Monday, February 10, 2014

ജീവശാസ്ത്രം

മുസ്ലിംശാസ്ത്രജ്ഞര്‍ നേട്ടം കൊയ്ത മറ്റൊരു രംഗമാണ് ജീവശാസ്ത്രം (ആശീഹീഴ്യ). ജൈവലോകത്തെ മൃഗങ്ങളുടെയും ചെടികളുടെയും വര്‍ഗീകരണം, സ്വഭാവം തുടങ്ങി പലതും ആദ്യകാല മുസ്ലിം ശാസ്ത്രജ്ഞര്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. കുതിരകളെയും ഒട്ടകങ്ങളെയും വളര്‍ത്തുന്നതിനുള്ള താല്‍പര്യം ഈ രംഗത്തെ പഠനങ്ങള്‍ക്ക് അവരെ പ്രേരിപ്പിക്കുകയായിരുന്നു. അരിസ്റോട്ടിലിന്റെ 'ഹിസ്റോറിയ ആനിമാലിയം' എന്ന ജന്തുശാസ്ത്രകൃതി യഹ്യ ബ്നു ഹത്രീക് അറബിയിലേക്ക് മൊഴിമാറ്റം നടത്തിയതോടെയാണ് ഇത് കാര്യക്ഷമമാകുന്നത്. ഇതോടെ മഗ്നേഷ്യയിലെ തിയോനി സിറ്റോസിന്റെ സിര്‍റുല്‍ഖിലാഫത്ത് എന്ന കൃതിയും പുറത്തുവന്നു. അറബികള്‍ അതിനും വിവര്‍ത്തനമെഴുതി. അതേസമയം ഗ്രീക്ക് രചനകളില്‍ നിന്ന് ഭിന്നമായി ഇന്തോ പേര്‍ഷ്യന്‍ നാഗരികതകളില്‍ മൃഗങ്ങള്‍ കഥാപാത്രങ്ങളായി മാറുകയായിരുന്നു. സംസ്കൃതത്തില്‍ നിന്ന് പഹ്ലവിയിലേക്കും പിന്നെ അറബിയിലേക്കും ഭാഷാന്തരം ചെയ്യപ്പെട്ട കലീല വദിംനയാണ് ഇതിന്റെ ഏറ്റവും വലിയ രൂപം. എങ്കിലും ഇന്ത്യയിലും പേര്‍ഷ്യയിലും വിപുലമായ തോതില്‍ ജന്തുശരീരങ്ങളെക്കുറിച്ച് പഠനങ്ങള്‍ നടന്നിരുന്നില്ല എന്നതാണ് വാസ്തവം.

ജന്തുശാസ്ത്രത്തിനും മുസ്ലിംകളുടെ അവലംബം ഖുര്‍ആന്‍ ആയിരുന്നു. സൂറത്തുല്‍ഗാശിയയില്‍ അല്ലാഹു ചോദിക്കുന്നു: 'അവര്‍ ഒട്ടകത്തിലേക്ക് നോക്കുന്നില്ലേ... അതെങ്ങനെയാണ് സൃഷ്ടിക്കപ്പെട്ടതെന്ന്.' തങ്ങളുടെ ജീവിതത്തില്‍ ഉറക്കിലും ഉണര്‍വിലും ബന്ധമുള്ള ഒട്ടകത്തെക്കുറിച്ച് ചിന്തിക്കാന്‍ ഇതവര്‍ക്ക് നിമിത്തമായി. ഒട്ടകത്തില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളെ അവര്‍ കണ്ടെത്തി. എന്നല്ല, അറബ് ലോകത്ത് ആദ്യത്തെ ജന്തുശാസ്ത്രപഠനത്തിന് പാത്രമായതും ഒട്ടകം തന്നെയായിരുന്നു. താമസിയാതെ അബൂനള്ര്‍, ഇബ്നുസുഹൈല്‍ തുടങ്ങിയവര്‍ ജന്തുശാസ്ത്രപരമായി ഗ്രന്ഥരചനയും നടത്തി. മുഅ്തസിലിയായിരുന്ന പ്രശസ്ത സാഹിത്യകാരന്‍ ജാഹിള് ജന്തുശാസ്ത്രം കൈകാര്യം ചെയ്ത ഒരു പ്രഗത്ഭ ശാസ്ത്രജ്ഞന്‍ കൂടിയായിരുന്നു. അദ്ദേഹം രചിച്ച കിതാബുല്‍ ഹയവാന്‍ ജന്തുശാസ്ത്രലോകത്ത് നല്‍കിയ സംഭാവനകള്‍ അദ്വിതീയമാണ്. അറബി, ഗ്രീക്ക്, പേര്‍ഷ്യ സ്രോതസ്സുകളിലുള്ള അധികം വിവരണങ്ങളും വിജ്ഞാനീയങ്ങളും ഇതിലുണ്ടായിരുന്നു. 350 ഓളം മൃഗങ്ങളെക്കുറിച്ച് ഗഹനമായി പഠനം നടത്തിയാണ് അദ്ദേഹമിത് തയ്യാറാക്കിയത്. അവയുടെ സ്വഭാവം, ഗുണങ്ങള്‍, വളര്‍ത്തുന്നതിലെ പരാജയങ്ങള്‍ തുടങ്ങിയവെക്കുറിച്ച സര്‍വ വിവരങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചു. പാശ്ചാത്യ ലോകത്ത് ജാഹിള് ഉന്നത ജന്തുശാസ്ത്രജ്ഞനായിട്ടാണ് അറിയപ്പെടുന്നത്. ഇവ്വിഷയകമായുള്ള ജാഹിളിന്റെ ഗ്രന്ഥങ്ങള്‍ക്ക് അവിടെ ശക്തമായ സ്വാധീനം ചെലുത്താന്‍ തന്നെ കഴിഞ്ഞിട്ടുണ്ട്. കിന്‍ദിയും ഫാറാബിയും ജന്തുശാസ്ത്രത്തിന് സംഭാവനകള്‍ നല്‍കി. ഉയൂനുല്‍ അഖ്ബാറിലൂടെ ഇബ്നുഖുത്തൈബയും ഈ വൈജ്ഞാനികരംഗം വികസിപ്പിക്കാന്‍ ശ്രമിച്ചു.

ഇവര്‍ക്കു പുറമെ അബ്ദുല്‍ മാലികുബ്നു അല്‍ഖുറൈബിന്റെ 'കിതാബുല്‍ ഇബ്ല്‍' ഇസ്ലാമിക ജന്തുശാസ്ത്രത്തിന് ഒട്ടകത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കി. 'കിതാബുല്‍ഖൈല്‍', 'കിതാബുല്‍ വുഹൂശ്', 'കിതാബുന്‍ ഫില്‍ ഇന്‍സാന്‍' തുടങ്ങിയവയും ഈ ശാസ്ത്രശാഖയെ സമ്പുഷ്ടമാക്കി. 'കിതാബുല്‍ഖൈല്‍' ഹ്യൂമന്‍ അനാട്ടമിയെ കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന രചനയാണ്.

സുവോളജിസ്റും ആന്ത്രോപോളജിസ്റുമായിരുന്ന അബൂഉസ്മാന്‍ അംറുബ്നു ബഹ്ര്‍ ജന്തുശാസ്ത്രത്തില്‍ ഒരു വന്‍രചന നടത്തിയിട്ടുണ്ട്. അതിലദ്ദേഹം 'ആനിമല്‍ഫിസിയോളജി' അനാവരണം ചെയ്യുന്നു. കൂടാതെ തന്റെ 'കിതാബുല്‍ ഹയവാനി'ല്‍ മൃഗങ്ങളുടെ ഇനങ്ങള്‍, സ്വഭാവം, അവയെ ബാധിക്കുന്ന രോഗങ്ങള്‍, അവക്കുള്ള പ്രതിവിധികള്‍ തുടങ്ങിയവയും സവിസ്തരം പ്രതിപാദിക്കുന്നു. പേര്‍ഷ്യന്‍ കോസ്മോഗ്രാഫര്‍ അല്‍ഖസ്വീനി എഴുതിയ 'അജാഇബുല്‍ മലകൂത്തി വ ഗറാഇബുല്‍ മൌജൂദാത്ത്' ഈ രംഗത്തെ പരിഗണിക്കപ്പെടുന്ന ഗ്രന്ഥമാണ്. 13-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ഈജിപ്തില്‍ ജീവിച്ചിരുന്ന അല്‍ദമീരിയാണ് ഏറെ പ്രശസ്തനായ മറ്റൊരു ജന്തുശാസ്ത്രജ്ഞന്‍. അദ്ദേഹത്തിന്റെ പ്രസിദ്ധമായ 'ഹയാത്തുല്‍ഹയവാന്‍' എന്ന ഗ്രന്ഥം എ.എസ്.ജി. ജയകുമാര്‍ ഇംഗ്ളീഷിലേക്ക് ഭാഷാന്തരം നടത്തി. ഈ കൃതിയുടെ വിവര്‍ത്തനം തന്നെ  പേര്‍ഷ്യയിലും തുര്‍ക്കിയിലും വലിയ കോലാഹലങ്ങള്‍ സൃഷ്ടിക്കുകയുണ്ടായി. ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട മൃഗങ്ങളെ കൂടുതലറിയാനായിരുന്നു പണ്ഡിതര്‍ ഈ ഗ്രന്ഥം അവലംബിച്ചിരുന്നത്. ഈജിപ്ഷ്യന്‍ ജ്ഞാനിയായിരുന്ന ജലാലുദ്ദീന്‍ സുയൂഥി ഈ ഗ്രന്ഥത്തിന്റെ പദ്യരൂപം തയ്യാറാക്കിയിട്ടുണ്ട്.

യൂറോപ്പില്‍ ജീവശാസ്ത്രം, ഉയര്‍ന്ന തരം മൈക്രോസ്കോപ്പ് കണ്ടെത്തുന്നതുവരെ നിര്‍ജീവമായിരുന്നു. എന്നാല്‍ ഇത്തരമൊരു ശാസ്ത്രം അറബികള്‍ക്കിടയില്‍ അമവീകാലഘട്ടം മുതല്‍ തന്നെ സജീവമായി. മൃഗങ്ങളെയും ചെടികളെയും ഇനംതിരിക്കാനും അവയുടെ വിസ്മയ ലോകത്തേക്ക് ജ്ഞാനബുദ്ധ്യാ നോക്കാനും അവര്‍ തയ്യാറായി മുന്നോട്ടുവന്നു.
സൂറത്തുന്നംലില്‍ അല്ലാഹു ഉറുമ്പിന്റെ കഴിവുകളെക്കൂടി അനാവരണം ചെയ്തതോടെ ചെറുജീവികളും മുസ്ലിം ഗവേഷണത്തിന്റെ പരിധിയില്‍ പെട്ടു. ഋിീഹീഴ്യ(കീടസംബന്ധമായ ജ്ഞാനം)യും ഇതോടെ മുസ്ലിംകള്‍ക്കിടയില്‍ വ്യാപിക്കുകയായി. ഉറുമ്പുകളെയും തേനീച്ചകളെയും പക്ഷികളെയും അവര്‍ പഠനത്തിന് വിധേയമാക്കി. മൃഗങ്ങളെക്കുറിച്ച് അവിടങ്ങളിലുണ്ടായിരുന്ന അന്ധവിശ്വാസങ്ങള്‍ നീക്കം ചെയ്തു. മൃഗങ്ങള്‍ ആത്മാവില്ലാത്ത മൂര്‍ത്തങ്ങളാണെന്നും ജീവിക്കുന്ന ഉപകരണങ്ങളാണെന്നുമായിരുന്നു പൊതുവെ അന്ന് വിശ്വസിക്കപ്പെട്ടിരുന്നത്. ഇസ്ലാമിന്റെ നൂതന പ്രഘോഷണങ്ങളിലൂടെ അവര്‍ മാറി ചിന്തിക്കുകയായിരുന്നു. ഇതോടെ മൃഗങ്ങള്‍ സംരക്ഷിക്കപ്പെടുകയും രോഗം ചികിത്സിക്കപ്പെടുകയും ചെയ്തു.

സുവോളജിയില്‍ കുതിരകളെക്കുറിച്ചുള്ള പഠനങ്ങള്‍ക്കായിരുന്നു ഏറെ പ്രാധാന്യം കല്‍പിക്കപ്പെട്ടിരുന്നത്. ഇബ്നു ഖുറൈബ്, മഅ്മറുല്‍ മുസന്ന തുടങ്ങിയവര്‍ കുതിരയെ സംബന്ധിച്ച് വിശദമായിത്തന്നെ ഗ്രന്ഥരചന നടത്തി. ക്രിസ്തു വര്‍ഷം 728 ല്‍ ജനിച്ച മഅ്മറുല്‍ മുസന്ന ഈ വിഷയത്തില്‍ കൂടുതല്‍ പരിജ്ഞാനം നേടാന്‍ തീരുമാനിച്ചു. പിന്നീട് കാലാന്തരങ്ങളിലായി  നടത്തിയ പഠനങ്ങളുടെ പിന്‍ബലത്തില്‍ കുതിരയെ മാത്രം വിഷയമാക്കി 50 ല്‍ പരം ഗ്രന്ഥങ്ങള്‍ രചിക്കുകയുണ്ടായി. 'കിതാബുല്‍ ഖൈല്‍' ആണ് ഇവയിലേറെ പ്രസിദ്ധി നേടിയത്. ഈ വിജ്ഞാനശാഖയുടെ നാനാഭാഗവും ഗഹനമായി അപഗ്രഥിച്ച ഗ്രന്ഥമായിരുന്നു ഇത്.

പ്രസിദ്ധ ജീവശാസ്ത്രജ്ഞനായിരുന്ന ജാഹിള് തന്റെ ജന്തുശാസ്ത്രപരമായ ഗ്രന്ഥരചനക്ക് അഞ്ച് സ്രോതസ്സുകളെയാണ് അവലംബിക്കുന്നത്. ഖുര്‍ആന്‍, നബിവചനങ്ങള്‍, ഇസ്ലാമിനു മുമ്പത്തെ കവിതകള്‍, ഗ്രീക്ക് ദര്‍ശനങ്ങള്‍, അദ്ദേഹത്തിന്റെ കാലത്തുതന്നെ നിലനിന്ന ചില ചിന്തകള്‍, സ്വന്തമായി ആവാഹിച്ച ജ്ഞാനം എന്നിവയാണവ.
ഖുര്‍ആനിലെ ജീവജാലങ്ങളുടെ പരാമര്‍ശങ്ങളെക്കുറിച്ച് ജാഹിള് ഗഹനമായി പഠനം നടത്തി. അതിലൂടെ ജന്തുലോകത്തേക്ക് കടന്നുചെന്നു. നബിവചനങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന ജീവജാലപരാമര്‍ശങ്ങള്‍ അദ്ദേഹം ശേഖരിച്ചു. അറബിക്കവിതകളും അദ്ദേഹത്തിന് അസംഖ്യം ജ്ഞാനങ്ങള്‍ സംഭാവന ചെയ്തു. കാരണം, അഹങ്കാരവും ഉത്തമബോധവും മുറ്റിനിന്ന അവരുടെ കവിതകള്‍ ഇത്തരം ജീവികളെ കുറിച്ച സര്‍വവിശേഷണങ്ങളും തുറന്നുവെക്കുന്നതായിരുന്നു. മുഖ്യമായും ഒട്ടകം, കുതിര, കന്നുകാലികള്‍, നായ എന്നിവയായിരുന്നു അവരുടെ ചര്‍ച്ചാവിഷയം. ചെറുപക്ഷികള്‍, വന്യമൃഗങ്ങള്‍ എന്നിവ പോലും അവര്‍ വിശദീകരിക്കാതെ വിട്ടിരുന്നില്ല. ജ്ഞാനിയായ ജാഹിള് കഴിയുംവിധം ഇവ ചൂഷണം ചെയ്തു. ഗ്രീക്ക് പാരമ്പര്യവും അരിസ്റോട്ടിലിയന്‍ ചിന്തകളും ജന്തുശാസ്ത്രത്തിന് പ്രാധാന്യം നല്‍കിയിരുന്നു. ഇവയെല്ലാം മുമ്പില്‍ വെച്ചാണ് ജാഹിള് തന്റെ ഗ്രന്ഥരചനയിലേക്ക് കടന്നുവരുന്നത്.

ഈ ഗ്രന്ഥത്തിലൂടെ ഒരു സുവോളജിസ്റെന്ന നിലക്ക് ജാഹിള് മുന്നോട്ടുവെക്കുന്നത് ജൈവപരിണാമത്തിന്റെ മെക്കാനിസമാണ്. അദ്ദേഹം പറയുന്നു: 'ഓരോ ജീവിയും തന്റെ നിലനില്‍പിനെ മുന്നില്‍ കണ്ട് മറ്റുള്ള ജീവികളുമായി പ്രകൃതിപരമായ സംഘട്ടനത്തിലാണ്. നിലനില്‍പിന്റെ പേരില്‍ ഒരേ ഇനത്തില്‍ പെട്ട വ്യത്യസ്ത അംഗങ്ങള്‍ക്കിടയില്‍വരെ ഈ നിതാന്ത സംഘട്ടനം നിലനില്‍ക്കുന്നു.'
ജാഹിളിന്റെ ഈ ജൈവപരിണാമ സിദ്ധാന്ത(ഠവല്യീൃ ീള യശീഹീഴശരമഹ ല്ീഹൌശീിേ)ത്തിന് യൂറോപ്യന്‍ ചിന്തകര്‍ക്കെന്നല്ല, മുസ്ലിം ചിന്തകര്‍ക്കിടയില്‍ തന്നെ ശക്തമായ സ്വാധീനം സംഭവിച്ചിട്ടുണ്ട്. ഇബ്നുസകരിയ്യ അല്‍ഖസ്വീനി, കമാലുദ്ദീന്‍ അദ്ദാരിമി, അല്‍ബിറൂനി, അന്നുവൈരി, സി. ലിനാക്യൂസ്, ലാമാര്‍ക്ക്, ഡാര്‍വിന്‍ എന്നിവരാണ് ഈ സിദ്ധാന്തം ഏറെ സ്വാധീനിച്ചവരില്‍ ചിലര്‍.

അറബികളുടെ ജന്തുശാസ്ത്രത്തിനൊപ്പം ഏറെക്കുറെ മൃഗചികിത്സാ ശാസ്ത്രവും വളര്‍ന്നിരുന്നു. ഇവ്വിഷയകമായി രചിക്കപ്പെട്ട പ്രഥമ ഗ്രന്ഥം മുഹമ്മദുബ്നു അകി ഹിസാമിന്റേതാണ്. ക്രിസ്തു വര്‍ഷം 860 കളിലായിരുന്നു ഇത് പുറത്തുവന്നിരുന്നത്. 'അല്‍ഫുറുസിയ്യാത്തു വല്‍ഖൈല്‍' എന്ന് നാമകരണം ചെയ്യപ്പെട്ട ഈ കൃതി കുതിരകളുടെ സ്വഭാവങ്ങളും അവക്ക് വരുന്ന രോഗങ്ങളും ചികിത്സയും സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.
പ്രശസ്ത നിഘണ്ടുകര്‍ത്താവായ ഇബ്നുസിദാഹിന്റെ 'അല്‍മുഖസ്സസ്' എന്ന കൃതി ഈ രംഗത്തെ മറ്റൊരു സംഭാവനയാണ്. ഒരു നിഘണ്ടുപോലെ ക്രമീകരിച്ച ഈ ഗ്രന്ഥത്തില്‍ ഒട്ടകം, ആടുകള്‍, പക്ഷികള്‍, ഹിംസ്ര ജന്തുക്കള്‍ തുടങ്ങി വന്യജീവികളെവരെ വിവരിക്കുന്നു. അവക്കേല്‍ക്കുന്ന രോഗങ്ങളെയും പ്രതിപാദിക്കുന്നു. ഇതിനുപുറമെ മനുഷ്യശരീരത്തിന് അത്യന്താപേക്ഷിതവും ഹാനികരവുമായ കീടങ്ങളെക്കുറിച്ചും ചര്‍ച്ചയുണ്ട്.

അബൂബക്ര്‍ അല്‍ബൈത്താര്‍ രചിച്ച 'കാമിലു സിനാഅതൈന്‍ ഫില്‍ബൈത്താറാത്തി വല്‍സര്‍ദഖ' എന്ന കൃതിയാണ് മധ്യകാലത്തെ വെറ്ററിനറി സയന്‍സിലെ ഏറ്റവും മഹത്തായ രചന. മൃഗങ്ങളെക്കുറിച്ച സര്‍വ വിവരങ്ങളുമടങ്ങിയ ഈ ഗ്രന്ഥം എല്ലാറ്റില്‍ നിന്നും ഭിന്നമായി കാലങ്ങള്‍ക്കനുസൃതമായി ജീവികളിലുണ്ടാകുന്ന രോഗങ്ങളെക്കുറിച്ചും അതിനുള്ള ചികിത്സാവിധികളും വിശാലമായി ചര്‍ച്ച ചെയ്യുന്നതായിരുന്നു. കുതിരയുടെ ശാരീരിക വര്‍ണനക്കു വേണ്ടി മാത്രം ഒരധ്യായം നീക്കിവെച്ചിട്ടുണ്ട്. പത്ത് ഭാഗങ്ങളായി വിഭജിക്കപ്പെട്ട ഈ കൃതി വെറ്റിനറി ശാസ്ത്രത്തിലെ മധ്യകാല അറബ് ജ്ഞാനങ്ങള്‍ മൊത്തമായി പരാമര്‍ശിക്കുന്നു. 1852 ല്‍ പുറത്തിറങ്ങിയ ഇതിന്റെ ഒന്നാം വാള്യത്തില്‍ അറേബ്യന്‍ കുതിരകളെക്കുറിച്ചും അന്നത്തെ രാജാവായിരുന്ന നാസ്വിര്‍ ഈജിപ്തില്‍ കുതിരവളര്‍ത്തലിന് നല്‍കിയിരുന്ന സേവനങ്ങളെക്കുറിച്ചും സൂചനകളുണ്ടായിരുന്നു. 

വെറ്റിനറി ശാസ്ത്രത്തില്‍ അറബികള്‍ വിജയം കണ്ടിരുന്നത് വര്‍ഷങ്ങളായി അവര്‍ക്ക് മൃഗങ്ങളുമായുണ്ടായിരുന്ന ബന്ധവും പരിചയവും നിമിത്തമായിട്ടാണ്. മംലൂക്ക് സുല്‍ഥാനായിരുന്ന നാസ്വിര്‍ ഈജിപ്ത് ഭരിച്ച കാലമായിരുന്നു മൃഗവളര്‍ത്തല്‍ ഏറെ ശാസ്ത്രീയമായി പുരോഗമിച്ചത്. സുല്‍ഥാന്‍ നാസ്വിറിന് കുതിരകളോടും കാലികളോടും അമിത കമ്പമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം തന്റെ വിശാലമായ കോട്ടക്കുള്ളില്‍ കാലി വളര്‍ത്തുന്നതിനുവേണ്ടി മാത്രം ഒരു വന്‍ ഫാം നിര്‍മിക്കുകയുണ്ടായി. ഹിജ്റ 714 ല്‍ നിര്‍മിക്കപ്പെട്ട ഈ ഫാമില്‍ 2000 കാലികളുണ്ടായിരുന്നുവത്രെ. കാലങ്ങള്‍ കഴിഞ്ഞ് സുല്‍ഥാന്‍ മരിക്കുന്ന സമയം ഫാമില്‍ 80,000 കാലികളുണ്ടായിരുന്നു. ഇതിനുപുറമെ വര്‍ഷംതോറും ഇതേ ഫാമില്‍ നിന്നുതന്നെ 8000 കാലികളെ ആഹാരാവശ്യങ്ങള്‍ക്കുവേണ്ടി അറുക്കപ്പെടുകയും ചെയ്തിരുന്നു. ഇത്രയും വ്യവസ്ഥാപിതവും സമൃദ്ധവുമായി സുല്‍ഥാന്‍ നാസ്വിര്‍ ഈ ശ്രമത്തിനിറങ്ങിയത് ഈ രംഗത്ത് ഏറെ പരിചയിച്ച ജന്തുശാസ്ത്രവിദഗ്ധരെ മുന്നില്‍ നിറുത്തിത്തന്നെയാണ്. ചുരുക്തത്തില്‍, ഇതര ശാസ്ത്ര ശാഖകളെന്നപോലെ ബയോളജിയിലെ സുവോളജിയിലും അറബികള്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൊയ്തെടുക്കുകയുണ്ടായി.

No comments:

Post a Comment