‌ വിവരം കിട്ടി ? എന്തിന്‌ അദ്ദേഹത്തിന്റെ നന്മക്കുപവേണ്ടി യത്‌നിച്ചു ? എങ്ങനെ, എന്തിന്‌ ബോംബയില്‍ വന്നു ? എന്തിന്‌ ഈ സംഭവത്തിലെ ഒരംഗമായി താനൂര്‍ നിവാസിയെ തെരഞ്ഞെടുത്തു ? ഇവക്കെല്ലാം ഭൗതിക മറുപടി കാണുക പ്രയാസകരമാണ്‌. അതോടൊപ്പം തന്നെ, ഈ സംഭവത്തില്‍ രണ്ടു പേരുടേയും പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടുന്നു. രണ്ടുപേരും സന്തേഷത്തോടെ കഴിയുന്നു. ഇതില്‍നിന്നും സയ്യിദ്‌ അലവി തങ്ങളുടെ മുമ്പിലെ പ്രവര്‍ത്തന ലോകത്തിന്റെ വിശാലത മനസ്സിലാകുന്നു.
യമനീയായിരുന്നത്‌കൊണ്ടുതന്നെ,അറബി ഭാഷയില്‍ പ്രാവീണ്യമുള്ളവരായിരുന്നുവല്ലൊ സയ്യിദ്‌ അലവി തങ്ങള്‍. ജീവിതത്തിലൂടെയെന്നപോലെ ഭാഷയിലൂടെയും അന്യരുമായി ആശയ വിനിമയം നടത്താന്‍ അവര്‍ക്ക്‌ കഴിഞ്ഞു. സര്‍വ്വ ഭാഷക്കാരുടെയും ആശാകേന്ദ്രമായിരുന്നു അന്ന്‌ മമ്പുറം. അറബികള്‍ വരെ ആത്മീയ ദാഹം തീര്‍ക്കാന്‍ അവിടെയെത്തിരുന്നു. ആയിടെ ഒരിക്കല്‍ ഒരു അറബി മമ്പുറം വസതിയില്‍വെച്ച്‌ മരണപ്പെട്ടു. ശക്തമായ മഴക്കാലമായിരുന്നു അത്‌. അനുചരന്മാര്‍ ഖബര്‍ വെട്ടിയെങ്കിലും വെള്ളം കാണുകയിയിരുന്നു. മഹാനവര്‍കളോടു പറഞ്ഞപ്പോള്‍ അവരൊരു സ്ഥലം നിര്‍ദ്ദേശിച്ചു. അവിടെ കുഴിച്ചപ്പോള്‍ വെള്ളമുണ്ടായിരുന്നില്ല. ഒടുവില്‍ അറബിയെ അവിടെ മറമാടുകയായിരരുന്നു.17)
ഓരോ വര്‍ഷവും ഹജ്ജാജിമാര്‍ മക്കയില്‍ സംഗമിക്കുമ്പോള്‍ അക്കാലത്തെ ഖുഥുബുസ്സമാനും അവിടെ വന്നണയുമെന്നതാണ്‌ പണ്ഡിത മതം. സയ്യിദ്‌ അലവി തങ്ങളുടെ കാര്യത്തില്‍ ഇത്‌ സത്യമായിരുന്നു. പലപ്പോഴും പലരും അവരെ ഹജ്ജുവേളയില്‍ കണ്ടുമുട്ടിയിരുന്നു. ഒരിക്കല്‍ ഒരു സംഘം ആളുകള്‍ വന്ന്‌ സയ്യിദ്‌ അലവി തങ്ങളോട്‌ ഹജ്ജിനുള്ള അനുമതി ചോദിച്ചു. തങ്ങള്‍ അനുമതി നല്‍കി. ഒപ്പം സംഘമേധാവിയുടെ കയ്യില്‍ തന്റെ തസ്‌ബീഹ്‌ മാല നല്‍കിക്കൊണ്ട്‌ ഇങ്ങനെ പറഞ്ഞു: ഹറമിലെത്തിയാല്‍ മഖാമു ഇബ്‌റാഹീമിനടുത്ത്‌ ഞാനുണ്ടാകും. അവിടെവെച്ച്‌ ഇത്‌ എനിക്ക്‌ തരണം. ഹറമിലെത്തിയ അദ്ദേഹം മഖാമു ഇബ്‌റാഹീമിനടുത്ത്‌ മഹാനവര്‍കളെ കണ്ടു. മാല കൈ മാറുകയും ചെയ്‌തു. ഹജ്ജ്‌ കഴിഞ്ഞ്‌ തിരിച്ചെത്തി, നാട്ടിലന്വേഷിച്ചപ്പോള്‍ തങ്ങളവര്‍കള്‍ എല്ലാദിവസവും ഇവിടെത്തന്നെയുണ്ടായിരുന്നു എന്നായിരുന്നു പ്രതികരണം.18) ദ്വയസാന്നിദ്ധ്യമാണ്‌ ഇവിടെ കാണുന്നത്‌. ഈ അവസ്ഥയാണ്‌ തങ്ങളവര്‍കള്‍ ആഗോള തലത്തില്‍ ദൗത്യനിര്‍വ്വഹണത്തിന്‌ തെരഞ്ഞെടുത്തിരുന്നത്‌.
വിശ്വാസിയുടെ വീക്ഷണത്തില്‍, സര്‍വ്വതിന്റെയും കേന്ദ്രമായി പരിഗണിക്കാന്‍ പറ്റുന്ന ഒരിടം മക്കയും കഅ്‌ബയുമാണെല്ലോ. ലോകത്തെ മൊത്തം വീക്ഷിക്കാന്‍ ഇവിടെന്ന്‌ കഴിയുന്നതാണ്‌. സയ്യിദ്‌ അലവി തങ്ങളുടെ ആത്മീയ സാന്നിദ്ധ്യം സദാ ഈ ഭാഗങ്ങളില്‍ ഉണ്ടായിരുന്നതിന്‌ ധാരാളം തെളിവുകളുണ്ട്‌. പലപ്പോഴും സയ്യിദ്‌ അലവി തങ്ങള്‍ അവിടത്തെ സമകാലിക സംഭവങ്ങളാണ്‌ ഉരുവിട്ടുകൊണ്ടിരുന്നത്‌.
തങ്ങളവര്‍കള്‍ ഒരിക്കല്‍ അബ്‌ദുല്ലാഹ്‌ എന്ന്‌ പേരുള്ള ഒരു പണ്ഡിതനോട്‌ ഇങ്ങനെ ഉപദേശിക്കുകയുണ്ടായി: ഇന്ന്‌ മക്കയില്‍ ഉഖൈല്‍ ബിന്‍ യഹ്‌യ എന്ന ഒരു പണ്ഡിതന്‍ മരിച്ചിരിക്കുന്നു. താങ്കളുടെ ഭാര്യ ഗര്‍ഭിണിയാണെല്ലോ. അവള്‍ ഒരു ആണ്‍കുഞ്ഞിന്‌ ജന്മം നല്‌കും. അവന്‌ ഉഖൈല്‍ എന്ന്‌ നാമകരണം ചെയ്യണം. അദ്ദേഹം അങ്ങനെത്തന്നെ ചെയ്യുകയും ചെയ്‌തു.
സയ്യിദ്‌ അലവി തങ്ങളുടെ കാലത്ത്‌ മക്കയിലെ ഭിരണാധികാരി ഹറമില്‍വെച്ച്‌ ഒരു നല്ല മനുഷ്യനെ കൊല്ലുകയുണ്ടായി. ഹറമില്‍വെച്ച്‌ രക്തം ചിന്താന്‍ പാടില്ലായെന്ന ശരീഅത്തിന്റെ നിയമത്തെ കാറ്റില്‍ പറത്തിയായിരുന്നു ഈ കൊല. തത്സമയം തന്നെ തങ്ങളവര്‍കള്‍ ഇതറിഞ്ഞു. `ശറഇന്‌ വിരുദ്ധമായി പ്രവര്‍ത്തിച്ചവനെ ഉടനെ സ്ഥാന ഭ്രഷ്‌ടനാക്കുക' അദ്ദേഹം വിളിച്ചുപറഞ്ഞു. മമ്പുറത്തെ ശിഷ്യന്മാര്‍ക്ക്‌ കാര്യം പിടികിട്ടിയിരുന്നില്ല. ശേഷമാണ്‌ കൊലയെക്കുറിച്ചും മക്കയിലെ ഭരണമാറ്റത്തെക്കുറിച്ചും അവര്‍ അറിഞ്ഞത്‌.19)
മഴ വര്‍ഷിപ്പിക്കല്‍, രോഗം ഭേദമാക്കല്‍, വന്യമൃഗങ്ങളോടുള്ള കൂട്ടുകെട്ട്‌ തുടങ്ങി ധാരാളം രംഗങ്ങളില്‍ സയ്യിദ്‌ അലവി തങ്ങള്‍ അസാധാരണമായ കഴിവ്‌ നിലനിര്‍ത്തിയിരുന്നു.



1) തെളിച്ചം മാസിക, ലക്കം 5, പുസ്‌തകം 9, പേജ്‌: 25
2) മിന്‍ഹത്തുല്‍ ഖവീ ബി മിദ്‌ഹത്തി സയ്യിദ്‌ അലവി, സയ്യിദ്‌ ഉമറുല്‍ ബര്‍റ്‌, പേജ്‌: 5
3) മിന്‍ഹത്തുല്‍ ഖവീ ബി മിദ്‌ഹത്തി സയ്യിദ്‌ അലവി, സയ്യിദ്‌ ഉമറുല്‍ ബര്‍റ്‌, പേജ്‌: 5- സൂഫി മാര്‍ഗം, ഡോ. ഹുസൈന്‍ രണ്ടത്താണി, പേജ്‌:94
4) ഇസ്‌ലാമിലെ ഥരീഖത്തും ഥരീഖത്തിലെ ഇസ്‌ലാമും, സ്വദ്‌റുദ്ദീന്‍ വാഴക്കാട്‌, പേജ്‌: 44
5) സൂഫി മാര്‍ഗം, ഡോ. ഹുസൈന്‍ രണ്ടത്താണി, പേജ്‌:91
6) മലയാളത്തിലെ മഹാരഥന്മാര്‍, നെല്ലിക്കുത്ത്‌ മുഹമ്മദലി മുസ്‌ലി യാര്‍
7) മമ്പുറം മാല, മുഹമ്മദ്‌ ഹാജി
8) മമ്പുറം മാല, മുഹമ്മദ്‌ ഹാജി
9) മമ്പുറം സയ്യിദ്‌ അലവി തങ്ങള്‍, കെ.കെ. മുഹമ്മദ്‌ അബ്‌ദുല്‍ കരീം
10) മമ്പുറം മാല, മുഹമ്മദ്‌ ഹാജി- മമ്പുറം തങ്ങള്‍ ചരിത്രം, ഒ.എം. മുത്തുകോയത്തങ്ങള്‍
11) അന്നഫ്‌ഹത്തുന്‍ ജലീല ഫീ മനാഖിബി സയ്യിദ്‌ അലവി അല്‍മൗലദ്ദവീല, പാങ്ങില്‍ അഹ്മദ്‌ കുട്ടി മുസ്‌ലിയാര്‍
12)അന്നഫ്‌ഹത്തുന്‍ ജലീല ഫീ മനാഖിബി സയ്യിദ്‌ അലവി അല്‍മൗലദ്ദവീല, പാങ്ങില്‍ അഹ്മദ്‌ കുട്ടി മുസ്‌ലിയാര്‍
13) , മമ്പുറഅന്നഫ്‌ഹത്തുന്‍ ജലീല ഫീ മനാഖിബി സയ്യിദ്‌ അലവി അല്‍മൗലദ്ദവീല, പാങ്ങില്‍ അഹ്മദ്‌ കുട്ടി മുസ്‌ലിയാര്‍, മമ്പുറം മാല, മുഹമ്മദ്‌ ഹാജി
14) മമ്പുറം സയ്യിദ്‌ അലവി തങ്ങള്‍, കെ.കെ. മുഹമ്മദ്‌ അബ്‌ദുല്‍ കരീം, പേജ്‌: 54
15) മമ്പുറം മാല, മുഹമ്മദ്‌ ഹാജി
16) മമ്പുറം സയ്യിദ്‌ അലവി തങ്ങള്‍, കെ.കെ. മുഹമ്മദ്‌ അബ്‌ദുല്‍ കരീം, പേജ്‌: 53-55
17) മമ്പുറം സയ്യിദ്‌ അലവി തങ്ങള്‍, കെ.കെ. മുഹമ്മദ്‌ അബ്‌ദുല്‍ കരീം
18) അന്നഫ്‌ഹത്തുന്‍ ജലീല ഫീ മനാഖിബി സയ്യിദ്‌ അലവി അല്‍മൗലദ്ദവീല, പാങ്ങില്‍ അഹ്മദ്‌ കുട്ടി മുസ്‌ലിയാര്‍
19)അന്നഫ്‌ഹത്തുന്‍ ജലീല ഫീ മനാഖിബി സയ്യിദ്‌ അലവി അല്‍മൗലദ്ദവീല, പാങ്ങില്‍ അഹ്മദ്‌ കുട്ടി മുസ്‌ലിയാര്‍

Saturday, November 3, 2012

ആശുപത്രിയിലെ അന്ത്യനിമിഷങ്ങള്‍

2012 ഒക്‌ടോബര്‍ 2 ന്‌ സുബ്‌ഹി നിസ്‌കാരം കഴിഞ്ഞ്‌ വിശ്രമിക്കുമ്പോഴാണ്‌ മൊബൈല്‍ ശബ്‌ദിക്കുന്നത്‌; കാളമ്പാടി ഉസ്‌താദ്‌ അത്യാസന്ന നിലയില്‍ ആശുപത്രിയിലാണ്‌.... ഉടനെ ജാമിഅയിലേക്ക്‌ ബന്ധപ്പെട്ടു. അര്‍ദ്ധരാത്രിയില്‍ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ അതിവേഗം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഓടിക്കിതച്ച്‌ ആശുപത്രിയില്‍ എത്തിയപ്പോഴാണ്‌ ഐ.സി.യു.വില്‍ വെന്റിലേറ്ററിലാണെന്ന്‌ അറിയുന്നത്‌. അകത്തു പോയി കാണാന്‍ അധികൃതര്‍ അനുവാദം തന്നു. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ അനിഷേധ്യനായ അമരക്കാരന്‍ ശാന്തമായി ഉറങ്ങുന്നതുപോലെ. ഈ അവസ്ഥയില്‍ റൂമിലേക്ക്‌ വിട്ടുതന്നുകൂടെ എന്ന്‌ ഞാനും അസീസ്‌ ഫൈസിയും കൂടി ഡോക്‌ടറോട്‌ കെഞ്ചിനോക്കി. രണ്ട്‌ റിസല്‍ട്ടുകൂടി കിട്ടാനുണ്ടെന്നും നേരിയ പ്രതീക്ഷക്ക്‌ വകയുണ്ടെന്നുമാണ്‌ ഡോക്‌ടര്‍ പറഞ്ഞത്‌. പിന്നെയും അര മണിക്കൂറോളം ഇഴഞ്ഞുനീങ്ങി. പുറത്തേക്ക്‌ വന്ന ഡോക്‌ടറുടെ മുഖത്ത്‌ നിരാശ പ്രകടമാകുന്നത്‌ അറിഞ്ഞു. ഐ.സി.യുവില്‍ ചെന്ന്‌ ചൊല്ലാനുള്ളത്‌ ചൊല്ലികൊടുക്കുവാന്‍ അദ്ദേഹം അനുമതി നല്‍കി. ഉസ്‌താദിന്റെ രണ്ട്‌ മക്കളുടെ കൂടെ ഞാനും സയ്യിദ്‌ സാബിഖലി ശിഹാബ്‌ തങ്ങളും പുളിയക്കുത്ത്‌ ഹനീഫയും അകത്തേക്ക്‌ ചെന്നു. സമസ്‌ത വിദ്യാഭ്യാസ ബോര്‍ഡ്‌ മാനേജര്‍ പിണങ്ങോട്‌ അബൂബക്കര്‍ സാഹിബും അപ്പോള്‍ അവിടെയെത്തി. വാപ്പുട്ടി ഫൈസി വേങ്ങൂര്‍, അബ്‌ദുല്‍ അസീസ്‌ ഫൈസി തുടങ്ങി ഏതാനും ചിലരും എത്തിച്ചേര്‍ന്നിരുന്നു. മറ്റ്‌ രോഗികള്‍ക്ക്‌ പ്രയാസമാകും എന്നു പറഞ്ഞു അധികം പേരോടും പുറത്തു പോവാന്‍ ഡോക്‌ടര്‍ ആവശ്യപ്പെട്ടു. ഈയുള്ളവനും ഹനീഫയും യാസീന്‍ ഓതാന്‍ തുടങ്ങി. മകന്‍ അബ്‌ദുസ്വമദ്‌ ഫൈസി ചുണ്ടില്‍ വെള്ളം ഉറ്റിച്ച്‌ കൊടുക്കുകയും ചെവിയില്‍ ഉച്ചത്തില്‍ തഹ്‌ലീല്‍ ചൊല്ലികൊടുക്കുകയും ചെയ്‌തുകൊണ്ടിരുന്നു. ഞാന്‍ യാസീന്‍ ഓതി പൂര്‍ത്തിയാക്കി ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞു. സൂക്ഷ്‌മതയോടെ നിരീക്ഷിച്ചിരുന്ന ഡോക്‌ടര്‍ പതിയെ പറഞ്ഞു. എല്ലാം കഴിഞ്ഞിരിക്കുന്നു. നിമിഷനേരത്തേക്ക്‌ അമ്പരപ്പ്‌! അതെ സ്‌നേഹനിധിയായ ഗുരുവര്യര്‍ ശൈഖുനാ കാളമ്പാടി ഉസ്‌താദ്‌ ഈ ലോകത്തോട്‌ വിട പറഞ്ഞിരിക്കുന്നു. സുന്നി പ്രസ്ഥാനത്തിന്റെ അനിഷേധ്യനായ അമരക്കാരന്‍ രക്ഷിതാവിങ്കലേക്ക്‌ യാത്രയായിരിക്കുന്നു. അമ്പരപ്പില്‍ നിന്നുണര്‍ന്ന്‌ നേതാക്കളെ ഓരോരുത്തരെയായി വിളിച്ച്‌ വിവരം അറിയിച്ചുകൊണ്ടിരുന്നു. നിമിഷനേരം കൊണ്ട്‌ ആശുപത്രി പരിസരം നിറഞ്ഞു കവിഞ്ഞു. ഒടുവില്‍ ഉസ്‌താദ്‌ ഏറ്റവും അധികം സ്‌നേഹിക്കുകയും ലാളിക്കുകയും ചെയ്‌ത ജാമിഅ കാമ്പസിലേക്ക്‌ ജനാസ കൊണ്ടുപോയി. ക്ഷണനേരം കൊണ്ട്‌ പതിനായിരങ്ങള്‍ ജാമിഅയുടെ മുറ്റം നിറഞ്ഞുകവിഞ്ഞു. തങ്ങളുടെ എല്ലാമെല്ലാമായ ഗുരുനാഥനെ കാണാന്‍ അണികളുടെ ഒഴുക്കായിരുന്നു. ജാമിഅയില്‍ വെച്ച്‌ കുളിപ്പിച്ച്‌, ജാമിഅയുടെ ഇമാം മുത്തുതങ്ങളുടെ നേതൃത്വത്തില്‍ പ്രഥമ ജനാസ നമസ്‌കാരം. ശൈഖുനാ ആലിക്കുട്ടി ഉസ്‌താദിന്റെ ഭക്തിനിര്‍ഭരമായ പ്രാര്‍ത്ഥന. എല്ലാം കഴിഞ്ഞ്‌ ഏറെ പ്രയാസപ്പെട്ട്‌ ജനാസ വീട്ടിലേക്ക്‌ യാത്രയാക്കി.

ഉസ്‌താദ്‌ താമസിച്ചിരുന്ന റൂമിന്റെ നേര മുകളിലുള്ള പത്താം റൂമിലായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്‌. രണ്ട്‌ വര്‍ഷത്തെ ജാമിഅ പഠനത്തിനിടക്ക്‌ ഒരിക്കല്‍ മാത്രം സുബ്‌ഹിക്ക്‌ എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല. അന്ന്‌ ഉസ്‌താദ്‌ നേരിട്ടു വന്ന്‌ പിടികൂടുകയുണ്ടായി. ഏറെ ഉപദേശിച്ചാണ്‌ അന്ന്‌ ഞങ്ങള്‍ റൂമിലുണ്ടായിരുന്ന നാലുപേരെയും ഉസ്‌താദ്‌ വെറുതെ വിട്ടത്‌.


അത്ഭുതകരമായി അനുഭവപ്പെട്ട സംഭവം തൊട്ടടുത്ത ആഴ്‌ചയിലായിരുന്നു.വെളളിയാഴ്‌ച ജാമിഅയില്‍ ക്ലാസ്‌ ഇല്ലാത്ത ദിവസം. കോഴിക്കോട്‌ നടന്ന സഖാഫി സമ്മേളനത്തില്‍ പങ്കെടുത്ത്‌ നൂറുല്‍ ഉലമയിലേക്ക്‌ ആവശ്യമായ കുറച്ച്‌ ലൈബ്രറി പുസ്‌തകങ്ങളും വാങ്ങി ജാമിഅയിലേക്ക്‌ തന്നെ മടങ്ങി. രാത്രി രണ്ട്‌ മണിക്ക്‌ ശേഷമാണ്‌ കോളേജില്‍ എത്തിയത്‌. അവധി ദിവസമായതിനാല്‍ റൂമിലും പരിസര റൂമുകളിലൊന്നും ആരുമില്ല. പതിയെ അഗാധ മയക്കത്തിലേക്ക്‌ വീണു.


പെട്ടെന്നാണ്‌ കഴിഞ്ഞ ആഴ്‌ചയിലേതുപോലെ ശൈഖുനാ കാളമ്പാടി ഉസ്‌താദ്‌ ഉറക്കത്തില്‍ നിന്ന്‌ വിളിച്ചുണര്‍ത്തുന്നു. ഞെട്ടിയെഴുന്നേറ്റ്‌ ആകെ പരവശനായി നില്‍ക്കുമ്പോള്‍ ഉസ്‌താദിനെ കാണുന്നില്ല. ശൈഖുനാ വീട്ടിലാണെന്ന്‌ അപ്പോഴാണ്‌ ഓര്‍ത്തത്‌. ഏതാനും നിമിഷം കഴിഞ്ഞപ്പോഴേക്കും പള്ളിയില്‍ നിന്ന്‌ ബാങ്കൊലി മുഴങ്ങുന്നു. വൈകി ഉറങ്ങിയതിനാല്‍ ഉണരാന്‍ കഴിയില്ലെന്നു കരുതി ഉസ്‌താദ്‌ വിളിച്ചുണര്‍ത്തിയതുപോലെ-


ജാമിഅയില്‍ ഫൈനല്‍ പരീക്ഷ തുടങ്ങിയ അന്നേ ദിവസം തന്നെ മേഖലാ സര്‍ഗലയം നടക്കുന്നു. കമ്മറ്റിയുടെ കാര്യദര്‍ശി എന്ന നിലയില്‍ ഭാരിച്ച ഉത്തരവാദിത്വം. ഒപ്പം ഫൈനല്‍ പരീക്ഷയുടെ ബേജാറും. അസറിനുശേഷം കിട്ടിയ ചെറിയൊരു ഇടവേളയില്‍ ജാമിഅയിലെ വാര്‍ഡനുമായി ധാരണയിലായി സര്‍ഗലയത്തിലേക്ക്‌ പോയി. മടങ്ങി എത്തിയത്‌ മഗ്‌രിബിന്‌ ശേഷമായിരുന്നു. എരമംഗലം ഉസ്‌താദിന്റെ മുന്നിലാണ്‌ വന്നുപെട്ടത്‌.


കയ്യോടെ പിടികൂടി കാളമ്പാടി ഉസ്‌താദിന്റെ മുമ്പിലെത്തിച്ചു. പരീക്ഷയുടെ ഗൗരവം മറന്ന്‌ സംഘടനാ പ്രവര്‍ത്തനത്തിന്‌ പോയ ഞങ്ങളെ ഉസ്‌താദ്‌ വിചാരണ ചെയ്യാനാവശ്യപ്പെട്ടു. കുട്ടികളേ... ഇങ്ങളോട്‌ ഞാന്‍ പെട്ടീം കിതാബും എടുത്ത്‌ പോകാന്‍ പറയാണ്‌ - കൂടെയുള്ളവര്‍ വിറക്കുന്നു. ഞാന്‍ അതിലേറെ പാരവശ്യത്തില്‍. വിറയാര്‍ന്ന ശബ്‌ദത്തോടെ പതിയെ മൊഴിഞ്ഞു - ഉസ്‌താദേ, എസ്‌.കെ.എസ്‌.എസ്‌.എഫിന്റെ മേഖലാ സെക്രട്ടറിയാണ്‌. കൂടെയുള്ള ഒരാള്‍ ശമീര്‍ പുത്തനങ്ങാടി അങ്ങാടിപ്പുറം പഞ്ചായത്ത്‌ കമ്മിറ്റി സെക്രട്ടറിയും. മേഖലയുടെ പരിപാടി നടക്കുമ്പോള്‍ പരീക്ഷയായതിനാല്‍ ഞങ്ങള്‍ക്ക്‌ സഹകരിക്കാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും ഒന്നുപോയി വരികെയങ്കിലും വേണ്ടേ, സഹപ്രവര്‍ത്തകര്‍ കൂടുതലും നാടന്മാരാണ്‌. അവര്‍ക്കൊരു ആശ്വാസമാകട്ടെ എന്ന്‌ കരുതി പോയതാണ്‌. ഉസ്‌താദ്‌ മാപ്പാക്കണം. ശൈഖുനായുടെ മനസ്സിന്റെ കൃപ അന്ന്‌ ഞങ്ങളെ തുണച്ചു. ഉം... ഒക്കെ വേണ്ടതല്ലെ. ഇങ്ങള്‍ പോയി നാളത്തെ പരീക്ഷക്ക്‌ ഒരുങ്ങിക്കോളീ... ജീവന്‍ തിരിച്ചുകിട്ടിയതുപോലെ വേഗത്തില്‍ റൂമിലേക്ക്‌ മടങ്ങി.


ശൈഖുനായ വീട്ടില്‍ പോയി കാണുന്നത്‌ ആനന്ദദായകമാണ്‌. വളരെ ലളിതമായി ധാരാളം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഒരിക്കല്‍ ചില മഖാമുകളെ കുറിച്ച്‌ സംശയം പ്രകടിപ്പിച്ചപ്പോള്‍ ഉസ്‌താദ്‌ പറഞ്ഞു - നാം ഒരു മഖാം സിയാറത്ത്‌ ചെയ്യുന്നത്‌ അവിടെ കിടക്കുന്നത്‌ ഒരു മഹാനാണെന്ന നിയ്യത്തോടെയാണ്‌. അത്‌ വളരെ പുണ്യമുള്ളതാണല്ലോ. വിവരമില്ലാതെ അതുമിതും പറയലിനെ നാം ഒഴിവാക്കിയാല്‍ മതി. ഉസ്‌താദിനെ ഒരു പരിപാടിക്ക്‌ ക്ഷണിക്കുന്നത്‌ മൂലം ഒരു പ്രയാസവും ഉണ്ടാകാറില്ല. എന്തെങ്കിലും കാരണങ്ങളാല്‍ അല്‍പം വൈകുകയോ മറ്റോ ചെയ്‌താലും ഉസ്‌താദ്‌ ഒരു മുഷിപ്പും പ്രകടിപ്പിക്കാറില്ല. നിശ്ചയിച്ച സ്ഥലത്തിരുന്ന്‌ തലയും താഴ്‌ത്ത ഔറാദുകളില്‍ മുഴുകുന്നത്‌ കാണാം. നാലുദിവസം മുമ്പ്‌ ജാമിഅയില്‍ പോയപ്പോള്‍ ശൈഖുനായുടെ റൂമില്‍ കയറി. സബ്‌ഖ്‌ കഴിഞ്ഞ്‌ വിശ്രമിക്കുകയാണ്‌. കൈപിടിച്ച്‌ മുത്തി ദുആ ചെയ്യാന്‍ പറഞ്ഞ്‌ സലാം പറഞ്ഞിറങ്ങുമ്പോള്‍ ഓര്‍ത്തിരുന്നില്ല - ഇത്‌ അവസാനത്തെ കൂടിക്കാഴ്‌ചയായിരിക്കുമെന്ന്‌. നാഥന്‍ ഉസ്‌താദിന്റെ ദറജയെ ഉയര്‍ത്തുമാറാകട്ടെ (ആമീന്‍) 
ശമീര്‍ ഫൈസി ഒടമല

വിശ്വസിക്കാനാവില്ല...

അന്ന്‌ തിങ്കള്‍, സുബഹ്‌ ജമാഅത്തും കഴിഞ്ഞ്‌ പുതിയ ബ്ലോക്കിലെ തന്റെ റൂമിലേക്ക്‌ തിരിച്ചെത്തി പിന്നെ പതിവ്‌ വിര്‍ദുകള്‍. ശേഷം ഒഴിവ്‌ സമയം മുഴുവന്‍ കിതാബിന്റെ ഉള്ളറകളിലേക്കിറങ്ങി അതുല്യ മുത്തുകള്‍ ശേഖരിക്കുന്ന പതിവുശൈലി തുടര്‍ന്നു. സമയം 7 മണി കഴിഞ്ഞു. കിതാബ്‌ അടച്ച്‌വെച്ചു. ഇനി ക്ലാസിലേക്ക്‌ വരാനുള്ള തയ്യാറെടുപ്പുകള്‍. 10 മിനുട്ട്‌ മുമ്പ്‌ തന്നെ എല്ലാ ദിവസത്തെപ്പോലെ അന്നും ഇസ്‌താദ്‌ തന്റെ കട്ടിലില്‍ തല കുനിച്ചിരുന്നു. സമയം 7.28 ആയതെയുള്ളൂ, റൂമില്‍ നിന്നിറങ്ങി നേരേ മുത്വവ്വല്‍ സാനിയുടെ സബ്‌ഖ്‌ ഹാളിലേക്ക്‌ നടക്കാനൊരുങ്ങുമ്പോള്‍ ബെല്ല്‌ മുഴങ്ങി. മെല്ലെ ഉസ്‌താദ്‌ സബ്‌ഖ്‌ ഹാളിനടുത്തെത്തി എല്ലാവരും ആദരവോടെ എഴുന്നേറ്റ്‌ നിന്നു. പതിഞ്ഞ സ്വരത്തില്‍ വിദ്യാര്‍ഥികളോട്‌ സലാം ചൊല്ലി പീഠത്തിലേക്ക്‌ കയറി കസേരയിലിരുന്ന്‌ പതിവുപോലെ ഹാജര്‍ പട്ടികയെടുത്ത്‌ വിളി തുടങ്ങി. ഓരോ നമ്പറും സസൂക്ഷ്‌മം പറഞ്ഞ്‌ ഓരോരുത്തരുടെയും മുഖം കണ്ട്‌ ഉണ്ടെന്നുറപ്പ്‌ വരുത്തുക ഇതാണ്‌ കാളമ്പാടി ഉസ്‌താദിന്റെ ശൈലി. നൂറ്റി അഞ്ച്‌ എന്ന നമ്പര്‍ വിളിച്ചു. ഞാന്‍ എഴുനേറ്റ്‌ നിന്ന്‌ പതിഞ്ഞ സ്വരത്തില്‍ ഹാളിര്‍ എന്ന്‌ പറഞ്ഞപ്പോഴേക്കും ആ നോട്ടമെത്തി. ആരും അറിയാതെ തലകുനിച്ച്‌ പോവുന്ന നോട്ടം. വിനീതനും തലകുനിച്ചു. പക്ഷെ ഞാനൊരിക്കലും നിനച്ചില്ല ഇത്‌ അവസാനത്തെ വിളിയാണ്‌. ഇനി 105 എന്ന്‌ വിളിക്കാന്‍ എന്റെ ഉസ്‌താദ്‌ വരില്ലെന്ന്‌.

അവസാന വിദ്യാര്‍ഥിയുടെ ഹാജര്‍ വിളി കഴിഞ്ഞപ്പോള്‍ പട്ടിക പൂട്ടി പേന ജുബ്ബയുടെ പോക്കറ്റിലിട്ടു. തുഹ്‌ഫതുല്‍ മുഹ്‌താജ്‌ എന്ന ശാഫിഈ മദ്‌ഹബിലെ ആധികാരിക കര്‍മ്മ ശാസ്‌ത്രഗ്രന്ഥം മുന്നിലേക്ക്‌ ചേര്‍ത്ത്‌ തുറന്ന്‌ വെച്ചു. ഓരോ ലഫ്‌ളുകളും ഒരു വിദ്യാര്‍ഥി വായിച്ച്‌ കൊടുക്കും, അതിനു ഏറനാടന്‍ ശൈലിയില്‍ ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്ന അര്‍ഥവും വിശദീകരണവും നല്‍കും. ഇതാണ്‌ ഉസ്‌താദിന്റെ ശൈലി. അന്നും വായിച്ച്‌ കൊടുക്കുന്ന വിദ്യാര്‍ഥി തുടങ്ങാനുള്ള അനുമതിയായ `ആ .... ങ്ങട്ട്‌' എന്ന വാക്കിനായി കാതോര്‍ത്തു. അത്യാവശ്യത്തിന്‌ മാത്രം സംസാരിക്കുന്ന ആ മഹാമനീഷയുടെ ആധരങ്ങളിലൂടെ ആ വാക്കുകള്‍ പുറത്ത്‌ വന്നു. ഉടന്‍ കുട്ടി വായിക്കാന്‍ തുടങ്ങി.


അത്താസിഉ വല്‍ ആശിറു വല്‍ ഹാദി അശറ അത്തശഹുദു വഖുഊദു വസ്വലാതു അലന്നബിയ്യി(സ).


അവസാനദിനം എടുത്ത്‌തുടങ്ങിയ വരികള്‍. അതെ, ഒരു സാക്ഷ്യം വഹിക്കലും അതിനുവേണ്ടി തയ്യാറാവലും കാരുണ്യ പ്രവാചകന്റെ യഥാര്‍ഥ അനന്തരാവകാശിയായി റസൂലിന്റെ സാമീപ്യം കരഗതമാക്കാനുള്ള തയ്യാറെടുപ്പ്‌ ഇതാ ഞാന്‍ നടത്തിക്കഴിഞ്ഞു എന്നുമുള്ള ഇന്നര്‍ മീനിങ്ങ്‌ അതിലൊളിഞ്ഞ്‌ കിടന്നിരുന്നോ എന്ന്‌ മനസ്സ്‌ മന്ത്രിക്കുന്നു.


അന്ന്‌ പതിവിലും ആര്‍ജ്ജവത്തോടെയായിരുന്നല്ലോ ഉസ്‌താദ്‌ ക്ലാസെടുത്തത്‌. ആ ഗൗരവത്തിലെന്തെക്കെയോ സൂചനകള്‍ ഒളിഞ്ഞിരുന്നോ എന്ന്‌ ഇപ്പോള്‍ ഒരുള്‍ക്കിടിലത്തോടെ ഞങ്ങളോര്‍ക്കുന്നു. അധിക ക്ലാസുകളിലും ഇടക്കിടെ ശ്വാസത്തിന്റെ വലിവനുഭവപ്പെടാറുണ്ടെങ്കില്‍ അവസാന ക്ലാസില്‍ അത്‌ പോലും ഞങ്ങള്‍ കണ്ടില്ലല്ലോ. അധിക ക്ലാസുകളിലും സംശയങ്ങള്‍ ചോദിക്കാറുണ്ടെങ്കില്‍ എല്ലാ സംശയത്തിന്റെ വാതിലുകളും കൊട്ടിയടച്ചുള്ള വിശദീകരണമായിരുന്നില്ലേ ആ ക്ലാസില്‍ അങ്ങ്‌ നടത്തിയിരുന്നത്‌. തശഹുദില്‍ ചൂണ്ടുവിരല്‍ ഉയര്‍ത്തുന്നതിന്റെ വിവിധ ഇനങ്ങള്‍ അങ്ങ്‌ സ്വയം കാണിച്ച്‌ തന്നതിപ്പോഴും ഞങ്ങളുടെ മനസില്‍ തങ്ങി നില്‍ക്കുന്നു.


ക്ഷീണമായതിനു ശേഷം ക്ലാസുകളെല്ലാം ബെല്ലടിക്കുന്നതിന്റെ പത്ത്‌ മിനുട്ട്‌ മുമ്പ്‌ നിറുത്താറായിരുന്നല്ലോ അവിടുത്തെ പതിവ്‌. അന്ന്‌ സമയം 8.20 ആയിത്തുടങ്ങി. സബ്‌ഖ്‌ നിറുത്തുന്ന സമയം. ഒരു ഫര്‍അ്‌ കാണുന്നു. അത്തരം വഖ്‌ഫുകളില്‍ നിര്‍ത്താറാണല്ലോ അങ്ങ്‌. അത്‌ മനസ്സിലാക്കി ഞങ്ങളില്‍ പലരും കിതാബ്‌ പൂട്ടിവെക്കാനൊരുങ്ങി. വായിക്കുന്ന വിദ്യാര്‍ഥി അല്‍പം സമയം നിന്നു. അപ്പോള്‍ `ഉം' എന്ന മൂളല്‍ അഥവാ തുടരാനുള്ള സൂചന വന്നു. വീണ്ടും വിദ്യാര്‍ഥി വായിച്ചു തുടങ്ങി. അന്ന്‌ അവിടുന്ന്‌ ബെല്ലടിച്ചിട്ടും ക്ലാസ്‌ നിര്‍ത്തിയില്ലല്ലോ. ഏകദേശം അഞ്ച്‌ മിനുട്ടോളം നീണ്ടുപോയി. നിസ്‌കാരം ഖളാആക്കാതെ ആരെയും ബുദ്ധിമുട്ടിക്കാതെ ഇല്‍മില്‍ വ്യാപൃതനായി മരണപ്പെടണമെന്ന ആഗ്രഹത്തിന്റെ പൂര്‍ത്തീകണമായിരുന്നല്ലോ ഞങ്ങളവിടെക്കണ്ടത്‌. ഇനിയൊരു ക്ലാസ്‌ എടുക്കാന്‍ ഞാന്‍ ഉണ്ടാവില്ല. അത്‌കൊണ്ട്‌ പരമാവധി ജ്ഞാനമുത്തുകള്‍ ഞാനന്റെ കുട്ടികള്‍ക്ക്‌ പകര്‍ന്നു നല്‍കട്ടെ, അനുവദിച്ച സമയം മുഴുവനും ഞാന്‍ ഉപയോഗപ്പെടുത്തട്ടേ എന്നുള്ള അഭിലാഷമാണതിനു പിന്നിലെന്ന്‌ ഞങ്ങളൊരിക്കലും കരുതിയില്ല.


ഇല്ല, ഞങ്ങള്‍ക്കൊരിക്കലും മറക്കാനാവില്ല. അങ്ങ്‌ അവസാനം വിശദീകരിച്ച്‌ ലഫ്‌ളുകള്‍. അതെ 'അത്തഹിയ്യാതു ലില്ലാഹി സലാമുന്‍ അലൈക്ക അയ്യുഹന്നബിയ്യു റഹ്‌മതുള്ളാഹി വബറകാതുഹു സലാമുന്‍ അലൈനാ വഅലാ ഇബാദില്ലാഹി സ്വാലിഹീന്‍. അശ്‌ഹദു അന്‍ലാഇലാഹ ഇല്ലള്ളാഹു വഅശ്‌ഹദു അന്ന മുഹമ്മദ്‌ റസൂലുള്ള'. � പതിവു നിര്‍ത്താറുള്ള വഖ്‌ഫിലെത്തിയിട്ടും 'അശ്‌ഹദു അന്‍ലാഇലാഹ ഇല്ലള്ളാഹു വ അശ്‌ഹദു അന്ന മുഹമ്മദ്‌ റസൂലുള്ള' എന്ന മത്‌ന്‌ തന്നെ വിശദീകരിച്ച്‌ ക്ലാസ്‌ അവസാനിപ്പിക്കാന്‍ അങ്ങ്‌ മന:പൂര്‍വം തെരെഞ്ഞെടുക്കുകയായിരുന്നെന്ന്‌ ഞങ്ങളൊരിക്കലും കരുതിയില്ല. �ആ..... അവിടെ നില്‍ക്കട്ടെ...� എന്ന്‌ പറഞ്ഞ്‌ കിതാബ്‌ പൂട്ടിവെച്ച്‌ എഴുന്നേറ്റ്‌ കുട്ടികളെ ആകെയൊന്ന്‌ നോക്കി സലാം ചൊല്ലി ഇറങ്ങിപ്പോവുമ്പോള്‍ അങ്ങ്‌ ഒരു നിശ്ചയദാര്‍ഢ്യത്തിലാണെന്ന്‌ ഞങ്ങളൊരിക്കലും നിനച്ചിരുന്നില്ല. അത്രയൊക്കെ അങ്ങ്‌ കരുതിയുറപ്പിച്ചിരുന്നെന്ന്‌ ഇന്ന്‌ ഞങ്ങളുടെ ഖല്‍ബ്‌ മന്ത്രിക്കുന്നു. അങ്ങനെയെങ്കില്‍ ഞങ്ങള്‍ക്കൊരു സൂചന തരാമായിരുന്നില്ലേ. ഇല്ല അങ്ങത്‌ നല്‍കിയില്ലല്ലോ. കാരണം അങ്ങയുടെ ജീവിതം പ്രശസ്‌തിയോ പ്രശംസയോ കൊതിച്ചതായിരുന്നില്ല. ഒരു ഉഖ്‌റവിയായ പണ്ഡിതന്റെ ജീവിതമെങ്ങനെയായിരിക്കുമെന്ന്‌ ജീവിച്ച്‌ കാണിച്ച്‌ ലോകത്തെ പഠിപ്പിക്കുകയല്ലെ അങ്ങ്‌ ചെയ്‌തത്‌.


ഫൈനല്‍ വിദ്യാര്‍ഥികളുടെ അവസാന ക്ലാസും കഴിഞ്ഞ്‌ റൂമിലേക്ക്‌. പ്രാതലിനു ശേഷം സെമി ക്ലാസിലേക്കുള്ള തയ്യാറെടുപ്പുകള്‍. ബെല്ലടിച്ചതോടെ മുതവ്വല്‍ അവ്വലിന്റെ സബ്‌ഖ്‌ ഹാളിലേക്ക്‌. പുതിയ ബ്ലോക്കിന്റെ ഒന്നാം നിലയിലുള്ള ക്ലാസിലേക്ക്‌ അങ്ങ്‌ കോണിപ്പടികള്‍ കയറുന്ന രംഗം കാണുന്ന ഏതൊരാളുടെയും മനസ്സൊന്ന്‌ പിടയും. ഇരു കൈകളും കോണിയുടെ ഭിത്തിയിലൂന്നി പ്രയാസപ്പെട്ട്‌ കയറുമ്പോള്‍ കൈത്താങ്ങിനായി വരുന്നവര്‍ക്കാര്‍ക്കും അങ്ങ്‌ അവസരം നല്‍കാറില്ലല്ലോ.


സെമിയില്‍ പരിശുദ്ധ ഖുര്‍ആന്റെ ശേഷം അസ്വഹായ കിതാബെന്ന്‌ മുസ്‌ലിം ലോകം വിധിയെഴുതിയ ഇമാം ബുഖാരിയുടെ സ്വഹീഹുല്‍ ബുഖാരി ക്ലാസെടുത്തു. പ്രസ്‌തുത ക്ലാസാണ്‌ ജാമിഅയുടെ അവസാന ക്ലാസ്‌. സ്വഹീഹുല്‍ ബുഖാരിയിലെ 2631 മുതല്‍ 2645 വരെയുള്ള 14 ഹദീസുകളായിരുന്ന്‌ അത്‌.


അവസാന ക്ലാസിലെ അവസാന ഹദീസാവട്ടെ ഖുതൈഫ ബിന്‍ സഈദ്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത രണ്ട്‌ ഗ്രാമീണര്‍ തമ്മിലുള്ള തര്‍ക്കം സംബന്ധിച്ച നബി(സ) നല്‍കിയ മറുപടി യായിരുന്നു. അല്ലാഹുവിന്റെ കിതാബ്‌ കൊണ്ട്‌ ഞാന്‍ വിധി പറയുമെന്നായിരുന്നു പ്രവാചകന്‍(സ) പറഞ്ഞത്‌.


അതെ, അവിടുത്തെ ജീവിതം മുഴുവനും ഖുര്‍ആനും ഹദീസിമായിരുന്നല്ലോ. ആരുടേയും മിന്നത്തിന്‌ ഇടം നല്‍കാതെ അധികാരത്തിന്റെ ഔന്നിത്യത്തിലും ലാളിത്യത്തിന്റെ നിറകുടമായി വിജ്ഞാനത്തിന്റെ വടവൃക്ഷമായി അങ്ങ്‌ നിലകൊണ്ടു.


അങ്ങ്‌ പ്രകാശ സര്‍വ്വകലാശാല എന്നര്‍ഥം വരുന്ന ജാമിഅ: നൂരിയയിലെ ലൈറ്റ്‌ ഹൗസായി പ്രകാശം പരത്തി, വഴികാട്ടിയായി. സഹായത്തിനായി ജാമിഅയെയും ശിഷ്യകണങ്ങളെയും അളവറ്റ്‌ സ്‌നേഹിച്ച അങ്ങ്‌ എന്നും ഞങ്ങളുടെ കൂടെയുണ്ടാവുമെന്ന സ്വകാര്യ അഹങ്കാരത്തോടെ ഞങ്ങള്‍ക്ക്‌ പറയാന്‍ തോന്നുന്നു. ഇല്ല അങ്ങ്‌ കത്തിച്ച്‌ വെച്ച പ്രകാശത്തിന്റെ ശോഭയണയില്ല. ആ ദീപശിഖയില്‍ നിന്ന്‌ ആവാഹിച്ച വെളിച്ചം കൊണ്ട്‌ ഇരുളടഞ്ഞ വീഥികളില്‍ വെളിച്ചം തീര്‍ക്കാന്‍ ഞങ്ങള്‍ക്കാഗ്രഹമുണ്ട്‌.


പക്ഷെ, ഇല്ല ഞങ്ങളെക്കൊണ്ടാവില്ല. അങ്ങില്ലാത്ത ജാമിഅ:യെ കുറിച്ചോര്‍ക്കാന്‍. ഇല്ല ഒരറ്റത്ത്‌ അങ്ങില്ലാതെ മസ്‌ജിദുറഹ്‌മാന്റെ ആദ്യ സ്വഫ്‌ പൂര്‍ണമാകില്ല. റൂമില്‍ സദാ സമയവും കിതാബിലേക്ക്‌ തലതാഴ്‌ത്തിയിരിക്കുന്ന അങ്ങയെ ഇനിയൊരിക്കലുമവിടെ ദര്‍ശിക്കാനാവില്ലെന്ന്‌ ഞങ്ങളെങ്ങനെ വിശ്വസിക്കും. ഇല്ല ഞങ്ങള്‍ക്കൊരിക്കലും വിശ്വസിക്കാനാവില്ല വിജ്ഞാനത്തിന്റെ മധുപകരാന്‍ ജാമിഅയില്‍ ഇനി അങ്ങുണ്ടാവില്ലെന്ന്‌. 7.30 ന്റെ ബെല്ല്‌ മുഴങ്ങിയാല്‍ ഞങ്ങള്‍ കാതോര്‍ക്കും അങ്ങയുടെ ക്ലാസിനായി, കാരണം ഞങ്ങള്‍ക്കിപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല അങ്ങ്‌ ഞങ്ങളെ വിട്ട്‌ പിരിഞ്ഞെന്ന്‌. 
എം.എ ഖാദര്‍ കിഴിശ്ശേരി

നോമ്പനുഭവം പകര്‍ത്താനെത്തിയപ്പോള്‍...

റമസാന്‍ മാസപ്പിറവി കാണാന്‍ മണിക്കൂറുകള്‍ മാത്രം. `ചന്ദ്രിക'യില്‍ ഇത്തവണ റമസാന്‍ വിശേഷങ്ങളുടെ തുടക്കം പണ്‌ഡിതശ്രേഷ്‌ഠനായ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാരില്‍നിന്നാവണം. അസോസിയേറ്റ്‌ എഡിറ്റര്‍ സി.പി. സൈതലവി കാളമ്പാടി ഉസ്‌താദിനെക്കുറിച്ച്‌ പറഞ്ഞുതന്നു. ചെന്നുകണ്ട്‌ സ്റ്റോറി തയ്യാറാക്കണം.

ഇസ്‌ലാമിക പ്രബോധന രംഗത്ത്‌ തേജസ്സോടെ നിറഞ്ഞുനില്‍ക്കുന്ന മഹാപണ്ഡിതനെ അഭിമുഖീകരിക്കാനുള്ള ശങ്ക സി.പി. മാറ്റിത്തന്നു. പിന്നെയും ഓരോരോ സംശയങ്ങള്‍. പുറപ്പെടുന്നതിന്‌ മുമ്പ്‌ ഹസ്സന്‍ സഖാഫിയെ വിളിച്ച്‌ ചോദിച്ചു. കൂടുതല്‍ അറിയുന്തോറും ചെറിയ ആധിവന്നു. കാളമ്പാടി ഉസ്‌താദിന്റെ ഓര്‍മ്മകളിലൂടെ സഞ്ചരിക്കാനാണ്‌ നിര്‍ദേശം. ആരും കേള്‍ക്കാത്ത പഴയകാലത്തെക്കുറിച്ച്‌ വായനക്കാരോട്‌ പറയണം. അത്‌ ഉസ്‌താദില്‍നിന്ന്‌ കേള്‍ക്കണം. കൗതുകത്തോടെ അവതരിപ്പിക്കണം. ചോദ്യങ്ങള്‍ കുറിച്ചുണ്ടാക്കി. ഉപചോദ്യങ്ങളെക്കുറിച്ച്‌ കണക്കുകൂട്ടി. ആദ്യറമസാന്‍ വിശേഷം ഭംഗിയാക്കാനുള്ള വിഭവങ്ങളുണ്ടാക്കണം. വിട്ടുപോയാല്‍ പിന്നെ വിളിച്ചുചോദിക്കാന്‍ പറ്റില്ല. അങ്ങനെ പ്രയാസപ്പെടുത്തുന്നത്‌ ശരിയല്ല. കാവുങ്ങലില്‍നിന്ന്‌ ചന്ദ്രികയുടെ വാഹനം കാളമ്പാടിയിലേക്ക്‌ തിരിഞ്ഞു. മെലിഞ്ഞ റോഡില്‍നിന്ന്‌ ഇടത്തോട്ട്‌ അതിലും മെലിഞ്ഞ വഴി. കുണ്ടുംകുഴികളും നിറഞ്ഞ മണ്‍പാത. ഓട്ടോറിക്ഷക്ക്‌ കഷ്‌ടിച്ചുപോകാം. എതിരെ വണ്ടിവന്നാല്‍ രക്ഷയില്ലാത്ത ഊടുവഴി. വഴിതെറ്റിയിട്ടില്ലെന്ന്‌ വെറുതെയെങ്കിലും ഉറപ്പാക്കി. കാളമ്പാടി അംഗന്‍വാടിയുടെ മുറ്റത്ത്‌ വണ്ടിനിന്നു. പിന്നെ ആ വലിയ പണ്ഡിതന്റെ വീട്ടിലേക്ക്‌ നടന്നു. കവുങ്ങിന്‍തോട്ടത്തിലൂടെ ഒറ്റവരമ്പ്‌. നടന്നുമാത്രമേ പോകാനാവൂ. ചെന്നുകയറിയത്‌ പഴയൊരുവീട്ടിലേക്ക്‌. ഉസ്‌താദിന്റെതന്നെ വാക്കുകളില്‍ `പരിഷ്‌കാരങ്ങളില്ലാത്ത' വീട്‌.


ഉമ്മറത്ത്‌ ചാരുകസേരയില്‍ ഉസ്‌താദ്‌. പുസ്‌തകത്തിലേക്ക്‌ തലകുനിച്ച്‌. ബനിയനുമീതെ പച്ച ഒല്ലി. ചുവന്ന കാവിയിട്ട പടിയില്‍ വലിയൊരു പുസ്‌തകം-`സമസ്‌ത 85-ാം വാര്‍ഷികോപഹാരം 2012 രണ്ടാംപതിപ്പ്‌'. ചെന്നുകയറിയപ്പോള്‍ പുസ്‌തകത്തില്‍നിന്ന്‌ തലഉയര്‍ത്തിനോക്കി. കൂടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍ ഷംസീര്‍ സലാം പറഞ്ഞു. സമുദായത്തിന്റെ അമരക്കാരനുമുന്നില്‍ ഞങ്ങളിരുന്നു. പൂമുഖങ്ങളില്‍നിന്ന്‌ പാടെ മാഞ്ഞുപോയ മരബെഞ്ചില്‍. പുതിയ കാലത്തിന്റെ അടയാളങ്ങളില്ലാത്ത വീട്‌. പാണ്ഡിത്യത്തിന്റെ മഹിമയില്‍ ലോകമറിയുന്നവരുടെ അരികത്ത്‌. ചുമരില്‍ മുഹമ്മദ്‌ നബിയുടെ ചെരുപ്പുകളുടെ ചിത്രം ചില്ലിട്ടുവച്ചിരിക്കുന്നു. കാവിയിട്ട പണ്ടത്തെ നിലവും കഴുക്കോലിന്റെ ഉറപ്പുള്ള മേല്‍ക്കൂരയും. പാര്‍ക്കാന്‍ ഇതുമാത്രം മതി. ഇസ്‌ലാമിക കര്‍മ്മശാസ്‌ത്രവും ചരിത്രവും ജീവിത വിധികളും ദൈവമാര്‍ഗവും കൊണ്ട്‌ സമ്പന്നമായ മനുഷ്യന്റെ ലാളിത്യം. ജീവിതം കൊണ്ട്‌ ചരിത്രമെഴുതിയ മഹാനെ അടുത്തറിയാന്‍ ഈ വീടുമാത്രം മതി. ജീവിതത്തോട്‌ കാണിച്ച സത്യസന്ധതയുടെ നേര്‍വഴിയാണ്‌ ഈ വീട്ടിലേക്കുള്ള വഴികള്‍.


സുന്നിമഹലിലെ മുറികളില്‍ ഉസ്‌താദിനെ കണ്ടിട്ടുണ്ട്‌. പ്രസംഗവേദികളില്‍ ശ്രദ്ധിച്ചിട്ടുണ്ട്‌. മതചിന്തയെ മുറതെറ്റാതെ കൊണ്ടുനടക്കുന്ന കാരണവരുടെ വേഷങ്ങളില്‍. കുട്ടികളും പണ്ഡിതരുമെന്ന വ്യത്യാസമില്ലാതെ എല്ലാവരെയും നന്‍മ പഠിപ്പിക്കുന്ന അധ്യാപകനായി. മറുവാക്കുയര്‍ത്തുന്നവര്‍ക്ക്‌ താത്വികമായ മറുപടികള്‍ നല്‍കുന്ന വാഗ്മിയായി.


കുട്ടിക്കാലത്തെ നോമ്പുകാലത്തില്‍നിന്നാണ്‌ ചോദ്യം തുടങ്ങിയത്‌. രോഗത്തിന്റെ അസ്വസ്ഥതകളുണ്ടായിരുന്നെങ്കിലും ഓര്‍ത്തെടുത്ത്‌ പറഞ്ഞുതന്നു. നിസ്സാര കാര്യങ്ങള്‍പോലും ചികഞ്ഞെടുത്തു. മലപ്പുറത്തിന്റെ കയറ്റിറക്കങ്ങളിലൂടെ കാലം കടന്നുപോയ കഥ. സംസാരം പുതിയ കാലത്തിന്റെ നോമ്പനുഭവങ്ങളിലേക്കെത്തി. ഉടന്‍ മറുപടി വന്നു-`ഇപ്പോള്‍ പരിഷ്‌കരിച്ച ചിന്തകള്‍ കൂടി. കുട്ടികളും മുതിര്‍ന്നവരും അക്കാലത്ത്‌ കൂടുതല്‍ സമയം പള്ളികളില്‍ ചിലവഴിച്ചിരുന്നു. ഇപ്പോള്‍ ജോലിയും മറ്റ്‌ ഏര്‍പ്പാടുകളുമാണ്‌ പലര്‍ക്കും പ്രധാനം. പഠനത്തില്‍ ശ്രദ്ധ കൂടുകയും ചെയ്‌തു.' എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം റെഡിയായിരുന്നു. വിശ്വാസത്തില്‍ മാത്രമൂന്നിയ ഭാഷ. അത്യാവശ്യത്തിന്‌ മാത്രം സംസാരം. വാക്കുകള്‍ക്ക്‌ ഉദ്‌ബോധനത്തിന്റെ സ്വരം. സ്‌ഫുടം ചെയ്‌ത ഹൃദയത്തില്‍നിന്ന്‌ ആത്മീയത പരന്നൊഴുകുന്ന പോലെ. വാര്‍ത്തയില്‍ പ്രധാനം സദുദ്ദേശമാവണം. അതിനുള്ള വാക്കുകളും ഉസ്‌താദ്‌ പ്രത്യേകമായി തന്നു. നോമ്പിന്റെ പുണ്യവും പ്രാര്‍ത്ഥനയും ദാനധര്‍മ്മങ്ങളുമൊക്കെ വിഷയങ്ങളായി.


വര്‍ത്തമാനത്തിലേക്ക്‌ കടന്നപ്പോള്‍ ഗൗരവമുള്ള മുഖത്ത്‌ മയംവന്നപോലെ. അതുപിന്നെ അടുപ്പമായി. ഒരുമണിക്കൂറാവുമ്പോഴേക്കും തുടരെത്തുടരെ ചോദ്യങ്ങള്‍, ഉത്തരങ്ങള്‍. മഗ്‌രിബ്‌ ബാങ്കിന്‌ ഇനി മിനുറ്റുകള്‍ ബാക്കി. ക്യാമറയുമായി ഷംസീര്‍ എണീറ്റു. ഉസ്‌താദിന്‌ താല്‍പ്പര്യമില്ലാത്ത കാര്യങ്ങള്‍ പ്രധാനം പടമെടുപ്പാണ്‌. മുണ്ടും ബനിയനും കൈയ്യില്‍ ഖുര്‍ആനുമായി ചാരുകസേരയില്‍ ഉസ്‌താദിന്റെ പടങ്ങള്‍ മിന്നി. പതിവുപോലെ ഫോട്ടോഗ്രാഫര്‍ ചിരിക്കാന്‍ പറഞ്ഞില്ല. പകരം ഷര്‍ട്ട്‌ ധരിച്ചുള്ള പടം വേണം. അപേക്ഷ സ്വീകരിച്ചു. പുസ്‌തകങ്ങള്‍ തിങ്ങിനിറഞ്ഞ മുറിയില്‍നിന്ന്‌ ഉസ്‌താദ്‌ നീളന്‍കുപ്പായമിട്ട്‌ ഇറങ്ങിവന്നു. കൈയില്‍ സമസ്‌തയുടെ പുസ്‌തകം. ആ വരവ്‌ പുതിയ പടമായി. ആരും പകര്‍ത്തിയിട്ടില്ലാത്ത ഉസ്‌താദിന്റെ ചിത്രം. പത്രത്തില്‍ അതടിച്ചുവന്നു. വറുതിക്കാലത്തെ നോമ്പനുഭവങ്ങള്‍ വാര്‍ത്തയുമായി. സമുദായത്തിന്റെ വഴിവിളക്കായി ബഹളങ്ങളില്ലാതെ യാത്ര ചെയ്യുന്ന നേതാവിന്റെ ജീവിതവും ചുറ്റുവട്ടവും അപൂര്‍വ്വതയായി ബാക്കിനിന്നു. പടിയിറങ്ങുമ്പോള്‍ ഓര്‍ത്തില്ല, സമൂഹത്തെ നയിക്കുന്ന വലിയ പണ്‌ഡിതന്റെ അവസാന അഭിമുഖത്തിനാണ്‌ നിയോഗമുണ്ടായതെന്ന്‌. വാര്‍ത്തകള്‍ക്കപ്പുറത്തെ ലാളിത്യത്തിന്റെ കൗതുകം ഭേദങ്ങളില്ലാത്ത സൗഹൃദങ്ങളില്‍ ചര്‍ച്ചയായി. കാലന്‍കുടയും നീളന്‍കുപ്പായവും പച്ച ഒല്ലിയും തലയിലെ കെട്ടും ലാളിത്യവും സ്‌നേഹവും ആദരവും കല്‍പ്പനപ്രകാരമുള്ള ജീവിതവും പാണ്ഡിത്യത്തിലേക്ക്‌ ചേര്‍ത്തുവെച്ചാല്‍ അത്‌ കാളമ്പാടി ഉസ്‌താദായി. നികത്താനാവാത്ത മഹാനഷ്‌ടത്തിന്റെ വിങ്ങലില്‍ സമൂഹം കണ്ണുനിറക്കുമ്പോള്‍ ത്യാഗിയായ ശുദ്ധാത്മാവിന്റെ പ്രൗഢമായ ജീവിതം പകര്‍ത്തിപ്പഠിക്കേണ്ട സന്ദേശമായി പരന്നുകിടക്കുകയാണ്‌. 
വി. സുരേഷ്‌ബാബു

`കാളമ്പാടി ഖിലാഫത്ത്‌'

തബ്‌ലീഗ്‌ പ്രവര്‍ത്തനത്തിനെന്ന്‌ പറഞ്ഞ്‌ പള്ളിയിലെത്തിയവരോട്‌ ഖാസിയായ കാളമ്പാടി ഉസ്‌താദ്‌ ചോദിച്ചു: ``നിങ്ങളില്‍ കിതാബ്‌ ഓതിയവരുണ്ടോ?''

ഉണ്ടെന്ന്‌ പറഞ്ഞ്‌ ഒരാള്‍ മുന്നിലേക്ക്‌ വന്നു. ഉസ്‌താദ്‌ ഒന്ന്‌ രണ്ട്‌ ചോദ്യങ്ങള്‍ ചോദിച്ചപ്പോഴേക്ക്‌ അദ്ദേഹം വല്ലാതെ പരുങ്ങുന്നത്‌ കണ്ടു. അവരോട്‌ പറഞ്ഞു: ``ഈ മഹല്ലിലെ ദീനീകാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ഈ നാട്ടുകാര്‍ എന്നെ ശമ്പളം തന്ന്‌ നിശ്ചയിച്ചതാണ്‌. ഇവിടുത്തെ കാര്യം ഞാന്‍ നോക്കിക്കോളും. നിങ്ങള്‍ അടുത്ത വണ്ടിക്ക്‌ കയറുന്നതാണ്‌ നല്ലത്‌.''


തികഞ്ഞ ആദര്‍ശബോധം ജീവിതത്തില്‍ നിലനിര്‍ത്തുകയും ആദര്‍ശ വിരോധികളോട്‌ യാതൊരു വിട്ടുവീഴ്‌ചയുമില്ലാത്ത നിലപാടുമായിരുന്നു കാളമ്പാടി ഉസ്‌താദിന്റെ രീതി.


പ്രമുഖ ചരിത്ര പണ്ഡിതനായിരുന്ന നെല്ലിക്കുത്ത്‌ മുഹമ്മദലി മുസ്‌ലിയാര്‍ മരണപ്പെട്ടപ്പോള്‍ ജനാസ സന്ദര്‍ശിക്കാന്‍ ഉസ്‌താദ്‌ പുറപ്പെട്ടു. മരണ വീടെത്തും മുമ്പ്‌ ഒരു പള്ളിക്കരികില്‍ വാഹനം നിര്‍ത്താന്‍ പറഞ്ഞു. ഉസ്‌താദ്‌ അവിടെ ഇറങ്ങിയപ്പോള്‍ നാലഞ്ച്‌ പേര്‍ പള്ളി പരിസരത്തുണ്ട്‌. അതിലൊരു മധ്യവയസ്‌ക്കന്‍ ഭവ്യതയോടെ അടുത്തേക്ക്‌ വന്നെങ്കിലും കണ്ടഭാവം നടിക്കാതെ ഉസ്‌താദ്‌ നേരെ നടന്നു. മൂത്രമൊഴിച്ചു, അംഗശുദ്ധിവരുത്തി തിരിച്ച്‌ വന്നപ്പോള്‍ അദ്ദേഹം വീണ്ടും അടുത്തേക്ക്‌ വന്നു. ഉസ്‌താദിന്റെ രൂക്ഷമായ നോട്ടത്തിന്‌ മുന്നില്‍ അദ്ദേഹവും കണ്ടുനിന്നവരും ശരിക്കും സ്‌തംഭിച്ചുപോയി. വാഹനത്തില്‍ തിരിച്ച്‌ കയറി യാത്ര തുടര്‍ന്നപ്പോള്‍ കൂടെയുള്ള ഈ കുറിപ്പുകാരനുള്‍പ്പടെയുള്ളവരോട്‌ ഉസ്‌താദ്‌ വിശദീകരിച്ചു. നെല്ലിക്കുത്ത്‌ ദര്‍സ്‌ നടത്തുന്ന കാലത്ത്‌ ഒരു വ്യാജ ത്വരീഖത്തിനെതിരെ ശക്തമായ നിലപാടെടുത്തതിന്റെ പേരില്‍ ഉസ്‌താദിനെതിരെ കേസുകൊടുക്കാനും പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാനും മുന്നില്‍ നിന്ന വ്യക്തിയാണത്രേ അദ്ദേഹം. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴും ആദര്‍ശവിരോധികളോട്‌ വിട്ടുവീഴ്‌ച ചെയ്യാനോ അവര്‍ക്ക്‌ വേണ്ടി തന്റെ വിലപ്പെട്ട സമയം നീക്കിവെക്കാനോ ആ വലിയ മനുഷ്യന്‍ ഇഷ്‌ടപ്പെട്ടില്ല എന്നര്‍ത്ഥം.


നെല്ലിക്കുത്ത്‌ ഖാസിയും മുദരിസുമായ സംഭവബഹുലമായ ഒന്‍പത്‌ വര്‍ഷക്കാലത്തെ വ്യാജ ത്വരീഖത്തുകാരായ എതിരാളികള്‍ `കാളമ്പാടി ഖിലാഫത്ത്‌' എന്നാണ്‌ അവരുടെ എഴുത്തുകുത്തുകളില്‍ വിശേഷിപ്പിച്ചിരുന്നത്‌. ഖാസിപദവിയില്‍ നിന്നുകൊണ്ട്‌ തന്റെ അധികാരവും ആജ്ഞാശക്തിയും അത്രമേല്‍ പ്രയോഗിച്ചുകൊണ്ടാണ്‌ വലിയൊരു ആദര്‍ശപ്പോരാട്ടത്തിന്‌ ആ മഹാ പണ്ഡിതന്‍ നേതൃത്വം നല്‍കിയത്‌.


അരീക്കോട്‌ വിളയില്‍ ഭാഗത്ത്‌ നിന്നും നെല്ലിക്കുത്തുള്ള ഒരു കുടുംബത്തിലേക്ക്‌ വിവാഹം നിശ്ചയിച്ചു. വിവാഹിതരാവുന്ന കുടുംബം വ്യാജത്വരീഖത്തുകാരാണെന്ന്‌ വിവരം ലഭിച്ചപ്പോള്‍ ഖാസിയായ കാളമ്പാടി ഉസ്‌താദ്‌ നികാഹിന്റെ കാര്‍മികത്വം ഏറ്റെടുക്കാന്‍ വിസമ്മതിച്ചു. അതിന്റെ പേരില്‍ മഹല്ലില്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാന്‍ രംഗത്തുവന്നവരോടായി ഉസ്‌താദ്‌ പ്രഖ്യാപിച്ചു: ``ബഹുമാനപ്പെട്ട സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ, പിഴച്ചതാണെന്ന്‌ പ്രഖ്യാപിച്ച ത്വരീഖത്തുകാരാണവര്‍. സമസ്‌ത പിഴച്ചതെന്ന്‌ പ്രഖ്യാപിച്ച ഒരു കൂട്ടര്‍ക്ക്‌ നിക്കാഹ്‌ ചെയ്‌തുകൊടുക്കാന്‍ എനിക്കാവില്ല.''


പിഴച്ചവാദങ്ങളെ ജനങ്ങള്‍ക്ക്‌ മുന്നില്‍ ബോധ്യപ്പെടുത്താനും വ്യാജത്വരീഖത്തുകാരില്‍ നിന്ന്‌ സമുദായ അംഗങ്ങളെ അകറ്റി നിര്‍ത്താനും കാളമ്പാടി ഉസ്‌താദ്‌ അരയും തലയും മുറുക്കി രംഗത്തിറങ്ങി. ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, എം എം ബശീര്‍ മുസ്‌ലിയാര്‍ തുടങ്ങിയ അക്കാലത്തെ പ്രഗത്ഭരായ പണ്ഡിതന്‍മാരെ നെല്ലിക്കുത്ത്‌ ക്ഷണിച്ച്‌ വരുത്തി വിശദീകരണ സമ്മേളനം നടത്തി. കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതന്‍മാര്‍ ആധികാരികമായി കാര്യങ്ങള്‍ വിശദീകരിച്ചതിന്‌ അനുബന്ധമായി അത്തരം പിഴച്ച വാദക്കാേരാട്‌ മഹല്ലിന്റെ പൂര്‍ണ്ണമായ നിസ്സഹകരണവും പ്രഖ്യാപിക്കപ്പെട്ടു.


ബിദഈ പ്രസ്ഥാനക്കാര്‍ക്കോ വ്യാജന്‍മാര്‍ക്കോ വേരൂന്നാന്‍ അവസരം കൊടുക്കാത്തവിധം സുന്നത്ത്‌ ജമാഅത്തിന്റെ ആദര്‍ശ ബോധത്താല്‍ മഹല്ല്‌ സംവിധാനത്തെ ഭദ്രമാക്കി നിലനിര്‍ത്തി.


കാളമ്പാടി ഉസ്‌താദിനെയും മഹല്ല്‌ കമ്മിറ്റിയിലെ പ്രമുഖരേയും ഉള്‍പ്പെടുത്തി കേസ്‌ കൊടുത്ത എതിരാളികള്‍ക്ക്‌ പിന്നീട്‌ അത്‌ പിന്‍വലിക്കേണ്ടിവന്നു. അതിന്റെ പേരില്‍ നിരന്തരം സംഘര്‍ഷങ്ങള്‍ നടന്നപ്പോഴും തീരുമാനത്തില്‍ വിട്ട്‌ വീഴ്‌ചയില്ലാതെ മുന്നോട്ട്‌ പോയി. ഇതിന്‌ മുന്‍പന്തിയില്‍ നിന്ന വ്യാജത്വരീഖതുകാരന്‍ ജനിച്ച്‌ വളര്‍ന്ന നാട്ടില്‍ നില്‍ക്കാന്‍ കഴിയാതെ മാസങ്ങളോളം ഒളിവില്‍ പോവേണ്ടിവന്നു. വിട്ടുവീഴ്‌ചയില്ലാത്ത ആദര്‍ശ വീര്യത്തിന്റെ ശക്തമായ വിളംബരമായ നിസ്സഹകരണ പ്രഖ്യാപനത്തിന്റെ സ്വാധീനം കാല്‍ നൂറ്റാണ്ടിന്‌ ശേഷം ഇന്നും അനുഭവ വേദ്യമായ കാഴ്‌ചയാണ്‌. വ്യാജത്വരീഖതുകാരോട്‌ നിസ്സഹകരിക്കാനുള്ള കാളമ്പാടി ഉസ്‌താദിന്റെ നേതൃത്വത്തിലുള്ള ആഹ്വാനം സ്വീകരിക്കുന്ന നൂറുകണക്കിനാളുകള്‍ ഇപ്പോഴും ഈ പ്രദേശത്തുണ്ട്‌. വിവാഹങ്ങളിലും മുസ്‌ലിംകള്‍ ഒരുമിച്ചുകൂടുന്ന മറ്റു വേദികളിലും ഇത്തരക്കാര്‍ക്ക്‌ പ്രവേശനമില്ലാത്ത രീതി നാട്ടുനടപ്പായി നിസ്സഹകരണ പ്രഖ്യാപനത്തിന്റെ ശേഷിപ്പായി ഇന്നും കാണാം.


തനിക്ക്‌ സത്യമാണെന്ന്‌ ബോധ്യപ്പെട്ടതില്‍ ഉറച്ച്‌ നില്‍ക്കുവാനും അതിന്റെ സംസ്ഥാപനത്തിന്‌ ഏതറ്റംവരെ പോവാനും ശ്രമിച്ച ഉസ്‌താദ്‌ അതിന്റെ എതിരാളികളെ സത്യസന്ധമായി കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ അധ്വാനിക്കുകതന്നെ ചെയ്‌തു. എന്നിട്ടും അത്‌ സ്വീകരിക്കാന്‍ സന്നദ്ധതമല്ലെങ്കില്‍ സമുദായത്തിന്റെ പൊതുവായ ഒരു കൂട്ടായ്‌മയിലും അവര്‍ വേണ്ടന്ന്‌ തീരുമാനിക്കാനും അത്‌ ധീരമായി നടപ്പിലാക്കാനും കാളമ്പാടി ഉസ്‌താദ്‌ ആര്‍ജ്ജവം കാണിച്ചു. വ്യാജന്‍മാര്‍ സമുദായത്തിന്റെ മുഖ്യധാരയില്‍ ഇടംകിട്ടാന്‍ വേണ്ടി നിരന്തരം ശ്രമിച്ചപ്പോഴും ദീനിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ടവര്‍ക്ക്‌ വേണ്ടി മുഖം കൊടുക്കാന്‍ പോലും തയ്യാറായില്ല എന്നത്‌ ആ മഹാനുഭാവന്റെ ആദര്‍ശ വിശുദ്ധിയുടെയും സൂക്ഷ്‌മതയുടേയും അടയാളമാണ്‌. 
സത്താര്‍ പന്തലൂര്‍

അതിശയിപ്പിച്ച ധന്യജീവിതം

ഹസനുല്‍ ബസരിയുടെ ജ്ഞാനസദസ്സ്‌. പതിനായിരം ദിര്‍ഹമും വിലപിടിപ്പുള്ള വസ്‌ത്രങ്ങളുമായി ഒരു ശിഷ്യന്‍ ഗുരുവിന്റെ മുമ്പിലെത്തി. ഗുരുവര്യന്‌ വിലപിടിപ്പുള്ള ഉപഹാരങ്ങള്‍ നല്‍കി അനുഗ്രഹം വാങ്ങാനെത്തിയതാണ്‌ ശിഷ്യന്‍. ഹസന്‍ ബസരി (റ) അത്‌ തിരസ്‌കരിച്ചുകൊണ്ട്‌ പറഞ്ഞത്‌, ഇത്‌ നിനക്ക്‌ കൊണ്ട്‌ പോവാം. ഇത്തരം ജ്ഞാന സദസ്സുകളിരിക്കുന്നവര്‍ക്ക്‌ ഈ അമൂല്യ ഉപഹാരങ്ങള്‍ സ്വീകരിച്ചാല്‍ നാളെ അല്ലാഹുവിന്റെ മുമ്പില്‍ ഒന്നും ലഭ്യമാവാതെപോവുമെന്ന്‌ ഞാന്‍ ഭയപ്പെടുന്നു എന്നായിരുന്നു. സമസ്‌തയുടെ അഭിവന്ദ്യ അദ്ധ്യക്ഷനും പതിനായിരക്കണക്കിന്‌ പണ്ഡിതരുടെ ഗുരുവര്യനുമായിരുന്ന കാളമ്പാടി ഉസ്‌താദിന്റെ ജീവിതം ഓര്‍ക്കുമ്പോള്‍ ഹസനുല്‍ബസരിയുടെ(റ) ഈ ജ്ഞാനസദസ്സിന്റെ മുമ്പില്‍ നടന്ന സംഭവം, പട്ടിക്കാട്‌ ജാമിഅ നൂരിയ്യയുടെ കാളമ്പാടി ഉസ്‌താദിന്റെ റൂമില്‍ പലപ്പോഴും നടന്നതാണ്‌. ഭൗതിക പ്രമത്തത തെല്ലുമില്ലാതെ, തനിക്ക്‌ സമര്‍പ്പിതമായ ഉപഹാരങ്ങള്‍ മുഴുവന്‍ തട്ടിമാറ്റി നടന്ന സമീപകാല ജീവിതത്തിലെ ഉദാഹരണമാണ്‌ മഹാനവര്‍കള്‍. തനിക്ക്‌ ചെയ്യാനാവുന്ന കാര്യങ്ങളില്‍, സഹായത്തിനായി വരുന്ന വിദ്യാര്‍ത്ഥികളോടുപോലും ഉസ്‌താദിന്റെ സമീപനം ഇങ്ങനെയായിരുന്നു. ഉസ്‌താദിന്‌ ഖിദ്‌മത്ത്‌ ചെയ്യാന്‍ ആഗ്രഹിച്ചു ചെല്ലുന്ന വിദ്യാര്‍ത്ഥികളോട്‌ സ്‌നേഹപൂര്‍വ്വം അത്‌ നിരസിക്കുന്നത്‌ ഉസ്‌താദിന്റെ പതിവായിരുന്നു.

വ്യത്യസ്‌തമായ ഈ ജീവിതശീലം കാളമ്പാടി ഉസ്‌താദിന്റെ സവിശേഷതയായിരുന്നു. സമസ്‌തയെന്ന ഏറ്റവും വലിയ പണ്ഡിത സഭയുടെ അധ്യക്ഷനായിരിക്കുമ്പോഴും പദവിയുടെ വലിപ്പം തെല്ലുമേശാതെ മഹാനവര്‍കള്‍ നമുക്ക്‌ മുന്നിലൂടെ ഒരു ഏകാന്തപഥികനായി ജീവിച്ചു. കാറ്‌ വാങ്ങാനുള്ള തീരുമാനം മാറ്റിപ്പണിയാന്‍ സയ്യിദ്‌ ഉമറലിശിഹാബ്‌ തങ്ങളുടെ മുമ്പിലെത്തി. തങ്ങളേ... കാറ്‌ വാങ്ങിയാല്‍ എന്റെ വീട്ടില്‍ ഇടാന്‍ സൗകര്യമില്ല. അത്‌കൊണ്ട്‌ ആ തീരുമാനം മാറ്റണം എന്നാവശ്യപ്പെട്ട ഉസ്‌താദിന്റെ വ്യക്തിത്വം ഒരു കാറിനുള്ളില്‍ ഒതുങ്ങാത്ത ആശയപ്രപഞ്ചമാണ്‌. ചിലയാളുകള്‍ ഉസ്‌താദുമാരുടെ വലിപ്പം കാറിന്റെ വലിപ്പത്തിന്‌ സമാനമായി ചേര്‍ത്ത്‌ പറയാറുണ്ട്‌. എന്നാല്‍ രോഗാതുരകാലത്ത്‌ സഞ്ചാര സുഖത്തിന്‌ വേണ്ടി ഒരു കാറ്‌ ആയാലെന്താണെന്ന്‌ ശിഷ്യരുടെ അഭ്യര്‍ത്ഥനയും തിരസ്‌കരിച്ചു ഒരു അല്‍ഭുതമായി ജീവിച്ചയാളാണ്‌ കാളമ്പാടി ഉസ്‌താദ്‌.


ജാബിര്‍(റ)വിനെ തൊട്ട്‌ ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം; അഞ്ച്‌ കാര്യങ്ങളില്‍ നിന്ന്‌ അഞ്ച്‌കാര്യങ്ങളിലേക്ക്‌ ക്ഷണിക്കാന്‍ യോഗ്യരായ പണ്ഡിതന്മാരുടെ മുമ്പിലല്ലാതെ മറ്റൊരു പണ്ഡിതരുടെ മുമ്പിലും നിങ്ങളിരിക്കരുത്‌. സംശയത്തില്‍ നിന്ന്‌ ആത്മജ്ഞാനത്തിന്റെ ഉറപ്പിലേക്കും ലോകമാന്യത്തില്‍ നിന്ന്‌ ആത്മാര്‍ത്ഥതയിലേക്കും പ്രപഞ്ച പ്രമത്തതയില്‍ നിന്ന്‌ ഭൗതിക വിരക്തിയിലേക്കും അഹന്തയില്‍നിന്ന്‌ വിനയത്തിലേക്കും ശത്രുതയില്‍ നിന്ന്‌ അഭ്യൂദയകാംക്ഷിത്വത്തിലേക്കും നയിക്കുന്ന പണ്ഡിതരാണവര്‍. ഈ തിരുവചനം പഠിക്കുന്ന വിശിഷ്‌ട ഗുണങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ സമ്മേളിച്ച ഒരു വ്യക്തിത്വമാണ്‌ കാളമ്പാടി ഉസ്‌താദിന്റെ വിരഹം മുഖേന നമുക്ക്‌ നഷ്‌ടമാവുന്നത്‌. മൗനവും മനനവും തീര്‍ത്തവല്‍മീകത്തിനുള്ളിലിരുന്ന്‌ മുഴുവന്‍ ജീവിത സൗന്ദര്യങ്ങളെയും തട്ടിമാറ്റി, ഒരു ജനതയുടെ ആത്മീയ ഗുരുനാഥന്‍, അതിശയിപ്പിക്കുന്ന ആത്മദാര്‍ഢ്യത്തോടെ നടന്ന്‌ പോവുന്നത്‌ നാം കണ്ടു.


നേതാവും പണ്ഡിതനും, പാവപ്പെട്ടവനും, പണക്കാരനും എല്ലാം ആ മനുഷ്യന്റെ മുമ്പില്‍ അത്യാദരപൂര്‍വ്വം നില്‍ക്കുമ്പോഴും സര്‍വ്വരോടും സമഭാവനയോടെ പെരുമാറുകയായിരുന്നു ഉസ്‌താദ്‌. ജാഢകള്‍കൊണ്ട്‌ മാത്രം വലിപ്പം തീര്‍ക്കുന്നവരുടെ ലോകത്ത്‌ വേഷങ്ങളില്‍ പോലും ഭംഗിവരുത്താതെ ഒരു അവധൂതനായി മഹാനവര്‍കള്‍ ജീവിച്ചു. തുണിക്കടയില്‍ നിന്നും കിട്ടുന്ന ഒരുവല്ലിയും നീണ്ട ഒരു ജപച്ചരടും കയ്യിലേന്തി ആത്മീയതയെ കച്ചവടത്തിന്‌ വെച്ചലോകത്ത്‌, തനിക്ക്‌ അര്‍ഹമായ വലിപ്പം മാത്രംകാണിച്ചു, ഉള്ളു മുഴുവനും ഇലാഹീ ചിന്തയായി ജീവിക്കുകയായിരുന്നു അദ്ദേഹം.


തുഹ്‌ഫ വായിച്ചുകൊടുത്തുകൊണ്ടിരിക്കെ, ഉസ്‌താദിന്റെ വിസ്‌തരിച്ച വിശദീകരണത്തില്‍ അതിശയിച്ച്‌ മഹാനവര്‍കളുടെ മുഖത്ത്‌ നോക്കിയിരുന്ന ഒരു സന്ദര്‍ഭം ഞാനോര്‍ക്കുന്നു. അല്‌പനേരം അങ്ങനെയിരുന്നുപോയി. ആ ജ്ഞാനസാഗരത്തിന്‌ മുമ്പില്‍ അതിശയത്തോടെ നോക്കിയിരിക്കുമ്പോഴാണ്‌ ഉസ്‌താദിന്റെ വിളി. മുസ്‌ല്യാരെ, എന്റെ മോത്ത്‌ നോക്കിയിരിക്കാനെങ്കില്‍ അസ്‌ര്‍ നിസ്‌കാരം കഴിഞ്ഞു എന്റെ റൂമില്‍ വന്നാല്‍ മതി, ഇവിടെ ഒരു സെക്കന്റ്‌ നഷ്‌ടപ്പെട്ടാല്‍ 140 കുട്ടികളുടെ ഓരോ സെക്കന്റ്‌ നഷ്‌ടപ്പെടും. വായിച്ചോളീ മുസ്‌ല്യാരെ..., ഓര്‍മകളില്‍ നിന്ന്‌ ഞാന്‍ പിടഞ്ഞെണീറ്റ്‌ വായന തുടങ്ങി. എത്ര കൃത്യമായ സമയബോധമാണ്‌ അവിടെയൊക്കെ മഹാനവര്‍കള്‍ പ്രകടിപ്പിച്ചത്‌. ക്ലാസുകളിലെ ഓരോ വിശദീകരണവും അല്‍ഭുതകരമായി തോന്നിയിട്ടുണ്ട്‌. ഒരിക്കല്‍ തറാവീഹ്‌ നിസ്‌ക്കാരത്തെക്കുറിച്ച്‌ വിശദീകരിച്ചപ്പോഴാണ്‌ സംസ്‌കാരങ്ങളുടെ പ്രാഥമികാവസ്ഥകളില്‍ മുന്‍ഗണനാ ക്രമങ്ങള്‍ നിശ്ചയിക്കപ്പെടുമെന്ന്‌ ഉസ്‌താദ്‌ സമര്‍ത്ഥിച്ചത്‌. തറാവീഹും അത്‌ ജമാഅത്തായി നിര്‍വഹിക്കലുമൊക്കെ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ സൗകുമാര്യതയും സൗന്ദര്യവുമാണ്‌. അത്‌ നടപ്പിലാക്കാന്‍ സമയം പാകപ്പെടുന്നത്‌ ഉമര്‍(റ)വിന്റെ കാലത്താണ്‌. അഭ്യന്തര പ്രശ്‌നങ്ങളാല്‍ കലുഷിതമായിരുന്ന അബൂബക്കര്‍(റ)വിന്റെ കാലത്തും അത്തരം കാര്യങ്ങള്‍ ചിന്തിക്കാന്‍ സാധ്യമായിരുന്നില്ല. സംസ്‌കാരങ്ങളുടെ പ്രാഥമികാവസ്ഥയില്‍ മുന്‍ഗണനാ ക്രമങ്ങള്‍ നിശ്ചയിക്കപ്പെടുന്നതിന്‌ ഒരു ഏറനാടന്‍ ശൈലിയില്‍ ഉസ്‌താദ്‌ വിശദീകരിച്ചപ്പോള്‍, ഇസ്‌ലാം രാജമാര്‍ഗം എന്ന വ്യഖ്യാത ഗ്രന്ഥത്തില്‍ ഇസ്സത്ത്‌ ബെഗോവിച്ച്‌ പറഞ്ഞകാര്യങ്ങള്‍ ഞാന്‍ ഓര്‍ത്തെടുക്കുകയായിരുന്നു. സംസ്‌കാരങ്ങളും വികാസവും നാഗരികമായ വളര്‍ച്ചയും ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിലായിരിക്കുമെന്ന്‌ ബെഗോവിച്ച്‌ ദാര്‍ശനിക ഗരിമയോടെ വിശദീകരിക്കുമ്പോള്‍ തതുല്യമായ ആശയങ്ങളുടെ ഒരു മഹാപ്രപഞ്ചം തന്റെ സ്വതസിദ്ധശൈലിയില്‍ തീര്‍ത്തെടുക്കുകയാണ്‌ കാളമ്പാടി ഉസ്‌താദ്‌.


ദര്‍സ്‌ ഒരു സമര്‍പ്പിത ജീവിതമാക്കിയ പണ്ഡിതവര്യനായ മഹാനവര്‍കള്‍, തന്റെ ജീവിതയാത്രയുടെ അവസാനംവരെ ജ്ഞാനവഴിയില്‍ തന്നെ ജീവിച്ചു. രോഗാതുരശരീരം അവശതകള്‍ പ്രകടിപ്പിച്ചപ്പോഴും ക്ലാസ്സുകള്‍ മുടങ്ങാതിരിക്കാന്‍ അങ്ങേയറ്റം ശ്രദ്ധിക്കുകയായിരുന്നു ഉസ്‌താദ്‌. തന്റെ രണ്ട്‌ പെണ്‍മക്കള്‍ അപകടത്തില്‍ മരിച്ചതറിഞ്ഞ്‌ ഓടിയെത്തിയവര്‍ക്ക്‌ എല്ലാം അല്ലാഹുവിലര്‍പ്പിച്ച അചഞ്ചലമാനസനായി ഇരിക്കുന്ന ഉസ്‌താദിനെയാണ്‌ കാണാനായത്‌.


എസ്‌ കെ എസ്‌ എസ്‌ എഫ്‌ ഭാരവാഹിയെന്ന നിലയില്‍ പലപ്പോഴും ഉസ്‌താദിനെ കാണുമ്പോള്‍, ഉത്തരവാദിതത്തെക്കുറിച്ച്‌ ശക്തമായ മുന്നറിയിപ്പും ഉപദേശവും പതിവായിരുന്നു. സമസ്‌തയുടെ വലിപ്പവും മുന്‍ഗാമികളുടെ ജീവിതവും ഓര്‍മപ്പെടുത്താതെ, ഒരിക്കലും ആ കൂടിക്കാഴ്‌ചകള്‍ അവസാനിക്കാറില്ല. കണിശമായ തീരുമാനങ്ങള്‍ പറഞ്ഞുതരുന്ന മുഖത്ത്‌ നസ്വീഹത്തിന്റെ നിഷ്‌കളങ്കത എപ്പോഴും കാണാനാവും. കൂട്ടുത്തരവാദിത്വത്തിന്റെ അനിവാര്യതയും അബദ്ധങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതലും എപ്പോഴുമുണ്ടാവണമെന്ന്‌ ഉസ്‌താദ്‌ ഉപദേശിക്കാറുണ്ടായിരുന്നു. ചില സന്ദര്‍ഭങ്ങളില്‍ വളരെ കണിശമായിത്തന്നെ അത്തരംകാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയത്‌ ഞാനോര്‍ക്കുന്നു.


ആള്‍കൂട്ടങ്ങള്‍ ആരവങ്ങള്‍ തീര്‍ത്തപ്പോഴും ഇലാഹീചിന്തയില്‍ മുഖരിതനായി ഒരു ഏകാന്ത പഥികനായി, ജീവിതസൗകര്യങ്ങള്‍ വേണ്ടുവോളം ആസ്വദിക്കാന്‍ കഴിയുന്ന വിധം, മുസ്‌ലിംകൈരളിയുടെ നായകനായിയിരിക്കുമ്പോഴും പരിപ്രാജകനായി നമുക്ക്‌ മുന്നിലൂടെ ഒരു അത്ഭുതം പോലെ കാളമ്പാടി ഉസ്‌താദ്‌ നടന്ന്‌ പോവുന്നു. തണല്‍ മരങ്ങള്‍ നഷ്‌ടപ്പെടുമ്പോള്‍ ഊഷരമായ ഈ മരുക്കാടില്‍ തണല്‍ വിരിക്കാന്‍ അല്ലാഹു പകരം നായകന്മാരെ നല്‍കട്ടെയെന്ന്‌ നമുക്ക്‌ പ്രാര്‍ത്ഥിക്കാം.
ഓണംപിള്ളി മുഹമ്മദ്‌ ഫൈസി

ഇങ്ങനെയും ഒരു പണ്ഡിതന്‍ ജീവിച്ചിരുന്നു!

2004 സപ്‌തംബര്‍ 08 ബുധന്‍. ള്വുഹ്‌റിന്റെ വിളി ഉയരാനടുത്തിരിക്കുന്നു. ജാമിഅ: നൂരിയ്യയിലെ ഫൈനല്‍ വിദ്യാര്‍ത്ഥികള്‍ക്കു ഖാള്വി ക്ലാസെടുത്തുകൊണ്ടിരിക്കുന്ന ഉസ്‌താദ്‌ കോട്ടുമല മൊയ്‌തീന്‍കുട്ടി മുസ്‌ലിയാരുടെ അടുത്തേക്ക്‌, ജാമിഅ:യിലെ ജീവനക്കാരന്‍ ഒരു കടലാസുതുണ്ടുമായി കയറിവന്നു. അദ്ദേഹമതുവാങ്ങി ഉറക്കെ വായിച്ചു; നമ്മുടെ കാളമ്പാടി ഉസ്‌താദിനെ സമസ്‌തയുടെ പ്രസിഡണ്ടായി ഇന്നു ചേര്‍ന്ന മുശാവറ തെരഞ്ഞെടുത്തിരിക്കുന്നു... ആ വാക്കുകളെ ബാഫഖീ സൗധത്തിലെ ഫൈനല്‍ ഹാള്‍ എതിരേറ്റത്‌ ഉജ്ജ്വലമായൊരു തക്‌ബീര്‍ കൊണ്ടായിരുന്നു. തക്‌ബീര്‍ ധ്വനികള്‍ക്കു പഞ്ഞമില്ലാതിരുന്ന അന്നത്തെ ജാമിഅ:യുടെ അന്തരീക്ഷത്തില്‍, ആ തക്‌ബീറിനു വല്ലാത്തൊരു മധുരമുണ്ടായിരുന്നു. അമ്പതാണ്ടു പിന്നിട്ട മതകലാശാലയില്‍ നാല്‍പതാണ്ടു തികച്ച കോട്ടുമല ഉസ്‌താദിന്റെ ക്ലാസില്‍ മുഴങ്ങിയ ആദ്യത്തെയും അവസാനത്തെയും തക്‌ബീറായിരിക്കാം അത്‌.

അന്നാണ്‌, പണ്ഡിത വൃത്തത്തിനപ്പുറം അധികമാരും അറിയാതിരുന്ന ശൈഖുനാ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാരെ കേരളീയ പൊതുസമൂഹം ശരിക്കും മനസ്സിലാക്കി തുടങ്ങിയത്‌. കേരളത്തിലെ ഏറ്റവും വലിയ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ അമരത്തിരിക്കാന്‍ കറുത്തുമെലിഞ്ഞ ഈ മുസ്‌ലിയാര്‍ക്ക്‌ എന്താണിത്ര വലിയ യോഗ്യതയെന്ന്‌ അന്നു പലരും സംശയിച്ചിരുന്നു; പ്രാസ്ഥാനിക ബന്ധമുള്ളവരടക്കം. പക്ഷേ, സമസ്‌തയെയും കാളമ്പാടി ഉസ്‌താദിനെയും അടുത്തറിയുന്നവര്‍ക്ക്‌ ബോധ്യമുണ്ടായിരുന്നു; അദ്ദേഹത്തിന്റെ അമര നായകത്വമാണ്‌ കാലം ആവശ്യപ്പെടുന്നതെന്ന്‌. പ്രസിഡന്റിന്റെ ഒഴിവു നികത്തണമെന്ന ആവശ്യം സമസ്‌ത മുശാവറയില്‍ ചര്‍ച്ചക്കുവന്നപ്പോള്‍ അദ്ധ്യക്ഷപീഠത്തിലുണ്ടായിരുന്ന പാണക്കാട്‌ സയ്യിദ്‌ ഉമറലി ശിഹാബ്‌ തങ്ങള്‍, സംഘടനയില്‍ വളരെ തഴക്കവും പഴക്കവും പ്രായവുമുള്ള ഒരാളായിരിക്കലാണ്‌ ഉത്തമമെന്നും 35 വര്‍ഷത്തോളമായി സംഘടനയില്‍ പ്രവര്‍ത്തിച്ചുവരുന്ന ബഹു. കാളമ്പാടി എ. മുഹമ്മദ്‌ മുസ്‌ലിയാരെയാണ്‌ ഞാനതിനു അഭിപ്രായപ്പെടുന്നതെന്നും പറഞ്ഞപ്പോള്‍ മുശാവറ ഐക്യകണ്‌ഠേന തക്‌ബീര്‍ മുഴക്കി അംഗീകരിക്കുകയായിരുന്നു.


കാളമ്പാടി ഉസ്‌താദിന്റെ ആ അരങ്ങേറ്റത്തിലും അമരത്വത്തിലും ഒരു �കണ്ണിയത്ത്‌ ടെച്ച്‌�നിറഞ്ഞു നിന്നിരുന്നു. സമസ്‌തയുടെ പ്രസിഡണ്ടായിരുന്ന മര്‍ഹൂം സ്വദഖത്തുല്ല മുസ്‌ലിയാര്‍ ഒരു പ്രത്യേക പശ്ചാത്തലത്തില്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ 25.05.1967 നു വൈസ്‌ പ്രസിഡണ്ട്‌ പി. ഇബ്‌റാഹീം മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ, റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത്‌ അഹമ്മദ്‌ മുസ്‌ലിയാരെ ഐക്യകണ്‌ഠേന പ്രസിഡണ്ടായി തിരഞ്ഞെടുക്കുകയായിരുന്നു. മുശാവറ അംഗം എന്നതില്‍ നിന്നു അദ്ധ്യക്ഷപദവിയിലേക്ക്‌ നേരിട്ടു തെരഞ്ഞെടുക്കപ്പെട്ട ശൈഖുനാ കണ്ണിയത്ത്‌, അന്നത്തെ മുശാവറയിലെ വളരെ തഴക്കവും പഴക്കവുമുള്ള പണ്ഡിതനായിരുന്നു. ചരിത്രത്തിന്റെ ആ ആവര്‍ത്തനമാണ്‌ കാളമ്പാടി ഉസ്‌താദിന്റെ കാര്യത്തിലും സംഭവിച്ചത്‌. പ്രസിഡണ്ട്‌ പദവിയിലുണ്ടായിരുന്ന ബഹു. സയ്യിദ്‌ അബ്‌ദുറഹ്മാന്‍ അല്‍ അസ്‌ഹരി ഒരു പ്രത്യേക പശ്ചാത്തലത്തില്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍, പ്രസ്‌തുത മുശാവറയിലെ ഏറ്റവും തഴക്കവും പഴക്കവുമുള്ള കാളമ്പാടി ഉസ്‌താദിനെ വൈസ്‌. പ്രസിഡണ്ട്‌ ഉമറലി ശിഹാബ്‌ തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം, മുശാവറ അംഗമെന്നതില്‍ നിന്നു അദ്ധ്യക്ഷ പദവിയിലേക്ക്‌ നേരിട്ടു തെരഞ്ഞെടുക്കുകയായിരുന്നു.


അദ്ധ്യക്ഷ പദവിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മാത്രമല്ല, ശൈഖുനാ കാളമ്പാടിയുടെ ചലന നിശ്ചലനങ്ങളിലത്രയും ഈ കണ്ണിയത്ത്‌ ടെച്ച്‌ കാണാനാവും. കണ്ണിയത്ത്‌ ഉസ്‌താദിന്റെ സൂക്ഷ്‌മതയും ലാളിത്യവും വിനയവും ധീരതയുമെല്ലാം പുതിയ തലമുറക്ക്‌ കേട്ടുകേള്‍വിയും വായിച്ചറിവുമാണ്‌. അവരത്‌ അനുഭവിച്ചറിഞ്ഞിട്ടില്ല. അത്തരക്കാര്‍ക്ക്‌ കണ്ണുനിറയെ കാണാന്‍ കാലം കനിഞ്ഞേകിയ കണ്ണിയത്തിന്റെ നിഴല്‍ രൂപമായിരിക്കാം ശൈഖുനാ കാളമ്പാടി. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇങ്ങനെയും ഒരു പണ്ഡിതന്‍ ജീവിച്ചിരുന്നു എന്നു കേള്‍ക്കുമ്പോള്‍ അടുത്ത തലമുറക്ക്‌ അതുള്‍കൊള്ളാന്‍ സാധിക്കണമെന്നില്ല. അത്രമാത്രം വിചിത്രമേറിയതായിരുന്നു ആ ജീവിതം.


മതം ജീവിതത്തിന്റെ കര്‍മമണ്ഡലത്തില്‍ നിന്നു പ്രദര്‍ശന പ്രകടനങ്ങളുടെ ലൊക്കേഷനുകളിലേക്കു പറിച്ചുനടപ്പെട്ട കാലത്തും സമയത്തും അതിനിടം കൊടുക്കാതെ ജീവിച്ചു എന്നതാണ്‌ ശൈഖുനാ കാളാമ്പാടിയെ മുസ്‌ലിം സാമൂഹ്യ മണ്ഡലത്തില്‍ പ്രസക്തനാക്കിയത്‌. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വേര്‍പ്പാട്‌ ഏറ്റവും വലിയ നഷ്‌ടവും ശൂന്യതയും സൃഷ്‌ടിക്കുന്നത്‌ സഞ്ചരിക്കുന്ന ഇസ്‌ലാമിന്റെ താവഴിയിലാണ്‌. ഇസ്‌ലാമിന്റെ ജീവിത ലാളിത്യവും ഭൗതിക വിരക്തിയും എളിമയും വിനയവുമെല്ലാം സ്റ്റേജും പേജും നിറച്ചു വര്‍ണശബളമായി തന്നെ ആഘോഷിക്കാന്‍ ഇന്ന്‌ സംവിധാനങ്ങളുണ്ട്‌. അതങ്ങനെ നടക്കുന്നുമുണ്ട്‌. ദിവസങ്ങളെടുത്തു വായിച്ചു തീര്‍ത്ത ആശയങ്ങളുടെയും കണ്ടുതീര്‍ത്ത സീനുകളുടെയുടെയും ജീവിക്കുന്ന മാതൃക അന്വേഷിച്ചിറങ്ങുമ്പോഴാണ്‌ മതമേഖല അകപ്പെട്ടിരിക്കുന്ന ശൂന്യതയുടെ ആഴമറിയുക. അതിനൊരു തിരുത്തായി അവശേഷിച്ചിരുന്ന അപൂര്‍വ സുന്ദര മാതൃകാ ജീവിതങ്ങളിലൊന്നായിരുന്നു കാളമ്പാടി ഉസ്‌താദ്‌.


പ്രകടനപരതയുടെ ആള്‍രൂപങ്ങള്‍ നന്നേകുറയുകയും സഞ്ചരിക്കുന്ന ഇസ്‌ലാം ചുറ്റുമുണ്ടാവുകയും ചെയ്‌ത ഒരു കാലഘട്ടമുണ്ടായിരുന്നു. അന്നു മതം അക്ഷരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും വാചകമേളകള്‍ക്കുമപ്പുറം, ജീവിതംകൊണ്ട്‌ ഓരോരുത്തരും പ്രബോധനം ചെയ്യുന്ന ആശയമായിരുന്നു. അതസ്‌തമിക്കുകയും എക്‌സ്‌ബിഷനിസത്തിന്റെ നീരാളിക്കൈകള്‍ മതപണ്ഡിതന്മാരെ പോലും വരിഞ്ഞുമുറുക്കി കുഴിയില്‍ ചാടിക്കുകയും ചെയ്യുന്ന കാലത്തും സമയത്തുമാണ്‌ നാം. കമ്പോളം നാടുവാഴുന്ന ഇക്കാലത്ത്‌ എല്ലാം�`ഫോര്‍ സെയില്‍'� ബോര്‍ഡിനു താഴെ നിരത്തിവെക്കുമ്പോള്‍ മതത്തെയും ആത്മീയതയെയും മാത്രം അതില്‍ നിന്നുമാറ്റിനിര്‍ത്താന്‍ ഒരുവിധപ്പെട്ടവര്‍ക്കൊന്നും സാധിക്കില്ല. മാറിനിന്നാല്‍ പിന്തിരിപ്പനും കാലം തിരിയാത്തവനുമായി അവഗണിക്കപ്പെടുമോ എന്ന ശങ്കയാണ്‌ പലര്‍ക്കും. അതൊന്നും വകവെക്കാതെ ഉള്ളും പുറവും ഒരുപോലെ കൊണ്ടുനടന്ന ജ്ഞാനിയും യോഗിയുമായിരുന്നു കാളമ്പാടി ഉസ്‌താദ്‌. ആ നടത്തവും ഇരുത്തവും പെരുമാറ്റവുമെല്ലാം മതത്തിന്റെ വേഷമിട്ട എക്‌സ്‌ബിഷനിസത്തോടുള്ള അമര്‍ഷവും ധിക്കാരവുമായിരുന്നു. നീലം മുക്കി മുക്കി നിറം മങ്ങിയ വെള്ള വസ്‌ത്രവും ബട്ടനിടാത്ത നീളങ്കുപ്പായവും കണങ്കാലിനൊപ്പം ഉയര്‍ന്നുനില്‍ക്കുന്ന ഇസ്‌തിരി തട്ടാത്ത തുണിയും കണ്ണാടിക്കുമുന്നില്‍ നിര്‍മിക്കപ്പെട്ടതല്ലെന്നു ഒറ്റനോട്ടത്തിലേ വിളിച്ചു പറയുന്ന വാലുള്ള തലപ്പാവും, പ്രകടന പരതയുടെ എല്ലാപേക്കോലങ്ങളോടുമുള്ള വെല്ലുവിളിയായിരുന്നു. തനിച്ചാണെങ്കിലും തിങ്ങിവിങ്ങി ശബ്‌ദമുഖരിതമായ സദസ്സിലാണെങ്കിലും സുജൂദിന്റെ സ്ഥാനത്തേക്കു മാത്രം നോക്കിയുള്ള തലതാഴ്‌ത്തി കൈവീശിയുള്ള ഒരു പ്രത്യേക നടത്തമാണ്‌ അദ്ദേഹത്തിന്റേത്‌. തിന്മകള്‍ തിമര്‍ത്തുപെയ്യുന്ന ഏതന്തരീക്ഷത്തിലും അതിനോടു രാജിയാവാതെ തനിക്കു മുന്നോട്ടു നീങ്ങാനാവുമെന്ന്‌ ഏതുകാഴ്‌ഛക്കാരനെയും ബോധ്യപ്പെടുത്തും ആ നടത്തം.


ഈന്തപനയോലയില്‍ കിടന്നുറങ്ങിയ പ്രവാചകന്റെ തിരുമേനില്‍ പ്രത്യക്ഷപ്പെട്ട ചുവന്നുതുടുത്തപാട്‌ കണ്ടു ഉമറുല്‍ ഫാറൂഖ്‌(റ) വിരിപ്പ്‌ ഓഫര്‍ചെയ്‌തതും ഞാനും ദുനിയാവും തമ്മിലെന്ത്‌, വെറുമൊരു വഴിപോക്കനല്ലേ ഞാന്‍... എന്നു പറഞ്ഞു നബി(സ) അതു തിരസ്‌കരിച്ചതും കണ്ണീരിന്റെ അകമ്പടിയോടെ അവതരിപ്പിക്കാന്‍ ആളുകളും വേദികളും എമ്പാടും ഇന്നു സമുദായത്തിലുണ്ട്‌. എന്നാല്‍ ആ മാതൃകയിലൊരു ജീവിതം കാഴ്‌ഛവെക്കാന്‍ അധികമാര്‍ക്കും സാധ്യമല്ല. അതിനു ധൈര്യം കാണിച്ച വലിയ മനുഷ്യനാണ്‌ ശൈഖുനാ കാളമ്പാടി. ലാളിത്യത്തിന്റെ പ്രവാചക മാതൃകചൂണ്ടിക്കാണിക്കാന്‍, അനുയോജ്യമായ ഒരു വലിയ ജീവിതം ഇതുവരെ കേരളീയ മുസ്‌ലിം ഉമ്മത്തിനു മുന്നിലുണ്ടായിരുന്നു. ഇസ്‌ലാമിക പ്രമാണങ്ങള്‍ പേര്‍ത്തും പേര്‍ത്തും പറയുന്ന സുഹ്‌ദിനും ഭൗതിക പരിത്യാഗത്തിനുമൊരു ജീവനുള്ള ഉദാഹരണം ആവശ്യപ്പെടുന്നവരോട്‌ മലപ്പുറം-പെരിന്തല്‍മണ്ണ റൂട്ടില്‍ കാവുങ്ങലില്‍ ബസ്സിറങ്ങി കാളമ്പാടിയിലേക്കു പോയാല്‍ മതിയെന്നു ഇതുവരെ നമുക്ക്‌ പറയാമായിരുന്നു. അങ്ങനെയൊരു വലിയ ഉദാഹരണം ഇനിചൂണ്ടിക്കാണിക്കാനുണ്ടാകില്ല എന്ന ആശങ്ക, കേരളത്തിലെ മതപ്രബോധന മേഖല നേരിടുന്ന ഒരു വെല്ലുവിളിതന്നെയാണ്‌.


സാധാരണക്കാരില്‍ സാധാരണക്കാരുടെ വീട്ടുമുറ്റം പോലും വഹാനങ്ങള്‍ വന്നു നില്‍ക്കാന്‍ സജ്ജമാക്കപ്പെട്ട ഇക്കാലത്തും സമസ്‌തയുടെ പ്രസിഡണ്ടിന്റെ വീട്ടിലേക്ക്‌ കാല്‍നടയായി മാത്രമേ എത്താനാകൂ എന്നത്‌ എത്ര ഉറക്കെ പറഞ്ഞാലും മതിയാകാത്ത വലിയൊരാശയമാണ്‌. ഭൗതികതയുടെ വഴികളെയും വകുപ്പുകളെയും അവഗണിക്കുന്നവരാണ്‌ ആത്മീയാചാര്യന്മാരെന്നു ജീവിതംകൊണ്ടു പഠിപ്പിക്കുകയായിരുന്നു ആ ഗുരുവര്യന്‍. ഒറ്റനോട്ടത്തില്‍തന്നെ കടലുണ്ടിപ്പുഴയോരത്തെ കമുങ്ങിന്‍ തോട്ടത്തിലെ ആ വീടിന്റെ മണ്ണുതേച്ച, സിമന്റിടാത്ത ചുമരുകാണാം. ഭൗതികതയുടെ ചുമരുകള്‍ക്കും ചുറ്റുപാടുകള്‍ക്കും മുന്തിയ പരിഗണ നല്‍കേണ്ടവരല്ല മതപണ്ഡിതന്മാരെന്നു ജീവിതംകൊണ്ടു അടയാളപ്പെടുത്തുകയായിരുന്നു ആ മഹാപണ്ഡിതന്‍. എക്‌സ്‌ബിഷനിസത്തിന്റെ അധിനിവേശക്കാലത്തെ പണ്ഡിതധര്‍മം, പ്രകമ്പനങ്ങള്‍ സൃഷ്‌ടിക്കുന്ന പ്രഭാഷണങ്ങളും കോരിത്തരിപ്പിക്കുന്ന കഥാകഥനങ്ങളും വാള്യങ്ങളിലായി അടുക്കിവെച്ച രചനകളുമല്ലെന്നു തിരിച്ചറിഞ്ഞ ആ ക്രാന്തദര്‍ശി, ജീവിച്ചുകാണിക്കുകയെന്ന കാലഘട്ടത്തിന്റെ ഏറ്റവും വലിയ വെല്ലുവിളിയാണ്‌ ഏറ്റെടുത്തത്‌.


മൗനം ആപത്തായി കണ്ടാല്‍ ജ്ഞാനി സംസാരിക്കും. വിശപ്പ്‌ മരണം വരുത്തുമെന്നുകണ്ടാല്‍ അയാള്‍ ഭക്ഷണത്തിനു കൈ നീട്ടും. അയാളുടെ ഭാഷണം ജ്ഞാനം പകരും. ഭക്ഷണം ആരോഗ്യവും.....സഅ്‌ദി ശീറാസി തന്റെ ഗുലിസ്ഥാനില്‍ പറഞ്ഞുവെക്കുന്ന മനോഹരമായ ഈ ആശയത്തിന്റെ ജീവിതോദാഹരണമായിരുന്നു കാളമ്പാടി ഉസ്‌താദ്‌. അനിവാര്യമെന്നു ബോധ്യമായയിടങ്ങളില്‍ മാത്രമേ അദ്ദേഹം മൗനം ഭേദിച്ചിരുന്നുള്ളൂ. താന്‍ ഇടപെടേണ്ടതില്ലെന്നു തോന്നുന്നയിടങ്ങളിലെല്ലാം ആ ജ്ഞാനി മൗനം പൂകി. സുദീര്‍ഘമായ മൗനം! അതിനിടയില്‍ സമസ്‌തയുടെ പ്രസിഡണ്ടിന്റെ നിലപാടു ചോദിച്ചു കടന്നുവന്ന എത്രയോ പത്രപ്രവര്‍ത്തകരും വാര്‍ത്താചാനലുകാരും പ്രതീക്ഷിച്ച ചാകര ലഭിക്കാതെ നിരാശയോടെ തിരിച്ചുപോയിട്ടുണ്ട്‌. മീഡിയകളില്‍ മുഖം കാണിക്കാന്‍ പണിയെടുക്കുകയും തിക്കിതിരക്കുകയും ചെയ്യുന്ന ഇമ്മിണിബല്യ നേതാക്കളുടെ സമുദായത്തിലാണ്‌ ഇങ്ങനെയും ഒരു നേതാവ്‌ ജീവിച്ചു പോയത്‌!


ഏറ്റവും വലിയ ആരാധനയും അമൂല്യമായ സമയങ്ങള്‍ വിനിയോഗിക്കാന്‍ ഏറ്റവും അനുയോജ്യമായ വിഷയവും ഇല്‍മുമായുള്ള സമ്പര്‍ക്കമാണെന്നു ഇമാം നവവി(റ) തന്റെ മിന്‍ഹാജിന്റെ ആമുഖത്തില്‍ രേഖപ്പെടുത്തുന്നുണ്ട്‌. വര്‍ഷാവര്‍ഷം പണ്ഡിതവിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ അതു വിശദീകരിച്ചുകൊടുത്ത ശൈഖുനാ കാളമ്പാടി, മരണം വരെ ആ രീതിയില്‍ തന്നെ ജീവിച്ചു. അരനൂറ്റാണ്ടിലോറെയായി തുടര്‍ന്നു കൊണ്ടിരിക്കുന്ന തദ്‌രീസ്‌, മരണത്തിലേക്കു യാത്രയാകുന്ന ദിവസം വരെ നിലനിര്‍ത്താന്‍ ബാഖിയാത്തിലെ ഈ റാങ്കുകാരനു സാധിച്ചു. പറയത്തക്ക കഴിവുകളൊന്നും എടുത്തുകാണിക്കാനില്ലാത്ത, അരീക്കോട്‌ വലിയ ജുമുഅത്തുപള്ളിയിലെ വെറുമൊരു മുദരിസായി സേവനനമുഷ്‌ഠിച്ചിരുവന്ന ഒരാളെ 38-ാം വയസ്സില്‍ തന്നെ സമസ്‌ത മുശാവറയിലേക്ക്‌ തെരഞ്ഞെടുക്കണമെങ്കില്‍ എന്തായിരിക്കും അതിന്റെ മാനദണ്ഡം? 1971 നു മുമ്പേ കാളമ്പാടിയിലെ അറിവിന്റെ ആഴം ക്രാന്തദര്‍ശികളായ അക്കാലത്തെ പണ്ഡിത ശ്രേഷ്‌ഠര്‍ തിരിച്ചറിഞ്ഞു എന്നല്ലേ അതിനര്‍ത്ഥം.


തനി ഏറനാടന്‍ ശൈലിയിലുള്ള ഉസ്‌താദിന്റെ ക്ലാസുകള്‍ക്ക്‌ വല്ലാത്ത പവറായിരുന്നു. ജാമിഅ:യിലെ ഓരോ വിദ്യാര്‍ത്ഥിയും ജീവിതാന്ത്യം വരെ ഓര്‍ത്തുവെക്കുന്ന പാഠങ്ങളും നിര്‍ദേശങ്ങളും അതിലുണ്ടാകും. ഏതു നിലവാരത്തിലുള്ളവര്‍ക്കും ആ ക്ലാസ്‌ ഉള്‍കൊള്ളാം. അദ്ദേഹം ഏതുവിഷയം കൈകാര്യം ചെയ്‌താലും വിദ്യാര്‍ത്ഥികള്‍ക്കത്‌ മധുരാനുഭവമായിരിക്കും. സംശയങ്ങളുയരാനിടയുള്ളയിടങ്ങളില്‍ പ്രത്യേക വിശദീകരണമുണ്ടാകും. വിവാദ വിഷയങ്ങള്‍ കടന്നു വരുന്നുണ്ടെങ്കില്‍ അതിനു പ്രത്യേക നോട്ട്‌ തയാറാക്കി വരുന്നത്‌ ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പലപ്പോഴും കണ്ടിട്ടുണ്ട്‌. അടുത്ത ദിവസം ക്ലാസെടുക്കാനുള്ള ഭാഗം പ്രത്യേകം നോക്കി വരണമെന്നത്‌ ഇടക്കിടെയുള്ള നിര്‍ദേശമായിരിക്കും. അങ്ങനെ നോക്കി വരുന്നവര്‍ക്ക്‌ ഉസ്‌താദ്‌ ക്ലാസെടുക്കുമ്പോള്‍ കൂടുതല്‍ ആശയങ്ങള്‍ ഉള്‍ക്കൊള്ളാനും സംശയങ്ങളുന്നയിക്കാനും നിവാരണം കണ്ടെത്താനും എളുപ്പമാകും. ആരെങ്കിലും സംശയങ്ങളുന്നയിച്ചാല്‍ പെട്ടന്നു മറുപടി പറയുന്നതിനു പകരം, വിഷയത്തെക്കുറിച്ച്‌ ചോദ്യകര്‍ത്താവിന്‌ എത്രമാത്രം ധാരണയുണ്ടെന്ന്‌ മറുചോദ്യം കൊണ്ടു ശരിക്കും മനസസ്സിലാക്കിയെടുക്കും. അതിനിടയില്‍ ഒരു വിധപ്പെട്ടവരെല്ലാം വീണുപോയിട്ടുണ്ടാകും. അതില്‍ പിടിച്ചു നില്‍ക്കുന്നവരാകട്ടെ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ഹീറോയും. ഒരാള്‍ കിത്താബ്‌ നോക്കി വായിക്കുകയും ഉസ്‌താദ്‌ അര്‍ത്ഥവും ആശയവും വിശദീകരിക്കുകയും ചെയ്യുന്ന പാരമ്പരാഗത ദര്‍സീ ശൈലിയായിരുന്നു ശൈഖുനയുടേതും. അഡ്‌മിഷന്‍ ക്രമ നമ്പറനുസരിച്ച്‌ ഓരോ ദിവസവും ഓരോരുത്തര്‍ വായിക്കണമെന്നാണ്‌ നിയമം. മിക്ക വിദ്യാര്‍ത്ഥികള്‍ക്കും അതൊരു മഹ്‌ശര്‍ തന്നെയായിരിക്കും. വായന തെറ്റിയാല്‍ പിന്നെ ഹിസാബ്‌ ഉറപ്പ്‌. അറബി വ്യാകരണ നിയമങ്ങള്‍ പാലിക്കാത്തതിനുള്ള ശാസനയും അവയുടെ ഗ്രന്ഥങ്ങള്‍ വീണ്ടും വീണ്ടും ഓതിപഠിക്കാനുമുള്ള കല്‍പനയുമാകും പിന്നീട്‌.


ഫൈനല്‍ പരീക്ഷ കഴിഞ്ഞു ജാമിഅ:വിട്ടുപോകുന്നവരെ പള്ളിയില്‍ ഒരുമിച്ചു കൂട്ടി ഉസ്‌താദുമാര്‍ നല്‍കുന്ന സാരോപദേശങ്ങളില്‍ ഏറ്റവും ശ്രദ്ധേയം ശൈഖുനയുടെ വാക്കുകള്‍ തന്നെയായിരിക്കും. 2004 സപ്‌തംബര്‍ 22 നു ജാമിഅ:യുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബാച്ച്‌, കാമ്പസ്‌ വിടുന്ന വേളയില്‍ ഞങ്ങളെ അഭിമുഖീകരിച്ചുകൊണ്ട്‌ അദ്ദേഹം നടത്തിയ നസ്വീഹ, മായാതെ മറയാതെ മനോമുകരത്തില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നു. മുആദ്‌ബിന്‍ജബല്‍(റ) തന്റെ ജനതക്കു ഇമാമായി നിസ്‌കരിച്ചപ്പോള്‍ സുദീര്‍ഘമായ സൂറത്ത്‌ ഓതിയതു കാരണം ഒരാള്‍ക്കത്‌ പ്രയാസം സൃഷ്‌ടിക്കുകയും ആ വിവരം പ്രവാചക സദസ്സിലെത്തുകയും ചെയ്‌തഘട്ടത്തില്‍ നബി(സ), മുആദിനെ രൂക്ഷമായ ശൈലിയില്‍ ഫത്താന്‍ (വലിയകുഴപ്പകാരന്‍) എന്നു മൂന്നു തവണ ആക്ഷേപിച്ച ബുഖാരിയുടെ ഹദീസ്‌ ഗൗരവം ചോരാതെ ഉദ്ധരിച്ചുകൊണ്ട്‌ ശൈഖുന പറഞ്ഞു: നിങ്ങള്‍ സമുദായത്തിനു നേതൃത്വം നല്‍കാന്‍ പോകുന്ന ഇമാമുമാരാണ്‌. അവരെ പ്രയാസപ്പെടുത്തുന്ന യാതൊന്നും നിങ്ങളില്‍ നിന്നുണ്ടായിക്കൂടാ. നിസ്‌കാരാന്തരം പ്രാര്‍ത്ഥന നിര്‍വഹിക്കുമ്പോള്‍ പോലും ജനങ്ങളെ നിങ്ങള്‍ പരിഗണിക്കണം. അവരില്‍ പല ആവശ്യക്കാരുമുണ്ടാകാം. ഇതവസാനിച്ചിട്ടുവേണം അവര്‍ക്ക്‌ സ്വന്തം ഏര്‍പ്പാടുകളിലേക്ക്‌ തിരിയാന്‍. അതുകൊണ്ട്‌ ആ പ്രാര്‍ത്ഥന പോലും അത്തഹിയ്യാത്തിന്റെ പ്രാര്‍ത്ഥയെക്കാള്‍ കൂടുതലായിക്കൂടാ. കല്ല്യാണ സദസ്സിലും മറ്റുപൊതു വേദികളിലും നിങ്ങളതു പരിഗണിക്കണം. നാട്ടില്‍ ബിദ്‌അത്ത്‌ വരളാന്‍ നമ്മുടെ നിലപാടുകള്‍ വഴിവെക്കരുത്‌. ജനങ്ങള്‍ ഒരു മസ്‌അല ചോദിച്ചുവന്നാല്‍ നിങ്ങളിങ്ങോട്ട്‌ ഓടി വരുന്ന അവസ്ഥയുണ്ടാകരുത്‌. കിത്താബ്‌ മുത്താലഅ ചെയ്യണം. പിന്നെയും പിന്നെയും നിങ്ങളത്‌ ആവര്‍ത്തിക്കണം....


വര്‍ഷങ്ങള്‍ക്കുശേഷം, ജാമിഅ:വിദ്യാര്‍ത്ഥികളുടെ റൈറ്റേഴ്‌സ്‌ ഫോറം സംഘടിപ്പിച്ച ഒരു പരിപാടിയില്‍ വിഷയാവതാരകാനായി ഇവനും ക്ഷണിക്കപ്പെട്ടു. അത്‌ ഉദ്‌ഘാടനം ചെയ്യുന്നത്‌ ഉസ്‌താദായിരുന്നു. പഠനകാലത്ത്‌ ആളാകാന്‍ വേണ്ടിയും അല്ലാതെയും സംശയങ്ങളുന്നയിച്ചു ശല്യം ചെയ്‌ത പഴയ വിദ്യാര്‍ത്ഥിയെന്ന ഗര്‍വ്വോടെ, പരിപാടി ആരംഭിക്കും മുമ്പേ ഉസ്‌താദിനെ കാണാന്‍ ചെന്നു. ഉസ്‌താദ്‌ ഓതിപഠിച്ചിരുന്ന എടരിക്കോട്‌ പാലച്ചിറമാട്‌ ജുമുഅത്തുപള്ളിയിലെ മുദരിസാണെന്നറിഞ്ഞപ്പോള്‍ അന്വേഷണം അവിടത്തെ ചില പ്രധാന വ്യക്തികളെ കുറിച്ചായി. ഉസ്‌താദിന്റെ അരനൂറ്റാണ്ടെങ്കിലും മുമ്പുള്ള സഹപാഠികളെയും പരിചയക്കാരെയും ഇവനുണ്ടോ അറിയുന്നു! എന്റെ തപ്പിപ്പിഴ ബോധ്യപ്പെട്ടതിനാലാവണം, ഉസ്‌താദ്‌ ആ വിഷയം വിട്ടു. അന്നത്തെ പരിപാടി ഉല്‍ഘാടനം ചെയ്‌തു കൊണ്ടു ഉസ്‌താദ്‌ നടത്തിയ പ്രസംഗത്തില്‍ എഴുതിത്തുടങ്ങേണ്ട ആവശ്യകതയെക്കാളേറെ എഴുത്തുകാരന്‍ കീഴടക്കേണ്ട ആശയപ്രപഞ്ചത്തെ കുറിച്ചാണ്‌ സംസാരിച്ചത്‌. അപ്പോഴതിന്റെ പ്രസക്തി മനസ്സിലായില്ലെങ്കിലും പിന്നീടൊരിക്കല്‍ ആലോചിച്ചപ്പോള്‍, ഇടക്കെങ്കിലും ആ മഹാപണ്ഡിതന്റെ വാക്കുകള്‍ അക്ഷരങ്ങളിലൊതുക്കിവെക്കാന്‍ അടുത്തുചെന്നിരുന്ന ഇവനടക്കമുള്ളവരെ കുറിച്ചാണോ ആ വാക്കുകളെന്നു തോന്നിയിട്ടുണ്ട്‌.


ആകര്‍ഷണീയ പെരുമാറ്റം, സദസ്സുകളെ ഇളക്കി മറിക്കുന്ന പ്രഭാഷണ വൈഭവം, എഴുതിക്കൂട്ടിയ ഗ്രന്ഥങ്ങളുടെ വണ്ണവലിപ്പം, അവസരത്തിനൊത്ത്‌ കുനിയാനും നിവരാനും സാധിക്കുന്ന സംഘാടന ശക്തി...ഇങ്ങനെ ഒരു നേതാവിനു നടപ്പുരീതിയനുസരിച്ചു കല്‍പ്പിച്ചുവരുന്ന യോഗ്യതകളൊന്നും കാളമ്പാടി ഉസ്‌താദിന്റെ വശത്തുണ്ടായിരുന്നില്ല. എന്നിട്ടും അദ്ദേഹം സര്‍വാദരണീയനായി. പണ്ടുമുതലേ പണ്ഡിത കുലപതികളടക്കം അംഗീകരിക്കുന്ന വ്യക്തിത്വമായി. അകക്കണ്ണുള്ളവര്‍ക്ക്‌ തിരിച്ചറിയാനാവുന്ന ഇല്‍മിന്റെ മാസ്‌മരിക ശക്തിയായിരുന്നു അത്‌. 2012 ക്‌ടോബര്‍ 3-4 തിയതികളില്‍ കാളമ്പാടിയിലേക്ക്‌ ഒഴികിയെത്തിയ ജനലക്ഷങ്ങളും നാല്‍പത്തിയൊന്നു തവണകളിലായി നടന്ന മയ്യിത്ത്‌ നിസ്‌കാരവും ആ മഹാപണ്ഡിതനു സമുദായം നല്‍കിയ ആദരവിന്റെ പ്രകടിതോദാഹരണമാണ്‌. അല്ലാഹു ഒരടിമയെ ഇഷ്‌ടപ്പെട്ടാല്‍ മലക്കുകളെ ആ വിവരം അറിയിക്കുകയും അങ്ങനെ മലക്കുകള്‍ അദ്ദേഹത്തെ ഇഷ്‌ടപ്പെടുകയും ആ വിവരം പിന്നീട്‌ ഭൂമിയിലെ ജനങ്ങള്‍ക്കറിയിക്കപ്പെടുകയും അവരും അങ്ങനെ ആ വ്യക്തിയെ ഇഷ്‌ടപ്പെടുമെന്ന ഹദീസിന്റെ സാക്ഷാല്‍കാരം. 
പി.എ സ്വാദിഖ്‌ ഫൈസി താനൂര്‍

Friday, November 2, 2012

ഓഫറുകളില്‍ വീണുപോകാത്ത പിതാവ്‌

ഉപ്പയെക്കുറിച്ചോര്‍ക്കുമ്പോള്‍ മാതൃകാപരവും അനുകരണീയവുമായ ജീവിതത്തിന്റെ ഓര്‍മകളാണ്‌ മനസ്സില്‍ തെളിയുന്നത്‌. കേരളീയ മുസ്‌ലിംകളുടെ ഏറ്റവും വലിയ പണ്ഡിത പ്രസ്ഥാനത്തിന്റെ അധ്യക്ഷപദവിയിലിരിക്കുമ്പോഴും ജീവിതത്തില്‍ ഏറെ സൗമ്യനായ പിതാവിനെയാണ്‌ ഞങ്ങളോര്‍ക്കുന്നത്‌. ലാളിത്യത്തിന്റെയും എളിമയുടെയും സൂക്ഷ്‌മതയുടെയും ജീവിതം മാത്രമാണ്‌ അവിടുന്ന്‌ ദര്‍ശിക്കാനായിട്ടുള്ളത്‌. സ്‌നേഹ സമ്പന്നനായ വാപ്പ ഞങ്ങളോട്‌ അമിതമായി സംസാരിക്കുകയോ കൂടുതലായി ഞങ്ങളുടെ കാര്യങ്ങളില്‍ ഇടപെടുകയോ ചെയ്‌തിരുന്നില്ല. കാര്യമാത്ര പ്രസക്തമായ വിഷയങ്ങള്‍ മാത്രം പറയുന്ന രീതിയായിരുന്നു വാപ്പയുടേത്‌. വീട്ടിലാണെങ്കിലും കൂടുതല്‍ നേരം കിതാബ്‌ മുത്വാലഅ ചെയ്യുന്നതിനാണ്‌ വാപ്പ വിനിയോഗിച്ചത്‌.

ദീനീ കാര്യങ്ങളില്‍ കര്‍ശനമായി ശാസിക്കുന്ന ശൈലിയായിരുന്നു വാപ്പയുടേത്‌. ഞങ്ങള്‍ കുട്ടികളാവുമ്പോള്‍ മഗ്‌രിബിന്‌ വീട്ടില്‍ എത്തണമെന്ന കാര്യത്തില്‍ വാപ്പ പ്രത്യേകം നിഷ്‌കര്‍ഷ കാണിച്ചിരുന്നു. ഏതെങ്കിലും സാഹചര്യത്തില്‍ അല്‍പം വൈകിയാല്‍ ഉപ്പയെ കാണുന്നത്‌ ഞങ്ങള്‍ക്ക്‌ ഓര്‍ക്കാന്‍ കഴിയില്ല. ഗൗരവം നിറഞ്ഞ ആ ചോദ്യം ചെയ്യല്‍ ഞങ്ങളെ ഏറെ ഭയപ്പെടുത്തിയിരുന്നു. ഇശാ- മഗ്‌രിബിനിടയില്‍ ഖുര്‍ആന്‍ പാരായണത്തിലും മറ്റ്‌ ദിക്‌റുകളിലും പഠനത്തിലുമായി മുഴുകണമെന്ന നിര്‍ബന്ധം വാപ്പക്കുണ്ടായിരുന്നു.


എല്ലാ കാര്യങ്ങളിലും വലിയ സൂക്ഷ്‌മത കാണിച്ചിരുന്നു വാപ്പ. വീട്ടിലേക്ക്‌ വല്ല ഹദ്‌യകളും കൊടുത്തയക്കപ്പെട്ടാല്‍ അതേക്കുറിച്ച്‌ കൃത്യമായി അന്വേഷിക്കും. ചില്ലറ പൈസയാണെങ്കിലും വല്ല ഇടപാടുകളും ആര്‍ക്കെങ്കിലും കൊടുക്കാനുണ്ടെങ്കില്‍ എപ്പോഴും അതിനെക്കുറിച്ച്‌ ചോദിക്കുന്ന ശൈലിയായിരുന്നു. സുഭിക്ഷ ഭക്ഷ്യവിഭവങ്ങളോ വിലപിടിപ്പുള്ള വസ്‌ത്രങ്ങളോ വാങ്ങിയാല്‍ എന്തിനാണിത്ര വിലയേറിയ സാധനങ്ങള്‍ എന്ന്‌ ഉപ്പ ചോദിക്കുമായിരുന്നു. അതുകൊണ്ട്‌ തന്നെ വാപ്പയുള്ള ദിവസങ്ങളില്‍ അവര്‍ക്ക്‌ ഇഷ്‌ടമുള്ള പച്ചക്കറി വര്‍ഗങ്ങളും ഇലക്കറികളുംകൊണ്ട്‌ ഞങ്ങള്‍ വാപ്പയെ തൃപതിപ്പെടുത്തുകയാണ്‌ പതിവ്‌. ഭക്ഷണങ്ങളിലൊന്നും അമിതമായ കാര്‍ക്കശ്യം ഇല്ലായിരുന്നെങ്കിലും കൃത്യനിഷ്‌ഠ കാണിച്ചു.


രണ്ടുമൂന്ന്‌ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ പലപ്പോഴും സംഘടന, രാഷ്‌ട്രീയം, കോളജ്‌ സംബന്ധമായ വിശേഷങ്ങളും നിര്‍ണായകമായ മീറ്റിംഗുകളെക്കുറിച്ചുമൊക്കെ രണ്ട്‌ മണിക്കൂറിലധികം എന്നോട്‌ (അഡ്വ. അയ്യൂബ്‌) സംസാരിക്കുമായിരുന്നു. പിന്നീട്‌ രോഗമുക്തമായതിനുശേഷവും സംസാരം വളരെയധികം കുറഞ്ഞു. നിര്‍ബന്ധിച്ച്‌ ചോദിക്കാനുള്ള മറുപടിയില്‍ മാത്രം ഒതുങ്ങി പലപ്പോഴും. പ്രതിസന്ധിഘട്ടങ്ങളില്‍ വാപ്പയെ സമീപിക്കുമ്പോള്‍ അനുയോജ്യമായ ആയത്തുകളും ഹദീസുകളും പറഞ്ഞുതരും. അത്‌ ജീവിതത്തില്‍ വളരെ ഗുണകരമായിട്ടുണ്ടെന്നത്‌ അനുഭവ യാഥാര്‍ത്ഥ്യമാണ്‌.


വാപ്പയെ സന്ദര്‍ശിക്കാനെത്തുന്നവരോട്‌ വളരെക്കുറച്ച്‌ മാത്രം സംസാരിക്കുന്നതിനെക്കുറിച്ച്‌ പലപ്പോഴും ഞങ്ങള്‍ ചോദിക്കാറുണ്ട്‌. `ഞാന്‍ ഒന്നും പറഞ്ഞില്ല. ഞാനത്‌ ശ്രദ്ധിച്ചില്ല' എന്ന നിഷ്‌കളങ്കവും നിഷ്‌കപടവുമായ മനസിന്റെ നേര്‍സാക്ഷ്യമായിരിക്കും അവിടുത്തെ മറുപടി.


വാപ്പക്ക്‌ ഒരിക്കല്‍ രാത്രി തീരെ സുഖമില്ല. ഞാന്‍ (അയ്യൂബ്‌) അവിചാരിതമായി അവിടെ ചെന്നപ്പോള്‍ വാപ്പയോടെ ചോദിച്ചു: ``ഹോസ്‌പിറ്റലില്‍ പോവാം. നിങ്ങള്‍ക്ക്‌ സമദിനെ വിളിച്ചുകൂടായിരുന്നോ? മക്കളാണെങ്കിലും ഒരു കാര്യത്തിലും ആരെയും ബുദ്ധിമുട്ടിക്കാന്‍ ഇഷ്‌ടപ്പെടാത്ത ശൈലിയായതുകൊണ്ട്‌ വാപ്പ പറഞ്ഞു: ``അവന്‍ ഉറങ്ങുകയല്ലേ? അവന്റെ ഉറക്കം കെടുത്തുന്നത്‌ ശരിയല്ലല്ലോ? അങ്ങനെ ഹോസ്‌പിറ്റലില്‍ പോവാനോരുങ്ങുമ്പോള്‍ തന്റെ അലമാര തുറന്ന്‌ ചികിത്സക്കാവശ്യമായ പണം എന്റെ കൈയില്‍ തന്നു. ഞാനത്‌ നിരസിച്ചപ്പോള്‍ ദേഷ്യപ്പെട്ട്‌ അതെന്റെ കൈയ്യിലേല്‍പിച്ചു. വീട്ടിലെ ചെലവ്‌ വാപ്പ തന്നെയായിരുന്നു നടത്തിയിരുന്നത്‌. ഞങ്ങളെന്തെങ്കിലും വീട്ടാവശ്യത്തിന്‌ വല്ലതും ചെലവഴിച്ചിട്ടുണ്ടെങ്കില്‍ അത്‌ തിരിച്ചേല്‍പിക്കുക പതിവായിരുന്നു.


ഭൗതിക കാര്യങ്ങള്‍ പറയുന്നത്‌ വാപ്പ ഇഷ്‌ടപ്പെട്ടില്ല. വല്ല ആവശ്യത്തിനും സഹായികളായി ചെല്ലുന്നത്‌ വാപ്പക്ക്‌ താല്‍പര്യമില്ലായിരുന്നു. മക്കളെ ബുദ്ധിമുട്ടിക്കരുത്‌ എന്ന നിലപാടുകാരനായിരുന്നു. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച മരുന്നുകള്‍ സ്വയം എടുക്കുന്നതാണ്‌ വാപ്പ ഇഷ്‌ടപ്പെട്ടത്‌. അസുഖം ബാധിച്ച്‌ ചിലപ്പോള്‍ വീണ്‌ കിടക്കുന്നത്‌ കാണുമ്പോള്‍ ഞങ്ങള്‍ എഴുന്നേല്‍പിക്കാന്‍ ചെന്നാല്‍ മാറിനില്‍ക്കാന്‍ ആവശ്യപ്പെടും. ലാളിത്യത്തിന്റെ പ്രതീകമായിട്ടാണ്‌ അവിടുത്തെ ജീവിതം ഞങ്ങള്‍ ഓര്‍ക്കുന്നത്‌. പാണ്ഡിത്യത്തിന്റെ ഗൗരവം അവിടത്തെ വിനയത്തെ ഒരിക്കലും തളര്‍ത്തീട്ടില്ല. ശിഷ്യനെന്ന നിലയില്‍ ജാമിഅഃയില്‍ ഞാന്‍ (സമദ്‌ ഫൈസി) പഠിക്കുന്ന കാലത്ത്‌ മറ്റു വിദ്യാര്‍ത്ഥികളില്‍നിന്ന്‌ വ്യത്യസ്‌തമായി പ്രത്യേക പരിഗണനയൊന്നും അവിടെനിന്ന്‌ ഉണ്ടായിട്ടില്ല.


സങ്കീര്‍ണ പ്രശ്‌നങ്ങളിലെ തീര്‍പ്പിനായി വാപ്പയെ സമീപിച്ചാല്‍ ആദ്യം തദ്‌വിഷയകമായി വന്ദ്യരായ കോട്ടുമല ഉസ്‌താദി(ന.മ.)ന്റെയും പൂര്‍വ്വസൂരികളായ പണ്ഡിതരുടെയും നിലപാടുകള്‍ നോക്കിയശേഷമേ കിതാബുകള്‍ പരതിയിരുന്നുള്ളൂ എന്നത്‌ ഇവിടെ പ്രത്യേകം അനുസ്‌മരിക്കുന്നു.


സമസ്‌തയുടെ പ്രസിഡന്റും സാത്വിക പണ്ഡിതനുമായിരുന്ന റഈസുല്‍ മുഹഖ്‌ഖീന്‍ കണ്ണിയത്ത്‌ ഉസ്‌താദി(ന.മ)നെ ഒരിക്കല്‍ ഞാന്‍ (സമദ്‌ ഫൈസി) സന്ദര്‍ശിച്ചു. ഇല്‍മുണ്ടാവാന്‍ ദുആ ചെയ്യാന്‍ ആവശ്യപ്പെട്ടു. കണ്ണിയത്തുസ്‌താദ്‌ പറഞ്ഞു: `അതിന്‌ നീ നിന്റെ ഉപ്പയോട്‌ പറഞ്ഞാല്‍ മതി.' കണ്ണിയത്ത്‌ ഉസ്‌താദിനെപ്പോലുള്ള വലിയ പണ്ഡിതര്‍ക്കിടയില്‍ വാപ്പയുടെ സ്ഥാനം അപ്പോഴാണ്‌ ഞാന്‍ മനസ്സിലാക്കിയത്‌.


ഇയ്യിടെ വഫാത്തായ സൂഫിവര്യനും അല്ലാഹുവിന്റെ വലിയ്യുമായ തൃപ്പനച്ചി ഉസ്‌താദ്‌ (ഖ.സി.)മായി അദ്ദേഹത്തിന്‌ ആത്മബന്ധം ഉണ്ടായിരുന്നു. മാരകമായ രോഗങ്ങള്‍ അലട്ടിയപ്പോള്‍ അവിടത്തെ വെള്ളം മരുന്നായി ഉപയോഗിച്ചിരുന്നു. ഒരിക്കല്‍ തൃപ്പനച്ചി ഉസ്‌താദിനോട്‌ വാപ്പയുടെ രോഗവിവരം പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: `ഒരഞ്ചുകൊല്ലം കൂടി നിന്നോട്ടെ'. ഈയടുത്ത്‌ ജാമിഅയിലെ ഉസ്‌താദായ സുലൈമാന്‍ ഫൈസിയോട്‌ ഈ കാര്യം സൂചിപ്പിച്ചുകൊണ്ട്‌ പറഞ്ഞു: `ആ അഞ്ചുവര്‍ഷം ഏകദേശം പൂര്‍ത്തിയായി.' തന്റെ വിടവാങ്ങലിനെക്കുറിച്ചുള്ള സൂചനയായിരുന്നോ ഇതെന്ന്‌ ഞങ്ങള്‍ ഓര്‍ത്തുപോവുന്നു.


വിയോഗത്തിന്റെ തൊട്ടുമുമ്പുള്ള ആഴ്‌ച മരുന്ന്‌ വാങ്ങുമ്പോള്‍ സാധാരണ ഡോക്ടര്‍ നിര്‍ദ്ദേശിച്ച രീതിയില്‍ വാങ്ങുന്ന വാപ്പ ഇത്തവണ പറഞ്ഞു: ``ഒരാഴ്‌ചത്തേക്ക്‌ മതി'' ഞങ്ങള്‍ നിര്‍ബന്ധിച്ചു: `ഡോക്ടര്‍ നിര്‍ദ്ദേശിച്ച പ്രകാരം വാങ്ങാം; അല്ലെങ്കില്‍ രണ്ടാഴ്‌ചക്കെങ്കിലും വാങ്ങണം. ഞങ്ങളുടെ നിര്‍ബന്ധത്തിന്‌ വഴങ്ങി സമ്മതിച്ചു. ഒരാഴ്‌ച കഴിഞ്ഞപ്പോഴേക്കും വിടപറയുമ്പോള്‍ തന്റെ അന്ത്യത്തെക്കുറിച്ചുള്ള ആ ദീര്‍ഘവീക്ഷണം ഞങ്ങള്‍ ഒരിക്കലും നിനച്ചിരുന്നില്ല.


എത്ര വലിയ രോഗമുണ്ടെങ്കിലും അല്ലാഹുവില്‍ തവക്കുലാക്കുന്ന മനസായിരുന്നു. മാത്രമല്ല, അതിന്‌ വേണ്ടി ഉപദേശിക്കുകയും ചെയ്യും. വാപ്പ കോളേജില്‍ പോകുന്നതില്‍ ഞങ്ങള്‍ സന്തോഷിച്ചു. രോഗഘട്ടങ്ങളില്‍ ചെറിയ ആശ്വാസമാവുമ്പോഴേക്കും ഞാന്‍ നാളെ കോളേജില്‍ പോവുമെന്ന ചിന്തയായിരുന്നു. കോളേജില്‍ പോയാല്‍ രോഗത്തിനൊരു ശമനവും ആശ്വാസവും വന്നതുപോലെ അനുഭവപ്പെട്ടിരുന്നു. ഇല്‍മിനോടും ദര്‍സിനോടുമുള്ള അടങ്ങാത്ത ആഗ്രഹത്തിന്റെ ഫലമായിരിക്കുമത്‌.


ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ എന്റെ വീട്‌ നിര്‍മാണവുമായി ബന്ധപ്പെട്ട്‌ ഞാന്‍ (അബ്ദുല്‍ അസീസ്‌) വാപ്പയെ സമീപിച്ചു. ഉടനെതന്നെ വാപ്പ കുറ്റിയടിച്ച്‌ തറക്കല്ലിട്ട്‌ ദുആ ചെയ്യുകയും ചെയ്‌തു. പെട്ടെന്നുള്ള കൃത്യനിര്‍വ്വഹണത്തിന്റെ പൊരുള്‍ ഇപ്പോഴാണ്‌ ബോധ്യമായത്‌. സാധാരണ ഞങ്ങള്‍ വിദേശത്ത്‌ പോവുമ്പോള്‍ കാര്യമായി വിഷമങ്ങളൊന്നും ആ മുഖത്ത്‌ കാണുമായിരുന്നില്ല. അവസാന ലീവ്‌ കഴിഞ്ഞ്‌ ഞാന്‍ പോവുമ്പോള്‍ കണ്ണുനിറച്ച്‌ പറഞ്ഞു: `ഇനി നിന്നെ കാണാനുള്ള ആയുസ്‌ എനിക്കുണ്ടാവില്ല' ആ വാക്കുകള്‍ മനസിനെ വല്ലാതെ വേദനിപ്പിച്ചു.


അത്യാധുനിക സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം അവിടന്ന്‌ ത്യജിച്ചു. ഇക്കഴിഞ്ഞ റമളാനില്‍ ആനക്കയത്തുള്ള ഒരു ഹാജിയാര്‍ പുതിയ സ്വിഫ്‌റ്റ്‌ കാര്‍ റോഡില്‍ നിര്‍ത്തി ചാവി നല്‍കി. ഉസ്‌താദ്‌ ഇത്‌ സ്വീകരിക്കണമെന്ന്‌ പറഞ്ഞു. അതിപ്പോള്‍ ആവശ്യമില്ല എന്ന ഹ്രസ്വമായ മറുപടിയില്‍ അദ്ദേഹത്തെ തിരിച്ചയച്ചു.


ഒരിക്കല്‍ വേറൊരു കൂട്ടര്‍ വന്ന്‌ പറഞ്ഞു: `റോഡ്‌ സൗകര്യമുള്ള വിധത്തില്‍ ഒരു വീടും വാഹനവും ഉസ്‌താദിന്‌ വേണ്ടി ഞങ്ങള്‍ തരട്ടെ?' അപ്പോഴും അവിടുന്ന്‌ പ്രതിവചിച്ചത്‌ എളിമയുടെ മഹിമയാര്‍ന്ന വാക്കുകള്‍കൊണ്ടാണ്‌. `വേണ്ട... ഇപ്പോഴുള്ള ഈ വീടും സൗകര്യങ്ങളും മതി' എന്നായിരുന്നു. അവര്‍ പിരിഞ്ഞുപോയതിനു ശേഷം ഞങ്ങള്‍ ചോദിച്ചു: `നിങ്ങള്‍ക്ക്‌ വേണ്ടെങ്കില്‍ ഞങ്ങള്‍ക്ക്‌ തന്നുകൂടേ?' വാപ്പ സമ്മതിച്ചില്ല. ഭൗതിക പ്രമത്തതയില്‍ സുഖസുഷുപ്‌തിയില്‍ ജീവിതം നയിക്കാമായിരുന്നിട്ടും കൂടുതല്‍ വിനയാന്വിതനാവാണ്‌ ആ മനസ്‌ ആഗ്രഹിച്ചത്‌.


പേരക്കുട്ടികളോട്‌ പ്രത്യേകമായ സ്‌നേഹവും വാത്സല്യവും കാണിച്ചു. അവരെ തന്റെ മടിയിലിരുത്തി ലാളിക്കുകയും തന്റെ കൈയിലുള്ള വെറ്റില വായില്‍ വെച്ചുകൊടുക്കുകയും ചെയ്‌തിരുന്നു.


തീക്ഷ്‌ണമായ രോഗം ബാധിച്ച അവസാന നാലഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ സ്ഥിരമായി വീട്ടിലുള്ള അടക്ക, തേങ്ങ പെറുക്കാനും കൃഷിപ്പണികളില്‍ ഏര്‍പ്പെടാനും വാപ്പ സമയം കണ്ടെത്തിയിരുന്നു. വസ്‌ത്രധാരണയില്‍ വളരെയധികം എളിമയായിരുന്നു വാപ്പാക്ക്‌. തണുപ്പ്‌ കാലത്ത്‌ ധരിക്കുന്ന ഒരു ബനിയന്‌ പതിനഞ്ച്‌ വര്‍ഷത്തെ പഴക്കമുണ്ടാവുമെന്നത്‌ പ്രത്യേകം ഓര്‍ക്കുന്നു. വസ്‌ത്രം തേച്ചുമിനുക്കുന്നതിലൊന്നും ശ്രദ്ധിച്ചില്ല. ലൗകികമായ ചിന്തകള്‍ പൂര്‍ണമായും ത്യജിച്ച ഒരു തസ്വവ്വുഫിന്റെ മനസായിരുന്നു ഇതിലൊക്കെ ഞങ്ങള്‍ക്ക്‌ കാണാനായത്‌. വീട്ടിലെ പൂമുഖത്ത്‌ ഏറെ പഴക്കം ചെന്ന ഒരു `പടി'യുണ്ട്‌. ഞങ്ങള്‍ ഒരിക്കല്‍ ഉപ്പയോട്‌ പറഞ്ഞു: `അതിന്‌ പകരം നമുക്ക്‌ കസേരകളാക്കിക്കൂടെ?' അവിടത്തെ മറുപടി ഏറെ ചിന്തനീയമായിരുന്നു. `ആ പടിയില്‍ ഇരിക്കാനുള്ളവര്‍ ഇവിടെ വന്നാല്‍ മതി.'


കുടുംബ ജീവിതത്തിലും വ്യക്തിജീവിതത്തിലും വേറിട്ടൊരു ശൈലി പകര്‍ന്ന്‌ നല്‍കിയ വന്ദ്യപിതാവിന്റെ ധന്യവും വിശിഷ്‌ടവുമായ സാന്നിധ്യം ഇനിയില്ല. ആ മാതൃകാപരമായ ജീവിതത്തില്‍ സത്യസന്ധമായ വഴിയില്‍ ജീവിതം നയിക്കാന്‍ സര്‍വ്വശക്തന്‍ തുണക്കട്ടെ- ആമീന്‍. 
മക്കളായ അഡ്വ. അയ്യൂബ്‌, അബ്ദുസ്സമദ്‌ ഫൈസി, അബ്ദുല്‍അസീസ്‌ അനുസ്‌മരിക്കുന്നു