Monday, February 10, 2014

സസ്യശാസ്ത്രം

സസ്യലതാദികളുടെ വളര്‍ച്ച, സ്വഭാവം, പരിസ്ഥിതിയുമായുള്ള ബന്ധം തുടങ്ങിയവയെ കുറിക്കുന്ന ശാസ്ത്രശാഖയാണ് സസ്യശാസ്ത്രം . ഇതരജ്ഞാനമേഖലകളിലെന്ന പോലെ ഇതിലും മധ്യകാല മുസ്ലിംകള്‍ ഏറെ തല്‍പരരായിരുന്നു. സസ്യങ്ങള്‍ക്കിടയിലെ ലിംഗവ്യത്യാസം നിര്‍ണയിച്ചതും അവക്കിടയില്‍ വര്‍ഗീകരണം നടത്തിയതും മുസ്ലിം ശാസ്ത്രജ്ഞരാണ്. അബൂജഅ്ഫര്‍ അഹ്മദുബ്നു മുഹമ്മദ് അല്‍ശാഫിഖിയെപ്പോലെ ഈ രംഗത്ത് ഉത്ഥാനത്തിനുവേണ്ടി പ്രവര്‍ത്തിച്ചവര്‍ നിരവധിയാണ്. അബൂസകരിയ്യ യഹ്യ മുഹമ്മദ് അവ്വാമും അബ്ദുല്ലാ അഹ്മദുബ്നു ബൈത്താറും ഇവരില്‍ പ്രധാനികള്‍മാത്രം. ബോട്ടണിയുടെ അഭൂതപൂര്‍വമായ വളര്‍ച്ചക്ക് ഇവര്‍ നല്‍കിയ സംഭാവനകള്‍ നിസ്സീമവും അനുപമവുംതന്നെ.

ഹിജ്റ രണ്ടാം നൂറ്റാണ്ടുമുതല്‍ തന്നെ ബോട്ടണിയില്‍ ഗഹനപഠനങ്ങളും ഗ്രന്ഥരചനകളും തുടങ്ങിക്കഴിഞ്ഞിരുന്നു. 'ഇല്‍മുന്നബാത്ത്' എന്നറിയപ്പെടുന്ന ഈ ശാസ്ത്രശാഖ ആദ്യകാലത്ത് 'ഇല്‍മുല്‍ഫലാഹ'(അഴൃശരൌഹൌൃല)യുമായി സംഘടിതമായിരുന്നു. പക്ഷേ, രണ്ട് ശാസ്ത്രശാഖകളിലെയും പെട്ടെന്നുള്ള കുതിപ്പ് ഇവയെ ഭിന്നദശകളാക്കി മാറ്റി. ഇരുവിഷയത്തിലും അനവരതം പഠനങ്ങളും ഗവേഷണങ്ങളും നടന്നു. ബോട്ടണിയുടെ വളര്‍ച്ചാചരിത്രത്തില്‍ മധ്യകാലമുസ്ലിംകളായിരുന്നു അതിന് നേതൃത്വം നല്‍കിയിരുന്നത്. ആദ്യകാലം ഔഷധനിര്‍മാണവും ഇതിന്റെ ഭാഗമായിരുന്നു. അബൂസഈദില്‍അസ്മാഇയുടെ 'കിതാബുന്നബാത്താത്തി വല്‍അശ്ജാര്‍' ഈ ശാസ്ത്രത്തിലെ മഹത്തായൊരു രചനയാണ്. ഹിജ്റ മൂന്നാം നൂറ്റാണ്ടിനു ശേഷം രചിക്കപ്പെട്ട അധികം വൈദ്യശാസ്ത്രഗ്രന്ഥങ്ങളിലും സസ്യങ്ങളെക്കുറിച്ച ഒരു വിവരണം ഉണ്ടായിരുന്നുവെന്നതുതന്നെ മധ്യകാല മുസ്ലിംകള്‍ സസ്യശാസ്ത്രത്തിനു നല്‍കിയ പ്രധാന്യം വ്യക്തമാക്കുന്നുണ്ട്. അലിയ്യുത്ത്വബ്രിയുടെ ഫിര്‍ദൌസുല്‍ഹിക്മയും ഇമാം റാസി, അല്‍മജൂസി തുടങ്ങിയവരുടെ ഇവ്വിഷയകമായ ഗ്രന്ഥങ്ങളും ഇതിന് ഉദാഹരണമാണ്. അബൂല്‍ഹനീഫ ദിനാവരിയുടെ 'കിതാബുന്നബാത്താത്ത്' ഹിജ്റ 3-ാം നൂറ്റാണ്ടിലെ പ്രശസ്ത സസ്യശാസ്ത്ര ഗ്രന്ഥമായിരുന്നു. ഓരോ ഇനം സസ്യങ്ങളെയും വ്യാവര്‍ത്തിച്ചുവിവരിക്കാന്‍ അദ്ദേഹമിതില്‍ ശ്രമിച്ചിട്ടുണ്ട്.

ഹിജ്റ 4-ാം നൂറ്റാണ്ടായതോടെ അറബികള്‍ക്കിടയില്‍ സസ്യപഠനം ഏറെ ഊര്‍ജ്ജിതമായി. സസ്യങ്ങളുടെ ഉത്ഭവം, വളര്‍ച്ച, സ്വഭാവം എന്നിവ ഗൌരവമായിത്തന്നെ ചര്‍ച്ച ചെയ്യപ്പെട്ടു. ഇബ്നുസീന തന്റെ പ്രശസ്ത ഗ്രന്ഥമായ 'കിതാബുശ്ശിഫാ'യില്‍ പോലും സസ്യശാസ്ത്രം വിവരിക്കുന്നുണ്ട്. തത്ത്വശാസ്ത്രം, ഗണിതശാസ്ത്രം, ഗോളശാസ്ത്രം എന്നിവയില്‍ അതീവജ്ഞാനിയായിരുന്ന ഇബ്നുബാജ തന്നെ സസ്യശാസ്ത്രത്തില്‍ ഗ്രന്ഥരചന നടത്തുകയുണ്ടായി. 'കിതാബുത്തജ്രിബ', 'കിതാബുന്നബാത്താത്' എന്നിവയാണവ. യഥാക്രമം ഇവയില്‍ ഔഷധച്ചെടികളെക്കുറിച്ചും സസ്യങ്ങളുടെ ഘടനയെക്കുറിച്ചുമാണ് വിവരിക്കുന്നത്. ഹിജ്റ എട്ടാം നൂറ്റാണ്ടില്‍ അതുവരെ ഉയര്‍ന്നുവന്ന സസ്യശാസ്ത്രരചനകള്‍ ഒരുമിച്ചുകൂട്ടി ഒരു വിജ്ഞാനകോശം തന്നെ തയ്യാറാക്കപ്പെട്ടിരുന്നു.

സസ്യങ്ങളെ പ്രതിപാദിക്കുന്ന ജീവശാസ്ത്രശാഖയാണ് സത്യത്തില്‍ ഈ ബോട്ടണി. ജീവശാസ്ത്രത്തിന്റെ രണ്ട് ശാഖകളായ ജന്തുശാസ്ത്രം, സസ്യശാസ്ത്രം എന്നിവയില്‍ ഏറെ പ്രാധാന്യമുള്ളതാണിത്. ഇന്ന് വളര്‍ന്നുപന്തലിച്ചുകൊണ്ടിരിക്കുന്ന സസ്യഘടന, സസ്യകോശപഠനം , അവയുടെ പാരമ്പര്യശാസ്ത്രം , പരിസ്ഥിതിയുമായുള്ള ബന്ധം എന്നിവയില്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ അറബികള്‍ ഗഹനമായ പഠനങ്ങള്‍ നടത്തിയിരുന്നു. ചെടികളെ ബാധിക്കുന്ന രോഗങ്ങളെ കുറിച്ചും അവര്‍ രചനകള്‍ നടത്തുകയുണ്ടായി.

പ്രസിദ്ധ സസ്യശാസ്ത്രജ്ഞനായിരുന്ന അബൂജഅ്ഫര്‍ അഹ്മദുബ്നു മുഹമ്മദ് അല്‍ശാഫിഖി ഈ രംഗത്ത് ഏറെ സംഭാവനകളര്‍പ്പിച്ച വ്യക്തിയാണ്. ഒരുപാടിടത്ത് യാത്ര ചെയ്യുക വഴി അസംഖ്യം ചെടികളെക്കുറിച്ച് അദ്ദേഹം പഠനം നടത്തി. സ്പെയ്നില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും ശേഖരിച്ച വിവിധയിനം ചെടികളെ മുന്‍നിറുത്തി ഗവേഷണം തുടര്‍ന്നു. അറബി, ലാറ്റിന്‍, ബര്‍ബര്‍ ഭാഷകളില്‍ അവക്ക് നാമകരണം നടത്തി ജ്ഞാനകുതുകികളായ വരുംകാല വിദ്യാര്‍ഥിസമൂഹത്തിന് ഏറെ സൌകര്യങ്ങള്‍ ചെയ്തുകൊടുത്തു. തന്റെ സുപ്രസിദ്ധ രചനയാണ് 'അല്‍അദ്വിയത്തുല്‍മുഫ്റദ്'. പച്ചമരുന്നുകളുടെ അത്ഭുതലോകം കെട്ടഴിച്ച് വിസ്തരിച്ചുതരുന്ന ഈ കൃതി യൂറോപ്യരെ പോലും സ്വാധീനിക്കുകയുണ്ടായി.
സസ്യശാസ്ത്രത്തില്‍ ഒട്ടനവധി സംഭാവനകളര്‍പ്പിച്ച മറ്റൊരു വ്യക്തിയാണ് ഇബ്നുല്‍അവ്വാം. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ച ഇദ്ദേഹം കൃഷിശാസ്ത്രം, സസ്യശാസ്ത്രം, ജന്തുശാസ്ത്രം, വൈദ്യശാസ്ത്രം, ഗോളശാസ്ത്രം തുടങ്ങിയവയില്‍ അവഗാഹം നേടിയിരുന്നു. ഗ്രീസ്, റോം, എത്യോപ്യ തുടങ്ങിയ ഇടങ്ങളിലെ കാര്‍ഷിക രീതിയില്‍ അദ്ദേഹത്തിന്റെ പരിജ്ഞാനം ചോദ്യം ചെയ്യപ്പെടാത്തതാണ്. സ്പെയ്നിലെ സെവില്ലയില്‍ ജനിച്ച ഇബ്നുല്‍അവ്വാം അടുത്തുതന്നെയുള്ള അല്‍അശ്റഫ് പര്‍വതസാനുക്കളില്‍ കാര്‍ഷിക ഗവേഷണം നടത്തിയാണ് വിജ്ഞാനീയങ്ങളുടെ ഈ പുതുലോകത്തേക്ക് കാലെടുത്തുവെക്കുന്നത്. പിന്നീടങ്ങോട്ട് അധ്വാനത്തിന്റെ കാലമായിരുന്നു. വിസ്മയാവഹമായ ഔത്സുക്യത്തോടെ അദ്ദേഹം ഈ ശാസ്ത്രത്തിന്റെ ആന്തരികാര്‍ഥങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. അവിടെ ഒലീവ്, മുന്തിരി, അത്തി തുടങ്ങി അനവധി ഔഷധാലയങ്ങള്‍ തയ്യാറാക്കി. അതിന്റെ പുതിയ ഗവേഷണ നിരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. ഈ പഠനങ്ങള്‍ക്കു ശേഷം രചിച്ച കിതാബുല്‍ ഫലാഹയാണ് അദ്ദേഹത്തെ കൂടുതല്‍ പ്രശസ്തനാക്കിയത്. ഏറെ സൂക്ഷ്മാലുവായിരുന്ന അദ്ദേഹം തന്റെ കണ്ടെത്തലുകള്‍ കുറ്റമറ്റതാണെന്ന് ഉറപ്പായ ശേഷമേ ഗ്രന്ഥത്തിലെഴുതിയിരുന്നുള്ളൂ.

പൌരാണിക കാര്‍ഷിക ഗ്രന്ഥങ്ങളില്‍ അഗ്രഗണ്യമായി കരുതപ്പെടുന്ന കിതാബുല്‍ഫലാഹയുടെ കൈയെഴുത്ത് പ്രതികള്‍ ലണ്ടന്‍ ലൈബ്രറി, ലീഡന്‍ ലൈബ്രറി, പാരീസിലെ നാഷണല്‍ ലൈബ്രറി തുടങ്ങിയവിടങ്ങളില്‍ ഇപ്പോഴും സൂക്ഷിച്ചിരിപ്പുണ്ടത്രെ. കാര്‍ഷികവൃത്തി, കൃഷിഭൂമി, പഴവര്‍ഗങ്ങള്‍, കന്നുകാലിവളര്‍ത്തല്‍ തുടങ്ങിയ വിവിധ വിഷയങ്ങള്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. കൂടാതെ പൌരാണിക കൃഷിശാസ്ത്രവിശാരദരായിരുന്ന അബൂഹനീഫ അഹമദുബ്നു ദാവൂദ്ദിനാവരി, ഇബ്നുറാഫി, മുഹമ്മദുബ്നുബസ്വലില്‍ അന്‍ദലൂസി, അബൂഅബ്ദില്ലാ മുഹമ്മദുബ്നു ഫാദിലില്‍ അന്‍ദലൂസി തുടങ്ങിയവരെക്കുറിച്ചും 'കിതാബുല്‍ ഫലാഹ'യില്‍ വിവരിക്കുന്നു. 1802 ല്‍ ഓറിയന്റലിസ്റായിരുന്ന ബന്‍ഗ്വേരി ഇതിന്റെ സ്പാനിഷ് ഭാഷ്യം തയ്യാറാക്കി പുറത്തുകൊണ്ടുവന്നു. ഇബ്നുല്‍അവ്വാം തന്റെ ഈ മഹല്‍കൃതിയില്‍ 585 ഓളം സസ്യങ്ങളുടെ കൃഷിവിവരങ്ങളെക്കുറിച്ചും 50 ലധികം ഫലങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. പുറമെ മണ്ണിന്റെ ഫലഭൂയിഷ്ഠത, സസ്യരോഗങ്ങള്‍ തുടങ്ങിയവയും ഇതിലെ അനാവരണ വിഷയങ്ങള്‍ തന്നെ. ഗ്രീസില്‍ നിന്നും അറേബ്യയില്‍ നിന്നും കിട്ടിയ വിവരങ്ങളും സ്പെയ്നിലെ കര്‍ഷകരുടെ അനുഭവങ്ങളും സങ്കരിച്ചുണ്ടാക്കിയ ഈ കൃതി ഇവ്വിഷയത്തിലെ മൌലികവും ആധികാരികവുമായ സൃഷ്ടിയാണ്. ചെടികളിലെ ബഡ്ഡിംഗ്, വളംചേര്‍ക്കല്‍, ചെടിരോഗവും ചികിത്സയും തുടങ്ങിയ ശാഖാപരമായ കാര്യങ്ങളും ഇതില്‍ ചര്‍ച്ച ചെയ്യുന്നു.

മുന്‍കാല അറബികള്‍ സസ്യശാസ്ത്രത്തില്‍ കുശാഗ്രജ്ഞാനികളായിരുന്നു. മഹാനായ സുല്‍ഥാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി ഭരണം നടത്തിക്കൊണ്ടിരുന്ന കാലം. മുവഫ്ഫഖുദ്ദീന്‍ ശംസുര്‍റിയാസ എന്ന ഈജിപ്ഷ്യന്‍ ജൂതന്‍ അദ്ദേഹത്തിന് ചെറുനാരങ്ങയെക്കുറിച്ച പൂര്‍ണവിവരങ്ങളും അതിന്റെ ഉപയോഗവും എഴുതി അയക്കുകയുണ്ടായി. അന്നത്തെ അറബികളുടെ ശാസ്ത്രവീക്ഷണത്തിലേക്കാണിത് സൂചന നല്‍കുന്നത്. സ്പെയ്നില്‍ ഔഷധച്ചെടികളും പച്ചമരുന്നുകളും കൃഷി ചെയ്യപ്പെടുന്ന കാലമായിരുന്നു ഇത്. പതിമൂന്നാം നൂറ്റാണ്ടിന്റെ ആദ്യപാതിയില്‍ അറേബ്യയില്‍ ജീവിച്ചിരുന്ന സസ്യശാസ്ത്രജ്ഞനാണ് ഇബ്നുസ്സൂരി അദ്ദിമശ്ഖി. ബോട്ടണിക്ക് ഉന്നത സംഭാവനകള്‍ അര്‍പ്പിച്ച ഇദ്ദേഹം ഡമസ്കസിന്റെ പ്രാന്തപ്രദേശങ്ങളിലും ലെബനാന്‍ പര്‍വതനിരകളിലുമായിരുന്നു സസ്യഗവേഷണങ്ങള്‍ നടത്തിയിരുന്നത്. ചെടികളിലെ വ്യത്യസ്ത ഘട്ടങ്ങളെ അടിസ്ഥാനമാക്കിയുള്ള തന്റെ പഠനങ്ങള്‍ വേറിട്ടുതന്നെ നിലനില്‍ക്കുന്നു.
സ്പെയ്നിലെ അറിയപ്പെട്ട ബോട്ടണിസ്റാണ് പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാനങ്ങളില്‍ ജീവിച്ച അബ്ദുല്ല അഹ്മദുബ്നു ബൈത്താര്‍. ദൂരങ്ങള്‍ താണ്ടി ഔഷധഗുണമുള്ള ചെടികള്‍ കണ്ടെത്തി ഗവേഷണപഠനങ്ങള്‍ക്ക് വിധേയമാക്കിയ അദ്ദേഹം നൂറിലേറെ ഔഷധച്ചെടികളെക്കുറിച്ച് വിവരം നല്‍കുന്നുണ്ട്. ഒട്ടനവധി മാറാരോഗങ്ങള്‍ക്ക് പ്രതിവിധിയായിരുന്നു ഈ ചെടികളധികവും. ഒറ്റമൂലികളെക്കുറിച്ചും അദ്ദേഹം വ്യത്യസ്ത രചനകള്‍ നടത്തി. പലയിടങ്ങള്‍ സന്ദര്‍ശിച്ച് 1400 ഔഷധച്ചെടികളുടെ പേരും സവിശേഷതകളുമടങ്ങുന്ന ഒരു സമഗ്ര ഗ്രന്ഥം തന്നെ അവര്‍ രചിക്കുകയുണ്ടായി. 'അല്‍മുഗ്നി ഫീ അദ്വിയത്തില്‍ മുഫ്റദ', 'അല്‍ജാമിഉ ഫീ അദ്വിയത്തില്‍ മുഫ്റദ' എന്നിവയാണ് ഇബ്നുബൈത്താറിന്റെ ശ്രദ്ധേയമായ രചനകള്‍. ഇന്നും അറബി നിഷ്പത്തിയിലേക്ക് സൂചനകള്‍ നല്‍കുന്ന ചില സസ്യനാമങ്ങള്‍ ഈ രംഗത്തെ അറബ് മുസ്ലിം ശാസ്ത്രജ്ഞരുടെ സ്വാധീനത്തിന്റെ ജീവിച്ചിരിക്കുന്ന തെളിവുകളാണ്.

12-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ജീവിച്ചിരുന്ന സ്പാനിഷ് സസ്യശാസ്ത്രജ്ഞനാണ് സെവില്ലക്കാരനായ ഇബ്നൂര്‍മിയ്യ. പല നാടുകളും സന്ദര്‍ശിച്ച അദ്ദേഹം ബോട്ടണിയില്‍ അവഗാഹം നേടി. അതിനാല്‍ നബാത്തി എന്നായിരുന്നു അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ചെടിയുമായി കച്ചവടത്തിന് അങ്ങാടിയിലിരിക്കുന്ന സമയത്തുപോലും ഇബ്നൂര്‍മിയ്യ പുസ്തകമെഴുതാറുണ്ടായിരുന്നു. 'അദ്വിയത്തു ജാലിനൂസ്', 'അര്‍രിഹ്ലത്തുന്നബാത്തിയ്യ' തുടങ്ങിയവയാണ് തന്റെ പ്രധാന കൃതികള്‍.

ചണച്ചെടി, ഈത്തപ്പന തുടങ്ങിയവയില്‍ സെക്സ് നിര്‍ണയിച്ചത് അറബികളായിരുന്നു. മുറിച്ചുനടാന്‍ പറ്റിയവ, വിത്ത് നടുന്നവ എന്നിങ്ങനെ അവര്‍ ചെടികളെ വകതിരിച്ചു. ഇബ്നു സബ്ഈനെന്ന സസ്യശാസ്ത്രജ്ഞനായിരുന്നു ഇതിനുപിന്നില്‍. മുസ്ലിം സസ്യകൃഷിശാസ്ത്രത്തിന്റെ ആന്തരിക ലോകത്തേക്ക് വെളിച്ചം വീശുന്നതായിരുന്നു ജോര്‍ജ് സാര്‍ട്ടന്റെ വീക്ഷണങ്ങള്‍. അദ്ദേഹം തന്റെ ശാസ്ത്ര ചരിത്രത്തിനൊരു തുടക്കക്കുറിപ്പ് (കിൃീറൌരശീിേ ീ വേല ഒശീൃ്യ ീള ടരശലിരല) എന്ന ഗ്രന്ഥത്തില്‍ പറയുന്നു: 'കാര്‍ഷിക രംഗത്തെ പുരോഗതിയാണ് മുസ്ലിം സംസ്കൃതിയുടെ മുഖമുദ്ര. സ്പെയ്നിലെ ഹൃദയഹാരിയായ പൂവാടികളിലൂടെയായിരുന്നു ഈ മുസ്ലിം വിശാരദന്മാര്‍ തങ്ങളുടെ കഴിവ് തെളിയിച്ചിരുന്നത്.'
ബോട്ടണിയില്‍ മുസ്ലിംകള്‍ കയറിച്ചെല്ലാത്ത മേഖലകളില്ല തന്നെ. ജാബിറുബ്നു ഹയ്യാന്‍, ഇബ്നുശുമൈല്‍, അബൂസൈദ് അല്‍അന്‍സ്വാരി, ഇബ്നുസ്സിക്കീത്ത്, അബൂസഅ്ദുല്‍ അമഈ, അലിയ്യുബ്നു റഹ്മാന്‍ അത്ത്വബ്രി, അബൂഹനീഫ അദ്ദിനാവരി, ഇബ്നുബൈത്താര്‍, ഇബ്നുവശിയാഹ്, ഇബ്നുല്‍അവ്വാം തുടങ്ങിയവര്‍ തങ്ങളുടെ വൈവിധ്യങ്ങളായ രചനകളിലൂടെ ബോട്ടണിയുടെ ഉള്ളറകളിലേക്ക് പ്രയാണം നടത്തുകയായിരുന്നു. സസ്യശാസ്ത്ര നിഘണ്ടുകളും വിജ്ഞാനകോശങ്ങളും അവര്‍ ശാസ്ത്രത്തിന് സംഭാവന ചെയ്തു. പ്രശസ്ത ഫ്രഞ്ച് ഓറിയന്റലിസ്റ് വില്യം മാര്‍കയ്സി(ണശഹഹശമി ങമൃരമശ)ന്റെ ഭാഷയില്‍ പഹ്വലി ഭാഷയില്‍ ഒരു നിഘണ്ടുപോലുമില്ലാത്ത കാലത്ത് അവര്‍ക്കത് സംഭാവന ചെയ്തത് അറബികളായിരുന്നു. അനുകരണമല്ലാത്ത ഈ ശ്രമം ഒരു മുന്‍മോഡല്‍ പോലും ദര്‍ശിക്കാതെയായിരുന്നു.
ഒമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലം ജീവിച്ച ഒരു ബോട്ടണിസ്റാണ് ഇബ്നുഹബ്ശിയ്യ. കൃഷിശാസ്ത്രം, രസതന്ത്രം, ഇന്ദ്രജാലം തുടങ്ങിയവയില്‍ മുപ്പതോളം ഗ്രന്ഥങ്ങളെഴുതിയിട്ടുണ്ട് ഇദ്ദേഹം. ക്രിസ്തുവര്‍ഷം 904 ല്‍ രചിക്കപ്പെട്ട 'ഹിലാഹത്തുന്നബാത്തിയ്യ'യാണ് ഏറ്റവും പ്രശസ്തമായ കൃതി. കൃഷിവിശേഷങ്ങള്‍ ഗഹനമായി അനാവരണം ചെയ്യുന്ന ഇത് സസ്യശാസ്ത്രത്തിനുള്ള ഒരു മുഖ്യ അവലംബമാണ്. 10-ാം നൂറ്റാണ്ടിലെ കര്‍ഷകര്‍ക്ക് ഏറെ ഫലപ്രദമായിരുന്ന ഇതിലെ ഒരധ്യായം ഒലീവ് വൃക്ഷത്തെ സംബന്ധിച്ച് മാത്രമായിരുന്നു. മറ്റൊന്ന് ചെടികള്‍ക്ക് വളരാന്‍ കൊള്ളാവുന്ന സമുചിതമായ സ്ഥലം തെരഞ്ഞെടുക്കുന്നതിനെക്കുറിച്ചും. പിന്നെ വ്യത്യസ്ത അധ്യായങ്ങളിലായി വിവിധങ്ങളായ വിത്തുകളുടെ കൃഷി, ഫലം കായ്ക്കുന്ന മരങ്ങള്‍, പച്ചക്കറികള്‍, വിളകള്‍ക്ക് നേരിടുന്ന രോഗങ്ങളും പ്രതിവിധിയും തുടങ്ങിയ അനവധി കാര്യങ്ങള്‍ വിവരിക്കുന്നുണ്ടതില്‍.

ഉപര്യുക്ത പണ്ഡിതന്‍ ഇബ്നുല്‍അവ്വാം അറബികള്‍ക്കിടയില്‍ ഏറ്റവും വലിയ മണ്ണുശാസ്ത്രജ്ഞന്‍ കൂടിയായിരുന്നു. വ്യത്യസ്ത ചെടികള്‍ക്ക് അനുയോജ്യമായ മണ്ണ് കണ്ടെത്താനുള്ള ഗവേഷണത്തില്‍ അദ്ദേഹം വിജയം കണ്ടു. മണ്ണിന്റെ ഫലഭൂയിഷ്ഠത നിര്‍ണയിക്കുന്നതില്‍ ഇബ്നുല്‍അവ്വാമിന്ഒരു പ്രത്യേക ശൈലിയുണ്ടായിരുന്നു. ഒരു കുഴി കുഴിച്ചു കിട്ടിയ മണ്ണ് ആ കുഴിയില്‍ തന്നെ നിറച്ചാല്‍ മണ്ണ് ബാക്കിയുണ്ടെങ്കില്‍ അതേറെ ഫലഭൂയിഷ്ഠമാണെന്നും കുഴി നിറച്ചിട്ടും മണ്ണ് ബാക്കിവരാതെ സമമായാല്‍ ശരാശരി ഔന്നത്യം പുലര്‍ത്തുന്നതാണെന്നും കുഴി നിറച്ചിട്ടും മണ്ണ് തികയാതെ വന്നാല്‍ തരിമ്പും വളക്കൂറില്ലാത്തതാണെന്നും അദ്ദേഹം കണ്ടെത്തി. ചിലതരം മണ്ണുകളുടെ ഫലഭൂയിഷ്ഠത സ്പര്‍ശനം കൊണ്ടും വാസന കൊണ്ടും രുചി കൊണ്ടും ചിലത് ഒരൊറ്റനോട്ടം കൊണ്ടും മനസ്സിലാക്കാന്‍ കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്. മണ്ണിന്റെ ഫലഭൂയിഷ്ഠത വര്‍ധിപ്പിക്കുന്നതില്‍ സൂര്യപ്രകാശത്തിനും വായുവിനും നല്ല പങ്കുണ്ട്, അതുകൊണ്ടുതന്നെ കൃഷി ചെയ്യാനുദ്ദേശിക്കുന്ന സ്ഥലം നന്നായി ഉഴുതിടേണ്ടതുണ്ട്, എന്നാല്‍ ആഴത്തില്‍ കിളച്ച് അടിയിലെ പാളിയിലെ മണ്ണ് ഉപരിതലത്തില്‍ പരത്തിയതുകൊണ്ട് കൃഷിക്ക് വലിയ നേട്ടമൊന്നുമില്ല തുടങ്ങി മോഡേണ്‍ സയന്‍സ് പറയുന്ന കാര്യങ്ങള്‍ ഇബ്നുഅവ്വാം നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ വിവരിച്ചിരുന്നു. ആധുനികശാസ്ത്രം അവലംബിച്ചുകൊണ്ടിരിക്കുന്ന പല സസ്യശാസ്ത്രകൃതികളും അറബികള്‍ രചിച്ചവയാണ്. അലസനായിക്കൊണ്ടേയിരിക്കുന്ന മനുഷ്യന്‍ ഇന്നും അവരുടെ രചനകളിലാണ് ആശ്വാസം കൊള്ളുന്നത്.

No comments:

Post a Comment